Total Pageviews

Tuesday, October 28, 2008

ആനപ്പിണ്ടത്തെയും പേടിയോ?

തന്‍റെ പാര്‍ട്ടിയും വകുപ്പു മന്ത്രിയും പറയുന്നതു പോലെയേ താന്‍ പ്രവര്‍ത്തിക്കൂ എന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് സ. സി കെ ഗുപ്തന്‍ മുമ്പു പറഞ്ഞിരുന്നത്.കഴിഞ്ഞ ദിവസം നടന്ന എല്‍ ഡി ക്ലാര്‍ക്ക് ഇന്‍റര്‍ വ്യൂ മാറ്റിവയ്ക്കണമെന്ന് വകുപ്പു മന്ത്രി രേഖാമൂലം സ. ഗുപ്തനോട് ആവശ്യപ്പെട്ടിരുന്നതാണ്.പാര്‍ട്ടിയുടെ യുവജന സംഘടന ഇന്‍റര്‍വ്യ്യൂ വിനെതിരെ
സമരവുമായി രംഗത്തുവന്നു.എന്നിട്ടും 'അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായ' സ.ഗുപ്തന്‍ കേട്ട ഭാവം കാട്ടിയില്ല.

ദേവസ്വം കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ നിയമം ചൂണ്ടിക്കാട്ടി പ്രകടിപ്പിച്ച എതിര്‍പ്പും ഒരു ബോര്‍ഡംഗമായ സ. പി.നാരായണന്‍റെ ബഹിഷ്കരണവും പ്രസിഡന്‍റ് അവഗണിച്ചതില്‍ അത്ഭുതമില്ല.താന്‍ അത്തരം സാധാരണ നിയമങ്ങള്‍ക്ക് അതീതനാണെന്ന് മുമ്പും അദ്ദേഹം തെളിയിച്ചിട്ടുണ്ട്.ബോര്‍ഡ് അംഗങ്ങളുടെ മുറി പൂട്ടിയപ്പോഴും അവരുടെ കാറുകള്‍ പിടിച്ചെടുത്തപ്പോഴും
അരവണ വിവാദം ഉണ്ടായപ്പോഴും എല്ലാം ഈ അപ്രമാദിത്താഭിനയം ജനം കണ്ടതാണ്.ആരു പറഞ്ഞിട്ടൂം കേള്‍ക്കതെ ഇന്‍റര്‍ വ്യൂവുമായി മുന്നോട്ട് പോകാന്‍ ഗുപ്തന്‍ തിരുമേനിയെ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്ന് ആര്‍ക്കും പിടിയില്ല.അഭിമുഖം നടത്തിയില്ലെങ്കില്‍ കോടതിയലക്ഷ്യമാകുമെന്നാണ് അദ്ദേഹം പത്രക്കാരോട് പറഞ്ഞത്.രണ്ടാഴ്ച മുമ്പാണ് കോടതികള്‍ക്കെതിരേ ഇദ്ദേഹം ആക്രോശിച്ചത് .

മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ അഴിമതിക്കാരും അപ്രാപ്തരുമാണെന്ന്‍ ആരോപിച്ചാണ് സര്‍ക്കാര്‍ ഇപ്പോഴത്തെ അംഗങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡ് പുനസ്സംഘടിപ്പിച്ചത്.പുതിയ ബോര്‍ഡിന്‍റെ അരങ്ങേറ്റം തന്നെ അപസ്വരങ്ങളോടെ ആയിരുന്നു.പ്രസിഡന്‍റാണു സര്‍ വ്വാധികാരി എന്നും മറ്റു രണ്ട് പേരും തന്‍റെകീഴാളര്‍ ആണെന്നുമായിരുന്നു ഗുപ്തന്‍ സഖാവിന്‍റെ നിലപാട്.അത്തരം വിവേചനത്തിനെതിരെ ആദ്യം കലഹിച്ചത് പി .നാരായണനായിരുന്നു. അത് വെറും സൗന്ദര്യപ്പിണക്കമായി ചിത്രീകരിച്ച് നിസ്സാരവല്‍ക്കരിക്കുകയാണ് വകുപ്പു മന്ത്രിയുള്‍പ്പെടെയുള്ളവര്‍ ചെയ്തത്.മറ്റൊരംഗമായ സുമതിക്കുട്ടിയമ്മ കൂടി പ്രസിഡന്‍റിനെതിരായതോടെ പ്രശ്നം എല്‍ ഡി എഫില്‍ ചര്‍ച്ചയായി.മുന്നണി നേതൃത്വം അന്ത്യശാസനം കൊടുത്തതിനു ശേഷം അംഗങ്ങള്‍ മര്യാദക്കാരായെങ്കിലും പ്രസിഡന്‍റ് പഴയപടി നിയന്ത്രണാതീതനായിത്തന്നെ തുടര്‍ന്നു.

