Total Pageviews

Sunday, December 26, 2010

ചമ്മല്‍ മറയ്ക്കാനും എന്‍ഡോസള്‍ഫാന്‍ ?കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി വിതച്ച ദുരിതങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും വിവാദങ്ങളും തൂടങ്ങിയിട്ട് നാളുകള്‍ വളരെ ആയി.എന്‍ഡോസള്‍ഫാന്‍ അപകടകാ
രിയല്ല എന്ന് അടുത്തകാലത്ത് കേന്ദ്ര സഹമന്ത്രി പ്രൊഫ.കെ.വി.തോമസ് നടത്തിയ പ്രസ്താവനയോടെ എന്‍ഡോസള്‍ഫാന്‍ അഖിലേന്ത്യാതലത്തില്‍ വീണ്ടും ചര്‍ച്ചാവിഷയമായി.അപ്പോഴൊന്നും ഇങ്ങനെയൊരു സംഭവമുള്ളതായിപ്പോലും ഭാവിച്ചിട്ടില്ലാത്ത കേരളപുത്രനായ ഒരു വി.വി.ഐ.പി അടുത്ത ദിവസങ്ങളില്‍
ദുരിത ബാധിതരെ കാണാനും പരാതി കേള്‍ക്കാനും കാസര്‍കോട്ടെത്തി--ജസ്റ്റിസ്.കെ.ജി.ബാലകൃഷ്ണന്‍.

ശ്രീ.കെ.ജി.ബാലകൃഷ്ണന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോഴും വിരമിച്ച ശേഷം കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍ മാനായി ഇത്ര നാളായിട്ടും കേരളത്തില്‍ ഇത്തരത്തില്‍ വേദന തിന്നുന്ന ഒരു മനുഷ്യ സമൂഹം കഴിയുന്ന വിവരം അറിഞ്ഞ യാതൊരു ലക്ഷണവും കാണിച്ചിട്ടില്ല.പൊടുന്നനെ ഇവരെ പറ്റി
ഇദ്ദേഹം ഓര്‍ക്കാന്‍ എന്താണു കാരണം?

2ജി സ്പെക്ട്രം അഴിമതിയിലൂടെ കുപ്രസിദ്ധനായ മുന്‍ മന്ത്രി രാജാ മുമ്പ് ഒരു മാര്‍ക്കു തട്ടിപ്പു കേസില്‍ തമിഴ്നാട് ഹൈക്കോടതിയിലെ ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവ ത്തില്‍ ആകെ നാറിയിരിക്കുന്നത് പുതിയ ബഹു.മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാണ്.മന്ത്രി രാജാ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെ കുറിച്ച് അന്നത്തെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഴി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ രേഖാ മൂലം അറിയിച്ചിരുന്നതായി ജ.രഘുപതി ഈയിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയപ്പോള്‍,അങ്ങനെ ഒരു കത്തും തനിക്കു കിട്ടിയിട്ടില്ല എന്നാണ് മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ ആദ്യം പ്രതികരിച്ചത്.അന്ന് തമിഴ്നാട് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഇപ്പോഴത്തെ സുപ്രീം കോടതി ജഡ്ജി എച്ച്.എല്‍.ഗോഖലെ, ജ.രഘുപതിയുടെ പ്രസ്താവന ശരിവച്ചതോടെ,കത്തു കിട്ടിയിരുന്നു;പക്ഷേ അതില്‍ മന്ത്രി രാജായുടെ പേരില്ലാ
യിരുന്നു എന്നായി ജ. ബാലകൃഷ്ണന്‍.രാജായുടെ പേര്‍ പരാമശിച്ചു കൊണ്ട് താന്‍ അയച്ച കത്തിന്റെ കോപ്പി പരസ്യപ്പെടുത്തി ജ.ഗോഖലെ ബഹു.ചെയര്‍മാന്റെ നുണ പൊളിച്ചടുക്കി.നില്‍ക്കക്കള്ളിയില്ലാ
തായ അദ്ദേഹം ഒരു അഴകൊഴമ്പന്‍ മറുപടി കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചി
ല്ല.ജസ്റ്റിസ്സുമാരായ രഘുപതിയും ഗോഖലെയും പറഞ്ഞതാണ് സത്യമെന്ന് ജനത്തിനു മനസ്സിലായി.
കേവലം ഒരു കത്തിന്റെ കാര്യത്തില്‍ പോലും കളവു പറയുന്ന ഇദ്ദേഹം അത്യുന്നത ന്യായാസനത്തി
ലിരിക്കേ മറ്റെന്തെല്ലാം മറച്ചു വച്ചിട്ടുണ്ടാകും?എന്തൊക്കെ അവിഹിത കര്‍മ്മങ്ങള്‍ക്കു കൂട്ടു നിന്നിട്ടു
ണ്ടാകും?

മുമ്പ് ചീഫ് ജസ്റ്റിസ് ആയിരിക്കെ ജഡ്ജിമാരുടെ സ്വത്തു വിവരം വെളിപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ ഉരുണ്ടു കളിച്ചപ്പോഴും അഴിമതിക്കാരനായ കര്‍ണ്ണാടക ചീഫ് ജസ്റ്റിസിനു നേരേ മൃദു സമീപനം സ്വീകരിച്ചപ്പോഴും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്റെ ഓഫീസിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ സൃഗാല തന്ത്രങ്ങള്‍ മിനഞ്ഞപ്പോഴും ബഹു.ജ.കെ.
ജി.ബാലകൃഷ്ണന്റെ നീതിബോധത്തെ കുറിച്ച് ചെറിയ സംശയമേ ഉണ്ടായിരുന്നുള്ളൂ.രാജാ വിവാദ
ത്തോടെ എല്ലാം വ്യക്തമായി.അല്പം ബാക്കി ഉണ്ടായിരുന്നത് ജഡ്ജിമാര്‍ സ്വത്തു വിവരം വെളിപ്പെടുത്തുന്നതിനോടു കാണിച്ച നിഷേധ നിലപാടിനെ പറ്റി ആയിരുന്നു.ഇന്നു പുറത്തു വന്ന വാ
ര്‍ത്തയോടെ അതും "ശുദ്ധക്കണ്ണാടിക്കാന്തി"യോടെ വെളിവായി.ഏതാനും നാള്‍ മുമ്പ് വരെ ഒരു തു
ണ്ടു ഭൂമി പോലും സ്വന്തമായില്ലാതിരുന്ന,ഇദ്ദേഹത്തിന്റെ മരുമകന്‍ തൃശൂരും കൊച്ചിയിലും പരിസര
പ്രദേശങ്ങളിലുമായി കോടികള്‍ വിലയുള്ള വസ്തുക്കളും കെട്ടിടങ്ങളും ഈയിടെ വാങ്ങിക്കൂട്ടിയ
തിന്റെ സചിത്ര വിവരണങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

നീതിമാന്റെയും സത്യസന്ധന്റെയും മുഖം മൂടി അഴിഞ്ഞു വീണപ്പോഴാണ് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ ഓര്‍മ്മ വന്നത്.മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്റെ വേഷം അവരുടെ അടുക്കല്‍ എത്താന്‍ പറ്റിയ ഉപാധിയുമായി.ഒറ്റ ദിവസം കൊണ്ട് സകല ദുരിതങ്ങളും ബോദ്ധ്യമായി സ്ഥലം വിടുകയും ചെയ്തു.കീടങ്ങളെ നശിപ്പിക്കാനും അധിക വിളവ് കിട്ടാനും ഉത്തമമാണ് എന്‍ഡോസള്‍ഫാന്‍ എന്നേ ഇതുവരെ കേട്ടിരുന്നുള്ളു.ജാള്യം മറയ്ക്കാനും എന്‍ഡോസള്‍ഫാന്‍ വിഷയം ഉപകരിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കണ്ടു പിടിച്ചിരിക്കുന്നു.പക്ഷേ ഒരു കീടനാശിനിക്കും സുഗന്ധ ലേപനത്തിനും മറയ്ക്കാനോ മായ്ക്കാനോ കഴിയാത്ത വിധം എന്തൊക്കയോ ചീഞ്ഞു നാറുന്നുണ്ടെന്ന് സാധാരണക്കാര്‍ തിരിച്ചറിഞ്ഞിരിക്കു
ന്നു.രാജ്യത്തെ പരമോന്നത നീതി പീഠം അലങ്കരിച്ചിരുന്ന കനക വിഗ്രഹം കാക്കപ്പൊന്നു കൊണ്ടു തീര്‍ത്തതായിരുന്നു എന്ന് മനസ്സിലാകുമ്പോള്‍ ആരും ഞെട്ടിപ്പോകും.അതിനേക്കാള്‍ ഞെട്ടലുണ്ടാ
കുന്നത് ആ കാചവിഗ്രഹത്തെ തന്നെയാണല്ലോ അല്പം കൂടി മനുഷ്യപ്പറ്റു വേണ്ടുന്ന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ പീഠത്തില്‍ പ്രതിഷ്ഠിച്ചത് എന്ന് ഓര്‍ക്കുമ്പോഴാണ്.

Fans on the page

Tuesday, December 14, 2010

കുറ്റക്കാരെ ശിക്ഷിച്ചാല്‍ മാത്രം പോരാകുറ്റക്കാരെ കണ്ടു പിടിക്കുന്നതും ശിക്ഷിക്കുന്നതും നിസ്സാര കാര്യമല്ല.അതുപോലെ തന്നെ പ്രധാനമാണ് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ ശ്രമിച്ചു വിജയിച്ചവരെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുക
യും ചെയ്യുക എന്നത്.അത് ഭരണകൂടത്തിന്റെ ചുമതലയാണ്.

കോളിളക്കം സൃഷ്ടിച്ച പല കേസ്സുകള്‍ക്കും തുമ്പുണ്ടാക്കുകയും കുറ്റവാളികളെ വേഗത്തില്‍ വലയിലാ
ക്കുകയും ചെയ്ത സമര്‍ത്ഥനായ പോലീസ് ഓഫീസറാണ് സിബി മത്യൂസ്.കാലാകാലങ്ങളില്‍ മാറി മാറി വരുന്ന ഭരണാധികാരികളുടെ കാലുനക്കി സ്ഥാനങ്ങള്‍ നേടുന്ന സാധാരണ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് വ്യത്യസ്തനാണ് അദ്ദേഹം. "ഊതുമ്പോള്‍ അങ്ങോട്ടും ഉറിഞ്ചുമ്പോള്‍ ഇങ്ങോട്ടും" എന്ന പതിവു പോലീസ് ശൈലി തനിക്ക് അന്യമാണ് എന്ന് ഇതുവരെയുള്ള അദ്ദേഹത്തുന്റെ ഔദ്യോഗിക ജീവിതം നിരീക്ഷിക്കുന്ന ആര്‍ക്കും ബോദ്ധ്യമാകും.രാഷ്ട്രീയ ഭേമില്ലാതെ ഭരണാധികാരികളും പൊതുജനങ്ങളും ഈ ഐപി എസ് ഉദ്യോഗസ്ഥനെ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും അതുകൊണ്ടു തന്നെ.

കാര്യപ്രാപ്തിയും ചുമതലാബോധവുമുള്ള ഇത്തരക്കാരോട്, അഴിമതിക്കാരും ആസനം താങ്ങികളുമായ സമതസ്തികക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അസൂയയും പകയും തോന്നുക സ്വാഭാവികമാണ്.
പക്ഷേ ജനസമ്മതിയും സ്വാധീനവും ഉള്ള സിബി മാത്യൂസിനെപ്പോലുള്ള ഒരാളെ നേരായ മാര്‍ഗ്ഗത്തില്‍ തോല്പിക്കാനോ ക്ഷീണിപ്പിക്കാനോ അവര്‍ക്കു സാധിക്കില്ല.അതുകൊണ്ട് ചതിക്കുഴികള്‍ തീര്‍ത്തും ഒളിയമ്പുകള്‍ എയ്തും അദ്ദേഹ ത്തെ വീഴ്ത്താന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.അദ്ദേഹത്തെ അഴിമതിക്കാരനായി ചിത്രീകരിച്ച് വിജിലന്‍സ് കേസില്‍ കുടുക്കാന്‍ ചിലര്‍ നോക്കി.

ഇതുവരെ രണ്ട് കള്ളക്കേസുകളുണ്ടായി. വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ രണ്ടും കോടതി തള്ളിക്കളഞ്ഞു.ഔദ്യോഗിക മര്യാദയുടെയും മാന്യതയുടെയും പേരില്‍ ആരോടും പരാതി പറയുകയോ പരസ്യമായി പ്രതികരിക്കുകയോ ചെയ്യാതിരുന്ന അദ്ദേഹം ഇപ്പോള്‍ മൗനം ഭഞ്ജിച്ചിരിക്കുന്നു.മൂന്നാ
മത്തെ കേസ് പ്രതീക്ഷിച്ചിരിക്കുകയാണ് താനെന്നാണ് സിബി മാത്യൂസ് പറയുന്നത്. രണ്ട് കേസുകളും തന്റെ ഔദ്യോഗിക ജീവിതത്തിലെ പ്രധാന മാറ്റങ്ങളുണ്ടാകുന്ന അവസരത്തിലാണ് ആവിര്‍ഭവിച്ചതെ
ന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു.ഡി.ജി.പി. പ്രൊമോഷനുള്ള ലിസ്റ്റില്‍ പേരു വന്നപ്പോഴാണ് രണ്ടാമത്തെ കേസ് കോടതിയില്‍ എത്തിയത്.

ഡി.ജി.പി. സിബി മാത്യൂസിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് വിജിലന്‍സ് കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയത് ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥനായ ടി.ഒ.സൂരജും ഐ.പി.എസ് ലഭിച്ച കെ.കെ.ജോഷ്വയുമാണെന്ന് വ്യക്തമായിരിക്കുകയാണ്. തന്നെ അഴിമതി കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്കെതിരെ സിബി മാത്യൂസ് ഉന്നതകേന്ദ്രങ്ങള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടത്രെ .

കോഴിക്കോട് കളക്ടറായിരുന്നപ്പോഴും പിന്നീട് വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടറായിരുന്ന
പ്പോഴുമുണ്ടായ ചില കേസുകളില്‍ റ്റി.ഒ.സൂരജ് കുറ്റക്കാരനാണെന്ന് സര്‍ക്കാരിലേക്ക് വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.വിജിലന്‍സ് അമുക്കി വച്ചിരുന്ന ഈ കേസ് സിബി മാത്യൂസ് വിജിലന്‍സ് ഡയറക്ടറായിരുന്നപ്പോഴാണ് അന്വേഷിച്ചതും നടപടി സ്വീകരിച്ചതും.ഔദ്യോഗിക കൃത്യനിര്‍വ്വഹണ
ത്തിന്റെ ഭാഗമായി കൈക്കൊണ്ട നടപടികളാണ് ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ശത്രുതയ്ക്ക് കാരണം.

തനിക്കെതിരെ വ്യാജ കേസുണ്ടാക്കാന്‍ ശ്രമിച്ച ജോഷ്വയ്ക്കെതിരെ ഡി.ജി.പി. ജേക്കബ് പുന്നൂസിന് രേഖാമൂലം തന്നെ സിബി മാത്യൂസ് പരാതി നല്‍കിയിട്ടുണ്ട്. ഉന്നതങ്ങളില്‍ നിന്ന് പലതവണ നിര്‍ബ
ന്ധമുണ്ടായ ശേഷമാണ് പരാതി നല്‍കാന്‍ തന്നെ അദ്ദേഹം തയ്യാറായതു പോലും. എന്നാല്‍ ആറു മാസമായിട്ടും ഉന്നതോദ്യോഗസ്ഥന്മാര്‍ ഇതിന്മേല്‍ അടയിരിക്കുകയാണ്. ഗൂഢാലോചന തന്റെ മനോവീര്യം കെടുത്തുകയാണെന്ന് സിബി മാത്യൂസ് പരാതിപ്പെടുന്നു.അഴിമതി ഇല്ലാതാക്കാന്‍ സര്‍വീ
സിലുടനീളം ശ്രമിച്ച തനിക്ക് ഇതാണ് അനുഭവമെങ്കില്‍ മറ്റുള്ളവരുടേത് എന്തായിരിക്കുമെന്ന ഉത്കണ്ഠ അദ്ദേഹത്തിനുണ്ട്.കുറ്റവാളികള്‍ക്ക് പ്രൊമോഷനും അവരെ പിടിച്ചവര്‍ക്ക് അവഗണനയും ഭീഷണിയും പതിവാകുന്ന സ്ഥിതിയ്ക്ക് അദ്ദേഹത്തിന്റെ ഉത്കണ്ഠ അസ്ഥാനത്താണെന്നു പറഞ്ഞുകൂടാ.

നീതി നിഷ്ഠനും നിഷ്പക്ഷമതിയും പ്രഗത്ഭനും ആയ ഒരുദ്യോഗസ്ഥനെ അഴിമതിക്കാരും അപ്രാപ്തരും അ
വസരവാദികളും പാദസേവകരുമായ ചില ഉദ്യോഗസ്ഥ ഗുണ്ടകള്‍ വേട്ടയാടുമ്പോള്‍ അധികാരിവര്‍ഗ്ഗം പുലര്‍ത്തുന്ന നിഷ്ക്രിയത്വവും നിസ്സംഗതയും യഥാര്‍ത്ഥത്തില്‍ ഗുണ്ടകളെ സഹായിക്കുന്നതിനു തുല്യമാണ്.വഹിക്കുന്ന സ്ഥാനത്തോട് പൂര്‍ണ്ണ ഉത്തരവാദിത്തം കാട്ടുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന നീക്കങ്ങള്‍ ചെറുക്കേണ്ട കടമ സര്‍ക്കാരിനുണ്ട്.സംസ്ഥാനത്തിന്റെ പുരോഗതിയും നന്മയും കാംക്ഷിക്കുന്ന ഏതൊരു ഭരണകൂടവും അതില്‍ അലംഭാവം കാട്ടില്ല.

അധികാര സ്ഥാനങ്ങളില്‍ നിന്നും അര്‍ഹിക്കുന്ന പിന്തുണ കിട്ടിയാലും ഇല്ലെങ്കിലും, സമാധാനവും അഴിമതിയില്ലാത്ത പൊതു ജീവിതവും കാര്യക്ഷമമായ പോലീസ് സംവിധാനവും നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്ന സാധാരണ ജനങ്ങളുടെ എല്ലാവിധ പിന്തുണയും സഹായവും സിബി മാത്യൂസിന് ഉണ്ടാകുക തന്നെ ചെയ്യും.സത്യ സന്ധനായ അദ്ദേഹത്തോട് നേരിട്ട് എതിര്‍ക്കാന്‍ കഴിവും തന്റേടവും ധാര്‍മ്മിക ബലവും ഇല്ലാത്ത സൂരജിനെ പ്പോലുള്ളവര്‍, ആണും പെണ്ണും കെട്ട ചിലരെ വാടകയ്ക്ക് എടുത്തു നടത്തുന്ന പ്രച്ഛന്ന നാടകം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറായി
ല്ലെങ്കില്‍ പൊതു ജനം അതിനു മുന്നിട്ടിറങ്ങേണ്ടി വരും.
Fans on the page

Sunday, December 5, 2010

അഴിഞ്ഞാട്ടം...അവതാരകരുടെയും ജഡ്ജിമാരുടെയുംപൈങ്കിളി സീരിയലുകളെ വെല്ലുന്ന റിയാലിറ്റി ഷോകള്‍ കൊണ്ടു സമ്പന്നമാണ് മലയാളം ചാനലുകള്‍.കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ വഴിതെറ്റിക്കുന്ന റിയാലിറ്റി ഷോകള്‍ നിരന്തരം പെരുകി കൊണ്ടിരിക്കുന്നു.പകര്‍ച്ച വ്യാധി പോലെ അതു ചാനലില്‍ നിന്നു ചാനലിലേക്കും വിഷയങ്ങ
ളില്‍ നിന്നു വിഷയങ്ങളിലേക്കും വ്യാപിക്കുകയാണ്.കാണികള്‍ ഏറുന്നതിനാനുസരിച്ച് അവതാരകരുടെ
യും വിധി കര്‍ത്താക്കളുടെയും അഴിഞ്ഞാട്ടവും കൂടുന്നുണ്ട്.ഏഷ്യാനെറ്റിലെ ഐഡിയാ സ്റ്റാര്‍ സിംഗറിന്റെ അവതാരക ഒന്നാംതരം ഉദാഹരണമാണ്.ആ അവതാരകയുടെ വേഷവും ഭാവവും പ്രകടനങ്ങളും കൊ
ഞ്ഞ "മലയാല"വും ചൈനീസ് ഇംഗ്ലീഷും ആരെയും നാണിപ്പിക്കാന്‍ പോരുന്നതാണ്. ആവശ്യത്തിലേ
റെ പ്രാധാന്യം കൊടുത്ത് ചാനല്‍ പ്രമാണിമാര്‍ അപക്വമതിയായ ആ പെണ്‍കുട്ടിയെ ഒരുതരം മിഥ്യാ
ലോകത്തില്‍ എത്തിച്ചിരിക്കുന്നു;ഒരു പറ്റം കാണികളെയും.

ഇതേ റിയാലിറ്റിഷോയുടെ ഒരു സ്ഥിരം വിധികര്‍ത്താവാകട്ടെ അവതാരകയെ വെല്ലുന്ന പ്രകടനമാണ് നടത്തുന്നത്.നാട്ടിന്‍‍ പുറത്തു നിന്നെത്തുന്ന പല മത്സരാര്‍ത്ഥികളെയും ഒരു തരം റാഗിങ്ങിലൂടെയാണ് ഇദ്ദേഹം നേരേയാക്കി എടുക്കുന്നത്. യുഗ്മ ഗാനങ്ങള്‍ വല്ലപാടും പാടി(അല്ല; അഭിനയിച്ച്) തീര്‍ക്കുന്ന കുട്ടികളോട് "ഒന്നൂടെ അടുത്തു നിന്നേ,കെട്ടിപ്പിടിച്ച് പാടിക്കേ"എന്നെല്ലാം പറഞ്ഞ് ആഭാസകരമായ രംഗം ആവ്രര്‍ത്തിപ്പിച്ച് രസിക്കുക ഇദ്ദേഹത്തിന്റെ പതിവാണ്.താന്‍ അവതാരകനും സംവിധായക
നുമായുള്ള "സരിഗമ" എന്ന പരിപാടിയിലും ഇത്തരം തറവേലകള്‍ ഇദ്ദേഹം കാട്ടാറുണ്ട്.ഗായകരും അഭിനേതാക്കളുമായ ആണ്‍ പെണ്‍ ജോഡികളോട് സംഗീത സംബന്ധമായ ചോദ്യങ്ങള്‍ ചോദിക്കു
ന്നതിനിടയില്‍ അശ്ലീലം കലര്‍ന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളും വിവാഹ ദല്ലാള്‍ പണിയും ഇദ്ദേഹം നടത്തും.ഇഷ്ടമില്ലാത്തവരെ തെറി പറയാനും പര ദൂഷണത്തിനും "സരിഗമ"യുടെ വേദി ഉപയോഗി
ക്കപ്പെടുന്നുണ്ട്.

അമൃത റ്റി.വിയിലെ "സൂപ്പര്‍ ഡാന്‍സര്‍ "സൂപ്പര്‍ ഡാന്‍സര്‍(ജൂനിയര്‍)" പരിപാടിയില്‍ അസാമാന്യ വൈഭവം പ്രകടിപ്പിക്കുന്ന കുരുന്നുകളെ കാണാന്‍ കഴിയും.പലപ്പോഴും തുമ്പിയെ കൊണ്ടു കല്ലെടുപ്പിക്കുന്നതുപോലെ തോന്നുന്ന പരിപാടിയില്‍ വിധികര്‍ത്താവായെത്തുന്ന ഒരു നാട്യപ്രവീണയുടെ വേഷം കെട്ടല്‍ സകല സീമകളും കടക്കുന്നു.ആഭാസകരമായ വേഷം ധരിച്ചുള്ള ഇവരുടെ വാര്‍ദ്ധക്യം ബാധിച്ച ശരീര പ്രദര്‍ശനം തെറ്റായ സന്ദേശം പിഞ്ചു മനസ്സില്‍ പതിപ്പിക്കും.നല്ല നര്‍ത്തകിയായ ഇവരെ ആരാധനയോടെ കാണുന്ന ഇളം തലമുറ "മാമി"നെ അനുകരിക്കാനുള്ള സാദ്ധ്യത ഏറെയാണ്.

റിയാലിറ്റി ഷോകളില്‍ എന്തുകൊണ്ടും വേറിട്ടു നില്‍ക്കുന്നതാണ് കൈരളിയിലെ "മാമ്പഴം" എന്ന പരി
പാടി.ഈ കാവ്യാലാപന മത്സരത്തില്‍ പക്ഷേ വില്ലന്‍ വേഷം കെട്ടുന്നത് വിധികര്‍ത്താക്കളും പരസ്യ
വുമാണ്.ഇതു മാമ്പഴമല്ല "പരസ്യപ്പഴ"മാണ് എന്ന് ആളുകള്‍ പറയാന്‍ തുടങ്ങുമാറ് ഔചിത്യമില്ലാത്തവ
ണ്ണമാണ് പരിപാടിയെ വിഴുങ്ങുന്ന പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.വിധികര്‍ത്താക്കളായും അതിഥി
കളായും എത്തുന്ന "മഹാകവി"കളുടെ പാണ്ഡിത്യ പ്രകടനമാണ് ഈ നല്ല പരിപാടിയുടെ ശോഭ കെടു
ത്തുന്ന പ്രധാന ഘടകം.മത്സരാര്‍ത്ഥികള്‍ ഭംഗിയായി ചൊല്ലിയ കവിതകള്‍ വികലമായി ആവര്‍ത്തി
ച്ചും കവിതയെ പറ്റി പണ്ടു പഠിച്ചതും പഠിപ്പിച്ചതുമായ സകലതും വിളമ്പി കാണികളുടെയും മത്സരാര്‍ത്ഥി
കളുടെയും ക്ഷമ പരീക്ഷിക്കുന്നു ഇവര്‍.

