Total Pageviews

Wednesday, January 28, 2009

രണ്ടു നാലു ദിനം കൊണ്ടു സിബിഐ യെ.....

മാറാട് കൂട്ടക്കൊലയെ കുറിച്ച് സി ബി ഐ യെ ക്കൊണ്ട് അന്വേഷിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് ഏതാനും ആഴ്ച മുമ്പാണ്.
അതിനെതിരെ ചില രാഷ്ട്രീയ കക്ഷികള്‍ രംഗത്തുവന്നപ്പോള്‍ മന്ത്രിസഭാ തീരുമാനത്തെ ന്യായീകരിച്ച് ഏറ്റവും കൂടുതല്‍ സംസാരിച്ച ആളാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.അന്ന് സിബിഐ ഏറ്റവും വിശ്വസനീയമായ ദേശീയ കുറ്റാന്വേഷണ ഏജന്‍സിയായിരുന്നു അദ്ദേഹത്തിന്.

ഇപ്പോള്‍ ഒരാഴ്ചയായി സിബി ഐ പോലെ വിശ്വസിക്കാന്‍ കൊള്ളാത്ത ഒരു ഏജന്‍സി ഇല്ലെന്നാണ് കോടിയേരി വാദിക്കുന്നത്.
ഇതില്‍ ഏതാണു സാര്‍ ജനം വിശ്വസിക്കേണ്ടത് ? "സിസ്റ്റര്‍ സ്റ്റെഫി,ഫാ.കോട്ടൂര്‍,ഫാ.പുതൃക്കയില്‍,പിണറായി വിജയന്‍,
എന്നിവരെ അന്യായമായി പീഡിപ്പിക്കുന്ന സിബിഐ യുടെ നടപടി അവസാനിപ്പിക്കുക" എന്ന് "പകല്‍മാന്യ സമിതി"യുടേതായി
കോട്ടയം നഗരത്തില്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളുടെ കര്‍ത്താവും നമ്മുടെ ആഭ്യന്തരമന്ത്രിയാണോ?

"രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റിനടക്കുന്നതും ഭവാന്‍,
മാളിക മുകളേറിയ മന്നന്റെ തോളില്‍
മാറാപ്പു കേറ്റുന്നതും ഭവാന്‍"
എന്ന് പൂന്താനം പറഞ്ഞത് ഇദ്ദേഹത്തെപ്പറ്റി ആയിരിക്കുമോ?
"കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ, കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍" എന്നും കൂടി പൂന്താനം പാടിയിട്ടുണ്ട്.



Fans on the page

Saturday, January 24, 2009

ബൂലോകത്തെ 5രൂപാ പോലീസ്

പണ്ട് സി പി.രാമസ്വാമി അയ്യര്‍ തിരുവിതാംകൂറില്‍ ദിവാനായിരുന്ന കാലത്ത്, കമ്യൂണിസ്റ്റുകാരെ അഞ്ചു രൂപാ പറ്റി ഒറ്റിക്കൊടുക്കുകയും യോഗം കലക്കുകയും ചെയ്യുന്ന ചിലരുണ്ടായിരുന്നു. "സി പിയുടെ അഞ്ചു രൂപാ പോലീസ്" എന്നായിരുന്നു ഈ ഒറ്റുകരെ നാട്ടുകാര്‍ വിളിച്ചിരുന്നത്.ബൂ ലോകത്തും ഇത്തരം അഞ്ചു രൂപാ പോലീസുകാര്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നു.