അന്നൊക്കെ എന്‍ പിള്ളനയം പ്രകടിപ്പിച്ച് മന്ത്രിയും പാര്‍ട്ടിയും അദ്ദേഹത്തെ സം രക്ഷിക്കുകയാണുചെയ്തത്.അങ്ങനെ പ്രത്യേക പരിരക്ഷ കൊടുക്കാന്‍ തക്ക എന്തു മേന്മയാണ് ഇദ്ദേഹത്തിനുള്ളത്?ഇപ്പോള്‍ എല്ലാ പരിധിയും ലംഘിച്ച് വേതാളനൃത്തം ചവുട്ടിയിട്ടും തീരാത്ത മാനക്കേട് പാര്‍ട്ടിക്കും സര്‍ക്കാരിനും വരുത്തിയിട്ടും ബന്ധപ്പെട്ടവര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ട്?ആരും പ്രസ്ഥാനത്തേക്കാള്‍ വലുതല്ല എന്ന്( മുഖ്യമന്ത്രിയെ ഉദ്ദേശിച്ചാണെങ്കിലും)ഓര്‍മ്മിപ്പിക്കാറുള്ള പാര്‍ട്ടി സെക്രട്ടറിയും അഴിമതി വച്ചു പൊറുപ്പിക്കില്ല എന്ന് കൂടെക്കൂടെ ഉരുവിടുന്ന വകുപ്പു മന്ത്രിയും ഗുപ്തവിക്രിയകള്‍ കണ്ടില്ലെന്നു നടിക്കുന്നതിന്‍റെ പൊരുളെന്താണ്?

അതറിയണമെങ്കില്‍ ബോഡ് പ്രസിഡന്‍റാകാനുള്ള ഇദ്ദേഹത്തിന്‍റെ യോഗ്യത മനസ്സിലാക്കണം.സ.ഇ എം എസ് നമ്പൂതിരിപ്പാടിന്‍റെ മകളുടെ ഭര്‍ത്താവ് എന്ന ഒറ്റ യോഗ്യതയേ ഉള്ളൂ.പണ്ട് കെ എസ് ആര്‍റ്റി സി യുടെ എം ഡി ആയിരിക്കേ 72 ലക്ഷം രൂപയുടെ അഴിമതി നടത്തിയതിന്‍റെ പേരില്‍ പിടി വീഴുമെന്നു വന്നപ്പോള്‍ അവിടെ നിന്നും ഹാന്‍റിക്രാഫ്റ്റ്സ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ടതും ആ മേല്‍ വിലാസത്തിന്‍റെ ബലത്തിലായിരുന്നു.

അഴിമതിയുടെ പൂര്‍ വ്വചരിത്രമുണ്ടായിട്ടും ഇത്തരമൊരവതാരത്തെ ശര്‍ക്കരക്കുടത്തിന്‍റെ കാവല്‍ ഏല്പിച്ചപ്പോള്‍, പശു ചത്തിട്ടും മോരിന്‍റെ പുളി പാര്ട്ടി നേതൃത്വത്തിനു പോയിട്ടില്ല എന്നേ കരുതിയുള്ളൂ.പക്ഷേ അഴിമതിക്കാരനും അപ്രാപ്തനും അഹങ്കാരിയും സര്‍വ്വരെയും വെറുപ്പിക്കുന്നവനും ആണെന്ന് നിരന്തരം തെളിയിച്ചു കൊണ്ടിരുന്നിട്ടും സര്‍ക്കരിന്‍റെ മേല്‍ ഏറ്റി വച്ച ഈ മാലിന്യം
നീക്കിക്കളയാന്‍ പാര്‍ട്ടി മടിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല.പാര്‍ട്ടിയുടെ താത്വികാചാര്യനെന്ന നിലയില്‍ ഇ എം എസ്സിനെ ആദരിക്കുന്നത് മനസ്സിലാക്കാം.അദ്ദേഹത്തിന്‍റ ബന്ധുക്കളെ മുഴുവന്‍ ചുമക്കാന്‍ തുടങ്ങിയാലോ? ആനയെ പേടിച്ചാല്‍ പോരെ ആനപ്പിണ്ടത്തെയും പേടിക്കണോ?
Fans on the page

Thursday, October 23, 2008

വിശുദ്ധരുടെ നാട്

കേരളത്തിന്‍റെ 'ദൈവത്തിന്‍റെ സ്വന്തം നാട് ' എന്ന പരസ്യവിശേഷണം 'വിശുദ്ധരുടെ സ്വന്തം നാട് 'എന്നായി മാറുമോ?

സിസ്റ്റര്‍ അല്‍ഫോന്‍സയെ വിശുദ്ധയായി പോപ്പ് പ്രഖ്യാപിച്ചിട്ട് അധിക നാള്‍ ആയില്ല.ഇപ്പോള്‍ ഇതാ മറ്റൊരാള്‍ കൂടി വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.കണ്ടനാട് വിശുദ്ധ മാര്‍ത്ത മറിയം പള്ളിയില്‍ കബറടങ്ങിയ ശക്രള്ളാ മാര്‍ ബസേലിയോസ് ബാവയാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്.പരിശുദ്ധ ഇഗ്നാത്തിയോസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

യാക്കോബായ സഭ ഒരു വിശുദ്ധനെ സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഓര്‍ത്തഡൊക്സ് സഭക്കാര്‍ അടങ്ങിയിരിക്കുമെന്നു കരുതണ്ടാ. അവര്‍ താമസിയാതെ രണ്ടു പേരെയെങ്കിലും വിശുദ്ധരാക്കി മാറ്റു മെന്നതിന് സംശയമില്ല.ചാവറ അച്ചന്‍ തുടങ്ങിയ ചിലര്‍ കത്തോലിക്കാ സഭയുടെ വിശുദ്ധ പദവിയില്‍ എത്താന്‍ ഇപ്പോള്‍ തന്നെ ക്യൂവിലുണ്ട്.അവശേഷിക്കുന്ന സഭക്കാരും കൂടി വിശുദ്ധരെ കണ്ടെത്താന്‍ തുടങ്ങിയാല്‍ കേരളം വിശുദ്ധരുടെ നാടായി ഖ്യാതിപ്പെടുമെന്ന് ഉറപ്പിക്കാം.

