Total Pageviews

Saturday, December 5, 2015

ആശാന്റെ ക്രാന്തദർശിത്വം


കവി ക്രാന്തദർശി ആയിരിക്കും എന്നു കേട്ടിട്ടുണ്ട്.മഹാകവി കുമാരനാശാൻ ഇത്രയും വലിയ ക്രാന്ത ദർശി ആണെന്നു കരുതിയില്ല.നായികയായ വാസവദത്തയുടെ മാളികയ്ക്കു മുമ്പിൽ അഴകിയ രാവണനെ പ്പോലെ വന്നിറങ്ങുന്ന ചെട്ടിയാരെ “കരുണ”യിൽ ആശാൻ വർണ്ണിച്ചിട്ടുണ്ട്.
“ഉടനേ ചക്രങ്ങൾ നിലത്തുരുളുമൊച്ചകൾ കൂട്ടി--
പ്പൊടി പൊങ്ങിച്ചു വീഥിയിൽ വടക്കു നിന്നും
................
കാള രണ്ടു വലിച്ചുള്ള കാഞ്ചനക്കളിത്തേരോടി
മാളിക തൻ മുമ്പിലതാ വന്നണയുന്നു
.......
കാതിൽ വജ്രകുണ്ഡലങ്ങൾ മിനുക്കിയണിഞ്ഞും,കൈകൾ
മോതിരങ്ങൾ തൻ കാന്തിയിൽ കഴുകിക്കൊണ്ടും,
തങ്കനൂൽ കുടുക്കിയന്നു തനി മഞ്ഞ നിറമാർന്നോ--
രങ്കിയാൽ തടിച്ചിരുണ്ട തടി മറച്ചും
............
മണിത്തേരതിൽ നിന്നതിസുഭഗമ്മന്യനാമൊരു
വണിഗ്വരൻ വൈദേശികനിറങ്ങി നിന്നു“.
കാളവണ്ടിക്കു പകരം ‘കാരവൻ’ എന്നും വണിഗ്വരൻ വൈദേശികനു പകരം ‘വണിഗ്വരൻ വിഷ ജന്തു’എന്നും മാറ്റിയാൽ ‘വടക്കു ’ നിന്നും വന്നെത്തിയ അഴകിയരാവണന്റെ ഏകദേശ രൂപമായി.പക്ഷേ ഒരു നൂറ്റാണ്ടിനു ശേഷം തന്റെ കസേരയിൽ ഈ ധൂമകേതു കയറിയിരുന്നു ഗുരുനിന്ദ നടത്തുമെന്ന് ആശാൻ കരുതിയിട്ടുണ്ടാകില്ല.
on the page

Wednesday, September 2, 2015

ശ്രീനാരായണൻ ഈഴവഗുരുവോ?

Image result for sree narayana guru

ശ്രീനാരായണ ഗുരു ഈഴവരുടെ മാത്രം ഗുരുവാണെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ഗുരുവിന്  അപകീർത്തികരമാണ്‌.കുറേ നാളായി ഇദ്ദേഹം ശ്രീനാരായണനെ തന്റെ കുടുംബസ്വത്താണെന്നമട്ടിൽ തട്ടിക്കളിക്കാൻ തുടങ്ങിയിട്ട്.ശ്രീനാരായണ ധർമ്മ പരിപാലന യോഗം ജനറൽ സെക്രട്ടറി എന്നത് ശ്രീനാരായണനെ അധിക്ഷേപിക്കനുള്ള ലൈസൻസല്ല.

“നമുക്കു ജാതിയില്ല” എന്ന് വിളംബരം പുറപ്പെടുവിച്ച സന്യാസിയാണു ശ്രീനാരായണൻ.“നാം ജാതിഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരം കഴിഞ്ഞിരിക്കുന്നു.എന്നിട്ടും ചില പ്രത്യേക വർഗ്ഗക്കാർ നമ്മെ അവരുടെ വർഗ്ഗത്തിൽ പെട്ടതായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അതു ഹേതുവാൽ നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു.നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല....”എന്ന് ഏതു നടേശനും മനസ്സിലാകത്തക്കവണ്ണം അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്.
നടേശനു എഴുത്തും വായനയും വശമില്ലെങ്കിൽ അദ്ദേഹത്തിന്റെ മുമ്പിൽ ഓച്ഛാനിച്ചു നില്ക്കുന്ന ഏതെങ്കിലും കോളേജ് അദ്ധ്യാപകരെക്കൊണ്ട് ഗുരു എഴുതിയതും പറഞ്ഞിട്ടുള്ളതും എന്തൊക്കെയാണെന്നു വായിപ്പിച്ചു മനസ്സിലാക്കണം.“ജാതി ഭേദം മതദ്വേഷമേതുമില്ലാതെ” എന്നഗുരുവചനത്തിനർത്ഥം ജാതിയുണ്ടെന്നും ജാതി ചോദിക്കണമെന്നുമാണെന്നും ഒരുജാതി എന്നു ഗുരു ഉദ്ദേശിച്ചത് ഈഴവരെ ആണെന്നും ഇതിനു മുമ്പു പലപ്പോഴും നടേശൻ പറഞ്ഞിട്ടുണ്ട്.അന്നൊക്കെ വെറും വിടുവായത്തമാണെന്നു കണ്ട് ,ഗുരുവിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവർ ക്ഷമിക്കുകയായിരുന്നു.എന്നാൽ അടുത്തിടെ യോഗം ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും വർഗ്ഗീയവിഷം ചീറ്റുന്ന പ്രവീൺ തൊഗാഡിയായെപ്പോലുള്ള ഭീകരന്മാരുമായി ചങ്ങാത്തമാകുകയും ചെയ്തതോടെ ആരെയും എന്തും പറഞ്ഞുകളയാം എന്ന ഹുങ്കിൽ നാരായണ ഗുരുവിനെ ആക്ഷേപിക്കാനും അപവദിക്കാനുമാണു നടേശന്റെ ഭാവമെങ്കിൽ ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടാകും.

