Total Pageviews

Sunday, December 14, 2014

മാണി രാജി വയ്ക്കണം

ബാർ മുതലാളിമാരിൽ നിന്ന് ഒരു കോടി രൂപാ കോഴ വാങ്ങി എന്ന ആരോപണം പ്രഥമ ദൃഷ്ട്യാ തെളിഞ്ഞതിനെ തുടർന്ന് ധനകാര്യമന്ത്രി കെ.എം.മാണിയെ മുഖ്യപ്രതിയാക്കി വിജിലൻസ് കേസ്സെടുത്തി രിക്കുകയാണ്‌.മാണിയെ പ്രതിയാക്കിയ പ്രഥമ വിവര റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷമാണു കേസ്സുണ്ടെന്നു കണ്ടെത്തിയതും പ്രഥമവിവര റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതും.ആ സ്ഥിതിക്ക് മാണി മന്ത്രിയായി തുടരുന്നത് അധാർമ്മികമാണ്‌.ജനാധിപത്യ ഭരണത്തിനു തന്നെ കളങ്കമാണ്‌.ഒരു ട്രയിൻ അപകടമുണ്ടായതിന്റെ പേരിൽ റയിൽ വേ മന്ത്രി ആയിരുന്ന ലാൽ ബഹദൂർ ശാസ്ത്രി മന്ത്രിസ്ഥാനം രാജിവച്ച ചരിത്രമുള്ള നാടാണിത്.മാണി, ശാസ്ത്രിയെപ്പോലെ ധാർമ്മിക ബോധമുള്ള ആളാണെന്നു ആരും പറയില്ല.അതുകൊണ്ട് ട്രഷറി പൂട്ടിയതിന്റെ ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിവക്കണമെന്ന ആവശ്യം ആരും ഉന്നയിക്കില്ല.പക്ഷേ പ്രതിപ്പട്ടികയിൽ മുഖ്യ പേരുകാരനായി വന്ന നിലക്ക് മന്ത്രിയായി തുടരുന്നത് നിയമപരമായിതന്നെ തെറ്റാണ്‌.ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌.ഭരണഘടനയെ അവഹേളിക്കലാണ്‌.

1967ലെ ഇ.എം.എസ് മന്ത്രിസഭയിലുണ്ടായിരുന്ന എമ്മെനും റ്റി.വി.തോമസ്സിനുമെതിരേ ഉണ്ടായ ആരോപണങ്ങളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നു പറഞ്ഞ് അന്നത്തെ മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച ഉടനെ എമ്മനും റ്റിവിയും രാജിവച്ച കീഴ് വഴക്കം കേരളത്തിൽ തന്നെയുണ്ട്.ഒരു അന്വേഷണവും നടത്താതെയാണ്‌ നമ്പൂതിരിപ്പടിന്റെ പ്രഥമദൃഷ്ടി സഹമന്ത്രിമാരിൽ കുറ്റം കണ്ടു പിടിച്ചത്.എന്നിട്ടും അന്വേഷണത്തിനു ഉത്തരവിട്ടപ്പോഴേ അവർ രാജി വച്ചു.ഇപ്പോഴാകട്ടെ,മാണി കൂടി ഉൾപ്പെട്ട സർക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജൻസി ചട്ടപ്രകാരം നടത്തിയ ആദ്യാന്വേഷണത്തിൽ തന്നെ പ്രതി ചേർക്കാനുള്ളത്ര കുറ്റം അദ്ദേഹത്തിൽ കണ്ടെത്തിയിരിക്കുന്നു.എന്നിട്ടും  താൻ രാജി വയ്ക്കില്ല എന്നാണു മാണി പറയുന്നത്.അദ്ദേഹത്തിന്റെ പാർട്ടിയും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും എല്ലാം അതേ പല്ലവി ആവർത്തിക്കുന്നു.മാണിയിൽ നിന്നും രാജി ആവശ്യപ്പെടേണ്ട മുഖ്യമന്ത്രി തന്നെ അദ്ദേഹം രാജിവക്കേണ്ട എന്നാണു പറയുന്നത്.അദ്ദേഹം അങ്ങനെയേ പറയൂ. കാരണം ഇതിനേക്കാൾ പതിന്മടങ്ങു അഴിമതി ആരോപണങ്ങൾ നേരിടുന്ന ആളാണു അദ്ദേഹം.ഹൈക്കോടതി മുതൽ സുപ്രീം കോടതി വരെ പ്രതികൂല വിമർശനം ഉയർത്തിയിട്ടും കൂസാതെ ഇരിക്കുന്ന ആളാണു മുഖ്യൻ.അദ്ദേഹത്തിനു മാണിയെ രാജിവക്കാൻ നിർബ്ബന്ധിക്കനോ ഉപദേശിക്കാനോ അപേക്ഷിക്കാനോ ഉള്ള യാതൊരു യോഗ്യതയും ഇല്ല.അതിനുള്ള ധൈര്യവുമില്ല.

പക്ഷേ നികുതിദായകരായ സാമാന്യ ജനങ്ങൾക്ക് അഴിമതിക്കാരനായ ഒരു മന്ത്രി രാജി വയ്ക്കണമെന്നു പറയാൻ നിയമ പരമായും ധാർമ്മികമായും അവകാശമുണ്ട്.











Fans on the page

Tuesday, December 9, 2014

അച്യുതമേനോനു നേരേ....





സി.പി.എമ്മിലെ വിഭാഗീയസംഘട്ടനത്തിൽ നിന്നു ജനശ്രദ്ധ തിരിക്കാനായി വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും ചേർന്ന് സ: അച്യുതമേനോനു നേരേ പുലയാട്ടുമായി അണികൾക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.അദ്ദേഹം നല്ല കമ്യൂണിസ്റ്റോ നല്ല ഭരണാധികാരിയോ ആയിരുന്നില്ല പോലും!സ:സി.അച്യുതമേനോൻ നല്ല കമ്യൂണിസ്റ്റും കഴിവുറ്റ മുഖ്യമന്ത്രിയും ആയിരുന്നു എന്നതിന്‌ അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല.അച്യുതമേനോൻ മരിച്ചപ്പോൾ പോലും അദ്ദേഹത്തെപ്പറ്റി നല്ല വാക്കു പറയാതെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഇ.എം.എസ്.നമ്പൂതിരിപ്പടിന്റെ പാരമ്പര്യമാണു അച്യുതാനന്ദനും വിജയനുമുള്ളത്.പാർട്ടിയും ജനങ്ങളും സ്വർണ്ണത്താലത്തിൽ വച്ചു രണ്ടു പ്രാവശ്യം മുഖ്യമന്ത്രിപ്പട്ടം നല്കിയിട്ടും രണ്ടു പ്രാവശ്യവും കഴിവുകെട്ടവനെന്നു തെളിയിച്ച നമ്പൂതിരിപ്പാടിനും അദ്ദേഹത്തിന്റെ ശിഷ്യന്മാർക്കും ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല മുഖ്യമന്ത്രി ആണെന്നു തെളിയിച്ച അച്യുതമേനോനോട് അസൂയയും കുശുമ്പും ഒക്കെ തോന്നുക സ്വാഭാവികമാണു്.പക്ഷേ അതുകൊണ്ട് സത്യം സത്യമല്ലതാകില്ല.

അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ അച്യുതമേനോൻ മന്ത്രിസഭയുടെ കാലാവധി അവസാനിക്കാൻ 4 മാസം മാത്രമാണുണ്ടായിരുന്നത്.അതിനു മുമ്പുതന്നെ,പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടിയും കൂടി അഴിച്ചുവിട്ട ട്രാൻസ്ഫോമർ കത്തിക്കൽ,ട്രാൻസ്പോർട്ട് ബസ് തീ വയ്ക്കൽ തുടങ്ങിയ അക്രമസമരങ്ങളെ അതിജീവിച്ച് സംസ്ഥാനത്തിനും ജനങ്ങൾക്കും ഉപകാരപ്രദമായ പല നടപടികളും ചെയ്തുകഴിഞ്ഞിരുന്നു എന്നത് ചരിത്ര വസ്തുതയാണ്‌.വി.എസ്സിന്റെ മിമിക്രി കൊണ്ടോ വിജയന്റെ വഷളൻപദപ്രയോഗം കൊണ്ടോ ആ ചരിത്ര സത്യത്തെ മറയ്ക്കാൻ കഴിയില്ല.നേതാക്കളുടെ വാക്കുകൾ വേദവാക്യമായി കരുതുന്ന പാവപ്പെട്ട അണികളെ കുറച്ചുകാലത്തേക്ക് ഒരു പക്ഷേ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞേക്കാം.അടിയന്തിരാവസ്ഥക്കാലത്തേറ്റ മർദ്ദനത്തിന്റെ പേരു പറഞ്ഞ് പാർട്ടിയിൽ നിന്ന് കിട്ടാവുന്നതിൽ കൂടുതൽ ആനുകൂല്യങ്ങൾ ഇതിനോടകം നേടിയില്ലേ പിണറായി.ഇനിയെങ്കിലും ഈ പുളിച്ചു തികട്ടൽ പ്രകടനം നിർത്തിക്കൂടെ?

അടിയന്തിരാവസ്ഥക്കാലത്ത് തനിക്കു മേലു നൊന്തതിനെപ്പറ്റി ഇപ്പൊഴും പറഞ്ഞു വിലപിക്കുന്ന വിജയനു്,ഒരടിയന്തിരാവസ്ഥയും ഇല്ലാഞ്ഞ കാലത്ത്,കൃത്യമായിപ്പറഞ്ഞാൽ 1970 ജനുവരി 21 നു,കണ്ണൂർബസ്സ്റ്റാന്റിൽ നിന്ന് 50 ൽ ഏറെ യാത്രക്കാരുമായി പുറപ്പെട്ട ബസ്സിലെ ഒരാളെപ്പോലും പുറത്തിറങ്ങാൻ അനുവദിക്കാതെ തന്റെ അനുയായികളെക്കൊണ്ട്  പെട്രോളൊഴിച്ചു ചുട്ടുകരിപ്പിച്ചതിനു എന്തു ന്യായീകരണമാണുള്ളത്?അച്യുതമേനോനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഇറക്കാൻ നിങ്ങൾ കാട്ടിയ ഇത്തരം നീചകർമ്മങ്ങൾ മറ്റ് ഏതു അതിക്രമത്തിനും മേലെയാണ്‌.അതു ജനങ്ങൾ മനസ്സിലാക്കിയതുകൊണ്ടാണു അടുത്ത പൊതു തെരഞ്ഞെടുപ്പിലും ആ മുന്നണിക്കു ഭൂരിപക്ഷം കിട്ടിയത്.

സ്വാശ്രയ കോളേജുകൾക്കെതിരെ പാർട്ടിക്കാരെയും വിദ്യാർത്ഥികളെയും സമരം ചെയ്യാൻ വിട്ടിട്ട് സ്വന്തം മകളെ ഒരു ആൾദൈവത്തിന്റെ സ്വാശ്രയകോളേജിൽ ചേർത്തു പഠിപ്പിച്ച പിണറായിക്ക് അച്യുതമേനോന്റെ പേരുച്ചരിക്കനുള്ള യോഗ്യത ഉണ്ടോ?മാലോകരെ കബളിപ്പിച്ച് കുബേരയായി തീർന്ന ആൾദൈവത്തിന്റെ കാലുപിടിച്ച് മകൾക്ക് അഡ്മിഷൻ വാങ്ങുകയും ഒരു വൻ കിട മുതലാളിയെ അവളുടെ ലോക്കൽ ഗാർഡിയൻ ആയി നിർദ്ദേശിക്കുകയും ചെയ്ത വിജയനിൽ നിന്നും അച്യുതമേനോനെന്നല്ല രണ്ടു കമ്യൂണിസ്റ്റു പാർട്ടിയിലെയും ഒരു സാദാ അംഗത്തിനുപോലും ഒരു കമ്യൂണിസവും പഠിക്കാനില്ല.കമ്യൂണിസ്റ്റാണെന്നു നെറ്റിക്ക് എഴുതി ഒട്ടിച്ചു നടന്നാൽ കമ്യൂണിസ്റ്റാകില്ല.

