Total Pageviews

Sunday, April 26, 2009

"അക്ഷയ തൃതീയ" എന്ന മതനിരപേക്ഷ തട്ടിപ്പ്

മതമില്ലാത്ത ജീവന്‍ എന്ന കുട്ടിയുടെ കഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ എന്തെല്ലാം പുകിലാണ് കേരളത്തില്‍ അടുത്ത കാലത്ത് അരങ്ങേറിയത് !ഇടതു പക്ഷ സര്‍ക്കര്‍ മതങ്ങളെ ഉന്മൂലനം ചെയ്യാനും വിശ്വാസികളെ അപമാനിക്കാനും ശ്രമിക്കുന്നു എന്ന് ആരോപിച്ച് തെരുവിലിറങ്ങിയവരുടെ കൂട്ടത്തില്‍ മിക്ക മതങ്ങളുടെയും ആത്മീയ നേതാക്കളുണ്ടായിരുന്നു.
മതനിരപേക്ഷമോ മതേതരമോ ആയ നിലപാട് സ്വീകരിക്കുക എന്നത് ഏതു പരിഷ്കൃത ഭരണകൂടത്തിന്റെയും ചുമതലയാണെന്നു കാണാനുള്ള വിശാല മനസ്കത ഈ വിശ്വാസ മൗലികവാദികള്‍ക്കുണ്ടായില്ല.ജാതിയിലും മതത്തിലും ദൈവത്തിലും വിശ്വസിക്കാത്ത ഒരു ചെറിയ സമൂഹമുണ്ടെന്ന വസ്തുത പോലും അംഗീകരിക്കാനോ വിശ്വസിക്കാനോ തയ്യാറാകാത്ത അവര്‍ പ്രസ്തുത പാഠഭാഗം പിന്‍ വലിക്കും വരെ അടങ്ങിയിരുന്നില്ല.പക്ഷേ ഇതിനേക്കാള്‍ വലിയ വിശ്വാസവിരുദ്ധ പ്രചരണം സ്വന്തക്കാര്‍ നടത്തിയിട്ട് ഇക്കൂട്ടര്‍ കണ്ടില്ലെന്നു നടിക്കുന്നു.

കേരളത്തിലെ വന്‍കിട സ്വര്‍ണ്ണക്കച്ചവടക്കാര്‍ കുറേ ദിവസങ്ങളായി അക്ഷയതൃതീയ എന്ന പുതിയ തട്ടിപ്പിനു വേണ്ടി പരസ്യം നല്‍കിക്കൊണ്ടിരിക്കുകയാണ്.വിശ്വാസത്തിന്റെ ഹോള്‍സെയില്‍ ഏജന്റുമാരായ അച്ചന്മാരുടെയും ബിഷപ്പുമാരുടെയും മൗലവിമാരുടെയും കുഞ്ഞാടുകളാണ് അക്ഷയ തൃതീയയുടെ മഹത്വം പാടി ജനത്തിനെ ആകര്‍ഷിക്കുന്നതില്‍ മുന്‍പില്‍ നില്‍ക്കുന്നത്. അക്ഷയതൃതീയ ദിവസം സ്വര്‍ണ്ണം വാങ്ങിയാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് പറഞ്ഞാണ് ഇവര്‍ നാട്ടുകാരെ കബളിപ്പിക്കുന്നത്.ബൈബിളിലെ ഏതു സുവിശേഷത്തിലാണ് കര്‍ത്താവ് ഇങ്ങനെ അരുളിചെയ്തിട്ടുള്ളത്? അക്ഷയ തൃതീയ ഐശ്വര്യം കൊണ്ടുത്തരുമെന്ന് ഖുര്‍ ആനിലെ ഏതു സൂക്തത്തിലാണ് ഉദ്ബോധിപ്പിച്ചിട്ടുള്ളത്?

സര്‍ക്കാര്‍ പരിപാടിയുടെ ഉദ്ഘാടനത്തിനായിട്ടു കൂടി,ഇസ്ലാം മതവിശ്വാസത്തിന് എതിരാണെന്നു പറഞ്ഞുകൊണ്ട് നിലവിളക്കു കൊളുത്താന്‍ വിസമ്മതിച്ച മന്ത്രിയെ അദ്ദേഹത്തിന്റെ മത നേതാക്കള്‍ ന്യായീകരിക്കുകയാണ് ചെയ്തത്.ശങ്കരാചാര്യരെ കാണാന്‍ പോയ അന്നത്തെ മന്ത്രി ചേര്‍ക്കുളം അബ്ദുള്ളയെ സ്വാമികളുടെ ആചാരമനുസരിച്ച് കുങ്കുമം തൊട്ടതിന്റെ പേരില്‍ മുസ്ലീം പണ്ഡി‍തര്‍
പെടുത്തിയ പാട് ശ്രീ. ചേര്‍ക്കുളം എങ്കിലും ഓര്‍ക്കുന്നുണ്ടാകണം.ഏകീകൃത സിവില്‍ കോഡ് പോലും മതവിശ്വാസത്തിന്റെ പേരില്‍ അംഗീകരിക്കാന്‍ മടിക്കുന്ന ഇസ്ലാം മതപണ്ഡിതര്‍ ,അക്ഷയതൃതീയ കാട്ടി സ്വന്തക്കാര്‍ ജനത്തിനെ കബളിപ്പിക്കുമ്പോള്‍ മൗനം ദീക്ഷിക്കുന്നത് എന്താണ്?

സഭാവിശ്വാസികള്‍ സഭയുടെ സ്കൂളിലും കോളെജിലും മാത്രമേ അവരുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാവൂഎന്നും അന്യ മതക്കാരോടും കമ്യൂണിസ്റ്റുകളോടും കൂട്ടു കൂടിയാല്‍ നരകത്തില്‍ പോകുമെന്നും നാഴികയ്ക്കു നാല്പതു വട്ടം ഇടയ ലേഖനം പുറപ്പെടുവിക്കുന്ന വിശുദ്ധ പിതാക്കന്മാര്‍, സ്വന്തം കുഞ്ഞാടുകള്‍,പത്തര മാറ്റുള്ള ഈ ഹൈന്ദവ അന്ധ വിശ്വാസം സഭാ മക്കളില്‍ കുത്തി വയ്ക്കുന്നത് കാണുന്നില്ലേ?അതോ അന്യ മതക്കാരന്റെ അന്ധ വിശ്വാസവും ലാഭകരമാണെങ്കില്‍ സ്വന്തമാക്കുന്നതില്‍ തെറ്റില്ലെന്നാണോ പുതിയ സുവിശേഷ വ്യാഖ്യാനം?

