Total Pageviews

Saturday, December 28, 2013

വിധേയർ വി.സിമാരാകുമ്പോൾ


യഥാർത്ഥ യോഗ്യതകൾ കണക്കിലെടുക്കതെ രാഷ്ട്രീയ,ജാതി,മത പരിഗണനകൾ നോക്കി വൈസ് ചാൻസലർമാരെയും പ്രോ വൈസ് ചാൻസലർമാരെയും നിയമിക്കാൻ തുടങ്ങിയതോടെ സർവ്വകലാശാലകളുടെയും സർവ്വകലാശാലാ വിദ്യാഭ്യാസത്തിന്റെയും മാന്യതയും മഹിമയും വിശ്വാസ്യതയും നഷ്ടമാകാൻ തുടങ്ങി.വൈസ്ചാൻസലറാകാൻ വേണ്ടി 20 കോടി രൂപ വരെ കോഴ കൊടുത്ത സംഭവം തനിക്കറിയാമെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പു മന്ത്രി തന്നെ സമ്മതിച്ചത് അടുത്ത കാലത്താണു.കേരളത്തിൽ അത്ര “പുരോഗമനം” ഇതുവരെ ഉണ്ടായതായി അറിയില്ല.പക്ഷേ അതിനേക്കാൾ മോശപ്പെട്ട അവസ്ഥയിലേക്കാണു കേരളത്തിൽ വി.സി.നിയമനങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണു മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ അരങ്ങേറുന്ന നാടകങ്ങൾ.

അവിടെ ഡോ.എ.വി. ജോർജ്ജ്  വൈസ് ചാൻസലറായി നിയമിക്കപ്പെട്ടിട്ട് അധിക നാളായില്ല.വീതം വച്ചപ്പോൾ കേരള കോൺഗ്രസ് മാണിഗ്രൂപ്പിനാണത്രെ വി.സി സ്ഥാനം കിട്ടിയത്. അവരുടെ വിധേനായ ഒരു തൊമ്മിയാകണം ഡോ.ജോർജ്ജ്.കോൺഗ്രസ്സുകാർക്കു മുൻ തൂക്കമുള്ള സിൻഡിക്കേറ്റ് മാണി ശിഷ്യനെ അംഗീകരിക്കാൻ കൂട്ടാക്കുന്നില്ല.എല്ലാ പ്രശ്നങ്ങൾക്കും കാരണം അതാകാം.ഇതിനകം മൂന്നു പ്രാവശ്യം വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ് നല്കിക്കഴിഞ്ഞു.മൂന്നും വ്യത്യസ്ത കാര്യങ്ങൾ ചൂണ്ടിക്കാട്ടി!നേരത്തേ ആരോപിച്ച കുറ്റങ്ങൾ പുറത്താക്കാൻ പറ്റിയവയല്ലെന്നു മനസ്സിലാക്കിയതു കൊണ്ടാകാം മൂന്നാമത് പുതിയ  കുറ്റം ചാർത്തി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.ബയോഡേറ്റയോടൊപ്പം ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നതാണു പുതിയ ആരോപണം.

ഒരു പ്രൈമറി സ്കൂളിന്റെ ഹെഡ്മാസ്റ്ററാകാൻ പോലും യോഗ്യത തനിക്കില്ലെന്ന് ചാർജ് എടുത്ത ദിവസം മുതൽ ജോർജ്ജ് തെളിയിച്ചു കൊണ്ടിരിക്കുകയാണു.അപക്വമായ തീരുമാനങ്ങളും അനാവശ്യ വിവാദങ്ങളും കൊണ്ട് ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം കെടുത്തുന്നതിലും ഇയാൾ മുമ്പനാണു.സിൻഡിക്കേറ്റിലെ ഭൂരിപക്ഷത്തിനും അനഭിമതനും കൂടിയാകുമ്പോൾ വിഡ്ഢിവേഷം പൂർണ്ണമാകുന്നു.പക്ഷേ ഇവിടെ പ്രശ്നം അതല്ല.വൈസ് ചാൻസലറെ കണ്ടെത്താൻ നിയോഗിച്ച കമ്മിറ്റി തിരഞ്ഞു പിടിച്ചു വിസിയാകാൻ പരമയോഗ്യനെന്നു ശുപാർശ ചെയ്തതിന്റെ വെളിച്ചത്തിൽ സർക്കാർ നിർദ്ദേശ്ശിച്ചതനുസരിച്ച് ചാൻസലർ കൂടിയായ ഗവർണ്ണറാണു ജോർജ്ജിനെ വൈസ്ചാൻസലറായി നിയമിച്ചത്.അങ്ങനെ താൻ നിയമിച്ച വ്യക്തി വ്യാജനാണു എന്നു ഗവർണ്ണർ തന്നെ ആരോപിക്കുമ്പോൾ നഷ്ടമാകുന്നത്,ഗവർണ്ണറുടെ വിശ്വാസ്യതയാണു.

ഒരു സുപ്രഭാതത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തിയല്ല വൈസ്ചാൻസലറെ നിയമിക്കുന്നത്.മൂന്നംഗ സമിതിയാണു വി.സിയെ കണ്ടെത്തുന്നത്.അതു കവടി നിരത്തിയുമല്ല.വിദ്യാഭ്യാസ യോഗ്യതയും അദ്ധ്യാപന പരിചയവും ഒക്കെ പരിശോധിച്ച ശേഷമാണു അർഹതയുള്ള  ആളെ ഈ സമിതി തെരഞ്ഞെടുക്കുന്നത്,അഥവാ തെരഞ്ഞെടുക്കേണ്ടത്.ഇങ്ങനെ കണ്ടെത്തിയ വ്യക്തിയുടെ പേർ സർക്കാർ ശുപാർശ ചെയ്യുകയും ഗവർണ്ണർ അതംഗീകരിച്ച് ഉത്തരവിറക്കുകയുമാണു പതിവ്.വ്യാജനാണെങ്കിൽ ഈ ഘട്ടങ്ങളിൽ എപ്പോഴെങ്കിലും പിടിക്കപ്പെടുമായിരുന്നു.കള്ളത്തരം കണ്ടുപിടിക്കാനായില്ലെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം സമിതിയ്ക്കും സർക്കാരിനുമാണു.മാണിയേയും കിഞ്ഞാലിക്കുട്ടിയേയുമൊക്കെ സന്തോഷിപ്പിക്കാൻ,അവർ പറയുന്ന വിഡ്ഢികൂശ്മാണ്ടങ്ങളെയും വിധേയന്മാരെയും വൈസ്ചാൻസലർമാരാക്കുമ്പോൾ സംഭവിക്കാവുന്ന സ്വാഭാവിക അവസ്ഥയാണു മഹാത്മാ ഗാന്ധി,കോഴിക്കോടു സർവ്വകലാശാലകൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്.

ഹാജരാക്കിയ രേഖകളിൽ പറയുന്ന യോഗ്യതകൾ ഇല്ലെന്നു പറഞ്ഞ് ജോർജ്ജിനെ നീക്കാനൊരുങ്ങുന്ന സർക്കാർ,മലയാളം സർവ്വകലാശാലയുടെ വൈസ്ചാൻസലറായി,യു.ജി.സി.നോംസ് അനുസരിച്ച് വിസിയാകാൻ യാതൊരു യോഗ്യതയുമില്ലാത്ത ഒരാളെയാണു വിസി ആയി അവരോധിച്ചത്.പത്തു വർഷം പ്രൊഫസ്സറായി പഠിപ്പിച്ച പരിചയമോ മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദമോ ഇല്ലാത്ത അദ്ദേഹത്തെ എഴുത്തച്ഛന്റെ പേരിലുള്ള സർവ്വകലാശാലയുടെ പ്രഥമ വൈസ്ചാൻസലറായി നിയമിച്ച സർക്കാരിനു ക്വാളിഫിക്കേഷൻ കുറഞ്ഞുപോയി എന്നാരോപിച്ച് ഒരാളെ വിസി സ്ഥാനത്തു നിന്നു പുറത്താക്കാൻ എന്തു ധാർമ്മികാവകാശമാണുള്ളത്?

ഡോ.ജോൺ മത്തായി കേരള സർവ്വകലാശാലാ വൈസ് ചാൻസലർ ആയിരിക്കുമ്പോൾ അന്നത്തെ കേരള മുഖ്യമന്ത്രി സ.ഇ.എം.എസ് നമ്പൂതിരിപ്പാട് അദ്ദേഹത്തെ കാണാൻ സർവ്വകലാശാലയിൽ എത്തി എന്നു കേട്ടിട്ടുണ്ട്.താൻ ആവശ്യപ്പെട്ടത്രയും തുക സർവ്വകലാശാലയ്ക്കു വേണ്ടി ബഡ്ജറ്റിൽ വക കൊള്ളിക്കാത്തതിന്റെ പേരിൽ  ഡോ.വി.കെ.നന്ദൻ മേനോൻ  കേരള സർവ്വകലാശാലയുടെ വൈസ്ചാൻസലർ സ്ഥാനം ഉപേക്ഷിച്ചു പോയതും ചരിത്രമാണു.അങ്ങനെയുള്ള ഒരു സംസ്ഥാനത്താണു ഭരണകക്ഷി നേതാക്കളുടെ മക്കൾക്കും ചെറുമക്കൾക്കും ചായ വാങ്ങിക്കൊടുക്കുകയും നേതാക്കന്മാരുടെ കാലുനക്കുകയും ചെയ്യുന്ന തൊമ്മിമാർ വി.സിയും പി.വിസിയും ഒക്കെയായി അവരോധിക്കപ്പെടുന്നത്!വിദ്യാഭ്യാസ മേഖലയ്ക്കും സംസ്ക്കാരത്തിനും നാണക്കേടുണ്ടാക്കുന്ന ഇത്തരം നാറ്റക്കേസ്സുകൾ നിരത്തിലിട്ട് അലക്കാതിരിക്കാനുള്ള സാമാന്യ വിവേകമെങ്കിലും ഭരിപ്പന്മാർ(ഭരിക്കുന്നവർ)ക്കുണ്ടാകണം.അതെങ്ങനെ?നാറുന്നതും മണക്കുന്നതും തിരിച്ചറിയാണുള്ള ശേഷി വേണ്ടേ?






Fans on the page

Wednesday, December 11, 2013

വഴിപാടു സമരങ്ങൾ



ആത്മാർത്ഥതയില്ലാതെ ചെയ്യുന്നതെന്തും പരാജയപ്പെടും എന്നത് കേവല വസ്തുത മാത്രമാണു.
സമരങ്ങളും അതിൽ നിന്നു ഭിന്നമല്ല.എത്ര ചെറിയ സമരമായാലും അതു വിജയിക്കണമെങ്കിൽ സമരം നയിക്കുന്നവർക്ക് ആത്മാർത്ഥതയുണ്ടായിരിക്കണം.പങ്കെടുക്കുന്ന സമരഭടന്മാർക്ക് ആത്മാത്ഥതയുണ്ടായിരിക്കണം.സമരത്തിനാധാരമായ കാര്യങ്ങളെക്കുറിച്ച് ആത്മാർത്ഥമായ ധാരണയുണ്ടായിരിക്കണം.ആർക്കാനും വേണ്ടി ഓക്കാനിക്കുന്നതു പോലെ ചെയ്യുന്ന വഴിപാടു പ്രക്ഷോഭങ്ങൾ പരാജയപ്പെടുകയേ ഉള്ളൂ.

ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കൈക്കൊണ്ടിട്ടുള്ള ജനവിരുദ്ധ നടപടികൾ നിരവധിയാണു.തട്ടിപ്പും വെട്ടിപ്പും അഴിമതിയുമാകട്ടെ അതിലധികവും.എന്നിട്ടും ദുർബ്ബല ഭൂരിപക്ഷത്തിൽ പ്രവർത്തിക്കുന്ന ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ നടത്തിയ ഒരു സമരം പോലും വിജയത്തിലെത്തിക്കാൻ ഇടതുപക്ഷമുന്നണി നയിക്കുന്ന പ്രതിപക്ഷത്തിനായിട്ടില്ല.
സർക്കാരിന്റെ അടിത്തറ ഇളക്കാൻ പോരുന്ന സോളാർ തട്ടിപ്പു കേസ്സിൽ സർക്കാരിനെതിരെ പ്രതിപക്ഷം നടത്തിയ ആദ്യ പ്രക്ഷോഭം മുതൽ ഡിസംബർ 9 മുതൽ ആരംഭിച്ച ക്ലിഫ് ഹൗസ് ഉപരോധം വരെ വൻ പരാജയമായത് ആത്മാർത്ഥതയില്ലായ്മ കൊണ്ടാണു.കൃത്യമായി പറഞ്ഞാൽ ഇടതുപക്ഷമുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.ഐ.എം ഔദ്യോഗിക നേതൃത്വത്തിന്റെ ആത്മാർത്ഥതയില്ലായ്മ കൊണ്ടാണു.  

സെക്രട്ടറിയേറ്റ് ഉപരോധസമരം വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായ സന്ദർഭത്തിൽ അവർ സ്വീകരിച്ച പിൻ വാങ്ങൽ തീരുമാനമാണു തുടർന്നു വന്ന എല്ലാ പ്രക്ഷോഭങ്ങളുടെയും അടിതെറ്റിച്ചത്.മുന്നണിയിലെ മറ്റു കക്ഷികളോട് ആലോചിക്കാതെ അവർ ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനമായിരുന്നു അത് എന്ന് അന്നുതന്നെ പരാതിയുണ്ടായിരുന്നു.ഇത്രയധികം ജനം പങ്കെടുക്കുന്ന പ്രക്ഷോഭം ഏറെനാൾ കൊണ്ടുപോകാൻ കഴിയുമായിരുന്നില്ല എന്നാണു നേതൃത്വം പറഞ്ഞ ഒരു ന്യായം.വലിയ ജനക്കൂട്ടം വരുമെന്നു സമരരംഗത്തു വന്നപ്പോഴാണോ നേതാക്കൾക്കു മനസ്സിലായത്?ഉമ്മൻ ചാണ്ടി രാജി വയ്ക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന് ഒരു നേതാവ് ചാനലുകളിലിരുന്നു വീമ്പിളക്കുമ്പോൾ,സമരം പിൻ വലിച്ചു എന്ന് വലിയ അക്ഷരത്തിൽ അതേചാനലുകളിൽ തന്നെ എഴുതിക്കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു.അത്ര പ്രമുഖനായ നേതാവു പോലും അറിയാതെ സി.പി.എമ്മിലെ ഏതാനും നേതാക്കൾ ചേർന്ന് പിൻ വലിക്കാൻ ധാരണയുണ്ടാക്കുകയായിരുന്നു എന്ന് സാരം.ജുഡീഷ്യൽ അന്വേഷണത്തിനു മുഖ്യമന്ത്രി സമ്മതിച്ചു;സർക്കാർ മുട്ടു മടക്കി എന്നൊക്കെ അണികളെ ആവേശം കൊള്ളിക്കാൻ പ്രസംഗിച്ച നേതാക്കളേക്കാൾ, സമരാരംഭത്തിലുന്നയിച്ച ഡിമാന്റ് എന്തായിരുന്നു എന്ന് സാധാരണ അണികൾക്കു ബോദ്ധ്യമുണ്ടായിരുന്നു;നാട്ടുകാർക്കും.

സമരം തുടരും ;മുഖ്യമന്ത്രിയെ വഴിനടക്കാൻ സമ്മതിക്കില്ല എന്നൊക്കെ നേതാക്കൾ പറയുന്നതു കേട്ട് കൈ അടിച്ചു പിരിഞ്ഞപ്പോൾ അതിൽ അല്പമെങ്കിലും ആത്മാർത്ഥതയുണ്ടാകുമെന്നു സമരഭടന്മാരെങ്കിലും വിശ്വസിച്ചു കാണണം.എന്നാൽ വഴിപാടു കരിങ്കൊടി വീശലും കല്ലേറും മാത്രമായി സമരം ചുരുങ്ങുന്നതാണു കേരളം കണ്ടത്.ലോകം മുഴുവൻ കാൺകെ ഒരു പോലീസ് നീചൻ, സമരം ചെയ്ത ഒരു ചെറുപ്പക്കാരന്റെ ജനനേന്ദ്രിയം അടിച്ചു തകർത്തതോടെ കരിങ്കൊടി വീശലും പഴങ്കഥയായി.ആ നരാധമനെതിരെ സ്വകാര്യ അന്യായം ഫയൽ ചെയ്യാൻ പോലും ഇതുവരെ തയ്യാറായിട്ടില്ല എന്നാണറിയുന്നത്.പോലീസ്സിന്റെ നരനായാട്ടോടെ അത്തരം സമര രീതി തിരുവനന്തപുരം ജില്ലയിൽ അവസാനിപ്പിച്ചു എന്നതാണു ഏറ്റവും നാണക്കേടുണ്ടാക്കിയ വസ്തുത.

കണ്ണൂരെ കല്ലേറും മുഖ്യന്റെ അഭിനയവും ഒക്കെകൂടി ആയപ്പോൾ അടുത്ത ഘട്ട സമരവും വടിയായി.ജനസമ്പർക്ക പരിപാടിയ്ക്കു വരുന്ന മുഖ്യനെ വിഴുങ്ങും എന്നായിരുന്നു അടുത്ത ഗീർവ്വാണം.മുഖ്യൻ കൃത്യസമയത്തിനും മണിക്കൂറുകൾ മുമ്പേ ജനസമ്പർക്കവേദിയിലെത്തിയപ്പോൾ പ്രക്ഷോഭ ശിങ്കങ്ങൾ കുളിയും ജപവും പൂമൂടലും കഴിഞ്ഞ് പല മണിക്കൂറുകൾ താമസ്സിച്ച് സമര കവാടത്തിലെത്തി ശരണം വിളിച്ചു മടങ്ങി.

അങ്ങനെ അടിയുംകൊണ്ട്,പുളിയും കുടിച്ച് കരവും കൊടുക്കാനുള്ള തയ്യാറെടുപ്പായിട്ടാണു ക്ലിഫ് ഹൗസ് ഉപരോധം എന്ന അത്യന്തം നൂതനമായ സമരമുറ തുടങ്ങിയിരിക്കുന്നത്.തിരുവനന്തപുരം ജില്ലാ നേതൃത്വംക്ലിഫ്ഹൗസ് ഉപരോധം വെറും പ്രതീകാത്മക സമരമായിരിക്കുമെന്നാണു പ്രഖ്യാപിച്ചത്.തൊട്ടടുത്ത ദിവസം എൽ.ഡി.എഫ് കൺ വീനർ തിരുത്തി.സമരം യഥാർത്ഥവും സമ്പൂർണ്ണവും ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു.ദിവസം തോറും സമരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞു വരികയാണു.ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മിൽ പോലും അഭിപ്രായ ഐക്യവും ധാരണയും ഇല്ലാതെ തുടങ്ങിയ സമരത്തിന്റെ ഗതി എന്താകുമെന്ന് ഊഹിക്കുവാൻ വലിയ രാഷ്ട്രീയ വിചക്ഷണതയൊന്നും വേണ്ടാ.

അഴിമതിക്കാരനും അസത്യവാദിയും സ്വജനപക്ഷപാതിയും വർഗീയക്കോമരങ്ങളുടെ പാദസേവകനുമായ ഒരു മുഖ്യമന്ത്രിയും കളങ്ക പങ്കിലരും അസാന്മാർഗ്ഗികളുമായ ചില മന്ത്രിമാരും ചേർന്നു ചെയ്തുകൊണ്ടിരിക്കുന്ന ഭരണനൃശംസതയ്ക്കെതിരേ നടത്തുന്ന ഏതു പ്രക്ഷോഭത്തെയും സ്വാഗതം ചെയ്യാൻ സാധാരണക്കാർ കാത്തു നില്ക്കുമ്പോഴാണു തോറ്റു കൊടുക്കാനായി  ഇടതു പക്ഷ നേതൃത്വം സമരം സംഘടിപ്പിക്കുന്നത് എന്നതാണു ഏറെ കഷ്ടതരം.ഈ ആത്മ വഞ്ചനയ്ക്കും പരവഞ്ചനയ്ക്കും ഉത്തരവാദിത്തരാഹിത്യത്തിനും ഇടതുപക്ഷ മുന്നണി നേതൃത്വം ജനത്തിനും കാലത്തിനും മുമ്പിൽ കണക്കു പറയേണ്ടി വരും.

മറ്റൊരു വഴിപാട്

ഏതാണ്ട് ആറു മാസത്തോളമായി തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിൽ മറ്റൊരു കാട്ടിക്കൂട്ടൽ സമരം നടക്കുന്നു.പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30മുതൽ വൈകിട്ട് 5 മണി വരെയാണു സമരം. തലസ്ഥാന വികസനമാണു ഏക ഡിമാന്റ്.എൽ.ഡി.എഫിനു ഭൂരിപക്ഷമുള്ള നഗരസഭ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങൾ പൊലും ചെയ്യാതെ തലസ്ഥാനം വികസിപ്പിക്കാൻ സർക്കാരിനെതിരെ സമരം ചെയ്യുന്നതിലെ ആത്മാർത്ഥത ആർക്കെങ്കിലും ബോദ്ധ്യപ്പെടുമോ?മറ്റുള്ളവരെക്കൊണ്ടു ചിരിപ്പിക്കാനും കുട്ടിനേതാക്കന്മാർക്കു പ്രസംഗിച്ചു പഠിക്കുവാനും ഒരു പക്ഷേ ഈ വർക്കിങ്ങ് ഡേ സമരം ഉപകരിച്ചേക്കാം.പക്ഷേ ഒരു വലിയമുന്നണിയുടെ പ്രക്ഷോഭ
ക്ഷമതയും വിശ്വാസ്യതയുമാണു പരിഹാസ്യമായിത്തീരുന്നത് എന്ന കാര്യം മറന്നു പോകുന്നു.









