Total Pageviews

Monday, December 31, 2007

നരേന്ദ്രനോ നരാധമനോ ?

'അബലന്നു ബലം രാജാ' എന്നതായിരുന്നു ഭാരതത്തിന്‍റെ പഴയ ഭരണപ്രമാണം.ബലമില്ലാത്തവന്നു തുണ രാജാവ് എന്നര്‍‍ത്ഥം.ജനാധിപത്യ കാലത്തും പ്രമാണം അത് തന്നെ.രാജാവിന്‍റെ സ്ഥാനത്ത് തെരഞ്ഞെടുക്കപ്പെടുന്നവര്‍ ആണെന്നു മാത്രം.അങ്ങനെയുള്ള ഭരണക്കാര്‍ രക്ഷിക്കേണ്ടതിനു പകരം വേട്ടയാടിയാലോ?അതാണു 2002ല്‍(രണ്ടായിരത്തി രണ്ടില്‍)ഗുജറാത്തില്‍ നരേന്ദ്ര മോഡി ചെയ്തത്.വംശഹത്യ നടത്താന്‍ ഒത്താശ ചെയ്തു കൊടുത്ത ഭരണകൂട നൃശംസതയുടെ ആ ആസൂത്രകന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ശാന്തിയും സമാധാനവും കൊതിക്കുന്നവര്‍ക്ക് ആശങ്കയാണ് ഉണ്ടാവുക.
ക്രിമിനലുകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടു ണ്ട്.സൊറാബുദ്ദീന്‍ ഷേക്ക് എന്ന ഒരു നിരപരാധിയെയും ഭാര്യയെയും ഭീകരരെന്നു മുദ്രകുത്തി വധിച്ചെന്ന്പൊതുവേദിയില്‍ വീമ്പടിച്ച നരേന്ദ്ര മോഡി എന്ന ക്രിമിനലിനെതിരെ കമ്മിഷന്‍ പക്ഷേ ഒന്നും ചെയ്തില്ല. മോഡി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നു കണ്ടെത്തിയിട്ടും അയാളുടെ തെരെഞ്ഞെടുപ്പു റദ്ദു ചെയ്യാന്‍ കമ്മിഷന്‍ തയ്യാറായില്ല.പകരം സോണിയാ ഗാന്ധിയും ചട്ടം ലംഘിച്ചു എന്നു കൂടി പറഞ്ഞ് കൈ കഴുകി.മുഖ്യമന്ത്രിക്കസേര പോയാല്‍ വെറും കശാപ്പുകാരന്‍റെ തൊപ്പി മാത്രം ചേരുന്ന ഒരു കുറ്റവാളിക്കെതിരെ നടപടിയെടുക്കാന്‍ഒരു ഭരണഘടനാ സ്ഥാപനം പോലും ഭയപ്പെടുന്നു എന്നത് അപകടകരമായ അവസ്ഥയാണ്.
നീതിന്യായ വ്യവസ്ഥയുടെ സ്ഥിതി ഇതിലും പരിതാപകരമാണ്.താനാണ് ഒരുത്തനെ കൊന്നതെന്ന് സാധാരണക്കാരന്‍ പറഞ്ഞാല്‍ അവനെ അപ്പൊഴേ തപ്പി അകത്താക്കും.കോടതിയിലും മൊഴി ആവര്‍ത്തിച്ചാല്‍ കൊലക്കയറോ ജീവപര്യന്തമോ ഉറപ്പ്.മൈക്കിനു മുമ്പില്‍ നിന്ന് കൊലപാതകകൃത്യം വര്‍ണ്ണിച്ചിട്ടും ഒരായിരം കൊലയ്ക്ക് ഒത്താശ ചെയ്തു കൊടുത്തെന്നു തെളിഞ്ഞിട്ടും മോഡിക്ക് കൈവിലങ്ങും കഴുകുമരവും ഇല്ല. ഗോധ്രയിലെ തീവണ്ടി ദുരന്തത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങള്‍, ഒരു സമുദായത്തില്‍ പെട്ടവരെ ഉന്മൂലനംചെയ്യാന്‍ മോഡീഭരണകൂടവും കൂട്ടാളികളും ചേര്‍ന്ന് ആസൂത്രണം ചെയ്തതായിരുന്നെന്ന് അന്നേ എല്ലാവര്‍ക്കും അറിയാമായിരുന്നു.ജ.നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ടും തെഹല്‍കാ പുറത്തു വിട്ട വീഡിയോ ദൃശ്യങ്ങളും അത് സ്ഥിരീകരിക്കുകയും ചെയ്തു.
ഒരു വിഭാഗം ജനങ്ങളെ കൊന്നും ഭയപ്പെടുത്തിയും വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നു വെട്ടിമാറ്റിയും നേടിയ ഭൂരിപക്ഷത്തില്‍ കൈവന്ന ഭരണം അടുത്ത സ്ഥാനാരോഹണത്തിനു ചവിട്ടു പടിയാക്കുകയാണ് മോഡി ചെയ്തത്.അതു മനസ്സിലാക്കാന്‍ രാഷ്ട്രീയ ത്രികാലജ്ഞാനം വേണ്ടാ.സാമാന്യ ബുദ്ധി മതി.എന്നിട്ടും ഇയാളുടെ വിജയത്തെ മോഡി മാജിക്കെന്നും വികസനത്തിന്‍റെ വിധിയെഴുത്തെന്നും മറ്റും വിശേഷിപ്പിച്ച് മഹത്വവല്‍ക്കരിക്കുകയാണ് പലരും.സ്വാമി വിവേകാനന്ദന്‍റെ ആദ്യ പേര്‍ നരേന്ദ്രനെന്നായിരുന്നു. ലോക ജേതാവായ ആ നരേന്ദ്രനെയാണ് ഗുജറാത്തിലെ പുതിയ നരേന്ദ്രന്‍റെ വിജയം കണ്ടപ്പോള്‍ ചില മാദ്ധ്യമ വായാടികള്‍ക്ക് ഓര്‍മ്മ വന്നത്.
'ലോകാ സമസ്താ സുഖിനോ ഭവന്തു:' എന്ന ഭാരതീയ ദര്‍ശനത്തിന്‍റെ മഹത്വം ഉദ്ഘോഷിച്ച് വിശ്വമനസ്സ് കീഴടക്കിയ സ്വാമികള്‍ എവിടെ,അധികാരമുഷ്കും ആയുധശേഷിയും ആള്‍ബലവുംകൊണ്ട് മനുഷ്യക്കുരുതി നടത്തി ഭരണമുറപ്പിക്കുന്ന ഈ നരാധമന്‍ എവിടെ?സര്‍വ്വമത സാഹോദര്യത്തിന്‍റെ മഹിമയോതി ഇന്ത്യയ്ക്ക് കീര്‍ത്തിയുണ്ടാക്കിയ വിവേകാനന്ദനും വര്‍ഗ്ഗീയ വിഷം ചീറ്റി വംശഹത്യ നടത്തി ഇന്ത്യക്ക് നാണക്കേടുണ്ടാക്കിയ അന്യമതദ്വേഷിയായ അവിവേകിയും തമ്മില്‍ എന്തു സമാനത?

Wednesday, December 26, 2007

പരിപൂര്‍ണ്ണന്‍ പറഞ്ഞിട്ടും

ദേവസ്വം ബോര്‍ഡിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെപല ഭാഗങ്ങളും ഇതിനകം പുറത്തുവന്നുകഴിഞ്ഞു.ബോര്‍ഡംഗങ്ങള്‍ മുതല്‍ തന്ത്രിമാര്‍ വരെയുള്ളവര്‍ കുറ്റക്കാരാണെന്നാണ് കമ്മിഷന്‍റെ കണ്ടെത്തല്‍। നൂറു ശതമാനം ദൈവ ഭക്തന്മാരും വിശ്വാസികളും ആയ കക്ഷിക്കാര്‍ ദേവസ്വവും സംസ്ഥാനവും ഭരിച്ചിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി ആയിരുന്നു അന്വേഷണമെങ്കിലും ഇപ്പോഴത്തെ ഭരണക്കാര്‍ക്കും കണ്ടെത്തലുകള്‍ ബാധകമാണെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു।അഴിമതിയും പിടിപ്പുകേടും കൊണ്ട് ദേവസ്വം ഭരണം അലങ്കോലമാക്കിയ ബോര്‍ഡംഗങ്ങളെയും ഉദ്യോഗസ്ഥരെയും ശിക്ഷിക്കണമെന്ന ആവശ്യം നാനാഭാഗത്തു നിന്നുംഇതിനകം ഉയരുകയും ചെയ്തു।പക്ഷേ,കുറ്റകൃത്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള തന്ത്രിമാര്‍ക്കെതിരെ ഒരക്ഷരം ആരും ഉരിയാടിയില്ല.പല തന്ത്രിമാര്‍ക്കും മന്ത്രമോ പൂജാവിധികളോ അറിയില്ലെന്നു കുറെ മാസം മുമ്പു പറഞ്ഞ ദേവസ്വം മന്ത്രിക്കെതിരെ ചന്ദ്രഹാസമിളക്കിയവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലാതായിട്ടുണ്ട്.മന്ത്രി പറഞ്ഞത് ദൈവനിഷേധം ആയി വ്യാഖ്യാനിച്ചവര്‍ അതേ കാര്യം അതിനേക്കാള്‍ ശക്തമായി ജ.പരിപൂര്‍ണ്ണന്‍ പറഞ്ഞപ്പോള്‍ നിശ്ശബ്ദരായിപ്പോയത് എന്തുകൊണ്ടാണ്?ജഡ്ജിയും ദൈവനിഷേധിയാണെന്ന് ഇവര്‍ അഭിപ്രായപ്പെടുമോ?യേശുദാസിനെ ഗുരുവായൂരും സ്ത്രീകളെ ശബരിമലയിലും ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അതൊക്കെ ആചാരലംഘനമാണെന്നും ദേവകോപമുണ്ടാകുമെന്നും അലമുറയിട്ടവരുടെ കൂട്ടത്തില്‍ ക്ഷേത്രസംരക്ഷണ സമതിക്കാരും വര്‍ഗ്ഗീയകക്ഷികളും മാത്രമല്ല ചില സമുദായ സംഘടനകളുടെ നേതാക്കളും ഉണ്ടായിരുന്നു.ശബരിമല ക്ഷേത്രത്തിലെ ഒരു തന്ത്രിക്ക് മന്ത്രമോ തന്ത്രവിധികളോ പൂജാകര്‍മ്മങ്ങളോ അറിയില്ലെന്ന് കമ്മിഷന്‍റെ തെളിവെടുപ്പു വേളയില്‍തന്നെ വെളിപ്പെട്ടതാണ്.ഗായത്രി മന്ത്രംചൊല്ലാന്‍ കൂടി വശമില്ലാത്ത ഇദ്ദേഹത്തിനെതിരെ റിപ്പോര്‍ട്ടിലും പരാമര്‍‍ശമുണ്ട്.എന്നിട്ടും ഒരു ഭക്തന്‍പോലും ഇത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടില്ല! ഭക്തി നടിച്ച് യഥാര്‍ത്ഥ ഭക്തരെ കബളിപ്പിക്കുന്ന പൂജാരിയല്ലേ ഭക്തനും വിശ്വാസിയും അല്ലാത്ത മന്ത്രിയേക്കാള്‍ ദൈവനിന്ദകന്‍?ഭക്തിയോ വിശ്വാസമോ തരിമ്പും ഉണ്ടായിരുന്നെങ്കില്‍,കോടിക്കണക്കിന് ഭക്തര്‍ കണ്ട് തൊഴുന്ന അയ്യപ്പവിഗ്രഹത്തിനു മുമ്പില്‍ കൈകുത്തിക്കാണിക്കാന്‍(പൂജയറിയാത്തവന്‍ ചെയ്യുന്ന കൈക്രിയയെ അങ്ങനെയേ കാണാന്‍ പറ്റൂ)ധൈര്യപ്പെടുമായിരുന്നോ?പൗരോഹിത്യം തേര്‍ വാഴ്ച നടത്തിയ ചാതുര്‍വര്‍ണ്ണ്യ നാളുകളില്‍ പോലും വ്യാജതന്ത്രികള്‍ക്കെതിരെ ഭക്തര്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്.പക്ഷേ പുതിയ വിശ്വാസികള്‍ക്കും ക്ഷേത്രസം രക്ഷകര്‍ക്കും നേതാക്കന്മാര്‍ക്കും കപട പൂജാരികള്‍ക്കെതിരെ നാവുയര്‍ത്താന്‍ ഭയം.അല്ലെങ്കില്‍തന്നെ ശബരിമലയെന്നു കേട്ടാല്‍ അരവണ മാത്രം ഓര്‍മ്മ വരുന്നവര്‍ക്ക് പൂജാദികളിലെന്തു താല്പര്യം!ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കുന്നത് ഭഗവാന് ഇഷ്ടമല്ലെന്ന് കവടി നിരത്തി കണ്ടെത്തിയ ജ്യോല്‍സ്യന്മാര്‍,ശബരിമലയില്‍ പല തവണ ദേവപ്രശ്നം വച്ചിട്ടും ഒരു വ്യാജതന്ത്രി ശ്രീകോവില്‍ അശുദ്ധമാക്കിക്കൊണ്ടിരുന്ന കാര്യം കണ്ടെത്തിയില്ല എന്നതാണ് രസകരം.ഇതെല്ലാം കാണുമ്പോള്‍ ആചാര്യന്‍ പറഞ്ഞ താണ് ഓര്‍മ്മ വരിക:'ഉദരനിമിത്തം ബഹുകൃത വേഷം.'