മനുഷ്യമനസ്സുകളെ മലിനപ്പെടുത്തുന്ന റിയാലിറ്റി ഷോകളെയും അഴിഞ്ഞാടുന്ന അവതാരകരെയും അ
തിരു കടക്കുന്ന വിധികര്‍ത്താക്കളെയും ഒഴിവാക്കിയില്ലെങ്കില്‍ ദൃശ്യ മാദ്ധ്യമങ്ങളെ തന്നെ കാണികള്‍ തിരസ്ക്കരിച്ചു പോകും.Fans on the page

Tuesday, November 23, 2010

മുന്‍ വി.സി ഹബീബ് മുഹമ്മദ്കേരള സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ ശ്രീ.പി.എസ്.ഹബീബ് മുഹമ്മദ് അടുത്തിടെ അന്തരിച്ചു.
ഒരു കാലത്ത് സര്‍വ്വകലാശാലയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും ഒരു പോലെ ശോഭിച്ച അദ്ദേഹത്തിന്റെ മരണം മാദ്ധ്യമങ്ങള്‍ക്ക് പ്രധാനപ്പെട്ട വാര്‍ത്ത ആയില്ല.ലൈം ലൈറ്റില്‍ നിന്നു മാറിയാല്‍ അവഗണിക്കപ്പെടുന്ന അനുഭവം സിനിമാക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാത്രമല്ല പ്രഗത്ഭരായ മറ്റുള്ളവര്‍ക്കും ബാധകമാണെന്ന് ഒന്നു
കൂടി വ്യക്തമായി.സിനിമാക്കാരെയും രാഷ്ട്രീയക്കാരെയും,ജീവിച്ചിരിക്കുമ്പോള്‍ അവഗണിച്ചാലും അവരുടെ മരണം ആഘോഷമാക്കി മാറ്റാന്‍ ചാനലുകളും അച്ചടി മാദ്ധ്യമങ്ങളും ശ്രദ്ധിക്കാറുണ്ട്.അത്തരം മരണാനന്തര ഭാഗ്യം പോലും ഈ മുന്‍ വൈസ്ചാന്‍സലര്‍ക്കു കിട്ടിയില്ല.അടൂര്‍ പങ്കജം മുതല്‍ എ.അയ്യപ്പന്‍ വരെയുള്ള
വരുടെ മൃതശരീരത്തിനു പിന്നാലെ, ആദരിക്കാന്‍ ആചാര വെടിയുമായി നടന്ന വിദ്യാഭ്യാസ മന്ത്രി,താന്‍ പ്രോ ചാന്‍സലറായഒരു സര്‍വ്വകലാശാലയിലെ മുന്‍ വൈസ്ചാന്‍സലര്‍ ആയിരുന്ന ഹബീബ് മുഹമ്മദിനെ ഒരു പൊട്ടാസുപൊട്ടിച്ചു പോലും ആദരിച്ചതായി കേട്ടില്ല.

സമര കലുഷിതമായ ഒരു കാലഘട്ടത്തില്‍ കേരള സര്‍വ്വകലാശാലയെ നയിച്ച വൈസ്ചാന്‍സലര്‍ ആയിരുന്നു ശ്രീ.ഹബീബ് മുഹമ്മദ്.വിദ്യാഭ്യാസ വിചക്ഷണരായി അറിയപ്പെട്ടിട്ടുള്ളവര്‍ മാത്രമിരുന്ന വൈസ് ചാന്‍സലറുടെ കസേരയില്‍ ഒരു ഐ .എ എസ്സുകാരന്‍ അവരോധിക്കപ്പെടുന്നത് കേരള സര്‍വ്വകലാശാലയില്‍ ആദ്യമായിരുന്നു. അതുകൊണ്ടു തന്നെ അക്കാഡമീഷ്യന്‍സിന്റെ ഇടയില്‍ നിന്നും മുറുമുറുപ്പ് ഉയര്‍ന്നു.ആദ്യത്തെ പത്രസമ്മേളനത്തിലോ വിദ്യാര്ത്ഥികളുമായി നടത്തിയ അഭിമുഖത്തിലോ മറ്റോ അദ്ദേഹം, "കേരള സര്‍വ്വകലാശാല കണ്ടതില്‍ വച്ച് ഏറ്റവും സംസ്ക്കാരശൂന്യനായ വൈസ് ചാന്‍സലറായിരിക്കും ഞാന്‍" എന്നു പറഞ്ഞതോടെ അപവാദ,പരിഹാസ പ്രചരണങ്ങള്‍ക്ക് ആക്കം കൂടി.

പല സന്ദര്‍ഭങ്ങളിലും ഈ"ശൂന്യ"ഭീഷണി അദ്ദേഹം ആവര്‍ത്തിക്കാറുണ്ടായിരുന്നെങ്കിലും സംസ്കാര സമ്പന്നരെന്നു ഖ്യാതിപ്പെട്ട അക്കാഡമിഷ്യന്മാരില്‍ പലരെക്കാളും മാന്യമായിട്ടായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്.വള്ളത്തോള്‍, നാടന്‍ കൃഷിക്കാരെപ്പറ്റി പറഞ്ഞതു പോലെ,ഒരുമാതിരി നാളികേരപ്പാകം.പുറമേ പരുക്കനെന്നു തോന്നുമെങ്കിലും അകമേ സന്മനസ്സും സഹൃദയത്വവും.
കേരളത്തിലെ ഒരു നാട്ടിന്‍ പുറത്ത് ജനിച്ച അദ്ദേഹം അങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.കോളെജ് അദ്ധ്യാപകനായിരിക്കേ ഐ.എ.എസ് ലഭിച്ച ഹബീബ് മുഹമ്മദ് ഒറീസാ ചീഫ് സെക്രട്ടറിയായിരിക്കുമ്പോഴാണ് കേരള സര്‍വ്വകലാശാലയില്‍ വി.സി ആയി നിയമിക്ക
പ്പെട്ടത്.കുറേ നാള്‍ റബ്ബര്‍ബോഡ് ചെയര്‍മാനുമായിരുന്നു.വളരെക്കാലം കേരളത്തിനു പുറത്തായിരുന്നെങ്കിലും കേരളീയന്റെ മനശ്ശാസ്ത്രം നല്ല വശമായിരുന്നു.വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ച ഐ.എ.എസ്സു കാരുടെ ജനുസ്സില്‍ പെടാത്തതാകാം കാരണം.

ആദ്യം വിദ്യാര്‍ത്ഥികളുമായി ഉടക്കിയതു പോലെ അദ്ധ്യാപകരുമായും അനദ്ധ്യാപകരുമായി അദ്ദേഹം കൊമ്പു കോര്‍ക്കുകയുണ്ടായി.അതെല്ലാം യൂണിവേഴ്സിറ്റിയുടെ നന്മയ്ക്കു വേണ്ടി ആയിരുന്നു.ആരോടും വ്യക്തിപരമയ പാരുഷ്യമോ പകപോക്കലോ അതിനുപിന്നില്‍ ഉണ്ടായിരുന്നില്ല.അതുവരെ വി.സി വിളിച്ചു കൂട്ടുന്ന വകുപ്പദ്ധ്യക്ഷന്മാരുടെ യോഗങ്ങള്‍ വെറും വഴിപാടായിരുന്നു.പതിവു രീതി അവലംബിച്ച പഠന വകുപ്പു തലവന്മാര്‍ ഒറ്റ യോഗത്തോടെ നേര്‍ വഴിയിലായി.ആരെയും ശിക്ഷിക്കാതെ തന്നെ ഓഫീസ് പ്രവര്‍ത്തനം കാര്യ്ക്ഷമമാക്കുവാനും അദ്ദേഹത്തിനു സാധിച്ചു.പുതിയ പ്രൊ-വൈസ് ചാന്‍സലറും പ്രീഡിഗ്രി ബോഡ് വിരുദ്ധ സമരവും വന്നതോടെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞെങ്കിലും വളരെ വേഗം പൂര്‍വ്വസ്ഥിതി വീണ്ടെടുക്കാന്‍ കഴിഞ്ഞത് വൈസ് ചാന്‍സലറുടെ മിടുക്കു കൊണ്ടാണ്.സര്‍ക്കാര്‍,സര്‍വ്വകലാശാലാ നിയമങ്ങള്‍ ശരിക്ക് അറിയാവുന്നതിനാല്‍ കാലതാമസം കൂടാതെ തീരുമാനം എടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.സ്ഥാപിത താല്പര്യങ്ങള്‍
ഇല്ലാതിരുന്നതും ഭരണം സുഗമ മാക്കാന്‍ സഹായകമായി.

സിന്‍ഡിക്കേറ്റിന്റെ അമിതാധികാര പ്രവണതയ്ക്കു തടയിടാന്‍ കഴിഞ്ഞതാണ് ഹബീബ് മുഹമ്മദിന്റെ ഭരണ കാലത്തെ ഏറ്റവും വലിയ നേട്ടം.(പിന്നീടു വന്ന റബ്ബര്‍ നട്ടെല്ലുള്ള പല വി.സി മാരും അതു കളഞ്ഞുകുളിച്ചു എന്നതു വേറെ കാര്യം)അദ്ദേഹത്തിനു മുമ്പും പിമ്പും സര്‍വ്വകലശാല തങ്ങളുടെ കുടുംബ സ്വത്താണെന്നു ഭാവിച്ചു നടന്നിരുന്ന പല സിന്‍ഡിക്കേറ്റംഗങ്ങളും അന്ന് വളരെ മര്യാദ നാരായണന്മാരായിട്ടാണ് പെരുമാറിയത്.

ജീവനക്കാരുടെ പ്രശ്നങ്ങളെ ചൊല്ലി പലപ്പോഴും വൈസ് ചാന്‍സലറുമായി ഇടയേണ്ടി വന്നിട്ടുണ്ട്.പക്ഷേ അതിന്റെ പേരില്‍ പകയും വിദ്വേഷവും അദ്ദേഹം വച്ചു പുലര്‍ത്തിയിരുന്നില്ല.വി.സിയുടെ കാലാവധി കഴിഞ്ഞ് ഒറീസയിലേക്കു തിരികെ പോയ അദ്ദേഹത്തെ പിന്നീടു ഒന്നു രണ്ടു തവണ കണ്ടപ്പോള്‍ അതു ശരിക്കും ബോദ്ധ്യമായി.

അപ്രതീക്ഷിതമായിട്ടല്ലെങ്കിലും പൊലിഞ്ഞു പോയ ആ കര്‍മ്മ കുശലന്റെ സ്മരണയ്ക്കു മുമ്പില്‍ ആദരാഞ്ജലികള്‍.

Fans on the page

Sunday, November 14, 2010

സഖാവേ!ഇതു വളരെ ചീപ്പായിപ്പോയിപിണറായി വിജയന് അപകീര്‍ത്തികരമായ ഇ മെയില്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ മൊയ്തു എന്നയാളെ പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നു.ഐ.റ്റി.ആക്റ്റിലെ ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ച്, മൂന്നു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്താവുന്ന കുറ്റമാണത്രെ ശ്രീ.മൊയ്തു ചെയ്തിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ജാള്യം മറ
യ്ക്കാന്‍ പിണറായി നടത്തുന്ന പ്രസ്താവനകളായി "സന്ദേശം" സിനിമയിലെ ശങ്കരാടിയുടെ ഡയലോഗു
കള്‍ ഫോര്‍വേഡ് ചെയ്തതിന്റെ പേരിലാണ് മൊയ്തു അറസ്റ്റിലായത്.ആരോ അയച്ച മെയില്‍ ഫോര്‍വേ
ഡ് ചെയ്യുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂ എന്നാണ് പ്രതിയുടെ ഭാഷ്യം.

മുമ്പ് മറ്റാരുടെയോ മണിമന്ദിരത്തിന്റെ ഫോട്ടോ സ.പിണറായി വിജയന്റെ വീട് ആണെന്നു പറഞ്ഞ് നെറ്റില്‍ പ്രചരിപ്പിച്ച ചിലരെ സ. പിണറായിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇതുപോലെ അറ
സ്റ്റു ചെയ്തിരുന്നു.അപകീര്‍ത്തിപ്പെടുത്തുവാന്‍ ഉദ്ദേശിച്ചു നടത്തിയ അസത്യ പ്രചാരകരെ നിയമത്തിന്റെ പിടിയില്‍ വരുത്തിയതില്‍ ഭൂരിഭാഗം ജനങ്ങളും സന്തോഷിച്ചു.സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന വ
ര്‍ക്കും ചെയ്യാന്‍ ഒരുങ്ങുന്നവര്‍ക്കും അതൊരു താക്കീതും മുന്നറിയിപ്പും ആയിരുന്നു.വ്യക്തിപരം എന്നതി
നപ്പുറം സാമൂഹിക പ്രസക്തിയുള്ള സംഭവമായി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും അതിനെ വിലയിരു
ത്തി.

പക്ഷേ തന്നെ കളിയാക്കി പ്രചരിക്കുന്ന മെയിലിന്റെ പേരില്‍ പരാതിയും കേസുമായി പോയത് വെറും അല്പത്തമായിപ്പോയി.സ.പിണറായിയെ പോലെ ദീര്‍ഘകാല പ്രവര്‍ത്തന ചരിത്രമുള്ള ഒരു രാഷ്ട്രീയ നേതാവ് ഇത്തരം ചെറിയ കര്യങ്ങളില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് മോശമാണ്.വൈതാളികരും വന്ദികളും അടങ്ങുന്ന ഉപജാപക സംഘങ്ങള്‍ അല്ലാതെ മറ്റാരും ഇത് സല്പ്രവൃത്തിയാണെന്ന് വാ
ഴ്ത്തുകയില്ല.വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഒക്കെ അതീതനാണ് താന്‍ എന്ന് ഒരു പൊതു പ്രവര്‍ത്തകന്‍ കരുതുന്നത് ആശാസ്യമല്ല.

ഹിന്ദുദൈവങ്ങളെ ആക്ഷേപിക്കുന്നു എന്നാരോപിച്ച് "ചിത്രകാര"നെതിരെ കേസ്സുകൊടുത്ത ഒരു ബാലി
ശബുദ്ധിയായ ബ്ലോഗറെപ്പോലെയും നായന്മാരെ അപമാനിക്കുന്നതില്‍ രോഷം പൂണ്ട് പരാതി നല്‍കി വേറൊരു ബ്ലോഗ് പൂട്ടിച്ച എന്‍.എസ്.എസ് പ്രസിഡന്റിനെപ്പോലെയും സി.പി.എം സെക്രട്ടറി പെരുമാ
റുന്നത് ശരിയോ?വ്യക്തിപരമായ നേട്ടത്തിനോ പരിഹാസ പരിഹാരത്തിനോ ആയിരുന്നില്ല പരാതിയു
മായി സൈബര്‍ സെല്ലിനെ സമീപിച്ചതെന്ന ന്യായീകരണമെങ്കിലും മേല്പറഞ്ഞ രണ്ടു പേര്‍ക്കും പറയാ
നുണ്ടാകും.

മുലകുടി മാറാത്ത കുട്ടികള്‍ മുതല്‍ മദ്ധ്യവയസ്കര്‍ വരെ മിമിക്രിക്കു വിഷയമാക്കിക്കൊണ്ടിരിക്കുന്ന സ്വന്തം
പാര്‍ട്ടിക്കാരനായ മുഖ്യമന്ത്രി സ. വി.എസ്.അച്യുതാനന്ദനെ ഇക്കാര്യത്തില്‍ മാതൃകയാക്കുകയാണ് നല്ലത്.അതിന് സ.പിണറായിക്ക് വൈമനസ്യവും ചമ്മലുമുണ്ടെങ്കില്‍ അദ്ദേഹത്തിനും മുമ്പ് മുഖ്യമന്ത്രി
യായിരുന്ന സ.ഇ.കെ.നായനാരെ മാതൃകയാക്കാം.


Fans on the page

Friday, November 5, 2010

*വിജയം


നാട്ടുകാര്‍ക്ക് ഉപകാരമുള്ള
നല്ല കാര്യങ്ങള്‍ ഒരുപാടു ഞാന്‍ ചെയ്തു;
പക്ഷേ അവര്‍ക്കതു മനസ്സിലായില്ല.
നന്നാകാനുള്ള
നാനാതരം ഉപദേശങ്ങള്‍
പല വട്ടം
പല മട്ടില്‍ പറഞ്ഞു;
അതും അവര്‍ ഗ്രഹിച്ചില്ല.
തലോടാന്‍ പൊക്കിയ എന്റെ
വലതു കൈ അവര്‍ അരിഞ്ഞു വീഴ്ത്തി;
ഓടാനൊരുങ്ങിയ എന്റെ കാലു രണ്ടും
അടിച്ചൊടിച്ചു.
താഴെ വീണു തല പൊട്ടിയപ്പോള്‍
കഴുത്തിലും വയറ്റിലും കുത്തി.
(കത്തിയുടാകൃതി എന്തെന്നോര്‍മ്മയില്ല)
എങ്കിലും ആശുപത്രിയിലെ
ഭാരമളക്കുന്ന ഉപകരണത്തില്‍ നോക്കിയപ്പോള്‍
എന്റെ തൂക്കം മുമ്പത്തെക്കാള്‍
രണ്ടു ശതമാനം കൂടിയിരിക്കുന്നു!!

..................................
*സമീപ കാല രാഷ്ട്രീയ സംഭവ വികാസങ്ങളുമായി ഈ കവിതയ്ക്ക് യാതൊരു ബന്ധവുമില്ല.ആര്‍ക്കെങ്കിലും അങ്ങനെ തോന്നുന്നെങ്കില്‍ കവി ഉത്തരവാദിയല്ല.


Fans on the page

Saturday, October 30, 2010

സുപ്രീം കോടതിയുടെ പുതിയ നിയമപുസ്തകംഇന്ത്യന്‍ ഭരണഘടനയും പീനല്‍ കോഡും മറ്റ് അംഗീകൃത നിയമ സംഹിതകളും ആധാരമാക്കിയാണ് നമ്മുടെ നീതിന്യായ കോടതികള്‍ വിധി പ്രസ്താവിക്കുന്നതെന്നാണ് ഇതുവരെ ധരിച്ചിരുന്നത്.എന്നാല്‍ കഴിഞ്ഞദിവസം പുറത്തുവന്ന ഒരു സുപ്രീം കോടതി വിധി ഈ ധാരണയെ അപ്പാടെ തകിടം മറിച്ചിരിക്കുന്നു. എല്ലാ നിയമ പുസ്തകങ്ങളെയും വെല്ലുന്ന ഇമ്മിണി ബല്യ പുസ്തകം ഇന്ത്യാ മഹാരാജ്യത്ത് നിലവിലുണ്ടത്രെ.സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ പ്രോസ്പക്റ്റസ് ആണ് ഈ അലംഘനീയവും വിശുദ്ധവുമായ നിയമ പ്രമാണം.

സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് 22.5 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി വാങ്ങുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അവര്‍ക്ക് അനുകൂലമായുണ്ടായ സിംഗിള്‍ ബഞ്ച് വിധി, ഡിവിഷന്‍ ബഞ്ച് അസ്ഥിരപ്പെടുത്തി.അതിനെതി
രെ കുട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ സ്വാശ്രയ മാനേജ്മെന്റിന് അനുകൂലമായ വിധിയാണ് ഉണ്ടാ
യിരിക്കുന്നത്.22.5 ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റി വേണമെന്ന് കോളേജുകളുടെ പ്രോസ്പെക്റ്റസ്സില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ അത് അനുസരിക്കണം എന്നാണ് പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ്."ഗാരന്റി വാങ്ങണമെന്ന് പ്രോസ്പെക്റ്റസ്സില്‍ വ്യവസ്ഥയുണ്ടെങ്കില്‍ ഞങ്ങള്‍ എങ്ങനെ ഇടപെടും?"എന്നാണത്രേ ബഹു.ജസ്റ്റിസുമാരായ സുദര്‍ശന്‍ റെഡ്ഢിയും
എസ്.എസ്.നിജ്ജറുമടങ്ങുന്ന സുപ്രീംകോടതി ബഞ്ച് ചോദിച്ചത്.

മെഡിക്കല്‍ പ്രവേശനത്തിന് തങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മിനിമം മാര്‍ക്ക് ഇല്ലാത്തതിന്റെ പേരില്‍ മറ്റുചില സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഏതാനും വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദു ചെയ്ത മെഡിക്കല്‍ കൗണ്‍സിലിന്റെ നടപടിക്കെതിരെ മാനേജ്മെന്റ് നല്‍കിയ ഹര്‍ജിയില്‍ മാനേജ്മെന്റിനും വിദ്യാര്‍ത്ഥികള്‍ക്കും അനുകൂലമായ വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ജഡ്ജിമാരും ആധാരമാക്കിയത് ആ കോളേജുകളുടെ പ്രൊസ്പക്റ്റസ്സിലെ വ്യവസ്ഥകളായിരുന്നു.

സാധാരണ നിയമ പുസ്തകങ്ങളെ അവലംബിച്ച് ഹൈക്കോടതി ജഡ്ജി പുറപ്പെടുവിച്ച ഉത്തരവു റദ്ദു ചെയ്യാം.ആരോഗ്യ വിദ്യാഭ്യാസത്തെ കുറിച്ച് ആധികാരികമായി പറയാന്‍ അര്‍ഹതയുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ നിയമാവലി തള്ളിക്കളയാം.പക്ഷേ സ്വാശ്രയ കോളെജ് മാനേജ്മെന്റ് തയ്യാറാക്കിയ പ്രോസ്പക്റ്റസിലെ വ്യവസ്ഥകള്‍ക്കെതിരെ ശബ്ദിക്കാന്‍ സുപ്രീം കോടതിയ്ക്ക് അധികാരമില്ല!ഇന്ത്യന്‍ നിയമ വ്യവസ്ഥകള്‍ക്കും ഭരണഘടനയ്ക്കും ഒക്കെ മുകളില്‍ അലംഘനീയവും അതിവിശുദ്ധവും ആയി പരിലസിക്കുന്ന ഈ പുത്തന്‍ നിയമ പ്രമാണത്തനു മുമ്പില്‍ നമുക്കും കുമ്പിടാം!ഇനി മേല്‍ ന്യായാ
ധിപന്മാരുടെ
സത്യപ്രതിജ്ഞ, ഈ വിശുദ്ധ രേഖ തൊട്ട് ആകുമോ എന്നേ കാണേണ്ടതുള്ളു !!!Fans on the page

Tuesday, October 26, 2010

അയ്യപ്പന്‍ പറയുമായിരുന്നത്"എടാ ശിശൂ(ബേബി എന്ന് സംസ്കൃതം)
"മൊബൈല്‍ മോര്‍ച്ചറിയ്ക്കെത്ര?"
"നാലായിരം"
"ഹാള്‍ വാടക?"
"അതു സര്‍ക്കാര്‍ വക.നമുക്ക് വാടക വേണ്ട."
"അപ്പന്റെ വഹയല്ലല്ലോ ഹാള്‍?"
"അല്ല"
"അപ്പോള്‍ വാടക പറയെട ..മോനേ"
"പതിനായിരം"
"ശവഘോഷയാത്രയ്ക്കും
ആചാര വെടിയ്ക്കും
അനുബന്ധ വ്യവസായങ്ങള്‍ക്കും കൂടി?"
"അതെല്ലാം സര്‍ക്കാര്‍ ചെലവാ."
"പിന്നേം ദാ...
എന്നെക്കൊണ്ട് മറുഭാഷ പറയിപ്പിക്കരുത്."
"കണക്കു കൂട്ടണം"
"അതിനു നിനക്കു കണക്കറിയുമോ?"
"ചോംസ്കിയ്ക്കും കണക്ക്..."
"കണക്കില്ലാതെ ചെലവാക്കാന്‍
കണക്കറിയേണ്ടന്നാകും.
തൊണ്ട നനയ്ക്കാനിത്തിരി വാങ്ങാന്‍
തെരുവില്‍ ഞാന്‍ അലഞ്ഞു നടന്നപ്പോള്‍
കണാത്ത മട്ടില്‍ ഒഴിഞ്ഞു മാറിയ
നിന്റെയും നിന്റെ സര്‍ക്കാരിന്റെയും
മരണാനന്തര സല്‍ക്കാരം
എനിക്കു ബോധിച്ചു.
കൂ കൂ കൂ കൂ.........."

Fans on the page

Wednesday, October 20, 2010

ആചാരങ്ങളും ആചാരവെടിയുംയഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരനും കറ പുരളാത്ത പൊതു ജീവിതത്തിന്റെ ഉടമയുമായിരുന്ന കെ.വി.സുരേന്ദ്രനാഥി(ആശാന്‍)ന്റെ ശവസംസ്കാരത്തിന് ആചാര വെടി തുടങ്ങിയ സര്‍ക്കാര്‍ ചടങ്ങുകള്‍ ഉണ്ടായില്ല എന്ന് അദ്ദേഹ
ത്തിന്റെ അനന്തിരവന്റെ ഭാര്യ ശ്രീമതി ശ്രീലതാ പിള്ള അനുസ്മരിക്കുന്നു(വാരാന്ത്യ കൗമുദി)അവര്‍ പറഞ്ഞ
തു പോലെ സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളൊന്നുമില്ലാതെ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യയാത്ര.
ആദര്‍ശ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും മാതൃക ആയിരുന്ന ആശാന് ഔദ്യോഗിക അന്ത്യോപചാരം ലഭിക്കാ
തെ പോയത് സര്‍ക്കാര്‍ വക ഔദ്യോഗിക സ്ഥാനങ്ങള്‍ ഒന്നും വഹിക്കാതിരുന്നതു കൊണ്ടാകാമെന്നാണ് കരുതി
യതെങ്കിലും നാലു പേരറിയുന്ന സകലര്‍ക്കും പിന്നീട് അത്തരം ചടങ്ങുകള്‍ സര്‍ക്കാര്‍ വഹിക്കുന്നതാണ്കണ്ടത്
എന്ന് അല്പം കുണ്ഠിതത്തോടെ അവര്‍ പറയുന്നു.

ആശാനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വലിയൊരു ജനാവലി അദ്ദേഹ
ത്തിന്റെ അന്ത്യയാത്രയ്ക്കു സാക്ഷിയായപ്പോള്‍ ആചാര വെടിയും ബാന്റു മേളവും തീര്‍ത്തും അപ്രസക്തവും അസംഗതവും ആയി.മാത്രമല്ല സ്ഥാനമാനങ്ങളോട് എന്നും മുഖം തിരിഞ്ഞു നിന്നിട്ടുള്ള അദ്ദേഹത്തിന് ജനങ്ങളു
ടെ ബാഷ്പാഞ്ജലിയേക്കാള്‍ വലിയ അന്ത്യോപചാരം ലഭിക്കാനില്ല.അത് വേണ്ടുവോളം ഉണ്ടാവുകയും ചെ
യ്തു.പക്ഷേ ശ്രീലത ചൂണ്ടിക്കാട്ടിയ ഔദ്യോഗിക ബഹുമതിയുടെ കാര്യം പ്രത്യേകം പരാമര്‍ശം അര്‍ഹിക്കു ന്നു.

