Total Pageviews

Tuesday, March 31, 2009

ഇടയലേഖനം

കുടിക്കുവാന്‍ വെള്ളം ശകലമില്ലാതെ
കടിക്കുവാന്‍ പച്ചത്തലപ്പുമില്ലാതെ
വരണ്ട കാടിന്റെ വിജന വീഥിയില്‍
വയറു കാഞ്ഞു കുഞ്ഞജങ്ങള്‍ കേഴുമ്പോള്‍,
അരും കൊല ചെയ്തു കിണറ്റില്‍ തള്ളിയ
ചെറിയ പെണ്ണാടിന്നകാല മൃത്യുവില്‍
കൊടിയ വേദന സഹിച്ച,മര്‍ഷത്താല്‍
മുതിര്‍ന്നവ ചേര്‍ന്നു കലമ്പല്‍ കൂട്ടുമ്പോള്‍,
തുടിക്കുമുല്‍ക്കണ്ഠ മുഖത്തണിഞ്ഞുകൊ-
ണ്ടിടയ സംഘങ്ങളടുത്തു വന്നെത്തി.

നിറഞ്ഞ കാഞ്ചന ചഷകം മൊത്തിയും
ഹരിത ശോഭയില്‍ തിളങ്ങും പത്രങ്ങ-
ളുലച്ചുമെത്തു ന്നൊരിടയരെ കാണ്‍കെ,
ഇലയും വെള്ളവും വിശപ്പടക്കുവാന്‍
ലഭിക്കുമെന്നവ കൊതിച്ചു നില്‍ക്കുമ്പോള്‍,
ഉരച്ചു രക്ഷകര്‍ ഒരൊറ്റയീണത്തില്‍ :

"വരുവിന്‍ നിങ്ങളീയിടയ ലേഖനം
ശരിക്കു വായിച്ചു പഠിച്ചു കൊള്ളുവിന്‍.
വിശപ്പും ദാഹവുമകന്നു പോയിടും
വിശിഷ്ടമാം ശക്തി വളരെ വന്നിടും.
മരിച്ചോളെയോര്‍ത്തു കരയാതെ,യിതില്‍
പറയും മാതിരി നടന്നു കൊള്ളുവിന്‍ ."

ഉടലില്‍ ശേഷിക്കും കരുത്തു സര്‍വ്വവു-
മെടുത്തു നാല്‍ക്കാലിപ്പട ഇടയരെ
ഒടുക്കുവാന്‍ ചാടിയടുക്കുന്നു; ഭയം
ഗ്രസിച്ച രക്ഷക, രിടയ ലേഖനം
പരിചയാക്കിയും കനകം പൂശിയ
പുതിയ ചാട്ടകള്‍ ചുഴറ്റിയു,മാട്ടിന്‍
നിരയെത്തല്ലുന്നു; പ്രഹരമേറ്റവ
നിലവിളിക്കുന്നു;പിടഞ്ഞു ചാകുന്നു.

"ഇതെന്റെ ദേഹമാണശിച്ചു കൊള്‍"കെന്നും
"ഇതെന്റെ ശോണിതം;കുടിച്ചുകൊള്‍"‍കെന്നും
പറഞ്ഞ പണ്ടത്തെ വലിയ രക്ഷകന്‍
ഉയരെ നിന്നുമീ ദുരിതക്കാഴ്ച ക-
ണ്ടുരുവിടുന്നുണ്ടാം പഴയ പ്രാര്‍ത്ഥന:
"പിതാവേ ഇവരോടു പൊറുക്കേണമേ...
..............."


Fans on the page

Sunday, March 15, 2009

"വെളിവു കെട്ട വെളിയവും" വെളിവു കൂടിയ പിണറായിയും

വിജ്ഞാനനിധിയും വെളിവിന്റെ അവതാരവും ശ്രീനാരായണ ദര്‍ശനങ്ങളില്‍ അതീവജ്ഞാനിയുമായ ശ്രീ.വെള്ളാപ്പള്ളി
നടേശനാണ് സഖാവ് വെളിയം ഭാര്‍ഗ്ഗവനെ "വെളിവു കെട്ടവന്‍" എന്ന് ആദ്യം വിളിച്ചത്.അന്ന്‍ വെള്ളാപ്പള്ളിയും അനുചരന്മാരും മാത്രമേ അങ്ങനെ വിളിക്കാനുണ്ടായിരുന്നുള്ളു.പക്ഷേ 13.3.2009 വെള്ളിയായാഴ്ച 11.30 മണി കഴിഞ്ഞപ്പൊഴേക്കും വെള്ളാപ്പള്ളിയെ ഏറ്റുവിളിക്കാന്‍ ആളുകള്‍ കൂടി.അതില്‍ അധികം പേരും സി.പി.എം കാരാണെന്നതാണ് കൗതുകകരം.ബൂലോകത്താണെങ്കില്‍ തെറിയുടെയും പരിഹാസത്തിന്റെയും അകമ്പടിയോടെ ഈ വിളിയാണ് സര്‍വത്ര.

