Total Pageviews

Sunday, March 30, 2008

പുതിയ അടിമത്തം

കേരളത്തിനുള്ള അരിവിഹിതം കഴിഞ്ഞ മാര്‍ച്ച് വരെ 113420 ടണ്‍ അനുവദിച്ചിരുന്ന കേന്ദ്രം ഏപ്രിലില്‍ ഒറ്റയടിക്ക് 21334 ടണ്‍ ആയി വെട്ടിക്കുറച്ചു.ഇപ്പോള്‍ 4000 ടണ്‍ അരി വീണ്ടും വെട്ടിക്കുറച്ചിരിക്കുകയാണ്.അരിവിഹിതത്തില്‍ കുറവു വന്നത് കേരള സര്‍ക്കാരിന്‍റെ പിടിപ്പുകേടും അശ്രദ്ധയും കൊണ്ടാണെന്നായിരുന്നു കേന്ദ്രത്തോടൊപ്പം മാദ്ധ്യമങ്ങളും പ്രതിപക്ഷ കക്ഷികളും പ്രചരിപ്പിച്ചത്. എന്നാല്‍ അരിവിഹിതം വെട്ടിക്കുറച്ചത് അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സിയായ'മെക്കന്‍സി'യുടെ ഉപദേശപ്രകാരമാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നു.

അരിവിഹിതം വെട്ടിക്കുറച്ചതിനു പുറമേ രാജ്യത്തുള്ള എഫ് സി ഐ ഗോഡൗണുകള്‍ പൂട്ടിക്കെട്ടാനോ പാട്ടത്തിനു കൊടുക്കാനോ ഉള്ള നീക്കം നടക്കുന്നതും 'മെക്കന്‍സി'യുടെ നിര്‍ദ്ദേശപ്രകാരമാണത്രെ.
മെക്കന്‍സിയെ കണ്‍‍സള്‍ട്ടന്‍സിപ്പണിക്ക് ചുമതലപ്പെടുത്തിയത് മുന്‍ ബി ജെ പി സര്‍ക്കാരാണ്.സ്വദേശിവല്ക്കരണത്തിന്‍റെ പ്രചാരകന്മാരും പ്രയോക്താക്കളുമായി വേഷം കെട്ടിനടന്നവര്‍ ഭരണത്തില്‍ കയറിയപ്പോള്‍ ഇതാണു ചെയ്തതെങ്കില്‍ സായിപ്പിന്‍റെ സ്തുതിപാഠകര്‍ വിദേശികളെ ഉപേക്ഷിക്കുമോ?ആഗോളവല്ക്കരണത്തിന്‍റെയും കണ്‍സള്‍ട്ടന്‍സി ഭരണത്തിന്‍റെയും ആരാധകര്‍ക്ക് നാട്ടുകാരുടെ പ്രയാസങ്ങള്‍ മനസ്സിലാകില്ല.കാര്‍ഷിക സബ്സിഡി നിര്‍ത്താന്‍ അമേരിക്ക ഇന്ത്യക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണെന്നും കേള്‍ക്കുന്നു.

അവസാനത്തെ 4000 ടണ്‍ വെട്ടിക്കുറച്ചത് ഉമ്മന്‍ ചാണ്ടി ദില്ലിയില്‍ നിന്നു പോന്നതിനു തൊട്ടു പിന്നാലെ ആയതു കൊണ്ട് അദ്ദേഹമാണോ ഇതിന്‍റെ പിന്നിലെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ പോലും സംശയിച്ചു.ഇടതു പക്ഷ
മുന്നണിയിലെ ചിലര്‍ ഇപ്പോഴും അദ്ദേഹത്തെ സംശയിക്കുന്നുണ്ട്.ഉമ്മന്‍ ചാണ്ടിയല്ല സാക്ഷാല്‍ ഇന്ദിരാ ഗാന്ധി
പറഞ്ഞാല്‍ പോലും ഇത്ര വേഗത്തില്‍ നടപടിയുണ്ടാകില്ല.നാട്ടിന്‍പുറത്ത് പറയാറില്ലേ കാര്യം നടക്കണമെങ്കില്‍
മോളീന്ന് വിളിച്ചു പറയിക്കണം എന്ന്.കേന്ദ്രത്തില്‍നിന്നും ഉടന്‍ ആക് ഷന്‍ ഉണ്ടാകണോ ബുഷ് സായിപ്പോ
കോണ്ടലീസാ മദാമ്മയൊ പറയണമെന്ന് ഈ ഇടതുപക്ഷം ഇനി എന്നാണോ മനസ്സിലാക്കുക?

