Total Pageviews

Thursday, December 31, 2009

നവ വത്സരം

സൃഷ്ടി സ്ഥിതികളും സംഹാരവും ചെയ്തു
സ്വച്ഛന്ദം പായുന്ന കാലത്തില്‍ നിന്നൊരു
തൂവലും കൂടിക്കൊഴിയവേ,ഹര്‍ഷവും
നോവും പകര്‍ന്ന നാളുള്ളില്‍ തെളിയുന്നു.

സന്തോഷ രേണുക്കള്‍ മായാതെയോര്‍മ്മയില്‍
സൂക്ഷിച്ച,കം ചുട്ടു പൊള്ളിച്ച നൊമ്പര-
ച്ചീളുകള്‍ ചൂഴ്ന്നെറിയാ,മിനിയെത്തുന്ന
നാളില്‍ പുലര്‍ത്താം പ്രതീക്ഷയും മോഹവും.

നിര്‍മ്മല ബാല്യം ഞെരിഞ്ഞു പിടയുന്ന
നിഷ്ഠുര വീഥിയും ക്രൂര ഹസ്തങ്ങളും,
ശ്വാസം നിലപ്പിക്കും ഘോരദൃശ്യങ്ങള്‍ക്കു
സാക്ഷിയായ് മാറുന്ന പാതയോരങ്ങളും,
പെണ്ണിന്റെ കണ്ണുനീര്‍ വീണു നിറം കെട്ട
മണ്ണും ഗൃഹങ്ങളും ജോലിസ്ഥലങ്ങളും,
അര്‍ത്ഥമുടഞ്ഞ പദങ്ങളാവര്‍ത്തിച്ചു
വ്യര്‍ത്ഥ പ്രലപനം ചെയ്യുമിടയരും,
പൊള്ള വാഗ്ദാനവും കള്ളച്ചിരിയുമായ്
തുള്ളിയുറയുന്ന നേതൃ സംഘങ്ങളും,
അന്യന്റെ കണ്ഠമരിയാന്‍ കുതിക്കുന്ന
വന്യത പേറുന്ന ജീര്‍ണ്ണ ജന്മങ്ങളും
പുത്തന്‍ പുലരിയിലന്യമായ് തീരട്ടെ;
പൂത്തുലയട്ടെങ്ങും ശാന്തിയും സ്നേഹവും.


Fans on the page

Thursday, December 24, 2009

പര്‍ദ വിശുദ്ധ വസ്ത്രമോ?



സ്ത്രീയെ ആപാദചൂഡം മറയ്ക്കാന്‍ ഉപയോഗിക്കുന്ന പര്‍ദ എന്ന കറുത്ത വസ്ത്രം വിശുദ്ധിയുടെ
പ്രതീകമാണോ?വൈദികരുടെ ളോഹ പോലെയും കന്യാസ്ത്രീകളുടെ തിരുവസ്ത്രം പോലെയും പവി
ത്രമായതാണോ ഈ വസ്ത്രവും?അറിഞ്ഞു കൂടാത്തതു കൊണ്ടു ചോദിച്ചുപോകുന്നതാണ്.ഇപ്പോള്‍ ഇങ്ങ
നെ സംശയം ഉദിക്കാന്‍ കാരണവുമുണ്ട്.

പുതിയ മതേതര വാദിയും സാമ്രാജ്യത്വ വിരുദ്ധ വീരനും പിണറായിപ്രിയനുമായ മദനി ,തന്റെ ഭാര്യയു
ടെ അറസ്റ്റിനു മുമ്പും പിമ്പും നടത്തിയ പത്ര സമ്മേളനങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും ആവര്‍ത്തിച്ചു പറഞ്ഞ ഒരു കാര്യമുണ്ട്.അഞ്ചു നേരം നിസ്കരിക്കുന്ന, പര്‍ദയിട്ട സ്ത്രീയെ ഇന്ത്യയില്‍ ആദ്യമായാ
ണ് പോലീസ് അറസ്റ്റ് ചെയ്യുകയും 'ഹരാസ്' ചെയ്യുകയും ചെയ്യുന്നതെന്ന്!അപ്പോള്‍ നിസ്ക്കരിക്കുന്നതും പര്‍ദയിടുന്നതും ഒരുപോലുള്ള പുണ്യകര്‍മ്മമാകണം!!

