Total Pageviews

Saturday, November 16, 2013

സയനോരാ സച്ചിൻക്രിക്കറ്റ് ഇതിഹാസം കളിക്കളം വിട്ടു.ലോകത്ത് ഇന്നേവരെ ഒരു കായിക താരത്തിനും ലഭിച്ചിട്ടില്ലാത്ത സ്നേഹവും ആദരവും നേടിയാണു സച്ചിൻ ക്രിക്കറ്റിൽ നിന്നു വിരമിച്ചത്.അനന്യമായ ഈ സ്നേഹാദരവുകൾ ഒരു ദിവസംകൊണ്ടോ ഒരു കളികൊണ്ടോ കൈവരിച്ചതല്ല.ക്രിക്കറ്റിനു വേണ്ടി അക്ഷരാർത്ഥത്തിൽ ജീവിതം സമർപ്പിച്ച മഹാനായ കളിക്കാരനു ലോകം പൂർണ്ണ മനസ്സോടെ കാഴ്ചവയ്ക്കുന്നതാണു ഈ അപൂർവ്വ പരിഗണന.

സച്ചിൻ തെണ്ടുല്ക്കറെപ്പോലെ മഹാനായ കളിക്കരൻ കായികലോകത്തിന്റെ ഒരു മേഖലയിലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല.അമ്പയർമാരുടെ തെറ്റായതീരുമാനത്തിലൂടെ ഔട്ടാകുമ്പോൾ പോലും അവർക്കുനേരേ കയർക്കാതെ തീരുമാനം ശിരസ്സാവഹിക്കുകയേ അദ്ദേഹം ചെയ്തിട്ടുള്ളൂ.സഹകളിക്കാരോടും എതിർ ടീമിലുള്ളവരോടും മാന്യമായിട്ടേ പെരുമാറിയിട്ടുള്ളൂ.നേരായ മാർഗ്ഗം മാത്രമേ കളിയിൽ അവലംബിക്കാവൂ എന്ന അച്ഛന്റെ ഉപദേശം അണുവിട തെറ്റിക്കാതെയാണു ഇക്കാലമത്രയും അദ്ദേഹം കളിച്ചത്.

രാജ്യത്തിനു വേണ്ടിയാണു താൻ കളിക്കുന്നതെന്ന ബോധം സച്ചിനുണ്ടായിരുന്നു.ഒരിക്കൽ ശിവസേനക്കാരോട്,ഒന്നാമതായി താൻ ഇന്ത്യാക്കാരനാണു;പിന്നീടേ മഹാരാഷ്ട്രക്കാരനാകൂ എന്ന് പറയാൻ അദ്ദേഹം രണ്ടാമതൊന്ന് ആലോചിച്ചില്ല.അതിന്റെ പേരിൽ അവരും ബി.ജെ.പിക്കാരും എതിർപ്പും ഭീഷണിയും മുഴക്കിയപ്പോഴും സച്ചിൻ തന്റെ നിലപാടിൽ ഉറച്ചു നില്ക്കുക തന്നെ ചെയ്തു.

ക്രിക്കറ്റ് കളിയിലെ മിക്ക റിക്കാഡുകളും സ്വന്തമാക്കിയിട്ടുള്ള സച്ചിൻ രാജ്യത്തിനു നേടിത്തന്ന പ്രശസ്തിയും പരിഗണനയും എത്ര വലുതാണെന്ന് പറയേണ്ടതില്ല.ലോകക്രിക്കറ്റിലെ മഹാരഥന്മാരെല്ലാം ഈ ചെറുപ്പക്കാരനെ എത്രമാത്രം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു എന്ന് ,അദ്ദേഹത്തിന്റെ വിരമിക്കൽ തീരുമാനം പുറത്തു വന്നപ്പോൾ മുതൽ പ്രകടിപ്പിക്കപ്പെട്ട അഭിപ്രായങ്ങളിൽ നിന്നു വ്യക്തമാണു.

“സായിപ്പ് വെയിൽ കൊള്ളാൻ കണ്ടുപിടിച്ച കളി”എന്ന് പരിഹസിച്ച് മുഖം തിരിഞ്ഞു നിന്നിരുന്ന എന്നെപ്പോലുള്ള അനേകായിരം പേരെ ക്രിക്കറ്റ് കളി കാണാൻ പ്രേരിപ്പിച്ച ഘടകം സച്ചിനാണു.ക്രിക്കറ്റ് കളിക്കാത്ത രാജ്യക്കാരെ വരെ ആ കളിയുടെ ആരാധകരാക്കാൻ അദ്ദേഹത്തിന്റെ കളിക്കളത്തിലെ സാന്നിദ്ധ്യം പ്രേരകമായിട്ടുണ്ട്.സച്ചിൻ വിട പറയുമ്പോൾ ഒരു യുഗം അവസാനിക്കുകയാണു.നിറഞ്ഞ കണ്ണുകളോടെയും നീറുന്ന മനസ്സോടെയും
മാത്രമേ, എക്കാലത്തെയും മഹാനായ ഈ കായിക താരത്തിനു യാത്രാമൊഴി ഓതുവാൻ കഴിയൂ.

കളിക്കളം വിട്ടാലും ജനമനസ്സുകളിൽ നിന്ന് ഒരിക്കലും സച്ചിനു  വിരമിക്കലില്ല.അതു വെറും പറച്ചിലല്ല എന്ന് ഈ ദിവസം തന്നെ വന്ന “ഭാരതരത്ന”ബഹുമതി നല്കാനുള്ള രാഷ്ട്രത്തിന്റെ തീരുമാനം വെളിപ്പെടുത്തുന്നു.ഭാരതരത്ന ലഭിക്കുന്ന ആദ്യത്തെ കായിയക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണു.കളിക്കളത്തിൽ കളിച്ചു റിക്കാഡുകൾ സൃഷ്ടിച്ചിട്ടുള്ള സച്ചിനു സർക്കാരിൽ നിന്നു ലഭിക്കുന്ന ഏറ്റവും വലിയ സിവിലിയൻ ബഹുമതിയ്ക്കും റിക്കാർഡിന്റെ അകമ്പടിയുണ്ട് എന്നുള്ളത് കൗതുകവും ആഹ്ലാദവും പകരുന്നു.
Fans on the page

No comments: