Total Pageviews

Sunday, November 25, 2007

കാക്കയെ ഛര്‍ദ്ദിക്കുന്നതെങ്ങനെ?അഥവാ പോലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നതെങ്ങനെ?

പൂര്‍വ്വകഥ: ഒരാള്‍ ചോര ഛര്‍ദ്ദിച്ചു.കറുത്ത കട്ടച്ചോര.സംഭവം മറ്റൊരാള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കാക്ക പോലെ കറുത്തചോര എന്നായി.പല നാവിലൂടെ വാര്‍ത്ത വളര്‍ന്നു.ഒടുവില്‍ കാക്കയെ ഛര്‍ദ്ദിച്ചെന്നയി.
പുതിയ കഥ: കുത്തകകള്‍ക്കെതിരെ എ.ഐ.വൈ.എഫ്.നടത്തിയ സമരം.രാവിലത്തെ വാര്‍ത്തയില്‍, പരക്കെഅക്രമം;ലാത്തിചാര്‍ജ്ജ്;കല്ലേറ് തുടങ്ങിയ പതിവ് വര്‍ത്തമാനം; അവയുടെ ദൃശ്യങ്ങള്‍.തുടര്‍ന്ന് പ്രതികരണം,അപലപിക്കല്‍ മുതലായ കലാപരിപാടികള്‍.ഇവിടെങ്ങും വനിതാസമരക്കാര്‍ പോലീസിനെ മര്‍ദ്ദിക്കുന്ന ദൃശ്യമോ വാര്‍ത്തയോ കണ്ടില്ല.വൈകുന്നേരമായപ്പോള്‍ വാര്‍ത്തയാകെ മാറി. സമരത്തോടനുബന്ധിച്ച് അറസ്റ്റിലായ രണ്ട് വനിതകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി പി ഐ സംസ്ഥാന സെക്രട്ടറി സ.വെളിയം ഭാര്‍ഗ്ഗവന്‍ കന്‍റോണ്മന്‍റ് പോലീസ് സ്റ്റേഷനിലെത്തിയതായി വാര്‍ത്തയും ദൃശ്യങ്ങളും.പിന്നീട് രണ്ട് മന്ത്രിമാര്‍ കൂടി രംഗത്തെത്തുന്നു.'വനിതകളെ വിട്ടെങ്കലേ താങ്കള്‍ ഇവിടം വിടുകയുള്ളോ?' എന്ന് മാധ്യമപ്പടയുടെ ചോദ്യം വെളിയത്തിനോട്. 'ഞാന്‍ പോകുന്നതും വരുന്നതുമല്ല പ്രശ്നം.ആ പെണ്‍കുട്ടികളെ വിട്ടേ പറ്റൂ' എന്ന് അദ്ദേഹം.പിന്നീട്,കെ.ഇ ഇസ്മായില്‍(സിപിഐ.അസി.സെക്രട്ടറി) ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വനിതകളെ വിട്ടയച്ചു എന്ന് വാര്‍ത്ത വരുന്നു. മോചിപ്പിക്കപ്പെട്ടവരെയും കൊണ്ടുള്ള പ്രകടനത്തിന്‍റെ ദൃശ്യങ്ങള്‍.കൂടെ പോലീസിനു നേര്‍ക്ക് കൈ ഉയര്‍ത്തുന്ന രാഖി എന്ന സമരക്കാരിയുടെ ദൃശ്യങ്ങള്‍. അവരുടെ ചുരിദാര്‍ഷാള്‍ പിടിച്ചെടുക്കാന്‍ ആരോ ശ്രമിക്കുന്നതു കാണാമെങ്കിലും ആരെന്നു വ്യക്തമല്ല. അടുത്ത ദിവസമായപ്പോള്‍ വാര്‍ത്തയില്‍ സമരവുമില്ല.മോചിപ്പിക്കാന്‍ പോയ വെളിയവുമില്ല. അതിനു പകരം പോലീസുകാരെ മര്‍ദ്ദിച്ച സ്ത്രീകളെ പോലീസ് സ്റ്റേഷനില്‍ ചെന്നു മന്ത്രിമാര്‍ മോചിപ്പിച്ചു എന്നായി വാര്‍ത്ത. മന്ത്രിമാര്‍ ബലം പ്രയോഗിച്ചു കുറ്റവാളികളെ മോചിപ്പിച്ചു എന്ന് വ്യാഖ്യാനം. ചാനലുകളില്‍ ചര്‍ച്ച,വോട്ട്, ഫോണ്‍ പരിപാടി,എന്നുവേണ്ടാ സംഗതി കുശാല്‍.