Total Pageviews

Tuesday, January 25, 2011

തന്ത്രികുമാരന്റെ (കു)തന്ത്രങ്ങള്‍മകരജ്യോതി സംബന്ധിച്ച് പുറത്തു വന്ന വസ്തുതകള്‍ വിശ്വാസികള്‍ക്ക്(കൃത്യമായി പറഞ്ഞാല്‍ അന്ധവിശ്വാസികള്‍ക്ക്)വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.അവരെ യഥാര്‍ത്ഥത്തില്‍ ഞെട്ടിച്ചത് ശബരിമല തന്ത്രി മഹേശ്വരര് തന്നെ ആ സത്യം വെളിപ്പെടുത്തിയതാണ്.പൊന്നമ്പല മേട്ടിലെ ദീപം മനുഷ്യര്‍ കത്തിക്കുന്നതാണെന്നും ആരാണ് കത്തിക്കുന്നതെന്ന് അറിയില്ലെന്നും മകരജ്യോതി ആകാശത്തു തെളിയുന്ന നക്ഷത്രമാണെന്നുമാണ് തന്ത്രി അറിയിച്ചത്.ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് തന്ത്രി സത്യം പറഞ്ഞു പോയത്.പുല്‍ മേട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തന്ത്രിയുടെ വെളിപ്പെടുത്തല്‍ വളരെ പ്രസക്തമാണ്.ധര്‍മ്മ ശാസ്താവിന്റെ ഭക്തനായ അദ്ദേഹത്തിന്റെ പ്രസ്താവന കൊണ്ട് വര്‍ഷങ്ങളായി ദേവസ്വം ബോഡ് നടത്തി വന്ന ഒരു കള്ളക്കളി വെളി
ച്ചത്തായി എന്നതിലപ്പുറം ശബരിമല അയ്യപ്പന് യാതൊരു അപകീര്‍ത്തിയും വരാനില്ല.മാത്രമല്ല അയ്യപ്പനേ ക്കാള്‍ പ്രാധാന്യം മകരജ്യോതിക്കു ഭക്തരും ചാനലുകളും കൊടുക്കുന്ന പ്രവണതക്കു പ്രഹരമേല്പിക്കാനും സാധിച്ചു.

എന്നാല്‍ ഉറങ്ങി എണീറ്റപ്പോഴേക്കും തന്ത്രിക്കു വീണ്ടുവിചാരമുണ്ടായ പോലെ തൊട്ടു പിറ്റേന്ന് പുതിയ
വ്യാഖ്യാനങ്ങളുമായി പത്രസമ്മേളനം നടത്തി.തലേദിവസം പറഞ്ഞതിലെ തെറ്റിദ്ധാരണ നീക്കാന്‍ വേണ്ടിയാണെന്ന് അവകാശപ്പെട്ടായിരുന്നു പത്ര സമ്മേളനമെങ്കിലും ചില ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു ഉദ്ദേശ്യം.മകര വിളക്കും മകരജ്യോതിയും വ്യത്യസ്തമാണെന്ന മുന്‍ നിലപാടുതന്നെ ആവര്‍ത്തിക്കുമ്പോഴും നിരീശ്വര വാദികളും ഹിന്ദു മതവിദ്വേഷികളും കൂടി നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോള്‍ ജ്യോതി സംബന്ധിച്ചുള്ള വിവാദമെന്നു പറയാനാണ് അദ്ദേഹം ഏറെ സമയവും ചെലവിട്ടത്.ഹൈന്ദവ ധര്‍മ്മത്തെയും ക്ഷേത്രാചാരങ്ങളെയും നശിപ്പിക്കുകയാണ് അവരുടെ ഉദ്ദേശ്യമെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.

എന്‍‍.എസ്.എസ്സും വിശ്വകര്‍മ്മ മഹാസഭയും ബിജെപിയും പറഞ്ഞത് ആവര്‍ത്തിക്കുവാന്‍ വേണ്ടി മാത്രമാണ് ഈ പത്രസമ്മേളനമെന്ന് വ്യക്തമാണ്.അത് പോലും സ്വന്തം ഇഷ്ടപ്രകാരമല്ല എന്ന് പത്ര സമ്മേളന ദൃശ്യങ്ങള്‍ റ്റി.വിയില്‍ കണ്ട ആര്‍ക്കും ബോദ്ധ്യമാകും.അദ്ദേഹത്തെ ചെറുമകന്‍ ബന്ദിയാക്കി കൊണ്ടുവന്ന് പറയിക്കുകയായിരുന്നു എന്നും കൂടി മനസ്സിലാകും .നേരത്തെ തയ്യാറക്കി കൊണ്ടുവന്ന കുറിപ്പ് മുത്തച്ഛനെ നോക്കു കുത്തിയാക്കി അയാള്‍ സ്വയം വായിക്കുകയാണ് ചെയ്തത്. മകര വിളക്കിനെ കുറിച്ചു ഒരു ചാനലില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് വെളിച്ചപ്പാടു തുള്ളിയ ഈ തന്ത്രികുമാരന്റെ വാദമുഖങ്ങളെല്ലാം മുത്തച്ഛന്റെ സത്യപ്രസ്താവനയില്‍ തട്ടി പൊളിഞ്ഞ് ഇളിഭ്യനായതിന്റെ ക്ഷീണം തീര്‍ക്കാനായിരിക്കാം അപ്പൂപ്പനെ ബന്ദിയാക്കി പത്രക്കാരുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചത്.

തനിക്കു മാദ്ധ്യമ ശ്രദ്ധകിട്ടാന്‍ വേണ്ടി ഇയാള്‍ എന്തും ചെയ്യും.മുമ്പ്,ജി.സുധാകരന്‍ ദേവസ്വം മന്ത്രിയായിരി ക്കേ അദ്ദേഹത്തിനു ബുദ്ധിയുണ്ടാകാന്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ഹോമം നടത്തിയതും അദ്ദേഹത്തെ അപമാനിക്കാന്‍ നടത്തുന്ന ആ ആഭാസക്രിയയ്ക്ക് ക്ഷണിക്കാന്‍ മന്ത്രിയാപ്പീസില്‍ കയറിചെന്നു പ്രശ്നങ്ങളുണ്ടാക്കിയതും മറ്റും അതിന്റെ തെളിവാണ്.

