Total Pageviews

Friday, July 29, 2011

പൂന്താനം കണ്ട മമ്മൂട്ടിയും മോഹൻലാലും


മമ്മൂട്ടിയേയും മോഹൻ ലാലിനേയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തതറിഞ്ഞെത്തിയ ഭക്ത കവി പൂന്താനം രഹസ്യമായി രണ്ടുപേരുമായി ഇന്റർവ്യൂ തരപ്പെടുത്തുകയുണ്ടായി.അതിനു ശേഷമുള്ള കവിയുടെ നിരീക്ഷണം ചുവടെ ചേർക്കുന്നു:
“അർത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരിക്കലും
പത്തു കിട്ടുകിൽ നൂറുമതിയെന്നും
ശതമാകിൽ സഹസ്രം മതിയെന്നും
ആയിരം പണം കൈയ്യിലുണ്ടാകുമ്പോ-
ളയുതമാകിലാശ്ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേർ വിടാതെ കരേറുന്നു മേല്ക്കുമേൽ.
ചത്തു പോം നേരം വസ്ത്രമതു പോലു-
മൊത്തിടാ കൊണ്ടു പോവാനൊരുത്തർക്കും.
വിത്തത്തിലാശ പറ്റുക ഹേതുവായ്
സത്യത്തെ ത്യജിക്കുന്നു ചിലരഹോ!“


Fans on the page

Saturday, July 23, 2011

വീണിതല്ലോ കിടക്കുന്നു..........



കേരള സർ വ്വകലാശാലാ സിൻഡിക്കേറ്റിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ വളരെപ്പേർ മത്സരിച്ചു.അതിൽ കുറച്ചു പേർ ജയിക്കുകയും ഏറെപ്പേർ തോല്ക്കുകയും ചെയ്തു.സിൻഡിക്കേറ്റിലേക്കു തെരഞ്ഞെടുക്കപ്പെടേണ്ടവരുടെ എണ്ണം കുറവും സ്ഥാനാർത്ഥികൾ അധികവും ആകുമ്പോൾ അങ്ങനെ സംഭവിക്കാതിരിക്കാൻ തരമില്ല.എന്നാൽ ഒരു തോൽ വി പ്രത്യേകം പരാമർശം അർഹിക്കുന്നു.

കഴിഞ്ഞ നാല്പതു കൊല്ലത്തിലേറെയായി സിൻഡിക്കേറ്റിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന കിങ്ങ് മേക്കറാ
ണു ഇപ്പോൾ അടി തെറ്റി വീണവരിൽ പ്രധാനി.കേരള സർ വ്വകലാശാലാ നിയമം നിലവിൽ വന്നതിനു ശേഷം സംഘടിപ്പിക്കപ്പെട്ട എല്ലാ സെനറ്റിലും അംഗമായിരുന്ന ഇദ്ദേഹം ഇക്കുറിയും ആ പതിവു തെറ്റിച്ചില്ല.സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സിൻഡിക്കേറ്റിൽ എത്തിപ്പെടാൻ ആയില്ല.അടുപ്പിച്ച് രണ്ടു ടേം കഴിഞ്ഞാൽ (4വർഷമാണു ഒരു ടേമിന്റെ
കാലയളവ്)അടുത്ത പ്രാവശ്യം മത്സരിക്കാൻ നിയമം അനുവദിക്കുന്നില്ല.അനുവദനീയമായ എല്ലാ ടേമിലും മുൻ കാലങ്ങളിൽ അദ്ദേഹം സിൻഡിക്കേറ്റിൽ കയറിപ്പറ്റിയിട്ടുണ്ട്.ഒരു ഇടവേളയിൽ തനിക്കു പകരം അനിയനെ സിൻഡിക്കേറ്റിലേക്കു ജയിപ്പിക്കാൻ വരെ കഴിഞ്ഞ മഹാപ്രതാപിയാണു ഈ പ്രാവശ്യം തോൽ വിയുടെ രുചിയറിഞ്ഞത്.