ചിത്രകാരനെതിരെ അഞ്ചുരൂപാ പോലീസ് വേഷം കെട്ടിയിരിക്കുന്നത് സന്തോഷ്.ജെ എന്ന മാന്യനാണ്.സരസ്വതിക്ക് എത്ര മുലകളുണ്ട്? എന്ന ചിത്രകാരന്റെ പോസ്റ്റ് വായിച്ച് സദാചാരം ഇടിഞ്ഞതില്‍ മനം നൊന്താണത്രെ ഈ ചെറുപ്പക്കാരന്‍ അദ്ദേഹത്തെ ഒറ്റു കൊടുത്തത്.സരസ്വതിക്ക്എത്ര മുലകളുണ്ട് എന്നു ചോദിച്ചതു കേട്ട് ചോര തിളച്ച ഇയാള്‍, ശ്രീരാമ സഹോദരനായ "ലക്ഷ്മണന്‍
ശൂര്‍പ്പണഖയുടെ മൂക്കും മുലയും അരിഞ്ഞു" എന്ന് എഴുതിയ വാല്‍മീകിയെ എന്തു ചെയ്യും?'മുലയും മൂക്കും കാതും കൂടാതെ
ചോരയുമായലറും'എന്ന് ശൂര്‍പണഖയെക്കുറിച്ചെഴുതിയ തുഞ്ചത്തെഴുത്തച്ഛനെ ഈ സദാചാര രോഗി എന്തു ചെയ്യും?

തന്റെ ഭാര്യയെ രഹസ്യമായി പ്രാപിച്ച ദേവ രാജാവായ ഇന്ദ്രനെ "നിന്റെ സര്‍വ്വാംഗം ലിംഗം ഉണ്ടായിപ്പോകട്ടെ" എന്ന് ശപിച്ച അഗസ്ത്യ മഹര്‍ഷിയെ ഇയാള്‍ ജയിലില്‍ കേറ്റുമോ?

"എന്റെ തൊട്ടു മുന്നില്‍ ഇരിക്കുന്ന ഒരു “ബാഡ് എക്സാമ്പിള്‍” പൊലീസ് ഡിപ്പാര്‍ട്ട്മെന്റിനു ടിപ് ചെയ്തു കൊടുക്കുന്നു. അത്ര തന്നെ." എന്ന് യാതൊരു ഉളുപ്പുമില്ലാതെ ഈ യുവകേസരി പറയുന്നതു കേള്‍ക്കുമ്പോള്‍ സഹതാമാണു തോന്നുന്നത്.സഹ ജീവിയെ ഒറ്റുകൊടുത്ത് മേനി നടിക്കുന്ന ഇത്തരം ഇന്‍ഫോര്‍മര്‍മാര്‍ ബൂലോകത്തിനു മാത്രമല്ല സംസ്കാരമുള്ള സമൂഹത്തിനു മുഴുവന്‍ അപമാനമാണ്.അങ്ങേ അറ്റം, അത്താഴം മുടക്കാന്‍ മാത്രം ത്രാണിയുള്ള ഇത്തരം ഞാഞ്ഞൂലുകളെ ഭീകരര്‍ എന്നു വിളിക്കുന്നത് ഭീകരന്മാര്‍ക്ക് നാണക്കേടാണ്.

'ബാഡ് എക്സാമ്പിളും' 'ഗുഡ് എക്സാമ്പിളും' ആരാണ് നിശ്ചയിക്കുന്നത്?ഏതൊക്കെയാണ് ഈ എക്സാമ്പിളുകള്‍? ദൈവങ്ങളുടെ കാമ കേളികളും പ്രകൃതി വിരുദ്ധ ലൈംഗിക വിക്രിയകളും കുടുംബാന്തരീക്ഷത്തില്‍ പാരായണം ചെയ്യുന്നതില്‍ നിര്‍വൃതി അനുഭവിക്കുന്നവര്‍ക്ക് അതു പരാവര്‍ത്തനം ചെയ്ത് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നത് അശ്ലീലമാണെന്ന് ആരോപിക്കാന്‍ എന്താണ്
യോഗ്യത?

ചിത്രകാരന്റെ ഭാഷയും പ്രയോഗങ്ങളും തങ്കപ്പെട്ടതാണെന്ന അഭിപ്രായമില്ല.ഇഷ്ടമില്ലത്തവര്‍ അദ്ദേഹത്തിന്റെ സാഹിത്യം വായിക്കണ്ടാ.അല്ലെങ്കില്‍ അതേരീതിയില്‍ തിരിച്ചടിക്കുക.അല്ലാതെ അദ്ദേഹത്തിന് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെ പോലീസ് കേസ്, സൈബര്‍ വ്യവഹാരം ,തുടങ്ങിയ ഉമ്മാക്കി കാട്ടി ഭീഷണിപ്പെടുത്താമെന്ന് ആരും കരുതെണ്ടാ.മതിയായ രേഖകളുടെ അടിസ്ഥാനത്തില്‍ ചിത്രകാരന്‍ ചൂണ്ടിക്കാട്ടിയ ചരിത്ര വസ്തുതകളെ വംശീയാധിക്ഷേ
പമാണെന്നു വ്യാഖ്യാനിച്ച് ആളെക്കൂട്ടുകയും കേസ്സു കൊടുക്കുകയും ചെയ്യുന്നത് നപുംസകങ്ങളുടെ പണിയാണ്.

