Total Pageviews

Sunday, April 27, 2008

സര്‍വ്വകലാശാലകളിലെ കൊള്ള സംഘങ്ങള്‍

കേരളത്തിലെ സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റുകള്‍ നടത്തുന്ന തട്ടിപ്പിനെ കുറിച്ച് ഏപ്രില്‍ 18 ലെ'മലയാളം' വാരികയില്‍ വന്ന വിശദമായ ലേഖനം മന:സാക്ഷിയുള്ളവരെ അമ്പരപ്പിക്കുന്നതാണ്.വാരികയുടെ മുഖപ്രസംഗ
മാകട്ടെ ഈ പകല്‍കൊള്ളയ്ക്കെതിരെയുള്ള തീക്ഷ്ണ പ്രതികരണവും.
സര്‍വ്വകലാശാലകളുടെ ഭരണനിര്‍വ്വഹണ സമിതി ആയ സിന്‍റിക്കേറ്റ് യോഗം ചേരുന്നത് അംഗങ്ങളുടെ സ്വന്തം കാര്യങ്ങള്‍ സാധിച്ചെടുക്കനും യാത്രപ്പടിയിനത്തിലും സിറ്റിംഗ് ഫീസിനത്തിലും വന്‍ തുക വസൂലാക്കാനുമാണത്രെ.വെറുതെയല്ല;രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ കൊള്ളക്കഥ വിവരിച്ചിരിക്കുന്നത്.

ചെയ്യാത്ത യാത്രയ്ക്കും ചേരാത്ത യോഗങ്ങള്‍ക്കും പടി തരപ്പെടുത്തുക,സ്വന്തക്കാര്‍ക്ക് ജോലി ശരിപ്പെടുത്തി
ക്കൊടുക്കുക,വിഷയത്തില്‍ യാതൊരു വിവരവുമില്ലാത്തവരെ അക്കാഡമിക്,പരീക്ഷാ ബോഡികളില്‍ തിരുകിക്കയറ്റുക,തുടങ്ങി സിന്‍റിക്കേറ്റംഗങ്ങള്‍ നടത്തുന്ന കലാ പരിപാടികള്‍ അക്കമിട്ടു നിരത്തിയിരിക്കുന്നു.

രാഷ്ട്രീയക്കാരോ അവരുടെ നോമിനികളോ ആണ് എല്ലാ സിന്‍റിക്കേറ്റുകളിലും ആധിപത്യം പുലര്‍ത്തുന്നത്.ഉന്നത
വിദ്യാഭ്യാസം ഗുണപ്പെടുത്തണമെന്ന സദുദ്ദേശമല്ല സിന്‍ഡിക്കേറ്റുകള്‍ പിടിച്ചടക്കുന്നതിനു പിന്നില്‍.കാലാകാലങ്ങ
ളില്‍ മാറിമാറി വരുന്ന സര്‍ക്കാരിനനുസരിച്ച് നിറം മാറുന്ന വൈസ്ചാന്‍സലര്‍മാരും കൂടിയാകുമ്പോള്‍ സര്‍വ്വകലാശാലാ ഭരണം ബഹു കേമമാകും.രാഷ്ട്രീയം വ്യത്യസ്തമാണെങ്കിലും കുത്തിവാരുന്നതിനും ക്രമക്കേടു
കാട്ടുന്നതിനും അംഗങ്ങള്‍ തമ്മില്‍ ഭയങ്കര യോജിപ്പാണ്.ഫുള്‍ടൈം രാഷ്ട്രീയക്കാരേക്കാള്‍ അദ്ധ്യാപക വേഷക്കാരാ
ണ് അഴിമതിയില്‍ മുന്‍പില്‍ നില്‍ക്കുന്നത്.'സിന്‍ഡിക്കേറ്റി'ന് 'ഉപജാപക സംഘം' എന്നു കൂടി ഒരര്‍ത്ഥമുണ്ട്.
ഇപ്പോഴത്തെ സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റുകള്‍ക്ക് യോജിക്കുന്നത് ഈ അര്‍ത്ഥമാണ്.