സഭകളെയും മദ്രസകളെയും ആത്മീയ നേതാക്കന്മാരെയും വിലയ്ക്കെടുക്കാന്‍ ശേഷിയുള്ള സ്വന്തം സമുദായത്തിലെ സ്വര്‍ണ്ണ വ്യാപാരികള്‍ക്കെതിരെ ഇടയ ലേഖനവും ഫത്വയും പുറപ്പെടുവിക്കാന്‍ ഇമ്മിണി പുളിക്കും.പണത്തിന്‍ മീതേ ഒരു മതവും പറക്കില്ലഎന്നു സാരം.മതത്തിന്റെ പേരു പറഞ്ഞ് തെരുവിലിറങ്ങാന്‍ ആഹ്വാനിച്ചു വരുന്ന വിശ്വാസത്തിന്റെ ദല്ലാളന്മാരോട്, 'വിശ്വാസം പണക്കാര്‍ക്ക് ബാധകമല്ലേ' എന്ന് ചോദിക്കാനുള്ള തന്റേടം, പണമില്ലെങ്കിലും പിണമായിട്ടില്ലാത്ത സാധാരണക്കാര്‍ കാട്ടണം.എങ്കിലേ മതത്തിന്റെയും സ്വര്‍ണ്ണത്തിന്റെയും കച്ചവടക്കാര്‍ നടത്തുന്ന തട്ടിപ്പ് അവസാനിക്കൂ.അക്ഷയ തൃതീയ എന്നത് പറ്റിപ്പിന്റെ മതനിരപേക്ഷ പര്യായമാണെന്ന് മനസ്സിലാക്കുകയും വേണം.


Fans on the page

Friday, April 24, 2009

ഈ കുറ്റവാളിസംഘങ്ങളെ തുറുങ്കില്‍ അടയ്ക്കണം

കേരളത്തിലെ മിക്ക സര്‍വ്വകലാശാലകളിലെയും ഭരണ നിര്‍വ്വഹണ സമിതികള്‍ക്കും 'സിന്‍ഡിക്കേറ്റ് 'എന്നാണ് പേര്‍.പൊതു താല്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ആളുകളുടെയോ സ്ഥാപനങ്ങളുടെയോ സംഘാതം എന്നത്രെ സിന്‍ഡിക്കേറ്റ് എന്ന ഇംഗ്ലീഷ് വാക്കിന്റെ പ്രധാന വിവക്ഷ.യൂണിവേഴ്സിറ്റി ഭരണ സമിതി എന്ന നിലയില്‍ 'സിന്‍ഡിക്കേറ്റ്' പൊതുവേ പ്രശസ്തവുമാണ്.എന്നാല്‍,
കുറ്റവാളികളുടെ ഗ്രൂപ് എന്ന മറ്റൊരര്‍ത്ഥം കൂടി 'സിന്‍ഡിക്കേറ്റി'ന് ഉണ്ട്.

കേരള,കോഴിക്കോട് സര്‍വ്വകലാശാലാ ഭരണസമിതികള്‍ക്ക് രണ്ടാമത്തെ അര്‍ത്ഥമാണ് യോജിച്ചതെന്നു കരുതാന്‍ സമീപകാല സംഭവങ്ങള്‍ പ്രേരിപ്പിക്കുന്നു.രാഷ്ട്രീയ വിദ്വേഷം മൂത്ത് അദ്ധ്യാപകരെ പീഡിപ്പിക്കുകയാണ് കോഴിക്കോട്,കേരള സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റുകള്‍.കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ 8 അദ്ധ്യാപകര്‍ പിരിച്ചുവിടല്‍ ഭീഷണി നേരിടുകയാണെങ്കില്‍ ഒരു വകുപ്പദ്ധ്യക്ഷയെത്തന്നെ പിരിച്ചു വിട്ടുകൊണ്ടാണ് കേരള സര്‍വ്വകലാശാല ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.

തങ്ങളുടെ ഇഷ്ടത്തിനൊത്തു തുള്ളാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് ഈ അദ്ധ്യാപകര്‍ക്കെതിരേ സിന്‍ഡിക്കേറ്റുകള്‍ വാളോങ്ങി നില്‍ക്കുന്നത്.മികച്ച അക്കാദമിക് യോഗ്യതകളും ഗവേഷണ പരിചയവും ഉള്ളവരാണ് സിന്‍ഡിക്കേറ്റുകളുടെ അപ്രീതിയ്ക്കു പാത്രമായിട്ടുള്ള അദ്ധ്യാപകരില്‍ ഏറിയ പങ്കും. പകപോക്കലിനു വേണ്ടി ഏതറ്റം വരെയും താഴുവാന്‍ സിന്‍ഡിക്കേറ്റംഗങ്ങള്‍ മടിക്കില്ല എന്നു പത്രവാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നു.

കേരള യൂണിവേഴ്സിറ്റിയില്‍ ബയോടെക്നോളജി ഡിപ്പാര്‍ട്ട്മെന്റ് അദ്ധ്യക്ഷയെ വര്‍ഷങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്കു ശേഷം പിരിച്ചു വിടുകയായിരുന്നു.അതിനെതിരേ കോടതിയില്‍ പോയ അവര്‍ക്ക് അനുകൂലമായി ഇപ്പോള്‍ കോടതി വിധി ഉണ്ടായിരിക്കുകയാണ്.
ഉയര്‍ന്ന അക്കാഡമിക് യോഗ്യതകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ ചരിത്രവുമുള്ള ഡോ.തങ്കമണി വകുപ്പദ്ധ്യക്ഷയായി ചുമതലയേറ്റപ്പോള്‍ മുതല്‍ തുടങ്ങിയതാണ് അവര്‍ക്കെതിരേയുള്ള ഉപജാപങ്ങളും.സിപി എം അനുകൂല അദ്ധ്യാപക സംഘടനയുടെ വരുതിക്കു നില്‍ക്കാത്തതും സിന്‍ഡിക്കേറ്റിലെ ചില പ്രമാണിമാരുടെയും,അവരുടെ താള‍ത്തിനു തുള്ളുന്ന മാറി മാറി വന്ന വൈസ് ചാന്‍സലര്‍മാരുടെയും മുമ്പില്‍ ഓച്ഛാനിച്ച് നില്‍ക്കാത്തതുമായിരുന്നു അവര്‍ കാട്ടിയ മാഹാപരാധങ്ങളില്‍ പ്രധാനം.യുഡി എഫ് ഭരണകാലത്ത് പ്രത്യേക ഓര്‍ഡിനന്‍സ് പ്രകാരം ഐ റ്റി,ബയോടെക്നോളജി വിദഗ്ദ്ധരെ സിന്‍ഡിക്കേറ്റില്‍ ഉള്‍പ്പെടുത്തിയ കൂട്ടത്തില്‍
ഡോ. തങ്കമണിയും പെട്ടു.സിന്‍ഡിക്കേറ്റ് ഏമാന്മാര്‍ക്ക് അപ്രീതി പെരുകാന്‍ അതും കാരണമായി.

പിരിച്ചുവിടുന്നതിനു പറ്റിയ ന്യായീകരണങ്ങളല്ല ഇവ എന്ന് സര്‍വ്വവിജ്ഞാന നിധികളായ ഇപ്പോഴത്തെ മാര്‍ക്സിസ്റ്റ് സിന്‍ഡിക്കേറ്റംഗങ്ങള്‍ക്ക് നന്നായറിയാം.അതുകൊണ്ട് മോഷണക്കുറ്റം ചാര്‍ത്തി.പുസ്തക മോഷണം,ഫണ്ട് മോഷണം,രാസ വസ്തു മോഷണം തുടങ്ങിയ പലവിധ അപഹരണക്കുറ്റങ്ങള്‍ ! പിന്നെ ചുമ്മാ അങ്ങു പിരിച്ചു വിട്ടു.സ്ത്രീ ആയതു കൊണ്ടും സസ്യഭുക്ക് ആയതു കൊണ്ടും പിടിച്ച് ജയിലില്‍ അടച്ചില്ല.