പോലീസിനെയും പട്ടാളത്തെയും ഇറക്കി ബൂലോകത്ത് സദാചാരം വളര്‍ത്തിക്കളയാം എന്ന് വിചാരിച്ചാണ് ഒറ്റുകാരന്റെയും പോലീസ് നായുടെയും മറ്റും വേഷം കെട്ടുന്നതെങ്കില്‍ അതു പാഴ് വേലയാണെന്ന് കൂടി ഓര്‍മ്മിപ്പിക്കട്ടെ.അല്ലെങ്കില്‍ തന്നെ "പാലാഴി മങ്ക തന്‍ കൊങ്ക പുണരുന്ന കോലമെന്നുള്ളത്തില്‍ കാണുമാറാകണം"എന്നു പ്രാര്‍ത്ഥിക്കുന്നവര്‍ക്കെന്തു സദാചാര ബോധം?



Fans on the page

Sunday, January 18, 2009

സായിപ്പിന്റെ ആസനം നക്കുന്നവര്‍

'ഉന്തിത്തള്ളുന്ന നായര്‍ക്ക് നിരങ്ങിയടുക്കുന്ന അച്ചി' എന്നു പറയും പോലെ പ്രധാനമന്ത്രിയുടെ ഒരു ഉപദേഷ്ടാവായ ശ്രീ ശശി തരൂര്‍ ,അദ്ദേഹത്തിന് സര്‍ വ്വഥാ യോഗ്യനായ അനുചരനാണെന്ന് തെളിയിച്ചിരിക്കുന്നു.നമ്മുടെ ദേശീയ ഗാനാലാപന രീതിയെ അമേരിക്കന്‍ സമ്പ്രദായത്തിന് അടിയറ വച്ച് സായിപ്പിനോടുള്ള വിധേയത്വം പ്രകടിപ്പിച്ചാണ് ശശി തരൂര്‍ ഗുരുവിനെ കടത്തി വെട്ടിയിരിക്കുന്നത്.ഫെഡറല്‍ ബാങ്ക് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വച്ചാണ് അദ്ദേഹം,ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുമ്പോള്‍
അമേരിക്കക്കാര്‍ ചെയ്യും പോലെ വലതു കൈ നെഞ്ചോടു ചേര്‍ത്തു വയ്ക്കാന്‍ നിര്‍ദ്ദേശിച്ചതും സദസ്യര്‍ അനുസരിച്ചതും.

ദേശീയ ഗാനം ആലപിക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വ്യക്തമായ ചട്ടങ്ങളുണ്ട്.രാജ്യത്തമ്പാടും അതു കര്‍ശനമായി പാലിക്കപ്പെടുന്നുമുണ്ട്.അറുപത് വര്‍ഷത്തിലേറെയായി ഭാരതംഅനുവര്‍ത്തിച്ചു വന്ന ആ നടപടിക്രമമാണ് ശശി തരൂര്‍ മാറ്റിമറിച്ചത്.ദേശീയ പതാകയും ദേശീയ ഗാനവും എല്ലാം ഏതു രാഷ്ട്രത്തിന്റേതായാലും അതാതു രാഷ്ട്രങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്.
അവരുടെ അഭിമാനമാണ്. പതാക ഉയര്‍ത്തുന്നതിനും ദേശീയ ഗാനം ആലപിക്കുന്നതിനും ഓരോ രാജ്യത്തിനും അതിന്റേതായ നിയമങ്ങളും രീതികളുമുണ്ട്.ദേശാഭിമാനമുള്ള ഒരു പൗരനും അതില്‍ നിന്നു വ്യതിചലിക്കാറില്ല.