ജീവിതത്തില്‍ ഏറിയ പങ്കും മദ്യവിരുദ്ധ പ്രചരണത്തിനു വിനിയോഗിക്കുന്ന ബ്രഹ്മചാരിയായ ഡോ.സുകുമാര്‍ അഴീക്കോടിനെ കള്ളുകുടിയനെന്നും പെണ്ണുപിടിയനെന്നും ആക്ഷേപിച്ച ഏക വ്യക്തിയാണു വെള്ളാപ്പള്ളി.പ്രായം കൊണ്ടും പ്രവര്‍ത്തന പരിചയം കൊണ്ടും തന്നെക്കാള്‍ വളരെ മുമ്പില്‍ നില്‍ക്കുന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ശ്രീ.പി.കെ.നരായണപ്പണിക്കരെ ആദ്യം ചേട്ടനെന്നും പിന്നീട് പൂരപ്പാട്ടിലെ വിശേഷണങ്ങള്‍ ചേര്‍ത്തും വിളിച്ച 'പക്വമതി'യും മറ്റാരുമല്ല.

അത്തരം ഒരു മഹാവിപ്ലവകാരിയുടെ പദപ്രയോഗങ്ങളല്ലാതെ മറ്റെന്താണ് പാര്‍ലമെന്ററി വ്യാമോഹങ്ങളൊന്നുമില്ലാത്ത കമ്യൂണിസ്റ്റു നേതാവിനെ പുലഭ്യം പറയാന്‍ വിവേകശാലികള്‍ തെരഞ്ഞെടുക്കേണ്ടത് !!

ഇനി വെളിയം പറഞ്ഞ 'വെളിവുകേടുകളും' പിണറായി പറഞ്ഞ 'വെളിവു കൂടുതലുകളും' എന്തൊക്കെയാണെന്നു നോക്കാം.
1.ഞങ്ങളുടെയും അവരുടെയും എല്ലാ സീറ്റും പോകും. 65ലെയും 70ലെയും കാര്യങ്ങള്‍ വിജയന് അറിയില്ലായിരിക്കും.എന്ന് വെളിയം.
ഇതില്‍ എന്താണ് വെളിവുകേടുള്ളത് ?പരസ്പരം മത്സരിച്ചാല്‍ രണ്ടുകൂട്ടരും തോല്‍ക്കും എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.65ലെ അനുഭവം അതാണ് പഠിപ്പിച്ചത്.പാര്‍ട്ടി പിളര്‍ന്നതിനുശേഷം നടന്ന ആ തെരഞ്ഞെടപ്പില്‍ രണ്ടു പാര്‍ട്ടികള്‍ക്കും പലയിടത്തും കെട്ടി വച്ച കാശു പോയി.കൂടുതല്‍ ക്ഷീണം സംഭവിച്ചത് സിപി ഐക്കാണ്.
അന്നു തങ്ങള്‍ക്കു കൂടുതല്‍ സീറ്റ് കിട്ടി എന്നായിരുന്നു ഇതിന് പിണറായി യുടെ മറുപടി.ആ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് കൂടൂതല്‍ സീറ്റു കിട്ടിയതിനു പിന്നില്‍ മുസ്ലീം ലീഗിന്റെ സഹായവും ഉണ്ടായിരുന്നു എന്ന വസ്തുത സ.വിജയന്‍ സൗകര്യ പൂര്‍വ്വം മറന്നു.അന്ന് ലീഗുമായി ഉണ്ടായിരുന്ന 'ഒളിസേവ'യാണ് 67ലെ തെരഞ്ഞെടുപ്പില്‍ 'സംബന്ധമായി' വളര്‍ന്നത് .

70ലെ കാര്യത്തെക്കുറിച്ച് പിണറായി പ്രതികരിച്ചത്,അന്നത്തെ അനുഭവം നല്ല ഓര്‍മ്മയുണ്ടെന്നും അതിന്റെ പാടുകള്‍ ശരീരത്തില്‍ കൊണ്ടു നടക്കുന്ന ആളാണ് താനെന്നുമാണ്.അടിയന്തിരാവസ്ഥയിലെ അതിക്രമത്തെ കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചതെന്ന് മാദ്ധ്യമങ്ങള്‍ 'കൃത്യമായി' കണ്ടെത്തുകയും ചെയ്തു.യഥാര്‍ത്ഥ വസ്തുതയെ എങ്ങനെ സമര്‍ത്ഥമായി ട്വിസ്റ്റു ചെയ്യാം എന്ന് അദ്ദേഹം
കാണിച്ചു തരുന്നു.ഒപ്പം 'ഇവര്‍ ഒരു പാഠവും പഠിക്കില്ല' എന്ന വെളിയത്തിന്റെ വാക്കുകള്‍ സത്യമാണെന്നു വെളിവാകുകയും ചെയ്യുന്നു.

70ല്‍ ഇന്ത്യയില്‍ എങ്ങും അടിയന്തിരാവസ്ഥ ഇല്ലായിരുന്നു.ആനിലയ്ക്ക് സ.പിണറായി യുടെ ദേഹത്ത് അന്നു പാട് ഉണ്ടായത് എങ്ങനെയാണെന്ന് വിശദമാക്കേണ്ടത് അദ്ദേഹമാണ്; അല്ലെങ്കില്‍ അതു ശരിവച്ച മാദ്ധ്യമവിശാരദന്മാരാണ്.67ല്‍ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന സപ്തകക്ഷി മുന്നണി മന്ത്രിസഭ,നമ്പൂതിരിപ്പാടിന്റെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും സിപിഐ വിദേഷം മൂലം 69ല്‍ തകര്‍ന്നു.പക്ഷേ അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും കണക്കു കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് സ. അച്യുതമേനോന്റെ നേതൃത്വത്തില്‍ ബദല്‍ മന്ത്രിസഭ ഉണ്ടായി.ഒന്നോ രണ്ടോ പേരുടെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന ആ മന്ത്രിസഭ വിശ്വാസ വോട്ടു നേടിയ ശേഷം രാജിവയ്ക്കുകയും തെരഞ്ഞെടുപ്പിനു ശുപാര്‍ശ ചെയ്യുകയും ചെയ്തു.തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പാണ്
70ലെ പ്രധാന സംഭവം. അതാകണം വെളിയം ഉദ്ദേശിച്ചത്.അന്ന് സിപി എം ന് കനത്ത പരാജയം ഏറ്റു വാങ്ങേണ്ടി വന്നു.
തുടര്‍ന്നു വന്ന അച്യുതമേനോന്‍ സര്‍ക്കാരാണ് കേരളത്തില്‍ അഞ്ചു വര്‍ഷം തികയ്ക്കുന്ന ആദ്യത്തെ ജനകീയ സര്‍ക്കാര്‍.