നാരായണഗുരുവിനെ “ഈഴവഗുരു”വായി വെള്ളാപ്പള്ളി നടേശൻ ചാപ്പ കുത്തിയതിന്നു പിന്നാലെ,അദ്ദേഹത്തിന്റെ മകനും യോഗം വൈസ്പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി,എസ്.എൻ.ഡി.പി.യോഗം വെറും ഈഴവസംഘം മാത്രമാണെന്നും സംശയമുള്ളവർ യോഗത്തിന്റെ ബൈലാ നോക്കണമെന്നും ആക്രോശിച്ച് രംഗത്തു വന്നിട്ടുണ്ട്.കഴിഞ്ഞ പത്തു പന്ത്രണ്ടു കൊല്ലമായി അച്ഛനും അമ്മയും മോനും മരുമക്കളും മറ്റുബന്ധുക്കളും കൂടി കസ്റ്റഡിയിൽ വച്ചിരിക്കുന്ന ഇപ്പൊഴത്തെ യോഗത്തിന്റെ ബൈലായിൽ എന്തൊക്കെ പറഞ്ഞിരിക്കുന്നു എന്ന് അറിഞ്ഞുകൂടാ.പക്ഷേ ഡോ.പല്പു മുൻ കൈ എടുത്ത് മഹാകവി കുമാരൻ ആശാൻ ജനറൽ സെക്രട്ടറി ആയി രൂപം കൊണ്ട എസ്.എൻ.ഡി.പിയിൽ കുറ്റിപ്പുഴ കൃഷ്ണപിള്ളയും ജോസഫ് മുണ്ടശേരിയും യുക്തിവാദി എം.സി.ജോസഫും തങ്ങള്‍ കുഞ്ഞു മുസലിയാരും അംഗങ്ങളായിരുന്നു.അവർ ആരും ഈഴവരായിരുന്നില്ല.ഇതിൽ നിന്നും,ഒരു വ്യാഴവട്ടത്തിനിടയിൽ നടേശനും സംഘവും കൂടി ബൈലാ തിരുത്തി “യോഗ”ത്തെ ഈഴവസംഘമാക്കിയെന്നു വേണം അനുമാനിക്കാൻ.അങ്ങനെയാക്കിയാലും ശ്രീനാരായണഗുരുവിനെ ഈഴവഗുരുവായി ചാപ്പകുത്താൻ യോഗത്തിന്‌ യാതൊരു അർഹതയുമില്ല.

1916 ൽ ആലുവാ അദ്വൈതാശ്രമത്തിൽ നിന്ന് ഡോ.പല്പുവിനു് അയച്ച കത്തിൽ "യോഗത്തിന്റെ നിശ്ചയങ്ങൾ നാമറിയാതെ പാസ്സാക്കുന്നതു കൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിക്കുന്ന കാര്യങ്ങളിൽ ഇല്ലാത്തതു കൊണ്ടും യോഗത്തിനു ജാത്യഭിമാനം വർദ്ധിച്ചു വരുന്നതുകൊണ്ടും മുമ്പേതന്നെ മനസ്സിൽ നിന്നു വിട്ടിരുന്നതു പോലെ ഇപ്പോൾ വാക്കിൽ നിന്നും യോഗത്തെ വിട്ടിരിക്കുന്നു.” “ഗുരു യോഗത്തൊടുള്ള മനോഭാവം സംശയത്തിനു വകയില്ലാത്തവണ്ണം പ്രകടിപ്പിച്ചിട്ടുണ്ട്.

സ്വാമിയുടെ സന്യാസി ശിഷ്യന്മാരിൽ ഏറിയപങ്കും ഈഴവരായിരുന്നില്ല.നടേശനും മോനും മറ്റ് ഈഴവന്മാർക്കും വേണ്ടിയല്ല ഇന്നു സർവ്വരാലും കൊണ്ടാടപ്പെടുന്ന “ദൈവദശകം” ശ്രീനാരായണൻ രചിച്ചത്.അദ്ദേഹം വെറും ഈഴവ ഗുരു മാത്രമായിരുന്നെങ്കിൽ,അനുകമ്പാദശകത്തിൽ,
“പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധർമ്മമോ
പരമേശ പവിത്ര പുത്രനോ?
കരുണാവാൻ നബി മുത്തു രത്നമോ? “എന്ന് എഴുതുമായിരുന്നോ?

മഹാത്മാഗാന്ധിയും മഹാകവി രവീന്ദ്രനാഥ ടാഗോറും ബഹുമാനിച്ചിരുന്ന,ജാതി മത വർഗ്ഗ വികാരങ്ങൾക്കതീതമായി ചിന്തിക്കുകയും പറയുകയും പ്രവർത്തിക്കുകയും ചെയ്ത ഒരു വിശ്വഗുരുവിനെ നിന്ദിക്കാനും അപമാനിക്കാനുമുള്ള ശ്രമത്തിൽ നിന്നും നടേശനും മകനും പിന്തിരിയുന്നതാണു നല്ലത്.

Fans on the page

Tuesday, June 30, 2015

വ്യാജ വിദ്യാഭ്യാസ മന്ത്രി


Image result for smriti irani l


കേന്ദ്ര മാനവ വിഭവശേഷി വകുപ്പു(വിദ്യാഭ്യാസ വകുപ്പു) മന്ത്രി സ്മൃതി ഇറാനി തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വ്യാജ വിവരങ്ങ ളാണു ഇലക് ഷൻ കമ്മീഷൻ മുമ്പാകെയും കേന്ദ്ര സർക്കാരിലും നല്കിയി ട്ടുള്ളത് എന്നു വെളിപ്പെട്ടിട്ടും അവരെ പുറത്താക്കാൻ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല.പ്ളസ് ടു വരെ മാത്രം പഠിച്ചിട്ടുള്ള അവർ,2011 ല്‍ പറഞ്ഞത് 1994 ല്‍ ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ നിന്ന്  ബി. കോം പാര്‍ട്ട്  1 പാസ്സാ യെന്നാണ് .2014 ല്‍ ഇത് 1994 ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ സ്കൂള്‍ ഓഫ് ഓപ്പണ്‍ ലേണിംഗില്‍ നിന്ന്‍  ബി.കോം പാര്‍ട്ട് 1 പൂര്‍ത്തിയാക്കിയെന്നായി . 2004 ല്‍ അവകാശപ്പെട്ടത് ദല്‍ഹി സര്‍വ്വകലാശാലയുടെ വിദൂര പഠന കേന്ദ്രത്തില്‍ നിന്ന്‍  ബി.എ പൂര്‍ത്തിയാക്കിഎന്നായിരുന്നു.ഇങ്ങനെ തരാതരം പോലെ തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച്  തെരഞ്ഞെടുപ്പു പത്രികകള്‍ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍  രേഖപ്പെടുത്തി യ സ്മൃതി ഇറാനി തെരഞ്ഞെടുപ്പു കമ്മീഷനെയും സര്‍ക്കാരിനെയും കബളിപ്പിക്കുകയായിരുന്നു. ഡൽ ഹിയിലെ കേജ്രിവാൾ മന്ത്രി സഭയിൽ ഇതുപോലെ ഒരു വ്യാജബിരുദക്കാരൻ മന്ത്രി ഉണ്ടെന്നു അറി ഞ്ഞ ഉടൻ അയാളെ അറസ്റ്റ് ചെയ്യുകയും ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി ജയിലിൽ അടക്കുകയും ചെയ്ത കേന്ദ്ര പോലീസും കേന്ദ്ര ആഭ്യന്തര വകുപ്പും,കോടതി കേസ്സുണ്ടെന്നു പറഞ്ഞിട്ടും ഈ വ്യാജ ബിരുദക്കാരിയ്ക്കെതിരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.സാമ്പത്തിക കുറ്റവാളിയും ഭൂലോക ക്രിമിനലുമായ ലളിത് മോഡിക്കു വേണ്ടി ഭരണ സ്വാധീനം ദുരുപയോഗപ്പെടുത്തുകയും നിയമ വ്യവസ്ഥയെ അട്ടിമറിക്കുകയും ചെയ്ത സുഷമാ സ്വരാജിനെയും വസുന്ധര രാജ സിന്ധ്യയെ യും സംരക്ഷിക്കുന്ന പ്രധാനമന്ത്രി മോഡിയും ബി.ജെ.പി യും സ്മൃതി ഇറാനിക്കെതിരെ നടപടി കൈക്കൊള്ളുമെന്നു കരുതാൻ പ്രയാസമാണ്‌. യൂണിവേഴ്സിറ്റി പരീക്ഷകള്‍ ഒന്നും പാസ്സായിട്ടില്ലാത്ത അവരെ  തെരഞ്ഞെടുപ്പിലും ജയിക്കാതെയാണ്  മോഡി മന്ത്രിയാക്കിയത്. അത്  തന്നെ ജനാധിപത്യത്തോടുള്ള അവഹേളനമാണ്.

