Total Pageviews

Monday, September 29, 2008

ആരോരുമില്ലാത്ത മഹാകവികള്‍

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളില്‍ കേരളത്തിലെ പ്രൈമറി ക്ലാസ്സുകളില്‍ പഠിപ്പിച്ചിരുന്ന ഒരു
പാഠപുസ്തകത്തില്‍
'പൈങ്കിളിയേ!പൈങ്കിളിയേ!
കളിയാടീടാന്‍ വരുമോ നീ?' എന്നു തുടങ്ങുന്ന ബാലകവിത ഉണ്ടായിരുന്നു.മഹാകവി ഉള്ളൂര്‍ ആണ് ഇതിന്‍റെ
കര്‍ത്താവ് എന്നായിരുന്നു പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നത്.

ഈ കവിത യഥാര്‍ത്ഥത്തില്‍ മഹാകവി പന്തളം കേരളവര്‍മ്മയുടേതാണ്.മഹാകവി ഉള്ളൂരിന്‍റെ സമകാലികനും സമശീര്‍ഷനുമായ കവിയായിരുന്നു പന്തളം.മലയാളത്തിലെ ആദ്യത്തെ കവിതാമാസികയായ 'കവനകൗമുദി'യുടെ പത്രാധിപര്‍.കവനകൗമുദിയില്‍ പരസ്യം വരെ പദ്യത്തിലായിരുന്നു.'പദം കൊണ്ടു പന്തടിക്കുന്ന പന്തളം'എന്നാണ് മഹാകവി വള്ളത്തോള്‍ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.രുഗ്മാംഗദ ചരിതം മഹാകാവ്യത്തിന്‍റെ കര്‍ത്താവായ അദ്ദേഹത്തിന്‍റെ ബാലകവിതകള്‍ അതിപ്രശസ്തങ്ങളാണ്.പക്ഷേ പല കവിതകളുടെയും കര്‍ത്തൃത്വത്തില്‍ നിന്ന് അദ്ദേഹത്തിന്‍റെ പേര് ബോധ പൂര്‍ വ്വമായോ അല്ലാതെയോ വെട്ടിമാറ്റപ്പെട്ടതായിട്ടാണ് അനുഭവം.

സര്‍ക്കാര്‍ അദ്ദേഹത്തിന്‍റെ കവിത ഉള്ളൂരിന്‍റേതാക്കിയെങ്കില്‍ സ്വകാര്യ പാഠപുസ്തക നിര്‍മ്മാതാക്കളും കാസറ്റ് കച്ചവടക്കാരും പേര് വെട്ടിമാറ്റി അനാഥ(അജ്ഞാത കര്‍ത്തൃത്വ) കവിതകളുടെ കൂട്ടത്തില്‍ പെടുത്തി.
'ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം' എന്ന വളരെ പ്രചാരമുള്ള ഈശ്വരപ്രാര്‍ത്ഥനയുടെ കര്‍ത്താവും പന്തളം
കേരളവര്‍മ്മയാണ്.പക്ഷേ നാടന്‍ പാട്ടുകളുടെയോ കര്‍ത്താവില്ലാത്തവയുടെയോ ഇനത്തിലാണ്
ഇതിനെയും ഉള്‍പ്പെടുത്തിയിരുന്നത്.ലാഭ ലാക്കോടെ സ്വകാര്യ പാഠപുസ്തക വ്യാപാരികള്‍ തട്ടിക്കൂട്ടുന്ന ഗ്രന്ഥ
ങ്ങളില്‍ മാത്രമല്ല പ്രശസ്തനായ ഒരു മലയാളകവി ശബ്ദം നല്കി പുറത്തിറക്കിയ ഓഡിയോ കാസറ്റിന്‍റെ ആദ്യ
പതിപ്പലും ഈശ്വരപ്രാര്‍ത്ഥനയുടെ കര്‍ത്തൃത്വത്തില്‍ നിന്നും പാവം മഹാകവി ഔട്ട്!ഞാന്‍ സമാഹരിച്ച
'കുട്ടിക്കവിതകള്‍'1997-ല്‍ പ്രസിദ്ധീകരിക്കും വരെ അതായിരുന്നു അവസ്ഥ.

കേരള സര്‍ക്കാരിന്‍റെയും സ്വകാര്യപ്രസാധകരുടെയും പാഠപുസ്തകങ്ങളും കവി ചൊല്ലിയ കാസറ്റും
മഹാകവിയെ മറച്ച് വിജ്ഞാനം പ്രസരിപ്പിക്കുന്നതിനു മുമ്പുതന്നെ പന്തളം കേരളവര്‍മ്മയുടെ കവിതകള്‍
രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിരുന്നു.അവയില്‍ അദ്ദേഹത്തിന്‍റെ ബാലകവിതകളുടെ കൂട്ടത്തില്‍ മേല്‍
സൂചിപ്പിച്ച രണ്ടു കവിതകളും ഉണ്ടായിരുന്നു.എന്നിട്ടും പന്തളത്തിന്‍റെ കവിത ഉള്ളൂരിനു പതിച്ചു കൊടുത്ത്
സര്‍ക്കാര്‍, രണ്ടു മഹാകവികളെയും ഒരുപോലെ അപമാനിക്കുകയാണു ചെയ്തത്.കാസറ്റുകാര്‍ പന്തളത്തിനെ
അജ്ഞാതനാക്കിയത് ക്ഷമിക്കാവുന്നതേയുള്ളു.പക്ഷേ ഈ ഈശ്വരപ്രാര്ത്ഥന താന്‍ കോളേജ് ക്ലാസുകളില്‍ പഠിപ്പിച്ച ഒരു മഹാകവിയുടെതാണെന്ന് അദ്ധ്യാപകന്‍ കൂടിയായ കവി അറിയാതെ പോയത് കഷ്ടമാണ്.