മുമ്പൊക്കെ മന്ത്രിമാര്‍ക്കും ഗവര്‍ണ്ണര്‍മാര്‍ക്കും ഔദ്യോഗിക വമ്പന്മാര്‍ക്കും വീര ജവാന്മാര്‍ക്കും മറ്റും മാത്രം കിട്ടുന്ന അപൂര്‍വ്വ ബഹുമതിയായിരുന്നു ഔദ്യോഗിക ചടങ്ങുകളോടെയുള്ള ശവസംസ്കാരം.അതിന് സര്‍ക്കാര്‍
ചില മുന്‍ഗണനാക്രമവും നിശ്ചയിച്ചിട്ടുണ്ടായിരുന്നു.ഇപ്പോള്‍ അവയെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.സര്‍ക്കാര്‍
അനുകൂലികള്‍ക്കും മന്ത്രിസില്‍ബന്തികള്‍ക്കും യാതൊരു വകതിരിവും ഇല്ലാതെ ആചാരവെടി ഉള്‍പ്പെടെയുള്ള സംസ്ഥാന ബഹുമതി അന്ത്യ യാത്രാമൊഴിക്കു ലഭിക്കുക പതിവായിരിക്കുന്നു.സിനിമയുടെ ഏഴയലത്തു കൂടെ പോയ ആര്‍ക്കും(തിലകനും വിനയനും ഒഴികെ) കക്ഷിരാഷ്ട്രീയം കണക്കാക്കാതെ ഇക്കാര്യത്തില്‍ പരിഗണന ലഭിക്കും എന്നത് എടുത്തു പറയേണ്ടതാണ്.

ആശാനെപ്പൊലുള്ള ഒരു നിസ്വാര്‍ത്ഥ ജനസേവകന് ഇത്തരം ആചാരവെടികളുടെ അകമ്പടിയില്ലാതെ മണ്ണടിയാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ മനസ്സിന്റെ നേരു കൊണ്ടാണ്.ഏത് ഏഴാം കൂലിക്കും കിട്ടുന്ന'സംസ്ഥാന ബഹുമതി'ആശാനു ലഭിക്കാഞ്ഞതോര്‍ത്ത് അദ്ദേഹത്തിന്റെ അനുയായികളും ശ്രീലതയും അഭിമാനിക്കുകയാണു വേണ്ടത്.

മൂലധന മൂല്യങ്ങളില്‍ ഭ്രമിക്കുന്നവര്‍ക്ക് ആചാരങ്ങളും ചടങ്ങുകളും ഒഴിച്ചുകൂടാനാകാത്ത സംഗതികളായിത്തീരു
ക സ്വാഭാവികമാണ്.അധികാരത്തിന്റെ ആചാരവെടികളും ആര്‍ഭാടത്തിന്റെ താലപ്പൊലികളും ഇവരെ പുള
കം കൊള്ളിക്കുന്നുണ്ടാകും.മുന്‍പേ നടന്ന ത്യാഗധനരായ നേതാക്കളെയും പ്രത്യയശാസ്ത്ര വിലക്കുകളെയും വിസ്മരിച്ചുകൊണ്ട് മുതലാളിത്ത ധൂര്‍ത്തില്‍ അഭിരമിക്കാനാണ് ഇക്കൂട്ടര്‍ക്ക് താല്പര്യം.പാര്‍ട്ടി നേതാവിന്റെ
യും ആഭ്യന്തര മന്ത്രിയുടെയും മക്കളുടെ ആര്‍ഭാട പൂര്‍ണ്ണമായ വിവാഹങ്ങള്‍ അതിന് ഒന്നാന്തരം ദൃഷ്ടാന്തങ്ങ
ളാണ്. കണ്ടകടച്ചാണികളുടെ ശവദാഹത്തിന് ആചാര വെടി വയ്ക്കാനുള്ള ഔത്സുക്യവും ഈ മനോഭാവത്തി
ന്റെ മറ്റൊരു വകഭേദമാണ്.

കല്യാണമായാലും മരണമായാലും ആര്‍ഭാടപൂര്‍ണ്ണമാക്കുവാനാണ് മിക്കവര്‍ക്കും താല്പര്യം.സമൂഹത്തിനു മാതൃ
കയാകേണ്ടവര്‍ തന്നെ അനാചാരങ്ങളുടെയും ആഡംബരത്തിന്റെയും പ്രകടനപരതയുടെയും പിറകെ പോകുന്ന
കാഴ്ചയാണ് ഇന്ന് കേരളത്തിലെവിടെയും കാണുന്നത്.നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടെന്നു കരുതിയിരുന്ന മാരക രോ
ഗങ്ങള്‍ പതിന്മടങ്ങു ശക്തിയോടെ തിരിച്ചു വരു‍ന്നതു പോലെ മണ്മറഞ്ഞെന്നു വിശ്വസിച്ചിരുന്ന ദുരാചാരങ്ങള്‍ ഒന്നൊന്നായി വീണ്ടും തലപൊക്കി കൊണ്ടിരിക്കുന്നു.തിരണ്ടു കുളിയും പുലകുളിയും പുളികുടിയും വരെ
തിരിച്ചു വന്നുകൊണ്ടിരിക്കുന്നു.

തന്റെ മാതാവു മരിച്ചു കിടന്നപ്പോള്‍ പതിവു കര്‍മ്മങ്ങള്‍ ചെയ്യാന്‍ വിസമ്മതിക്കുകയും മൃതശരീരത്തിലേക്ക് ഒരുപിടി പൂവു മാത്രം ഇട്ട് വന്ദിച്ച് അനാചാര ലംഘനം നടത്തുകയും ചെയ്ത ആളാണ് മന്നത്തു പത്മനാഭന്‍.
സഞ്ചയനം, പതിനാറടിയന്തിരം തുടങ്ങിയ ചടങ്ങുകളെയും ധീരമായി എതിര്‍ത്ത അദ്ദേഹം സ്ഥാപിച്ച എന്‍.
എസ്.എസ്, ഇപ്പോള്‍ നായര്‍ സമുദായാംഗങ്ങളുടെ മരണാനന്തര ചടങ്ങുകള്‍ കൊഴുപ്പിക്കാന്‍ പ്രത്യേക ആചാ
ര ഗ്രന്ഥങ്ങള്‍ പോലും പുറത്തിറക്കിയിരിക്കുന്നു.

ശവം ദഹിപ്പിക്കുന്നതോ കുഴിച്ചിടുന്നതോ നല്ലതെന്ന് ഒരു ഭക്തന്‍ ചോദിച്ചപ്പോള്‍,"ചക്കിലിട്ടാട്ടി വളമായി കൃഷി
ക്കുപയോഗിക്കുകയാണു നല്ലത്"എന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ അനുയായികള്‍ സ്വന്തക്കാരുടെ അന്ത്യ
കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് പാട്ടു പാടിയാണ്.മറ്റ് അനാചാരങ്ങളും ആര്‍ഭാടങ്ങളും വേറേ.

തികഞ്ഞ ഈശ്വര വിശ്വാസിയും ഭാരതീയ തത്ത്വചിന്തയില്‍ നിഷ്ണാതനും ആയിരുന്ന മഹാകവി കുമാരനാശാന്‍ പോലും,
"ഓരോന്നിങ്ങനെയൂഹമോ നിഗമമോ ലാക്കാക്കിയോതാം ചിലര്‍-
ക്കാരോതുന്നിതു തത്ത്വം;എങ്ങനെയൊരാള്‍ കാണുന്നിതങ്ങേപ്പുറം;
നേരോ പ്രേത കഥാപ്രസക്തി പൊളിയോ മസ്തിഷ്ക്ക വൈകല്യമോ
വേരോടങ്ങു കരിഞ്ഞു പോയ തരുവിന്‍ ഛായയ്ക്കു നില്‍ക്കാവതോ?"

എന്നു സന്ദേഹിക്കുമ്പോഴാണ് പുരോഗമനവാദികളെന്നു നടിക്കുന്നവര്‍ മരണാനന്തര ചടങ്ങുകള്‍ അനാചാര സമ്പന്നമാക്കാന്‍ നോക്കുന്നത്.എന്തൊരു പുരോഗമനം!!


Fans on the page

Saturday, October 2, 2010

ഭക്ത കമ്യൂണിസ്റ്റുകള്‍"കമ്യൂണിസ്റ്റുകാര്‍ക്ക് നേതാവ് കൊമ്പനാനയല്ല.നേതാവിനെ ബിംബമായി പ്രതിഷ്ഠിച്ച് ആരാധന നടത്തില്ല.വിഗ്രഹഭഞ്ജകരാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍." "ഒളിവിലെ ഓര്‍മ്മകള്‍ക്കു ശേഷ"ത്തില്‍ തോപ്പില്‍ ഭാസി കമ്മ്യൂണിസ്റ്റു പാര്‍ട്ടികളിലെ യുവതലമുറയെ ഓര്‍മ്മിപ്പിക്കുന്നു.നേതാക്കളെ ആരാധി
ക്കുന്നതിനെതിരെ ആണ് സൂചനയെങ്കിലും കമ്യൂണിസ്റ്റുകാര്‍ വിഗ്രഹ ഭഞ്ജകരാണെന്ന് വ്യക്തമാക്കാന്‍ കൂടി ഈ ഒര്‍മ്മപ്പെടുത്തല്‍ ലക്ഷ്യമിടുന്നുണ്ട്.

തോപ്പില്‍ ഭാസിയുടെ ഈ ഗ്രന്ഥം പുറത്തു വരുന്നത് 1993 ലാണ്.അന്നത്തെ യുവ കമ്യൂണിസ്റ്റുകളില്‍
ഇപ്പോഴത്തെ കേരള ഭക്ഷ്യമന്ത്രി സി.ദിവാകരനും ഉള്‍പ്പെട്ടിരിന്നിരിക്കണം. എന്നാല്‍ ഇന്ന് "യുവ"വൃ
ത്തത്തിനു പുറത്തു കടന്നതു കൊണ്ടാകാം; അദ്ദേഹം വിഗ്രഹ ഭഞ്ജക വേഷം മാറ്റി വിഗ്രഹാരാധക
നെക്കാള്‍ ഹീനമായ ആള്‍ദൈവ ഭക്തന്റെ വേഷം അണിഞ്ഞിരിരിക്കുന്നു.

കഴിഞ്ഞ ദിവസം അദ്ദേഹം അമൃതാനന്ദമയിയുടെ കാല്ക്കല്‍ കുമ്പിട്ട് അനുഗ്രഹം വാങ്ങുന്ന രംഗം എല്ലാ
ചാനലുകളും കാണിച്ചിരുന്നു.കമ്യൂണിസത്തിന്റെ ബാലപാഠങ്ങളോടെങ്കിലും പ്രതിബദ്ധതയുള്ള ഒരുവ
നും ഇത്തരം ആള്‍ദൈവ പൂജയ്ക്കു തുനിയുമായിരുന്നില്ല.ഉമ്മന്‍ ചാണ്ടി,കെ.വി.തോമസ്,കെ.സി.വേണു
ഗോപാല്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും ഒരു കേന്ദ്ര സഹമന്ത്രിയും എല്ലാം അവരുടെ കാല്‍ക്ക
ല്‍ വീഴുകയും ആലിംഗനസുഖം അനുഭവിക്കുകയും ചെയ്തവരില്‍ പെടും.രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും
മുന്‍ മന്ത്രിമാരും ആയ അവര്‍ക്കാകാമെങ്കില്‍ അമൃതാനന്ദമയിയുടെ കൊട്ടാരം സ്ഥിതി ചെയ്യുന്ന മണ്ഡല
ത്തിലെ ജനപ്രതിനിധി കൂടിയായ സ.ദിവാകരന് "അമ്മ"യുടെ പാദസേവ പാടില്ലേ എന്ന് ചോദിച്ചേ
ക്കാം.പാടില്ല എന്നു തന്നെയാണ് ഖണ്ഡിതമായ ഉത്തരം.

എന്തുകൊണ്ട്?

1. ഒരു കമ്യൂണിസ്റ്റു ജനപ്രതിനിധി ജനങ്ങളുടെ ദാസനാണ്;ആള്‍ദൈവത്തിന്റെയോ മൂലധനത്തിന്റെ
യോ അല്ല. ആള്‍ ദൈവങ്ങളുള്‍പ്പടെയുള്ള ഒരുതരം ദൈവത്തിന്റെയും ആരാധന കമ്യൂണിസ്റ്റ് അജണ്ട
യിലില്ല.തന്നെ വോട്ടു ചെയ്ത് അധികാരത്തലേറ്റിയ ജനസഹസ്രങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും
അവഹേളിക്കുന്ന ഇത്തരം നടപടി കമ്യൂണിസ്റ്റുകാരനല്ലാത്ത ജനപ്രതിനിധിക്കു പോലും ചേര്‍ന്നതല്ല.
ആരാധകരും പബ്ലിസിറ്റി മാനേജര്‍മാരും കൂടി പ്രചരിപ്പിക്കുന്ന ആള്‍ദൈവത്തിന്റെ അത്ഭുത ശക്തിയില്‍ വിശ്വസിച്ചു പല സ്ഥലങ്ങളില്‍ നിന്നു വന്നു തമ്പടിച്ചിരിക്കുന്ന ആള്‍ക്കൂട്ടം കണ്ട് അതെല്ലാം വോട്ടാ
ക്കാം എന്നു കരുതിയണോ ഈ അമ്മപ്രീണനം?അതോ വ്യാജ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടെങ്കില്‍ പാവപ്പെട്ട 'കണ്ട്രി'കളുടെ സഹായമില്ലതെ അടുത്ത പ്രാവശ്യം ജയിച്ചു കളയാം എന്നാണോ?തിരുവന
ന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സ.പി.കെ വാസുദേവന്‍ നായരെ തോല്പി
ക്കുവാന്‍ "അമ്മ"ആളും അര്‍ത്ഥവും അനുഗ്രഹവും നല്‍കി വിട്ട അരുമ "പുത്രന്‍"ഒ.രാജഗോപാല്‍ തോറ്റു തുന്നം പാടിയത് മറ്റാരു മറന്നാലും സ.സി. ദിവാകരന്‍ മറക്കാമോ?ഇവരുടെ അനുഗ്രഹത്തിന്റെ
യും ആശീര്‍വ്വാദത്തിന്റെയും ശക്തി അന്ന് നേരിട്ട് കണ്ടതല്ലേ?

2.എല്ലാത്തരം ചൂഷണങ്ങളില്‍ നിന്നും മുക്തമായ ഒരു സാമൂഹിക ക്രമമാണ് കമ്യൂണിസത്തിന്റെ പ്രഖ്യാ
പിത ലക്ഷ്യങ്ങളില്‍ പ്രധാനം.അമൃതാനന്ദമയി ആത്മീയവും ഭൗതികവുമായ സര്‍വ്വവിധ ചൂഷണങ്ങളു
ടെയും അമ്മയാണ് .ആശ്രമമെന്ന് അവരും ആരാധകരും വിശേഷിപ്പിക്കുന്ന പഞ്ചനക്ഷത്ര സങ്കേതം,
കള്ളപ്പണത്തിന്റെയും കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളുടെയും വിളനില
മാണെന്ന് ആക്ഷേപമുണ്ട്.തൊട്ടടുത്തു സുനാമി അടിച്ച് നിരവധി മനുഷ്യരും ജന്തു ജാലങ്ങളും ഒലിച്ചു പോകുമെന്നു മുന്‍ കൂട്ടി അറിയാന്‍ പോലും കഴിയാഞ്ഞ അവര്‍ ദൈവമാണെന്നു പറഞ്ഞ് ആളെ കൂട്ടു
ന്നത് തട്ടിപ്പാണ്.ആത്മീയ ചൂഷണത്തിന്റെ ഒന്നാം തരം ഉദാഹരണമാണ്.

3.ഇവരുടെ പേരില്‍ നടത്തപ്പെടുന്ന മെഡിക്കല്‍കോളേജ് അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും വലിയ ചൂഷണ കേന്ദ്രങ്ങളാണ്.എം.ബി.ബി.എസ്സ് അഡ്മിഷനു നാല്പതും അമ്പതും ലക്ഷമാണ് കോഴയെങ്കില്‍ പി.ജിയ്ക്ക് ഒരു കോടിയാണ് നിരക്ക്.മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന നേഴ്സുകള്‍ക്കും ഡോക്റ്റര്‍മാ
രല്ലാത്ത മറ്റു ജീവനക്കാര്‍ക്കും തുച്ഛ മായ വേതനം മാത്രമാണ് നല്‍കുന്നത്.സ്കൂളുകളിലാണെങ്കില്‍ ആറാ
യിരത്തിനു ഒപ്പിടീപ്പിച്ചിട്ട് നാലായിരവും, പതിനായിരത്തിന് പതിപ്പിച്ചിട്ട് ആറായിരവുമാണ് അദ്ധ്യാപ
കര്‍ക്കു നല്‍കുന്നത്.പാവപ്പെട്ട തൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും രോഗികളെയും ചൂഷണം ചെ
യ്ത് കൂടി സമ്പത്തു കുന്നു കൂട്ടുന്ന ഈ മുതലാളിത്ത ജീര്‍ണ്ണതയുടെ മുമ്പില്‍ കുമ്പിടുന്നതില്‍ പരം തരം താ
ണ പ്രവൃത്തി ഒരു കമ്യൂണിസ്റ്റുകാരനോ സോ കാള്‍ഡ് കമ്യൂണിസ്റ്റിനോ ചെയ്യാനുണ്ടോ?

4.വരുമാനത്തിന്റെ ഉറവിടം വെളിപ്പെടുത്താതെയും നികുതി വെട്ടിച്ചും സര്‍ക്കാരിനെ കബളിപ്പിക്കു
കയും ചിലപ്പോഴൊക്കെ സമാന്തര സര്‍ക്കാരെ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആള്‍ദൈവ സങ്കേതത്തില്‍ ഒരു മന്ത്രി പോകുകയും അവരുടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്യുന്നത് സത്യപ്ര
തിജ്ഞാ ലംഘനമാണ്.ദൈവ നാമത്തില്‍ അല്ലാതെ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയാകുമ്പോള്‍ വിശേ
ഷിച്ചും.ചാരിറ്റബിള്‍ സൊസൈറ്റി ആയി രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണെങ്കില്‍ നികുതിയിളവു പോ
ലുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നല്ലാതെ വരുമാനത്തിന്റെ സ്രോതസ് വെളിപ്പെടുത്താതിരി
ക്കാനുള്ള അവകാശം അത്തരം സ്ഥാപനങ്ങള്‍ക്ക് നിയമം അനുവദിക്കുന്നില്ല.പണത്തിന്റെ ഉറവിടം ഇന്നേവരെ അമൃതാനന്ദ മയിയോ അവരുടെ സ്ഥാപനമോ വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല വരുമാന
ത്തിന്റെ സ്രോതസ്സു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എഴുതുകയും പ്രസംഗിക്കുകയും ചെയ്ത ഡോ.സു
കുമാര്‍ അഴീക്കോടിന്റെ വീടാക്രമിക്കാന്‍ അനുയായികളെ അയച്ച 'ദൈവ'മാണ് ഇവര്‍.ആ ഗുണ്ടാപ്പടയെ നയിച്ചത് ഇപ്പോഴത്തെ സംസ്ഥാന ബി.ജെ.പി.അദ്ധ്യക്ഷന്‍ ആയിരുന്നു.അതില്‍ നിന്ന് അവരുടെ "വിശാല മാതൃവാത്സല്യം" എങ്ങോട്ടണെന്നു വ്യക്തമാണ്.ഒരു പാര്‍ട്ടിയിലും അംഗമല്ലാത്ത അഴീക്കോ
ടിനോട് സഹതാപം തോന്നേണ്ട ബാദ്ധ്യത സ.ദിവാകരന് ഇല്ല. പക്ഷേ സ്വന്തം നേതാവിനെ തോല്പി
ക്കാന്‍ മറ്റൊരു ബി.ജെ.പി നേതാവിന് എല്ലാ സഹായവും ഈ ദൈവം ചെയ്തു കൊടുത്തത് അദ്ദേഹം മറക്കാന്‍ പാടുണ്ടോ?

5.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സുനാമി ബാധിതര്‍ക്ക് വീടു വയ്ക്കാന്‍ നൂറു കോടി രൂപ അമൃതാനന്ദമ
യി വാഗ്ദാനം ചെയ്തിരുന്നു.ഈ ഭീമമായ സംഖ്യ എവിടെ നിന്നു കിട്ടി എന്നു ചോദിക്കുക പോലും ചെയ്യാ
തെ അന്നത്തെ സര്‍ക്കാര്‍ ആ വാഗ്ദാനം സ്വീകരിച്ചു.ഒടുവില്‍ "അമ്മ" തന്നെ വീടു വച്ചു നല്‍കാം എന്നാ
യി.ആ വീടുകള്‍ക്ക് എന്തു സംഭവിച്ചു എന്ന് വ്യക്തമായി ഇപ്പോഴത്തെ ഉത്തരവാദപ്പെട്ട മന്ത്രിയായ സ.
സി.ദിവാകരന്‍ അറിയാതിരിക്കില്ല.കൊട്ടിഘോഷിച്ച് അറിയിച്ച ആ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഗു
ണഫലം എത്ര സുനാമി ബാധിതര്‍ക്കു കിട്ടി എന്നു ധര്‍മ്മിഷ്ഠ വെളിപ്പെടുത്താത്തതെന്ത്?

സുനാമി വരുന്നതിനു മുമ്പു തീരദേശ നിര്‍ദ്ധനര്‍ക്ക് 500 വീടുകള്‍ ഈ ദാനശീല നിര്‍മ്മിച്ചു കൊടുത്തിന്റെ വിളംബരമുണ്ടായിരുന്നു.ആദ്യത്തെ സുനാമിത്തിരയില്‍ തന്നെ അഞ്ഞൂറു വീടുകളും നിലം പൊത്തിയ കാര്യം പക്ഷേ അധികമാരും അറിഞ്ഞില്ല.സ്വന്തം സഹോദരനായിരുന്നു ആ വീടുകളുടെ നിര്‍മ്മാണ കോണ്ട്രാക്റ്റ് ഏറ്റെടുത്തിരുന്നതെന്നുള്ളതും രഹസ്യമാണത്രേ.

സര്‍ക്കാര്‍ സമ്മതിച്ചാല്‍ കേരളത്തിലാകെ ശൗചാലയങ്ങള്‍(ബാത് റൂം എന്ന് വള്ളിക്കാവമ്മ മലയാ
ളം)നിര്‍മ്മിച്ചു നല്‍കാമെന്ന പുതിയ വാഗ്ദാനം അവര്‍ മുന്നോട്ടു വച്ചത് ബഹു.മന്ത്രിയുടെ സാന്നിദ്ധ്യത്തി
ലാണ് .എവിടെ നിന്നാണ് അതിനുള്ള പണം എന്ന് ചോദിക്കുവനുള്ള തന്റേടവും ആര്‍ജ്ജവവും ഈ സ
ര്‍ക്കാരെങ്കിലും കാണിക്കും എന്നു കരുതുന്നു.കൊച്ചിക്കാര്‍ കേരളത്തിനു വേണ്ടി ലേലം കൊണ്ട ഐ.
പി.എല്‍ ടീമിന്റെ വരുമാനത്തിന്റെ ഉറവിടം വെളിപ്പെടുത്തണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടിരി
ക്കുകയാണ്.സര്‍ക്കാര്‍ പ്രസ്ഥാനമല്ലാത്ത ബി.സി.സി.ഐ പോലും നൂറോ നൂറ്റമ്പതോ കോടി മുടക്കാന്‍
എവിടെ നിന്നുണ്ടായി എന്നു ഒരു ടീമിനോട് ചോദിക്കുന്നു.അപ്പോള്‍ ഒരു വ്യക്തിക്ക് ശതകോടികള്‍ എ
വിടെ നിന്ന് വന്നു എന്നു ചോദിക്കാനുള്ള നിയമപരവും ധാര്‍മ്മികവുമായ അവകാശവും കടമയും
സര്‍ക്കാരിനും മന്ത്രിക്കുമുണ്ട്.

പ്രകൃതി ദുരന്തം അനുഭവിക്കുന്ന പാക്കിസ്ഥാന് ദുരിതാശ്വാസമായി അഞ്ചുകോടി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചൊല്ലി എന്തെല്ലാം കോലാഹലങ്ങളാണ് പ്രതിപക്ഷ കക്ഷികള്‍ ഉണ്ടാക്കിയത്.
"അച്യുതാനന്ദന്റെ ഉപ്പുപ്പ വിചാരിച്ചാലും ഈ തുക പാക്കിസ്ഥാനു കൈമാറാന്‍ സാധിക്കില്ല"എന്നാണ്
ആര്‍. ബാലകൃഷ്ണ പിള്ള പറഞ്ഞത്.അപ്പോള്‍ 'റീത്ത',കത്രീന' കൊടുങ്കാറ്റുകള്‍ നാശം വിതച്ച അമേരി
ക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് നൂറു കോടിയുടെ സഹായം അമൃതാനന്ദമയി എത്തിച്ചത് എങ്ങനെയാണ്?
6.'നാണം കെട്ടും പണം നേടിക്കൊണ്ടാല്‍/നാണക്കേടപ്പണം തീര്‍ത്തു കൊള്ളും' എന്ന നാടന്‍ ചൊല്ല് വാസ്തവമാണെന്ന് ആള്‍ദൈവവും മക്കളും മനസ്സിലാക്കിയിട്ടുണ്ട്.ചൂഷണം ചെയ്തും അന്യായമായും അവി
ഹിതമായും സമ്പാദിച്ചതില്‍ ഒരു ഭാഗം ചെലവാക്കി പബ്ലിസിറ്റി സ്റ്റണ്ടും കാരുണ്യ പ്രവര്‍ത്തന ഗിമ്മി
ക്കുകളും കാട്ടി മാന്യത നേടാനും പാപം കഴുകിക്കളയാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതൊക്കെ.സമൂ
ഹത്തില്‍ വിലയും നിലയുമുള്ളവരുടെ സൗഹൃദവും ശിഷ്യത്വവും സംഘടിപ്പിച്ച് ആത്മീയ വ്യവസായം കൊഴുപ്പിക്കുവാന്‍ എന്തു വേണമെങ്കിലും ഇവരെപ്പോലുള്ള കാപട്യമൂര്‍ത്തികള്‍ ചെയ്യും.പാവപ്പെട്ട പെ
ണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുന്നു;സാധുക്കള്‍ക്കു വീടു വച്ചു കൊടുക്കുന്നു;സ്ത്രീകള്‍ക്ക് ത
യ്യല്‍ മെഷീന്‍ നല്‍കുന്നു.അങ്ങനെ എന്തെല്ലാം കാരുണ്യ പ്രവര്‍ത്തനങ്ങള്‍!മണിച്ചനും ദ്രവ്യനും ദാവൂദ് ഇബ്രാഹിമും ഇതെല്ലാം ചെയ്യുന്നുണ്ട്.പക്ഷേ അവരാരും അമ്പതാം പിറന്നാള്‍ അതിവിപുലമായി ആ
ഘോഷിച്ചിട്ടില്ല.ഇന്ത്യയില്‍ നടപ്പുള്ളത് ഷഷ്ടിപൂര്‍ത്തിയും സപ്തതിയും നവതിയും ശതാഭിഷേകവുമാണ്.
ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങളെ പരിഹസിച്ചു കൊണ്ട്"ഫിഫ്റ്റിപൂര്‍ത്തി" എന്ന കവിത എഴുതിയ ചെമ്മ
നം ചാക്കോയേ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് "ഫിഫ്റ്റി പൂര്‍ത്തി" ആഘോഷിച്ച ഏക ആള്‍ ദൈ
വം അമൃതാനന്ദമയി ആയിരിക്കും.ആ ഫിഫ്റ്റിപൂര്‍ത്തിക്ക് ചെലവഴിച്ചതിന്റെ പത്തിലൊരംശം പോലും
ആയിക്കാണില്ല സമൂഹ വിവാഹങ്ങള്‍ക്കെല്ലാം കൂടി.അതില്‍ നിന്നു തന്നെ ആ കാരുണ്യപ്രവര്‍ത്തന
ത്തിന്റെ പിന്നിലെ കാപട്യവും ദുഷ്ടലാക്കും വ്യക്തല്ലേ?