ഒരു സംസ്ഥാന മുഖ്യമന്ത്രിയും കേന്ദ്രത്തിലെ വിദേശകാര്യമന്ത്രിയും ഒരു വ്യക്തിയെ സഹായിക്കുന്നതിനേക്കാൾ എത്രയോ ഗുരുതരവും അപമാനകരവുമാണ്‌ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ ആകെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ട മന്ത്രി വ്യാജവിദ്യാഭ്യാസ രേഖക്കാരിയാണെന്നത്!!രാഷ്ട്രീയ സദാചാരത്തെ കുറിച്ചും ധാർമ്മികതയെ കുറിച്ചും ആർഷപാരമ്പര്യത്തെ പറ്റിയും വാതോരാതെ സംസാരിക്കുന്ന പ്രധാന മന്ത്രിയും സംഘ പരിവാരികളുമാണ്‌ ഈ കള്ളനാണയത്തെ  സംരക്ഷിക്കുവാൻ വ്യഗ്രത കാണിക്കുന്നത്.“സത്യം വദ:,ധർമ്മം ചര:”എന്നു ഉപദേശിച്ച ഋഷികളുടെ നാട്ടിലെ ഭരണ സാരഥിയായി ഇരുന്നുകൊണ്ട് അസത്യം പറയുകയും അധർമ്മം പ്രവർത്തി ക്കുകയും ചെയ്യുന്ന വേതാളങ്ങളെ സഹായിക്കുന്നതിലൂടെ പൂർവ്വസൂരികളെയും സത്യസന്ധരും വിദ്യാഭ്യാസ വിശുദ്ധിയിൽ വിശ്വസിക്കുന്നവരുമായ കോടിക്കണക്കിനു ജനങ്ങളെയും അവഹേളിക്കുകയാണു മോഡി ചെയ്യുന്നത്.സ്മൃതി ഇറാനിക്കു വിദ്യാഭ്യാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും അവർ ഇംഗ്ളീഷിൽ നല്ലവണ്ണം സംസാരിക്കും. അതുകൊണ്ട് അവർ മന്ത്രിസ്ഥാനത്തു തുടരാൻ യോഗ്യയാണ്‌ എന്നാണ്‌ ബി.ജെ.പിക്കാരുടെ വാദം. കള്ളനും കൊലപാതകിയുമായ ആട് ആന്റണിയും ഇംഗ്ളീഷിൽ നല്ല ഭംഗിയായി സംസാരിക്കും എന്നാ ണു പോലീസ് പറയുന്നത്.അതുകൊണ്ട് അയാൾ കള്ളനും കൊലപാതകിയും അല്ലാതാ കുമോ?അയാളെ പിടിച്ചു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആക്കുമോ?ജനാധിപത്യ ഭരണ സംവിധാനത്തിൽ ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളവരേ വിദ്യാഭ്യാസ മന്ത്രിയാകാവൂ എന്ന് ആരും ശഠിക്കുകയില്ല.പക്ഷേ ഇല്ലാത്ത യോഗ്യതകൾ ഉണ്ടെന്നു പറഞ്ഞു ആ സ്ഥാനം തട്ടിയെടുക്കുന്നത് കള്ളത്തരമാണ്‌;വഞ്ചനയാണ്‌.പറയുന്നതും ഹാജരാക്കിയ രേഖകളും വ്യാജമാണെന്നു ബോദ്ധ്യമായിട്ടും അത്തരക്കാരെ സംരക്ഷിക്കുന്നത് അതിനേക്കാൾ വലിയകുറ്റമാണ്‌.“സത്യമേവ ജയതേ”എന്ന ഉപനിഷദ് വാക്യം ഔദ്യോഗിക മുദ്രാവാക്യമായി സ്വീകരിച്ചിട്ടുള്ള ഒരു രാജ്യത്ത് വിശേഷിച്ചും.
.