ചെരുപ്പേറ്,തുണിപൊക്കി കാണിക്കല്‍ തുടങ്ങിയ കലാപരിപാടികള്‍ നിയമസഭയ്ക്കകത്തും, ട്രാസ്ഫോമര്‍ തകര്‍ക്കല്‍,ട്രാസ്പോര്‍ട്ട് ബസ് കത്തിക്കല്‍ മുതലായ പുരോഗമന നാടകങ്ങള്‍ സഭയ്ക്കു പുറത്തും മാര്‍ക്സിസ്റ്റു പാര്‍ട്ടിയും കൂട്ടരും നിരന്തരം നടത്തിയിട്ടും കേരളത്തിന്റെ വികസനത്തിന് അടിത്തറ പാകിയ പലതും ചെയ്യാന്‍ ആ സര്‍ക്കാരിനു കഴിഞ്ഞു.ഇന്ത്യ ഒട്ടാകെ യുള്ള രാഷ്ട്രമീമാംസാ വിദഗ്ദ്ധര്‍ സമ്മതിച്ചിട്ടുള്ള പ്രസ്തുത നേട്ടങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണ് അന്നും ഇന്നും മാര്‍ക്സിസ്റ്റുകാര്‍ അടിയന്തിരാവസ്ഥയുടെ പഴി അതിന്റെ മേല്‍ കെട്ടി വയ്ക്കുന്നത്.70ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഏതാനും നാളുകള്‍ അവശേഷിക്കുമ്പോഴാണ് 75 ജൂണില്‍ കേന്ദ്രം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. അച്യുതമേനോന്‍ സര്‍ക്കാര്‍ പ്ലാന്‍ ചെയ്ത മിക്ക പദ്ധതികളും അതിനകം പൂര്‍ത്തിയായിരുന്നു.എന്നിട്ടും ആ സര്‍ക്കാര്‍ നടപ്പാക്കിയ നല്ല കാര്യങ്ങള്‍ അടിയന്തിരാവസ്ഥയുടെ ബാക്കിപത്രമാണെന്നാണ് പിണറായിയും കൂട്ടരും ഇപ്പോഴും പാടിനടക്കുന്നത്.

അടിയന്തിരാവസ്ഥക്കാലത്തു നടന്ന എല്ലാ അതിക്രമങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് കെ കരുണാകരന്‍ ആയിരുന്നെന്ന് സ.വിജയന്
അറിയാത്തതല്ല.എന്നിട്ടും അച്യുതമേനോനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും ഇപ്പോഴും ദുഷിക്കുന്നത് സ.നമ്പൂതിരിപ്പാട് കുത്തിവച്ച വിഷത്തിന്റെ ശക്തികൊണ്ടാകണം.തന്നെ ദേഹോപദ്രവം ഏല്പിച്ച കരുണാകരനല്ല;അന്നു മുഖ്യമന്ത്രി ആയിരുന്ന അച്യുതമേനോനാണ്
പിണറായിയുടെ മുഖ്യശത്രു.കരുണാകരനെയും പുത്രനെയും ഇടതു മുന്നണിയില്‍ ചേര്‍ക്കാന്‍ വേണ്ടി പിണറായി നടത്തിയ പൊറാട്ടു നാടകങ്ങള്‍ കേരളീയര്‍ മറക്കാറായിട്ടില്ല.

2.'പൊന്നാനിയില്‍ അവരുടെ സ്ഥാനാര്‍ത്ഥി ഇപ്പോള്‍ മത്സരിച്ചു കൊണ്ടിരിക്കുകയാണ്. പിണറായി വിജയന്റെ കാന്‍ഡിഡേറ്റാണയാള്.‍' വെളിയം ചൂണ്ടിക്കാണിച്ച മറ്റൊരു സംഗതിയാണിത്.എല്‍ ഡി എഫ് മത്സരിക്കുന്ന ഒരിടത്തും തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങുന്നതിനും വളരെ മുമ്പേ പ്രാദേശിക സിപി എം നേതാക്കളോടൊപ്പം രണ്ടത്താണി പ്രചരണത്തിനിറങ്ങുന്നത് ദൃശ്യ മാദ്ധ്യമങ്ങള്‍ എത്രയോ ദിവസമായി കാണിച്ചു കൊണ്ടിരിക്കയാണ്.ഇതു മുന്നണി മര്യാദയ്ക്കു ചേര്‍ന്നതല്ലെന്നു പറയുന്നത് വെളിവുകേടാകുന്നതെങ്ങനെ?

