Total Pageviews

Wednesday, June 30, 2010

എം.പി.നമ്പൂതിരിമാർ


നമ്മുടെ പാർലമെന്റ് മെംബറന്മാരുടെ പ്രതിമാസശമ്പളം 16000 രൂപയിൽ നിന്നും 80001രൂപയായി വർദ്ധിപ്പിക്കാൻപാർലമെന്ററി സമിതി ശുപാർശ ചെയ്തിരിക്കുന്നത്രെ.കേന്ദ്രസർക്കാരിലെ സെക്രട്ടറിയുടെശമ്പളത്തെക്കാൾ ഒരു രൂപ കൂട്ടിയാണു 80001 എന്ന അത്ഭുത സംഖ്യ കണ്ടെത്തിയിരിക്കുന്നത്.

80001രൂപയായി എം.പി ശമ്പളം നിജപ്പെടുത്താനുള്ള യുക്തിയാണു ഏറ്റവുംപ്രശംസിക്കപ്പെടേണ്ടത്.കൂലിത്തല്ലിനും ഗുണ്ടായിസത്തിനും ഒന്നും പോകാതെ, പഠിച്ചു നേടിയ ബിരുദങ്ങളും സിവിൽ
സർ വ്വീസ് പരീക്ഷാ യോഗ്യതകളും മാത്രമുള്ള മന്ദബുദ്ധി സെക്രട്ടറിമാർക്കൊപ്പം നമ്മുടെ മാന്യന്മാരായ ജനപ്രതിനിധികളെ പരിഗണിക്കുന്നതിൽ പരം അപമാനം ഈ രാജ്യത്തെ പ്രജകൾക്കു വരാനുണ്ടോ?അത്തരം അപമാന ഭാരത്തിൽനിന്നും രക്ഷിക്കാനാണു സ്ക്രട്ടറിമാരെക്കാൽ മുന്തിയ ശമ്പളമായി ഒരു രൂപാ കൂട്ടി എം.പി മാർക്ക് നൽകണമെന്ന് ശുപാർശ ചെയ്തിരിക്കുന്നത്.
പണ്ട് ഒരു നമ്പൂതിരിയും അദ്ദേഹത്തിന്റെ വാല്യക്കരൻഗോപാലനും കൂടി പാലത്തിൽകൂടി നടന്നു പോകു
മ്പോൾപാലം തകർന്ന് രണ്ടു പേരും വെള്ളത്തിൽ വീണു.എങ്ങനെയോ തല വെള്ളത്തിനു മുകളിൽ വന്നപ്പോൾ,ഗോപാലനും താനും കുടിക്കുന്നത് ഒരേ വെള്ളം തന്നെയാണെന്ന് നമ്പൂതിരി കണ്ടു.ശ്വാസം മുട്ടുന്നതിനിടയിലും നമ്പൂതിരി വിളിച്ചു പറഞ്ഞത്രേ: "എടാ ഗോപാലാ വെള്ളം ശ്ശി കലക്കി കുടിക്കൂ" എന്ന്.
സെക്രട്ടറി വാല്യക്കാരേക്കാൾ മികച്ച ശമ്പളം എം.പി നമ്പൂതിരിമാർക്ക് ലഭിക്കേണ്ടത് പുതിയ വർണ്ണാശ്രമ ധർമ്മം പുലരാൻ അത്യന്താപേക്ഷിതമാണു.

പാർലമെന്റ് അംഗങ്ങൽ മാത്രം വിചാരിച്ചാൽ മതി ശമ്പളം കൂട്ടാൻ.ആരോടും മൂപ്പു ചോദിക്കേണ്ടതില്ല.
കക്ഷിഭേദമെന്യെ എല്ലാവരും അനുകൂലിച്ച് എം.പി മാരുടെ 'ദാരിദ്ര്യം' നിർമ്മാർജ്ജനം ചെയ്യുമെന്നു പ്രതീക്ഷിക്കാം.പെട്രോൽവില കൂട്ടിയ സ്ഥിതിക്ക് എം.പിമാരുടെ ശമ്പളം കൂട്ടാതിരിക്കുന്നന്നത് ശരിയല്ല.കേരളത്തിൽമില്മ പാലിന്റെ വില വർദ്ധിപ്പിച്ചതിനാൽ ഇവിടുത്തെ എം. എൽ.എ മാരുടെ ശമ്പളവും കൂട്ടേണ്ടതാണു.