അവര്‍ക്കും കേന്ദ്രഭരണം കിട്ടിയാല്‍ ഇങ്ങനെയാകില്ലെന്ന് ആരു കണ്ടു?കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് എ ഡി ബി ക്കാരുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ചവര്‍ ഭരണത്തില്‍ കയറിയപ്പോള്‍ ചുവപ്പു പരവതാനി വിരിച്ച് അവരെ സ്വീകരിക്കുന്നതും നമ്മള്‍ കണ്ടു.ഭരിക്കുമ്പോള്‍ ഭരണത്തിന്‍റെ സുഖമാണ് എല്ലാര്‍ക്കും നോട്ടം.വിദേശ കണ്‍സള്‍ട്ടന്‍സിയെ വച്ച് മാതൃക കാട്ടിയതും ഇപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിദേശ ഫണ്ട് വാങ്ങാന്‍ ശ്രമിക്കുന്നതും മറ്റാരുമല്ലല്ലോ.പട്ടിണിക്കാരന്‍റെ അരിച്ചട്ടിയില്‍ കണ്‍സള്‍ട്ടന്‍സിക്കാരുടെ ആജ്ഞാനുസരണം കേന്ദ്രം കൈയിട്ടു വാരുമ്പോള്‍ യഥാര്‍ത്ഥ കാരണം കാണാതെ മണ്ണുണ്ണികളെ പഴി പറയേണ്ടി
വരുന്നത് അതുകൊണ്ടാണ്.

ഇംഗ്ലീഷ് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി ഇന്‍ഡ്യയില്‍ കച്ചവടത്തിന് വന്നതും പിന്നീട് നമ്മളെ അടിമകളാക്കിയതും
ഒരുപാട് സാഹസങ്ങള്‍ ചെയ്തിട്ടാണ്.എന്നാല്‍ ഇന്ന് 'അമേരിക്കന്‍ ബുഷ് ഇന്‍ഡ്യാ കമ്പനി' വാഷിങ്ടണില്‍ ഇരുന്ന് മെയ്യനങ്ങാതെ ഇന്ത്യയെ നിയന്ത്രിക്കുന്നു.മന്‍മോഹന്‍ സിംഗിനെപ്പോലുളള ഒരു വിനീത വിധേയന്‍ പ്രധാനമന്ത്രിയായത് കാര്യങ്ങള്‍ വളരെ എളുപ്പമാക്കി.അനേകായിരങ്ങള്‍ സര്‍വ്വതും ഹോമിച്ചു നേടിയെടുത്ത
സ്വാതന്ത്ര്യത്തിന്‍റെ മഹത്വം അറിയുന്നവര്‍ ഇത്തരം അടിമത്തത്തെ അറിഞ്ഞുകൊണ്ട് വരിക്കുകയില്ല.Fans on the page

Saturday, March 22, 2008

കുട്ടനാട്ടിലെ നെല്ലും പതിരും

നേരം വെളുത്തെന്നും വെളുത്തില്ലെന്നും പറഞ്ഞ് രണ്ട് കുരുവികള്‍
തര്‍ക്കിച്ച കഥയുണ്ട്. ഈ കഥയാണ്
കുട്ടനാട്ടിലെ കൃഷിനാശം സംബന്ധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന തര്‍ക്കം കാണുമ്പോള്‍ ഓര്‍മ്മ വരിക.കാലം തെറ്റി വന്ന മഴയാണ് നാശനഷ്ടങ്ങള്‍ക്ക് കാരണമെന്ന് ഭരണപക്ഷം.മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയായ കെ എസ് കെ റ്റി യു വിന്‍റെ യന്ത്രവിരുദ്ധ നിലപാടാണ് ഇത്രയധികം നഷ്ടം വരുത്തിവച്ചതെന്ന് പ്രതിപക്ഷം.

സത്യം ഇവയ്ക്കു രണ്ടിനും ഇടയിലാണ്.മഴക്കോളു പോലും മാനത്തില്ലാതിരുന്ന ദിവസങ്ങളില്‍ തന്നെ കൈരളി ഒഴികെയുള്ള ചാനലുകളും ചില പത്രങ്ങളും കൊയ്ത്തു യന്ത്രം പാടത്തിറക്കുന്നതിനെതിരെ കെ എസ്സ് കെ റ്റി യു രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.നിനച്ചിരിക്കാതെ വേനല്‍മഴ തിമര്‍ത്ത് പെയ്യുകയും കൂടി ചെയ്തപ്പോള്‍ കുട്ടനാട്ടെ വിളഞ്ഞു കിടന്ന നെല്ലു മുഴുവന്‍ വെള്ളത്തിലായി.കൃഷിക്കാര്‍ ദുരിതക്കയത്തിലും.തടിയുടെ വളവും പണിക്കാരന്‍റെ കുറ്റവും ഉണ്ടെന്നു പറഞ്ഞപോലെ തൊഴില്‍ സമരവും മഴയും കൂടിയാണ് കര്‍ഷകരെ ദുരിതത്തിലാക്കിയത്.