താന്‍ ആ സ്ഥാനാര്‍ത്ഥിയെ കണ്ടിട്ടേ ഇല്ല എന്നാണ് അതിനു പിണറായി യുടെ വിശദീകരണം.അയ്യോ പാവം!"സിപി എം പ്രസ്ഥാനം എന്നു വച്ചാല്‍ പിണറായി ആണെ"ന്ന് അനുയായികള്‍ വാഴ്ത്തുന്ന സഖാവ് ഒരാളെ നേരില്‍ കാണാതെ എങ്ങനെയാണ് സ്ഥാനാര്‍ത്ഥിയാക്കുക?എത്ര വെളിവുള്ള വിശദീകരണം!നികുതി വെട്ടിപ്പുകാരനും പിടികിട്ടാപ്പുള്ളിയുമായ സാന്തിയാഗോ മാര്‍ട്ടിന്റെ
കൈയില്‍ നിന്നും ദേശാഭിമാനിക്കു വേണ്ടി കോടികള്‍ ബോണ്ടായോ വായ്പയായോ (പിണറായി ആയാലും ഇ പി ജയരാജനായാലും)വാങ്ങിയത് നേരില്‍ കണ്ടിട്ടായിരിക്കുമോ?ഹുസൈന്‍ രണ്ടത്താണി ഇന്നും നാളെയും മറ്റന്നാളൂം ഞങ്ങളുടെ ആളല്ല എന്നും പിണറായി പറയുന്നു.അയാളെ പോയി കണ്ടത് കെ ഇ ഇസ്മയില്‍ ആണെന്നും കൂട്ടി ച്ചേര്‍ക്കുന്നു.സിപി ഐ യുടെ അസ്സിസ്റ്റന്റ് സെക്രട്ടറി ആയ സ. ഇസ്മയിലിന്റെ നോക്കിനും വാക്കിനും സി പി എം സെക്രട്ടറിയുടെ പക്കല്‍ എന്തു സ്വാധീനം!!
ഇപി, എം വി,പി ജയരാജന്മാരെല്ലാം ഇനി ഇസ്മയിലിനു പിന്നില്‍ ! ഈ അത്താണിയുടെ കൂടെ വോട്ടു പിടിച്ചു നടക്കുന്ന ലോക്കല്‍ നേതാക്കന്മാര്‍ വല്ല കുലം കുത്തികളുമായിരിക്കുമോ?

ശരീരത്തിലേറ്റ പാടിന്റെയും മറ്റും കഥ സ. പിണറായിയും കുട്ടി കുഞ്ഞഹമ്മദു മാരും(പ്രയോഗത്തിന് സ. അച്യുതാനന്ദനോട് കടപ്പാട്) ഇതിനകം ഒരുപാടുപ്രാവശ്യം പറഞ്ഞുകഴിഞ്ഞു.അതിന്റെ പേരിലോ അല്ലാതെയോ മോശമല്ലാത്ത പല പദവികളും പാര്‍ട്ടി അദ്ദേഹത്തിനു നല്‍കിയിട്ടുമുണ്ട്.മുഖ്യമന്ത്രി മോഹം നടക്കാതെ പോയതിന്റെ പേരില്‍,മുഖ്യമന്ത്രി ആയ വ്യക്തിയെ ഇട്ടു പെടുത്തുന്ന പാട് ജനം കാണുന്നുമുണ്ട്.പിണറായിയേക്കാള്‍ മുമ്പ് പോലീസിന്റെ അടിയും തൊഴിയും കൊണ്ട ആളാണ് സ. വെളിയം.അതിന്റെ പേരില്‍ ഒരു പാര്‍ലമെന്ററി മോഹവും അദ്ദേഹം കൊണ്ടു നടക്കുന്നില്ല.ബെല്‍റ്റിടാതെ നടക്കാന്‍ വയ്യാത്ത ശരീരിക അവശതകളെ അവഗണിച്ച് പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ മുഴുകുന്നത് ഒരു മുഖ്യമന്ത്രിസ്ഥാനവും മോഹിച്ചല്ല.പാര്‍ട്ടിയുടെ രണ്ടു നേതാക്കള്‍ മുഖ്യമന്ത്രിക്കസേരയില്‍ എത്തിയപ്പോള്‍ ,അവര്‍ക്കു പാര പണിയാനും അവഹേളിക്കുവാനുമല്ല സ.വെളിയം തന്റെ പാര്‍ട്ടിയിലെ സ്വാധീനം വിനിയോഗിച്ചത്.

രണ്ടു പി ബി മെംബര്‍മാരും മത്സരിക്കേണ്ടെന്ന തീരുമാനം പിന്നീടു മാറ്റുകയും മറ്റേ മെംബറെ മത്സരിക്കാന്‍ അനുവദിക്കുകയും അദ്ദേഹം ജയിക്കുകയും മുഖ്യമന്ത്രി ആവുകയും ചെയ്തപ്പോള്‍,നാട്ടിന്‍ പുറത്തെ നാത്തൂന്‍ പോരിനെ നാണിപ്പിക്കുന്ന നെറികെട്ട വേലകള്‍ ഒപ്പിക്കാനുള്ള 'വെളിവും'സ.വെളിയം കാട്ടിയിട്ടില്ല.കുഞ്ഞു മുഹമ്മദിനെപ്പോലുള്ള ഒരു 'കുരങ്ങനെ'കൊണ്ട് മുഖ്യമന്ത്രിയെ
"മന്ദ ബുദ്ധി" എന്നു വിളിപ്പിക്കുന്ന വിപ്ലവബോധവും അദ്ദേഹത്തിനില്ല.

