Total Pageviews

Friday, October 28, 2011

“കെ.ബി.”എന്നത് കാമ ഭ്രാന്തിന്റെ ചുരുക്കെഴുത്തോ?



മന്ത്രി ശ്രീ. കെ.ബി.ഗണേഷ് കുമാർ, പ്രതിപക്ഷ നേതാവ് ശ്രി.വി.എസ് അച്യുതാനന്ദനെ കാമ ഭ്രാന്തനെന്നും ഞരമ്പു രോഗിയെന്നും മറ്റും ഒരു പൊതുവേദിയിൽ വച്ച് ആക്ഷേപിക്കുകയും പിന്നീട് അങ്ങനെ പറഞ്ഞതിൽ മാപ്പു ചോദിക്കുകയും ചെയ്തിരിക്കുന്നു.പത്തനാപുരത്ത് ഒരു പൊതുയോഗത്തിൽ വച്ചാണു 88 വയസ്സുള്ള വി.എസ്സിനെ ഗണേഷ് കുമാർ അസഭ്യം കൊണ്ട് അഭിഷേകം ചെയ്തത്.ഇയാളുടെ പേരിന്റെ മുമ്പിലുള്ള ഇനിഷ്യലിനുള്ള വിപുലീകരണം കാമ ഭ്രാന്ത് എന്നാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

തന്റെ മുത്തച്ഛന്റെ പ്രായമുള്ള അച്യുതാനന്ദനെ കുറിച്ച് അങ്ങനെയൊക്കെ പറഞ്ഞതിൽ തനിക്കു ഖേദമുണ്ടെന്നും എല്ലാം പിൻ വലിച്ച് മാപ്പു ചോദിക്കുന്നു എന്നും അയാൾ പത്രസമ്മേളനം വിളിച്ചു കൂട്ടി പറഞ്ഞു.അതോടൊപ്പം ചാനലുകൾ കാണിച്ച ദൃശ്യങ്ങളിൽ നിന്നും അത് വികാരാവേശത്താൽ നാക്കിനു പറ്റിയ പിഴവല്ലെന്നും മുൻ കൂട്ടി ഉരുവിട്ടു പഠിച്ചത് ആവർത്തിക്കുകയായിരുന്നു എന്നും വ്യക്തമാണു.മാത്രമല്ല നിയമസഭ കൂടുന്നതിനു തൊട്ടു മുമ്പ് ഇന്ത്യാവിഷൻ റിപ്പോർട്ടറോട്,താൻ പറഞ്ഞതിൽ തന്നെ ഉറച്ചു നില്ക്കുന്നു എന്നും അച്യുതാനന്ദനു മാത്രമല്ല അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതെന്നും ആണു ഒരു മാടമ്പിയുടെ ധാർഷ്ട്യത്തോടെ ഗണേഷ്കുമാർ പറയുന്നത്.നിയമസഭയിൽ തന്നെ അനുകൂലിക്കുവാൻ ആരുമില്ലെന്നു മനസ്സിലായതുകൊണ്ടോ മുഖ്യമന്ത്രിയും സ്പീക്കറും വിരട്ടിയിട്ടോ ആകണം ഇയാൾ തന്റെ നിലപാടു മാറ്റിയത്.പണ്ട് പഞ്ചാബ് മോഡൽ പ്രസംഗം നടത്തിയതിന്റെ പേരിൽ തന്തപ്പടിയെ കരുണാകരൻ തന്റെ മന്ത്രിസഭയിൽ നിന്നു പുറത്താക്കിയ കഥ പലരും ഓർമ്മിപ്പിക്കുക കൂടി ചെയ്തപ്പോൾ കാമ ഭ്രാന്തൻ കുമാർ ശരിക്കും വിരണ്ടു കാണും.കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞതു പോലെ,മന്ത്രിസ്ഥാനം പോകാതിരിക്കാൻ മാപ്പു പറയുകയല്ല എന്തു വേണമെങ്കിലും അയാൾ ചെയ്യും.അല്ലതെ ആത്മാർത്ഥമായ കുറ്റബോധം കൊണ്ടോ സ്വയം തോന്നിയോ നടത്തിയ ഖേദപ്രകടനം ആയിരുന്നില്ല.