നിയമപ്രകാരം സെനറ്റിലേക്കു മത്സരിക്കാൻ പോലും യോഗ്യതയില്ലാത്ത വ്യക്തിയാണു ഇത്രയും വർഷം സെനറ്റിലും സിൻഡിക്കേറ്റിലും കയറിപ്പറ്റി അന്തമറ്റ പരാക്രമങ്ങൾ നടത്തിയിരുന്നത്.ഒരു നിയമ സ്വാശ്രയ സ്ഥാപനത്തിന്റെ മറവിൽ ഈ കാലമത്രയും ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു.ആദ്യം സെനറ്റിലും സിൻഡിക്കേറ്റിലും എത്തിയത് അഫീലിയേറ്റഡ് പ്രൊഫഷണൽ കോളേജ് പ്രിൻസിപ്പാൾ എന്ന ലേബലിലായിരുന്നു.പിന്നീട് എത്തിയത് മാനേജർ വേഷത്തിൽ.കഴിഞ്ഞ ആന്റണി സർക്കാരിന്റെ കാലത്തു മാത്രമാണു സ്വാശ്രയ കോളേജുകൾക്ക് അംഗീകാരം നല്കിയതെന്നുകൂടി അറിയുമ്പോഴേ എത്ര അനർഹമായിട്ടാണു സെനറ്റിലും സിൻഡിക്കേറ്റിലും ആദ്യം മുതൽ കയറിപ്പറ്റിയത് എന്ന് വ്യക്തമാകൂ.

കേരളത്തിലെ ഏറ്റവും പഴക്കമേറിയ സർക്കാർ നിയമ കലാലയത്തിനും നിയമ വിദ്യാഭ്യാസത്തിനു തന്നെയും പരിഹരിക്കനാകാത്ത കെടുതി വരുത്തിയ ഈ കിങ്ങ് മേക്കർ ഇപ്പോൾ പരാജയപ്പെട്ടതിന്റെ പ്രധാനകാരണം കഴിഞ്ഞ പ്രാവശ്യം മുതൽ പ്രാബല്യത്തിൽ വന്ന തെരഞ്ഞെടുപ്പു പരിഷ്കാരമാണു.ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ബലമായിരുന്ന രജിസ്റ്റേഡ് ഗ്രാജ്വേറ്റ് മണ്ഡലം അന്നു തൊട്ടാണു വേണ്ടെന്നു വച്ചത്.20 സീറ്റുകളുണ്ടായിരുന്ന ഈ മണ്ഡലത്തിലെ വോട്ടർമാർ സർ വ്വകലാശാലയിൽ രജിസ്റ്റർ ചെയ്യുന്ന ബിരുദ ധാരികളായിരുന്നു.പേരൂർക്കടയിലെ തന്റെ സ്ഥാപനത്തിൽ നിയമ പഠനത്തിനെത്തുന്ന വിദ്യാർത്ഥികളെ കൊണ്ടും മറ്റുള്ള ബിരുദ ധാരികളുടെ ഡിഗ്രി വാങ്ങി സ്വന്തം ചെലവിലും രജിസ്റ്റർ ചെയ്യിപ്പിച്ചും വലിയൊരു വോട്ടു ബാങ്ക് ഇദ്ദേഹം സൃഷ്ടിച്ചു വച്ചിരുന്നു.തപാൽ വഴി അയയ്ക്കുന്ന ബാലറ്റുകൾ മുഴുവൻ തന്റെ കെയർ ഓഫ് അഡ്രസ്സിൽ ലഭിക്കുന്നതിനു വേണ്ടതെല്ലാം അദ്ദേഹം ചെയ്തുവന്നു.അവ കൂടാതെയാണു ഭാര്യയുടെയും മക്കളുടെയും,വിവിധ പാർട്ടിയിൽ പെട്ട സഹോദരങ്ങളുടെയും പേരിൽ എത്തുന്ന ബാലറ്റുകൾ.പ്രിഫറൻഷ്യൽ സമ്പ്രദായത്തിൽ നടക്കുന്ന വോട്ടെടുപ്പിൽ ആകെയുള്ള 20 സീറ്റിൽ കുറഞ്ഞത് 6 പേരെയെങ്കിലും ജയിപ്പിച്ചെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.അങ്ങനെ തനിക്കു സിൻഡിക്കേറ്റിലേക്കു ജയിക്കുവാനും മറ്റു ചിലരെക്കൂടി ജയിപ്പിക്കുവാനും സാധിക്കുമായിരുന്നു.നിയമ ഭേദഗതിയിലൂടെ രജിസ്റ്റേഡ് ഗ്രാജ്വേറ്റ് മണ്ഡലം നിർത്തലാക്കിയതിനാൽ അദ്ദേഹത്തിന്റെ സ്ഥിരം പരിപാടി നടന്നില്ല.അഞ്ചു ദശകത്തോളം നീണ്ട ഈ പകിടകളിയിൽ ഇപ്പോൾ തോൽവി പിണഞ്ഞത് അതുകൊണ്ടാണു.കേരള സർവ്വകലാശലയുടെയും ഗവ.ലാ കോളേജിന്റെയും ഭാഗ്യം.