ഇപ്പോള്‍ പാവം അപ്പൂപ്പനെയും അതിനുവേണ്ടി കരുവാക്കിയതാണെങ്കിലും അവര്‍ സംയുക്തമായും ചില സമുദായ സംഘടനകളും ആര്‍ഷഭാരതത്തിന്റെ സംരക്ഷക പാര്‍ട്ടിയും ഉന്നയിക്കുന്ന പുതിയ ആരോപണംകൗതുകകരമാണ്.മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്നതാണെന്നു, ഭക്തനും ക്ഷേത്രാചാര രക്ഷകനുമായ തന്ത്രി ആദ്യമായി വെളിപ്പെടുത്തുമ്പോള്‍ തലസ്ഥാനത്തിരുന്ന് നിരീശ്വര വാദിയായ മുഖ്യമന്ത്രി സ.വി.എസ് അച്യുതാനന്ദന്‍ പത്രക്കാരോടു പറഞ്ഞത്, അതൊക്കെ വിശ്വാസത്തിന്റെ പ്രശ്നമാണെന്നും ജ്യോതിയുടെ സത്യാവസ്ഥ അറിയാന്‍ ജ്യോത്സ്യന്മാരെയോ ശാസ്ത്രജ്ഞന്മാരെയോ നിയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നുമാണ്.മകരജ്യോതി മനുഷ്യ നിര്‍മ്മിതമാണോ എന്ന ഹൈക്കോടതിയുടെ ചോദ്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് രണ്ടു പേരും ഈ വിധത്തില്‍ പ്ര
തികരിച്ചത്.മനുഷ്യകൃതം ആണെന്ന, തനിക്കറിയാവുന്ന സത്യം,കോടതിയെ പേടിച്ചിട്ടാണെങ്കിലും,
ഈശ്വര വിശ്വാസി വെളിപ്പെടുത്തിയപ്പോള്‍ നിരീശ്വരവാദി ഒഴിഞ്ഞുമാറുകയാണു ചെയ്തത്.

എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നത് എന്ന് ഡോ. സുകുമാര്‍ അഴീക്കോട് വ്യക്തമാക്കിയിട്ടുണ്ട്.
'മകര ജ്യോതി തട്ടിപ്പാണെന്നും വോട്ടു നഷ്ടപ്പെടുമെന്ന ഭയത്താലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ദേവസ്വം വകുപ്പു മന്ത്രിയും മിണ്ടാതിരിക്കുന്നതെന്നും' അദ്ദേഹം പറയുന്നു.വേദാന്ത സാരം മുഴുവന്‍ "തത്ത്വമസി"എന്ന ഗ്രന്ഥത്തിലൂടെ ലളിതമായ ഭാഷയില്‍ മലയാളിക്കു പരിചയപ്പെടുത്തി കൊടുത്ത അദ്ദേഹം നിരീശ്വര വാദിയാണെന്ന് ആരും പറയില്ല.മാത്രമല്ല 'വിശ്വാസത്തിന്റെ പേരു പറഞ്ഞാണ് നേതാക്കള്‍ മൗനം പാലിക്കുന്നതെന്നും ശബരിമല അയ്യപ്പന് മകരജ്യോതിയുടെ കൃത്രിമ മഹത്വം വേണ്ടെന്നും' കൂടി അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.

മനുഷ്യന്‍ കത്തിക്കുന്നതാണ് പൊന്നമ്പലമേട്ടിലെ ജ്യോതി എന്ന് ആദ്യം പറഞ്ഞത് യുക്തി വാദികളാണ്.അന്ന് അവരെ പുലഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയുമാണ് വിശ്വാസികള്‍ ചെയ്തത്.പിന്നീട് അങ്ങനെ പറഞ്ഞത് മന്ത്രി ജി.സുധാകരനാണ്.അതിന്റെ പേരില്‍ വിശ്വാസികളുടെയും തന്ത്രികുടുംബത്തിന്റെയും ശകാരം അദ്ദേഹത്തിനു അന്ന് വേണ്ടുവോളം കിട്ടി.ഒരു മഹാ ദുരന്തമുണ്ടാ
യതിനുശേഷമാണെങ്കിലും സത്യാവസ്ഥ അറിയാന്‍ ഹൈക്കോടതി ശക്തമായി ഇടപെട്ടതു കൊണ്ട് ചുമതലപ്പെട്ടവര്‍ തന്നെ അതു വെളിപ്പെടുത്താന്‍ നിര്‍ബ്ബന്ധിതരായി.സുകുമാര്‍ അഴീക്കോടു സൂചിപ്പിച്ചതു പോലെയുള്ള ഒരു നിസ്സഹായാവസ്ഥയില്‍ പെട്ട് യഥാര്‍ത്ഥ നിരീശ്വര വാദികള്‍ മൗനം ദീക്ഷിച്ചിട്ടും അവര്‍ക്കു നേരേ തന്ത്രിപ്പയ്യനും സാമുദായിക സംഘടനകളും മെക്കിട്ടു കേറാന്‍ തുനിയുന്നതിന്റെ വിശ്വാസ തന്ത്രം എന്തെന്നു മനസ്സിലാകുന്നില്ല.

പണ്ട് ശബരിമല അമ്പലത്തില്‍ തീപിടുത്ത മുണ്ടായപ്പോള്‍ "ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധ വിശ്വാസം കുറയും" എന്നു പറഞ്ഞ സി.കേശവനെ പോലെ ഒരു മുഖ്യമന്ത്രിയോ,ബാബറി മസ്ജിദ് സമുച്ചയത്തില്‍ ആദ്യമായി സീതാ രാമ പ്രതിമകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍,"അവ എടുത്തു സരയൂ നദിയില്‍ എറിയുക" എന്നു പറഞ്ഞ ജവഹര്‍ലാല്‍ നെഹ്രുവിനെ പോലെ ഒരു പ്രധാനമന്ത്രിയോ ഇനി ഉണ്ടാവുക പ്രയാസം.അന്നത്തെ രാഷ്ട്രീയ കാലവസ്ഥയും മേലില്‍ വരുമെന്നു പ്രതീക്ഷിക്ക വയ്യ.അവര്‍ രണ്ടു പേരും കമ്യൂണിസ്റ്റുകാര്‍ ആയിരുന്നില്ല.കോണ്‍ഗ്രസ്സു കാരായ അവര്‍ പറഞ്ഞത്ര തീഷ്ണമായി പോലും ഇപ്പോള്‍ പറയാത്ത കമ്യൂണിസ്റ്റുകാര്‍ എങ്ങനെയാണു മകരവിളക്കു വിഷയത്തില്‍ കുറ്റക്കാരാകുന്നത്?