Fans on the page

Friday, June 25, 2010

ഭോപ്പാൽ

രജത മേഘങ്ങൾനൃത്തം ചവുട്ടിയ
രജനിയിൽ വൽണ്ണ സ്വപ്നങ്ങൾ നെയ്തവർ,
വ്യഥിത ചിന്തയാൽ മസ്തിഷ്ക തന്തുക്കൾ
വ്രണിതമാകയാലസ്വസ്ഥരായവർ,
പുഴു കണക്കെ പ്പിടഞ്ഞു തെരുവിന്റെ
മിഴികളിൽ പീള കെട്ടുകയായ് പിണം.

മകനെ വേർ പെട്ട മാതാവു,ഭാര്യ തൻ
മരണ ഗോഷ്ഠികൾ കണ്ടു സഹിക്കാതെ
സമനില വിട്ട ഭർത്താവ;നങ്ങുവാൻ
ചെറുതുമാകാത്ത കൈശോര സഞ്ചയം;
രതി സുഖത്തിൻ പ്രവാഹ വേഗങ്ങളിൽ
പുതിയ രഥ്യയിലെത്തുന്നതിൻ മുമ്പേ
മൃതി കുരുക്കി ഞെരുക്കിയൊടുക്കിയ
മിഥുനം;എല്ലാം കിടപ്പൂ ചലിക്കാതെ.

ഇതു കുരുക്ഷേത്ര സംഗരാന്ത്യത്തിലെ
ചിതയൊരുക്കല്ല;നാസികൾ നിർമ്മിച്ച
കൊലയറയല്ല;ലോകയുദ്ധത്തിന്റെ
കഥയുരയ്ക്കുന്ന ജപ്പാൻ നഗരമ-
ല്ലി;വിടഹിംസയ്ക്കു ജന്മമരുളിയ
ധരയി,ലാളുകളൊന്നിച്ചു വാണിടം;
എളിയ ദു:ഖവും മോഹഭംഗങ്ങളും
ചെറിയ പോരും കുശുമ്പുമുണ്ടെങ്കിലും
സഹജ ഭാവവും സ്നേഹവും വറ്റാത്ത
സരള ചിത്തരിടതിങ്ങി വാണിടം;
അവിടെയിന്നു വിഷപ്പുക സം ഹാര
നടനമാടി വിതച്ചൂ കൊടും മൃതി.

പുകയടിക്കും നഗരത്തിലമ്മ തൻ
ജഡമടക്കാനിടം തെല്ലു കിട്ടാതെ
ചകിതരായി പ്രതിമകൾ പോലവേ
ചുടല വക്കിലിരിക്കുന്നു കുഞ്ഞുങ്ങൾ
ഇനിയൊരിക്കൽ നീണ്ടെത്തും വിഷത്തിന്റെ
ചടുല നാവിന്നുപദംശമാകുവാൻ.

ഹരിത വസ്ത്രവും മുടിയും നശിപ്പി-
ച്ചറുതിയില്ലാതുപദ്രവമേകീട്ടും
അകമലിഞ്ഞു സഹതാപതപ്തയാ-
യഴലകറ്റുന്ന സർ വ്വം സഹയായ
പ്രകൃതി പോലും കരഞ്ഞു പോമീ ശവ-
പ്രകര മദ്ധ്യത്തിൽ നിൽക്കുന്നു ഗാന്ധാരി
കൊടിയ ശാപാർഹരായിരം കൃഷ്ണന്മാ-
രരുകിൽ നിൽക്കിലും നാവനങ്ങാതിതാ.