Fans on the page

Tuesday, December 3, 2013

സ.ആന്റണി തോമസ്





ജനയുഗത്തിന്റെ മുൻ പത്രാധിപരും സി.പി.ഐ സംസ്ഥാന കൺ ട്രോൾ കമ്മീഷൻ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു നവംബർ 30 നു അന്തരിച്ച സ.ആന്റണി തോമസ്.പുതു തലമുറയിലെ മറ്റു രാഷ്ട്രീയ പാർട്ടികളിലെ പലർക്കും ഏറെയൊന്നും അറിയില്ല അദ്ദേഹത്തെക്കുറിച്ച്.1957 മുതൽ1962 വരെ എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ,സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അന്നത്തെ തീപ്പൊരിയായിരുന്നു ആന്റണി തോമസ്.സ.സി.കെ.ചന്ദ്രപ്പനോടൊപ്പം ഇടതു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരത്തെത്തിയ ആന്റണിതോമസ് നിരവധി വിദ്യാർത്ഥി സമരങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.കുപ്രസിദ്ധമായ വിമോചന സമരകാലത്ത് കമ്യൂണിസ്റ്റ് ആശയഗതിയുള്ള വിദ്യാർത്ഥി സംഘടന നേരിടേണ്ടിവന്ന എതിർപ്പുകളും വെല്ലുവിളികളും എത്രകഠിനമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളു.അവയെ എല്ലാം തൃണവൽ ഗണിച്ച് വിദ്യാർത്ഥികൾക്കു വേണ്ടി ഒരുപാടു കാര്യങ്ങൾ നേടിയെടുക്കാൻ ചന്ദ്രപ്പനും ആന്റണി തോമസ്സും ഉൾപ്പെട്ട നേതൃ നിരയ്ക്ക് കഴിഞ്ഞു.

വിദ്യാർത്ഥി നേതാക്കളെ വരുതിയ്ക്കു നിർത്താൻ അന്നത്തെ കോളെജ് മാനേജ്മെന്റ് എടുത്തു പ്രയോഗിച്ചു വന്ന ഡീറ്റൻഷൻ എന്ന ബ്രഹ്മാസ്ത്രത്തിന്റെ മുനയൊടൊച്ചത് ഇവർ നയിച്ച എ.ഐ.എസ്.എഫ് അഴിച്ചു വിട്ട വിദ്യാർത്ഥി സമരമായിരുന്നു.കമ്യൂണിസ്റ്റു പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനു അവിശ്രമം പണിയെടുത്ത ഈ വിജ്ഞാനനിധി ഒരിക്കലും അധികാരത്തിന്റെ പിറകേ പോയിട്ടില്ല.ആന്റണി തോമസ്സിനെപ്പോലെ അഗാധമായ അറിവും പ്രശ്നങ്ങളെ വിശകലനം ചെയ്യാനുള്ള സാമർത്ഥ്യവും ഉള്ള രാഷ്ട്രീയ നേതാക്കൾ വളരെ അപൂർവ്വമാണു.എപ്പോഴും പ്രസന്നവദനനായി മാത്രമേ അദ്ദേഹത്തെ കാണാൻ കഴിയുമായിരുന്നുള്ളു.

പതിഞ്ഞ ശബ്ദത്തിൽ പറയാനുള്ള കാര്യം വെടിപ്പായി ,ആരെയും നോവിക്കാതെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുവാൻ ആദ്ദേഹത്തിനുള്ള കഴിവ് ഒന്ന് വേറെതന്നെയായിരുന്നു.ഒരിക്കൽ പരിചയപ്പെട്ടാൽ ആരും അദ്ദേഹത്തിന്റെ ആരാധകരായി മാറിപ്പോകും.രാഷ്ട്രീയത്തിലെയും ചരിത്രത്തിലെയും ഏതു സംശയത്തിനും ഉത്തരം കിട്ടുവാൻ ആശ്രയിക്കാവുന്ന വിജ്ഞാനകേന്ദ്രമാണു ഓർമ്മയായി മാറിയത്.വെളിയം ആശാനെയും സി.കെ.ചന്ദ്രപ്പനെയും പോലെ,പകരക്കരില്ലാത്ത മറ്റൊരു നേതാവുകൂടി കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നു.മഹാനായ ആ കമ്യൂണിസ്റ്റിന്റെ സ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലി.






Fans on the page

Wednesday, November 27, 2013

സ്ത്രീപീഡന കഥകൾ




വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിയും മുമ്പു ദന്ത ഡോകടറായ വരൻ മധുവിധു കാലത്തെ സ്വന്തം കിടപ്പറ രംഗങ്ങളും ഭാര്യയുടെ നഗ്നചിത്രങ്ങളും നെറ്റിൽ പ്രദർശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ഭാര്യയിൽ നിന്നും 10 ലക്ഷം രൂപ തട്ടാൻ ശ്രമിച്ചെന്നും അകന്നു കഴിയുന്ന ഭാര്യയുടെയും പിതാവിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ ദന്തഡോക്റ്ററെ അറസ്റ്റു ചെയ്തു നീലപ്പടങ്ങളടങ്ങുന്ന ലാപ്ടോപ്പും മറ്റും കസ്റ്റഡിയിൽ എടുത്തെന്നുമാണു രണ്ടു ദിവസം മുമ്പ് വന്ന ഒരു വാർത്ത.പിറ്റേന്ന് വന്ന വാർത്തയിൽ സംഗതികളാകെ തകിടം മറിഞ്ഞു.സ്ത്രീ പീഡന പരാതികളിൽ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണു തിരുവനന്തപുരം മെഡിക്കൽ കോളജ് സർക്കിൾ ഇൻസ്പെക്റ്റർ പ്രതിയെ അറസ്റ്റു ചെയ്തതെന്നും അതിന്റെപേരിൽ സർക്കിളിനെതിരെ നടപടി സ്വീകരിക്കാൻ സിറ്റി പോലീസ് കമ്മിഷണർ ഒരുങ്ങുന്നു എന്നുമായി വാർത്ത.നീലപ്പടമുണ്ടെന്നു പറഞ്ഞു പിടിച്ചെടുത്ത ലാപ്ടോപ്പിൽ അത്തരമൊന്നും കാണാനായില്ലെന്നും പ്രതിയുടെ അമ്മയുടെ പരാതിയിന്മേലാണു നടപടിയെന്നുമാണു വിശദീകരണം.വാദി പ്രതിയായെന്നു കേട്ടിട്ടുണ്ട്.കേസന്വേഷിച്ചവർ പ്രതിയാകുന്നത് ആദ്യമായി കേൾക്കുകയാണു.

പത്രങ്ങൾ പലതരത്തിലാണു കഥകൾ വിസ്തരിക്കുന്നത്.പരാതി വ്യാജമാണെന്ന് ഒരു കൂട്ടർ.പ്രതിയുടെ പണത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും ബലത്തിലാണു തല്ക്കാലം രക്ഷപ്പെട്ടതെന്നാണു മറ്റൊരു പക്ഷം.എന്തായാലും അത്ര ശരിയല്ലാത്ത എന്തൊക്കയോ ഈ കേസ്സിൽ അന്തർഭവിച്ചിട്ടുണ്ട് എന്നു മാത്രമേ സാമാന്യബുദ്ധിയുള്ളവർക്കു മനസ്സിലാക്കാൻ കഴിയൂ.ഒരുപക്ഷേ ഇനി ഇതേക്കുറിച്ച് വായനക്കാർ ഒന്നും അറിഞ്ഞില്ലെന്നുമിരിക്കും.നേരും
പൊളിയും ഏതാണെന്നറിയാതെ സ്ത്രീപീഡനകഥകൾ നാട്ടുകാരെ വട്ടം ചുറ്റിക്കുന്നത് ഇതാദ്യമല്ല.പതിവാണെന്നു തന്നെ പറയാം.മേല്പറഞ്ഞ സംഭവത്തിൽ പരാതി വ്യാജമാണെന്നാകും അവസാനം കേൾക്കാൻ പോകുന്നത്.എന്നാൽ വ്യാജമല്ലാത്ത ഒരു പരാതിയിൽ ഇടപെട്ട് സമയനഷ്ടം മാത്രം ഉണ്ടായത് എന്റെ അനുഭവമാണു.

വളരെനാളായി ഒരു ബന്ധവുമില്ലാതിരുന്ന സുഹൃത്ത് ഒരു ദിവസം ഒരു ചെറുപ്പക്കാരനുമായി വീട്ടിലെത്തുന്നു.സംഗതി സ്ത്രീപീഡനമാണു.സുഹൃത്തിന്റെ ബന്ധുവായ ചെറുപ്പക്കാരൻ അവന്റെ ഭാര്യയെ എന്തോ കാരണത്തിനു ഒരടി കൊടുത്തു.അടിയ്ക്കു ശേഷം ലോഹ്യമായി സന്തോഷത്തോടെ ജോലിക്കു പോയി.അവൾ പ്രൈവറ്റ് ആശുപത്രിയിൽ നഴ്സ്;അവൻ സർക്കാരാപ്പീസിൽ ഗുമസ്തൻ.വൈകിട്ട് ആശുപത്രിയിൽ നിന്നുമിറങ്ങാറാകുമ്പോൾ പതിവു പോലെ വിളിക്കാമെന്ന് പറഞ്ഞിട്ടാണു വഴക്കിട്ട ദിവസവും അവൾ പോയത്.പതിവു സമയം കഴിഞ്ഞിട്ടും വിളി വന്നില്ല.അങ്ങോട്ടു വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്.ആശുപത്രിയിൽ തിരക്കിചെന്നപ്പോൾ അവിടെ നിന്നു പോയിരിക്കുന്നു.ഒടുവിൽ അവളുടെ വല്യച്ഛന്റെ വീട്ടിലേക്കു വിളിച്ചപ്പോൾ കക്ഷി അവിടെയുണ്ട്.പിന്നീടു സംസാരിക്കാം ;അങ്ങോട്ടു ചെല്ലെണ്ടാ എന്ന് പറഞ്ഞ് വല്യച്ഛൻ ഫോൺ താഴെ വച്ചു.പെൺകുട്ടി വയനാട്ടു കാരിയാണു.തിരുവനന്തപുരത്തുകാരനാണു പയ്യൻ.അവിടെയുള്ള വല്യച്ഛൻ വഴി വന്ന ആലോചനയാണു.അദ്ദേഹത്തോട് എല്ലാം പറഞ്ഞ് ശരിയാക്കാം എന്നു സമാധാനിച്ച് കിടന്നുറങ്ങി.നേരം വെളുത്തപ്പോൾ കണ്ടത് പോലീസുകാരെ.ചെറുപ്പക്കാരനും അമ്മയും ചേർന്ന് പെൺകുട്ടിയെ ദേഹോപദ്രവം ഏല്പ്പിക്കുകയും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുകയും ചെയ്യുന്നു എന്ന് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൂട്ടിക്കൊണ്ടുപോകാൻ വന്നതാണു പോലീസുകാർ.വേണ്ടവണ്ണം കണ്ടിട്ടാകാം ,വിവരം നല്കിയശേഷം പോലീസുകാർ പോയി.സംഗതിയുടെ ഗൗരവം പിടികിട്ടിയ പയ്യൻ മുങ്കൂർ ജാമ്യത്തിനു ശ്രമം തുടങ്ങി.പക്ഷേ രണ്ടു ദിവസം കഴിഞ്ഞേ കോടതിയുള്ളൂ.അതുവരെ അറസ്റ്റു ചെയ്യപ്പെടാതിരിക്കണം.

അതിനാണു എന്നെക്കാണാൻ വന്നിരിക്കുന്നത്.എനിക്കെങ്ങനെ അതു സാധിക്കും എന്ന് അന്ധാളിച്ചു നില്ക്കുമ്പോൾ സുഹൃത്ത് പോംവഴി പറഞ്ഞുതന്നു.എന്റെ പരിചയക്കാരനായ ഒരു മുൻ എം.എൽ.എ.യുടെ സുഹൃത്തിന്റെ മകളാണു പെൺകുട്ടി.മുൻ എം.എൽ.എ.പറഞ്ഞാൽ അയാൾ കേൾക്കും.കേസ്സും കൂട്ടവും ഒന്നുമില്ലാതെ തന്നെ അവർ പറയുന്നത് പയ്യൻ അനുസരിക്കും.പീഡനക്കേസ്സാണു;സുഹൃത്തിനു തന്നെ പയ്യൻ പറയുന്നതിൽ പൂർണ്ണ വിശ്വാസമില്ല.സ്വന്തമായി അവനെ ചെറിയ തോതിൽ ചോദ്യം ചെയ്തു.അവൻ പറഞ്ഞതിനും അപ്പുറം എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്.ഫോൺനമ്പരില്ല്ല എന്നു പറഞ്ഞ് ഒഴിയാൻ നോക്കി.രക്ഷയില്ല;അവൻ അതും സംഘടിപ്പിച്ചാണു വന്നിരിക്കുന്നത്.വിളിച്ചപ്പോൾ പഴയ എം.എൽ.എ.യെ കിട്ടി.അദ്ദേഹത്തിനു ഇവരുടെ എല്ലാക്കര്യവും അറിയാം;സ്വരക്കേടുൾപ്പെടെ.പക്ഷേ ഒരാഴ്ച കഴിഞ്ഞേ അദ്ദേഹത്തിനു ഇതിൽ ഇടപെടാൻ പറ്റൂ.അതുവരെ പാർട്ടിയുടെ പ്രധാനപ്പെട്ട എന്തോ പരിപാടിയുണ്ട്.അദ്ദേഹം അങ്ങനെ പറഞ്ഞ സ്ഥിതിയ്ക്ക് ധൈര്യമായി പോകാൻ ഉപദേശിച്ചു വിട്ടു.

തിരക്കിനിടയിൽ ഞാൻ പിന്നെ ഇതേപ്പറ്റി ഓർത്തില്ല.കുറേ നാളിനു ശേഷം സുഹൃത്തിനെ കണ്ടപ്പോൾ എന്തായി സ്ഥിതിയെന്ന് തിരക്കി.അയാൾക്ക് മുങ്കൂർ ജാമ്യം കിട്ടി.പക്ഷേ അതിന്റെയൊന്നും കാര്യമില്ലായിരുന്നു.വല്യച്ഛൻ പ്രേരിപ്പിച്ചതിന്റെ പേരിൽ കൊടുത്ത പരാതിയിൽ വാസ്തവമില്ലെന്നു പെൺകുട്ടി തന്നെ പോലീസ് റ്റേഷനിൽ പോയി എഴുതിക്കൊടുത്തു.അവരിപ്പോൾ ഹാപ്പിയായി കഴിയുന്നു!!






Fans on the page

Saturday, November 16, 2013

സയനോരാ സച്ചിൻ



ക്രിക്കറ്റ് ഇതിഹാസം കളിക്കളം വിട്ടു.ലോകത്ത് ഇന്നേവരെ ഒരു കായിക താരത്തിനും ലഭിച്ചിട്ടില്ലാത്ത സ്നേഹവും ആദരവും നേടിയാണു സച്ചിൻ ക്രിക്കറ്റിൽ നിന്നു വിരമിച്ചത്.അനന്യമായ ഈ സ്നേഹാദരവുകൾ ഒരു ദിവസംകൊണ്ടോ ഒരു കളികൊണ്ടോ കൈവരിച്ചതല്ല.ക്രിക്കറ്റിനു വേണ്ടി അക്ഷരാർത്ഥത്തിൽ ജീവിതം സമർപ്പിച്ച മഹാനായ കളിക്കാരനു ലോകം പൂർണ്ണ മനസ്സോടെ കാഴ്ചവയ്ക്കുന്നതാണു ഈ അപൂർവ്വ പരിഗണന.

സച്ചിൻ തെണ്ടുല്ക്കറെപ്പോലെ മഹാനായ കളിക്കരൻ കായികലോകത്തിന്റെ ഒരു മേഖലയിലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല.അമ്പയർമാരുടെ തെറ്റായതീരുമാനത്തിലൂടെ ഔട്ടാകുമ്പോൾ പോലും അവർക്കുനേരേ കയർക്കാതെ തീരുമാനം ശിരസ്സാവഹിക്കുകയേ അദ്ദേഹം ചെയ്തിട്ടുള്ളൂ.സഹകളിക്കാരോടും എതിർ ടീമിലുള്ളവരോടും മാന്യമായിട്ടേ പെരുമാറിയിട്ടുള്ളൂ.നേരായ മാർഗ്ഗം മാത്രമേ കളിയിൽ അവലംബിക്കാവൂ എന്ന അച്ഛന്റെ ഉപദേശം അണുവിട തെറ്റിക്കാതെയാണു ഇക്കാലമത്രയും അദ്ദേഹം കളിച്ചത്.

രാജ്യത്തിനു വേണ്ടിയാണു താൻ കളിക്കുന്നതെന്ന ബോധം സച്ചിനുണ്ടായിരുന്നു.ഒരിക്കൽ ശിവസേനക്കാരോട്,ഒന്നാമതായി താൻ ഇന്ത്യാക്കാരനാണു;പിന്നീടേ മഹാരാഷ്ട്രക്കാരനാകൂ എന്ന് പറയാൻ അദ്ദേഹം രണ്ടാമതൊന്ന് ആലോചിച്ചില്ല.അതിന്റെ പേരിൽ അവരും ബി.ജെ.പിക്കാരും എതിർപ്പും ഭീഷണിയും മുഴക്കിയപ്പോഴും സച്ചിൻ തന്റെ നിലപാടിൽ ഉറച്ചു നില്ക്കുക തന്നെ ചെയ്തു.

ക്രിക്കറ്റ് കളിയിലെ മിക്ക റിക്കാഡുകളും സ്വന്തമാക്കിയിട്ടുള്ള സച്ചിൻ രാജ്യത്തിനു നേടിത്തന്ന പ്രശസ്തിയും പരിഗണനയും എത്ര വലുതാണെന്ന് പറയേണ്ടതില്ല.ലോകക്രിക്കറ്റിലെ മഹാരഥന്മാരെല്ലാം ഈ ചെറുപ്പക്കാരനെ എത്രമാത്രം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു എന്ന് ,അദ്ദേഹത്തിന്റെ വിരമിക്കൽ തീരുമാനം പുറത്തു വന്നപ്പോൾ മുതൽ പ്രകടിപ്പിക്കപ്പെട്ട അഭിപ്രായങ്ങളിൽ നിന്നു വ്യക്തമാണു.

“സായിപ്പ് വെയിൽ കൊള്ളാൻ കണ്ടുപിടിച്ച കളി”എന്ന് പരിഹസിച്ച് മുഖം തിരിഞ്ഞു നിന്നിരുന്ന എന്നെപ്പോലുള്ള അനേകായിരം പേരെ ക്രിക്കറ്റ് കളി കാണാൻ പ്രേരിപ്പിച്ച ഘടകം സച്ചിനാണു.ക്രിക്കറ്റ് കളിക്കാത്ത രാജ്യക്കാരെ വരെ ആ കളിയുടെ ആരാധകരാക്കാൻ അദ്ദേഹത്തിന്റെ കളിക്കളത്തിലെ സാന്നിദ്ധ്യം പ്രേരകമായിട്ടുണ്ട്.സച്ചിൻ വിട പറയുമ്പോൾ ഒരു യുഗം അവസാനിക്കുകയാണു.നിറഞ്ഞ കണ്ണുകളോടെയും നീറുന്ന മനസ്സോടെയും
മാത്രമേ, എക്കാലത്തെയും മഹാനായ ഈ കായിക താരത്തിനു യാത്രാമൊഴി ഓതുവാൻ കഴിയൂ.

കളിക്കളം വിട്ടാലും ജനമനസ്സുകളിൽ നിന്ന് ഒരിക്കലും സച്ചിനു  വിരമിക്കലില്ല.അതു വെറും പറച്ചിലല്ല എന്ന് ഈ ദിവസം തന്നെ വന്ന “ഭാരതരത്ന”ബഹുമതി നല്കാനുള്ള രാഷ്ട്രത്തിന്റെ തീരുമാനം വെളിപ്പെടുത്തുന്നു.ഭാരതരത്ന ലഭിക്കുന്ന ആദ്യത്തെ കായിയക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണു.കളിക്കളത്തിൽ കളിച്ചു റിക്കാഡുകൾ സൃഷ്ടിച്ചിട്ടുള്ള സച്ചിനു സർക്കാരിൽ നിന്നു ലഭിക്കുന്ന ഏറ്റവും വലിയ സിവിലിയൻ ബഹുമതിയ്ക്കും റിക്കാർഡിന്റെ അകമ്പടിയുണ്ട് എന്നുള്ളത് കൗതുകവും ആഹ്ലാദവും പകരുന്നു.




Fans on the page

Monday, November 4, 2013

ഡോ.പല്പു


ഇന്നലെ(2.11.2013) ഡോ.പല്പുവിന്റെ നൂറ്റിയൻപതാം ജന്മവാർഷികമായിരുന്നു.ഡോ.പല്പു ഫൗണ്ടേഷൻ മാത്രമാണു ആ ചരിത്രപുരുഷനെ ഓർത്തത്.അദ്ദേഹത്തിന്റെ ശതാബ്ദി ആരും അറിയാതെയും ഓർക്കാതെയും പോയ സ്ഥിതിയ്ക്ക് നൂറ്റൻപത് അവരെങ്കിലും ഓർത്തതും കഴിയും വണ്ണം ആഘോഷിച്ചതും വലിയ കര്യം തന്നെ.ഇത്രമാത്രം നന്ദികേടും നീതികേടും ഒരു ചരിത്രപുരുഷനും അനുഭവിക്കേണ്ടി വന്നിട്ടില്ല.അരുവിപ്പുറം ക്ഷേത്രത്തിലെ “വാവൂട്ടു യോഗത്തെ”എസ്.എൻ.ഡി.പി യോഗമാക്കി പരിവർത്തിപ്പിച്ച് ആധുനിക കേരളത്തിനു അടിത്തറയിട്ട ആ മഹാപുരുഷനെ ആദ്യം ഓർക്കേണ്ടത് എസ്.എൻ.ഡി.പി യോഗമായിരുന്നു.അവർ നൂറാം ജന്മദിനവും നൂറ്റമ്പതാം ജന്മദിനവും ഓർത്തില്ല.അതു മാത്രമല്ല;ഡോ.പല്പ്പു എന്ന മഹാശയനെ അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ യോഗം മറന്നു.

