Total Pageviews

Sunday, September 26, 2010

ബേബി സൂപ്പര്‍ മുഖ്യമന്ത്രിയോ?അഴിമതി നടത്തിയെന്നു തെളിഞ്ഞതിന്റെ പേരില്‍ സസ്പന്റ് ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടും മോഹന്‍ എബ്രഹാമിനെ സസ്പ്ന്റു ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രിയ്ക്കു മടി.മുന്‍ വിഎച്ച്എസ്ഇ ഡയറക്ടര്‍ മോഹന്‍ എബ്രഹാമിനെതിരേ മൂന്നു വിജിലന്‍സ് കേസുകള്‍ നിലവിലുണ്ട്. വിഎച്ച്എസ്ഇ ഡയറക്ടര്‍ ആയിരിക്കെ വകുപ്പിനു വേണ്ടി കംപ്യൂട്ടറുകളും പാഠപുസ്തകങ്ങളും വാങ്ങിയ വകയില്‍ അഴിമതി നടത്തിയതിനും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനും അദ്ദേഹം കുറ്റക്കാരനാണെന്നു വിജിലന്‍സ് കണ്ടെത്തിയിരുന്നു.

തുടര്‍ന്നു മോഹന്‍ എബ്രഹാമിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടെങ്കിലും വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തില്ല. പിന്നീട് കോടതി ഇടപെട്ടപ്പോള്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രം ഡയറക്റ്ററായി മോഹന്‍ എബ്രഹാമിനെ സ്ഥലം മാറ്റുകയായിരുന്നു.ഇദ്ദേഹത്തെ സസ്പന്റ് ചെയ്യണമെന്ന് ആവശ്യപ്പെ
ട്ട് കഴിഞ്ഞ ദിവസം വീണ്ടും മുഖ്യമന്ത്രി നോട്ടു കൊടുത്തിട്ടും അനുസരിക്കാന്‍ വകുപ്പു മന്ത്രി കൂട്ടാക്കി
യില്ല.ഇതിനിടയ്ക്കാണ് തന്റെ കീഴിലുള്ള സിവില്‍ സര്‍വീസ് അക്കാഡമിയില്‍ വച്ച് ശത്രു ദോഷം മാറാന്‍ പൂജ നടത്തിക്കാന്‍ മോഹന്‍ എബ്രഹാം ചില കീഴ്ജീവനക്കരെ ചട്ടം കെട്ടിയത്.പൂജയും ഹോ
മവും നടത്തിയ വിവരം പുറത്തായിട്ടും സസ്പന്‍ഷന്‍ നടപ്പാക്കാന്‍ വകുപ്പു മന്ത്രി തയ്യാറായില്ല.പക
രം അവധിയില്‍ പ്രവേശിക്കുവാന്‍ ഉപദേശിക്കുകയാണു ചെയ്തത്.

അഴിമതിക്കാരനാണെന്നു തെളിഞ്ഞിട്ടും പുറത്താക്കണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും
ഇദ്ദേഹത്തെ സംരക്ഷിക്കാന്‍ വകുപ്പു മന്ത്രി കാണിക്കുന്ന അമിത താല്പര്യം പല സംശയങ്ങളും ഉയര്‍
ത്തുന്നു. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഏറ്റവും കഴിവുകെട്ട മന്ത്രിയ്ക്ക് മുഖ്യമന്ത്രിയെ ധിക്കരിക്കാനുള്ള
ധൈര്യം എങ്ങനെ ഉണ്ടായി?തൊട്ടതെല്ലാം അലമ്പാക്കിയ ഇദ്ദേഹം ആരുടെ ബലത്തിലാണ് സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നത്?പാര്‍ട്ടി നേതൃത്വത്തിന്റെ ഉറച്ച പിന്തുണയില്ലാതെ ഇത്രയ്ക്കു ധിക്കാരം
ഒരു ഏഴാം കൂലി മന്ത്രി കാണിക്കില്ല.

മോഹന്‍ എബ്രഹാം നടത്തിയ അഴിമതിയുടെ പങ്കു പറ്റിയിട്ടില്ലെങ്കില്‍ അദ്ദേഹത്തെ സംരക്ഷിക്കുവാന്‍ ഇത്രയധികം വ്യഗ്രത ബേബി കാട്ടുമായിരുന്നില്ല.ബേബിയുടെ തോന്ന്യാസങ്ങള്‍ വിലക്കാത്തിടത്തോളം
പാര്‍ട്ടിനേതൃത്വത്തിനും ഈ പാപത്തില്‍ പങ്കുണ്ടെന്നു വേണം അനുമാനിക്കാന്‍.ഭരണത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ഇടതുപക്ഷ മുന്നണിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്പിക്കും വിധം തന്‍ പ്രമാണിത്വവും കെടുകാര്യസ്തതയും ബേബി പ്രകടമാക്കിയതാണ്.ഘടക കക്ഷികള്‍ ഇടപെട്ടതു കൊണ്ടാ
ണ് ഒറ്റയ്ക്കുള്ള അരമന നിരക്കം പോലും അദ്ദേഹം അവസാനിപ്പിച്ചത്.അപ്പോഴും പാര്‍ട്ടി നേതൃത്വം
ഈ ബുദ്ധിജീവി നാട്യക്കാരനെ നിയന്ത്രിക്കാന്‍ തുനിഞ്ഞില്ല.മുഖ്യ മന്ത്രിയുടെ ചിരിയില്‍ പോലും കുറ്റം കണ്ടു പിടിക്കുകയും ഊരുവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്ത പാര്‍ട്ടി നേതൃത്വമാണ് ബേബിയുടെ അഴിഞ്ഞാട്ടം കണ്ടില്ലെന്നു നടിച്ചതെന്നു കൂടി ഓര്‍ക്കണം.