'ഭാരതകഥ' രചിച്ച ശശി തരൂരിന് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവും അതില്‍ ദേശീയ ഗാനത്തിന്റെ പങ്കും അറിയില്ല എന്നു ധരിക്കാന്‍ പ്രയാസമാണ്.പക്ഷേ അതു വേണ്ടവണ്ണം ഉള്‍ക്കൊണ്ടിട്ടില്ല എന്ന് വേണം അനുമാനിക്കാന്‍.നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന വിദേശാധിപത്യത്തില്‍ നിന്നും ഇന്ത്യ മോചിതയായത് നിരവധി പേരുടെ ജീവിതം ഹോമിച്ചിട്ടാണ്.വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച ഇദ്ദേഹത്തെപ്പോലുള്ളവര്‍ക്ക് ആ പോരാട്ടങ്ങളുടെ മഹത്വം മനസ്സിലാകില്ല.ബ്രിട്ടീഷുകാരനെ ഓടിച്ചത് അമേരിക്കക്കാരന്റെ ആധിപത്യം സ്വീകരിക്കാനായിരുന്നില്ല.ജീവിതത്തിന്റെ നല്ലൊരു ഭാഗം അമേരിക്കയില്‍ കഴിഞ്ഞ ശശിതരൂരിനും ജോര്‍ജ് ബുഷിനെ ദൈവമായി കരുതുന്ന മന്‍ മോഹന്‍ സിംഗിനും അതു മനസ്സിലാകില്ല.

അഴകനെ "അച്ഛാ" എന്നു വിളിച്ച് ശീലിച്ചവര്‍ക്ക് സ്വന്തം അച്ഛനമ്മമാരോട് പുച്ഛമായിരിക്കും.സിംഗ് ജിയ്ക്ക് പ്രധാനമന്ത്രി ആയി ഭരിക്കാനും ശശി തരൂരിന് യു എന്നില്‍ പ്രതിനിധീകരിക്കാനും കിട്ടിയ രാജ്യം അമേരിക്കന്‍ അച്ഛന്‍മാര്‍ സമ്പാദിച്ചതല്ല.എല്ലാ കാര്യത്തിലും സായിപ്പിനെ അനുകരിക്കുന്നതും അവന്റെ വിഴുപ്പു ചുമക്കുന്നതും അവന്റെ ആട്ടും തുപ്പും ഏല്‍ക്കുന്നതും പുണ്യമായിക്കരുതുന്ന ഇത്തരം ഇരുക്കാലികളാണ് അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ അന്തസ്സ് കെടുത്തുന്നത്.

നമ്മുടെ ദേശീയ ഗാനം ആലപിക്കാന്‍ അമേരിക്കന്‍ രീതി അവലംബിച്ച ഈ നാടന്‍ ധ്വരയ്ക്ക് ഏതെങ്കിലും ഒരു അമേരിക്കക്കാരനെക്കൊണ്ട് ഇന്ത്യന്‍ രീതിയില്‍ അവന്റെ ദേശീയഗാനം ആലപിപ്പിക്കാന്‍ കഴിയുമോ?അവിടെയാണ് സായിപ്പിന്റെയും സയിപ്പിന്റെ താറു താങ്ങി സായൂജ്യമടയുന്ന ഇദ്ദേഹത്തെപ്പോലുള്ളവരുടെയും ദേശീയ ബോധത്തിന്റെ അന്തരം മനസ്സിലാവുക.സായിപ്പെന്നല്ല ഇന്ത്യയേക്കാള്‍ മോശമായ ഒരു പട്ടിണിരാജ്യത്തെ സാധാരണക്കാരന്‍ പോലും ശശി തരൂര്‍ കാട്ടിയപോലുള്ള അധമ വിധേയത്വം കാട്ടുകയില്ല.

യു എന്‍ അസ്സംബ്ലിയില്‍, കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയുടെ നിലപാടു വ്യക്തമാക്കിയും അമേരിക്കയെ നിശിതമായി വിമര്‍ശിച്ചും മണിക്കൂറുകളോളം പ്രസംഗിച്ച ഒരു വലിയ മനുഷ്യന്റെ നാട്ടുകാരനാണല്ലൊ ഈ സായിപ്പിന്റെ കാലുനക്കിയും എന്നത് വല്ലാത്ത വൈപരീത്യം തന്നെ. മലയാളിയുടെ നാണക്കേടും.


