Total Pageviews

Tuesday, September 25, 2012

മഹാനടനും അനുശോചന നടനവും



ലോക നടന്മാരോട് കിടപിടിക്കുന്ന മലയാളത്തിന്റെ അഭിനയ ചക്രവർത്തി അരങ്ങൊഴിഞ്ഞു.സമാനതകളില്ലാത്ത അഭിനയ മുഹൂർത്തങ്ങൾ നമുക്കു സമ്മാനിച്ച ആ മഹാ പ്രതിഭയുടെ ഓർമ്മയ്ക്കു മുമ്പിൽ ആദരാഞ്ജലികൾ.

തിലകൻ എന്ന നടന്റെ അഭിനയ വൈഭവത്തെയും സ്വഭാവ വൈചിത്ര്യത്തെയും വിലയിരുത്തുവാൻ അർഹതയുള്ളവരും ഇല്ലാത്തവരും ഇതിനകം തന്നെ ഏറെ വിലയിരുത്തിക്കഴിഞ്ഞു.സിനിമയുടെ മായിക ലോകത്ത് നടക്കുന്ന കുത്തിത്തിരുപ്പിന്റെയും കുതികാൽ വെട്ടിന്റെയും പാര വയ്പിന്റെയും പാലം വലിപ്പിന്റെയും തീവ്രത മലയാളിക്കു മനസ്സിലാക്കിത്തന്നതു തിലകന്റെ ജീവിതമാണു.ആരുടെയും മുമ്പിൽ തല കുനിക്കാത്ത ആ മനുഷ്യന്റെ മരണമാകട്ടെ അനുശോചനത്തിലും അഭിനയ മുഹൂർത്തങ്ങൾക്കു സാദ്ധ്യതയുണ്ടെന്നു തെളിയിച്ചിരിക്കുന്നു.ആത്മ വഞ്ചനയുടെ അവതാരങ്ങളാണു മിക്ക സൂപ്പർ സ്റ്റാറുകളും സാദാ സ്റ്റാറുകളും അവരുടെ ഉപഗ്രഹങ്ങളും എന്ന് മനസ്സിലാക്കാനും തിലകന്റെ വേർപാടിനു സാധിച്ചു.

കേരളകൗമുദിയുടെ കാർട്ടൂണിസ്റ്റ്,സുജിത് സുചിപ്പിച്ച,“അമ്മ”(താരസംഘടന​)‍മഴക്കാർ ഒഴുക്കിയ മുതലക്കണ്ണീരിൽ തിലകന്റെ ചിതാഭസ്മം പോലും ഒഴുകിപ്പോയിട്ടുണ്ടാകണം.അപ്രിയ സത്യങ്ങൾ വിളിച്ചു പറഞ്ഞതിന്റെ പേരിൽ തിലകനെ വേട്ടയാടിയവർ,അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോൾ ചൊരിഞ്ഞ പ്രശംസാ വചനങ്ങളും ദു:ഖപ്രകടനങ്ങളും കേൾക്കുകയും കാണുകയും ചെയ്തപ്പോൾ ഓക്കാനമാണു തോന്നിയത്.ഷൂട്ടിങ്ങ് ലൊക്കേഷനിലല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം കാണാൻ പോലുമെത്താത്ത സൂപ്പർ സ്റ്റാറുമാരും അവരുടെ വാലുകളും കൂടി ആടിയ അനുശോചനനടനം കണ്ടിരുന്നെങ്കിൽ ശവപ്പെട്ടിയിൽ നിന്നും എഴുന്നേറ്റു വന്ന് തിലകൻ രണ്ടു പൊട്ടിക്കുമായിരുന്നു.ആത്മവഞ്ചകരുടെ ഈ അഴിഞ്ഞാട്ടത്തിനിടയിലും ആത്മാർത്ഥതയുടെ മിന്നാലാട്ടം കണ്ടതു പറയാതിരിക്കാൻ കഴിയില്ല.തിലകൻ മരിച്ചതിന്റെ  ആഹ്ലാദം മറച്ചു വയ്ക്കാൻ കാവ്യാ മാധവനു കഴിഞ്ഞില്ല.അപ്പൂപ്പനാകാൻ പ്രായമുള്ള അദ്ദേഹത്തെ “ചേട്ടൻ”എന്നു പരാമർശിച്ചു കൊണ്ട് താരസുന്ദരി സുസ്മേരവദനയായി നടത്തിയ അനുശോചനപ്രസംഗത്തിൽ ഒരു ശല്യം ഒഴിഞ്ഞതിന്റെ ആശ്വാസവും സന്തോഷവും പ്രകടമായിരുന്നു.