Friday, December 21, 2007

ഡോക്റ്റര്‍മാരുടെ (ക്രൂര)വിനോദങ്ങള്‍-3.... 40ശതമാനം

പ്ലസ് ടുവിന് പഠിക്കുന്ന മകന്‍ അത്താഴം കഴിച്ചുകൊണ്ടിരിക്കേ മയങ്ങി വീണു.മുഖത്ത് വെള്ളം തളിച്ചപ്പോള്‍ബോധം വന്നു.മറ്റ് അസ്വസ്ഥതകളൊന്നും പിന്നീടു കാണിച്ചില്ല.ഉറക്കം നിന്നു പഠിച്ചതുകൊണ്ടാകാമെന്ന് വിചാരിച്ചെങ്കിലും ഞങ്ങള്‍ക്ക് ഒരു സമാധാനക്കേട്.രാവിലെ തന്നെ തിരുവനന്തപുരത്തെ പ്രശസ്തമായ ഒരുസ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി.മെഡിക്കല്‍ കോളേജില്‍ നിന്നു റിട്ടയര്‍ ചെയ്ത ഡോക്റ്ററാണ് മെഡിസിന്‍റെ ചീഫ്.അദ്ദേഹം വിശദമായി പരിശോധിച്ചു.വീട്ടില്‍ മറ്റാര്‍ക്കെങ്കിലും ചുഴലിയോ അതുപോലെയുള്ള അസുഖമോ ഉണ്ടോ എന്നു തിരക്കി.തലയുടെ സ്കാന്‍,എക്സ് റേ,ഇ.ഇ.ജി തുടങ്ങി നിരവധി ടെസ്റ്റുകള്‍ക്ക് കുറിച്ചു തന്നു.രക്തം കുറഞ്ഞാലും ഇങ്ങനെ വരില്ലേ എന്ന് ചോദിച്ചു പോയി.എങ്കില്‍‍ ബ്ലഡ് കൂടി പരിശോധിക്കാം എന്നായി ഡോക്റ്റര്‍. അതിനും കുറിച്ചു.ടെസ്റ്റുകള്‍ പലതിനും അവിടെ സൗകര്യമില്ലാത്തതിനാല്‍ ഇന്ന ലാബൊറട്ടറിയില്‍ പോകണമെന്ന് നിര്‍ദ്ദേശിച്ചു.ലാബില്‍ അയ്യായിരത്തിലധികം രൂപയായി.റിസള്‍ട്ടും കൊണ്ട് അടുത്ത ദിവസം ഡോക്റ്ററെ കണ്ടു.സ്കാന്‍ഫോട്ടോയോ ഇ.ഇ.ജിയുടെ പേപ്പറോ ഒന്നുംഅദ്ദേഹം തുറന്നു നോക്കിയില്ല.ഒരു റിപ്പോര്‍ട്ട് മാത്രം നോക്കി കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് മരുന്നു കുറിച്ചുതന്നു;ഒരാഴ്ച്ച കഴിക്കാന്‍.അവിടത്തെ ഫാര്‍മസിയില്‍ നിന്നു തന്നെ വാങ്ങി.വില കുറവ്.നോക്കിയപ്പോള്‍വെറും പാരസെറ്റമോള്‍.അവന്‍ അതു കഴിച്ചില്ല.ബോധക്കേട് പിന്നീട് വന്നിട്ടുമില്ല.പിറകേ അറിഞ്ഞു അദ്ദേഹംനിര്‍ദ്ദേശിച്ച ലാബ്, ഡോക്റ്റര്‍മാര്‍ക്ക് 40(നാല്പത്) ശതമാനം കമ്മീഷന്‍ കൊടുക്കുമെന്ന്.

Tuesday, December 18, 2007

വാടകയും പണയവും

നാക്ക് വാടകയ്ക്ക് കൊടുക്കരുതെന്ന് ആര്‍ എസ് പി നേതാവ് സ.റ്റി.ജെ.ചന്ദ്രചൂഡന് സി പി ഐ(എം)നേതാവ് സ.പിണറായി വിജയന്‍റെ ഉപദേശം.കമ്യൂണിസ്റ്റുകാര്‍ സമ്പത്തിനു പിന്നാലെ പോകുന്നു എന്നും ഫാരിസ് അബൂബേക്കറെ പോലുള്ളവരോടാണ് അവര്‍ക്ക് അടുപ്പം എന്നും മറ്റും പറഞ്ഞതാണ് സ.പിണറായിയെ ചൊടിപ്പിച്ചത്.മാത്രമല്ല തന്‍റെ ആശ്രിതനായ ദേവസ്വം മന്ത്രിയെ മദമിളകിയ ആനയെന്നു പരിഹസിക്കുകയുംചെയ്തു. ഉള്ളത് പറഞ്ഞാല്‍ കള്ളന് തുള്ളല്‍ വരും എന്ന് കേട്ടിട്ടേ ഉള്ളു.ഇപ്പോള്‍ബോദ്ധ്യമായി. സമ്പത്തിന്‍റെപിറകേ പോകുന്ന ഏതെങ്കിലും വ്യക്തിയെ സ.ചന്ദ്രചൂഡന്‍ ചൂണ്ടിക്കാട്ടിയിരുന്നില്ല.പക്ഷേ കട്ടവനേ കഴക്കൂഎന്ന ചൊല്ല് ശരിവച്ചു കൊണ്ട്,ആരാണ് പണത്തിന്‍റെ പിറകേ പോകുന്നതെന്ന് സ.പിണറായി സ്വയം വെളിപ്പെടുത്തി.പഠനകാലത്തുടനീളം കുറഞ്ഞ മാര്‍ക്ക് മാത്രം വാങ്ങി കഷ്ടിച്ചു ജയിച്ചു പോന്ന മകനെ വിദേശ സ്വാശ്രയ സര്‍വ്വകലാശാലയില്‍ അയച്ചു പഠിപ്പിക്കാന്‍ തക്ക സാമ്പത്തിക ശേഷി പിണറായിക്ക് എങ്ങനെ ഉണ്ടായി എന്ന വളരെ ലളിതമായ ചോദ്യത്തിന് ഇന്നലെ വരെ അദ്ദേഹം മറുപടി പറഞ്ഞിരുന്നില്ല.ചന്ദ്രചൂഡനുള്ള പ്രതികരണത്തിലൂടെ അതും കിട്ടി.എന്തെങ്കിലും സംശയം ബാക്കി ഉണ്ടായിരുന്നെങ്കില്‍ അതും ഇല്ലാതാക്കുന്നതായിരുന്നു അടുത്ത ദിവസത്തെ അദ്ദേഹത്തിന്‍റെ പ്രസ്താവന:"പണമുള്ളതു കൊണ്ടു മാത്രം ഒരാളെ മോശക്കാരനായി കാണരുത്". മുതലാളിത്തം സമ്പത്ത് സ്വരൂപിക്കുന്നത് ചൂഷണത്തിലൂടെയാണ് എന്ന പഴയ കമ്യൂണിസ്റ്റ് സിദ്ധാന്തമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി തിരുത്തിയിരിക്കുന്നത്!മുതലാളിമരെ വര്‍ഗ്ഗശത്രുക്കളായി കണ്ടിരുന്ന പഴയ കമ്യൂണിസ്റ്റുകാര്‍ എത്ര മണ്ടന്മാര്‍!മുതലാളിമാര്‍ വച്ചു നീട്ടിയ വിലകൂടിയ സിഗററ്റും മുന്തിയ മദ്യവും തട്ടിക്കളഞ്ഞ് മുറിബീഡിയും കട്ടന്‍ ചായയും കൊണ്ട് കാലം കഴിച്ച അവര്‍ എത്ര വിവരദോഷികള്‍!ലോട്ടറി തട്ടിപ്പുകാരനായ സാന്തിയാഗോ മാര്‍ട്ടിനെയും ജനങ്ങളെപ്പറ്റിച്ച ലിസ് മുതലാളിയേയും റിയല്‍ എസ്റ്റേറ്റ് രാജാവ് ഫാരിസ് അബൂബേക്കറേയും ഉദ്ദേശിച്ചാണോ സഖാവ് ഈ പൊതു തത്ത്വം അരുളിയതെന്ന് വ്യക്തമാക്കണം.അങ്ങനെയെങ്കില്‍ പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ക്കും ഇതു തന്നെയാണോ അഭിപ്രായം എന്നും അറിഞ്ഞാല്‍ കൊള്ളാം.ഈ നല്ല പണക്കാരില്‍ ആരാണ് മകനെ പഠിപ്പിക്കാന്‍ പണമിറക്കുന്നതെന്ന് അറിയാനുംജനങ്ങള്‍ക്ക് താല്പര്യമുണ്ട്. നാക്ക് വാടകയ്ക്ക് കൊടുത്തെന്ന് സ.ചന്ദ്രചൂഡന്‍റെ മേല്‍ കുറ്റം ചാര്‍ത്തുമ്പോള്‍ആര്‍ക്കാണ് കൊടുത്തതെന്നു കൂടി വെളിപ്പെടുത്തണമായിരുന്നു.അങ്ങനെ ചെയ്യാത്തതു കൊണ്ടാണ് വി എസ്സിനാണു വാടകയ്ക്കു കൊടുത്തതെന്ന്,എം.എം.ഹസ്സനെപ്പോലുള്ളവര്‍ വ്യഖ്യാനിക്കുന്നത്.എങ്കില്‍ ചന്ദ്രചൂഡന് നാണിക്കാനില്ല.കാരണം വെടിവയ്ക്കുന്ന വര്‍ഗ്ഗശത്രുവിനു നേരേ വാരിക്കുന്തവുമായി പോയവരുടെകൂട്ടത്തില്‍ പെട്ട ഒരു പഴയ കമ്യൂണിസ്റ്റുകാരനാണല്ലോ നാക്കു കൊടുത്തത്.തട്ടിപ്പും വെട്ടിപ്പും കള്ളവാറ്റുംകരിഞ്ചന്തയും നടത്തി കാശുണ്ടാക്കുന്ന പുത്തന്‍ മടിശീലക്കാര്‍ക്ക് നാക്ക് പണയപ്പെടുത്തുന്നതിനേക്കാള്‍ എത്രയോ ഭേദമാണത്.ആദര്‍ശവും മനസ്സാക്ഷിയും പ്രത്യയശാസ്ത്രവും പണച്ചാക്കുകള്‍ക്ക് അടിയറ വച്ചവര്‍ക്ക്,നാക്ക് വാടകയ്ക്ക് കൊടുത്തവരെ ആക്ഷേപിക്കാന്‍ യോഗ്യതയുണ്ടോ?