ക്രിസ്ത്യാനികളുടെ വിശുദ്ധര്‍ മാത്രമായിപ്പോകുമെന്ന് മറ്റു മതക്കാര്‍ പരിഭവിക്കണ്ടാ.മനസ്സു വച്ചാല്‍ അവര്‍ക്കും വിശുദ്ധരെ കണ്ടെത്തുകയോ സൃഷ്ടിക്കുകയോ ചെയ്യാവുന്നതേയുള്ളൂ.തിരുവനന്തപുരം ജില്ലയില്‍ കല്ലമ്പലത്തെ കടുവയില്‍ തങ്ങളെ മുസ്ലീങ്ങള്‍ക്ക് വിശുദ്ധനായി പ്രഖ്യാപിക്കാം.മലപ്പുറത്തോ കോഴിക്കോടോ ഇതുപോലൊരു സ്ദ്ധന്‍റെ കബറിലേക്ക് തീര്‍ത്ഥാടകര്‍ പ്രവഹിക്കുന്ന
വാര്‍ത്ത കണ്ടു.ഉത്സാഹിച്ചാല്‍ ഇങ്ങനെ എത്ര വേണമെങ്കിലും കണ്ടെത്താം.ഹിന്ദുക്കള്‍ക്കണെങ്കില്‍ വിശുദ്ധരാക്കാവുന്നവര്‍ക്കു ഒരു പഞ്ഞവുമില്ലന്നു പറയേണ്ടല്ലോ.മാനദണ്ഡം ജാതി തിരിച്ചോ പാര്‍ട്ടി തിരിച്ചോ എന്നു തീരുമാനിക്കണമെന്നു മാത്രം.

'വിശുദ്ധരുടെ സ്വന്തം നാട്ടി'ല്‍ വിളയാന്‍ പോകുന്ന സൗഭാഗ്യങ്ങള്‍ ഓര്‍ത്ത് നമുക്ക് പുളകം കൊള്ളാം.
Fans on the page

Monday, October 20, 2008

ഞെരളത്തിന്‍റെ ഇടയ്ക്ക

സോപാന സംഗീതത്തിന്‍റെ കുലപതി ആയിരുന്ന ഞെരളത്തു രാമപൊതുവാളിന്‍റെ ഇടയ്ക്ക ലേലം
ചെയ്യാന്‍ ഒരുങ്ങുന്നു. മറ്റാരുമല്ല.ഞെരളത്തിന്‍റെ പുത്രന്‍ തന്നെ.വിവിധ ധാരകളില്‍ പെട്ട സോപാന സംഗീതം റിക്കാര്‍ഡ് ചെയ്തു സൂക്ഷിക്കാന്‍ പത്തു ലക്ഷം രൂപ വേണം.അതിനാണത്രെ ഇടക്ക ലേലം
ചെയ്യുന്നത്.അച്ഛനു സ്മാരകം നിര്‍മ്മിക്കാന്‍ ഇതുവരെ തുനിയാത്ത സര്‍ക്കാരിനോടുള്ള പ്രതിഷേധം
പ്രകടിപ്പിക്കാന്‍ കൂടിയാണത്രെ ലേലം.

സോപാന സംഗീതത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ഒരു മഹാപ്രതിഭയുടെ കരസ്പര്‍ശമേറ്റ വാദ്യോപകരണം ,അദ്ദേഹത്തിന്‍റെ സ്മരണ നിലനിര്‍ത്താന്‍ അവശേഷിക്കുന്ന സുപ്രധാന ഭൗതിക
വസ്തുവാണ്.ഞെരളത്തിന് മലയാള മനസ്സില്‍ അനശ്വര പ്രതിഷ്ഠ ലഭിച്ചതില്‍ ഈ ഇടക്കയ്ക്കും പങ്കുണ്ട്.
അതു ലേലം ചെയ്യാന്‍ സ്വന്തം മകന്‍ തുനിയുന്നതു കണ്ടു കലാസ്നേഹികള്‍ പ്രതികരിച്ചപ്പോഴാണ് സര്‍ക്കാരിനോടുള്ള പ്രതിഷേധമാണെന്നൊക്കെയുള്ള വിശദീകരണം വന്നത്.

മകന്‍റെ ,അതിനേക്കാള്‍ നടുക്കുന്ന ന്യായീകരണം മറ്റൊന്നാണ്.ലേലം കൊള്ളുന്നവന് ഇടക്കയോട്
ആദരവുണ്ടാകുമത്രേ!പശുവിനെ ലേലത്തില്‍ പിടിക്കുന്നത് വളര്‍ത്താന്‍ മാത്രമാണെന്നു
വിശ്വസിക്കാമോ?പത്തുലക്ഷത്തിന് ഏതെങ്കിലും ധനവാന്‍ വാങ്ങിയാല്‍ അത് എന്നേക്കുമായി കലാകേരളത്തിന് നഷ്ടമാവുകയല്ലേ ചെയ്യുക?ഈ വക ചോദ്യങ്ങളൊന്നും അയാള്‍ക്ക് പ്രശ്നമല്ല.

പും നാമ നരകത്തില്‍ നിന്നും പിതാവിനെ ത്രാണനം ചെയ്യുന്നവനാണത്രെ പുത്രന്‍.ഞെരളത്തിന്‍റെ പുത്രന്‍ ത്രാണനം ചെയ്യുന്നവനല്ല നരകത്തിലേക്ക് തള്ളി വിടുന്നവനാണെന്ന് തെളിയിക്കുന്നു.ഇത്തരം സന്താനങ്ങളുടെ ഇടയില്‍ നിന്നും നേരത്തേ പോയ അദ്ദേഹം എത്ര ഭാഗ്യവാന്‍!

