Total Pageviews

Saturday, November 19, 2011

പരമ ചെറ്റ


നാടു നടുക്കി നടന്നു വരുന്നു
മാടു കണക്കൊരു വയറൻ.
വായ തുറന്നാൽ തെമ്മാടിത്തം
വാരി വിളമ്പും ശപ്പൻ.
തന്തേപ്പോലുമനിഷ്ടം വന്നാൽ
“തെണ്ടീ”യെന്നും“പൊട്ടാ”യെന്നും
രോഷം മൂത്താൽ “..മോനേ”യെന്നും
ഘോഷം കൂട്ടും ചീപ്പൻ.
Fans on the page

Sunday, November 6, 2011

വൈസ് ചാൻസലർ വെറും സർക്കാരുദ്യോഗസ്ഥനോ?കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ്ചാൻസലർ ആയി നിയമിക്കപ്പെട്ട
ഡോ.ബി.അശോകിനെ ഉമ്മൻ ചാണ്ടി സർക്കാർ പുറത്താക്കിയിരിക്കുകയാണു.അഞ്ചു വർഷത്തേക്കു നിയമിക്കപ്പെട്ട വിസിയുടെ കാലാവധി, പ്രത്യേക കാരണമൊന്നും ചൂണ്ടിക്കാണിക്കാതെ അവസാനിപ്പിച്ചതു സർ വ്വകലാശാലാ നിയമങ്ങളുടെ നഗ്നമായ ലംഘനവും ഉന്നതവിദ്യാഭ്യാസ മേഖലയോടുള്ള അവഹേളനവുമാണു.ഡോ.അശോക് ഐ.എ.എസ്സുകാരനായതുകൊണ്ട് എങ്ങോട്ടു വേണമെങ്കിലും മാറ്റാൻ സർക്കാരിനു അധികാരമുണ്ടെന്നാണു മുഖ്യമന്ത്രിയുടെ ഭാഷ്യം.

ചീഫ് സെക്രട്ടറിയെ പരിഹസിച്ചു ലേഖനമെഴുതിയതിന്റെ പേരിലാണു വി.സിയെമാറ്റിയതെന്ന് നാട്ടുകാർക്കു മുഴുവൻ അറിയാം.എന്നിട്ടും ആരെയോ ഭയപ്പെടുന്ന മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണു.എന്തിന്റെ പേരിലായാലും ഒരു വൈസ് ചാൻസലറെ സർക്കാരിനു തോന്നും പോലെ മാറ്റാമോ എന്നതാണു പ്രസക്തമായ ചോദ്യം.കേന്ദ്ര സർവ്വീസിലെ ആയാലും സംസ്ഥാന സർവ്വീസിലെ ആയാലും ഒരുദ്യോഗസ്ഥനെ വൈസ് ചാൻസലറായി നിയമിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിനെ ബന്ധപ്പെട്ട സർവ്വകലാശാലയുടെ നിയമത്തിനു വിധേയമായി മാത്രമേ മാറ്റാൻ ഏതു സർക്കരിനും അധികാരമുള്ളൂ.ഇവിടെ, കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവ്വകലാശാലയുടെ നിയമം അനുസരിച്ചല്ല ഡോ.അശോകിനെ വി.സി സ്ഥാനത്തു നിന്നു നീക്കം ചെയ്തത്.ലൈംഗികാതിക്രമം,സാമ്പത്തിക ക്രമക്കേട് തുടങ്ങിയ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടാൽ മാത്രമെ വി.സിയെ ആ സ്ഥാനത്തു നിന്നു നീക്കാൻ സർക്കരിനു കഴിയൂ.അത്തരം കുറ്റങ്ങൾ ഒന്നും ഡോ.അശോകിനു മേൽ ആരോപിക്കപ്പെട്ടിട്ടു പോലുമില്ല.