സിന്‍റിക്കേറ്റ് എന്ന സമിതിയ്ക്കു മാത്രമേ തീരുമാനമെടുക്കാന്‍ അധികാരമുള്ളൂ.സിന്‍റിക്കേറ്റംഗങ്ങള്‍ക്ക് ഒറ്റയ്ക്കൊറ്റയ്ക്ക് അധികാരമൊന്നുമില്ല.പക്ഷേ പല അംഗങ്ങളും മന്ത്രിമാരെപ്പോലെയാണ് പെരുമാറുന്നത്.
സര്‍വ്വകലാശാലയുടെ ദൈനംദിന ഭരണ കാര്യങ്ങളില്‍ വരെ ചിലര്‍ കൈകടത്താറുണ്ട്.
സര്‍ക്കാര്‍ മാറുന്നതനുസരിച്ച് നിറം മാറുന്ന വൈസ്ചാന്‍സലര്‍മാരാണെങ്കില്‍ ഇവരുടെ തോന്ന്യാസങ്ങള്‍ കൂടുകയും ചെയ്യും.വിസി ദുര്‍ബ്ബലനും അവസരവാദിയുമാണെങ്കില്‍ ഭരണകക്ഷിയില്‍ പെട്ട പ്രബലനായ സിന്‍ഡിക്കേറ്റംഗമായിരിക്കും ഭരണം നിയന്ത്രിക്കുന്നത്.സര്‍വ്വകലാശാലാ നിയമങ്ങളറിയാവുന്നവനും രാഷ്ട്രീയ വിധേയനല്ലാത്തവനുമാണ് വിസിയെങ്കില്‍ ആരുടെയും അഭ്യാസം നടക്കുകയുമില്ല.

മുഖ്യമന്ത്രി പോലും അനുവാദം വാങ്ങി യൂണിവേഴ്സിറ്റിയില്‍ ചെന്നു കണ്ട ഡോ.ജോണ്‍ മത്തായി, യൂണിവേഴ്സിറ്റിയ്ക്കു വേണ്ടി താന്‍ ആവശ്യപ്പെട്ട തുക സര്‍ക്കാര്‍ അനുവദിക്കാഞ്ഞതിന്‍റെ പേരില്‍ രാജിവച്ച ഡോ.നന്ദന്‍ മേനോന്‍,തുടങ്ങിയവരെപ്പോലെയുള്ളവര്‍ വൈസ്ചാന്‍സലര്‍മാരായി ഇരുന്നിട്ടുണ്ട്.
വിസിമാരുടെ അത്തരം ജനുസ്സുകള്‍ എന്നേ അപ്രത്യക്ഷമായി.ഇന്ന് വിസിമാര്‍ രാഷ്ട്രീയക്കാരുടെ ഹിതാനുവര്‍ത്തികളും ആജ്ഞാനുസാരികളുമാണ്.സിന്‍റിക്കേറ്റുകള്‍ തട്ടിപ്പുസംഘങ്ങളാകുന്നതിനും സര്‍വ്വകലാശാലാ ഭരണം കുത്തഴിഞ്ഞതാകുന്നതിനും പ്രധാന കാരണം തന്നെ ഇത്തരം വിസിമാരാണ്. രാഷ്ട്രീയക്കാരുടെ കാലുനക്കി ആ സ്ഥാനത്ത് കയറിപ്പറ്റുന്നവരില്‍ നിന്നും ഇതിനപ്പുറം പ്രതീക്ഷിക്കേണ്ടതില്ല


Fans on the page

Tuesday, April 22, 2008

ജുഡീഷ്യറിയും അഴിമതിയും

സര്‍ക്കാരും ജുഡീഷ്യറിയും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അഴിമതിയാണെന്ന് പ്രധാനമന്ത്രി.രാജ്യത്തെ ജഡ്ജിമാരില്‍ 25 ശതമാനം അഴിമതിക്കാരാണെന്ന് പണ്ടേ ഒരു സുപ്രീം കോടതി ജഡ്ജി പറഞ്ഞതാണ്.ഇപ്പോള്‍
പ്രധാനമന്ത്രി വരെ അതു സമ്മതിച്ചിരിക്കുന്നു.ശതമാനത്തെക്കുറിച്ചു മാത്രമേ ചില്ലറ സംശയം അവശേഷിക്കുന്നുള്ളു.