മഹാനായ ഒരു കലാകാരന് സ്മാരകം നിര്‍മ്മിക്കേണ്ടത് ഏത് പരിഷ്കൃത ഭരണകൂടത്തിന്‍റെയും കടമയാണ്.ഏതെങ്കിലും വിവരദോഷിയായ ഒരു മകന്‍റെ ആലോചനാശൂന്യമായ പ്രവൃത്തി മൂലംഅതില്‍ നിന്നും ഒഴിഞ്ഞുമാറുന്നതു ശരിയല്ല.


Fans on the page

Saturday, October 18, 2008

യൂണിവേഴ്സിറ്റി നിയമന വിവാദം

അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഗ്രേഡ് നിയമനം റദ്ദാക്കാന്‍ ലോകായുക്ത നിര്ദ്ദേശിച്ചിരിക്കയാണ്. പകരം പുതിയ പരീക്ഷ നടത്തി നിയമനം നടത്തണമെന്നും സ്ഥാനമൊഴിഞ്ഞ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. രാമചന്ദ്രന്‍ നായര്‍ ,പ്രോ-വൈസ് ചാന്‍സലര്‍ ഡോ. വി. ജയപ്രകാശ്, തിരഞ്ഞെടുപ്പ് സമിതിയിലുണ്ടായിരുന്ന സിന്‍ഡിക്കേറ്റ് അംഗങ്ങളായ എ.എ. റഷീദ്, ബി.എസ്. രാജീവ്, എം.പി. റസ്സല്, കെ.എ. ആന്‍ഡ്രു എന്നിവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും ഉപലോകായുക്ത ജസ്റ്റിസ് എന്‍. കൃഷ്ണന്‍ നായര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച നടപടി കൈക്കൊള്ളാന്‍ ചാന്‍സലറായ ഗവര്‍ണ്ണര്‍, പ്രോ-ചാന്‍സലറായ വിദ്യാഭ്യാസമന്ത്രി എന്നിവരോടും ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയോടും ഉപലോകായുക്ത ശുപാര്‍ശ ചെയ്തു.

കേരള സര്‍ വ്വകലാശാലയില്‍ അസിസ്റ്റന്റ് ഗ്രേഡ് ആയി നിയമനം ലഭിച്ച 182 പേരാണ് ഈ ഉത്തരവു പ്രകാരം വെട്ടിലായിരിക്കുന്നത്. ജോലി കിട്ടിയവരില്‍ ഭൂരിഭാഗവും സി.പി.എം നേതാക്കളുടെ ബന്ധുക്കളും സര്‍ വ്വകലാശാലയിലെ സി.പി.എം സംഘടനാ നേതാക്കളുടെ സ്വന്തക്കാരുമാണെന്ന് ആക്ഷേപമുണ്ടായിരുന്നു.

'എഴുത്തുപരീക്ഷയുടെ ഉത്തരക്കടലാസ് കാണാതായതിനാല്‍ മാര്‍ക്കുകളില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് കരുതണം. താല്പര്യമുള്ളവര്‍ക്ക് എഴുത്തുപരീക്ഷയില്‍ മാര്‍ക്ക് കുറവായിരുന്നെങ്കിലും ഇന്റര്‍ വ്യൂവില്‍ കൂടുതല്‍ മാര്‍ക്ക് നല്കി നിയമനം ലഭ്യമാക്കി. ഇതേ സമയം എഴുത്തുപരീക്ഷയില്‍ മെറിറ്റടിസ്ഥാനത്തില്‍ മുന്നിലെത്തിയവര്‍ക്ക് ഇന്റര്‍ വ്യൂവില്‍ മാര്‍ക്കു കുറച്ച് നിയമനം നിഷേധിച്ചു. റാങ്ക് ലിസ്റ്റില്‍ ഇടംപിടിക്കാന്‍ സാധ്യതയില്ലാത്ത പലര്‍ക്കും കൈയക്ഷര പരീക്ഷയില്‍ വിവേചനരഹിതമായി മാര്‍ക്ക് നല്കി കട്ട് ഓഫ് മാര്‍ക്ക് ലഭ്യമാക്കി.'-68 പേജുള്ള വിധിന്യായത്തില്‍ ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ പറയുന്നു.

പിന്‍ വാതിലില്‍ കൂടി വന്നവര്‍ അതുവഴി തന്നെ പുറത്തുപോകണമെന്ന സുപ്രീംകോടതി ഉത്തരവ് ഉദ്ധരിച്ചാണ് നിയമനം റദ്ദാക്കണമെന്ന് ജസ്റ്റിസ് നിര്‍ദ്ദേശിച്ചത്.
നിയമനപ്രക്രിയ അഴിമതിയും ക്രമക്കേടും നിറഞ്ഞതാണെങ്കില്‍ ഓരോരുത്തര്‍ക്കും നോട്ടീസ് അയയ്ക്കേണ്ടതില്ലെന്നും വ്യക്തിപരമായ നിഷ്കളങ്കതയ്ക്ക് സ്ഥാനമില്ലെന്നും ഇത്തരം കേസ്സുകളില്‍ ലിസ്റ്റ് ആകമാനം റദ്ദാക്കണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവും വിധിയില്‍ ഉദ്ധരിച്ചിട്ടുണ്ട്.