'കാക്കേ കാക്കേ കൂടെവിടെ?' എന്ന് ആരംഭിക്കുന്ന കവിത രചിച്ച മഹാകവി ഉള്ളൂരിന് മറ്റൊരു കവിയുടെ കവിത അപഹരിച്ചിട്ടു വേണ്ടാ മികച്ച ബാലകവിതാകാരനാകാന്‍.വിസ്മൃതിയിലാണ്ട നൂറുകണക്കിനു നാടന്‍
പാട്ടുകള്‍ കണ്ടെടുത്ത് കേരള സാഹിത്യ ചരിത്രത്തില്‍ പ്രസിദ്ധീകരിച്ച മഹാപ്രതിഭയെ മറ്റെന്തു വിളിച്ചാലും
കവിതാചോരന്‍ എന്ന് ആക്ഷേപിക്കാന്‍ അദ്ദേഹത്തിന്‍റെ കടുത്ത വിമര്‍ശകര്‍ പോലും ധൈര്യപ്പെടില്ല.
'കൊണ്ടു പോകില്ല ചോരന്മാര്‍
കൊടുക്കും തോറുമേറിടും' എന്ന് വിദ്യയെ ക്കുറിച്ചു പാടിയ ഉള്ളൂര്‍, തന്നെ ആരെങ്കിലും
ചോരനാക്കുമെന്ന് ഒരിക്കലും കരുതിയിട്ടുണ്ടാകില്ല.

ഏതാണ്ട് ഒരു ദശകത്തിലേറെ ഈ അബദ്ധപ്പഞ്ചാംഗം കുട്ടികളെ പഠിപ്പിച്ചപ്പോള്‍ രണ്ടു മുന്നണികളും മാറി
മാറി ഭരണം കൈയ്യാളി.അന്ന് ഒരു കുഞ്ഞു പോലും ഈ പ്രമാദം ചൂണ്ടിക്കാട്ടിയില്ല. ആരും അതിന്‍റെ പേരില്‍
തെരുവിലിറങ്ങിയില്ല.മഹാകവികളുടെ ബന്ധുക്കള്‍ പോലും അവഹേളനത്തിനെതിരെ ഒരക്ഷരം ഉരിയാടിയില്ല.
ആരാധകരും സാഹിത്യ നായകന്മാരും എതിര്‍പ്പു പ്രകടിപ്പിച്ചില്ല.

കല്പിത കഥാപാത്ര മായ 'ജീവ'ന്‍റെ മതത്തെയും മതമില്ലായ്മയേയും ചൊല്ലി കണ്ഠക്ഷോഭം നടത്തുന്ന വിശുദ്ധ
പിതാക്കന്മാരെയും കുഞ്ഞാടുകളെയും വിശ്വഹിന്ദുക്കളെയും അന്ന് രംഗത്ത് കണ്ടില്ല.നെഹ്രുവിന്‍റെ വാചകങ്ങള്‍ ഉദ്ധരിച്ചതിന്‍റെ പേരില്‍ കല്ലും കട്ടയുമായി വഴിമുടക്കുന്ന യൂത്തും മൂത്തതും മഹാകവികളെ രക്ഷിക്കാനില്ലായിരുന്നു.ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയുടെ വിവരക്കേടുകള്‍ക്ക് വിശിഷ്ട ഭാഷ്യം ചമയ്ക്കുന്ന പുതിയ സമര രീതിയില്‍ രമിക്കുന്ന സഖാക്കന്മാരും കവിനിന്ദയ്ക്കെതിരെ അന്നു പ്രതികരിച്ചില്ല.




Fans on the page

Wednesday, September 24, 2008

ആരാധിക്കാന്‍ ഒരു 'അമ്മ' ദൈവം കൂടി

വള്ളിക്കാവമ്മയ്ക്കും കൊട്ടിയത്തമ്മയ്ക്കും പിറകേ പുതിയ ഒരമ്മ കൂടി തിരുവിതാംകൂറില്‍
അവതരിച്ചിരിക്കുന്നു;-കൊട്ടാരക്കരയിലെ ഉഷാമ്മ. തെറിപ്പാട്ടും അടിയും കൊടുത്താണത്രെ പുതിയ അമ്മ
ഭക്തരെ അനുഗ്രഹിക്കുന്നത്.ബാധ കേറുമ്പോള്‍ കോഴിച്ചോര കുടിക്കുന്നതാണു പോലും 'അമ്മ'യുടെ പ്രത്യേകത.
അമൃതാനന്ദമയിയുടെ ആരംഭകാലത്തെ ഗോഷ്ടികള്‍ ഓര്‍മ്മിപ്പിക്കുന്ന ഈ അമ്മയ്ക്കു മുമ്പിലും ഒ.രാജഗോപാലി
നെപ്പോലുള്ളവര്‍ താമസിയാതെ എത്തുമെന്നു പ്രതീക്ഷിക്കാം.പിന്നാലെ യുവമോര്‍ച്ചയുടെ സംരക്ഷണ സേനയും
വരുമെന്നു കരുതാം.

ശ്രീ.രാജഗോപാലിനെപ്പോലുള്ളവര്‍ അല്പം അകന്നു നിന്ന് അനുഗ്രഹത്തിനു ശ്രമിക്കുന്നതാണ് ആരോഗ്യത്തിനും
ആയുസ്സിനും നല്ലത്.ഇനിയൊരു തൊഴിയും കൂടി താങ്ങാനുള്ള കരുത്ത് പ്രായം അല്പം ഏറിയ ആ ശരീരത്തിന് ഉണ്ടോ എന്നു സംശയമുള്ളതു കൊണ്ട് പറഞ്ഞുപോയതാണ്.അത്ര കഠിനമാണ് പുതിയ അവതാരത്തിന്‍റെ പ്രയോഗമുറകളെന്ന് റ്റിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.