രാഖിയുടെ പോലീസ് മര്‍ദ്ദനവും മന്ത്രിമാരുടെ 'പോലീസ് സ്റ്റേഷനാക്രമണവും'ആഘോഷമാക്കി മാറ്റിയ ചാനലുകള്‍ സംഘടിപ്പിച്ചചര്‍ച്ചകളും മറ്റും ചോരയേയും കാക്കയേയും കുറച്ചൊക്കെ തിരിച്ചറിയാന്‍ അവസരം നല്‍കി. അതിങ്ങനെ:രാഖിയെ അറസ്റ്റു ചെയ്തത് സമരസ്ഥലത്തു നിന്നല്ല.ആശുപത്രിയില്‍ കിടക്കുന്ന ഭര്‍ത്താവിനെ കാണാന്‍ പ്രകടനം കഴിഞ്ഞ് സ്കൂട്ടറില്‍ പോകുമ്പോള്‍ വഴിയില്‍ വച്ചാണ്.സ്കൂട്ടറില്‍ അവരും കൂട്ടുകാരിയുംഇരിക്കുന്ന ദൃശ്യങ്ങള്‍ തന്നെ തെളിവ്.പ്രകടനത്തിന്‍റെ മുമ്പിലെങ്ങും അവരെ കാണാനില്ല.നടുറോഡില്‍ വച്ച് തന്‍റെ തോളില്‍ നിന്നും തുണി വലിച്ചെടുത്തപ്പോള്‍ തടഞ്ഞതേയുള്ളു എന്ന് അവര്‍ പറഞ്ഞപ്പോള്‍ 'അല്ല; താങ്കള്‍മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കാണുക'എന്ന് മൊഴിഞ്ഞ് ചാനല്‍ സുന്ദരി കാട്ടിയ വീഡിയോ ക്ലിപ്പിംഗില്‍ പക്ഷേ ഷാളില്‍ പിടിച്ചു വലിക്കുന്ന ആരുടയോ കൈ രാഖി തട്ടിമാറ്റുന്നതായാണ് കണ്ടത്.മാത്രമല്ല അവര്‍ക്കു ചുറ്റും ആണ്‍ പെണ്‍ പോലീസ് വ്യൂഹവും.അവരുടെ ചുണ്ടുകള്‍ വല്ലാതെ അനങ്ങുന്നു.അസഭ്യം പറയുകയായിരുന്നു അവര്‍ എന്ന രാഖിയുടെ ആരോപണം ശരിവയ്ക്കുന്ന തരത്തില്‍.പക്ഷേ രണ്ട് പ്രതിപക്ഷ നായകന്മാര്‍ പോലീസുകാരിയുടെ കവിളില്‍ രാഖിയുടെ അഞ്ചു വിരലും പതിഞ്ഞുകിടക്കുന്നതു കണ്ടുകളഞ്ഞു.അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.അവര്‍ അങ്ങനെ കാണാനും പറയാനും വിധിക്കപ്പെട്ടവര്‍.പൊതു സ്ഥലത്തു വച്ചുതുണി ഉരിയാന്‍ വന്നവരെ തടഞ്ഞത് മര്‍ദ്ദനമായി ചിത്രീകരിച്ച് പ്രതിക്കൂട്ടില്‍ നിര്‍ത്താനൊരുങ്ങുന്ന ചാനല്‍ വനിതയും മറ്റൊരുതരത്തില്‍ അവരെപ്പോലെ തന്നെ.പോലീസ് സ്റ്റേഷനില്‍ ആദ്യവസാനം കാണുന്നത് വെളിയത്തിനെയാണ്.അദ്ദേഹം ഇടപെട്ടിട്ടാണ് സ്ത്രീകളെ മോചിപ്പിച്ചതെന്നും വ്യക്തം.ഇടയ്ക്കെപ്പൊഴോ മന്ത്രിമാരെയും കാണാം.അതിനെയാണ് മന്ത്രിമാര്‍ ബീഹാറിലെപ്പോലെ പോലീസ് സ്റ്റേഷനാക്രമിച്ച് പ്രതികളെ മോചിപ്പിച്ചു എന്നൊക്കെയുള്ള ഗീര്‍വാണങ്ങള്‍.ചോര കാക്കയായത് വായ് മൊഴി മാത്രം പ്രചരണോപാധിയായി ഉണ്ടായിരുന്ന കാലത്താണെന്ന് പുതിയ പ്രചാരകര്‍ മറക്കുന്നു.

Monday, November 19, 2007

പാവം നിലവിളക്ക്

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തെ ഒരു ഉദ്ഘാടനച്ചടങ്ങ്।ഉദ്ഘാടനം നിര്‍ വഹിക്കേണ്ട മുസ്ലീം ലീഗ് മന്ത്രിനിലവിളക്ക് കൊളുത്തി അത് ചെയ്യാന്‍ വിസമ്മതിക്കുന്നു।നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാം മതവിശ്വാസത്തിന് വിരുദ്ധമണെന്ന് പിന്നാലെ വിശദീകരണം വരുന്നു. പലയിടത്തും ഈ വിശ്വാസപ്രകടനംആവര്‍ത്തിക്കുന്നു.രോഗം അറിയാവുന്നവര്‍ മുസ്ലീം ലീഗ് മന്ത്രിമാരുണ്ടെങ്കില്‍ ഉദ്ഘാടനത്തിന് മറ്റ് രീതികള്‍അവലംബിച്ചു തുടങ്ങി. ചാനലുകളില്‍ ചര്‍ച്ച,പത്രങ്ങളില്‍ ലേഖനങ്ങള്‍. ആകെ ബഹളമയം.അന്യ മതസ്ഥരുംപാര്‍ട്ടിക്കാരും അവിശ്വാസികളും മന്ത്രിമൊഴികള്‍ സത്യമായിരിക്കുമെന്ന് കരുതി.മതവികാരം മുറിപ്പെടുത്തെണ്ടാ എന്നുവിചാരിച്ച് മറ്റുള്ളവരും മിണ്ടിയില്ല. കഥകള്‍ നിറഞ്ഞ മാസങ്ങളും വര്‍ഷങ്ങളും പലത് പോയി.നിലവിളക്കുനിഷിദ്ധരുടെ കൈയില്‍ നിന്നും ഭരണവും പോയി. ഏതാനും ദിവസം മുമ്പ് വേറൊരു ഉദ്ഘാടനച്ചടങ്ങ്-സ്മാര്‍ട്ട് സിറ്റിയുടെ. ഇസ്ലാം മതത്തിന്‍റെ ജന്മനാട്ടിനടുത്തു നിന്നെത്തിയ മതവിശ്വാസികളും വേദിയിലുണ്ട്.നിലവിളക്കു കൊളുത്തിയാണ് ഉദ്ഘാടനം.മുഖ്യമന്ത്രിയും സ്മാര്ട്ട് സിറ്റി എക്സി.ഡയറക്റ്റര്‍ഫരീദ് അബ്ദുള്‍ റഹ് മാനും കൂടി സംയുക്തമായി നിര് വഹിക്കുമത്രെ.പഴയ നിലവിളക്ക് തിരക്കഥ അറിയുന്ന ജനം അമ്പരന്നിരിക്കുമ്പോള്‍ മുഖ്യമന്ത്രിക്കൊപ്പം അബ്ദുള്‍ റഹ് മാന്‍ മാത്രമല്ല ശ്രീമതി ജാസിയ മുഹമ്മദും(സ്മാര്‍ട്ട് സിറ്റി മാര്‍ക്കറ്റിങ് ഡയറക്റ്റര്‍)വിളക്കു കൊളുത്തുന്നു.പ്രവാചകന്‍റെ വചനങ്ങളുടെ കാന്തിപ്രസരമേറ്റ നാട്ടില്‍ നിന്നു വന്നവര്‍, മതമറിയാവുന്നവരേയും വ്യാജമതഭക്തരേയും തിരിച്ചറിയാന്‍ മലയാളിക്ക് അവസരം ഒരുക്കിത്തന്നു.ഉപ്പിനേക്കാള്‍ ഉപ്പുണ്ടെന്നു നടിച്ച ഉപ്പിലിട്ടതുകള്‍ മണ്‍പുറ്റാണെന്നും വ്യക്തമായി. പീഡനക്കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട നിലവിളക്കു വിരോധികള്‍ ഇനിയെങ്കിലും പാവം നിലവിളക്കിനെ കുറ്റവിമുക്തമാക്കുമോ?മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് രണ്ടുമല്ലാത്ത പരുവത്തിലായവര്‍ക്ക് ഇനിയെങ്കിലും ബുദ്ധിയുദിക്കുമോ?

