Total Pageviews

Wednesday, August 7, 2013

നിയമനത്തട്ടിപ്പ്


സോളാർ പാനൽ തട്ടിപ്പിൽ പെട്ടവർക്കെല്ലാം കൂടി ആകെ നഷ്ടപ്പെട്ടത് വെറും പത്തു കോടി മാത്രമാണെന്നും അതിന്റെ പേരിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ നടത്തിയ ഹർത്താലിൽ സർക്കാരിനുണ്ടായ നഷ്ടം 1000 കോടിയാണെന്നുമാണു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവകാശപ്പെട്ടത്.ഹർത്താലിനു ആധാരമായ പ്രശ്നം ഉത്ഭവിച്ചത് ഈ പത്തു കോടിയിൽ നിന്നാണെന്ന വസ്തുത ഉമ്മൻ ചാണ്ടി മറക്കുന്നു.പക്ഷേ അദ്ദേഹം പറഞ്ഞതിൽ ഒരു തത്ത്വം ഉണ്ട്.അതായത് എതാനും വ്യക്തികളുടെ നഷ്ടത്തേക്കാൾ ഖജനാവിനുണ്ടായ നഷ്ടമാണു ഉമ്മൻ ചാണ്ടിയെ വ്യാകുലപ്പെടുത്തുന്നത് എന്ന്.ഒരു ഭരണാധികാരി എന്ന നിലയിൽ അങ്ങനെ തന്നെയാണു വേണ്ടതും.പൊതുമുതൽ കട്ടതിനു ജയിലിൽ പോയ ബാലകൃഷ്ണപിള്ളയെ ശിക്ഷ തീരും മുമ്പ് മോചിപ്പിച്ച മുഖ്യമന്ത്രിയാണു ഉമ്മൻ ചാണ്ടി.അപ്പോൾ ഈ പൊതുമുതലിനോടുള്ള കരുതൽ എവിടെപ്പോയിരുന്നു എന്ന് ചോദിക്കരുത്.

പൊതുമുതൽ നഷ്ടപ്പെടുത്തുന്നതും ചോർത്തുന്നതും തരിമ്പും ഇഷ്ടപ്പെടാത്ത ഉമ്മൻ ചാണ്ടിയുടെ ശിഷ്യന്മാർ നിറഞ്ഞ കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് ,സർവ്വകലാശാലയുടെ ഖജനാവ് സ്വന്തക്കാർക്കു ചോർത്തിക്കൊടുക്കുന്നത്,പക്ഷേ അദ്ദേഹം അറിയുന്നതേ ഇല്ല.അഥവാ അറിഞ്ഞതായി ഭാവിക്കുന്നില്ല.കഴിഞ്ഞ സിൻഡിക്കേറ്റിന്റെ കാലത്തു അസിസ്റ്റന്റ് നിയമനത്തിൽ നടന്ന അഴിമതി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആ നിയമനങ്ങൾ എല്ലാം കോടതി റദ്ദു ചെയ്യുകയുണ്ടായി.പുതിയ നിയമനം നടത്താനുള്ള നടപടി തുടങ്ങിയിട്ടുമില്ല.നിലവിലുള്ള ഒഴിവുകൾ പോലും നികത്താൻ കഴിയാത്ത അവസ്ഥയാണു ഇതു മൂലം സംജാതമായിട്ടുള്ളത്.ഈ സാഹചര്യം മുതലെടുത്ത് കോൺഗ്രസ്സിനു മേല്ക്കൈ ഉള്ള സിൻഡിക്കേറ്റ് അവിഹിത നിയമനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണു.