ഉപലോകായുക്ത് വിധി എല്ലാ വസ്തുതകളും മനസ്സിലാക്കാതെയുള്ളതാണെന്നാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സിന്‍ഡിക്കേറ്റംഗങ്ങളും മറ്റും പറയുന്നത്.അതിനാല്‍ ഹൈക്കോടതിയെ സമീപിക്കുവാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചുകഴിഞ്ഞത്രെ.കേരള യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് അഴിമതിയും സ്വജനപക്ഷപാതവും നടത്തിയതിന്‍റെ പേരില്‍ നിയമനം റദ്ദാക്കുവാന്‍ കോടതി ഉത്തരവിടുന്നത്.വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റിലെ ചിലരും കുറ്റക്കാരാണെന്നു വിധിക്കുന്നതും ആദ്യമായാണ്.സിന്‍ഡിക്കേറ്റിന്‍റെ സെക്രട്ടറിയായ രജിസ്ട്രാറെ ഒഴിവാക്കിയ കോടതി, കുറ്റക്കാര്‍ ആരൊക്കെയെന്ന് പേരെടുത്തു പറഞ്ഞതു തെളിവുകളില്ലാതെയാണെന്നു കരുതാന്‍ വയ്യ.

തങ്ങള്‍ കുറ്റക്കാരല്ലെന്ന്‍ ആവര്‍ത്തിച്ചു പറഞ്ഞതു കൊണ്ട് കാര്യമില്ല.അത് ഉത്തരവാദപ്പെട്ടവരുടെ
മുമ്പില്‍ തെളിയിക്കുകയാണ് യൂണിവേഴ്സിറ്റി അധികൃതര്‍ ചെയ്യേണ്ടിയിരുന്നത്.അതിനു പകരം ഉത്തരക്കടലാസ്, ടെസ്റ്റില്‍ പങ്കെടുത്തവരുടെ ഹാജര്‍ലിസ്റ്റ്, തുടങ്ങിയ രേഖകള്‍ ഹാജരാക്കാതെ വിഡ്ഡിവേഷം കെട്ടുകയാണ് അവര്‍ ചെയ്തത്.ഫലപ്രഖ്യാപനം നടന്ന പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ പോലും ഒരു വര്‍ഷക്കാലം സൂക്ഷിക്കണമെന്നു ചട്ടമുള്ളപ്പോള്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും മുമ്പ് ടെസ്റ്റിന്‍റെ ഉത്തരക്കടലാസുകള്‍ കാണാനില്ലെന്നു പറയുന്നത് വിശ്വസിക്കാ
നാകില്ല.

പ്രതിക്കൂട്ടിലായ സിന്‍റിക്കേറ്റംഗങ്ങളെല്ലാം സി പി എം പാര്‍ട്ടിക്കാരായതിനാല്‍ അഴിമതിയ്ക്ക് രാഷ്ട്രീയ നിറം വന്നു കഴിഞ്ഞു.അതോടെ അവരെ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്കാരും രംഗത്തെത്തി.
യുഡി എഫ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത സിന്‍റിക്കേറ്റിന്‍റെ കാലത്താണ് ടെസ്റ്റ് നടത്തിയതെന്നും
അതില്‍ ക്രമക്കേടു നടന്നതായി അന്നേ തങ്ങള്‍ പറഞ്ഞിരുന്നതാണെന്നുമാണ് ഡിവൈ എഫ് ഐ
നേതാക്കള്‍ ആരോപിക്കുന്നത്.അങ്ങനെയെങ്കില്‍ അതേ ടെസ്റ്റിലൂടെ യോഗ്യതാലിസ്റ്റില്‍ കയറിക്കൂടിയവരെ വിളിച്ച് ഇന്‍റര്‍ വ്യൂ നടത്തി നിയമിച്ചത് എന്തിനെന്ന്‍ അവര്‍ മറുപടി പറയണം.
സംസ്ഥാനത്തും യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റിലും എല്‍ ഡി എഫ് അധികാരത്തില്‍ വന്ന സ്ഥിതിക്ക്
ടെസ്റ്റ് റദ്ദു ചെയ്യുന്നതിന് യാതൊരു തടസ്സൂവുമില്ലായിരുന്നു.അങ്ങനെ ചെയ്യാതിരുന്നത് ടെസ്റ്റില്‍ ക്രമക്കേടു നടന്നെന്ന ആരോപണം അടിസ്ഥാനമില്ലാത്തതു കൊണ്ടും ഇന്‍റര്‍ വ്യൂവില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ തിരുകിക്കയറ്റാന്‍ എളുപ്പമാണെന്നു മനസ്സിലായതു കൊണ്ടുമാണ്.അതു തന്നെയാണു നടന്നതെന്ന് കോടതി വിധി വ്യക്തമാക്കുന്നു.

അസ്സിസ്റ്റന്‍റ് ഗ്രേഡ് നിയമനത്തിന്‍റെ വ്യവസ്ഥ നിര്‍ദ്ദേശിച്ചിട്ടുള്ള കേരള സര്‍ വ്വകലാശാലാ ഓര്‍ഡിനന്‍സ് അനുസരിച്ച് ഇന്‍റര്‍വ്യൂ നിര്‍ബ്ബന്ധമല്ല.അതുകൊണ്ട് ഇന്‍റര്‍ വ്യൂ ഒഴിവാക്കണമെന്ന് യൂണിവേഴ്സിറ്റി ജീവനക്കാരുടെ സംഘടനകളെല്ലാം (മാര്‍ക്സിസ്റ്റു സംഘടന ഒഴികെ) ആവശ്യപ്പെട്ടിരുന്നതുമാണ്.എന്നിട്ടും ഒരു മാസത്തോളം നീണ്ട അഭിമുഖ മാമാങ്കം നടത്തിയത് ദുരുദ്ദേശ്യപരമാണ്.