അച്യുതമേനോനെ മുഖ്യമന്ത്രിയാക്കിയതു ഇന്ദിരാഗാന്ധിയാണെന്നു വി.എസ്.അച്യുതാനന്ദൻ പറയുന്നത് പിണറായി വിജയന്റെ ഏറ്റവും അവസാനത്തെ പ്രഹരമേറ്റ് ഓർമ്മ നഷ്ടപ്പെട്ടതുകൊണ്ടായിരിക്കണം.സ:പി.കൃഷ്ണപിള്ളയുടെ സ്മാരകം തകർത്തവർ തന്റെ പാർട്ടിയിൽ പെട്ടവരാണെന്നു പാർട്ടി സെക്രട്ടറി കുമ്പസാരിക്കുമ്പോൾ കോൺഗ്രസ്സുകാരാണെന്നു പറഞ്ഞു നടക്കുന്ന വി.എസ്സ്, പിണറായിപ്പേടി മറയ്ക്കാനാണു അച്യുതമേനോനെ പുലഭ്യം പറയുന്നത്.പാർട്ടിയുടെ തലതൊട്ടപ്പനായ സ: പി.കൃഷ്ണപിള്ളയുടെ പ്രതിമയെ പോലും വെറുതെ വിടാത്ത പിണറായിയും വി.എസ്സും സ: അച്യുതമേനോനെ ചീത്ത പറയുന്നതിൽ അത്ഭുതത്തിനവകാശമില്ല.വിദ്യാഭ്യാസത്തിലോ കമ്യൂണിസ്റ്റു സിദ്ധാന്തപാണ്ഡിത്യത്തിലോ ജീവിതലാളിത്യത്തിലോ രാഷ്ട്രീയ വിശുദ്ധിയിലോ ഭരണനൈപുണ്യത്തിലോ സ: അച്യുതമേനൊന്റെ ഏഴയിലത്തു വരാൻ യോഗ്യതയില്ലാത്ത ഇവരുടെ അച്യുതമേനോൻ ഭർത്സനത്തെ ജനം അർഹിക്കുന്ന അവജ്ഞയോടെ തള്ളും.











Fans on the page

Monday, November 17, 2014

പിണറായിക്കു മറവി രോഗം ബാധിച്ചോ?


ബാർ ഉടമകളിൽ നിന്നും കെ.എം മാണി കോഴ വാങ്ങിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും മാണിക്കെതിരേ ഒരക്ഷരം ഉരിയാടാതിരുന്ന പിണറായി വിജയൻ,ദിവസങ്ങൾക്കു ശേഷം മാണി രാജിവയ്ക്കണമെന്ന ഒരു അഴകൊഴമ്പൻ  പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നു.കള്ളൻ കേറിയതിന്റെ ഏഴാം പക്കം പട്ടി കുരയ്ക്കുന്നു എന്നു പറഞ്ഞതു പോലെ.ഒരിക്കലും നടക്കാൻ സാദ്ധ്യതയില്ലാത്ത ഒരു അന്വേഷണം ആവശ്യപ്പെടുക കൂടി ചെയ്തപ്പോൾ പിണറായിയുടെയും കൂട്ടരുടെയും ഉള്ളിലിരിപ്പ് എന്താണെന്ന് ജനത്തിനു മനസ്സിലായി.ജുഡീഷ്യൽ അന്വേഷണം  വേണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ പ്രത്യക്ഷ സമരമാർഗ്ഗം സ്വീകരിച്ചതോടെ നില ഒന്നുകൂടി പരുങ്ങലിലായ പിണറായി മുഖം രക്ഷിക്കാൻ തിരക്കിട്ടു വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാകട്ടെ ഏറെ അപഹസിച്ചത്  സി.പി ഐ.നേതാക്കളെ.

മാണിയെ രക്ഷിക്കാനാണ്‌ സി.പി.എം പാർട്ടി നേതൃത്വം ശ്രമിക്കുന്നതെന്ന് ആദ്യം പറഞ്ഞതു പന്ന്യൻ രവീന്ദ്രനല്ല. സ്വന്തം പാർട്ടിക്കാരനായ സ:വി.എസ് അച്യുതാനന്ദനാണ്‌.അദ്ദേഹം കേന്ദ്ര നേതൃത്വത്തിനു പരാതി നല്കുക വരെ ചെയ്തു.എന്നിട്ടും പിണറായി വിജയന്റെ അരിശം മുഴുവൻ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളോടായിരുന്നു.ജീവിച്ചിരിക്കുന്നവരെ മാത്രമല്ല കാല യവനികയ്ക്കുള്ളിൽ മറഞ്ഞവരെയും ആക്ഷേപിക്കുവാൻ അദ്ദേഹം തുനിഞ്ഞു.ഇന്ത്യയിൽതന്നെ ഇന്നേവരെ ഉണ്ടായിട്ടുള്ള മുഖ്യമന്ത്രിമാരിൽ എറ്റവും പ്രഗത്ഭനായ സ:സി.അച്യുതമേനോൻ മരിച്ചപ്പോൾ പോലും നല്ലവാക്കു പറയാതെ അപവദിച്ച ഇ.എം.എസ്സ്.നമ്പൂതിരിപ്പടിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിൽ മുമ്പനാണു് പിണറായി എന്ന് ഇപ്പോഴും തെളിയിച്ചിരിക്കുന്നു.പക്ഷേ അച്യുതമേനോന്റെ ഭരണകാലത്തെ കുറിച്ചു പരാമർശിച്ചപ്പോൾ അദ്ദേഹത്തിനു മറവിരോഗം ബാധിച്ചിരുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

“1964 മുതൽ കോൺഗ്രസ്സുമായി ചേർന്നു മന്ത്രിസഭ വേണമെന്നു ദേശീയ അടിസ്ഥാനത്തിൽ തീരുമാനിച്ചതിന്റെ ഫലമായാണു അടിയന്തിരാവസ്ഥയുടെ ഘട്ടത്തിൽ അതിന്റെ സംരക്ഷകനായി അച്യുതമേനോൻ മുഖ്യമന്ത്രിയായത്.” എന്നാണു പിണറായി ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. സ: അച്യുതമേനോൻ ആദ്യം മുഖ്യമന്ത്രിയാകുന്നത് 1969 നവംബർ ഒന്നു മുതൽ1970 ഓഗസ്റ്റ് ഒന്നു വരെയാണ്‌..1970 ഒക്റ്റോബർ 4 നാണു അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുന്നത്.1975 ജൂണിൽ ആണു രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്.അതായത് അച്യുതമേനോൻ മന്ത്രിസഭയുടെ കാലാവധി അവസാനിക്കാൻ നാലു മാസം പോലുംതികച്ചില്ലാതിരുന്നപ്പോഴാണ്‌ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതെന്നു സാരം.അടിയന്തിരാവസ്ഥക്കു മുമ്പുതന്നെ മുഖ്യമന്ത്രി എന്ന നിലയിൽ സംസ്ഥാനത്തിനു ചെയ്യാവുന്ന  എല്ലാ നല്ലകാര്യങ്ങളും അച്യുതമേനോൻ ചെയ്തു കഴിഞ്ഞിരുന്നു.അന്ന് അത്ഭുതമേനോൻ എന്നും മറ്റും പരിഹസിച്ച് ട്രാൻസ്ഫോമറുകൾ മറിക്കാനും തീ വയ്ക്കാനും ആളുകളെ ബസ്സിലിട്ടു ചുട്ടുകരിക്കാനും മറ്റും നടന്ന മാർക്സിസ്റ്റുകാർക്ക് നല്ല കാര്യങ്ങൾ കാണാൻ പറ്റാതെപോയതിൽ അത്ഭുതമില്ല.രണ്ടു പ്രാവശ്യം പാർട്ടിയും മുന്നണിയും വെള്ളിത്താലത്തിൽ വച്ചു നീട്ടിയ മുഖ്യമന്ത്രി പദം ശരിയായി വിനിയോഗിക്കാൻ അറിയാത്ത വക്രബുദ്ധിയായ സ്വന്തം നേതാവിന്റെ ഭരണ പരാജയത്തെ കുറിച്ച് ഓർക്കാൻ ഒരു പക്ഷേ പിണറായിയും സംഘവും ഇഷ്ടപ്പെടുന്നുണ്ടാവില്ല.അതുകൊണ്ട് സ്വന്തം നേതാവിനേക്കാൾ പ്രഗത്ഭനും മാന്യനും സംസ്കാര സമ്പന്നനും ആയ ഒരു വ്യക്തിയെ അസത്യവും ഭാഗിക സത്യവും അപവാദവും കലർത്തി അപകീർത്തിപ്പെടുത്താമെന്ന് പിണറായിയും ഈ കള്ളത്തരം കാലങ്ങളായി പറഞ്ഞു നടക്കുന്ന മാർക്സിസ്റ്റ് നേതാക്കളും കരുതണ്ടാ.

സെക്രട്ടറിയേറ്റിനു മുമ്പിൽ നടന്ന സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സ:പന്ന്യൻ രവീന്ദ്രൻ സി.പി.എമ്മിനെ വിമർശിച്ചതു ഇഷ്ടപ്പെടാഞ്ഞ പിണറായി “പന്ന്യന്റെ തെരുവു പ്രസംഗത്തിനു മറുപടി പറയുന്നില്ല” എന്നാണു പ്രതികരിച്ചത്.അദ്ധ്വാനവർഗ്ഗത്തിന്റെ,പട്ടിണിക്കാരന്റെ ,തെരുവു മക്കളുടെ, പാർട്ടി എന്നു വീമ്പിളക്കുന്ന പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയുടെ ഉള്ളിലിരിപ്പ് ഇതിൽ നിന്നു വ്യക്തമാണ്‌.ശീതികരിച്ച മുറികളിൽ പഞ്ച നക്ഷത്ര സൗകര്യങ്ങൾ ആസ്വദിച്ചും ചലിക്കുന്ന കൊട്ടരങ്ങളിൽ സഞ്ചരിച്ചും ശീലിച്ചവർക്ക് തെരുവു പ്രസംഗവും പ്രസംഗകരെയും ഇഷ്ടമാകില്ല.യഥാർത്ഥത്തിൽ പിണറായി അപമാനിച്ചത് തെരുവു പ്രസംഗം നിരോധിച്ചതിനെതിരെ പ്രസംഗിച്ചതിന്റെ പേരിൽ ജയിലിൽ പോയ എം.വി.ജയരാജനെ പോലുള്ള സ്വന്തം സഖാക്കളെയാണ്‌. ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് പന്ന്യനെ ഓർമ്മിപ്പിക്കുന്ന പിണറായി ആദ്യം സ്വന്തം സ്ഥാനത്തെ പറ്റി ഓർക്കുക.










Fans on the page

Thursday, November 13, 2014

ഗാന്ധിജി വെറും തൂപ്പുകാരനോ?




“മോഹൻ ലാൽ കരം ചന്ദ് ഗാന്ധി”എന്ന് ഇന്ത്യയിൽ വച്ചു മോഡി പറഞ്ഞപ്പോൾ നാവു പിഴച്ചതാണെന്നു നമുക്കു തോന്നി.അമേരിക്കയിൽ ചെന്നും അതാവർത്തിച്ചപ്പോൾ നാക്കു പിഴച്ചതാണെന്നു കരുതുക പ്രയാസം. ഗാന്ധിജിയെ അവഹേളിച്ചാൽ ആദ്യം പ്രതികരിക്കേണ്ട കോൺഗ്രസ്സുകാരുടെ പ്രതികരണം അറിയാനുള്ള ടെസ്റ്റ് ഡോസ്സുകളായിരുന്നു അതൊക്കെ എന്ന് എല്ലാം കൂട്ടി ചേർത്തു വായിക്കുമ്പോൾ മനസ്സിലാകുന്നു.പക്ഷേ ആ മന്ദബുദ്ധികൾക്ക് അതു ലവലേശം മനസ്സിലായിട്ടില്ല.ഭയന്നിട്ടാണോ എന്നും സംശയം ഉണ്ട് .സ്തുതിക്കുകയാണെന്ന മട്ടിൽ ഗാന്ധിജിയെ മോഡി നിരന്തരം നിന്ദിച്ചുകൊണ്ടിരിക്കുകയാണ്‌.