വഴി നടക്കാനും ഇഷ്ട ദൈവത്തെ ആരാധിക്കാനും പഠിക്കാനും മാറു മറയ്ക്കാനും ആഭരണമണിയാനും അവകാശമില്ലാതെ പുഴുക്കളെ പോലെ കഴിഞ്ഞിരുന്ന ഒരു ജനതയെ അവകാശ ബോധമുള്ളവരാക്കി മാറ്റുവാൻ ആയുസ്സും വപുസ്സും ഹോമിച്ച മനുഷ്യനാണു ഡോ.പല്പു.അങ്ങനെ ഉയർന്നു വന്ന സമുദായം തന്നെയാണു അദ്ദേഹത്തോട് ഏറ്റവുമധികം കൃതഘ്നത കട്ടിയിട്ടുള്ളതും.ഡസൻ കണക്കിനു കോളജുകളും സ്കൂളുകളും സ്വന്തമായുള്ള എസ്.എൻ.ഡി.പിയോഗത്തിന്റെ ഒരു വിദ്യാലയത്തിന്ന് പോലും പല്പ്പുവിന്റെ പേരു നല്കിയിട്ടില്ല.ഒരു സ്ഥാപനം പോലും അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ വേണ്ടി തുടങ്ങിയിട്ടില്ല.അദ്ദേഹത്തിന്റെ വീടും അന്ത്യവിശ്രമസ്ഥാനവും പോലും വേണ്ടവിധം സംരക്ഷിക്കുവാൻ യോഗം മുൻ കൈ എടുത്തില്ല.

ആരെയാണു തങ്ങൾ മറന്നതെന്ന് യോഗനേതൃത്വം അറിയുന്നില്ല.പി.പല്പുവും ജ്യേഷ്ഠൻ പി. വേലായുധനും  തിരുവിതാം കൂറിൽ ജോലി തേടിയപ്പോൾ അവരുടെ ജാതിക്കാർക്ക് സർക്കാർ ഉദ്യോഗം നല്കാൻ പറ്റില്ല എന്നാണു പൊന്നുതമ്പുരാൻ അരുളിയത്.പി.വേലായുധൻ തമിഴ്നാട്ടിലും പി.പല്പു മൈസൂറിലും ജോലി തേടി പോയി.വലിയ ശ്രമം കൂടാതെ ഇരുവർക്കും ജോലി കിട്ടുകയും ചെയ്തു.മദ്രാസിൽ ദിവാൻ പേഷ്ക്കാർ പദവിയിൽ വരെ എത്തിയ ചേട്ടൻ പി.വേലായുധൻ,ചെറുപ്പത്തിൽ തിരുവിതാംകൂർ മഹാരാജാവിൽ നിന്നേറ്റ അപമാനം മറക്കുകയോ അവഗണിക്കുകയോ ചെയ്തു.പക്ഷേ അങ്ങനെ മറക്കാൻ ഡോ. പല്പുവിനു കഴിഞ്ഞില്ല.മൈസൂറിലെ മെഡിക്കൽ ഡയറക്റ്റർ പദവി വരെ ഉയർന്നപ്പോഴും ജന്മനാടിൽ നിന്നേറ്റ പ്രഹരം അദ്ദേഹത്തെ വേട്ടയാടി.അദ്ദേഹത്തിനു ജോലി നിഷേധിക്കാൻ രാജാവിനു കൂട്ടു നിന്ന പല തമ്പുരാക്കന്മാർക്കും സ്വപ്നം കാണാൻ പോലും കഴിയാത്ത പ്രൗഢിയിലും പ്രശസ്തിയിലും വേതനസമൃദ്ധിയിലും അധികാരത്തിലും വാഴുമ്പോഴും തന്റെ സമുദായക്കാർ അനുഭവിക്കുന്ന അവഗണനയും കഷ്ടപ്പാടുമായിരുന്നു അദ്ദേഹത്തിന്റെ മനസ്സു നിറയെ.

സ്വാമി വിവേകാനന്ദന്റെ ഉപദേശമനുസരിച്ച് ശ്രീനാരായണഗുരുവിനെ മുന്നിൽ നിർത്തി സംഘടന രൂപവല്ക്കരിക്കുന്നത് അങ്ങനെയാണു.ഗുരുവിന്റെ പേരിൽ ഡോ.പല്പുവിന്റെ ഉത്സാഹത്തിൽ ഉടലെടുത്ത ആ എസ്.എൻ.ഡി.പി യോഗമാണു പല്പ്പുവിനെ അവഗണന കൊണ്ട് ഗുരുദക്ഷിണ നല്കിയിരിക്കുന്നത്.അവസാനകാലത്ത് ശ്രീനാരായണഗുരുവിനെത്തന്നെ നോവിക്കുകയും അദ്ദേഹത്തിന്റെ ശാപം വലിച്ചു വയ്ക്കുകയും ചെയ്ത ഒരു സംഘടന, ഡോക്റ്ററെ മറന്നില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.യോഗം തുടങ്ങാൻ കാരണക്കാരനായതു മാത്രമല്ല ;കായിക്കരയുടെ ചുറ്റുവട്ടത്തിൽ ഒതുങ്ങിപ്പോകുമായിരുന്ന കുമാരുവിനെ മഹാകവി കുമാരനാശാൻ ആക്കി മാറ്റിയ ബാംഗ്ലൂരിലെയും കല്ക്കട്ടയിലെയും  പഠനത്തിനു എല്ലാ സഹായവും ചെയ്തു കൊടുത്തതും ഡോ.പല്പ്പുവാണു.ആദ്യകാലത്ത് യോഗത്തിന്റെ മിക്ക കാര്യങ്ങളും നോക്കിയിരുന്നതും ചെലവു വഹിച്ചിരുന്നതും ഡോക്റ്ററാണു.അദ്ദേഹത്തിന്റെ പുത്രനാണു ശ്രീനാരായണദർശനങ്ങൾ ലോകം മുഴുവൻ പ്രചരിപ്പിച്ച നടരാജഗുരു(ഡോ.പി.നടരാജൻ).ഗുരു മുൻ കൈ എടുത്തു സ്ഥാപിച്ച സന്ന്യാസി സംഘത്തിലെ സ്വാമിമാർ പലരും,ഡോക്റ്റർ വിശേഷിപ്പിച്ചതുപോലെ “പെരിച്ചാഴികൾ” ആയതിൽ ദു:ഖിതനായിരുന്ന ഗുരുവിനു ആശ്വാസമായത് യഥാർത്ഥ ശിഷ്യനായ നടരാജഗുരുവാണു.

കേരളത്തിലെ അധ:സ്ഥിത വർഗ്ഗങ്ങളുടെ മോചനത്തിനും ഉന്നമനത്തിനുമായി ജീവിതത്തിലെ സകല സൗഭാഗ്യങ്ങളും വിനിയോഗിച്ച ഈ കർമ്മയോഗിയെ സ്വന്തം ജനങ്ങൾ മറന്നാലും ചരിത്രത്തിനും നവോത്ഥാന പ്രസ്ഥാനങ്ങൾക്കും മറക്കാൻ കഴിയില്ല.




Fans on the page

Thursday, October 31, 2013

നാണക്കേടു കുഴിച്ചെടുക്കുമ്പോൾ



ഐക്യരാഷ്ട്ര സഭ കൊണ്ടുവന്ന ബാല വിവാഹത്തിനെതിരേയുള്ള പ്രമേയത്തെ എതിർത്ത് പരിഷ്കൃത ലോകരാഷ്ടങ്ങളുടെ മുമ്പിൽ അപഹാസ്യയായ ഇന്ത്യയെ വീണ്ടും നാണം കെടുത്താൻ ഒരു ഉദ്ഖനന പേക്കൂത്ത് സർക്കാർ ചെലവിൽ അരങ്ങേറിയിരിക്കുന്നു.ഇന്ത്യ പിച്ചക്കാരുടെയും മന്ത്രവാദികളുടെയും നാടാണെന്നാണു പണ്ടേ സായിപ്പന്മാർ പറഞ്ഞിരുന്നത്.സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ട് ആകാറായിട്ടും ആ പേരുദോഷം അരക്കിട്ടുറപ്പിക്കുന്ന നടപടികളാണു കേന്ദ്ര സർക്കാർ ചെയ്തുകൂട്ടുന്നത്.

സ്വർണ്ണം നിറച്ച നിധികുംഭം യു.പി യിലെ ഉന്നാവോയിൽ ദൗണ്ടിയ ഖേഡ ഗ്രാമത്തിലെ മണ്ണിനടിയിൽ ക്കിടപ്പൂണ്ടെന്ന് ഏതോ ഒരു സന്യാസി സ്വപ്നം കണ്ടു പറഞ്ഞതു കേട്ട പാതി കേൾക്കാത്ത പാതി ഉദ്ഖനനത്തിനു ഇറങ്ങി പുറപ്പെടുകയാണു കേന്ദ്ര സർക്കാരിന്റെ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇൻഡ്യ ചെയ്തത്.യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ ഉദ് ഖനനത്തിനു  മുതിർന്നിട്ട് സ്വർണ്ണമോ വെള്ളിയോ വിലയുള്ള മാർബിൾ പോലുമോ കണ്ടെത്താനായില്ല.അന്ധവിശ്വാസ പ്പരിഷകളുടെ വാക്കു കേട്ട് പൊതു ഖജനാവിലെ മുതലെടുത്ത് കോപ്രായം കാണിക്കാനൊരുങ്ങിയവരെ വിലക്കുന്നതിനു പകരം പ്രോത്സാഹിപ്പിക്കുകയാണു കേന്ദ്ര ഭരണകൂടം ചെയ്തത്.

ബാബറിമസ്ജിത് സമുച്ചയത്തിൽ ആദ്യമായി ശ്രീരാമന്റെയും സീതയുടെയും  മറ്റും വിഗ്രഹങ്ങൾ   പ്രത്യക്ഷപ്പെട്ടെന്ന് അന്നത്തെ യു.പി.മുഖ്യമന്ത്രി അറിയിച്ചപ്പോൾ അവ എടുത്ത് സരയൂ നദിയിൽ എറിയാനാണു പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ഉപദേശിച്ചത്.ആ നെഹ്രു ഇരുന്ന കസേരയിൽ ചടഞ്ഞുകൂടിയിരിക്കുന്ന ഇപ്പോഴത്തെ അവതാരം കൂടോത്ര സ്വാമിമാരുടെ വാക്കുകൾ വേദവാക്യമാണെന്നു കരുതുന്നു.അതുകൊണ്ടാണു ഇത്തരം പ്രാകൃത കോലങ്ങളുടെ വെളിപാടുകൾ കേട്ട് സർക്കാർ വകുപ്പുകൾ തുള്ളുന്നത്.ആൾദൈവങ്ങളുടെ കാൽ കഴുകിക്കുടിക്കുന്നവർ നാടു ഭരിക്കുമ്പോൾ ഇതും ഇതിനപ്പുറവും സംഭവിക്കും.

ഇങ്ങനെ പോയാൽ അതിർത്തി സരക്ഷിക്കുവാൻ പട്ടാളമോ ആയുധങ്ങളോ ഒന്നും വേണ്ട;കൂടോത്രം ചെയ്തു കാലയാപനം നടത്തുന്ന ഏതെങ്കിലും തട്ടിപ്പു സന്യാസിയെക്കൊണ്ട് മന്ത്രവാദം നടത്തിയാൽ മതി എന്നു തീരുമാനിക്കാനും സാദ്ധ്യതയുണ്ട്.സർക്കാരിനു ചെലവായ തുക മുഴുവനും, സന്യാസിയുടെ വാക്കു കേട്ട് ഖനനത്തിനു പുറപ്പെട്ട ഉദ്യോഗസ്ഥപ്രമാണിമാരുടെ കൈയ്യിൽ നിന്നും വസൂലാക്കണം.ഒരു രാഷ്ട്രത്തെ അവഹേളനപാത്രമാക്കിയതിന്ന് ഇവരെ ശിക്ഷിക്കണം.ഇവരെ മാത്രം ശിക്ഷിച്ചാൽ പോരാ;ഈ വിവരക്കേടു കണ്ടിട്ടും അറിഞ്ഞിട്ടും വിലക്കാതിരുന്ന കേന്ദ്ര ഭരണകർത്താക്കളെയും കൽത്തുറുങ്കിൽ അടയ്ക്കണം.എന്നാൽ പോലും ഭാരതത്തിനു മേൽ പതിച്ച ഈ കളങ്കം മാറിക്കിട്ടുക വിഷമമാണു.




Fans on the page

Sunday, October 27, 2013

എം.എൻ.വി.ജി.അടിയോടി


സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ ചെയർമാനും അദ്ധ്യാപക സർവ്വീസ് സംഘടനാ കോൺഫെഡറേഷന്റെ കൺ വീനറുമായിരുന്ന സ.എം.എൻ.വി.ജി.അടിയോടി അന്തരിച്ചിട്ട് ഒക്റ്റോബർ 26 നു ഏഴു വർഷം തികഞ്ഞു.സർക്കാർ ജീവനക്കാരുടെ അവകാശ സമരങ്ങളിൽ എന്നും മുൻപന്തിയിൽ ഉണ്ടായിരുന്ന നേതാവായിരുന്നു സ.അടിയോടി.ജോയിന്റ് കൗൺ സിലിനെ ശക്തിപ്പെടുത്തുവാൻ അക്ഷീണം പരിശ്രമിക്കുമ്പോഴും സങ്കുചിതമായ സംഘടനാ വികാരങ്ങൾ അദ്ദേഹത്തെ തീണ്ടിയിരുന്നില്ല.സർവീസ് പ്രശ്നങ്ങൾ ഗാഢമായി പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും അസാമാന്യമായ വൈഭവവും ശുഷ്ക്കാന്തിയും അടിയോടിക്ക് സഹജമായിരുന്നു.

സംസ്ഥാന ജീവനക്കാർക്ക് കേന്ദ്ര ജീവനക്കരുടെ ശമ്പളവുമായി പാരിറ്റി വേണമെന്ന മുദ്രാവാക്യം ഉന്നയിക്കുന്നതിൽ മുൻപന്തിയിൽ നിന്നത് അടിയോടി ആയിരുന്നു.ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും നടപ്പാക്കിയ പാരിറ്റി കേരളത്തിനു മാത്രം കിട്ടാക്കനിയാകുന്നതിന്റെ പിന്നിൽ സംഘടനാ രംഗത്തെ അനൈക്യവും രാഷ്ട്രീയ വിധേയത്വവുമായിരുന്നു.വിവിധമേഖലകളിൽ പ്രവർത്തിച്ചു വന്ന സമാന ചിന്താഗതിക്കാരായ സർവ്വീസ് സംഘടനകളെ ഏകോപിപ്പിച്ച് അദ്ധ്യാപക സർവ്വീസ് സംഘടനാ കോൺഫെഡറേഷൻ എന്ന പേരിൽ പുതിയ സംഘടനാ മുന്നണി കേട്ടിപ്പടുത്തതിന്റെ മുഖ്യ ശില്പി അടിയോടി ആയിരുന്നു.പ്രധാനപ്പെട്ട മറ്റു രണ്ടു സംഘടനാ മുന്നണികൾ അവരുടെ ഇഷ്ടക്കാർ ഭരണത്തിലേറുമ്പോൾ കേന്ദ്രപാരിറ്റി ഡിമാന്റ് പരണത്തു വയ്ക്കുന്ന പതിവിനു അറുതി വരുത്താനും ഏതു ഭരണം വന്നാലും കേന്ദ്ര പാരിറ്റി എന്ന ഡിമാന്റ് സജീവമായി നിലനിർത്താനും കോൺഫെഡറേഷന്റെ ആവിർഭാവത്തോടെ കഴിഞ്ഞു.പൂർണ്ണമായിട്ടല്ലെങ്കിലും, പില്ക്കാലത്ത് കേന്ദ്രപാരിറ്റി നേടിയെടുക്കാൻ കഴിഞ്ഞതിന്റെ പിന്നിൽ കോൺഫെഡറേഷനു ചെറുതല്ലാത്ത പങ്കുണ്ട്.

സ്വതേ സൗമ്യനും മിതഭാഷിയുമായ അടിയോടി ജീവനക്കാരുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ വാചാലനാകും.അവഗണനയും ഉദാസീനതയും അധികാരസ്ഥാനത്തു നിന്ന് ഉണ്ടാകുമ്പോൾ ക്ഷുഭിതനാകുകയും ചെയ്യുമായിരുന്നു.ഒരിക്കൽ കേന്ദ്ര പാരിറ്റി സംബന്ധിച്ച് കോൺഫെഡറേഷൻ നല്കിയ നിവേദനത്തിന്മേൽ ചർച്ച ചെയ്യുന്നതിനു അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന റ്റി.ശിവദാസമേനോൻ വിളിച്ചു ചേർത്ത മന്ത്രിസഭാ ഉപസമിതിയുടെ യോഗത്തിൽ വച്ച് അത്തരമൊരു സന്ദർഭത്തിനു സാക്ഷ്യം വഹിക്കേണ്ടി വന്നു.സ. അടിയോടിയുടെ വിശദീകരണം കഴിഞ്ഞ് ഘടക സംഘടനാ നേതാക്കൾ സംസാരിക്കാൻ തുടങ്ങിയതോടെ ഉപസമിതി അദ്ധ്യക്ഷനായ ശിവദാസമേനോൻ കൂർക്കം വലിച്ച് ഉറക്കം ആരംഭിച്ചു കഴിഞ്ഞിരുന്നു.മറ്റൊരു മന്ത്രി പി.ആർ.കുറുപ്പ് നേരത്തെതന്നെ തുപ്പൽ ഒലിപ്പിച്ച് നിദ്രാദേവിയെ പുല്കിയിരുന്നു.താൻ സംസാരിച്ചപ്പോഴേ ഉറക്കം തൂങ്ങലിന്റെ ലക്ഷണം ശിവദാസമേനോൻ  കാട്ടാൻ തുടങ്ങിയത് ശ്രദ്ധിച്ചിരുന്ന അടിയോടി കൂർക്കംവലി മൂത്തതോടെ ക്ഷുഭിതനായി മേശപ്പുറത്തടിച്ചുകൊണ്ട് മന്ത്രിയുടെ ഉത്തരവാദിത്തരാഹിത്യത്തെ കണക്കറ്റു പ്രഹരിച്ചു. ശിവദാസമേനോന്റെ ഉറക്കച്ചടവ് മാറും മുമ്പു തന്നെ, ഉറങ്ങാതിരുന്ന ഉപസമിതിയിലെ മറ്റൊരു മന്ത്രിയായ സ.ഇ.ചന്ദ്രശേഖരൻ നായർ ഇടപെട്ടതുകൊണ്ടും  മേനോൻ ഖേദം പ്രകടിപ്പിച്ചതു കൊണ്ടും രംഗം കൂടുതൽ വഷളായില്ല.

ഫലിതപ്രയോഗങ്ങളും ഉപകഥകളും ഒന്നുമില്ലെങ്കിലും ശ്രോതാക്കളെ മുഴുവൻ പിടിച്ചിരുത്തുന്ന പ്രഭാഷണ ചാതുര്യം അടിയോടിയ്ക്കുണ്ടായിരുന്നു.പറയുന്ന കാര്യത്തിലെ ആത്മാർത്ഥത അത്രയ്ക്ക് ആഴത്തിലുള്ളതായിരിക്കും.എതിരാളികളെക്കൊണ്ടു പോലും തന്റെ വാദമുഖങ്ങൾ സമ്മതിപ്പിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.അദ്ധ്യാപക സർവ്വീസ് സംഘടനാ കോൺഫെഡറേഷനു രൂപം നല്കാൻ മുൻ കൈ എടുത്ത അദ്ദേഹം തന്നെയാണു ആൾ ഇന്ത്യാ സ്റ്റേറ്റ് ഗവണ്മെന്റ് എം പ്ലോയീസ് കോൺഫെഡറേഷൻ സംഘടിപ്പിച്ചതും.ദില്ലിയിൽ ചേർന്ന അതിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തപ്പോഴാണു അഖിലേന്ത്യാ തലത്തിലെ സർവ്വീസ് സംഘടനാ മേഖലയിൽ സ.അടിയോടിയ്ക്കുള്ള സ്വാധീനവും മതിപ്പും ഞങ്ങൾക്കു മനസ്സിലായത്.

രണ്ടു പ്രാവശ്യം അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കാൻ ഒന്നിച്ചു യാത്ര ചെയ്തപ്പോഴും താമസിച്ചപ്പോഴും ഒരിക്കൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമരപ്രചരണ വാഹന ജാഥയിൽ അംഗമായി അനുഗമിച്ചപ്പോഴും ആ ജീവിതത്തിന്റെ അടുക്കും ചിട്ടയും കണ്ട് അത്ഭുതപ്പെടുകയും അസൂയപ്പെടുകയും ചെയ്തിട്ടുണ്ട്.സംഘടനാ പ്രവർത്തകർക്കും പൊതുപ്രവത്തകർക്കും അനുകരണീയമായ മാതൃകയായിരുന്നു സ. അടിയോടി.പെൻഷൻ പറ്റി അധികം കഴിയുന്നതിനു മുമ്പേ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയെങ്കിലും സർവ്വീസ് സംഘടനാ രംഗത്ത് അദ്ദേഹത്തിന്റെ പേർ എന്നും സജീവമായിത്തന്നെ നിലനില്ക്കും.

 


Fans on the page

Sunday, October 20, 2013

കള്ളോളം നല്ലൊരു വസ്തു......



കള്ളോളോം നല്ലൊരു വസ്തു
ഭൂലോകത്തില്ലെടി നാണീ
എള്ളോളോമുള്ളിൽ ചെന്നാൽ
ഭൂലോകം തരികിട തിത്തൈ.
തന്തേനെ തല്ലിക്കൊല്ലാം
തള്ളേടെ മണ്ട തകർക്കാം
പിള്ളേരുടെ പള്ളേമ്മേലും
ചെള്ളയ്ക്കും തീപൊള്ളിക്കാം.
പെണ്ണുങ്ങടെ മാനം കവരാം
ആണുങ്ങടെ കൂമ്പു ചതയ്ക്കാം
പോഴത്തം കൂവി നടക്കാം
പോരടാം നിഴലിൻ നേർക്കും.