ഐ.എ.എസ്സുകാരെ സർക്കാരിനു വട്ടുതട്ടാം എന്നാണു മുഖ്യമന്ത്രിയുടെ വിശദീകരണം കേട്ടാൽ തോന്നുക.കുറെ ചാനൽ കൂലിത്തിഴിലാളികളും ചീട്ടു കീറിയ ചില ഐ.എ.എസ് പ്രഭൃതികളും മുഖ്യന്റെ വാദഗതികളെ ന്യായീകരിക്കുവാൻ അമിതോത്സാഹം കാണിക്കുന്നുണ്ട്.സെക്രട്ടറിമാരുടെയും കളക്റ്റർമാരുടെയും ട്രാൻസ്ഫർ പോലെയേ ഉള്ളു ഇതെന്നാണു ഒരു പഴയ ഐ.എ.എസ്സുകാരി മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽ തട്ടിവിട്ടിരിക്കുന്നത്.തങ്ങളെയൊക്കെ സർക്കാരുകൾ ഇട്ടു വട്ടുതട്ടിയപ്പോൾ ചോദിക്കാനും പറയാനും ആരുമില്ലായിരുന്നു;മറുത്തൊരക്ഷരം പറയാതെ ട്രാൻസ്ഫർ ചെയ്യപ്പെട്ടിടത്തേക്ക് പോയിരുന്നു;എന്നൊക്കെയാണു അവരുടെ സാക്ഷിമൊഴി.ഡോ.അശോകിനെ വി.സീ.സ്ഥാനത്തു നിന്നു നിയമവിരുദ്ധമായി നീക്കിയതിനെ ചൊല്ലി പ്രതിപക്ഷം നടത്തിയ വാക്കൗട്ടിനെ പരിഹസിക്കാനും അവർ മറന്നില്ല.കേവലം ഒരു ട്രാൻസ്ഫറിനെതിരെ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ചുകളഞ്ഞത്രേ.

വിസി ആയി നിയമിക്കപ്പെട്ട ആദ്യത്തെ ഐ.എ.എസ്സുകാരനല്ല ഡോ. ബി.അശോക് .കേരള കാർഷിക സർവ്വകലാശാലയുടെ ആദ്യത്തെ വി.സി ഐ.എ.എസ്സു കാരനായ ചന്ദ്രഭാനു ആയിരുന്നു.ഐ.എ.എസ്സു കാരായ കാളീശ്വരനും മാധവമേനോനും പിന്നീട് അതേ സർവ്വകലാശലയുടെ വി.സി.ആയിട്ടുണ്ട്.സംസ്കൃത സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലറും ഐ.എ.എസ്സുകാരനും ചീഫ് സെക്രട്ടറിയുമായിരുന്ന രാമചന്ദ്രൻ നായരായിരുന്നു.

കേരള സർവ്വ കലാശാലയിൽ വിസി.ആയിരുന്ന പി.എസ്. ഹബീബ് മുഹമ്മദും കോഴിക്കോടു സർവ്വകലാശാലയിൽ വി.സി ആയിരുന്ന റ്റി.എൻ.ജയചന്ദ്രനും ഐ.എ.എസ്സുകരായിരുന്നു.ഇവരെയൊന്നും ആരും വിസി സ്ഥാനത്തുനിന്നും നീക്കുകയോ സ്ഥലം മാറ്റുകയോ ചെയ്തിട്ടില്ല.ആദ്യ വൈസ് ചാൻസലറായതുകൊണ്ട് സർക്കാരിനിഷ്ടമുള്ളതു പോലെ മാറ്റുകയും കേറ്റുകയും ചെയ്യാം എന്നു വാദിക്കുന്നവർ കാർഷിക സർ വ്വകലാശാലയുടെയും സംസ്കൃത സർവ്വകലാശാലയുടെയും ആദ്യ വി.സിമാരായിരുന്നവരെ നീക്കാഞ്ഞതെന്തുകൊണ്ട് എന്നു പറയണം.ആരോപണം ഒന്നുമുണ്ടാകാഞ്ഞതിനാൽ ആണെന്നാണു മറുപടിയെങ്കിൽ അശോകിന്റെ പേരിലുള്ള കുറ്റം എന്തെന്നു വ്യക്തമാക്കണം.സർക്കാരിനു മറുപടിയില്ലെങ്കിൽ ഫലിതപ്രിയായ മാഡം ഐ.എ.എസ് എങ്കിലും പറഞ്ഞാൽ മതി.ഒരുപക്ഷേ ശമ്പളത്തിന്റെയും പാവങ്ങളെ വിരട്ടുന്നതിന്റെയും തോതു വച്ചു നോക്കുമ്പോൾ ചീഫ് സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയും ഇമ്മിണി ബല്യ വെള്ളാനകളായിരിക്കും.പക്ഷേ വൈസ്ചാൻസലർ വൈസ്ചാൻസലറും സെക്രട്ടറി സെക്രട്ടറിയുമാണു.നിയമ സഭ പാസ്സാക്കിയ നിയമങ്ങളെല്ലാം ലംഘിച്ചു കൊണ്ട് ഒരു വൈസ്ചൻസലറെ നീക്കം ചെയ്യുന്നതും ഒരു വകുപ്പു സെക്രട്ടറിയെ സ്ഥലം മാറ്റുന്നതും ഒരുപോലെയാണെന്നു കരുതുന്ന ഐ. എ.എസ് മാഡങ്ങളെ പോലുള്ളവർ സർവീസിലുണ്ടായിരുന്ന കാലത്ത് എന്തെല്ലാം നടന്നിരിക്കാം?

