Total Pageviews

Sunday, October 14, 2012

ആരുടെ “ഹിന്ദു”?പണ്ട് ഞാനും ഒരു കൂട്ടുകാരനും കൂടി നടന്നു പോകുമ്പോൾ ഞങ്ങൾക്കു രണ്ടുപേർക്കും അടുത്തു പരിചയമുള്ള ഒരുവൻ എതിരേ വരുന്നു.“ഇന്ന് ഇവന്റെ അച്ഛനാരാ?”എന്ന കൂട്ടുകാരന്റെ
ചോദ്യം കേട്ട് ഞാനമ്പരന്നു.“രണ്ടു ദിവസം മുമ്പ് ഞാനായിരുന്നു.ഇന്നലെ വേറൊരുത്തനായിരുന്നു.അതുകൊണ്ടു ചോദിച്ചതാ ഇന്നിവന്റെ തന്ത ആരാണെന്ന്.ഒരു പക്ഷേ നിങ്ങളായിരിക്കും.”എന്റെ അമ്പരപ്പിനു പരിഹാരമെന്നോണം കൂട്ടുകാരൻ വിശദീകരിച്ചു.കാര്യം കാണാൻ ആരെയും അച്ഛാ എന്നു വിളിക്കുന്ന കഥാപുരുഷന്റെ സ്വഭാവം കൂട്ടുകാരൻ ശരിക്കു മനസ്സിലാക്കിയിരിക്കുന്നു എന്നറിഞ്ഞു.അത് അവതരിപ്പിച്ച രീതി എനിക്കു രസിച്ചു.

ദിവസവും രാവിലെ ‘ദ ഹിന്ദു’ പത്രം തുറക്കുന്നതിനു മുമ്പ് എന്റെ ആലോചനയും ഇതുപോലെ, “ഇന്നത്തെ ‘ഹിന്ദു’ ആരുടേതായിരിക്കും”എന്നാണു.അന്തസ്സുള്ള പത്രപ്രവർത്തനത്തിനു പേരുകേട്ട ഈ പത്രം ദിവസം തോറും ഓരോരോ മുതലാളിമാരുടെ പരസ്യവിഴുപ്പു മുഖത്തു പൂശിയാണു പ്രത്യക്ഷപ്പെടുന്നത്.കണികാണുന്നത് ഫുൾ പേജ് പരസ്യം.കോർപ്പറേറ്റ് അധിനിവേശത്തെ കുറിച്ച് ജനങ്ങളെ ബോധവല്ക്കരിക്കുന്ന മാദ്ധ്യമവൃദ്ധനെ കോർപ്പറേറ്റുകൾ വിഴുങ്ങുന്ന ദയനീയ ദൃശ്യമാണു മിക്ക ദിവസങ്ങളിലും കാണാൻ കഴിയുക.

പത്രസ്വാതന്ത്ര്യം എന്നാൽ പത്ര ഉടമയുടെ സ്വാതന്ത്ര്യമാണെന്ന്, പത്ര സ്വാതന്ത്ര്യത്തെക്കുറിച്ചെഴുതിയ ഒരു ലേഖനത്തിൽ നിരൂപകനും പത്രപ്രവർത്തകനുമായിരുന്ന ശ്രീ.പി.കെ.ബാലകൃഷ്ണൻ സുചിപ്പിക്കുകയുണ്ടായി.സ്വന്തം അനുഭവത്തിൽ നിന്നാണു അദ്ദേഹം ഇത്തരം ഒരു നിഗമനത്തിൽ എത്തിച്ചേർന്നത്.ഇപ്പോൾ അവിടമൊക്കെ കഴിഞ്ഞ് പരസ്യം നല്കുന്നവരുടെ സ്വാതന്ത്ര്യമാണു പത്രസ്വാതന്ത്ര്യം എന്ന അവസ്ഥയിലായിരിക്കുന്നു.അല്ലെങ്കിൽ 1878 മുതൽ പ്രസിദ്ധീകരിച്ചു വരുന്ന,ദേശീയ സ്വാതന്ത്ര്യത്തിനും പത്രസ്വാതന്ത്ര്യത്തിനും വേണ്ടി നിരന്തരം വാദിച്ച ,‘ഹിന്ദു’വെ പോലുള്ള ഒരു പത്രം അതിന്റെ പേരിനെത്തന്നെ നിഷ്പ്രഭമാക്കിക്കൊണ്ട് ആശീർവാദ് ആട്ടയുടെയും ജോസ്കോ ജൂവലേഴ്സിന്റെയും ഡി.ഓപ്ഷന്റെയും ബിഗ് ബസാറിന്റെയും ഒക്കെ ബഹുവർണ്ണ പരസ്യം തിരു നെറ്റിയിൽ അടിച്ചു പ്രദർശിപ്പിക്കുമായിരുന്നോ?