ജീവിച്ചിരിക്കെ “അമ്മ” എന്ന താര  സംഘടനയുടെ മറവിൽ  സൂപ്പർ സ്റ്റാറുകളും ചിന്നസ്റ്റാറുകളും സൂപ്പർ സംവിധായകരും പെട്ടിയെടുപ്പുകാരും കൂടി തിലകനെതിരെ ചെയ്ത ദ്രോഹങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിനു ചേർന്നതായിരുന്നില്ല.ഊരുവിലക്കും ഭ്രഷ്ടും തൊഴിൽ നിഷേധവും നടപ്പാക്കാൻ ശ്രമിച്ചവർ, സീരിയലിൽ പോലും അഭിനയിക്കാൻ സമ്മതിക്കാതിരുന്നവർ, ഒക്കെ ഇപ്പോൾ തിലകന്റെ അഭിനയെ സിദ്ധിയെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നതു കേട്ടാൽ കാണ്ടാമൃഗങ്ങൾ പോലും നാണിച്ചു പോകും.തിലകന്റെ വളയാത്ത നട്ടെല്ലിനെ കുറിച്ചും കുനിയാത്ത ശിരസ്സിനെകുറിച്ചും ഇപ്പോൾ അഭിമാന പുരസ്സരം ഓർമ്മിക്കുന്ന താരമന്നന്മാർ ആ നട്ടെല്ലു വളയ്ക്കാനും തലതച്ചു തകർക്കാനും ഒളിച്ചും പാത്തും നേരിട്ടും നടത്തിയ അശ്ലീലകരമായ ആക്രമണങ്ങൾ മലയാളികൾ മറക്കാറായിട്ടില്ല.

തിലകന്റെ മൃതദേഹം പൊതു ദർശനത്തിനു വയ്ക്കാനും വിലാപയാത്രയും ശവദാഹവും ഗംഭീരമാക്കാനും ഉത്സാഹിച്ച സിനിമാ മന്ത്രി പുംഗവനും സുഹൃത്തായ സംഗീത “പ്രതിഭ”യും കൂടി രണ്ടാമന്റെ ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കെ തിലകനെയും സുകുമാർ അഴീക്കോടിനെയും പറ്റി പറഞ്ഞ പോഴത്തങ്ങൾ നിരവധി പേരുടെ മനസ്സിൽ ഇപ്പോഴും മങ്ങാതെയുണ്ട്.തിലകൻ കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു എന്ന് ഇപ്പോൾ അഭിമാനം കൊള്ളുന്ന സംസ്കാരത്തിന്റെ പഴയ സോൾ എജന്റ്, മന്ത്രിയായിരുന്ന കാലത്ത് തന്നോടു കാട്ടിയ നീതിനിഷേധത്തിന്റെ കഥകൾ തിലകൻ തന്നെ വെളിപ്പെടുത്തിയത് പത്രത്താളുകളിൽ നിന്നു മാഞ്ഞു പോയിട്ടില്ല.
 
തിലകനെപ്പറ്റി അനുകൂലിച്ചായാലും പ്രതികൂലിച്ചായാലും എന്തെങ്കിലും പറയാൻ അർഹതയുള്ള സിനിമാക്കാർ ആരെങ്കിലുമുണ്ടെങ്കിൽ അത് സംവിധായകരായ വിനയനും രഞ്ജിത്തും അലി അക്ബറുമാണു.തിലകനെ വച്ച് സിനിമാ പിടിച്ചതിന്റെ പേരിൽ അലി അക്ബറിന്റെ കാറും വീടും എല്ലാം തല്ലിപ്പൊളിച്ചിട്ട് അധിക നാളുകളായില്ല.തിലകനെതിരെ ഉണ്ടായ എല്ലാ ആക്രമണങ്ങളെയും അദ്ദേഹത്തിനൊപ്പം നിന്ന് നേരിട്ട ആളാണു വിനയൻ.മാഫിയാ സംഘമെന്ന് തിലകൻ വിശേഷിപ്പിച്ച“അമ്മ”യുടെ മക്കൾഗുണ്ടകളുടെ എതിർപ്പ് അവഗണിച്ച് വീണ്ടും മുഖ്യധാരാ സിനിമയിൽ അഭിനയിപ്പിക്കാൻ ചങ്കൂറ്റം കാട്ടിയ സംവിധായകനാണു രഞ്ജിത്ത്.