മുത്തച്ഛന്റെ പ്രായമുള്ള ആളെ കാമ ഭ്രാന്തൻ എന്നു വിളിച്ചവൻ തന്തയുടെ പ്രായമുള്ളവരെ എന്താണു വിളിക്കുക?വി.എസ്സിന്റെ പ്രായത്തെ ബഹുമാനിച്ചാണത്രെ മാപ്പു ചോദിക്കുന്നത്!താൻ പ്രായം കൂടിയവരെ എന്നും ബഹുമാനിച്ചിട്ടേ ഉള്ളു പോലും!പൊതു മുതൽ കട്ടതിനു ആർ.ബാലകൃഷ്ണപിള്ളയെ സുപ്രീം കോടതി ശിക്ഷിച്ചതിന്റെ തൊട്ടടുത്തദിവസം കൊട്ടാരക്കരയിൽ ചേർന്ന പൊതുയോഗത്തിൽ വച്ച് ഇതേപോലെ ആഭാസകരമായ പദപ്രയോഗങ്ങൾ അച്യുതാനന്ദനു നേരേ ഇയാൾ ചൊരിഞ്ഞത് ആരും മറന്നിട്ടില്ല.അന്നു അച്യുതാനന്ദനു എന്തേ കെ.ബി.(കാമ ഭ്രാന്തൻ)യേക്കാൾ പ്രായം കുറവായിരുന്നോ?മറ്റൊരു ആഭാസനായ ജോർജ്ജ് പറഞ്ഞതുപോലെ ചീത്തവിളി കേൾക്കാൻ പറ്റിയ പ്രായമായ 35 ആയിരുന്നോ അദ്ദേഹത്തിനു?

ഇയാളുടെ തന്തയുടെ പ്രായമുള്ള നടൻ തിലകനെ തെറി പറയുകയും ഉപദ്രവിക്കുകയും ചെയ്തതും മറക്കാറായിട്ടില്ല.തിലകൻപ്രശ്നത്തിൽ അഭിപ്രായം പറഞ്ഞ സുകുമാർ അഴീക്കോടിനു നേരേ എന്തെല്ലാം തെമ്മാടിത്തരങ്ങളാണു ഈ കാമഭ്രാന്തകുമാരൻ അന്നു വിളിച്ചു പറഞ്ഞത്?അഴീക്കോടുമായി നേരിട്ട് ഏറ്റ മോഹൻ ലാലുപോലും പറയാത്ത അസഭ്യ വാക്കുകളാണു ഇയാൾ അദ്ദേഹത്തിനു നേരേ ചൊരിഞ്ഞത്.പ്രായമായവരോടു ആദരവോടെ മാത്രമേ പെരുമാറിയിട്ടുള്ളു എന്ന് ഇയാൾ പറയുന്നത് എത്ര ‘വാസ്തവം’ആണെന്ന് ഇതിൽ നിന്നെല്ലാം മനസ്സിലായില്ലേ?

അല്പനും അഹങ്കാരിയും മാടമ്പിയുമായ ഒരുത്തന്റെ മകൻ ആഭാസനും ഗുരുത്വദോഷിയും ആയില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളു.പതിനഞ്ചു വർഷം മുമ്പ് കൊയിലാണ്ടിയിൽ വച്ച് ഒരു വനിതയെയും കുടുംബത്തെയും കാറിൽ പിന്തുടർന്ന് ചീത്ത വിളിച്ചതിന്റെ പേരിൽ അവിടുത്തെ ഒരു പോലീസ് സ്റ്റേഷനിൽ ഗണേഷിന്റെ പേരിൽ ഉണ്ടായിരുന്ന കേസിന്റെ വിവരം ഒരു ചാനൽ ഇന്ന് പുറത്തു വിട്ടിട്ടുണ്ട്.അന്ന് ഒരു സൂപ്പർ സ്റ്റാർ വഴി ആ സ്ത്രീയുടെ കാലു പിടിച്ചാണത്രേ കേസിൽ നിന്ന് ഊരിയത്.

കണ്ടവന്റെ കൈയ്യും തന്റെ പുറവുമായി ഗുണ്ടാ മോഡലിൽ അഴിഞ്ഞാടി നടന്നവനെയൊക്കെ മന്ത്രിക്കസേരയിൽ പിടിച്ചിരുത്തിയാൽ ഇത്തരം സംസ്കാരശൂന്യവും മ്ളേഛവുമായ പുലയാട്ടുകൾ ഇനിയും മലയാളികൾ കേൾക്കേണ്ടി വരും.