ഇന്ത്യയിലെ കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു യഥാര്‍ത്ഥ തൊഴിലാളി മുഖ്യമന്ത്രി പദത്തിലെത്തിയത്.
ജ്യോതിബാസു മുതല്‍ പി.കെ വാസുദേവന്‍ നായര്‍ വരെയുള്ള മുന്‍ മുഖ്യമന്ത്രിമാരുടെ പട്ടിക മുഴുവന്‍ പരതിയാലും അച്യുതാനന്ദനെപ്പോലെ കലര്‍പ്പില്ലാത്ത തൊഴിലാളി വര്‍ഗ്ഗ പ്രാതിനിധ്യമുള്ള ആരെയും കണ്ടുകിട്ടില്ല.അത്തരമൊരു വ്യക്തിയ്ക്കു ഭരിക്കാന്‍ അനുകൂല സാഹചര്യമൊരുക്കി കൊടുക്കേണ്ടതിനു പകരം അദ്ദേഹത്തിന്റെ പരിചയക്കുറവും മറ്റു പോരായ്മകളും മുതലെടുത്ത്
പാരവയ്ക്കാന്‍ നോക്കുന്ന പാര്‍ട്ടിസെക്രട്ടറിയാകാനും സ. വെളിയത്തിനാവില്ല.

ഇടത്തും വലത്തും മുമ്പിലും പിറകിലും വൈതാളികന്മാരെ ഇരുത്തി "അഹോ രൂപം, അഹോ നാദം,അഹോ ഭാവം, അഹോ പ്രസ്ഥാനം'' എന്നു വിളിപ്പിച്ചു പുളകം കൊള്ളുകയും, നാടുവാഴി, ഫ്യൂഡല്‍ പ്രതീകങ്ങളായ കിരീടവും ചെങ്കോലും അമ്പും ആവനാഴിയും ഗദയും പരിചയും കസവു നേര്യതും മറ്റും സ്വീകരിച്ചു ഫാഷന്‍ പരേഡ് നടത്തുകയും എതിര്‍ കക്ഷിയിലുള്ള നേതാവിനെ "പോടാ പുല്ലേ" എന്നു വിളിക്കുന്ന അനുയായിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന "നവകമ്യൂണിസ്റ്റ് രീതികളും" സ.വെളിയത്തിനു വശമുണ്ടെന്നു തോന്നുന്നില്ല.

കൊടിയ മര്‍ദ്ദനങ്ങളെ അതിജീവിച്ച് , പ്രതിഫലേച്ഛ കൂടാതെ രാഷ്ട്രീയ പ്രവര്ത്തനം നടത്തുന്ന വ്യക്തിയെ ,സംഘടനാ
വൈരത്തിന്റെയോ തെറ്റിദ്ധാരണയുടെയോ പേരില്‍, നടേശനെപ്പോലെയുള്ള ഒരു വായ്ത്തല പോയ കോടാലിയുടെ വാക്കുകള്‍ കടമെടുത്ത് അപഹസിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചരിത്രം മാപ്പു കൊടുക്കില്ല.


Fans on the page

Monday, March 9, 2009

പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന മോഷണത്തില്‍ വല്യബ്ദുള്ള

മാര്‍ച്ച് 5 വ്യാഴാഴ്ച കേരളകൗമുദിയിലെ, "കരുനീക്കം" പംക്തിയില്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള എഴുതിയ 'മരുന്നിന്റെ ദംഷ്ട്രകള്‍ 'എന്ന ലേഖനം മോഷണമാണെന്ന് ആരോപണമുണ്ടായിരിക്കുന്നു.അത്രയൊന്നും പ്രശസ്തനല്ലാത്ത മറ്റൊരു സാഹിത്യകാരന്‍ 'മാതൃ നാട് ' എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച "മരുന്നു ചന്തയിലെ ഗിനിപ്പന്നികള്‍"ആണത്രേ ഡോ. പുനത്തില്‍ അടിച്ചു മാറ്റിയത്.യഥാര്‍ത്ഥ ലേഖകന്‍ കുഞ്ഞബ്ദുള്ളയോട് പരാതി പറഞ്ഞപ്പോള്‍,താന്‍ എന്തെങ്കിലും വായിച്ചാല്‍ അതേപടി ഓര്‍മ്മയില്‍ കിടക്കുമെന്നും ഒരുപക്ഷേ അറിയാതെ എഴുത്തില്‍ പ്രതിഫലിച്ചേക്കാമെന്നും ആയിരുന്നു മറുപടി.എന്നാല്‍ മാതൃനാട് പത്രാധിപര്‍ വിരട്ടിയപ്പോള്‍ മഹാസാഹിത്യകാരന്‍ അടവു മാറ്റി.അബദ്ധം പറ്റിപ്പോയി;അയാള്‍ക്ക് തക്ക പ്രതിഫലം കൊടുക്കാമെന്നായി.