Sunday, December 16, 2007

ഡോക്റ്റര്‍മാരുടെ(ക്രൂര)വിനോദങ്ങള്‍-1. ഇന്‍സ്റ്റാള്‍മെന്‍റ് ഓപ്പറേഷന്‍

സുഹൃത്തിന്‍റെ ഭാര്യയുടെ അസുഖം ബാധിച്ച കിഡ്നി ഓപ്പറേഷന്‍ ചെയ്തു നീക്കുന്നതിനു വേണ്ടി തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.യൂറോളജിയിലെ അതിപ്രഗത്ഭ സര്‍ജന്‍റെ യൂണിറ്റിലാണ്.അദ്ദേഹം തന്നെയാണ് ഓപ്പറേഷന്‍ ചെയ്യുന്നത്.കൈമടക്കു കൊടുത്തില്ലെങ്കില്‍ സ്വന്തം പിതാവിനെയും മക്കളെയും പോലും ചികിത്സിക്കാത്ത 'ആദര്‍ശവാദി'.അന്നത്തെ നിലയ്ക്ക് അല്പംമുന്തിയ റേറ്റാണ്...ആയിരം രൂപ.എങ്ങനൊക്കെ നോക്കിയിട്ടും 500(അഞ്ഞൂറ്) രൂപയേ സുഹൃത്തിനുസ്വരൂപിക്കാന്‍ സാധിച്ചുള്ളു।ഓപ്പറേഷന്‍റെ തലേ ദിവസം വീട്ടില്‍ കൊണ്ടുപോയി കൊടുത്തു.ഓപ്പറേഷന്‍കഴിഞ്ഞു രണ്ടു നാളായിട്ടും വേദനയ്ക്ക് കുറവില്ലെന്നു മാത്രമല്ല കൂടുകയും ചെയ്തു.'സാരമില്ല ഓപ്പറേഷന്‍സക്സസ്സ് ആയതിന്‍റെ ലക്ഷണമാ'ണെന്ന് ഡോക്റ്റര്‍ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.വേദന കൊണ്ടു പുളയുന്നഭാര്യയയെ നോക്കി വിഷമിക്കുന്ന സുഹൃത്തിനോട് വിവരം തിരക്കിയ അടുത്ത കിടക്കയിലെ രോഗി പറഞ്ഞു: "സാറേ ആ കാലമാടന്‍റെ റേറ്റ് ആയിരമാ.ബാക്കി കൂടെ കൊടുത്തല്ലെങ്കില്‍ അയാള്‍ തിരിഞ്ഞു നോക്കില്ല." അന്നു രാത്രി തന്നെ സുഹൃത്ത് എങ്ങനെയോ പരിശ്രമിച്ച് ബാക്കി അഞ്ഞൂറ് യമധര്‍മ്മന് കാഴ്ചവച്ചു.തുക കണ്ടു സംപ്രീതനായ അദ്ദേഹം,നാളെ ഒന്നുകൂടെ തിയേറ്ററില്‍ കൊണ്ടുപോയി പരിശോധിക്കാമെന്ന് പറഞ്ഞു.അതുപോലെ തന്നെ പിറ്റേന്ന് വീണ്ടും ഓപ്പറേഷന്‍ നടത്തി.അവര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു.പിന്നീടാണറിയുന്നത്,കേടായ കിഡ്നി ഒന്നും ചെയ്യാതെ വേറുതേ കീറി തുന്നിക്കെട്ടി വയ്ക്കുകയായിരുന്നു ആദ്യം ചെയ്തതെന്ന്.കിട്ടേണ്ട തുക മുഴുവന്‍ കിട്ടിയതിന് ശേഷം മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഓപ്പറേഷന്‍ ചെയ്തതെന്ന് സാരം.ഒന്നാം ഗഡുവില്‍ വേദന കൂടാന്‍ വല്ല പഞ്ഞിയോകത്രികയോ കൂടി വച്ചാണോ തുന്നിക്കെട്ടിയതെന്നു വ്യക്തമല്ല.

Saturday, December 15, 2007

ഡോക്റ്റര്‍മാരുടെ (ക്രൂര)വിനോദങ്ങള്‍!--2കൈമടക്കിന്‍റെ ശക്തി

വളരെ വര്‍ഷം മുമ്പ് ..തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡ്.കഴുത്തിലെമുഴ നീക്കാനുള്ള ഓപ്പറേഷന്‍ കഴിഞ്ഞ് അച്ഛന്‍ അവശനായി കിടക്കുന്നു.മൂന്നു ദിവസമായിട്ടും വേദന കുറവില്ല.ആളറിയാന്‍ വയ്യാത്ത വിധം മുഖമാകെ നീരുവന്നു വീര്‍ത്തിരിക്കുന്നു.അസി.പ്രൊഫസ്സറായ ലേഡീഡോക്റ്ററും പരിവാരവും റൗണ്ട്സ് നടത്തുകയാണ്.അച്ഛനെ പരിശോധിച്ചിട്ട് എന്നോട് പറഞ്ഞു:"കുഴപ്പമൊന്നുമില്ല.നാളെ സ്റ്റിച്ചെടുത്തിട്ട് വീട്ടില്‍ പോകാം." "ഈ അവസ്ഥയില്‍..."എന്നു ഞാന്‍ പറയാന്‍ തുടങ്ങിയെങ്കിലുംകേള്‍ക്കാത്ത മട്ടില്‍ അവര്‍ അടുത്ത രോഗിയുടെ അടുത്തേയ്ക്ക് പോയി.ഈ യൂണിറ്റിലുള്ള ഞങ്ങളുടെ നാട്ടുകാരനും പരിചയക്കാരനുമായ മറ്റൊരു അസി.പ്രൊഫസ്സറാണ്‌ അച്ഛനെ ഓപ്പറേഷന്‍ ചെയ്തത്.എന്‍റെ ദയനീയ സ്ഥിതി കണ്ടിട്ടാകാം അദ്ദേഹം അടുത്തു വന്നു ചോദിച്ചു:''പ്രൊഫസ്സറെ വീട്ടില്‍ പോയി കണ്ടില്ലേ?"കാണാന്‍ പറ്റിയിരുന്നില്ല.ദക്ഷിണ കൊടുക്കാനുള്ള തുക കൈയിലുണ്ട്.കൂട്ടിനാരുമില്ലാത്തതിനാല്‍ അച്ഛന്‍റെഅടുക്കല്‍ നിന്നു പോകാന്‍ കഴിയില്ലായിരുന്നു.എന്നെ ആശ്വസിപ്പിച്ചു കൊണ്ട് ഡോ.പറഞ്ഞു:"എന്തായാലും ഇന്ന് എങ്ങനെയെങ്കിലും പ്രൊഫസ്സറെ കാണണം."ആശുപത്രിയിലെ കീഴ്നടപ്പിനെക്കുറിച്ച് മുന്‍പരിചയമില്ലായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ ഉപദേശത്തിലെ ധ്വനി പിടികിട്ടി.അന്നു വൈകിട്ടു തന്നെ പ്രൊഫസ്സറെ വീട്ടില്‍ചെന്നുകണ്ട് പൊതി കൊടുത്തു. പിറ്റേന്ന് പ്രൊ. തന്നെ റൗണ്ട്സിന്‌ മുമ്പിലുണ്ടായിരുന്നു.പരിശോധനയ്ക്കു ശേഷം അദ്ദേഹം പറഞ്ഞു:''എന്ന് ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ഒരാഴ്ച കഴിഞ്ഞ് തീരുമാനിക്കാം."പിന്നെയും 18ദിവസം കഴിഞ്ഞാണ്‌ അച്ഛനെഡിസ്ചാര്‍ജ് ചെയ്തത്!

Wednesday, December 12, 2007

കമ്യൂണിസ്റ്റു ലക്ഷണം വ്യക്തി പൂജയോ?

ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നവന്‍ കമ്യൂണിസ്റ്റല്ല എന്ന് കേരളത്തിലെ ഒരു മന്ത്രി പ്രസ്താവിച്ചുകണ്ടു.സൂര്യനു കീഴെയുള്ള എന്തിനെക്കുറിച്ചും അഭിപ്രായം പറയുന്ന ഇദ്ദേഹം തികഞ്ഞ ഭൗതികവാദിയും കമ്യൂണിസ്റ്റുകാരനുമാണെന്നതില്‍ ആര്‍ക്കും സംശയം വേണ്ട.ആ നിലയ്ക്ക് മന്ത്രിയുടെ പ്രസ്താവന നിസ്സാരമായിതള്ളിക്കളയാവുന്നതല്ല.ഭൗതികതയുടെ അടിത്തറയില്‍ രൂപം കൊണ്ട ഒരു പ്രത്യയശാസ്ത്രത്തില്‍ ദൈവത്തിനോഭൗതികാതീത ശക്തികള്‍ക്കോ പ്രസക്തിയില്ല.മനുഷ്യ നന്മയാണ് മുഖ്യം.ദൈവത്തിന്‍റെയും മതത്തിന്‍റെയുംപേരിലാണ് ലോകത്ത് ഏറ്റവുമധികം കലഹങ്ങളും നരനായാട്ടും നടന്നിട്ടുള്ളത് എന്നു മനസ്സിലാക്കിയതു കൊണ്ടാണ് കമ്യൂണിസം അവയെ ഒഴിവാക്കിയത്.അതിനര്‍ത്ഥം വ്യക്തിപൂജയാകാം എന്നല്ല.അതും പാടില്ല.ഈശ്വരാരാധന നിഷദ്ധമെന്നു കരുതുന്ന മന്ത്രി പക്ഷേ വ്യക്തിപൂജ ഇഷ്ടം പോലെ നടത്തുന്നുണ്ട്. സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി സ.പിണറായി വിജയനെ ദിവസം തോറും പ്രകീര്‍ത്തിക്കുന്നതു കേട്ടാല്‍ഏതു കടുത്ത ദൈവ വിശ്വാസിയും നാണിച്ചു പോകും.അത്രയ്ക്ക് ഭക്തി പുരസ്സരമാണു സ്തുതി.'നിര്‍ഗ്ഗുണന്‍,നിഷ്കളന്‍,നിത്യന്‍,നിരാമയന്‍'എന്നൊക്കെ വാഴ്ത്തപ്പെടുന്ന ദൈവത്തിനെ ആരധിച്ചാല്‍ എന്തുഗുണം? അതുപോലാണോ പാര്‍ട്ടിയിലെ സര്‍വ്വശക്തനായ സെക്രട്ടറി?അദ്ദേഹം പ്രസാദിച്ചാല്‍ എന്തെന്ത് സൗഭാഗ്യം വന്നുകൂടാ?മന്ത്രിപദലബ്ധി മുതല്‍ എതിരാളിനിഗ്രഹം വരെ എത്ര എളുപ്പം!ആദ്യത്തേത് കിട്ടിയെങ്കിലും അതു നിലനിര്‍ത്തണമെങ്കില്‍ പ്രീതിപ്പെടുത്തിക്കൊണ്ടേ ഇരിക്കണമായിരിക്കും.തമിഴ്നാട്ടില്‍ ഏതോ സിനിമാ നടിക്ക് ആരാധകര്‍ അമ്പലം തീര്‍ത്തതായി കേട്ടിട്ടുണ്ട്.ദേവസ്വം മന്ത്രിയുടെ പോക്ക് കണ്ടിട്ട് കേരളത്തിലും അത്തരമൊരു ക്ഷേത്രം പണിഞ്ഞ് പാര്‍ട്ടി സെക്രട്ടറിയുടെ വിഗ്രഹം പ്രതിഷ്ഠിക്കുന്ന ലക്ഷണമുണ്ട്.മന്ത്രിയുടെ മണ്ഡലമായ അമ്പലപ്പുഴയിലെ ശ്രീകൃഷ്ണസ്വാമി(പാര്‍ത്ഥസാരഥി)ക്ഷേത്രത്തിനടുത്ത് വിജയന്(പാര്‍ത്ഥന്)കൂടി അമ്പലം നിര്‍മ്മിക്കുന്നത് എന്തുകൊണ്ടും ഉചിതമായിരിക്കും.ഭരണവും പ്രാര്‍ത്ഥനയും നേരിട്ടു നടത്തുകയും ചെയ്യാം.അടുത്ത കാലത്ത് തുടങ്ങിയ പുതിയ സങ്കീര്‍ത്തനം കേട്ടിട്ട് ഒരു ഉപവിഗ്രഹത്തിനു കൂടി സാദ്ധ്യത കാണുന്നു- സ.തോമസ് ഐസക് പുണ്യവാളന്‍റെ.വ്യാസനെക്കുറിച്ച് പൗരസ്ത്യരും അരിസ്റ്റോട്ടിലിനെപ്പറ്റി പാശ്ചാത്യരും പറഞ്ഞ വിശേഷണങ്ങളാണ് സഖാവിനെ സ്തുതിക്കാന്‍ മന്ത്രി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.വാക്സുധ കൊണ്ട് ഇഷ്ടദൈവങ്ങളെ പ്രകീര്‍ത്തിക്കുക മാത്രമല്ല,അവരെക്കുറിച്ച് അപ്രിയം പറയുന്നവര്‍ക്ക് നേരേ പൂരപ്പാട്ട് നടത്താനും മന്ത്രി മുമ്പിലുണ്ട്.സാമ്രാജ്യത്വ വിരോധം പ്രസംഗിക്കുന്ന പിണറായിക്ക് മകനെ ബ്രിട്ടീഷ് സമ്രാജ്യത്തിന്‍റെ ബ്ലേഡ് സര്‍വ്വകലാശാലയില്‍ വിട്ട് പഠിപ്പിക്കാന്‍ പണമെവിടെ നിന്നെന്ന് ചോദിച്ച സാഹിത്യകാരിയുടെ നേര്‍ക്ക് പ്രയോഗിച്ച പൂരപ്പാട്ട് കേട്ട് കൊടുങ്ങല്ലൂരമ്മ പോലും നാണിച്ചുപോയത്രെ.പാര്‍ട്ടിസെക്രട്ടറിയെ ഉപാസിക്കുന്ന മന്ത്രിക്കും കിട്ടിയിട്ടുണ്ട് ഒരു കറതീര്‍ന്ന ഭക്തനെ.മന്ത്രി എന്തു പറഞ്ഞാലും അനുസരിക്കുംഎന്ന് ആണയിടുന്ന ദേവസ്വം ബോഡ് പ്രസിഡന്‍റ് സ.ഗുപ്തന്‍റെ മുമ്പില്‍ ശ്രീരാമസേവകനായ ഹനുമാന്‍ എത്രനിസ്സാരന്‍.ഹനുമാന്‍ മരുത്വാമല രാമനു മുമ്പില്‍ കൊണ്ടു വന്നെങ്കില്‍ മന്ത്രിക്കു വേണ്ടി ശബരിമല തന്നെ അടിയറ വയ്ക്കും ഗുപ്തന്‍.നാട്ടുകാരെ മുഴുവന്‍ കമ്യൂണിസം പഠിപ്പിക്കാന്‍ പുറപ്പെട്ട ദേവസ്വം മന്ത്രി ഒടുവില്‍ ചെന്നെത്തിനില്‍ക്കുന്നത് കമ്യൂണിസ്റ്റപചയത്തിന്‍റെ അഗാധ ഗര്‍ത്തത്തില്‍!

Tuesday, December 4, 2007

കാഴ്ചബംഗ്ലാവില്‍ സൂക്ഷിച്ചു വയ്ക്കേണ്ടവ

ബ്രാഹ്മിന്‍സ് ഹോട്ടല്‍,നായര്‍ ഹോട്ടല്‍ എന്നിങ്ങനെ ജാതിപ്പേര്‍ സൂചിപ്പിക്കുന്ന ഭക്ഷണശാലകള്‍ പണ്ട് കേരളത്തിലെങ്ങും കാണാമായിരുന്നു.'തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും തമ്മിലുണ്ണാത്തവരും' ആയി ജനങ്ങളെ വേര്‍തിരിച്ചു നിര്‍ത്തിയിരുന്ന വ്യവസ്ഥിതിയും അതിന്‍റെ കാവല്‍ക്കാരും മണ്‍ മറഞ്ഞെന്നാണ് കരുതിയത്.എന്നാല്‍ ആ ദുരവസ്ഥ വീണ്ടും വരുന്നതിന്‍റെ മണിമുഴക്കം കേട്ടു തുടങ്ങിയിരിക്കുന്നു.പണ്ട് ഹൈന്ദവ പൗരോഹിത്യമായിരുന്നു അയിത്തം നിലനിര്‍ത്താന്‍ ഉല്‍സാഹിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അയിത്തത്തിന്‍റെ വക്താക്കളായിരിക്കുന്നത് ചില ക്രൈസ്തവ പുരോഹിതന്മാരാണ്.അന്ന് കീഴ്ജാതിക്കാര്‍ക്കായിരുന്നു തീണ്ടലെങ്കില്‍ ഇന്ന് കമ്യൂണിസ്റ്റുകാര്‍ക്കാണ് ക്രൈസ്തവ വൈദികര്‍ വിലക്ക് കല്പിച്ചിരിക്കുന്നത്.ദൈവത്തിന്‍റെ സംരക്ഷകരെന്ന് സ്വയം നടിക്കുന്ന വൈദികശ്രേഷ്ഠന്മാര്‍ ദൈവനിഷേധികളായ കമ്യൂണിസ്റ്റുകാര്‍ക്ക് അയിത്തം കല്പിക്കുന്നത് കേവല കര്‍ത്തവ്യം മാത്രം.ക്രിസ്തു ദേവനെതിരെ പരീശന്മാര്‍ ആരോപിച്ചതും ഇതു തന്നെ ആയിരുന്നല്ലോ:'ഇവന്‍ ദൈവദൂഷണം നടത്തുന്നു'എന്ന്.ചങ്ങനാശേരിയിലെയും താമരശേരിയിലെയും ബിഷപ്പുമാരും കമ്യൂണിസ്റ്റുകാര്‍ക്കെതിരെ തയ്യാറാക്കിയ കുറ്റപത്രവും അതുതന്നെയാണ്-നിരീശ്വരത്വം.അഭിവന്ദ്യ ബിഷപ്പുമാര്‍ അയിത്തവും ഊരുവിലക്കും കൊണ്ട് നിര്‍ത്തുന്നില്ല.ക്രിസ്ത്യാനികളുടെ മക്കളെ ക്രൈസ്തവ വിദ്യാലയങ്ങളിലേ പഠിപ്പിക്കാവൂ എന്നാണ് പുതിയ ഉദ്ബോധനം.അന്യമതസ്ഥരുടെയും എങ്കണ്ട ജാതികള്‍ ചേര്‍ന്ന സര്‍ക്കാരിന്‍റെയും സ്കൂളിലും കോളേജിലും പഠിക്കാന്‍ വിട്ടാല്‍ പിള്ളേര്‍ പിഴച്ചു പോകാനും കമ്യൂണിസ്റ്റാകാനും സാദ്ധ്യതയുണ്ട്.കുഞ്ഞാടുകളുടെ ഭാവിയില്‍ വിശുദ്ധ പിതാക്കന്മാര്‍ കാട്ടുന്ന ശ്രദ്ധ എത്ര വലുത്!ഭക്ഷണക്കാര്യത്തില്‍ ഇതിനേക്കാള്‍ കരുതല്‍ വേണം.ആദിപാപം വന്നതു തന്നെ ഭക്ഷണസാമഗ്രി വഴിയല്ലേ.അതു കൊണ്ട് ക്രിസ്ത്യാനികള്‍ ക്രിസ്ത്യാനികളുടെ ഹോട്ടലില്‍ നിന്നേ ആഹാരം കഴിക്കാവൂ.ഇന്നുള്ള ഹോട്ടലുകള്‍ ആവശ്യത്തിനു തികയില്ലെങ്കില്‍ പുതിയവ നിര്‍മ്മിക്കണം.വസ്ത്രം,പലചരക്ക്,പച്ചക്കറി,മരുന്ന് തുടങ്ങിയവയ്ക്കും ക്രിസ്ത്യന്‍ കടകള്‍ കൂടുതല്‍ തുടങ്ങണം.ക്രിസ്ത്യന്‍ ബാര്‍ബര്‍ഷാപ്പാണ് ഇവയേക്കള്‍ അത്യാവശ്യം.അന്യജാതിക്കാര്‍ക്ക് മുമ്പില്‍ ക്രിസ്ത്യാനി തലകുനിക്കുന്നതില്‍ പരം അപമാനം എന്താണുള്ളത്?ബാര്‍ബര്‍ കമ്യൂണിസ്റ്റാണെങ്കില്‍ പിന്നെ പറയാനുണ്ടോ!ക്രിസ്ത്യന്‍ ആശുപത്രി,തിയേറ്റര്, ചന്ത മുതലായവയും ഉടനേ ആരംഭിക്കണം. ഇങ്ങനെ ക്രൈസ്തവക്കൂറ് ഉയിര്‍ത്തെഴുന്നേറ്റാല്‍ ഉണ്ടാകുന്ന ഗുണഫലങ്ങള്‍ക്കാണെങ്കില്‍ അതിരില്ല. നൂറ് സ്മാര്‍ട്ട് സിറ്റി ആരംഭിച്ചാലും ഇത്രയേറെ തൊഴിലവസരങ്ങള്‍ ക്രിസ്ത്യാനിക്ക് കിട്ടുമോ? ****** അയിത്തം കൊടികുത്തി വാണ പഴയ കേരളത്തിലെ നായര്‍ പ്രമാണിയുടെ ഓലപ്പുരയ്ക്ക് തീ പിടിച്ചു.അടുത്തുള്ള താമസക്കാരായ താഴ്ന്ന ജാതിക്കാര്‍ തീ അണയ്ക്കാന്‍ വെള്ളമെടുക്കുന്നതിന് തന്‍റെ കുളത്തിലേക്ക് ഓടിയപ്പോള്‍ കുളം തൊട്ട് അശുദ്ധമാക്കരുതെന്ന് വിലക്കി.വീട് ചാമ്പലായെങ്കിലും കുളം അശുദ്ധമാകാതെ കാത്ത അയാളെപ്പറ്റി വള്ളത്തോള്‍ പാടി''നായരേ ഭവാന്‍ ശുദ്ധരില്‍ ശുദ്ധന്‍ തന്നെ" എന്ന്. അതനു ശേഷം ലോകമൊട്ടാകെ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടായി.ക്രിസ്തുമതത്തിനു തന്നെ എന്തൊക്കെ പരിണാമങ്ങള്‍ സംഭവിച്ചു.കാലം മാറിയതും ലോകവും അറിവും വികസിച്ചതും അറിയാതെ ഇപ്പൊഴും ജാതിക്കുശുമ്പും മതവിദ്വേഷവും കമ്യൂണിസ്റ്റ് വിരോധവും മനസ്സില്‍ പേറി ജീവിച്ചിരിക്കുന്ന ഇത്തരം ഗുഹാജീവികളെ അരമനകളിലും പള്ളിമേടകളിലുമല്ല കാഴ്ചബംഗ്ലാവുകളിലാണ് സൂക്ഷിക്കേണ്ടത്.