മതപരമായി വിശുദ്ധമെന്നു കരുതുന്ന ളോഹ ധരിച്ച ചില വൈദികരും തിരു വസ്ത്രം ധരിച്ച ചില
കന്യാസ്ത്രീകളും ചെയ്തത് എന്താണെന്ന് അഭയക്കേസ്സില്‍ നാം കണ്ടതാണ്.ഭാരതം,പണ്ടു മുതല്‍ പുണ്യ വസ്ത്രമായി കരുതിയിരുന്ന കാഷായം ധരിച്ചു കൊണ്ട് ഒരു ശങ്കരാചാര്യരും പ്രജ്ഞാ സിംഗ് എന്ന സന്യാസിനിയും ചെയ്തതും എല്ലാവര്‍ക്കും അറിയാം.അതുകൊണ്ട് ധരിക്കുന്ന വസ്ത്രം നോക്കി
യല്ല;ചെയ്യുന്ന പ്രവൃത്തി ആസ്പദമാക്കിയാണ് ഒരാള്‍ കുറ്റവാളിയാണോ നിരപരാധിയാണോ എന്നു തീരുമാനിക്കേണ്ടത്.

ആനിലയ്ക്ക് പു.സ.(പുതിയ സഖാവ്)അബ്ദുള്‍ നാസര്‍ മദനി പര്‍ദയുടെ പവിത്രതയേയും നിസ്കാര
ത്തിന്റെ മഹത്വത്തേയും തന്റെ ഭാര്യയുടെ അറസ്റ്റുമായി ബന്ധപ്പെടുത്തി രോഷം കൊണ്ടതിന്റെ ധ്വനി ആര്‍ക്കും മനസ്സിലാകുന്നതേ ഉള്ളു.മതചിഹ്നങ്ങള്‍ക്ക് മദനി നല്‍കിയഅതിരു കവിഞ്ഞ,ആവര്‍ത്തി ച്ചുള്ള ഊന്നല്‍, അദ്ദേഹം ബോധപൂര്‍വ്വം കുറച്ചു നാള്‍ മറച്ചു വച്ച മത തീവ്രതയുടെ വികൃതമുഖം വെളി
വാക്കുകയാണ് ചെയ്തത്.
Fans on the page

Wednesday, December 9, 2009

സ്വാമി അയ്യപ്പന്റെ ശക്തി !



ഭക്തവത്സനും കരുണാവാരിധിയും ഒക്കെ ആയ സാക്ഷാല്‍ ധര്‍മ്മ ശാസ്താവിന്,ഇരിക്കുന്ന
സ്ഥലത്തിന് അനുസരിച്ച് ശക്തി വര്‍ദ്ധിക്കുമോ?കുളത്തുപ്പുഴയിലും ആര്യങ്കാവിലും അച്ചന്‍ കോവിലിലും ശബരിമലയിലും അയ്യപ്പക്ഷേത്രങ്ങളുണ്ടെങ്കിലും ശബരിമലയിലെ അയ്യപ്പനു മാത്രം ഇത്ര ശക്തി വന്നതെങ്ങനെയാണ്? ദേവസ്വം ബോഡും അയ്യപ്പസേവാസംഘവും ക്ഷേത്രസം രക്ഷകരും എല്ലാം ശബരിമലയിലെ അയ്യപ്പനു മാത്രം അമിത പ്രാധാന്യം കല്പ്പിക്കുന്നതും ഭക്തരെല്ലാം കൂടി കെട്ടും കെട്ടി ശബരിമലയ്ക്ക് തിരിക്കുന്നതും എന്തുകൊണ്ടാണ്? മറ്റ്ക്ഷേത്രങ്ങളിലെ അയ്യപ്പന്മാര്‍ ചൈതന്യം കുറഞ്ഞവരായതിനാലാണോ അവിടെ ഭക്തകോടികള്‍ തള്ളിക്കയറാത്തത്?

