Total Pageviews

Wednesday, May 23, 2012

സാംസ്കാരിക മൗനം





റ്റി.പി.ചന്ദ്രശേഖരൻ വധിക്കപ്പെട്ടപ്പോൾ കേരളത്തിലെ സാംസ്കാരിക നായകർ പ്രതികരിക്കാതിരുന്നത് ചില മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുകയുണ്ടായി. പിന്നാലെ മുഖ്യമന്ത്രിയും മറ്റു വലതുപക്ഷ രാഷ്ട്രീയക്കാരും അത് ഏറ്റുപിടിച്ചു.തുടർന്ന് എല്ലാ ഭാഗത്തു നിന്നും ബുദ്ധിജീവികൾക്കും  സാഹിത്യനായകർക്കുമെതിരേ ജനവികാരത്തിന്റെ കുത്തൊഴുക്കുണ്ടായി.അതോടെ സാഹിത്യകാരന്മാർ പലരും തങ്ങളുടെ മൗനത്തിനു ന്യായീകരണങ്ങളുമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി.

 ജീവിച്ചിരിക്കുന്ന രണ്ടു ജ്ഞാനപീഠ ജേതാക്കളെയും സുഗതകുമാരിയേയും വ്യക്തമായി സൂചിപ്പിച്ച് കെ.മുരളീധരനെപ്പോലുള്ളവർ ആക്ഷേപിക്കുകയും ചെയ്തു.“കൊലപാതകം കണ്ട് ദു:ഖിക്കാത്തവരായി കവികളെ കാണരുത്”എന്ന് ഒ.എൻ.വി. ദിവസങ്ങൾക്കു ശേഷം അതിനു മറുപടി പറയുകയുണ്ടായി.ശ്രീമതി സുഗതകുമാരിയും വിനയചന്ദ്രനും ഒക്കെ ഏതാണ്ട് ഇതേ അർത്ഥം വരുന്ന പ്രസ്താവനകൾ നടത്തി.ബാലചന്ദ്രൻ ചുള്ളിക്കാടാകട്ടെ പ്രതികരിക്കാൻ തനിക്കു പേടിയാണെന്നു തെളിച്ചു തന്നെ പറഞ്ഞു.പക്ഷേ പിണറായി വിജയനെയാണോ കൊടി സുനിയെയാണോ രണ്ടുപേരും ജയരാജന്മാരും കൂടിയുള്ള ക്വട്ടേഷൻ സംഘത്തെയാണോ പേടിയെന്ന് വ്യക്തമാക്കിയില്ല.

സാംസ്കാരിക നായകന്മാരും ബുദ്ധിജീവികളും ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാത്തതിൽ പൊതുജനം ഉത്കണ്ഠപ്പെടുന്നത് തെറ്റിദ്ധാരണകൊണ്ടാണു. ‘സാംസ്കാരികനായകൻ’ എന്ന വാക്കു തന്നെ സുകുമാർ അഴീക്കോടിനെ വിശേഷിപ്പിക്കാൻ ആരോ കണ്ടെത്തിയതാണെന്ന് ശ്രീ.ബി.ആർ.പി.ഭാസ്കർ ഒരിക്കൽ പറയുകയുണ്ടായി.അദ്ദേഹം പറഞ്ഞത് വാസ്തവമാണെന്ന്,അഴീക്കോടിന്റെ മരണശേഷം നടന്ന റ്റി.പി.വധമുൾപ്പെടെയുള്ള സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇത്തരം കാര്യങ്ങളിൽ അദ്ദേഹത്തിന്റെ പ്രതികരണം ഉടനടിയുണ്ടാകുമായിരുന്നു.പാപ്പിനിശ്ശേരി പാമ്പു പാർക്കിനു മാർക്സിസ്റ്റുകാർ തീയിട്ടപ്പോഴും അദ്ധ്യാപകനെ കുട്ടികളുടെ മുമ്പിലിട്ടു വെട്ടിക്കൊന്നപ്പോഴും മാത്രമല്ല അമ്മയുടെ മുമ്പിലിട്ട് മകനെ ആർ.എസ്.എസുകാർ കശാപ്പു ചെയ്തപ്പോഴും പ്രതികരിക്കുവാൻ അദ്ദേഹം മടിച്ചില്ല.തിലകൻ പ്രശ്നത്തിൽ മോഹൻലാൽ ഉൾപ്പെടെയുള്ള താര രാജാക്കന്മാരോടും അവരുടെ സംഘടനയോടും ഏറ്റുമുട്ടി.അതിനൊന്നും ആരുടെയും കൂട്ടും അദ്ദേഹം തേടിയിട്ടില്ല.മുക്കാൽ നൂറ്റാണ്ടു കാലത്തോളം എല്ലാറ്റിനോടും  യുക്തിസഹമായി പ്രതികരിച്ചിരുന്ന അഴീക്കോടിനെ കണ്ടും കേട്ടും പരിചയിച്ച മലയാളികൾ,മറ്റു സാഹിത്യകാരും പ്രഭാഷകരും അതേ ഗണത്തിൽ പെട്ടവരാണെന്ന് വെറുതേ കരുതുന്നു.അതുകൊണ്ടാണു ജ്ഞാനപീഠവും എഴുത്തച്ഛൻ പുരസ്ക്കാരവും ബുക്കർ പ്രൈസും ഒക്കെ കിട്ടിയവർ വലിയ സാംസ്കാരിക നായകർ ആണെന്നു ധരിച്ച് നേരിന്റെ പക്ഷത്തു നിന്നു പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.ആളും തരവും നോക്കി മാത്രം പ്രതികരിക്കുവാനേ അവർക്കറിയൂ.അവർ സാഹിത്യ നായകരാകാം;സാംസ്കാരിക നായകരാകില്ല.