Fans on the page

Friday, January 16, 2009

ലഹരി...മദ്യത്തിന്റെയും ഭക്തിയുടെയും

ക്രിസ്മസ് ആഘോഷിക്കാന്‍ മലയാളി മദ്യത്തിനു വേണ്ടി തുലച്ചത് 55 കോടി;പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലഹരി ഇനത്തില്‍ ചെലവഴിച്ചത് 40.08.കോടി.സര്‍ക്കരിന്റെയും ബിവറേജസ് കോര്‍പ്പറേഷന്റെയും കണക്കാണിത്.അവരുടെ കണക്കിലും ദൃഷ്ടിയിലും പെടാത്ത കോടികള്‍ ഇതിലും അധികമായിരിക്കും. നവ വത്സരത്തെ സ്വീകരിക്കാന്‍ ‍ഉപയോഗിച്ചതിനേക്കാള്‍ മദ്യം ക്രിസ്മസ് ആഘോഷങ്ങള്‍ക്കാണ് ഉപയോഗിച്ചതെന്ന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.സാധാരണ ആഘോഷത്തെ അപേക്ഷിച്ച് ഭക്തി,വിശ്വാസ ച്ചടങ്ങുകള്‍ക്കും ഉത്സവങ്ങള്‍ക്കും ലഹരി പകരാനാണ് കൂടുതല്‍ തുക ചെലവഴിക്കുന്നത് എന്ന് സാരം.

ഇനി മറ്റൊരു കണക്ക്.ശബരിമലയിലെ ഈ വര്‍ഷത്തെ വരവ് 100കോടിയില്‍ അധികമാണ്.വിശ്വാസികളുടെ ഭക്തിക്കു ലഹരി പകരാന്‍ മദ്യം വാങ്ങിയാണു ആദ്യത്തെ കോടികള്‍ ചെലവായതെങ്കില്‍ അയ്യപ്പന് കോടികള്‍ ലഭിച്ചത് മദ്യം ചേര്‍ക്കാത്ത ഭക്തി കൂടിയതു കൊണ്ടാണ്.മദ്യലഹരിയായാലും ഭക്തിലഹരിയായാലും ശോഷിപ്പിക്കുന്നത് ജനത്തിന്റെ കീശയാണ്.

മദ്യലഹരിക്കു വേണ്ടി കോടികള്‍ ഒഴുകിയതില്‍ സാമൂഹിക രാഷ്ട്രീയ രംഗത്തുള്ളവര്‍ക്കെല്ലാം ഉത്കണ്ഠയാണ് .ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും മദ്യവില്പനയില്‍ ഉണ്ടായ സര്‍വ്വകാല റിക്കാര്‍ഡ് സര്‍വ്വരെയും അമ്പരപ്പിച്ചിരിക്കയാണ്.മലയാളിയുടെ മദ്യാസക്തിക്കെതിരെ പത്രങ്ങള്‍ മുഖപ്രസംഗമെഴുതുന്നു;ചാനലുകള്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു;സാമൂഹിക സംഘടനകള്‍ ബോധവല്‍ക്കരണത്തിനൊരുങ്ങുന്നു.ആകെ ബഹളമയം.

എന്നാല്‍ ഭക്തിലഹരി മൂത്ത് കോടികള്‍ ഒഴുകിയപ്പോള്‍ ആര്‍ക്കും വേവലാതിയുമില്ല ആവലാതിയുമില്ല.മറിച്ച് ഖജനാവു നിറഞ്ഞതില്‍ ദേവസ്വംബോര്‍ഡും സര്‍ക്കാരും വിശ്വാസികളും എല്ലാം സന്തോഷത്തിലാണ്.മറ്റു സംസ്ഥാനക്കാരുടെ കാശും കൂടിചേര്‍ന്നതാണല്ലൊ ഈ കോടികള്‍ എന്നോര്‍ക്കുമ്പോള്‍ സന്തോഷത്തിന് അല്പം മേന്മ കൂടാനും സാദ്ധ്യതയുണ്ട്.