ആർക്കൊക്കെയാണു കാമഭ്രാന്തെന്ന് ലോനപ്പൻ നമ്പാടന്റെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുണ്ട്.തന്തയും മോനും മോശമല്ലെന്ന് അദ്ദേഹം പച്ചയ്ക്കു പറയുന്നുണ്ട്.എന്തായാലും, കാമഭ്രാന്ത് സഹിക്കാഞ്ഞോ മറ്റു കാരണങ്ങളാലോ അച്യുതാനന്റെ ഭാര്യ പിണങ്ങിപ്പോകുകയോ വിവാഹമോചനത്തിനു കേസു കൊടുക്കുകയോ ചെയ്തതായി ആർക്കും അറിവില്ല.പക്ഷേ ഗണേഷ് കുമാറിന്റെ ഭാര്യ പിണങ്ങി പോയതും അയാൾ കുടുംബക്കോടതി നിരങ്ങുന്നതും ഒടുവിൽ മന്ത്രിയായപ്പോൾ ഒന്നിച്ചതും എല്ലാം കേരളീയർ കണ്ടതാണു.

സ്വന്തം അനുഭവവും സ്വഭാവവും മറ്റുള്ളവരിൽ ആരോപിക്കുന്ന ഇത്തരം തെമ്മാടിത്തത്തിനു പരിഹാരം പണ്ടേ പറയപ്പെട്ടിട്ടുണ്ട്;- “തെറിക്കുത്തരം മുറിപ്പത്തൽ.”





Tuesday, October 25, 2011

ചാനൽ മമ്മൂഞ്ഞുമാർ



ട്രാവങ്കൂർ ടൈറ്റാനിയത്തിലെ മാലിന്യ സംസ്കരണപ്ലാന്റ് നിർമ്മാണത്തിൽ ഉണ്ടായ അഴിമതിയിൽ ഉമ്മൻ ചാണ്ടിക്കുള്ള പങ്ക് വ്യക്തമാക്കുന്ന നിർണ്ണായ രേഖകൾ തങ്ങൾക്കു കിട്ടി എന്ന അവകാശവാദവുമായാണു സ്തോഭജനകമായ ആ വാർത്ത
ഇന്ത്യാവിഷനിൽ വന്നത്.പരസ്യത്തിന്റെ ഇടവേളയിൽ റിമോട്ടിൽ അമർത്തിയപ്പോൾ റിപ്പോർട്ടർ ചാനലിൽ അതേ വാർത്ത;തങ്ങൾക്കു മാത്രം കിട്ടിയ ചൂടുള്ള വാർത്ത എന്നമട്ടിൽ.കൗതുകം തോന്നി വീണ്ടും ചാനലുകൾ മാറ്റിയപ്പോൾ അവയിലെല്ലാം ഈ വാർത്ത തങ്ങളുടെ സ്വന്തം എന്ന വിധത്തിൽ കസറുന്നു.നാട്ടിൽ ഏതു പെണ്ണിനു ഗർഭമുണ്ടായാലും അതിനെല്ലാം കാരണക്കാരൻ താനാണെന്ന് അവകാശപ്പെടുന്ന എട്ടുകലി മമ്മൂഞ്ഞിന്റെ വേഷം മലയാളം ചാനലുകൾ കെട്ടുന്നത് ഇതാദ്യമല്ല.തങ്ങളുടെ എക്സ്ക്ലൂസീവ് റിപ്പോർട്ട് എന്ന ലേബൽ ഒട്ടിച്ച് പല ചാനലുകളും പുറത്തു വിടുന്ന വാർത്തകൾ മിക്കവയും അവരുടെ മാത്രമല്ലെന്നതാണു വാസ്തവം.ഇങ്ങനെ വല്ലവരുടെയും കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കാൻ യാതൊരു സങ്കോചവും ചാനലുകൾക്കില്ല.മറിച്ച് അതിൽ അവർ അഭിമനിക്കുകയും ചെയ്യുന്നു.