ആകാരത്തിനൊത്ത കഴിവും ബുദ്ധിയും ഉണ്ടാകുമെന്ന് ഒരുപക്ഷേ നേതൃത്വം തെറ്റിദ്ധരിച്ചതാകാം.അങ്ങ
നെയെങ്കില്‍ ധാരണ തെറ്റാണെന്നു മനസ്സിലായപ്പോഴെങ്കിലും അതു തിരുത്തേണ്ടതല്ലേ?അങ്ങനെ ചെയ്യാത്തിടത്തോളം അവര്‍ കൂടി അറിഞ്ഞു കൊണ്ടാണ് ഇതെല്ലാം അരങ്ങേറുന്നതെന്നേ കരുതാനാകൂ.
പണ്ടൊരിക്കല്‍ മുഖ്യമന്ത്രിക്കുപ്പായവും തയ്പിച്ച് ദില്ലിയില്‍ നിന്ന് ഇവിടെ എത്തിയപ്പോള്‍ ചില മാദ്ധ്യമങ്ങള്‍ പുറത്തുവിട്ട "സ്വരലയ"ദുര്‍ഗ്ഗന്ധം മോഹന്‍ എബ്രഹാം പ്രേമ കാണ്ഡത്തിലും ഉണ്ടോ എന്നും സംശയിക്കണം.അഴിമതിക്കെതിരേ കുരിശു യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള ഇടതു പക്ഷ മുന്നണിയുടെയും മുഖ്യമന്ത്രിയുടെയും വിശ്വാസ്യത തകര്‍ക്കുവാനേ ബേബിയെപ്പോലുള്ളവരുടെ അഴിമതി ബാന്ധവം ഉപകരിക്കുകയുള്ളു.മുഖ്യമന്ത്രിയെ കൊച്ചാക്കാനും അപഹാസ്യനാക്കനുമുള്ള ചിലരുടെ രഹസ്യ അജണ്ടകളാണ് ഇതിന്റെ പിന്നിലുള്ളതെങ്കില്‍ അദ്ദേഹം മാത്രമല്ല അപഹാസ്യനാ
കുന്നത് എന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കുന്നതു കൊള്ളാം.


Fans on the page

Friday, September 24, 2010

വൈകി വന്ന ജ്ഞാനപീഠം2007ലെ ജ്ഞാനപീഠ പുരസ്കാരത്തിന് ഓ.എന്‍.വി.കുറുപ്പ് അര്‍ഹനായിരിക്കുന്നു.കുറേ വൈകിയാണെങ്കിലും, അരനൂറ്റാണ്ടിലേറെ നീണ്ട കാവ്യസപര്യക്ക് കിട്ടിയ ഈ അംഗീകാരം മലയാള സാഹിത്യത്തിന്,വിശേഷിച്ച് കവിതയ്ക്കും മലയാളിയ്ക്കും ആഹ്ലാദം നല്‍കുന്ന ഒന്നാണ്.ജ്ഞാനപീഠം ലഭിക്കുന്ന അഞ്ചാമത്തെ മലയാളിയാണ് ഓ.എന്‍.വി.ജ്ഞാനപീഠ പുരസ്ക്കാര ചരിത്രത്തില്‍ മലയാളത്തിനു പ്രത്യേക സ്ഥാനമുണ്ട്.ഒന്നാമത്തെ ജ്ഞാനപീഠം ലഭിച്ചത് മഹാകവി
ജി.ശങ്കരക്കുറുപ്പിനാണ്.പിന്നീട് ജ്ഞാനപീഠം കവിതയ്ക്ക് കിട്ടുന്നതു മലയാളത്തിനാണെന്ന പ്രത്യേകതയും ഓ.എന്‍.വി.കുറുപ്പിന്റെ ഈ സമ്മാന ലബ്ധിയ്ക്കുണ്ട്.

'ഉപ്പി'ന്റെയും 'അക്ഷര'ത്തിന്റെയും കര്‍ത്താവിന് ജ്ഞാനപീഠം കിട്ടാന്‍ ഇത്ര വൈകിയതിലേ അത്ഭുത
മുള്ളൂ.ചങ്ങമ്പുഴക്കവിതയുടെ സ്വാധീനത്തില്‍ തുടങ്ങിയതെങ്കിലും വിപ്ലവ കവിതകളിലൂടെയും പ്രണയ കവിതകളിലൂടെയും വളര്‍ന്നു പന്തലിച്ച ആ കാവ്യ ശാഖി, വൈലോപ്പിള്ളി പറഞ്ഞതു പോലെ 'ഒരു കള്ളിയിലും കൊള്ളാതെ' വികസിക്കുകയാണുണ്ടായത്.താമസിച്ചാണെങ്കിലും മാനവികതയുടെ മഹാ
ഗായകനു ലഭിച്ച ഈ അത്യുന്നത പുരസ്ക്കാരത്തില്‍ നമുക്കും അഭിമാനിക്കാം;ആഹ്ലാദിക്കാം;
അദ്ദേഹത്തിന് ആശംസകള്‍ നേരാം.


Fans on the page

Saturday, September 11, 2010

വെള്ളാപ്പള്ളിയുടെ ഗുരുനിന്ദസംഘടന കൊണ്ടു ശക്തരാകുവാന്‍ ഉപദേശിച്ച ആദ്യത്തെയും അവസാനത്തെയും ഋഷിവര്യന്‍ ശ്രിനാരായണ ഗുരുവാണ്.അദ്ദേഹത്തിന്റെ പേരില്‍ ആരംഭിച്ച ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗ(എസ്.എന്‍.ഡി.പി യോഗം)മാണ് കേരളത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട പ്രമുഖ സംഘടന.
ഡോക്റ്ററാകാന്‍ യോഗ്യത നേടിയിട്ടും അവര്‍ണ്ണനായി പ്പോയതിനാല്‍ തിരുവിതാംകൂറിലെ പൊന്നു തമ്പുരാന്‍ ഉദ്യോഗം നിഷേധിച്ച ഡോ.പല്പുവാണ് യോഗം സ്ഥാപിക്കുവാന്‍ മുന്‍ കൈ എടുത്തത്. വിദ
ഗ്ദ്ധഡോക്റ്ററായി കഴിയുമ്പോഴും ജന്മനാട്ടിലെ തന്റെ സഹോദരങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ മനസ്സിനെ വേട്ടയാടിയതുകൊണ്ടാണ് ഡോ.പല്പു സംഘടന സ്ഥാപിക്കുവാന്‍ ഉത്സാഹിച്ചത്.കേരള
ത്തി ലെ മറ്റു സംഘടനകള്‍ക്കു മാതൃകയാകുകയും കൃമികളെക്കാള്‍ മോശമായി കിടന്ന ഒരു വലിയ വിഭാ
ഗം ജനങ്ങളെ അന്തസ്സുള്ള ഒരു സമൂഹമായി പരിവര്‍ത്തിപ്പിക്കുവാന്‍ സഹായിക്കുകയും ചെയ്ത ആ
സംഘടനയുടെ ഇന്നത്തെ അവസ്ഥ പരമ ദയനീയമാണ്.