ഒരു വട്ടക്കമ്പു മുറുക്കുമ്പോൾ വേദനകൊണ്ട് പുളയുന്ന അവർക്ക് മലയാള അക്ഷരങ്ങളുടെ എണ്ണത്തിനൊപ്പം(51)വെട്ടേല്പിച്ച് അതിനിഷ്ഠുരമായി ഒരു മനുഷ്യനെ തെരുവിലിട്ടു കൊന്ന വാർത്ത കേട്ട് ഉള്ളുരുകണമെന്നില്ല.
“സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും.“എന്നു പാടിയത് വയലാറാണു.ഇന്നു ജീവിച്ചിരിക്കുന്ന സാഹിത്യ നായകർ ആരുമല്ല.




Fans on the page

Monday, May 14, 2012

കുലംകുത്തികളും കുളംതോണ്ടികളും



ഇപ്പോൾ മാദ്ധ്യമങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന വാക്കാണു ‘കുലം കുത്തി’.സി.പി.എമ്മിൽ നിന്നും പുറത്താക്കപ്പെട്ട ഒഞ്ചിയത്തെ അണികളെ വിശേഷിപ്പിക്കാൻ പിണറായി വിജയൻ കണ്ടെടുത്ത വാക്കാണത്.അങ്ങനെ ഒരു വാക്ക് നിഘണ്ടുവിൽ ഇല്ല എന്നാണു കേരളകൗമുദിയുടെ ‘പ്രതിവാര ചിന്ത’യിൽ അനിലൻ പറയുന്നത്.ശബ്ദതാരാവലിയിൽ ഇല്ലെങ്കിലും മലയാള മഹാനിഘണ്ടു(മലയാളം ലക്സിക്കൺ)വിൽ ഈ വാക്കുണ്ട്.വിജയൻ ഉദ്ദേശിക്കുന്ന അർത്ഥം തന്നെയാണു അതിൽ കൊടുത്തിട്ടുള്ളതും.എന്നാൽ കുലം കുത്തികൾ എന്നു അധിക്ഷേപിക്കപ്പെട്ടവർ പുറത്തു പോയി പുതിയ പാർട്ടിയുണ്ടാക്കിയ ശേഷവും അവരെ കുലം കുത്തികൾ എന്നു വിളിക്കുന്നതു വിവരക്കേടാണു.പുതിയ പാർട്ടിയുടെ നേതാവായ റ്റി.പി .ചന്ദ്രശേഖരൻ വധിക്കപ്പെട്ടതിൽ പിന്നീടും അദ്ദേഹത്തെ ‘കുലം കുത്തി’എന്ന് അധിക്ഷേപിക്കുന്നത് സംസ്കാര ശുന്യവും നീചവുമായ നടപടിയാണു.

തൊട്ടു കൂടാത്തവരും തീണ്ടുക്കൂടാത്തവരുമായിരുന്ന ചാത്തനും കോരനും ഒക്കെ മതം മാറി തൊപ്പിയിട്ട് കാസിമും കരീമും ആവുകയോ മാർഗ്ഗം കൂടി പത്രോസും മത്തായിയും ആവുകയോ ചെയ്തു കഴിഞ്ഞാൽ പിന്നെ അവരെ പഴയ പേരു വിളിക്കാൻ ആരും ധൈര്യപ്പെടുകയില്ലായിരുന്നു.അഥവാ ആരെങ്കിലും വിവരക്കേടു മൂലം അങ്ങനെ വിളിച്ചാലും അവർ പഴയ മതത്തിലെ അംഗങ്ങൾ ആകില്ല.കോൺഗ്രസ് പാർട്ടി വിട്ട് കമ്യൂണിസ്റ്റു പാർട്ടിയിലും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി (സി.പി.ഐ) വിട്ട് സി.പി.ഐ.(എം)പാർട്ടിയിലും ചേർന്ന ഇ.എം.എസ്സിനെ ആരും കുലം കുത്തി എന്നു വിളിച്ചിട്ടില്ല.അന്ന് ആ വാക്കും പ്രയോഗിക്കാൻ അറിയാവുന്നവരും ഇല്ലാഞ്ഞിട്ടാല്ല.പിണറായിയേക്കാൾ സംസ്കാരവും മര്യാദയും അന്നുള്ളവർക്ക് ഉണ്ടായിരുന്നതുകൊണ്ടാണു.