നിയമ വിദ്യാലയത്തിന്റെ മേൽ വിലാസത്തിൽ ഇദ്ദേഹം നേടിയെടുക്കാത്ത ആനുകൂല്യങ്ങളില്ല.സിൻഡിക്കേറ്റംഗത്വം ഉപയോഗിച്ച് സർ വ്വകലാശാലയിൽ കാണിക്കാത്ത വിക്രിയകളുമില്ല.അഡ്മിറ്റു ചെയ്യാൻ അനുവദിച്ചിട്ടുള്ളതിൽ കൂ​‍ടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തുക,ഏറ്റവും നല്ല ഗവേഷണ പ്രസിദ്ധീകരണത്തിനും ഏറ്റവും നല്ല ഗവേഷണ സ്ഥപനത്തിനും ഉള്ള യൂണിവേഴ്സിറ്റി അവാർഡ് സ്വന്തം സ്ഥാപനത്തിനു സ്ഥിരമായി തരപ്പെടുത്തിയെടുക്കുക,തുടങ്ങിയ കലാപരിപാടികളാണു സിഡിക്കേറ്റിലിരുന്ന് നടത്തിക്കൊണ്ടിരുന്നത്.ഫലത്തിൽ സ്വാശ്രയ കോളേജ് ആണെങ്കിലും പത്തു പൈസ പോലും കോഴ വാങ്ങാത്ത സ്ഥാപനമെന്ന പേർ നിലനിർത്താൻ ശ്രദ്ധിച്ച അദ്ദേഹം കോടികളുടെ കോഴ കൊണ്ടും നേടാനാകാത്ത സൗഭാഗ്യം മറ്റു വിധത്തിൽ മുതലാക്കി.എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വേണ്ടപ്പെട്ടവനായി.തന്റെ സ്ഥാപനമില്ലായിരുന്നെങ്കിൽ പല യുവ നേതാക്കന്മാരും വക്കീൽ കോട്ട് അണിയില്ലായിരുന്നു എന്ന് അദ്ദേഹം പറയാറുള്ളത് വെറുതെയല്ല.കഴിഞ്ഞ മന്ത്രിസഭയിലെയും ഇപ്പോഴത്തെ മന്ത്രിസഭയിലെയും പലരും ഇദ്ദേഹത്തിന്റെ സ്ഥാപനം വഴി നിയമ ബിരുദം നേടിയവരാണു.സർ വ്വകലാശാലയിലും പുറത്തും നിയമ വ്യവസ്ഥകൾ കാറ്റിൽ പറത്തിക്കൊണ്ട് അഴിഞ്ഞാടുവാൻ ഇദ്ദേഹത്തിനു ധൈര്യം നല്കിയത് വിപുലമായ ഇത്തരം സ്വാധീനങ്ങളാണു.

അനർഹമായും അന്യായമായും സ്വായത്തമാക്കുന്ന ഏതു കിരീടവും കാലം എന്ന മഹാപ്രഭുവിനു മുമ്പിൽ അടിയറ വയ്ക്കേണ്ടി വരും എന്നാണു ഈ അതികായന്റെ പതനം വെളിവാക്കുന്ന പരമ സത്യം.








Fans on the page

Sunday, July 10, 2011

ജസ്റ്റിസ്.കെ.കെ.നരേന്ദ്രൻ



സാമൂഹിക പ്രതിബദ്ധതയും നിഷ്പക്ഷമായ നീതി ബോധവും ഉണ്ടായിരുന്ന ഒരു നിയമജ്ഞൻ കൂടി അന്തരിച്ചു.പണം കണ്ടു കണ്ണു മഞ്ഞളിക്കുന്ന ജഡ്ജിമാരുടെ എണ്ണം കൂടി വരുന്ന ഇക്കാലത്ത് ജ.കെ.കെ.നരേന്ദ്രനെപ്പോലുള്ളവരുടെ തിരോധാനം വലിയ നഷ്ടമാണു.ഹൈക്കോടതി ജഡ്ജി ആയിരിക്കേ അദ്ദേഹം പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ കേരള നീതിന്യായ ചരിത്രത്തിലെ സുവർണ്ണ രേഖകളാണു.