വി.സിയാകാൻ പത്തു വർഷത്തെ അദ്ധ്യാപന പരിചയമെങ്കിലും വേണം എന്നാണു ഒരു ചാനൽ സേവകന്റെ കണ്ടുപിടുത്തം.അസിസ്റ്റന്റ് മുതൽ രജിസ്ട്രാർ വരെയുള്ളവർക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ച് വ്യക്തമായ സൂചനകളുള്ള യൂണിവേഴ്സിറ്റി നിയമങ്ങളിൽ വിസിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് ഒന്നും പറയുന്നില്ല എന്നതാണു വാസ്തവം.ചാനൽ മുതലാളിക്കുവേണ്ടി കണ്ഠക്ഷോഭം നടത്താൻ കടപ്പെട്ട സേവകൻ അജ്ഞത കൊണ്ടോ സമ്മർദ്ദം കൊണ്ടോ“പറയാതെ വയ്യാ”ത്ത അവസ്ഥയിൽ എത്തിയതു കൊണ്ടു തട്ടിവിട്ടതാകാം.

എല്ലാം സുതാര്യമാണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ഇങ്ങനെ ഉഹാപോഹങ്ങൾക്കും ദുർവ്യാഖ്യാനങ്ങൾക്കും ഇടം കൊടുക്കുന്ന മണുമണുപ്പൻ വിശദീകരണമല്ല ഇക്കാര്യത്തിൽ നല്കേണ്ടത്.പൊതുമുതൽ മോഷ്ടിച്ചതിനു സുപ്രീം കോടതി ജയിലിൽ അടച്ച ബാലകൃഷ്ണപിള്ളയെ തുറന്നു വിടുകയും അതിനെ ന്യായീകരിക്കൻ, അഴിമതിക്കേസിലല്ല പിള്ളയ്ക്കു ശിക്ഷ കിട്ടിയതെന്ന് ഉളുപ്പില്ലാതെ പറയുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിക്ക് ഇങ്ങനെയേ പറയാൻ കഴിയൂ.ഉന്നത വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്നവരെ ഒന്നടങ്കം അപമാനിക്കുന്ന ഈ വീസി പീഡനം സ്ത്രീ പീഡകരുടെയും പൊതുമുതൽ മോഷ്ടാക്കളുടെയും ഔദാര്യത്തിൽ കഴിയുന്ന ഭരണ നാഥനു ചേർന്നതാ യിരിക്കാം. പക്ഷേ കേരളത്തിലെ ജനങ്ങളെല്ലാം “പൊട്ടൻ”മാരാണെന്നു ധരിക്കരുത്.

Tuesday, November 1, 2011

മോഷണേന്ദ്ര തീർത്ഥ സ്വാമി തിരുവടികൾഗൗഢസാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ ആത്മീയ ധർമ്മ പീഠമായ കാശി മഠത്തിൽ നിന്നും അമൂല്യ ദേവ വിഗ്രഹങ്ങളും ആഭരണങ്ങളും കൈവശപ്പെടുത്തി മുങ്ങിയ രാഘവേന്ദ്ര തീർത്ഥയെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു.കാശി മഠത്തിൽ നിന്നും അടിച്ചുമാറ്റിയ വിഗ്രഹങ്ങളും ആഭരണങ്ങളും പണവും രാഘവേന്ദ്ര തീർത്ഥ താമസിച്ചിരുന്ന വീട്ടിൽ നിന്നു പോലീസ് പിടിച്ചെടുത്തത്രെ.