Thursday, November 15, 2007

പ്രതിരോധമന്ത്രിയുടെ കൃഷിപ്പണി

കേന്ദ്രം അനുവദിച്ച പതിനേഴായിരം കോടി രൂപയുടെ കാര്‍ഷിക പാക്കേജിന്‍റെ ആദ്യ ഗഡു പോലും വാങ്ങാന്‍കേരള സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്‍റണി.അത്തരമൊരു പാക്കേജിനെപ്പറ്റി അറിയില്ലെന്ന് സംസ്ഥാന കൃഷിമന്ത്രി.ആന്‍റണി കള്ളം പറയുന്നെന്ന് മുഖ്യമന്ത്രി. പുളു അടിക്കുന്നെന്ന് സഹകരണ മന്ത്രി. സാക്ഷാല്‍ കേന്ദ്ര കൃഷിമന്ത്രി തന്നെ പറയുന്നു തനിക്കും പാക്കേജിനെക്കുറിച്ച് അറിയില്ലെന്ന്.ഒടുവില്‍ അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ ചെന്നപ്പോള്‍ ബോധമുദിച്ച പ്രതിരോധ മന്ത്രി മൊഴിയുന്നു,പാക്കേജ് കൃഷിക്കല്ല സഹകരണത്തിനാണെന്ന്.പത്ര സമ്മേളനത്തില്‍ വച്ചാണ് കോടികളുടെ കള്ളം/പുളു ആന്‍റണികൊളുത്തിയത്.തിരുത്തിയതാകട്ടെപത്രക്കുറിപ്പുവഴിയും.അത്രയെങ്കിലുംഉളുപ്പുണ്ടായല്ലോ.ഭാഗ്യം.പുളുവടിച്ചു മേനിനടിക്കാന്‍ പൊതുവേ വിമുഖനായിരുന്ന ഇദ്ദേഹം ഇപ്പോള്‍ ഇത്തരമൊരു വേഷം കെട്ടിയതെന്തിനാണ്?കേന്ദ്രത്തിലെ വിടുവായനായ മുറിമന്ത്രി കൂടെയുണ്ടായിരുന്നതിന്‍റെ ഫലമാകാം.പണ്ടൊക്കെപള്ളിയില്‍ പോകാതിരുന്ന ആന്‍റണി ഇപ്പോള്‍ പതിവായി പോയിത്തുടങ്ങിയതിന്‍റെ ഗുണമാകാം.ഇടതുപക്ഷസര്‍ക്കാരിന് തന്‍റെ വക ഒരു തോണ്ട് ഇരിക്കട്ടെ എന്നു കരുതിയതുമാകാം. എന്തായാലും പരിപാടി തീരെ നിലവാരം കുറഞ്ഞതായിപ്പോയി.സഹകരണവും കൃഷിയും തിരിച്ചറിയാന്‍കഴിയാത്ത ഇദ്ദേഹത്തിന്‍റെ കൈയ്യിലാണല്ലോ രാജ്യരക്ഷാവകുപ്പെന്നോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു.ഹെലികോപ്റ്ററും എലിപ്പത്തായവും ഒന്നാണെന്നു വിചാരിച്ച് വല്ല ഡീലും നടത്തിക്കളയുമോ ആവോ?ഈ പുളുപുരാണത്തില്‍ നിന്ന് ഒരു കാര്യം വ്യക്തമായി.അവനവന് കിട്ടിയ വകുപ്പിലല്ല മറ്റുള്ളവരുടെ വകുപ്പിലാണ് കേന്ദ്രത്തിലെ പല മന്ത്രിമാര്‍ക്കും നോട്ടം എന്ന്.