on the page

Wednesday, June 24, 2015

പുറത്തു വരുന്ന “സോളാർ" സത്യങ്ങൾസോളാർ തട്ടിപ്പു കേസ്സിൽ തട്ടിപ്പുകാരിക്ക് വേണ്ട ഒത്താശകൾ ചെയ്തു കൊടുത്തത്,മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ആണെന്ന് ഏതു കൊച്ചു കുട്ടിക്കും അറിയാവുന്ന കാര്യമാണ്‌.പക്ഷേ ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് തെളിവുകൾ എല്ലാം നശിപ്പിക്കാനും താനും തന്റെ ഓഫീസും ഈ കേസ്സിൽ നിരപരാധികളാണെന്നു വരുത്തി തീർക്കാനും മുഖ്യമന്ത്രിക്കും കൂട്ടാളികൾക്കും കുറേക്കാലത്തേക്ക് സാധിച്ചു.പക്ഷേ പത്തനംതിട്ട ക്കോടതി സരിതയെയും അവളുടെ മുൻ ഭർത്താവ് ബിജു രാധാകൃഷ്ണനെയും ശിക്ഷിച്ചതോടെ സരിതയുടെ അഭിഭാഷകൻ പുറത്താക്കിയ ചില രഹസ്യങ്ങൾ മുഖ്യന്റെ പങ്ക് സംശയാതീതമായി വെളിപ്പെടുത്തു ന്നതാണ്‌.സരിത തട്ടിച്ചെടുത്ത കോടികൾ തിരിച്ചു കൊടുത്തു തീർത്ത് കേസ്സില്ലാതാക്കാൻ സഹായിച്ചത് മുഖ്യമന്ത്രിയാണെന്നാണ്‌ സരിതയുടെ അഭിഭാഷകൻ വെളിപ്പെടുത്തിയത്. സാഹചര്യത്തെളിവുകൾ അഭിഭാഷകൻ പറയുന്നതിനെ സാധൂകരിക്കുന്നതാണ്‌.ജയിലിൽ കിടന്നുകൊണ്ട് ഇത്രയധികം തുക സമാഹരിക്കാൻ ഒരു വെറും സ്ത്രീക്ക് കഴിയില്ല.അതിനു പ്രബലരായ ആരുടെയെങ്കിലും സഹായം വേണം.ആ പ്രബലൻ മുഖ്യൻ ആണെന്ന് പ്രതിപക്ഷം അന്നേ പറഞ്ഞിരുന്നു.ഇപ്പോൾ അതു വാസ്തവമാണെന്നു തെളിഞ്ഞിരിക്കുന്നു.മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.റ്റി.വി ദൃശ്യങ്ങൾ കാണാതാക്കിയും മൊബയിൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താതെയും അധികാരം ദുരുപയോഗം ചെയ്ത് നല്ലപിള്ള ചമയുകയായിരുന്നു മുഖ്യമന്ത്രി ഇതു വരെ.സോളാർ തട്ടിപ്പു പുറത്തു വന്നപ്പോൾ തന്നെ മുഖ്യന്റെ വിശ്വസ്തരും സന്തത സഹചാരാരികളുമായ ജോപ്പനും സലിം രാജും ജിക്കുമോനും ഇതിൽ പ്രതികളാണെന്നു വ്യക്തമാ യി.അപ്പോൾ അദ്ദെഹം പറഞ്ഞത് “ഞാൻ ആരെയും ബലിയാടാക്കി രക്ഷപ്പെടാൻ ശ്രമിക്കില്ല”എന്നാണ്‌.മൂന്നിന്റന്നു തന്നെ ജോപ്പനെ ബലിയാടാക്കി.അടുത്തു ജിക്കുമോനെ.ഏറ്റവും ഒടുവിൽ സലിം രാജിനെയും കൈവിട്ടു.പ്രതിപക്ഷ സമരത്തെ തുടർന്ന് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ മുഖ്യ മന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താ തിരിക്കാൻ ശ്രദ്ധിച്ചു.പക്ഷേ അന്വേഷണ കമ്മീഷൻ ആവ്ശ്യപ്പെട്ടപ്പോൾ ഉൾപ്പെടുത്താൻ നിർബ്ബന്ധിതനായി.എന്നിട്ടു നിയമം നിയമത്തിന്റെ വഴിക്കു പോകും എന്ന് യാതൊരു സങ്കോചവും കൂടാതെ പറഞ്ഞു നടന്നു.രഹസ്യമായി നിയമത്തിനെ അധികാരം ഉപയോഗിച്ചു വഴിമുടക്കിയിട്ടാ യിരുന്നു ഈ ഗീർവാണമത്രയും എന്ന് ഒരോന്നായി വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.നാണമോ മാനമോ ഉണ്ടെങ്കിൽ എത്രയും വേഗം സ്ഥാനമൊഴിയുകയാണു മുഖ്യമന്ത്രി ചെയ്യേണ്ടത്.

കേരളത്തിന്റെ ഭരണ സംവിധാനം മുഴുവൻ സോളാർ തട്ടിപ്പുകാരി യെ രക്ഷിക്കാൻ വേണ്ടി വിനിയോഗിച്ചതിന്റെ തെളിവുകളാണ്‌ ഇന്നു(23.6.2015)അന്വേഷണക്കമ്മീഷൻ മുമ്പാകെ ഹാജരാക്കപ്പെട്ടത്.ഈ തട്ടിപ്പുകാരി ക്രിമിനലിനെ സഹായിക്കാൻ ജയിൽ ഐ.ജി ഉൾപ്പെടെ യുള്ളവർ നടത്തിയ കള്ളക്കളികൾ വ്യക്തമാക്കുന്ന രേഖകളാണ്‌ പുറത്തു വന്നത്.ഈ തട്ടിപ്പുകാരി യെ പാർപ്പിച്ചിരുന്ന അട്ടക്കുളങ്ങര സബ് ജയിലിലെ സന്ദർശക ഡയറിയിലെ താളുകൾ കീറുകയും തിരുത്തുകയും അവൾക്ക് ഇഷ്ടമുള്ളവരെ ഇഷ്ടമുള്ള സമയത്തു കാണാന്‍ സൗകര്യം ചെയ്തു കൊടുക്കു കയും ചെയ്തതിന്റെ തെളിവുകൾ കമ്മീഷനു കിട്ടിയിട്ടുണ്ട്.എ.ഡി .ജി.പിയും ജയിൽ ഐ.ജിയും വരെ അവളെക്കൊണ്ട് പരാതി മാറ്റി എഴുതിക്കാൻ ഇടപെട്ടിട്ടുണ്ടെന്നാണ്‌ അറിയുന്നത്.പ്രതി പക്ഷവും മാദ്ധ്യമങ്ങളും അന്നു തന്നെ ഇതേ വാർത്തകൾ പ്രചരിപ്പിച്ചപ്പോൾ കള്ളമാണെന്നു ആണയിട്ടവരാണു് മുഖ്യമന്ത്രിയും അന്നത്തെ ആഭ്യന്തര മന്ത്രിയും.മാത്രമല്ല ഇന്നലെ വരെ മന്ത്രിമാ രും യു.ഡി.എഫ് നേതാക്കളും വൈതാളികരും പറഞ്ഞിരുന്നത് സോളാർ തട്ടിപ്പ് രണ്ടു വ്യക്തികളുടെ ക്രിമിനൽ മനസ്സിന്റെ സൃഷ്ടിയാണ്‌.അതിൽ മുഖ്യമന്ത്രിക്കോ സർക്കരിനോ യാതൊരു ഉത്തരവാ ദിത്വവുമില്ല എന്നാണ്‌.തന്നെ സഹായിക്കുകയും താൻ സഹായിക്കുകയും ചെയ്ത ചില മന്ത്രിമാരുടെ പേരുകൾ തട്ടിപ്പുകാരി വെളിപ്പെടുത്തിയപ്പോൾ,“കുറ്റവാളിയുടെ ജല്പനം”എന്നു മുദ്രകുത്തി നിഷേധിക്കുകയാണു മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ചെയ്തത്.ഇന്ന് അന്വേഷണക്കമ്മീഷൻ മുമ്പാകെ വന്ന രേഖകൾ മുഖ്യനും ആഭ്യന്തരനും ഇന്നേവരെ പറഞ്ഞതെല്ലാം കള്ളമാണെന്നും രണ്ടു ക്രിമിനലുകളെ രക്ഷപ്പെടുത്താൻ ഭരണയെന്ത്രത്തെ മുഴുവൻ ദുരുപയോഗം ചെയ്ത് ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ നിഷേധവും നടത്തിയവരാണെന്നും വ്യക്തമാക്കുന്നു.
Fans on the page