യാതൊരു പ്രചരണവും പരസ്യവും കൂടാതെയാണ് മദ്യലഹരിയിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെട്ടതെങ്കില്‍ ശബരിമലയിലെ ഭക്തിലഹരിയിലേക്കുള്ള ജനത്തിന്റെ ഒഴുക്കിന് സംഘടിതവും ആസൂത്രിതവും ആയ പരസ്യ,പ്രചരണങ്ങളുടെ സ്വാധീനമുണ്ട്.
സാധാരണ ഭക്തര്‍ മുതല്‍ മാദ്ധ്യമങ്ങളും സര്‍ക്കരും വരെ അതിശയോക്തിയും വ്യാജവും കലര്‍ത്തി നടത്തുന്ന ഈ പ്രചരണങ്ങളില്‍ പങ്കാളികളാണ്.പൊന്നമ്പല മേട്ടില്‍ തീ കത്തിച്ചു കാട്ടി ദിവ്യജ്യോതിയാണെന്നു പ്രചരിപ്പിക്കുന്നതില്‍ ഈ ഘടകങ്ങള്‍ എല്ലാം ഒന്നിനൊന്നു മത്സരിക്കുകയാണ്.ദേവസ്വം ബോര്‍ഡു തന്നെ ദിവ്യജ്യോതിയുടെ രഹസ്യം വെളുപ്പെടുത്തിയിട്ടും അതു കാണാന്‍ ഭക്തലക്ഷങ്ങള്‍ കഷ്ടപ്പെട്ട് എത്തുന്നത് മാധ്യമങ്ങള്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ സ്വമേധയാ നടത്തുന്ന ഊതിപ്പെരുപ്പിച്ച
പ്രചരണങ്ങളുടെ ശക്തി കൊണ്ടാണ്.

മനുഷ്യന്റെ മനസ്സും ശരീരവും ധനവും നശിപ്പിക്കും; കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കും;സമൂഹത്തെ രോഗഗ്രസ്തമാക്കും തുടങ്ങി നിരവധി ദോഷവശങ്ങള്‍ മദ്യാസക്തിക്കെതിരെ ഉന്നയിക്കപ്പെടാറുണ്ട്.ഇപ്പറഞ്ഞ ദോഷപ്പട്ടികയില്‍ പലതും ഭക്തിലഹരിക്ക് അടിപ്പെടുന്നവര്‍ക്കും ബാധകമാണ്. വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി ശബരിമലയ്ക്കു വണ്ടി കയറുന്ന അത്താഴപ്പട്ടിണിക്കാരന്റെ അവസ്ഥ
ആലോചിച്ചാല്‍ ഇതു ബോദ്ധ്യമാകും.മുണ്ടു മുറുക്കിയുടുത്തും കുട്ടികളുടെ അവശ്യങ്ങളില്‍ പലതും വെട്ടിച്ചുരുക്കിയും കടം വാങ്ങിയുമാണ്
ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഭൂരിപക്ഷം ആളുകളും അയ്യപ്പദര്‍ശനത്തിനുള്ള വക കണ്ടെത്തുന്നത്.