Monday, November 12, 2007

പുതിയ ധൃതരാഷ്ട്രന്മാര്‍

മഹഭാരതത്തിലെ ധൃതരാഷ്ട്രരെ നിഷ്പ്രഭനാക്കുന്ന രണ്ട് പുതിയ ധൃതരാഷ്ട്രന്മാര്‍ ആധുനിക ഭാരതത്തില്‍വിലസുകയാണ്.കേരളത്തിലും കര്‍ണ്ണാടകത്തിലുമുള്ള ഈ ധൃതരാഷ്ട്രന്മാര്‍,പുത്രവാത്സല്യത്തില്‍ പുരാണകഥാപാത്രത്തെ അതിവര്‍ത്തിക്കും.അന്ധനും അപ്രാപ്തനുമായ കൗരവ രാജാവ് മകന്‍റെ ചെയ്തികളെ അനുകൂലിക്കാന്‍ പലപ്പോഴും നിര്‍ബ്ബന്ധിതനാവുകയായിരുന്നു.എന്നാല്‍ നവധൃതരാഷ്ട്രന്മാരാകട്ടെ തങ്ങള്‍ക്കും മക്കള്‍ക്കും വേണ്ടി എന്തും ചെയ്യാന്‍ മുന്നിട്ടിറങ്ങുകയാണ്.പുത്രനെ മുഖ്യമന്ത്രിയാക്കാന്‍ കര്‍ണ്ണാടകത്തിലെപിതാവ് നടത്തിയ വൃത്തികെട്ട കളികള്‍ ആരെയും നാണിപ്പിക്കും.വര്‍ഗ്ഗീയ ശക്തികളെ തുരത്താന്‍ മൂന്നാംമുന്നണിയുണ്ടാക്കി പ്രധാനമന്ത്രിയായ മനുഷ്യന്‍, ദക്ഷിണേന്ത്യയില്‍ വര്‍ഗ്ഗീയപ്പാര്‍ട്ടിക്ക് ആദ്യമായി അധികാരത്തലേറാന്‍ വഴിയൊരുക്കി കൊടുത്തു.താന്‍ കൂടി ജന്മം നല്കിയ പാര്‍ട്ടിയെ പിളര്‍ത്തി;
ബദ്ധശത്രുവായിരുന്ന ബി.ജെ.പിയുമായി കൈ കോര്‍ത്തു. മുഖ്യ മന്ത്രിയായി അധികാരത്തിന്‍റെ രുചി പിടിച്ചമകന്‍ കരാറനുസരിച്ച് യഥാസമയം സ്ഥാനമൊഴിഞ്ഞില്ല.പകരം അച്ഛനും മകനും കൂടി കോണ്‍ഗ്രസ്സിന്‍റെ കാലിലായി പിടുത്തം.പിടി കിട്ടാതായപ്പോള്‍ ഛര്‍ദ്ദിച്ചതു ഭക്ഷിച്ചു.കേരളത്തിലെ ധൃതരാഷ്ട്രര്‍ പലവട്ടം മുഖ്യമന്ത്രിയായിരുന്ന ആളാണ്.മക്കള്‍ക്കും തനിക്കും വേണ്ടിയാണ് ഇദ്ദേഹത്തിന്‍റെ പൊറാട്ടു നാടകം. ജീവിതസായാഹ്നത്തിലെത്തിയിട്ടും ആര്‍ത്തി തീര്‍ന്നിട്ടില്ലാത്ത ഈ സൂത്രശാലിയുടെ ഇപ്പോഴത്തെ ആഗ്രഹം മകനു ഒരു ബര്‍ത്ത് ഉറപ്പാക്കുക എന്നതാണു. കൂട്ടത്തില്‍ തറവാട്ടിലേക്കു മടങ്ങാനുള്ള മോഹവും. കൂടെ നിന്ന പലരെയും ചവുട്ടിത്താഴ്ത്തിയും സംഹരിച്ചുമാണ് ഇദ്ദേഹം പുത്രനെ ഇവിടം വരെ എത്തിച്ചത്.തനിക്ക് രാഷ്ട്രീയത്തില്‍ മേല്‍വിലാസം നേടിക്കൊടുക്കുകയും മുഖ്യമന്ത്രിയാകാന്‍ അവസരം നല്‍കുകയും ചെയ്ത മാതൃ സംഘടനയെ മകനു വേണ്ടി തള്ളിപ്പറഞ്ഞ ഈ 'മുതിര്‍ന്ന' നേതാവ് പോരുമ്പോള്‍ പറഞ്ഞ അസഭ്യങ്ങള്‍ നാടു മുഴുവന്‍ കേട്ടതാണ്.അതെല്ലാം വിഴുങ്ങി തിരികെപ്പോകാന്‍ തയ്യാറെടുക്കുകയാണിപ്പോള്‍. അധികാരത്തോടുള്ള ആസക്തിയും കുടുംബസ്നേഹവും മാത്രം ഇക്കാലമത്രയും മനസ്സില്‍ കൊണ്ടു നടക്കുകയും അതിനു വേണ്ടി എന്തു വേഷവും കെട്ടുകയും ചെയ്തു പോന്ന ഇത്തരം രാജ്യ,സാമൂഹിക ദുഷ്ടുകളെ എഴുന്നള്ളിച്ചു നടക്കുന്നത് രാജ്യദ്രോഹമാണ്.