ഡോ.സുകുമാർ അഴീക്കോട് ഇല്ല്ലായിരുന്നെങ്കിൽ, ഇന്ന് മുതലക്കണ്ണീർ പൊഴിക്കുന്ന താര‘കങ്കാളങ്ങ'ളും സംവിധായക സൃഗാലങ്ങളും കൂടി എന്നേ തിലകനെ ചവിട്ടിക്കൂട്ടുമായിരുന്നു.താൻ ഒറ്റയ്ക്കല്ലെന്ന ബോധമുണ്ടാക്കുവാനും വർദ്ധിതവീര്യത്തോടെ സിനിമാക്കാരുടെ മാഫിയപ്രവർത്തനത്തിനു തടയിടാനുള്ള ഊർജ്ജം പകരാനും അഴീക്കോടിന്റെ ഇടപെടൽ തിലകനെ ഒട്ടൊന്നുമല്ല സഹായിച്ചത്.അതിന്റെ പേരിൽ അഴീക്കോടിനു മതിഭ്രമമാണെന്നു പറഞ്ഞ് ആക്ഷേപിക്കാനാണു ഒരു സൂപ്പർ സ്റ്റാർ മുതിർന്നത്.കാശിനും പ്രസിദ്ധിയ്ക്കും വേണ്ടി എന്തും ചെയ്യുന്ന ഒരു സ്ത്രീവേഷത്തെ എഴുന്നള്ളിച്ച് അദ്ദേഹത്തിനെ അപമാനിക്കുവാനും സൂപ്പർ സ്റ്റാറും മാഫിയാ സംഘവും ശ്രമിക്കുകയും ചെയ്തു.പക്ഷേ വ്യാജയൗവ്വന വേഷക്കാരും പ്രായത്തിനു തോല്പിക്കാനാകാത്ത യൗവ്വനം മനസ്സിൽ സൂക്ഷിക്കുന്ന രണ്ടു വൃദ്ധരും തമ്മിലുള്ള ഏറ്റുമുട്ടലിൽ വ്യാജന്മാർ പരാജയപ്പെട്ടു .

ഹോളിവുഡ് സിനിമയിൽ അഭിനയിക്കാൻ കരാർ ചെയ്യപ്പെട്ട തിലകനെ അതിൽ അഭിനയിപ്പിക്കാതിരിക്കാൻ “അമ്മ”മാഫിയാകൾക്കു കഴിഞ്ഞെങ്കിലും തനിക്കു കിട്ടാനുള്ള പ്രതിഫലം തിലകൻ സമരം ചെയ്തു വാങ്ങുകതന്നെ ചെയ്തു.പകരം വയ്ക്കാൻ മറ്റാരുമില്ലെന്നു തിരിച്ചറിഞ്ഞിട്ടും മരണം വരെ അദ്ദേഹത്തിനെതിരെ ഏർപ്പെടുത്തിയ വിലക്കു പിൻവലിക്കാൻ സന്മനസ്സുകാട്ടാത്തവർ ഇപ്പോൾ അദ്ദേഹം അഭിനയത്തിന്റെ പെരുന്തച്ചനായിരുന്നു എന്നു പറഞ്ഞ് കണ്ണു നിറയ്ക്കുമ്പോൾ തങ്ങൾ സിനിമാലോകത്തെയും പ്രേക്ഷകരെയും പൊതു സമൂഹത്തെയും വഞ്ചിക്കുകയായിരുന്നു എന്നു സമ്മതിക്കുകയാണു.മലയാള സിനിമയ്ക്കും തിലകനും വരുത്തിവച്ച നഷ്ടം അപരിഹാര്യമണു.അതുകൊണ്ടു തന്നെ ഈ മഹാ അപരാധത്തിനു നിരുപാധികം മാപ്പു ചോദിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും ഇവർ കാണിക്കണം.


Fans on the page

Saturday, September 22, 2012

"കള്ളുചെത്തി വില്ക്കണം..."