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി വെറും തൂപ്പുകാരനായിരുന്നോ?പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ആഹ്വാനം കേട്ട ശശിതരൂരിനെ പോലുള്ള ചില കോൺഗ്രസ്സുകാരും ധരിച്ചിരിക്കുന്നത് ഗാന്ധിജി ശുചീകരണത്തിൽ മാത്രം ശ്രദ്ധ ഊന്നിയിരുന്ന പൊതു പ്രവർത്തകനായിരുന്നു എന്നാണ്‌.പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും ഗാന്ധിജിയെ അങ്ങനെ ചിത്രീകരിക്കേണ്ടത് ആവശ്യമായിരിക്കും.ശാരീരികമായി ഗാന്ധിജിയെ ഇല്ലാതാക്കിയവരുടെ പിന്മുറക്കാർ അദ്ദേഹത്തിന്റെ യശ്ശസ്സിനെയും ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നതു സ്വാഭാവികമാണു.
ഗാന്ധിജി രക്തസാക്ഷിയായതു ഹിന്ദു മുസ്ലീം ഐക്യത്തിനു വേണ്ടിയാണ്‌.സർവ്വമത മൈത്രിയും സാഹോദര്യവും സഹിഷ്ണുതയുമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പരിപാടിയിലെ മുഖ്യ അജണ്ട.സത്യമാണു ദൈവമെന്നു വിശ്വസിച്ച ആളാണദ്ദേഹം.അദ്ദേഹത്തിന്റെ പ്രധാന തത്വങ്ങളെ അപ്രധാനമാക്കി, ശുചീകരണത്തിന്റെ വക്താവു മാത്രമാക്കി ചുരുക്കുന്നത് അദ്ദേഹത്തെ അപമാനിക്കുവാനാണ്‌. ഗാന്ധിജിയുടെ മതേതരസങ്കല്പത്തെ കപടമതേതരത്വം എന്ന് ആക്ഷേപിക്കുകയും രാജ്യത്തുടനീളം വർഗ്ഗീയ സംഘട്ടനങ്ങൾ സൃഷ്ടിക്കുകയും വംശഹത്യയ്ക്കു കൂട്ടു നില്ക്കുകയും ചെയ്തവരുടെ ഗാന്ധിപ്രേമം തികഞ്ഞ കാപട്യമാണ്‌.പട്ടേലിനെ കൂടാതെ ഗാന്ധിജി പൂർണ്ണനാകില്ല എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഗാന്ധിജിയെ അദ്ദേഹത്തിനു മനസ്സിലായിട്ടില്ല എന്നതിന്റെ പ്രകടനമാണ്‌.മഹാത്മാവ് എന്ന് ടാഗോർ ഗാന്ധിയെ അഭിസംബോധന ചെയ്തത് ഒരു പട്ടേലിനെയും കണ്ടിട്ടായിരുന്നില്ല.ഗാന്ധിജിക്കു വളരെ പ്രിയപ്പെട്ടവനായിരുന്ന ജവഹർലാലിന്റെ സഹായം പോലും ആവശ്യമില്ല അദ്ദേഹത്തിനു പൂർണ്ണനാകാൻ.
ശൂദ്രമഹര്ഷിയായ ശംബൂകനെ രാമന്‍ വധിച്ചിട്ടുള്ളത് കൊണ്ടു ശൂദ്രരില്ലാത്തതോ ശൂദ്രരെ ഉന്മൂലനം ചെയ്യാന്‍ സ്വാതന്ത്ര്യമുള്ളതോ ആയ രാജ്യം എന്നാണു "രാമരാജ്യം"കൊണ്ട് ഗാന്ധിജി ഉദ്ദേശിക്കുന്നത് എന്ന് പോലും ഇക്കൂട്ടര്‍ വ്യാഖ്യാനിക്കാന്‍ മടിക്കില്ല."എന്റെ ജീവിതമാണ് എന്റെ സന്ദേശം "എന്ന് പറഞ്ഞ ഗാന്ധിജിയെ ഇവര്‍ക്കൊന്നും മനസ്സിലാകില്ല.സംശുദ്ധ ഭരണത്തെ കുറിച്ചു സംസാരിക്കുകയും ക്രിമിനലുകളെ മന്ത്രിമാരായി അവരോധിക്കുകയും ചെയ്യുന്നവര്‍ക്ക് ഗാന്ധിജിയെ എങ്ങനെ മനസ്സിലാകാനാണ്?എവറസ്റ്റ് കൊടുമുടിയുടെ പൊക്കത്തില്‍  പ്രതിമയുള്ള ഏതു ഇന്ത്യന്‍ രാഷ്ട്രീയ നേതാവിനെക്കാളും പൊക്കം നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിക്ക് ഉണ്ട്.എത്ര വലിയ ഭൂരിപക്ഷം നേടിയ പ്രധാനമന്ത്രിക്കും ആ ഔന്നത്യം കുറയ്ക്കാന്‍  കഴിയില്ല.







Fans on the page

Sunday, August 31, 2014

വേദനിക്കുമ്പോഴും









Fans on the page

Friday, August 15, 2014

വിദ്യാഭ്യാസ മന്ത്രിയും പുതിയ ബിരുദവും

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി താൻ യേൽ യൂണിവേഴ്സിറ്റിയിൽ നിന്നാണു ബിരുദം എടുത്തിട്ടുള്ളത് എന്നാണു ഇപ്പോൾ അവകാശപ്പെടുന്നത്.ഒരാഴ്ച,എം.പിമാർക്കു വേണ്ടി യൂണിവേഴ്സിറ്റി നടത്തിയ ക്ലാസ്സിൽ പങ്കെടുത്ത വകയിൽ ആണത്രെ ബിരുദം ലഭിച്ചത്!പ്ലസ് ടു വരെമാത്രം പഠിച്ചിട്ടുള്ള(പാസ്സായോ എന്ന് സംശയമാണു്)ഇവരെ വിദ്യാഭ്യാസ മന്ത്രിയാക്കിയതിൽ പല ഭാഗത്തു നിന്നും എതിർപ്പുകൾ ഉയർന്നപ്പോൾ കഴിവിന്റെ മാനദണ്ഡം വിദ്യാഭ്യാസമല്ല എന്ന വാദവുമായിട്ടാണു മോഡി,ബിജെപി ഭക്തന്മാർ അതിനെ നേരിട്ടത്.കാമരാജ് മുതൽ ഗ്യാനി സെയിൽ സിംഗ് വരെയുള്ള ഭരണാധികാരികളെ, തങ്ങളുടെ വാദം സമർത്ഥിക്കാനായി അവർ എടുത്തു കാട്ടുകയും ചെയ്തു.തന്റെ പ്രവർത്തനം നോക്കി വേണം താൻ ആ സ്ഥാനത്തിരിക്കാൻ യോഗ്യയാണോ എന്ന് വിലയിരുത്തേണ്ടതെന്നു ശ്രീമതി സ്മൃതിയും പറഞ്ഞു.ബി.ജെ.പി എം.പി മാരിൽ കഴിവും വിദ്യാഭ്യാസവുമുള്ളവർ നിരവധി ഉണ്ടെന്നിരിക്കെ വിദ്യാഭ്യാസം കുറഞ്ഞ ഒരുത്തിയെ വിദ്യാഭ്യാസവകുപ്പ് ഏല്പ്പിക്കുക വഴി,വിദ്യാഭ്യാസമുള്ള സകല ഭാരതീയരെയും അപമാനിക്കുകയാണു പ്രധാനമന്ത്രി ചെയ്തത്.ഒരു പാവയെ മന്ത്രിയാക്കിയാൽ ആ വകുപ്പിന്റെ താക്കോലും തന്റെ കൈപ്പിടിയിൽ ഒതുക്കാം എന്ന ദുരുദ്ദേശവും ഈ വകുപ്പു വിഭജനത്തിന്റെ പിന്നിൽ അദ്ദേഹത്തിനു ഉണ്ടായിരിക്കണം.

വിദ്യാഭ്യാസവും ഉന്നത ബിരുദവും ഒന്നും യോഗ്യതയുടെ മാനദണ്ഡമല്ലെന്ന് വാദിച്ച മന്ത്രി ഇപ്പോൾ പിന്നെന്തിനാണു അമേരിക്കയിലെ പ്രശസ്തമായ ‘യേൽ’സർവ്വകലാശാലയിൽ നിന്നും ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്  എന്നു വീമ്പടിക്കുന്നത്?ഇന്ത്യയിൽ നിന്നുള്ള 11 എം.പിമാർക്ക് കഴിഞ്ഞ വർഷം ജൂണിൽ യേൽ സർവ്വകലാശാല ആറു ദിവസം നടത്തിയ ലീഡർഷിപ് പ്രോഗ്രാമിൽ പങ്കെടുത്തപ്പോൾ ഡിഗ്രി ലഭിച്ചു എന്നാണു മന്ത്രിയുടെ അവകാശവാദം.ബാക്കി പത്ത് എം.പി മാരും ഇത്തരം ഒരു ബിരുദലാഭത്തെ കുറിച്ചു പറഞ്ഞിട്ടില്ല.ആറു ദിവസം ഒരു കോഴ്സ് അറ്റന്റു ചെയ്താൽ ബിരുദം കിട്ടുമെങ്കിൽ 12ദിവസത്തെ കോഴ്സിൽ പങ്കെടുത്താൽ ബിരുദാനന്തര ബിരുദം കിട്ടണമല്ലോ!യേൽ സർവ്വകലാശാലയെ അനുകരിച്ചാൽ നമ്മുടെ സർവ്വകലാശാലകൾക്ക് എന്തെന്തു വിപ്ലവം വിദ്യാഭ്യാസമേഖലയിൽ വരുത്തിക്കൂടാ.

6 ദിവസത്തെ കോഴ്സിൽ പങ്കെടുത്തതിനു യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് കൊടുത്തു കാണും.അതു ബിരുദമാണെന്നും പറഞ്ഞു നടക്കുന്ന മന്ത്രി വിദ്യാഭ്യാസവകുപ്പു ഭരിക്കാൻ സർവ്വഥാ യോഗ്യതന്നെ.ആട്ടിൻ കാട്ടവും കടലക്കയും തിരിച്ചറിയാൻ വയ്യാത്തവരെ പാചകം ഏല്പിക്കുന്നതാണല്ലോ കറി നന്നാകാൻ നല്ലത്.

സര്‍ട്ടിഫിക്കറ്റ് ബിരുദമാണെന്നു തെറ്റിദ്ധരിച്ച് ടി.വി.അഭിമുഖത്തിലും ട്വിറ്ററിലും തട്ടിവിടുന്ന അപക്വ
മതിയില്‍ നിന്ന് എന്ത് മഹത്തായ പ്രവൃത്തിയാണോ ജനങ്ങള്‍ പ്രതീക്ഷിക്കേണ്ടത്.