സ. സി.ദിവാകരന്‍ മന്ത്രി മാത്രമല്ല.എ.ഐ റ്റി.യു.സി എന്ന തൊഴിലാളി സംഘടനയുടെ നേതാവു കൂടി
യാണ്.തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള ഒരു വലിയ വിഭാഗം ജനങ്ങളെ ചൂഷണം ചെയ്യുകയും കബളിപ്പി
ക്കുകയും ചെയ്യുന്ന സാമൂഹത്തിലെ ഇത്തിള്‍ക്കണ്ണികളായ ആള്‍ദൈവങ്ങള്‍ക്ക് മാന്യത കല്‍പ്പിക്കാന്‍
നടത്തുന്ന കൂത്തിലും ആട്ടത്തിലും അദ്ദേഹം ഭാഗഭാക്കാകുന്നത് ന്യായീകരിക്കാനാകില്ല.ഒരു തലമുറയുടെ യുക്തിബോധത്തിനും വിപ്ലവ ചിന്തകള്‍ക്കും ദിശാബോധം നല്കുകയും അന്ധവിശ്വാസത്തിനും അനാചാ
രങ്ങള്‍ക്കും എതിരെ നിരന്തരം അച്ചു നിരത്തുകയും ചെയ്ത "ജനയുഗം" വാരിക കൈകൊണ്ടു തൊട്ടതി
ന്റെ സംസ്കാരമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ആള്‍ദൈവവേഷം കെട്ടിയാടുന്ന ഒരു ഏഴാം കൂലിയുടെ മുമ്പില്‍ കുമ്പിടില്ലായിരുന്നു.കള്ളപ്പണത്തിന്റെയും വര്‍ഗ്ഗീയ വിഷത്തിന്റെയും ദുര്‍ഗ്ഗന്ധം പുരണ്ട അവ
രുടെ ആലിംഗനത്തില്‍ അമരാന്‍ നിന്നു കൊടുക്കില്ലായിരുന്നു.

രാമായണ വായനയുടെ ലക്ഷ്യം ഭക്തിക്കുപരി വര്‍ഗ്ഗീയത മുളപ്പിക്കലാണെന്ന് അര നൂറ്റാണ്ടിനു
മുമ്പേ മനസ്സിലാക്കി, രാമായണത്തിനു പകരം കുമാരനാശാന്റെയും വള്ളത്തോളിന്റെയും കാവ്യങ്ങള്‍
പാരായണം ചെയ്യിച്ചു പ്രതിരോധിച്ച സുഗതന്‍ സാറിന്റെ(സ. ആര്‍.സുഗതന്‍)പാരമ്പര്യത്തില്‍ അഭിമാ
നിക്കുന്നവര്‍ക്ക് എങ്ങനെയാണ് ഒരു അനാചാര കൂടാരത്തിന്റെ ആതിഥ്യം സ്വീകരിക്കാന്‍ കഴിയുക?
മുഖ്യമന്ത്രിക്കസേരയില്‍ നിന്നിറങ്ങിയപ്പോള്‍ ഒരു സ്യൂട്കേസില്‍ കൊള്ളാനുള്ള സാധന സാമഗ്രികള്‍ പോലുമില്ലാതെ തിരുവനന്തപുരത്തു നിന്നു തൃശൂരിനു വണ്ടി കയറിയ സ.അച്യുത മേനോന്റെ പിന്‍ഗാ
മികള്‍, ആര്‍ഭാടത്തിന്റെയും ആഘോഷത്തിന്റെയും അല്പത്തത്തിന്റെയും അപ്പോസ്തലര്‍ക്ക് ഹാലേലുയ്യ
പാടുന്നത് ,ഖേദകരമാണ്.അദ്ദേഹത്തെപ്പോലുള്ളവരെയും പാര്‍ട്ടിയെയും അപമാനിക്കലാണ്.Fans on the page

Sunday, September 26, 2010

ബേബി സൂപ്പര്‍ മുഖ്യമന്ത്രിയോ?അഴിമതി നടത്തിയെന്നു തെളിഞ്ഞതിന്റെ പേരില്‍ സസ്പന്റ് ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടും മോഹന്‍ എബ്രഹാമിനെ സസ്പ്ന്റു ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രിയ്ക്കു മടി.മുന്‍ വിഎച്ച്എസ്ഇ ഡയറക്ടര്‍ മോഹന്‍ എബ്രഹാമിനെതിരേ മൂന്നു വിജിലന്‍സ് കേസുകള്‍ നിലവിലുണ്ട്. വിഎച്ച്എസ്ഇ ഡയറക്ടര്‍ ആയിരിക്കെ വകുപ്പിനു വേണ്ടി കംപ്യൂട്ടറുകളും പാഠപുസ്തകങ്ങളും വാങ്ങിയ വകയില്‍ അഴിമതി നടത്തിയതിനും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനും അദ്ദേഹം കുറ്റക്കാരനാണെന്നു വിജിലന്‍സ് കണ്ടെത്തിയിരുന്നു.

തുടര്‍ന്നു മോഹന്‍ എബ്രഹാമിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടെങ്കിലും വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തില്ല. പിന്നീട് കോടതി ഇടപെട്ടപ്പോള്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രം ഡയറക്റ്ററായി മോഹന്‍ എബ്രഹാമിനെ സ്ഥലം മാറ്റുകയായിരുന്നു.ഇദ്ദേഹത്തെ സസ്പന്റ് ചെയ്യണമെന്ന് ആവശ്യപ്പെ
ട്ട് കഴിഞ്ഞ ദിവസം വീണ്ടും മുഖ്യമന്ത്രി നോട്ടു കൊടുത്തിട്ടും അനുസരിക്കാന്‍ വകുപ്പു മന്ത്രി കൂട്ടാക്കി
യില്ല.ഇതിനിടയ്ക്കാണ് തന്റെ കീഴിലുള്ള സിവില്‍ സര്‍വീസ് അക്കാഡമിയില്‍ വച്ച് ശത്രു ദോഷം മാറാന്‍ പൂജ നടത്തിക്കാന്‍ മോഹന്‍ എബ്രഹാം ചില കീഴ്ജീവനക്കരെ ചട്ടം കെട്ടിയത്.പൂജയും ഹോ
മവും നടത്തിയ വിവരം പുറത്തായിട്ടും സസ്പന്‍ഷന്‍ നടപ്പാക്കാന്‍ വകുപ്പു മന്ത്രി തയ്യാറായില്ല.പക
രം അവധിയില്‍ പ്രവേശിക്കുവാന്‍ ഉപദേശിക്കുകയാണു ചെയ്തത്.

അഴിമതിക്കാരനാണെന്നു തെളിഞ്ഞിട്ടും പുറത്താക്കണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും
ഇദ്ദേഹത്തെ സംരക്ഷിക്കാന്‍ വകുപ്പു മന്ത്രി കാണിക്കുന്ന അമിത താല്പര്യം പല സംശയങ്ങളും ഉയര്‍
ത്തുന്നു. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഏറ്റവും കഴിവുകെട്ട മന്ത്രിയ്ക്ക് മുഖ്യമന്ത്രിയെ ധിക്കരിക്കാനുള്ള
ധൈര്യം എങ്ങനെ ഉണ്ടായി?തൊട്ടതെല്ലാം അലമ്പാക്കിയ ഇദ്ദേഹം ആരുടെ ബലത്തിലാണ് സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നത്?പാര്‍ട്ടി നേതൃത്വത്തിന്റെ ഉറച്ച പിന്തുണയില്ലാതെ ഇത്രയ്ക്കു ധിക്കാരം
ഒരു ഏഴാം കൂലി മന്ത്രി കാണിക്കില്ല.

മോഹന്‍ എബ്രഹാം നടത്തിയ അഴിമതിയുടെ പങ്കു പറ്റിയിട്ടില്ലെങ്കില്‍ അദ്ദേഹത്തെ സംരക്ഷിക്കുവാന്‍ ഇത്രയധികം വ്യഗ്രത ബേബി കാട്ടുമായിരുന്നില്ല.ബേബിയുടെ തോന്ന്യാസങ്ങള്‍ വിലക്കാത്തിടത്തോളം
പാര്‍ട്ടിനേതൃത്വത്തിനും ഈ പാപത്തില്‍ പങ്കുണ്ടെന്നു വേണം അനുമാനിക്കാന്‍.ഭരണത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ഇടതുപക്ഷ മുന്നണിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്പിക്കും വിധം തന്‍ പ്രമാണിത്വവും കെടുകാര്യസ്തതയും ബേബി പ്രകടമാക്കിയതാണ്.ഘടക കക്ഷികള്‍ ഇടപെട്ടതു കൊണ്ടാ
ണ് ഒറ്റയ്ക്കുള്ള അരമന നിരക്കം പോലും അദ്ദേഹം അവസാനിപ്പിച്ചത്.അപ്പോഴും പാര്‍ട്ടി നേതൃത്വം
ഈ ബുദ്ധിജീവി നാട്യക്കാരനെ നിയന്ത്രിക്കാന്‍ തുനിഞ്ഞില്ല.മുഖ്യ മന്ത്രിയുടെ ചിരിയില്‍ പോലും കുറ്റം കണ്ടു പിടിക്കുകയും ഊരുവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്ത പാര്‍ട്ടി നേതൃത്വമാണ് ബേബിയുടെ അഴിഞ്ഞാട്ടം കണ്ടില്ലെന്നു നടിച്ചതെന്നു കൂടി ഓര്‍ക്കണം.

ആകാരത്തിനൊത്ത കഴിവും ബുദ്ധിയും ഉണ്ടാകുമെന്ന് ഒരുപക്ഷേ നേതൃത്വം തെറ്റിദ്ധരിച്ചതാകാം.അങ്ങ
നെയെങ്കില്‍ ധാരണ തെറ്റാണെന്നു മനസ്സിലായപ്പോഴെങ്കിലും അതു തിരുത്തേണ്ടതല്ലേ?അങ്ങനെ ചെയ്യാത്തിടത്തോളം അവര്‍ കൂടി അറിഞ്ഞു കൊണ്ടാണ് ഇതെല്ലാം അരങ്ങേറുന്നതെന്നേ കരുതാനാകൂ.
പണ്ടൊരിക്കല്‍ മുഖ്യമന്ത്രിക്കുപ്പായവും തയ്പിച്ച് ദില്ലിയില്‍ നിന്ന് ഇവിടെ എത്തിയപ്പോള്‍ ചില മാദ്ധ്യമങ്ങള്‍ പുറത്തുവിട്ട "സ്വരലയ"ദുര്‍ഗ്ഗന്ധം മോഹന്‍ എബ്രഹാം പ്രേമ കാണ്ഡത്തിലും ഉണ്ടോ എന്നും സംശയിക്കണം.അഴിമതിക്കെതിരേ കുരിശു യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള ഇടതു പക്ഷ മുന്നണിയുടെയും മുഖ്യമന്ത്രിയുടെയും വിശ്വാസ്യത തകര്‍ക്കുവാനേ ബേബിയെപ്പോലുള്ളവരുടെ അഴിമതി ബാന്ധവം ഉപകരിക്കുകയുള്ളു.മുഖ്യമന്ത്രിയെ കൊച്ചാക്കാനും അപഹാസ്യനാക്കനുമുള്ള ചിലരുടെ രഹസ്യ അജണ്ടകളാണ് ഇതിന്റെ പിന്നിലുള്ളതെങ്കില്‍ അദ്ദേഹം മാത്രമല്ല അപഹാസ്യനാ
കുന്നത് എന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കുന്നതു കൊള്ളാം.


Fans on the page

Friday, September 24, 2010

വൈകി വന്ന ജ്ഞാനപീഠം2007ലെ ജ്ഞാനപീഠ പുരസ്കാരത്തിന് ഓ.എന്‍.വി.കുറുപ്പ് അര്‍ഹനായിരിക്കുന്നു.കുറേ വൈകിയാണെങ്കിലും, അരനൂറ്റാണ്ടിലേറെ നീണ്ട കാവ്യസപര്യക്ക് കിട്ടിയ ഈ അംഗീകാരം മലയാള സാഹിത്യത്തിന്,വിശേഷിച്ച് കവിതയ്ക്കും മലയാളിയ്ക്കും ആഹ്ലാദം നല്‍കുന്ന ഒന്നാണ്.ജ്ഞാനപീഠം ലഭിക്കുന്ന അഞ്ചാമത്തെ മലയാളിയാണ് ഓ.എന്‍.വി.ജ്ഞാനപീഠ പുരസ്ക്കാര ചരിത്രത്തില്‍ മലയാളത്തിനു പ്രത്യേക സ്ഥാനമുണ്ട്.ഒന്നാമത്തെ ജ്ഞാനപീഠം ലഭിച്ചത് മഹാകവി
ജി.ശങ്കരക്കുറുപ്പിനാണ്.പിന്നീട് ജ്ഞാനപീഠം കവിതയ്ക്ക് കിട്ടുന്നതു മലയാളത്തിനാണെന്ന പ്രത്യേകതയും ഓ.എന്‍.വി.കുറുപ്പിന്റെ ഈ സമ്മാന ലബ്ധിയ്ക്കുണ്ട്.

'ഉപ്പി'ന്റെയും 'അക്ഷര'ത്തിന്റെയും കര്‍ത്താവിന് ജ്ഞാനപീഠം കിട്ടാന്‍ ഇത്ര വൈകിയതിലേ അത്ഭുത
മുള്ളൂ.ചങ്ങമ്പുഴക്കവിതയുടെ സ്വാധീനത്തില്‍ തുടങ്ങിയതെങ്കിലും വിപ്ലവ കവിതകളിലൂടെയും പ്രണയ കവിതകളിലൂടെയും വളര്‍ന്നു പന്തലിച്ച ആ കാവ്യ ശാഖി, വൈലോപ്പിള്ളി പറഞ്ഞതു പോലെ 'ഒരു കള്ളിയിലും കൊള്ളാതെ' വികസിക്കുകയാണുണ്ടായത്.താമസിച്ചാണെങ്കിലും മാനവികതയുടെ മഹാ
ഗായകനു ലഭിച്ച ഈ അത്യുന്നത പുരസ്ക്കാരത്തില്‍ നമുക്കും അഭിമാനിക്കാം;ആഹ്ലാദിക്കാം;
അദ്ദേഹത്തിന് ആശംസകള്‍ നേരാം.


Fans on the page

Saturday, September 11, 2010

വെള്ളാപ്പള്ളിയുടെ ഗുരുനിന്ദസംഘടന കൊണ്ടു ശക്തരാകുവാന്‍ ഉപദേശിച്ച ആദ്യത്തെയും അവസാനത്തെയും ഋഷിവര്യന്‍ ശ്രിനാരായണ ഗുരുവാണ്.അദ്ദേഹത്തിന്റെ പേരില്‍ ആരംഭിച്ച ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗ(എസ്.എന്‍.ഡി.പി യോഗം)മാണ് കേരളത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട പ്രമുഖ സംഘടന.
ഡോക്റ്ററാകാന്‍ യോഗ്യത നേടിയിട്ടും അവര്‍ണ്ണനായി പ്പോയതിനാല്‍ തിരുവിതാംകൂറിലെ പൊന്നു തമ്പുരാന്‍ ഉദ്യോഗം നിഷേധിച്ച ഡോ.പല്പുവാണ് യോഗം സ്ഥാപിക്കുവാന്‍ മുന്‍ കൈ എടുത്തത്. വിദ
ഗ്ദ്ധഡോക്റ്ററായി കഴിയുമ്പോഴും ജന്മനാട്ടിലെ തന്റെ സഹോദരങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ മനസ്സിനെ വേട്ടയാടിയതുകൊണ്ടാണ് ഡോ.പല്പു സംഘടന സ്ഥാപിക്കുവാന്‍ ഉത്സാഹിച്ചത്.കേരള
ത്തി ലെ മറ്റു സംഘടനകള്‍ക്കു മാതൃകയാകുകയും കൃമികളെക്കാള്‍ മോശമായി കിടന്ന ഒരു വലിയ വിഭാ
ഗം ജനങ്ങളെ അന്തസ്സുള്ള ഒരു സമൂഹമായി പരിവര്‍ത്തിപ്പിക്കുവാന്‍ സഹായിക്കുകയും ചെയ്ത ആ
സംഘടനയുടെ ഇന്നത്തെ അവസ്ഥ പരമ ദയനീയമാണ്.

അടുത്തയിട കൊല്ലത്തു വച്ചു നടന്ന യോഗം തെരഞ്ഞെടുപ്പോടെ അതിന്റെ ജീര്‍ണ്ണവും വികൃതവുമായ
മുഖം പൂര്‍ണ്ണമായും അനാവരണം ചെയ്യപ്പെടുകയുണ്ടായി.പ്രാഥമിക സഹകരണ സംഘം ഭരണസമിതി
യിലേക്കു മുതല്‍ പാര്‍ലമെന്റിലേക്കു വരെയുള്ള ഏതു തെരഞ്ഞെടുപ്പിലും ഗോഗ്വാ വിളികളും കൈയ്യാ
ങ്കളിയും ഒക്കെ ഉണ്ടാകാറുണ്ട്।മോശമായ പദപ്രയോഗങ്ങള്‍ അന്യോന്യം പ്രയോഗിച്ചെന്നും വരും. തഴേ
ത്തട്ടിലുള്ള പ്രവര്‍ത്തകരോ അനുയായികളൊ ആയിരിക്കും ഇത്തരം അമാന്യമായ പ്രവൃത്തികള്‍ക്കു
ചുക്കാന്‍ പിടിക്കുക.പക്ഷേ കൊല്ലത്തു നടന്ന യോഗം തെരഞ്ഞെടുപ്പില്‍ നിലവിലുള്ള നേതാവാണ് വോ
ട്ടെടുപ്പിനു മുമ്പും പിമ്പും ചെറ്റത്തമ്മ് കാണിക്കുകയും തറ വര്‍ത്തമാനം പറയുകയും ചെയ്തത്.

സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്‍ യോഗത്തെ തന്റെ കുടുംബ സ്വത്തായി കൊണ്ടു നടക്കുക
യാണെന്നും സാധാരണ അംഗങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഹനിക്കുകയും അഴിമതി നടത്തുകയും ചെയ്യുന്നു എന്നാണ് സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ച ഗോകുലം ഗോപാലന്റെയും കൂട്ടരുടെയും ആക്ഷേപം.പണവും ഗുണ്ടായിസവും മറ്റു സ്വാധീനവും കൊണ്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നു എന്നും അവര്‍ ആരോപിച്ചു.ഈ ആരോപണങ്ങളെ വെള്ളാപ്പള്ളി നേരിട്ടത്,ഗോകുലം ഗോപാലനെ അണ്ണാച്ചി, പാണ്ടി, പലിശപ്പാണ്ടി,പരദേശി എന്നൊക്കെ വിളിച്ചു കൊണ്ടാണ്.

കുറേ നാളുകളായി എതിരളികളില്ലാതെ സംഘടനയുടെ തലപ്പത്തിരുന്ന് ആരെയും പുലഭ്യം പറഞ്ഞും
ഗുണ്ടായിസം കാട്ടിയും വിലസിയിരുന്ന വെള്ളാപ്പള്ളിയ്ക്ക്, ഗോപാലന്റെ വരവ് അസ്വാസ്ഥ്യം സൃഷ്ടി
ക്കുക സ്വാഭാവികമാണ്.സമ്പത്തിലും വിദ്യാഭ്യാസത്തിലും പെരുമാറ്റത്തിലും ഗോകുലം ഗോപാലന്‍ ത
ന്നെക്കാള്‍ വളരെ മുമ്പിലാണെന്ന് മറ്റാരെക്കാളും നന്നായി വെള്ളാപ്പള്ളിയ്ക്ക് അറിയാം.അതുകൊണ്ട് തെരഞ്ഞെടുപ്പ് അടുക്കുന്നതിനു വളരെ മുമ്പേ തന്നെ അദ്ദേഹവും കൂട്ടരും ഗോകുലത്തിനെ ചിത്രവധം ചെയ്യാന്‍ ആരംഭിച്ചിരുന്നു.ഗോകുലം നിര്‍മ്മിച്ച പഴശ്ശിരാജാ സിനിമയുടെ വിജയം കണ്ടപ്പോള്‍ 'പലിശ്ശ
രജാ' എന്ന് വെള്ളാപ്പള്ളീ പരിഹസിച്ചത് അതിന്റെ തെളിവാണ്.തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ഈ
പോഴത്തം അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.

സ്വന്തം തട്ടകമായ ചേര്‍ത്തലയില്‍ വച്ചു മാത്രം യോഗം തെരഞ്ഞെടുപ്പു നടത്തുന്ന പതിവ് തെറ്റിയതോ
ടെ ഹാലിളകിയ വെള്ളാപ്പാള്ളി ഗുണ്ടകളെ ഇറക്കിയും എതിര്‍ പാനല്‍ അനുഭാവികളെ വോട്ടു ചെ
യ്യാന്‍ അനുവദിക്കാതെയുമാണ് നാലാമതും സെക്രട്ടറി ആയത്. താന്‍ ചെല്ലും ചെലവും കൊടുത്തു കൊ
ണ്ടുവന്നവരില്‍ തന്നെ ആയിരത്തോളം പേര്‍ എതിര്‍ പാനലിന് വോട്ടു ചെയ്തതിലെ അപകടം ഏതു കൊലകൊമ്പന്റെയും സമനില തെറ്റിയ്ക്കാന്‍ പോരുന്നതാണ്. എതരാളികള്‍ 25 ശതമാനം വോട്ടു പിടി
ച്ചാല്‍ സ്ഥാനത്യാഗം ചെയ്യാമെന്ന് വീമ്പടിച്ചതു കൂടി ഓര്‍ക്കുമ്പോള്‍ ഏതു കൊലപ്പുള്ളിക്കും ഞെട്ടലുണ്ടാ
കും പിന്നല്ലേ വെള്ളാപ്പള്ളിക്ക്?കാരണം വോട്ടു ചെയ്യാന്‍ അനുവദിക്കാഞ്ഞ ആയിരത്തിലധികം ഗോകു
ലപക്ഷക്കാരും കൂടി ചേര്‍ന്നാല്‍ ശതമാനം 25 ല്‍ കൂടും.

വൈതാളികരും അനുചരപ്പരിഷകളും കൂടി"മഹത്തായ വിജയം" "ഉജ്ജ്വല വിജയം"എന്നൊക്കെ എത്ര
പുകഴ്ത്തിയാലും സത്യമതല്ലെന്ന് വെള്ളാപ്പള്ളിയ്ക്ക് അറിയാം.തോല്‍വിയേക്കാള്‍ നാണം കെട്ട വിജയ
മാണെന്ന് നാട്ടുകാര്‍ക്കും അറിയാം. ജാള്യം മറയ്ക്കാന്‍ എതിരാളിയെ'അണ്ണാച്ചി',പാണ്ടി എന്നൊക്കെ
വിളിച്ച് തൃപ്തിയടഞ്ഞു.മറുനാടന്‍ മലയാളി എന്ന് ആക്ഷേപിച്ചതിന് ഗോകുലം നല്ല മറുപടിയും കൊടു
ത്തു.ഡോ.പല്പു എന്ന മറുനാടന്‍ മലയാളിയാണ് എസ്.എന്‍.ഡി.പി.യോഗം സ്ഥാപിച്ചതെന്ന് അദ്ദേഹം
വെള്ളാപ്പള്ളിയെ ഓര്‍മ്മിപ്പിച്ചു.എന്തു ഫലം?താനാണ് യോഗം സ്ഥാപിച്ചതെന്നു കരുതുന്ന ആളോട് ചരി
ത്രവും ഭൂമിശാസ്ത്രവും പറഞ്ഞിട്ടു കാര്യമുണ്ടോ?"സംഘടന കൊണ്ടു ശക്തരാകുക" എന്ന് ഉപദേശി
ച്ച ഗുരു,"വിദ്യ കൊണ്ടു പ്രബുദ്ധരാകുക" എന്നു കൂടി പറഞ്ഞിട്ടുണ്ട്.അത് വെള്ളാപ്പള്ളിയുടെ പിതാ
വു മുതല്‍ പുത്രന്‍ വരെയുള്ളവര്‍ മനസ്സിലാക്കിയില്ല.അതിന്റെ ദുരന്തം അനുഭവി ക്കുന്നത്,മഹാനായ
ആ യോഗിവര്യന്റെ പേരില്‍ സ്ഥാപിക്കപ്പെട്ട സംഘടനയും.‍

കുമാരനാശാന്‍ മുതല്‍ കെ.കെ.രാഹുലന്‍ വരെ നിരവധി പേര്‍ യോഗത്തെ നയിച്ചിട്ടുണ്ട്.അവരാരും
സംഘടനെയേയും സമുദായത്തെയും ഇത്ര നാണം കെടുത്തിയിട്ടില്ല.ശ്രീനാരായണ ദര്‍ശനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തിട്ടുമില്ല.മാത്രമല്ല,"തെറിക്കുത്തരം മുറിപ്പത്തല്‍" തുടങ്ങിയ തെരുവു സൂക്തങ്ങള്‍ യോഗത്തിന്റെ നയമായി ഇദ്ദേഹം അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.ഡോ.പല്പുവും ആശാനും റ്റി.കെ.
മാധവനും മറ്റും ചേര്‍ന്ന് ശക്തിപ്പെടുത്തിയ സംഘടനയുടെ നേതൃത്വം പില്‍ക്കാലത്തു കൈയ്യാളിയ ചി
ലര്‍ ഗുരു ജീവിച്ചിരിക്കെത്തന്നെ നയവ്യതിയാനത്തിനു മുതിര്‍ന്നിട്ടുണ്ട്।അതില്‍ മനം നൊന്ത്,ഗുരു ഡോ।പല്പ്പുവിന് 1916 മേയ് 22ന് ഇങ്ങനെ ഒരു കത്തെഴുതി:"യോഗത്തിന്റെ നിശ്ചയങ്ങള്‍ നാം അറി
യാതെ പാസാക്കുന്നതു കൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിക്കുന്ന കാര്യങ്ങ
ളില്‍ ഇല്ലാത്തതു കൊണ്ടും യോഗത്തിനു ജാത്യഭിമാനം വര്‍ദ്ധിച്ചു വരുന്നതു കൊണ്ടും മുമ്പേ തന്നെ മന
സ്സില്‍ നിന്നു വിട്ടിരുന്നതു പോലെ ഇപ്പോള്‍ വാക്കില്‍ നിന്നും യോഗത്തെ വിട്ടിരിക്കുന്നു."ഡോ.പല്പുവാ
കട്ടെ യോഗ നേതൃത്വത്തെ 'പെരിച്ചാഴികള്‍' എന്നാണു വിശേഷിപ്പിച്ചത്.