എന്തും രാഷ്ട്രീയദൃഷ്ടിയില്‍ കൂടി മാത്രം കാണുന്ന മലയാളിയുടെ പൊതുസ്വഭാവം കൃഷിനാശപ്രശ്നത്തിലും
പ്രതിഫലിച്ചിട്ടുണ്ട്.കുട്ടനാട്ടിലാണ് അത് അധികം കണ്ടത്.കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം വാങ്ങിക്കൊടുക്കുന്നതിനേക്കാള്‍ രാഷ്ട്രീയ മുതലെടുപ്പു നടത്താനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം.കുട്ടനാട്ടില്‍ യന്ത്രമിറക്കാന്‍ യൂണിയന്‍ അനുവദിക്കത്തതു കൊണ്ടാണെന്നു സമ്മതിച്ചാല്‍തന്നെ തൃശൂരിലും കോട്ടയത്തും ഉണ്ടായ നെല്‍കൃഷി നാശത്തിന് എന്താണു കാരണം പറയുക?അനവസരത്തിലെ മഴ വിതച്ച ദുരിതത്തിനു
കേന്ദ്രത്തില്‍ നിന്നു കിട്ടാന്‍ സാദ്ധ്യതയുള്ള സഹായം ഇല്ലാതാക്കാനേ ഇത്തരം പ്രചരണങ്ങള്‍ ഉപകരിക്കൂ.
ആരുടെ ഒത്താശയുണ്ടായാലും പ്രകൃതി കനിഞ്ഞില്ലെങ്കില്‍ യന്ത്രക്കൊയ്ത്തും നടക്കില്ലെന്ന് പ്രതിപക്ഷ നേതാവിനും സംഘത്തിനും ബോദ്ധ്യമായിട്ടും ആരോപണം ആവര്‍ത്തിക്കുന്നത് കര്‍ഷകന് ഗുണം ചെയ്യില്ല.

ഭരണപക്ഷം ചെയ്യുന്ന എന്തിനെയും എതിര്‍ക്കുകയാണ് പ്രതിപക്ഷത്തിന്‍റെ (ഇപ്പോഴത്തെ മാത്രമല്ല മുമ്പത്തെയും)ചുമതല എന്ന് ധരിച്ചു വശായ ജനാധിപത്യ സംസ്കാരം നിലനില്‍ക്കുന്നിടത്തോളം അവരെ കുറ്റം
പറയുന്നതില്‍ കാര്യമില്ല.അപ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വം കാട്ടണ്ടത് ഭരണകക്ഷികളാണ്.യന്ത്രത്തെ തടഞ്ഞെ
ന്ന ആരോപണം പാര്‍ട്ടിയും യൂണിയനും നിഷേധിക്കുന്നുണ്ടെങ്കിലും ആരും അതു മുഖവിലയ്ക്കെടുക്കുന്നില്ല.
ഭരണം കൈയില്‍ കിട്ടുമ്പോഴെല്ലാം മാര്‍ക്സിസ്റ്റു പാര്‍ട്ടി പോഷക സംഘടനകളെ കയറൂരി വിടും എന്ന
അപഖ്യാതി പണ്ടേ ഉള്ളതാണ്.അത്തരം ആരോപണങ്ങള്‍ അടിസ്ഥാനമുള്ളതാണെന്ന് ഒരിക്കല്‍ കൂടി പാര്‍ട്ടി
തെളിയിച്ചിരിക്കുന്നു.നെല്‍കൃഷിക്കും കര്‍ഷകര്‍ക്കും വേണ്ടി എന്നും നിലകൊണ്ടിട്ടുള്ള മുഖ്യമന്ത്രിയ്ക്ക്,
മറ്റു പലകാര്യത്തിലുമെന്നപോലെ, തലവേദന സൃഷ്ടിക്കാനുള്ള പാര്‍ട്ടിയിലെ മറുഭാഗത്തിന്‍റെ ഗൂഢനീക്കമായിരു
ന്നോ യന്ത്രവിരോധ സമരമെന്നും സംശയമുണ്ട്.

ആനപ്പുറത്തിരിക്കുമ്പോള്‍ പട്ടിയെ പേടിക്കണ്ടാ എന്ന് കരുതിയവരെയെല്ലാം താഴെയിറങ്ങിയപ്പോള്‍ പട്ടി
കടിച്ചു കീറിയിട്ടുണ്ട്.അധികാരത്തിന്‍റെ പിന്‍ബലത്തില്‍ പരദ്രോഹത്തിനു മുതിരുന്നവര്‍ അതു മറക്കരുത്;
ഗ്രൂപ്പ് കളിക്കുന്നവരും.പ്രകടനപത്രികയില്‍ മതിമയങ്ങിയവരുടെ വോട്ടുകളല്ല ,മറിച്ച് ഭരണത്തില്‍ സഹികെട്ടവരുടെ വോട്ടു കൊണ്ടാണ് രണ്ടുകൂട്ടരും മാറിമാറി അധികാരത്തിലെത്തിയതെന്നു കൂടി ഓര്‍ക്കുക.

