Total Pageviews

Sunday, December 14, 2014

മാണി രാജി വയ്ക്കണം

ബാർ മുതലാളിമാരിൽ നിന്ന് ഒരു കോടി രൂപാ കോഴ വാങ്ങി എന്ന ആരോപണം പ്രഥമ ദൃഷ്ട്യാ തെളിഞ്ഞതിനെ തുടർന്ന് ധനകാര്യമന്ത്രി കെ.എം.മാണിയെ മുഖ്യപ്രതിയാക്കി വിജിലൻസ് കേസ്സെടുത്തി രിക്കുകയാണ്‌.മാണിയെ പ്രതിയാക്കിയ പ്രഥമ വിവര റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷമാണു കേസ്സുണ്ടെന്നു കണ്ടെത്തിയതും പ്രഥമവിവര റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതും.ആ സ്ഥിതിക്ക് മാണി മന്ത്രിയായി തുടരുന്നത് അധാർമ്മികമാണ്‌.ജനാധിപത്യ ഭരണത്തിനു തന്നെ കളങ്കമാണ്‌.ഒരു ട്രയിൻ അപകടമുണ്ടായതിന്റെ പേരിൽ റയിൽ വേ മന്ത്രി ആയിരുന്ന ലാൽ ബഹദൂർ ശാസ്ത്രി മന്ത്രിസ്ഥാനം രാജിവച്ച ചരിത്രമുള്ള നാടാണിത്.മാണി, ശാസ്ത്രിയെപ്പോലെ ധാർമ്മിക ബോധമുള്ള ആളാണെന്നു ആരും പറയില്ല.അതുകൊണ്ട് ട്രഷറി പൂട്ടിയതിന്റെ ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിവക്കണമെന്ന ആവശ്യം ആരും ഉന്നയിക്കില്ല.പക്ഷേ പ്രതിപ്പട്ടികയിൽ മുഖ്യ പേരുകാരനായി വന്ന നിലക്ക് മന്ത്രിയായി തുടരുന്നത് നിയമപരമായിതന്നെ തെറ്റാണ്‌.ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌.ഭരണഘടനയെ അവഹേളിക്കലാണ്‌.

1967ലെ ഇ.എം.എസ് മന്ത്രിസഭയിലുണ്ടായിരുന്ന എമ്മെനും റ്റി.വി.തോമസ്സിനുമെതിരേ ഉണ്ടായ ആരോപണങ്ങളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നു പറഞ്ഞ് അന്നത്തെ മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച ഉടനെ എമ്മനും റ്റിവിയും രാജിവച്ച കീഴ് വഴക്കം കേരളത്തിൽ തന്നെയുണ്ട്.ഒരു അന്വേഷണവും നടത്താതെയാണ്‌ നമ്പൂതിരിപ്പടിന്റെ പ്രഥമദൃഷ്ടി സഹമന്ത്രിമാരിൽ കുറ്റം കണ്ടു പിടിച്ചത്.എന്നിട്ടും അന്വേഷണത്തിനു ഉത്തരവിട്ടപ്പോഴേ അവർ രാജി വച്ചു.ഇപ്പോഴാകട്ടെ,മാണി കൂടി ഉൾപ്പെട്ട സർക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജൻസി ചട്ടപ്രകാരം നടത്തിയ ആദ്യാന്വേഷണത്തിൽ തന്നെ പ്രതി ചേർക്കാനുള്ളത്ര കുറ്റം അദ്ദേഹത്തിൽ കണ്ടെത്തിയിരിക്കുന്നു.എന്നിട്ടും  താൻ രാജി വയ്ക്കില്ല എന്നാണു മാണി പറയുന്നത്.അദ്ദേഹത്തിന്റെ പാർട്ടിയും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും എല്ലാം അതേ പല്ലവി ആവർത്തിക്കുന്നു.മാണിയിൽ നിന്നും രാജി ആവശ്യപ്പെടേണ്ട മുഖ്യമന്ത്രി തന്നെ അദ്ദേഹം രാജിവക്കേണ്ട എന്നാണു പറയുന്നത്.അദ്ദേഹം അങ്ങനെയേ പറയൂ. കാരണം ഇതിനേക്കാൾ പതിന്മടങ്ങു അഴിമതി ആരോപണങ്ങൾ നേരിടുന്ന ആളാണു അദ്ദേഹം.ഹൈക്കോടതി മുതൽ സുപ്രീം കോടതി വരെ പ്രതികൂല വിമർശനം ഉയർത്തിയിട്ടും കൂസാതെ ഇരിക്കുന്ന ആളാണു മുഖ്യൻ.അദ്ദേഹത്തിനു മാണിയെ രാജിവക്കാൻ നിർബ്ബന്ധിക്കനോ ഉപദേശിക്കാനോ അപേക്ഷിക്കാനോ ഉള്ള യാതൊരു യോഗ്യതയും ഇല്ല.അതിനുള്ള ധൈര്യവുമില്ല.