Fans on the page

Sunday, September 21, 2008

പോലീസ് മാഫിയ

യൂണിഫോം ഇട്ട ക്രിമിനലുകളാണ് നമ്മുടെ പോലീസുകാരില്‍ പലരും എന്ന് പണ്ടേ കേള്‍ക്കാന്‍ തുടങ്ങിയതാണ്.അതിശയോക്തിയാണെന്നാണ് അടുത്തകാലം വരെ ധരിച്ചിരുന്നത്.സിനിമയിലും മറ്റും മാത്രം
കാണുന്ന അയഥാര്‍ത്ഥ ലോകത്തിലേ അത്തരം പോലീസുകാര്‍ കാണുകയുള്ളു എന്നു കരുതി.എന്നാല്‍ എല്ലാ
കല്പിത കഥകളെയും വെല്ലും വിധത്തില്‍ നമ്മുടെ പോലീസ് പരാക്രമം വളരുകയാണ്.പൊതുജന സേവനത്തിന്റെ ഉത്തമ മാതൃകയാണ് പരിഷ്കൃത രാജ്യങ്ങളിലെ പോലീസ് സേനകള്‍. നമ്മുടെ പോലീസാകട്ടെ എല്ലാ കൊള്ളരുതായ്മകളുടെയും വിളനിലമായി പരിലസിക്കുന്നു.

'ടോട്ടല്‍ ഫോര്‍ യു' തട്ടിപ്പു വീരന്‍റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തതില്‍ നല്ലൊരു തുക ആദ്യം കേസ്സന്വേഷിച്ച പോലീസ് സംഘം കീശയിലാക്കിയെന്നതാണ് ഏറ്റവും ഒടുവിലത്തെ പോലീസ് ചരിതം.ഇല നക്കിയ നായുടെ
ചിറി നക്കിയ നായ് എന്നു കേട്ടിട്ടില്ലേ. അതു തന്നെ.തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ചവരെപ്പറ്റി അന്വേഷണം നടക്കുകയാണിപ്പോള്‍.കേരളത്തില് നടക്കുന്ന മിക്ക അക്രമങ്ങള്‍ക്കു പിന്നിലും പോലീസ് ഉണ്ടെന്നാണ് കേള്‍ക്കുന്നത്.അക്രമങ്ങള്‍ക്ക് മാത്രമല്ല സകല സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഒത്താശ ചെയ്തു കൊടുക്കുന്നത് പോലീസുകാരാണത്രെ.കോണ്സ്റ്റബിള്‍ മുതല്‍ വലിയ ഓഫീസര്‍മാര്‍ വരെ ഇതില്‍ പങ്കാളികളാണ്.തട്ടിപ്പുകാരനില്‍ നിന്നും തട്ടിപ്പു നടത്തിയതു കൂടാതെ അയാള്‍ക്ക് തട്ടിപ്പു നടത്താന്‍ വേണ്ട സഹായം ചെയ്തു കൊടുക്കുന്നതിലും പോലീസ് സന്നദ്ധമായിരുന്നു.ശബരീനാഥിന്‍റെ വഴികാട്ടിയും സഹായിയും ആയ ചന്ദ്രമതി എന്ന സിഡ്കോ ഉദ്യോഗസ്ഥയെ ഇത്ര നാളായിട്ടും പിടികിട്ടാത്തതും ഏമാന്മാരുടെ സഹായം കൊണ്ടാണെന്നാണ് കേഴ്വി.

സന്തോഷ് മാധവന്‍ എന്ന കള്ളസന്ന്യാസിയുടെ മാനേജരായിരുന്ന് പാവങ്ങളെ ഭീഷണിപ്പെടുത്തിയത് സര്‍ വ്വീസിലുള്ള ഒരു ഡി വൈ എസ് പി ആയിരുന്നല്ലോ!വ്യാജന്‍റെ ഫ്ലാറ്റില്‍ നിന്നു കിട്ടിയ അയാളുടെ യൂണിഫോം
മരിച്ചു പോയ ഏതോ ഒഫീസറുടേതാണെന്നു വരുത്തി തീര്ക്കുകയും ചെയ്തു.കള്ള സ്വാമിയുടെ അനുഗ്രഹം
കൈപ്പറ്റിയവരുടെ കൂട്ടത്തില് ചില ഐപി എസ് വനിതകളും ഉണ്ടായിരുന്നു എന്നതും രഹസ്യമല്ല.
ആയിടയ്ക്കു പിടിക്കപ്പെട്ട കപടസ്വാമിമാരുടെ ഭക്തരില്‍ പലരും പോലീസ് ഓഫീസര്മാരായിരുന്നു എന്നതു കേസ്സന്വേഷണം എങ്ങുമെത്താതെ പോയതിന്‍റെ കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

ഏതു മുന്നണി ഭരിച്ചാലും പോലീസിന്‍റെ ക്രിമിനല്‍ സ്വഭാവത്തിനു വ്യത്യാസമുണ്ടാകുന്നില്ല എന്നാണു കരുതേണ്ടത്.ക്രമസമാധാനം പാലിക്കേണ്ടവര്‍ ക്രിമിനലുകള്‍ക്ക് ചൂട്ടു പിടിച്ചു കൊടുക്കുകയും ഗുണ്ടാകളെ നാണിപ്പിക്കുന്ന ക്രിമിനലുകളായി മാറുകയും ചെയ്യുന്നു. നിയന്ത്രിക്കേണ്ട ഭരണാധികാരികള്‍ അവരോടൊപ്പം ചേരുകയോ അവരെ ഉപയോഗിച്ച് സ്വന്തം കാര്യം നേടുകയോ ചെയ്യുന്നു.