അടുത്തയിട കൊല്ലത്തു വച്ചു നടന്ന യോഗം തെരഞ്ഞെടുപ്പോടെ അതിന്റെ ജീര്‍ണ്ണവും വികൃതവുമായ
മുഖം പൂര്‍ണ്ണമായും അനാവരണം ചെയ്യപ്പെടുകയുണ്ടായി.പ്രാഥമിക സഹകരണ സംഘം ഭരണസമിതി
യിലേക്കു മുതല്‍ പാര്‍ലമെന്റിലേക്കു വരെയുള്ള ഏതു തെരഞ്ഞെടുപ്പിലും ഗോഗ്വാ വിളികളും കൈയ്യാ
ങ്കളിയും ഒക്കെ ഉണ്ടാകാറുണ്ട്।മോശമായ പദപ്രയോഗങ്ങള്‍ അന്യോന്യം പ്രയോഗിച്ചെന്നും വരും. തഴേ
ത്തട്ടിലുള്ള പ്രവര്‍ത്തകരോ അനുയായികളൊ ആയിരിക്കും ഇത്തരം അമാന്യമായ പ്രവൃത്തികള്‍ക്കു
ചുക്കാന്‍ പിടിക്കുക.പക്ഷേ കൊല്ലത്തു നടന്ന യോഗം തെരഞ്ഞെടുപ്പില്‍ നിലവിലുള്ള നേതാവാണ് വോ
ട്ടെടുപ്പിനു മുമ്പും പിമ്പും ചെറ്റത്തമ്മ് കാണിക്കുകയും തറ വര്‍ത്തമാനം പറയുകയും ചെയ്തത്.

സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്‍ യോഗത്തെ തന്റെ കുടുംബ സ്വത്തായി കൊണ്ടു നടക്കുക
യാണെന്നും സാധാരണ അംഗങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഹനിക്കുകയും അഴിമതി നടത്തുകയും ചെയ്യുന്നു എന്നാണ് സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ച ഗോകുലം ഗോപാലന്റെയും കൂട്ടരുടെയും ആക്ഷേപം.പണവും ഗുണ്ടായിസവും മറ്റു സ്വാധീനവും കൊണ്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നു എന്നും അവര്‍ ആരോപിച്ചു.ഈ ആരോപണങ്ങളെ വെള്ളാപ്പള്ളി നേരിട്ടത്,ഗോകുലം ഗോപാലനെ അണ്ണാച്ചി, പാണ്ടി, പലിശപ്പാണ്ടി,പരദേശി എന്നൊക്കെ വിളിച്ചു കൊണ്ടാണ്.

കുറേ നാളുകളായി എതിരളികളില്ലാതെ സംഘടനയുടെ തലപ്പത്തിരുന്ന് ആരെയും പുലഭ്യം പറഞ്ഞും
ഗുണ്ടായിസം കാട്ടിയും വിലസിയിരുന്ന വെള്ളാപ്പള്ളിയ്ക്ക്, ഗോപാലന്റെ വരവ് അസ്വാസ്ഥ്യം സൃഷ്ടി
ക്കുക സ്വാഭാവികമാണ്.സമ്പത്തിലും വിദ്യാഭ്യാസത്തിലും പെരുമാറ്റത്തിലും ഗോകുലം ഗോപാലന്‍ ത
ന്നെക്കാള്‍ വളരെ മുമ്പിലാണെന്ന് മറ്റാരെക്കാളും നന്നായി വെള്ളാപ്പള്ളിയ്ക്ക് അറിയാം.അതുകൊണ്ട് തെരഞ്ഞെടുപ്പ് അടുക്കുന്നതിനു വളരെ മുമ്പേ തന്നെ അദ്ദേഹവും കൂട്ടരും ഗോകുലത്തിനെ ചിത്രവധം ചെയ്യാന്‍ ആരംഭിച്ചിരുന്നു.ഗോകുലം നിര്‍മ്മിച്ച പഴശ്ശിരാജാ സിനിമയുടെ വിജയം കണ്ടപ്പോള്‍ 'പലിശ്ശ
രജാ' എന്ന് വെള്ളാപ്പള്ളീ പരിഹസിച്ചത് അതിന്റെ തെളിവാണ്.തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ഈ
പോഴത്തം അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.

സ്വന്തം തട്ടകമായ ചേര്‍ത്തലയില്‍ വച്ചു മാത്രം യോഗം തെരഞ്ഞെടുപ്പു നടത്തുന്ന പതിവ് തെറ്റിയതോ
ടെ ഹാലിളകിയ വെള്ളാപ്പാള്ളി ഗുണ്ടകളെ ഇറക്കിയും എതിര്‍ പാനല്‍ അനുഭാവികളെ വോട്ടു ചെ
യ്യാന്‍ അനുവദിക്കാതെയുമാണ് നാലാമതും സെക്രട്ടറി ആയത്. താന്‍ ചെല്ലും ചെലവും കൊടുത്തു കൊ
ണ്ടുവന്നവരില്‍ തന്നെ ആയിരത്തോളം പേര്‍ എതിര്‍ പാനലിന് വോട്ടു ചെയ്തതിലെ അപകടം ഏതു കൊലകൊമ്പന്റെയും സമനില തെറ്റിയ്ക്കാന്‍ പോരുന്നതാണ്. എതരാളികള്‍ 25 ശതമാനം വോട്ടു പിടി
ച്ചാല്‍ സ്ഥാനത്യാഗം ചെയ്യാമെന്ന് വീമ്പടിച്ചതു കൂടി ഓര്‍ക്കുമ്പോള്‍ ഏതു കൊലപ്പുള്ളിക്കും ഞെട്ടലുണ്ടാ
കും പിന്നല്ലേ വെള്ളാപ്പള്ളിക്ക്?കാരണം വോട്ടു ചെയ്യാന്‍ അനുവദിക്കാഞ്ഞ ആയിരത്തിലധികം ഗോകു
ലപക്ഷക്കാരും കൂടി ചേര്‍ന്നാല്‍ ശതമാനം 25 ല്‍ കൂടും.