ഭാരതത്തിലെ ദൈവങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം പോര്‍ട്ട്ഫോളിയോകളാണല്ലോ!ബ്രഹ്മാവിന്
സൃഷ്ടി,മഹാവിഷ്ണുവിന് സ്ഥിതി,പരമശിവന് സംഹാരം എന്നിങ്ങനെ.ഓരോ ദേവനും വെവ്വേറേ വകുപ്പുകള്‍ കല്പിച്ചു കൈകാര്യം ചെയ്യുന്നതു മനസ്സിലാക്കാം.ആ വകുപ്പനുസരിച്ച് ആര്‍ത്തത്രാണനം
ചെയ്യണമെങ്കില്‍ ഇന്ന സ്ഥലത്ത് പള്ളികൊണ്ടാലേ പറ്റൂ എന്നു വാശി പിടിക്കുന്നത് ദേവന്മാര്‍ക്കു
തീരെ യോജിച്ചതല്ല.ഉയരം കൂടിയ മലയും പൊന്നു കെട്ടിയ പതിനെട്ടാം പടിയും സ്വര്‍ണ്ണം പൂശിയ ശ്രീകോവിലും ഉള്ളിടത്ത് എത്തുന്ന ഭക്തന്മാരോടേ പ്രസാദിക്കൂ എന്നു ശഠിക്കുന്നത് നന്നോ?"കല്ലും മുള്ളും കാലുക്കു മെത്തയാക്കി" മല കയറി വന്നിരുന്ന ഭക്തര്‍ക്ക് ഇപ്പോള്‍ ''മെറ്റല്‍ ഡിറ്റക്റ്റര്‍ മേലുക്ക് മെത്തയാക്കി"യാലേ സന്നിധാനത്തില്‍ എത്താന്‍ കഴിയൂ.

ഭക്തി തലയ്ക്കു പിടിച്ച ജനസഞ്ചയത്തിന് യുക്തി ബോധം ഉണ്ടാകുമെന്നു കരുതുന്നതു വെറുതെയാണ്.
അയ്യപ്പന്റെ അവതാര കഥയില്‍ തുടങ്ങുന്ന അസംബന്ധ പ്രചാരണങ്ങള്‍ കണ്ണു മടച്ചു വിശ്വസിക്കുന്ന
വര്‍ ശബരിമലയിലെ അയ്യപ്പന് ദിവ്യത്വം ഏറുമെന്നു ധരിക്കുന്നതില്‍ അതിശയിക്കാനില്ല.ഹരിയും ഹര
നും കൂടി ഇണ ചേര്‍ന്നപ്പോളാണത്രേ മണികണ്ഠന്‍ ഉണ്ടായത്!ശിവ പാര്‍ വ്വതിമാര്‍ ആന വേഷമെടുത്ത് മധുവിധു കൊണ്ടാടിയപ്പോള്‍ ആനത്തലയുള്ള ഗണപതി ഉണ്ടായെന്ന കഥ അല്പം ഉപ്പും കൂട്ടിവേണമെ
ങ്കില്‍ വിഴുങ്ങാം.പക്ഷേ അസുരന്മാരെ ഭ്രമിപ്പിക്കാന്‍ മോഹിനിയുടെ വേഷം കെട്ടിയ മഹാവിഷ്ണുവില്‍ പരമശിവന്‍ പുത്രോല്പാദനം നടത്തിയെന്നും അങ്ങനെ ഉണ്ടായ കുട്ടിയാണ് സാക്ഷാല്‍ അയ്യപ്പനെന്നും പറഞ്ഞാല്‍ ദഹിക്കാന്‍ ഇമ്മിണി പാടാണ്.

അതിനേക്കാള്‍ വിചിത്രം,കൂര്‍മ്മാവതാരകാലത്ത് ഉണ്ടായ മണികണ്ഠനെ പരശുരാമന്‍ സൃഷ്ടിച്ച കേര
ളത്തിലെ ഒരു നാട്ടു രാജാവായ പന്തളരാജന്‍ എടുത്തു വളര്‍ത്തി എന്ന കഥയാണ്.പാലാഴി കടയാന്‍ മത്ത്(കടകോല്‍) ആയി ഉപയോഗിച്ച മന്ഥരപര്‍ വ്വതം താഴ്ന്നു പോയപ്പോള്‍ അതുയര്‍ത്താനാണ് വിഷ്ണു കൂര്‍മ്മമായി അവതരിക്കുന്നത്.പിന്നീടുണ്ടായ,വരാഹം,നരസിംഹം,വാമനന്‍ തുടങ്ങിയ അവതാര
ങ്ങള്‍ക്കു ശേഷമുള്ളതാണ് പരശുരാമന്‍.ഒരോ അവതാരകാലത്തിനും യുഗങ്ങളുടെ ദൈര്‍ഘ്യമുണ്ടെന്നും പറയുന്നു.ഇത്രയും കാലം വരെ കുഞ്ഞുമണികണ്ഠന്‍ എവിടെ ആയിരുന്നു എന്ന് ചോദിക്കരുത്.