Saturday, December 1, 2007

വ്യവസായ വകുപ്പിന്‍റെ ഭൂപരിഷ്കരണനിയമം

കേരളത്തിന്‍റെ ഭൂപരിഷ്കരണ നിയമം നവീകരിക്കണമത്രേ!നിയമത്തിന് പരിഷ്കരണം ആവശ്യമെങ്കില്‍ എത്രയും വേഗം അതിനു വേണ്ട നടപടി സ്വീകരിക്കണം.തര്‍ക്കമില്ലാത്ത കാര്യം.പക്ഷേ ഭൂനിയമം പരിഷ്കരിക്കണമെന്ന ഉള്‍വിളിയുണ്ടായിരിക്കുന്നത് റവന്യൂ വകുപ്പിനല്ല;വ്യവസായ വകുപ്പിനാണ്.വകുപ്പിനെന്ന് പറഞ്ഞുകൂടാ.വകുപ്പു സെക്രട്ടറിക്കെന്നു പറയുന്നതാകും ശരി.സെക്രട്ടറി തയ്യാറാക്കിയ നോട്ട് കണ്ടിട്ടില്ലെന്ന് വ്യവസായമന്ത്രിയും മുഖ്യമന്ത്രിയും സത്യം ചെയ്യുന്നു.ബന്ധപ്പെട്ടമേലാളര്‍ അറിഞ്ഞില്ലെങ്കിലും സെക്രട്ടറിയുടെ നോട്ട് പത്രങ്ങളും ചാനലുകളും വഴി മാലോകരെല്ലാം കണ്ടു.സംസ്ഥാനത്തിന്‍റെ സാമൂഹിക,സാമ്പത്തിക മേഖലകളില്‍ സമൂല പരിവര്‍ത്തനം വരുത്തിയ നിയമം വ്യവസായ വികസനത്തിന് തടസ്സംനില്‍ക്കുന്നു പോലും!വ്യവസായ വളര്‍ച്ചക്ക് വിഘാതമുണ്ടാക്കുന്ന യഥാര്‍ഥ കാരണം ഭൂനിയമം അല്ലെന്ന് കണ്ടെത്താന്‍ ഐ എ എസ് വേണമെന്നില്ല.ആ നിലയ്ക്ക് ഈ കണ്ടുപിടുത്തം സദുദ്ദേശ്യപരമാണെന്ന് കരുതുക വയ്യ.വകുപ്പ് സെക്രട്ടറിയുടെ കുറിപ്പ് മന്ത്രിക്കു സമര്‍പ്പിക്കുന്നതിനു പകരം പത്രമാപ്പീസുകളില്‍ എത്തിച്ചതില്‍ നിന്നു തന്നെ വ്യവസായം ഗുണം പിടിക്കാത്തതിന്‍റെ ഗുട്ടന്‍സ് വ്യക്തം.വ്യവസായം മാത്രമല്ല ഭരണവും രോഗഗ്രസ്ഥമാകും ഇത്തരക്കാരുടെ ഉപദേശമാണു കേള്‍ക്കുന്നതെങ്കില്‍.ജന്മി,മാടമ്പികള്‍ക്കു പണ്ടേയുണ്ടായിരുന്ന ഭൂനിയമ വിരോധം സംബന്ധക്കാര്‍ വഴി പുറത്തു വരുകയാണെന്ന് ചില ഘടക കക്ഷികളും മുഖ്യമന്ത്രിയുംമനസ്സിലാക്കിയെങ്കിലും വകുപ്പുമന്ത്രി മനസ്സിലാക്കിയോ എന്ന് സംശയം. നിര്‍ഭയമായി ഫയലില്‍ എഴുതുന്ന ഉദ്യോഗസ്ഥരാണ് ഇന്നാവശ്യമെന്ന്,അടുത്ത ദിവസം വ്യവസായ വകുപ്പിന്‍റെ വെബ്സൈറ്റ് ഉദ്ഘാടനവേളയില്‍ഈ സെക്രട്ടറിയെ അടുത്തിരുത്തി മന്ത്രി പറയുന്നത് കേട്ടു.മന്ത്രിസഭയില്‍ ഒരു കമ്യൂണിസ്റ്റുകാരനെങ്കിലും അവശേഷിക്കുമെങ്കില്‍ ഭൂനിയമം ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞുതീരും മുമ്പാണ് മന്ത്രിയുടെ ഉദ്യോഗസ്ഥസങ്കീര്‍ത്തനം. പരിഷ്കരണ വാദം താന്‍ അറിഞ്ഞില്ല എന്ന മന്ത്രിഭാഷ്യം വിശ്വസനീയമല്ലെന്നു വേണം കരുതാന്‍.അതോ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ വ്യാവസായിക വിപ്ലവത്തിന്‍റെ ജന്മനാട്ടില്‍ ഉപരിപഠനം നടത്തുന്ന സ്ഥിതിക്ക് വകുപ്പു സെക്രട്ടറിയുടെ ഉപദേശം പാടേ തള്ളുന്നത് ബുദ്ധിയല്ലെന്ന് മന്ത്രിക്ക് ബോധോദയം ഉണ്ടായോ?എന്തായാലും എല്ലിന്‍റെ അസുഖത്തിന് മരുന്നു കുറിക്കേണ്ടത് പല്ലുഡോക്റ്ററല്ല.ആരു ഭരിച്ചാലും പ്രധാന സ്ഥാനങ്ങളില്‍ തന്നെ എന്നുമിരിക്കുന്ന കോംപ്ലാന്‍ ബേബികളായ മാടമ്പിമരുമക്കള്‍സാധുക്കള്‍ക്കെതിരായിരിക്കുമെന്ന് തൊഴിലാളി വര്‍ഗ്ഗപ്പാര്‍ട്ടി നേതാക്കള്‍ എന്നണ് ഇനി തിരിച്ചറിയുക?

Sunday, November 25, 2007

കാക്കയെ ഛര്‍ദ്ദിക്കുന്നതെങ്ങനെ?അഥവാ പോലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നതെങ്ങനെ?