ഒരു ചാനലില്‍ മാത്രമേ ഈ വാര്‍ത്ത കണ്ടുള്ളു.എങ്കിലും പ്രതി പുനത്തില്‍ കുഞ്ഞബ്ദുള്ള ആയതിനാല്‍ വാര്‍ത്തയുടെ സത്യാവസ്ഥയെ കുറിച്ച് ശങ്കിക്കേണ്ടതില്ല.ഇദ്ദേഹത്തിന്റെ നോവലായ 'കന്യാവനങ്ങ'ളിലെ ഒരു അദ്ധ്യായം മുഴുവന്‍ മോഷണമായിരുന്നെന്ന് ,അത് പുറത്തിറങ്ങിയ കാലത്തു തന്നെ കണ്ടെത്തിയതാണ്.അന്ന് അപഹരിച്ചത് ചില്ലറക്കാരുടെ കൃതിയല്ല.
സാക്ഷാല്‍ രവീന്ദ്രനാഥ ടാഗോറിന്റെ പുസ്തകത്തില്‍ നിന്നു മോഷ്ടിച്ചാണ് കന്യാവനങ്ങളെ മോടി പിടിപ്പിച്ചത്.ഇപ്പോള്‍ കേള്‍ക്കുന്നത്
ഇദ്ദേഹത്തിന്റെ"മരുന്ന്" എന്ന വിഖ്യാത നോവലും വ്യാജനാണെന്നാണ്.ഇക്കണക്കിന് പുനത്തിലിന്റെ ഡോക്റ്റര്‍ ബിരുദത്തെ കുറിച്ചു പോലും സംശയിക്കേണ്ടിയിരിക്കുന്നു.

സാഹിത്യ ചോരണം എല്ലാ ഭാഷകളിലും നടക്കാറുണ്ട്.മലയാളത്തില്‍ കുറച്ചു കൂടുതലാണ്.നമ്മുടെ പല കവികളും കഥാകാരന്മാരും ഇത്തരം മോഷണം വളരെ വിദഗ്ദ്ധമായി നടത്തിയിട്ടുണ്ട്.പേരും പ്രശസ്തിയുമൊക്കെ ആയിക്കഴിഞ്ഞാല്‍ ഈ അലമ്പ് പരിപാടി അവരെല്ലാം നിര്‍ത്തുകയാണു പതിവ്.ആദ്യം'മലയാളനാടി'ലും പിന്നീട് 'കലാകൗമുദി'യിലും ഒടുവില്‍'മലയാളം വാരിക'യിലും തന്റെ'സാഹിത്യവാരഫലം' പംക്തിയിലൂടെ പ്രൊഫ.എം കൃഷ്ണന്‍ നായര്‍ പല സാഹിത്യ കള്ളന്മാരുടെയും മോഷണം വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ട്.അദ്ദേഹം ഇല്ലാതായതോടെ മോഷ്ടാക്കളുടെ സ്വൈരവിഹാരം സാഹിത്യ ലോകത്ത് കൂടിവരികയാണ്.എം.മുകുന്ദന്‍ ഉള്‍പ്പെടെയുള്ള പലരെയും കൈയോടെ പിടികൂടിയിട്ടുള്ള അദ്ദേഹത്തെയും കുപ്പിയിലിറക്കിയ വേന്ദ്രനാണ് ശ്രീ.കുഞ്ഞബ്ദുള്ള.
'കന്യാവനങ്ങള്‍' പ്രകാശനം ചെയ്യിച്ചത് കൃഷ്ണന്‍ നായര്‍ സാറിനെക്കൊണ്ടായിരുന്നു.അദ്ദേഹം കണ്ടുപിടിക്കാത്ത സ്ഥിതിക്ക് ആരും മോഷണം മനസ്സിലാക്കില്ലെന്നാണ് കരുതിയത്.പക്ഷേ ഓ.കെ.ജോണി എന്ന പത്രപ്രവര്‍ത്തകന്‍ ആ ചോരണം കണ്ടു പിടിച്ചു.

താന്‍ ആര്‍ജ്ജിച്ച പേരിന്റെയും സാമൂഹിക മേന്മയുടെയും ചില സാഹിത്യ നായകന്മാരുടെ ആനുകൂല്യത്തിന്റെയും ബലത്തില്‍ അന്ന്‍ പുനത്തില്‍ രക്ഷപ്പെട്ടു.പക്ഷേ 'മരുന്നില്‍'പിന്നെയും സഹജ വാസന പ്രകടിപ്പിച്ചു.നോവലിലും കഥയിലും മാത്രമേ കുഞ്ഞബ്ദുള്ള മോഷണം നടത്താന്‍ സാദ്ധ്യതയുള്ളൂ എന്ന് സഹൃദയ ലോകം സമാധാനിച്ചിരിക്കുമ്പോഴാണ് ലേഖനാപഹരണത്തിന്റെ പുതിയ വാര്‍ത്ത വന്നിരിക്കുന്നത്.അണ്ണാന്‍ മൂത്താലും മരം കേറ്റം നിര്‍ത്തില്ല എന്നു പറയുന്നത് എത്ര വാസ്തവം!എന്തായാലും പുനത്തില്‍ കുഞ്ഞബ്ദുള്ള കവിതയില്‍ കൈ വയ്ക്കാഞ്ഞത് കവിതയുടെ ഭാഗ്യം.