തന്ത്രിയെ ആരും തോക്കു ചൂണ്ടി ഇല്ലാത്ത കാര്യം പറയിപ്പിച്ചതല്ല.ആരെങ്കിലും തോക്കു ചൂണ്ടിയിട്ടുണ്ടെ
ങ്കില്‍ അത് ഹൈക്കോടതി ജഡ്ജിമാരാണ്.പറഞ്ഞതു സത്യമാണു താനും.ജ്യോതിയും മകര വിളക്കും രണ്ടാണെന്ന് വ്യാഖ്യാനിച്ചത് അദ്ദേഹം പോലും വിശ്വസിച്ചിട്ടുണ്ടാകില്ല.മകരജ്യോതിയുടെ തത്സമയ സംപ്രേഷണം ചെയ്ത ചാനല്‍ ദൃശ്യങ്ങള്‍ വീണ്ടും കാണുകയും കേള്‍ക്കുകയും ചെയ്താല്‍ അറിയാം ക്ഷേത്രാധികാരികളും പൊതു ജനങ്ങളും മാദ്ധ്യമക്കാരും ജ്യോതി ആയി കാണിച്ചു വാഴ്ത്തിയത് പൊന്നമ്പല മേട്ടില്‍ കത്തിച്ച ദീപത്തെ ആയിരുന്നു എന്ന്.

ചെറുമക പീഡനം സഹിക്കാതെ ആയിരിക്കണം തന്ത്രി വീണ്ടും പത്രക്കരുടെ മുമ്പില്‍ എത്തിയത്.എന്നാലും ചില ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയണം. തന്ത്ര വിധികളോ മന്ത്രങ്ങളോ ഒന്നും അറിയാത്ത പെണ്ണു പിടിയനും മദ്യപനും മറ്റെല്ലാ വഷളത്തങ്ങളുടെയും വിളനിലവുമായ ഒരുവന്‍ ഏറെനാള്‍ ശബരിമല ക്ഷേത്രത്തില്‍ തന്ത്രി വേഷം കെട്ടിയാടിയത് ഏതു ക്ഷേത്രാചാര വിധിപ്രകാരമായിരുന്നു?അയാളെ ക്ഷേത്രതന്ത്രിയാക്കിയത് ആരുടെ ഗൂഢാലോചനയുടെ ഫലമായിട്ടായിരുന്നു? ഗായത്രി മന്ത്രം ശരിയായി ചൊല്ലാന്‍ പോലും അയാള്‍ക്ക് അറിയില്ലെന്നാണ് ജ. പരിപൂര്‍ണ്ണന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്.അന്ന് കളങ്കിതമാകാത്ത ഹൈന്ദവ ധര്‍മ്മവും ക്ഷേത്രാചാരങ്ങളും ഇപ്പോള്‍ എങ്ങനെയാണ് അപകടപ്പെടുന്നത്?കബളിപ്പിക്കലിനും സ്ത്രീ പീഡന
ത്തിനും പ്രതിക്കൂട്ടിലായ ആ വഷളന്‍, തന്ത്രിയുടെ സ്വന്തം പുത്രനായതു കൊണ്ട് ആചാര ലംഘനം നടന്നിട്ടില്ല എന്നാണോ അപ്പൂപ്പനും കൊച്ചുമോനും കൂടി അവകാശപ്പെടുന്നത്?

ഇപ്പോള്‍ ക്ഷേത്രാചാരങ്ങളും വിശ്വാസവും എല്ലാം അപകടത്തിലായെന്ന് നിലവിളിക്കുന്ന എന്‍.എസ്.എസും വിശ്വകര്‍മ്മാക്കളും, അയ്യപ്പ ഭക്തരെ മുഴുവന്‍ കബളിപ്പിച്ച് തന്ത്രിപുത്രന്‍ കോപ്രായം കാട്ടിയ കഥകള്‍ പുറത്തു വന്നപ്പോള്‍ മൗനം ഭജിച്ചത് എന്തുകൊണ്ടായിരുന്നു?രാജാധികാരത്തിന്റെയും പൗരോഹിത്യത്തിന്റെയും കാവല്‍ ഭടന്മാരും ചാതുര്‍ വര്‍ണ്യത്തിന്റെ ദാസ്യവേലക്കാരും ആയിരുന്ന പഴയ നായര്‍ പട്ടാളക്കാരുടെ ക്യാപ്റ്റന്മാരയി എന്‍.എസ്.എസ് നേതാക്കള്‍ അധപ്പതിക്കരുത്.വൈക്കം സത്യാഗ്രഹത്തെ പിന്തുണച്ച സമുദായാചാര്യന്റെ പിന്‍ഗാമികള്‍,സനാതനധര്‍മ്മം രക്ഷിക്കാന്‍ പാവപ്പെട്ട അവര്‍ണ്ണ സ്ത്രീകളുടെ മൂക്കും മുലയും അരിഞ്ഞ ചോറ്റുപട്ടാളക്കാരെ പോലെ പെരുമാറരുത്.

'ഏതു സ്വര്‍ണ്ണപ്പാത്രം കൊണ്ടു മൂടി വച്ചാലും സത്യത്തിന്റെ മുഖം വെളിപ്പെടുക തന്നെ ചെയ്യും'എന്നു പറഞ്ഞ പൂര്‍വ്വികരുടെ വാക്കുകള്‍ അന്വര്‍ത്ഥമാകുന്നതില്‍ ഏറെ സന്തോഷിക്കേണ്ടത് പുതു തലമുറയാണ്.അതിനു പകരം ഭക്തിയും വിശ്വാസവും കച്ചവടച്ചരക്കാക്കുന്ന കാപട്യത്തിന്റെ പ്രചാരകരാകാനാണ് അവര്‍ ശ്രമിക്കുന്നത്.തന്ത്രികുമാരന്‍ തന്നെ ഒന്നാം തരം ഉദാഹരണം.കര്‍പ്പൂര ദീപം ദിവ്യജ്യോതിയാണെന്നു കരുതി അതു ദര്‍ശിക്കാന്‍ ജീവന്‍ ബലികഴിക്കേണ്ടി വന്ന സാധുക്കളോട് അല്പം പോലും അനുതാപം ഇവരെപ്പോലുള്ളവര്‍ക്ക് കാണില്ല.അവഗണിക്കപ്പെടുന്ന വാര്‍ദ്ധക്യത്തെ കുറിച്ചു കേട്ടിരുന്ന നമ്മുടെ മുമ്പില്‍ തടവിലാക്കപ്പെടുന്ന വാര്‍ദ്ധക്യത്തെ കാട്ടിത്തന്നതും ഇവരാണ്.പ
റഞ്ഞുപോയ സത്യത്തിന്റെ പേരില്‍ പേരക്കിടാവിനാല്‍ വേട്ടയാട
പ്പെട്ട വൃദ്ധനായ തന്ത്രിയും പു
ല്ലുമേട് അത്യാഹിതത്തില്‍ മരണമടഞ്ഞവരും തമ്മില്‍ വലിയ വ്യത്യാസമില്ല.ഇല്ലാത്ത ഗൂഢാലോച
നയ്ക്കു പിന്നാലെ പായാതെ ഭാവിയുടെ വിഷനാമ്പുകളെ
മുളയിലേ ശുദ്ധീകരിക്കാനാണ് വിവരമുള്ളവര്‍ ശ്രദ്ധിക്കേണ്ടത്.