റ്റി.പി.ചന്ദ്രശേഖരനെ ക്വട്ടേഷൻ സംഘത്തെ വിട്ട് വകവരുത്തിയത് ആരാണെന്ന് പിണറായിയുടെ പാർട്ടിക്കാർക്കു പോലും സംശയമില്ല.പൈശാചികമായി അരും കൊല നടത്തിയ ഗുണ്ടാകളെക്കാൾ നികൃഷ്ടമായ മനസ്സുള്ള നരാധമന്മാരേ വധിക്കപ്പെട്ട മനുഷ്യനെ പിന്നെയും ‘കുലം കുത്തി’എന്നു വിളിച്ച് അധിക്ഷേപിക്കുകയുള്ളു.ഒഞ്ചിയം സഖാക്കൾ പാർട്ടി കുലത്തെ കുത്തിയതുകൊണ്ടാണു അങ്ങനെ വിളിക്കുന്നതെങ്കിൽ പാർട്ടിയെ തന്നെ കുളം തോണ്ടുന്നവരെ “കുളം തോണ്ടികൾ” എന്നല്ലേ വിളിക്കേണ്ടത്?ആ പ്രയോഗം ഏറ്റവും യോജിക്കുക പിണറായി വിജയനാണു.സിപി.ഐ(എം)നെ കുളംതോണ്ടിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമാണു ഇപ്പോൾ നടത്തുന്ന ശവനിന്ദ ഉൾപ്പെടെയുള്ള വിടുവായത്തങ്ങൾ.

‘വർഗ്ഗവഞ്ചകൻ’ ആണു പിണറായി എന്നാണു സ.ചന്ദ്രശേഖരന്റെ ഭാര്യ പറയുന്നത്.വി.എസ്.അച്യുതനന്ദൻ വിശേഷിപ്പിച്ചതു പോലെയുള്ള “ധീരനായ കമ്യൂണിസ്റ്റുകാരന്റെ” ഭാര്യയ്ക്ക് വർഗ്ഗവഞ്ചകരെ വേഗത്തിൽ തിരിച്ചറിയാൻ കഴിയും.“മുതലാളിത്തത്തിന്റെ ദത്തുപുത്രൻ”എന്ന് ബർലിൻ കുഞ്ഞനന്തൻ നായർ പറഞ്ഞത് അതിന്റെ ലളിത വ്യാഖ്യാനമാണു. “പെണറായി തന്നെ സംഘടന” ന്നു പറഞ്ഞ് പുളകം കൊള്ളുന്ന രാഷ്ട്രീയബോധമില്ലാത്ത  അനുചരന്മാർക്ക് അത് മനസ്സിലാകില്ല.വി.എസ്സിനു ക്യാപ്പിറ്റൽ പണിഷ്മെന്റ് നല്കണമെന്നു പാർട്ടി സമ്മേളനത്തിൽ അലറിവിളിച്ച “പിതൃശൂന്യ”വിപ്ലവകാരികൾക്കും വർഗ്ഗവഞ്ചകരെ തിരിച്ചറിയാൻ പ്രയാസമാണു.അല്ലെങ്കിൽ ‘പിതൃശൂന്യൻ’ ഉൾപ്പെടെയുള്ളവർ സ്വാശ്രയകോളേജ് പ്രശ്നത്തിൽ പോലീസ് ഭീകരതയ്ക്ക് ഇരയായി തെരുവിൽ വീണു കിടന്നപ്പോൾ, സ്വന്തം പുത്രിക്ക് അമൃതാനന്ദമയിയുടെ കാലു നക്കി അവരുടെ സ്വാശ്രയ കോളേജിൽ അഡ്മിഷൻ വാങ്ങിയ പാർട്ടി സെക്രട്ടറിയോട് ഇത്“ഇതു ശരിയോ സഖാവേ?”എന്നെങ്കിലും ചോദിക്കുമായിരുന്നു.

വർഗ്ഗ ശത്രുക്കളുടെ ഔദാര്യം പറ്റി പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുന്നവരെ ചിലരെങ്കിലും തിരിച്ചറിയുന്നുണ്ട്.അതാണല്ലോ പിണറായിയുടെ  സർവ്വാധിപത്യ കാലത്ത് മുമ്പൊരിക്കലുമില്ലാത്ത വിധം  കൊഴിഞ്ഞുപോക്ക് പാർട്ടിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നത്.ആജ്ഞാനുവർത്തികളെയും പാദസേവകരെയും വൈതാളികരെയും ചുറ്റും നിർത്തി അസംബന്ധവും വിവരക്കേടും വിളമ്പുന്നതും എതിർത്തു പറയുന്നവരെ ഉന്മൂലനം ചെയ്യാൻ ക്വട്ടേഷൻ സംഘങ്ങളെ ചുമതലപ്പെടുത്തുന്നതും വിപ്ലവമാണെന്നു കരുതുന്നവർ പാർട്ടിയെ കുളം തോണ്ടിയില്ലെങ്കിലേ  അതിശയിക്കേണ്ടതുള്ളു.


Fans on the page