Fans on the page

Wednesday, March 19, 2008

കായംകുളം കൊച്ചുണ്യായ നമ:

പത്തനംതിട്ട ജില്ലയില്‍ കാരംവേലി എന്ന സ്ഥലത്തെ ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠ കായംകുളം കൊച്ചുണ്ണിയാ
ണത്രെ.സാധാരണ അമ്പലങ്ങളിലെപ്പോലെ പൂജയും വഴിപാടും ഇവിടെയും നടക്കുന്നുണ്ട്.കൊച്ചുണ്ണി ഹിന്ദു
ദൈവമല്ലാത്തതുകൊണ്ട് ക്ഷേത്രങ്ങളുടെയും ആചാരങ്ങളുടെയും സംരക്ഷണത്തിന്‍റെ കുത്തകക്കാര്‍ ഇതില്‍ അത്ര
താല്പര്യം കാണിക്കാന്‍ ഇടയില്ല.സമ്പന്നരുടെ മുതല്‍ കവര്‍ന്ന് പാവപ്പെട്ടവര്‍ക്ക് വീതിച്ചു കൊടുത്തവനെന്ന്
പണ്ടേ ഖ്യാതി നേടിയ കള്ളന്‍റെ അമ്പലവും കള്ളന്മാര്‍ക്ക് കൈയിട്ടുവാരാന്‍ പഴുതൊരുക്കുന്ന
മറ്റു ക്ഷേത്രങ്ങളും തമ്മില്‍ എന്താണു വ്യത്യാസം?മോഷണക്കാര്യത്തിലാണെങ്കില്‍ ചില ദൈവങ്ങളുടെ മുമ്പില്‍ കൊച്ചുണ്ണി വളരെ കൊച്ചാണ്.

ആകെപ്പാടെ നോക്കിയാല്‍ ദൈവമായി ആരാധിക്കപ്പെടാന്‍ കൊച്ചുണ്ണി സര്‍വ്വഥാ യോഗ്യന്‍ തന്നെ.കള്ളക്കടത്തും
കള്ളനോട്ടടിയും നടത്തിയുണ്ടാക്കിയ കാശിന്‍റെ ബലത്തില്‍ വിലസുന്ന ആള്‍ദൈവങ്ങളെ അപേക്ഷിച്ച് കൊച്ചുണ്ണി എത്രയോ ഭേദം.അവര്‍ക്കുള്ളതുപോലെ നല്ല മാര്‍ക്കറ്റിംഗ് മാനേജര്‍മാര്‍ ഉണ്ടായിരുന്നെങ്കില്‍
ജീവിച്ചിരിക്കെത്തന്നെ അയാള്‍ ദൈവമാകുമായിരുന്നു.

കള്ളും ചാരായവും നേദിച്ചും ജന്തുബലി നടത്തിയും പ്രീതിപ്പെടുത്തുന്ന മാടന്‍,മറുത,യക്ഷി തുടങ്ങിയ നീച
ദേവതകള്‍ക്കു വരെ ഭക്തര്‍ കൂടി വരുന്ന ഇക്കാലത്ത് കൊച്ചുണ്ണിയമ്പലവും പച്ചപിടിക്കുമെന്നു കരുതാം.
ചില രാഷ്ട്രീയ നേതാക്കള്‍ക്ക് ആരാധിക്കാന്‍ ഇത്രയും യോജിച്ച ദൈവം വേറെ ഏതാണുള്ളത്?
എന്തായാലും ദൈവങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെ എന്ന് മനസ്സിലാക്കാന്‍ കള്ളന്‍റെ ക്ഷേത്രം ഉപകരിക്കും.

Saturday, March 15, 2008

ദാസ് മുന്‍ഷി എന്തു ഭാവിച്ചാ?

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക ഇടപെടണ്ടാ എന്ന് പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അമേരിക്കയെ
വിരട്ടിയിരിക്കുന്നു.ഇന്ത്യയിലല്‍‍ നടക്കുന്ന ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് കേരളം,ബംഗാള്‍,
തുടങ്ങിയ സംസ്ഥാനങ്ങളിലെ അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്ക പുറത്തിറക്കിയ രേഖയാണ് കേന്ദ്ര മന്ത്രിയെ ചൊടിപ്പിച്ചത്.

ഗുരുദാസ് ദാസ്ഗുപ്തയും സോമനാഥ് ചാറ്റര്‍ജിയും കടുത്ത ഭാഷയില്‍ അമേരിക്കന്‍ നടപടിയെ അപലപിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റുകാരല്ലേ അവര്‍ക്കൊക്കെ അങ്ങനെ പറയാം.അതുപോലാണോ ജോര്‍ജ്ജ് ബുഷ് ചേട്ടന്‍ കണ്ണുരുട്ടിയാല്‍ നില്‍ക്കുന്നിടവും നടക്കുന്നിടവും നനയുന്ന മന്മോഹന്‍ ജി യുടെ മന്ത്രിസഭയിലെ ഒരംഗം?അദ്ദേഹവും സോണിയാ മാഡവും അറിഞ്ഞിട്ടു തന്നെയോ ഇത്? ആണവ കരാറിന്‍റെ പാനപാത്രം ചുണ്ടോടടുത്ത ഈ അവസരത്തില്‍ മുന്‍ഷി എന്തുഭാവിച്ചാണ് ഇങ്ങനെ കേറി തട്ടിവിടുന്നത്?