Fans on the page

Friday, January 21, 2011

അഡ്വ.രാം കുമാറിന്റെ ദളിത് പ്രേമം


മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസും ഇപ്പോഴത്തെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ ജ.കെ.ജി.ബാലകൃഷ്ണനും ബന്ധുക്കളും അനധികൃതമായി സ്വത്തു സമ്പാദിച്ചതിനെ ചൊല്ലി ഉണ്ടായ പ്രതികരണങ്ങളെ ചെറുക്കാന്‍ അഡ്വ. രാം കുമാര്‍ ജാതിക്കുശുമ്പു തിയറിയും പുതിയ സാമൂഹികശാസനകളുമായി രംഗത്തിറങ്ങിയിരിക്കുന്നു.പ്രസിദ്ധ അഭിഭാഷകനായ അദ്ദേഹം വെറും സാധാരണക്കരനായ കക്ഷിക്കു വേണ്ടിയല്ല,രാജ്യത്തെ അത്യുന്നത നീതിപീഠം അലങ്കരിച്ച വ്യക്തിക്കു വേണ്ടിയാണ് ഇപ്പോള്‍ വാദിക്കാന്‍ പുറപ്പെട്ടിരിക്കുന്നത്.വാദം മാത്രമല്ല സാക്ഷി പറച്ചിലുമുണ്ട്.

ദളിതനായാല്‍ എന്ത് അഴിമതിയും ചെയ്യാം എന്നാണ് അദ്ദേഹത്തിന്റെ വാദം.അടുത്ത കാലത്ത് ഒരു പ്രസിദ്ധ വാരികയിലാണ് ശ്രീ.രാം കുമാര്‍ തന്റെ പുതിയ തിയറി അവതരിപ്പിച്ചത്.ജ.കെ.ജി.ബിയെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളെ പറ്റി സമഗ്രമായ അന്വേഷണം വേണമെന്നു ജ.വി.ആര്‍.കൃഷ്ണയ്യര്‍ പറയുന്നത് അദ്ദേഹം ബ്രാഹ്മണനായതു കൊണ്ടാണ് എന്നാണ് അഡ്വ.രാം കുമാറിന്റെ കണ്ടുപിടുത്തം.2 ലക്ഷം രൂപ വിലയുള്ള കണ്ണട സര്‍ക്കാര്‍ ചെലവില്‍ വാങ്ങിയ വി.ആര്‍.കൃഷ്ണയ്യര്‍, ബാലകൃഷ്ണന്റെ അനധികൃത സ്വത്തു സമ്പാദനത്തെ കുറിച്ചു സംസാരിക്കാന്‍ യോഗ്യനല്ലത്രേ.സുപ്രീം കോടതിയിലെ മുന്‍ ചീഫ് ജസ്റ്റീസുമാരില്‍ ആറു പേര്‍ അഴിമതിക്കാരാണെന്നു ആക്ഷേപമുണ്ടായിട്ടും കെ.ജി.ബി.യ്ക്കു നേരേ കൃഷ്ണയ്യര്‍ തിരിയുന്നത് ദളിത വിരോധം കൊണ്ടാണുപോലും.മക്കളും മരുമക്കളും സ്വത്തു വാരിക്കൂട്ടിയിട്ടുണ്ടെങ്കില്‍ എങ്ങനെയെന്ന് അവരോടു ചോദിക്കണം എന്ന ബാലകൃഷ്ണന്റെ മറുപടി പ്രസക്തമാണ് എന്നും ബഹു.വക്കീല്‍ വാദിക്കുന്നു.താനും സവര്‍ണ്ണനാണെങ്കിലും ബാലകൃഷ്ണന്റെ പക്ഷത്തു നില്‍ക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ദളിത വേട്ടയ്ക്കു സംഘടിത ശ്രമം നടക്കുന്നതു കൊണ്ടാണെന്ന് അദ്ദേഹം നയം വ്യക്തമാക്കുന്നു.ജസ്റ്റിസ് കൃഷ്ണയ്യരുടെ നെറികേടു സ്ഥാപിക്കാന്‍ ഗൗരി അമ്മ മുതല്‍ പലരും പറഞ്ഞ വാചകങ്ങള്‍ വക്കീല്‍ ഹാജരാക്കുന്നുണ്ട്.ഡി.
വൈ.എഫ്.ഐ കുത്തിപ്പൊക്കി കൊണ്ടുവന്ന ഒരു ആരോപണം കൃഷ്ണയ്യര്‍ ഏറ്റു പിടിക്കുകയായിരുന്നെ
ന്നും പാര്‍ട്ടി നേതൃത്വം മൗനം പാലിച്ചതിന്റെ പേരില്‍ അവര്‍ക്കു നേരേയും അദ്ദേഹം തിരിഞ്ഞെന്നും ഒക്കെയുള്ള നിരവധി കുറ്റങ്ങള്‍ വക്കീല്‍ ആരോപിക്കുന്നുണ്ട്. കര്‍ണ്ണാടകത്തില്‍ ദളിതനെ ജഡ്ജിയാക്കിയപ്പോള്‍ സവര്‍ണ്ണ ജഡ്ജിമാരും വക്കീലന്മാരും കോടതി ബഹിഷ്ക്കരിച്ചത്, ദേശ വ്യാപകമായി നടക്കുന്ന ദളിത് പീഡനത്തിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.ജഡ്ജിമാരുടെ ബന്ധുക്കള്‍ അഭിഭാഷകരാകുമ്പോള്‍ കൂടുതല്‍ കേസ്സ് കിട്ടുന്നത് നാട്ടു നടപ്പാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

തങ്ങളുടെ ഭാഗം ജയിക്കാന്‍ വേണ്ടി പല കള്ളത്തരങ്ങളും ദുര്‍വ്യാഖ്യാനങ്ങളും അഭിഭാഷകര്‍ നടത്തറുണ്ട് എന്നു കേട്ടിട്ടിട്ടേഉള്ളൂ.അതു സത്യമാണെന്ന് രാം കുമാറിന്റെ വാദമുഖങ്ങളിലൂടെ കടന്നു പോകുമ്പോള്‍ നമുക്കു ബോദ്ധ്യമാകും.യഥാര്‍ത്ഥ വസ്തുതകള്‍ വളച്ചൊടിച്ചും അസത്യവും അപ്രസക്തവുമായ കാര്യങ്ങള്‍ എഴുന്നള്ളിച്ചും തന്റെ കക്ഷിയെ രക്ഷിക്കാന്‍ അദ്ദേഹം പെടുന്ന പാട് കാണുമ്പോള്‍ സഹതാപമാണു തോന്നുന്നത്.