ജുഡീഷ്യറി നിത്യവിശുദ്ധമായിരിക്കും എന്ന ധാരണ സമൂഹത്തിലുണ്ടായത് എങ്ങനെയെന്നതാണ് യഥാര്‍ത്ഥത്തില്‍
അത്ഭുതപ്പെടുത്തുന്നത്.ഒരാളെ കൊന്നവന്‍ വക്കീലിനെ കണ്ടു കാര്യം പറയുന്നു:"ഞാനൊരുത്തനെ കൊന്നു;രക്ഷിക്കണം".വക്കീലിനോടും വൈദ്യനോടും കള്ളം പറയരുതെന്ന് അറിയാവുന്നതു കൊണ്ട് നടന്ന സംഭവം മുഴുവന്‍ അയാള്‍ അഭിഭാഷകനോട് സത്യസന്ധമായി വിവരിക്കുന്നു. ഫീസ് പറഞ്ഞുറപ്പിച്ച് വക്കീല്‍ കേസ് ഏറ്റെടുക്കുന്നു.എല്ലാ അടവും പയറ്റി അദ്ദേഹം കക്ഷിയെ രക്ഷിക്കുന്നു.കൊലപാതകിയെ തന്‍റെ സാമര്‍ത്ഥ്യം കൊണ്ട് നിരപരാധിയാക്കി കൊലക്കയറില്‍ നിന്ന് ഊരിയെടുക്കുമ്പോള്‍ വക്കീലിനറിയാം പ്രതി കുറ്റവാളിയാണെന്ന്.

വര്‍ഷങ്ങള്‍ക്കു ശേഷം ഈ വക്കീല്‍ ജഡ്ജിയായി നിയമിക്കപ്പെടുന്നു.വക്കീലോ,സ്വാധീനിക്കാന്‍ സാമര്‍ത്ഥ്യമുള്ള മറ്റുള്ളവരോ കൊടുക്കുന്ന ഫീസ്(അസൂയാലുക്കള്‍ കോഴയെന്നും കൈക്കൂലിയെന്നും ഒക്കെ പറയും)വാങ്ങി ഈ ജഡ്ജി തന്‍റെ കോടതിയില്‍ വരുന്ന കേസിലെ പ്രതികളെ രക്ഷിക്കില്ലെന്നു കരുതാമോ?അങ്ങനെ ചെയ്യുന്നതില്‍ യാതൊരു മനസ്സാക്ഷിക്കുത്തും ജഡ്ജിക്ക് തോന്നാന്‍ സാദ്ധ്യതയില്ല.സത്യത്തിനും ധര്‍മ്മത്തിനുമല്ല നീതിന്യായ കോടതി വില കല്പിക്കുന്നത്.

പാമോയില്‍ ഇറക്കുമതി നിരോധിക്കാനും നിരോധിക്കാതിരിക്കാനും ഹൈക്കോടതിയിലെ ജഡ്ജിമാര്‍ തന്നെ
ന്യായങ്ങള്‍ കണ്ടു പിടിക്കുന്നത് അതുകൊണ്ടാണ്.മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ അഴിമതിയും കൊലപാതകവും
നടക്കുന്നതായുള്ള പരാതിയില്‍ അന്വേഷണം നടത്താന്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കുവാന്‍ സുപ്രീംകോടതി വ്യഗ്രത കാട്ടിയതിനും മറ്റു കാരണമില്ല.തങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍,നിയമം
മനുഷ്യര്‍ക്കു വേണ്ടിയാണെന്നു പറയുകയും അല്ലാത്തപ്പോള്‍ നിയമത്തില്‍ നിന്ന് അണുവിട മാറാന്‍ പടില്ലെന്നു
വാദിക്കുകയും ചെയ്യാന്‍ ന്യായാധിപന്മാര്‍ക്ക് കഴിയുന്നതും പൂര്‍വ്വാശ്രമത്തിലെ മുന്‍ പറഞ്ഞ കെട്ടുപാടുകൊണ്ടാണ്.

മനോരോഗികളാക്കപ്പെട്ടവര്‍,ബലാല്‍സംഗത്തിന് ഇരയായവര്‍ തുടങ്ങിയവരുടെ സങ്കടമൊന്നും പരമോന്നത
നീതിപീഠത്തിനു പ്രശ്നമായിരുന്നില്ല.ഊമക്കത്തിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്തത് ശരിയോ എന്നതായിരുന്നു അവരെ മഥിച്ച ഗൗരവമായ വിഷയം.അമൃതാനന്ദമയീ മഠത്തിനടുത്തും സായിബാബായുടെ ആശ്രമത്തിനടുത്തും കാണപ്പെടുന്ന അനാഥ ശവങ്ങളെക്കുറിച്ചും അന്വേഷണ ഉത്തരവുകള്‍ ഉണ്ടാകുമോ എന്ന ആശങ്കയും ഒരുപക്ഷേ ബഹു.ജഡ്ജിമരെ വേട്ടയാടിയിട്ടുണ്ടാകാം.