വൈതാളികരും അനുചരപ്പരിഷകളും കൂടി"മഹത്തായ വിജയം" "ഉജ്ജ്വല വിജയം"എന്നൊക്കെ എത്ര
പുകഴ്ത്തിയാലും സത്യമതല്ലെന്ന് വെള്ളാപ്പള്ളിയ്ക്ക് അറിയാം.തോല്‍വിയേക്കാള്‍ നാണം കെട്ട വിജയ
മാണെന്ന് നാട്ടുകാര്‍ക്കും അറിയാം. ജാള്യം മറയ്ക്കാന്‍ എതിരാളിയെ'അണ്ണാച്ചി',പാണ്ടി എന്നൊക്കെ
വിളിച്ച് തൃപ്തിയടഞ്ഞു.മറുനാടന്‍ മലയാളി എന്ന് ആക്ഷേപിച്ചതിന് ഗോകുലം നല്ല മറുപടിയും കൊടു
ത്തു.ഡോ.പല്പു എന്ന മറുനാടന്‍ മലയാളിയാണ് എസ്.എന്‍.ഡി.പി.യോഗം സ്ഥാപിച്ചതെന്ന് അദ്ദേഹം
വെള്ളാപ്പള്ളിയെ ഓര്‍മ്മിപ്പിച്ചു.എന്തു ഫലം?താനാണ് യോഗം സ്ഥാപിച്ചതെന്നു കരുതുന്ന ആളോട് ചരി
ത്രവും ഭൂമിശാസ്ത്രവും പറഞ്ഞിട്ടു കാര്യമുണ്ടോ?"സംഘടന കൊണ്ടു ശക്തരാകുക" എന്ന് ഉപദേശി
ച്ച ഗുരു,"വിദ്യ കൊണ്ടു പ്രബുദ്ധരാകുക" എന്നു കൂടി പറഞ്ഞിട്ടുണ്ട്.അത് വെള്ളാപ്പള്ളിയുടെ പിതാ
വു മുതല്‍ പുത്രന്‍ വരെയുള്ളവര്‍ മനസ്സിലാക്കിയില്ല.അതിന്റെ ദുരന്തം അനുഭവി ക്കുന്നത്,മഹാനായ
ആ യോഗിവര്യന്റെ പേരില്‍ സ്ഥാപിക്കപ്പെട്ട സംഘടനയും.‍

കുമാരനാശാന്‍ മുതല്‍ കെ.കെ.രാഹുലന്‍ വരെ നിരവധി പേര്‍ യോഗത്തെ നയിച്ചിട്ടുണ്ട്.അവരാരും
സംഘടനെയേയും സമുദായത്തെയും ഇത്ര നാണം കെടുത്തിയിട്ടില്ല.ശ്രീനാരായണ ദര്‍ശനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തിട്ടുമില്ല.മാത്രമല്ല,"തെറിക്കുത്തരം മുറിപ്പത്തല്‍" തുടങ്ങിയ തെരുവു സൂക്തങ്ങള്‍ യോഗത്തിന്റെ നയമായി ഇദ്ദേഹം അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.ഡോ.പല്പുവും ആശാനും റ്റി.കെ.
മാധവനും മറ്റും ചേര്‍ന്ന് ശക്തിപ്പെടുത്തിയ സംഘടനയുടെ നേതൃത്വം പില്‍ക്കാലത്തു കൈയ്യാളിയ ചി
ലര്‍ ഗുരു ജീവിച്ചിരിക്കെത്തന്നെ നയവ്യതിയാനത്തിനു മുതിര്‍ന്നിട്ടുണ്ട്।അതില്‍ മനം നൊന്ത്,ഗുരു ഡോ।പല്പ്പുവിന് 1916 മേയ് 22ന് ഇങ്ങനെ ഒരു കത്തെഴുതി:"യോഗത്തിന്റെ നിശ്ചയങ്ങള്‍ നാം അറി
യാതെ പാസാക്കുന്നതു കൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിക്കുന്ന കാര്യങ്ങ
ളില്‍ ഇല്ലാത്തതു കൊണ്ടും യോഗത്തിനു ജാത്യഭിമാനം വര്‍ദ്ധിച്ചു വരുന്നതു കൊണ്ടും മുമ്പേ തന്നെ മന
സ്സില്‍ നിന്നു വിട്ടിരുന്നതു പോലെ ഇപ്പോള്‍ വാക്കില്‍ നിന്നും യോഗത്തെ വിട്ടിരിക്കുന്നു."ഡോ.പല്പുവാ
കട്ടെ യോഗ നേതൃത്വത്തെ 'പെരിച്ചാഴികള്‍' എന്നാണു വിശേഷിപ്പിച്ചത്.

ഗുരുവിനെയും ഡോ.പല്പുവിനെയും സന്തോഷിപ്പിച്ച സെക്രട്ടറിമാരെയല്ല, അവരെ വേദനിപ്പിച്ചവരെ
കടത്തി വെട്ടാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്.ചെറിയ മാര്‍ഗ്ഗ ഭ്രംശമുണ്ടായപ്പോള്‍തന്നെ യോഗത്തോടു വിടപറഞ്ഞ സ്വാമിയും ഡോക്റ്ററും ഇന്നുണ്ടായിരുന്നെങ്കില്‍ മനമുരുകി ജീവിതം ഒടുക്കിയേനേ. അല്ലെങ്കില്‍ വെള്ളാപ്പള്ളി ഗുണ്ടകളെ വിട്ട് അവരെ ഉന്മൂലനം ചെയ്തേനേ.

പ്രാദേശിക വികസന സമിതികളും പി.റ്റി.എ.കളും വഴി സമാഹരിയ്ക്കുന്നതുള്‍പ്പെടെ ഏതാനും ലക്ഷം മുടക്കി കോളേജുകളില്‍ ചെയ്യുന്ന അറ്റകുറ്റപ്പണികള്‍ ചൂണ്ടിക്കാട്ടി''അഹോ സജീവം" "അഹോ
പുരോഗതി"എന്നു ചില മാദ്ധ്യമങ്ങള്‍ പോലും വായ്ത്തരി മുഴക്കുന്നു.അതേ സമയം കോടികള്‍ അപഹ
രിക്കുന്നത് കാണാതിരിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നു.സാധാരണ യോഗാംഗങ്ങളുടെ സംശയം ശ്രധിക്കപ്പെടാതെ പോകുന്നു.വാസ്തവം വിളിച്ചു പറയുന്നവരെ നിശ്ശബ്ദരാക്കാന്‍ കുത്സിത മാര്‍ഗ്ഗങ്ങള്‍ അവലംബിക്കയും ചെയ്യുന്നു.

