Total Pageviews

Friday, January 31, 2014

അച്ഛൻ & മകൻ കമ്പനി1903 ൽ ഡോ.പല്പ്പുവിന്റെ ഉത്സാഹത്തിൽ കമ്പനി ആക്റ്റ് പ്രകാരം രൂപം കൊണ്ട സംഘടനയാണു എസ്.എൻ.ഡി.പി യോഗം.ഈഴവ മഹാജന സഭയ്ക്കും അരുവിപ്പുറം ക്ഷേത്രയോഗത്തിനും പകരമായി ശ്രീനാരായണഗുരുവിന്റെ പേരിൽ വിശാലാശയങ്ങളോടെ സ്ഥാപിക്കപ്പെട്ട ആ സംഘടന ഇന്ന് അച്ഛൻ ആന്റ് മകൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറിയിരിക്കുന്നു.സമുദായോന്നമനവും വിശ്വസാഹോദര്യവും ലക്ഷ്യമാക്കി ആരംഭിച്ച പ്രസ്ഥാനം സമുദായസ്പർദ്ധ വളർത്താനുള്ള ജാതി സംഘമായി മാറ്റാൻപിതാവും പുത്രനും കൂടി കിണഞ്ഞു ശ്രമിക്കുകയാണു. “ജാതി ഭേദം മതദ്വേഷമേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം"നിർമ്മിച്ച ഗുരുവിന്റെ ധർമ്മം പരിപാലിക്കാൻ രൂപം കൊണ്ട സംഘടനയുടെ ജനറൽ സെക്രട്ടറിയുടെയും വൈസ്പ്രസിഡന്റിന്റെയും സ്ഥാനത്ത് കയറിപ്പറ്റിയിരിക്കുന്ന അച്ഛനും മകനും കൂടി യാതൊരു സങ്കോചവും ഇല്ലാതെ പച്ചയ്ക്ക് ജാതി പറയുകയും മതവിദ്വേഷത്തിന്റെ ഹീനഭാഷ സംസാരിക്കുകയുമാണു ചെയ്യുന്നത്.

സാമുദായിക അവശതയിൽ നിന്നുള്ള മോചനം യോഗത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നെങ്കിലും ഒരിക്കലും അന്യ മത,ജാതി വർഗ്ഗ വിദ്വേഷം അതിന്റെ അജണ്ടയിൽ ഉണ്ടായിരുന്നില്ല.ഈഴവ സംഗമം നടത്തി ജാതിയില്ലാതാക്കാമെന്നു പ്രചരിപ്പിക്കുകയും മദ്യം വിഷമാണെന്ന് ഗുരു പറഞ്ഞതിൽ വിദേശമദ്യം ഉൾപ്പെടില്ലെന്നു വ്യാഖ്യാനിക്കുകയും ചെയ്യുന്ന അച്ഛനും മകനും കൂടി നടത്തുന്നത്  ഗുരുനിന്ദയാണു.പാവപ്പെട്ട സമുദായാംഗങ്ങളിൽ നിന്നും പിരിച്ചെടുത്ത തുകയുപയോഗിച്ച് നാടു മുഴുവൻ കെട്ടിപ്പൊക്കിയിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ തന്നെ സ്വാമിയെ സാന്റ് വിച്ച് ആക്കുന്നതിന്റെ വിളംബരമാണു.എല്ലായിടത്തും സെക്രട്ടറിയച്ഛന്റെയും വൈസ്പ്രസിഡന്റ് മോന്റെയും ഇടയിലാണു സ്വാമിയുടെ സ്ഥാനം.പ്രസിഡന്റ് എന്ന സാധു ജീവിയെ കാണണമെങ്കിൽ മൈക്രോസ്കോപ്പ് വേണം.അതോ വൈസ്പ്രസിഡന്റിനു താഴെയാണു പ്രസിഡന്റിന്റെ സ്ഥാനവും അധികാരങ്ങളും എന്ന് യോഗത്തിന്റെ ബൈലാ ഭേദഗതി ചെയ്തോ?എന്തായാലും ഗുരുവിനെ ഞെരിക്കുന്ന പാപചിത്രങ്ങളിൽ നിന്നും പ്രസിഡന്റ് രക്ഷപ്പെട്ടല്ലോ!

ജാതി നോക്കി വോട്ടു ചെയ്യുന്നവർ അധികാരത്തിൽ കയറി എല്ലാം കവർന്നെടുക്കുന്നുവെന്നും അതുകൊണ്ട് ഈഴവരും ജാതി നോക്കി വോട്ടു ചെയ്യണമെന്നുമാണു അച്ഛൻ വെള്ളാപ്പള്ളിയുടെ ഏറ്റവും പുതിയ പ്രബോധനം.സ്വന്തം പുത്രനെ ഗുരുവായൂര്‍ ദേവസ്വം ബോഡ് മെംബറാക്കിയപ്പോൾ ഉമ്മൻ ചാണ്ടി സമർത്ഥനായ മുഖ്യമന്ത്രിയാണെന്നു വാഴ്ത്തിയത് ജനം മറന്നിട്ടില്ല.എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ,ഉമ്മൻ ചാണ്ടിയെ വിമർശിക്കും മുമ്പ് സ്വന്തം പുത്രിക്കു കിട്ടിയ സിൻഡിക്കേറ്റ് അംഗത്വം രാജിവയ്പിക്കാനുള്ള മര്യാദയെങ്കിലും കാണിച്ചു.അത്ര പോലും അന്തസ്സു കാട്ടാതെ സർക്കാരിനെ വിമർശിക്കുന്നതു കേൾക്കുമ്പോൾ സ്വന്തക്കാർക്ക്(സമുദായത്തിനല്ല) വീണ്ടും കിട്ടാത്തതിന്റെ കൊതിക്കെറുവു മാത്രമായിട്ടേ ജനം ധരിക്കൂ.

“സംഘടിച്ചു ശക്തരാകാനും വിദ്യ കൊണ്ടു പ്രബുദ്ധരാകാനും വ്യവസായത്തിലൂടെ സമ്പത്തുണ്ടാക്കാനും ഉപദേശിച്ചത് ശ്രീനാരായണഗുരുവാണു.എന്നാൽ ഇതെല്ലാം അക്ഷരം പ്രതി പ്രാവർത്തികമാക്കിയതാകട്ടെ സംഘടിത ന്യൂനപക്ഷങ്ങളും.”എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനും യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി എഴുതിയ ലേഖനത്തിലെ(കേരളകൗമുദി.30.12014)വാചകങ്ങളാണിത്.അച്ഛൻ വെള്ളാപ്പള്ളിയേക്കാൾ വിവരക്കേട് ഏഴുന്നള്ളിക്കാൻ മകൻ വെള്ളാപ്പള്ളി മിടുക്കനാണെന്ന് ഈ പ്രസ്താവന തന്നെ തെളിയിക്കുന്നു.ശ്രീനാരായണ ഗുരു പറഞ്ഞതു കൊണ്ട് അത് മറ്റാരും പ്രാവർത്തികമാക്കാൻ പാടില്ല എന്നു തോന്നും കൊച്ചു വെള്ളാപ്പള്ളിയുടെ ഗീർ വാണം കേട്ടാൽ.“പലമത സാരവുമേകം”എന്നു പഠിപ്പിച്ച മഹാഗുരുവിനെ കുറിച്ചെഴുതിയ ലേഖനത്തിലെ മതവിദ്വേഷവും ശ്രദ്ധിക്കുക.