“കള്ള് ചെത്തരുത്;കുടിക്കരുത്;വില്ക്കരുത്”,“ചെത്തുന്നവനെ നാറും;അവന്റെ വീടും നാറും”, എന്ന് ശ്രീനാരായണഗുരു വർഷങ്ങൾക്കു മുമ്പു പറഞ്ഞതാണു.ഇപ്പോൾ കേരള ഹൈക്കോടതിയും പറയുന്നു കള്ളുകച്ചവടം അവസാനിപ്പിക്കണമെന്ന്.പക്ഷേ ഗുരുവിന്റെ പേരിൽ സ്ഥാപിതമായ “എസ്.എൻ.ഡി.പി യോഗം(ശ്രീനാരായണ ധർമ്മ പരിപാലന യോഗം)ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയ്ക്കു നേരേ ചീറിയടുക്കുന്നു!!എലിയെ തോല്പ്പിച്ച് ഇല്ലം ചുടുന്നതിനു തുല്യമാണത്രേ ഹൈക്കോടതിയുടെ നിർദ്ദേശം.നിയമങ്ങളും ചട്ടങ്ങളും കർശനമാക്കി കള്ളുവ്യവസായത്തെ സംരക്ഷിക്കുകയാണു വേണ്ടത് എന്നാണു നടേശഗുരുവിന്റെ ഉപദേശം.

കള്ളിന്റെ മറവിൽ ചാരായവും വ്യാജമദ്യവും വില്ക്കുന്നതു തടയാനും സമൂഹത്തിലെ പാവപ്പെട്ടവരെ മദ്യത്തിന്റെ ദൂഷ്യ ഫലങ്ങളിൽ നിന്നു സരക്ഷിക്കാനും കള്ളു കച്ചവടം അവസാനിപ്പിക്കയാണു വേണ്ടതെന്ന ഹൈക്കോടതിയുടെ നിർദ്ദേശമാണു നടേശനെ ചൊടിപ്പിച്ചത്.കള്ളുകച്ചവടം നിർത്തിയാൽ തൊഴിലാളികൾക്കു പണിയില്ലാതാകും എന്നാണു വെള്ളാപ്പള്ളിയുടെ വാദം.തൊഴിലാളികളുടെ പണി പോകുമെന്ന ആശങ്ക അസ്ഥാനത്തണെന്നും കെട്ടിട നിർമ്മാണം,കൃഷി തുടങ്ങിയ വിവിധ മേഖലകളിൽ തൊഴിൽ സാദ്ധ്യതയുണ്ടെന്നും കോടതി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.എന്നിട്ടും വെള്ളാപ്പള്ളി പഴകിത്തേഞ്ഞ പല്ലവി ആവർത്തിച്ച് കള്ളുകച്ചവടത്തെയും ചെത്തിനെയും ന്യായീകരിക്കുകയാണു.

ഈ പ്രശ്നത്തിൽ ഹൈക്കോടതിയോടു മാത്രമല്ല നടേശനു കലഹം .കള്ളു കച്ചവടത്തിനെതിരേ സംസാരിക്കുന്ന സകലരേയും കടിച്ചു കീറാൻ നില്ക്കുകയാണദ്ദേഹം.കോടതി പരാമർശത്തെ അനുകൂലിച്ചതിന്റെ പേരിൽ ആർ.ബാലകൃഷ്ണപിള്ളയ്ക്കെതിരേയാണു ഇന്ന് യോഗം ജനറൽ സെക്രട്ടറിയുടെ രോഷം .കള്ളു വില്പന നിർത്തണമെന്നു പറയുന്നവരോട് ഇത്ര അമർഷവും വിരോധവുമാണുള്ളതെങ്കിൽ കള്ളു ചെത്തരുതെന്നും കുടിക്കരുതെന്നും വില്ക്കരുതെന്നും പറഞ്ഞ ഗുരുവിനോട് എന്തുമാത്രം ദേഷ്യം കാണും നടേശനു?ശ്രീനാരായണഗുരു ചെത്തുകാരുടെ നേതാവാണെന്നു എഴുതിപ്പിടിപ്പിച്ചവർക്കെതിരേ കേരളീയ സമൂഹം ഒന്നടങ്കം പ്രതിഷേധിക്കുമ്പോഴാണു കള്ളുമാഹാത്മ്യ സ്തോത്രങ്ങൾ ഉരുവിട്ട് നടേശൻ, ഗുരുവിനെയും നമ്മുടെ സാമൂഹികാന്തരീക്ഷത്തെയും  മലിനമാക്കുന്നത്!