ലോകത്ത് ഒരെറുമ്പിനെപ്പോലും നോവിച്ചിട്ടില്ലാത്ത അമേരിക്കയോട് ഇത്ര കയര്‍ക്കേണ്ടിയിരുന്നില്ല.ഇറാക്ക്,
അഫ്ഘാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കാരുണ്യത്തിന്‍റെ തേന്മഴ പൊഴിച്ച ബുഷ് അണ്ണനെയോര്‍ത്തെങ്കിലും
മുന്‍ഷിക്ക് അടങ്ങാമായിരുന്നു!കുറ്റം തെളിയിക്കാന്‍ ക്രൂരമായ പീഡന മുറകള്‍‍ പാടില്ലെന്ന് നിഷ്ക്കര്‍ഷിക്കുന്ന
സെനറ്റ് പ്രമേയം വീറ്റോ ചെയ്ത ബുഷിനും അദ്ദേഹത്തിന്‍റെ ഭരണകൂടത്തിനുമല്ലാതെ ആര്‍ക്കാണ് മനുഷ്യാവകാശ
ത്തെ കുറിച്ച് ലോകരെ ഉപദേശിക്കാന്‍ യോഗ്യത?Fans on the page

Wednesday, March 12, 2008

ഉച്ച തിരിയുന്ന എസ്.എസ്.എല്‍.സി പരീക്ഷ

ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ ഉച്ചയ്ക്കു ശേഷമാണ് ആരംഭിച്ചത്.ചോദ്യക്കടലാസ് ചോര്‍ച്ചയുള്‍പ്പടെ ഉള്ള ക്രമക്കേടുകള്‍ ഇല്ലാതാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് സമയ മാറ്റം എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.ചോര്‍ച്ചയ്ക്കുള്ള ഒരു പഴുത് ഈ പരിഷ്ക്കാരം മൂലം അടയ്ക്കാന്‍
ചിലപ്പോള്‍ കഴിഞ്ഞേക്കാം.പക്ഷേ സമയമാറ്റം സൃഷ്ടിക്കാനിടയുള്ള ക്രമക്കേടുകളെക്കുറിച്ച് ഗൗരവമായി സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ടോ എന്നു സംശയമാണ്.

1964-ല്‍ (ഓര്‍മ്മയില്‍നിന്ന് എഴുതുകയാണ്)കേരള സര്‍വ്വകലാശാലയിലുണ്ടായ ചോദ്യക്കടലാസ് ചോര്‍ച്ച
സംബന്ധിച്ച് അന്വേഷണം നടത്തിയ ജ.വേലുപ്പിള്ള സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ അസാധാരണ ഗസറ്റായി
പ്രസിദ്ധീകരിച്ചിട്ടുണ്ട്.ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കുള്ള സകല സാദ്ധ്യതകളും വിശകലനം ചെയ്ത് പരിഹാരം നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ടില്‍‍ പരീക്ഷയോടനുബന്ധിച്ചു നടക്കാനിടയുള്ള മറ്റു ക്രമക്കേടുകളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നുണ്ട്.അവ ഒഴിവാക്കാന്‍ പ്രതിവിധിയും സൂചിപ്പിക്കുന്നു.

അതിലൊന്ന് പരീക്ഷകള്‍ രാവിലെ നടത്തണമെന്നതാണ്.ഉച്ച കഴിഞ്ഞു നടത്തിയാല്‍ ഉത്തരക്കടലാസുകള്‍
യൂണിവേഴ്സിറ്റിയിലേക്ക് അന്നു തന്നെ അയക്കാന്‍ കഴിയില്ല.പരീക്ഷാകേന്ദ്രങ്ങളില്‍ സൂക്ഷിക്കുമ്പോള്‍ ഉത്തരക്കടലാസ് മാറ്റി വയ്ക്കുന്നതുപോലുള്ള ക്രമക്കേടുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ടാണ് ഈ നിര്‍ദ്ദേശം വച്ചത്.സര്‍വ്വകലാശാലാ പരീക്ഷയ്ക്കു മാത്രമല്ല,എസ്.എസ്.എല്‍.സി പരീക്ഷയ്ക്കും ഇതു ബാധകമാണ്.പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും ഉത്തരക്കടലാസ്സുകള്‍ അന്നു തന്നെ പരീക്ഷാഭവനിലോ മൂല്യനിര്‍ണ്ണയ കേന്ദ്രങ്ങളിലോ എത്തിക്കാന്‍ കഴിയില്ല.

വേലുപ്പിള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പൂര്‍ണ്ണമായും കേരള സര്‍വ്വകലാശാലയില്‍ നടപ്പാക്കിയിരുന്നു.
അന്നൊന്നും അവിടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയോ മറ്റു ക്രമക്കേടോ ഉണ്ടായില്ല.റിപ്പോര്‍ട്ടനുസരിച്ച് നടപ്പാക്കിയ
പരിഷ്ക്കരങ്ങള്‍ പലതും,എളുപ്പത്തിനും മാറി മാറി വന്ന സിന്‍‍ഡിക്കേറ്റിലെ ചില പ്രമാണിമാരുടെ സൗകര്യത്തിനും വേണ്ടി സര്‍വ്വകലാശാല പിന്നീട് എടുത്തു കളഞ്ഞു.അതിന്‍റെ ഫലമായി അവിടെ വര്‍ഷങ്ങള്‍ക്കു ശേഷം ചോദ്യക്കടലാസ് ചോര്‍ച്ചയും മറ്റു ക്രമക്കേടുകളും നടന്നു.