സേവന നിരതനായിരുന്നു വിരമിച്ച ശേഷവും അദ്ദേഹം.മാറിമാറി വന്ന സർക്കാരുകളെല്ലാം, റിട്ടയർ ചെയ്തതിൽ പിന്നീടും അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.സംവരണത്തെ കുറിച്ചു പഠിക്കാൻ നിയോഗിച്ച കമ്മീഷന്റെ ചെയർമാനായി പ്രവർത്തിച്ചത് ഈ കാലയളവിലാണു.
പ്രീഡിഗ്രി ബോഡ് വിരുദ്ധസമരകാലത്ത് കേരള സർ വ്വകലാശാലയിൽ നടന്ന പരീക്ഷാ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കുവാൻ ജസ്റ്റിസ് കെ.കെ.നരേന്ദ്രനെയാണു അന്നത്തെ ഇടതു സർക്കാർ ഏകാംഗ കമ്മീഷനായി നിയമിച്ചത്.അന്ന് തെളിവു നല്കാൻ പോയപ്പോഴാണു അദ്ദേഹത്തിനെ അടുത്തറിയാൻ കഴിഞ്ഞത്.സർവ്വകലാശലാ ജീവനക്കരുടെ ഒരു സംഘടനയെ പ്രതിനിധീകരിച്ച് തെളിവു നല്കുക മാത്രമല്ല മറ്റുള്ളവരെ വിസ്തരിക്കാനുള്ള ചുമതലയും കൂടി എന്നിൽ വന്നു ചേർന്നു.സംഘടന വക്കാലത്ത് കൊടുത്ത അഭിഭാഷകൻ കമ്മീഷൻ സിറ്റിംഗുകളിൽ തുടർച്ചയായി ഹാജരാകാതിരുന്നപ്പോൾ കക്ഷികളെ നേരിട്ടു വിസ്തരിക്കാൻ ജഡ്ജി അനുവദിക്കുകയായിരുന്നു.അഭിഭാഷകനല്ലാത്ത എനിക്ക് അതിനുള്ള ആത്മവിശ്വാസം ലഭിച്ചത് കമ്മീഷൻ നല്കിയ പ്രോത്സാഹനം ഒന്ന് കൊണ്ടു മാത്രമാണു.ഇത്തരം അന്വേഷണ കമ്മീഷനുകളെ വക്കീലന്മാർ അത്ര ഗൗരവമായി എടുക്കാറില്ല എന്ന് അനുഭവിച്ച് അറിഞ്ഞിട്ടുള്ളതു കൊണ്ടു കൂടിയാകാം
ഒരു സാധാരണക്കാരനെ വക്കീൽ പണി ചെയ്യാൻ അദ്ദേഹം അനുവദിച്ചതും പ്രോത്സാഹിപ്പിച്ചതും.

മുമ്പ് കേരള സർ വ്വകലാശാലയിൽ നടന്ന മാർക്ക് തട്ടിപ്പു കേസ് അന്വേഷിച്ച ജസ്റ്റിസ്.എം.പി.മേനോൻ കമ്മീഷനിലും ഞങ്ങൾ കക്ഷി ചേരുകയും സംഘടനയെ പ്രതിനിധീകരിച്ച് ഹാജരാകുകയും ചെയ്തിരുന്നു.എന്നാൽ മറ്റു കക്ഷികളെ വിസ്തരിക്കുന്നതിനോ വാദിക്കുന്നതിനോ അനുവദിച്ചിരുന്നില്ല.
മതിയായ സൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തി കൊടുക്കാതിരുന്നിട്ടും യഥാസമയം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ടു സമർപ്പിച്ചതിൽ നിന്നും അദ്ദേഹത്തിന്റെ ചുമതലാബോധം
വ്യക്തമാണു.നിയമത്തിന്റെ മുമ്പിൽ എല്ലാവരും സമന്മാരാണെന്ന് പേർത്തും വെളിവാക്കുന്ന തരത്തിലായിരുന്നു തെളിവെടുപ്പു വേളയിൽ അദ്ദേഹം കൈക്കൊണ്ട ഒരോ നടപടിയും.