കേരളത്തില്‍ പട്ടിണിയും പരിവട്ടവും ഒന്നുമില്ലെന്നുള്ള ചില സാമ്പത്തിക വിദഗ്ദ്ധരുടെയും മാദ്ധ്യമ വിശകലനക്കാരുടെയും സമ്പന്ന പ്രവാസികുളുടെയും പുതിയ ഐറ്റി കുഞ്ഞുങ്ങളുടെയും കണ്ടെത്തലുകള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല.ശബരിമലയില്‍ എത്തുന്ന ഭക്തരെല്ലാം വിജയ് മല്യമാരും യേശുദാസ് മാരും അംബാനിമാരും അല്ല.മാത്രമല്ല കൂടുതല്‍ പേരും വര്‍ദ്ധിച്ചു വരുന്ന യാത്ര
ക്കൂലിയും അനുബന്ധച്ചെലവുകളും താങ്ങാന്‍ കെല്പില്ലാത്ത സാധാരണക്കാരാണ് .കാര്യസാദ്ധ്യത്തിന്റെ പേരില്‍ ,മറ്റു നേര്‍ച്ചകളുടെ പേരില്‍ മല കയറുന്ന ആരും ഒരിക്കല്‍ മാത്രം പോയി നിര്‍ത്താറില്ല.ആണ്ടു തോറും ആവര്‍ത്തിക്കുന്നതാണ് കണ്ടു വരുന്നത്.ഇങ്ങനെ ഭക്തിലഹരിക്ക് അടിമപ്പെടുന്നവന്‍ മദ്യലഹരിക്ക് അടിമയാകുന്നവനില്‍ നിന്ന് ഏറെ ഭിന്നനാകില്ല.ശിഥിലവും അസ്വസ്ഥവും ആയ ഗാര്‍ഹികാന്തരീക്ഷവും കുടുംബ ബന്ധങ്ങളും സാമ്പത്തികസ്ഥിതിയും ഭക്ത്യാസക്തന്റെയും അനുഭവമാണ്.

മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണെന്നു സ്റ്റാട്യൂട്ടറി വാണിംഗ് നല്‍കുന്ന സര്‍ക്കാര്‍,മാനസികാരോഗ്യം തകര്‍ക്കുന്ന ഭക്തിലഹരിയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.ഭക്തിയും വിശ്വാസവും പൗരന്റെ വ്യക്തിപരമായ കാര്യമാണ്.അതില്‍ ഭരണകൂടം പക്ഷം ചേരുന്നത് ആശാസ്യമല്ല.വ്യാജകഥകളും അയഥാര്‍ത്ഥ വര്‍ണ്ണനകളും അമിത പ്രാധാന്യവും കൊടുത്ത് സാധാരണക്കരന്റെ ദൗര്‍ബ്ബല്യങ്ങളെ ചൂഷണം ചെയ്യുന്നത് ഒരു പരിഷ്കൃത സര്‍ക്കാരിനും ചേര്‍ന്നതല്ല.വരുമാനമാണു ലക്ഷ്യമെങ്കില്‍ വേറേ എത്രയോ വഴികളുണ്ട്!


Fans on the page

Friday, January 9, 2009

ആരപ്പാ ഈ ജഡ്ജീമണി ?

നാര്‍ക്കോ അനാലിസ്സില്‍ മുതല്‍ ക്രൈസ്തവ ദര്‍ശനത്തില്‍ വരെ അവഗാഹമുള്ള,കേരളാ ഹൈക്കോടതിയിലെ ഈ വനിതാ ജഡ്ജി ആര് ?നീതി ദേവതയുടെ അവതാരമോ,സഭാവസ്ത്രം ഊരി മതില്‍ ചാടിയ കന്യാസ്ത്രീയോ?ഹൈക്കോടതിയിലെ പ്രഗത്ഭ ജഡ്ജിമാരായ ജ.ബസന്തിനെയും,ജ.രാം കുമാറിനെയും വെറും കൊജ്ഞാണന്‍ മൈസ്രേട്ടുമാരാക്കി(കോപ്പിറൈറ്റ് മന്ത്രി ജി. സുധാകരന്),അഭയ കൊലക്കേസ് പ്രതികളായ അച്ചന്മാര്‍ക്കും കന്യാസ്ത്രീക്കും ജാമ്യം അനുവദിച്ച ന്യായാധിപയ്ക്ക് അര്‍ഹിക്കുന്ന തട്ടാണ്
ഇപ്പോള്‍ ഹൈക്കോടതി തന്നെ നല്‍കിയിരിക്കുന്നത്.മുമ്പു പറഞ്ഞ ജഡ്ജിമാരല്ല,അവരെ കൊജ്ഞാണന്മാരാക്കാന്‍ ശ്രമിച്ച ബഹു.ജഡ്ജിണിയാണ് ഇപ്പോള്‍ കൊജ്ഞാണയായിരിക്കുന്നത്.