പിരിച്ചു വിടലിനെതിരെ ഹൈക്കോടതയെ സമീപിച്ചപ്പോള്‍ കോടതി,നിജസ്ഥിതി അറിയാന്‍ കോടിയേരിയുടെ പോലീസിനെ കൊണ്ടല്ല,സ്വന്തം കമ്മീഷനെ വച്ച് അന്വേഷിപ്പിച്ചു .അപ്പോള്‍ അപഹരണ കഥ കെട്ടിചമച്ചതാണെന്നു കണ്ടെത്തി.മാത്രമല്ല,ഒരു വിദേശ കമ്പനി ഗവേഷണത്തിനു സൗജന്യമായി ഡോ.തങ്കമണിയ്ക്ക് നല്‍കിയ കോടിക്കണക്കിനു രൂപ വിലയുള്ള രാസവസ്തുക്കള്‍ അവര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ സൂക്ഷിച്ചിരുന്നത് അടിച്ചുമാറ്റിയതായും കോടതി നിയോഗിച്ച കമ്മീഷന്‍ കണ്ടു പിടിച്ചു.രാസവസ്തു കാണാതായതിനു കേസ് എടുക്കണമെന്നും 12 ദിവസത്തിനകം അതു കണ്ടെത്തി പ്രൊഫസര്‍ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടിരിക്കയാണ്.

പ്രൊഫസ്സറെ കള്ളിയാക്കാന്‍ ശ്രമിച്ച സിന്‍ഡിക്കേറ്റാണ് യഥാര്‍ത്ഥ മോഷ്ടാവ് എന്നാണ് ഇപ്പോള്‍ വെളിവായിരിക്കുന്നത്.പക പോക്കലിനു വേണ്ടി എത്ര നികൃഷ്ട തന്ത്രങ്ങളാണ് ഉന്നത വിദ്യാഭ്യാസ സിരാകേന്ദ്രത്തിന്റെ ഭരണം കൈയ്യാളുന്ന പരമാധികാര സഭ സ്വീകരിച്ചത് എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു.സര്‍വ്വകലാശാലാ ഭരണം നിയന്ത്രിക്കാന്‍ സ്വന്തം പാര്‍ട്ടിയിലെ "നികൃഷ്ട ജീവി"കളെ നിയോഗിച്ചവരാണ് ഇതിനു സമാധാനം പറയേണ്ടത്.

വൈസ് ചാന്‍സലറെക്കാള്‍ ശമ്പളം പറ്റുന്നവരാണ് കേരള സര്‍ വ്വകലാശാലയിലെ വകുപ്പദ്ധ്യക്ഷര്‍ പലരും.പക്ഷേ ബയൊടെക് നോളജി വകുപ്പിന്റെ അദ്ധ്യക്ഷ സ്ഥാനത്തു നിന്നു നീക്കം ചെയ്യുന്ന കാലം വരെ ഡോ. തങ്കമണിക്ക് ഒരു സാധാരണ ലക് ചററുടെ ശമ്പളം പോലും കിട്ടിയിരുന്നില്ല.കാരണം അവരുടെ ശമ്പളം അന്നേവരെ ഫിക്സ് ചെയ്തു കൊടുത്തിരുന്നില്ല.അതിനുള്‍പ്പെടെ നിരവധി കോടതി വിധികള്‍ സമ്പാദിച്ചിട്ടും തങ്ങളുടെ ഹിതാനുവര്‍ത്തികളായ ഓഫീസര്‍മാരെക്കൊണ്ട് അവ നടപ്പാക്കാതെ നോക്കാന്‍ സിന്‍ഡിക്കേറ്റിന് കഴിഞ്ഞു.

പ്രൊഫസറോടുള്ള വിദ്വേഷം മൂലം ആ ഡിപ്പാര്‍ട്ട്മെന്റിന്റെ വളര്‍ച്ച തന്നെ തടസ്സപ്പെടുത്തി എന്നറിയുമ്പോഴാണ് എത്ര ഹീനന്മാരാണ് യൂണിവേഴ്സിറ്റി ഭരണക്കാര്‍ എന്ന് മനസ്സിലാകുക.വളരെയേറെ വികസന സാദ്ധ്യതയുള്ള ഒരു വകുപ്പിനെ തുച്ഛമായ വ്യക്തി വിരോധത്തിന്റെയും രാഷ്ട്രീയ വിദ്വേഷത്തിന്റെയും പേരില്‍ നശിപ്പിക്കാന്‍ ശ്രമിച്ച ഈ കൊള്ളസംഘത്തെ കല്‍ത്തുറുങ്കിലാക്കി ചാട്ടവാറിന് അടിക്കേണ്ടതാണ്.

തന്നെ പിരിച്ചു വിട്ട നടപടി അസ്ഥിരപ്പെടുത്തിയ കോടതി വിധി ഉടന്‍ നടപ്പിലാക്കി കിട്ടും എന്ന് പ്രൊഫസ്സര്‍ വിചാരിക്കണ്ട.
അപ്പീലും അപ്പീലിന്റെ മേല്‍ അപ്പീലുമായി സുപ്രീം കോടതി വരെ പോകാന്‍ ഇതിനകം തന്നെ ഉപജാപകസംഘം തീരുമാനിച്ചിട്ടുണ്ടാകും.വിസി പാവയാണെങ്കില്‍ പറയുകയും വേണ്ട.അധികാരത്തിന്റെ ആനപ്പുറത്തിരുന്നു കൊണ്ട് പ്രൊഫസ്സറെ മാത്രമല്ല പ്യൂണിനെ പോലും ഉപദ്രവിക്കാന്‍ സിന്‍ഡിക്കേറ്റിലെ രാഷ്ട്രീയ കോമരങ്ങള്‍ക്ക് തന്റേടം വരുന്നത് ഒരിക്കലും ഒരു കാര്യത്തിലും തങ്ങള്‍ക്ക് മേലു നോവില്ല എന്ന ഉറച്ച വിശ്വാസം ഉള്ളതു കൊണ്ടാണ്.വ്യക്തികളെ സംബന്ധിച്ച് കോടതിയെ സമീപിക്കുന്നത് വളരെ പണച്ചെലവുള്ള കാര്യമാണ്.സ്ഥാപനങ്ങള്‍ പ്രത്യേകിച്ച്,പൊതുമേഖലാ,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്,
വ്യവഹാരം പ്രശ്നമേ അല്ല.പൊതുമുതലുണ്ടല്ലോ കേസ്സു നടത്താന്‍.

സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിന്നെടുത്താണ് കേസ്സു നടത്തുന്നതെങ്കില്‍ പണത്തിന്റെ വില അറിയുമായിരുന്നു. പരദ്രോഹത്തിനുള്ള ഉത്സാഹം അതോടെ അസ്തമിക്കയും ചെയ്തേനെ.മുതലാളിയ്ക്ക് തോന്നും പോലെ തൊഴിലാളിയെ പിരിച്ചുവിടാന്‍ നിയമവും സാമൂഹികനീതിയും അനുവദിക്കാത്ത സംസ്ഥാനത്താണ് കള്ളക്കേസുണ്ടാക്കി സിന്‍ഡിക്കേറ്റ് മുതലാളിമാര്‍ പ്രൊഫസ്സറെ പിരിച്ചുവിട്ടത്.രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയെന്ന് മേനി നടിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ അംഗങ്ങളാണ് അങ്ങേയറ്റം തൊഴിലാളി വിരുദ്ധനായ മുതലാളി പോലും ചെയ്യാന്‍ അറയ്ക്കുന്ന കാട്ടു നീതി നടപ്പാക്കിയത്.

ഉന്നത വിദ്യാഭ്യാസത്തിന്റെ എന്നല്ല പ്രാഥമിക വിദ്യാഭ്യാസ മേഖലയുടെ പോലും ഏഴയലത്ത് അടുപ്പിക്കാന്‍ പാടില്ലാത്ത സാമൂഹിക വിരുദ്ധന്മാരുടെ സംഘത്തെയാണോ സര്‍വ്വകലാശാല ഭരിക്കാന്‍ പാര്‍ട്ടി നിയോഗിച്ചത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.മനുഷ്യത്വ ഹീനമായ പിരിച്ചുവിടല്‍ സംഭവത്തില്‍ മാത്രമല്ല സമീപകാലത്ത് പുറത്തുവന്ന അസിസ്റ്റന്റ് നിയമനത്തിലെ ക്രമക്കേടുകളിലും മുഖ്യ പ്രതികള്‍ ഈ കൊള്ളസംഘമായിരുന്നു.ഇവരില്‍ ചിലരുടെ പൂര്‍വ്വചരിത്രം ഈ സംശയത്തെ ബലപ്പെടുത്തുവാന്‍ പോരുന്നതാണ്.

സാമൂഹിക മാറ്റത്തിനു തുടക്കം കുറിക്കുവാന്‍ തക്കവണ്ണം ഉന്നതവിദ്യാഭ്യാസ മേഖലയെ പരിവര്‍ത്തിപ്പിക്കുവാന്‍ ചുമതലപ്പെട്ട സര്‍വ്വകലാശാലാ ഭരണസമിതികളില്‍ കയറിപ്പറ്റിയ ഈ ഗുണ്ടാ സംഘങ്ങളെ,അധികാര ദുര്‍വ്വിനിയോഗം,സ്ത്രീപീഡനം,കൊള്ളയടി,
പൊതുമുതല്‍ നശിപ്പിക്കല്‍,ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തി തുറുങ്കില്‍ അടയ്ക്കണം.‍ഓട്ടോണമിയുടെ പേരില്‍ തരവഴി
കാണിച്ചാല്‍ ശിക്ഷ കിട്ടുമെന്നു വന്നാലേ ഭാവിയിലെ സിന്‍ഡിക്കേറ്റുകളെങ്കിലും ഇത്തരം തിരുമാലിത്തരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ.


Fans on the page

Monday, April 20, 2009

'സഹോദരി' സൃഷ്ടിച്ച പ്രശ്നം.

ഫോട്ടൊ പതിച്ച വോട്ടേഴ്സ് ലിസ്റ്റ് നിലവില്‍ വരുന്നതിനു മുമ്പു നടന്നതാണ്.തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിലുള്ള ഒരു ഉള്‍നാടന്‍ ഗ്രാമ പ്രദേശത്തെ പോളിങ് ബൂത്ത്. പോളിങ് വളരെ മന്ദഗതിയില്‍.ഈ സമയം ചില ചില്ലറ ഫോം പൂരിപ്പിക്കലും എഴുത്തും നടത്തിയാല്‍ പോളിങ് കഴിഞ്ഞാലുടന്‍ സ്ഥലം വിടാം.അത്തരം ജോലികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ചെറിയ
ബഹളം.പോളിങ് ഏജന്റ്മാരാണ്.ഒരു വനിതാ വോട്ടറാണ് കഥാപാത്രം.വസന്ത എന്ന്‍ അവര്‍.അല്ല വത്സലയാണ് എന്ന് ഏജന്റ്.

ഞങ്ങളുടെ ഒന്നാം പോളിങ് ഓഫീസര്‍ പരമ സാധുവാണ്.ഉപദേശി എന്നാണ് എല്ലാവരും അദ്ദേഹത്തെക്കുറിച്ചു പറയുന്നത്.ആരോടും സൗമ്യമായേ പെരുമാറൂ;വിശേഷിച്ച് സ്ത്രീകളോട്.കൊണ്ടുവരുന്ന സ്ലിപ്പില്‍ പേരുണ്ടെങ്കിലും എല്ലവരോടും പേരെന്താണെന്നു ചോദിക്കും.
ഈ സ്ത്രീയോടും പതിവുശൈലിയില്‍ ചോദിച്ചു:"സഹോദരിയുടെ പേരെന്താ?" "വസന്ത" അവരുടെ മറുപടി. അപ്പോഴാണ് ഒരു
ഏജന്റ് ചാടി വീണത് :"ഇതു വസന്തയല്ല.വത്സലയാണ്." പോളിങ് ഓഫീസര്‍ തന്റെ പഴയ ചോദ്യവും അവര്‍ സ്ഥിരം മറുപടിയും തുടരുകയാണ്.സംഗതി ചലഞ്ചിലേക്കു അതിവേഗം നീങ്ങും.ചലഞ്ച്ഡ് വോട്ടിന്റെ ഫീസ്, കണക്ക് തുടങ്ങിയ തൊന്തരവുകള്‍ക്ക് അതു വഴി തെളിക്കും.വേഗം പ്രശ്നത്തില്‍ ഇടപെട്ടു.

അവരോടു ചോദിച്ചു:"നിങ്ങടെ പേരെന്താ?" അല്പവും താമസിക്കാതെ മറുപടി വന്നു: "വത്സല."
"പിന്നെ മുമ്പേ വസന്ത എന്നു പറഞ്ഞതോ?"
"ഈ സാര്‍ സഹോദരിയുടെ പേരെന്തരെന്നു കേട്ട്.എനിക്ക് ആകെയൊരു സഹോദരിയേ ഉള്ളൂ.അവടെ പേര് വസന്തേന്നാ.
എന്റെ പേര് വത്സല."

താന്‍ നടത്തിയ 'സഹോദരി'പ്രയോഗം ഇത്രയും പ്രശ്നം സൃഷ്ടിക്കുമെന്ന് പാവം പോളിങ് ഓഫീസര്‍വിചാരിച്ചു കാണില്ല.


Fans on the page

Saturday, April 18, 2009

സുനാമിയോ ഭീകരാക്രമണമോ ഉണ്ടാകണേ !!