സമരകാലത്ത് മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരൻ തെളിവെടുപ്പിനു ഹാജരാകാതെ പലപ്പോഴും ഒഴിഞ്ഞു മാറി.അദ്ദേഹത്തിന്റെ അഭിഭാഷകനോട് ചോദിക്കുമ്പോഴെല്ലാം 'ലീഡർക്ക് സമയമി'ല്ലെന്ന സ്ഥിരം പല്ലവിയാണു കമ്മീഷനു കിട്ടിക്കൊണ്ടിരുന്നത്.ഭരണം പോയി വലിയ രാഷ്ട്രീയ കോലാഹലങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ആവർത്തിച്ച് കൊണ്ടിരുന്ന 'സമയമില്ലായ്മ' എന്ന നുണക്കഥ കമ്മീഷനും വിശ്വസിച്ചു എന്നു ഞങ്ങൾ കരുതി.പക്ഷേ കരുണാകരന്റെ വക്കീലിനെയും ബാക്കിയുള്ളവരെയും ഞെട്ടിച്ചു കൊണ്ട് ഒരു ദിവസം കമ്മീഷൻ അടുത്ത സിറ്റിംഗ് തീയതി അറിയിച്ചിട്ടു പറഞ്ഞു:“നിങ്ങളുടെ കക്ഷി അന്നു ഹാജരാകണം.അല്ലാത്ത പക്ഷം സമൻസും വാറണ്ടും ഒക്കെ അയച്ച് കമ്മീഷനു അദ്ദേഹത്തെ വരുത്തേണ്ടി വരും”.കമ്മീഷൻ നിശ്ചയിച്ച തീയതിയിൽ തന്നെ മുൻ മുഖ്യൻ ഹാജരായി.

ജീവനക്കാർ പണിമുടക്കിലായിരുന്നപ്പോൾ എല്ലാ ക്രമക്കേടുകൾക്കും നേതൃത്വം കൊടുത്ത അന്നത്തെ പ്രോ വൈസ് ചാൻസലർ എന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ വിസമ്മതിച്ചപ്പോഴെല്ലാം അദ്ദേഹത്തെ കമ്മീഷൻ ശക്തമായി താക്കീതു ചെയ്തതും ഓർക്കുന്നു.

തെളിവെടുപ്പു വേളകളിൽ പലപ്പോഴും നർമ്മം വിതറാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.മുൻ വൈസ് ചാൻസലർ പി.എസ്.ഹബീബ് മുഹമ്മദിനെ വിസ്തരിച്ചു കൊണ്ടിരുന്ന ഒരു പ്രമുഖ അഭിഭാഷകൻ ഇടയ്ക്ക് അല്പം വെള്ളം കുടിച്ചു.ഉടനെ വന്നു കമ്മീഷന്റെ കമന്റ്:“സാധരണ വക്കീലന്മാരാണു സാക്ഷികളെ വെള്ളം കുടിപ്പിക്കുന്നത്.ഇവിടിപ്പോൾ വക്കീലാണല്ലോ വെള്ളം കുടിക്കുന്നത്?”
ഏറെ നാളത്തെ തെളിവെടുപ്പിനും അന്വേഷണത്തിനും വാദങ്ങൾക്കും ശേഷം വളരെ വിശദമായ റിപ്പോർട്ട് നല്കിയെങ്കിലും അദ്ദേഹം ചൂണ്ടിക്കാണിച്ച കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനോ നിർദ്ദേശിച്ച ശുപാർശകൾ നടപ്പാക്കുന്നതിനോ അന്നത്തെ നായനാർ സർക്കാർ താല്പര്യം കാണിച്ചില്ല.എല്ലാ ജുഡീഷ്യൽ അന്വേഷണ കമ്മീഷനുകൾക്കും എന്നതു പോലെ നരേന്ദ്രൻ കമ്മീഷനും റഫറൻസ് ഷെല്ഫിൽ വിശ്രമിക്കാനാണു യോഗം.എന്നാൽ, സർക്കാർ ഉദ്യോഗങ്ങളിൽ പിന്നോക്ക പ്രാതിനിധ്യം നിർണ്ണയിക്കാൻ അദ്ദേഹം ചെയർമാനായി നിയമിക്കപ്പെട്ട കമ്മീഷനു ആ ഗതി വന്നില്ല.

നിഷ്പക്ഷനും നീതിമാനും മനുഷ്യ സ്നേഹിയുമായ ആ അതുല്യ ന്യായാധിപന്റെ സ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലികൾ










Fans on the page