Total Pageviews

Wednesday, September 2, 2015

ശ്രീനാരായണൻ ഈഴവഗുരുവോ?

Image result for sree narayana guru

ശ്രീനാരായണ ഗുരു ഈഴവരുടെ മാത്രം ഗുരുവാണെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ഗുരുവിന്  അപകീർത്തികരമാണ്‌.കുറേ നാളായി ഇദ്ദേഹം ശ്രീനാരായണനെ തന്റെ കുടുംബസ്വത്താണെന്നമട്ടിൽ തട്ടിക്കളിക്കാൻ തുടങ്ങിയിട്ട്.ശ്രീനാരായണ ധർമ്മ പരിപാലന യോഗം ജനറൽ സെക്രട്ടറി എന്നത് ശ്രീനാരായണനെ അധിക്ഷേപിക്കനുള്ള ലൈസൻസല്ല.

“നമുക്കു ജാതിയില്ല” എന്ന് വിളംബരം പുറപ്പെടുവിച്ച സന്യാസിയാണു ശ്രീനാരായണൻ.“നാം ജാതിഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരം കഴിഞ്ഞിരിക്കുന്നു.എന്നിട്ടും ചില പ്രത്യേക വർഗ്ഗക്കാർ നമ്മെ അവരുടെ വർഗ്ഗത്തിൽ പെട്ടതായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അതു ഹേതുവാൽ നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു.നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല....”എന്ന് ഏതു നടേശനും മനസ്സിലാകത്തക്കവണ്ണം അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്.
നടേശനു എഴുത്തും വായനയും വശമില്ലെങ്കിൽ അദ്ദേഹത്തിന്റെ മുമ്പിൽ ഓച്ഛാനിച്ചു നില്ക്കുന്ന ഏതെങ്കിലും കോളേജ് അദ്ധ്യാപകരെക്കൊണ്ട് ഗുരു എഴുതിയതും പറഞ്ഞിട്ടുള്ളതും എന്തൊക്കെയാണെന്നു വായിപ്പിച്ചു മനസ്സിലാക്കണം.“ജാതി ഭേദം മതദ്വേഷമേതുമില്ലാതെ” എന്നഗുരുവചനത്തിനർത്ഥം ജാതിയുണ്ടെന്നും ജാതി ചോദിക്കണമെന്നുമാണെന്നും ഒരുജാതി എന്നു ഗുരു ഉദ്ദേശിച്ചത് ഈഴവരെ ആണെന്നും ഇതിനു മുമ്പു പലപ്പോഴും നടേശൻ പറഞ്ഞിട്ടുണ്ട്.അന്നൊക്കെ വെറും വിടുവായത്തമാണെന്നു കണ്ട് ,ഗുരുവിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവർ ക്ഷമിക്കുകയായിരുന്നു.എന്നാൽ അടുത്തിടെ യോഗം ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും വർഗ്ഗീയവിഷം ചീറ്റുന്ന പ്രവീൺ തൊഗാഡിയായെപ്പോലുള്ള ഭീകരന്മാരുമായി ചങ്ങാത്തമാകുകയും ചെയ്തതോടെ ആരെയും എന്തും പറഞ്ഞുകളയാം എന്ന ഹുങ്കിൽ നാരായണ ഗുരുവിനെ ആക്ഷേപിക്കാനും അപവദിക്കാനുമാണു നടേശന്റെ ഭാവമെങ്കിൽ ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടാകും.