ജുഡീഷ്യറിയിലെ അഴിമതി തടയാന്‍ പ്രത്യേക സംവിധാനം ഏര്‍‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.ഈ സംവിധാനത്തിന്‍റെ മേല്‍നോട്ടവും ന്യായാധിപന്മാര്‍ക്കാണെങ്കില്‍ എന്തു സംഭവിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?



Fans on the page

Wednesday, April 16, 2008

ആയുസ്സിന്‍റെ ബലം കൊണ്ട്

തലസ്ഥാനത്തെ ഒരു സ്വകാര്യ കോളേജ് പ്രിന്‍സിപ്പാളിന് കലശലായ പുറം വേദന.തീരെ സഹിക്കാന്‍ വയ്യാതായപ്പോള്‍ അനന്തിരവനെ വരുത്തി അയാളുടെ കാറില്‍‍ അടുത്തുള്ള പ്രശസ്ത പ്രൈവറ്റ് ആശുപത്രിയില്‍
പോയി.മെഡിക്കല്‍ കോളേജില്‍ നിന്നു റിട്ടയര്‍ ചെയ്ത പ്രഗത്ഭ ഡോക്റ്ററാണ് മെഡിസിന്‍റെ തലവന്‍.വിശദമായ
പരിശോധനയ്ക്കു ശേഷം അദ്ദേഹം,രക്തം,മൂത്രം മുതലായവയുടെ സാധാരണ ടെസ്റ്റുകള്‍ നടത്തിയതു കൂടാതെ ഇ സി ജിയുംഎടുത്തു.അവയുടെ റിസള്‍ട്ട് കണ്ടിട്ടും തൃപ്തിയാകാഞ്ഞ് സ്കാനിംഗിനും കൂടി എഴുതിക്കൊടുത്തു.സ്കാനിംഗ് വൈകിട്ടു മാത്രമേ നടക്കൂ എന്നറിഞ്ഞതിനാല്‍ വീട്ടലേക്കു മടങ്ങി.

ഭക്ഷണം കഴിഞ്ഞതോടെ വേദന കൂടി.ഉടന്‍ തന്നെ വീണ്ടുംആശുപത്രിയില്‍.അപ്പോള്‍ ഡ്യൂട്ടിയില്‍
ഉണ്ടായിരുന്നത് വേറെ ഡോക്റ്ററായിരുന്നു.അദ്ദേഹം ഇ സി ജി ക്ക് കുറിച്ചപ്പോള്‍ രാവിലെ എടുത്തത് കാണിച്ചുകൊടുത്തു.'ഈ റിസള്‍ട്ട് സാര്‍ കണ്ടില്ലേ' എന്ന് ചോദിച്ച ഡോക്റ്ററുടെ മുഖത്ത് പരിഭ്രമം.'കണ്ടിരുന്നു' എന്ന രോഗിയുടെ മറുപടി ശ്രദ്ധിക്കാതെ അദ്ദേഹം തുടര്‍ന്നു:'ഇനി വേസ്റ്റ് ചെയ്യാന്‍ സമയമില്ല.ഇവിടെ ഐ സി യു ഇല്ല.ഈ കണ്ടീഷനില്‍ ശ്രീ ചിത്രായിലോ മെഡിക്കല്‍ കോളജിലോ വരെ യാത്ര ചെയ്യാന്‍ പറ്റില്ല.തൊട്ടടുത്തുള്ള ഹോസ്പ്റ്റലില്‍ ഐസിയു ഉണ്ട്.അവിടെ എല്ലാം അറേഞ്ച് ചെയ്തിട്ടുണ്ട്.'നിമിഷങ്ങള്‍ക്കകം സ്റ്റ്റെച്ചറും ആംബുലന്‍സും എത്തി.നടന്നു ചെന്ന രോഗിയെ അനങ്ങാന്‍ അനുവദിക്കാതെ സ്റ്റ്റെച്ചറിലാണ് ആംബുലന്‍സില്‍ കയറ്റിയത്.മിനിട്ടു കൊണ്ട് തൊട്ടടുത്തുള്ള നക്ഷത്ര ആശുപത്രിയില്‍.അവിടെ എല്ലാ സന്നാഹങ്ങളും ഒരുക്കിയിരുന്നു.നേരേ ഐ സി യു വിലാക്കി.പകച്ചു നിന്ന അനന്തിരവനോട് ഡോക്റ്റര്‍ പറഞ്ഞു:"അറ്റാക്ക് വന്നിട്ട് ഒന്‍പത് മണിക്കൂറില്‍ കൂടുതലായി.ഒരു ഇഞ്ചെക് ഷന്‍ കൊടുത്തിട്ടുണ്ട്.നാല്പത്തെട്ട് മണിക്കൂര്‍ കഴിഞ്ഞേ എന്തെങ്കിലും പറയാന്‍ പറ്റൂ.അറിയിക്കാനുള്ളവരെയൊക്കെ അറിയിക്കുക."