കാശി മഠത്തിന്റെ ഇരുപതാമത് ഗുരുവായ സ്വാമി സുധീന്ദ്ര തീർത്ഥയുടെ പിൻ ഗാമിയായി 1989 ലേ അവരോധിക്കപ്പെട്ട ഈ കൊച്ചീക്കാരൻ ഇത്ര വലിയ പുള്ളിയാണെന്ന് പാവം കാശിക്കാർ ധരിച്ചു കാണില്ല.തനിനിറം ഏതാണ്ടു വെളിവായപ്പോഴേക്കും അവരുടെ പ്രധാന ആരാധനാമൂർത്തിയായ വേദവ്യാസ രഘുപതിയുടെ വിഗ്രഹങ്ങൾ രാഘവേന്ദ്രയുടെ കൈയ്യിലെത്തിയിരുന്നു.കൂടാതെ 500 വർഷം പഴക്കമുള്ള പഞ്ച ലോഹ വിഗ്രഹങ്ങളും 1000 കിലോ വെള്ളിയും പുതിയ തീർത്ഥ പാദർ കൈക്കലാക്കിയിരുന്നു.വിവരം മനസ്സിലാക്കിയ മഠാധിപതി ഇയാളെ പിൻ ഗാമി സ്ഥാനത്തു നിന്നും പുറത്താക്കി.പക്ഷെ കൈയ്യിൽ കിട്ടിയ വിലപിടിപ്പുള്ളതൊന്നും കൊച്ചീക്കാരൻ വിട്ടികൊടുത്തില്ല.കേസും വഴക്കുമായി.കോടതി വിധിയെല്ലാം ഇയാൾക്കെതിരായി.പുള്ളി പിള്ളഗ്രൂപ്പുകാരനല്ലാത്തതു കൊണ്ടും പോലീസ് ഉമ്മൻ ചാണ്ടിയുടേതല്ലാത്തതു കൊണ്ടും പിടി വീണു.

ഏതു ദൈവത്തിനും വിപണന മൂല്യത്തിനപ്പുറം ഒന്നുമില്ല എന്ന് രാഘവേന്ദ്ര തെളിയിച്ചിരിക്കുകയാണു.തന്ത്രവും മന്ത്രവും അറിയാത്ത ഒരു സ്ത്രീലമ്പടൻ തന്ത്രി വേഷം കെട്ടി കുറേനാൾ ശബരിമല അയ്യപ്പനെ കൈ കുത്തിക്കാണിച്ച് വിലസിയത് മലയാളിയായ രാഘവേന്ദ്രയ്ക്കറിയാം.

ശ്രീപത്മനാഭ ക്ഷേത്രത്തിലെ നിലവറകളിൽ കണ്ടെത്തിയ അമൂല്യ വസ്തുക്കൾ ജനോപകാരപ്രദമായി വിനിയോഗിക്കണമെന്ന അഭിപ്രയം ഉയർന്നു വന്നപ്പോൾ“ഭഗവാന്റെ മുതലിൽ ഹിന്ദുക്കളല്ലാത്തവർക്ക് അവകാശമില്ല” എന്ന് അലറി വിളിച്ച കുമ്മനം രാജശേഖരനും വെള്ളാപ്പള്ളി നടേശനും സി.പി.നായർ ഐ.എ.എസ്സും നമ്മുടെ രാഘവേന്ദ്ര തീർത്ഥപാദരുടെ വിഗ്രഹപ്രേമത്തെ കുറിച്ച് ഒന്നും ഉരിയാടാത്തത് എന്താണു?ഗൗഢസാരസ്വത ബ്രാഹ്മണർ ഹിന്ദുക്കളല്ലേ? തട്ടിയെടുത്തത് ഹിന്ദു ആയതിനാൽ ദൈവകോപം ഉണ്ടാകില്ലെന്നാണോ?

ഹിന്ദുത്വം സംരക്ഷിക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന രാഷ്ട്രീയപ്പാർട്ടിയും സദാചാര സേനക്കാരും രാഘവേന്ദ്ര തീർത്ഥരെ എന്തു ചെയ്യുമെന്നറിയാൻ ഭക്തി ലഹരി തലയ്ക്കു പിടിച്ചിട്ടില്ലാത്ത സാധാരണക്കാർക്ക് ആഗ്രഹമുണ്ട്.


Fans on the page