പെൻഷൻ പറ്റിയ സ്വന്തക്കാരെയെല്ലാം കരാർ അടിസ്ഥാനത്തിൽ നിയമിക്കുകയണു ഒരു മാർഗ്ഗം.മലയാളമഹാനിഘണ്ടു(മലയാളം ലക്സിക്കൺ ) വകുപ്പിൽ നിന്നും വകുപ്പു തലവനായ എഡിറ്റർ 60 വയസ് പൂർത്തിയായി റിട്ടയർ ചെയ്തു പോയപ്പോൾ അതേ പ്രായത്തിൽ മദ്രാസ് സർവ്വകലാശാലയിൽ നിന്നു പെൻഷനായ ഒരു മലയാളം പ്രൊഫസ്സറെയാണു എഡിറ്ററായി കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്.ഒരാളും അപ്രതീക്ഷമായി പൊടുന്നനെ വിരമിക്കാറില്ല.സ്വാഭാവികമായി ഒരു വകുപ്പദ്ധ്യക്ഷൻ എന്നു വിരമിക്കും എന്ന് യൂണിവേഴ്സിറ്റിയ്ക്ക് കൃത്യമായി അറിയാം.അതുകൊണ്ട് മുൻ കൂട്ടി പരസ്യപ്പെടുത്തി നിയമപ്രകാരം നിയമനം നടത്താൻ ഒരുപ്രയാസവുമില്ല.എന്തെങ്കിലും അവിചാരിത കാരണങ്ങളാൽ അതിനു സാധിച്ചില്ലെങ്കിൽ യൂണിവേഴ്സിറ്റിയുടെ മറ്റു ഡിപ്പാർട്ട്മെന്റുകളിൽ നിന്നോ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ നിന്നോ അദ്ധ്യാപകരെ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാം.മുൻ കാലങ്ങളിൽ അങ്ങനെ ചെയ്തിട്ടുമുണ്ട്.വ്യവസ്ഥാപിതവും നിയമപരവുമായ അത്തരം മാർഗ്ഗങ്ങൾ ഒന്നും അവലംബിക്കാതെ എഡിറ്ററെ നിയമിച്ചത് നഗ്നമായ അഴിമതിയാണു.അതിനു കണ്ടെത്തിയ കുറുക്കുവഴിയാണു ഏറെ രസാവഹം.സിൻഡിക്കേറ്റിലെ ഏതാനും പേരെ ചേർത്ത് ഒരു സേർച്ച് കമ്മിറ്റി ഉണ്ടാക്കുന്നു.കേരളത്തിലോ മറ്റു സംസ്ഥാനങ്ങളിലോ ലക്സിക്കോഗ്രാഫിയിൽ പ്രാവീണ്യമുള്ള പ്രഗത്ഭനെ കണ്ടെത്തുകയാണു കമ്മിറ്റിയുടെ ചുമതല.അങ്ങനെ വിശദമായ അന്വേഷണത്തിനു ശേഷം സേർച്ച് കമ്മിറ്റി കണ്ടെത്തിയ പ്രഗത്ഭനാണു മേല്പറഞ്ഞ പരദേശപണ്ഡിതൻ.അന്നത്തെ വൈസ്ചാൻസലറുടെ ആശ്രിതനും സേർച്ച് കമ്മിറ്റിയിൽ പെട്ട ഒരു സിൻഡിക്കേറ്റംഗത്തിനു എംഫില്ലും പി.എച്ച്.ഡിയും തരപ്പെടുത്തിക്കൊടുത്ത മാന്യനുമാണു ഇദ്ദേഹം എന്നറിയുമ്പോഴേ കമ്മിറ്റിയുടെ സേർച്ച്ലൈറ്റ് ഈ ‘പണ്ഡിത’ ശിരസ്സിൽ പതിച്ചതിന്റെ ഗുട്ടൻസ് പിടികിട്ടൂ.

കാലു പിടിച്ചും കാക്ക പിടിച്ചും കയറിപ്പറ്റിയെങ്കിലും നിഘണ്ടു നിർമ്മാണം അങ്ങാടിയോ പച്ചമരുന്നോ എന്ന് ഗ്രാഹ്യമില്ലാത്ത പരദേശി എഡിറ്റർ സഹായത്തിനായി നാലു അസ്സിസ്റ്റന്റ് എഡിറ്റർമാരെ നിയമിച്ചിരികയാണു.ഇതേ ഡിപ്പാർട്ട്മെന്റിൽ നിന്നും പതിറ്റാണ്ടുകൾക്കു മുമ്പേ വിരമിച്ചവരാണു ഇവരിൽ രണ്ടുപേർ.അസ്സിസ്റ്റന്റ് എഡിറ്റർമാരായല്ല;അതിനേക്കാൾ രണ്ടുമൂന്നു തസ്തിക താഴേയുള്ള ടെക്നിക്കൽ അസ്സിസ്റ്റന്റുമാരായി പിരിഞ്ഞവർ!ഒരാൾ ഷഷ്ടിപൂർത്തിയും അപരൻ സപ്തതിയും കഴിഞ്ഞതാണു എന്ന പ്രത്യേകതയും ഇവർക്കുണ്ട്.താൻ വന്ന അതേ മാർഗ്ഗം അവലംബിച്ച് സഹായികളെ കണ്ടെത്തിയ എഡിറ്റർ ചില്ലറക്കാരനല്ല.കഴിഞ്ഞ ഒരു വർഷമായി യാതൊരു പണിയും ചെയ്യാതെ പ്രതിമാസം അര ലക്ഷത്തോളം രൂപ വീതമാണു ശമ്പളമിനത്തിൽ ഇദ്ദേഹം കൈപ്പറ്റുന്നത്.