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മദ്യവർജ്ജനവും അയിത്തോച്ചാടനവും അതിന്റെ പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുത്തുന്നതിനും എത്രയോ മുമ്പ് ഈ രണ്ടു വിഷയങ്ങളിലും സക്രിയമായി പ്രതികരിച്ച ആളാണു ശ്രീനാരായണ ഗുരു.മദ്യത്തോടും ചെത്തിനോടും ഉള്ള അദ്ദേഹത്തിന്റെ വെറുപ്പ് വെറും പ്രകടനമായിരുന്നില്ല.“ചെത്തരുത്,കുടിക്കരുത്,വില്ക്കരുത്”എന്നത് മദ്യവർജ്ജനക്കാർക്ക് ജാഥയിൽ വിളിക്കാൻ എഴുതിക്കൊടുത്ത മുദ്രാവാക്യവുമായിരുന്നില്ല.മദ്യത്തിന്റെ പിടിയിൽ പെട്ട് നാശത്തിന്റെ പടുകുഴിയിൽ പതിച്ച നിരവധി കുടുംബങ്ങളുടെ ദുരവസ്ഥ മനസ്സിലാക്കിയ ഒരു മഹാഗുരുവിന്റെ ഉള്ളിൽ നിന്നു പുറപ്പെട്ട ഉപദേശ രൂപത്തിലുള്ള ശാസനയായിരുന്നു.

“ചെത്താനുപയോഗിക്കുന്ന കത്തി കൊണ്ട് കുറഞ്ഞത് നാലു ക്ഷൗരക്കത്തിയുണ്ടാക്കാം.ക്ഷൗരം ചെയ്തുണ്ടാക്കുന്ന പണം ചെത്തിയുണ്ടാക്കുന്നതിനേക്കാൾ എത്ര അന്തസ്സുള്ളതാണു.”എന്ന ഗുരുവിന്റെ വാക്കുകളിൽ ചെത്തിനോടും കള്ളിനോടുമുള്ള എതിർപ്പിന്റെ കാഠിന്യം വ്യക്തമാണു.ഒരു ചെത്തുകാരൻ ഭാര്യയുമായി വഴക്കിട്ട് ശിവഗിരിയിൽ എത്തി ,തനിക്കു സന്യസിക്കണമെന്നു പറഞ്ഞപ്പോൾ,“ഓ! ചെത്തിന്റെ ഉത്തരകാണ്ഡം സന്യാസമാണോ?”എന്നു പരിഹസിച്ചു വിടുകയാണു സ്വാമി ചെയ്തത്.ചെത്തു നിർത്തിയാൽ കുടുംബം പട്ടിണിയാകുമെന്നു പറഞ്ഞ മറ്റൊരുവനോട്,മീൻ കച്ചവടം ചെയ്യാൻ ഉപദേശിക്കുക മാത്രമല്ല അതിനാവശ്യമായ പണവും നല്കി.

വെള്ളാപ്പള്ളി നടേശനു ഗുരുവിന്റെ ഈ ഉപദേശങ്ങളോട് എതിർപ്പുണ്ടാകുന്നതിൽ കുറ്റപ്പെടുത്താനാകില്ല.തനിക്ക് ഉത്തമവിശ്വാസമുള്ള കാര്യത്തിനു വേണ്ടി സംസാരിക്കുന്നതും പോരാടുന്നതും അന്തസ്സുള്ള കാര്യമാണു;ആണത്തവുമാണു.പക്ഷേ ചെത്തിനെയും കള്ളു കച്ചവടത്തെയും അങ്ങേയറ്റം വെറുത്ത ഗുരുവിന്റെ ധർമ്മം (ഇതുമാത്രമല്ല ഗുരു ധർമ്മം)  പരിപാലിക്കാൻ വേണ്ടി സ്ഥാപിക്കപ്പെട്ട സംഘടനയായ എസ്. എൻ.ഡി.പി.യോഗത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് കള്ളുകച്ചവടത്തിനു വേണ്ടി സംസാരിക്കുന്നത് ആണത്തമല്ല.എന്നു മാത്രമല്ല മര്യാദകേടും ഗുരു നിന്ദയുമാണു.നടേശനു അല്പമെങ്കിലും അന്തസ്സുണ്ടെങ്കിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറി പദവി രാജിവച്ചിട്ടു വേണം കള്ളു ചെത്തുന്നതും വില്ക്കുന്നതും മഹത്തായ കാര്യമാണെന്നു വിളിച്ചു കൂവാൻ.



Fans on the page

Tuesday, September 11, 2012

ഉന്തിത്തള്ളുന്ന നായർക്ക്...........