നാശം വിതയ്ക്കുന്ന പ്രകൃതി ദുരന്തങ്ങളും ഭീകരാക്രമണങ്ങളും ഉണ്ടാകണമെന്ന് സാധാരണ ഗതിയില്‍ ആരും ആഗ്രഹിക്കില്ല.പക്ഷേ ഏതു പഞ്ചപാവത്തിനെക്കൊണ്ടും അത്തരം അനിഷ്ടകരമായ സംഭവങ്ങള്‍ വേണമെന്ന് മോഹിപ്പിക്കുവാന്‍ പോരുന്നതാണ് നമ്മുടെ ദൃശ്യ മാദ്ധ്യമങ്ങള്‍ കാട്ടുന്ന വിക്രിയകള്‍.

കേരളത്തിലെ തെരഞ്ഞെടുപ്പു കഴിഞ്ഞു.ഇനി ഫലം വരണമെങ്കില്‍ ഒരു മാസത്തോളം കാത്തിരിക്കണം.ബസ് സ്റ്റാന്റു മുതല്‍ പോളിങ് ബൂത്ത് വരെ എവിടെയും കാത്തു നില്‍ക്കാന്‍ വിധിക്കപ്പെട്ട കേരളീയന് തെരഞ്ഞെടുപ്പു ഫലം അറിയാന്‍ ഒരു മാസം കാത്തിരിക്കുക എന്നത് അത്ര വലിയ കാര്യമല്ല.എന്നാല്‍ ക്ഷീരബലയ്ക്കെന്നപോലെ ആവര്‍ത്തിക്കുന്ന ചാനലുകളൂടെ തെരഞ്ഞെടുപ്പു വിശകലനങ്ങള്‍ തരിമ്പും സഹിക്കാന്‍ സാധിക്കില്ല.അത്രയ്ക്കു വിരസവും അരോചകവും ആണ് ഇവര്‍ നടത്തുന്ന ചര്‍ച്ചകളും പ്രവചനാഭാസങ്ങളും അതിനുവേണ്ടി അനുവര്‍ത്തിക്കുന്ന രീതികളും .

ബാലിശമായ വാദമുഖങ്ങളും ഗോസിപ്പുകളുടെ നിലവാരം പോലുമില്ലാത്ത കണ്ടെത്തലുകളും ആര്‍ക്കും ഓക്കാനമുണ്ടാക്കാന്‍ പോരുന്നതാണ്.എന്തെങ്കിലും അത്യാഹിതമോ അഴിമതി കഥയോ ഉണ്ടായാലേ,ഒരു മാസം നീളാന്‍ ഇടയുള്ള ഈ ചാനല്‍ പീഡനങ്ങളില്‍ നിന്നും രക്ഷ കിട്ടുകയുള്ളു.അങ്ങനെ സംഭവിച്ചാല്‍ അവയുടെ പിറകേ പൊയ്ക്കൊള്ളും വിശകലന വിദഗ്ദ്ധരും ചാനല്‍പണ്ഡിതന്മാരും.


Fans on the page

Tuesday, April 14, 2009

ഏത് ഈശ്വരന്‍?ആരുടെ ഈശ്വരന്‍ ?

ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തില്‍ കയറിയപ്പോള്‍ മുതല്‍ കത്തോലിക്കാ സഭാ അദ്ധ്യക്ഷന്മാര്‍ക്ക് ഈശ്വര വിശ്വാസം വല്ലാതങ്ങു കൂടി.പൊതു തെരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും ഈശ്വര വിശ്വാസം നിര്‍ത്തും നിലയുമില്ലാത്ത വിധം അഭിവന്ദ്യ പിതാക്കന്മാരില്‍ പ്രവഹിക്കുകയായി.വിശ്വാസികളെ വിളിച്ചു കൂട്ടുന്നു; ഇടയലേഖനങ്ങള്‍ തലങ്ങും വിലങ്ങും വായിക്കുന്നു.ആകെ ബഹളമയം.
സഭാമക്കള്‍ ഈശ്വര വിശ്വാസികള്‍ക്കേ വോട്ടു ചെയ്യാവൂ എന്നാണ് എല്ലാത്തിന്റെയും അവസാന താല്പര്യം.

ഏത് ഈശ്വരനെ കുറിച്ചാണ് അച്ചന്മാ‍ര്‍ പറയുന്നത്?പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ,ജ്ഞാനസ്നാനം ചെയ്തു ക്രിസ്ത്യാനിയാക്കപ്പെട്ടവരുടെ ദൈവം എന്നല്ലേ ഉദ്ദേശിക്കുന്നത്?"യിസ്രായേല്‍ ഗൃഹത്തിലെ ‍കാണാതെ പോയ ആടുകളുടെ അടുക്കലേയ്ക്കല്ലാതെ എന്നെ അയച്ചിട്ടില്ല." എന്ന് കര്‍ത്താവു തന്നെ അര്‍ത്ഥശങ്കയ്ക്ക്‍ ഇടയില്ലാത്തവിധം മറ്റൊരു സന്ദര്‍ഭത്തില്‍ സൂചിപ്പിച്ചിട്ടുള്ള സ്ഥിതിയ്ക്ക് അതു തന്നെയായിരിക്കണം വിശുദ്ധ പിതാക്കന്മാര്‍ ഉദ്ദേശിക്കുന്നത്.അതല്ല ശ്രീനാരായണഗുരു കാട്ടിയ ഏക ദൈവം എന്നാണു വാദമെങ്കില്‍ അത് തിരുസഭയുടെ വിശ്വാസപ്രമാണങ്ങള്‍ക്ക് എതിരാണ്;ഒരു കണക്കിന് ദൈവദൂഷണം
തന്നെയാണ്.

ഡിവൈന്‍ കോമഡി എഴുതിയ വിശ്വമഹാകവി ദാന്റേ, ക്രിസ്തുവിനു മുമ്പു ജനിച്ചവനും അതുകൊണ്ടു തന്നെ ജ്ഞാനസ്നാനമേല്‍ക്കാന്‍ സാധിക്കതെ പോയവനും താന്‍ ഗുരുവായി ആരാധിച്ചിരുന്നവനുമായ വെര്‍ജിലിനെ പോലും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നില്ല. മുഹമ്മദ് നബിയെ ആകട്ടെ ദാന്റെ ഇട്ടത് ദിവൈന്‍ കോമഡിയിലെ ഒരു നരക വലയത്തിലും.വിശ്വാസത്തില്‍ മുറുകെപ്പിടിക്കുന്ന യഥാര്‍ത്ഥ സത്യക്രിസ്ത്യാനിക്ക് ഇത്തരത്തിലല്ലാതെ ചിന്തിക്കാനാകില്ല.

അപ്പോള്‍,അല്ലാഹുവല്ലാതെ വേറൊരു ദൈവമില്ല എന്നു വിശ്വസിക്കുന്ന മുസ്ലീമിന്റെ ദൈവത്തെ കുറിച്ചല്ല അച്ചന്മാര്‍ ഉപദേശിക്കുന്നത് എന്നു വ്യക്തം.നിലവിളക്കു കൊളുത്തുന്നതും സ്ത്രീകള്‍ പൊട്ടു കുത്തുന്നതും മറ്റും മതവിരോധമായിക്കണുന്നവര്‍ ഉള്‍പ്പെടുന്ന ഇസ്ലാമിന്റെ ദൈവമല്ല ക്രിസ്ത്യാനിയുടേത്.