Fans on the page

Monday, August 4, 2014

അഴിമതിയുടെ പ്ലസ് ടു


ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം എന്തെങ്കിലും വിവാദം ഉണ്ടാക്കാതെ ഒരു കാര്യവും ചെയ്തിട്ടില്ല.സുതാര്യമെന്നു കൊട്ടിഘോഷിച്ചു തുടങ്ങിയ പദ്ധതികളെല്ലാം അതാര്യവും അതീവരഹസ്യവുമായി പരിണമിച്ചു.സോളാർ തട്ടിപ്പിന്റെ പേരിൽ എല്ലായിടത്തുനിന്നും വിമർശനമുണ്ടായിട്ടും കോടതിവരെ ശകാരിച്ചിട്ടും ഉടുമ്പിനെപ്പോലെ മുഖ്യമന്ത്രിക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കാനാണു് മുഖ്യമന്ത്രി ശ്രമിച്ചത്.ഏറ്റവും വിശ്വസ്തനായ സേവകനെ ബലികൊടുത്തു കസേര സംരക്ഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞ കുപ്രസിദ്ധമായ വാചകമുണ്ടു് “എന്തു നാണക്കേടു സഹിച്ചും ഞാൻ ഇവിടെത്തന്നെ ഉറച്ചിരിക്കും” ഗണ്മോൻ ഉൾപ്പെടെയുള്ളവരെ കാക്കുവാൻ വേണ്ടി മുസ്ലീം ലീഗ് തുടങ്ങിയ ഘടകകക്ഷികളുടെ മുമ്പിലും പെരുന്നയിലെ "പോപ്പി"ന്റെ മുമ്പിലും ചേർത്തലയിലെ വിടുവായന്റെ മുമ്പിലും ബിഷ്പ്പുമാരുടെയും ,കപ്യാർമാരുടെയും  മുമ്പിലും മുഖ്യ മന്ത്രി  കുമ്പിട്ടു നില്ക്കുന്ന കാഴ്ച വളരെ ദയനീയമാണു് .ഏറ്റവും ഒടുവിൽ പ്ലസ് ടുവിനു പുതിയ സ്കൂളുകളും ബാച്ചുകളും അനുവദിച്ചതിൽ നടത്തിയ ക്രമക്കേടുകൾ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണു്.86829 അപേക്ഷകർ ഉള്ളപ്പോൾ ഒരു ലക്ഷത്തി എൺപത്തെണ്ണായിരം സീറ്റുകൾ അനുവദിച്ചതിന്റെ പിന്നിൽ കോഴയല്ലാതെ മറ്റൊന്നുമല്ല പ്രവർത്തിച്ചതെന്ന് പകൽ പോലെ വ്യക്തമാണു.പോരാത്തതിനു എം.ഇ.എസ് പ്രസിഡന്റും നിരവധി ക്രിസ്ത്യൻ സ്കൂൾ മാനേജ്മെന്റുകളും കോഴ കൊടുക്കാഞ്ഞിട്ടാണു അർഹതയുണ്ടായിട്ടും തങ്ങൾക്ക് അധിക ബാച്ചുകൾ അനുവദിക്കാതിരുന്നതെന്ന് ആരോപിച്ചു രംഗത്തു വന്നിട്ടുണ്ട്.അനുദിനം പുറത്തു വന്നുകൊണ്ടിരിക്കുന്ന വാർത്തകളും അഴിമതിയാരോപണങ്ങളെ സാധൂകരിക്കുന്നതാണു്.ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിൽ തന്നെ അർഹതയുള്ള
സ്കൂളിനെ തഴഞ്ഞ് ഇല്ലാത്തതിനു കൊടുത്തെന്ന് ആക്ഷേപം ഉന്നയിച്ചിരിക്കുന്നത് വി.എസ്സോ.സി.ദിവാകരനോ അല്ല.സ്കൂൾമാനേജരായ വൈദികനാണു്.ക്രമക്കേടു നടന്നതു ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഒരു സ്കൂളിനു അനുവദിച്ച അധിക ബാച്ചുകൾ കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കി.

എറണാകുളം ജില്ലയിൽ കറുകുറ്റിയിൽ  ഒമ്പതാം ക്ലാസ് വരെ മാത്രമുള്ള പാലിശ്ശേരി ഹൈസ്കൂളിനു രണ്ട് പ്ലസ് ടു ബാച്ച് അനുവദിച്ചു എന്നതാണു പുതിയ വാർത്ത.1800 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി.യ്ക്കു പാസ്സായ തിരുവനന്തപുരത്തെ പട്ടം സെന്റ് മേരീസ് ഹൈസ്കൂളിനു ഒരു ബാച്ചു പോലും അധികമായി അനുവദിക്കാതിരിക്കുമ്പൊഴാണു് എസ്.എസ്.എൽ.സിയ്ക്കു ഒരു ബാച്ചുപോലും തുടങ്ങിയിട്ടില്ലാത്ത പാലിശ്ശേരി സ്കൂളിനു പ്ലസ്ടു  വിനു പുതിയ ബാച്ചുകൾ അനുവദിച്ചത്.സർക്കർ സ്കൂളുകളെ തഴഞ്ഞിട്ടാണു പുതിയ സ്കൂളും ബാച്ചും എയിഡഡ് മേഖലയിൽ അനുവദിച്ചിട്ടുള്ളത്.പുത്തൂരുള്ള ശ്രീനാരായണഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനു പ്ലസ്ടു അനുവദിക്കാതിരുന്നത് സർക്കാർ ദല്ലാളന്മാർ ആവശ്യപ്പെട്ട ഒരു കോടി രൂപയോ നാലു തസ്തികയിലെ നിയമനമോ നല്കാൻ വിസമ്മതിച്ചതു കൊണ്ടാണെന്നു സ്കൂൾ മാനേജർ വെളിപ്പെടുത്തിയിട്ടുണ്ട്.അവർ മുഖ്യമന്ത്രിയോടു വിവരം പറഞ്ഞപ്പോൾ,തെളിവുകിട്ടിയാൽ നടപടിയെടുക്കാം എന്നായിരുന്നു പ്രതികരണം.മുദ്രപ്പത്രത്തിലും ലെറ്റർഹെഡ്ഡിലും ആരെങ്കിലും കോഴ ആവശ്യപ്പെടുമോ?തെളിവു കൊടുത്താൽ അതിന്റെ ആധികാരികത പരിശോധിക്കട്ടെ എന്നാകും.

കഴിഞ്ഞ യു.ഡി.എഫ് സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി നഷ്ടത്തിലാക്കി പൂട്ടിച്ചതു പോലെ ഈ സർക്കാർ വിദ്യാഭ്യാസമേഖലയാകെ അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് നാമാവശേഷമാക്കുകയാണു.മുസ്ലീം ലീഗിനെ പോലുള്ള വർഗ്ഗീയകക്ഷികളുടെമുമ്പിൽ വായ്ക്ക് കയ്യും പൊത്തി മുഖ്യമന്ത്രിയും മുഖ്യ കക്ഷിയും ഓച്ഛാനിച്ചു നില്ക്കുന്നതിന്റെ പിന്നിൽ നിസ്സഹായത മാത്രമല്ല,കോഴപ്പണത്തിന്റെ ഓഹരിയുടെ പ്രലോഭനവുമുണ്ട്.“എത്ര നാണം കെട്ടാലും ഞാൻ കസേര വിടില്ല”എന്നു ശപഥം ചെയ്തിരിക്കുന്ന ഒരു മുഖ്യമന്ത്രി നേതൃത്വം കൊടുക്കുന്ന  മന്ത്രിസഭയിൽ നിന്നും സർക്കാരിൽ നിന്നും  കൈക്കൂലിക്കാർക്കും പെൺ വാണിഭക്കാർക്കും തട്ടിപ്പുകാർക്കുമല്ലാതെ ആർക്കാണു സംരക്ഷണം കിട്ടുക?







Fans on the page

Friday, July 25, 2014

കേരളത്തില്‍ എത്ര ഹൈക്കോടതികള്‍?

കേരള സംസ്ഥാനത്തില്‍ എത്ര ഹൈക്കൊടതികളാണുള്ളത്?ഒന്നാണെന്നാണ് ഇതുവരെ ധരിച്ചിരുന്നത് .ഇന്ന് മൂന്നാര്‍ കൈയ്യേറ്റമൊഴിപ്പിച്ചത് സംബന്ധിച്ചു വന്ന വിധി കേട്ടപ്പോള്‍ തോന്നിയ സംശയമാണിത്.കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച നടപടി മുഴുവന്‍ നിയമവിരുദ്ധമാണെന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ വിധി.അന്ന് സര്‍ക്കാര്‍ നടപടി നടക്കുമ്പോള്‍ അതിനെതിരെ കൈയ്യേറ്റക്കാരും റിസോര്‍ട്ടുടമകളും കൊടുത്ത പതിമൂന്നോളം ഹര്‍ജികള്‍ തള്ളി സര്‍ക്കാരിന് പിന്തുണ നല്‍കിയത് ഇതേ ഹൈക്കോടതി തന്നെയാണ്.ഒരു പ്രമുഖ ഹൈക്കോടതി അഭിഭാഷകന്റെ റിസോര്‍ട്ട് ഇടിച്ചതോടെയാണ് അന്ന്‍ ഹൈക്കോടതി സര്‍ക്കാരിനെതിരെ തിരിഞ്ഞത്.അഭിഭാഷകനെ തൊട്ടപ്പോള്‍ കോടതിക്ക് നൊന്തതില്‍ നീതിന്യായ ബാഹ്യമായ കാരണമാണെന്ന് എല്ലാവര്ക്കും ബോദ്ധ്യമായതാണ്‌ .ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം സ്ഥലം മാറിപ്പോകുന്ന ചീഫ്ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബഞ്ച്, മുന്‍ സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് വിധി പുറപ്പെടുവിച്ചതും സദുദ്ദേശ്യപരമാണെന്ന് കരുതുക വയ്യ.ആറു മാസത്തിനു മുമ്പ് വാദം പൂര്‍ത്തിയാക്കിയ കേസ്സില്‍, വിധിപറയാന്‍ ചീഫ്ജസ്റ്റിസിന്‍റെ സ്ഥലംമാറ്റത്തിന്‍റെ തലേദിവസം വരെ കാത്തതും സംശയാസ്പദമാണ് .സാധാരണഗതിയില്‍ സ്ഥലം മാറ്റ ഉത്തരവ് വന്നാല്‍ പിന്നെ ഒരു ജഡ്ജിയും ചെയ്യാന്‍ തുനിയാത്ത പ്രവൃത്തി ചീഫ്ജസ്റ്റിസ് ചെയ്തതിലും ദുരൂഹതയുണ്ട്.പഴയ ഒരു ജഡ്ജി നിയമനം സംബന്ധിച്ച് ജ. കട്ജു നടത്തിയ വെളിപ്പെടുത്തലും ബി.ജെ.പി അദ്ധ്യക്ഷന്‍ പ്രതിയായ കേസ്സുകളില്‍
അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള നീക്കവും അമിക്കസ് ക്യൂറി ആയിരിക്കെ  അമിത് ഷായ്ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ ഗോപാല്‍ സുബ്രഹ്മണ്യത്തെ ജട്ജിയാക്കാതിരി ക്കാന്‍ മോഡി സര്‍ക്കാര്‍ കളിച്ച തരികിടകളും എല്ലാം കൂടി നിയമവാഴ്ച്ചയിലുള്ള വിശ്വാസത്തിനു ഇളക്കം തട്ടിച്ചിരിക്കുകയാണ്.അതിന്റെ കൂടെയാണ് കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസിന്‍റെ ഈ ദുരൂഹവും യുക്തിക്കും സാമാന്യബോധത്തിനും നിരക്കാത്ത വിധിപ്രസ്താവം ഉണ്ടായിരിക്കുന്നത്.

സാധാരണക്കാരന്റെ ഏറ്റവും അവസാനത്തെ അഭയകേന്ദ്രവും രാഷ്ട്രീയ,ജാതി ,മത
മലിനീകരണത്തിന് പാത്രമാകുകയാണോ?മഹാകവി ജി.ശങ്കരക്കുറുപ്പ് ചോദിച്ചതു പോലെ ''നിഴലായിരുന്നെന്നോ സ്നേഹാധാരമീ ''സ്ഥാനം?എന്ന് സംശയം തോന്നുന്നു.







Fans on the page

Sunday, June 15, 2014

മലയാളം സര്‍വ്വകലാശാലാ വിസിക്ക് യോഗ്യത വേണ്ടെ ?