കേരളത്തില്‍ നിന്നും വ്യത്യസ്തമല്ല മറ്റു സംസ്ഥാനങ്ങളിലെയും സ്ഥിതി.കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ
സിബിഐ യുടെ അവസ്ഥ ഇതിലും മോശമാണെന്നാണ് സമീപകാല കോടതിവിധികളും പത്രവാര്‍ത്തകളും
സൂചിപ്പിക്കുന്നത്.ഒന്നര ദശകം പിന്നിട്ട അഭയ കേസ്സും ഒരു പതിറ്റാണ്ടു കഴിഞ്ഞ ചേകന്നൂര്‍ മൗലവി കേസ്സും
സിബിഐയുടെ കാര്യക്ഷമത എത്രയുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്.

ഭരണകൂടത്തിന്‍റെ പ്രേരണയോ നിര്‍ബ്ബന്ധമോ കൂടാതെതന്നെ സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം
നല്‍കേണ്ടവര്‍ അവര്ക്ക് ഭീഷണിയായിത്തീരുന്ന അവസ്ഥ വളരെ ദാരുണമാണ്.ധര്‍മ്മദൈവം ബാധയാകുമ്പോള്‍
സൃഷ്ടിക്കപ്പെടുന്ന അരക്ഷിതാവസ്ഥ ഭയാനകമാണ്.ഇന്നത്തെ ഈ ദയനീയ സ്ഥിതിക്ക് ഉത്തരവാദികള്‍ രാഷ്ട്രീയപ്പാര്‍ട്ടികളാണ്.അവരുടെ സംരക്ഷണം ഉറപ്പുള്ളതിനാലാണ് പോലീസ്ക്രിമിനലുകളുടെ സംഖ്യ വര്‍ദ്ധിക്കുന്നത്;ക്രിമിനലുകളെ നിയന്ത്രിക്കാന്‍ പോലീസിനു കഴിയാതെ വരുന്നതും.



Fans on the page

Sunday, September 14, 2008

ഇങ്ങനെ ചെയ്യാന്‍ പാടുവോ സാര്‍?

വര്‍ഷങ്ങള്‍ മുമ്പു തിരുവനന്തപുരം കിഴക്കേകോട്ടയില്‍ ബസ്സ് കാത്തുനില്ക്കുമ്പോള്‍ ഒരു ഭാഗ്യക്കുറി വാഹനത്തില്‍ നിന്നും അനൗണ്‍സ്മെന്‍റ് ഒഴുകി വരുന്നു.''.....വമ്പിച്ഛ വമ്പിതമായ സമ്മാനങ്ങള്....."
എന്തപ്പനേ ഈ 'വമ്പിതം' എന്നു കുറേ നേരം ആലോചിച്ചു.പല നിഘണ്ടുക്കളിലും പരതിയെങ്കിലും അങ്ങനൊരു വാക്ക് കണ്ടു കിട്ടിയില്ല.നാട്ടിന്‍ പുറത്തോ നഗരത്തിലോ ഉള്ള ഏതെങ്കിലും അനൗണ്സ്മെന്റ് വീരനെക്കൊണ്ട് തയ്യാറാക്കിച്ച കാസറ്റില്‍ നിന്നാകാം പുതിയ പദം പുറത്തു ചാടിയത്.

അന്നു മലയാളം ചാനലുകളൊന്നും തുടങ്ങിയിട്ടില്ലാഞ്ഞതു മലയാളത്തിന്‍റെ ഭാഗ്യം!അല്ലായിരുന്നെങ്കില്‍ ആ
അപ പദവും ചാനലുകള്‍ ഏറ്റെടുത്തേനെ.ഈ പോസ്റ്റിന്‍റെ തലക്കെട്ട് അങ്ങനെ ചാനലുകളില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പരസ്യ വാചകമാണ്.വെറും പരസ്യമല്ല സ്വര്ണ്ണപ്പരസ്യം.കേരളത്തിലെ
ഒരു വന്‍ കിട സ്വര്ണ്ണക്കടയുടെ പരസ്യത്തിലാണ്,ഭാഷാപരിജ്ഞാനം അല്പെമെങ്കിലുമുള്ളവര്‍ നാണിച്ചു
പോകുന്ന ഈ അപശ്രുതി. 'ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ' എന്നതാണ് 'ചെയ്യാന്‍ പാടുവോ' എന്ന് വ്യഭിചരിക്കപ്പെട്ടിരിക്കുന്നത്.

അക്ഷയ തൃതീയ തുടങ്ങിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിച്ച് കീശ നിറയ്ക്കാന്‍ സംഘടിത
ശ്രമം നടത്തുന്ന സ്വര്‍ണ്ണക്കച്ചവടക്കാര്‍ക്ക് ഭാഷയെ കളങ്കപ്പെടുത്തുന്നതില്‍ മനസ്സാക്ഷിക്കുത്ത് കണില്ലല്ലോ.

സൂര്യനെക്കുറിച്ച്,
'മന്നിന്‍ മലിന മുഖത്തു നിത്യം
പൊന്നിന്‍ പൊടി പൂശും ദേവദേവന്‍'
എന്ന് മഹാകവി കുമാരനാശാന്‍ പാടിയിട്ടുണ്ട്.