Wednesday, November 7, 2007

ഗുരുവായൂരപ്പന്‍റെ ചുരിദാര്‍ വിരോധം

ശ്രീകൃഷ്ണ ഭഗവാനു പെണ്ണുങ്ങള്‍ തുണിയുടുക്കാതിരിക്കുന്നതാണിഷ്ടം എന്നറിയാന്‍ പ്രശ്നം വയ്ക്കേണ്ട വല്ല കാര്യവുമുണ്ടോ? പുരാണവും ഇതിഹാസവും അറിയാത്തതു കൊണ്ടാണു ഗുരുവായൂരപ്പനു സ്ത്രീവസ്ത്രങ്ങളില്‍ ഒന്നായ ചുരിദാറിനോട് മാത്രം വിദ്വേഷം ഉണ്ടെന്നു ജ്യോതിഷികള്‍ പറയുന്നത്.കുറഞ്ഞപക്ഷം ഉദയായുടെയോ മെരിന്‍ലാന്‍റിന്‍റെയോ കൃഷ്ണസിനിമകള്‍ ഏതെങ്കിലും കണ്ടിരുന്നെങ്കില്‍ ഇത്ര സങ്കുചിതമായ അഭിപ്രായം ഇവര്‍ നടത്തുകയില്ലായിരുന്നു.ഗുരുവായൂരപ്പന്‍റെ തിരുവാഭരണം മോഷണം പോയത് കണ്ടുപിടിക്കുവാന്‍ വച്ച ദേവപ്രശ്നത്തില്‍ കള്ളനെക്കുറിച്ച് സൂചന പോലും നല്‍കാന്‍ കഴിയാത്ത ജ്യോല്‍സ്യന്മാര്‍ ഭഗവാന്‍റെ ചൂരിദാര്‍ വിരോധം കണ്ടുപിടിച്ചത് അത്ഭുതം തന്നെ.ആനയെക്കാണാന്‍ കഴിയാത്തവര്‍ ആട്ടിന്‍ പൂട കണ്ടെന്നു പറയുമ്പോള്‍ അത് തൊണ്ടതൊടാതെ വിഴുങ്ങാന്‍ അന്ധഭക്തര്‍ക്കല്ലാതെ സാധിക്കില്ല.ചുരിദാര്‍ ധരിച്ച് ദര്‍ശനം നടത്താന്‍ ദേവസ്വംബോഡ് അനുവാദംകൊടുത്തത് തങ്ങളുടെ സമ്മതത്തോടെ അല്ലെന്ന് പ്രശ്നം കഴിഞ്ഞ ഉടന്‍ തന്ത്രിമാര്‍ പ്രസ്താവിച്ചതും കൂടി ചേര്‍ത്തുവായിക്കണം.ഈ തന്ത്രിമാരുടെ മുന്‍ ഗാമികള്‍ ഭഗവാനെ കാണാന്‍ അനുവദിക്കാതെ അകറ്റി നിര്‍ത്തിയ ഒരു വലിയ സമൂഹത്തിലെ സ്ത്രീകളെ മേല്‍ മുണ്ടോ മുട്ടുമറയുന്ന തുണിയോ ധരിക്കാന്‍ സമ്മതിച്ചിരുന്നില്ല.ആ ദുരാചാരത്തെ ന്യായീകരിക്കാനും ജ്യോതിഷ,മന്ത്ര,തന്ത്ര,സ്മ്രിതി,സംഹിതകളെ അവര്‍ ഉദ്ധരിച്ചിരുന്നു.ഭക്തിയുടെപേരില്‍ അതിന്‍റെ വേറൊരു രൂപം പ്രത്യക്ഷപ്പെടുകയാണു ഗുരുവായൂരില്‍.ഭക്തിയും വിശ്വാസവും ചൂഷണം ചെയ്ത് ജീവിക്കുന്ന ഉദരംഭരികളുടെ ഉദ്ദേശ്യം യഥാര്‍ത്ഥഭക്തരെങ്കിലും മനസ്സിലാക്കുകയും പ്രതികരിക്കുകയും ചെയ്തില്ലെങ്കില്‍ നാം പഴയ കറുത്ത നൂറ്റാണ്ടിലേക്കുതിരികെപ്പോകും.