പരസന്തതികൾക്ക് പിതാവു ചമയുന്നതിൽ മാത്രമല്ല മറ്റു പല കാര്യങ്ങളിലും അപക്വവും ബാലിശവും നിലവാരമില്ലാത്തതുമായ നിലപാടുകളാണു ചാനലുകൾ കൈക്കൊള്ളാറുള്ളത്.സ്വന്തം ചാനലിനു കിട്ടുന്ന പുരസ്കാരങ്ങളെ പറ്റി മിനിട്ടുകൾ നീളുന്ന വാർത്തചമയ്ക്കുന്ന ഒരു ചാനൽ മറ്റുള്ളവയ്ക്ക് അതോടൊപ്പം കിട്ടിയ അവാർഡുകളെക്കുറിച്ച് ഒരു ചെറിയ പരാമർശം പോലും നടത്തില്ല.വാർത്തയുടെ പ്രാധാന്യമോ മാനേജ്മെന്റിന്റെ താല്പര്യമോ മൂലം അന്യ ചാനലിന്റെ ചില റിപ്പോർട്ടുകൾ സമ്പ്രേഷ്ണം ചെയ്യേണ്ടി വരുമ്പോൾ പോലും വാർത്തയുടെ ഉടമയായ ചാനലിന്റെ പേരു പറയാൻ മടിയാണു.പണ്ടത്തെ സ്ത്രീകൾ ഭർത്താവിനെകുറിച്ചു സൂചിപ്പിക്കാൻ കൊച്ചിന്റച്ഛൻ, വീട്ടുകാരൻ, എന്നൊക്കെ പറഞ്ഞിരുന്നതു പോലെ പോലും മറ്റേചാനലിനെ പറ്റി പരാമർശിക്കില്ല.

മാദ്ധ്യമസദാചാരമില്ലായ്മ എന്നാണു മിതമായ ഭാഷയിൽ ഇതിനെക്കുറിച്ചു പറയേണ്ടത്.സാധാരണ രാഷ്ട്രീയനേതാക്കൾ പ്രയോഗിക്കുന്ന വാക്കാണിത്.തങ്ങൾക്ക് ഇഷ്ടമല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവർ എന്നേ അവരുടെ പ്രയോഗത്തിനു അർത്ഥമുള്ളു.ഇവിടെ ഉദ്ദേശിക്കുന്നത് അതല്ല.
സ്വന്തം വർഗ്ഗത്തിൽ പെട്ടവരെ തമസ്കരിക്കുകയും അവഗണിക്കുകയും ചെയ്യുന്ന വാർത്താ മാദ്ധ്യമങ്ങളുടെ അല്പത്തത്തെയും മര്യാദയില്ലായ്മയുമയേയും സൂചിപ്പിക്കാൻ പറ്റിയ ഉചിതമായ വാക്കണു മാദ്ധ്യമസദാചാരമില്ലായ്മ.അത് ഏറ്റവും അധികം യോജിക്കുന്നത് ചാനലുകൾക്കാണു.അതുകൊണ്ടാണു പലപ്പോഴും ബഷീറിയൻ കഥാപാത്രത്തിന്റെ വേഷം അവർ കെട്ടുന്നത്.

Sunday, October 16, 2011

എന്തിനു പിള്ളയെ സംശയിക്കണം?



ജയിലിൽ കഴിയുന്ന (പഞ്ച നക്ഷത്ര ആശുപത്രിയിൽ ആയാലും ജയിൽ പുള്ളി ജയിൽ പുള്ളി തന്നെ)ആർ.ബാലകൃഷ്ണ പിള്ളയെ ഒരു അദ്ധ്യാപകന്റെ പരുക്കുമായി ബന്ധപ്പെടുത്തുന്നതിന്റെ പൊരുൾ അദ്ദേഹത്തിനും പുത്രൻ ഉൾപ്പെയുള്ള മന്ത്രിമാർക്കും ഭരണ കക്ഷിക്കാർക്കും ഡി.ജി.പിയ്ക്കും മറ്റും തീരെ മനസ്സിലാകുന്നില്ല.രക്തത്തിൽ ഇരുമ്പുള്ള പിള്ള എന്ന ആർ.ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അദ്ധ്യാപകനായ കൃഷ്ണകുമാറിനു പറ്റിയ അപകടം പിള്ളാച്ചനുമായി ഉടക്കിയതിന്റെ ഫലമാണെന്നും പിള്ളയ്ക്ക് അതിലുള്ള പങ്കിനെ പറ്റിയും ഏതു കൊച്ചു കുട്ടിയ്ക്കും സംശയം ഉണ്ടാകാവുന്ന നിരവധി തെളിവുകൾ
ഇതിനകം തന്നെ പല വഴിക്കൂടെ പുറത്തു വന്നിട്ടുണ്ട്.