ജ.ബാലകൃഷ്ണന്റെ മരുമകനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അനധികൃതമായി സമ്പാദിച്ച സ്വത്തിന്റെ വിശദാംശങ്ങള്‍‍ ആദ്യമായി പൊതുജനദൃഷ്ടിയില്‍ കൊണ്ടു വന്നത് ഏഷ്യാനെറ്റാണ്. ആ വാര്‍ത്ത വന്നപ്പോള്‍ തന്നെ ആരോപണങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ജ.വി.ആര്‍.കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു. അതിനു ശേഷമാണ്, ഇതിനേക്കാള്‍ ഞെട്ടിപ്പിക്കുന്ന പല തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നു പറഞ്ഞ് ഡി.വൈ.എഫ്.ഐ ക്കാര്‍ രംഗത്തു വരുന്നത്.യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അഴിമതിയുടെ വേരുകള്‍ മുന്‍ ചീഫ് ജസ്റ്റിസ്സിന്റെ ചേംബറിലേക്കാണു നീളുന്നതെന്നു തിരിച്ചറിഞ്ഞ ഡി.വൈ.എഫ്.ഐ യുടെ മൂത്ത നേതൃത്വം അവര്‍ക്കു ക്ലിപ്പിട്ടു.അതു മനസ്സിലാക്കിയപ്പോഴാണ് ജസ്റ്റിസ്, മാര്‍ക്സിസ്റ്റു പാര്‍ട്ടി നേതൃത്വത്തെ കുറ്റപ്പെടുത്തിയത്.ജ.കൃഷ്ണയ്യരുടെ പ്രസ്താവന വന്നതോടെ ദേശീയ തലത്തില്‍ ജുഡീഷ്യറിയുടെ എല്ലാ മേഖലകളിലും പ്രശ്നം ചര്‍ച്ചാവിഷയമായി.

സംശയം ദൂരീകരിക്കാന്‍ അന്വേഷണം വേണമെന്ന ആവശ്യം രാജ്യം മുഴുവന്‍ ഉയര്‍ന്നപ്പോള്‍ ബാലകൃഷ്ണന്റെ വക്കാലത്തു സ്വയം ഏറ്റെടുത്ത രാം കുമാര്‍ കൂടുതല്‍ സംശയങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തത്.ജുഡീഷ്യറുടെ പവിത്രതയും വിശ്വാസ്യതയും നിലനിര്‍ത്താന്‍ അന്വേഷണം വേണമെന്ന അഭിപ്രായപ്പെട്ട നവതി കഴിഞ്ഞ വയോധികനായ മുന്‍ ജഡ്ജിയെ പുലഭ്യം പറയുകയാണ് അദ്ദേഹം.ശ്രീ രാം കുമാര്‍ കൃഷ്ണയ്യരെപ്പറ്റി ഉന്നയിച്ച ആരോപണങ്ങള്‍ മുഴുവന്‍ വാസ്തവമാണെന്നു സമ്മതിച്ചാല്‍ പോലും ജ.ബാലകൃഷ്ണന്റെ ബന്ധുക്കള്‍ സ്വരൂപിച്ച സ്വത്ത് സ്വത്തല്ലാതാകുമോ? സര്‍ക്കാര്‍ കാശുപയോഗിച്ച് കൃഷ്ണയ്യര്‍ രണ്ടു ലക്ഷത്തിന്റെ കണ്ണട വാങ്ങിയതുകൊണ്ട് ബാലകൃഷ്ണനും ബന്ധുക്കള്‍ക്കും അനധികൃതമായി സ്വത്തു സമ്പാദിക്കാം എന്നു വാദിക്കുന്നത് ഏത് നിയമ പുസ്തകത്തിന്റെ ബലത്തിലാണ്?എന്തു യുക്തിയാണ് അതിനു പിന്നില്‍?

മറ്റു ജഡ്ജിമാരുടെ അഴിമതിയെ കുറിച്ചു കൃഷ്ണയ്യര്‍ മിണ്ടാത്തതുകൊണ്ട് ഇതിനെ കുറിച്ചും മിണ്ടിക്കൂടാ
എന്നു പറയുന്നതിന്റെയും ലോജിക് മനസ്സിലാകുന്നില്ല.മക്കളും മരുമക്കളും കണക്കില്ലാതെ സ്വത്തു വാരിക്കൂട്ടിയത് താനറിഞ്ഞിട്ടില്ല എന്ന ബഹു. ജഡ്ജിയുടെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കാന്‍ അദ്ദേഹത്തില്‍ നിന്നും സൗജന്യം പറ്റിയവര്‍ക്കേ കഴിയൂ.ജഡ്ജിമാരുടെ ബന്ധുക്കള്‍ അഭിഭാഷകരാകുമ്പോള്‍ കേസ് കൂടുതല്‍ കിട്ടുന്നത് സ്വാഭാവികമാണെന്ന രാം കുമാറിന്റെ സത്യവാങ് മൂലത്തിന് വല്ലാത്ത അര്‍ത്ഥവ്യാപ്തിയുണ്ട്.ബന്ധുക്കള്‍ക്കു മാത്രമല്ല സുഹൃത്തുക്കള്‍ക്കും ആശ്രിതര്‍ക്കും കൂടി കേസ് കൂടുതല്‍ കിട്ടാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
ചില വക്കീലന്മാര്‍ കേസ്സുകള്‍ ജയിക്കുന്നതിന്റെ സൂത്രവാക്യമാണ് അദ്ദേഹം അറിയാതെ പറഞ്ഞു പോയത്.

കെ.ജി.ബാലകൃഷ്ണനെന്നല്ല മറ്റൊരു കേരളീയനും എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ലാത്ത രാജ്യത്തെ പരമോന്നത പദവിയില്‍ എത്തയത് ഒരു ദളിതനായിരുന്നു.എന്തുകൊണ്ടാണ് കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ള ഇവിടുത്തെ സവര്‍ണ്ണ ദുഷ്പ്രഭുക്കള്‍ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചു പീഡിപ്പിക്കാഞ്ഞത്?ഹൈക്കോടതി ബാര്‍ അസ്സോസിയേഷനോടൊപ്പം കേരളത്തിലെ മറ്റു നിരവധി ബാര്‍ അസ്സോസിയേഷനുകള്‍, ബാലകൃഷ്ണന്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടത് ദളിത് വിരോധം കൊണ്ടാണോ? യാതൊരു അടിസ്ഥാനവുമില്ലാതെ ജാതിവാദം ഉയര്‍ത്തുന്നതിന്റെ പിന്നില്‍ വിധേയത്വമോ ഉപകാരസ്മരണയോ ആണുള്ളത്.കൃഷ്ണയ്യരോടു വിരോധമുണ്ടെങ്കില്‍ അന്തസ്സോടെ തുറന്നു പറഞ്ഞ് എതിര്ക്കാനുള്ള ആര്‍ജ്ജവവും തന്റേടവും രാം കുമാര്‍ കാണിക്കണം.അല്ലാതെ ദളിത പ്രേമത്തിന്റെ വ്യാജഗൗണും ധരിച്ച് പേട്ടു വാദങ്ങള്‍ ഉന്നയിക്കരുത്.