പക്ഷേ നികുതിദായകരായ സാമാന്യ ജനങ്ങൾക്ക് അഴിമതിക്കാരനായ ഒരു മന്ത്രി രാജി വയ്ക്കണമെന്നു പറയാൻ നിയമ പരമായും ധാർമ്മികമായും അവകാശമുണ്ട്.Fans on the page

Tuesday, December 9, 2014

അച്യുതമേനോനു നേരേ....

സി.പി.എമ്മിലെ വിഭാഗീയസംഘട്ടനത്തിൽ നിന്നു ജനശ്രദ്ധ തിരിക്കാനായി വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും ചേർന്ന് സ: അച്യുതമേനോനു നേരേ പുലയാട്ടുമായി അണികൾക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.അദ്ദേഹം നല്ല കമ്യൂണിസ്റ്റോ നല്ല ഭരണാധികാരിയോ ആയിരുന്നില്ല പോലും!സ:സി.അച്യുതമേനോൻ നല്ല കമ്യൂണിസ്റ്റും കഴിവുറ്റ മുഖ്യമന്ത്രിയും ആയിരുന്നു എന്നതിന്‌ അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല.അച്യുതമേനോൻ മരിച്ചപ്പോൾ പോലും അദ്ദേഹത്തെപ്പറ്റി നല്ല വാക്കു പറയാതെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഇ.എം.എസ്.നമ്പൂതിരിപ്പടിന്റെ പാരമ്പര്യമാണു അച്യുതാനന്ദനും വിജയനുമുള്ളത്.പാർട്ടിയും ജനങ്ങളും സ്വർണ്ണത്താലത്തിൽ വച്ചു രണ്ടു പ്രാവശ്യം മുഖ്യമന്ത്രിപ്പട്ടം നല്കിയിട്ടും രണ്ടു പ്രാവശ്യവും കഴിവുകെട്ടവനെന്നു തെളിയിച്ച നമ്പൂതിരിപ്പാടിനും അദ്ദേഹത്തിന്റെ ശിഷ്യന്മാർക്കും ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല മുഖ്യമന്ത്രി ആണെന്നു തെളിയിച്ച അച്യുതമേനോനോട് അസൂയയും കുശുമ്പും ഒക്കെ തോന്നുക സ്വാഭാവികമാണു്.പക്ഷേ അതുകൊണ്ട് സത്യം സത്യമല്ലതാകില്ല.

അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ അച്യുതമേനോൻ മന്ത്രിസഭയുടെ കാലാവധി അവസാനിക്കാൻ 4 മാസം മാത്രമാണുണ്ടായിരുന്നത്.അതിനു മുമ്പുതന്നെ,പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടിയും കൂടി അഴിച്ചുവിട്ട ട്രാൻസ്ഫോമർ കത്തിക്കൽ,ട്രാൻസ്പോർട്ട് ബസ് തീ വയ്ക്കൽ തുടങ്ങിയ അക്രമസമരങ്ങളെ അതിജീവിച്ച് സംസ്ഥാനത്തിനും ജനങ്ങൾക്കും ഉപകാരപ്രദമായ പല നടപടികളും ചെയ്തുകഴിഞ്ഞിരുന്നു എന്നത് ചരിത്ര വസ്തുതയാണ്‌.വി.എസ്സിന്റെ മിമിക്രി കൊണ്ടോ വിജയന്റെ വഷളൻപദപ്രയോഗം കൊണ്ടോ ആ ചരിത്ര സത്യത്തെ മറയ്ക്കാൻ കഴിയില്ല.നേതാക്കളുടെ വാക്കുകൾ വേദവാക്യമായി കരുതുന്ന പാവപ്പെട്ട അണികളെ കുറച്ചുകാലത്തേക്ക് ഒരു പക്ഷേ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞേക്കാം.അടിയന്തിരാവസ്ഥക്കാലത്തേറ്റ മർദ്ദനത്തിന്റെ പേരു പറഞ്ഞ് പാർട്ടിയിൽ നിന്ന് കിട്ടാവുന്നതിൽ കൂടുതൽ ആനുകൂല്യങ്ങൾ ഇതിനോടകം നേടിയില്ലേ പിണറായി.ഇനിയെങ്കിലും ഈ പുളിച്ചു തികട്ടൽ പ്രകടനം നിർത്തിക്കൂടെ?