Fans on the page

Sunday, June 13, 2010

ദൈവമേ നിന്‍ പേരു കേട്ടാല്‍.....
"ജാതി വേണ്ട,മതം വേണ്ട
ദൈവം വേണ്ട മനുഷ്യനു"
ശക്തിയുക്തമുരയ്ക്കുന്നു
യുക്തിവാദികളൊന്നായി.

"ദൈവമില്ലേല്‍ ലോകമില്ല,
മര്‍ത്യരില്ല ജീവനില്ല"
എതിര്‍ വാദ വാളുമായി
എത്തിയല്ലോ വിശ്വാസികള്‍.

ളോഹയിട്ടോര്‍,വട്ടത്തൊപ്പി
ധരിച്ചവര്‍;കാവി വസ്ത്ര-
മുടുത്തവര്‍;തലപ്പാവും
കൃപാണവും പേറുന്നവര്‍,

ഏകസ്വരത്തി,ലുച്ചത്തില്‍
ഈശ്വരന്റെ മഹത്വത്തെ
പാടി വാഴ്ത്തി നില കൊണ്ടു
ഒരമ്മ പെറ്റ മക്കള്‍ പോല്‍.

അന്തം വി,ട്ടവിശ്വാസികള്‍
ശബ്ദമില്ലാതെ നില്‍ക്കവേ
ഭസ്മമെടുത്തു നീട്ടുന്നു
കാവി വസ്ത്രമുടുത്തവന്‍.

'ഹറാ'മെന്നോതി മാറുന്നു
വട്ടത്തൊപ്പിയണിഞ്ഞവര്‍;
'തൊട്ടുകൂടെ'ന്നു ചൊല്ലുന്നു
ളോഹയിട്ട വിശുദ്ധന്മാര്‍.

ജാള്യ ഭാവം മറയ്ക്കാനായ്
കാവിക്കൂട്ടമൊരുങ്ങവേ
ഈശോമിശിഹയ്ക്കു സ്തുതി-
യോതി കുരിശ് വരച്ചച്ചന്‍,

കര്‍ത്താവിന്‍ മഹിമാവാകെ
കീര്‍ത്തിച്ചു പ്രാര്‍ത്ഥിക്കയായി;
മുട്ടുകുത്തി യച്ചനൊപ്പം
കൂടുന്നു കുഞ്ഞാടുകളും.

വാങ്കു വിളിയപ്പോള്‍ കേള്‍ക്കേ
പടിഞ്ഞാറേക്കു തിരിഞ്ഞു
തല കുമ്പിട്ടു ഭക്തിയില്‍
വട്ടത്തൊപ്പികള്‍ താഴുന്നു.

"നടുറോഡു പള്ളിയാക്കാന്‍
നശൂലങ്ങള്‍ തുനിയുന്നോ ?"
തമ്മില്‍ തമ്മില്‍ പറയുന്നു
നീരസത്തോടെ കാവിക്കാര്‍ .

കാതു പൊട്ടുമാറുച്ചത്തില്‍
ഉരുവിട്ടാര്‍ "ഹരേ രാമ"
"ഹരേ കൃഷ്ണ"നിരന്തരം
താളമേള സമന്വിതം.

“നിസ്ക്കരിക്കാന്‍ നിന്റെയൊക്കെ
സമ്മതം വേണ്ടെങ്ങ”ള്‍ക്കെന്നു
ക്രുദ്ധരായൊരു കൂട്ടരും
“വിരട്ടേണ്ടെ”ന്നപരരും,

രാമ നാമം ചൊല്ലുന്നോര്‍ക്കു
നേര്‍ക്കു ചീറിയടുക്കുന്നു;
"ഇതു ഞങ്ങടെ പുണ്യഭൂ-
വെ"ന്നോതി വെട്ടി കാവിക്കാര്‍.