Saturday, May 23, 2015

വി.എസ്സോ ഔദ്യോഗിക നേതൃത്വമോ?ആരാണു പ്രതിസന്ധിയുണ്ടാകുമ്പോൾ യു.ഡി.എഫിന്റെ രക്ഷക്കെത്താറുള്ളത്?പാർട്ടിയിൽ വിഭാഗീയത വളർത്തുന്ന പ്രസ്താവനകളും നടപടികളും ചെയ്യുന്നതാരാണ്‌? വി.എസ്.അച്യുതാനന്ദനോ ജയരാജ വിജയന്മാരും കരീം ബാലാദികളും അടങ്ങുന്ന ഔദ്യോഗിക പക്ഷമോ?പാർട്ടിയുമായി ബന്ധമില്ലാത്തവരും പാർട്ടിയുടെ ഔദ്യോഗിക കുഴലൂത്തുകാർ അല്ലാത്ത സാധാരണ അംഗങ്ങളും ഒരേസ്വരത്തിൽ ഔദ്യോഗിക നേതൃത്വമാണെന്നേ പറയുകയുള്ളൂ.സി.പി.എം സംസ്ഥാന കമ്മിറ്റി വി.എസ്സിനെതിരേ ഇന്നലെ പുറത്തിറക്കിയ കുറ്റപത്രം തന്നെ ഇതിന്റെ തെളിവാണ്‌.മലബാർ സിമന്റ്സിന്റെ മുൻ എം.ഡി. മജിസ്ട്രേറ്റ് മുമ്പാകെ 164 ആം വകുപ്പനുസരിച്ചു നല്കിയ മൊഴിയിൽ മുൻ വ്യവസായമന്ത്രി എളമരം കരീമിന്നു ചാക്ക് രാധാകൃഷ്ണൻ രൂപ കൊടുത്തെന്നും മറ്റുമുള്ള ആരൊപണങ്ങൾ ഉള്ള സ്ഥിതിക്ക് കരീമിനെതിരെ അന്വേഷണം നടത്തുകയും കേസ്സെടുക്കുകയും ചെയ്യെണ്ടേ എന്ന പത്രക്കാരുടെ ചോദ്യത്തിനു,“നിങ്ങൾക്കിപ്പോൾ കരേമിനെതിരെ കേസ്സെടുക്കണം എന്ന് എന്നെക്കൊണ്ടു പറയിക്കണം.അല്ലേ? അതു നടപ്പില്ല”എന്നാണു വി.എസ്.ആദ്യം മറുപടി നല്കിയത്.164 അനുസരിച്ച് കോടതിയിൽ നല്കിയ മൊഴിയനുസരിച്ചു കേസ്സിടുക്കണ്ടേ എന്ന ആവർത്തിച്ചുള്ള ചോദ്യം വന്നപ്പോഴാണ്‌ ‘കേസ്സെടുക്കണം;എനിക്കെതിരേ ആയാലും കേസ്സെടുക്കണം’ എന്ന് അദ്ദേഹം പറയുന്നത്.ബാർ കോഴ ആരോപണത്തിൽ 164 അനുസരിച്ച് ബിജു രമേശ്  എക്സൈസ് മന്ത്രി കെ.ബാബുവിനെതിരേ നല്കിയ മൊഴിയുടെ വെളിച്ചത്തിൽ കേസ്സെടുക്കണമെന്ന് ആവശ്യപ്പെട്ട വി.എസ്സിന്‌ അങ്ങനെയേ പറയാൻ പറ്റൂ.അതാണ്‌ അന്തസ്സുള്ള രാഷ്ട്രീയ നേതാവ് ചെയ്യേണ്ടതും.അത്തരം ഒരു മറുപടി കൊടുത്ത അദ്ദേഹത്തെ അഭിനന്ദിക്കുന്നതിനു പകരം അവഹേളിക്കുവാനും അച്ചടക്കമില്ലാത്തവനെന്ന് കുറ്റം ചാർത്താനുമാണ്‌ സംസ്ഥാന നേതൃത്വം തുനിഞ്ഞത്.കരീമിന്റെ പേർ മൊഴിയിൽ ഉണ്ടെന്നു കേട്ട ഉടനെ പത്രക്കുറിപ്പു വഴിയോ പത്ര സമ്മേളനം നടത്തിയോ അദ്ദേഹത്തിനെതിരെ അന്വേഷണവും കേസ്സും വേണമെന്ന് വി.എസ്.ആവശ്യപ്പെട്ടിട്ടില്ല.കരീമിനെതിരേ കേസ്സെടുക്കണമെന്നു വിളിച്ചു കൂവിയ യു.ഡി.എഫ് നേതൃത്വം അതേ സ്ഥിതിയിലുള്ള കെ. ബാബുവിനെതിരേ കേസ്സു വേണ്ടെന്നു പറയുന്നതിലെ അപഹാസ്യതയും പക്ഷപാതിത്വവും ചൂണ്ടിക്കാട്ടാൻ വി.എസിന്റെ പ്രസ്താവനയെ ആയുധമാക്കേണ്ട അവസരമാണ്‌ വിഭാഗീയതയുടെ വിഷം തീണ്ടിയ സംസ്ഥാന നേതൃത്വം നഷ്ടപ്പെടുത്തിയത്.

സി.പി.എമ്മിന്റെ പാർട്ടി കോൺഗ്രസ്സിന്റെയും സംസ്ഥാന സമ്മേളനത്തിന്റെയും തീരുമാനങ്ങൾക്ക് കടകവിരുദ്ധമായി,ലീഗിനെ ഇടതു മുന്നണിയിൽ ഉൾക്കൊള്ളിക്കുമെന്ന്  ഇ.പി.ജയരാജൻ പത്രക്കാരോടു പറഞ്ഞിട്ടു യാതൊരു കുഴപ്പവും സംസ്ഥാന നേതൃത്വത്തിനു തോന്നിയില്ല.വീരേന്ദ്ര കുമാർ അങ്ങോട്ടു ചെന്നു വി.എസ്സിനെ കണ്ടതു മഹാ പാതകവും. ഇതല്ലേ വിഭാഗീയത?