മോഷണത്തിന്റെ മുന്‍ കാല ചരിത്രം അറിവുണ്ടായിരുന്നിട്ടും ആഴ്ചയില്‍ ഒരു ദിവസം ഇദ്ദേഹത്തിനുവിളയാടാന്‍ എഡിറ്റോറിയല്‍ പേജ് തീറെഴുതിക്കൊടുത്ത കേരളകൗമുദിയും ഒരു കണക്കിനു വായനക്കാരോട് അപരാധമാണു ചെയ്തത്.നേരായ മാര്‍ഗ്ഗത്തിലൂടല്ലാതെ പ്രശസ്തി നേടിയെടുത്തവരെ കണ്ണുമടച്ച് വിശ്വസിക്കരുതെന്ന് നമ്മുടെ പത്ര മാദ്ധ്യമങ്ങള്‍ ഇനി എന്നാണു പഠിക്കുക?എഴുതിയത്
എന്താണെന്നു ശ്രദ്ധിക്കാതെ ആരാണ് എഴുതിയത് എന്നു നോക്കി രചനകള്‍ തെരഞ്ഞെടുക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നവരാണ് പല പത്രാധിപന്മാരും.നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ രചനാനിലവാരം പോലുമില്ലാത്ത അസംബന്ധ സൃഷ്ടികള്‍ ചില മന്ത്രിമാര്‍ എഴുതിക്കൊടുക്കുന്നത് 'കവിത 'എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്നത് ഇതിനുദാഹരമാണ്.

പ്രതിഭാശാലികളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ സാമൂഹികവിരുദ്ധരെ ഒറ്റപ്പെടുത്തുന്നതും
പത്രധര്‍മ്മമാണ്.കേരളകൗമുദിയും അതറിഞ്ഞു പ്രവര്‍ത്തിക്കുമെന്നു പ്രതീക്ഷിക്കാം.


Fans on the page

Friday, March 6, 2009

സെക്രട്ടറിയേറ്റ് അടിച്ചു മാറ്റുമ്പോള്‍

ഒരു പ്രാവശ്യം കൂടി ഭരണം കിട്ടിയിരുന്നെങ്കില്‍ സെക്രട്ടറിയേറ്റും കൂടി യുഡി എഫുകാര്‍ പൊളിച്ചു വില്‍ക്കുമായിരുന്നു എന്ന്,
അവസാന വട്ടം മുഖ്യമന്ത്രി ആയപ്പോള്‍ ശ്രീ. ഇ.കെ.നായനാര്‍ പറഞ്ഞു.നായനാര്‍ പറഞ്ഞതു പോലെ ഇപ്പോള്‍ സെക്രട്ടറിയേറ്റ് അല്പാല്പമായി പൊളിച്ചു വില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നതായാണ് പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.ആലങ്കാരികമായി നായനാര്‍ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ സംഭവിക്കുകയാണ്.യു ഡി എഫ് ഭരണകാലത്തല്ല എല്‍ ഡി എഫ് അധികാരത്തിലിരിക്കുമ്പോള്‍ ആണ് പൊളിച്ചു വില്പന നടക്കുന്നത് എന്നത് ചരിത്രത്തിന്റെ ഫലിതമാകാം.

ധനകാര്യ വിഭാഗം പ്രവര്‍ത്തിക്കുന്ന സെക്രട്ടറിയേറ്റിന്റെ പഴയ മന്ദിരത്തിലെ ആര്‍ച്ച് മാതൃകയിലുള്ള ജനലുകളും വാതിലുകളുമാണത്രേ പൊളിച്ചു കടത്തുന്നത്.തേക്കും ഈട്ടിയും കൊണ്ടു തീര്‍ത്ത ശില്പചാരുതയുള്ള ഈ ചരിത്രസ്മാരക ഭാഗങ്ങള്‍, മന്ദിര നവീകരണത്തിന്റെ മറവിലാണ് എടുത്തു മാറ്റുന്നത്.പകരം വയ്ക്കുന്നതോ ഗ്ലാസ് പിടിപ്പിച്ച ഇരുമ്പു ജനലുകള്‍!ഇതോടൊപ്പം പഴയ ഓഫീസ് ഫര്‍ണിച്ചറുകള്‍ രഹസ്യമായി കടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.സര്‍ക്കര്‍ സ്കൂളുകള്‍ക്ക് സൗജന്യമായി കൊടുക്കുന്നതായിട്ടണ്
ഔദ്യോഗിക രേഖ.

സെക്രട്ടറിയേറ്റ് പൊളിച്ചടുക്കുന്ന വാര്‍ത്ത കണ്ടപ്പോള്‍ ഇതു പോലുള്ള മറ്റൊരു സംഭവമാണ് ഓര്‍മ്മ വരുന്നത്.

മുമ്പ് കേരള സര്‍വ്വകലാശാലയുടെ അക്വാട്ടിക് ബയോളജി വിഭാഗവും അക്വേറിയവും നിന്ന സ്ഥലത്താണ് ,രുവനന്തപുരം ശംഖുമുഖത്തെ വ്യോമസേനാ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് .അവിടെയുള്ള കെട്ടിടങ്ങള്‍ ഉള്‍പ്പെടെയാണ് വ്യോമസേന യൂണിവേഴ്സിറ്റിയില്‍ നിന്നും ഏറ്റെടുത്തത്.വസ്തു കൈമാറ്റത്തിനു കരാറുണ്ടാക്കി ഒരു വര്‍ഷത്തിനു മേലായി യൂണിവേഴ്സിറ്റിഡിപ്പാര്‍ട്ട്മെന്റ് അവിടെ നിന്നും മാറ്റിയപ്പോള്‍. നേരത്തെ പ്രവര്‍ത്തനം നിലച്ചിരുന്ന അക്വേറിയ മന്ദിരം ഈ കാലയളവില്‍ വ്യോമസേനയ്ക്കു വിട്ടുകൊടുത്തിരുന്നു.അതിലെ യൂണി.വക ഫര്‍ണിച്ചറുകളും മറ്റും ഡിപ്പാര്‍ട്ട്മെന്റ് മാറ്റുമ്പോള്‍ എടുത്തു മാറ്റിക്കൊള്ളാമെന്നായിരുന്നു വ്യവസ്ഥ.തേക്കലും ഈട്ടിയിലും തീര്‍ത്ത വലിയ മേശകള്‍ ,അലമാരകള്‍ ,കബോഡുകള്‍ തുടങ്ങി നിരവധി മരസാമാനങ്ങള്‍ ആ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു.