വാളു നക്കുന്നു വാക്കിനെ
തോക്കെരിക്കുന്നു നോക്കിനെ;
വിശ്വാസത്തിന്‍ കൊള്ളിമീനില്‍
വിണ്ടു സ്നേഹ,സൗഹൃദങ്ങള്‍.

തല്ലുകൂടിത്തലകീറി
എല്ലൊടിഞ്ഞും ചോര വാര്‍ന്നും
ചത്തും,കൊന്നും കഴിഞ്ഞിട്ടും
തീരുമാനമായതില്ല,

ആരു ചൊല്‍വൂ സത്യമെന്നും
ഏതു ദൈവം കേമനെന്നും
ആരില്‍ വിശ്വാസമര്‍പ്പിച്ചാല്‍
രക്ഷ കിട്ടിടുമെന്നതും.
Fans on the page

Sunday, June 6, 2010

പട്ടിയ്ക്കു വച്ചത് ഭക്തനു കൊണ്ടപ്പോള്‍

"ജീവനകലയുടെ പരമാചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമത്തില്‍ വെടി.ഭക്തന്റെ കാലില്‍ നിന്നും
ഉണ്ട കണ്ടെടുത്തു.പക്ഷേ തോക്കും വെടിവച്ച ആളിനെയും കാണാനില്ല." സംഭ്രമ ജനകമായ ഈ സംഭവത്തെ കുറിച്ച് പരസ്പര വിരുദ്ധങ്ങളായ വാര്‍ത്തകളാണ് കുറേ ദിവസങ്ങളയി പ്രചരിച്ചു കൊണ്ടിരുന്നത്.തനിക്കു
നേരെയാണ് വെടി ഉതിര്‍ത്തതെന്നും തന്റെ ജീവനു ഭീഷണിയുണ്ടെന്നുമാണ് രവിശങ്കറ് അവകാശപ്പെട്ടത്. എന്നാല്‍ അനുയായികള്‍ തമ്മില്‍ നടന്ന വെടി വയ്പാണ് ആശ്രമത്തില്‍ നടന്നതെന്നും ശ്രീ ശ്രീ രവിശങ്കറെ ലക്ഷ്യം വച്ചല്ലെ
ന്നും ആയിരുന്നു കേന്ദ്ര ഗവണ്മെന്റിന്റെയും കര്‍ണ്ണാടക പോലീസിന്റെയും ആദ്യ പ്രതികരണം.

കേന്ദ്രത്തിന്റെയും പോലീസിന്റെയും പ്രതികരണം തന്റെ അമാനുഷിക പരിവേഷത്തിനു മങ്ങലേല്പിച്ചതില്‍ ആള്‍ദൈ
വവും, തങ്ങളുടെ ആരാധനാ മൂര്‍ത്തിയുടെ ജീവന്‍ അപകടത്തിലായതോര്‍ത്ത് ഭക്തന്മാരും അമര്‍ഷരും ദു:ഖിതരുമാ
യിരുന്നു.എന്നാല്‍ എല്ലാവര്‍ക്കും ആശ്വാസം പകരുന്ന 'യഥാര്‍ത്ഥ വസ്തുത' ഇപ്പോള്‍ പുറത്തു വന്നു.ആശ്രമത്തിന്റെ അടുത്തുള്ള കൃഷിയിടത്തിന്റെ ഉടമ ഡോ. മഹാദേവ്‌ പ്രസാദ് തെരുവുനായ്‌ക്കളെ വിരട്ടിയോടിക്കാനായി ഉതിര്‍ത്ത വെടിയുണ്ടകളിലൊന്നു ലക്ഷ്യംതെറ്റി ആശ്രമവളപ്പിനുള്ളിലെത്തിയതു രവിശങ്കറിനു നേരേയുള്ള വധശ്രമമായി തെറ്റിദ്ധരി
ക്കപ്പെടുകയായിരുന്നുവെന്ന്‌ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന ബംഗളുരു ഡി.ജി.പി. അജയ്‌കുമാര്‍ സിംഗ്‌ പറയുന്നു.കൃഷിയിടത്തിന്‌ അടുത്താണെങ്കിലും അവിടെനിന്നു നോക്കിയാല്‍ ആശ്രമം കാണാന്‍ കഴിയില്ല.ഡോ.മഹാ
ദേവ്‌ പ്രസാദിനു തോക്ക്‌ ഉപയോഗിക്കാനുള്ള ലൈസന്‍സുണ്ട്‌. ഫാമില്‍ അടുത്തിടെ നായ്‌ ശല്യം രൂക്ഷമാവുകയും ആടുകളെ ആക്രമിക്കുകയും ചെയ്‌തിരുന്നു.നായ്ക്കള്‍ക്കു നേരേയാണ്‌ അദ്ദേഹം വെടിയുതിര്‍ത്തതെന്നും വെടിവയ്‌പിനു പി
ന്നില്‍ കൊലപാതക ലക്ഷ്യമുണ്ടായിരുന്നുമില്ല എന്നു ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.