യു.ഡി.എഫ്,വിശേഷിച്ചു മുസ്ലീം ലീഗ് പ്രതിസന്ധിയിൽ ആകുമ്പോഴെല്ലാം രക്ഷകരായി എത്തിയിട്ടുള്ളവർ ആരാണെന്ന് മാലോകർക്കറിയാം.ഇപ്പോഴും ലീഗിനെ ആശ്ളേഷിക്കുവാൻ തക്കം പാർത്തു കഴിയുന്ന സ്വന്തം ഗ്രൂപ്പുകാർ ചെയ്യുന്ന പാർട്ടിവിരുദ്ധ,മുന്നണി വിരുദ്ധ പ്രവർത്തനങ്ങൾ കാണാതിരിക്കുകയും വി.എസ് തിരിഞ്ഞിരുന്നാൽ പാർട്ടി വിരുദ്ധപ്രവർത്തനമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നത് ആണോ പാർട്ടി അച്ചടക്കം?
മുമ്പ്, ഇതുപോലെ സൂര്യനെല്ലി പെൺ വാണിഭ കേസ്സിൽ നിന്നും പി.ജെ.കുര്യനെ രക്ഷിക്കാൻ വേണ്ടി അന്ന് മുഖ്യമന്ത്രി ആയിരുന്ന എ.കെ.നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്ന പി. ശശിയും അഡ്വക്കേറ്റ് ജനറൽ ആയിരുന്ന എം.കെ. ദാമോദരനും ചേർന്നു നടത്തിയ കള്ളക്കളികൾ,പാർട്ടി അംഗവും പ്രമുഖ അഭിഭാഷകനുമായിരുന്ന ജി.ജനാർദ്ദനക്കുറുപ്പ് തന്റെ ആത്മകഥയിൽ അക്കമിട്ടു നിരത്തിയിട്ടുണ്ട്.പി.ശശി പിന്നീടു പെണ്ണുകേസ്സിൽ പിടിക്കപ്പെട്ടപ്പോൾ അയാളെ സംരക്ഷിക്കാൻ അവസാനം വരെ ശ്രമിച്ചത് ജയരാജ വിജയന്മാരും കോടിയേരിയും ഉൾപ്പെട്ട ഔദ്യോഗിക നേതൃത്വമാണ്‌.പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ടെങ്കിലും ഇപ്പോഴും അയാളെ സഹായിക്കുന്നതിൽ ഇവർ പരസ്പരം മത്സരിക്കുകയാണു്.

എളമരം കരീമിനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന വി.എം.സുധീരന്റെയും കെ.പി.സി.സിയുടെയും ആവശ്യത്തെ നിരാകരിക്കുന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചതിന്നു പിന്നിൽ അന്വേഷണം ഉണ്ടായാൽ കുഞ്ഞാലിക്കുട്ടിയും കുടുങ്ങും എന്ന ഭയമാണുള്ളത്.അപ്പോൾ യുഡി എഫിനെ സഹായിക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്നത് വി.എസ് അല്ല ഔദ്യോഗിക നേതൃത്വമാണെന്നു വ്യക്തമല്ലേ?

Fans on the page

Sunday, May 17, 2015

പണമുണ്ടെങ്കിൽ.....


പണമുണ്ടെങ്കിൽ പലതും ചെയ്യാം:
പാലു കുടിക്കാം ;കള്ളു കുടിക്കാം
പാതയ്ക്കരുകിലുറങ്ങുന്നവരുടെ
മീതേ കാറു കയറ്റിക്കൊല്ലാം
പാതകമങ്ങനെ പലതും ചെയ്യാം
പേടിക്കേണ്ടൊരു കൂശിക മകനേം.
കോടതി ശിക്ഷ വിധിച്ചാലുടനേ
നേടാം ജാമ്യം; മരവിപ്പിക്കാം
കോടതി നല്കിയ തടവും പിഴയും;
തേടാമിരയെ കൊല്ലാൻ വീണ്ടും.
കൊള്ളയടിക്കാം നാടിൻ സമ്പ-
ത്തെള്ളോളം ഭയമായതിൽ വേണ്ടാ.
ബാറു,തിയേറ്റർ,ഷോപ്പിങ്ങ് മാളുകൾ,
കാറുകൾ,ബംഗ്ളാ,വെസ്റ്റേറ്റുകളും
കൊള്ളക്കാശാൽ വാങ്ങി സുഖിക്കാം
കേസ്സും കുറ്റവുമില്ലാതാക്കാം
കേറുകവേണ്ടി വരില്ലൊരു ജയിലും.
കുറ്റവിമുക്തപ്പട്ടം നല്കാൻ
ക്യൂവിൽ നില്ക്കും കോടതി പോലും.
മന്ത്രിപ്പദവിയുമനുബന്ധങ്ങളു
മെന്തും നേടാം പണമുണ്ടെങ്കിൽ.
Fans on the page

Tuesday, April 14, 2015

കണിക്കൊന്ന കരയുന്നു
ആഹ്ലാദത്തിൻ പൂത്തിരി കത്തി--
ച്ചൈശ്വര്യത്തിൻ കണികാണാൻ
തല്ലിയൊടിക്കുന്നെൻ തല,കൈയ്യുകൾ
കാലുകൾ, കൊമ്പുകൾ.
മാനക്കേടും വേദനയുംകൊ--
ണ്ടുള്ളം നീറിപ്പുകയുമ്പോൾ
കൊന്നപ്പൂവിൻ ഭംഗിയെ വാഴ്ത്തും
കാപട്യത്തിനു നല്ല നമസ്കാരം.
പുഷ്പശവത്തെ കണികണ്ടിട്ടോ
പുണ്യം കിട്ടുക? ചൊല്ലുക
കാരുണ്യത്തിൻ
കണികയുമില്ലാ ഭക്തന്മാരേ?


Fans on the page

Monday, March 30, 2015

ഉപേക്ഷിക്കേണ്ടത് സബ്സിഡിയോ നികുതിയിളവോ?