ആരവിടെ? പായിട്ടോടീ?
പോരുന്നു കിടക്കാനീ ഞാൻ.
ഭൂലോകം തരികിട തിത്തൈ
ഈ ലോകം തരികിട..തി..ത്തൈ






Fans on the page

Friday, October 11, 2013

ജുഡീഷ്യൽ അന്വേഷണം


സോളാർ തട്ടിപ്പു കേസ്സിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഇടതുപക്ഷത്തെ കബ്ബളിപ്പിച്ച ഉമ്മൻ ചാണ്ടി അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറൻസ് ഏകപക്ഷീയമായി നിശ്ചയിച്ച് വീണ്ടും പറ്റിച്ചിരിക്കുന്നു.പ്രസിദ്ധീകരിക്കപ്പെട്ട ടേംസ് ഓഫ് റഫറൻസ് തങ്ങൾക്ക് സ്വീകാര്യമല്ലെന്ന് പ്രതിപക്ഷം പറയുന്നുണ്ടെങ്കിലും സർക്കാർ(എന്നുവച്ചാൽ ഉമ്മൻ ചാണ്ടി)അവരുടെ വഴിക്ക് അവർ ആഗ്രഹിക്കുന്നതു പോലെ പോകാനാണു സാദ്ധ്യത.

ജുഡിഷ്യൽ അന്വേഷണം തന്നെ യാതൊരു പ്രയോജനവും ഇല്ലാത്ത, വ്യർത്ഥവ്യായാമമാണെന്നിരിക്കേ എന്തിനാണു പ്രതിപക്ഷം ഇത്തരം ഒരു ഡിമാന്റ് മുന്നോട്ടു വച്ചതെന്നു മനസ്സിലാകുന്നില്ല.ഇന്നേവരെ ഉണ്ടായിട്ടുള്ള കാക്കത്തൊള്ളായിരം ജുഡീഷ്യൽ അന്വേഷണ കമ്മീഷനുകളിൽ ഒന്നെങ്കിലും ഏതെങ്കിലും സർക്കാർ പൂർണ്ണമായി അംഗീകരിക്കുകയോ തുടർ നടപടി കൈക്കൊള്ളുകയോ ചെയ്തതായി അറിവില്ല.പലപ്പോഴും കുറ്റവാളികളെ രക്ഷിക്കയാണു കമ്മീഷനുകൾ ചെയ്തിട്ടുള്ളത്.എം.എം.ഹസ്സൻ ഡിഗ്രിപരീക്ഷയിൽ ക്രമക്കേടു കാട്ടിയെന്ന് ആരോപണമുണ്ടായപ്പോൾ അതിനെക്കുറിച്ച് അന്വേഷിച്ച ജ. ജിനരാജൻ കമ്മീഷൻ എന്താണു ചെയ്തതെന്ന് നമ്മൾ കണ്ടതാണു.പ്രീഡിഗ്രി ബോഡ് വിരുദ്ധ സമര കാലത്ത് നടന്ന ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കുവാൻ അന്നു മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരൻ ഇതേ തന്ത്രം പയറ്റി നോക്കിയതാണു.ഹസ്സനു കിട്ടിയതു പോലെ ക്ലീൻ ചിറ്റ് കിട്ടുവാൻ പാകത്തിലുള്ള ഒരു അന്വേഷണ കമ്മീഷനെ അദ്ദേഹം നിയമിച്ചെങ്കിലും ആ കമ്മീഷൻ പ്രവർത്തനം തുടങ്ങും മുമ്പ് കരുണാകരന്റെ കാലാവധി കഴിഞ്ഞു പോയി.പിന്നീട് വന്ന നായനാർ സർക്കാർ ജ.കെ.കെ.നരേന്ദ്രനെ അന്വേഷണകമ്മീഷനായി നിയമിച്ചു.വളരെ വിശദമായും വിദഗ്ദ്ധമായും അന്വേഷണം നടത്തി അദ്ദേഹം സമർപ്പിച്ച റിപ്പോർട്ട് ആ സർക്കാർ ആഘോഷപൂർ വ്വം സ്വീകരിച്ചെങ്കിലും യാതൊരു തുടർ നടപടിയും കൈക്കൊണ്ടില്ല.അന്നത്തെ വിദ്യാഭ്യാസമന്ത്രി റ്റി.എം.ജേക്കബ്ബും കേരള സർവ്വകലാശാലാ പ്രൊ വൈസ്ചാൻസലറായിരുന്ന ഡോ.എ.സുകുമാരൻ നായരും  കുറ്റക്കാരാണെന്നു തെളിവുകൾ നിരത്തി കമ്മീഷൻ സ്ഥാപിച്ചിരുന്നു.പക്ഷേ അവർക്കെതിരെ ചെറുവിരലനക്കാൻ പോലും നയനാർ സർക്കാർ തയ്യാറായില്ല.അതിന്റെ ഫലമായി പിന്നീടു വന്ന  യു.ഡി.എഫ് സർക്കാരിനു സുകുമാരൻ നായരെ മഹാത്മാ ഗാന്ധി സർവ്വകലാശാലാ വൈസ്ചാൻസലർ ആയി നിയമിക്കാൻ സാധിച്ചു.ജേക്കബ് മന്ത്രിയുമായി.

ഇങ്ങനെ കാശും സമയവും മനുഷ്യാദ്ധ്വാനവും പാഴിലാക്കാൻ മാത്രം ഉതകിയ എത്ര ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടുകൾ വേണമെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിയും.ഒരുപക്ഷേ കൂടുതൽ എണ്ണത്തെ കുറിച്ച് പ്രതിപക്ഷ കക്ഷികൾക്കായിരിക്കും ധാരണ ഉണ്ടാവുക. എന്നിട്ടും ഇത്തരം ഒരു അജാഗളസ്തനം വേണമെന്നു ശഠിച്ചതിന്റെ പിന്നിലെ യുക്തി തീരെ മനസ്സിലാകുന്നില്ല.ആകെപ്പാടെ ഉണ്ടാകേണ്ട ഒരു നേട്ടം, അന്വേഷണം പ്രഖ്യാപിക്കുന്നതോടെ മുഖ്യമന്ത്രി രാജി വയ്ക്കുക എന്നതാണു.അതുണ്ടാകാൻ പോകുന്നില്ല എന്നാണു ഉമ്മൻ ചാണ്ടിയുടെ ഇതുവരെയുള്ള നിലപാടിൽ നിന്നും മനസ്സിലാകുന്നത്.1957 ലെ ഇ.എം.എസ്.മന്ത്രിസഭയിലെ ഒരംഗത്തക്കുറിച്ച് അന്വേഷണം വന്നപ്പോൾ അദ്ദേഹം രാജിവച്ചില്ല എന്നു പറഞ്ഞാണു ഉമ്മൻ ചാണ്ടി രാജിവക്കാൻ വിസമ്മതിക്കുന്നത്.1957 കഴിഞ്ഞാണു 1967 എന്നും അന്നു അന്വേഷണം പ്രഖ്യാപിച്ചപ്പോൾ തന്നെ ആരോപണവിധേയരായ എം.എൻ ഉം റ്റിവി .തോമസും രാജിവച്ചു എന്നും ഉമ്മൻ ചാണ്ടിയെ ഓർമ്മിപ്പിക്കാൻ പ്രതിപക്ഷങ്ങൾ താല്പര്യം കാട്ടുന്നുമില്ല.

ടേംസ് ഓഫ് റഫറൻസ് പ്രഖ്യാപിച്ചതു വായിച്ചാൽ ,കമ്മീഷൻ ഓഫ് എൻ ക്വയറീസ് ആക്റ്റിനെയും പ്രതിപക്ഷത്തെയും ഒരുപോലെ പരിഹസിക്കുകയാണെന്നേ തോന്നൂ.പത്രക്കാരുടെ ചോദ്യങ്ങൾക്കു മുഖ്യൻ പറഞ്ഞ മറുപടിയിൽ അജ്ഞതയും ധിക്കാരവുമാണു നിഴലിച്ചത്.ആർക്കു വേണമെങ്കിലും ടേംസ് ഓഫ് റഫറൻസ് കൂട്ടിച്ചേർക്കാമത്രെ!എന്ത് അടിസ്ഥാനത്തിലാണു അദ്ദേഹം ഈ വിഡ്ഢിത്തം എഴുന്നള്ളിച്ചത്?2013 ൽ നടന്ന തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുമ്പോൾ എന്തിനാണു അഞ്ചു കൊല്ലം മുമ്പുള്ള തട്ടിപ്പിനെപറ്റിയും അന്വേഷിക്കണം എന്ന്  നിഷ്ക്കർഷിക്കുന്നത്?അധികാരത്തിലിരിക്കുമ്പോൾ എന്തു ധിക്കാരവും ഭോഷത്തവും തട്ടിമൂളിക്കാമെന്ന്  കരുതുന്നെങ്കിൽ അതു വിനാശത്തിലേക്കുള്ള കാൽ വയ്പ്പാണെന്നു പറയാതെ വയ്യ.





Fans on the page

Sunday, September 22, 2013

വെളിയം ആശാൻ




85 വയസ്സ് എന്നത് മനുഷ്യനെ സംബന്ധിച്ച് അത്ര കുറഞ്ഞ ആയുസ്സല്ല.എങ്കിലും ആ പ്രായത്തിലെത്തിയ ഒരു വ്യക്തിയുടെ മരണം പോലും നമ്മിൽ തീവ്രമായ വേദനയും നഷ്ടബോധവും സൃഷ്ടിക്കുന്നെങ്കിൽ അദ്ദേഹം അത്രമാത്രം നമുക്കു പ്രിയപ്പെട്ടവനായിരിക്കണം;ആരാദ്ധ്യനായിരിക്കണം.2013 സെപ്റ്റംബർ 18നു അന്തരിച്ച സഖാവ് വെളിയം ഭാർഗ്ഗവൻ എന്ന ആശാൻ വലിയ ഒരു ജനവിഭാഗത്തിനു പ്രിയപ്പെട്ടവനായിരുന്നു.ബഹുമാന്യനായ നേതാവും വഴികാട്ടിയുമായിരുന്നു.അടുത്തു പെരുമാറിയിട്ടുള്ളവർക്കെല്ലാം എന്നെന്നും ഓർത്തിരിക്കാനുള്ള എന്തെങ്കിലും അദ്ദേഹം അവശേഷിപ്പിച്ചിട്ടുണ്ടാകും.

യൂണിവേഴ്സിറ്റി ജീവനക്കാരുടെ ഒരു സംഘടനാ പ്രതിനിധിയെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെടാൻ ആശാനെ കാണാൻ ചെന്നതാണു.പതിവു രീതിയിൽ തോളത്തു തട്ടിക്കൊണ്ട് ചോദ്യം:“എന്തിനാടോ?സാർ സാർ എന്നു വിളിച്ചു തലയും ചൊറിഞ്ഞു നില്ക്കാനല്ലേ?” “എനിക്കാകണ്ടാ.അതെല്ലാം ചെയ്യാൻ മടിയില്ലാത്ത ആരെയെങ്കിലും....” “ശരി. വഴിയുണ്ടാക്കാം.”എന്ന് പറഞ്ഞു.പറഞ്ഞതുപോലെ തന്നെ ഞങ്ങളുടെ സംഘടനയിൽ പെട്ട ഒരു ഡപ്യൂട്ടി രജിസ്ട്രാറെ അന്നത്തെ ഭക്ഷ്യമന്ത്രി സ.ഇ.ചന്ദ്രശേഖരൻ നായരുടെയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ഉൾപ്പെടുത്തുകയും ചെയ്തു.

2000 ൽ കേരള സർവ്വകലാശാലാ സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടവരും നോമിനേറ്റ് ചെയ്യപ്പെട്ടവരുമായ പാർട്ടിയംഗങ്ങളുടെ യോഗം ആശാന്റെ സാന്നിദ്ധ്യത്തിൽ എം.എൻ സ്മാരകത്തിൽ.യോഗം കഴിഞ്ഞു പൊതുകാര്യങ്ങൾ ചർച്ചാവിഷയമായി.കൊല്ലം എസ്.എൻ.കോളജിൽ അന്ന് എ.ഐ.എസ്.എഫ് പ്രവർത്തകരെ മറ്റൊരു വിദ്യാർഥി സംഘടനാംഗങ്ങളും പുറത്തു നിന്നുള്ള ഗുണ്ടകളും ചേർന്ന് നിരന്തരം ഉപദ്രവിക്കുന്ന കാര്യം
കൊല്ലക്കാരനായ ഒരു സെനറ്റംഗം പരാതിയായി പറഞ്ഞു.കേൾക്കാത്ത താമസം ആശാൻ പ്രതിവചിച്ചതിങ്ങനെ: “കൊല്ലത്തുള്ള നമ്മുടെ പിള്ളേരെ സംരക്ഷിക്കാൻ തിരുവനന്തപുരത്തു നിന്നും ഞങ്ങൾ ആളെ അയയ്ക്കണോ?താനൊക്കെ എന്തിനാ പാർട്ടിപ്രവർത്തകനാണെന്നും പറഞ്ഞ് രാവിലെ ഡയറിയും കക്ഷത്തടുക്കി എറങ്ങുന്നത്?”പരാതിക്കാരൻ സഖാവിന്റെ അവസ്ഥ ഊഹിക്കാവുന്നതേ ഉള്ളൂ.

കള്ളത്തരവും ജാഡയും അഹംഭാവവും ആശാന്റെ മുമ്പിൽ വിലപ്പോകുമായിരുന്നില്ല.അഭിനയം അദ്ദേഹത്തിനു ഇഷ്ടമല്ലായിരുന്നു.അധികാര രാഷ്ട്രീയത്തിൽ നിന്നും എന്നും അകന്നു നിന്നിരുന്ന അദ്ദേഹം ഉത്തമനായ കമ്യൂണിസ്റ്റായിരുന്നു.പാർട്ടിയ്ക്കും ജനങ്ങൾക്കും വേണ്ടിയാണു അദ്ദേഹം ജീവിച്ചത്.മനുഷ്യർ ബ്രഹ്മചര്യവും ഗാർഹസ്ഥ്യവും വാനപ്രസ്ഥവും കഴിഞ്ഞ് അനുഷ്ഠിക്കുന്നതെന്നു ഭാരതീയർ വിശ്വസിക്കുന്ന സന്ന്യാസം രണ്ടാമതു തന്നെ കൈക്കൊണ്ട ആളാണു ആശാൻ.സന്ന്യാസിമാരുടെ കാപട്യവും സ്വാർഥതയും മനസ്സിലാക്കിയതോടെ സന്ന്യാസത്തോടു വിടപറഞ്ഞ് മനുഷ്യസ്നേഹത്തിലൂന്നിയ പ്രത്യയശാസ്ത്രത്തിന്റെ വക്താവും പ്രയോക്താവുമായി മാറി.സന്ന്യാസ കാലം നല്കിയ സർവ്വസംഗപരിത്യാഗപാഠം അദ്ദേഹത്തിനെ സ്വാധീനിച്ചിട്ടുണ്ട്.പില്ക്കാലത്ത് അധികാര രാഷ്ട്രീയത്തിന്റെ പ്രലോഭനങ്ങളെ അതിജീവിക്കാൻ കഴിഞ്ഞത് അതുകൊണ്ടാണു.ഒരു നല്ല കമ്യൂണിസ്റ്റുകാരൻ,ഒരു നല്ല പൊതുപ്രവർത്തകൻ,എങ്ങനെ ആയിരിക്കണം എന്ന് സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തന്ന അതുല്യനായ നേതാവാണു വെളിയം ആശാൻ.




Fans on the page

Thursday, September 12, 2013

പൊതുമേഖലയെ തുലയ്ക്കുന്നത് എങ്ങനെ?



ഇന്ത്യയ്ക്ക് ഏറ്റവും യോജിച്ചത് മിശ്ര സമ്പദ് ഘടനയാണെന്നു കണ്ടെത്തിയത് പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവാണു.എങ്കിലും പൊതു മേഖലയോടായിരുന്നു അദ്ദേഹത്തിനു താല്പര്യം കൂടുതൽ. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ കഴിയുന്നത്ര സ്ഥാപനങ്ങൾ പൊതുമേഖലയിൽ തുടങ്ങുന്നതിനു ശ്രദ്ധിച്ചിരുന്നു.ഇന്ദിരാഗാന്ധിയും അതേപാത തന്നെയാണു പിന്തുടർന്നത്.ബാങ്ക് ദേശസാല്ക്കരണത്തോടെ അവർ പിതാവിനെ അക്കാര്യത്തിൽ കടത്തി വെട്ടുകയും ചെയ്തു.എന്നാൽ പിന്നീടു വന്ന കോൺഗ്രസ്സ് പ്രധാനമന്ത്രിമാരെല്ലാം തന്നെ പൊതുമേഖലയെ തകർക്കുന്നതിൽ മത്സരിക്കുകയാണുണ്ടായത്.മന്മോഹൻ സിംഗിന്റെ ഭരണകാലമായപ്പോൾ അത് സകല സീമയും കടന്നു.മാത്രമല്ല സ്വകാര്യ മേഖലയ്ക്കു വേണ്ടി പൊതു മേഖലയെ നശിപ്പിക്കുന്നിടം വരെ കാര്യങ്ങൾ എത്തി.

കോൺഗ്രസ്സ് നേതൃത്വം കൊടുക്കുന്ന കേരളത്തിലെ ഇപ്പോഴത്തെ ഭരണകൂടവും പൊതുമേഖലയെ ഉന്മൂലനം ചെയ്യാനുള്ള പുറപ്പാടിലാണു.ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ നഷ്ടത്തിലാക്കുകയാണു അവയെ നശിപ്പിക്കാനുള്ള ആദ്യപടി.പിന്നീട് നഷ്ടത്തിലാണെന്ന കാരണം പറഞ്ഞ് സ്വകാര്യവ്യക്തികൾക്ക്(അതു മിക്കപ്പോഴും നേതാക്കളുടെ ബിനാമികളോ മച്ചമ്പികളോ ആയിരിക്കും)കൈമാറും. മുമ്പ് യുഡി എഫ് അധികാരത്തിൽ വന്നപ്പോൾ നഷ്ടത്തിലാക്കിയ പല പൊതുമേഖലാ സ്ഥാപനങ്ങളും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ലാഭകരമാക്കി.അവയെല്ലാം ഒന്നൊന്നായി നഷ്ടത്തിലാക്കിക്കൊണ്ടിരിക്കുകയാണു ഇപ്പോഴത്തെ യു.ഡി.എഫ് സർക്കാർ.എന്തെല്ലാം ചെയ്തിട്ടും നഷ്ടത്തിലാകാത്തവയെ പോലും പാപ്പരാക്കാൻ എന്തു ചെയ്യണമെന്ന ഗവേഷണത്തിലാണു സർക്കാർ.

അതിന്റെ ഫലമാണു ചെയർമാന്മാർക്കു ശമ്പളവും അധികാരവും കൂട്ടിക്കൊണ്ട് സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവ്.ചെയർമാന്മാരുടെ ശമ്പളം6000 രൂപയിൽ നിന്ന് 20000രൂപയായി ഉയർത്തി.ബോഡ് യോഗങ്ങളടക്കം ഏതു പരിപാടിയിൽ പങ്കെടുക്കുന്നതിനും 500രൂപ സിറ്റിങ്ങ് ഫീസായി എഴുതി എടുക്കാം.എല്ലാ ചെയർമാന്മാർക്കും സെക്രട്ടറിയെ നിയമിക്കാം.ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കാവുന്ന ദൂര പരിധി 500 കിലോമീറ്ററിൽ നിന്നും 3000 കിലോമീറ്ററായി വർദ്ധിപ്പിച്ചു.മൊബൈൽ ഫോൺ വിളിക്കായി ആണ്ടിൽ 18000 രൂപാ നല്കും.

ലാഭനഷ്ടങ്ങൾ തുല്യമായുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ഈ ഉത്തരവു നടപ്പാക്കിത്തുടങ്ങുന്ന ആദ്യമാസം തന്നെ നഷ്ടഗർത്തത്തിൽ വീഴും .ലാഭത്തിൽ പ്രവർത്തിക്കുന്നവ ലാഭത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് ക്രമേണ ഊർദ്ധ്വശ്വാസം വലിച്ചുകൊള്ളും.അങ്ങേയറ്റം ഒരുകൊല്ലം.അതിനു മുമ്പേ ക്ലോസ്സാകും.ഒരുതരം സ്ലോ പോയിസണിങ്ങ്.

ചില മന്ത്രിമാരുടെ മേൽ നോട്ടത്തിൽ സ്ഥാപിച്ചിട്ടുള്ള കറക്കുകമ്പനികളും മച്ചമ്പിമാരായ ഭൂമാഫിയാ രാജാക്കന്മാരും കൂടി കേരളത്തിലെ കണ്ണായ സ്ഥലങ്ങളിലുള്ള വസ്തുക്കൾ ഇതിനകം തന്നെ കൈവശപ്പെടുത്തിക്കഴിഞ്ഞു എന്നാണു വാർത്ത.ഇനി കിട്ടുന്നത്ര പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി അടിച്ചെടുക്കാനാണു ഉന്നം.സെക്രട്ടറിയേറ്റിന്റെ അസ്ഥിവാരമെങ്കിലും ഈ ഭരണം കഴിയുമ്പോൾ അവശേഷിക്കുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.പറഞ്ഞുവരുമ്പോൾ അതും പൊതുസ്ഥാപനമാണല്ലോ!



Fans on the page

Tuesday, September 3, 2013

നമ്മളെ വിഘടനവാദികളാക്കുമോ?


ടോം ജോസഫിന് അര്‍ജ്ജുന അവാര്‍ഡ് നല്‍കുന്നത് സംബന്ധിച്ച് ആലോചന നടത്താന്‍ കേന്ദ്രത്തിലെ യേമാന്മാര്‍ക്ക് ആഴ്ചകള്‍ വേണ്ടിവന്നു.ഒടുവില്‍ നൂറു ന്യായം പറഞ്ഞ് കൊടുക്കാന്‍ സാദ്ധ്യമല്ലെന്ന് വിധിച്ചു.അതില്‍ ഒരു ന്യായം എല്ലാം നേരത്തെ തീര്‍ച്ച പ്പെടുത്തിപ്പോയി എന്നാണു.രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജ്ജുന അവാര്‍ഡ് പ്രഖ്യാപിച്ചത് വളരെ നേരത്തെ.അവാര്‍ഡ് വാങ്ങാന്‍ രാഷ്ട്രപതിഭവനിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.അവാര്‍ഡു വാങ്ങാന്‍ നീട്ടിയ കൈകളില്‍ അവാര്‍ഡ് എത്തിയില്ല.ഏതാനും മണിക്കൂര്‍ മുമ്പ് ആരോ ഉന്നയിച്ച ആരോപണത്തിന്റെ പേരില്‍ അര്‍ജ്ജുന അവാര്‍ഡ് രഞ്ജിത്തിനു നല്‍കിയില്ല.'നേരത്തെ തീര്ച്ചപ്പെടുത്തിയത്'എന്ന ന്യായം ഒരു ഏമാനും പറഞ്ഞില്ല.തൊട്ടടുത്ത ദിവസം തന്നെ തീരുമാനം അദ്ദേഹത്തിനു അനുകൂലമായുണ്ടാകും എന്നാണു കേന്ദ്രത്തിന്റെ കുഞ്ഞാടുകള്‍ പ്രചരിപ്പിച്ചത്.ഈ നിമിഷം വരെ അങ്ങനെ ഒരു പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ഭാരതത്തിനു ലോക കായിക ഭൂപടത്തില്‍ മേല്‍ വിലാസമുണ്ടാക്കാന്‍ മലയാളി വേണം;അവനെ അംഗീകരിക്കാന്‍ ഭാരത ഭരണകര്‍ത്താക്കള്‍ക്ക് വലിയ മടി .

ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിദേശ നാണ്യം നേടിക്കൊടുക്കുന്നത് കേരളമാണ്.അതിന്നു ആനുപാതികമായി സംസ്ഥാനത്തിന്റെ വികസനത്തിന് യാതൊന്നും കേന്ദ്രം ചെയ്യുന്നില്ല.കോച്ചു ഫാക്ടറി,സ്പെഷ്യല്‍ സോന്‍ തുടങ്ങി റയില്‍വേ വാഗ്ദാനം ചെയ്തവ പോലും കടലാസില്‍ മാത്രം ഒതുങ്ങുന്നു.ചരിത്രത്തില്‍ ആദ്യമായിട്ടാണ് കേന്ദ്ര മന്ത്രിസഭയില്‍ ഇത്രയധികം മലയാളി മന്ത്രിമാരുള്ളത് .അതും അപ്രധാന സ്ഥാനത്തിരിക്കുന്നവരല്ല.മന്ത്രിസഭയിലെ രണ്ടാമന്‍ വരെ കേരളീയന്‍ ആണെന്നാണ്‌ ഖ്യാതി.നാടിനു പത്ത് പൈസയുടെ ഉപകാരമില്ലെന്നു മാത്രം.

സാക്ഷരതയില്‍ മുമ്പില്‍ നില്‍ക്കുന്ന നമ്മള്‍ ഗോസായി ഏമാന്മാരുടെ ദൃഷ്ടിയില്‍ ഐ.ഐ.ടി ലഭിക്കാന്‍ അയോഗ്യര്‍ !

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖമായ വിഴിഞ്ഞത്തെ ഇല്ലാതാക്കാനും വികസിപ്പിക്കതിരിക്കാനും കേന്ദ്രത്തിലിരുന്നു ഭരണക്കാര്‍ ചരടു വലിക്കുന്നു.

ഇങ്ങനെ ഓരോന്ന് കണ്ടും കേട്ടും കഴിയുമ്പോള്‍ നമ്മള്‍ കേരളീയര്‍ ഉത്തരേന്ത്യക്കാരുടെ അടിമകളോ എന്ന്‍ ആരെങ്കിലും ചിന്തിച്ചു പോയാല്‍ കുറ്റം പറയാന്‍ കഴിയുമോ?





Fans on the page

Wednesday, August 7, 2013

നിയമനത്തട്ടിപ്പ്


സോളാർ പാനൽ തട്ടിപ്പിൽ പെട്ടവർക്കെല്ലാം കൂടി ആകെ നഷ്ടപ്പെട്ടത് വെറും പത്തു കോടി മാത്രമാണെന്നും അതിന്റെ പേരിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ നടത്തിയ ഹർത്താലിൽ സർക്കാരിനുണ്ടായ നഷ്ടം 1000 കോടിയാണെന്നുമാണു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവകാശപ്പെട്ടത്.ഹർത്താലിനു ആധാരമായ പ്രശ്നം ഉത്ഭവിച്ചത് ഈ പത്തു കോടിയിൽ നിന്നാണെന്ന വസ്തുത ഉമ്മൻ ചാണ്ടി മറക്കുന്നു.പക്ഷേ അദ്ദേഹം പറഞ്ഞതിൽ ഒരു തത്ത്വം ഉണ്ട്.അതായത് എതാനും വ്യക്തികളുടെ നഷ്ടത്തേക്കാൾ ഖജനാവിനുണ്ടായ നഷ്ടമാണു ഉമ്മൻ ചാണ്ടിയെ വ്യാകുലപ്പെടുത്തുന്നത് എന്ന്.ഒരു ഭരണാധികാരി എന്ന നിലയിൽ അങ്ങനെ തന്നെയാണു വേണ്ടതും.പൊതുമുതൽ കട്ടതിനു ജയിലിൽ പോയ ബാലകൃഷ്ണപിള്ളയെ ശിക്ഷ തീരും മുമ്പ് മോചിപ്പിച്ച മുഖ്യമന്ത്രിയാണു ഉമ്മൻ ചാണ്ടി.അപ്പോൾ ഈ പൊതുമുതലിനോടുള്ള കരുതൽ എവിടെപ്പോയിരുന്നു എന്ന് ചോദിക്കരുത്.

പൊതുമുതൽ നഷ്ടപ്പെടുത്തുന്നതും ചോർത്തുന്നതും തരിമ്പും ഇഷ്ടപ്പെടാത്ത ഉമ്മൻ ചാണ്ടിയുടെ ശിഷ്യന്മാർ നിറഞ്ഞ കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് ,സർവ്വകലാശാലയുടെ ഖജനാവ് സ്വന്തക്കാർക്കു ചോർത്തിക്കൊടുക്കുന്നത്,പക്ഷേ അദ്ദേഹം അറിയുന്നതേ ഇല്ല.അഥവാ അറിഞ്ഞതായി ഭാവിക്കുന്നില്ല.കഴിഞ്ഞ സിൻഡിക്കേറ്റിന്റെ കാലത്തു അസിസ്റ്റന്റ് നിയമനത്തിൽ നടന്ന അഴിമതി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആ നിയമനങ്ങൾ എല്ലാം കോടതി റദ്ദു ചെയ്യുകയുണ്ടായി.പുതിയ നിയമനം നടത്താനുള്ള നടപടി തുടങ്ങിയിട്ടുമില്ല.നിലവിലുള്ള ഒഴിവുകൾ പോലും നികത്താൻ കഴിയാത്ത അവസ്ഥയാണു ഇതു മൂലം സംജാതമായിട്ടുള്ളത്.ഈ സാഹചര്യം മുതലെടുത്ത് കോൺഗ്രസ്സിനു മേല്ക്കൈ ഉള്ള സിൻഡിക്കേറ്റ് അവിഹിത നിയമനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണു.

പെൻഷൻ പറ്റിയ സ്വന്തക്കാരെയെല്ലാം കരാർ അടിസ്ഥാനത്തിൽ നിയമിക്കുകയണു ഒരു മാർഗ്ഗം.മലയാളമഹാനിഘണ്ടു(മലയാളം ലക്സിക്കൺ ) വകുപ്പിൽ നിന്നും വകുപ്പു തലവനായ എഡിറ്റർ 60 വയസ് പൂർത്തിയായി റിട്ടയർ ചെയ്തു പോയപ്പോൾ അതേ പ്രായത്തിൽ മദ്രാസ് സർവ്വകലാശാലയിൽ നിന്നു പെൻഷനായ ഒരു മലയാളം പ്രൊഫസ്സറെയാണു എഡിറ്ററായി കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്.ഒരാളും അപ്രതീക്ഷമായി പൊടുന്നനെ വിരമിക്കാറില്ല.സ്വാഭാവികമായി ഒരു വകുപ്പദ്ധ്യക്ഷൻ എന്നു വിരമിക്കും എന്ന് യൂണിവേഴ്സിറ്റിയ്ക്ക് കൃത്യമായി അറിയാം.അതുകൊണ്ട് മുൻ കൂട്ടി പരസ്യപ്പെടുത്തി നിയമപ്രകാരം നിയമനം നടത്താൻ ഒരുപ്രയാസവുമില്ല.എന്തെങ്കിലും അവിചാരിത കാരണങ്ങളാൽ അതിനു സാധിച്ചില്ലെങ്കിൽ യൂണിവേഴ്സിറ്റിയുടെ മറ്റു ഡിപ്പാർട്ട്മെന്റുകളിൽ നിന്നോ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ നിന്നോ അദ്ധ്യാപകരെ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാം.മുൻ കാലങ്ങളിൽ അങ്ങനെ ചെയ്തിട്ടുമുണ്ട്.വ്യവസ്ഥാപിതവും നിയമപരവുമായ അത്തരം മാർഗ്ഗങ്ങൾ ഒന്നും അവലംബിക്കാതെ എഡിറ്ററെ നിയമിച്ചത് നഗ്നമായ അഴിമതിയാണു.അതിനു കണ്ടെത്തിയ കുറുക്കുവഴിയാണു ഏറെ രസാവഹം.സിൻഡിക്കേറ്റിലെ ഏതാനും പേരെ ചേർത്ത് ഒരു സേർച്ച് കമ്മിറ്റി ഉണ്ടാക്കുന്നു.കേരളത്തിലോ മറ്റു സംസ്ഥാനങ്ങളിലോ ലക്സിക്കോഗ്രാഫിയിൽ പ്രാവീണ്യമുള്ള പ്രഗത്ഭനെ കണ്ടെത്തുകയാണു കമ്മിറ്റിയുടെ ചുമതല.അങ്ങനെ വിശദമായ അന്വേഷണത്തിനു ശേഷം സേർച്ച് കമ്മിറ്റി കണ്ടെത്തിയ പ്രഗത്ഭനാണു മേല്പറഞ്ഞ പരദേശപണ്ഡിതൻ.അന്നത്തെ വൈസ്ചാൻസലറുടെ ആശ്രിതനും സേർച്ച് കമ്മിറ്റിയിൽ പെട്ട ഒരു സിൻഡിക്കേറ്റംഗത്തിനു എംഫില്ലും പി.എച്ച്.ഡിയും തരപ്പെടുത്തിക്കൊടുത്ത മാന്യനുമാണു ഇദ്ദേഹം എന്നറിയുമ്പോഴേ കമ്മിറ്റിയുടെ സേർച്ച്ലൈറ്റ് ഈ ‘പണ്ഡിത’ ശിരസ്സിൽ പതിച്ചതിന്റെ ഗുട്ടൻസ് പിടികിട്ടൂ.

കാലു പിടിച്ചും കാക്ക പിടിച്ചും കയറിപ്പറ്റിയെങ്കിലും നിഘണ്ടു നിർമ്മാണം അങ്ങാടിയോ പച്ചമരുന്നോ എന്ന് ഗ്രാഹ്യമില്ലാത്ത പരദേശി എഡിറ്റർ സഹായത്തിനായി നാലു അസ്സിസ്റ്റന്റ് എഡിറ്റർമാരെ നിയമിച്ചിരികയാണു.ഇതേ ഡിപ്പാർട്ട്മെന്റിൽ നിന്നും പതിറ്റാണ്ടുകൾക്കു മുമ്പേ വിരമിച്ചവരാണു ഇവരിൽ രണ്ടുപേർ.അസ്സിസ്റ്റന്റ് എഡിറ്റർമാരായല്ല;അതിനേക്കാൾ രണ്ടുമൂന്നു തസ്തിക താഴേയുള്ള ടെക്നിക്കൽ അസ്സിസ്റ്റന്റുമാരായി പിരിഞ്ഞവർ!ഒരാൾ ഷഷ്ടിപൂർത്തിയും അപരൻ സപ്തതിയും കഴിഞ്ഞതാണു എന്ന പ്രത്യേകതയും ഇവർക്കുണ്ട്.താൻ വന്ന അതേ മാർഗ്ഗം അവലംബിച്ച് സഹായികളെ കണ്ടെത്തിയ എഡിറ്റർ ചില്ലറക്കാരനല്ല.കഴിഞ്ഞ ഒരു വർഷമായി യാതൊരു പണിയും ചെയ്യാതെ പ്രതിമാസം അര ലക്ഷത്തോളം രൂപ വീതമാണു ശമ്പളമിനത്തിൽ ഇദ്ദേഹം കൈപ്പറ്റുന്നത്.

സേർച്ച് കമ്മിറ്റി നിയമനത്തട്ടിപ്പിനു ഫലപ്രദമായ മാർഗ്ഗമാണെന്നു മനസ്സിലാക്കിയ  സിൻഡിക്കേറ്റ്,അസ്സിസ്റ്റന്റ് എഡിറ്റർമാരെ കണ്ടെത്തിയതും അതേ രീതിയിൽ തന്നെ.അതും വിജയകരമായതോടെ എല്ലാ അദ്ധ്യാപക,അനദ്ധ്യാപക ഒഴിവുകളിലേക്കും ഇതേ പരിപാടി ആവർത്തിക്കാനാണു നീക്കം.കരാർ നിയമനമാകുമ്പോൾ ശമ്പളം കുറച്ചു കൊടുത്താൽ മതിയാകും;വേറേ ബാദ്ധ്യത ഒന്നുമില്ല;തുടങ്ങി സർവ്വകലാശാലയെ ‘കനപ്പിക്കുന്ന’ഒരുപാടു വാദമുഖങ്ങളാണു അധികൃതർ നിരത്തുന്നത്.അസിസ്റ്റന്റായി വിരമിച്ചവനെ അസ്സിസ്റ്റന്റ് എഡിറ്ററായി നിയമിച്ച് ആ ശമ്പളം കൊടുക്കുന്നത് ലാഭകരമാണത്രേ!!എന്തൊരത്ഭുത ഗണിത വിജ്ഞാനം!

സർവ്വകലശാലയിൽ ഒരു പ്യൂണിനെ മുതൽ വൈസ്ചാൻസലറെ വരെ നിയമിക്കുന്നതിനു വ്യക്തമായ നിയമങ്ങൾ ഉണ്ട്.പെൻഷൻ പറ്റിയവരെ ഒരു സാഹചര്യത്തിലും കരാർ അടിസ്ഥാനത്തിലോ മറ്റെന്തെങ്കിലും വ്യവസ്ഥയിലോ നിയമിക്കാൻ നിലവിലുള്ള ഒരു നിയമവും അനുവദിക്കുന്നില്ല.ഇത്തരം പിൻ വാതിൽ നിയമനങ്ങൾ യഥേഷ്ടം അരങ്ങേറുമ്പോൾ അവസരങ്ങൾ നഷ്ടപ്പെടുന്നത് അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്കാണു.പക്ഷേ ഇടതും വലതുമുള്ള ഒരു യുവജന സംഘടനയും ഇതിനെതിരേ യാതൊരു പ്രക്ഷോഭത്തിനും മുതിരുന്നില്ല. എന്തുകൊണ്ടാണു അവർ ഇങ്ങനെ മൗനം അവലംബിക്കുന്നതെന്നു മനസ്സിലാകുന്നില്ല.





Fans on the page

Tuesday, July 23, 2013

ചെറ്റത്തരങ്ങൾ



അധികാരം വ്യക്തികളെ ദുഷിപ്പിക്കും എന്നു കേട്ടിട്ടേ ഉള്ളൂ. അത് വാസ്തവമാണെന്നു അനുനിമിഷം തെളിഞ്ഞുകൊണ്ടിരിക്കുന്നു.സ്വയം ദുഷിക്കുക മാത്രമല്ല ആ ദുഷ്ട് സമൂഹത്തിൽ അവർ വ്യാപിപ്പിക്കുകയും ചെയ്യും.അധികാരത്തിൽ സുഖിച്ചു വാഴുവാൻ എന്തും ചെയ്യും.കേരളത്തിലെ സമീപകാല സംഭവവികാസങ്ങൾ വിരൽ ചൂണ്ടുന്നത് ഈ പരമമായ സത്യത്തിലേക്കാണു.ഭരണ പക്ഷത്തിനെതിരേ പ്രതിപക്ഷം ഉന്നയിക്കുന്ന ഗുരുതരമായ ആരോപണങ്ങളല്ല ഇവിടുത്തെ പ്രതിപാദ്യം.സമനില തെറ്റിയ ഭരണകൂടം കാട്ടിക്കൂട്ടുന്ന,താരതമ്യേന ചെറിയ ചെറ്റത്തരങ്ങളിൽ ചിലവ മാത്രമാണു.

1.സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഫെയ്സ് ബുക്കിൽ മുഖ്യമന്ത്രിയെ അപഹസിച്ചെഴുതിയ വാചകത്തിനടിയിൽ കമന്റിട്ടതിന്റെ പേരിൽ ഒരു സെക്രട്ടറിയേറ്റ് ജീവനക്കാരനെ സസ്പന്റു ചെയ്തതാണു ഓർമ്മയിലെത്തുന്ന ആദ്യത്തെ ചെറ്റത്തരം.

2.ക്വാറി ഉടമയായ ശ്രീധരൻ നായർ എന്ന വ്യവസായി മുഖ്യമന്ത്രിക്കെതിരെ കോടതിയിൽ മൊഴികൊടുക്കുകയും മാദ്ധ്യമങ്ങൾക്ക് അഭിമുഖം നല്കുകയും ചെയ്തതിന്റെ തൊട്ടടുത്ത ദിവസം അദ്ദേഹത്തിന്റെ പാറമട ഉൾപ്പെടുന്ന പ്രദേശങ്ങളിൽ പാറപൊട്ടിക്കുന്നത് നിരോധിച്ചു  കൊണ്ട് ഉത്തരവിറക്കി.ചാനലുകൾ വാർത്ത ഫ്ലാഷ് ചെയ്തതോടെ നിരോധനം നീക്കി.എങ്കിലും ടാക്സ്,രജിസ്റ്റ്രേഷൻ, പരിസ്ഥിതി,വനം വകുപ്പുകളെ ഉപയോഗിച്ച് പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണു.

3.ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളാണെന്നു പറഞ്ഞ് തന്റെ കൈയ്യിൽ നിന്നു ഒന്നരക്കോടിയിലധികം രൂപ തട്ടിയെടുത്തെന്നു പരാതി നല്കിയ ബാംഗ്ലൂർ വ്യവസായിയെ കള്ളക്കേസ്സിൽ കുടുക്കി ജയിലിൽ അടച്ചു.അദ്ദേഹം കൊടുത്ത കേസ്സിലാണു ഹൈക്കോടതിയുടെ വകയായി ഉമ്മൻ ചാണ്ടിക്കു ഇന്നു ഒരു രൂക്ഷ വിമർശനം കിട്ടിയിരിക്കുന്നത്.

4.സമരം ചെയ്ത വിദ്യാർത്ഥി, യുവജന നേതാക്കളെ സ്വന്തം വീട്ടിനടുത്തുനിന്നും ഗുണ്ടകളെ ഇറക്കി തല്ലിച്ചതപ്പിച്ചു.എന്നിട്ട് തല്ലിയവരെ പോലീസ് സംരക്ഷണം നല്കി കാത്തു.നിവൃത്തിയില്ലാതായപ്പോൾ സകല തല്ലു കേസ്സുകളും ഒരുത്തന്റെ തലയിൽ കെട്ടിവച്ച് കൂടുതൽ അടുപ്പമുള്ള ഗുണ്ടകളെ കേസ്സിൽ നിന്നും ഒഴിവാക്കി.

5.സ്വന്തം പാർട്ടിക്കാരനും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ,റ്റി.പി.ചന്ദ്രശേഖരൻ വധക്കേസ്സിൽ പ്രതികളാക്കാൻ ചില മാർക്സിസ്റ്റു നേതാക്കളുടെ ലിസ്റ്റ് തന്റെ കൈയ്യിൽ തന്നെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു.ശാലുമേനോന്റെ വീട്ടിൽ പോയിട്ടേ ഇല്ല എന്നു മുമ്പു പറഞ്ഞ കള്ളം പൊളിഞ്ഞതിന്റെ ജാള്യം മറയ്ക്കാൻ തട്ടിവിട്ട ഗുണ്ടായിരുന്നെന്ന് അദ്ദേഹം തന്നെ സമ്മതിച്ചു;മുല്ലപ്പള്ളി വിരട്ടിയപ്പോൾ.ചെറ്റത്തരത്തേക്കാൾ കടുത്തതും മോശപ്പെട്ടതുമായ വാക്കാണു ഇവിടെ ചേരുക.

6.വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും എതിരേ വിജിലൻസ് അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്നു.

7.കോരിച്ചൊരിയുന്ന മഴയത്തും സെക്രട്ടറിയേറ്റിനുമുമ്പിൽ സത്യഗ്രഹം കിടക്കുന്നതിനു പന്തൽ കെട്ടാൻ പ്രതിപക്ഷ നേതാക്കളെ അനുവദിച്ചില്ല.ഒടുവിൽ അനുമതിയില്ല്ലാതെ പന്തൽ കെട്ടിയതിന്റെ പേരിൽ പിണറായിയുടെയും പന്ന്യൻ രവീന്ദ്രന്റെയും മറ്റും പേരിൽ കേസ്സെടുത്തു.

8.ബിജു രാധാകൃഷ്ണനും സരിതയും ഒക്കെ തട്ടിപ്പു തുടങ്ങിയത് ഇടതുപക്ഷങ്ങൾ ഭരിക്കുമ്പോഴായിരുന്നു എന്നു പറഞ്ഞ് ഇപ്പോഴത്തെ തട്ടിപ്പിനെ ന്യയീകരിക്കാൻ ശ്രമിക്കുന്നു.അന്ന് ഈ തട്ടിപ്പിനെ കുറിച്ച്  അറിവുണ്ടായിരുന്നെങ്കിൽ അന്ന് പ്രതിപക്ഷത്തിരുന്ന ഇവർ എന്തുകൊണ്ട് പ്രതികരിച്ചില്ല?

9.സരിത നായർക്ക് സോളാർ തട്ടിപ്പു സംബന്ധിച്ച കേസ്സിൽ വക്കീൽ വഴി മൊഴി നല്കാൻ അനുമതി കിട്ടിയപ്പോൾ മറ്റു പല കേസ്സുകളുടെ കാര്യം പറഞ്ഞ് പോലീസ്സിനെകൊണ്ട് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പെന്നു പറഞ്ഞ് ഊരു ചുറ്റിയ്ക്കുക.ഇതിന്റെ പേരിലാണു ഉമ്മൻ ചാണ്ടിക്കും അന്വേഷണസംഘത്തിനും ഇന്നു ഹൈക്കോടതിയിൽ നിന്നും മറ്റൊരു താമ്രപത്രം കിട്ടിയത്.