ഇത്തരം അസംബന്ധകഥകള്‍ കണ്ണുമടച്ചു വിശ്വസിക്കുന്ന ഭക്തരും അയ്യപ്പനെ വിറ്റു കാശാക്കുന്നവ
രും സ്ഥാന വലിപ്പത്തിനനുസരിച്ച് അയ്യപ്പന്റെ ശക്തിയും വര്‍ദ്ധിക്കുമെന്ന പ്രചരണവും വിശ്വസിച്ചെ
ന്നിരിക്കും.പക്ഷേ,ഭക്തിയും വ്യാപാരവും മൂത്ത് സമനില തെറ്റിയിട്ടില്ലാത്ത സാധാര ണക്കാര്‍ക്ക് ഇതൊ
ക്കെ കാണുമ്പോള്‍ നാണവും സങ്കടവുമാണ് തോന്നുന്നത്.ഒപ്പം സഹജീവികള്‍ സ്വാമി ദര്‍ശനത്തിന്
വേണ്ടി സഹിക്കുന്ന പങ്കപ്പാടോര്‍ത്ത് സഹതാപവും.
Fans on the page

Wednesday, December 2, 2009

വെള്ളം വാര്‍ന്ന ശേഷം ചിറ കെട്ടുന്നവര്‍


നളചരിതം ആട്ടക്കഥയിലെ പ്രസിദ്ധമായ വാക്യമാണ് "പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവു
സേതു ബന്ധനോദ്യോഗമെന്തെടോ?" എന്നത്.ദമയന്തിയുടെ വിവാഹം നടന്നതറിയാതെ സ്വയം വരത്തില്‍ പങ്കു കൊള്ളാന്‍ പോകുന്നവരോട് ഇതിനപ്പുറം അര്‍ത്ഥപൂര്‍ണ്ണവും ചമല്ക്കാര സമ്പന്നവു
മായ
ഒരു ചോദ്യം ചോദിക്കാനില്ല.താലികെട്ടു കഴിഞ്ഞ് വധൂവരന്മാര്‍ മണിയറ പൂകാറായപ്പോള്‍ കല്യാണത്തില്‍ സംബന്ധിക്കാന്‍ പോകുന്നവര്‍ ഈ ചോദ്യം അര്‍ഹിക്കുന്നുണ്ട്.

ഇങ്ങനെ, വെള്ളമൊഴുകിപ്പോയ ശേഷം ചിറകെട്ടാന്‍ എന്തിനാണു ശ്രമിക്കുന്നത്,എന്ന് ആരും ചോദിച്ചു
പോകുന്ന ഒരവസ്ഥയാണ് ഇന്ന് രാജ്യമൊട്ടാകെ ഉള്ളത്. ചെയ്യേണ്ട സമയത്തു ഒന്നും ചെയ്യാതിരിക്കുക
യും അതിനു ശേഷം കര്‍മ്മനിരതമാകാന്‍ ശ്രമിക്കുകയും ചെയ്യുക എന്നത് നമ്മുടെ പൊതു സ്വഭാവമായി മാറിക്കഴിഞ്ഞിരിക്കുന്നു.നിയമനിര്‍മ്മാണ സഭകള്‍ മുതല്‍ നീതിന്യായ പീഠങ്ങളും ഭരണകൂടങ്ങളും വരെ ഈ പൊതു സ്വഭാവത്തില്‍ നിന്നു മുക്തമല്ല.തന്നയുമല്ല അവയിലാണ് ഈ പ്രവണത കൂടുതല്‍ കണ്ടുവ
രുന്നത്.

തേക്കടി ബോട്ടു ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ചപ്പോഴാണ് അപകടത്തില്‍ പെട്ട ബോട്ടിന്റെ നിര്മ്മാ
ണത്തിലെ പിഴവുകളെ ക്കുറിച്ച് കെറ്റിഡിസിയും സര്‍ക്കാരും അന്വേഷിക്കുന്നത്.ആ ബോട്ട് ആരും അ
ന്തരീക്ഷത്തില്‍ നിന്ന് കൈ വീശി എടുത്തതല്ല.ആരെങ്കിലും സംഭാവന നല്കിയതുമല്ല.കെറ്റിഡിസി ആവശ്യപ്പെട്ടതനുസരിച്ച് ഒരു ബോട്ടു നിര്‍മ്മാണക്കമ്പനി നിര്‍മ്മിച്ചു നല്കിയതാണ്.സര്‍ക്കാര്‍ സ്ഥാപ
നങ്ങളില്‍ ഉപകരണങ്ങളും വാഹനങ്ങളും വാങ്ങുന്നതിനും നിര്‍മ്മിക്കുന്നതിനും മറ്റും നിയതമായ നടപടി
ക്രമങ്ങളുണ്ട്.വാങ്ങിയ വസ്തുവിന്റെ ഗുണനിലവാരം ഉറപ്പു വരുത്തേണ്ടതും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചുമതലയാണ്.അതൊന്നും ഈ ബോട്ടിന്റെ കാര്യത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരി
ക്കുന്നു.