അതു കൊണ്ടും അരിശം തീരാഞ്ഞ് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ജ.കൃഷ്ണയ്യര്ക്കെ
തിരെ മാനനഷ്ടക്കേസ് കൊടുക്കാന്‍ തയ്യാറെടുക്കുകയാണ് അഭിഭാഷക ശിരോമണി.ജ.ബാലകൃഷ്ണനില്‍ നിന്നു സൗജന്യം പറ്റിയാണ് രാം കുമാര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് എന്ന് പറഞ്ഞതിന്റെ പേരിലാണ് കേസ്സിനു വട്ടം കൂട്ടുന്നത്.അത് ജസ്റ്റിസ്സിന്റെ മാത്രം അഭിപ്രായം അല്ല;അഴിമതിക്കെതിരെ ചിന്തിക്കുന്ന സകലരുടെയും അഭിപ്രായവും വിശ്വാസവും അതു തന്നെയാണ്.

ജഡ്ജിയെ രക്ഷിക്കാന്‍ വക്കീല്‍ കാണിക്കുന്ന വെപ്രാളവും പരവേശവും കാണുമ്പോള്‍ ഇത്തരം വക്കീലന്മാര്‍ വാദിച്ചു ജയിച്ച കേസ്സുകളുടെ ചരിത്രം അന്വേഷിക്കണം എന്ന് ആവശ്യപ്പെടേണ്ടി വരുമെന്നാണ് തോന്നുന്നത്.അവരുടെ നിയമ ബിരുദത്തെ കുറിച്ചും അന്വേഷണം നടത്തണം.


Fans on the page

Sunday, January 9, 2011

ഇത് ഏതു കരുണാകരന്‍?മരിച്ചവരെ കുറിച്ച് നല്ലതു മാത്രം പറയുന്നതാണ് നമ്മുടെ ശീലം.സംസ്കാരമുള്ളവര്‍ അങ്ങനെയേ ചെയ്യുകയുള്ളു.മനുഷ്യരോടു മാത്രമല്ല മൃഗങ്ങളോടുള്ള സമീപനം പോലും അതു തന്നെയാണ്.അപ്പോള്‍ പിന്നെ അന്തരിച്ച മനുഷ്യന്റെ അപദാനങ്ങള്‍ വിവരിക്കുവാന്‍ അത്യുക്തിയും അതിശയോക്തിയും ഒക്കെ പ്രയോഗിക്കപ്പെടുന്നത് സ്വാഭാവികം മാത്രം.കഥാവശേഷനായ ആള്‍ പ്രശസ്തനും കൂടിയാണെങ്കില്‍ പറയുകയും വേണ്ട.

പക്ഷേ നട്ടാല്‍ കുരുക്കാത്ത നുണയും കേരളീയരുടെ ഓര്‍മ്മ ശക്തിയേയും ചിന്താശേഷിയേയും പരിഹസിക്കുന്ന "ചരിത്ര" കഥനവും സ്തുതിഗീതങ്ങളാകമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവഹേളിക്കപ്പെടുന്നത് മരിച്ചു പോയ മനുഷ്യനാണ്.

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയിരുന്ന കെ.കരുണാകരന്‍ മരിച്ച ഉടന്‍ തന്നെ ഏഷ്യാനെറ്റ് പുറപ്പെടുവിച്ച ജീവിത രേഖയില്‍ അദ്ദേഹം "പത്താം ക്ലാസ് പസ്സായ ശേഷം സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമാ നേടി" എന്നാണ് തട്ടിവിട്ടത്.കണ്ണില്‍ വെള്ളം വന്നു നിറയുന്ന ഒരു തരം രോഗം കാരണം എട്ടാം ക്ലാസ്സില്‍ വച്ച് സ്കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചെങ്കിലും പിന്നീട് ചിത്ര കല പഠിച്ചു എന്നാണ് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളത്.അടുത്ത ദിവസം വന്ന പത്ര വാര്‍ത്തകളിലും അങ്ങിനെയാണ് കണ്ടത്.
കരുണാകര വീരചരിത വര്‍ണ്ണനയ്ക്കു മാറ്റുകൂട്ടാന്‍,കരുണാകരനേക്കാള്‍ മുമ്പേ കേരളത്തിന്റെ ആഭ്യന്തരമ
ന്ത്രിയും മരിക്കും വരെ ഉറച്ച കോണ്‍ഗ്രസ്സുകാരനുമായിരുന്ന പി.റ്റി.ചാക്കോ ആണ് കേരളാ കോണ്‍ഗ്രസ്സ് സ്ഥാപിച്ചതെന്ന് സംശയ ലേശമില്ലാതെ കൂവിയ ചാനല്‍, ഇത്തരം വാസ്തവ വിരുദ്ധ ജ്ഞാന ഗാഥ ഉരുവിട്ടില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

നാലു പ്രാവശ്യം മുഖ്യമന്ത്രി ആയ കരുണാകരന്‍ ആകെ 10 വര്‍ഷം കേരളം ഭരിച്ചു എന്നാണ് മറ്റൊരു പ്രകീര്‍ത്തനം. നാലു പ്രാവശ്യം എന്നത് ശരിയാണെങ്കിലും എങ്ങനൊക്കെ കൂട്ടി നോക്കിയിട്ടും ഒന്‍പതര വര്‍ഷത്തിനപ്പുറം എത്തുന്നില്ല.കൃത്യമായി പറഞ്ഞാല്‍ 9 വര്‍ഷവും7മാസവും.10 കൊല്ലം തികയാന്‍ ബാക്കി വേണ്ട മാസങ്ങള്‍ മാദ്ധ്യമ മോഡറേഷനാകുമോ?