ഇതൊന്നും പോരെങ്കിൽ ശക്തമായ ഒരു തെളിവുണ്ട്.മറ്റൊന്നുമല്ല; ഇത്രയും ദിവസമായിട്ടും ഒരു പ്രതിയെപ്പോലും കണ്ടെത്താനോ അപകടത്തെ കുറിച്ച് യുക്തിസഹമായ വിശദീകരണം നല്കാനോ കേരളത്തിലെ പോലീസിനു കഴിയുന്നില്ല എന്നതു തന്നെ.യാതൊരു തുമ്പുമില്ലാതിരുന്ന നിരവധി കേസ്സുകൾ നിഷ്പ്രയാസം തെളിയിച്ചിട്ടുള്ള കേരളത്തിലെ പോലീസ് സേനയ്ക്ക് വാളകത്തു വച്ചു അദ്ധ്യാപകനെ ആക്രമിച്ചവരെ മാത്രം കണ്ടെത്താൻ കഴിയാത്തതിൽ നിന്നു തന്നെ മുഖ്യപ്രതി ആശുപത്രിയിൽ ആണെന്നു വ്യക്തമല്ലേ?


Fans on the page

Thursday, October 6, 2011

ഹിന്ദു ഐക്യന്മാർ എവിടെ?


തിരുവമ്പാടി ക്ഷേത്ര ഭരണസമിതിയിൽ നിലനിന്നിരുന്ന അയിത്തം നിയമവിരുദ്ധമാണെന്ന് തൃശൂർ മുൻസിഫ് കോടതി വിധിച്ചിരിക്കുന്നു!ഈ വിധിക്കെതിരെ അപ്പീൽ പോകാൻ നിലവിലെ സവർണ്ണ ഭരണസമിതി ഒരുങ്ങുകയാണത്രേ.ക്ഷേത്ര ഭരണസമിതിയിൽ സവർണ്ണ ഹിന്ദുക്കൾ മാത്രമേ പാടുള്ളു എന്ന ക്ഷേത്രഭരണ നിയമാവലിയാണു കോടതി അസാധുവാക്കിയിരിക്കുന്നത്.
ഭരണഘടനാ വിരുദ്ധവും പ്രാകൃതവുമായ ഒരു നിയമാവലിയുടെ അടിസ്ഥാനത്തിൽ ഭരിക്കപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് പേരു കേട്ട തൃശൂരിൽ ആണെന്നതാണു ഏറെ കൗതുകകരം.
തൊട്ടു കൂടാത്തവരും തീണ്ടിക്കൂടാത്തവരും ഇപ്പോഴും കേരളത്തിൽ ഉണ്ടെന്ന് അറിയുമ്പോൾ ഉണ്ടാകുന്ന അത്ഭുതവും ലജ്ജയും വിവരണാതീതമാണു.
“ജാതിഭേദം മതദ്വേഷ-
മേതുമില്ലാതെ സർ വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാന”മായി കേരളത്തെ കണ്ടവർ ലജ്ജിച്ചു തലതാഴ്ത്തട്ടെ.

ശ്രീ പദ്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളിൽ കണ്ട അളവറ്റ സമ്പത്ത് പൊതുജനങ്ങൾക്ക് പ്രയോജനപ്രദമായ രീതിയിൽ വിനിയോഗിക്കണമെന്ന ഒരു അഭിപ്രായം ഉയർന്നു വന്നപ്പോൾ,ക്ഷേത്ര സ്വത്തിനെകുറിച്ച് അഭിപ്രായം പറയാൻ ഹിന്ദുക്കൾക്കേ അവകാശമുള്ളൂ എന്ന് ഓരിയിട്ടവരാണു ഹിന്ദു ഐക്യവേദി നേതാവും വെള്ളാപ്പള്ളി നടേശനും. തിരുവമ്പാടിക്ഷേത്രത്തിലെ അയിത്ത വാഴ്ചയുടെ പശ്ചാത്തലത്തിൽ ആരെയൊക്കെയാണു ഹിന്ദുക്കളെന്നു പറയുമ്പോൾ ഇവർ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കണം.ഹിന്ദു എന്നു കേട്ടാൽ ചോര തിളയ്ക്കുന്ന ആർ.എസ്.എസ്.,സംഘപരിവാർ,ബി.ജെ.പി നേതാക്കന്മാരും ഹിന്ദു ആരെന്നു പറയണം.ബ്രാഹ്മണ പൗരോഹിത്യത്തിനെ തൃപ്തിപ്പെടുത്താൻ ശംബൂകൻ എന്ന ശൂദ്രമഹർഷിയുടെ തലയറുത്ത ശ്രീരാമന്റെ കാലത്തെ ഹിന്ദുക്കളെകുറിച്ചാണോ?എങ്കിൽ ശൂദ്രർ മുതൽ താഴോട്ടുള്ള വർണ്ണങ്ങൾ അതിൽ പെടില്ല.ആ വക ജന്തുക്കളെ മനുഷ്യരായി പോലും ആരും അന്നു പരിഗണിച്ചിരുന്നില്ല.