നിലവിലുള്ള പൊതു പരീക്ഷാ സമ്പ്രദായത്തില്‍ ഒരു പഴുതടയ്ക്കുമ്പോള്‍ ഒന്‍പത് പഴുതുകള്‍ തുറക്കുവാന്‍
സാദ്ധ്യതയുണ്ട്.ആസ്ഥിതിക്ക്,ദീര്‍ഘകാലത്തെ അന്വേഷണത്തിനും പഠനത്തിനും ശേഷം സമര്‍പ്പിക്കപ്പെട്ട ഇത്തരം
റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകള്‍ കൂടി എസ്.എസ്.എല്‍.സി പരീക്ഷാ പരിഷ്കാരം നടപ്പാക്കിയപ്പോള്‍ പരിഗണിക്കണമായിരുന്നു.സര്‍വ്വകലാശാലയിലെ അനുഭവം മുമ്പിലുള്ളപ്പോള്‍ വിശേഷിച്ചും.

Monday, March 10, 2008

നിഷ്പക്ഷനായ റ്റി.പത്മനാഭന്‍

മലയാളത്തിലെ ഏക ചെറുകഥാകൃത്ത്(ചെറുകഥ മാത്രം) ശ്രീ.റ്റി.പത്മനാഭന്‍ നിഷ്പക്ഷനായ സാഹിത്യകാരനാണെന്ന് സി.പി.ഐ.(എം) സെക്രട്ടറി സ.പിണറായി വിജയന്‍.അദ്ദേഹം കമ്മ്യൂണിസ്റ്റുകാരനോ കമ്മ്യൂണിസ്റ്റു വിരുദ്ധനോ അല്ലെന്നും സെക്രട്ടറി അഭിപ്രായപ്പെട്ടു.
മാര്‍ക്സിസ്റ്റ്വിരുദ്ധരായ മാദ്ധ്യമസിന്‍ഡിക്കേറ്റിനെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന പിണറായി ഇത്തരം ഒരു
സര്‍ട്ടിഫിക്കറ്റ് കൊടുത്തതിന്‍റെ പൊരുളെന്ത്?.പത്മനാഭന്‍റെ പുസ്തക പ്രകാശന ചടങ്ങിലാകുമ്പോള്‍ അദ്ദേഹത്തെപ്പറ്റി നല്ലവാക്കു പറയുന്നത് സ്വാഭാവികം.

പക്ഷേ ആയിരത്തി തൊള്ളായിരത്തി അന്‍പത്തി ഒന്‍പതിലെ ആദ്യ വിമോചന സമരത്തില്‍ പങ്കെടുക്കുകയും അത് ശരിയായിരുന്നെന്ന് ഇപ്പോഴും അവകാശപ്പെടുകയും ചെയ്യുന്ന ശ്രീ.പദ്മനാഭന്‍ എങ്ങനെയാണു നിഷ്പക്ഷനാകുന്നത് എന്നു മനസ്സിലാകുന്നില്ല.പുതിയ വിമോചന സമരത്തിന് ആഹ്വാനം ചെയ്ത വൈദികര്‍ക്കെതിരെ ഉറഞ്ഞു തുള്ളുന്ന പിണറായി പഴയ വിമോചനസമരക്കാരന്‍ നിഷ്പക്ഷനാണെന്നു പറയുന്നതിലെ യുക്തിയെന്താണ്?
കഥയില്‍ ചോദ്യമില്ല എന്ന് കേട്ടിട്ടുണ്ട്.മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലും ചോദ്യമില്ലാതായോ?കമ്യൂണിസത്തിനു പുതിയ
വ്യാഖ്യാനം കൊടുത്തുകൊണ്ടിരിക്കുന്ന നേതാവ് നിഷ്പക്ഷതയ്ക്കു ഉദ്ദേശിക്കുന്ന അര്‍ത്ഥവും വേറെയാകാം.

പിണറായി സഖാവിന്‍റെ മകന്‍ വിദേശ സ്വാശ്രയ സര്‍വ്വകലാശാലയില്‍ പഠിക്കുന്നതിനെപ്പറ്റി വിവാദമുണ്ടായപ്പോള്‍ സഖാവിന് അനുകൂലമായി പ്രസ്താവന നടത്തിയവരില്‍ മുമ്പന്‍ റ്റി.പദ്മനാഭനായിരുന്നു.സ്വന്തം അണികളെപ്പോലും ബോദ്ധ്യപ്പെടുത്താന്‍ നേതാവ് കുഴങ്ങിയ സമയത്ത് നാട്ടുകാരോടു മുഴുവന്‍ സമാധാനം പറയാന്‍ തന്‍റെ സാഹിത്യമേല്‍വിലാസം വിനിയോഗിച്ച വിധേയനെപ്പോലെ നിഷ്പക്ഷനായ വേറെ ആരുണ്ട് കേരളത്തില്‍?