ജവഹര്‍ലാല്‍ നെഹ്രു മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ള നെഹ്രു കുടൂംബാംഗങ്ങളുമായി അടുത്ത ബന്ധം അദ്ദേഹം പുലര്‍ത്തിയിരുന്നത്രേ.1967-ല്‍ ആണ് 9 കോണ്‍ഗ്രസ് എം.എല്‍.എ മാരുടെ നേതാവായി കരുണാകരന്‍ നിയമസഭയില്‍ എത്തുന്നത്.അതിനു മുമ്പ് ഒരിക്കല്‍ പോലും അദ്ദേഹം കെ.പി.സി.സി യുടെയോ എ.ഐ.സി.സി.യുടെയോ മുഖ്യ ഭാരവാഹിത്വം ഒന്നും വഹിച്ചതായി അറിവില്ല.1967മേയ് മാസത്തില്‍ നെഹ്രു അന്തരിച്ചു.പിന്നെങ്ങനെയാണ് നെഹ്രു മുതല്‍ ഉള്ളവരെ‍ കരുണാകരന്‍ സേവിച്ചത്?ഇപ്പോഴത്തെ കോണ്‍ഗ്രസ് പ്രസിഡന്റും രാജീവ് ഗാന്ധിയുടെ ഭാര്യയും രാഹുല്‍ ഗാന്ധിയുടെ അമ്മയുമായ ശ്രീമതി സോണിയാഗാന്ധിയെ 'മദാമ്മ ഗാന്ധി' എന്നും മറ്റും അധിക്ഷേപിച്ചു കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കിയതും നെഹ്രു കുടുംബത്തോടും കോണ്‍ഗ്രസ്സിനോടുമുള്ള കൂറു കൊണ്ടായിരിക്കും!എന്തായാലും മോട്ടിലാല്‍ നെഹ്രവുമായും അടുപ്പമുണ്ടായിരുന്നു എന്നു പറഞ്ഞില്ലല്ലോ.ഭാഗ്യം! ഇന്ദിരാഗാന്ധിയെ രാഷ്ട്രീയം പഠിപ്പിച്ചതു പോലും കരുണാകരനാണെന്നു തോന്നും മാദ്ധ്യമ സ്തുതിഗീതങ്ങള്‍ കേട്ടാല്‍. അവരോടൊപ്പം നിന്ന വിവരമുള്ളവര്‍ പലരും അടിയന്തിരാവസ്ഥയ്ക്കു ശേഷം അകന്നു പോയപ്പോള്‍ കൂടെ നിന്ന ഒരു സില്‍ബന്തി എന്ന നിലയില്‍ കരുണാകരനോട് ഇന്ദിരാഗാന്ധിയ്ക്ക് മമത തോന്നിയിട്ടുണ്ടാകാം.അതിനപ്പുറമുള്ള മേനി പറച്ചില്‍ അത്യുക്തിയാണ്.

1967-ല്‍ അധികാരമേറ്റ ഇ.എം.എസ്.മന്ത്രിസഭ1969-ല്‍ തകര്‍ന്നപ്പോള്‍ ബദല്‍ ഭരണം സ്ഥാപിച്ചത് കരുണാകരന്റെ മിടുക്കുകൊണ്ടായിരുന്നത്രേ .ഒന്‍പതു പേരുടെ മാത്രം ലീഡര്‍ ആയിരുന്ന അദ്ദേഹം വിചാരിച്ചാല്‍ 140 അംഗ നിയമസഭയില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് ഊഹിക്കാവുന്നതെ ഉള്ളു.രണ്ടു പേരുടെയോ മറ്റോ ഭൂരിപക്ഷമുണ്ടായിരുന്ന ആ മന്ത്രിസഭ നിലനിര്‍ത്തുന്നതില്‍ കരുണാകരന് ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു എന്നത് തര്‍ക്കമറ്റ കാര്യമാണ്.എന്നാല്‍ '70 ലെ തെരഞ്ഞെടുപ്പിനു ശേഷം നിലവില്‍ ‍വന്ന അച്യുതമേനോന്‍ മന്ത്രിസഭ യില്‍ ചേര്‍ന്നത് സി.പി.ഐ. ഉള്‍പ്പെടെയുള്ള ഘടക കക്ഷികളുടെ നിര്‍ബ്ബന്ധം സഹിക്ക വയ്യാതെയാണ് എന്ന് തട്ടി വിടുന്നത് അല്പം കടന്ന കൈയ്യാണ്. ദുര്‍ബ്ബലമായ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്ന 69ലെ മന്ത്രിസഭയില്‍ തന്നെ ചേരാന്‍ കുപ്പായവും തയ്പിച്ചു നടന്ന കരുണാകരന്,പുതിയ തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ്സ് വലിയ കക്ഷിയായി തീര്‍ന്നിട്ടും യൂത്ത് കോണ്‍ഗ്രസ്സിന്റെ ശക്തമായ എതിര്‍പ്പു മൂലം മന്ത്രി സഭ
യില്‍ ചേരാന്‍ കഴിഞ്ഞില്ല.അതിന്റെ അമര്‍ഷവും നിരാശയും അദ്ദേഹം പ്രകടിപ്പിച്ചതിന്നു തെളിവ് എത്ര വേണമെങ്കിലും അന്നത്തെ പത്രപംക്തികള്‍ നോക്കിയാല്‍ കിട്ടും.മന്ത്രിക്കസേരയില്‍ അമരാന്‍ കഴിയാഞ്ഞ 'ലീഡര്‍' അന്ന് കാട്ടിക്കൂട്ടിയ പരാക്രമങ്ങളുടെ യഥാര്‍ത്ഥ ചിത്രം ഇപ്പോള്‍ മൂത്ത കോണ്‍ഗ്രസ്സുകാരായി മാറിയ പലര്‍ക്കുമറിയാം.ഒടുവില്‍ യുവ തുര്‍ക്കികളെ അനുനയിപ്പിച്ചും പാര്‍ട്ടി ഹൈക്കമാന്റിന്റെ കാലുപിടിച്ചും ആണ് അകത്തു കയറിയത്.

മറ്റൊരു വായ്ത്താരി ഭരണ പാടവത്തെക്കുറിച്ചാണ്.പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനെ തിരു മുമ്പില്‍ സേവക്കാരായി മാറ്റിയതാണോ ഭരണ പാടവം?മുമ്പിലും പിമ്പിലും പോലീസ് അകമ്പടിയോടെ ചീറിപ്പാഞ്ഞു പോയതു പോലും അതിവേഗത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന്നും നടപ്പാക്കുന്നതിന്നും ഉള്ള വൈദഗ്ദ്ധ്യത്തിന്റെയും ഇച്ഛാശക്തിയുടെയും ലക്ഷണമായി മാദ്ധ്യമലോകത്തെ ചില വൈതാളിക ശിങ്കങ്ങള്‍!അധികാരപ്രമത്തതയുടെയും അല്പത്തത്തിന്റെയും പ്രകടനമായി മാത്രം വിവരമുള്ളവര്‍ കണ്ട ആ എഴുന്നള്ളത്തിലും ഇവര്‍ മഹത്വം കാണുന്നു!കരുണാകരന്റെ സ്പീഡിനിരയായി വഴിയരുകില്‍ എത്ര ജീവിതങ്ങളാണ് പിടഞ്ഞു പൊലിഞ്ഞത്.അത് അറിയാത്തവരോ ഈ മാദ്ധ്യമ മണ്ഡൂകങ്ങള്‍?മരണം വിതയ്ക്കുന്ന അദ്ദേഹത്തിന്റെ കാറോട്ടത്തെ കുറിച്ച് 'പുരാണങ്ങളില്‍ കാലന്‍ മഹിഷമേറിയാണു വരുന്നതെങ്കില്‍ കേരള
ത്തില്‍ കാലന്‍ കാറിലേറിയാണു വരുന്നത്'എന്നാണ്,അന്ന് പ്രൊ.സുകുമാര്‍ അഴീക്കോട് പ്രതികരിച്ചത്.ലക്കും ലഗാനുമില്ലാത്ത മരണപ്പാച്ചിലും കഴിവിന്റെ മാനദണ്ഡമാണു പോലും.