അടിയന്തിരാവസ്ഥക്കാലത്ത് തനിക്കു മേലു നൊന്തതിനെപ്പറ്റി ഇപ്പൊഴും പറഞ്ഞു വിലപിക്കുന്ന വിജയനു്,ഒരടിയന്തിരാവസ്ഥയും ഇല്ലാഞ്ഞ കാലത്ത്,കൃത്യമായിപ്പറഞ്ഞാൽ 1970 ജനുവരി 21 നു,കണ്ണൂർബസ്സ്റ്റാന്റിൽ നിന്ന് 50 ൽ ഏറെ യാത്രക്കാരുമായി പുറപ്പെട്ട ബസ്സിലെ ഒരാളെപ്പോലും പുറത്തിറങ്ങാൻ അനുവദിക്കാതെ തന്റെ അനുയായികളെക്കൊണ്ട്  പെട്രോളൊഴിച്ചു ചുട്ടുകരിപ്പിച്ചതിനു എന്തു ന്യായീകരണമാണുള്ളത്?അച്യുതമേനോനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഇറക്കാൻ നിങ്ങൾ കാട്ടിയ ഇത്തരം നീചകർമ്മങ്ങൾ മറ്റ് ഏതു അതിക്രമത്തിനും മേലെയാണ്‌.അതു ജനങ്ങൾ മനസ്സിലാക്കിയതുകൊണ്ടാണു അടുത്ത പൊതു തെരഞ്ഞെടുപ്പിലും ആ മുന്നണിക്കു ഭൂരിപക്ഷം കിട്ടിയത്.

സ്വാശ്രയ കോളേജുകൾക്കെതിരെ പാർട്ടിക്കാരെയും വിദ്യാർത്ഥികളെയും സമരം ചെയ്യാൻ വിട്ടിട്ട് സ്വന്തം മകളെ ഒരു ആൾദൈവത്തിന്റെ സ്വാശ്രയകോളേജിൽ ചേർത്തു പഠിപ്പിച്ച പിണറായിക്ക് അച്യുതമേനോന്റെ പേരുച്ചരിക്കനുള്ള യോഗ്യത ഉണ്ടോ?മാലോകരെ കബളിപ്പിച്ച് കുബേരയായി തീർന്ന ആൾദൈവത്തിന്റെ കാലുപിടിച്ച് മകൾക്ക് അഡ്മിഷൻ വാങ്ങുകയും ഒരു വൻ കിട മുതലാളിയെ അവളുടെ ലോക്കൽ ഗാർഡിയൻ ആയി നിർദ്ദേശിക്കുകയും ചെയ്ത വിജയനിൽ നിന്നും അച്യുതമേനോനെന്നല്ല രണ്ടു കമ്യൂണിസ്റ്റു പാർട്ടിയിലെയും ഒരു സാദാ അംഗത്തിനുപോലും ഒരു കമ്യൂണിസവും പഠിക്കാനില്ല.കമ്യൂണിസ്റ്റാണെന്നു നെറ്റിക്ക് എഴുതി ഒട്ടിച്ചു നടന്നാൽ കമ്യൂണിസ്റ്റാകില്ല.

അച്യുതമേനോനെ മുഖ്യമന്ത്രിയാക്കിയതു ഇന്ദിരാഗാന്ധിയാണെന്നു വി.എസ്.അച്യുതാനന്ദൻ പറയുന്നത് പിണറായി വിജയന്റെ ഏറ്റവും അവസാനത്തെ പ്രഹരമേറ്റ് ഓർമ്മ നഷ്ടപ്പെട്ടതുകൊണ്ടായിരിക്കണം.സ:പി.കൃഷ്ണപിള്ളയുടെ സ്മാരകം തകർത്തവർ തന്റെ പാർട്ടിയിൽ പെട്ടവരാണെന്നു പാർട്ടി സെക്രട്ടറി കുമ്പസാരിക്കുമ്പോൾ കോൺഗ്രസ്സുകാരാണെന്നു പറഞ്ഞു നടക്കുന്ന വി.എസ്സ്, പിണറായിപ്പേടി മറയ്ക്കാനാണു അച്യുതമേനോനെ പുലഭ്യം പറയുന്നത്.പാർട്ടിയുടെ തലതൊട്ടപ്പനായ സ: പി.കൃഷ്ണപിള്ളയുടെ പ്രതിമയെ പോലും വെറുതെ വിടാത്ത പിണറായിയും വി.എസ്സും സ: അച്യുതമേനോനെ ചീത്ത പറയുന്നതിൽ അത്ഭുതത്തിനവകാശമില്ല.വിദ്യാഭ്യാസത്തിലോ കമ്യൂണിസ്റ്റു സിദ്ധാന്തപാണ്ഡിത്യത്തിലോ ജീവിതലാളിത്യത്തിലോ രാഷ്ട്രീയ വിശുദ്ധിയിലോ ഭരണനൈപുണ്യത്തിലോ സ: അച്യുതമേനൊന്റെ ഏഴയിലത്തു വരാൻ യോഗ്യതയില്ലാത്ത ഇവരുടെ അച്യുതമേനോൻ ഭർത്സനത്തെ ജനം അർഹിക്കുന്ന അവജ്ഞയോടെ തള്ളും.Fans on the page