'എന്‍ പൃഷ്ഠം നീ ചൊറിഞ്ഞീടില്‍ നിന്‍ പൃഷ്ഠം ഞാന്‍ ചൊറിഞ്ഞീടാം' എന്ന് പുതിയ പ്രത്യയശാസ്ത്ര സിദ്ധാന്തം!!

Saturday, March 1, 2008

ശ്രീ നടേശ ധര്‍മ്മ പരിപാലനം

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ശ്രീ പി കെ നാരായണപ്പണിക്കര്‍ കവലച്ചട്ടമ്പിയെപ്പോലെയാണ് സംസാരിക്കുന്നത് എന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി ശ്രീ.വെള്ളാപ്പള്ളി നടേശന്‍.അത്രയും
പോരാഞ്ഞ് പണിക്കരുടെ പിതൃത്വത്തെ വരെ അദ്ദേഹം ചോദ്യം ചെയ്യുന്നു.

നടേശന്‍ മുതലാളി പറഞ്ഞതില്‍ കാര്യമുണ്ട്.തനി കവലച്ചട്ടമ്പിയായ താനുള്ളപ്പോള്‍ 'ചട്ടമ്പിയെ പോല്‍' ഉള്ള
ഒരാള്‍ അങ്ങനെ ഞെളിയണ്ടാ എന്ന് സാരം.ഉപ്പോളോം പോരില്ലല്ലോ ഉപ്പിലിട്ടത്.കൊള്ളാവുന്ന ആരെയെങ്കിലും
പണിക്കര്‍ ചീത്ത പറഞ്ഞിട്ടുണ്ടോ? മാന്യന്മാരെ അപവദിച്ചിട്ടുണ്ടോ?അതേസമയം നടേശഗുരുവോ.
അദ്ദേഹം ആരെയാണു തെറി വിളിക്കത്തത്?എന്തിനെപ്പറ്റിയാണ് അലമ്പ് അഭിപ്രായം പറയാത്തത്?

വി എം സുധീരനു നേരെയാണ് ഇദ്ദേഹം ആദ്യം കുരച്ചു ചാടിയത്.ആലപ്പുഴയില്‍ സുധീരനെ തോല്പിക്കാന്‍
കോടികള്‍ ചെലവാക്കി.യോഗം അംഗങ്ങളെ വിരട്ടി.അപ്പോഴെല്ലാം അദ്ദേഹം ജയിച്ചു.ഡോ.സുകുമാര്‍
അഴീക്കോടിനെ തെറി വിളിച്ചു.മദ്യം തൊടാത്ത അദ്ദേഹം മദ്യപാനിയാണെന്ന് പര‍സ്യമായി പറഞ്ഞുനടന്നു.
അദ്ദേഹം പങ്കെടുത്ത യോഗം കലക്കാന്‍ ഗുണ്ടകളെ വിട്ടു.സ.വെളിയം ഭാര്‍ഗ്ഗവനെ പുലഭ്യം പറഞ്ഞു.
പഴയ ദേവസ്വം ബോര്‍ഡ് പിരിച്ചു വിട്ടപ്പോള്‍ മന്ത്രി ജി സുധാകരനു നേരേ പുലയാട്ടു നടത്തി.ശിവഗിരിമഠ
ത്തിലെ സ്വാമിമാരായിരുന്നു പണിക്കര്‍ക്കു തൊട്ടു മുമ്പുള്ള ഇര.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടേശന്‍ മുതലാളി നടത്തുന്ന ഗുരു നിന്ദയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇപ്പോ
ഴത്തെ പണിക്കര്‍ വധം എത്ര നിസ്സാരം!ശ്രീനാരായണ ധര്‍മ്മ പരിപാലന(എസ്.എന്‍.ഡി.പി)യോഗം സെക്രട്ടറി
യായ ഇദ്ദേഹം ശ്രീനാരായണ ധര്‍മ്മത്തിന് എതിരായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.മദ്യം വിഷമാണെന്നു പറഞ്ഞ
ഗുരുവിന്‍റെ ധര്‍മ്മം,മദ്യവ്യവസായം നടത്തിയാണ് സെക്രട്ടറി പാലിക്കുന്നത്.ചിലരുടെ ആലോചനക്കുറവു കൊണ്ട് കൈയില്‍ കിട്ടിയ സ്ഥാനം ഇദ്ദേഹം വീണ്ടും ഉറപ്പിച്ചത് കള്ളുഷാപ്പും റെയ്ഞ്ചും പിടിക്കുന്ന സ്റ്റൈലില്‍.അല്പസ്വല്പം വിവരവും വിദ്യാഭ്യാസവും ശ്രീനാരായണ ദര്‍ശനങ്ങളോടാഭിമുഖ്യവും ഉണ്ടായിരുന്നവരെ മുക്കാലും യോഗ നേതൃനിരയില്‍ നിന്നു ചാടിച്ചു.പകരം കള്ളു കച്ചവടക്കാരെയും കള്ളവാറ്റുകാരെയും കൊണ്ടുവന്നു.പച്ചക്ക് ജാതിക്കുശുമ്പു പറഞ്ഞ് സ്പര്‍ദ്ധയും മതവൈരവും വളര്‍‍ത്തി.