മദ്യപാനവും പുകവലിയും മറ്റും ഇല്ലാതിരുന്നതുകൊണ്ടാകാം, കൊടുത്ത മരുന്നുകള്‍ ഫലിച്ചു.അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.പക്ഷേ അറ്റാക്ക് വന്നയുടന്‍ ചികിത്സ ലഭിക്കാഞ്ഞതു മൂലം ഒരുപാട് പ്രശ്നങ്ങള്‍
ഉണ്ടായി.നിരന്തരം മറ്റു രോഗങ്ങളുടെ ആക്രമണം.എന്തായാലും പിന്നീടു കിട്ടിയ നല്ല ചികിത്സയും
ചിട്ടയായ ദിനചര്യയും കൊണ്ട് അസുഖത്തില്‍ നിന്നു മോചിതനായ അദ്ദേഹം ഇപ്പോള്‍ വിശ്രമ ജീവിതം ആസ്വദിക്കുന്നു.



Fans on the page

Sunday, April 13, 2008

മാറുന്ന ഉദ്ബോധനങ്ങള്‍

മാറുന്ന ഉദ്ബോധനങ്ങള്‍

വളരെ വര്‍ഷം മുമ്പ് ഒരു സര്‍ക്കാര്‍ പരസ്യം, "നമ്മള്‍ രണ്ട് നമുക്കു രണ്ട്"എന്നായിരുന്നു.സന്താനനിയന്ത്രണ
ത്തിനുള്ള സര്‍ക്കാരിന്‍റെ തീവ്രയത്ന പരിപാടിയുടെ ഭാഗമായിരുന്നു ഈ പരസ്യം.എന്നിട്ടും ജനപ്പെരുപ്പം കൂടി
വന്നിട്ടാകാം പുതിയ ഉദ്ബോധനത്തിന് സര്‍ക്കാര്‍ മുതിര്‍ന്നു."നമ്മളൊന്ന് നമുക്കൊന്ന്" എന്നായി പുതിയ മുദ്രാവാക്യം.ഇനി അത്,"നമ്മളൊന്ന് നമുക്കെന്തിന്" എന്നു മാറുമോ എന്നാണ് സംശയം.അങ്ങനെ ഒരു പരിണാമം ഉണ്ടായാല്‍ തന്നെ അത് ക്രമാനുഗതമായി വന്നുചേര്‍ന്നതാണെന്ന് വാദിക്കാം.

എന്നാല്‍ കേട്ടു തഴമ്പിച്ച ഉപദേശത്തെ തലതിരിച്ചിടുന്ന ഒരു സര്‍ക്കാര്‍ പരസ്യമാണ് ഇപ്പോള്‍ ദിവസവും
കേള്‍ക്കുന്നത്.സന്ധ്യയ്ക്ക് വിളക്കു കത്തിച്ചു വയ്ക്കാനാണ് സാധാരണ മുതിര്‍ന്നവര്‍ കുട്ടികളെ ഉപദേശിക്കുക.
അതിനു പകരം ഇപ്പോള്‍ സിനിമാ നടന്മാര്‍ വന്ന് ഉപദേശിക്കുന്നത് ഇങ്ങനെ:"സന്ധ്യക്ക് ഒരു വിളക്കെങ്കിലും
അണയ്ക്കൂ" എന്നാണ്.കറന്‍റ് കട്ട് ഒഴിവാക്കാനാണത്രെ വിദ്യുച്ഛക്തി ബോര്‍ഡിന്‍റെ പുതിയ ഉദ്ബോധനം!