അന്വേഷണത്തില്‍ സന്തുഷ്‌ടിയുണ്ടെന്നാണ് രവിശങ്കറുടെ ആദ്യ പ്രതികരണമെന്നു കേള്‍ക്കുന്നു.അനുയായികള്‍ തമ്മിലു
ള്ള ഏറ്റുമുട്ടലാണു വെടിവയ്‌പിലെത്തിയതെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം തെറ്റാണെന്നു തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അമാനുഷികനെന്നും ത്രികാലജ്ഞാനിയെന്നും ആള്‍ദൈവം എന്നും ഒക്കെ ഭക്തര്‍ കരുതുന്ന ഒരു ദിവ്യന്റെ ആശ്രമത്തില്‍ നടന്ന വെടിവയ്പിന്റെ സത്യാവസ്ഥ അറിയാന്‍ വാസ്തവത്തില്‍ മറ്റെങ്ങും പോകേണ്ടിയിരുന്നില്ല;അദ്ദേഹം ഇതൊക്കെ ആയിരുന്നെങ്കില്‍.പട്ടിയെ ഉന്നം വച്ചത് ഭക്തന് കൊള്ളുമെന്ന് മുന്‍ കൂട്ടി അറിയാനുള്ള ജ്ഞാനം പോലുമില്ലാത്ത ഇ
ദ്ദേഹമോ ത്രികാലജ്ഞാനി?അത് മുന്‍ കൂട്ടി അറിയുകയും വെടിയുണ്ടയുടെ സഞ്ചാര പഥം തെറ്റിച്ച് ഭക്തനെ രക്ഷിക്ക
യും ചെയ്തിരുന്നെങ്കില്‍ ഇദ്ദേഹത്തിന്റെ ദിവ്യത്വം അംഗീകരിച്ചു കൊടുക്കാമായിരുന്നു.യാതൊരു ദിവ്യത്വവും ഇല്ലാത്ത, കാമ,ക്രോധ,ലോഭ,മോഹങ്ങള്‍ എല്ലാമുള്ള വെറും സാദാ മനുഷ്യന്‍ മാത്രമാണ് താനെന്ന് സര്‍ക്കാര്‍ കണ്ടെത്തലി
നോടുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്നു വ്യക്തമാകുകയും ചെയ്തു.എന്നിട്ടും അദ്ദേഹം ദൈവമാണെന്നാണ് ഭക്തരുടെ പ്രചരണം.