മുപ്പത്തി മുക്കോടി ഈശ്വരന്മാരെ ആരാധിക്കുന്ന,വിവിധ ജാതിവിഭാഗങ്ങള്‍ നിറഞ്ഞ ഹിന്ദുക്കളുടെ ദൈവം ഈ അച്ചന്മാര്‍ക്ക് സ്വീകാര്യരും ആരാദ്ധ്യരുമാണോ?അല്ലേ അല്ല എന്ന് അവര്‍ എത്രയോ പ്രാവശ്യം വ്യക്തമാക്കിയിട്ടുള്ളതാണ്."ബ്രഹ്മം ഞാനാകുന്നു" "അതു നീയാകുന്നു" തുടങ്ങിയ ഉപനിഷദ് തത്ത്വങ്ങളില്‍ അ‍ടങ്ങിയിട്ടുള്ള ഈശ്വരവ്യാഖ്യാനം വിശുദ്ധ പിതാക്കന്മാര്‍ക്കു സമ്മതമാണോ?സിക്കുകാരും ജൂതന്മാരും വിശ്വസിക്കുന്ന ദൈവത്തെ ഇവര്‍ അംഗീകരിക്കുമോ; ആരാധിക്കുമോ?
"സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്നു പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ചൈതന്യമാണ് ദൈവം; അവന്‍ തൂണിലും തുരുമ്പിലും ഉണ്ട് എന്നൊക്കെയുള്ള വാചകമടി അംഗീകരിച്ചു കൊടുക്കാന്‍ കഴിയാത്തത് സ്വാഭാവികം മാത്രം.

അതായത്,എല്ലാ പ്രവാചക മതങ്ങളെയും പോലെ തങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ അനുസരിച്ചുള്ള ദൈവത്തെ മാത്രമാണ് "ഈശ്വരന്‍"എന്ന് ക്രൈസ്തവ പൗരോഹിത്യവും വിവക്ഷിക്കുന്നത്.അത്തരം ഈശ്വര വിശ്വാസികള്‍ക്കേ സഭയുടെ കുഞ്ഞാടുകള്‍ വോട്ടു ചെയ്യാവൂ എന്നാണോ ആദരണീയരായ അച്ചന്മാര്‍ നിഷ്ക്കര്‍ഷിക്കുന്നത് ? അങ്ങനെയെങ്കില്‍ തിരുവനന്തപുരത്തെ കുഞ്ഞാടുകള്‍ ആര്‍ക്കാണ് വോട്ടു കുത്തുക?വയനാട്, കാസര്‍കോട് തുടങ്ങിയ പല നിയോജകമണ്ഡലങ്ങളിലും അവര്‍ വോട്ടു ചെയ്യെണ്ടാ എന്നാണോ ?

പെണ്മക്കള്‍ക്ക് വരനെ തേടുന്ന രക്ഷിതാക്കളുടെ നോട്ടത്തെ പരിഹസിക്കുന്ന കഥയുണ്ട്.ഡോക്റ്റര്‍,കളക്റ്റര്‍,എഞ്ചിനീയര്‍,എന്നിങ്ങനെ തുടങ്ങി ഒടുവില്‍ പാന്‍സിട്ട ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഗുമസ്തന്‍ എങ്കിലും മതി എന്ന അവസ്ഥയിലാകും.അതുപോലെ,മാമ്മോദീസാ വെള്ളം തലയില്‍ വീണവനില്ലെങ്കില്‍ അഞ്ചു നേരം നിസ്ക്കരിക്കുന്നവനോ രാവിലെയും വൈകിട്ടും അമ്പലത്തില്‍ പോകുന്നവനോ ആയാലും മതി "ഈശ്വര വിശ്വാസി"യുടെ നിര്‍വ്വചനത്തില്‍ വരാന്‍ എന്ന് അച്ചന്മാര്‍ വല്ല ഭേദഗതിയും ഇവരുടെ പുതിയ കല്പനയ്ക്കു വരുത്തുമോ?

അങ്ങനെയെങ്കില്‍,കര്‍ത്താവേ! ഈ ഇടയ പ്രമാണിമാര്‍,തങ്ങള്‍ പറയുന്നതിന്റെ പ്രത്യാഘാതം എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ?

തങ്ങളുടെ ഈശ്വരാവതാരമായ ശ്രീരാമന് അമ്പലം പണിയാന്‍ മുസ്ലീം ദേവാലയം പൊളിച്ചടുക്കിയവരെപ്പോലെ ശക്തമായ ദൈവ വിശ്വാസം ആര്‍ക്കാണുള്ളത് ?ഒറീസയില്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവരെ ബലാത്സംഗം ചെയ്യുകയും ചുട്ടുകരിക്കുകയും ചെയ്തവരും ഈശ്വര വിശ്വാസികളാണ്.ഗുജറാത്തില്‍ മുസ്ലീം വംശഹത്യ നടത്തിയ നരേന്ദ്ര മോഡിയും ഈശ്വര വിശ്വാസത്തില്‍ ഏത് ബിഷപ്പിനേക്കാളും മീതെയാണ്.ഇവരുടെ പാര്‍ട്ടിക്കാരും കേരളത്തില്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നുണ്ട്.ഈശ്വര വിശ്വാസികളോടുള്ള പ്രതിപത്തിയുടെ പേരില്‍ സഭാ വിശ്വാസികള്‍ അവര്‍ക്കും വോട്ടുചെയ്യണമെന്നാണോ കേരളത്തിലെ പിതാക്കന്മാരുടെ അഭിപ്രായം?

കടുത്ത കമ്യൂണിസ്റ്റു വിരോധം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ചില വൃദ്ധവൈദികര്‍ ഇപ്പോഴും പഴയവിമോചനസമരത്തിന്റെ ഹാങ്ങോവറിലാണ്. കുഞ്ഞാടുകളെല്ലാം കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യണമെന്നാണ് അവര്‍ക്ക് ആഗ്രഹം.അത് നേരേ ചൊവ്വേ പറയാനുള്ള ബുദ്ധിപരവും ധാര്‍മ്മികവുമായ സത്യസന്ധത അച്ചന്മാര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു.അതുകൊണ്ടാണ് പ്രത്യാഘാതങ്ങളെക്കുറിച്ച് ഓര്‍ക്കാതെ,അത്യന്തം ആപല്‍ക്കരമായ ഇടയ ലേഖനങ്ങള്‍ ഇവര്‍ ഇറക്കിക്കൊണ്ടിരിക്കുകയും വിശുദ്ധമായ ഈസ്റ്റര്‍ ദിനത്തെപ്പോലും മലിനപ്പെടുത്തി രാഷ്ട്രീയം പറയുന്നതും.കമ്യൂണിസ്റ്റു പ്രവര്‍ത്തകരില്‍ വലിയൊരു പങ്കും ദൈവവിശ്വാസികളായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ,കമ്യൂണിസ്റ്റു വിരോധം സഭാവിശ്വാസികളില്‍ കുത്തിവയ്ക്കാന്‍ സാമാന്യ യുക്തിക്കു ചേരുന്ന മറ്റു വല്ല വാദങ്ങളും കണ്ടു പിടിക്കുന്നതാണ് നല്ലത്."ഒറീസയിലും കര്‍ണ്ണാടകത്തിലും നടക്കുന്ന കായിക പീഡനത്തേക്കാള്‍ ക്രൂരം കേരള സര്‍ക്കാര്‍ നടത്തുന്ന ആശയപീഡനമാണ്" എന്നൊക്കെയുള്ള വസ്തുതാ വിരുദ്ധമായ ഗീര്‍വാണങ്ങള്‍ വിശാസികളില്‍ ഏല്‍ക്കാതെ വന്നപ്പോള്‍ ഈശ്വരനെ കൂട്ടു പിടിച്ചു കമ്യൂണിസ്റ്റുകാരെയും ഇടതുപക്ഷത്തെയും ശരിയാക്കികളയാം എന്നായിരിക്കും.