മഹാത്മാഗാന്ധി സർവ്വകലാശാലാ വൈസ് ചാൻസലർ വ്യാജ ബയോഡേറ്റ ഹാജരാക്കി നിയമനം നേടി എന്നാരോപിച്ച് വൻ പ്രക്ഷോഭങ്ങൾ നടന്നു.സർക്കാരും കോടതിയും ഗവർണ്ണറും എല്ലാം ഇടപെട്ട് അദ്ദേഹത്തെ പിരിച്ചു വിട്ടു.കോഴിക്കോടു സർവ്വകലാശാലയിലെ വൈസ്ചാൻസലർ കൃത്രിമം കാട്ടി സാമ്പത്തിക ലാഭമുണ്ടാക്കി എന്നാരോപിച്ച് ജീവനക്കാരും വിദ്യാർത്ഥി സംഘടനകളും പ്രക്ഷോഭത്തിലാണു്.കേരളസർവ്വകലാശാലയിലും എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥിസംഘടനകൾ സമരത്തിലാണു്.കണ്ണൂർ സർവ്വകലാശാലയിലാകട്ടെ വൈസ്ചാൻസലറുടെ വിദ്യാഭ്യാസ യോഗ്യതയെ ചൊല്ലി നടന്ന വിദ്യാർത്ഥി പ്രക്ഷോഭം സംഘട്ടനത്തിൽ കലാശിച്ചു എന്നാണു് പത്രവാർത്ത.വൈസ് ചാൻസലർമാരുടെ ദുഷ്ചെയ്തികൾക്കെതിരെയും വിദ്യാഭ്യാസയോഗ്യതയെ ചൊല്ലിയും വിദ്യാർത്ഥിസംഘടനകൾ നടത്തുന്ന സമരങ്ങൾ തീർത്തും ന്യായയുക്തമാണു്.

പക്ഷേ യുജിസി നിഷ്ക്കർഷിക്കുന്നത്ര നൂറു ശതമാനം പൂർണ്ണമായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിന്റെ പേരിൽ മേല്പറഞ്ഞ വി.സിമാർക്കെതിരെ തെരുവിലിറങ്ങുന്ന വിപ്ലവ വിദ്യാർത്ഥി സംഘടനകൾ അടക്കം ആരും യു.ജി.സി നിശ്ചയിച്ച യോഗ്യതകളിൽ ഒന്നുപോലും ഇല്ലാത്ത മലയാളസർവ്വകലാശാലാ വൈസ് ചാൻസലർക്കെതിരെ ഒരക്ഷരം ഉരിയാടാത്തത് എന്തുകൊണ്ടാണു്?ഹൈസ്ക്കൂൾ ക്ലാസ്സുകളിൽ മലയാളം അദ്ധ്യാപകനായി നിയമിക്കപ്പെടാൻ പോലും യോഗ്യതയില്ലാത്തയാളെ മലയാള സർവ്വകലാശാലയുടെ വി.സിയാക്കിയത് ആരും കാണാതെ പോകുന്നത് എന്തുകൊണ്ട്? ബിരുദാനന്തരബിരുദ ക്ലാസ്സുകളിൽ കുറഞ്ഞത് 10വർഷമെങ്കിലും പ്രൊഫസ്സറായി പഠിപ്പിച്ച പരിചയമുള്ളവരെ മാത്രമേ വി.സിമാരായി നിയമിക്കാവൂ എന്നാണു് യു.ജി.സി നിയമം.മലയാള സർവ്വകലാശാലാ വിസിക്ക് അത്തരം ഒരു വർഷത്തെ അദ്ധ്യാപന പരിചയം പോലുമില്ലെന്ന് ഈ സമരക്കാരാരും അറിഞ്ഞിട്ടില്ലേ?മലയാള ഭാഷയ്ക്ക് വേണ്ടിയുള്ള സര്‍വ്വകലാശാലയല്ലേ,അവിടെ ആര് കേറി നിരങ്ങിയാല്‍ നമുക്കെന്ത്?എന്നാണോ വിദ്യാര്ത്ഥി സംഘടനകളുടെയും ചിന്താഗതി?








Fans on the page

Wednesday, April 30, 2014

നടേശ ശൗണ്ഡികൻ

നിലവാരമില്ലാത്ത 418 ബാറുകൾക്ക് ലൈസൻസ് സർക്കാർ പുതുക്കി നല്കാത്തതിന്റെ പേരിൽ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനു നേരേ പുലയാട്ടുമായി വെള്ളാപ്പള്ളി നടേശനീഴവൻ തുള്ളൽ തുടങ്ങിയിരിക്കുന്നു.ശ്രീനാരായണ ധർമ്മ പരിപാലനത്തിന്റെയും ശ്രീനാരായണ ട്രസ്റ്റിന്റെയും സെക്രട്ടറിയായി വീണ്ടും അവരോധിതനായ വെള്ളാപ്പള്ളിയ്ക്ക് ബാർ ലൈസൻസ് പുതുക്കിയാലെന്ത്? റദ്ദു ചെയ്താലെന്ത്? ശ്രീനാരായണ ധർമ്മം കള്ളും ചാരായവും കച്ചവടമല്ലെന്നാണു ഒരുമാതിരി ബോധജ്ഞാനം ഉള്ളവർ മനസ്സിലാക്കിയിട്ടുള്ളത്.എസ്.എൻ.ഡി.പി യോഗത്തിന്റെ ആയുഷ്ക്കാല സെക്രട്ടറിയും വൈസ് പ്രസിഡന്റുമായി അവരോധിതരായിട്ടുള്ള തന്തയ്ക്കും മോനും പക്ഷേ അങ്ങനെയല്ല മനസ്സിലിരിപ്പ്.“മദ്യം വിഷമാണു്”എന്നു ഗുരു പറഞ്ഞത് വിദേശമദ്യത്തെ ഉദ്ദേശിച്ചല്ല എന്നു വ്യാഖ്യാനിക്കുന്ന ഈ ഈഴവ രാജാവിനും കുമാരനും ബാർ ലൈസൻസ് പ്രശ്നം മഹാകാര്യമാകാതെ തരമില്ല.അതിനു സുധീരനെ പഴിക്കുന്നത് എന്തിനാണെന്നാണു മനസ്സിലാകാത്തത്.തന്റെ സ്വാധീനം കൊണ്ട് ഈഴവ സംവരണത്തിൽ കിട്ടിയതാണു് സുധീരന്റെ കെ.പി.സി.സി പ്രസിഡന്റു സ്ഥാനം എന്ന ഈഴവപ്രഭുവിന്റെ എട്ടുകാലിമമ്മൂഞ്ഞിയൻ അവകാശവാദം എഴുത്തും വായനയും വശമുള്ളവർക്കു മനസ്സിലാകും വിധം സുധീരൻ പൊളിച്ചടുക്കിയതാണു്.എന്നിട്ടും ഈ പ്രശ്നത്തിന്റെ പേരിലുള്ള കേളികൊട്ടിലും അതാവർത്തിക്കുന്നു വെള്ളാപ്പള്ളി.കോൺഗ്രസ്സ് ഹൈക്കമാന്റിൽ അത്രയ്ക്കു സ്വാധീനമുണ്ടെങ്കിൽ സർവ്വകലാവല്ലഭനും തന്തപ്പടിയുടെ ചൊല്പ്പടിക്കു നില്ക്കുന്നവനുമായ കൊച്ചു വെള്ളാപ്പള്ളിയെ കെ.പി.സി.സി.പ്രസിഡണ്ട് ആയി നിയമിപ്പിച്ചു കൂടായിരുന്നോ?എങ്കിൽ സർക്കാർ തീരുമാനത്തിൽ ഇടപെടില്ലെന്നു പറഞ്ഞ ഹൈക്കോടതിയെ ഉൾപ്പെടെ തെറി വിളിക്കാൻ എന്തെളുപ്പമായിരുന്നു!!മന്ത്രിസഭാ തീരുമാനം പുല്ലുപോലെ മാറ്റാൻ കഴിയുമായിരുന്നില്ലേ?

എസ്.എൻ.ട്രസ്റ്റിൽ സെക്രട്ടറിയും അസ്സിസ്റ്റന്റ് സെക്രട്ടറിയും ആയുള്ള അച്ഛന്റെയും മകന്റെയും കിരീടധാരണ ദിവസമായിരുന്നു എസ്.എൻ.ഡി.പി യോഗം പ്രസിഡന്റായും ജന.സെക്രട്ടറിയായും  7 വർഷം പ്രവർത്തിച്ച ഒരു പഴയ പ്രൊഫസ്സറുടെ ജന്മശതാബ്ദി.പ്രൊഫ.പി.എസ്.വേലായുധൻ കള്ളുകച്ചവടക്കാരനല്ലായിരുന്നതിനാലാകണം വെള്ളാപ്പള്ളി അക്കാര്യം മറന്നു പോയത്.അതിനേക്കാൾ വലിയ ഡിസ്ക്വാളിഫിക്കേഷൻ അദ്ദേഹത്തിനു അക്ഷരാഭ്യാസമുണ്ടായിരുന്നതാകാം.കേരള സർ വ്വകലാശാലയുടെ ആദ്യത്തെ പരീക്ഷാ കണ്ട്രോളറും വിവിധ ഗവ. കോളജുകളിൽ പ്രൊഫസ്സറും പ്രിൻസിപ്പാളും എസ്.എൻ.വനിതാ കോളേജിന്റെ പ്രിൻസിപ്പാളും ഒക്കെ ആയിരുന്ന അദ്ദേഹത്തിന്റെ നൂറാം ജന്മ വാർഷികത്തെ ക്കുറിച്ചായിരുന്നില്ല ,ബാർ ലൈസൻസിനെ കുറിച്ചായിരുന്നു പുതിയ എസ്.എൻ.ട്രസ്റ്റു സെക്രട്ടറി മാദ്ധ്യമങ്ങൾക്കു മുമ്പിൽ വാചാലനായത്.ഈഴവഡംഭു പറഞ്ഞ് അന്യജാതിക്കരെയും മതക്കാരെയും ആക്ഷേപിക്കുകയും ഗർവ്വ് നടിക്കുകയും ചെയ്യുന്ന യോഗം സെക്രട്ടറിയുടെ ജാതിക്കാരനല്ലാത്ത ഡോ.ശങ്കരങ്കുട്ടി നായർ കേരളകൗമുദിയിൽ പി.എസ്.വേലായുധനെക്കുറിച്ച് ലേഖനമെഴുതിയതുകൊണ്ടാണു കുറെ അക്ഷരസ്നേഹികളെങ്കിലും അദ്ദേഹത്തിന്റെ ജന്മശതാബ്ദിയെപ്പറ്റി അറിഞ്ഞതു തന്നെ.ബാർ ലൈസൻസ് പ്രശ്നവും മുൻ എസ്.എൻ.ഡി.പി യോഗം ജന.സെക്രട്ടറിയുടെ ജന്മശതാബ്ദി വിഷയവും മുന്നിൽ വന്നപ്പോൾ ഇപ്പോഴത്തെ ജന.സെക്രട്ടറിയുടെ കണ്ണും മനസ്സും ബാറുകാരോടൊപ്പമാകാതെ തരമില്ലല്ലോ!!