10.ഒരേ കുറ്റം ചെയ്ത മൂന്നു പേരിൽ ഒരാളെ മാത്രം ജയിലിലാക്കുകയും തെളിവെടുക്കുകയും ചെയ്യുക.മറ്റുള്ള രണ്ടുപേരെയും സ്വച്ഛന്ദ വിഹാരത്തിനു അനുവദിക്കുകയും ചെയ്യുക.

അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുവാൻ എന്തു നീച കർമ്മവും ചെയ്യുന്നതിനു അതിന്റെ രുചി ആസ്വദിച്ചവർ മടിക്കില്ല എന്നതിനു തെളിവു കൂടിയാണു ഈ നീചകർമ്മ കഥകൾ.




Fans on the page

Thursday, July 11, 2013

നനവ് അന്വേഷണം


രാജാവിന്റെ കിടക്കയില്‍ നനവ്
ആരീ പണിപറ്റിച്ചെന്നു നൃപന്‍.. .
അങ്ങല്ലാതാരും ശയിക്കാത്ത ശയ്യയില്‍
എങ്ങനെ വരുമന്യമൂത്രമെന്നു മന്ത്രി.
"ശത്രുരാജ്യത്തിന്‍ ഗൂഢാലോചന"
ചൊല്ലുന്നു രാജന്‍ .
ഒളിക്യാമറ നോക്കാമെന്നോതി സചിവന്‍ 
ദൃശ്യങ്ങള്‍ നിരീക്ഷിക്കേ
കണ്ടലസഗമനയാളാം രാജതോഴി തന്‍
നഗ്നമേനി നനവു തട്ടിയമട്ടില്‍ ശയ്യയില്‍ .
വാര്‍ത്ത ചോര്‍ത്തിയെടുത്ത പത്ര,-
ച്ചാനല്‍ ഗൃദ്ധ്ര വംശമാകവേ
വന്നു ചേര്‍ന്നതറിഞ്ഞു മന്നവനോതിയിങ്ങനെ:
''ക്യാമറയില്‍ ദൃശ്യങ്ങള്‍ തെളിയായ്കയാല്‍
നനവന്വേഷണം സിബിഐക്ക് വിടുന്നു.''
ചോദ്യ ശരങ്ങള്‍ കടുക്കവേ കൂട്ടി-
ച്ചേര്‍ത്തവനിത്രയും:
"കണ്ടിട്ടില്ല ഞാനാരെയും--ഒരു
പെണ്ണിനെ പ്പോലും തല്പത്തില്‍ ."





Fans on the page

Sunday, July 7, 2013

ദേശീയ ഗാനത്തെ വീണ്ടും അപമാനിക്കരുത്



ദേശീയഗാനത്തെ അപമാനിച്ചെന്ന കേസ്സിൽ കേന്ദ്ര സഹമന്ത്രി ശശിതരൂരിനെ എറണാകുളം അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്റ്റ്രേറ്റ് കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നു.അതു കോടതിയുടെ അധികാരം .പക്ഷേ ശശിതരൂരിനെ രക്ഷപ്പെടുത്താൻ കോടതി കണ്ടെത്തിയ ന്യായം സാമാന്യയുക്തിക്കു നിരക്കുന്നതല്ല.2008 ൽ കൊച്ചിയിൽ നടന്ന ഒരു പൊതു ചടങ്ങിൽ ഇന്ത്യൻ ദേശീയഗാനമാലപിക്കുമ്പോൾ,അമേരിക്കക്കാർ അവരുടെ ദേശീയഗാനം ആലപിക്കുന്ന സമയത്ത് നില്ക്കുന്നതു പോലെ കൈ നെഞ്ചോടു ചേർത്ത് നില്ക്കുകയും സദസ്യരോട് അതുപോലെ ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തത് നമ്മുടെ ദേശീയ ഗാനത്തെ അപമാനിക്കലാണെന്ന് ആരോപിച്ചാണു ശശിതരൂരിനെതിരെ പൊതു താല്പര്യ ഹർജി ഫയൽ ചെയ്യപ്പെട്ടത്.ദേശഭക്തി വളർത്താനും ദേശസ്നേഹം പ്രകടിപ്പിക്കാനുമാണു ഇങ്ങനെ ചെയ്തതെന്ന തരൂരിന്റെ അഭിഭാഷകരുടെ വാദം അംഗീകരിച്ചുകൊണ്ടാണത്രെ മജിസ്ട്രേറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്!

 ഇപ്പോൾ നമ്മുടെ ദേശീയഗാനം ആലപിക്കുന്ന സമയത്ത് ബഹു.മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ളവർ നില്ക്കുന്ന രീതി ശരിയല്ലെന്നും ദേശസ്നേഹം കുറവായതുകൊണ്ടാണു അങ്ങനെ നില്ക്കുന്നതെന്നും അല്ലേ അതിന്റെ അർത്ഥം?ജനഗണമന നമ്മുടെ ദേശീയ ഗാനമായി അംഗീകരിച്ച മഹാന്മാരായ നേതാക്കളും ഭരണകൂടവും അത് ആലപിക്കാൻ എടുക്കേണ്ട സമയത്തെ കുറിച്ചും അപ്പോൾ ഏതു രീതിയിലാണു നില്ക്കേണ്ടത് എന്നതിനെ സംബന്ധിച്ചും വ്യക്തമായി നിർദ്ദേശിച്ചിട്ടുണ്ട്.അതു സർക്കാർ ഉത്തരവായി ഇപ്പോഴും പ്രാബല്യത്തിലുമുണ്ട്.ആ സർക്കാർ ഉത്തരവ് മോശമാണെന്നും അത് ദേശസ്നേഹം വളർത്താൻ പര്യാപ്തമല്ലെന്നുമാണു ശശിതരൂരിനെ ന്യായീകരിക്കുന്നവർ വാദിക്കുന്നത്.പ്രധാനമന്ത്രി മൻ മോഹൻ സിംഗിനെ പോലെ അമേരിക്കൻ നോക്കിയായ ശശിതരൂരും അമേരിക്കക്കാരൻ ചെയ്യുന്നതെല്ലാം മഹത്തരമാണെന്നു പറയുന്നതിൽ അത്ഭുതമില്ല.എന്നാൽ ന്യായാസനങ്ങൾ കൂടി ഇത്തരം വിവരക്കേടുകളെ പ്രോത്സാഹിപ്പിക്കുന്നത് പ്രതിഷേധാർഹമാണു.ടാഗൂറും ഗാന്ധിജിയും നെഹ്രുവും അംബേദ്കറും 120 കോടിയിൽ അധികം വരുന്ന ഇന്ത്യാക്കാരും എല്ലാം മണ്ടന്മാരാണെന്ന് ഏതു കോടതി പറഞ്ഞാലും അംഗീകരിക്കാൻ ബുദ്ധിമുട്ടാണു.

ദേശീയഗാനാലാപന സമയത്ത് ഇന്ത്യാക്കാരൻ നില്ക്കുന്ന രീതി ശരിയല്ലെന്നു പറയുന്ന ശശിതരൂർ, നാളെ ദേശീയഗാനമേ കൊള്ളില്ല എന്നു പറയില്ലെന്ന് ആരു കണ്ടു?അഴകനെ കണ്ട് അച്ഛാ എന്നു വിളിക്കുന്നവൻ കൊഴുത്ത പ്രലോഭനങ്ങൾക്കു വശംവദനായി രാജ്യത്തെ ഒറ്റു കൊടുക്കില്ലെന്ന് എങ്ങനെ ഉറപ്പിക്കാം?വെളുത്ത മുണ്ടിനു തടുക്കിടുന്ന പഴയ സ്വഭാവം മറ്റാരു കാട്ടിയാലും കോടതികൾ കാട്ടാൻ പാടില്ല.ജനിച്ച നാടിനേക്കാളും ജനിപ്പിച്ച മാതാപിതാക്കളെക്കാളും സ്നേഹവും ബഹുമാനവും പരദേശത്തോടും പരദേശികളോടും പ്രകടിപ്പിക്കുന്ന അല്പന്മാരെ രക്ഷിക്കാൻ ഇത്തരം ന്യായീകരണങ്ങൾ കണ്ടെത്തുന്നത്  അതിമഹത്തായ ഒരു രാജ്യത്തിന്റെ അതി വിശിഷ്ടദേശീയ ഗാനത്തെ വീണ്ടും വീണ്ടും അപമാനിക്കലാണു.





Fans on the page

Tuesday, June 4, 2013

മല്ലനും മാതേവനും (വെള്ളാപ്പള്ളിയും സുകുമാരൻ നായരുമല്ല)



മല്ലനും മാതേവനും വലിയ കൂട്ടുകാരായിരുന്നു.“ഇരു മെയ്യെങ്കിലും ഒറ്റക്കരൾ”.അങ്ങനെയിരിക്കുമ്പോൾ രണ്ടു പേരും കൂടി കരടികളുള്ള കാട്ടിൽ കൂടി നടന്നു പോയി.അതാ ഒരു കരടി.മല്ലൻ അടുത്തു കണ്ട മരത്തിൽ വലിഞ്ഞുകയറി.മാതേവൻ മരിച്ചതു പോലെ മണ്ണിൽ കിടന്നു.കരടി മാതേവനെ മണപ്പിച്ചു നോക്കി ഉപദ്രവിക്കതെ കടന്നു പോയി.

ഇതു പഴയ കഥ.ഈയിടെ നടന്ന കഥ ഇങ്ങനെ:

പച്ചക്കരടികൾ നിറഞ്ഞ കാട്ടിൽ നിന്ന് മല്ലനും മാതേവനും കൂടി കരടികളെ ചീത്ത വിളിച്ചു.അതു കേട്ട് ചില പച്ചക്കരടികൾ ചാടി വീണു.മല്ലൻ അടുത്ത മരപ്പൊത്തിൽ മറഞ്ഞു.പച്ചക്കരടികൾ മാതേവനെ ശരിക്കു പൂശി.മാതേവന്റെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടി.സർവ്വാംഗം മുറിവുമായി നില്ക്കുന്ന മാതേവൻ പച്ചക്കരടികളുടെ ആക്രമണത്തെക്കുറിച്ച് പതമ്പെറുക്കി.ആൾക്കൂട്ടം കണ്ട് മറവിൽ നിന്നു പുറത്തു വന്ന മല്ലനെ ചൂണ്ടി,ഏങ്ങലടക്കാൻ കഴിയാത്ത മാതേവൻ, “ബാക്കി മല്ലൻ പറയും”എന്നു പറഞ്ഞു.ആൾക്കൂട്ടം മല്ലനെ വളഞ്ഞപ്പോൾ അയാൾ ഉദാസീനനായി ഉരുവിട്ടതിങ്ങനെ:“ഞാൻ മാതേവന്റെ വക്താവൊന്നുമല്ല അങ്ങേരുടെ കാര്യം വിശദീകരിക്കാൻ.”





Fans on the page

Thursday, May 2, 2013

സർ.സി.ശങ്കരൻ നായരും രമേശ് ചെന്നിത്തലയും




ഒരേ ഒരു കേരളീയൻ മാത്രമേ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡന്റായിട്ടുള്ളു...സർ.സി.ശങ്കരൻ നായർ.ആൾ ചില്ലറക്കാരനല്ല.വൈസ്രോയിയുടെ അഡ്വൈസറി കൗൺസിൽ അംഗമായിരുന്നു.സായിപ്പുമായി അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടർന്ന് രാജിവച്ചു പോന്നു.പിന്നീടാണു കോൺഗ്രസ്സിൽ ചേർന്നതു.രാജി പിൻ വലിപ്പിക്കാൻ വൈസ്രോയി ആകുന്നതു ശ്രമിച്ചു.ഫലിക്കതെ വന്നപ്പോൾ അദ്ദേഹം പകരം ആരെയെങ്കിലും നിർദ്ദേശിക്കാനുണ്ടോ എന്നു ചോദിച്ചു.ഉടനെ ശങ്കരൻ നായർ പറഞ്ഞത്രേ: “എന്റെ പ്യൂണുണ്ട്.അവനെ കൗൺസിലിൽ ഉൾപ്പെടുത്തിക്കോ.അവനാകുമ്പോൾ എതിർത്ത് ഒരക്ഷരം പറയില്ല.നിങ്ങൾക്കു പറ്റിയത് അത്തരക്കാരാണു” എന്ന്.

കോൺഗ്രസ്സിന്റെ അഖിലേന്ത്യാ നേതാവിന്റെ അത്ര തന്റേടം കേരളാ പ്രദേശ് കോൺഗ്രസ് നേതാവിനു കാണണമെന്നില്ല.എങ്കിലും സർ സി.ശങ്കരൻ നായരുടെ പ്യൂണിന്റെ ഉശിരെങ്കിലും കെ.പി.സി.സി.പ്രസിഡന്റിനു വേണ്ടേ?ഇപ്പോഴത്തെ കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് അത്ര പോലും തന്റേടമില്ലെന്നാണു അനുമാനിക്കേണ്ടത്.എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ,രമേശ് ചെന്നിത്തല വകയ്ക്കു കൊള്ളാത്തവനാണെന്നും എൻ.എസ്.എസ് പിണങ്ങിയാൽ അയാൾ തെക്കു വടക്ക് നടക്കേണ്ടി വരുമെന്നും ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നിട്ടും എതിർത്തൊരക്ഷരം പറയാതെ വിനീത വിധേയനെപ്പോലെ ഓച്ഛാനിച്ചു നില്ക്കുകയാണു;അല്ല,നടക്കുകയാണു.

എൻ.എസ്.എസിനേക്കാൾ വലിപ്പം കോൺഗ്രസ്സിനുണ്ടെന്നു മനസ്സിലാക്കാത്ത കോൺഗ്രസ് അദ്ധ്യക്ഷനെ കുറിച്ച് സഹതപിക്കയേ നിവൃത്തിയുള്ളു.എൻ.എസ്.എസ്.സെക്രട്ടറി നായന്മാരുടെ മാത്രം നേതാവാണു.കെ.പി.സി.സി അദ്ധ്യക്ഷൻ നായരുടെ മാത്രം നേതാവല്ല.പല ജാതിമതക്കാരായ കോൺഗ്രസ്സുകാരുടെ നേതാവാണു.അതു ഉറക്കെ പറയാനുള്ള തന്റേടം പോലും നഷ്ടമായ രമേശ് ചെന്നിത്തലയ്ക്ക് അവരുടെ നേതാവായി ഇരിക്കാനുള്ള യോഗ്യതയില്ല.

വിമോചനസമരം നടത്താൻ കോൺഗ്രസ്സിന്റെ കൂടെ കൂടിയിട്ടുള്ളതല്ലാതെ കോൺഗ്രസ്സ് പാർട്ടിയെ പാർട്ടിയായി കണ്ട് എൻ.എസ്.എസ്.ഒരിക്കലും സഹായിച്ചിട്ടില്ല.മറിച്ച് കോൺഗ്രസ്സിനെ പിളർത്തിയ ചരിത്രമാണു എൻ.എസ്.എസിനുള്ളത്.1964.ൽ കോൺഗ്രസ്സ് മുഖ്യമന്ത്രി ആയിരുന്ന ആർ.ശങ്കറെ ഭരണത്തിൽ നിന്നു വലിച്ചു താഴെയിടുകയും പിന്നീട് കേരളാകോൺഗ്രസ്സ് പാർട്ടി രൂപവല്ക്കരിക്കുകയും ചെയ്യുന്നതിനു ആർ. ബാലകൃഷ്ണപിള്ളയുൾപ്പെടെയുള്ള കാലുമാറ്റക്കാർക്ക് ഒത്താശ ചെയ്തു കൊടുത്തത് എൻ.എസ്.എസും.മന്നവുമായിരുന്നു.ഈ ചരിത്രമൊക്കെ മറന്നു കൊണ്ട് മന്നത്തിന്റെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയില്ലാത്ത സുകുമാരൻ നായരെപോലെയുള്ള സമുദായ നേതാക്കളുടെ കാർക്കിച്ചു തുപ്പൽ കസ്തൂരിയാണെന്നമട്ടിൽ ശിരസാ വഹിക്കുന്ന രമേശ് ചെന്നിത്തല കോൺഗ്രസ്സിനു മാത്രമല്ല കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികൾക്കാകെ അപമാനമാണു.





Fans on the page

Monday, April 15, 2013

റ്റി.വി.കൃഷി




കേരള നിയമസഭയിലെ എല്ലാ എം.എൽ.എ. മാർക്കും കൃഷിവകുപ്പു മന്ത്രിയുടെ വക വിഷുക്കൈനീട്ടമായി ഓരോ എൽ.സി.ഡി.റ്റി.വി നല്കിയിരിക്കുന്നു.എം.എൽ.എ.മാർക്കു മാത്രമല്ല പത്ത് ഉദ്യോഗസ്ഥ പ്രമാണിമാർക്കും കൊടുത്തു റ്റി.വി.ഏറ്റവും പുതിയ ട്രെന്റ് എൽ.ഇ.ഡി.റ്റി.വിയായിരിക്കെ, എൽ.സി.ഡി കൊടുത്തത് മോശമായിപ്പോയി.എൽസിഡിയ്ക്ക് 22 ലക്ഷം ആയെങ്കിൽ ഏതാനും ലക്ഷം കൂടെ മുടക്കിയിരുന്നെങ്കിൽ ഒന്നാംതരം എൽ.ഇ.ഡി. റ്റി.വി വാങ്ങി കൊടുക്കാമായിരുന്നു.ഇതു വാങ്ങാൻ വിനിയോഗിച്ച തുക മന്ത്രിയുടെ കുടുംബത്തിൽ നിന്നും എടുത്തതല്ലാത്ത സ്ഥിതിയ്ക്ക് പിശുക്കു കാട്ടേണ്ട കാര്യമില്ലായിരുന്നു.ജനത്തിന്റെ കാശിനു അവകാശി ജനപ്രതിനിധികളല്ലാതെ മറ്റാരാണു?

 പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാവരെയും ഒരുപോലെ പരിഗണിക്കാമെന്ന് ഭരണഘടന തൊട്ടു സത്യം ചെയ്ത് അധികാരത്തിലേറിയ കെ.പി.മോഹനൻ എന്ന കൃഷി മന്ത്രി നിയമസഭാസാമാജികരോടും ഏതാനും ഉദ്യോഗസ്ഥ പ്രമാണിമാരോടും പ്രത്യേക പ്രീതി പ്രകടിപ്പിച്ച് സത്യപ്രതിജ്ഞാ ലംഘനം ചെയ്തിരിക്കുകയാണു.വരൾച്ച കൊണ്ടു പൊറുതി മുട്ടുന്ന കർഷകർക്ക് ആശ്വാസം നല്കേണ്ട കൃഷിമന്ത്രി പൊതുമുതൽ എടുത്ത് ഇഷ്ടക്കാരെ സുഖിപ്പിക്കാനാണു നോക്കിയത്.മന്ത്രി വച്ചു നീട്ടിയ ഉപഹാരം യാതൊരെതിർപ്പും കൂടാതെ കൈനീട്ടി വാങ്ങിയ പ്രതിപക്ഷ കക്ഷികളെയോർത്ത് നമുക്കു ലജ്ജിക്കാം.പ്രതിപക്ഷ നേതാവു മാത്രമാണു റ്റി.വി. മന്ത്രിക്കു തിരിച്ചു കൊടുത്തത്.അദ്ദേഹത്തിന്റെ കാലത്ത് അന്നത്തെ ധനകാര്യമന്ത്രി ഇതുപോലെ സാമാജികന്മാർക്കു സമ്മാനം നല്കിയപ്പോൾ വിലക്കാതിരുന്ന സ്ഥിതിയ്ക്ക് ഇപ്പോഴത്തെ എതിർപ്പ് ജനങ്ങളിൽ മതിപ്പുണ്ടാക്കുകയില്ല.പ്രതിപക്ഷ ഉപനേതാവാകട്ടെ ഇതൊക്കെ പതിവാണു;തങ്ങളുടെ കാലത്തും ഇങ്ങനെ പാരിതോഷികങ്ങൾ കൊടുത്തിട്ടുണ്ട്;എന്നൊക്കെ ന്യായീകരിച്ച് ഉപഹാരം കൈപ്പറ്റുകയാണു ചെയ്തത്.വിപ്ലവകാരികൾ പാർലമെന്ററി പ്രലോഭനങ്ങളിൽ പെട്ട് നാണംകെട്ടു നില്ക്കുന്നതു കാണുമ്പോൾ സഹതാപം തോന്നുന്നു.

ഇടതുപക്ഷ സർക്കാരായാലും യുഡി.എഫ് സർക്കാരായാലും പൊതുമുതൽ കൈയിട്ടുവാരി ദാനം കൊടുക്കുന്നത് അംഗീകരിക്കാനാവില്ല.വിഷുക്കൈനീട്ടവും സക്കാത്തും ഒക്കെ കൊടുക്കണമെന്നു തോന്നുന്നവർ അതിനുള്ള വക സ്വന്തം പോക്കറ്റിൽ നിന്നും കണ്ടെത്തണം.കേരളത്തിന്റെ ഖജനാവ് ഒരു മന്ത്രിക്കും പൈതൃകമായി കിട്ടിയതല്ല എന്ന് ഇത്തരം ദാനവീരന്മാർ ഓർക്കുന്നത് നന്നായിരിക്കും.






Fans on the page

Sunday, March 31, 2013

ഇവനാര് ?