സ്വര്‍ണ്ണക്കച്ചവടക്കാരാകട്ടെ,
മാതൃഭാഷയ്ക്കും മനുഷ്യനും മേല്‍
മാലിന്യക്കൂമ്പാരം വാരിത്തൂകി,
ഉപഭോക്താവിന്‍റെ സാമാന്യ ബുദ്ധിയെപ്പോലും അവഹേളിച്ചുകൊണ്ട് പൊന്നിന്‍ വ്യാപാരം പൊടി പൊടിക്കുന്നു.കാശു കിട്ടുമെങ്കില്‍ എന്തു ചവറും പരസ്യം ചെയ്യാന്‍ ചാനലുകള്‍ സന്നദ്ധമാകുമ്പോള്‍ അവര്‍ ആരെ പേടിക്കണം? അല്ലെങ്കില്‍ത്തന്നെ 'വേറിട്ട കദ'കളും 'മദ്യ കേരള' വും 'വിത്ത്യാബ്യാസ',വും ഒക്കെ വിസര്‍ജ്ജിക്കുന്ന സ്വന്തം അവതാരകരെ നേരേയാക്കാന്‍ കഴിയാത്ത ചാനലുകാര്‍ക്ക് പരസ്യവാചകത്തിനു ശുദ്ധി വേണമെന്നു ശഠിക്കുവാന്‍ കഴിയുമോ?




Fans on the page

Tuesday, September 9, 2008

അഴിമതിക്കാരന്‍ അഴി എണ്ണണം

ഗുരുതരമായ സാമ്പത്തിക ക്രമക്കേടു നടത്തിയ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സൗമിത്ര സെന്നിനെ ഇമ്പീച്ച്
(കുറ്റവിചാരണ)ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചു കഴിഞ്ഞത്രെ!

കല്‍ക്കട്ട ഹൈക്കോടതിയില്‍ അഭിഭാഷകനായിരിക്കെ, സ്റ്റീല്‍ അതോറിറ്റി ഓഫ്‌ ഇന്ത്യയും ഇന്ത്യന്‍ ഷിപ്പിങ്‌ കോര്‍പ്പറേഷനുമായുള്ള തര്‍ക്കത്തില്‍,സൗമിത്രസെന്‍ റിസീവറായി നിയമിതനായിരുന്നു. ഈ സമയത്ത്‌ ഒരു ഇടപാടില്‍ റിസീവറെന്ന നിലയില്‍ കൈപ്പറ്റിയ 32 ലക്ഷംരൂപ സ്വന്തം ബാങ്ക്‌ അക്കൗണ്ടില്‍ നിക്ഷേപിച്ചു എന്നായിരുന്നു ആരോപണം. പിന്നീട്‌ 2003ല്‍ ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായിട്ടും പണം തിരിച്ചടയ്‌ക്കാന്‍ അദ്ദേഹം തയ്യാറായില്ല. പരാതിയെക്കുറിച്ച്‌ അന്വേഷണം നടത്തിയ ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ്‌ സൗമിത്രസെന്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയിരുന്നു.അതിന്‍റെ അടിസ്ഥാനത്തിലാണ്
ഇമ്പീച്മെന്‍റ്.

രാജ്യത്തിന്റെ ചരിത്രത്തില്‍ രണ്ടാംതവണയാണ്‌ ന്യായാധിപന്‍ കുറ്റവിചാരണ നടപടികള്‍ക്ക്‌ വിധേയനാവുന്നത്‌. സുപ്രീംകോടതി ജഡ്‌ജിയായിരുന്ന വി. രാമസ്വാമിയാണ്‌ ആദ്യത്തെ ആള്‍. പഞ്ചാബ്‌-ഹരിയാന ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായിരിക്കെ ഔദ്യോഗികവസതിയിലേക്ക്‌ ഫര്‍ണിച്ചര്‍ വാങ്ങിയതില്‍ ക്രമക്കേട്‌ കാട്ടിയെന്നായിരുന്നു അദ്ദേഹത്തിനെതിരായ ആരോപണം. 1991-ല്‍ ജനതാദള്‍ എം.പി. മധു ദന്തവതെയാണ്‌ ജസ്റ്റിസ്‌ രാമസ്വാമിക്കെതിരെ പാര്‍ലമെന്‍റില്‍ കുറ്റവിചാരണാപ്രമേയം കൊണ്ടുവന്നത്‌. പ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പില്‍നിന്ന്‌ ഭരണകക്ഷിയായ കോണ്‍ഗ്രസ്സിലെ എം.പി.മാര്‍ പിന്‍മാറിയതിനാല്‍ കുറ്റവിചാരണ യാഥാര്‍ഥ്യമായില്ല.

സൗമിത്ര സെന്നിനെതിരെയുള്ള കുറ്റവിചാരണയും നടക്കുമെന്നതിന് ഉറപ്പൊന്നുമില്ല.ശക്തമായ രാഷ്ട്രീയ പിന്‍ബലം
ഉണ്ടെങ്കില്‍ ജ.രാമസ്വാമിയെപ്പോലെ ഇയാളും രക്ഷപെടാനാണ് സാദ്ധ്യത. ജ.സെന്നിനെതിരെയുള്ള കുറ്റം സംശയാ
തീതമായി തെളിഞ്ഞിട്ടും അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍ ഉള്ളത്.
'നിയമത്തിന്‍റെ മുമ്പില്‍ എല്ലാവരും സമന്മാരാണ്' എന്നതൊക്കെ വെറും വെണ്ടര്‍ വാചകമാണെന്നാണ് ഇതില്‍
നിന്നു തെളിയുന്നത്.