കോളേജുകളിലെ അദ്ധ്യാപക,അനദ്ധ്യാപക നിയമനത്തിനും വിവിധ കോഴ്സുകളിലേക്കുള്ള വിദ്യാ
ര്‍ത്ഥി പ്രവേശത്തിനും വാങ്ങുന്ന കോടികളുടെ കോഴപ്പണം കണക്കും കൈയ്യുമില്ലാതെ അടിച്ചുമാറ്റുന്ന ന്ന ഇദ്ദേഹത്തെ ഡോ.പല്പു എന്തു വിളിക്കമായിരുന്നു എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ഇവരെപ്പോലു
ള്ളവരെ ഗുരു നേരത്തേ കണ്ടിരിക്കുന്നു.
"കൃപണനധോ മുഖനായ് കിടന്നു ചെയ്യു-
ന്നപജയ കര്‍മ്മമവന്നു വേണ്ടി മാത്രമാം" എന്നു പറഞ്ഞത് വെള്ളാപ്പള്ളിയെപ്പോലുള്ളവരെ ഉദ്ദേശിച്ചാണെന്നതിന് തര്‍ക്കമില്ല.വിശ്വസാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും വക്താവും പ്രയോക്താവും ആയിരുന്ന ഗുരുവിനെ നിന്ദിക്കുകയാണു, പരദൂഷണവും അന്യ മതദ്വേഷവും വ്യക്തി ഹത്യയും നടത്തുക വഴി ഇവര്‍ ചെയ്യുന്നത്.

Fans on the page

Sunday, September 5, 2010

തലവെട്ടു സഭമതഭ്രാന്തന്മാര്‍ കൈപ്പത്തി വെട്ടി മാറ്റിയ ന്യൂമാന്‍ കോളേജ് പ്രൊഫസ്സര്‍ റ്റി.ജെ.ജോസഫിന്റെ ഔദ്യോ
ഗിക ജീവിതത്തിന്റെ തല കോളേജ് മാനേജ്മെന്റ് വെട്ടി മാറ്റി. വൈദിക പ്രമാണികള്‍ കൂടി ഉള്‍പ്പെടുന്ന മാനേജ്മെന്റിന്റെ കാരണംകാണിക്കല്‍ നോട്ടീസിനു വിശദീകരണം നല്‍കിയിട്ടും സസ്പന്‍ഷന്‍ നടപടി
കള്‍ സര്‍വ്വകലാശാല പിന്‍വലിച്ചിട്ടും കോളേജ് അധികൃതര്‍ക്കു മനസ്സലിഞ്ഞില്ല.പ്രൊ. ജോസഫ് അധി
കൃതര്‍ക്കു കൊടുത്ത വിശദീകരണം,അദ്ദേഹം ആക്രമിക്കപ്പെട്ട ശേഷം പല മാദ്ധ്യമങ്ങളുംപ്രസിദ്ധപ്പെ
ടുത്തുകയുണ്ടായി.അതില്‍ അദ്ദേഹം തന്റെ നിരപരാധിത്വം മനസ്സലിവുള്ളവര്‍ക്കു മനസ്സിലാകത്തക്ക
വണ്ണം വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.അതെല്ലാം തള്ളിക്കളഞ്ഞുകൊണടാണ് അദ്ദേഹത്തെ ഇപ്പോള്‍ പിരിച്ചു വിട്ടിരിക്കുന്നത്.

ക്ലാസ് പരീക്ഷയുടെ ഒരു ചോദ്യപേപ്പറിലെ പേരിനെ ചൂണ്ടിക്കാട്ടി 'മതനിന്ദ' നടത്തി എന്ന് മുറവിളി
കൂട്ടി അദ്ധ്യാപകന്റെ കൈ വെട്ടിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ ഏറിയ പങ്കും ഇവിടുത്തെ മാദ്ധ്യമ
ങ്ങള്‍ക്കാണ്.പ്രതിപക്ഷ കക്ഷികള്‍ക്കും അവരുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും ചില മത നേതാ
ക്കള്‍ക്കും ഈ രക്തത്തില്‍ ഉള്ള പങ്കും ചെറുതല്ല.പട്ടിയെ പേപ്പട്ടി ആണെന്ന് ആരോപിച്ചു ആക്രമിക്കു
കയായിരുന്നു മാദ്ധ്യമങ്ങളും മറ്റും.വാസ്തവം തിരക്കാതെ ചാനലുകളും രാഷ്ട്രീയ കക്ഷികളും ഊതി പ്പെരു
പ്പിച്ച 'മതനിന്ദ' ആരോപണത്തിന്റെ മറവിലാണ് മതഭ്രാന്ത് തലയ്ക്കു പിടിച്ച പോപ്പുലര്‍ ഹണ്ട് അദ്ധ്യാപക
ന്റെ കൈ വെട്ടി മാറ്റിയത്.ഇദ്ദേഹത്തിന്റെ,വിപ്ലവം പ്രസംഗിക്കുന്ന അദ്ധ്യാപക സംഘടനയും 'കുണ്ടറ
ചോംസ്കി' എന്നു അനുയായികളെക്കൊണ്ടു വിളിപ്പിച്ചു ഞെളിയുന്ന വിദ്യാഭ്യാസ മന്ത്രി യും കമ്യൂണിസ്റ്റ് ഭൂത
ത്തെ ഉച്ചാടനം ചെയ്യാന്‍ നാഴികയ്ക്കു നാല്പതു വട്ടം ഇടയലേഖനമിറക്കുന്ന സ്വന്തം സഭയും കുറ്റപ്പെടുത്തു
കയും കൈയ്യൊഴിയുകയും കൂടി ചെയ്തപ്പോള്‍ പോപ്പുലര്‍ഫ്രണ്ട് കാപാലികര്‍ക്ക് പ്രൊഫസറെ ആക്രമി
ക്കാന്‍ ആവേശവും സൗകര്യവും ഏറി.വധിക്കാന്‍ പറ്റിയില്ലെങ്കിലും അദ്ധ്യാപകന്റെ അംഗവിച്ഛേദന ദൗ
ത്യം എളുപ്പത്തില്‍ നടപ്പാക്കാന്‍ അവര്‍ക്കായതും അതുകൊണ്ടു തന്നെ.