പൂര്‍വ്വകഥ: ഒരാള്‍ ചോര ഛര്‍ദ്ദിച്ചു.കറുത്ത കട്ടച്ചോര.സംഭവം മറ്റൊരാള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കാക്ക പോലെ കറുത്തചോര എന്നായി.പല നാവിലൂടെ വാര്‍ത്ത വളര്‍ന്നു.ഒടുവില്‍ കാക്കയെ ഛര്‍ദ്ദിച്ചെന്നയി.
പുതിയ കഥ: കുത്തകകള്‍ക്കെതിരെ എ.ഐ.വൈ.എഫ്.നടത്തിയ സമരം.രാവിലത്തെ വാര്‍ത്തയില്‍, പരക്കെഅക്രമം;ലാത്തിചാര്‍ജ്ജ്;കല്ലേറ് തുടങ്ങിയ പതിവ് വര്‍ത്തമാനം; അവയുടെ ദൃശ്യങ്ങള്‍.തുടര്‍ന്ന് പ്രതികരണം,അപലപിക്കല്‍ മുതലായ കലാപരിപാടികള്‍.ഇവിടെങ്ങും വനിതാസമരക്കാര്‍ പോലീസിനെ മര്‍ദ്ദിക്കുന്ന ദൃശ്യമോ വാര്‍ത്തയോ കണ്ടില്ല.വൈകുന്നേരമായപ്പോള്‍ വാര്‍ത്തയാകെ മാറി. സമരത്തോടനുബന്ധിച്ച് അറസ്റ്റിലായ രണ്ട് വനിതകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി പി ഐ സംസ്ഥാന സെക്രട്ടറി സ.വെളിയം ഭാര്‍ഗ്ഗവന്‍ കന്‍റോണ്മന്‍റ് പോലീസ് സ്റ്റേഷനിലെത്തിയതായി വാര്‍ത്തയും ദൃശ്യങ്ങളും.പിന്നീട് രണ്ട് മന്ത്രിമാര്‍ കൂടി രംഗത്തെത്തുന്നു.'വനിതകളെ വിട്ടെങ്കലേ താങ്കള്‍ ഇവിടം വിടുകയുള്ളോ?' എന്ന് മാധ്യമപ്പടയുടെ ചോദ്യം വെളിയത്തിനോട്. 'ഞാന്‍ പോകുന്നതും വരുന്നതുമല്ല പ്രശ്നം.ആ പെണ്‍കുട്ടികളെ വിട്ടേ പറ്റൂ' എന്ന് അദ്ദേഹം.പിന്നീട്,കെ.ഇ ഇസ്മായില്‍(സിപിഐ.അസി.സെക്രട്ടറി) ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വനിതകളെ വിട്ടയച്ചു എന്ന് വാര്‍ത്ത വരുന്നു. മോചിപ്പിക്കപ്പെട്ടവരെയും കൊണ്ടുള്ള പ്രകടനത്തിന്‍റെ ദൃശ്യങ്ങള്‍.കൂടെ പോലീസിനു നേര്‍ക്ക് കൈ ഉയര്‍ത്തുന്ന രാഖി എന്ന സമരക്കാരിയുടെ ദൃശ്യങ്ങള്‍. അവരുടെ ചുരിദാര്‍ഷാള്‍ പിടിച്ചെടുക്കാന്‍ ആരോ ശ്രമിക്കുന്നതു കാണാമെങ്കിലും ആരെന്നു വ്യക്തമല്ല. അടുത്ത ദിവസമായപ്പോള്‍ വാര്‍ത്തയില്‍ സമരവുമില്ല.മോചിപ്പിക്കാന്‍ പോയ വെളിയവുമില്ല. അതിനു പകരം പോലീസുകാരെ മര്‍ദ്ദിച്ച സ്ത്രീകളെ പോലീസ് സ്റ്റേഷനില്‍ ചെന്നു മന്ത്രിമാര്‍ മോചിപ്പിച്ചു എന്നായി വാര്‍ത്ത. മന്ത്രിമാര്‍ ബലം പ്രയോഗിച്ചു കുറ്റവാളികളെ മോചിപ്പിച്ചു എന്ന് വ്യാഖ്യാനം. ചാനലുകളില്‍ ചര്‍ച്ച,വോട്ട്, ഫോണ്‍ പരിപാടി,എന്നുവേണ്ടാ സംഗതി കുശാല്‍.രാഖിയുടെ പോലീസ് മര്‍ദ്ദനവും മന്ത്രിമാരുടെ 'പോലീസ് സ്റ്റേഷനാക്രമണവും'ആഘോഷമാക്കി മാറ്റിയ ചാനലുകള്‍ സംഘടിപ്പിച്ചചര്‍ച്ചകളും മറ്റും ചോരയേയും കാക്കയേയും കുറച്ചൊക്കെ തിരിച്ചറിയാന്‍ അവസരം നല്‍കി. അതിങ്ങനെ:രാഖിയെ അറസ്റ്റു ചെയ്തത് സമരസ്ഥലത്തു നിന്നല്ല.ആശുപത്രിയില്‍ കിടക്കുന്ന ഭര്‍ത്താവിനെ കാണാന്‍ പ്രകടനം കഴിഞ്ഞ് സ്കൂട്ടറില്‍ പോകുമ്പോള്‍ വഴിയില്‍ വച്ചാണ്.സ്കൂട്ടറില്‍ അവരും കൂട്ടുകാരിയുംഇരിക്കുന്ന ദൃശ്യങ്ങള്‍ തന്നെ തെളിവ്.പ്രകടനത്തിന്‍റെ മുമ്പിലെങ്ങും അവരെ കാണാനില്ല.നടുറോഡില്‍ വച്ച് തന്‍റെ തോളില്‍ നിന്നും തുണി വലിച്ചെടുത്തപ്പോള്‍ തടഞ്ഞതേയുള്ളു എന്ന് അവര്‍ പറഞ്ഞപ്പോള്‍ 'അല്ല; താങ്കള്‍മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കാണുക'എന്ന് മൊഴിഞ്ഞ് ചാനല്‍ സുന്ദരി കാട്ടിയ വീഡിയോ ക്ലിപ്പിംഗില്‍ പക്ഷേ ഷാളില്‍ പിടിച്ചു വലിക്കുന്ന ആരുടയോ കൈ രാഖി തട്ടിമാറ്റുന്നതായാണ് കണ്ടത്.മാത്രമല്ല അവര്‍ക്കു ചുറ്റും ആണ്‍ പെണ്‍ പോലീസ് വ്യൂഹവും.അവരുടെ ചുണ്ടുകള്‍ വല്ലാതെ അനങ്ങുന്നു.അസഭ്യം പറയുകയായിരുന്നു അവര്‍ എന്ന രാഖിയുടെ ആരോപണം ശരിവയ്ക്കുന്ന തരത്തില്‍.പക്ഷേ രണ്ട് പ്രതിപക്ഷ നായകന്മാര്‍ പോലീസുകാരിയുടെ കവിളില്‍ രാഖിയുടെ അഞ്ചു വിരലും പതിഞ്ഞുകിടക്കുന്നതു കണ്ടുകളഞ്ഞു.അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.അവര്‍ അങ്ങനെ കാണാനും പറയാനും വിധിക്കപ്പെട്ടവര്‍.പൊതു സ്ഥലത്തു വച്ചുതുണി ഉരിയാന്‍ വന്നവരെ തടഞ്ഞത് മര്‍ദ്ദനമായി ചിത്രീകരിച്ച് പ്രതിക്കൂട്ടില്‍ നിര്‍ത്താനൊരുങ്ങുന്ന ചാനല്‍ വനിതയും മറ്റൊരുതരത്തില്‍ അവരെപ്പോലെ തന്നെ.പോലീസ് സ്റ്റേഷനില്‍ ആദ്യവസാനം കാണുന്നത് വെളിയത്തിനെയാണ്.അദ്ദേഹം ഇടപെട്ടിട്ടാണ് സ്ത്രീകളെ മോചിപ്പിച്ചതെന്നും വ്യക്തം.ഇടയ്ക്കെപ്പൊഴോ മന്ത്രിമാരെയും കാണാം.അതിനെയാണ് മന്ത്രിമാര്‍ ബീഹാറിലെപ്പോലെ പോലീസ് സ്റ്റേഷനാക്രമിച്ച് പ്രതികളെ മോചിപ്പിച്ചു എന്നൊക്കെയുള്ള ഗീര്‍വാണങ്ങള്‍.ചോര കാക്കയായത് വായ് മൊഴി മാത്രം പ്രചരണോപാധിയായി ഉണ്ടായിരുന്ന കാലത്താണെന്ന് പുതിയ പ്രചാരകര്‍ മറക്കുന്നു.

Monday, November 19, 2007

പാവം നിലവിളക്ക്

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തെ ഒരു ഉദ്ഘാടനച്ചടങ്ങ്।ഉദ്ഘാടനം നിര്‍ വഹിക്കേണ്ട മുസ്ലീം ലീഗ് മന്ത്രിനിലവിളക്ക് കൊളുത്തി അത് ചെയ്യാന്‍ വിസമ്മതിക്കുന്നു।നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാം മതവിശ്വാസത്തിന് വിരുദ്ധമണെന്ന് പിന്നാലെ വിശദീകരണം വരുന്നു. പലയിടത്തും ഈ വിശ്വാസപ്രകടനംആവര്‍ത്തിക്കുന്നു.രോഗം അറിയാവുന്നവര്‍ മുസ്ലീം ലീഗ് മന്ത്രിമാരുണ്ടെങ്കില്‍ ഉദ്ഘാടനത്തിന് മറ്റ് രീതികള്‍അവലംബിച്ചു തുടങ്ങി. ചാനലുകളില്‍ ചര്‍ച്ച,പത്രങ്ങളില്‍ ലേഖനങ്ങള്‍. ആകെ ബഹളമയം.അന്യ മതസ്ഥരുംപാര്‍ട്ടിക്കാരും അവിശ്വാസികളും മന്ത്രിമൊഴികള്‍ സത്യമായിരിക്കുമെന്ന് കരുതി.മതവികാരം മുറിപ്പെടുത്തെണ്ടാ എന്നുവിചാരിച്ച് മറ്റുള്ളവരും മിണ്ടിയില്ല. കഥകള്‍ നിറഞ്ഞ മാസങ്ങളും വര്‍ഷങ്ങളും പലത് പോയി.നിലവിളക്കുനിഷിദ്ധരുടെ കൈയില്‍ നിന്നും ഭരണവും പോയി. ഏതാനും ദിവസം മുമ്പ് വേറൊരു ഉദ്ഘാടനച്ചടങ്ങ്-സ്മാര്‍ട്ട് സിറ്റിയുടെ. ഇസ്ലാം മതത്തിന്‍റെ ജന്മനാട്ടിനടുത്തു നിന്നെത്തിയ മതവിശ്വാസികളും വേദിയിലുണ്ട്.നിലവിളക്കു കൊളുത്തിയാണ് ഉദ്ഘാടനം.മുഖ്യമന്ത്രിയും സ്മാര്ട്ട് സിറ്റി എക്സി.ഡയറക്റ്റര്‍ഫരീദ് അബ്ദുള്‍ റഹ് മാനും കൂടി സംയുക്തമായി നിര് വഹിക്കുമത്രെ.പഴയ നിലവിളക്ക് തിരക്കഥ അറിയുന്ന ജനം അമ്പരന്നിരിക്കുമ്പോള്‍ മുഖ്യമന്ത്രിക്കൊപ്പം അബ്ദുള്‍ റഹ് മാന്‍ മാത്രമല്ല ശ്രീമതി ജാസിയ മുഹമ്മദും(സ്മാര്‍ട്ട് സിറ്റി മാര്‍ക്കറ്റിങ് ഡയറക്റ്റര്‍)വിളക്കു കൊളുത്തുന്നു.പ്രവാചകന്‍റെ വചനങ്ങളുടെ കാന്തിപ്രസരമേറ്റ നാട്ടില്‍ നിന്നു വന്നവര്‍, മതമറിയാവുന്നവരേയും വ്യാജമതഭക്തരേയും തിരിച്ചറിയാന്‍ മലയാളിക്ക് അവസരം ഒരുക്കിത്തന്നു.ഉപ്പിനേക്കാള്‍ ഉപ്പുണ്ടെന്നു നടിച്ച ഉപ്പിലിട്ടതുകള്‍ മണ്‍പുറ്റാണെന്നും വ്യക്തമായി. പീഡനക്കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട നിലവിളക്കു വിരോധികള്‍ ഇനിയെങ്കിലും പാവം നിലവിളക്കിനെ കുറ്റവിമുക്തമാക്കുമോ?മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് രണ്ടുമല്ലാത്ത പരുവത്തിലായവര്‍ക്ക് ഇനിയെങ്കിലും ബുദ്ധിയുദിക്കുമോ?

Thursday, November 15, 2007

പ്രതിരോധമന്ത്രിയുടെ കൃഷിപ്പണി

കേന്ദ്രം അനുവദിച്ച പതിനേഴായിരം കോടി രൂപയുടെ കാര്‍ഷിക പാക്കേജിന്‍റെ ആദ്യ ഗഡു പോലും വാങ്ങാന്‍കേരള സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്‍റണി.അത്തരമൊരു പാക്കേജിനെപ്പറ്റി അറിയില്ലെന്ന് സംസ്ഥാന കൃഷിമന്ത്രി.ആന്‍റണി കള്ളം പറയുന്നെന്ന് മുഖ്യമന്ത്രി. പുളു അടിക്കുന്നെന്ന് സഹകരണ മന്ത്രി. സാക്ഷാല്‍ കേന്ദ്ര കൃഷിമന്ത്രി തന്നെ പറയുന്നു തനിക്കും പാക്കേജിനെക്കുറിച്ച് അറിയില്ലെന്ന്.ഒടുവില്‍ അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ ചെന്നപ്പോള്‍ ബോധമുദിച്ച പ്രതിരോധ മന്ത്രി മൊഴിയുന്നു,പാക്കേജ് കൃഷിക്കല്ല സഹകരണത്തിനാണെന്ന്.പത്ര സമ്മേളനത്തില്‍ വച്ചാണ് കോടികളുടെ കള്ളം/പുളു ആന്‍റണികൊളുത്തിയത്.തിരുത്തിയതാകട്ടെപത്രക്കുറിപ്പുവഴിയും.അത്രയെങ്കിലുംഉളുപ്പുണ്ടായല്ലോ.ഭാഗ്യം.പുളുവടിച്ചു മേനിനടിക്കാന്‍ പൊതുവേ വിമുഖനായിരുന്ന ഇദ്ദേഹം ഇപ്പോള്‍ ഇത്തരമൊരു വേഷം കെട്ടിയതെന്തിനാണ്?കേന്ദ്രത്തിലെ വിടുവായനായ മുറിമന്ത്രി കൂടെയുണ്ടായിരുന്നതിന്‍റെ ഫലമാകാം.പണ്ടൊക്കെപള്ളിയില്‍ പോകാതിരുന്ന ആന്‍റണി ഇപ്പോള്‍ പതിവായി പോയിത്തുടങ്ങിയതിന്‍റെ ഗുണമാകാം.ഇടതുപക്ഷസര്‍ക്കാരിന് തന്‍റെ വക ഒരു തോണ്ട് ഇരിക്കട്ടെ എന്നു കരുതിയതുമാകാം. എന്തായാലും പരിപാടി തീരെ നിലവാരം കുറഞ്ഞതായിപ്പോയി.സഹകരണവും കൃഷിയും തിരിച്ചറിയാന്‍കഴിയാത്ത ഇദ്ദേഹത്തിന്‍റെ കൈയ്യിലാണല്ലോ രാജ്യരക്ഷാവകുപ്പെന്നോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു.ഹെലികോപ്റ്ററും എലിപ്പത്തായവും ഒന്നാണെന്നു വിചാരിച്ച് വല്ല ഡീലും നടത്തിക്കളയുമോ ആവോ?ഈ പുളുപുരാണത്തില്‍ നിന്ന് ഒരു കാര്യം വ്യക്തമായി.അവനവന് കിട്ടിയ വകുപ്പിലല്ല മറ്റുള്ളവരുടെ വകുപ്പിലാണ് കേന്ദ്രത്തിലെ പല മന്ത്രിമാര്‍ക്കും നോട്ടം എന്ന്.