             
“ഉന്തിത്തള്ളുന്ന നായർക്ക് നിരങ്ങിയടുക്കുന്ന അച്ചി”എന്നൊരു ചൊല്ലുണ്ടു മലയാളത്തിൽ.എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള ആലിംഗനവും കൈകുലുക്കലും ജാതകം കൈമാറ്റവും ഒക്കെ കാണുമ്പോൾ ഈ പഴഞ്ചൊല്ലാണു ഓർമ്മ വരുന്നത്.ഭൂരിപക്ഷ സമുദായങ്ങൾക്ക് അർഹമായതൊന്നും കൊടുക്കാതെ ന്യൂനപക്ഷങ്ങളെ സർക്കാർ പ്രീണിപ്പിക്കുന്നതു കണ്ട് സഹികെട്ടാണു പഴയ കൂറുപാടും കുശുമ്പും കീരി-പാമ്പ് “സൗഹാർദ്ദങ്ങ”ളും എല്ല്ലാം ഉപേക്ഷിച്ച് ചക്കരയും ഈച്ചയും പോലെ ഒത്തുചേരാൻ മാന്യ സെക്രട്ടറിമാർ തീരുമാനിച്ചത്.ന്യൂനപക്ഷങ്ങളും സർക്കരും കൂടി തട്ടിപ്പറിക്കുന്ന അവകാശങ്ങൾ നേടിയെടുക്കാൻ കൈമെയ് മറന്നു സഹകരിക്കുവാൻ കച്ച കെട്ടിയ ഇവർ, ഭൂരിപക്ഷ വർഗ്ഗം തന്നെ ഭൂരിപക്ഷാംഗങ്ങളെ ഉപദ്രവിക്കുന്നതു കാണുന്നില്ല.

ആറന്മുള ക്ഷേത്രത്തിൽ ദേവസ്വം ബോഡ് നിയമിച്ച ശാന്തിയെ അബ്രാഹ്മണനാണന്ന കാരണത്താൽ അവിടെ ചുമതല വഹിക്കാൻ സമ്മതിക്കാതെ മറ്റൊരിടത്തേക്കു മാറ്റിയത് ന്യൂനപക്ഷക്കാർ ആരുമല്ല.“നാലു വർഷമായി ഒരു ക്ഷേത്രത്തിൽ പൂജാരിയായിക്കഴിയുന്ന എന്റെ സർട്ടിഫിക്കറ്റ് പരിശോധിച്ച് ജാതി മനസ്സിലാക്കിയതോടെ ആറന്മുള ദേവസ്വം കമ്മീഷണറുടെ മട്ടു മാറി.എന്റെ പൂജാ പ്രാവീണ്യം തെളിയിക്കുന്ന,തന്ത്രി പുതുമന ശ്രീധരൻ നമ്പൂതിരിയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും കമ്മിഷണറുടെ മുഖം തെളിഞ്ഞില്ല.മണിക്കൂറുകൾക്കകം  അവിടെനിന്നും സ്ഥലം മാറ്റി.”എന്നാണു മനു ആനന്ദ് എന്ന അബ്രാഹ്മണ പൂജാരി വേദനയോടെ പത്രക്കാരോടു പറഞ്ഞത്.സവർണ്ണനല്ലാത്തതിന്റെ പേരിൽ ഈ ഭൂരിപക്ഷ സമുദായക്കാരനായ യുവാവിനെ അപമാനിച്ചതിനെതിരെ പ്രതികരിക്കാത്ത വെള്ളാപ്പള്ളിയും സുകുമാരൻ നായരും കൂടി വിളിച്ചുകൂവുന്ന ഭൂരിപക്ഷ സ്നേഹത്തിനു എന്തു വിശ്വാസ്യതയാണുള്ളത്?

അമൃതാനന്ദമയിയുടെ ഗുണ്ടകൾ ഒരു ഭൂരിപക്ഷ സമുദായ യുവാവിനെ മൃഗീയമായി കൊലപ്പെടുത്തിയപ്പോഴും ചേർത്തല,പെരുന്ന ബ്രദേഴ്സിനു മിണ്ടാട്ടമുണ്ടായില്ല.തങ്ങളുടെ പൊന്നു പിത്തളയായതിനു പണിതവനെ കുറ്റം പറയുവാൻ മാത്രമേ പുതിയ “നസു”(നടേശ,സുകുമാര)
ഐക്യം കൊണ്ടു കഴിയൂ എന്ന് വീണ്ടും തെളിയുകയാണു.  



Fans on the page