ആദ്യം മുതല്‍ തന്നെ അദ്ധ്യാപകനെ അപരാധി ആയി ചിത്രീകരിക്കുവാന്‍ അദ്ദേഹത്തിന്റെ സ്വന്തം സഭ
കാട്ടിയ വ്യഗ്രത ദുരുദ്ദേശപരമാണ്.മാര്‍ക്സിസ്റ്റ് അനുഭാവ അദ്ധ്യാപക സംഘടനയില്‍ അംഗമായതു കൊ
ണ്ടാണ് അദ്ദേഹത്തെ കുറ്റവാളി ആയി ചിത്രീകരിക്കുവാന്‍ സഭയ്ക്കും അവരുടെ പത്രത്തിനും ആവേശം കൂ
ടിയത്.അതേ കാരണത്താല്‍ തന്നെയാണ് പ്രതിപക്ഷ കക്ഷികളും അദ്ദേഹത്തിനെതിരെ തിരിഞ്ഞത്.
കൈ വെട്ടി മാറ്റപ്പെട്ടതോടെ തങ്ങളുടെ നിലപാട് അല്പം കടന്നു പോയെന്ന് അവര്‍ക്കൊക്കെ വീണ്ടുവി
ചാരം ഉണ്ടായി.കൈ വെട്ടിമാറ്റിയ പോപ്പുലര്‍ ഗുണ്ടകളും അവരുടെ നേതാക്കളും ഒഴികെയുള്ള മുസ്ലീം ജ
നവിഭാഗത്തിനു പോലും അതിക്രമം അതിരു കടന്നതാണെന്ന വിചാരമാണുള്ളത്.പക്ഷേ ന്യൂമാന്‍ കോ
ളേജ് മാനേജ്മെന്റിനെ നിയന്ത്രിക്കുന്ന ക്രൈസ്തവ സഭയ്ക്കു മാത്രം പീഡിതനോട് യാതൊരു അലിവും ഇല്ല.

ചുങ്കക്കാരോടും പാപികളോടും പൊറുത്ത മനുഷ്യപുത്രന്റെ പേരില്‍ ആണയിടുന്ന സഭ എന്തുകൊണ്ടാണ്
ഈ 'പാപി'യോട് പൊറുക്കാത്തത്?മനുഷ്യകുലത്തിന്റെ മുഴുവന്‍ പാപമോചനത്തിനായിട്ടാണ് കര്‍ത്താ
വ് കുരിശുമരണം വരിച്ചതെന്നാണ് ഇവര്‍ കുഞ്ഞാടുകളോടും മറ്റുള്ളവരോടും ഉദ്ഘോഷിക്കുന്നത്.മനുഷ്യ
കുലത്തില്‍ പ്രൊഫ.ജോസഫ് ഉള്‍പ്പെടില്ലേ?അല്ലെങ്കില്‍തന്നെ, എന്താണ് ഇദ്ദേഹം ചെയ്ത മഹാപാ
പം?പി.റ്റി.കുഞ്ഞു മുഹമ്മദിന്റെ പുസ്തകത്തിലെ ഏതാനും വരികള്‍ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയ
പ്പോള്‍ അദ്ദേഹം അനാമികനായി അവതരിപ്പിച്ച ഭ്രാന്തന് മുഹമ്മദ് എന്നു പേരു നല്‍കിയതോ?പ്രവാച
കന്റെ പേരുള്ളവര്‍ എല്ലാം സല്‍സ്വഭാവികള്‍ ആകണമെന്ന് ഏതെങ്കിലും കിത്താബില്‍ പറഞ്ഞിട്ടു
ണ്ടോ?പിടിച്ചുപറിയ്ക്കും മോഷണത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയൊ
വധശിക്ഷ ലഭിക്കുകയോ ചെയ്തിട്ടുള്ള മുഹമ്മദുമാര്‍ നിരവധിയുണ്ട്.അവരുടെ അച്ഛന്മാര് എത്ര വലിയ അപരാധമാണ് ആ പേരിടുക വഴി ചെയ്തിട്ടുള്ളത്?അവരുടെയെല്ലാം കൈയ്യും കാലും പോപ്പുലര്‍ ഹണ്ട
ര്‍മാര്‍ വെട്ടിയെടുക്കുമോ?സ്ഥലത്തെ എല്ലാ ഗര്‍ഭങ്ങളുടെയും ഉത്തരവാദി താനാണെന്ന് അവകാശപ്പെ
ടുന്ന എട്ടുകാലി മമ്മൂഞ്ഞ്(മുഹമ്മദ് കുഞ്ഞ് എന്ന് സംസ്കൃതം)എന്ന കഥാപാത്രത്തിനെ സൃഷ്ടിച്ച സാക്ഷാല്‍ വൈക്കം മുഹമ്മദിന്റെ ഏതെല്ലാം അവയവങ്ങള്‍ ഇവര്‍ വെട്ടിയെടുക്കണമായിരുന്നു?അങ്ങ
നെ ചെയ്തിരുന്നെങ്കില്‍ അതിനെയും വൈദിക പ്രമാണിമാര്‍ അനുകൂലിക്കുമോ?

ഇത്ര വലിയ അപരാധം ചെയ്ത പ്രൊഫസ്സറുടെ ജോസഫ് എന്ന പേര്‍, കര്‍ത്താവിന്റെ അപ്പന്റേതാണ്.
മാപ്പര്‍ഹിക്കാത്ത മഹാപാപം ചെയ്ത ഇദ്ദേഹത്തിന് ഈ പേരിട്ടത് സ്വന്തം പിതാവോ സഭയിലെ ഏതെ
ങ്കിലും വൈദികനോ ആകണം.ഇതേ യുക്തി അനുസരിച്ച് നോക്കിയാല്‍,ഇങ്ങനെ ഒരു പേരിട്ടത് ആരാ
യാലും അയാള്‍ മതനിന്ദകനാണ്.പോപ്പുലര്‍ ഗുണ്ടകളെ വാടകയ്ക്കെടുത്ത് അയാളുടെ കയ്യും കാലും സഭാ നേതൃത്വം മുറിപ്പിയ്ക്കുമോ?അയാളെയും സഭ പാപിയായി പ്രഖ്യാപിച്ച് നടപടി ഏടുക്കുമോ?ജീവിച്ചിരിപ്പി
ല്ലാത്തതിനാല്‍ ശിക്ഷ ദൈവസന്നിധിയിലേക്ക് ഫോര്‍വേഡ് ചെയ്യുമോ?