കര്‍ത്താവിന്റെ സേവക വേഷമിട്ട കാമസത്വങ്ങള്‍, കന്യാസ്ത്രീമഠത്തില്‍ വച്ച് 'അരുതാത്തതു' ചെയ്യുന്നതു കണ്ടതാണല്ലോ അഭയക്കു വിനയായത്.അരുതാത്തത് ചെയ്തവരെ വെള്ളപൂശാന്‍,അരുതാത്തതു പറഞ്ഞാണ് പെണ്‍ ജഡ്ജി ഇപ്പോള്‍ അപഹാസ്യ ആയിരിക്കുന്നത്.കൊലക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഒരു ജഡ്ജിയും പറയാന്‍ പാടില്ലാത്തതൊക്കെ ഇവര്‍ പറഞ്ഞുകളഞ്ഞു.പരിഗണനാ വിഷയത്തിനും പരിധിയ്ക്കും അപ്പുറം കയറി വിചാരണയും വിധിപ്രസ്താവവും നടത്തിയത് ഗുരുപ്രീതിക്കാണെന്നും,സഭയുടെയും പ്രതികളുടെയും 'അനുഗ്രഹം'നല്ലവണ്ണം കിട്ടിയിട്ടാണെന്നുമാണ് ഉപശാലകളില്‍ ഉരുവിട്ടു
കേട്ടത്.ഗുരു തന്നെയാണ് വിധിന്യായം എഴുതിക്കൊടുത്തതെന്നും ശ്രുതിയുണ്ട്.

അവയുടെ വാസ്തവമെന്തായാലും,ജാമ്യാപേക്ഷയില്‍ വിധിപ്രസ്താവിക്കേണ്ട ജഡ്ജി,കൊലക്കേസ്സിന്റെ മെരിറ്റിലേക്കു കടന്നതും കുറ്റാന്വേഷകയുടെ വേഷം കെട്ടിയതും ഇമ്മിണി കടന്ന കൈയാണെന്ന് നിയമപരിജ്ഞാനമില്ലാത്തവര്‍ക്കു പോലും തോന്നിയിരുന്നു.
പുതിയ ഹൈക്കോടതി വിധി അത് ഒന്നുകൂടി ഉറപ്പിക്കുന്നതാണ്.നിയമത്തിന്റെ പ്രാഥമിക പാഠം അറിയുന്ന ആരും ചെയ്യാത്ത കാര്യങ്ങളിലാണ് മഹിളാജഡ്ജിയുടെ തൃക്കൈ വിളയാടിയതെന്ന്‍ തെളിഞ്ഞിരിക്കുന്നു.അജ്ഞതയും അധികപ്രസംഗവും അധികാര ദുര്‍വ്വിനിയോഗവും അവരുടെ ചെയ്തികളില്‍ ദൃശ്യമാണ് .ന്യായാസന മര്യാദയുടെയും അച്ചടക്കത്തിന്റെയും പേരില്‍ ജ. ബസന്ത് ഇത്തരം കടുത്ത വാക്കുകള്‍ പ്രയോഗിക്കാതിരുന്നതാണ്. പക്ഷേ 'വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുമാരാകില്ല' എന്ന ഒറ്റ പ്രസ്താവനയില്‍ പറയാനുള്ളത് മുഴുവന്‍ അദ്ദേഹം ഭംഗിയായും ശക്തിയായും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

അല്പമെങ്കിലും ആത്മാഭിമാനം അവശേഷിക്കുന്നുണ്ടെങ്കില്‍ വനിതാ ജഡ്ജി രാജി വക്കുകയാണു വേണ്ടത്.പരമോന്നത നീതിപീഠത്തില്‍ നിന്നും അത്തരമൊരു ശാസനയോ നിര്‍ദ്ദേശമോ വരും മുമ്പേ ചെയ്യുന്നതാണ് ഭംഗി.ഇതുപോലെ'അരുതാത്ത'വേല ചെയ്തതിന്റെ പേരില്‍ സുപ്രീം കോടതി ശാസിച്ചതിനെ തുടര്‍ന്നാണ് പണ്ട് ഒരു മുന്‍ വനിതാ ജഡ്ജിയുടെ ഗവര്‍ണ്ണര്‍ സ്ഥാനം തെറിച്ചതെന്ന് ഓര്‍ക്കുക.


Fans on the page