ഹിന്ദു മാത്രമല്ല എല്ലാ അച്ചടി മാദ്ധ്യമങ്ങളുടെയും സ്ഥിതി ഇതു തന്നെ.ദൃശ്യമാദ്ധ്യമങ്ങൾ ഇതിനേക്കാൾ വിധേയത്വമാണു പരസ്യദാദാക്കളോടു കാട്ടുന്നത്.സുമുഖനും പ്രതിഭാശാലിയുമായ ഒരു യുവാവിനെ വള്ളിക്കാവിലെ ആൾദൈവ സന്നിധിയിൽ വച്ച് മർദ്ദിച്ചു കൊന്നതു വലിയ വാർത്തയാകാഞ്ഞത് ഈ വിധേയത്വം കൊണ്ടാണു.കോർപ്പറേറ്റുകളെക്കാൾ വലിയ പരസ്യദാതാവണല്ലോ ഈ ആൾ ദൈവം!പല ചാനലുകൾക്കും വാർത്തകൾ പോലും സ്വന്തമല്ല.പ്രത്യക്ഷത്തിൽ നിരുപദ്രവമെന്നു തോന്നുമെങ്കിലും പരസ്യ അടിമത്തം പല പ്രധാന വിവരങ്ങളും തമസ്കരിക്കാൻ മാദ്ധ്യമങ്ങളെ നിർബ്ബന്ധിതരാക്കും.ഇന്ദുലേഖ എണ്ണയുടെയും ധാത്രി ഉല്പന്നങ്ങളുടെയും നിർമ്മാണ കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിന്റെ വിവരങ്ങൾ മുഖ്യധാരാമാദ്ധ്യമങ്ങൾ  മറച്ചു വച്ചു.യാതൊരു ശാസ്ത്രീയ തെളിവുകളും ഇല്ലാതെയാണു മുടി വളരുമെന്നും തൊലിവെളുക്കുമെന്നും മറ്റും അവകാശപ്പെടുന്നതെന്ന് കണ്ടെത്തിയിട്ടും ആവിവരം മാലോകരെ മാദ്ധ്യമങ്ങൾ അറിയിച്ചില്ല.അത്രയ്ക്കുണ്ട് പരസ്യത്തിൽ നിന്നുള്ള വരുമാനത്തിന്റെ ശക്തി!Fans on the page

Tuesday, October 9, 2012

“അപ്രമാദിത്വ”ത്തിലെ പ്രമാദംപണ്ട് ഒരു നാട്ടുമ്പുറത്തുകാരൻ “കുണ്ഠിതം” എന്നു കേട്ട പാടെ ആ വാക്കുമായി പ്രണയത്തിലായി.ലൗ അറ്റ് ഫസ്റ്റ് ഹിയറിങ്ങ്.അർത്ഥം അറിഞ്ഞുകൂടെങ്കിലും അതൊന്നു പ്രയോഗിക്കാഞ്ഞ് ഇരിപ്പുറയ്ക്കാതായി.അങ്ങനെയിരിക്കെയാണു ഗുരുവായൂരപ്പനെ ദർശിക്കാൻ അവസരം കിട്ടിയത്.തിരികെയെത്തിയപാടേ പുള്ളിക്കാരൻ കണ്ടവരോടൊക്കെ പറഞ്ഞു:“ഹാ! ഗുരുവായൂരപ്പന്റെ വിഗ്രഹം കാണാൻ എന്തൊരു കുണ്ഠിതമാ” എന്ന്.വാക്കിന്റെ അർത്ഥമറിയാവുന്നവർ മൂക്കത്തു വിരൽ വച്ചു.അറിയാത്തവർ അഹോ മഹാ പാണ്ഡിത്യം. എന്ന് അത്ഭുതം കൂറി.

കേരള ഭരണ രംഗത്തെ ചെറിയ കാര്യം പോലും മുസ്ലീം ലീഗ് അറിയാതെ നടക്കില്ല എന്നും ലീഗാണു യഥാർത്ഥത്തിൽ ഭരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടിയുടെ തൊമ്മിയായ ഇബ്രാഹിം കുഞ്ഞ് എന്ന മന്ത്രി പറഞ്ഞതു കേട്ടതോടെ എല്ലാവരും ലീഗിനെതിരെ തിരിഞ്ഞു.പിണറായി വിജയൻ മുതൽ വി.മുരളീധരനും കെ.മുരളീധരനും വരെയും സുകുമാരൻ നായരും വെള്ളാപ്പള്ളിയും മുതൽ കുമ്മനം രാജശേഖരൻ വരെയും ഉള്ള സകലമാന രാഷ്ട്രീയ, ജാതി,മത നേതാക്കളെല്ലാം ചാടിവീണു.ആളു തൊമ്മിയാണെങ്കിലും ഇബ്രാഹിം കുഞ്ഞു പറഞ്ഞത് പച്ചപ്പരമാർത്ഥം മാത്രമാണു.അപൂർവ്വമായി മാത്രമേ രാഷ്ട്രീയക്കാരുടെ നാവിൽ സത്യം ഉദിക്കാറുള്ളൂ.അത്യപൂർവ്വമായി മാത്രം സംഭവിക്കുന്ന ഈ വാസ്തവ പരാമർശത്തെ പുകഴ്ത്തുന്നതിനു പകരം ശകാരിക്കാനാണു മറ്റുള്ളവർ ശ്രമിക്കുന്നത്.പക്ഷേ ശകാരിക്കാനുദ്ദേശിച്ചു പറഞ്ഞതെല്ലാം ആരാധനയായി മാറിപ്പോയോ എന്നു സംശയം.