പണക്കാർ പാചകവാതക സബ്സിഡി സ്വമേധയാ ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി മോഡി ഉപദേശിച്ചിരിക്കുന്നു.പണക്കാർ എന്നുദ്ദേശിക്കുന്നത് പ്രതിവർഷം എത്ര രൂപ വരുമാനമുള്ളവരെയാണെന്ന് പക്ഷേ പ്രധാനമന്ത്രി പറയുന്നില്ല.ക്രൂഡോയിലിന്റെ വില കുറഞ്ഞതിനാൽ ലോകം മുഴുവൻ പെട്രോളിനും പെട്രോളിയം ഉല്പന്നങ്ങൾക്കും വില താഴ്ന്നിട്ടും അവയുടെ വിലകുറയ്ക്കാൻ, കോടിക്കണക്കിനു രൂപയുടെ ലാഭം വർഷം തോറുമുണ്ടാക്കുന്ന വൻ കിട ഓയിൽ കമ്പനികളോടു ആവശ്യപ്പെടാത്ത പ്രധാനമന്ത്രി മറ്റുള്ളവർ  അവർക്കു ലഭിക്കുന്ന നാമമാത്ര സബ്സിഡിയും പരിത്യജിക്കണമെന്ന് അഭ്യർത്ഥിക്കുന്നതിന്റെ യുക്തി തീരെ മനസ്സിലാകുന്നില്ല.ഭരണത്തിൽ കയറുന്നതിനു മുമ്പ് ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലൊ പറഞ്ഞിരുന്നത്.

പണ്ട് ഇന്ത്യാ പാക് യുദ്ധം നടന്നപ്പോൾ ഓരോ ഇന്ത്യാക്കരനും ഒരു ദിവസത്തെ അത്താഴം ഉപേക്ഷിക്കണമെന്നും അങ്ങനെ കിട്ടിന്ന തുക രാജ്യരക്ഷാ ഫണ്ടിലേക്ക് നല്കണമെന്നും പ്രധാനമന്ത്രി ആയിരുന്ന ലാൽ ബഹദൂർ ശാസ്ത്രി അഭ്യർത്ഥിച്ചപ്പോൾ അന്നു വിദ്യാർത്ഥികളായിരുന്ന ഞങ്ങളുടെ തലമുറ ഉൾപ്പെടെയുള്ള ഇന്ത്യാക്കാർ അക്ഷരം പ്രതി ആ അഭ്യർത്ഥന ചെവിക്കൊൾകയുണ്ടായി.കാരണം അതു രാജ്യത്തിനു വേണ്ടിയുള്ള ആഹ്വാനമായിരുന്നു.അല്ലാതെ ഇപ്പോഴത്തെപ്പോലെ കോർപ്പറേറ്റുകളുടെ ലാഭം വർദ്ധിപ്പിക്കാൻ നടത്തുന്ന ഉപദേശമായിരുന്നില്ല.പ്രധാനമന്ത്രി ആയതു തന്നെ ഉലകം ചുറ്റാനാണെന്നു തോന്നും വിധം മാസത്തിൽ രണ്ടും മൂന്നും വിദേശ യാത്ര നടത്തുന്ന മോഡിജി തന്റെ ലോക സഞ്ചാരഭ്രമം ഉപേക്ഷിച്ചാൽ തന്നെ സാധാരണക്കരന്റെ പിച്ച ചട്ടിയിൽ കയ്യിട്ടു വാരി കിട്ടുന്നതിനേക്കാൾ വലിയ സംഖ്യ ഖജനാവിൽ മിച്ചമുണ്ടാകും.

ധനവാന്മാർ സബ്സിഡി ഉപേക്ഷിച്ചാൽ 100 കോടി ഉറിപ്പിക സർക്കാരിനു ലാഭമുണ്ടാകും എന്നാണു മോഡി പറയുന്നത്.വൻ കിട ഓയിൽ കമ്പനികളുടെ നികുതിക്കുടിശ്ശികകൾ എഴുതിത്തള്ളുക വഴി ആയിരക്കണക്കിനു കോടികളാണു സർക്കാരിനു നഷ്ടം ഉണ്ടാകുന്നതു. കോർപ്പറേറ്റുകൾക്ക് സൗജന്യം ചെയ്തതിന്റെ ക്ഷീണമകറ്റാൻ സാധാരണക്കാരൻ ദാനം കൊടുക്കണമെന്ന നിലപാടിൽ നിന്നും സർക്കാരിനു ആരോടാണു കൂറെന്നു വ്യക്തമല്ലേ?രണ്ടു നേരം പട്ടിണി കിടന്നിട്ടാണു ശാസ്ത്രി ഒരുനേരം ഭക്ഷണമുപേക്ഷിക്കണമെന്നു ജനങ്ങളോട് പറഞ്ഞത്.അതുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ അഭ്യർത്ഥന ഇന്ത്യൻ ജനത മാനിച്ചത്.തന്നെക്കാൾ ഒട്ടും മേലെയല്ലാത്ത ഒരു വിദേശ രാജ്യത്തലവന്റെ മുമ്പിൽ 10 ലക്ഷം രൂപയുടെ കോട്ടുമിട്ടു ഞെളിഞ്ഞ പ്രധാനമന്ത്രിയുടെ സബ്സിഡി പരിത്യജിക്കാനുള്ള അഭ്യർത്ഥനയ്ക്കു പിന്നിലെ ‘ആത്മാർത്ഥത’ ശരാശരി ഭാരതീയനു മനസ്സിലാകും;വിധേയന്മാരല്ലാത്ത പണക്കാർക്കും.  


Fans on the page

Wednesday, March 25, 2015

എങ്ങനെയും ജയിക്കണം

ജി. കാർത്തികേയൻ മരിച്ചതിനാൽ ഒഴിവു വന്ന അരുവിക്കര മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുന്നതിനു അദ്ദേഹത്തിന്റെ ഭാര്യ ഡോ.സുലേഖയെ പ്രേരിപ്പിക്കാൻ ൻ(നിർബ്ബന്ധിക്കാൻ എന്നാണു പത്ര പ്രയോഗം)  മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും ആഭ്യന്തരമന്ത്രിയും എല്ലാം കൂടി കാർത്തികേയന്റെ വസതിയിൽ പോയത് ഇന്നത്തെ പ്രധാന വാർത്തകളിൽ ഒന്നാണ്‌.ഭർതൃവിയോഗത്തിൽ ദു:ഖിതയായ അവരെ ആശ്വസിപ്പിക്കേണ്ട സമയത്ത് സ്ഥാനാർത്ഥിയാകാൻ നിർബ്ബന്ധിക്കാൻ പോയ കോൺഗ്രസ്സ് നേതാക്കൾക്ക് “അനൗചിത്യ ചക്രവർത്തി” പുരസ്ക്കാരമോ “പരപീഡക കിരീട”മോ നല്കി ആദരിക്കേണ്ടതാണ്‌.ശ്രീ.കാർത്തികേയൻ സ്പീക്കറായി സ്തുത്യർഹമാം വണ്ണം നിയന്ത്രിച്ചിരുന്ന നിയമസഭയിൽ,അദ്ദേഹത്തിന്റെ ചിതയിലെ തീ അണയും മുമ്പ് ലഡു വിതരണം ചെയ്ത് ആഹ്ലാദം പ്രകടിപ്പിക്കുകയും പിൻ വാതിലിലൂടെ കള്ളനെപ്പോലെ വന്ന് എന്തൊ പിറുപിറുത്ത കെ.എം.മാണിയെ ചുംബിച്ചു തിമർത്തതിനെ ന്യായീകരിക്കുകയും ചെയ്ത മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇത്തരം ക്രൂരകൃത്യത്തിനു മുതിർന്നതിൽ അത്ഭുതമില്ല.പക്ഷേ ആദർശത്തിന്റെ ആൾ രൂപമെന്ന് അനുയായികൾ വാഴ്ത്തുന്ന വി.എം.സുധീരൻ ഈ ഹൃദയശൂന്യരോടൊപ്പം ചേർന്നത് മോശമായിപ്പോയി.