“ഇന്ത്യയ്ക്കു സ്വതന്ത്ര്യം കിട്ടി ആറു പതിറ്റാണ്ടു കഴിഞ്ഞിട്ടും ക്ഷേത്ര ഭരണത്തിൽ അവർണ്ണരെ ഒഴിവാക്കുന്ന സവർണ്ണ കൗശലം തിരിച്ചറിയണം”എന്ന് വെള്ളാപ്പള്ളി നടേശന്റേതായി ഒരു പ്രസ്താവന, കോടതിവിധിയ്ക്കു പിന്നാലെ വരികയുണ്ടായി.രണ്ടാഴ്ച മുമ്പ് തിരുവിതാം കൂർ രാജാവിന്റെയും ഹിന്ദുവിന്റെയും പേരിൽ പുളകം കൊണ്ട വെള്ളാപ്പള്ളിയ്ക്ക് ഇതു പറയാൻ എന്താണവകാശം?അയിത്തോച്ചാടനം കോൺഗ്രസ്സിന്റെ കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിക്കുകയും വൈക്കം സത്യഗ്രഹത്തിനു നേതൃത്വം കൊടുക്കുകയും ചെയ്ത റ്റി.കെ.മാധവനും,
“ഹന്ത!യിജ്ജാതിയെ ഹോമിച്ചൊഴിച്ചാൽ നിൻ
ചിന്തിതം സാധിച്ചു രത്നഗർഭേ”എന്ന് ഉപദേശിക്കുകയും
“മാറ്റുവിൻ ചട്ടങ്ങളെ സ്വയം ;അല്ലായ്കിൽ
മാറ്റുമതുകളീ നിങ്ങളേത്താൻ “എന്ന് ബ്രാഹ്മണ പൗരോഹിത്യത്തിന്റെ നേർക്കു ഗർജ്ജിക്കുകയും ചെയ്ത കുമാരനാശാനും ഇരുന്ന കസേരയിൽ ഇരുന്നുകൊണ്ട് ഹിന്ദുത്വ മഹത്വം പാടി നിർവൃതികൊള്ളുകയും ഇപ്പൊഴും പൊന്നുതമ്പുരന്റെ തിരുവാസനം താങ്ങാൻ മുട്ടുകാലിലിഴയുകയും ചെയ്യുന്ന നടേശന്റെ വാക്കിനെന്തു വില?
ഹിന്ദുക്കളെ ഐക്യപ്പെടുത്താൻ ദൈവങ്ങളെയും തമ്പുരാക്കന്മാരെയും
കൂട്ടുപിടിച്ചും അവരുടെ താറു താങ്ങിയും നടക്കുന്ന കുമ്മനം രാജശേഖരന്മാർ എന്തേ തിരുവമ്പാടി ദേവസ്വത്തിൽ സവർണ്ണ ഭരണമാണു നടക്കുന്നതെന്നു ഇതുവരെ അറിയാതെ പോയി?ഇവിടെ ഹിന്ദു ഇല്ല ;ഉള്ളത് നമ്പൂതിരിയും നായരും ഈഴവനും പറയനും പുലയനും ഉള്ളാടനും മറ്റും മാത്രം.പിന്നോക്കക്കാരുടെയും ദളിതന്റെയും പണത്തിനു സവർണ്ണർക്കും അവരുടെ ദൈവങ്ങൾക്കും അയിത്തമില്ല.നോക്കാത്ത ദൈവത്തെ തൊഴാതിരിക്കനുള്ള തന്റേടമെങ്കിലും, തമ്പ്രാക്കന്മാർ ഇന്നും ഇരുക്കാലിമാടുകളായി മാത്രം കണുന്ന അവർണ്ണ സമൂഹം കാണിക്കണം.എങ്കിൽ മാത്രമെ “മർത്യരിൽ ഭേദവും ഭേദത്തിൽ ഭേദവും ജല്പിക്കുന്ന വൈദിക മാനികളുടെ” ഹുങ്ക് അവസാനിക്കൂ.ഹിന്ദു ഐക്യത്തിന്റെ പേരുപറഞ്ഞു മുതലെടുപ്പു നടത്തുന്ന ഏഴാം കൂലികളുടെ മതക്കച്ചവടം അവസാനിപ്പിക്കാനും അതാണു ചെയ്യേണ്ടത്.



Fans on the page