സ്വന്തം പാര്‍ട്ടിസഖാക്കളെയും വന്‍ തുക കൈമടക്കു കൊടുത്ത മറ്റുള്ളവരെയുമാണ് നിയമിച്ചതെന്നാണ് യൂണിവേഴ്സിറ്റിയുടെ ഉപശാലകളില്‍ പ്രചരിക്കുന്ന വാര്‍ത്ത.യോഗ്യതയുള്ള നിരവധി പേരെ വെട്ടിനിരത്തിയിട്ടാണ് അര്‍ഹതയില്ലാത്തവരെ അവരോധിച്ചിരിക്കുന്നത് എന്ന കണ്ടെത്തല്‍ കുറ്റത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

കേരളാ യൂണിവേഴ്സിറ്റി ആക്റ്റ് 1971ല്‍ നിലവില്‍ വന്നശേഷം നിരവധി പ്രാവശ്യം അസ്സിറ്റന്‍റ് ഗ്രേഡ് നിയമനത്തിനായി ടെസ്റ്റും ഇന്‍റര്‍വ്യൂവും നടത്തിയിട്ടുണ്ട്. അപ്പോഴൊന്നും ഇത്തരം ആരോപണമോ കോടതി നടപടിയോ ഉണ്ടായിട്ടില്ല. അന്നൊക്കെ ഇന്‍റര്‍ വ്യൂ ബോര്‍ഡില്‍ വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടിയില്‍ പെട്ട സിന്‍ഡിക്കേറ്റംഗങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു.വി സിയും പിവി
സിയും നിഷ്പക്ഷത പുലര്‍ത്തുകയും ചെയ്തിരുന്നു.എന്നാല്‍ ആരോപണ വിധേയമായ ഇന്‍റര്‍ വ്യൂ ബോര്‍ഡില്‍ സിപി എം അംഗങ്ങളും പാര്‍ട്ടിയിലേക്കു ചാഞ്ഞുകൊണ്ടിരിക്കുന്ന വി സിയും പിവിസിയും മാത്രമാണുണ്ടായിരുന്നത്. എന്ത് അഴിമതി കാണിച്ചാലും ആരും അറിയാന്‍ പോകുന്നില്ല എന്ന വിശ്വാസവും ധിക്കാരവുമാണ് മയവും മര്യാദയുമില്ലാത്ത ക്രമക്കേടു നടത്താന്‍ അവരെ പ്രേരിപ്പിച്ചതെന്നു വേണം കരുതാന്‍.

എസ്സ്.രാമചന്ദ്രന്‍ പിള്ളയേയും ജി.സുധാകരനെയും പോലുള്ള കൊടി കെട്ടിയ മാര്‍ക്സിസ്റ്റ് നേതാക്കള്‍ സിന്‍ഡിക്കേറ്റംഗങ്ങളായിരുന്നിട്ടുണ്ട്.അവര്‍ ഇന്‍റര്‍ വ്യൂവും നടത്തിയിട്ടുണ്ട്.അവരാരും അഴിമതി നടത്തിയതായി ആരും ആരോപിക്കുകയോ കണ്ടെത്തുകയോ ചെയ്തിട്ടില്ല.അന്ന് അഴിമതിയുടെ കറപുരളാത്തവരെയും വിവരമുള്ളവരെയുമായിരുന്നു എല്ലാ പാര്‍ട്ടികളും യൂണിവേഴ്സിറ്റിഭരണ സമിതികളിലേക്ക് നിയോഗിച്ചിരുന്നത്.കാലം മാറിയപ്പോള്‍ തങ്ങളുടെ തിരികിടകളെ (വകയ്ക്കു കൊള്ളാത്തവരെ)തിരുകിക്കയറ്റാനുള്ള ഇടമായി രാഷ്ട്രീയ കക്ഷികള്‍ സര്‍ വ്വകലാശാലാ സമിതികളെ കാണാന്‍ തുടങ്ങി.അങ്ങനെ വിസ തട്ടിപ്പുകാരും കോപ്പിയടിച്ചു പരീക്ഷ ജയിച്ചവരും വരെ സെനറ്റിലും സിന്‍ഡിക്കേറ്റിലും എത്തിയതിന്‍റെ പരിണിത ഫലമാണ് കേരള സര്‍ വ്വകലാശാലയില്‍ ഇപ്പോള്‍ കണ്ടത്.സംസ്ഥാന ഭരണം മാറുന്നതിനനുസരിച്ച് പാര്‍ട്ടിയും കാഴ്ചപ്പാടും മാറ്റുകയും നട്ടല്ല് ഊരി അരയ്ക്കു കെട്ടുകയും ചെയ്യുന്ന വൈസ് ചാന്‍സലര്‍ മാരും കൂടിയാകുമ്പോള്‍ പതനം സമ്പൂര്‍ണ്ണമാകാതെ തരമില്ല.

ഉപലോകായുക്തയുടെ കണ്ടെത്തലുകള്‍ വാസ്തവമായ സ്ഥിതിക്ക് അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം അനുസരിക്കുകയാണ് യൂണിവേഴ്സിറ്റിക്കും സര്‍ക്കാരിനും സമൂഹത്തിനും നല്ലത്.ദുര്‍ബ്ബലവും ബാലിശവുമായ വാദങ്ങളുയര്‍ത്തി അപ്പീലിനു പോകാനാണ് ശിക്ഷാവിധേയരായ സിന്‍ഡിക്കേറ്റംഗങ്ങള്‍ക്കും മറ്റും താല്പര്യമെങ്കില്‍ അവര്‍ സ്വന്തം ചെലവില്‍ പോകുകയാണു വേണ്ടത്.