എല്ലാവരും പറഞ്ഞത് “ലീഗിന്റെ അപ്രമാദിത്വം അംഗീകരിക്കാൻ സാദ്ധ്യമല്ല”,“അപ്രമാദിത്തം അനുവദിക്കില്ല” എന്നൊക്കെയാണു.അപ്രമാദിത്വം എന്ന വാക്കിന്റെ അർത്ഥം “തെറ്റു പറ്റായ്ക”, “തെറ്റിപ്പോകായ്ക” എന്നൊക്കെയാണു.തെറ്റുപറ്റാത്തവരാണു ലീഗു കാരെങ്കിൽ എന്തിനാണു അവർക്കു നേരേ ശണ്ഠയ്ക്കു പോകുന്നത്?അവർ തെറ്റു ചെയ്യണമെന്നാണോ പറയുന്നത്?തങ്ങൾ അപ്രമാദികൾ(തെറ്റുപറ്റാത്തവർ) ആണെന്നു ലീഗ് അവകാശപ്പെട്ടിട്ടുണ്ടെങ്കിൽ,അതു സമ്മതിച്ചു കൊടുക്കില്ല എന്നു പറയുന്നതു മനസ്സിലാക്കാം.ലീഗ് അപ്രമാദിത്വമെന്ന വാക്കേ ഉപയോഗിച്ചിട്ടില്ല.തെറ്റുപറ്റാത്തവരായി മനുഷ്യകുലത്തിൽ ജനിച്ച ആരെങ്കിലും ഉണ്ടെന്നു ലീഗെന്നല്ല ആരും പറയുമെന്നും തോന്നുന്നില്ല.അപ്പോൾ എന്താണു യഥാർത്ഥ പ്രശ്നം? ഗുരുവായൂരപ്പന്റെ വിഗ്രഹത്തിൽ“കുണ്ഠിതം” ദർശിച്ച, മുകളിൽ പറഞ്ഞ നാട്ടുമ്പുറത്തുകാരന്റെ അതേ അസുഖം പിണറായി യാദികളെ ബാധിച്ചിരിക്കുന്നു.വാക്കുകൾ അർത്ഥമറിയാതെ പ്രയോഗിക്കുന്ന രോഗം.

 പ്രമാദം എന്ന വാക്ക് ഏറെക്കാലം തെറ്റായ അർത്ഥത്തിൽ ഭാഷയിൽ പ്രയോഗിച്ചു വന്നിരുന്നു.കോളിളക്കമുണ്ടാക്കിയ കേസ്സിനെ പ്പറ്റി “പ്രമാദമായ”കേസ് എന്ന് ഒരുകാലത്ത് പറഞ്ഞിരുന്നു.യഥാർത്ഥത്തിൽ “പ്രമാദ”ത്തിന്റെ അർത്ഥം തെറ്റ് എന്നാണു.പത്രക്കാരാണു ഈ തെറ്റായ പ്രയോഗത്തിനു പ്രചാരമുണ്ടാക്കിയത്.വൈകിയാണെങ്കിലും തങ്ങൾക്കു പറ്റിയ പ്രമാദം(തെറ്റ്) മനസ്സിലാക്കിയതോടെ അവർ ആ പ്രയോഗം ഉപേക്ഷിച്ചു.ഇപ്പോൾ അങ്ങനെ ആരും പ്രയോഗിക്കാറില്ല.രാഷ്ട്രീയക്കാർക്കു “അപ്രമാദിത്വ” പ്രയോഗത്തിൽ പറ്റിയ പ്രമാദത്തിലും “പ്രമാദം” കടന്നു വന്നത് യാദൃശ്ചികമാകാം.പുതിയ തെറ്റായ പ്രയോഗത്തിന്റെ പ്രചാരകരായി മാദ്ധ്യമങ്ങൾ മാറുന്നതും കാലത്തിന്റെ കളിതന്നെ.മണ്ടത്തരം ഏതു കൊലകൊമ്പൻ പറഞ്ഞാലും മണ്ടത്തരമാണെന്നു പറയാനുള്ള തന്റേടം നമ്മുടെ മാദ്ധ്യമങ്ങൾ എന്നാണാവോ കാണിക്കുക?


Fans on the page