ഗുരുവിനെയും ഡോ.പല്പുവിനെയും സന്തോഷിപ്പിച്ച സെക്രട്ടറിമാരെയല്ല, അവരെ വേദനിപ്പിച്ചവരെ
കടത്തി വെട്ടാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്.ചെറിയ മാര്‍ഗ്ഗ ഭ്രംശമുണ്ടായപ്പോള്‍തന്നെ യോഗത്തോടു വിടപറഞ്ഞ സ്വാമിയും ഡോക്റ്ററും ഇന്നുണ്ടായിരുന്നെങ്കില്‍ മനമുരുകി ജീവിതം ഒടുക്കിയേനേ. അല്ലെങ്കില്‍ വെള്ളാപ്പള്ളി ഗുണ്ടകളെ വിട്ട് അവരെ ഉന്മൂലനം ചെയ്തേനേ.

പ്രാദേശിക വികസന സമിതികളും പി.റ്റി.എ.കളും വഴി സമാഹരിയ്ക്കുന്നതുള്‍പ്പെടെ ഏതാനും ലക്ഷം മുടക്കി കോളേജുകളില്‍ ചെയ്യുന്ന അറ്റകുറ്റപ്പണികള്‍ ചൂണ്ടിക്കാട്ടി''അഹോ സജീവം" "അഹോ
പുരോഗതി"എന്നു ചില മാദ്ധ്യമങ്ങള്‍ പോലും വായ്ത്തരി മുഴക്കുന്നു.അതേ സമയം കോടികള്‍ അപഹ
രിക്കുന്നത് കാണാതിരിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നു.സാധാരണ യോഗാംഗങ്ങളുടെ സംശയം ശ്രധിക്കപ്പെടാതെ പോകുന്നു.വാസ്തവം വിളിച്ചു പറയുന്നവരെ നിശ്ശബ്ദരാക്കാന്‍ കുത്സിത മാര്‍ഗ്ഗങ്ങള്‍ അവലംബിക്കയും ചെയ്യുന്നു.

കോളേജുകളിലെ അദ്ധ്യാപക,അനദ്ധ്യാപക നിയമനത്തിനും വിവിധ കോഴ്സുകളിലേക്കുള്ള വിദ്യാ
ര്‍ത്ഥി പ്രവേശത്തിനും വാങ്ങുന്ന കോടികളുടെ കോഴപ്പണം കണക്കും കൈയ്യുമില്ലാതെ അടിച്ചുമാറ്റുന്ന ന്ന ഇദ്ദേഹത്തെ ഡോ.പല്പു എന്തു വിളിക്കമായിരുന്നു എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ഇവരെപ്പോലു
ള്ളവരെ ഗുരു നേരത്തേ കണ്ടിരിക്കുന്നു.
"കൃപണനധോ മുഖനായ് കിടന്നു ചെയ്യു-
ന്നപജയ കര്‍മ്മമവന്നു വേണ്ടി മാത്രമാം" എന്നു പറഞ്ഞത് വെള്ളാപ്പള്ളിയെപ്പോലുള്ളവരെ ഉദ്ദേശിച്ചാണെന്നതിന് തര്‍ക്കമില്ല.വിശ്വസാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും വക്താവും പ്രയോക്താവും ആയിരുന്ന ഗുരുവിനെ നിന്ദിക്കുകയാണു, പരദൂഷണവും അന്യ മതദ്വേഷവും വ്യക്തി ഹത്യയും നടത്തുക വഴി ഇവര്‍ ചെയ്യുന്നത്.

Fans on the page

Sunday, September 5, 2010

തലവെട്ടു സഭമതഭ്രാന്തന്മാര്‍ കൈപ്പത്തി വെട്ടി മാറ്റിയ ന്യൂമാന്‍ കോളേജ് പ്രൊഫസ്സര്‍ റ്റി.ജെ.ജോസഫിന്റെ ഔദ്യോ
ഗിക ജീവിതത്തിന്റെ തല കോളേജ് മാനേജ്മെന്റ് വെട്ടി മാറ്റി. വൈദിക പ്രമാണികള്‍ കൂടി ഉള്‍പ്പെടുന്ന മാനേജ്മെന്റിന്റെ കാരണംകാണിക്കല്‍ നോട്ടീസിനു വിശദീകരണം നല്‍കിയിട്ടും സസ്പന്‍ഷന്‍ നടപടി
കള്‍ സര്‍വ്വകലാശാല പിന്‍വലിച്ചിട്ടും കോളേജ് അധികൃതര്‍ക്കു മനസ്സലിഞ്ഞില്ല.പ്രൊ. ജോസഫ് അധി
കൃതര്‍ക്കു കൊടുത്ത വിശദീകരണം,അദ്ദേഹം ആക്രമിക്കപ്പെട്ട ശേഷം പല മാദ്ധ്യമങ്ങളുംപ്രസിദ്ധപ്പെ
ടുത്തുകയുണ്ടായി.അതില്‍ അദ്ദേഹം തന്റെ നിരപരാധിത്വം മനസ്സലിവുള്ളവര്‍ക്കു മനസ്സിലാകത്തക്ക
വണ്ണം വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.അതെല്ലാം തള്ളിക്കളഞ്ഞുകൊണടാണ് അദ്ദേഹത്തെ ഇപ്പോള്‍ പിരിച്ചു വിട്ടിരിക്കുന്നത്.

ക്ലാസ് പരീക്ഷയുടെ ഒരു ചോദ്യപേപ്പറിലെ പേരിനെ ചൂണ്ടിക്കാട്ടി 'മതനിന്ദ' നടത്തി എന്ന് മുറവിളി
കൂട്ടി അദ്ധ്യാപകന്റെ കൈ വെട്ടിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ ഏറിയ പങ്കും ഇവിടുത്തെ മാദ്ധ്യമ
ങ്ങള്‍ക്കാണ്.പ്രതിപക്ഷ കക്ഷികള്‍ക്കും അവരുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും ചില മത നേതാ
ക്കള്‍ക്കും ഈ രക്തത്തില്‍ ഉള്ള പങ്കും ചെറുതല്ല.പട്ടിയെ പേപ്പട്ടി ആണെന്ന് ആരോപിച്ചു ആക്രമിക്കു
കയായിരുന്നു മാദ്ധ്യമങ്ങളും മറ്റും.വാസ്തവം തിരക്കാതെ ചാനലുകളും രാഷ്ട്രീയ കക്ഷികളും ഊതി പ്പെരു
പ്പിച്ച 'മതനിന്ദ' ആരോപണത്തിന്റെ മറവിലാണ് മതഭ്രാന്ത് തലയ്ക്കു പിടിച്ച പോപ്പുലര്‍ ഹണ്ട് അദ്ധ്യാപക
ന്റെ കൈ വെട്ടി മാറ്റിയത്.ഇദ്ദേഹത്തിന്റെ,വിപ്ലവം പ്രസംഗിക്കുന്ന അദ്ധ്യാപക സംഘടനയും 'കുണ്ടറ
ചോംസ്കി' എന്നു അനുയായികളെക്കൊണ്ടു വിളിപ്പിച്ചു ഞെളിയുന്ന വിദ്യാഭ്യാസ മന്ത്രി യും കമ്യൂണിസ്റ്റ് ഭൂത
ത്തെ ഉച്ചാടനം ചെയ്യാന്‍ നാഴികയ്ക്കു നാല്പതു വട്ടം ഇടയലേഖനമിറക്കുന്ന സ്വന്തം സഭയും കുറ്റപ്പെടുത്തു
കയും കൈയ്യൊഴിയുകയും കൂടി ചെയ്തപ്പോള്‍ പോപ്പുലര്‍ഫ്രണ്ട് കാപാലികര്‍ക്ക് പ്രൊഫസറെ ആക്രമി
ക്കാന്‍ ആവേശവും സൗകര്യവും ഏറി.വധിക്കാന്‍ പറ്റിയില്ലെങ്കിലും അദ്ധ്യാപകന്റെ അംഗവിച്ഛേദന ദൗ
ത്യം എളുപ്പത്തില്‍ നടപ്പാക്കാന്‍ അവര്‍ക്കായതും അതുകൊണ്ടു തന്നെ.

ആദ്യം മുതല്‍ തന്നെ അദ്ധ്യാപകനെ അപരാധി ആയി ചിത്രീകരിക്കുവാന്‍ അദ്ദേഹത്തിന്റെ സ്വന്തം സഭ
കാട്ടിയ വ്യഗ്രത ദുരുദ്ദേശപരമാണ്.മാര്‍ക്സിസ്റ്റ് അനുഭാവ അദ്ധ്യാപക സംഘടനയില്‍ അംഗമായതു കൊ
ണ്ടാണ് അദ്ദേഹത്തെ കുറ്റവാളി ആയി ചിത്രീകരിക്കുവാന്‍ സഭയ്ക്കും അവരുടെ പത്രത്തിനും ആവേശം കൂ
ടിയത്.അതേ കാരണത്താല്‍ തന്നെയാണ് പ്രതിപക്ഷ കക്ഷികളും അദ്ദേഹത്തിനെതിരെ തിരിഞ്ഞത്.
കൈ വെട്ടി മാറ്റപ്പെട്ടതോടെ തങ്ങളുടെ നിലപാട് അല്പം കടന്നു പോയെന്ന് അവര്‍ക്കൊക്കെ വീണ്ടുവി
ചാരം ഉണ്ടായി.കൈ വെട്ടിമാറ്റിയ പോപ്പുലര്‍ ഗുണ്ടകളും അവരുടെ നേതാക്കളും ഒഴികെയുള്ള മുസ്ലീം ജ
നവിഭാഗത്തിനു പോലും അതിക്രമം അതിരു കടന്നതാണെന്ന വിചാരമാണുള്ളത്.പക്ഷേ ന്യൂമാന്‍ കോ
ളേജ് മാനേജ്മെന്റിനെ നിയന്ത്രിക്കുന്ന ക്രൈസ്തവ സഭയ്ക്കു മാത്രം പീഡിതനോട് യാതൊരു അലിവും ഇല്ല.

ചുങ്കക്കാരോടും പാപികളോടും പൊറുത്ത മനുഷ്യപുത്രന്റെ പേരില്‍ ആണയിടുന്ന സഭ എന്തുകൊണ്ടാണ്
ഈ 'പാപി'യോട് പൊറുക്കാത്തത്?മനുഷ്യകുലത്തിന്റെ മുഴുവന്‍ പാപമോചനത്തിനായിട്ടാണ് കര്‍ത്താ
വ് കുരിശുമരണം വരിച്ചതെന്നാണ് ഇവര്‍ കുഞ്ഞാടുകളോടും മറ്റുള്ളവരോടും ഉദ്ഘോഷിക്കുന്നത്.മനുഷ്യ
കുലത്തില്‍ പ്രൊഫ.ജോസഫ് ഉള്‍പ്പെടില്ലേ?അല്ലെങ്കില്‍തന്നെ, എന്താണ് ഇദ്ദേഹം ചെയ്ത മഹാപാ
പം?പി.റ്റി.കുഞ്ഞു മുഹമ്മദിന്റെ പുസ്തകത്തിലെ ഏതാനും വരികള്‍ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയ
പ്പോള്‍ അദ്ദേഹം അനാമികനായി അവതരിപ്പിച്ച ഭ്രാന്തന് മുഹമ്മദ് എന്നു പേരു നല്‍കിയതോ?പ്രവാച
കന്റെ പേരുള്ളവര്‍ എല്ലാം സല്‍സ്വഭാവികള്‍ ആകണമെന്ന് ഏതെങ്കിലും കിത്താബില്‍ പറഞ്ഞിട്ടു
ണ്ടോ?പിടിച്ചുപറിയ്ക്കും മോഷണത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയൊ
വധശിക്ഷ ലഭിക്കുകയോ ചെയ്തിട്ടുള്ള മുഹമ്മദുമാര്‍ നിരവധിയുണ്ട്.അവരുടെ അച്ഛന്മാര് എത്ര വലിയ അപരാധമാണ് ആ പേരിടുക വഴി ചെയ്തിട്ടുള്ളത്?അവരുടെയെല്ലാം കൈയ്യും കാലും പോപ്പുലര്‍ ഹണ്ട
ര്‍മാര്‍ വെട്ടിയെടുക്കുമോ?സ്ഥലത്തെ എല്ലാ ഗര്‍ഭങ്ങളുടെയും ഉത്തരവാദി താനാണെന്ന് അവകാശപ്പെ
ടുന്ന എട്ടുകാലി മമ്മൂഞ്ഞ്(മുഹമ്മദ് കുഞ്ഞ് എന്ന് സംസ്കൃതം)എന്ന കഥാപാത്രത്തിനെ സൃഷ്ടിച്ച സാക്ഷാല്‍ വൈക്കം മുഹമ്മദിന്റെ ഏതെല്ലാം അവയവങ്ങള്‍ ഇവര്‍ വെട്ടിയെടുക്കണമായിരുന്നു?അങ്ങ
നെ ചെയ്തിരുന്നെങ്കില്‍ അതിനെയും വൈദിക പ്രമാണിമാര്‍ അനുകൂലിക്കുമോ?

ഇത്ര വലിയ അപരാധം ചെയ്ത പ്രൊഫസ്സറുടെ ജോസഫ് എന്ന പേര്‍, കര്‍ത്താവിന്റെ അപ്പന്റേതാണ്.
മാപ്പര്‍ഹിക്കാത്ത മഹാപാപം ചെയ്ത ഇദ്ദേഹത്തിന് ഈ പേരിട്ടത് സ്വന്തം പിതാവോ സഭയിലെ ഏതെ
ങ്കിലും വൈദികനോ ആകണം.ഇതേ യുക്തി അനുസരിച്ച് നോക്കിയാല്‍,ഇങ്ങനെ ഒരു പേരിട്ടത് ആരാ
യാലും അയാള്‍ മതനിന്ദകനാണ്.പോപ്പുലര്‍ ഗുണ്ടകളെ വാടകയ്ക്കെടുത്ത് അയാളുടെ കയ്യും കാലും സഭാ നേതൃത്വം മുറിപ്പിയ്ക്കുമോ?അയാളെയും സഭ പാപിയായി പ്രഖ്യാപിച്ച് നടപടി ഏടുക്കുമോ?ജീവിച്ചിരിപ്പി
ല്ലാത്തതിനാല്‍ ശിക്ഷ ദൈവസന്നിധിയിലേക്ക് ഫോര്‍വേഡ് ചെയ്യുമോ?

മതഭ്രാന്തു മൂലം സ്വബോധം നശിച്ചിട്ടില്ലാത്ത സകലരും അദ്ധ്യാപകന്നു നേരേ നടന്ന പൈശാചികാക്ര
മണത്തെ അപലപിച്ചിട്ടുള്ളതാണ്.പക്ഷേ നിരായുധനും നിസ്സഹായനുമായ ഒരുവനെ സംഘടിതവും ആസൂത്രിതവുമായ ഗൂഢാലോചനയിലൂടെ വധിക്കാന്‍ ശ്രമിച്ചവരെ ഒന്നൊന്നായി പോലീസ് വലയിലാ
ക്കി കൊണ്ടിരിക്കുമ്പോള്‍ അക്രമികളെ ന്യായീകരിക്കുകയാണ് സഭാ നേതൃത്വം.

കൈ വെട്ടിയതിനേക്കാള്‍ സഭയുടെ നടപടി തന്നെ വേദനിപ്പിച്ചുവെന്നാണ് പ്രൊ.ജോസഫ് പ്രതികരി
ച്ചത്.കടുത്ത വിശ്വാസിയാണെന്ന് അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്നു വ്യക്തമാണ്.എന്നിട്ടും സ
ഭ അദ്ദേഹത്തെ പിന്നില്‍ നിന്നും കുത്തുന്നത് എന്തുകൊണ്ടാണ്?അദ്ദേഹം ഇടതുപക്ഷത്തോടു ചായ് വു
ള്ളവനായതു കൊണ്ടു മാത്രമാണെന്നു വിശ്വസിക്കുക പ്രയാസം.പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നോ അവരെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര ഭീകരന്മാരില്‍ നിന്നോ ഉള്ള ഭീഷണിയെ ഭയന്നാണോ ഈ ഒറ്റു കൊടുക്കല്‍
എന്നു സംശയിക്കണം.വഴി തെറ്റിയ കുഞ്ഞാടിനെ വകവരുത്താന്‍ പോപ്പുലര്‍ ഗുണ്ടകളെ ഇടപാടു ചെ
യ്തത് സഭാനേതൃത്വമാണോ എന്നും സംശയിക്കാം.

ജോസഫിന് കോടതിയെ സമീപിക്കാം എന്നാണ് സഭാ നേതൃത്വം ഔദാര്യപൂര്‍വ്വം പറയുന്നത്.കേസ്സു കൊടുക്കുന്നതിന് സഭയുടെ അനുവാദം ആവശ്യമില്ല.ചികിത്സയ്ക്കു വേണ്ടി ഭീമമായ തുക ചെലവഴിച്ച തനി
ക്ക് അതിനു പാങ്ങില്ല എന്ന് പ്രൊഫ.ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.ശരീരവും മനസ്സും സമ്പത്തും നഷ്ട
പ്പെട്ട ഒരുവനു നേരെ ക്രൂരമായ പരിഹാസമാണ് സഭ തൊടുത്തു വിട്ടിരിക്കുന്നത്.സഭയും മാനേജ്മെന്റും കാണിക്കുന്ന ധാര്‍ഷ്ട്യവും ഗുണ്ടായിസവും അനുവദിച്ചു കൊടുക്കുന്നത് വിദ്യാഭ്യാസ മന്ത്രിയ്ക്ക് നട്ടെല്ലും സര്‍വ്വകലാശാലാ നിയമങ്ങളെ കുറിച്ചു ബോധവും ഇല്ലാത്തതുകൊണ്ടാണ്. മഹാത്മാഗാന്ധി യൂണിവേഴ്സി
റ്റിയുമായി അഫീലിയേറ്റ് ചെയ്തിട്ടുള്ള ഒന്നാണ് ന്യൂമാന്‍ കോളേജ് .സര്‍വ്വകലാശാലയുടെ അനുമതിയി
ല്ലാതെ ഒരു അഫീലിയേറ്റഡ് കോളജിലെ അദ്ധ്യാപകനെ പിരിച്ചു വിടാന്‍ മാനേജ്മെന്റിന് അധികാരമില്ല.
ഇതൊന്നും അറിയാത്തവര്‍ വിദ്യാഭ്യാസ വകുപ്പു ഭരിക്കുമ്പോള്‍ മാനേജ്മെന്റ് ഇത്തരം നിയമ വിരുദ്ധ നട
പടികളും ധിക്കാരവും കാട്ടിയില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളു.

വിദേശപ്പണം പറ്റിക്കൊണ്ട് ഗുണ്ടാപ്പണി ചെയ്യുന്ന ഏതാനും സാമൂഹിക വിരുദ്ധരുടെ കൊലക്കത്തി കണ്ടപ്പോള്‍ അറിയാതെ ളോഹ നഞ്ഞു പോയ വൈദിക പ്രമാണിമാരെ എന്തു വിശ്വസിച്ചാണ് സഭാംഗ
ങള്‍ പിന്തുടരുക?കുഞ്ഞാടുകളെ കശാപ്പു ചെയ്യാന്‍ കൂട്ടു നില്‍ക്കുന്ന ഇടയന്മാരെ എങ്ങനെയാണു നമ്പു
ക?നീചവും പൈശാചികവുമായ നര നായാട്ടിന് ഹാലേലുയ്യ പാടുന്ന വൈദിക പ്രമാണിമാര്‍ അക്രമം ചെയ്ത കാപാലികരേക്കാള്‍ ഹീനമനസ്കരാണ്."സര്‍പ്പ സന്തതികളേ"എന്ന സംബോധന ഏറ്റവും ചേരു
ന്നത് ഇവര്‍ക്കു തന്നെ.പീഡനമേറ്റ് നിലവിളിക്കുന്നവന് ആശ്വാസവും ആലംബവും നല്‍കേണ്ട സമയ
ത്ത് അവനെ പിന്നില്‍ നിന്നു കുത്തുന്ന "വെള്ള തേച്ച ശവക്കല്ലറകളേ"നിങ്ങളെക്കാള്‍ യൂദാസ് എത്ര
യോ ഭേദം!

ബൈബിള്‍ കക്ഷത്തു വച്ചുകൊണ്ട് പകയുടെ ഗിരിപ്രഭാഷണം നടത്തരുത്.ആ വിശുദ്ധ ഗ്രന്ഥം വല്ലപ്പോഴും ഒന്നു മറിച്ചു നോക്കിയിരുന്നെങ്കില്‍ താഴെപ്പറയുന്ന ക്രിസ്തു വചനം കാണുമായിരുന്നു:
"യാഗത്തിലല്ല, കരുണയില്‍ അത്രേ ഞാന്‍ പ്രസാദിക്കുന്നു എന്നുള്ളത് എന്തു എന്നു നിങ്ങള്‍ അറിഞ്ഞിരുന്നു എങ്കില്‍ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു."(മത്തായി 12)Fans on the page

Wednesday, September 1, 2010

ചാനല്‍ ഓണംഓണം എന്നു കേള്‍ക്കുമ്പോള്‍ പൂക്കളവും പൂവിളിയും ഓണസദ്യയും ഊഞ്ഞാലാട്ടവും പാട്ടും കളിയും ഒക്കെയാണ് സാധാരണക്കാരുടെ മനസ്സില്‍ പണ്ട് ഓടിയെത്തിയിരുന്നത്.കാലം മാറിയതോടെ ജനങ്ങളുടെ അഭിരുചിയിലും ആഘോഷ വീക്ഷണങ്ങളിലും വ്യതിയാനമുണ്ടായി.ജീവിത സാഹചര്യ
ങ്ങളും പാരിസ്ഥിതിക പരിണാമങ്ങളും ഈ മാറ്റങ്ങള്‍ക്കു കാരണമായിട്ടുണ്ട്.പക്ഷേ എത്ര മാറിയാലും മലയാളി മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്ന ചില ഓണസങ്കല്പങ്ങളും പ്രതീക്ഷകളുമുണ്ട്.റ്റി.വി
ചാനലുകളുടെ ഓണപ്പരിപാടികള്‍ അവയെ കൂടി മലിനപ്പെടുത്തുന്ന തരത്തിലായിത്തീര്‍ന്നിരിക്കുന്നു.

ചാനലുകള്‍ക്ക് ഓണാഘോഷം എന്നാല്‍ സിനിമയും സിനിമാതാരങ്ങളും മാത്രമാണ്.കുത്തകക്കാരുടെ ചാനലുകളായാലും "ജനതയുടെ ആത്മാവിഷ്കാര" ചാനലായാലും താരമോന്ത കാണിക്കുന്നതാണ് ഓണം
എന്നു ധരിച്ചു വശായിരിക്കുന്നു.ഓണപ്പരിപാടികളുടെ കൂട്ടത്തില്‍ സിനിമാ പ്രദര്‍ശനം നടത്തുന്നത് മനസ്സിലാക്കാം.വീണ്ടും അതേ താരങ്ങളുടെ കൊച്ചു വര്‍ത്തമാനങ്ങളും പരദൂഷണവും മേമ്പൊടിയായി കാണിക്കുന്നതിന്റെ ഔചിത്യം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.സിനിമയില്‍ താരങ്ങളുടെ അഭിനയത്തിനൊപ്പം ചിരിച്ചും കരഞ്ഞും കഴിയുന്ന പ്രേക്ഷകരില്‍ നല്ലൊരു വിഭാഗത്തിനും അവരുടെ സ്വകാര്യജീവിതത്തിലെ കഥകളറിയാന്‍ താല്പര്യമില്ലെന്നതാണു നേര്.ഏഷണിയിലും പരദൂഷണത്തി
ലും നിര്‍വൃതി കണ്ടെത്തുന്ന ഒരു ചെറിയ ശതമാനം കണ്ടേക്കാം.അങ്ങനെയുള്ളവര്‍ പോലും,ചാനല്‍ പണ്ഡിതന്മാരുടെ സര്‍വ്വവിജ്ഞാന ജാഡയും കൃത്രിമ വിനയവും താരങ്ങളുടെ മംഗ്ലീഷ് മണിപ്രവാള
വും സഹിക്കാതെ ചാനല്‍ മാറ്റുകയോ റ്റി.വി.ഓഫ് ചെയ്യുകയോ ആണു പതിവ്.

മലയാളത്തിലെ ഒരു വലിയ നടനെ മുമ്പില്‍ കിട്ടിയപ്പോള്‍,അദ്ദേഹത്തിന്റെ ആദ്യവിവാഹം പരാജയപ്പെടാന്‍ എന്താണു കാരണം എന്നു ചോദിച്ചാണ് ഒരു 'വേറിട്ട ചാനല്‍ പുലി' തന്റെ സിനിമാ
പാണ്ഡിത്യം വെളിപ്പെടുത്തിയത്.സിനിമയുടെ ഗാന ശാഖ നിലനില്‍ക്കുന്നത് തന്റെ സ്വരമാധുര്യ
വിശേഷം മൂലമാണെന്നു കരുതുന്ന ഒരു 'സരിഗമസ്റ്റാര്‍', അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ ഏറെസമയവും വിനിയോഗിച്ചത് മാനം മര്യാദയ്ക്കു ജീവിക്കുന്ന മറ്റൊരു ഗായകനെ അധിക്ഷേപിക്കാനാ
ണ്.സൂപ്പര്‍ സ്റ്റാറുകളുടെ മുമ്പിലെ ചാനല്‍ സുന്ദരിമാരുടെ കൊഞ്ചലാകട്ടെ ഇതിലൊക്കെ അരോചക
മായിരുന്നു.

മഹാബലിയുടെ കാലത്ത് ചാനലുകളും താരസല്ലാപങ്ങളും ഇല്ലാതിരുന്നതു കൊണ്ടായിരിക്കണം മഹാവിഷ്ണുവിന് വാമനാവ താരം എടുക്കേണ്ടി വന്നത്.അല്ലായിരുന്നെങ്കില്‍,മഹാബലിയുടെ ഭരണത്തില്‍ അസൂയമൂത്ത ദേവന്മാര്‍ക്ക് ഏതെങ്കിലും ചാനലിലെ താര സല്ലാപം അദ്ദേഹത്തെ കാണിച്ചാല്‍ മതിയായിരുന്നു.ചക്രവര്‍ത്തി ജീവനും കൊണ്ട് പാതാളത്തിനും അപ്പുറം ഓടിപ്പോയെനേ.