മതഭ്രാന്തു മൂലം സ്വബോധം നശിച്ചിട്ടില്ലാത്ത സകലരും അദ്ധ്യാപകന്നു നേരേ നടന്ന പൈശാചികാക്ര
മണത്തെ അപലപിച്ചിട്ടുള്ളതാണ്.പക്ഷേ നിരായുധനും നിസ്സഹായനുമായ ഒരുവനെ സംഘടിതവും ആസൂത്രിതവുമായ ഗൂഢാലോചനയിലൂടെ വധിക്കാന്‍ ശ്രമിച്ചവരെ ഒന്നൊന്നായി പോലീസ് വലയിലാ
ക്കി കൊണ്ടിരിക്കുമ്പോള്‍ അക്രമികളെ ന്യായീകരിക്കുകയാണ് സഭാ നേതൃത്വം.

കൈ വെട്ടിയതിനേക്കാള്‍ സഭയുടെ നടപടി തന്നെ വേദനിപ്പിച്ചുവെന്നാണ് പ്രൊ.ജോസഫ് പ്രതികരി
ച്ചത്.കടുത്ത വിശ്വാസിയാണെന്ന് അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്നു വ്യക്തമാണ്.എന്നിട്ടും സ
ഭ അദ്ദേഹത്തെ പിന്നില്‍ നിന്നും കുത്തുന്നത് എന്തുകൊണ്ടാണ്?അദ്ദേഹം ഇടതുപക്ഷത്തോടു ചായ് വു
ള്ളവനായതു കൊണ്ടു മാത്രമാണെന്നു വിശ്വസിക്കുക പ്രയാസം.പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നോ അവരെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര ഭീകരന്മാരില്‍ നിന്നോ ഉള്ള ഭീഷണിയെ ഭയന്നാണോ ഈ ഒറ്റു കൊടുക്കല്‍
എന്നു സംശയിക്കണം.വഴി തെറ്റിയ കുഞ്ഞാടിനെ വകവരുത്താന്‍ പോപ്പുലര്‍ ഗുണ്ടകളെ ഇടപാടു ചെ
യ്തത് സഭാനേതൃത്വമാണോ എന്നും സംശയിക്കാം.

ജോസഫിന് കോടതിയെ സമീപിക്കാം എന്നാണ് സഭാ നേതൃത്വം ഔദാര്യപൂര്‍വ്വം പറയുന്നത്.കേസ്സു കൊടുക്കുന്നതിന് സഭയുടെ അനുവാദം ആവശ്യമില്ല.ചികിത്സയ്ക്കു വേണ്ടി ഭീമമായ തുക ചെലവഴിച്ച തനി
ക്ക് അതിനു പാങ്ങില്ല എന്ന് പ്രൊഫ.ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.ശരീരവും മനസ്സും സമ്പത്തും നഷ്ട
പ്പെട്ട ഒരുവനു നേരെ ക്രൂരമായ പരിഹാസമാണ് സഭ തൊടുത്തു വിട്ടിരിക്കുന്നത്.സഭയും മാനേജ്മെന്റും കാണിക്കുന്ന ധാര്‍ഷ്ട്യവും ഗുണ്ടായിസവും അനുവദിച്ചു കൊടുക്കുന്നത് വിദ്യാഭ്യാസ മന്ത്രിയ്ക്ക് നട്ടെല്ലും സര്‍വ്വകലാശാലാ നിയമങ്ങളെ കുറിച്ചു ബോധവും ഇല്ലാത്തതുകൊണ്ടാണ്. മഹാത്മാഗാന്ധി യൂണിവേഴ്സി
റ്റിയുമായി അഫീലിയേറ്റ് ചെയ്തിട്ടുള്ള ഒന്നാണ് ന്യൂമാന്‍ കോളേജ് .സര്‍വ്വകലാശാലയുടെ അനുമതിയി
ല്ലാതെ ഒരു അഫീലിയേറ്റഡ് കോളജിലെ അദ്ധ്യാപകനെ പിരിച്ചു വിടാന്‍ മാനേജ്മെന്റിന് അധികാരമില്ല.
ഇതൊന്നും അറിയാത്തവര്‍ വിദ്യാഭ്യാസ വകുപ്പു ഭരിക്കുമ്പോള്‍ മാനേജ്മെന്റ് ഇത്തരം നിയമ വിരുദ്ധ നട
പടികളും ധിക്കാരവും കാട്ടിയില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളു.

വിദേശപ്പണം പറ്റിക്കൊണ്ട് ഗുണ്ടാപ്പണി ചെയ്യുന്ന ഏതാനും സാമൂഹിക വിരുദ്ധരുടെ കൊലക്കത്തി കണ്ടപ്പോള്‍ അറിയാതെ ളോഹ നഞ്ഞു പോയ വൈദിക പ്രമാണിമാരെ എന്തു വിശ്വസിച്ചാണ് സഭാംഗ
ങള്‍ പിന്തുടരുക?കുഞ്ഞാടുകളെ കശാപ്പു ചെയ്യാന്‍ കൂട്ടു നില്‍ക്കുന്ന ഇടയന്മാരെ എങ്ങനെയാണു നമ്പു
ക?നീചവും പൈശാചികവുമായ നര നായാട്ടിന് ഹാലേലുയ്യ പാടുന്ന വൈദിക പ്രമാണിമാര്‍ അക്രമം ചെയ്ത കാപാലികരേക്കാള്‍ ഹീനമനസ്കരാണ്."സര്‍പ്പ സന്തതികളേ"എന്ന സംബോധന ഏറ്റവും ചേരു
ന്നത് ഇവര്‍ക്കു തന്നെ.പീഡനമേറ്റ് നിലവിളിക്കുന്നവന് ആശ്വാസവും ആലംബവും നല്‍കേണ്ട സമയ
ത്ത് അവനെ പിന്നില്‍ നിന്നു കുത്തുന്ന "വെള്ള തേച്ച ശവക്കല്ലറകളേ"നിങ്ങളെക്കാള്‍ യൂദാസ് എത്ര
യോ ഭേദം!