നാരായണഗുരുവിനെ “ഈഴവഗുരു”വായി വെള്ളാപ്പള്ളി നടേശൻ ചാപ്പ കുത്തിയതിന്നു പിന്നാലെ,അദ്ദേഹത്തിന്റെ മകനും യോഗം വൈസ്പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി,എസ്.എൻ.ഡി.പി.യോഗം വെറും ഈഴവസംഘം മാത്രമാണെന്നും സംശയമുള്ളവർ യോഗത്തിന്റെ ബൈലാ നോക്കണമെന്നും ആക്രോശിച്ച് രംഗത്തു വന്നിട്ടുണ്ട്.കഴിഞ്ഞ പത്തു പന്ത്രണ്ടു കൊല്ലമായി അച്ഛനും അമ്മയും മോനും മരുമക്കളും മറ്റുബന്ധുക്കളും കൂടി കസ്റ്റഡിയിൽ വച്ചിരിക്കുന്ന ഇപ്പൊഴത്തെ യോഗത്തിന്റെ ബൈലായിൽ എന്തൊക്കെ പറഞ്ഞിരിക്കുന്നു എന്ന് അറിഞ്ഞുകൂടാ.പക്ഷേ ഡോ.പല്പു മുൻ കൈ എടുത്ത് മഹാകവി കുമാരൻ ആശാൻ ജനറൽ സെക്രട്ടറി ആയി രൂപം കൊണ്ട എസ്.എൻ.ഡി.പിയിൽ കുറ്റിപ്പുഴ കൃഷ്ണപിള്ളയും ജോസഫ് മുണ്ടശേരിയും യുക്തിവാദി എം.സി.ജോസഫും തങ്ങള്‍ കുഞ്ഞു മുസലിയാരും അംഗങ്ങളായിരുന്നു.അവർ ആരും ഈഴവരായിരുന്നില്ല.ഇതിൽ നിന്നും,ഒരു വ്യാഴവട്ടത്തിനിടയിൽ നടേശനും സംഘവും കൂടി ബൈലാ തിരുത്തി “യോഗ”ത്തെ ഈഴവസംഘമാക്കിയെന്നു വേണം അനുമാനിക്കാൻ.അങ്ങനെയാക്കിയാലും ശ്രീനാരായണഗുരുവിനെ ഈഴവഗുരുവായി ചാപ്പകുത്താൻ യോഗത്തിന്‌ യാതൊരു അർഹതയുമില്ല.

1916 ൽ ആലുവാ അദ്വൈതാശ്രമത്തിൽ നിന്ന് ഡോ.പല്പുവിനു് അയച്ച കത്തിൽ "യോഗത്തിന്റെ നിശ്ചയങ്ങൾ നാമറിയാതെ പാസ്സാക്കുന്നതു കൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിക്കുന്ന കാര്യങ്ങളിൽ ഇല്ലാത്തതു കൊണ്ടും യോഗത്തിനു ജാത്യഭിമാനം വർദ്ധിച്ചു വരുന്നതുകൊണ്ടും മുമ്പേതന്നെ മനസ്സിൽ നിന്നു വിട്ടിരുന്നതു പോലെ ഇപ്പോൾ വാക്കിൽ നിന്നും യോഗത്തെ വിട്ടിരിക്കുന്നു.” “ഗുരു യോഗത്തൊടുള്ള മനോഭാവം സംശയത്തിനു വകയില്ലാത്തവണ്ണം പ്രകടിപ്പിച്ചിട്ടുണ്ട്.

സ്വാമിയുടെ സന്യാസി ശിഷ്യന്മാരിൽ ഏറിയപങ്കും ഈഴവരായിരുന്നില്ല.നടേശനും മോനും മറ്റ് ഈഴവന്മാർക്കും വേണ്ടിയല്ല ഇന്നു സർവ്വരാലും കൊണ്ടാടപ്പെടുന്ന “ദൈവദശകം” ശ്രീനാരായണൻ രചിച്ചത്.അദ്ദേഹം വെറും ഈഴവ ഗുരു മാത്രമായിരുന്നെങ്കിൽ,അനുകമ്പാദശകത്തിൽ,
“പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധർമ്മമോ
പരമേശ പവിത്ര പുത്രനോ?
കരുണാവാൻ നബി മുത്തു രത്നമോ? “എന്ന് എഴുതുമായിരുന്നോ?

മഹാത്മാഗാന്ധിയും മഹാകവി രവീന്ദ്രനാഥ ടാഗോറും ബഹുമാനിച്ചിരുന്ന,ജാതി മത വർഗ്ഗ വികാരങ്ങൾക്കതീതമായി ചിന്തിക്കുകയും പറയുകയും പ്രവർത്തിക്കുകയും ചെയ്ത ഒരു വിശ്വഗുരുവിനെ നിന്ദിക്കാനും അപമാനിക്കാനുമുള്ള ശ്രമത്തിൽ നിന്നും നടേശനും മകനും പിന്തിരിയുന്നതാണു നല്ലത്.

Fans on the page