Fans on the page

Friday, August 20, 2010

ഓണാശങ്കകള്‍


വഞ്ചന കാട്ടിയ വാമന ഹീനത
വീരമഹത്വ പ്പെരുമകളായി
ലോകം വാഴ്ത്തി പാടീട്ടും
പകയുടെ കണികയുമില്ലാതെ
ആണ്ടിലൊരിക്കല്‍ വന്നെത്തീടും
മാവേലി മന്നനെ വരവേല്‍ക്കാന്‍
സ്വാഗത വീഥിയൊരുക്കാനായി
പൂക്കളമെഴുതാന്‍ നോക്കുമ്പോള്‍,
അത്തപ്പൂവിന്നിതളുകളില്‍
ആപശ്ചങ്കകള്‍ വിരിയുന്നോ?
ആര്‍പ്പു വിളിക്കും നാവുകളില്‍
അക്രമ ശീലുകള്‍ നിറയുന്നോ?
ഏഴഴകുള്ളോരിന്ദ്രധനുസ്സില്‍
ഊഴി പിളര്‍ക്കും കൂരമ്പുകളോ?
ആഹ്ലാദത്തിന്നോണനിലാവില്‍
ആശങ്കകളുടെ കരിനിഴലോ?

ഒട്ടിയ വയറോടൊന്നിനുമാകാ-
തുറ്റവര്‍ കൂരയില്‍ നരകിക്കെ
മദ്യം മോന്തി ഗ്ഗൃഹനാഥന്മാര്‍
മാലിന്യ ക്കുഴി നീന്തുന്നു .
വിടുവായോതും രാഷ്ട്രീയക്കാര്‍
വിവരക്കേടു വിളമ്പുന്നു .
അടിപിടി കണ്ടുമഹമ്മതി കണ്ടും
അടിമുടി കഷ്ടത യേറ്റ ജനം,
ചതിയും കള്ളവുമില്ലാതുള്ള
ഭരണം പഴയതു മോഹിക്കുന്നു.
അരവയര്‍ നിറയാനില്ലാതെ
ദുരിത ക്കടലില്‍ നീന്തുമ്പോഴും
ഉള്ളതിലല്പമെടുത്താണെങ്കിലും
നല്ലവനാം മുന്‍ ഭരണാധിപനായ്
നേദിക്കാനവര്‍ വെമ്പുന്നു
നല്ലൊരു നാളെ കൊതിക്കുന്നു.


Fans on the page

Sunday, August 15, 2010

മാര്‍ബിള്‍ 'പര്‍ണ്ണശാല'


പര്‍ണ്ണം എന്നു വച്ചാല്‍ ഇല എന്നാണ് അര്‍ത്ഥം .ഇല കൊണ്ടു നിര്‍മ്മിച്ച കുടില്‍, ഇലയും പുല്ലും കൊണ്ടു നിര്‍മ്മിച്ച കുടില്‍ എന്നൊക്കെയാണ് "പര്‍ണ്ണശാല"യുടെ അര്‍ത്ഥം .2010 ആഗസ്റ്റ്‌ 13 നു തിരുവനന്തപുരം പോത്തന്‍കോടുള്ള ശാന്തിഗിരി ആശ്രമത്തിലെ "പര്‍ണ്ണശാല " രാഷ്ട്രപതി മാനവരാശിക്ക് സമര്‍പ്പിച്ചു എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ധരിക്കുക ഏതോ കുടില്‍ ആയിരിക്കും സമര്‍പ്പിക്കപ്പെട്ടത് എന്നാണ്.മാര്‍ബിളില്‍ തീര്‍ത്ത ഭീമാകാരമായ മന്ദിരത്തെയാണ്‌ ,"പര്‍ണ്ണശാല" എന്ന, ആശ്രമാന്തരീക്ഷത്തിനു യോജിച്ച പേരിട്ടു ശാന്തിഗിരിയിലെ പബ്ലിസിറ്റി മാനേജര്‍മാര്‍ നാട്ടുകാരെ കബളിപ്പിച്ചത് .

നാട്ടുകാരെ പറ്റിയ്ക്കുന്ന കാര്യം വിടുക.അവര്‍ പറ്റിക്കപ്പെടാന്‍ വിധിക്കപ്പെട്ടവരാണ് .ഭാഷയുടെ
സ്ഥിതി അതല്ലല്ലോ .സമീപ കാലത്തൊന്നും ഇത്ര വലിയ പ്രചാരത്തോടെ മലയാളത്തില്‍ ഒരു വാക്ക്
വ്യഭിച്ചരിക്കപ്പെട്ടിട്ടില്ല .ഒരുലക്ഷം ചതുരശ്ര അടി മാര്‍ബിള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച
ആഡംബര ഹര്മ്മ്യത്തെ "പര്‍ണ്ണശാല"എന്ന് വിശേഷിപ്പിക്കുന്നതില്‍ പരം വചന വ്യഭിചാരം ഭാഷയില്‍ ഉണ്ടാകാനില്ല.
ഭാഷയെ മാത്രമല്ല ആര്‍ഷ പാരമ്പര്യത്തെയും ഭാരതീയ മൂല്യങ്ങളെയും അവഹേളിക്കുക കൂടിയാണ് ശാന്തിഗിരിയിലെ കച്ചവടക്കാര്‍ (മരുന്നിന്റെയും ആത്മീയതയുടെയും മൊത്തവ്യാപാരികള്‍) ചെയ്തത് .

91അടി ഉയരവും 84അടി വ്യാസവും വരുന്ന 21ഇതള്‍ ഉള്ള താമരയുടെ ആകൃതിയില്‍ നിര്‍മ്മിച്ചിട്ടുള്ള കൂറ്റന്‍ സൌധം ശാന്തിഗിരി ആശ്രമ സ്ഥാപകന്‍ കരുണാകര ഗുരുവിന്റെ ആത്മാവിഷ്കാര മാണത്രേ!ഏറ്റവും വിലകൂടിയ മക്രാന മാര്‍ബിള്‍ ആണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്.
ഉള്‍വലയത്തില്‍ പിത്തള പതിപ്പിച്ചിരിക്കുന്ന ഇതിലെ പ്രകാശ വിന്യാസത്തിന് അത്യാധുനിക എല്‍ . .ഡി സംവിധാനമാണത്രെ ഉള്ളത് .

മരുന്നും മന്ത്രവും മറ്റു പലതും വിറ്റു കാശുണ്ടാക്കാന്‍ പഠിപ്പിച്ച ഗുരുവിനു ചേര്‍ന്ന സ്മാരകം ആകാം
ശിഷ്യര്‍ നിര്‍മ്മിച്ചിട്ടുള്ളത് .പക്ഷെ അതിന്റെ പേരില്‍ ഭാഷയെയും, രാജ്യം പവിത്രമെന്നു കരുതുന്ന
മൂല്യങ്ങളെയും അവഹേളിക്കരുത്.
കോടിക്കണക്കിനു രൂപ ചെലവാക്കി കെട്ടി ഉയര്‍ത്തിയ കൂറ്റന്‍ മാര്‍ബിള്‍ താമര, വഴിയെ പോകുന്നവര്‍ക്കെല്ലാം കാണുന്നതിനു വേണ്ടി തെങ്ങ് ഉള്‍പ്പടെ യുള്ള നിരവധി ഫലവൃക്ഷങ്ങളെയാണ്
വെട്ടി നശിപ്പിച്ചത് .സന്യാസത്തെ കുറിച്ചോ സന്യാസിയുടെ ആവാസ സ്ഥാനമായ പര്‍ണ്ണശാലയെ കുറിച്ചോ അല്പമെങ്കിലും ധാരയുള്ളവര്‍ ആധുനിക നഗരവാസിയെ തോല്പിക്കുന്ന പരിസ്ഥിതിപാതകം ചെയ്യുമോ? സന്യാസിനി അല്ലാതിരുന്നിട്ടു കൂടി പര്‍ണ്ണ ശാലയില്‍ വളര്‍ന്ന ശകുന്തള ചെടികളെ നനയ്ക്കാതെ സ്വന്തം തൊണ്ട പോലും നനച്ചിരുന്നില്ല.അവയുടെ ഒരു
തളിര് പോലും ഇറുത്തിരുന്നില്ല.അതാണ്‌ കള്ളസന്യാസിയല്ലാത്ത കണ്ണ്വമഹര്‍ഷി വളര്ത്തിയതിന്റെ ഗുണം.കണ്ണ്വാശ്രമ ത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയും ബ്ലൂഫിലിം നിര്‍മ്മാണം ഭയന്ന്‍ ഒടിപ്പോയിട്ടുമില്ല.

ഗുരുത്വവും വളര്‍ത്തു ഗുണവും അവിടെ നില്‍ക്കട്ടെ.അത്യാഡംബര ഭീമ നിര്‍മ്മിതിയ്ക്ക് ആവശ്യമായ കോടികളുടെ ഉറവിടം ഏതാണെന്ന് അറിയുവാന്‍ മാലോകര്‍ക്ക് അവകാശമുണ്ട്‌.ഒരു സാധാരണക്കാരന്‍ പുതിയ വീട് വച്ചാല്‍ ,ഒരു കാറ് വാങ്ങിയാല്‍ അതിനുള്ള തുട്ടിന്റെ സ്രോതസ് തിരക്കി ഇറങ്ങുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഈ പഞ്ചനക്ഷത്ര മാര്‍ബിള്‍ കൂടാര നിര്‍മ്മിതിയ്ക്ക് പൊടിച്ച കോടികള്‍ എവിടെ നിന്നാണെന്നു അന്വേഷിക്കാന്‍ ചുമതലയില്ലേ? രാഷ്ട്രപതിയെ കൊണ്ടു ഉദ്ഘാടിക്കുന്നവര്‍ക്ക് നിയമങ്ങള്‍ ബാധകമല്ലേ?

ആള്‍ദൈവങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ഉയരങ്ങളില്‍ എത്താനുള്ള ഏണിപ്പടികളായി നമ്മുടെ
ഭരണാധികാരികള്‍ മാറുന്നത് വലിയ കഷ്ടമാണ്.ഇന്ത്യയുടെ പ്രസിഡന്റ് അങ്ങോട്ട്‌ ചെന്ന് ദര്‍ശനം
നേടിയ കരുണാകര ഗുരുശിഷ്യ അമൃത ജ്ഞാനതപസ്വിനിയുടെ വാക്കുകള്‍ തന്നെ മതി ഗുരുവിന്റെയും ശിഷ്യയുടെയും ജ്ഞാനം മനസ്സിലാക്കാന്‍ ."സ്വന്തം കുടുംബത്തിന്റെ നന്മയാണ് രാജ്യത്തിന്റെയും ലോകത്തിന്റെയും നന്മ "എന്ന് അവര്‍ രാഷ്ട്രപതിയെ ഉപദേശിച്ചത്രേ ."ലോകമേ തറവാട്" എന്ന് കരുതുന്ന ഭാരതീയ ദര്‍ശനം "തറവാടേ ലോകം" എന്ന് തിരുത്തുന്ന ജ്ഞാന തപസ്വിനിമാരുടെ കാല്‍ക്കല്‍ കുമ്പിടുന്ന വരെയോര്‍ത്തു ലജ്ജിക്കുകയല്ലാതെ എന്ത് വഴി?ഇമ്മാതിരി ശിഷ്യമാര്‍ മാര്‍ബിള്‍
കൊട്ടാരത്തിന് "പര്‍ണ്ണ ശാലയെന്നു പേരിട്ടതില്‍ അത്ഭുതപ്പെടാനില്ല.

ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് ശ്രീ ചിത്തിര തിരുനാള്‍ ആശുപത്രി രാഷ്ട്ര
ത്തിനു സമര്‍പ്പിച്ചത്.ലക്ഷോപ ലക്ഷം രോഗികള്‍ക്ക് അതുകൊണ്ടു പ്രയോജനമുണ്ടായി.ആര്‍ഷ ദര്‍ശനത്തെ പറ്റിയോ മാനവ വ്യഥയെ പറ്റിയോ യാതൊരു ഗ്രാഹ്യവും പരിഗണനയും ഇല്ലാത്ത വ്യാജ
ദൈവങ്ങള്‍ അവിഹിതമായി സമ്പാദിച്ച സ്വത്ത് കൊണ്ടു പടുത്തുയര്‍ത്തിയ ഒരു ദുര്‍വ്യയ സ്മാരകം
മാനവ രാശിക്ക് സമര്‍പ്പിച്ചിട്ട് ആര്‍ക്കെന്തു പ്രയോജനം ?ഒരു സര്‍ക്കാര്‍ സ്ഥാപനം രാഷ്ട്രത്തിന് സമര്‍പ്പിക്കാനാണ് ഇന്ദിരാ ഗാന്ധി വന്നത്.പ്രതിഭാ പാട്ടീലോ ?സര്‍ക്കാരിനെയും നാട്ടുകാരെയും കബളിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ധൂര്‍ത്ത മന്ദിരത്തിനു വെള്ള പൂശാന്‍ .രണ്ടും(മാർബിൾ മന്ദിരവും ഉദ്ഘാടനച്ചെലവും) നാഷണൽ വേസ്റ്റ് തന്നെ.Fans on the page

Sunday, August 1, 2010

ഉദയ പ്രതീക്ഷ
പൂര്‍ണ്ണ സുഷുപ്തിയില്‍ ലോകം മയങ്ങുന്ന
പാതിരാവിന്റെ നിശബ്ദ യാമങ്ങളില്‍
മോചന ഗന്ധം ശ്വസിച്ചുണര്‍ന്നേറ്റവര്‍
മൂകം കൊതിച്ചു വന്നെത്താന്‍ ,തിളങ്ങുന്ന
പുത്തനുഷസ്സുകള്‍ ,ബന്ധനം നിര്‍മ്മിച്ചോ-
രന്ധകാരത്തിന്റെ ചിത്രങ്ങള്‍ മായ്ക്കുവാന്‍.

കാത്തിരിപ്പിന്റെ നിമിഷങ്ങള്‍ക്കായുസ്സു -
കൂടി ,നൃത്തം വച്ച വര്‍ണ്ണ പ്രതീക്ഷകള്‍
പത്രം കുഴഞ്ഞു മയങ്ങി ,യിടയ്ക്കിടെ
പാന്ഥര്‍ തന്‍ കൈയ്യിലെ ചൂട്ടിലും, കൊള്ളക്കാര്‍
പൊട്ടിച്ചെറിഞ്ഞ തീപ്പന്തത്തിലും കൊച്ചു
മിന്നാമിനുങ്ങിലും കണ്ട കിരണങ്ങള്‍
പൂര്‍വ്വ ദിക്കിന്റെ മുഖം തുടുക്കുന്നതിന്‍
പ്രാരംഭമായി ഭ്രമിച്ചു പലപ്പോഴും.

സിംഹാസനങ്ങള്‍ക്കു വേണ്ടി സഹജന്റെ
സംഹാരവും കള്ളച്ചൂതും നടക്കുന്നു;
ശംബൂക ശീര്‍ഷം മുറിക്കുമനാചാര
ശക്തികള്‍ ധര്‍മ്മ പ്രചാരത്തിനെത്തുന്നു;
അമ്മിഞ്ഞപ്പാലിനുമുപ്പു നോക്കുന്നവര്‍
അജ്ഞാത വേഷത്തില്‍ ചീറ്റുന്നു വിദ്വേഷം ;
രാവിന്റെ കിങ്കരരാടി ത്തിമര്‍ക്കുന്നു;
രാപ്പാടി പാട്ടു മറന്നു മുറിവേറ്റ
പക്ഷമൊതുക്കി കിടപ്പൂ മരിക്കുവാന്‍-
വൃക്ഷങ്ങളില്ലാത്ത കാടിന്റെ മൂലയില്‍ .
എങ്കിലും പൊന്‍ പ്രഭ തൂകിയുദിക്കുന്ന
മംഗള നവ്യ പ്രഭാതം പ്രതീക്ഷിച്ചു
കണ്ണടയ്ക്കാതിന്നും കാത്തിരുപ്പൂ ശുദ്ധ -
കര്‍മ്മ നാളങ്ങള്‍ കൊളുത്തും കുരുന്നുകള്‍ .
Fans on the page

Wednesday, June 30, 2010

എം.പി.നമ്പൂതിരിമാർ


നമ്മുടെ പാർലമെന്റ് മെംബറന്മാരുടെ പ്രതിമാസശമ്പളം 16000 രൂപയിൽ നിന്നും 80001രൂപയായി വർദ്ധിപ്പിക്കാൻപാർലമെന്ററി സമിതി ശുപാർശ ചെയ്തിരിക്കുന്നത്രെ.കേന്ദ്രസർക്കാരിലെ സെക്രട്ടറിയുടെശമ്പളത്തെക്കാൾ ഒരു രൂപ കൂട്ടിയാണു 80001 എന്ന അത്ഭുത സംഖ്യ കണ്ടെത്തിയിരിക്കുന്നത്.

80001രൂപയായി എം.പി ശമ്പളം നിജപ്പെടുത്താനുള്ള യുക്തിയാണു ഏറ്റവുംപ്രശംസിക്കപ്പെടേണ്ടത്.കൂലിത്തല്ലിനും ഗുണ്ടായിസത്തിനും ഒന്നും പോകാതെ, പഠിച്ചു നേടിയ ബിരുദങ്ങളും സിവിൽ
സർ വ്വീസ് പരീക്ഷാ യോഗ്യതകളും മാത്രമുള്ള മന്ദബുദ്ധി സെക്രട്ടറിമാർക്കൊപ്പം നമ്മുടെ മാന്യന്മാരായ ജനപ്രതിനിധികളെ പരിഗണിക്കുന്നതിൽ പരം അപമാനം ഈ രാജ്യത്തെ പ്രജകൾക്കു വരാനുണ്ടോ?അത്തരം അപമാന ഭാരത്തിൽനിന്നും രക്ഷിക്കാനാണു സ്ക്രട്ടറിമാരെക്കാൽ മുന്തിയ ശമ്പളമായി ഒരു രൂപാ കൂട്ടി എം.പി മാർക്ക് നൽകണമെന്ന് ശുപാർശ ചെയ്തിരിക്കുന്നത്.
പണ്ട് ഒരു നമ്പൂതിരിയും അദ്ദേഹത്തിന്റെ വാല്യക്കരൻഗോപാലനും കൂടി പാലത്തിൽകൂടി നടന്നു പോകു
മ്പോൾപാലം തകർന്ന് രണ്ടു പേരും വെള്ളത്തിൽ വീണു.എങ്ങനെയോ തല വെള്ളത്തിനു മുകളിൽ വന്നപ്പോൾ,ഗോപാലനും താനും കുടിക്കുന്നത് ഒരേ വെള്ളം തന്നെയാണെന്ന് നമ്പൂതിരി കണ്ടു.ശ്വാസം മുട്ടുന്നതിനിടയിലും നമ്പൂതിരി വിളിച്ചു പറഞ്ഞത്രേ: "എടാ ഗോപാലാ വെള്ളം ശ്ശി കലക്കി കുടിക്കൂ" എന്ന്.
സെക്രട്ടറി വാല്യക്കാരേക്കാൾ മികച്ച ശമ്പളം എം.പി നമ്പൂതിരിമാർക്ക് ലഭിക്കേണ്ടത് പുതിയ വർണ്ണാശ്രമ ധർമ്മം പുലരാൻ അത്യന്താപേക്ഷിതമാണു.

പാർലമെന്റ് അംഗങ്ങൽ മാത്രം വിചാരിച്ചാൽ മതി ശമ്പളം കൂട്ടാൻ.ആരോടും മൂപ്പു ചോദിക്കേണ്ടതില്ല.
കക്ഷിഭേദമെന്യെ എല്ലാവരും അനുകൂലിച്ച് എം.പി മാരുടെ 'ദാരിദ്ര്യം' നിർമ്മാർജ്ജനം ചെയ്യുമെന്നു പ്രതീക്ഷിക്കാം.പെട്രോൽവില കൂട്ടിയ സ്ഥിതിക്ക് എം.പിമാരുടെ ശമ്പളം കൂട്ടാതിരിക്കുന്നന്നത് ശരിയല്ല.കേരളത്തിൽമില്മ പാലിന്റെ വില വർദ്ധിപ്പിച്ചതിനാൽ ഇവിടുത്തെ എം. എൽ.എ മാരുടെ ശമ്പളവും കൂട്ടേണ്ടതാണു.


Fans on the page

Friday, June 25, 2010

ഭോപ്പാൽ

രജത മേഘങ്ങൾനൃത്തം ചവുട്ടിയ
രജനിയിൽ വൽണ്ണ സ്വപ്നങ്ങൾ നെയ്തവർ,
വ്യഥിത ചിന്തയാൽ മസ്തിഷ്ക തന്തുക്കൾ
വ്രണിതമാകയാലസ്വസ്ഥരായവർ,
പുഴു കണക്കെ പ്പിടഞ്ഞു തെരുവിന്റെ
മിഴികളിൽ പീള കെട്ടുകയായ് പിണം.

മകനെ വേർ പെട്ട മാതാവു,ഭാര്യ തൻ
മരണ ഗോഷ്ഠികൾ കണ്ടു സഹിക്കാതെ
സമനില വിട്ട ഭർത്താവ;നങ്ങുവാൻ
ചെറുതുമാകാത്ത കൈശോര സഞ്ചയം;
രതി സുഖത്തിൻ പ്രവാഹ വേഗങ്ങളിൽ
പുതിയ രഥ്യയിലെത്തുന്നതിൻ മുമ്പേ
മൃതി കുരുക്കി ഞെരുക്കിയൊടുക്കിയ
മിഥുനം;എല്ലാം കിടപ്പൂ ചലിക്കാതെ.

ഇതു കുരുക്ഷേത്ര സംഗരാന്ത്യത്തിലെ
ചിതയൊരുക്കല്ല;നാസികൾ നിർമ്മിച്ച
കൊലയറയല്ല;ലോകയുദ്ധത്തിന്റെ
കഥയുരയ്ക്കുന്ന ജപ്പാൻ നഗരമ-
ല്ലി;വിടഹിംസയ്ക്കു ജന്മമരുളിയ
ധരയി,ലാളുകളൊന്നിച്ചു വാണിടം;
എളിയ ദു:ഖവും മോഹഭംഗങ്ങളും
ചെറിയ പോരും കുശുമ്പുമുണ്ടെങ്കിലും
സഹജ ഭാവവും സ്നേഹവും വറ്റാത്ത
സരള ചിത്തരിടതിങ്ങി വാണിടം;
അവിടെയിന്നു വിഷപ്പുക സം ഹാര
നടനമാടി വിതച്ചൂ കൊടും മൃതി.

പുകയടിക്കും നഗരത്തിലമ്മ തൻ
ജഡമടക്കാനിടം തെല്ലു കിട്ടാതെ
ചകിതരായി പ്രതിമകൾ പോലവേ
ചുടല വക്കിലിരിക്കുന്നു കുഞ്ഞുങ്ങൾ
ഇനിയൊരിക്കൽ നീണ്ടെത്തും വിഷത്തിന്റെ
ചടുല നാവിന്നുപദംശമാകുവാൻ.

ഹരിത വസ്ത്രവും മുടിയും നശിപ്പി-
ച്ചറുതിയില്ലാതുപദ്രവമേകീട്ടും
അകമലിഞ്ഞു സഹതാപതപ്തയാ-
യഴലകറ്റുന്ന സർ വ്വം സഹയായ
പ്രകൃതി പോലും കരഞ്ഞു പോമീ ശവ-
പ്രകര മദ്ധ്യത്തിൽ നിൽക്കുന്നു ഗാന്ധാരി
കൊടിയ ശാപാർഹരായിരം കൃഷ്ണന്മാ-
രരുകിൽ നിൽക്കിലും നാവനങ്ങാതിതാ.


Fans on the page

Sunday, June 13, 2010

ദൈവമേ നിന്‍ പേരു കേട്ടാല്‍.....
"ജാതി വേണ്ട,മതം വേണ്ട
ദൈവം വേണ്ട മനുഷ്യനു"
ശക്തിയുക്തമുരയ്ക്കുന്നു
യുക്തിവാദികളൊന്നായി.

"ദൈവമില്ലേല്‍ ലോകമില്ല,
മര്‍ത്യരില്ല ജീവനില്ല"
എതിര്‍ വാദ വാളുമായി
എത്തിയല്ലോ വിശ്വാസികള്‍.

ളോഹയിട്ടോര്‍,വട്ടത്തൊപ്പി
ധരിച്ചവര്‍;കാവി വസ്ത്ര-
മുടുത്തവര്‍;തലപ്പാവും
കൃപാണവും പേറുന്നവര്‍,

ഏകസ്വരത്തി,ലുച്ചത്തില്‍
ഈശ്വരന്റെ മഹത്വത്തെ
പാടി വാഴ്ത്തി നില കൊണ്ടു
ഒരമ്മ പെറ്റ മക്കള്‍ പോല്‍.

അന്തം വി,ട്ടവിശ്വാസികള്‍
ശബ്ദമില്ലാതെ നില്‍ക്കവേ
ഭസ്മമെടുത്തു നീട്ടുന്നു
കാവി വസ്ത്രമുടുത്തവന്‍.

'ഹറാ'മെന്നോതി മാറുന്നു
വട്ടത്തൊപ്പിയണിഞ്ഞവര്‍;
'തൊട്ടുകൂടെ'ന്നു ചൊല്ലുന്നു
ളോഹയിട്ട വിശുദ്ധന്മാര്‍.

ജാള്യ ഭാവം മറയ്ക്കാനായ്
കാവിക്കൂട്ടമൊരുങ്ങവേ
ഈശോമിശിഹയ്ക്കു സ്തുതി-
യോതി കുരിശ് വരച്ചച്ചന്‍,

കര്‍ത്താവിന്‍ മഹിമാവാകെ
കീര്‍ത്തിച്ചു പ്രാര്‍ത്ഥിക്കയായി;
മുട്ടുകുത്തി യച്ചനൊപ്പം
കൂടുന്നു കുഞ്ഞാടുകളും.

വാങ്കു വിളിയപ്പോള്‍ കേള്‍ക്കേ
പടിഞ്ഞാറേക്കു തിരിഞ്ഞു
തല കുമ്പിട്ടു ഭക്തിയില്‍
വട്ടത്തൊപ്പികള്‍ താഴുന്നു.

"നടുറോഡു പള്ളിയാക്കാന്‍
നശൂലങ്ങള്‍ തുനിയുന്നോ ?"
തമ്മില്‍ തമ്മില്‍ പറയുന്നു
നീരസത്തോടെ കാവിക്കാര്‍ .

കാതു പൊട്ടുമാറുച്ചത്തില്‍
ഉരുവിട്ടാര്‍ "ഹരേ രാമ"
"ഹരേ കൃഷ്ണ"നിരന്തരം
താളമേള സമന്വിതം.