32രൂപ ഒരു സാധാരണക്കാരന്‍ മോഷ്ടിച്ചെന്നു തെളിഞ്ഞാല്‍ അവനു കിട്ടുന്ന ശിക്ഷ പോലും 32 ലക്ഷം
രൂപ,തട്ടിപ്പിലൂടെ സ്വന്തമാക്കിയ ജ്ഡ്ജിക്ക് കിട്ടില്ല എന്നു വരുന്നത് അനീതിയാണ്.ഏറെ പ്രശംസിക്കപ്പെടുന്ന
ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയുടെ പോരായ്മയാണ്.സൗമിത്ര സെന്നിനെപ്പോലുള്ള ഒരു അഴിമതിക്കാരനെ
അഴികള്‍ക്കുള്ളിലാക്കാന്‍ കഴിയില്ലെങ്കില്‍ ഈ നീതിപീഠങ്ങള്‍ കൊണ്ട് എന്തു പ്രയോജനം?




Fans on the page

Saturday, September 6, 2008

തെങ്ങും തുപ്പലും മന്ത്രിമാരും

ആനപ്പുറത്തിരിക്കുമ്പോള്‍ പട്ടിയെ പേടിക്കണ്ടാ എന്നാണ് പലരുടെയും വിചാരം.ഭരണത്തിന്‍റെ
ഗജോപരി കയരിയിരിക്കുന്ന ചില മന്ത്രിമാരുടെ മനസ്സിലിരുപ്പും അതു തന്നെ.തങ്ങളെ അധികാരത്തിലേറ്റിയ
ജനം എന്ന നായ്ക്കളോട് എന്തും പറയുകയും കാട്ടുകയും ചെയ്യാമെന്ന അഹങ്കാരമാണ് അവരില്‍ പലരെയും
നയിക്കുന്നത്.

അതുകൊണ്ടാണ് ഒരു മന്ത്രി, "ഭൂമിയില്‍ അല്ലാതെ തെങ്ങിന്‍റെ മണ്ടയിലാണോ വ്യവസായം തുടങ്ങേണ്ടത്?"
എന്നു ചോദിച്ചത്."തുപ്പലില്‍ നിന്നാണോ വൈദ്യുതി ഉല്പാദിപ്പിക്കുന്നത്?" എന്ന് മറ്റൊരു മാന്യമന്ത്രി സംശയം
പ്രകടിപ്പിച്ചതിനും കാരണം മറ്റൊന്നല്ല.

ഭരണത്തില്‍ കയറിയതിന്‍റെ മൂന്നാം പക്കം കരിമണല്‍ ഖനനത്തിന് അനുവാദം കൊടുത്തുകൊണ്ടാണ് വ്യവസായ
മന്ത്രി ഇളമരം കരീം തന്‍റെ 'വ്യവസായ' താല്പര്യം ആദ്യമായി പ്രകടിപ്പിച്ചത്.ഇടതുപക്ഷ മുന്നണിയുടെ നയത്തിനെതിരായ ഈ നടപടി മുഖ്യമന്ത്രി ഇടപെട്ടു തടഞ്ഞെങ്കിലും പാര്‍ട്ടിയുടെ ഔദ്യോഗ പക്ഷത്തിന്‍റെ
പിന്‍ബലമുള്ളതു കൊണ്ട് അദ്ദേഹം 'മൂലധനകമ്യൂണിസം' നടപ്പാക്കാന്‍ രണ്ടും കല്പ്പിച്ചുള്ള കളികള്‍ തുടരുകയാണ്.
ഇന്ത്യയ്ക്കാകെ മാതൃകയായ കേരള ഭൂപരിഷ്കരണ നിയമം തിരുത്തണമെന്ന് വകുപ്പു സെക്രട്ടറിയെക്കൊണ്ട്
നോട്ടെഴുതിച്ച് ചില വന്‍ കിടക്കാരെ സഹായിക്കാന്‍ ശ്രമം നടത്തി.വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് അതും
ചീറ്റിപ്പോയി.വ്യവസായവുമായി വിദൂര ബന്ധം പോലുമില്ലാത്തവര്‍ക്കു വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ നടത്തിയ
അണിയറ നീക്കങ്ങള്‍ മാദ്ധ്യമങ്ങള്‍ പുറത്തു കൊണ്ടു വന്നതിലുള്ള അരിശപ്രകടനത്തിന്‍റെ ഭാഗമായിരുന്നു
'തെങ്ങിന്‍ മണ്ട'പ്രയോഗം.

പേരിനോടൊപ്പം 'മരം' എന്നുകൂടിയുള്ളതുകൊണ്ടാകാം അദ്ദേഹം ഭൂമിക്കു പകരം ഒരു മരത്തിന്‍റെ മണ്ടയെ
കുറിച്ച് ഓര്‍ത്തു പോയത്.റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെയും കരിമണല്‍ കൊള്ളക്കാരുടെയും ദല്ലാളാണ്
താനെന്ന് ഓരോ സംഭവത്തിലൂടെയും വ്യവസായ വകുപ്പുമന്ത്രി തെളിയിച്ചു കൊണ്ടിരിക്കുകയാണ്.പ്രത്യേക
സാമ്പത്തിക മേഖലയ്ക്ക് പാര്‍ട്ടി പച്ചക്കൊടി കാട്ടിയതോടെ സ.ഇളമരം മുതുമരത്തിന്റെ വീറിലാണ്. തൊഴിലാളി നേതാവ് എന്ന ലേബലില്‍ മന്ത്രിയായ സഖാവ്,ഇപ്പോള്‍ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന പ്രത്യേക സാമ്പത്തിക മേഖലയ്ക്കു വേണ്ടി അരയും തലയും മുറുക്കി രംഗത്തുണ്ട്.

കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിച്ച എക്സ്പ്രസ് ഹൈവേയ്ക്കെതിരെ സമരം ചെയ്തതാണ് ഇടതു മുന്നണി. പക്ഷേ അധികാരത്തിലെത്തിയപ്പോള്‍ മന്ത്രി കരീമിന് എന്തു പേരിലായാലും ഒരു എക്സ്പ്രസ്സ് റോഡ് കൂടിയേ കഴിയൂ.മുന്നണിയിലൊന്നും ചര്‍ച്ച ചെയ്യാതെ അതു സംബന്ധിച്ച് പരസ്യ പ്രഖ്യാപനം പോലും നടത്തിക്കളഞ്ഞു ബഹു.മന്ത്രി.അഴിമതിക്കു വന്‍ സാദ്ധ്യതയുള്ള,ഈ അതിവേഗ പാതാ സ്വപ്നവും പൊലിഞ്ഞു പോയി.

ഇന്ത്യയ്ക്ക് ഏറ്റവും ഇണങ്ങുന്നതും ചെലവു കുറഞ്ഞതും ചെറുകിട ജലവൈദ്യുത പദ്ധതിയാണെന്ന് വിവരമുള്ളവര്‍ പണ്ടേ പറഞ്ഞിട്ടുണ്ട്.പക്ഷേ കോണ്ട്രാക്റ്റര്‍മാരും എഞ്ചിനീയര്‍മാരും ഭരണം കൈയ്യാളിയ
അഴിമതിക്കാരും കൂടി വന്‍ കിട ജലവൈദ്യുത പദ്ധതിയാണ് നടപ്പാക്കിയത്.പരിസ്ഥിതിക്കും വനസമ്പത്തിനും
ജനങ്ങള്‍ക്കും ദോഷകരമാണെന്ന് അനുഭവത്തില്‍ ബോദ്ധ്യപ്പെട്ടിട്ടും അത്തരം പദ്ധതികളോടാണ് ഇപ്പോഴും ഭരണക്കാര്‍ക്കു താല്പര്യം.ഇടതുപക്ഷം അധികാരത്തിലെത്തിയാലെങ്കിലും അതിനു മാറ്റമുണ്ടാകുമെന്നു കരുതി.ബാലനെപ്പോലെയുള്ള പാര്‍ട്ടിയുടെ 'മൂലധന'പക്ഷത്തിന്‍റെ നല്ലപിള്ളകള്‍ വൈദ്യുത വകുപ്പ് കൈകാര്യം
ചെയ്യുമ്പോള്‍ ആ പ്രതീക്ഷയും വേണ്ടെന്നാണ് അദ്ദേഹത്തിന്‍റെ വാചകമടി വെളിവാക്കുന്നത്.

അതിരപ്പള്ളി പദ്ധതി നടപ്പാക്കിയാലുണ്ടാകുന്ന മേന്മകളോര്‍ത്ത് മന്ത്രി മനക്കോട്ട കെട്ടുമ്പോഴാണ് ചില
പരിസ്ഥിതിക്കാരും ബുദ്ധിജീവികളും ഒക്കെ എതിര്‍പ്പുമായി വരുന്നത്.വൈദ്യുതിക്കു പകരം ദേഷ്യം
ഉല്പാദിപ്പിക്കപ്പെടാതിരിക്കുമോ?ഒരുപാടു നാള് തുപ്പലിറക്കി നടന്നതിനു ശേഷമാണ് മന്ത്രിയാക്കാന്‍ പാര്‍ട്ടി
കനിഞ്ഞത്.നെടുനാള്‍ തുപ്പല്‍ വിഴുങ്ങിയിട്ടാണ് ഒരു വന്‍ പദ്ധതി ഒത്തു കിട്ടിയത്.അതു കൈ വിട്ടു
പോകമെന്നു തോന്നിയാല്‍ ഇത്തരം തുപ്പല്‍ ചോദ്യം ആരും ചോദിച്ചു പോകും!

പ്രസരണ നഷ്ടവും മോഷണവും തടയാന്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാതെ ഉപഭോക്താക്കളെയും
മറ്റുള്ളവരെയും കുറ്റം പറഞ്ഞു നടന്നാല്‍ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ല.ചെറിയ നീരൊഴുക്കില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിച്ച് നാട്ടുകാരും പഞ്ചായത്തും ബോഡിനു കൈമാറിയ നിരവധി പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കാതെ കിടക്കുന്നുണ്ട്.അവ ഉപയോഗക്ഷമമാക്കുവാന്‍ മന്ത്രിക്ക് യാതൊരു താല്പര്യവുമില്ല.കൈവശമുള്ള മറ്റൊരു വകുപ്പിന്‍റെ കാര്യക്ഷമത മൂലം ആയിരക്കണക്കിന് പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കു കിട്ടാനുള്ള കേന്ദ്ര സഹായമാണ് നഷ്ടമായത്.ഇത്ര സമര്‍ത്ഥനായ മന്ത്രിക്ക് നിന്നു പിഴയ്ക്കണമെങ്കില്‍ വാചകമടിയും പാര്‍ട്ടിനേതൃത്വത്തിന്‍റെ കാല്‍ നക്കലും കൂടാതെ കഴിയില്ല.അത് യഥേഷ്ടം
നടത്തിക്കൊള്ളട്ടെ.പക്ഷേ വോട്ടു ചെയ്തു ജയിപ്പിച്ചവരുടെ നേര്‍ക്കു തുപ്പുന്നത് അത്ര നല്ല പണിയല്ല.