പ്രവർത്തിച്ച മേഖലകളിലൊക്കെ കഴിവു തെളിയിച്ച വ്യക്തിയാണ്‌ ഡോ. സുലേഖ  .ആ നിലക്ക് രാഷ്ട്രീയത്തിലും അവർ ശോഭിക്കും എന്നത് തർക്കമില്ലാത്ത കാര്യമാണ്‌.രാഷ്ട്രീയത്തിൽ പ്രവർത്തിച്ച് കഴിവു തെളിയിച്ച എത്രയോ പേർ കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾതന്നെയുണ്ട്.അവരിൽ പലരും അരുവിക്കര മണ്ഡലത്തിൽ മത്സരിക്കാൻ യോഗ്യരുമാണു്.അവരെ ആരെയും പരിഗണിക്കാതെ സുലേഖ തന്നെ മത്സരിക്കണം എന്ന് നേതാക്കൾ വാശിപിടിക്കുന്നതിനു പിന്നിൽ കാർത്തികേയനോടുള്ള സ്നേഹമോ ആദരവോ അല്ല അദ്ദേഹത്തിന്റെ ആകസ്മികവിയോഗം സൃഷ്ടിച്ച സഹതാപം വോട്ടാക്കി മാറ്റാനുള്ള രാഷ്ട്രീയക്കച്ചവട ലാക്കു മാത്രമാണുള്ളത്.ഇന്ദുലേഖയെ മോഹിച്ചു വന്ന സൂരി നമ്പൂതിരിപാട് ഒടുവിൽ ഇന്ദുലേഖയുടെ തോഴിയെ ആയാലും മതി എന്ന് പറഞ്ഞതു പോലെ ഡോ. സുലേഖയ്ക്കു വയ്യെങ്കിൽ അവരുടെ മക്കളിൽ ഒരാൾ സ്ഥാനാർത്ഥിയായാലും മതി എന്ന് നേതാക്കൾ സൂചിപ്പിച്ചതിൽ നിന്നു തന്നെ അതു വ്യക്തമാണ്‌.കുടുംബ വാഴ്ചയുടെ തിക്ത ഫലം എത്ര അനുഭവിച്ചിട്ടും പഠിക്കാത്ത കോൺഗ്രസ്സ് പാർട്ടിയെ ഓർത്ത് നമുക്കു സഹതപിക്കാം.ഒപ്പം രാഷ്ട്രീയ ലാഭം നോക്കി മനുഷ്യത്വം മറക്കുന്ന നേതാക്കളെ ഓർത്തും.
“ലോകാനുരാഗമിയലാത്തവരേ നരന്റെ--
യാകാരമാർന്നിവിടെ നിങ്ങൾ ജനിച്ചിടായ് വിൻ...”
എന്നു കുമാരനാശാൻ പാടിയത് ഈ നേതാക്കന്മാരെ കുറിച്ചായിരിക്കും.

Fans on the page

Saturday, January 10, 2015

ശ്രീലങ്കന്‍ ചരിത്രവും ഇതിഹാസവും

മൈത്രിപാല സിരിസേന ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് ആകുമ്പോൾ ഓർമ്മ വരുന്നത് രാമായണത്തിലെ യുദ്ധകാണ്ഡമാണ്‌.ആദ്യം മുതല്ക്കു തന്നെ രാവണന്റെ അതിക്രമങ്ങളോട് വിപ്രതിപത്തി പ്രകടിപ്പിച്ചിരുന്ന അനിയൻ വിഭീഷണൻ,സീതാപഹരണത്തിനു ശേഷം ചേട്ടനിൽ നിന്നും പൂർണ്ണമായി അകന്നുപോയി.ഒടുവിൽ സീതയെ വീണ്ടെടുക്കാൻ രാവണനുമായി യുദ്ധത്തിനെത്തിയ ശ്രീരാമന്റെ പക്ഷം ചേരുകയും ചെയ്തു .കൂറുമാറ്റത്തിന്റെ  ഈ ഇതിഹാസ കഥയ്ക്കു സമാനമാണു നിർണ്ണായക ഘട്ടത്തിൽ രാജപക്ഷെയെ വിട്ടു മറുകണ്ടം ചാടിയ സിരിസേനയുടെ വിജയ ചരിത്രം.ഒരു വ്യത്യാസം മാത്രം:തമിഴ് പുലികളെ അമർച്ച ചെയ്യുക തുടങ്ങിയ എല്ലാ നടപടികൾക്കും രാജപക്സയ്ക്കൊപ്പം നിന്നു പ്രവർത്തിക്കുകയും ഭരണത്തിന്റെ എല്ലാ സൗകര്യങ്ങളും ആസ്വദിക്കുകയും ചെയ്ത ആളാണു് മൈത്രിപാല സിരിസേന.വിഭീഷണൻ ഒരിക്കലും സീതാപഹരണത്തെയോ രാവണന്റെ അക്രമപ്രവൃത്തികളെയോ അനുകൂലിച്ചി രുന്നില്ല.മാത്രമല്ല സീതയെ തിരികെ കൊണ്ടു വിടാൻ രാവണനെ ഉപദേശിക്കുക പോലും ചെയ്തു.ആദികവിയുടെ കാവ്യ ഭാവനയും ക്രാന്ത ദർശിത്വവും എത്ര ഉഗ്രം!!കൂറുമാറ്റത്തിന്റെ ആദിമ കഥയ്ക്കു ശ്രീലങ്കയെ വേദിയാക്കിയതു കൂടി ഓർക്കുമ്പോൾ ആ കവന വൈഭവത്തിനു മുമ്പിൽ ആരും നമിച്ചു പോകും.ചതിയും വഞ്ചനയും അധികാരദുരയും എത്ര നൂറ്റാണ്ടു കഴിഞ്ഞാലും മനുഷ്യകുലത്തിൽ നിലനില്ക്കുമെന്നും പുതിയ ശ്രീലങ്കൻ തെരഞ്ഞെടുപ്പു യുദ്ധ പരിണാമം നമ്മെ പഠിപ്പിക്കുന്നു

Fans on the page