സേർച്ച് കമ്മിറ്റി നിയമനത്തട്ടിപ്പിനു ഫലപ്രദമായ മാർഗ്ഗമാണെന്നു മനസ്സിലാക്കിയ  സിൻഡിക്കേറ്റ്,അസ്സിസ്റ്റന്റ് എഡിറ്റർമാരെ കണ്ടെത്തിയതും അതേ രീതിയിൽ തന്നെ.അതും വിജയകരമായതോടെ എല്ലാ അദ്ധ്യാപക,അനദ്ധ്യാപക ഒഴിവുകളിലേക്കും ഇതേ പരിപാടി ആവർത്തിക്കാനാണു നീക്കം.കരാർ നിയമനമാകുമ്പോൾ ശമ്പളം കുറച്ചു കൊടുത്താൽ മതിയാകും;വേറേ ബാദ്ധ്യത ഒന്നുമില്ല;തുടങ്ങി സർവ്വകലാശാലയെ ‘കനപ്പിക്കുന്ന’ഒരുപാടു വാദമുഖങ്ങളാണു അധികൃതർ നിരത്തുന്നത്.അസിസ്റ്റന്റായി വിരമിച്ചവനെ അസ്സിസ്റ്റന്റ് എഡിറ്ററായി നിയമിച്ച് ആ ശമ്പളം കൊടുക്കുന്നത് ലാഭകരമാണത്രേ!!എന്തൊരത്ഭുത ഗണിത വിജ്ഞാനം!

സർവ്വകലശാലയിൽ ഒരു പ്യൂണിനെ മുതൽ വൈസ്ചാൻസലറെ വരെ നിയമിക്കുന്നതിനു വ്യക്തമായ നിയമങ്ങൾ ഉണ്ട്.പെൻഷൻ പറ്റിയവരെ ഒരു സാഹചര്യത്തിലും കരാർ അടിസ്ഥാനത്തിലോ മറ്റെന്തെങ്കിലും വ്യവസ്ഥയിലോ നിയമിക്കാൻ നിലവിലുള്ള ഒരു നിയമവും അനുവദിക്കുന്നില്ല.ഇത്തരം പിൻ വാതിൽ നിയമനങ്ങൾ യഥേഷ്ടം അരങ്ങേറുമ്പോൾ അവസരങ്ങൾ നഷ്ടപ്പെടുന്നത് അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്കാണു.പക്ഷേ ഇടതും വലതുമുള്ള ഒരു യുവജന സംഘടനയും ഇതിനെതിരേ യാതൊരു പ്രക്ഷോഭത്തിനും മുതിരുന്നില്ല. എന്തുകൊണ്ടാണു അവർ ഇങ്ങനെ മൗനം അവലംബിക്കുന്നതെന്നു മനസ്സിലാകുന്നില്ല.





Fans on the page

1 comment:

dethan said...

കേരള സർവ്വകലശാലയിൽ ഒരു പ്യൂണിനെ മുതൽ വൈസ്ചാൻസലറെ വരെ നിയമിക്കുന്നതിനു വ്യക്തമായ നിയമങ്ങൾ ഉണ്ട്.പെൻഷൻ പറ്റിയവരെ ഒരു സാഹചര്യത്തിലും കരാർ അടിസ്ഥാനത്തിലോ മറ്റെന്തെങ്കിലും വ്യവസ്ഥയിലോ നിയമിക്കാൻ നിലവിലുള്ള ഒരു നിയമവും അനുവദിക്കുന്നില്ല.എന്നാല്‍ ഇന്ന്‍ ഈ നിയമങ്ങള്‍ എല്ലാം ലംഘിച്ചു കൊണ്ട് അവിഹിത നിയമനങ്ങള്‍ അവിടെ നടക്കുകയാണ്.ഇത്തരം പിൻ വാതിൽ നിയമനങ്ങൾ യഥേഷ്ടം അരങ്ങേറുമ്പോൾ അവസരങ്ങൾ നഷ്ടപ്പെടുന്നത് അഭ്യസ്തവി ദ്യരായ ചെറുപ്പക്കാർക്കാണു.പക്ഷേ ഇടതും വലതുമുള്ള ഒരു യുവജന സംഘടനയും ഇതിനെതിരേ യാതൊരു പ്രക്ഷോഭത്തിനും മുതിരുന്നില്ല. എന്തുകൊണ്ടാണു അവർ ഇങ്ങനെ മൗനം അവലംബിക്കുന്നതെന്നു മനസ്സിലാകു ന്നില്ല.