Fans on the page

Tuesday, October 7, 2008

ടോംസും യേശുദാസനും

'ബോബനും മോളിയും'കാര്‍ട്ടൂണിലൂടെ മനോരമ വാരികയുടെ പ്രചാരം വര്‍ദ്ധിപ്പിച്ച കാര്‍ട്ടൂണിസ്റ്റ് ടോംസ്
കണ്ണീരും കൈയുമായാണ് മനോരമയുടെ പടിയിറങ്ങിയത്.ഒടുവില്‍ തന്‍റെ ഭാവനാ സന്തതികളായ ബോബന്‍റെയും മോളിയുടെയും പിതൃത്വം സ്ഥാപിച്ചു കിട്ടാന്‍ ടോംസിന് സുപ്രീം കോടതി വരെ കേസ് പറയേണ്ടി വന്നു.

ഇപ്പോഴിതാ കാര്‍ട്ടൂണിസ്റ്റ് യേശുദാസനും അതേ അവസ്ഥയില്‍ അവിടെ നിന്നും പുറത്തായിരിക്കുന്നു.
ടോംസിനെപ്പോലെ അപമാനിതനായാണ് ഇദ്ദേഹവും മനോരമയോടു വിട ചൊല്ലിയത്.മനോരമയുടെ ഇംഗ്ലീഷ്
വാരികയായ 'വീക്കി'ലെ യേശുദാസന്‍റെ പേജില്‍ നിന്നും ആദ്യം അദ്ദേഹത്തെ നിഷ്കാസിതനാക്കി.കുറെ ദിവസം കഴിഞ്ഞപ്പോള്‍ പത്രത്തിലെ 'പൊന്നമ്മ സൂപ്രണ്ട്' എന്ന അദ്ദേഹത്തിന്‍റെ സ്ഥിരം കാര്‍ട്ടൂണ്‍ അപ്രത്യക്ഷമായി.പത്രാധിപ സമിതി അംഗം കൂടിയായ അദ്ദേഹം ഇതൊന്നുമറിഞ്ഞില്ല.ഒരു കലാകാരനെ
ഇതില്പരം അപമാനിക്കാനുണ്ടോ?മുഖത്തു തുപ്പുന്നതിനു മുമ്പ് യേശുദാസന്‍ ഇറങ്ങിപ്പോന്നത് അദ്ദേഹത്തില്‍
അല്പം അഭിമാന ബോധം അവശേഷിച്ചിരുന്നതു കൊണ്ടാകണം.

മലയാള മനോരമ പത്രത്തിന്‍റെ വളര്‍ച്ചയില്‍ ചെറുതല്ലാത്ത സംഭാവന യേശുദാസന്‍റെ വരയ്ക്കുണ്ട്.അത്
സമ്മതിച്ചു തരാന്‍ മാനേജ്മെന്‍റിനു വൈമനസ്യമുണ്ടാകും.മറിച്ച് പത്രം വളര്‍ന്നത് തങ്ങളുടെ വൈഭവം കൊണ്ടാണെന്ന് അവര്‍ അവകാശപ്പെട്ടെന്നും വരാം.വെറും തൊഴിലാളിയും തൊഴില്‍ ദാദാവും തമ്മിലുള്ള
ബന്ധം മാത്രമേ കാര്‍ട്ടൂണിസ്റ്റും പത്ര ഉടമയും തമ്മിലുള്ളൂ എന്നുവച്ചാല്‍ തന്നെ ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകനെന്ന പരിഗണന പോലും പ്രതിഭാധനനായ ഈ കാര്‍ട്ടൂണിസ്റ്റിനോട് കേരളത്തിലെ ഏറ്റവും
വലിയ പത്രസ്ഥാപനം കാണിച്ചില്ല.

ശ്രീമതി സോണിയാ ഗാന്ധിയേയും ആണവക്കരാറിനെയും ആക്ഷേപിച്ചു കാര്‍ട്ടൂണ്‍ വരച്ചതാണ് മനോരമ
മാനേജ്മെന്‍റിനെ പ്രകോപിപ്പിച്ചതത്രെ.മനോരമയുടെ പത്രാധിപ സമിതിയില്‍ ഒരു മാഫിയാസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും തന്നെ പുറത്തു ചാടിച്ചതില്‍ പ്രധാന പങ്ക് അവര്‍ക്കാണെന്നും യേശുദാസന്‍ ആരോപിക്കുന്നു.മുമ്പും തന്‍റെ വരകള്‍ പലതും മുതലാളിമാര്‍ പൂഴ്ത്തിയിട്ടുണ്ടെന്നും അവയെല്ലാം 'വരാത്ത
വരകള്‍'എന്ന പേരില്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

ഇന്ത്യയില്‍ തന്നെ ഇന്നു ജീവിച്ചിരിക്കുന്ന കാര്‍ട്ടൂണിസ്റ്റുകളില്‍ മുന്‍ നിരയിലാണ് ശ്രീ യേശുദാസന്‍.
അദ്ദേഹത്തെപ്പോലുള്ള ഒരു കലാകാരന്‍ ഇത്രയും നാള്‍ ഇതൊക്കെ സഹിച്ചത് മനോരമ നല്‍കിയിരുന്ന കവറിന്‍റെ കനം കൊണ്ടായിരിക്കണം.'അസാധു'മാസിക പോലെ നിലവാരമുള്ള ഹാസ്യ പ്രസിദ്ധീകരണത്തിനു ജന്മം നല്‍കിയ അദ്ദേഹം ആദ്യപ്രഹരമേറ്റപ്പൊഴേ വിടപറഞ്ഞിരുന്നെങ്കില്‍ കുറേക്കൂടി അന്തസ്സുണ്ടാകുമായിരുന്നു.