അപകടത്തിനു ശേഷം വിവിധ ഏജന്‍സികള്‍ അന്വേഷിച്ചപ്പോഴാണത്രെ ഈ വസ്തുതകള്‍ മനസ്സി
ലായത്.വിലപിടിപ്പുള്ള ഈ ആഡംബര ബോട്ട് നീറ്റിലിറക്കിയത് രഹസ്യമായിട്ടായിരിക്കാന്‍ ഇടയില്ല.
ബന്ധപ്പെട്ട മന്ത്രിയോ ഉന്നത ഉദ്യോഗസ്ഥനോ ചെയര്‍മാനോ ആരെങ്കിലും ആ ചടങ്ങില്‍ സംബന്ധി
ച്ചിരുന്നിരിക്കണം.മാദ്ധ്യമങ്ങള്‍ അതെപ്പറ്റി ഒന്നും പറഞ്ഞു കണ്ടില്ല.അഥവാ അവരാരും പങ്കെടുത്തി
ല്ലെങ്കില്‍ തന്നെ ഈ ജല വാഹനത്തിന്റെ കാര്യക്ഷമത അന്നേ ഉറപ്പു വരുത്തേണ്ടതായിരുന്നില്ലേ?
വകുപ്പു മന്ത്രിയ്ക്ക് കെറ്റിഡിസിയുടെ ദൈനം ദിനകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടില്ല.അതുകൊ
ണ്ടാണല്ലോ ഒരു ഫുള്‍ ടൈം ചെയര്‍മാനെയും ഡയറക്റ്ററെയും നിയമിച്ചിട്ടുള്ളത്.കോര്‍പ്പറേഷന്‍ കോടി
കള്‍ മുടക്കി ഉല്ലാസ നൗക വാങ്ങുമ്പോള്‍ അതിന്റെ ഗുണമേന്മ ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം അ
വര്‍ക്കില്ലേ?

നിര്‍മ്മാണത്തിലെ പിഴവുകള്‍, അനിമേഷന്‍ ചിത്രങ്ങളുടെ സഹായത്തോടെ ഇപ്പോള്‍ ബോദ്ധ്യപ്പെടു
ത്തുന്ന പ്യാരിലാല്‍ എന്ന സാങ്കേതിക വിദഗ്ദ്ധനും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കിയതില്‍ ക്രമക്കേടു
നടന്നിട്ടുണ്ടെന്നു കണ്ടെത്തിയവരും ബോട്ട് നീറ്റിലിറക്കിയ കാലത്തും സര്‍ക്കാരിന്റെയും കെറ്റിഡിസി
യുടെയും വിളിപ്പുറത്തുണ്ടായിരുന്നു.അന്ന് അവരുടെ സഹായം തേടിയില്ല.ഇപ്പോള്‍ കാണിക്കുന്ന ഉത്സാ
ഹത്തിന്റെയും ശുഷ്കാന്തിയുടെയും നൂറിലൊരംശം അന്നു കാണിച്ചിരുന്നെങ്കില്‍ നാല്പത്തഞ്ചിലധികം
പേരുടെ മരണത്തിനിടയാക്കിയ മഹാ ദുരന്തം ഒഴിവാകുമായിരുന്നു.