അറ്റകുറ്റപ്പണിക്കായി വ്യോമസേനയുടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ കെട്ടിടത്തിന്റെ താക്കോല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും വാങ്ങിയിരുന്നു.പണി മുറയ്ക്കു നടക്കുകയും ചെയ്യുന്നുണ്ടായിരുന്നു.ഒരു ദിവസം യൂണിവേഴ്സിറ്റിയുടെ സെക്യൂരിറ്റി ഗാഡ് നോക്കുമ്പോള്‍ ഒരു പട്ടാള ട്രക്കില്‍ അക്വേറിയ മന്ദിരത്തില്‍ നിന്നും എന്തൊക്കയോ കടത്തുന്നു.അയാള്‍ ട്രക്കു തടഞ്ഞിട്ട് രജിസ്ട്രാറെ അറിയിച്ചെങ്കിലും ഏഴു കിലോമീറ്റര്‍ അകലെയുള്ള യൂണിവേഴ്സിറ്റി ആസ്ഥാനത്തു നിന്നും ബന്ധപ്പെട്ടവര്‍ എത്തും മുമ്പേ പട്ടാള മുഷ്ക് പ്രകടിപ്പിച്ച് അവര്‍ സാധനങ്ങളും കൊണ്ടുപോയി.

അടുത്ത ദിവസം വകുപ്പദ്ധ്യക്ഷന്‍ വന്ന് പരിശോധിച്ചപ്പോഴാണ് അക്വേറിയം കെട്ടിടത്തില്‍ അകസാമാനങ്ങള്‍ അധികമൊന്നും അവശേഷിച്ചിട്ടില്ലെന്നു മനസ്സിലായത്.ഫര്‍ണിച്ചര്‍ മാത്രമല്ല അകത്തുള്ള കതകുകളും കട്ടിളയും വരെ അടിച്ചു മാറ്റിയിരുന്നു.
അന്വേഷണത്തില്‍,ശംഖുമുഖത്തെ ചുമതലക്കാരനായ മലയാളി സൈനികോദ്യോഗസ്ഥന്റെ വീട്ടില്‍ തകൃതിയായി ഫര്‍ണിച്ചര്‍ പണി നടക്കുന്നതായറിഞ്ഞു.സര്‍വ്വകലാശാലയില്‍ നിന്ന് ഔദ്യോഗിക പരാതി വായുസേനാ വിഭാഗത്തിലേക്ക് പോയി.വകുപ്പുതല അന്വേഷണത്തിനു ശേഷം പട്ടാള ഉദ്യോഗസ്ഥനെതിരെ നടപടി അവര്‍ കൈക്കൊള്ളുകയും ചെയ്തു.

സര്‍വ്വകലാശാലയുടെ അറിവോടെ അല്ലാഞ്ഞതിനാലും മോഷ്ടാവ് സൈനികോദ്യോഗസ്ഥനായതിനാലും ആകണം നടപടി ഉണ്ടായത് വല്ല സിന്‍ഡിക്കേറ്റംഗത്തിന്റെയും സമ്മതത്തോടെ ആയിരുന്നു കള്ളക്കടത്തു നടന്നതെങ്കില്‍ യാതൊരു നടപടിയും ഉണ്ടാകുമായിരുന്നില്ല.തന്നെയുമല്ല സംഭവം റിപ്പോര്‍ട്ട് ചെയ്ത വകുപ്പദ്ധ്യക്ഷനായ പ്രൊഫസര്‍ ചിലപ്പോള്‍ സസ്പന്‍ഷനിലാകുകയും ചെയ്തേനേ.

മന്ത്രിമാരെയും സെക്രട്ടറിയേറ്റിനെയും വിഴുങ്ങുന്ന ചില ഉദ്യോഗസ്ഥ തിമിംഗലങ്ങളാകാം ഇപ്പോഴത്തെ അടിച്ചു മാറ്റലിനു പിന്നില്‍.
അല്ലെങ്കില്‍ അമ്പലം വിഴുങ്ങികളായ ഏതെങ്കിലും മന്ത്രിപ്രവരന്മരുടെ ഒത്താശ കാണും.ബോധപൂര്‍വ്വമാണ് ഈ വില്പന നടക്കുന്നതെങ്കില്‍ അഴിമതിയാണ്.മന്ത്രിമാരെ കബളിപ്പിച്ചാണ് നാടകം അരങ്ങേറുന്നതെങ്കില്‍ ഭരണക്കാര്‍ക്ക് നാണക്കേടാണ്.
രണ്ടായാലും പൊതുമുതലിന്റെ ദുരുപയോഗമാണ്.ചരിത്ര പൈതൃകത്തെ അപമാനിക്കലാണ്.


Fans on the page