തനിക്ക് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ച 'ജനയുഗം' പത്രത്തില്‍ നിന്നും പ്രതിഫലത്തിന്‍റെ കനം നോക്കി മറു കണ്ടം ചാടിയതിന്‍റെ സ്വാഭാവിക പരിണാമം ഇങ്ങനെയേ ആകാന്‍ തരമുള്ളൂ.'ജന്തുവിന്നു തുടരുന്നു വാസനാ
ബന്ധമിങ്ങുടലു വീഴുവോളവും' എന്ന കവി വചനം ശരിയാണെന്നാണ് ദേശാഭിമാനിയില്‍ ചേക്കേറാനുള്ള
അദ്ദേഹത്തിന്‍റെ വ്യഗ്രത കാണുമ്പോള്‍ തോന്നുന്നത്.ക്യാപ്പിറ്റലിസ്റ്റ് മുതലാളിയേക്കാള്‍ മൂലധനക്കമ്യൂണിസ്റ്റ്
മുതലാളി ഭേദമായിരിക്കുമെന്ന വിശ്വാസമാണോ യേശുദാസനെ ഈ സാഹസത്തിനു പ്രേരിപ്പിച്ചതെന്ന് അറിഞ്ഞു
കൂടാ.കമ്യൂണിസ്റ്റ് മുതലാളിയായാലും കാണ്‍ഗ്രസ് മുതലാളിയായാലും സമയം വരുമ്പോള്‍ മുതലാളി അവന്‍റെ
തനിഗ്ഗുണം കാണിക്കുമെന്ന് ഹാസ്യവരയുടെ പെരുന്തച്ചന്‍ ഇനിയും മനസ്സിലാക്കാത്തതാണ് അത്ഭുതം!
Fans on the page

Saturday, October 4, 2008

ഭക്തിഭീകരത

മന്ത്രവാദികളുടെയും പാമ്പാട്ടികളുടെയും നാടെന്ന് പണ്ട് സായിപ്പന്മാര്‍ ആക്ഷേപിച്ചതിന്‍റെ പേരില്‍ ഇന്നും
രോഷം കൊള്ളുന്നവരാണു നമ്മള്‍.ഭക്തി മൂത്ത് സ്വയം ഹത്യയും പരഹത്യയും ഒരു സങ്കോചവുമില്ലാതെ
ചെയ്യുന്നതു കാണുമ്പോള്‍ ധ്വരയ്ക്ക് തെറ്റിയിട്ടില്ലെന്നു വേണം കരുതാന്‍.

രാജസ്ഥാനിലെ ജോധ്പൂര്‍ ചാമുണ്ഡി ദേവീ ക്ഷേത്രത്തിലെ നവരാത്രി പൂജ ദര്‍ശിക്കാനുള്ള തിക്കിലും തിരക്കിലും പെട്ട് ഇരുന്നൂറില്‍ കൂടുതല്‍ ആളുകളാണു മരിച്ചത്.മരണ സംഖ്യ ഇനിയും കൂടുമെന്നറിയുന്നു.ഇത്
പുതിയ സംഭവമല്ല.ഭക്തിയുടെയും മത വിശ്വാസത്തിന്‍റെയും പേരില്‍ ആണ്ടു തോറും ഇന്ത്യയില്‍ മരണമടയുന്നവരുടെ കണക്കു ഞെട്ടിക്കുന്നതാണ്.അമര്‍നാഥ് തീര്‍ത്ഥയാത്ര,കുംഭമേള, വേളാങ്കണ്ണി തീര്‍ത്ഥാടനം തുടങ്ങി എത്ര വിശുദ്ധ വേളകളിലാണ് ഭക്തിയുടെ ബലിയാടുകളായി ആയിരങ്ങള്‍ ഒടുങ്ങിയിട്ടുള്ളത്!

പണ്ടു മുതലേ ഭക്തി ഭാരതത്തില്‍ നല്ലവണ്ണം വിറ്റഴിയുന്ന ചരക്കാണ്.കാലം ചെല്ലും തോറും അതിന്‍റെ
വിപണന മൂല്യവും സാദ്ധ്യതയും ഏറിവന്നുകൊണ്ടിരിക്കുന്നു.

'ഭക്തിയുണ്ടായാല്‍ പിന്നെ മുക്തിയോ വരുമല്ലോ' എന്ന പുരാണ വചനം അനുസരിച്ചുള്ള മുക്തിയാണ് മരണ
മെന്ന് ഭക്തിവ്യാപാരികള്‍ വാദിച്ചുകൂടായ്കയില്ല.ഭാരതത്തില്‍ ഭക്തി മോക്ഷത്തിലേക്കല്ല ഭ്രാന്തിലേക്കും അന്യ
മതസ്പര്‍ദ്ധയിലേക്കുമാണ് നയിക്കുന്നത്.ഒറീസയിലും കര്‍ണ്ണാടകത്തിലും ഇപ്പോള്‍ നടക്കുന്നതും ഗുജറാത്തില്‍
മുമ്പു നടന്നതുമായ സംഭവങ്ങള്‍ അതു തെളിയിക്കുന്നു.ദേശീയ,അന്തര്‍ദ്ദേശീയ ഭീകരതയ്ക്കെതിരെ ശബ്ദിക്കുന്നവര്‍
ഈ ഭക്തിഭീകരതയ്ക്കെതിരെ മിണ്ടില്ല.കാരണം അധികാരത്തിലെത്താന്‍ നരമേധം ഉപകരിക്കും എന്ന് ഭക്തിക്കച്ചവടക്കാര്‍ക്ക് നന്നായറിയാം.


Fans on the page