ആനപ്പുറത്തു നിന്നും എന്നെങ്കിലും ഇറങ്ങേണ്ടി വരുമെന്ന്, അഹങ്കാരം കൊണ്ടു കൈ കഴുകുന്ന മരമന്ത്രിമാരും ഉമിനീര്‍മന്ത്രിമാരും ഓര്‍ക്കുന്നത് നല്ലതാണ്.




Fans on the page

Monday, September 1, 2008

ബിഷപ് പവ്വത്തില്‍ സംഘപരിവാര്‍ ഏജന്‍റോ?

സംഘ പരിവാര്‍, വിശ്വഹിന്ദു പരിഷത്ത് ഗുണ്ടകളും ഭരണ വിക്രമന്മാരും ചേര്ന്ന് ഒറീസ്സയില്‍ ക്രിസ്ത്യാനികളെ വേട്ടയാടുന്നതിന്‍റെ ഭയജനകമായ വാര്‍ത്തകളാണ് കുറെ നാളുകളായി രാജ്യത്തെമ്പാടും പ്രചരിക്കുന്നത്. നിരായുധരും നിരാലംബരുമായ പാവങ്ങളെ ആയുധ ധാരികളായ മതഭ്രാന്തന്മാര്‍ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്.അവരുടെ വീടുകള്‍ തീവച്ചു നശിപ്പിക്കുന്നു. നിരവധി ആളുകളെ ഇതിനകം വധിച്ചു കഴിഞ്ഞു.ഭരണകൂടത്തിന്‍റെ ഒത്താശയോടു കൂടിയാണ് ഈ അതിക്രമങ്ങള്‍ അരങ്ങേറുന്നത്.

മനസ്സു മരവിച്ചിട്ടില്ലാത്തവരെല്ലാം ഈ കാടത്തത്തെ അപലപിച്ചിട്ടുണ്ട്.നരനായാട്ട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.പക്ഷേ കേരളത്തിലെ ഒരു ബിഷപ്പിനു മാത്രം ഇതൊന്നും അത്ര
ഗൗരവമുള്ള കാര്യമായി തോന്നുന്നില്ല.അദ്ദേഹത്തിന് അതിനേക്കാളൊക്കെ കഠിനവും മൃഗീയവുമായി അനുഭവപ്പെടുന്നത് കേരള സര്‍ക്കാര്‍ നടത്തുന്ന പാഠപുസ്തക പരിഷ്ക്കാരമാണ്.അദ്ദേഹത്തിന്‍റെ തിരുവചനങ്ങള്‍ ശ്രദ്ധിച്ചാലും."ദേവാലയങ്ങള്‍ നശിപ്പിക്കപ്പെട്ടാല്‍ അതു പുനര്‍ നിര്‍മ്മിക്കാം.പക്ഷേ വിശ്വാസം
തകര്‍ക്കപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ കഴിയില്ല."

ഒറീസയില്‍ ക്രിസ്തീയ വിശ്വാസികള്‍ കൂട്ടത്തോടെ കൊല ചെയ്യപ്പെടുകയും വൈദികരും കന്യാസ്ത്രീകളും
ചുട്ടുകരിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ജോസഫ് പൗവ്വത്തില്‍ എന്ന ബിഷപ്പിന്‍റെ "വിശുദ്ധ അരുളപ്പാട്"
ഉണ്ടായിരിക്കുന്നത്.ദേവാലയം വീണ്ടുമുണ്ടാക്കാമെന്നു പറയുന്ന ഇദ്ദേഹം പക്ഷേ കൊല്ലപ്പെട്ടവര്‍ക്ക്
ജീവന്‍ തിരിച്ചു നല്‍കാന്‍ കഴിയുമോ എന്നു പറയുന്നില്ല.മരിച്ചവരെ ജീവിപ്പിച്ചവന്‍റെ പേരു പറഞ്ഞ്
ഉപജീവനം നടത്തുന്നതു കൊണ്ട് തനിക്കും അതു കഴിയും എന്ന് ഈ 'തിരുമേനി' വിചാരിക്കുന്നുണ്ടാകും.

മതവൈരത്തിന്‍റെ പേരില്‍ തകര്‍ക്കപ്പെട്ട ഏതു ദേവാലയമാണ് പുനര്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതെന്നും പിതാവു
പറഞ്ഞില്ല.കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ വിശ്വഹിന്ദുക്കളും സംഘപരിവാരങ്ങളും അദ്വാനിമാരും കൂടി
പൊളിച്ചടുക്കിയ ബാബറി മസ്ജിദ് എന്താണ് വീണ്ടും പടുത്തുയര്‍ത്താത്തത്?

സമാധാന കാംക്ഷികളായ സകല ഭാരതീയരും ഒറീസയിലെ നരമേധത്തിനെതിരെ പ്രതിഷേധിക്കുമ്പോള്‍ അതിനേക്കാള്‍ വലിയ പീഡനം കേരളത്തിലാണു നടക്കുന്നതെന്നു പറയുന്ന ഈ വൈദികപ്രമാണി
രാജ്യത്തെ ക്രൈസ്തവ പുരോഹിതര്‍ക്ക് ഒന്നാകെ അപമാനമാണ്.വൈദിക കുപ്പായമിട്ട സംഘപരിവാര്‍ ഏജന്‍റാണോ ഇദ്ദേഹം എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിന്
എത്ര കോടി അവരില്‍ നിന്നു കൈപ്പറ്റിയെന്ന് ഇദ്ദേഹത്തെ പോറ്റുന്ന തിരു സഭ അന്വേഷിക്കേണ്ടതാണ്.





Fans on the page