രാഷ്ട്രീയക്കാരും സന്ന്യാസിമാരും വൈദികശ്രേഷ്ഠന്മാരും എല്ലാം ഉപദേശങ്ങള്‍ പരിഷ്ക്കരിക്കുമ്പോള്‍ സര്‍ക്കാര്‍
എന്തിനു മടിക്കണം എന്നാകാം.





Fans on the page

Tuesday, April 8, 2008

കര്‍ത്താവേ!ഈ ഇടയന്മാരില്‍ നിന്നും കുഞ്ഞാടുകളെ രക്ഷിക്കേണമേ!

കമ്യൂണിസ്റ്റുകാരില്‍ നിന്നും അവിശ്വാസികളില്‍ നിന്നും കുഞ്ഞാടുകളെ രക്ഷിക്കാന്‍ ദിവസം പ്രതി ഇടയലേഖന
വും ഇടവക യോഗങ്ങളും പ്രമാണിസംഗമങ്ങളും സംഘടിപ്പിക്കുന്ന വിശുദ്ധ പിതാക്കന്മാരുടെ യഥാര്‍ത്ഥ ചിത്രം
ശ്രീ ജോസഫ് പുലിക്കുന്നേലും കാര്‍ട്ടൂണിസ്റ്റ് ടോംസും മാര്‍ച്ച് 30 ലെ കലാകൗമുദിയില്‍ എഴുതിയ ലേഖനങ്ങളില്‍ നിന്നും വ്യക്തമാകും.രണ്ടു വിശ്വാസികള്‍ തങ്ങളുടെ സ്വന്തം അനുഭവമാണ് വെളിപ്പെടുത്തിയിരിക്കുന്നത്.അടുത്തകാലത്ത് അന്തരിച്ച ഭാര്യയുടെ ശരീരം ദഹിപ്പിച്ച സാഹചര്യം വിശദീകരിക്കുമ്പോഴാണ് പുലിക്കുന്നേല്‍ പള്ളിയും പട്ടക്കാരും കൈക്കൊണ്ട മനുഷ്യത്വരഹിതമായ നിലപാടുകള്‍ പരാമര്‍ശിക്കുന്നത്.

ശവമടക്കു കര്‍മ്മം പോലും പണമുണ്ടാക്കാനുള്ള അവസരമായി പുരോഹിതര്‍ കണക്കാക്കുന്നു എന്ന് അദ്ദേഹം
ആരോപിക്കുന്നു.സമ്പന്നരാണ് മരിക്കുന്നതെങ്കില്‍ 75000 രൂപ വരെ വാങ്ങി കല്ലറകള്‍ വില്‍ക്കുന്നു.മെത്രാന്‍
വന്നാല്‍,സാമ്പത്തികനിലയനുസരിച്ച് 'കൈമുത്ത് കൊടുക്കണം.സമ്പന്നന്‍റെ മൃതദേഹം ഗ്രാനൈറ്റ് കബറിടത്തില്‍;
പാവപ്പെട്ടവന്‍റെ ദേഹം വെറും മണ്ണില്‍.ഇവ രണ്ടും പുഴുവിന് ആഹാരമായി മാറും.യേശുവിന് സ്വന്തമായി
ഒരു കല്ലറ പോലും ഇല്ലായിരുന്നു' എന്നും ശ്രീ പുലിക്കുന്നേല്‍ പറയുന്നു.
തന്‍റെ ജ്യേഷ്ഠന്‍ മരിച്ചപ്പോള്‍"അച്ചന് ഒരേ നിര്‍ബ്ബന്ധം.മൃതദേഹം പള്ളിയില്‍ വച്ച് കുര്‍ബാന ചൊല്ലണം.തുള്ളി തോരാത്ത മഴ.പക്ഷേ അച്ചന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.നാലു കൊല്ലം കഴിഞ്ഞ് ഈ
അച്ചന്‍റെ പിതാവ് മരിച്ചു.കുര്‍ബാന ചൊല്ലാതെ തന്നെ മൃതദേഹം സംസ്കരിച്ചു."പുലിക്കുന്നേല്‍ സ്വന്തം അനുഭവം വിശദീകരിക്കുന്നു.