മാസങ്ങള്‍ക്ക് മുമ്പ്  സര്‍ക്കാരിന്റെ ചീഫ് വിപ്പ് പി.സി .ജോര്‍ജ്ജ് ഒരു പൊതു യോഗത്തില്‍ വച്ച് മുന്‍ മന്ത്രി ശ്രീ.എ.കെ.ബാലനെ ഉദ്ദേശിച്ച്  ഉന്നയിച്ച ഒരു ചോദ്യമാണിത്.അന്ന് ജോര്‍ജ്ജിനെ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു കെ.ബി.ഗണേഷ്കുമാര് ഉള്‍പ്പെടെയുള്ള യു.ഡി.എഫ്.മന്ത്രിമാരും നേതാക്കളും.
എന്നാല്‍ അന്ന് ഹാലേലുയ്യ പാടിയവരെല്ലാം ഇപ്പോള്‍ ജോര്‍ജ്ജിനെ കൈവിട്ടിരിക്കുകയാണ്.പ്രതിപക്ഷ നേതാവ് സ.വി.എസ്.അച്യുതാനന്ദനു ഞരമ്പ് രോഗമാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞ അതേ യോഗത്തില്‍ വച്ചാണ് ചീഫ് വിപ്പ്, ബാലന് നേരെ വാളോങ്ങിയത്.മാടമ്പിക്കുഞ്ഞായ ഗണേഷ് കുമാറിനെ ദലിതനായ ബാലന്‍, മിസ്റ്റര്‍ ഗണേഷ് എന്ന്‍ അഭിസംബോധന ചെയ്തത് ജോര്‍ജ്ജിന് സഹിച്ചില്ല.എടാ പൊട്ടാ ഇങ്ങനെയാണോ മന്ത്രിയോട് സംസാരിക്കേണ്ടത് എന്നായിരുന്നു അന്ന്‍ അയാള്‍ ബാലനോടു ചോദിച്ചത്. 

*ഏറെ നാള്‍ വേണ്ടി വന്നില്ല ജോര്‍ജ്ജിന് ഗണേഷിനെ തന്തയ്ക്കു വിളിയ്ക്കുവാന്‍.  
                          
*പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് കൂടി അന്വേഷിക്കണമെന്നു ഉത്തരവിട്ട ജഡ്ജിയെ പുലഭ്യം പറഞ്ഞും നിയമ വിരുദ്ധമായി ഇന്ത്യന്‍പ്രസിഡന്‍റിന് കത്തെഴുതിയും ആയിരുന്നു ജോര്‍ജ്ജിന്റെ അടുത്ത വിളയാട്ടം.

*പ്രതിപക്ഷ എം.എല്‍.എമാര്‍ വനിതാ വാച്ച് ആന്‍റ് വാര്‍ഡിനെ കൈയ്യേറ്റം ചെയ്തത് അശ്ലീലം കലര്‍ത്തി പൊതു വേദിയില്‍ എഴുന്നള്ളിച്ച് അപമാനിച്ചു.

*സ്വന്തം പാര്‍ട്ടിക്കാരനായ പി.ജെ.ജോസഫ് ഏതോ  സ്ത്രീയ്ക്ക് അശ്ലീല സന്ദേശം മൊബൈല്‍ വഴി അയച്ചു എന്ന്‍ കിംവദന്തി പരത്തി.

*സ.വി.എസ്.അച്യുതാനന്ദനെ പൊട്ടാഎന്ന് വിളിച്ചു.എന്നിട്ട് മാപ്പ് ചോദിച്ചു.

*സുര്യനെല്ലി പെണ്‍കുട്ടിയെ അധിക്ഷേപിച്ചു സംസാരിച്ചു.

*ഒരു പൊതുയോഗത്തില്‍ വച്ച് പ്രതിപക്ഷ എം.എല്‍.എ മാരെ ഒന്നടങ്കം തെണ്ടികള്‍എന്ന് വിളിച്ച് ആക്ഷേപിച്ചു.നിയമസഭയില്‍ പ്രശ്നമായപ്പോള്‍ മാപ്പ് പറഞ്ഞു.

*മന്ത്രി ഗണേഷ് കുമാറിന്‍റെ അവിഹിത ബന്ധത്തെ കുറിച്ച് പത്രക്കാരോട് വിശദീകരിച്ചു.മന്ത്രി പിതാവ് ആര്‍.ബാലകൃഷ്ണപിള്ളയുടെ അറിവോടെയാണ് ജോര്‍ജ്ജ് ഈ വെളിപ്പെടുത്തല്‍ നടത്തിയതെന്ന് കേള്‍ക്കുന്നു.

*ജോര്‍ജ്ജ് ഗണേഷ്കുമാറിനെ അപവദിക്കുന്നത്തിനിടയില്‍ ഗൌരിയമ്മ ജോര്‍ജ്ജിന്റെ പൂര്‍വ്വകാല പരസ്ത്രീ ബന്ധകഥ വെളിപ്പെടുത്തുന്നു.

*അതിന്റെ പേരില്‍ ഗൌരിയമ്മയെ മാത്രമല്ല ടി.വി.തോമസിനെയും ജോര്‍ജ്ജ് പുലഭ്യം പറയുന്നു.

*ഗൌരിയമ്മ പറഞ്ഞത് സത്യമാണെന്ന് സാക്ഷ്യപ്പെടുത്തിയ മുന്‍ മന്ത്രി ലോനപ്പന്‍ നമ്പാടനെയും ജോര്‍ജ്ജ് വെറുതെ വിട്ടില്ല.ചാകാറായിട്ടും പാര കേറ്റാന്‍ നടക്കുകയാ ണെന്നാണു ആക്ഷേപിച്ചത്.ഇത് കേട്ടാല്‍ തോന്നും ജോര്‍ജ്ജ് ചാകില്ലെന്ന്‍.

*സ്വന്തം പാര്‍ട്ടിക്കാരനായ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ തന്തയ്ക്കു വിളിച്ചു.കേരളാ കോണ്ഗ്രസ് സ്ഥാപക നേതാവായ കെ.എം.ജോര്‍ജ്ജിന്‍റെ മകനാണു ഫ്രാന്‍സിസ് ജോര്‍ജ്ജ് എന്ന്‍ ഓര്‍ക്കുക.

*കോണ്ഗ്രസ് എം.എല്‍.എ ആയ ടി.എന്‍.പ്രതാപനെ ജാതി പറഞ്ഞു അധിക്ഷേപിച്ചു.

*ഡല്‍ഹി മെട്രോ റെയില്‍ പദ്ധതി വിജയകരമായി പുര്‍ത്തിയാക്കിയ ശ്രീ.ഇ.ശ്രീധരനെ അഹങ്കാരി എന്ന്‍ വിളിച്ച് അപഹസിച്ചു.

*നടന്‍ ജഗതിയുടെ രഹസ്യഭാര്യയിലെ മകളെ ഇയാള്‍ ഭീഷണിപ്പെടുത്തുന്നതായി ആ കുട്ടി പത്രക്കാരോട് പറഞ്ഞു.പ്രതിപക്ഷ നേതാവിനോട് പരാതിപ്പെടുകയും ചെയ്തു.

ഇങ്ങനെ സദാചാര വിരുദ്ധവും സംസ്കാര വിഹീനവും സാമൂഹിക വിരുദ്ധവുമായ ചൊല്‍ക്കാഴ്ച കളുമായി പി.സി.ജോര്‍ജ്ജ് അരങ്ങു തകര്ത്തിട്ടും  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പാര്‍ട്ടി നേതാവ് കെ.എം.മാണിയും തികഞ്ഞ മൌനത്തിലായിരുന്നു.ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് ജോര്‍ജ്ജിനെ മാറ്റുന്ന പ്രശ്നമില്ലെന്ന് പറഞ്ഞു കൊണ്ടാണ് മാണി മൌനം വെടിഞ്ഞത്.തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനം ദിവസവും നടത്തിക്കൊണ്ടിരിക്കുന്ന ജോര്‍ജ്ജിനെ ന്യായീകരിക്കുക വഴി ഇവരും അത് തന്നെയാണ് ചെയ്യുന്നത്.സ്വന്തം പാര്‍ട്ടിക്കാരെയും യു.ഡി.എഫിലെ പല ഘടക കക്ഷികളെയും വെറുപ്പിച്ചു കൊണ്ടു ഉമ്മന്‍ ചാണ്ടിയും മാണിയും ജോര്‍ജ്ജിനെ സംരക്ഷിക്കുന്നത് അവര്‍ രണ്ടു പേരും അയാളെ ഭയപ്പെടുന്നതുകൊണ്ടാണ്.അതായത് ഇവരെക്കുറിച്ച് ഗണേഷ് കുമാറിനെപ്പറ്റി വെളിപ്പെടുത്ത്തിയതിനേക്കാള്‍ ഗുരുതരമായ പല രഹസ്യങ്ങളും ജോര്‍ജ്ജിനറിയാം എന്ന്‍ സാരം.

മാനം കാക്കാന്‍ വേണ്ടി ഇത്തരം ഗുണ്ടാകളെ പിണക്കാതെ നോക്കേണ്ടത് കപട സദാചാരക്കാരുടെ ആവശ്യമാണ്‌.പക്ഷെ അതിനു വേണ്ടി കാബിനറ്റ്‌ റാങ്കും കാറും വീടും സര്‍ക്കാര്‍ ചെലവില്‍ തരപ്പെടുത്തി കൊടുക്കുന്നത് ശരിയല്ല.സ്വന്തം പോക്കറ്റില്‍ നിന്ന് വേണം എടുത്തു കൊടുക്കേണ്ടത്.കേരളത്തിന്‍റെ ഖജനാവ് രണ്ടുപേരുടെയും കുടുംബസ്വത്തൊന്നുമല്ലല്ലോ.





Fans on the page

Thursday, March 7, 2013

ഓ.വി.വിജയന്‍റെ പ്രതിമ


കോട്ടയ്ക്കല്‍ രാജാസ്  സ്കൂളില്‍ സ്ഥാപിച്ചിരുന്ന ഓ.വി.വിജയന്‍റെ പ്രതിമ ഏതോ സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു.വിജയന്‍റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ നേരത്തെ മുസ്ലീംലീഗ് രംഗത്ത് വന്നിരുന്നു.വിജയന്‍ എന്ന് കേട്ടപ്പോള്‍ പിണറായി വിജയന്‍ ആയിരിക്കും എന്ന് കരുതിയാണ് പ്രതിമ വയ്ക്കുന്നതിനെ  ലീഗ്  എതിര്‍ക്കുന്നത് എന്ന്‍ ഏതോ ചാനല്‍ പണ്ഡിതന്‍ തമാശ പറയുകയുണ്ടായി.കുഞ്ഞാപ്പയുടെ ഐസ്ക്രീം കേസ് ഒതുക്കാന്‍ സഹായിച്ച പിണറായിയെ അത്ര നിഷ്ക്കരുണം ലീഗ് മറന്നുകളയുമെന്നു വിശ്വസിക്കാന്‍ പ്രയാസമാണ്.തന്നെയുമല്ല യു.എ.ബീരാന്റെ
അത്ര പ്രാധാന്യം ഓ.വി.വിജയനില്ലെന്ന ലീഗ് ബുദ്ധിജീവികളുടെ നിരീക്ഷണവും ആള് മാറിയല്ല തട്ടിക്കളഞ്ഞതെന്നതിനു തെളിവാണ്.

താലിബാനിസമാണ് പ്രതിമ തകര്ത്തതിലൂടെ തെളിയുന്നതെന്ന കെ.ഇ.എന്‍. കുഞ്ഞഹമ്മദിന്റെ
അഭിപ്രായം വാസ്തവമാകാനാണ് സാദ്ധ്യത കൂടുതല്‍...... .....പ്രതിമ സ്ഥാപിക്കുന്നത് അനിസ്ലാമിക മാണെന്ന് പ്രചരിപ്പിക്കുന്നത് ഇസ്ലാമിന്‍റെ വക്താക്കള്‍ തന്നെയാണ്.മുമ്പ് മലയാളത്തിലെ നിത്യ ഹരിത നായകന്‍ പ്രേംനസീറിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെയും ചില മതഭ്രാന്തന്മാര്‍ രംഗത്തു വന്നിട്ടുണ്ട്.ആരുടെയെങ്കിലും പ്രതിമ പ്രതിഷ്ഠിച്ചാല്‍ തകര്‍ന്നു പോകുന്ന മതമാണോ ഇസ്ലാം?കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റി ഭരിക്കുന്ന മുസ്ലീം ലീഗിനോ കേരളം ഭരിക്കുന്ന ലീഗ് മന്ത്രിമാര്‍ക്കോ ഓ.വി.വിജയന്‍റെ മഹത്വം അറിയാന്‍ വഴിയില്ല.മന്ത്രിമാരില്‍ ചിലര്‍ ധാരാളം കേട്ടിട്ടുള്ളത് സ്ത്രീ നാമങ്ങളാണ്.അവരെ പീഡിപ്പിക്കുമ്പോള്‍ യാതൊരു ഇസ്ലാമിക ബോധവും മന്ത്രിമാരെ ഭരിക്കാറില്ല.  അന്യമതസ്തയായാലും പ്രശ്നമില്ല.നിലവിളക്ക് കൊളുത്തിയാല്‍ തകര്‍ന്നു പോകുന്ന മതവിശ്വാസം നിലവിളക്ക് കത്തിച്ചു തൊഴുന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ചു രസിക്കുമ്പോള്‍ തകരുന്നില്ല!

പ്രതിമ സ്ഥാപിക്കുന്നത് മതവിരുദ്ധമാണന്നു പ്രചരിപ്പിക്കുന്നവര്‍ പ്രവാചകന്‍റെ മുടി വച്ചാരാധിക്കാന്‍
കോടികള്‍ മുടക്കി പള്ളി പണിയുന്നതില്‍ ഒരു തെറ്റും കാണുന്നില്ല.സ്വന്തം മതക്കാരനാകുമ്പോള്‍ എന്ത് മതവിരുദ്ധതയും സ്വീകാര്യമാകുന്ന മഹാമനസ്കത മറ്റ്ഉള്ളവരില്‍ അവജ്ഞയാണ് സൃഷ്ടിക്കുക എന്ന്‍ ഈ വ്യാജ മതാരാധകര്‍ അറിയുന്നില്ല.ഒരു കഥാപാത്രത്തിനു മുഹമ്മദ്‌ എന്ന് പേരിട്ടു കഥഎഴുതിയാല്‍ കൈ വെട്ടാന്‍ മടിക്കാത്തവര്‍ വിജയന്‍ എന്ത് തെറ്റു ചെയ്തിട്ടാണ് അദ്ദേഹത്തിന്റെ പ്രതിമ നശിപ്പിച്ചതെന്ന്‍ വ്യക്തമാക്കണം.വിദ്യാഭ്യാസം നേടിയിട്ടും സാംസ്കാരിക ഫാസിസം കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ഭരണം കൈയ്യിലുള്ളതിന്റെ ഹുങ്കാണ്.

ഒ.വി.വിജയന്‍ ആരെന്നറിയാത്ത എമ്പോക്കികള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ഭരണകൂട ഗുണ്ടാകള്‍ , എഴുത്തും വായനയും അറിയാവുന്ന ആരെയെങ്കിലും ഭരണം ഏല്‍പ്പിക്കുകയാണ് നല്ലത്.മതാന്ധതയ്ക്ക് ചൂട്ടു പിടിക്കുന്ന സംസ്കാര ശൂന്യമായ നടപടി സര്‍ക്കാര്‍ ചെലവില്‍ ഏറെനാള്‍ നടത്തിക്കളയാമെന്ന്‍ ആരും വ്യാമോഹിക്കണ്ട.




Fans on the page

Saturday, March 2, 2013

മാപ്പ് പറയണം




"സെല്ല്ലുലോയ്ഡ്" സിനിമയിൽ തന്റെ പിതാവും മുൻ മുഖ്യമന്ത്രിയും ആയ ശ്രീ.കെ.കരുണാകരനെ കുറിച്ച് അപകീർത്തികരമായ പരാമർശങ്ങളുണ്ടെന്ന് ആരോപിച്ച് കെ.മുരളീധരനും അനുയായികളും കുറേ ദിവസങ്ങളായി തെരുവിലും ചാനലുകളിലും കലാപം നടത്തുകയായിരുന്നു.ആങ്ങള
യ്ക്കൊപ്പമോ അതിൽ കൂടുതലോ ആയിരുന്നു പെങ്ങൾ പത്മജാ വേണുഗോപാലിന്റെ ശൗര്യം.ആ സിനിമയ്ക്ക് അവാർഡ് ലഭിച്ച നാൾ തുടങ്ങി ഇത്തരം വിവാദങ്ങൾ.അപ്പോഴേക്കും കെ.പി.സി.സി.പ്രസിഡന്റും സാംസ്കാരിക വകുപ്പു മന്ത്രിയും എല്ലാം വിവാദങ്ങൾ ഏറ്റു പിടിച്ചു.വിശ്വരൂപത്തിന്റെ കാര്യത്തിൽ കമലാഹാസൻ ചെയ്തതുപോലെ ആ രംഗങ്ങളും സംഭാഷണങ്ങളും തിരുത്തണമെന്നു വരെ പറഞ്ഞുകളഞ്ഞു സാംസ്കാരിക മന്ത്രി.കെ.പി.സി.സി.പ്രസിഡന്റും മന്ത്രിയും കരുണാകര മക്കളും ഇങ്ങനെ പ്രതിഷേധിക്കുമ്പോൾ കുഞ്ഞാടുകൾ വെറുതെയിരിക്കുന്നതു ശരിയാണോ?അവർ കൂട്ടത്തോടെ തെരുവിലിറങ്ങി കമലിന്റെ കോലം കത്തിക്കൽ തുടങ്ങി.

അപ്പോഴെല്ലാം “സിനിമാ കണ്ടിട്ട് അഭിപ്രായം പറയുക” എന്ന് സിനിമായെ കുറിച്ചും സിനിമാചരിത്രത്തെ കുറിച്ചും അറിയാവുന്നവർ മക്കളെയും കോൺഗ്രസ് ഫിലിം പണ്ഡിതന്മാരെയും ഉപദേശിച്ചു.ചേലങ്ങാടു ഗോപാലകൃഷ്ണൻ ജെ.സി.ഡാനിയേലിനെ കുറിച്ച് എഴുതിയ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിനപ്പുറം ഒന്നും താൻ സിനിമയിൽ ചിത്രീകരിച്ചിട്ടില്ലെന്ന് കമൽ ആണയിട്ടിട്ടും മുരളിയും പെങ്ങളും മറ്റു കോൺഗ്രസ്സുകാരും മയപ്പെടാൻ തയ്യാറല്ലായിരുന്നു.എന്നാൽ ഇപ്പോൾ സിനിമാ കണ്ട ശേഷം ‘അദ്ദ്യെ’ത്തെപ്പറ്റി മോശമായി ഒന്നും ഇല്ലെന്നും അതുകൊണ്ട് വിവാദങ്ങൾ എല്ലാം അവസാനിപ്പിക്കുകയാണെന്നും ആയി മുരളി.അങ്ങനെ ആങ്ങളയ്ക്കും പെങ്ങൾക്കും തോന്നുമ്പോൾ വിവാദമുണ്ടാക്കാനും അവസാനിപ്പിക്കാനും കേരളമെന്താ ഇവരുടെ രണ്ടു പേരുടെയും കുടുംബ സദസോ?ആർജ്ജവവും  സാമാന്യ മര്യാദയുമുണ്ടെങ്കിൽ സംവിധായകൻ കമലിനോടും കേരളീയരോടും മാപ്പു പറയണം കെ.മുരളീധരനും പദ്മജയും.അവർ മാത്രം പറഞ്ഞാൽ പോരാ മാപ്പപേക്ഷിപ്പു വീരൻ സാംസ്കാരിക മന്ത്രിയും കേരളീയരോടു ക്ഷമ പറയണം.

ഒരുപക്ഷേ കരുണാകരന്റെ മക്കളേക്കാൾ മലയാളികളോട് അപരാധം ചെയ്തത് സാംസ്കാരിക മന്ത്രിയാണു.യാതൊരടിസ്ഥാനവുമില്ലാതെ ഒരു സിനിമയെ പറ്റി അപഖ്യാതി പ്രചരിപ്പിക്കുകയും അതിന്റെ സംവിധായകന്റെ തൊഴിലു തന്നെ നശിപ്പിക്കുമാറു അപവദിക്കുകയും ചെയ്ത മന്ത്രി ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണു നടത്തിയിട്ടുള്ളത്.പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാവരെയും ഒരുപോലെ പരിഗണിക്കാമെന്ന് പ്രതിജ്ഞ ചെയ്തിട്ടാണു മന്ത്രിക്കസേരയിൽ ഇരിപ്പുറപ്പിച്ചതെന്ന കാര്യം മന്ത്രി വിസ്മരിച്ചു.

ഇങ്ങനൊക്കെയാണെങ്കിലും കരുണാകരനും മലയാറ്റൂർ രാമകൃഷ്ണനുംചേർന്നു ജെ.സി.ഡാനിയലിനെ തമസ്ക്കരിക്കാനും മലയാള സിനിമയുടെ ചരിത്രത്തിൽ നിന്നും ഒഴിവാക്കാനും ബോധപൂർ വ്വം ശ്രമിച്ചു എന്ന സത്യം ഈ വിവാദത്തോടെ പുറത്തു ചാടി എന്നുള്ളത് ചെറിയകാര്യമല്ല.അടൂർ ഗോപാലാകൃഷ്ണനെപ്പോലെയുള്ള ചലച്ചിത്ര പ്രതിഭകൾ പോലും ആ വസ്തുത പറയാൻ നിർബ്ബന്ധിതരായി.



Fans on the page

Tuesday, February 26, 2013

സുരക്ഷിത


പിറപ്പിച്ചവൻ തന്നെ
മടിക്കുത്തഴിച്ചാദ്യം
കൂടെപ്പിറന്നവൻ പിന്നെ;
പഠിപ്പിച്ച ഗുരുനാഥൻ,ഒപ്പം
പഠിച്ചവൻ,നിയമപാലകർ,
വഴിയേ പോയവർ...
എണ്ണം പറഞ്ഞാൽ തീരില്ല.
കൂട്ടിക്കൊടുത്താൽ കിട്ടുന്ന
കാശിൻ കണക്കു നോക്കുന്നമ്മ.
സുരക്ഷിതർ സ്ത്രീകളാർഷ
ധരിത്രിയിലെങ്ങും




Fans on the page

Monday, February 18, 2013

എം.പി എന്നാല്‍ "മഹാ പാപി" യോ?