Monday, November 12, 2007

പുതിയ ധൃതരാഷ്ട്രന്മാര്‍

മഹഭാരതത്തിലെ ധൃതരാഷ്ട്രരെ നിഷ്പ്രഭനാക്കുന്ന രണ്ട് പുതിയ ധൃതരാഷ്ട്രന്മാര്‍ ആധുനിക ഭാരതത്തില്‍വിലസുകയാണ്.കേരളത്തിലും കര്‍ണ്ണാടകത്തിലുമുള്ള ഈ ധൃതരാഷ്ട്രന്മാര്‍,പുത്രവാത്സല്യത്തില്‍ പുരാണകഥാപാത്രത്തെ അതിവര്‍ത്തിക്കും.അന്ധനും അപ്രാപ്തനുമായ കൗരവ രാജാവ് മകന്‍റെ ചെയ്തികളെ അനുകൂലിക്കാന്‍ പലപ്പോഴും നിര്‍ബ്ബന്ധിതനാവുകയായിരുന്നു.എന്നാല്‍ നവധൃതരാഷ്ട്രന്മാരാകട്ടെ തങ്ങള്‍ക്കും മക്കള്‍ക്കും വേണ്ടി എന്തും ചെയ്യാന്‍ മുന്നിട്ടിറങ്ങുകയാണ്.പുത്രനെ മുഖ്യമന്ത്രിയാക്കാന്‍ കര്‍ണ്ണാടകത്തിലെപിതാവ് നടത്തിയ വൃത്തികെട്ട കളികള്‍ ആരെയും നാണിപ്പിക്കും.വര്‍ഗ്ഗീയ ശക്തികളെ തുരത്താന്‍ മൂന്നാംമുന്നണിയുണ്ടാക്കി പ്രധാനമന്ത്രിയായ മനുഷ്യന്‍, ദക്ഷിണേന്ത്യയില്‍ വര്‍ഗ്ഗീയപ്പാര്‍ട്ടിക്ക് ആദ്യമായി അധികാരത്തലേറാന്‍ വഴിയൊരുക്കി കൊടുത്തു.താന്‍ കൂടി ജന്മം നല്കിയ പാര്‍ട്ടിയെ പിളര്‍ത്തി;
ബദ്ധശത്രുവായിരുന്ന ബി.ജെ.പിയുമായി കൈ കോര്‍ത്തു. മുഖ്യ മന്ത്രിയായി അധികാരത്തിന്‍റെ രുചി പിടിച്ചമകന്‍ കരാറനുസരിച്ച് യഥാസമയം സ്ഥാനമൊഴിഞ്ഞില്ല.പകരം അച്ഛനും മകനും കൂടി കോണ്‍ഗ്രസ്സിന്‍റെ കാലിലായി പിടുത്തം.പിടി കിട്ടാതായപ്പോള്‍ ഛര്‍ദ്ദിച്ചതു ഭക്ഷിച്ചു.കേരളത്തിലെ ധൃതരാഷ്ട്രര്‍ പലവട്ടം മുഖ്യമന്ത്രിയായിരുന്ന ആളാണ്.മക്കള്‍ക്കും തനിക്കും വേണ്ടിയാണ് ഇദ്ദേഹത്തിന്‍റെ പൊറാട്ടു നാടകം. ജീവിതസായാഹ്നത്തിലെത്തിയിട്ടും ആര്‍ത്തി തീര്‍ന്നിട്ടില്ലാത്ത ഈ സൂത്രശാലിയുടെ ഇപ്പോഴത്തെ ആഗ്രഹം മകനു ഒരു ബര്‍ത്ത് ഉറപ്പാക്കുക എന്നതാണു. കൂട്ടത്തില്‍ തറവാട്ടിലേക്കു മടങ്ങാനുള്ള മോഹവും. കൂടെ നിന്ന പലരെയും ചവുട്ടിത്താഴ്ത്തിയും സംഹരിച്ചുമാണ് ഇദ്ദേഹം പുത്രനെ ഇവിടം വരെ എത്തിച്ചത്.തനിക്ക് രാഷ്ട്രീയത്തില്‍ മേല്‍വിലാസം നേടിക്കൊടുക്കുകയും മുഖ്യമന്ത്രിയാകാന്‍ അവസരം നല്‍കുകയും ചെയ്ത മാതൃ സംഘടനയെ മകനു വേണ്ടി തള്ളിപ്പറഞ്ഞ ഈ 'മുതിര്‍ന്ന' നേതാവ് പോരുമ്പോള്‍ പറഞ്ഞ അസഭ്യങ്ങള്‍ നാടു മുഴുവന്‍ കേട്ടതാണ്.അതെല്ലാം വിഴുങ്ങി തിരികെപ്പോകാന്‍ തയ്യാറെടുക്കുകയാണിപ്പോള്‍. അധികാരത്തോടുള്ള ആസക്തിയും കുടുംബസ്നേഹവും മാത്രം ഇക്കാലമത്രയും മനസ്സില്‍ കൊണ്ടു നടക്കുകയും അതിനു വേണ്ടി എന്തു വേഷവും കെട്ടുകയും ചെയ്തു പോന്ന ഇത്തരം രാജ്യ,സാമൂഹിക ദുഷ്ടുകളെ എഴുന്നള്ളിച്ചു നടക്കുന്നത് രാജ്യദ്രോഹമാണ്.

പുതിയ ധൃതരാഷ്ട്രന്മാര്‍

മഹഭാരതത്തിലെ ധൃതരാഷ്ട്രരെ നിഷ്പ്രഭനാക്കുന്ന രണ്ട് പുതിയ ധൃതരാഷ്ട്രന്മാര്‍ ആധുനിക ഭാരതത്തില്‍വിലസുകയാണ്.കേരളത്തിലും കര്‍ണ്ണാടകത്തിലുമുള്ള ഈ ധൃതരാഷ്ട്രന്മാര്‍,പുത്രവാത്സല്യത്തില്‍ പുരാണകഥാപാത്രത്തെ അതിവര്‍ത്തിക്കും.അന്ധനും അപ്രാപ്തനുമായ കൗരവ രാജാവ് മകന്‍റെ ചെയ്തികളെ അനുകൂലിക്കാന്‍ പലപ്പോഴും നിര്‍ബ്ബന്ധിതനാവുകയായിരുന്നു.എന്നാല്‍ നവധൃതരാഷ്ട്രന്മാരാകട്ടെ തങ്ങള്‍ക്കും മക്കള്‍ക്കും വേണ്ടി എന്തും ചെയ്യാന്‍ മുന്നിട്ടിറങ്ങുകയാണ്.പുത്രനെ മുഖ്യമന്ത്രിയാക്കാന്‍ കര്‍ണ്ണാടകത്തിലെപിതാവ് നടത്തിയ വൃത്തികെട്ട കളികള്‍ ആരെയും നാണിപ്പിക്കും.വര്‍ഗ്ഗീയ ശക്തികളെ തുരത്താന്‍ മൂന്നാംമുന്നണിയുണ്ടാക്കി പ്രധാനമന്ത്രിയായ മനുഷ്യന്‍, ദക്ഷിണേന്ത്യയില്‍ വര്‍ഗ്ഗീയപ്പാര്‍ട്ടിക്ക് ആദ്യമായി അധികാരത്തലേറാന്‍ വഴിയൊരുക്കി കൊടുത്തു.താന്‍ കൂടി ജന്മം നല്കിയ പാര്‍ട്ടിയെ പിളര്‍ത്തി;
ബദ്ധശത്രുവായിരുന്ന ബി.ജെ.പിയുമായി കൈ കോര്‍ത്തു. മുഖ്യ മന്ത്രിയായി അധികാരത്തിന്‍റെ രുചി പിടിച്ചമകന്‍ കരാറനുസരിച്ച് യഥാസമയം സ്ഥാനമൊഴിഞ്ഞില്ല.പകരം അച്ഛനും മകനും കൂടി കോണ്‍ഗ്രസ്സിന്‍റെ കാലിലായി പിടുത്തം.പിടി കിട്ടാതായപ്പോള്‍ ഛര്‍ദ്ദിച്ചതു ഭക്ഷിച്ചു.കേരളത്തിലെ ധൃതരാഷ്ട്രര്‍ പലവട്ടം മുഖ്യമന്ത്രിയായിരുന്ന ആളാണ്.മക്കള്‍ക്കും തനിക്കും വേണ്ടിയാണ് ഇദ്ദേഹത്തിന്‍റെ പൊറാട്ടു നാടകം. ജീവിതസായാഹ്നത്തിലെത്തിയിട്ടും ആര്‍ത്തി തീര്‍ന്നിട്ടില്ലാത്ത ഈ സൂത്രശാലിയുടെ ഇപ്പോഴത്തെ ആഗ്രഹം മകനു ഒരു ബര്‍ത്ത് ഉറപ്പാക്കുക എന്നതാണു. കൂട്ടത്തില്‍ തറവാട്ടിലേക്കു മടങ്ങാനുള്ള മോഹവും. കൂടെ നിന്ന പലരെയും ചവുട്ടിത്താഴ്ത്തിയും സംഹരിച്ചുമാണ് ഇദ്ദേഹം പുത്രനെ ഇവിടം വരെ എത്തിച്ചത്.തനിക്ക് രാഷ്ട്രീയത്തില്‍ മേല്‍വിലാസം നേടിക്കൊടുക്കുകയും മുഖ്യമന്ത്രിയാകാന്‍ അവസരം നല്‍കുകയും ചെയ്ത മാതൃ സംഘടനയെ മകനു വേണ്ടി തള്ളിപ്പറഞ്ഞ ഈ 'മുതിര്‍ന്ന' നേതാവ് പോരുമ്പോള്‍ പറഞ്ഞ അസഭ്യങ്ങള്‍ നാടു മുഴുവന്‍ കേട്ടതാണ്.അതെല്ലാം വിഴുങ്ങി തിരികെപ്പോകാന്‍ തയ്യാറെടുക്കുകയാണിപ്പോള്‍. അധികാരത്തോടുള്ള ആസക്തിയും കുടുംബസ്നേഹവും മാത്രം ഇക്കാലമത്രയും മനസ്സില്‍ കൊണ്ടു നടക്കുകയും അതിനു വേണ്ടി എന്തു വേഷവും കെട്ടുകയും ചെയ്തു പോന്ന ഇത്തരം രാജ്യ,സാമൂഹിക ദുഷ്ടുകളെ എഴുന്നള്ളിച്ചു നടക്കുന്നത് രാജ്യദ്രോഹമാണ്.