ആശ്രിത വത്സലനായിരുന്നത്രേ 'ലീഡര്‍'.ഏകാധിപതികള്‍ക്കും മാടമ്പികള്‍ക്കും മാത്രം ചേരുന്ന ഗുണമാണ് ആശ്രിതവാത്സല്യം;ജനാധിപത്യ കാലത്തിലെ നേതാക്കള്‍ക്ക് യോജിച്ചതല്ല.ആശ്രിതരോട് മാടമ്പിമാര്‍ വാത്സല്യം കാട്ടുന്നത് സ്വന്തം കുടുംബത്തു നിന്നുള്ള മുതലെടുത്തു കൊടുത്താണ്.അല്ലാതെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നല്ല.ആശ്രിത വാത്സല്യത്തിന്റെ മറുപുറമാണ് തീരാത്ത പക.രാജന്‍ കേസില്‍ സുപ്രീം കോടതി വിധി പ്രകാരം ലഭിച്ച നഷ്ടപരിഹാരത്തുക കൊണ്ട് എറണാകുളം ജനറല്‍ ആശുപത്രയില്‍ രാജന്റെ പേരില്‍ ശ്രീ.ഈച്ചര വാര്യര്‍ പണികഴിപ്പിച്ച വാര്‍ഡ് ഇടിച്ചു നിരത്താന്‍ അന്നത്തെ കളക്റ്റര്‍ ഉത്തരവിട്ടതിന്റെ പിന്നിലെ അധികാര ശക്തി ഈ ആശ്രിത വത്സലനായിരുന്നു.രാജന്റെ സഹോദരി ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചതിനാല്‍ അദ്ദേഹത്തിന്റെ ദുഷ്ടബുദ്ധി നടക്കാതെ പോയി.രാജന്‍ കേസ്സില്‍ ജയറാം പടിക്കല്‍ തെറ്റിദ്ധരിപ്പിച്ചതാണെന്ന് പറഞ്ഞ് ചില മാദ്ധ്യമ സേവകര്‍ കരുണാകരനെ വെള്ളപൂശിയതു മുഴുവന്‍ ഒലിച്ചു പോകാന്‍ ഈ പക മഴയുടെ സംഭവ ചരിത്രം മാത്രം മതി.

കാര്യക്ഷമമായ ഭരണം കാഴ്ചവച്ചു;എതിരാളികളോടു പോലും മാന്യമായി പെരുമാറി; തുടങ്ങിയ അതിസാ
ധാരണ സ്തുതികള്‍ ഒരുപാട് പ്രത്യക്ഷപ്പെടുകയുണ്ടായി.ഭരണത്തില്‍ അഴിമതി കലര്‍ത്തുന്നതില്‍ കാര്യക്ഷമത വരുത്തിയിട്ടുണ്ടാകും.ഭരണം കാര്യക്ഷമം അല്ലെന്ന് പറഞ്ഞ് കാലാവധി തികയും മുമ്പ് മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ ഇറക്കി വിട്ട ചരിത്രം അറിയാത്തവരുടെ അടുത്തേ ഈ പരിപ്പു വേകൂ.ഏ. കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്തിമാരായപ്പോള്‍ അച്ഛനും മോനും കൂടി സ്വൈരം കൊടുക്കാതിരുന്നതാണോ രാഷ്ട്രീയമാന്യത?മാടമ്പിത്തരത്തില്‍ കരുണാകരനേക്കാള്‍ ഒട്ടും മോശമല്ലാത്ത ശ്രീ. ആര്‍ ബാലകൃഷ്ണപിള്ളയെ "പഞ്ചാബ് മോഡല്‍ പ്രസംഗം ചെയ്തതിന്റെ പേരില്‍ മന്ത്രി സ്ഥാനത്തു നിന്നു നീക്കിയതിനെ പറ്റി പത്രക്കാര്‍ ചോദിച്ചപ്പോള്‍,"ഏതു പിള്ള?,എന്തു പിള്ള?എവിടുത്തെ പിള്ള?"എന്ന് പരിഹസിച്ചതോ സംസ്കാര സമ്പന്നത?

കരുണാകരന്റെ ഭരണ കാലത്ത് ഒരിക്കല്‍ നിയമസഭാ സ്പീക്കറായിരുന്നത് ശ്രീ. വി.എം സുധീരനാണ്.അന്ന് മുഖ്യമന്ത്രി ക്കസേരയില്‍ ഇരുന്നു കൊണ്ട് അദ്ദേഹം കാട്ടിയ അസഹിഷ്ണുതയും ധാര്‍ഷ്ട്യവും ആരും മറന്നിട്ടില്ല.തന്റെ ചൊല്‍ പടിക്കു നില്‍ക്കാത്തതിന്റെ പേരില്‍ സ്പീക്കര്‍ സ്ഥാനത്തു നിന്നു സുധീരനെ പുകച്ചു ചാടിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയതും ചരിത്രമാണ്.

ശ്രീ.കരുണാകരനെ ദൈവത്തെപ്പോലെ ആരാധിക്കുന്നവരും യഥാര്‍ത്ഥ ലീഡറായി അംഗീകരിക്കുന്നവരും കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ എന്നതു പോലെ മാദ്ധ്യമ പ്രവര്‍ത്തകരിലും ഉണ്ടാകും.ദീര്‍ഘ കാലത്തെ ഭരണത്തിനിടയ്ക്ക് അദ്ദേഹത്തിന്റെ സൗജന്യം പറ്റിയവരും അവരില്‍ കണ്ടേക്കാം.അതിന്റെ പേരില്‍ നന്ദിയും വിധേയത്വവും പ്രകടിപ്പിക്കാന്‍ വേണ്ടി വായനക്കാരെയും ശിക്ഷിക്കരുത്."ചത്ത പശുവിന് മുക്കുടം പാല്‍''കിട്ടുമായിരുന്നു എന്ന് പറഞ്ഞുകൊള്ളൂ;പക്ഷേ മുപ്പതു കുടം പാല്‍ കിട്ടമായിരുന്നു എന്നു പറഞ്ഞു പരത്തരുത്.


Fans on the page