1893-ലെ കമ്യൂണിസ്റ്റു മാനിഫെസ്റ്റോയുടെ മുഖവുരയില്‍, "യൂറോപ്പിനെ ബാധിച്ച കമ്യൂണിസത്തിന്റെ ഭൂതത്തെ ആട്ടിപ്പുറത്താക്കാന്‍ യൂറോപ്പിലെ പഴമയുടെ ശക്തികളെല്ലാം-പോപ്പും സാര്‍ ചക്രവര്‍ത്തിയും ജര്‍മ്മന്‍ പോലീസ് ചാരന്മാരും-ഒരു പാവന സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കയാണ്"എന്ന് സൂചിപ്പിച്ചിട്ടുണ്ട്.യൂറോപ്പിലെ പഴമയുടെ ശക്തികള്‍ പണ്ടേ ഉപേക്ഷിച്ച ഈ "ഭൂത"പ്പേടി നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും നമ്മുടെ വൈദികശ്രേഷ്ഠന്മാരെ വിട്ടൊഴിയാതിരിക്കുന്നത് എന്തു കൊണ്ടാണെന്ന് യഥാര്‍ത്ഥ മത വിശ്വാസികള്‍ ആലോചിക്കേണ്ട സമയമായിരിക്കുന്നു.


Fans on the page

Thursday, April 9, 2009

ശശിതരൂരോ ശശിവാക്കൗട്ടോ ?

പരിപാടികള്‍ക്ക് താമസിച്ചു വരിക; നേരത്തേ ഇറങ്ങി പോകുക;സ്ഥാനത്തും അസ്ഥാനത്തും ചിരിക്കുക;തുടങ്ങിയവ നേതാവാകാന്‍ ശീലിക്കേണ്ട അവശ്യ സ്വഭാവങ്ങളാണെന്ന് നമ്മുടെ ചില നേതാക്കന്മാരെ ചൂണ്ടി ആളുകള്‍ തമാശ പറയാറുണ്ട്.അതുപോലെ എം എല്‍ എ യോ എം പി യോ ആയാല്‍ വാക്കൗട്ട് നിര്‍ബ്ബന്ധമാണെന്നും.

ഈ പരിഹാസ വചനങ്ങള്‍ ഉപദേശമാണെന്നു ധരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശ്രീ.ശശി തരൂര്‍.ഏഷ്യാനെറ്റിന്റെ തെരഞ്ഞെടുപ്പു പരിപാടിയ്ക്ക് താമസിച്ചു വരികയും അവസാനം വാക്കൗട്ട് നടത്തുകയും ചെയ്തു കൊണ്ടാണ് അദ്ദേഹം തന്റെ 'നേതൃപാടവം' തെളിയിച്ചത്.

ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത മറ്റു സ്ഥാനാര്‍ത്ഥികളെല്ലാം സദസ്സില്‍ നിന്നുണ്ടായ പ്രകോപനപരമായ ചോദ്യങ്ങളെയും ചേരിതിരിഞ്ഞുള്ള വാഗ്വാദങ്ങളെയും പോലും സമചിത്തതയോടെ നേരിട്ടപ്പോള്‍ ,ഇതൊന്നും തന്റെ സ്റ്റാന്റേഡിനു പിടിക്കുന്നതല്ല എന്നു വ്യക്തമാക്കികൊണ്ട് ശശിതരൂര്‍ ക്ഷുഭിതനായി ഇറങ്ങിപ്പോകുകയാണു ചെയ്തത്.തന്നെക്കാള്‍ വായനാശീലമുള്ളവരും രാജ്യസ്നേഹികളുമാണ് വോട്ടര്‍മാര്‍ എന്ന്,സായിപ്പിനെ മാത്രം അടുത്തു പരിചയിച്ച ഈ സാമ്രാജ്യത്വ ദാസന്‍കരുതിക്കാണില്ല.ഉത്തരം മുട്ടുമ്പോള്‍ 'കൊരച്ചു കൊരച്ചു' മാത്രം 'അരിയാവുന്ന' 'മലയാല' വും തന്നെ കൈവിടുമെന്ന തിരിച്ചറിവാകണം ഒളിച്ചോടാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ഇത്രയും നാളും സാധാരണ ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാതിരുന്ന,വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി പിറന്ന ഈ ബ്യൂറോക്രാറ്റിനെ ഇങ്ങോട്ട് കെട്ടിയിറക്കരുതെന്ന്,മനസ്സിലാകുന്ന പല പല സൂചനകളിലൂടെ ഹൈക്കമാന്റിനെ തിരുവനന്തപുരത്തെ കോണ്‍ഗ്രസ്സുകാര്‍ തന്നെ അറിയിച്ചിരുന്നതാണ്.തങ്ങള്‍ വിചാരിച്ചതിനേക്കാളും വലിയ കുരിശ്ശാണ് ഇതെന്ന് ഇപ്പോള്‍ അവര്‍ക്കു ബോദ്ധ്യമായിക്കൊണ്ടിരിക്കുന്നു.

നമ്മുടെ ദേശീയഗാനം ആലപിക്കുമ്പോള്‍,അമേരിക്കക്കാര്‍ അവരുടെ ദേശീയഗാനാലാപന സമയം ചെയ്യുന്നതു പോലെ നെഞ്ചത്തു കൈവച്ചു നില്‍ക്കാന്‍ സദസ്യരോട് ശശിതരൂര്‍ ആവശ്യപ്പെട്ടതിനെക്കുറിച്ച് മുമ്പ് ഒരു പോസ്റ്റ് ഇട്ടിരുന്നു.ഇദ്ദേഹം ഒരു സ്ഥാനാര്‍ത്ഥിയായി അവതരിക്കുമെന്ന് അന്നു കരുതിയിരുന്നില്ല.അമേരിക്കയില്‍ ഏറെക്കാലം കഴിച്ചുകൂട്ടുകയും സായിപ്പു ചെയ്യുന്നതെല്ലാം കേമമാണെന്നു വിചാരിക്കുകയും ചെയ്യുന്ന ഒരാളുടെ ബാലിശ വികാരമെന്ന നിലയിലാണ് അതിനെ കണ്ടത്.എന്നാല്‍ ഇദ്ദേഹത്തെ സംബന്ധിച്ച് വെളിപ്പെട്ടു കൊണ്ടിരിക്കുന്ന വസ്തുതകള്‍ ഞെട്ടിക്കുന്നതും ഏതൊരു ഇന്ത്യാക്കാരനും അപമാനമുണ്ടാക്കുന്നതുമാണ്.