പണ്ട് ഈഴവർ പേരിനൊപ്പം ശൗണ്ഡികൻ എന്ന് ചേർക്കുമായിരുന്നു.സരസ കവി മൂലൂർ എസ്.പദ്മനാഭപ്പണിക്കർ ആദ്യകാലത്ത് പദ്മനാഭ ശൗണ്ഡികൻ എന്നായിരുന്നു എഴുതിയിരുന്നത്.ശൗണ്ഡികന്റെ അർത്ഥം 'ചാരായം വാറ്റുന്നവൻ', 'മദ്യം കൂട്ടുകയും വില്ക്കുകയും ചെയ്യുന്നവൻ','ചെത്തുകാരൻ' ,എന്നൊക്കെയാണെന്നു മനസ്സിലാക്കിയിട്ടോ “ചെത്തുകരനെ നാറും അവന്റെ വീടു നാറും”,“ചെത്താനുള്ള കത്തി മുറിച്ചാൽ നാലു ക്ഷൗരക്കത്തിയുണ്ടക്കാം.ക്ഷൗരം ചെയ്യുന്നത് ചെത്തുന്നതിനേക്കാൾ അന്തസ്സുള്ള തൊഴിലാണു” തുടങ്ങിയ ശ്രീനാരായണ വചനങ്ങൾ സ്വാധീനിച്ചിട്ടോ മൂലൂർ, ‘ശൗണ്ഡിക’വാൽ ഉപേക്ഷിച്ചു.ഈഴവ സംഗമം നടത്തിയും “ജാതി ചോദിക്കരുത്,പറയരുത്” എന്നു പറഞ്ഞ ഗുരുവിനെ തിരുത്തി ഈഴവരെല്ലാം ജാതി പറഞ്ഞു നടക്കുന്നതിൽ അഭിമാനിക്കണമെന്നു ഉദ്ബോധിപ്പിക്കുകയും 'മദ്യം വിഷമാണെ'ന്നു ഗുരു പറഞ്ഞത് ,ബാറിൽ വിളമ്പുന്ന മദ്യത്തെ കുറിച്ചല്ല എന്നു വ്യാഖ്യാനിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശനും മകനും കുഴലൂത്തുകാരും തങ്ങളുടെ പേരിനോടൊപ്പം ‘ശൗണ്ഡിക’വാൽ കൂടി ഫിറ്റു ചെയ്യുന്നതു നന്നായിരിക്കും.മദ്യക്കച്ചവടം മഹത്തണെന്നു വാഴ്ത്തുന്നവർക്ക് പേരിനോടൊപ്പം ചേർക്കാൻ പറ്റിയ ഇത്ര അർത്ഥവത്തായ മറ്റൊരു വാക്കില്ല.വെള്ളാപ്പള്ളി നടേശ ശൗണ്ഡികൻ എന്നു കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഒരു ‘ചടപടാലിറ്റി’അനുഭവപ്പെടുന്നില്ലേ?

   







Fans on the page

Monday, April 21, 2014

കേരളമെന്നു കേട്ടാല്‍ ............




"ഭാരതമെന്ന പേര്‍ കേട്ടാലഭിമാന
പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍ " എന്നും  ഭാരത സ്ത്രീകളുടെ ഭാവ ശുദ്ധിയെ കുറിച്ചും പാടിയ മഹാകവി വള്ളത്തോള്‍ , മൂകാംബിക ക്ഷേത്ര പരിസരത്തില്‍ അരങ്ങേറിയ ഈ കാഴ്ച കണ്ടിരുന്നെങ്കില്‍ എന്ത് പറയുമായിരുന്നു?








നിരവധി പേരില്‍ നിന്നും കോടികള്‍ തട്ടിയെടുക്കുകയും ,പല പുരുഷന്മാരുമായി കിടക്ക പങ്കിട്ടെന്നു കൂസലില്ലാതെ പറഞ്ഞ് നടക്കുകയും പലരെയും ബ്ലാക്മെയില്‍ ചെയ്തു കാശ് സമ്പാദിക്കുകയും ചെയ്ത  ഒരുത്തിയുടെ ഒട്ടോഗ്രാഫിനായി വീട്ടമ്മമാര്‍ മത്സരിക്കുന്ന ഈ ദൃശ്യം അന്തസ്സുള്ള ഏതു സ്ത്രീയ്ക്കും അപമാനമുണ്ടാക്കുന്നതാണ്.ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ അമ്പലത്തിന്റെ പരിസരത്ത് വച്ചാണ് തട്ടിപ്പുകാരിയുടെ "പ്രസാദ"ത്തിനായി കുലവധൂടികള്‍ മത്സരിച്ചതെന്നതാണ് ഏറെ കഷ്ടം!







Fans on the page

Tuesday, March 18, 2014

എമ്മെല്ലെയുടെയും ബിഷപ്പിന്റെയും ഭാഷ



വി.റ്റി.ബലറാം എം.എൽ.എ ഇടുക്കി ബിഷപ്പിനെ നികൃഷ്ടജീവിയായി ചിത്രീകരിച്ചതിനെ ചൊല്ലി എന്തെല്ലാം കോലാഹലങ്ങളായിരുന്നു.ഒടുവിൽ ആ ചെറുപ്പക്കരനെ കൊണ്ട് മാപ്പു പറയിച്ചിട്ടേ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾക്ക് ഉറക്കം വന്നുള്ളു.എന്ത് അശ്ലീല ധ്വനിയാണു നികൃഷ്ടജീവി എന്ന വാക്കിലുള്ളത്? തന്നെ സന്ദർശിക്കാനെത്തിയ ഇടുക്കിയിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയോട് വളരെ നികൃഷ്ടമായിട്ടാണു ബിഷപ്പ്  പെരുമാറിയത്.നിന്ദ്യമായും നികൃഷ്ടമായും പെരുമാറുന്നവരെ “നികൃഷ്ടജീവികൾ”എന്നല്ലതെ മറ്റെന്താണു വിളിക്കേണ്ടത്?പരമവിശുദ്ധനെന്നോ?അതിഥികളെ ആദരിക്കുന്നതാണു ഭാരതീയ പാരമ്പര്യം.ആ പാരമ്പര്യത്തോടു മമത ഇല്ലെങ്കിൽ വേണ്ടാ.ഒരു ബിഷപ്പിനു് ക്രിസ്തു വചനങ്ങളോടു ബഹുമാനവും വിധേയത്വവും വേണ്ടേ?“എനിക്കു വിശന്നു;നിങ്ങൾ ഭക്ഷിപ്പാൻ തന്നു;ദാഹിച്ചു കുടിപ്പാൻ തന്നു:ഞാൻ അതിഥിയായിരുന്നു,നിങ്ങൾ എന്നെ ചേർത്തുകൊണ്ടു.”എന്നാണു് ബൈബിൾ വചനം.ഇടുക്കി ബിഷപ്പാകട്ടെ അതിഥിയെ പുലഭ്യം കൊണ്ട് എറ്റി.സംസ്ക്കാരശൂന്യമായ വാക്കുകൾ കൊണ്ട് അതിഥിയുടെ മുഖത്തടിച്ചു.എന്നിട്ടും കുറ്റം സത്യം വിളിച്ചു പറഞ്ഞവനു്.

തന്റെ കൊച്ചു മകനാകാൻ മാത്രം പ്രായമുള്ള സ്ഥാനാർത്ഥിയോട്,അഭിവന്ദ്യനായ ഈ തിരുമേനി എത്ര മര്യാദകെട്ട രീതിയിലാണു് സംസാരിച്ചതെന്ന് സന്ദർശനത്തിന്റെ വീഡിയോക്ലിപ്പിങ്ങ് കണ്ടാൽ ബോദ്ധ്യമാകും.എതോ ഒരു മന്ത്രി സമരം ചെയ്തു പട്ടയം വാങ്ങാമെന്ന് ആരും കരുതണ്ടാ എന്നു പറഞ്ഞതിനെ ചൊല്ലി, ഇതെന്താ മന്ത്രിയുടെ തന്ത കണ്ട മൊതലാണോ എന്നാണു ഈ വൈദിക പ്രമാണി ചോദിക്കുന്നത്.മന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ മന്ത്രിയോടു ചോദിക്കണം.അനുഗ്രഹം തേടി അരമനയിൽ ചെന്ന കുഞ്ഞാടിനോടല്ല ചോദിക്കണ്ടത്.അതിഥിയെ ശുശ്രൂഷിക്കണമെന്നും പാപികളോടു പൊറുക്കണമെന്നും ഉപദേശിച്ച യേശുക്രിസ്തുവിന്റെ പേരിൽ കുപ്പായവുമിട്ട് ജനസേവനത്തിനിറങ്ങിയ ഇടയന്റെ വായിൽ നിന്നും പൊട്ടി വീണ തെറിവാക്കുകൾ ഉമ്മൻ ചാണ്ടിയ്ക്കും സുധീരനും ഒക്കെ തിരുവചനങ്ങളായി തോന്നിയേക്കാം.തന്തയ്ക്കും തള്ളയ്ക്കും മറ്റും പറഞ്ഞാൽ പറയുന്നവന്റെ കരണക്കുറ്റി അടിച്ചു പൊട്ടിക്കുകയാണു തന്തയ്ക്കു പിറന്നവർ ചെയ്യുക.നികൃഷ്ട ജീവി എന്ന ബലറാമിന്റെ പ്രയോഗത്തെക്കാൾ എത്രയോ അധമമായ പ്രയോഗമാണു് ഇടുക്കി ബിഷപ്പ് മന്ത്രിക്കു നേരേ നടത്തിയത്!അദ്ദേഹം മാപ്പു പറയണമെന്ന് എന്താണു കേരളത്തിലെ സഭ്യതപരിപാലന പോലീസുകാർ ആവശ്യപ്പെടാത്തതെന്ത്?

അതിഥികളെ പുലഭ്യം പറയുക മാത്രമല്ല ഈ ബിഷപ്  ചെയ്തുകൊണ്ടിരിക്കുന്നത്. സർക്കർ ഉത്തരവുകൾ ദുർവ്യാഖ്യാനം ചെയ്തും അസത്യങ്ങൾ പ്രചരിപ്പിച്ചും ജനങ്ങളിൽ ഭീതി പരത്തുകയും പരസ്പര സ്പർദ്ധ വളർത്തുകയുമാണു ഇദ്ദേഹത്തിന്റെ കുറേ നാളായിട്ടുള്ള തൊഴിൽ.“വെള്ള തേച്ച ശവക്കല്ലറകൾ” എന്നു ക്രിസ്തു ദേവൻ വിശേഷിപ്പിച്ചത് ഇത്തരം ബിഷപ്പുമാരെ ഉദ്ദേശിച്ചാകണം.ജനങ്ങളെ കലാപത്തിനു പ്രേരിപ്പിക്കുന്ന സാമൂഹികദ്രോഹികളെ ജയിലിൽ അടക്കേണ്ടതിനുപകരം അവർക്കു മുപിൽ കുമ്പസാരിക്കുന്ന ഭരണാധികാരികളും രാഷ്ട്രീയ പാർട്ടികളും ഗുരുതരമായ കൃത്യവിലോപമാണു കാട്ടുന്നത്.









Fans on the page

Monday, March 3, 2014

കോഴിക്കള്ളന്‍

പല മട്ടു തേടീട്ടും കോഴിയെക്കാണാതെ-
യലയുന്ന വീട്ടമ്മയ്ക്കരികിലൂടെ
തല നിറയെ തൂവലും പേറിയേകൻ
തടിയനഹങ്കാരിയോടിപ്പോകെ
അഴലെഴും വീട്ടമ്മയറിയാതെ ചോദിച്ചു:
“എവിടുന്നു കിട്ടിയീ കോഴിത്തൂവൽ?”
“കോഴിയുമില്ലൊരു തൂവലുമില്ല
ഒരു ചുക്കുമറിയില്ല നിങ്ങൾക്ക്”
ഉരുകിത്തിളയ്ക്കുന്നു ഗർവ്വിഷ്ഠൻ
കരൾ നൊന്തു നിലക്കുന്നു വീട്ടമ്മ.