പുട്ടപര്‍ത്തിയിലെ ആള്‍ദൈവം കുളിമുറിയിലോ മറ്റോ വീണ് നടുവൊടിഞ്ഞിട്ടും ദൈവമാണെന്നു വിശ്വസിച്ച് ആരാധി
ക്കുമ്പോള്‍ ഇതില്‍ അതിശയിക്കേണ്ട കാര്യമില്ല.തൊട്ടടുത്ത കടപ്പുറത്ത് സുനാമിത്തിരകള്‍ അടിച്ച് മനുഷ്യനും വീടും വളര്‍ത്തു മൃഗങ്ങളും നശിച്ചത് വള്ളിക്കാവിലെ അമ്മദൈവം അറിഞ്ഞത് ഭക്തന്മാരും മറ്റു മാലോകരും അറിഞ്ഞതിനു ശേഷമാണ്.എന്നിട്ടും അവരെയും ദൈവമാണെന്നും പറഞ്ഞ് കുമ്പിടാന്‍ ജനം ക്യൂ നില്‍ക്കുന്നു!നാല്പത്തഞ്ചുംഅമ്പതും ലക്ഷം കോഴ വാങ്ങി സ്വന്തം മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ സീറ്റു വില്‍ക്കുന്ന അവര്‍ നടത്തുന്ന കഞ്ഞിവീ
ഴ്ത്തു ചൂണ്ടിക്കാട്ടി ദാനശീലത്തെ വാഴ്ത്താന്‍ ഇടതുപക്ഷ മന്ത്രിമാര്‍ പോലും മത്സരിക്കുന്നു!!

വിശ്വാസത്തിന്റെ ഹിസ്റ്റീരിയാ ബാധിച്ചവര്‍ക്ക് സ്വയം ദുരനുഭവങ്ങളുണ്ടാകുമ്പോഴേ ബോധം ഉണ്ടാകു.അത് നമുക്ക് കാ
ലത്തിനു വിടാം.പക്ഷേ ഈ ആള്‍ ദൈവങ്ങളുടെ പഞ്ചനക്ഷത്ര സങ്കേതങ്ങളില്‍ ഇങ്ങനെ വെടിയും പുകയും ഉയരുന്ന
ത് എന്തുകൊണ്ടെന്ന് അന്വേഷിക്കുവാനുള്ള ചുമതല ഭരണകൂടങ്ങള്‍ക്കുണ്ട്.ഏതാനും വര്‍ഷം മമ്പു സായിബാബയെ വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഒരു മലയാളി യുവാവിനെ ദൈവത്തിന്റെ അംഗരക്ഷകര് വെടി വയ്ക്കുകയുണ്ടായി.
ആ കേസ് എങ്ങനെ അവസാനിച്ചു എന്ന് ആര്‍ക്കും അറിയില്ല.അമൃതാനന്ദമയിയെ അവരുടെ സങ്കേതത്തിലെ ത
ന്നെ ഒരു അന്തേവാസി കുത്താന്‍ ചെന്നെന്നും പറഞ്ഞ് മര്‍ദ്ദിച്ചത് ഒരിക്കല്‍ വാര്‍ത്തയായിരുന്നു.അയാള്‍ മാനസിക
രോഗി ആയിരുന്നു എന്നാണ് അമ്മദൈവത്തിന്റെ പബ്ലിസിറ്റി മാനേജര്‍മാര്‍ പറഞ്ഞുപരത്തിയത്. ആ സാധുവിനും പിന്നീട് എന്തു സംഭവിച്ചു എന്നും ആര്‍ക്കും അറിയില്ല.