“നിസ്ക്കരിക്കാന്‍ നിന്റെയൊക്കെ
സമ്മതം വേണ്ടെങ്ങ”ള്‍ക്കെന്നു
ക്രുദ്ധരായൊരു കൂട്ടരും
“വിരട്ടേണ്ടെ”ന്നപരരും,

രാമ നാമം ചൊല്ലുന്നോര്‍ക്കു
നേര്‍ക്കു ചീറിയടുക്കുന്നു;
"ഇതു ഞങ്ങടെ പുണ്യഭൂ-
വെ"ന്നോതി വെട്ടി കാവിക്കാര്‍.

വാളു നക്കുന്നു വാക്കിനെ
തോക്കെരിക്കുന്നു നോക്കിനെ;
വിശ്വാസത്തിന്‍ കൊള്ളിമീനില്‍
വിണ്ടു സ്നേഹ,സൗഹൃദങ്ങള്‍.

തല്ലുകൂടിത്തലകീറി
എല്ലൊടിഞ്ഞും ചോര വാര്‍ന്നും
ചത്തും,കൊന്നും കഴിഞ്ഞിട്ടും
തീരുമാനമായതില്ല,

ആരു ചൊല്‍വൂ സത്യമെന്നും
ഏതു ദൈവം കേമനെന്നും
ആരില്‍ വിശ്വാസമര്‍പ്പിച്ചാല്‍
രക്ഷ കിട്ടിടുമെന്നതും.
Fans on the page

Sunday, June 6, 2010

പട്ടിയ്ക്കു വച്ചത് ഭക്തനു കൊണ്ടപ്പോള്‍

"ജീവനകലയുടെ പരമാചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമത്തില്‍ വെടി.ഭക്തന്റെ കാലില്‍ നിന്നും
ഉണ്ട കണ്ടെടുത്തു.പക്ഷേ തോക്കും വെടിവച്ച ആളിനെയും കാണാനില്ല." സംഭ്രമ ജനകമായ ഈ സംഭവത്തെ കുറിച്ച് പരസ്പര വിരുദ്ധങ്ങളായ വാര്‍ത്തകളാണ് കുറേ ദിവസങ്ങളയി പ്രചരിച്ചു കൊണ്ടിരുന്നത്.തനിക്കു
നേരെയാണ് വെടി ഉതിര്‍ത്തതെന്നും തന്റെ ജീവനു ഭീഷണിയുണ്ടെന്നുമാണ് രവിശങ്കറ് അവകാശപ്പെട്ടത്. എന്നാല്‍ അനുയായികള്‍ തമ്മില്‍ നടന്ന വെടി വയ്പാണ് ആശ്രമത്തില്‍ നടന്നതെന്നും ശ്രീ ശ്രീ രവിശങ്കറെ ലക്ഷ്യം വച്ചല്ലെ
ന്നും ആയിരുന്നു കേന്ദ്ര ഗവണ്മെന്റിന്റെയും കര്‍ണ്ണാടക പോലീസിന്റെയും ആദ്യ പ്രതികരണം.

കേന്ദ്രത്തിന്റെയും പോലീസിന്റെയും പ്രതികരണം തന്റെ അമാനുഷിക പരിവേഷത്തിനു മങ്ങലേല്പിച്ചതില്‍ ആള്‍ദൈ
വവും, തങ്ങളുടെ ആരാധനാ മൂര്‍ത്തിയുടെ ജീവന്‍ അപകടത്തിലായതോര്‍ത്ത് ഭക്തന്മാരും അമര്‍ഷരും ദു:ഖിതരുമാ
യിരുന്നു.എന്നാല്‍ എല്ലാവര്‍ക്കും ആശ്വാസം പകരുന്ന 'യഥാര്‍ത്ഥ വസ്തുത' ഇപ്പോള്‍ പുറത്തു വന്നു.ആശ്രമത്തിന്റെ അടുത്തുള്ള കൃഷിയിടത്തിന്റെ ഉടമ ഡോ. മഹാദേവ്‌ പ്രസാദ് തെരുവുനായ്‌ക്കളെ വിരട്ടിയോടിക്കാനായി ഉതിര്‍ത്ത വെടിയുണ്ടകളിലൊന്നു ലക്ഷ്യംതെറ്റി ആശ്രമവളപ്പിനുള്ളിലെത്തിയതു രവിശങ്കറിനു നേരേയുള്ള വധശ്രമമായി തെറ്റിദ്ധരി
ക്കപ്പെടുകയായിരുന്നുവെന്ന്‌ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന ബംഗളുരു ഡി.ജി.പി. അജയ്‌കുമാര്‍ സിംഗ്‌ പറയുന്നു.കൃഷിയിടത്തിന്‌ അടുത്താണെങ്കിലും അവിടെനിന്നു നോക്കിയാല്‍ ആശ്രമം കാണാന്‍ കഴിയില്ല.ഡോ.മഹാ
ദേവ്‌ പ്രസാദിനു തോക്ക്‌ ഉപയോഗിക്കാനുള്ള ലൈസന്‍സുണ്ട്‌. ഫാമില്‍ അടുത്തിടെ നായ്‌ ശല്യം രൂക്ഷമാവുകയും ആടുകളെ ആക്രമിക്കുകയും ചെയ്‌തിരുന്നു.നായ്ക്കള്‍ക്കു നേരേയാണ്‌ അദ്ദേഹം വെടിയുതിര്‍ത്തതെന്നും വെടിവയ്‌പിനു പി
ന്നില്‍ കൊലപാതക ലക്ഷ്യമുണ്ടായിരുന്നുമില്ല എന്നു ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.

അന്വേഷണത്തില്‍ സന്തുഷ്‌ടിയുണ്ടെന്നാണ് രവിശങ്കറുടെ ആദ്യ പ്രതികരണമെന്നു കേള്‍ക്കുന്നു.അനുയായികള്‍ തമ്മിലു
ള്ള ഏറ്റുമുട്ടലാണു വെടിവയ്‌പിലെത്തിയതെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം തെറ്റാണെന്നു തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അമാനുഷികനെന്നും ത്രികാലജ്ഞാനിയെന്നും ആള്‍ദൈവം എന്നും ഒക്കെ ഭക്തര്‍ കരുതുന്ന ഒരു ദിവ്യന്റെ ആശ്രമത്തില്‍ നടന്ന വെടിവയ്പിന്റെ സത്യാവസ്ഥ അറിയാന്‍ വാസ്തവത്തില്‍ മറ്റെങ്ങും പോകേണ്ടിയിരുന്നില്ല;അദ്ദേഹം ഇതൊക്കെ ആയിരുന്നെങ്കില്‍.പട്ടിയെ ഉന്നം വച്ചത് ഭക്തന് കൊള്ളുമെന്ന് മുന്‍ കൂട്ടി അറിയാനുള്ള ജ്ഞാനം പോലുമില്ലാത്ത ഇ
ദ്ദേഹമോ ത്രികാലജ്ഞാനി?അത് മുന്‍ കൂട്ടി അറിയുകയും വെടിയുണ്ടയുടെ സഞ്ചാര പഥം തെറ്റിച്ച് ഭക്തനെ രക്ഷിക്ക
യും ചെയ്തിരുന്നെങ്കില്‍ ഇദ്ദേഹത്തിന്റെ ദിവ്യത്വം അംഗീകരിച്ചു കൊടുക്കാമായിരുന്നു.യാതൊരു ദിവ്യത്വവും ഇല്ലാത്ത, കാമ,ക്രോധ,ലോഭ,മോഹങ്ങള്‍ എല്ലാമുള്ള വെറും സാദാ മനുഷ്യന്‍ മാത്രമാണ് താനെന്ന് സര്‍ക്കാര്‍ കണ്ടെത്തലി
നോടുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്നു വ്യക്തമാകുകയും ചെയ്തു.എന്നിട്ടും അദ്ദേഹം ദൈവമാണെന്നാണ് ഭക്തരുടെ പ്രചരണം.

പുട്ടപര്‍ത്തിയിലെ ആള്‍ദൈവം കുളിമുറിയിലോ മറ്റോ വീണ് നടുവൊടിഞ്ഞിട്ടും ദൈവമാണെന്നു വിശ്വസിച്ച് ആരാധി
ക്കുമ്പോള്‍ ഇതില്‍ അതിശയിക്കേണ്ട കാര്യമില്ല.തൊട്ടടുത്ത കടപ്പുറത്ത് സുനാമിത്തിരകള്‍ അടിച്ച് മനുഷ്യനും വീടും വളര്‍ത്തു മൃഗങ്ങളും നശിച്ചത് വള്ളിക്കാവിലെ അമ്മദൈവം അറിഞ്ഞത് ഭക്തന്മാരും മറ്റു മാലോകരും അറിഞ്ഞതിനു ശേഷമാണ്.എന്നിട്ടും അവരെയും ദൈവമാണെന്നും പറഞ്ഞ് കുമ്പിടാന്‍ ജനം ക്യൂ നില്‍ക്കുന്നു!നാല്പത്തഞ്ചുംഅമ്പതും ലക്ഷം കോഴ വാങ്ങി സ്വന്തം മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ സീറ്റു വില്‍ക്കുന്ന അവര്‍ നടത്തുന്ന കഞ്ഞിവീ
ഴ്ത്തു ചൂണ്ടിക്കാട്ടി ദാനശീലത്തെ വാഴ്ത്താന്‍ ഇടതുപക്ഷ മന്ത്രിമാര്‍ പോലും മത്സരിക്കുന്നു!!

വിശ്വാസത്തിന്റെ ഹിസ്റ്റീരിയാ ബാധിച്ചവര്‍ക്ക് സ്വയം ദുരനുഭവങ്ങളുണ്ടാകുമ്പോഴേ ബോധം ഉണ്ടാകു.അത് നമുക്ക് കാ
ലത്തിനു വിടാം.പക്ഷേ ഈ ആള്‍ ദൈവങ്ങളുടെ പഞ്ചനക്ഷത്ര സങ്കേതങ്ങളില്‍ ഇങ്ങനെ വെടിയും പുകയും ഉയരുന്ന
ത് എന്തുകൊണ്ടെന്ന് അന്വേഷിക്കുവാനുള്ള ചുമതല ഭരണകൂടങ്ങള്‍ക്കുണ്ട്.ഏതാനും വര്‍ഷം മമ്പു സായിബാബയെ വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഒരു മലയാളി യുവാവിനെ ദൈവത്തിന്റെ അംഗരക്ഷകര് വെടി വയ്ക്കുകയുണ്ടായി.
ആ കേസ് എങ്ങനെ അവസാനിച്ചു എന്ന് ആര്‍ക്കും അറിയില്ല.അമൃതാനന്ദമയിയെ അവരുടെ സങ്കേതത്തിലെ ത
ന്നെ ഒരു അന്തേവാസി കുത്താന്‍ ചെന്നെന്നും പറഞ്ഞ് മര്‍ദ്ദിച്ചത് ഒരിക്കല്‍ വാര്‍ത്തയായിരുന്നു.അയാള്‍ മാനസിക
രോഗി ആയിരുന്നു എന്നാണ് അമ്മദൈവത്തിന്റെ പബ്ലിസിറ്റി മാനേജര്‍മാര്‍ പറഞ്ഞുപരത്തിയത്. ആ സാധുവിനും പിന്നീട് എന്തു സംഭവിച്ചു എന്നും ആര്‍ക്കും അറിയില്ല.

ഇപ്പോള്‍ ശ്രീശ്രീ രവിശങ്കറുടെ ആശ്രമത്തിലെ വെടിവയ്പിന് തുമ്പുണ്ടാക്കിയെങ്കിലും ഒരു തമാശക്കഥയ്ക്കപ്പുറമുള്ള വിശ്വാ
സ്യത അതിനില്ല. വെടിവയ്പ് തനിക്കെതിരെ നടന്ന വധശ്രമമാക്കി ചിത്രീകരിച്ചത് സ്വന്തം അനുയായികള്‍ പോലും വിശ്വസിച്ചില്ല.ഭക്തര്‍ തമ്മില്‍ നടത്തിയ ശണ്ഠയാണ് വെടിവയ്പില്‍ എത്തിയതെന്ന യഥാര്‍ത്ഥ വസ്തുത കേന്ദ്ര ആഭ്യന്ത
ര മന്ത്രി വെളിപ്പെടുത്തിയത് വല്ലാത്ത മാനക്കേടായി.ഡി.വൈ.എഫ്.ഐ യെ ചീത്ത പറഞ്ഞും മറ്റും താന്‍ പ്രീണി
പ്പിച്ചു നിര്ത്തിയിരുന്ന ആര്‍ഷസംസ്കാര സംരക്ഷക പാര്‍ട്ടി സര്‍ക്കാരിന്റെ പോലീസ് കൂടി അതേ നിലപാടെടുത്തത് അതിനേക്കാള്‍ വലിയ ക്ഷീണമായി.'ആര്‍ട്ട് ഓഫ് ലിവിങ്ങി'ന്റെ ഉപജ്ഞാതാവിന്റെ മുഖം രക്ഷിക്കാന്‍ അണിയറ
യില്‍ നടന്ന 'ആര്‍ട്ട് ഓഫ് ലൈയിങ്'(കള്ളം പറച്ചില്‍)വീരന്മാരുടെ പുനരാലോചനയുടെ ഫലമാകും, പട്ടിക്കു വച്ച വെടി അബദ്ധത്തില്‍ ചുറ്റിത്തിരിഞ്ഞ് ഭക്തനു കൊണ്ടതാണെന്ന കണ്ടെത്തല്‍.പോലീസിന്റെ പുതിയ വ്യാഖ്യാനത്തില്‍ ദൈവം തൃപ്തനാണെന്ന പ്രസ്താവന കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കുമ്പോള്‍ കാര്യങ്ങള്‍ വളരെ വ്യക്തമാകും.

ജനങ്ങളെയും സര്‍ക്കാരിനെയും കബളിപ്പിച്ചു ഭക്തി വ്യവസായം നടത്തുന്ന ആള്‍ദൈവങ്ങളുടെ സങ്കേതങ്ങള്‍ ആയുധപ്പുരകളായി മാറിക്കൊണ്ടിരിക്കുകയാണ്.രക്ഷകരെന്ന് ഭക്തരെ വിശ്വസിപ്പിച്ച് വിലസുന്നവര്‍ക്ക് എന്തിനാണ് അംഗ രക്ഷകരും ആയുധസന്നാഹങ്ങളും?സാധാരണ നിയമങ്ങള്‍ തങ്ങള്‍ക്കു ബാധകമല്ലെന്ന മട്ടിലാണിവരുടെ പ്രവ
ര്‍ത്തനങ്ങള്‍.വോട്ടു ലക്ഷ്യമാക്കിയും വിശ്വാസത്തിന്റെ പേരിലും വ്യാജദൈവങ്ങളെ കയറൂരി വിടുന്ന ഭരണകര്‍ത്താ ക്കള്‍ ഗുരുതരമായ ഉത്തരവാദിത്തമില്ലായ്മയാണ് കാട്ടുന്നത്.കൊലയാളിയുടെയും ഭീകരപ്രവര്‍ത്തകന്റെയും ഗുണ്ടകളുടെ
യും പോലും മനുഷ്യാവകാശങ്ങളെ കുറിച്ച് ഉത്കണ്ഠപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ഈ ആള്‍ ദൈവങ്ങളുടെ അന്തപ്പുരങ്ങളില്‍ അരങ്ങേറുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കു നേരേ മൗനം പാലിക്കുക
യാണ്.

സാമാന്യ ബുദ്ധി ആര്‍ക്കും അടിയറ വച്ചിട്ടില്ലാത്തവര്‍ സംഘടിച്ചെങ്കിലേ ഈ വ്യാജ സത്വങ്ങള്‍ നടത്തുന്ന സാമൂഹിക മലിനീകരണം അവസാനിപ്പിക്കാന്‍ കഴിയൂ.
Fans on the page

Monday, May 31, 2010

പെപ്സികരിം

കൊക്കാ കോളാ ഫാക്റ്ററി പൂട്ടിയതില്‍ മനസ്സു നൊന്ത വ്യവസായ സെക്രട്ടറി ഹൃദയം പൊട്ടി മരിക്കാത്തത് പെപ്സി ഫാക്റ്ററി നിലനില്‍ക്കുന്നതു കൊണ്ടാണ്.തനിക്കും പെപ്സിക്കും മൃതസ്ഞ്ജീവനി
ആയത് ബഹു വ്യവസായ മന്ത്രി എളമരം കരീം ആണെന്ന് അദ്ദേഹത്തിന്റെ അനുഭവ സാക്ഷ്യം.വകുപ്പു സെക്രട്ടറിയുടെ സാക്ഷി മൊഴിയും വാഴ്ത്തിപ്പാട്ടും കേട്ട് ഹര്‍ഷ പുളകിതനായ മന്ത്രിയുടെ മുഖത്തു അഭിമാനത്തിന്റെ നിറഞ്ഞ പുഞ്ചിരി.

പക്ഷേ ആ പുഞ്ചിരി ഏറെ നേരം മുഖത്ത് തങ്ങി നിന്നില്ല.സെക്രട്ടറിയുടെ അഭിപ്രായം തന്നെയോ സര്‍ക്കാരിനും? എന്ന മാദ്ധ്യമപ്പടയുടെ ചോദ്യത്തിനുമുമ്പില്‍ മന്ത്രിമണ്ട(തെങ്ങിന്റെ മണ്ടയല്ല) ഉലഞ്ഞു.
സര്‍ക്കാര്‍ പോളിസിയല്ല സെക്രട്ടറിയുടെ വ്യക്തിപരമായ അഭിപ്രായമാണ് അത് എന്നു വിശദീകരിച്ചു.
ഒരു സെമിനാറില്‍ ആര്‍ക്കും ഏതു വിധത്തിലുള്ള അഭിപ്രായവും പ്രകടിപ്പിക്കാം;അതില്‍ അപാകതയൊന്നും
ഇല്ല എന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറിയെ ന്യായീകരിക്കുക കൂടി ചെയ്തു.

സെക്രട്ടറിയെ എതിര്‍ത്തു കൊണ്ട് മുഖ്യമന്ത്രിയുടെയും ഡിവൈ എഫ് ഐ യുടെയും പ്രസ്താവനകള്‍ താമസിയാതെ വന്നു.പ്ലാച്ചിമട സമര സമിതിയുടെ പ്രതിഷേധം ഉണ്ടായി.പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വ്യവസായ സെക്രട്ടറിയുടെ നിലപാടിനെതിരെ അഭിപ്രായമുയര്‍ന്നു.പക്ഷേ മന്ത്രി മഹാശയന്‍,സെക്രട്ടറിയെ ന്യായീകരിക്കാന്‍ തന്നെയായിരുന്നു ഭാവം.വാനര ചാപല്യം കാട്ടിയ ഒരു പാര്‍ട്ടി സാഹിത്യകാരനെ 'കുരങ്ങന്‍' എന്ന് മുഖ്യമന്ത്രി പരാമര്‍ശിച്ചതു പോലും ശരിയായില്ലെന്ന് വളരെ പെട്ടെന്ന് പ്രതികരിച്ച പാര്‍ട്ടി സെക്രട്ടറിയുടെ മൗനം കൂടി ആയപ്പോള്‍ വകുപ്പു സെക്രട്ടറിക്കു വേണ്ടി വാദിക്കുവാന്‍ അദ്ദേഹത്തിന് ആവേശം മൂത്തു.പ്രസ് ക്ലബ്ബിലും മന്ത്രി സഭായോഗത്തിലും തന്റെ മാസ്റ്റര്‍ ബ്രയിനെ സം രക്ഷിക്കാന്‍ അശ്രാന്ത പരിശ്രമമാണ് മന്ത്രി നടത്തിയത്.

ഈ സര്‍ക്കാരിന്റെ ആദ്യ കാലത്തു തന്നെ ഭൂപരിഷ്ക്കരണ നയം തിരുത്തണമെന്ന് ഔദ്യോഗികമായും വ്യക്തിപരമായും ആവശ്യപ്പെട്ട ആളാണ് വ്യവസായ വകുപ്പു സെക്രട്ടറി.തികച്ചും ഇടതുപക്ഷ വിരുദ്ധമായ പ്രസ്തുത നിലപാടെടുത്ത സെക്രട്ടറിയുടെ രക്ഷയ്ക്ക് അന്നും എത്തിയത് മന്ത്രിയും പാര്‍ട്ടി നേതൃത്വവുമാണ്.
ഇപ്പോഴും സെക്രട്ടറിയെ സംരക്ഷിക്കാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ അരങ്ങേറുന്നത്.മന്ത്രിയുടെ പ്രസ്താവന ചട്ടവിരുദ്ധമാണോ എന്ന് അന്വേഷിച്ചു റിപ്പോര്ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതല പ്പെടുത്തിയതില്‍ നിന്നു വ്യക്തമാകുന്നത് അതാണ്.അന്ന് സെക്രട്ടറുടെ മാത്രം രക്ഷയായിരുന്നു അജന്‍ഡയില്‍
ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് മന്ത്രിയുടെ രക്ഷ കൂടി അതില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

സെക്രട്ടറിയുടെ വ്യക്തിപരമായ അഭിപ്രായം എന്ന് പറഞ്ഞ് നിസ്സാരവല്‍ക്കരിക്കാനാണ് മന്ത്രിയും പാര്‍ട്ടിയിലെ ഒരു വിഭാഗവും ചില മാദ്ധ്യമങ്ങളും ശ്രമിക്കുന്നത്.അദ്ദേഹത്തിന്റേത് വെറും അഭിപ്രായമല്ല.
ഒരു സാക്ഷി മൊഴിയാണ്.പെപ്സി ഫാക്റ്ററി അടച്ചു പൂട്ടാത്തത് മന്ത്രിയുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണെന്നാണ് സെക്രട്ടറി തറപ്പിച്ചു പറഞ്ഞത്. എന്നുവച്ചാല്‍,കുടി വെള്ളത്തിനും ശുദ്ധവായുവിനും
ആരോഗ്യകരമായ പരിസ്ഥിതിയ്ക്കും വേണ്ടി ദീര്‍ഘനാളായി സമരം ചെയ്യുന്ന പ്രദേശവാസികള്‍ക്കു നീതി ലഭി
ക്കാത്തത് മന്ത്രിയുടെ കടുംപിടുത്തം കൊണ്ടാണെന്ന്.പെപ്സിക്കമ്പനിയുടെ പ്രവര്‍ത്തനം മൂലം കുടിക്കാന്‍ ശുദ്ധ ജലമില്ലാതെയും ശ്വസിക്കാന്‍ ശുദ്ധവായുവില്ലാതെയും കൃഷി നശിച്ചും കഷ്ടപ്പെടുന്ന പാവപ്പെട്ട ജനങ്ങളുടെ നിലനി
ല്പിനേക്കാള്‍ ജലചൂഷണഭീമനായ പെപ്സി കമ്പനിയുടെ പുരോഗതിയിലാണ് മന്ത്രിയ്ക്ക് താല്പര്യം.

കൊക്ക കോള കമ്പനിയുടെ പ്രവര്‍ത്തനത്തിന്റെ പ്രത്യാഘാതം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി 216 കോടി രൂപയുടെ പാരിസ്ഥിതിക നഷ്ടം കമ്പനി ഉണ്ടാക്കിയതായി കണ്ടെത്തി.അമിതമായ ജലചൂഷണം മൂലം പ്ലാച്ചിമട പ്രദേശത്ത് ഭൂജലം കാര്യമായി കുറഞ്ഞിട്ടുണ്ട്. ഫാക്ടറിയില്‍ നിന്ന് പുറന്തള്ളിയ മാലിന്യം പ്രദേശത്തെ മണ്ണിനെയും വെള്ളത്തെയും മലിനമാക്കി. വളമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഈയവും കാഡ്മിയവും അടങ്ങിയ മാലിന്യം കൃഷിയിടങ്ങളില്‍ തള്ളി കാര്‍ഷിക നഷ്ടവും വരുത്തിവെച്ചു. ജലചൂഷണം മൂലം കാര്‍ഷിക മേഖലയില്‍ 84 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ആരോഗ്യ പ്രശ്‌നങ്ങളാല്‍ 30 കോടിയുടെ നഷ്ടമുണ്ടായി.വ്യവസായ വകുപ്പു സെക്രട്ടറിയേക്കാല്‍ സീനിയറായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ അദ്ധ്യക്ഷതയിലുള്ള സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ
വിവരങ്ങളുള്ളത്.അങ്ങനെയുള്ള ഒരു ഫാക്റ്ററി അടച്ചു പൂട്ടിയത് തെറ്റായിപ്പോയി എന്ന് വ്യവസായ വകുപ്പു സെക്രട്ടറിയുടെ അഭിപ്രായം സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനം തന്നെയാണ്.പ്ലാച്ചിമടയിലെ സാധാരണ ജനങ്ങളെ
അവഹേളിക്കലാണ്.

ഇതേ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പെപ്സി ഫാക്ടറിയാണ് പൂട്ടാതിരിക്കാന്‍ മന്ത്രി 'അവസരോ
ചിതമായി' ഇടപെട്ടെന്ന് വകുപ്പു സെക്രട്ടറി പറയുന്നത്.സാധാരണക്കാരന്റെ കഞ്ഞികുടി മുട്ടിച്ച് കുത്തകകളെ സംരക്ഷിക്കുക എന്നത് ഇടതുപക്ഷ സര്‍ക്കരിന്റെ നയമല്ലാത്തിടത്തോളം ശ്രീ.എളമരം കരീമിന്റെ നിലപാട് വര്‍ഗ്ഗ ശത്രുക്കളെ സഹായിക്കുന്നതാണ്.വ്യവസായം വരണമെങ്കില്‍ നൂറു മീറ്റര്‍ വീതയുള്ള റോഡു വേണമെന്ന അഭിപ്രായമുള്ള കരീമിനു പറ്റിയ സെക്രട്ടറിയായിരിക്കാം വ്യവസയ സെക്രട്ടറി.എങ്കിലും അദ്ദേഹം സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.ശ്രി.കരിമിന്റെ സ്വകാര്യ കാര്യസ്ഥനല്ല.ഒരു ഗവണ്മെന്റ് സെക്രട്ടറി എന്ന നിലയ്ക്ക് അദ്ദേഹത്തിന് സര്‍ക്കാര്‍ നയങ്ങളെയും തീരുമാനത്തെയും പരസ്യമായി വിമര്‍ശിക്കുവാന്‍ അവകാശമില്ല.