Fans on the page

Friday, February 28, 2014

സുധീരവിരോധികള്‍

മന്നം സമാധിയിൽ പുഷ്പാർച്ചന ചെയ്യാൻ ചെന്ന വി.എം.സുധീരനെ കാണാനുള്ള മര്യാദ പോലും കാട്ടാതിരുന്ന എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ,സുധീരനെതിരെ പരാതിയുമായി ഇറങ്ങിയിരിക്കുന്നു.മന്നത്തിനെ സുധീരൻ അപമാനിച്ചു പോലും!ഷാളുമായി അരമനയിൽ കാത്തിരുന്നിട്ട് അദ്ദേഹം മുഖം കാണിക്കാൻ ചെന്നില്ലത്രെ.പുഷ്പാർച്ചന ചെയ്യുന്നത് അപമാനിക്കലാണെന്ന സുകുമാരൻ നായരുടെ കണ്ടുപിടുത്തം അത്ഭുതകരമായിരിക്കുന്നു.അതിഥിയെസ്വീകരിക്കാൻ മുറിയിൽ കാത്തിരിക്കുകയാണോ മാന്യന്മാർ ചെയ്യുക?ഷാൾ കഴുത്തിലിട്ടു മുറുക്കുകയോ മറ്റോ ചെയ്യാനായിരുന്നോ പരിപാടി?സുധീരന്റെ ആയുസ്സിന്റെ വലിപ്പം കൊണ്ടാകണം മുറിയിൽ ചെല്ലാൻ തോന്നാഞ്ഞത്.സമുദായാംഗങ്ങളിൽ നിന്നു തന്നെ എതിർപ്പും വിമർശനവും ഉണ്ടായപ്പോൾ താൻ എൻ.എസ്.എസിന്റെ പോപ്പാണെന്നായി സുകുമാരൻ നായർ.മന്നം നായന്മാരുടെ മാത്രം സ്വത്താണെന്നും,മന്നം സമാധി കോട്ടയത്തെ ഗാന്ധിപ്രതിമ പോലെ ആർക്കും കേറി നിരങ്ങാവുന്നിടമല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.മന്നം നായന്മാരുടെ സ്വന്തമാണെന്നു് അവകാശപ്പെടാൻ സുകുമാരൻ നായർക്ക് അധികാരമുണ്ട്.അതുകൊണ്ട് ഗാന്ധിജിയെ നിന്ദിക്കുവാൻ സുകുമാരൻ നായർക്ക് അവകാശമുണ്ടെന്ന് ധരിക്കരുത്.ഗാന്ധിജി സുകുമാരൻ നായരെപ്പോലെയുള്ള ഏഴാംകൂലികൾക്ക് അവഹേളിക്കുവാനുള്ള ഉരുപ്പടിയല്ല.

എന്താണു് സുകുമാരൻ നായരുടെ യഥാർത്ഥ പ്രശ്നം?എം.എൽ.എ; വി.റ്റി.ബലറാം പറഞ്ഞതുപോലെ സമയത്തു ഗുളിക കഴിക്കാത്തതു മാത്രമാണെന്നു തോന്നുന്നില്ല.കഴിഞ്ഞ കുറേ നാളുകളായി--കുറഞ്ഞ പക്ഷം സുകുമാരൻ നായർ സർവ്വ പ്രതാപിയായ സെക്രട്ടറിയായി വിലസാൻ തുടങ്ങിയതിനു ശേഷമെങ്കിലും--നട്ടെല്ലു വളച്ച് ഓച്ഛാനിച്ചു നില്ക്കുന്ന കെ.പി.സി.സി പ്രസിഡന്റുമാരെ മാത്രമേ കണ്ടിട്ടുള്ളൂ.തൊഴിക്കും തോറും തൊഴുതും തെറി പറയും തോറും വായ്ക്കൈ പൊത്തിയും നില്ക്കുന്ന കോൺഗ്രസ്സ് പ്രസിഡന്റുമാരെയും നേതാക്കളെയും കണ്ടുശീലിച്ച സുകുമാരനേത്രങ്ങൾക്ക് അത്തരക്കാരനല്ലാത്ത സുധീരനെ ഉൾക്കൊള്ളാൻ കഴിയില്ല.അതുകൊണ്ടാണല്ലോ പെണ്ണു പിടിയനായ ഒരു കേന്ദ്രമന്ത്രി പുഷ്പാർച്ചന നടത്തിയ മന്നത്തിന്റെ കല്ലറ സുധീരൻ തൊട്ട് അശുദ്ധമാക്കി എന്ന് അദ്ദേഹം ആക്രോശിക്കുന്നത്.

അല്ല;സുധീരനു് ഇതു വേണം.ആർ. ശങ്കറോടുള്ള വ്യക്തിവിരോധവും ജാതിക്കുശുമ്പും നിമിത്തം കേരളത്തിലെ കോൺഗ്രസ്സ് പാർട്ടിയെ പിളർത്തിയ മന്നത്തിന്റെ ശവകുടീരത്തെ വണങ്ങുവാൻ ,മറ്റാരു പോയാലും കെ.പി.സി.സി.പ്രസിഡന്റു പോകാൻ പാടുണ്ടോ?ഗാന്ധിയൻ തത്ത്വം അനുസരിച്ച് എല്ലാം പൊറുത്തു എന്നു കാണിക്കാനാണു പോയതെങ്കിൽ നല്ലത്.പക്ഷേ ആ മഹാമനസ്കത മനസ്സിലാകാത്ത മൂഢർക്കു മുമ്പിൽ ഇതൊക്കെ വിപരീത ഫലമേ സൃഷ്ടിക്കൂ.“പന്നിയുടെ മുമ്പിൽ മുത്തെറിയരുത്”എന്ന ബൈബിൾ വാക്യം സുധീരൻ ഓർക്കണമായിരുന്നു.

സുധീരനെ കണ്ടപ്പോൾ കുരിശു കണ്ട പിശാചിനെപ്പൊലെ ഭയപ്പെടുകയും വെപ്രാളപ്പെടുകയും ചെയ്തവരുടെ കൂട്ടത്തിൽ നായർ നേതാവായ സുകുമാരൻ നായർ മാത്രമല്ല ഈഴവ നേതാവായ വെള്ളാപ്പള്ളി നടേശനും ഉണ്ട്.കെ.പി.സി.സി.പ്രസിഡന്റായതിനു ശേഷമാണു സുകുമാരൻ നായർക്കു സുധീരപ്പേടി തുടങ്ങിയതെങ്കിൽ നടേശ ഈഴവനു് സുധീരൻ ആലപ്പുഴ പാർലമെന്റു സ്ഥാനാർത്ഥിയായപ്പൊഴേ തുടങ്ങിയിരുന്നു.'വയറു പെരുപ്പിച്ച് ശബ്ദമുണ്ടാക്കുന്ന തൊണ്ണൻ തവളയാണു സുധീരൻ' എന്നും ബഹളമുണ്ടാക്കി വാർത്ത സൃഷ്ടിക്കാനാണു അദ്ദേഹം ശ്രമിക്കുന്നതെന്നുംനടേശൻ പറഞ്ഞത് സുധീരൻ കെ.പി.സി.സി പ്രസിഡന്റാകുന്നതിനു മുമ്പാണു്.ഒരു ഗ്രൂപ്പിലും പെടാതെ അധികാര സ്ഥാനങ്ങളൊന്നും വഹിക്കാതെയിരുന്ന സുധീരനെപ്പോലും ഭയമായിരുന്നു നടേശനു്.മൂന്നാമതും തെറ്റിപ്പിരിഞ്ഞെങ്കിലും സുകുമാര നടേശന്മാർ ഒരേ നുകത്തിൽ കെട്ടാൻ പറ്റിയവർ തന്നെയെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു.സാമുദായിക നേതാക്കളെ വണങ്ങിനിന്നതു കൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിയും വളർന്നിട്ടില്ല എന്ന ചരിത്ര സത്യം സുധീരനെപ്പോലുള്ളവർ മനസ്സിലാക്കുന്നത് നന്ന്.









Fans on the page

Thursday, February 13, 2014

അഴീക്കോടിനെ വില്പനച്ചരക്കാക്കുമ്പോൾ...

ഡോ.സുകുമാർ അഴീക്കോട് അന്തരിച്ചിട്ട് 2014 ജനുവരി 24 നു രണ്ടു വർഷം തികഞ്ഞു.അന്ന് മലയാള മനോരമയും ദീപികയും ഒഴികെയുള്ള എല്ലാ മലയാളപത്രങ്ങളും അനുസ്മരണ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി.കേരളകൗമുദിയാകട്ടെ കണ്ണൂർ എഡിഷനിൽ മാത്രമായി കെ.പി.സുധീരയുടെ ഒരു കുറിപ്പു പ്രസിദ്ധീകരിച്ചു.മാതൃഭൂമിയിൽ വന്ന എം.എൻ .കാരാശ്ശേരിയുടെയും ജനയുഗത്തിൽ പ്രസിദ്ധീകരിച്ച കെ.പി.രാജേന്ദ്രന്റെ ലേഖനവും മികച്ച നിലവാരം പുലർത്തുന്നതായിരുന്നു.എന്നാൽ ശ്രീമതി സുധീരയുടെ കുറിപ്പ്,അഴീക്കോടു സാർ രോഗബാധിതനായി കിടന്നപ്പോൾ മുതൽ ഇവർ എഴുതി കാശാക്കിയ കെട്ടുകഥകളുടെ ആവർത്തനമാണു.അവയിൽ പലതും അവാസ്തവവും അർദ്ധ സത്യവുമാണു.ലേഖനത്തിലെ അഴീക്കോടു സാറിന്റെ അവസാന നിമിഷത്തിന്റെ വർണ്ണന വായിച്ചാൽ അദ്ദേഹത്തിന്റെ പ്രാണൻ പോകുന്നത് സുധീര കണ്ടുകൊണ്ടു നില്ക്കുകയായിരുന്നു എന്ന് തോന്നും.അവസാനത്തെ മൂന്നു ദിവസവും അമലയിൽ ഉണ്ടായിരുന്ന ഒരാളെന്ന നിലയിൽ എനിക്കു വ്യക്തമായറിയാം അഴീക്കോടിന്റെ അന്ത്യ നിമിഷത്തിൽ സുധീര ആ പരിസരത്തു പോലുമില്ലായിരുന്നു എന്ന്.സാർ മരിക്കുന്നതിന്റെ തലേ ദിവസമാണു മോഹൻ ലാൽ അദ്ദേഹത്തെ കാണാൻ ആശുപത്രിയിൽ എത്തിയത്.മോഹൻലാൽ പോയ പിറകേ മറ്റു പലരെയും പോലെ സുധീരയും സ്ഥലം വിട്ടു.അപ്പോൾ ഏകദേശം വൈകുന്നേരം നാലു മണിയായിക്കാണും .ആ പകൽ കഴിഞ്ഞ് അന്നത്തെ രാത്രിയും അവസാനിക്കാറായപ്പോഴാണു അന്ത്യം സംഭവിച്ചത്.പിറ്റേന്ന് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയിൽ മൃതദേഹം വഹിക്കുന്ന വാഹനത്തിൽ കയറാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിന്റെ ജാള്യവുമായി കണ്ണൂർ ടൗണിലാണു പിന്നീടു സുധീരയെ കണ്ടത്.

അഴീക്കോട് മരിച്ചിട്ട് 2014 ജനുവരി 24നു രണ്ടു വർഷം തികഞ്ഞു.പക്ഷേ സുധീരയുടെ കണക്കു പ്രകാരം അദ്ദേഹം “വിടപറഞ്ഞിട്ട് ഒരു വർഷം പിന്നിടുന്ന”തേയുള്ളൂ.ഒരു പക്ഷേ കഴിഞ്ഞ വർഷം ഏതോ പ്രസിദ്ധീകരണത്തിനു കൊടുത്ത ലേഖനം തലക്കെട്ട് മാറ്റി കേരളകൗമുദിക്ക് അയച്ചു കൊടുത്തതാകാം.അതു മനസ്സിലാക്കിയിട്ടാകണം അവർ ഈ ലേഖനം കണ്ണൂർ എഡിഷനിൽ മാത്രമായി ചുരുക്കിയത്.എന്തായലും ഇതിന്റെ അസ്സൽ, സാർ മരിച്ച ശേഷം കലാകൗമുദി പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പിൽ കാണാം.അഴീക്കോടിന്റെ ആത്മ കഥയിൽ സുധീരയുടെ പേർ അവരുടെ അച്ഛനെ കുറിച്ച് എഴുതുമ്പോൾ പരാമർശിച്ചു പോയത് ഇത്ര അലിയ കുരിശ്ശാകുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും വിചാരിച്ച് കാണില്ല.