ഇപ്പോള്‍ ശ്രീശ്രീ രവിശങ്കറുടെ ആശ്രമത്തിലെ വെടിവയ്പിന് തുമ്പുണ്ടാക്കിയെങ്കിലും ഒരു തമാശക്കഥയ്ക്കപ്പുറമുള്ള വിശ്വാ
സ്യത അതിനില്ല. വെടിവയ്പ് തനിക്കെതിരെ നടന്ന വധശ്രമമാക്കി ചിത്രീകരിച്ചത് സ്വന്തം അനുയായികള്‍ പോലും വിശ്വസിച്ചില്ല.ഭക്തര്‍ തമ്മില്‍ നടത്തിയ ശണ്ഠയാണ് വെടിവയ്പില്‍ എത്തിയതെന്ന യഥാര്‍ത്ഥ വസ്തുത കേന്ദ്ര ആഭ്യന്ത
ര മന്ത്രി വെളിപ്പെടുത്തിയത് വല്ലാത്ത മാനക്കേടായി.ഡി.വൈ.എഫ്.ഐ യെ ചീത്ത പറഞ്ഞും മറ്റും താന്‍ പ്രീണി
പ്പിച്ചു നിര്ത്തിയിരുന്ന ആര്‍ഷസംസ്കാര സംരക്ഷക പാര്‍ട്ടി സര്‍ക്കാരിന്റെ പോലീസ് കൂടി അതേ നിലപാടെടുത്തത് അതിനേക്കാള്‍ വലിയ ക്ഷീണമായി.'ആര്‍ട്ട് ഓഫ് ലിവിങ്ങി'ന്റെ ഉപജ്ഞാതാവിന്റെ മുഖം രക്ഷിക്കാന്‍ അണിയറ
യില്‍ നടന്ന 'ആര്‍ട്ട് ഓഫ് ലൈയിങ്'(കള്ളം പറച്ചില്‍)വീരന്മാരുടെ പുനരാലോചനയുടെ ഫലമാകും, പട്ടിക്കു വച്ച വെടി അബദ്ധത്തില്‍ ചുറ്റിത്തിരിഞ്ഞ് ഭക്തനു കൊണ്ടതാണെന്ന കണ്ടെത്തല്‍.പോലീസിന്റെ പുതിയ വ്യാഖ്യാനത്തില്‍ ദൈവം തൃപ്തനാണെന്ന പ്രസ്താവന കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കുമ്പോള്‍ കാര്യങ്ങള്‍ വളരെ വ്യക്തമാകും.

ജനങ്ങളെയും സര്‍ക്കാരിനെയും കബളിപ്പിച്ചു ഭക്തി വ്യവസായം നടത്തുന്ന ആള്‍ദൈവങ്ങളുടെ സങ്കേതങ്ങള്‍ ആയുധപ്പുരകളായി മാറിക്കൊണ്ടിരിക്കുകയാണ്.രക്ഷകരെന്ന് ഭക്തരെ വിശ്വസിപ്പിച്ച് വിലസുന്നവര്‍ക്ക് എന്തിനാണ് അംഗ രക്ഷകരും ആയുധസന്നാഹങ്ങളും?സാധാരണ നിയമങ്ങള്‍ തങ്ങള്‍ക്കു ബാധകമല്ലെന്ന മട്ടിലാണിവരുടെ പ്രവ
ര്‍ത്തനങ്ങള്‍.വോട്ടു ലക്ഷ്യമാക്കിയും വിശ്വാസത്തിന്റെ പേരിലും വ്യാജദൈവങ്ങളെ കയറൂരി വിടുന്ന ഭരണകര്‍ത്താ ക്കള്‍ ഗുരുതരമായ ഉത്തരവാദിത്തമില്ലായ്മയാണ് കാട്ടുന്നത്.കൊലയാളിയുടെയും ഭീകരപ്രവര്‍ത്തകന്റെയും ഗുണ്ടകളുടെ
യും പോലും മനുഷ്യാവകാശങ്ങളെ കുറിച്ച് ഉത്കണ്ഠപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ഈ ആള്‍ ദൈവങ്ങളുടെ അന്തപ്പുരങ്ങളില്‍ അരങ്ങേറുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കു നേരേ മൗനം പാലിക്കുക
യാണ്.

സാമാന്യ ബുദ്ധി ആര്‍ക്കും അടിയറ വച്ചിട്ടില്ലാത്തവര്‍ സംഘടിച്ചെങ്കിലേ ഈ വ്യാജ സത്വങ്ങള്‍ നടത്തുന്ന സാമൂഹിക മലിനീകരണം അവസാനിപ്പിക്കാന്‍ കഴിയൂ.
Fans on the page