മുമ്പ് പ്രതിപക്ഷത്തിരുന്നപ്പോള്‍ എതിര്‍ത്ത എക്സ്പ്രസ് ഹൈവേ, കരിമണല്‍ ഖനനം തുടങ്ങിയവയോടൊക്കെ മന്ത്രി കരീമിന് വല്ലാത്ത ആസക്തിയാണിപ്പോള്‍.അഴിമതിയുടെ ആള്‍ രൂപമെന്ന് മുമ്പു ഇടതുപക്ഷം ആക്ഷേപിച്ച സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിയുടെ മുമ്പില്‍ പോലും എക്സ്പ്രസ് ഹൈവേയെ ചൊല്ലി കുമ്പസാരം നടത്താന്‍ അദ്ദേഹം തയ്യാറായി.പഴയ ആരോപണങ്ങള്‍ക്ക് ഒരു മയവും മര്യാദയുമില്ലാതെ കുഞ്ഞാലിക്കുട്ടി അക്കമിട്ടു മറുപടി പറഞ്ഞത് പ്രസന്നവദനനായി ചെവി കുളര്ക്കെ കേട്ടിരുന്നതില്‍ നിന്നും സ.കരീമിനു വന്ന പരിണാമം മനസ്സിലാക്കാവുന്നതേ ഉള്ളൂ.ഭൂ മാഫിയകളുടെയും കുത്തകക്കമ്പനികളൂടെയും ചങ്ങാത്തത്തില്‍ അഭിമാനിക്കുന്ന മൂലധനത്തിന്റെ ആരാധകന് അവരുടെ ഏജന്റായ വകുപ്പു സെക്രട്ടറി വിശ്വസ്തനും ആചാര്യനും ഒക്കെയായി തോന്നും.പക്ഷേ അങ്ങനെയുള്ളവരെ തീറ്റിപ്പോറ്റേണ്ട ചുമതല സര്‍ക്കാരിനല്ല.ഈ രണ്ടു കൂട്ടരെയും ചുമക്കേണ്ട ആവശ്യം ഇടതുപക്ഷ മുന്നണിയ്ക്കുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടതാണ്.
Fans on the page

Monday, May 24, 2010

തെറ്റുന്ന തെറ്റയില്‍

ഒരുമാതിരി നേരേ ചൊവ്വേ ഭരിച്ചു കൊണ്ടിരുന്ന മന്ത്രി ആയിരുന്നു ശ്രീ.മാത്യു റ്റി.തോമസ്.ജനതാദള്‍ ഒന്നാ
യിരുന്നപ്പോള്‍ വീരേന്ദ്രകുമാറും സംഘവും കൂടി അദ്ദേഹത്തെ രാജി വയ്പ്പിച്ചു.രാജി കൊണ്ടും ഉദ്ദേശിച്ച ഫലം കിട്ടില്ലെന്നു കണ്ടപ്പോള്‍ ഇടതുപക്ഷ മുന്നണിയില്‍ നിന്നു തന്നെ പിണങ്ങിപ്പോയീ.പക്ഷേ കൂടെപ്പോകാന്‍
മാത്യു.റ്റി.തോമസും ജോസ് തെറ്റയിലും കൂട്ടാക്കിയില്ല. ജനതാദള്‍ രണ്ടു കഷണമായി.അത് അവരുടെ ആഭ്യന്തര കാര്യം എന്ന് കരുതി ജനം സമാധാനിച്ച് ഇരുന്നപ്പോഴാണ് കൂടെ നിന്ന ജനനതാദള്‍ കഷ്ണത്തിന് പാരിതോഷിക
മായി മന്ത്രിസ്ഥാനം നല്‍കാന്‍ ഇടതു മുന്നണി തീരുമാനിച്ചത്.മന്ത്രി ആയതു ജോസ് തെറ്റയിലും.പക്ഷേ അത് കേര
ളത്തിനും മന്ത്രിസഭയ്ക്കും ബാദ്ധ്യതയാകുമെന്ന് മന്ത്രി പദം നല്‍കിയവരും പാവം ജനങ്ങളും സ്വപ്നത്തില്‍ പോലും വിചാരിച്ചു കാണില്ല.


മന്ത്രി ആയപ്പോള്‍ മുതല്‍ ഓരോ മണ്ടത്തരങ്ങള്‍ വിളിച്ചു പറഞ്ഞു മാദ്ധ്യമ ശ്രദ്ധ നേടുന്നത് ശ്രീ.തെറ്റയിലിന്റെ പതിവാണ്.ഇപ്പോഴും മാദ്ധ്യമ ശ്രദ്ധ കൈവശപ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു.പക്ഷേ മണ്ടത്തരം പറഞ്ഞല്ല വിവരക്കേടു തട്ടിവിട്ടാണെന്നു മാത്രം.കേരളത്തില്‍ ദേശീയ പാതയുടെ വീതി 30 മീറ്റര്‍ ആയി നിജപ്പെടു
ത്തണമെന്ന ഡിമാന്റ് ദീര്‍ഘ വീക്ഷണമില്ലായ്മയാണെന്നാണ് ബഹു.മന്ത്രിയുടെ അഭിപ്രായം. നമ്മുടെ വികസനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കണ്ടെത്തി.ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വ ത്തില്‍ സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെക്കണ്ട് നിവേദനം സമര്‍പ്പിച്ച് തിരിച്ചു വീട്ടിലെത്തുന്നതിനു മുമ്പാണ് മ
ന്ത്രിപുംഗവന്റെ വികസന വായ്ത്താരി.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു മാത്രം മുന്നില്‍ കണ്ടുള്ള ഈ വികസന വിരുദ്ധനിലപാട് സംസ്ഥാനത്തെ പിറകോട്ടടിയ്ക്കുമെന്നതിനും അദ്ദേഹത്തിനു സംശയമില്ല.

ഭരണകക്ഷി(അതില്‍ തന്റെ പാര്‍ട്ടി ഉള്‍പ്പെടുമെങ്കിലും)മാത്രമാണ് ഇങ്ങനെ ഒരാവശ്യം മുന്നോട്ടു വച്ചതെങ്കില്‍ ഇദ്ദേഹ
ത്തിന്റെ വിമര്‍ശനം ശരിയാണെന്നു സമ്മതിക്കാമായിരുന്നു.പ്രതിപക്ഷ കക്ഷികളും 30 മീറ്റര്‍ മതിയെന്നു വാദിക്കു
മ്പോള്‍ എന്തടിസ്ഥാനത്തിലാണ് സങ്കുചിത രാഷ്ട്രീയ താല്പര്യം ശ്രീ. തെറ്റയില്‍ ഈ പ്രശ്നത്തില്‍ ആരോപിക്കുന്നത്?
പ്രസംഗിക്കുവാന്‍ അറിയാത്തവന്‍ മൈക്കിനു മുമ്പില്‍ എത്തുമ്പോള്‍ വായില്‍ വരുന്നതൊക്കെ വിളിച്ചു പറഞ്ഞുപോ
കും.തെറ്റയില്‍ ഇതു പറഞ്ഞത് പ്രസംഗവേദിയില്‍ വച്ചായിരുന്നില്ല.പ്രസ് ക്ലബ്ബില്‍ വച്ച് പത്രക്കാരോടാണ്.അദ്ദേഹ
ത്തിന് ഈ അഭിപ്രായം ഉണ്ടായിരുന്നെങ്കില്‍ അത് എല്‍.ഡി.എഫ് യോഗത്തില്‍ വേണമായിരുന്നു പറയേണ്ടിയി
രുന്നത്.

വ്യവസായ മന്ത്രി കരീമിനെ പോലെ മറ്റു വല്ല അജണ്ടയും മനസ്സില്‍ വച്ചുകൊണ്ടാണോ തെറ്റയിലിന്റെപുതിയ അഭി
നയം?തെങ്ങിന്റെ മണ്ടയിലാണോ വ്യവസായം തുടങ്ങേണ്ടത് എന്ന് ചോദിച്ചു ചോദിച്ച്,ഒടുവില്‍ കിനാലൂരാണ് വ്യവ
സായത്തിനു പറ്റിയ മണ്ടയെന്നും അതിന് ആദ്യം കുറഞ്ഞത് 100 മീറ്ററെങ്കിലും വീതിയുള്ള പാത നിര്‍മ്മിക്കയാണു വേണ്ടതെന്ന് കണ്ടു പിടിക്കുകയും ചെയ്ത ബുദ്ധിശാലിയാണ് അദ്ദേഹം.യു.ഡി.എഫ് ഭരണകാലത്ത് എക്സ്പ്രസ് ഹൈ
വേയെ എതിര്‍ത്തവരില്‍ മുമ്പില്‍ ഉണ്ടായിരുന്ന കരീം സാഹിബ്ബ്,ഇപ്പോള്‍ പറയുന്നത് വികസനം വരുന്നത് റോഡു വഴിയാണെന്നാണ്.റോഡിന് എത്രയ്ക്കു വീതി കൂടുന്നോ അത്രയ്ക്കു വികസനം വരും എന്നാണ് അദ്ദേഹത്തിന്റെയും കൂ
ട്ടരുടെയും പുതിയ തിയറി.

തനിക്കു മന്ത്രിസ്ഥാനം നല്‍കുവാന്‍ ഏറെ താല്പര്യമെടുത്ത ഭരണ കക്ഷിയിലെ വലിയ വിഭാഗത്തിലെ കരീം ഉള്‍പെ
ടുന്ന ഭൂസ്വാമിമാരോടു ഉപകാരസ്മരണസ്മരണ പ്രകടിപ്പിക്കാനാണോ ജോസ് തെറ്റയിലിന്റെ പുതിയ വേഷം കെട്ടല്‍?
തന്റെ വകുപ്പില്‍ അഴിമതിയുണ്ടെന്നു മുമ്പു പറഞ്ഞ മുഖ്യമന്ത്രിയോടു പക വീട്ടാനുള്ള അവസരമായി ഇതിനെ കണ്ടതാ
ണോ?കാരണം,നാട്ടുകാരുടെ നെഞ്ചത്തു കൂടി ബുള്‍ഡോസര്‍ കേറ്റി വികസനം വരുത്തുന്നത് നിര്‍ത്തി വയ്ക്കാന്‍ ഉത്ത
രവിട്ടത് അദ്ദേഹമാണല്ലൊ.

ഗള്‍ഫ് നാടുകളില്‍,മനുഷ്യനും മറ്റു ജന്തുക്കളും ഇല്ലാത്ത മണലാരണ്യത്തില്‍ കൂടി 100 ഉം 150 ഉം മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഹൈവേകളില്‍ കൂടി പ്രവാസികളെ ഓസി ആഡംബരക്കാറില്‍ നൂറ്റന്‍പതും ഇരുന്നൂറും കിലോമീറ്റര്‍ സ്പീഡില്‍ യാത്ര ചെയ്ത ഓര്‍മ്മയുമായി മന്ത്രിമാരും മറ്റും നാട്ടില്‍ തിരിച്ചെത്തുമ്പോഴുള്ള മതിഭ്രമമാണ് ഈ റോഡു വിക
സന മാനിയ.ഭരണത്തിലിരിക്കുന്ന കാലത്തേക്കെങ്കിലും മന്ത്രിമാരെയും ഭരണകക്ഷി നേതാക്കളെയും വിദേശത്ത് വിടാ
തിരിക്കയാണ് ഈ രോഗം വരാതിരിക്കാനുള്ള ഏക പോം വഴി. നീണ്ടുപരന്ന വിജന പ്രദേശങ്ങള്‍ കൊണ്ടു സമ്പന്ന
മായ ഗള്‍ഫ് രാജ്യങ്ങളില്‍ റോഡിന് വീതി എത്ര വേണമെങ്കിലും കൂട്ടാം. ഒരു കുഞ്ഞു കുരുവിയെ പോലും കുടി ഒഴി
പ്പിക്കേണ്ടി വരില്ല.അതുപോലെ സാധിക്കുമോ മുഴത്തിനു മുന്നൂറു വീടുകളുള്ള കേരളത്തില്‍?

ദേശീയപാതാ വികസനത്തിന്റെ അപ്പോസ്തലനായി ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ട്രാന്‍സ്പോര്‍ട്ട് വകുപ്പുമന്ത്രി മന്ത്രി
സഭായോഗത്തിലും സര്‍ വ്വകക്ഷിയോഗത്തിലും എന്തുകൊണ്ട് തന്റെ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയില്ല?സ്വന്തം
പാര്‍ട്ടിയുടെ നിലപാടിനു വിരുദ്ധമായി ഇത്തരം ഒരു പ്രസ്താവന നടത്തുവാനുണ്ടായ പ്രകോപനം എന്താണ്? വീതി കൂട്ടിക്കൊടുക്കാം എന്നു പറഞ്ഞ് ആരില്‍ നിന്നെങ്കിലും ഇദ്ദേഹം അച്ചാരം വാങ്ങിയിട്ടുണ്ടെങ്കില്‍ അതങ്ങ് തിരിച്ചു കൊടു
ക്കുകയാണു ഭംഗി.

ഇതിനിടെ ഏതോ സിനിമയില്‍ അഭിനയിക്കാന്‍ ഇദ്ദേഹം വേഷം കെട്ടി നില്‍ക്കുന്നത് ടിവിയില്‍ കാണുകയുണ്ടായി.
മന്ത്രിവേഷം കെട്ടി കോമാളിത്തം വിളിച്ചു പറയുന്നതിനേക്കാള്‍ ഭേദം.സിനിമയില്‍ കോമാളി വേഷം കെട്ടി കോമാ
ളിത്തം പുലമ്പുന്നതാണ്.അവരവര്‍ക്കു പറ്റുന്ന പണി ചെയ്യുന്നതാണ് എന്തു കൊണ്ടും നല്ലത്.
Fans on the page

Tuesday, May 18, 2010

അടിയന്തിരം

ഇന്നു ഞങ്ങടമ്മേടെ അടിയന്തിരം
-പതിനാറടിയന്തിരം-
പത്തു മക്കളുടമ്മ
ചത്തതനാഥയെപ്പോലെങ്കിലെന്ത്?
പത്തു കൂട്ടം കൂട്ടാനും
പത്തു തരം പായസവും കൂട്ടി
പത്തുരണ്ടായിരം പേരെയൂട്ടി
പതിനാറടിയന്തിരം കേമ മാക്കി ഞങ്ങള്‍.
വായ്ക്കരിയിട്ടില്ലെങ്കിലും
അസ്ഥി നിമജ്ജനം ആഘോഷമാക്കി.
തിരുനാവായ,ആലുവാ,വര്‍ക്കല പാപനാശം,
തിരുവല്ലം വഴി രാമേശ്വരം വരെ
വാടകയ്ക്കെടുത്ത തന്ത്രി മുഖ്യരൊപ്പം
വാഹന വ്യൂഹത്തിനകമ്പടിയോടെ
ചിതാഭസ്മ മൊഴുക്കിയതോടെ
അമ്മയോടു കാട്ടിയ ക്രൂരതകള്‍ക്കും,
അവഗണനയ്ക്കും പരിഹാരക്രിയയായി.
അതുകൊണ്ടും പാപമോചനമായില്ലെങ്കില്‍
അക്ഷയ ത്രിതീയ നാള്‍ വാങ്ങും
സ്വര്‍ണ്ണത്താലമ്മതന്‍
പൂര്‍ണ്ണകായ രൂപം തീര്‍ത്ത്
പൂജിച്ചും ബലിയിട്ടും
പരേതാത്മാവിന്നു സായൂജ്യമേകും.
ഈ ലോക ജീവിതത്തില്‍
ദാഹിച്ചു വലഞ്ഞപ്പോള്‍
വെള്ളമേകിയില്ലെങ്കിലും
വിശപ്പിന്നു ഭക്ഷണ-
മശിക്കാന്‍ കൊടുത്തില്ലെങ്കിലും
ഉടുതുണിയ്ക്കുതകിയില്ലെങ്കിലും
ഭീതിപ്പെടുത്തുമേകാന്തതയില്‍
കൂട്ടു നല്‍കാനായില്ലെങ്കിലും
പരലോകം പൂകുന്നോര്‍-
ക്കരുളണ്ടേ പലതും നാം?
മര്ത്യനും ജീവിതവുമല്ലല്ലോ പ്രധാനം
പിതൃക്കളും പരലോകവുമല്ലേ.
Fans on the page

Sunday, May 9, 2010

വിദ്യാഭ്യാസ വിരുദ്ധനായ വിദ്യാഭ്യാസമന്ത്രി

ധര്‍മ്മ ദൈവം ബാധയാകുമെന്നു കേട്ടിട്ടേ ഉള്ളൂ.കേരളത്തിലെ വിദ്യാഭ്യാസ രംഗം ഈ അവസ്ഥ ശരിക്കും അനുഭവി
ക്കുകയാണ് ഇപ്പോള്‍.വിദ്യാഭ്യാസമന്ത്രി വിദ്യാഭ്യാസത്തിന്റെ ആരാച്ചാരാണെന്ന് എതിരാളികള്‍ പറയാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. ആ ആരോപണം ശരിയാണെന്ന് സംശയരഹിതമായി തെളിഞ്ഞിരിക്കുന്നു.ഈ വര്‍ഷത്തെ
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു കൊണ്ട് വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി നടത്തിയ പത്ര സമ്മേളനത്തിലാണ്,കഴിഞ്ഞ നാലു വര്‍ഷമായി കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുര്യോഗത്തിന്റെ കാരണം അറി
യാതെ പുറത്തു ചാടിയത്.

പരീക്ഷയില്‍ തോറ്റവരും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവരും നിരാശരാകാതെ,ബി.എ.കംപ്ലീറ്റ് ചെയ്യാത്ത തന്നെക്കണ്ടു
പഠിക്കാനാണ് ശ്രീമാന്‍ ബേബി വിദ്യാര്‍ത്ഥികളെ ഉപദേശിച്ചത്.നേരേചൊവ്വേ പഠിച്ചില്ലെങ്കിലും തന്നെപ്പോലെ മന്ത്രി വരെയുള്ള ഉന്നത പദവികളില്‍ എത്താം എന്നാണ് ആ പറഞ്ഞതിന്റെ പൊരുള്‍.പഠിച്ചിട്ടു വലിയ പ്രയോജനമില്ല
എന്നും വ്യാഖ്യാനിക്കാം.ഒരു വിദ്യാഭ്യാസ മന്ത്രിക്ക് പറഞ്ഞു ഞെളിയാന്‍ പറ്റിയ കാര്യം തന്നെ!അതും കൗമാരത്തോട് വിടപയുന്ന ,സ്വഭാവരൂപ വല്‍ക്കരണത്തിലും മറ്റും വഴിത്തിരിവുണ്ടാകുന്ന, പ്രായത്തില്‍ പെട്ട കുട്ടികളോട്.

"വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം" എന്ന് മലയാളിക്കു ചൊല്ലിത്തന്ന മഹാകവി ഉള്ളൂര്‍ വെറും മണ്ടന്‍.അത് ഇത്ര
യും കാലം പഠിപ്പിച്ച അദ്ധ്യാപകര്‍ മരമണ്ടന്മാര്‍!വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിച്ച മന്ത്രി മഹാസമര്‍ത്ഥന്‍.
അദ്ദേഹത്തിന്റെ സാമര്ത്ഥ്യം ഏതെല്ലാം വിധത്തിലാണ് കേരളഭരണത്തിലും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുള്ളിലും സാം
സ്കാരിക,വിദ്യാഭ്യാസ രംഗങ്ങളിലും വിളയാടിക്കൊണ്ടിരിക്കുന്നത് എന്ന് വിദ്യാര്‍ത്ഥികളല്ലാത്തവരും കണ്ടു പഠിക്കട്ടെ.

കുത്തിത്തിരിപ്പും കുതികാല്‍ വെട്ടും സേവ പിടുത്തവും കൊണ്ടു തരപ്പെടുത്തിയ മന്ത്രി സ്ഥാനം മറ്റെന്തിനേക്കാളും മഹ
ത്താണെന്നു കരുതുന്ന ഒരാള്‍ക്കേ ഇത്തരം അല്പത്തങ്ങള്‍ സങ്കോചമില്ലാതെ എഴുന്നള്ളിക്കാന്‍ സാധിക്കൂ.പാര്‍ട്ടിയിലെ
യോഗ്യതയുള്ളവരില്‍ നിന്നു തട്ടിയെടുത്ത മന്ത്രിപ്പണി നേരാം വണ്ണം ചെയ്യാന്‍ കഴിയാതെ പോയതിന്റെ കാരണങ്ങ
ളില്‍ പ്രധാനം വിദ്യാഭ്യാസമില്ലായ്മയാണെന്നു പോലും ഈ വങ്കപ്രഭു അറിയുന്നില്ല.അതു മനസ്സിലാക്കണമെങ്കില്‍ വി
വരം വേണം;വിനയം വേണം;കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള താല്പര്യവും ഇച്ഛാശക്തിയും വേണം.

ദാരിദ്ര്യം ഉള്‍പ്പെടെയുള്ള വീട്ടിലെ സാഹചര്യങ്ങള്‍ മൂലം പഠിത്തം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോകുന്ന ഒട്ടനവധി പേരുണ്ട്.മറ്റു പല കാരണങ്ങള്‍ കൊണ്ടു വിദ്യാഭ്യാസത്തിനു വിരാമമിടേണ്ടി വരുന്നവരുമുണ്ട്.അവര്ക്കെല്ലാം അതില്‍ വേദനയും നിരാശയും പശ്ചാത്താപവും ഒക്കെ ഉണ്ടാകും.പലരും അവസരം ലഭിച്ചാല്‍ മുടങ്ങിയ വിദ്യാഭ്യാസം പൂര്‍ത്തി
യാക്കുന്നതും പതിവാണ്.എന്നാല്‍ പഠിത്തം പൂര്‍ത്തീകരിക്കാത്തതില്‍ അഭിമാനിക്കുന്ന ഒരാളെ ആദ്യമായാണ് കാണു
ന്നത്.

ഇദ്ദേഹത്തെക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞവരും കേരളത്തില്‍ വിദ്യാഭ്യാസ മന്ത്രിമാരായിരുന്നിട്ടുണ്ട്.അവരാരും ഇത്തരം
അഹങ്കാരവും വിവരക്കേടും പുലമ്പിയിട്ടില്ല.തന്നെയുമല്ല തങ്ങള്‍ക്കു സാധിക്കാഞ്ഞത് പുതിയ തലമുറയ്ക്ക് കഴിയണം എ
ന്ന മനോഭാവമാണ് അവരില്‍ വേരൂന്നിയിരുന്നത്.സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ അതു തെളിയിക്കുകയും ചെയ്തു.തങ്ങള്‍ക്കു കിട്ടാത്ത സൗഭാഗ്യമൊന്നും ഇനി വരുന്നവരും അനുഭവിക്കരുത് എന്ന വികലമായ മാനസിക ഘടനയുള്ളവരുണ്ട്.അവര്‍ ബോധപൂര്‍വ്വമായോ അബോധപൂര്‍വ്വമായോ അതിനു വേണ്ട വേലകളൊക്കെ ചെയ്യും.തനി
ക്കു ശരിയായ വിദ്യാഭ്യാസം ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ഇത്തരം വിക
ലബുദ്ധികളില്‍ ഉള്‍പ്പെടുമെന്നാണ് മനസ്സിലാക്കേണ്ടത്.കേരളത്തിലെ വിദ്യാഭ്യാസ മേഖല ഒന്നാകെ അലങ്കോലപ്പെടു
ത്തിയതില്‍ വകുപ്പു മന്ത്രിയുടെ ഈ മനോവൈകല്യം നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ടെന്നതിന് സംശയമില്ല.ഇദ്ദേഹം വിദ്യാഭ്യാസ മന്ത്രിയുടെ കിരീടം അണിഞ്ഞ ശേഷം നടത്തിയ പരിഷ്കാരങ്ങള്‍ ഓരോന്നും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

പാര്‍ട്ടിയുടെ സൗജന്യത്താല്‍ വളരെക്കാലം ഡല്‍ഹിയില്‍ കഴിഞ്ഞതു മൂലം സ്വായത്തമാക്കിയ മുറി ഇംഗ്ലീഷ് ഉപയോ
ഗിച്ച് മുഖ്യമന്ത്രിക്കും സഹമന്ത്രിമാര്‍ക്കും പാര്‍ട്ടി ആസ്ഥാനത്തു പോയി പാരവയ്ക്കുകയും 'സ്വരലയ'വഴി കാശുണ്ടാക്കു
കയും ചെയ്യുന്നതു പോലുള്ള പരിപാടിയാണ് മന്ത്രിപ്പണിയെന്നു ഇദ്ദേഹം ധരിക്കുന്നുണ്ടാകണം.ജീവിതത്തിന്റെ നല്ല പ
ങ്കും പഠനത്തിനും ഗവേഷണത്തിനും വിനിയോഗിച്ച് ഉന്നത ബിരുദങ്ങള്‍ നേടുന്നവരോടും വരും തലമുറ്യ്ക്കു അറിവു പ
കര്‍ന്നു കൊടുക്കുന്ന അദ്ധ്യാപകരോടും മന്ത്രിയുടെ മനോഭാവം എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ഇദ്ദേ
ഹത്തെപ്പോലുള്ള വിദ്യാനിന്ദകര്‍,സര്‍വ്വകലാശാലകളുടെ പ്രോ ചാന്‍സലര്‍ എന്ന നിലയില്‍ പങ്കെടുക്കുന്ന പ്രത്യേക കോണ്‍വൊക്കേഷനുകളില്‍ വച്ച് ഡിലിറ്റ് ബിരുദം സ്വീകരിക്കേണ്ടി വരുന്നത് അവ ലഭിക്കുന്ന മഹാപ്രതിഭകള്‍ക്ക് മാ
നക്കേടാണ്.

മന്ത്രിമാരും സാംസ്കാരിക നായകന്മാരും പറയുന്ന തമാശകള്‍ പോലും വിവാദമാക്കുന്ന അച്ചടി ,ദൃശ്യ മാദ്ധ്യമ മങ്ങ
ളൊന്നും വിദ്യാഭ്യാസത്തിന്റെ നേര്‍ക്കു എം.എ.ബേബി നടത്തിയ കാര്‍ക്കിച്ചുതുപ്പല്‍ കണ്ടില്ലെന്നുനടിക്കുക യാണ്.പ
ലവിധ മാദ്ധ്യമ പുരസ്കാരങ്ങളും സാഹിത്യ സമ്മാനങ്ങളും ഫിലിം അവാര്‍ഡുകളും കൈവശമുള്ള ഒരു വകുപ്പിന്റെ ചക്ര
വര്‍ത്തിയെ വെറുപ്പിക്കുന്നത് ബുദ്ധിയല്ലന്നാകും അവര്‍ കരുതുന്നത്.ചാനല്‍ ചര്‍ച്ചകളും ലേഖന പരമ്പരകളും ഉണ്ടായി
ല്ലെങ്കിലും ഈ വിദ്യാഭ്യാസ നിന്ദ സാക്ഷര കേരളം തിരിച്ചറിയുക തന്നെ ചെയ്യും.വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുകയും അവരുടെ പഠന താല്പര്യത്തെ ഹനിക്കുകയും ചെയ്യുന്ന പ്രസ്താവന നടത്തിയ ശ്രീ.എം.എ.ബേബിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ യാതൊരര്‍ഹതയുമില്ല.

Fans on the page