Fans on the page

Friday, January 31, 2014

അച്ഛൻ & മകൻ കമ്പനി



1903 ൽ ഡോ.പല്പ്പുവിന്റെ ഉത്സാഹത്തിൽ കമ്പനി ആക്റ്റ് പ്രകാരം രൂപം കൊണ്ട സംഘടനയാണു എസ്.എൻ.ഡി.പി യോഗം.ഈഴവ മഹാജന സഭയ്ക്കും അരുവിപ്പുറം ക്ഷേത്രയോഗത്തിനും പകരമായി ശ്രീനാരായണഗുരുവിന്റെ പേരിൽ വിശാലാശയങ്ങളോടെ സ്ഥാപിക്കപ്പെട്ട ആ സംഘടന ഇന്ന് അച്ഛൻ ആന്റ് മകൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറിയിരിക്കുന്നു.സമുദായോന്നമനവും വിശ്വസാഹോദര്യവും ലക്ഷ്യമാക്കി ആരംഭിച്ച പ്രസ്ഥാനം സമുദായസ്പർദ്ധ വളർത്താനുള്ള ജാതി സംഘമായി മാറ്റാൻപിതാവും പുത്രനും കൂടി കിണഞ്ഞു ശ്രമിക്കുകയാണു. “ജാതി ഭേദം മതദ്വേഷമേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം"നിർമ്മിച്ച ഗുരുവിന്റെ ധർമ്മം പരിപാലിക്കാൻ രൂപം കൊണ്ട സംഘടനയുടെ ജനറൽ സെക്രട്ടറിയുടെയും വൈസ്പ്രസിഡന്റിന്റെയും സ്ഥാനത്ത് കയറിപ്പറ്റിയിരിക്കുന്ന അച്ഛനും മകനും കൂടി യാതൊരു സങ്കോചവും ഇല്ലാതെ പച്ചയ്ക്ക് ജാതി പറയുകയും മതവിദ്വേഷത്തിന്റെ ഹീനഭാഷ സംസാരിക്കുകയുമാണു ചെയ്യുന്നത്.

സാമുദായിക അവശതയിൽ നിന്നുള്ള മോചനം യോഗത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നെങ്കിലും ഒരിക്കലും അന്യ മത,ജാതി വർഗ്ഗ വിദ്വേഷം അതിന്റെ അജണ്ടയിൽ ഉണ്ടായിരുന്നില്ല.ഈഴവ സംഗമം നടത്തി ജാതിയില്ലാതാക്കാമെന്നു പ്രചരിപ്പിക്കുകയും മദ്യം വിഷമാണെന്ന് ഗുരു പറഞ്ഞതിൽ വിദേശമദ്യം ഉൾപ്പെടില്ലെന്നു വ്യാഖ്യാനിക്കുകയും ചെയ്യുന്ന അച്ഛനും മകനും കൂടി നടത്തുന്നത്  ഗുരുനിന്ദയാണു.പാവപ്പെട്ട സമുദായാംഗങ്ങളിൽ നിന്നും പിരിച്ചെടുത്ത തുകയുപയോഗിച്ച് നാടു മുഴുവൻ കെട്ടിപ്പൊക്കിയിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ തന്നെ സ്വാമിയെ സാന്റ് വിച്ച് ആക്കുന്നതിന്റെ വിളംബരമാണു.എല്ലായിടത്തും സെക്രട്ടറിയച്ഛന്റെയും വൈസ്പ്രസിഡന്റ് മോന്റെയും ഇടയിലാണു സ്വാമിയുടെ സ്ഥാനം.പ്രസിഡന്റ് എന്ന സാധു ജീവിയെ കാണണമെങ്കിൽ മൈക്രോസ്കോപ്പ് വേണം.അതോ വൈസ്പ്രസിഡന്റിനു താഴെയാണു പ്രസിഡന്റിന്റെ സ്ഥാനവും അധികാരങ്ങളും എന്ന് യോഗത്തിന്റെ ബൈലാ ഭേദഗതി ചെയ്തോ?എന്തായാലും ഗുരുവിനെ ഞെരിക്കുന്ന പാപചിത്രങ്ങളിൽ നിന്നും പ്രസിഡന്റ് രക്ഷപ്പെട്ടല്ലോ!

ജാതി നോക്കി വോട്ടു ചെയ്യുന്നവർ അധികാരത്തിൽ കയറി എല്ലാം കവർന്നെടുക്കുന്നുവെന്നും അതുകൊണ്ട് ഈഴവരും ജാതി നോക്കി വോട്ടു ചെയ്യണമെന്നുമാണു അച്ഛൻ വെള്ളാപ്പള്ളിയുടെ ഏറ്റവും പുതിയ പ്രബോധനം.സ്വന്തം പുത്രനെ ഗുരുവായൂര്‍ ദേവസ്വം ബോഡ് മെംബറാക്കിയപ്പോൾ ഉമ്മൻ ചാണ്ടി സമർത്ഥനായ മുഖ്യമന്ത്രിയാണെന്നു വാഴ്ത്തിയത് ജനം മറന്നിട്ടില്ല.എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ,ഉമ്മൻ ചാണ്ടിയെ വിമർശിക്കും മുമ്പ് സ്വന്തം പുത്രിക്കു കിട്ടിയ സിൻഡിക്കേറ്റ് അംഗത്വം രാജിവയ്പിക്കാനുള്ള മര്യാദയെങ്കിലും കാണിച്ചു.അത്ര പോലും അന്തസ്സു കാട്ടാതെ സർക്കാരിനെ വിമർശിക്കുന്നതു കേൾക്കുമ്പോൾ സ്വന്തക്കാർക്ക്(സമുദായത്തിനല്ല) വീണ്ടും കിട്ടാത്തതിന്റെ കൊതിക്കെറുവു മാത്രമായിട്ടേ ജനം ധരിക്കൂ.

“സംഘടിച്ചു ശക്തരാകാനും വിദ്യ കൊണ്ടു പ്രബുദ്ധരാകാനും വ്യവസായത്തിലൂടെ സമ്പത്തുണ്ടാക്കാനും ഉപദേശിച്ചത് ശ്രീനാരായണഗുരുവാണു.എന്നാൽ ഇതെല്ലാം അക്ഷരം പ്രതി പ്രാവർത്തികമാക്കിയതാകട്ടെ സംഘടിത ന്യൂനപക്ഷങ്ങളും.”എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനും യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി എഴുതിയ ലേഖനത്തിലെ(കേരളകൗമുദി.30.12014)വാചകങ്ങളാണിത്.അച്ഛൻ വെള്ളാപ്പള്ളിയേക്കാൾ വിവരക്കേട് ഏഴുന്നള്ളിക്കാൻ മകൻ വെള്ളാപ്പള്ളി മിടുക്കനാണെന്ന് ഈ പ്രസ്താവന തന്നെ തെളിയിക്കുന്നു.ശ്രീനാരായണ ഗുരു പറഞ്ഞതു കൊണ്ട് അത് മറ്റാരും പ്രാവർത്തികമാക്കാൻ പാടില്ല എന്നു തോന്നും കൊച്ചു വെള്ളാപ്പള്ളിയുടെ ഗീർ വാണം കേട്ടാൽ.“പലമത സാരവുമേകം”എന്നു പഠിപ്പിച്ച മഹാഗുരുവിനെ കുറിച്ചെഴുതിയ ലേഖനത്തിലെ മതവിദ്വേഷവും ശ്രദ്ധിക്കുക.

കേരളത്തിലെ 126 ഡപ്യൂട്ടി കളക്റ്റർമാരിൽ ഒരാൾ പോലും ഈഴവ സമുദായത്തിൽ നിന്നില്ല എന്നു വിലപിക്കുന്ന കൊച്ചു വെള്ളാപ്പള്ളി,പി.എസ്.സി ഉണ്ടായകാലം മുതൽ പാലിച്ചു വന്ന നിയമത്തിനും നടപടിക്രമത്തിനും വിരുദ്ധമായി ഈയിടെ ഡപ്യൂട്ടികളക്റ്റർ ഇന്റർവ്യൂ നടത്തുകയും ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ട് എന്തു ചെയ്തു?ടെസ്റ്റിൽ മുന്നിൽ വന്ന ഈഴവരുൾപ്പടെയുള്ള പിന്നോക്കക്കാരെ അവിടെനിന്നും അടർത്തിമാറ്റി പ്രത്യേകം ലിസ്റ്റുണ്ടാക്കി ഇന്റർവ്യൂവിനു വിളിച്ച് മെറിറ്റിൽ കിട്ടാനുള്ള സാദ്ധ്യത ഇല്ലാതാക്കിയപ്പോൾ അച്ഛന്റെയും മകന്റെയും സമുദായ സ്നേഹം എവിടെ പോയിരുന്നു?വെറ്ററിനറി സർവ്വകലാശാലാ വൈസ് ചാൻസലറെ ആ സ്ഥാനത്തു നിന്നു ഉമ്മൻ ചാണ്ടി സർക്കാർ നീക്കിയപ്പോൾ ഇവരുടെ ജാതി സ്നേഹം എവിടെ പോയിരുന്നു?അദ്ദേഹം സ്വയം നിയമ യുദ്ധം നടത്തിയല്ലേ തിരികെ വന്നത്?കേരളത്തിലെ മിക്ക മാനേജ്മെന്റുകളുടെയും കോളജുകൾക്ക് സ്വയംഭരണ പദവി ലഭിച്ചപ്പോൾ,എസ്.എൻ.ട്രസ്റ്റിന്റെ ഒറ്റ കോളജിനു പോലും ആ പദവി ലഭിച്ചില്ല.അദ്ധ്യാപകരെ ലേലം വിളിച്ചു നിയമിച്ചാൽ ഒരു നല്ല അക്കാദമിക് പദവിയും കിട്ടാൻ പോകുന്നില്ല.

“ജാതിയെപ്പറ്റിയും മതത്തെപ്പറ്റിയും മദ്യപാനം തുടങ്ങിയ സമൂഹ ദോഷങ്ങളെപ്പറ്റിയും ഗുരു പ്രസ്താവിച്ചതും ഗുരുദേവന്റെ വേദാന്തചിന്തകളും ഒരുപോലെ ഉദ്ഗ്രഥിച്ച് ചിന്താപ്രചാരണം നടത്താൻ പോന്ന ധൈഷണിക മഹത്ത്വവും ശീലശുദ്ധിയും ഉള്ള ആളുകൾ ആദ്യകാല ശിഷ്യപ്രവർത്തകർക്കു ശേഷം നഷ്ടപ്പെട്ടു പോകുകയും സ്ഥാനമോഹികളും അയോഗ്യരുമായ ”പെരുച്ചാഴികൾ“(പ്രയോഗത്തിനു ഡോ.പല്പ്പുവിനോടു കടപ്പാട്)നേതാക്കളായി വരികയും ചെയ്തതാണു പൊതുവേ പറഞ്ഞാൽ ശ്രീനാരായണപ്രസ്ഥാനങ്ങളിൽ പ്രമുഖങ്ങളായ യോഗത്തിന്റെയും സംഘത്തിന്റെയും ദുരന്തം” എന്ന് ഡോ.സുകുമാർ അഴീക്കോട് നിരീക്ഷിച്ചത് എത്ര വാസ്തവം!പെരുച്ചാഴികൾ മാത്രമല്ല ചുണ്ടെലികളും കൂടിയാണു ഇപ്പോൾ യോഗത്തെ തുരക്കുന്നതെന്നു മാത്രമേ കൂട്ടിച്ചേർക്കേണ്ടതുള്ളു.









Fans on the page

Thursday, January 30, 2014

എത്ര തല?


മോടിയും ധാടിയും കൂട്ടാൻ
താടി വടിച്ചും വളർത്തിയും നോക്കി.
റോഡു വെട്ടി കാടു വെട്ടി
ഒടുവിൽ അടുത്തു നിന്ന
അന്യമതക്കാരന്റെ തലവെട്ടി.
അധികാരമുറപ്പിക്കാൻ
നരമേധം അനിവാര്യം.
ഉറച്ച സിംഹാസനം കാക്കാൻ
നിറവയറു കീറി
ഭ്രൂണത്തെ ശൂലത്തിൽ കോർത്തു.
ഇനിയെന്റെ ലക്ഷ്യം
ഇന്ദ്രപ്രസ്ഥം.
അതിനെത്ര തലവേണമെന്നതാ-
ണടിയന്റെ ചിന്ത!






Fans on the page