കേരളത്തിലെ 126 ഡപ്യൂട്ടി കളക്റ്റർമാരിൽ ഒരാൾ പോലും ഈഴവ സമുദായത്തിൽ നിന്നില്ല എന്നു വിലപിക്കുന്ന കൊച്ചു വെള്ളാപ്പള്ളി,പി.എസ്.സി ഉണ്ടായകാലം മുതൽ പാലിച്ചു വന്ന നിയമത്തിനും നടപടിക്രമത്തിനും വിരുദ്ധമായി ഈയിടെ ഡപ്യൂട്ടികളക്റ്റർ ഇന്റർവ്യൂ നടത്തുകയും ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ട് എന്തു ചെയ്തു?ടെസ്റ്റിൽ മുന്നിൽ വന്ന ഈഴവരുൾപ്പടെയുള്ള പിന്നോക്കക്കാരെ അവിടെനിന്നും അടർത്തിമാറ്റി പ്രത്യേകം ലിസ്റ്റുണ്ടാക്കി ഇന്റർവ്യൂവിനു വിളിച്ച് മെറിറ്റിൽ കിട്ടാനുള്ള സാദ്ധ്യത ഇല്ലാതാക്കിയപ്പോൾ അച്ഛന്റെയും മകന്റെയും സമുദായ സ്നേഹം എവിടെ പോയിരുന്നു?വെറ്ററിനറി സർവ്വകലാശാലാ വൈസ് ചാൻസലറെ ആ സ്ഥാനത്തു നിന്നു ഉമ്മൻ ചാണ്ടി സർക്കാർ നീക്കിയപ്പോൾ ഇവരുടെ ജാതി സ്നേഹം എവിടെ പോയിരുന്നു?അദ്ദേഹം സ്വയം നിയമ യുദ്ധം നടത്തിയല്ലേ തിരികെ വന്നത്?കേരളത്തിലെ മിക്ക മാനേജ്മെന്റുകളുടെയും കോളജുകൾക്ക് സ്വയംഭരണ പദവി ലഭിച്ചപ്പോൾ,എസ്.എൻ.ട്രസ്റ്റിന്റെ ഒറ്റ കോളജിനു പോലും ആ പദവി ലഭിച്ചില്ല.അദ്ധ്യാപകരെ ലേലം വിളിച്ചു നിയമിച്ചാൽ ഒരു നല്ല അക്കാദമിക് പദവിയും കിട്ടാൻ പോകുന്നില്ല.

“ജാതിയെപ്പറ്റിയും മതത്തെപ്പറ്റിയും മദ്യപാനം തുടങ്ങിയ സമൂഹ ദോഷങ്ങളെപ്പറ്റിയും ഗുരു പ്രസ്താവിച്ചതും ഗുരുദേവന്റെ വേദാന്തചിന്തകളും ഒരുപോലെ ഉദ്ഗ്രഥിച്ച് ചിന്താപ്രചാരണം നടത്താൻ പോന്ന ധൈഷണിക മഹത്ത്വവും ശീലശുദ്ധിയും ഉള്ള ആളുകൾ ആദ്യകാല ശിഷ്യപ്രവർത്തകർക്കു ശേഷം നഷ്ടപ്പെട്ടു പോകുകയും സ്ഥാനമോഹികളും അയോഗ്യരുമായ ”പെരുച്ചാഴികൾ“(പ്രയോഗത്തിനു ഡോ.പല്പ്പുവിനോടു കടപ്പാട്)നേതാക്കളായി വരികയും ചെയ്തതാണു പൊതുവേ പറഞ്ഞാൽ ശ്രീനാരായണപ്രസ്ഥാനങ്ങളിൽ പ്രമുഖങ്ങളായ യോഗത്തിന്റെയും സംഘത്തിന്റെയും ദുരന്തം” എന്ന് ഡോ.സുകുമാർ അഴീക്കോട് നിരീക്ഷിച്ചത് എത്ര വാസ്തവം!പെരുച്ചാഴികൾ മാത്രമല്ല ചുണ്ടെലികളും കൂടിയാണു ഇപ്പോൾ യോഗത്തെ തുരക്കുന്നതെന്നു മാത്രമേ കൂട്ടിച്ചേർക്കേണ്ടതുള്ളു.

Fans on the page

Thursday, January 30, 2014

എത്ര തല?


മോടിയും ധാടിയും കൂട്ടാൻ
താടി വടിച്ചും വളർത്തിയും നോക്കി.
റോഡു വെട്ടി കാടു വെട്ടി
ഒടുവിൽ അടുത്തു നിന്ന
അന്യമതക്കാരന്റെ തലവെട്ടി.
അധികാരമുറപ്പിക്കാൻ
നരമേധം അനിവാര്യം.
ഉറച്ച സിംഹാസനം കാക്കാൻ
നിറവയറു കീറി
ഭ്രൂണത്തെ ശൂലത്തിൽ കോർത്തു.
ഇനിയെന്റെ ലക്ഷ്യം
ഇന്ദ്രപ്രസ്ഥം.
അതിനെത്ര തലവേണമെന്നതാ-
ണടിയന്റെ ചിന്ത!


Fans on the page