'ജാതിഭേദം മതദ്വേഷ-
മേതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്' എന്ന് ഗുരു നേരിട്ട് എഴുതി വയ്പിച്ചതിന്‍റെ അടുത്തു നിന്ന്, ജാതി പറയണമെന്നാണ് ഗുരു വാക്യത്തിന്‍റെ അര്‍ത്ഥമെന്നു വ്യാഖ്യാനിച്ച സെക്രട്ടറിയുടെ 'ജ്ഞാനം' പറയേണ്ടതില്ലല്ലോ.
'പല മത സാരവുമേകം' എന്നാണ് സ്വാമി പഠിപ്പിച്ചത്.യോഗ നേതാവാകട്ടെ ന്യൂനപക്ഷ സമുദായങ്ങള്‍, ഹിന്ദുക്കള്‍ക്ക് കിട്ടാനുള്ളതെല്ലാം തട്ടിയെടുക്കുന്നു എന്ന് വിളിച്ചു കൂവി.മതവിദ്വേഷത്തിന്‍റെ ഈ ഓരിയിടീലാ
ണ് നാരായണപ്പണിക്കരെ നടേശനിലേക്കാകര്‍ഷിച്ചത്.അതിന്‍റെ തുടര്‍ച്ചയായിരുന്നു കുറെ നാളത്തെ ചേട്ടന്‍,അനിയന്‍ കളി.

തമ്പ്രാനെ കുത്തിയ കാള അടിയാനെ വെറുതേ വിടില്ലെന്ന് ശ്രീ.പണിക്കര്‍ മനസ്സിലാക്കിയില്ല.മുല്ലപ്പൂ ചൂടിയ
നായര്‍ വനിതകളുടെ താലപ്പൊലിയും ആലവട്ടവും വെഞ്ചാമരവും എല്ലാമായി നടേശഗുരുവിനെ എഴുന്നള്ളിച്ചു കൊണ്ട് നടന്നപ്പോള്‍ വിവരമുള്ളവര്‍ അപകട മുന്നറിയിപ്പു നല്‍കിയതാണ്.എന്‍.എസ്.എസ്.
'നടേശ സര്‍വ്വീസ് സൊസൈറ്റി'യായി മാറി എന്ന് ചിലരെങ്കിലും അന്നു കുറ്റപ്പെടുത്തിയപ്പോള്‍ 'ചേട്ടനും അനിയനും' അവരെ പരിഹസിക്കുകയാണ് ചെയ്തത്.

ലോകത്തുണ്ടായിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങള്‍ക്കും കാലം ചെല്ലുമ്പോള്‍ മാര്‍ഗ്ഗഭ്രംശം സംഭവിക്കാന്‍ ഇടയുണ്ട്.മഹാന്മാര്‍ക്കു പകരം ഏഴാം കൂലികള്‍ നേതൃത്വത്തിലെത്തും.സിംഹങ്ങളിരുന്നിടത്ത് പൂച്ചകള്‍
കയറിപ്പറ്റിയേക്കാം.പക്ഷേ എസ്.എന്‍.ഡി.പി യോഗം പോലെ ഇത്ര വേഗത്തില്‍ ഏഴാം കൂലികളുടെ കൈയില്‍ അകപ്പെട്ട ഒരു പ്രസ്ഥാനവും കാണുകയില്ല.സിംഹങ്ങളിരുന്ന യോഗപീഠങ്ങളില്‍
വെറും പെരുച്ചാഴികളാണ് വാഴുന്നത്.പൂച്ച പോലുമല്ല.
'അന്യര്‍ക്കു ഗുണം ചെയ്യുന്നതിന് ആയുസ്സും വപുസ്സും ആത്മതപസ്സും ബലിയര്‍പ്പിച്ച' മഹാഗുരുവിന്‍റെ
പേരില്‍ സ്ഥാപിതമായ സംഘത്തിന്‍റെ തലവന്‍ പരനിന്ദ നടത്തുന്നു.ശ്രീനാരായണ ധര്‍മ്മം പരിപാലിക്കാന്‍
ജീവിതം ഉഴിഞ്ഞു വച്ച മഹാകവി കുമാരനാശാനും റ്റി.കെ.മാധവനും ഇരുന്ന കസേരയിലിരുന്നു കൊണ്ട് വെള്ളാപ്പള്ളി നടേശന്‍ പരിപാലിക്കുന്നത് സ്വന്തം ധര്‍മ്മമാണ്.എസ്.എന്‍.ഡി.പി ക്ക്
ഇപ്പോള്‍ 'ശ്രീ നടേശ ധര്‍മ്മ പരിപാലനം'എന്നായിരിക്കുന്നു വിപുലീകരണം!!