'കണ്ടകശനി' എന്ന ബ്ലോഗ് വഴി കിട്ടിയ ജീവചരിത്ര വിവരവും ഡോ. സുകുമാര്‍ അഴീക്കോടും സ.ബിനോയ് വിശ്വവും എഴുതിയ ലേഖനങ്ങളും കഥാപുരുഷന്‍,സായിപ്പിന്റെ ആസനം നക്കി മാത്രമല്ല എല്ലാ സാമ്രാജ്യത്വ വൃത്തികേടുകളും, മുമ്പ് ഫുള്‍ സ്യൂട്ടിനകത്തും ഇപ്പോള്‍ ഖദറിനകത്തും പൊതിഞ്ഞു നടക്കുന്ന 'മാംസപിണ്ഡ'മാണെന്ന് വ്യക്തമാക്കുന്നു.

ഇസ്രായേലിന്റെയും കൊക്കൊ കോളാ കമ്പനിയുടെയും ഏജന്റെന്ന ആരോപണം നിഷേധിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടില്ല.നെഹ്രു മുതല്‍ സോണിയാ ഗാന്ധി വരെയുള്ള സകലമാന കോണ്‍ഗ്രസ്സുകാര്‍ക്കെതിരെയും ഛര്‍ദ്ദിച്ച ആക്ഷേപങ്ങളെല്ലാം വിഴുങ്ങിയ അദ്ദേഹം ഇപ്പോഴത്തെ കോണ്‍ഗ്രസ്സുകാരുടെ മഹത്വം കൊണ്ടാണ് താന്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതെന്നു പറഞ്ഞ് തന്റെ
പാര്‍ട്ടിപ്രവേശത്തെ ന്യായീകരിക്കുന്നു.സോണിയായെ മദാമ്മ എന്നു പറഞ്ഞതിന്റെ പേരില്‍ കെ.കരുണാകരനെ പീഡിപ്പിച്ചവര്‍ക്ക്, അവരെ ' ടൊറിനിലെ ശവക്കച്ച' എന്നു വിശേഷിപ്പിച്ച ശശി തരൂര്‍ ആരാധ്യനായിരിക്കുന്നു.

ഗാന്ധിജിയെ "അര്‍ദ്ധനഗ്നനായ ഫക്കീര്‍"എന്നു പുച്ഛിച്ച സായിപ്പിന്റെ മനോഭാവമാണ് ഈ വിദേശ ഇന്ത്യാക്കാരന് ഭാരതീയരോടുള്ളത്.അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിന്റെ പിന്നിലെ രഹസ്യം,തന്റെ സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ച അമേരിക്കയില്‍ വച്ചുതന്നെ അദ്ദേഹം പുറത്തു വിട്ടിരുന്നു."നയിക്കാന്‍ യോഗ്യതയില്ലാത്ത ആളുകളാണ് ഇന്ത്യന്‍ ജനാധിപത്യത്തെ നയിച്ചു പോന്നത്."എന്ന അദ്ദേഹത്തിന്റെ വാചകത്തില്‍ അത് ഒളിഞ്ഞിരിക്കുന്നു.'നെഹ്രു മുതല്‍ മന്‍ മോഹന്‍ സിംഗ് വരെയുള്ള മൊണ്ണകളല്ല;എന്നെപ്പോലെ പ്രാപ്തരായവരാണ് ഇന്ത്യ ഭരിക്കാന്‍ യോഗ്യര്‍' എന്ന് സാരം.ഇത്തരം പൊങ്ങച്ച പ്രമാണിമാരെയല്ലാതെ മറ്റാരെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുക?

മാത്രമോ?ബിനോയ് വിശ്വത്തിനുള്ള മറുപടിയില്‍ ,വി കെ കൃഷ്ണമേനോനും,കെ.ആര്‍. നാരായണനും ഒപ്പമാണ് ഇദ്ദേഹം സ്വയം പ്രതിഷ്ഠിച്ചിട്ടുള്ളത്.ഇത്ര അല്പത്തവും ആത്മപ്രശംസയും നിറഞ്ഞ അവകാശവാദം നടത്തിയിട്ടുള്ളത് നീര്‍ക്കോലി മാത്രമാണ്.
സര്‍പ്പരാജാവായ വാസുകിയും വിഷ്ണു തല്പമായ അനന്തനും ഒപ്പമാണു താനും എന്നാണ് നീര്‍ക്കോലി പറയാറുള്ളത്.വിദേശ സിംഹങ്ങളെ ഗുഹയില്‍ ചെന്ന് ആക്രമിച്ച വികെ കൃഷ്ണമേനോനും നെഹ്രുവിന്റെ ചേരിചേരാ നയത്തിന് നയതന്ത്ര ഭാഷ്യം ചമച്ച കെ ആര്‍. നാരായണനും എവിടെ?ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ വിദേശത്തു കഴിയുകയും വിദേശ നേതാക്കന്മാരെ ദൈവങ്ങളായി കരുതുകയും അവരുടെ പാദസേവ ചെയ്യുന്നതില്‍ സായൂജ്യം കണ്ടെത്തുകയും ചെയ്യുന്ന ശശി തരൂര്‍ എവിടെ?

അല്പത്തവും അടിമമനോഭാവവും അഹംഭാവവും പരപുച്ഛവും ആള്‍ രൂപം പൂണ്ട് ഖദറില്‍ കയറിക്കൂടിയാല്‍ എങ്ങനെ ഇരിക്കും എന്ന് അറിയാന്‍ ഇദ്ദേഹത്ത കണ്ടാല്‍ മതി.ഔദ്യോഗിക ജീവിതം അവസാനിച്ചിട്ടും ഇന്ത്യയിലേക്കു മടങ്ങാതെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ഗള്‍ഫില്‍ തങ്ങിയ ഇദ്ദേഹം 'തെര‍ഞ്ഞെടുപ്പു ബിസിനസി'ന് തിരുവനന്തപുരത്ത് പറന്നിറങ്ങിയത് തങ്ങളെ
നന്നാക്കാനാണെന്ന് ഏറ്റവും വിനീത വിധേയനായ കോണ്‍ഗ്രസ്സുകാരന്‍ പോലും വിശ്വസിക്കില്ല.ദേശീയ ഗാനം പാടുമ്പോള്‍ വരെ അമേരിക്കക്കാരനെ അനുകരിക്കുന്ന ഈ വിദേശ വിധേയന്‍ ഇന്ത്യക്കാര്‍ക്ക് അപമാനമാണ്.കൊക്കാകോളാ കമ്പനിക്കു ലാഭമുണ്ടാക്കുന്നത് ലക്ഷ്യം വയ്ക്കുന്നവരല്ല; കുടിവെള്ള പ്രശ്നത്തിനു പരിഹാരം കാണാന്‍ ശ്രമിക്കുന്നവരാണ് തിരുവനന്തപുരത്തു
നിന്ന് ലോക് സഭയിലെത്തേണ്ടതെന്നു സാധാരണക്കാര്‍ക്ക് നന്നായറിയാം.


Fans on the page