ഇതിന്റെ നടുക്കം മാറുന്നതിനു മുമ്പാണ് മറ്റൊരു ജലദുരന്തം അരീക്കോട് ഉണ്ടായത്. വിദ്യാര്‍ത്ഥികള്‍ക്ക്
സ്ക്കൂളില്‍ പോകാനായിട്ടെങ്കിലും ഒരു പാലം നിര്‍മ്മിക്കണമെന്ന്‍ അവിടത്തെ നാട്ടുകാര്‍ മുറവിളി കൂട്ടു
വാന്‍ തുടങ്ങിയിട്ട് എത്രയോ കാലമായി.പാലം പണിയിച്ചില്ലെന്നതു പോകട്ടെ,സുരക്ഷിതമായി സഞ്ച
രിക്കാവുന്ന ഒരു വള്ളം പോലും നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല.ഭരണാധികാരികളുടെ കുറ്റകരമായ ഉദാസീനതയ്ക്ക് വില നല്‍കേണ്ടിവന്നത് പാവം വിദ്യാര്‍ത്ഥികളുടെ ജീവനാണ്.അപകടം ഉണ്ടായതോ
ടെ ടണ്‍ കണക്കിന് സഹതാപവും സഹായവാഗ്ദാനങ്ങളുമായി മന്ത്രിമാര്‍ മുതല്‍ വാര്‍ഡ് മെമ്പര്‍മാര്‍ വരെ അവിടെ എത്തി.കോണ്‍ക്രീറ്റു പാലത്തിനു പകരം ഒരു കമ്പിപ്പാലമെങ്കിലും നിര്‍മ്മിച്ചിരുന്നെ
ങ്കില്‍ ഈ ദുരന്തം ഒഴിവാകുമായിരുന്നു.ചില സ്വകാര്യ തോട്ടങ്ങളില്‍ പുഴകള്‍ക്കു കുറുകെ ഇങ്ങനെ നിര്‍മ്മിച്ചിട്ടുള്ള നിരവധി പാലങ്ങള്‍ കാണാം.കോടികളുടെ മുടക്കൊന്നും അത്തരമൊരു പാലം കെട്ടു
വാന്‍ വേണ്ടാ.ആവശ്യത്തിനു വള്ളവും കടത്തുകാരെയും നല്‍കിയിരുന്നെങ്കിലും മതിയായിരുന്നു.ഇപ്പോ
ള്‍ കോണ്‍ക്രീറ്റു പാലം തീര്‍ക്കുമെന്നു പറയുന്നവര്‍ക്ക് നേരത്തെ ഈ കര്‍ത്തവ്യ ബോധം തോന്നിയി
രുന്നെങ്കിലോ?

വെള്ളം ഒഴുകിപ്പോയിക്കഴിഞ്ഞ് ചിറ കെട്ടാന്‍ ഭരണകര്‍ത്താക്കള്‍ ശ്രമിക്കുന്നതിന്റെ ഉദാഹരണങ്ങളാ
ണ് ഇവ.ഉണ്ണായി വാര്യര്‍ ഉയര്‍ത്തിയ ചോദ്യം നീതിപീഠത്തിന്റെ നേര്‍ക്കും നീട്ടാന്‍ പോരുന്നതാണ്
മുന്‍ ലോക് സഭാംഗം പി.സി.തോമസിനെതിരായുണ്ടായ സുപ്രീം കോടതി വിധി.അദ്ദേഹം തെരഞ്ഞെടു
ക്കപ്പെട്ട ഉടനെ ഫയല്‍ ചെയ്ത കേസ്സിന്റെ വിധി വന്നത് ആ ലോക് സഭയുടെ കാലാവധിയും അടുത്ത തെരഞ്ഞെടുപ്പും കഴിഞ്ഞാണ്.ഇതില്പരം ജങ്ങളെ വിഡ്ഢികളും നീതിന്യായ വ്യവസ്ഥയെ പരിഹാസപാത്ര
വും ആക്കുന്ന ഒരു നടപടി രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ നിന്ന് ഉണ്ടാകാനുണ്ടോ?

"പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവു സേതു ബന്ധനോദ്യോഗമെന്തെടോ?" എന്ന ചോദ്യത്തിന്,
ദമയന്തീ സ്വയം വരം നടന്നത് അറിയാഞ്ഞതു കൊണ്ടു പറ്റിപ്പോയതാണെന്നു പറഞ്ഞ് നളചരിത കഥാ
പാത്രങ്ങള്‍ക്ക് തടിതപ്പാന്‍ കഴിയും.പക്ഷേ ഇവിടെ പരാമര്‍ശിക്കപ്പെട്ട സമീപകാല സംഭവങ്ങളിലെ
യഥര്‍ത്ഥ കഥാപാത്രങ്ങള്‍ക്ക് അങ്ങനെ വിശദീകരിച്ച് ആ ചോദ്യത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ല.
Fans on the page