Wednesday, November 7, 2007

ഗുരുവായൂരപ്പന്‍റെ ചുരിദാര്‍ വിരോധം

ശ്രീകൃഷ്ണ ഭഗവാനു പെണ്ണുങ്ങള്‍ തുണിയുടുക്കാതിരിക്കുന്നതാണിഷ്ടം എന്നറിയാന്‍ പ്രശ്നം വയ്ക്കേണ്ട വല്ല കാര്യവുമുണ്ടോ? പുരാണവും ഇതിഹാസവും അറിയാത്തതു കൊണ്ടാണു ഗുരുവായൂരപ്പനു സ്ത്രീവസ്ത്രങ്ങളില്‍ ഒന്നായ ചുരിദാറിനോട് മാത്രം വിദ്വേഷം ഉണ്ടെന്നു ജ്യോതിഷികള്‍ പറയുന്നത്.കുറഞ്ഞപക്ഷം ഉദയായുടെയോ മെരിന്‍ലാന്‍റിന്‍റെയോ കൃഷ്ണസിനിമകള്‍ ഏതെങ്കിലും കണ്ടിരുന്നെങ്കില്‍ ഇത്ര സങ്കുചിതമായ അഭിപ്രായം ഇവര്‍ നടത്തുകയില്ലായിരുന്നു.ഗുരുവായൂരപ്പന്‍റെ തിരുവാഭരണം മോഷണം പോയത് കണ്ടുപിടിക്കുവാന്‍ വച്ച ദേവപ്രശ്നത്തില്‍ കള്ളനെക്കുറിച്ച് സൂചന പോലും നല്‍കാന്‍ കഴിയാത്ത ജ്യോല്‍സ്യന്മാര്‍ ഭഗവാന്‍റെ ചൂരിദാര്‍ വിരോധം കണ്ടുപിടിച്ചത് അത്ഭുതം തന്നെ.ആനയെക്കാണാന്‍ കഴിയാത്തവര്‍ ആട്ടിന്‍ പൂട കണ്ടെന്നു പറയുമ്പോള്‍ അത് തൊണ്ടതൊടാതെ വിഴുങ്ങാന്‍ അന്ധഭക്തര്‍ക്കല്ലാതെ സാധിക്കില്ല.ചുരിദാര്‍ ധരിച്ച് ദര്‍ശനം നടത്താന്‍ ദേവസ്വംബോഡ് അനുവാദംകൊടുത്തത് തങ്ങളുടെ സമ്മതത്തോടെ അല്ലെന്ന് പ്രശ്നം കഴിഞ്ഞ ഉടന്‍ തന്ത്രിമാര്‍ പ്രസ്താവിച്ചതും കൂടി ചേര്‍ത്തുവായിക്കണം.ഈ തന്ത്രിമാരുടെ മുന്‍ ഗാമികള്‍ ഭഗവാനെ കാണാന്‍ അനുവദിക്കാതെ അകറ്റി നിര്‍ത്തിയ ഒരു വലിയ സമൂഹത്തിലെ സ്ത്രീകളെ മേല്‍ മുണ്ടോ മുട്ടുമറയുന്ന തുണിയോ ധരിക്കാന്‍ സമ്മതിച്ചിരുന്നില്ല.ആ ദുരാചാരത്തെ ന്യായീകരിക്കാനും ജ്യോതിഷ,മന്ത്ര,തന്ത്ര,സ്മ്രിതി,സംഹിതകളെ അവര്‍ ഉദ്ധരിച്ചിരുന്നു.ഭക്തിയുടെപേരില്‍ അതിന്‍റെ വേറൊരു രൂപം പ്രത്യക്ഷപ്പെടുകയാണു ഗുരുവായൂരില്‍.ഭക്തിയും വിശ്വാസവും ചൂഷണം ചെയ്ത് ജീവിക്കുന്ന ഉദരംഭരികളുടെ ഉദ്ദേശ്യം യഥാര്‍ത്ഥഭക്തരെങ്കിലും മനസ്സിലാക്കുകയും പ്രതികരിക്കുകയും ചെയ്തില്ലെങ്കില്‍ നാം പഴയ കറുത്ത നൂറ്റാണ്ടിലേക്കുതിരികെപ്പോകും.

Friday, October 19, 2007

അന്നത്തെ കുഞ്ഞൂഞ്ഞും ഇന്നത്തെ ബിഷപ്പും

ശ്രീ.പൊന്‍കുന്നം വര്‍ക്കി പള്ളിക്കും പട്ടക്കാര്‍ക്കും എതിരെ കഥയും ലേഖനവും എഴുതി നടന്ന കാലം.ഒരുദിവസം മദ്യപിച്ചു ലക്കുകെട്ട ഒരാള്‍ വര്‍ക്കി താമസിക്കുന്നിടത്ത് ചെന്നു ചീത്ത വിളിക്കുകയും തല്ലാനൊരുങ്ങുകയും ചെയ്ത സംഭവം അദ്ദേഹം തന്‍റെ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്.പിന്നീട് അദ്ദേഹത്തിന്‍റെസുഹൃത്തായി മാറിയ കുടിയന്‍ കുഞ്ഞൂഞ്ഞ് ,തന്നെ ഒരച്ചന്‍ കാശും തന്നു വര്‍ക്കിസാറിനെ ഉപദ്രവിക്കാന്‍ പറഞ്ഞു വിടുകയായിരുന്നെന്ന് സമ്മതിക്കുകയുണ്ടായി.അരനൂറ്റാണ്ട് കഴിഞ്ഞപ്പോള്‍, അച്ചനല്ല സാക്ഷാല്‍ ബിഷപ്പ് തന്നെനേരിട്ട് ഗുണ്ടാപ്പണി ഏറ്റെടുക്കുന്ന കാഴ്ചയാണു ദൃശ്യമാകുന്നത്.വിശ്വാസി അല്ലായിരുന്ന മത്തായിചാക്കോ വിശ്വാസിയാണെന്നു വരുത്തിതീര്‍ക്കാന്‍ ഒരു ബിഷപ്പും കൂട്ടരും കളിക്കുന്ന നെറികെട്ട വിക്രിയകള്‍ പുരോഹിത വര്‍ഗ്ഗത്തിനും അവരുടെ മതത്തിനും അപമാനം ഉണ്ടാക്കിയിരിക്കുകയാണു.കേരള സര്‍വ്വകലാശാലാ മുന്‍സിന്‍ഡിക്കേറ്റംഗവും വിശ്വാസിയും കോണ്‍ഗ്രസ്സുകാരനുമായിരുന്ന ശ്രീ.വി കെ.കുര്യന്‍ മരിച്ചപ്പോള്‍ പള്ളി സെമിത്തേരിയില്‍ അടക്കാന്‍ സമ്മതിക്കാഞ്ഞതില്‍ വേദന തോന്നാതിരുന്ന മറ്റു സഭക്കാര്‍ക്കും കെ.എം.മാണി, ഉമ്മന്‍ ചാണ്ടി തുടങ്ങിയ സത്യവിശ്വാസികള്‍ക്കും ബിഷപ്പിനെ വിമര്‍ശിച്ചപ്പോള്‍ നോവുന്നതു കാണാന്‍ രസമുണ്ട്.ക്രിസ്തുവിനെതിരെ സാക്ഷി പറഞ്ഞ പരീശന്മാരും ജൂതപുരോഹിതന്മാരും മത്തായിചാക്കോയെ കടിച്ചു കീറാനൊരുങ്ങുന്ന പുതിയ പുരോഹിത വര്‍ഗ്ഗത്തേക്കാള്‍ എത്രയോ ഭേദം! ശ്രീ.പൊന്‍കുന്നം വര്‍ക്കി പള്ളിക്കും പട്ടക്കാര്‍ക്കും എതിരെ കഥയും ലേഖനവും എഴുതി നടന്ന കാലം.ഒരുദിവസം മദ്യപിച്ചു ലക്കുകെട്ട ഒരാള്‍ വര്‍ക്കി താമസിക്കുന്നിടത്ത് ചെന്നു ചീത്ത വിളിക്കുകയും തല്ലാനൊരുങ്ങുകയും ചെയ്ത സംഭവം അദ്ദേഹം തന്‍റെ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്.പിന്നീട് അദ്ദേഹത്തിന്‍റെസുഹൃത്തായി മാറിയ കുടിയന്‍ കുഞ്ഞൂഞ്ഞ് ,തന്നെ ഒരച്ചന്‍ കാശും തന്നു വര്‍ക്കിസാറിനെ ഉപദ്രവിക്കാന്‍ പറഞ്ഞു വിടുകയായിരുന്നെന്ന് സമ്മതിക്കുകയുണ്ടായി.അരനൂറ്റാണ്ട് കഴിഞ്ഞപ്പോള്‍, അച്ചനല്ല സാക്ഷാല്‍ ബിഷപ്പ് തന്നെനേരിട്ട് ഗുണ്ടാപ്പണി ഏറ്റെടുക്കുന്ന കാഴ്ചയാണു ദൃശ്യമാകുന്നത്.വിശ്വാസി അല്ലായിരുന്ന മത്തായിചാക്കോ വിശ്വാസിയാണെന്നു വരുത്തിതീര്‍ക്കാന്‍ ഒരു ബിഷപ്പും കൂട്ടരും കളിക്കുന്ന നെറികെട്ട വിക്രിയകള്‍ പുരോഹിത വര്‍ഗ്ഗത്തിനും അവരുടെ മതത്തിനും അപമാനം ഉണ്ടാക്കിയിരിക്കുകയാണു.കേരള സര്‍വ്വകലാശാലാ മുന്‍സിന്‍ഡിക്കേറ്റംഗവും വിശ്വാസിയും കോണ്‍ഗ്രസ്സുകാരനുമായിരുന്ന ശ്രീ.വി കെ.കുര്യന്‍ മരിച്ചപ്പോള്‍ പള്ളി സെമിത്തേരിയില്‍ അടക്കാന്‍ സമ്മതിക്കാഞ്ഞതില്‍ വേദന തോന്നാതിരുന്ന മറ്റു സഭക്കാര്‍ക്കും കെ.എം.മാണി, ഉമ്മന്‍ ചാണ്ടി തുടങ്ങിയ സത്യവിശ്വാസികള്‍ക്കും ബിഷപ്പിനെ വിമര്‍ശിച്ചപ്പോള്‍ നോവുന്നതു കാണാന്‍ രസമുണ്ട്.ക്രിസ്തുവിനെതിരെ സാക്ഷി പറഞ്ഞ പരീശന്മാരും ജൂതപുരോഹിതന്മാരും മത്തായിചാക്കോയെ കടിച്ചു കീറാനൊരുങ്ങുന്ന പുതിയ പുരോഹിത വര്‍ഗ്ഗത്തേക്കാള്‍ എത്രയോ ഭേദം!