ആത്മകഥയിലാണ് ടോംസ് തനിക്കു നേരിട്ട ദുരനുഭവം വിവരിക്കുന്നത്."ഒരു പള്ളിയും പള്ളിയിരിക്കുന്ന
സ്ഥലവും അന്‍പതു പറ നിലവും കാരണവന്മാര്‍ ദാനം ചെയ്തതിന്‍റെ പേരില്‍,അവരുടെ അനന്തരാവകാശികളുടെ പള്ളയ്ക്ക് പള്ളി പാരയിറക്കി.ഞാന്‍ മരിച്ചു മണ്ണടിഞ്ഞാലും എന്‍റെ അസ്ഥികള്‍ക്കു
പോലും ഇതു മറക്കാനാവില്ല."ടോംസ് വേദനയോടെ പറയുന്നു.തന്‍റെ പൂര്‍വ്വികര്‍ പണിതു കൊടുത്ത
പള്ളിയിലിരുന്നുകൊണ്ട് പുരോഹിതന്മാര്‍ ചെയ്ത ദ്രോഹങ്ങള്‍ അക്കമിട്ടു നിരത്തിയ ശേഷമാണ് അദ്ദേഹം
ഇങ്ങനെ തുറന്നടിച്ചത്.ദാനം കൊടുത്തവരുടെ വസ്തു പള്ളി കൈയേറി.എതിര്‍ത്തപ്പോള്‍ ഗുണ്ടകളെ വിട്ടു
തല്ലിച്ചതച്ചു.നെല്‍കൃഷി നശിപ്പിച്ചു.വയലില്‍ വെള്ളം കിട്ടാതിരിക്കാന്‍ ചിറകെട്ടി.തുടങ്ങി ഇടയന്മാര്‍ ചെയ്ത
'സല്‍ പ്രവൃത്തികള്‍' കേട്ടാല്‍ മന:സാക്ഷിയുള്ളവര്‍ ഞെട്ടിത്തരിക്കും.

''യേശു ദൈവാലയത്തില്‍ ചെന്നു വില്‍ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി....അവരോടു:
'എന്‍റെ ആലയം പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും എന്നെഴുതിയിരിക്കുന്നു;നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീര്‍ക്കുന്നു എന്നു പറഞ്ഞു.''മത്തായി യുടെ സുവിശേഷത്തിലെ ഈ ക്രിസ്തു വചനം കുഞ്ഞാടുകള്‍ക്കു വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന ഇപ്പോഴത്തെ ഇടയപ്രമാണിമാര്‍ക്കു നല്ലവണ്ണം ചേരും.



Fans on the page

Friday, April 4, 2008

കടമ്മനിട്ടയുടെ ഓര്‍മ്മയ്ക്കു മുമ്പില്‍

നെഞ്ചില്‍ കുത്തിയ പന്തവുമായി

താണ്ഡവമാടിയ കാട്ടാളാ,

കാലം മരണക്കൊക്കാല്‍ നിന്നുയിര്‍

കൊത്തിയെടുത്തു പറന്നാലും,

മല തീണ്ടിയശുദ്ധം ചെയ്യും

കുലനാശപ്പരിഷയ്ക്കെതിരെ

ഇടിവാളുകള്‍ വീശിയ വാക്കുകള്‍

ഇടനെഞ്ചില്‍ കുടികൊണ്ടെന്നും

തുടികൊട്ടും കാലത്തോളം,

അധികാരക്കോട്ട തകര്‍ക്കാന്‍

അടിയാളമൊഴിക്കും കൈയ്ക്കും

കറതീര്‍ന്ന കരുത്തു കൊടുക്കും

കനമേറുന്നാസുര താളം

കരള്‍ നീളെ മുഴങ്ങും തോറും,

മൃതിയില്ല നിനക്കെ;ന്നാലും

മിഴി മൂടും നീരു തുടയ്ക്കാന്‍

മൊഴി മുറിയും തേങ്ങലടക്കാന്‍

കഴിയാതീ മലയാളം

ഉഴലുകയാണിപ്പോഴും.




Fans on the page