മുൻ ജഡ്ജിക്കു പിന്നാലെ സിറ്റിങ്ങ് എം.പിയും സൂര്യനെല്ലി പെൺകുട്ടിയ്ക്കു നേരേ അസഭ്യ വർഷവുമായി ഇറങ്ങിയിരിക്കുന്നു.ബാലചികിത്സാ വീരനായ ബസന്തനു പിറകേ എത്തിയ പാർലമെന്റു മെംബറദ്ദേഹം അയാളേക്കാൾ മോശമയ പദങ്ങളാണു പെൺകുട്ടിയ്ക്കു നേരേ ചൊരിഞ്ഞിരിക്കുന്നത്.വേശ്യാവൃത്തി ചെയ്ത് കാശും പാരിതോഷിക വും മറ്റും വാങ്ങിയിട്ട് പീഡിപ്പിച്ചെന്നു നാട്ടുകാരുടെ മുമ്പിൽ പറഞ്ഞു നടക്കുകയാണു അവൾ എന്നാണു ഈ നരാധമന്റെ കമന്റ്.തെമ്മാടിത്തം പറഞ്ഞശേഷം താൻ അതിൽ തന്നെ ഉറച്ചു നില്ക്കുകയാണെന്ന് ഒരു കൂസലും ഇല്ലാതെ ആവർത്തിക്കുകയാണു  ഈ വിടസൃഗാലം.

അവൾ വ്യഭിചാരിണിയാണെന്ന് ഇയാൾക്ക് ഇത്ര തീർച്ച എന്താണു?കുമളി ഗസ്റ്റ് ഹൗസിൽ നിന്നു രക്ഷപ്പെടാൻ അവസരമുണ്ടായിട്ടും പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിച്ചില്ല എന്ന് സുധാകരനു എങ്ങനെ ഉറപ്പു പറയാൻ കഴിയും?അയാൾ അവിടെ ഉണ്ടായിരുന്നോ?തന്നെ പീഡിപ്പിച്ചെന്നു പെൺകുട്ടി പറയുന്ന ബാജി പി.ജെ.കുര്യനല്ല എന്ന് അവളെ പലർക്കും കാഴ്ചവച്ചു കാശുവാങ്ങിയ ധർമ്മരാജൻ ആവർത്തിക്കുന്ന സ്ഥിതിക്ക് ആ ‘ബാജി’സുധാകരൻ തന്നെയാണോ?കൂടെ ബസന്തും ഉണ്ടായിരുന്നോ എന്നും സംശയിക്കണം.കാരണം ജഡ്ജിയാകാൻ വേണ്ടി കോൺഗ്രസ് നേതാക്കളുടെ തിണ്ണ നിരങ്ങിയ പലരെയും തനിക്കറിയാമെന്നും ഒരു ജഡ്ജിക്ക് മറ്റൊരാൾ കൈക്കൂലി കൊടുക്കുന്നതിനു താൻ സാക്ഷിയായിട്ടുണ്ടെന്നും മുമ്പ് ഒരു പൊതു വേദിയിൽ വച്ച് പ്രസംഗിച്ചിട്ടുണ്ട്.പൊതു മുതൽ കട്ടതിനു ജയിലിലായ ആർ.ബാലകൃഷ്ണപിള്ളയെ നിയമവിരുദ്ധമായി യു.ഡി.എഫ് സർക്കാർ മോചിപ്പിച്ചപ്പോൾ നല്കിയ സ്വീകരണത്തിലാണു  ന്യായാധിപ ബന്ധങ്ങൾ സുധാകരൻ വെളിപ്പെടുത്തിയത്.പൊതുമുതൽ മോഷ്ടാവിനു വേണ്ടി അന്ന് കോടതികൾക്കുനേരേ ഉറഞ്ഞുതുള്ളിയ ഇയാൾ ഇപ്പോൾ കാമകിങ്കരന്മാർക്കു വേണ്ടി വക്കാലത്തു പിടിക്കുന്നത് സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ തന്നെയാകണം.

സുപ്രീം കോടതിയെപ്പോലും ഞെട്ടിച്ച തന്റെ വിധിന്യായത്തെ ന്യായീകരിക്കാൻ സുപ്രീം കോടതിയെത്തന്നെ അധിക്ഷേപിച്ച ബസന്തിനെയാണു സുധാകരൻ ഇവിടെയും പിന്തുടരുന്നത്.പ്രതികളെയും ഇരയെയും സാക്ഷികളെയും വിസ്തരിച്ചും വാദപ്രതിവാദങ്ങൾ കേട്ടിട്ടുമാണു വിചാരണക്കോടതി ധർമ്മരാജനെയും മറ്റു 35 പ്രതികളെയും ശിക്ഷിച്ചത്.ക്രോസ് വിസ്താര സമയത്ത് താൻ തന്നെയാണു പെൺകുട്ടിയെ പലർക്കും കാഴ്ച വച്ചതെന്ന് ധർമ്മരാജൻ സമ്മതിച്ചിട്ടുള്ളതുമാണു.ഒളിവിലിരിക്കേ ഈയിടെ മാതൃഭൂമി ചാനലിനു നല്കിയ അഭിമുഖത്തിലും പി.ജെ.കുര്യനു അവളെ അടിയറ വച്ചതും താനാണെന്ന് അയാൾ പറയുന്നുണ്ട്.പെൺകുട്ടി സ്വമേധയാ എല്ലാവർക്കും വിധേയ ആയതാണെന്ന ബസന്തിന്റെയും സുധാകരന്റെയും വാദം ശുദ്ധ അസംബന്ധമാണെന്ന് ഇതിൽ നിന്നു തന്നെ വ്യക്തമാണു.നാല്പതു ദിവസം ഈ പെൺകുട്ടിയെ പലർക്കും കൂട്ടിക്കൊടുത്ത് കാശു വാങ്ങിയവൻ കോടതി മുമ്പാകെ അത് സമ്മതിച്ച് ശിക്ഷ ഏറ്റുവാങ്ങിയിട്ടും അവൾ സ്വൈരിണി(സാധാരണ പിമ്പുകൾക്ക് ഇത്തരംവാക്കുകൾ വഴങ്ങാത്തതിനാലാണു സുധാകരനും ബസന്തനുമൊക്കെ വേശ്യ എന്നു പ്രയോഗിക്കുന്നത്.)യാണെന്ന് സ്ഥാപിക്കുവാൻ ശ്രമിക്കുന്നത് ആരെ രക്ഷിക്കാനാണു എന്ന് എല്ലാവർക്കുമറിയാം.

വ്യഭിചാരം സ്ത്രീ മാത്രം വിചാരിച്ചാൽ നടക്കുന്നകാര്യമല്ല.പുരുഷനും അതിൽ പങ്കുണ്ട്.ആ നിലയ്ക്ക് അവനും കുറ്റവാളിയാണു.സുധാകരൻ പറയുന്നതു കേട്ടാൽ അവളെ ഉപയോഗിച്ച പുരുഷന്മാരെല്ലാം പരമയോഗ്യന്മാരാണെന്നു തോന്നും.കേവലം 16 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ഒരു പെൺകുട്ടിയെ പ്രേമം നടിച്ചു വശത്താക്കി കണ്ട കാമഭ്രാന്തന്മാർക്കെല്ലാം വിറ്റു കാശാക്കിയ കശ്മലരുടെ രക്ഷക നിരയിലേക്ക് ഇന്ത്യൻ പാർലമെന്റിലെ ഒരംഗം സ്വയം എത്തിച്ചേരുന്നത് കാണുമ്പോൾ  നമ്മുടെ ജനാധിപത്യത്തെ കുറിച്ചു തന്നെ അവജ്ഞയും ആശങ്കയുമാണു തോന്നുന്നത്.സ്ത്രീ സുരക്ഷയ്ക്കു വേണ്ടി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസിനെ പരിഹസിക്കുകയും ബില്ലിനെ എതിർക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്ന സുധാകരന്റെ സാന്നിദ്ധ്യം കൊണ്ട് പാർലമെന്റ് പാപ പങ്കിലമാകാൻ അനുവദിക്കാതിരി ക്കാനുള്ള സന്മനസ്സെങ്കിലും ഭരിക്കുന്നവർ കാണിക്കണം.സുധാകരൻ ഇന്ത്യൻ ജനാധിപത്യത്തെ വ്യഭിചരിച്ചത് ജനാധിപത്യം വഴിയേ പോലും പോയിട്ടില്ലാത്ത ഒരു കൊച്ചു രാജ്യത്തു വച്ചാണെന്നത് ഏറെ ഗൗരവാവഹമാണു.എം.പി.എന്നതിനു മെംബർ ഓഫ് പാർലമെന്റ് എന്നല്ല 'മഹാ പാപി' എന്നാണെന്ന് ഇത്തരം നീച ജന്തുക്കളുടെ മനുഷ്യത്വരഹിത വർത്തമാനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.വഞ്ചിക്കപ്പെട്ട് പതിനേഴു വർഷത്തിനു ശേഷവും പൂർണ്ണ നീതി ലഭിച്ചിട്ടില്ലാത്ത ഒരു സാധു പെൺകുട്ടിയെ നികൃഷ്ട വാക്കുകൾ കൊണ്ട് അപമാനിക്കുവാൻ ശ്രമിക്കുന്ന ആഭാസ ജന്തുക്കളുടെ മേൽ ഇടിത്തീ  വീഴുകതന്നെ  ചെയ്യും.






Fans on the page

Tuesday, February 12, 2013

ബാലവേശ്യാ വസന്തം



സൂര്യനെല്ലി പെണ്‍കുട്ടി ബാലവേശ്യയാണെന്ന് പറഞ്ഞ മുന്‍ ഹൈക്കോടതി ജഡ്ജി ബസന്ത്  ഇപ്പോള്‍ മാദ്ധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.താന്‍ സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞത്  വാര്‍ത്തയാക്കിയത്  മാദ്ധ്യമ ധര്‍മ്മമോ എന്ന്‍ അദ്ദേഹം കോപാക്രാന്തനായി അലറി ചോദിക്കുന്നു.സ്വകാര്യമായാലും പരകാര്യമായാലും അദ്ദേഹം പറയാത്തതൊന്നും വാര്ത്തയാ
യിട്ടില്ല .സ്വകാര്യ സംഭാഷണമാണെന്ന അയാളുടെ വാദവും വാസ്തവമല്ല.ഇന്ത്യാവിഷന്‍ റിപ്പോര്‍
റിപ്പോര്‍ട്ടറാണെന്ന്  പറഞ്ഞുകൊണ്ടാണ് ആ പെണ്‍കുട്ടി അയാളോട് ചോദ്യങ്ങള്‍ ചോദിച്ചത്.
"മീഡിയയില്‍ നിന്നായതുകൊണ്ട്" എന്ന് പറഞ്ഞാണ് മുന്‍ ന്യായാധിപന്‍ തന്‍റെ വിധിന്യായത്തിന്‍റെ
മഹത്വം ഉദ്ഘോഷിക്കുന്നതും തന്‍റെ മകളാകാന്‍ മാത്രം പ്രായമുള്ള ആ പെണ്‍കുട്ടിയോട് ബാലവേശ്യാവൃത്തിയെ കുറിച്ച് ക്ലാസ്സെടുക്കുന്ന്തും.അതെങ്ങനെ സ്വകാര്യ സംഭാഷണമാകും?

അയാളുടെ അധമ നാവില്‍ നിന്ന് പുറത്തു വന്ന ആഭാസകരമായ വാക്കുകള്‍ മാത്രമേ വനിതാ റിപ്പോര്‍ട്ടര്‍ പുറത്ത് വിട്ടിട്ടുള്ളൂ.നാല്‍പത്തോളം കശ്മലന്മാര്‍ കീഴ്പ്പെടുത്തി നശിപ്പിച്ച 16 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടി എന്തുകൊണ്ട് ഇതിനിടെ രക്ഷപ്പെട്ടില്ല എന്നാണ് ഈ വഷളന്റെ ചോദ്യം.രക്ഷപ്പെടാന്‍ ശ്രമിക്കാഞ്ഞത് അവള്‍ വേഴ്ച ആസ്വദിച്ചിരുന്നത് കൊണ്ടാണെന്നാണ്
ബസന്തന്റെ നിഗമനം .അവള്‍ ബാലവേശ്യയാണെന്നു ചുരുക്കം.ഇത്ര കട്ടായമായി ആ പെണ്‍കുട്ടി ബാലവേശ്യയാണെന്നു പറയണമെങ്കില്‍ അയാള്‍ വ്യഭിചരിക്കുവാന്‍ അവളുടെ അടുക്കല്‍ പോയിരിക്കണം.അവള്‍ ചെറുപ്പത്തിലേ പിഴച്ചവളാണെന്നും ഈ നരാധമന്‍ കണ്ടുപിടിച്ചി രിക്കുന്നു.

ഫീസടയ്ക്കാന്‍ വീട്ടില്‍ നിന്ന് കൊടുത്തയച്ച പണം അവള്‍ മോഷ്ടിച്ചു എന്നാതാണ് അതിനു തെളിവായി പുത്തന്‍ വക്കീല്‍ പറയുന്നത്.കാമുകനായി അഭിനയിച്ച് അടുത്തു കൂടിയവന് ആ പണം
കൊടുത്തെന്ന്‍ പെണ്‍കുട്ടി നേരത്തെ പറഞ്ഞ മൊഴി അയാള്‍ക്ക് സ്വീകാര്യമല്ല.ഒരാളുടെ അടുത്ത് നിന്ന് അടുത്ത ആളുടെ അടുത്തേക്ക് ഗുണ്ടകളുടെയും പിമ്പുകളുടെയും അകമ്പടിയോടെയാണ് അവളെ  വേട്ടനായ്ക്കള്‍ കൊണ്ടുപോയ് ക്കൊണ്ടിരുന്നത് .പിന്നെങ്ങനെ രക്ഷപ്പെടുമെന്നാണ്
ബസന്തന്‍ പറയുന്നത്?മുന്‍ വിധികളോടെയും വെറുപ്പോടെയുമാണ്‌  ഇയാളും അന്തരിച്ച ജഡ്ജി
ഗഫൂറും കൂടി കീഴ്ക്കോടതി വിധിയെ സമീപിച്ചതെന്ന്‍ ഇതില്‍ നിന്നും വ്യക്തമല്ലേ?

തന്‍റെ വിധി വായിക്കാതെയാണ്  സുപ്രീമ് കോടതി ഇപ്പോള്‍ ഹൈക്കോടതി വിധി റദ്ദ് ചെയ്തതെന്നും ഈ  നീതിദേവന്‍ വീമ്പടിക്കുന്നു.എം.വി .ജയരാജനാണ് ഇങ്ങനെ പറഞ്ഞതെങ്കില്‍
ജയിലില്‍ ആയേനെ.ബസന്ത് ആയതുകൊണ്ട് ഒരു കുഴപ്പവുമില്ല!!മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരം ന്യായാധിപ ജന്തുക്കള്‍ നീതിന്യായ വ്യവസ്ഥ യ്ക്കു മാത്രമല്ല പൊതു സമൂഹത്തിന് ഒന്നടങ്കം അപമാനമാണ്.ഇവരുടെ ചെകിട്ടത്തടിയ്ക്കണമെന്ന പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായം അല്പം മയത്തിലായിപ്പോയില്ലേ എന്നാണു സംശയം.ചീമുട്ട എറിഞ്ഞു കഴുതപ്പുറത്ത് കയറ്റി നാടുകടത്തുകയാണ് വേണ്ടത്.ആലംബമറ്റവന്റെ അവസാനത്തെ അഭയ സ്ഥാനമായ നീതിന്യായക്കോടതികളില്‍ ഇത്തരം നീചജന്മങ്ങള്‍  ആണല്ലോ ഇരുന്നിരുന്നത് എന്ന്‍ ഓര്‍ക്കുമ്പോള്‍  ഇവന്മാരുടെ വിധി വായിച്ചു ഞെട്ടിയ സുപ്രീമ് കോടതിയെക്കാള്‍ നമ്മള്‍ ഞെട്ടിപ്പോകുന്നു.


Fans on the page

Thursday, February 7, 2013

രാജ കന്യകയായാലും .....



നീലത്തില്‍ വീണ കുറുക്കന്റെ കഥയറിയാത്ത മലയാളികള്‍ ഉണ്ടായിരിക്കില്ല.നീലം കലക്കി വച്ചിരുന്ന തൊട്ടിയില്‍ വീ ണ കുറുക്കന്‍, താന്‍ മൃഗരാജാവാണെന്നു പറഞ്ഞ് കുറെ നാള്‍ മൃഗങ്ങളെ പറ്റിച്ചു കഴിഞ്ഞു.രാജാവിന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നിയത് കുറുക്കന്മാര്‍ക്ക് തന്നെയാണ്.
അവര്‍ ഒരു ദിവസം രാത്രിയില്‍ അകലെ മാറിയിരുന്ന്‍ ഒന്നിച്ച് കൂവി.അല്‍പ നേരം രാജാകുറുക്കന്‍
പിടിച്ചു നിന്നു.ഒടുവില്‍ തനി വര്‍ഗ്ഗ സ്വഭാവം കാണിച്ചു-നിര്‍ത്താതെ കൂവി .

മന്ത്രിയോ സ്പീക്കറോ ആകാന്‍ മോഹിച്ച് പതിനട്ടടവും പയറ്റി ഒടുവില്‍ ചീഫ്‌ വിപ്പ് സ്ഥാനം കിട്ടിയ പി.സി.ജോര്‍ജ്ജിന്‍റെ അവസ്ഥ കഥയിലെ കുറുക്കനേക്കാള്‍ കഷ്ടമാണ്.നിയമ നിര്‍മ്മാണ സഭയിലാണ് ഇരിക്കുന്നതെന്ന കാര്യം വിസ്മരിച്ച് വായില്‍ വരുന്ന തെമ്മാടിത്തങ്ങള്‍ വിളിച്ചു പറഞ്ഞുകളയും. ചിലപ്പോള്‍ സഭയ്ക്ക് പുറത്തും ഈ ജന്മ ഗുണം അദ്ദേഹം കാണിക്കും.മുമ്പ് വാച് ആന്റ് വാര്‍ഡിനെതിരെ അശ്ലീല  പരാമര്‍ശം നടത്തിയും പൊതു വേദിയില്‍ വച്ച് വി.എസ്.അച്യുതാനന്ദനെ തെറി വിളിച്ചും തനിഗുണം കാണിച്ച ഇദ്ദേഹം ഇപ്പോള്‍ പരസ്യമായി പ്രതിപക്ഷ സാമാജികരെ  "തെണ്ടികള്‍ " എന്ന്‍ വിളിച്ചാണ് രംഗത്ത് വന്നിരിക്കുന്നത്.അതും പോരാഞ്ഞു ദളിതരെ പരിഹസിച്ചും പുലഭ്യം പറഞ്ഞും തന്‍റെ സംസ്കാരം വെളിവാക്കുകയും ചെയ്തിരിക്കുന്നു.

അണ്‍പാര്‍ ലമെന്ററിയായ പദാവലികള്‍ ഉപയോഗിച്ചതിനെ കുറിച്ച് ചോദിച്ച ' റിപ്പോര്‍ട്ടര്‍ 'ചാനലുകാരോടും തട്ടിക്കയറി ഈ  ചീഫ് വിപ്പ്.ഇത്തരം സംസ്കാര ശൂന്യന്മാരെ തോളിലേറ്റിയിരുത്തുന്നതിന്റെ ഫലം എത്ര അനുഭവിച്ചാലും ഉമ്മന്‍ ചാണ്ടിയും സംഘവും മനസ്സിലാക്കില്ല എന്നാണു തോന്നുന്നത്.മുന്‍ മന്ത്രി എ.കെ.ബാലനെ ജാതി പറഞ്ഞു ജോര്‍ജ്ജ് അപമാനിച്ചപ്പോള്‍ പ്രോത്സാഹിപ്പിക്കുകയും ന്യായീകരിക്കയും ചെയ്ത മുഖ്യമന്ത്രിയോടും  കൂട്ടരോടും അവരുടെ സ്വന്തം പാര്‍ട്ടിക്കാരനായ ടി.എന്‍...പ്രതാപനെ ജാതി പറഞ്ഞ് ആക്ഷേപിച്ചാണ് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചത്.അന്ന് ഒറ്റപ്പെ ട്ടുപോയ പ്രതാപന് കരയാനും പതം പെറുക്കാനും മാത്രമേ കഴിഞ്ഞുള്ളൂ.ഇപ്പോള്‍ പ്രതിപക്ഷ എം.എല്‍ എ മാരെ ചീത്ത വിളിച്ചും ദളിതരെ അപമാനിച്ചും ഈ സംസ്കാര ശൂന്യന്‍ അഴിഞ്ഞാടുമ്പോള്‍ "അദ്ദേഹത്തോട് ദൈവം ചോദിക്കും "
എന്നാണു പാവം പ്രതാപന്റെ പ്രതികരണം."തെറിക്കുത്തരം മുറിപ്പത്തല്‍ "  എന്ന്‍ പണ്ടുള്ളവര്‍  പറഞ്ഞിട്ടുള്ളത്  ശ്രീ പ്രതാപന്‍ കേട്ടിട്ടില്ലായിരിക്കും.

ഇന്ത്യന്‍ ജനാധിപത്യത്തിനും സംസ്കാരസമ്പന്നമായ നമ്മുടെ പാരമ്പര്യത്തിനും പേരുദോഷ മുണ്ടാ ക്കുന്ന ഇത്തരം മാരണങ്ങളെ നിയമസഭയില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും അടിച്ചി റ ക്കി ചാണകവെള്ളം തളിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.


Fans on the page

Monday, February 4, 2013

പ്രതികരണം


ഉരഞ്ഞു തീർന്നിടുമരകല്ലാണെന്നു-
മെരിഞ്ഞു തീരുന്ന കരിവിളക്കെന്നും
പതിവു ബിംബങ്ങൾ പകർത്തി നേർപാതി 
പരാതിക്കെട്ടിന്റെ പൊതിയഴിക്കവേ 
പരിഹാസം കൊണ്ടു ചരിഞ്ഞ ചുണ്ടുമാ-
യടുക്കളയിലേക്കൊളിഞ്ഞു നോക്കുമെൻ
തലയ്ക്കരകല്ലു തടവുന്നു;ഷർട്ടിൻ
കഴുത്തിൽ തീ നക്കിത്തുടയ്ക്കുന്നു; കത്തി
ചിരിച്ചു നെഞ്ചിന്റെയളവെടുക്കുന്നു;
ചിരവ പള്ളയ്ക്കു പടം വരയ്ക്കുന്നു.


Fans on the page