ബൈബിള്‍ കക്ഷത്തു വച്ചുകൊണ്ട് പകയുടെ ഗിരിപ്രഭാഷണം നടത്തരുത്.ആ വിശുദ്ധ ഗ്രന്ഥം വല്ലപ്പോഴും ഒന്നു മറിച്ചു നോക്കിയിരുന്നെങ്കില്‍ താഴെപ്പറയുന്ന ക്രിസ്തു വചനം കാണുമായിരുന്നു:
"യാഗത്തിലല്ല, കരുണയില്‍ അത്രേ ഞാന്‍ പ്രസാദിക്കുന്നു എന്നുള്ളത് എന്തു എന്നു നിങ്ങള്‍ അറിഞ്ഞിരുന്നു എങ്കില്‍ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു."(മത്തായി 12)Fans on the page

Wednesday, September 1, 2010

ചാനല്‍ ഓണംഓണം എന്നു കേള്‍ക്കുമ്പോള്‍ പൂക്കളവും പൂവിളിയും ഓണസദ്യയും ഊഞ്ഞാലാട്ടവും പാട്ടും കളിയും ഒക്കെയാണ് സാധാരണക്കാരുടെ മനസ്സില്‍ പണ്ട് ഓടിയെത്തിയിരുന്നത്.കാലം മാറിയതോടെ ജനങ്ങളുടെ അഭിരുചിയിലും ആഘോഷ വീക്ഷണങ്ങളിലും വ്യതിയാനമുണ്ടായി.ജീവിത സാഹചര്യ
ങ്ങളും പാരിസ്ഥിതിക പരിണാമങ്ങളും ഈ മാറ്റങ്ങള്‍ക്കു കാരണമായിട്ടുണ്ട്.പക്ഷേ എത്ര മാറിയാലും മലയാളി മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്ന ചില ഓണസങ്കല്പങ്ങളും പ്രതീക്ഷകളുമുണ്ട്.റ്റി.വി
ചാനലുകളുടെ ഓണപ്പരിപാടികള്‍ അവയെ കൂടി മലിനപ്പെടുത്തുന്ന തരത്തിലായിത്തീര്‍ന്നിരിക്കുന്നു.

ചാനലുകള്‍ക്ക് ഓണാഘോഷം എന്നാല്‍ സിനിമയും സിനിമാതാരങ്ങളും മാത്രമാണ്.കുത്തകക്കാരുടെ ചാനലുകളായാലും "ജനതയുടെ ആത്മാവിഷ്കാര" ചാനലായാലും താരമോന്ത കാണിക്കുന്നതാണ് ഓണം
എന്നു ധരിച്ചു വശായിരിക്കുന്നു.ഓണപ്പരിപാടികളുടെ കൂട്ടത്തില്‍ സിനിമാ പ്രദര്‍ശനം നടത്തുന്നത് മനസ്സിലാക്കാം.വീണ്ടും അതേ താരങ്ങളുടെ കൊച്ചു വര്‍ത്തമാനങ്ങളും പരദൂഷണവും മേമ്പൊടിയായി കാണിക്കുന്നതിന്റെ ഔചിത്യം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.സിനിമയില്‍ താരങ്ങളുടെ അഭിനയത്തിനൊപ്പം ചിരിച്ചും കരഞ്ഞും കഴിയുന്ന പ്രേക്ഷകരില്‍ നല്ലൊരു വിഭാഗത്തിനും അവരുടെ സ്വകാര്യജീവിതത്തിലെ കഥകളറിയാന്‍ താല്പര്യമില്ലെന്നതാണു നേര്.ഏഷണിയിലും പരദൂഷണത്തി
ലും നിര്‍വൃതി കണ്ടെത്തുന്ന ഒരു ചെറിയ ശതമാനം കണ്ടേക്കാം.അങ്ങനെയുള്ളവര്‍ പോലും,ചാനല്‍ പണ്ഡിതന്മാരുടെ സര്‍വ്വവിജ്ഞാന ജാഡയും കൃത്രിമ വിനയവും താരങ്ങളുടെ മംഗ്ലീഷ് മണിപ്രവാള
വും സഹിക്കാതെ ചാനല്‍ മാറ്റുകയോ റ്റി.വി.ഓഫ് ചെയ്യുകയോ ആണു പതിവ്.

മലയാളത്തിലെ ഒരു വലിയ നടനെ മുമ്പില്‍ കിട്ടിയപ്പോള്‍,അദ്ദേഹത്തിന്റെ ആദ്യവിവാഹം പരാജയപ്പെടാന്‍ എന്താണു കാരണം എന്നു ചോദിച്ചാണ് ഒരു 'വേറിട്ട ചാനല്‍ പുലി' തന്റെ സിനിമാ
പാണ്ഡിത്യം വെളിപ്പെടുത്തിയത്.സിനിമയുടെ ഗാന ശാഖ നിലനില്‍ക്കുന്നത് തന്റെ സ്വരമാധുര്യ
വിശേഷം മൂലമാണെന്നു കരുതുന്ന ഒരു 'സരിഗമസ്റ്റാര്‍', അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ ഏറെസമയവും വിനിയോഗിച്ചത് മാനം മര്യാദയ്ക്കു ജീവിക്കുന്ന മറ്റൊരു ഗായകനെ അധിക്ഷേപിക്കാനാ
ണ്.സൂപ്പര്‍ സ്റ്റാറുകളുടെ മുമ്പിലെ ചാനല്‍ സുന്ദരിമാരുടെ കൊഞ്ചലാകട്ടെ ഇതിലൊക്കെ അരോചക
മായിരുന്നു.

മഹാബലിയുടെ കാലത്ത് ചാനലുകളും താരസല്ലാപങ്ങളും ഇല്ലാതിരുന്നതു കൊണ്ടായിരിക്കണം മഹാവിഷ്ണുവിന് വാമനാവ താരം എടുക്കേണ്ടി വന്നത്.അല്ലായിരുന്നെങ്കില്‍,മഹാബലിയുടെ ഭരണത്തില്‍ അസൂയമൂത്ത ദേവന്മാര്‍ക്ക് ഏതെങ്കിലും ചാനലിലെ താര സല്ലാപം അദ്ദേഹത്തെ കാണിച്ചാല്‍ മതിയായിരുന്നു.ചക്രവര്‍ത്തി ജീവനും കൊണ്ട് പാതാളത്തിനും അപ്പുറം ഓടിപ്പോയെനേ.

Fans on the page