Total Pageviews

Friday, May 27, 2011

ആരാണു മുഖ്യന്‍?പുതിയതായി അധികാരമേറ്റ ഒരു മന്ത്രിസഭയെ അസുഖകരങ്ങളായ ചോദ്യങ്ങള്‍ ഉന്നയിച്ച് വിഷമിപ്പിക്കുന്നത് മര്യാദയല്ല.എങ്കിലും സംസ്ഥാനത്തിനു അസുഖം സമ്മാനിക്കുന്ന ചില പ്രഖ്യാപനങ്ങള്‍ പുതിയ ഭരണകൂടം കൈക്കൊള്ളുമ്പോള്‍ ചോദിക്കാതിരിക്കാനും വയ്യ.ഇപ്പോള്‍ ആരാണു മുഖ്യമന്ത്രി?ഉമ്മന്‍ ചാണ്ടിയോ കുഞ്ഞാലിക്കുട്ടിയോ?താന്‍ ഉള്‍പ്പെടെ 20 മന്ത്രിമാരാണ് പുതിയ മന്ത്രിസഭയില്‍ ഉണ്ടാകുക എന്നാണ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത്.ലീഗിനു നാലും മാണികോണ്‍ഗ്രസ്സിനു രണ്ടും മന്ത്രിമാര്‍ തുടങ്ങി ഘടക കക്ഷികളുടെ മന്ത്രിമാരുടെ എണ്ണവും അദ്ദേഹം വ്യക്തമാക്കി.യു.ഡി.എഫ് കണ്‍ വീനര്‍ പി.പി.തങ്കച്ചന്‍ ആവര്‍ത്തിച്ചതും അതു തന്നെ.പക്ഷേ അവരുടെ പ്രഖ്യാപനങ്ങള്‍ക്കു പിന്നാലെ പാണക്കാട്ടു നിന്നും പുതിയ കല്പനകള്‍ ഇറങ്ങി.ലീഗിന് അഞ്ചു മന്ത്രിമാര്‍ ഉണ്ടാകും.അവര്‍ ആരൊക്കെ
യാണെന്നും വകുപ്പുകള്‍ ഏതൊക്കെയെന്നും പ്രഖ്യാപനമുണ്ടായി.

ഡല്‍ഹിയില്‍ ആയിരുന്ന മുഖ്യമന്ത്രിസ്ഥാനിയോടു പത്രക്കാര്‍ ചോദിച്ചപ്പോള്‍ തനിക്ക് അതേപ്പറ്റി ഒന്നും
അറിയില്ല എന്നായിരുന്നു മറുപടി.മുതിര്‍ന്ന ഐക്യമുന്നണി നേതാവായ കെ.എം.മാണിയുടെയും പ്രതികരണവും അതു തന്നെയായിരുന്നു.കുഞ്ഞാലിക്കുട്ടി പറഞ്ഞതാകട്ടെ "ഇന്നലെ 20 എന്നായിരുന്നതു കൊണ്ട് നാളെ ഇരുപത്തി ഒന്നായിക്കൂടാ എന്നില്ലല്ലോ" എന്നും.38 എം.എല്ലെ മാര്‍ മാത്രമുള്ള കോണ്‍ഗ്രസ്സിന് മുഖ്യമന്ത്രിയടക്കം 10 മന്ത്രിമാര്‍ ആകാമെങ്കില്‍ 20 എം.എല്‍ എ മാരുള്ള മുസ്ലീം ലീഗിന് 5 മന്ത്രിമാര്‍ ആയിക്കൂടേ?എന്ന യുക്തിഭദ്രമായ ഭീഷണി കുഞ്ഞാലിക്കുട്ടിയുടെ ചോദ്യത്തില്‍ അടങ്ങിയിട്ടുണ്ട്.

പെണ്‍ വാണിഭക്കാരെയും പൊതുമുതല്‍ മോഷ്ടാക്കളെയും മറ്റ് അഴിമതിക്കാരെയും ജനങ്ങളുടെ മേല്‍ അടിച്ചേല്പ്പിക്കരുത് എന്ന വി.എസ്.അച്യുതാനന്ദന്റെ അഭ്യര്‍ത്ഥനയ്ക്ക് "ജനങ്ങളുടെ കോടതിയില്‍ ജയിച്ചുവന്നവരെ മന്ത്രിമാരാക്കുന്നതിന് എനിക്ക് അച്യുതാനന്ദന്റെ ഉപദേശം ആവശ്യമില്ല"എന്നായി
രുന്നു ഉമ്മന്‍ ചാണ്ടിയുടെ ഉത്തരം.സ്ത്രീലമ്പടന്മാരെ സ്ഥാനാര്‍ത്ഥിയാക്കിയത് ലീഗ് സ്ത്രീ വര്‍ഗ്ഗത്തോട് ചെയ്ത അപരാധമാണ്.ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും സ്വാതന്ത്ര്യം ഇല്ലാത്ത സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഒരു പറ്റം നിസ്സഹായര്‍ അത്തരക്കാരെ ജയിപ്പിച്ചു വിട്ടതു കൊണ്ട് കേരളത്തിലെ സകല ജനങ്ങളെയും ഭരിക്കാന്‍ അവര്‍ യോഗ്യനാണെന്നു വ്യാഖ്യാനിക്കുന്നത് അല്പം കടന്ന കൈയ്യാണ്.

ഇടമലയാര്‍ കേസ്സില്‍ ശിക്ഷിക്കപ്പെട്ട ബാല‍കൃഷ്ണപിള്ളയുടെയും പെണ്‍ വാണിഭ കേസ്സില്‍ നിന്ന് അവിഹിത മാര്‍ഗ്ഗങ്ങളിലൂടെ രക്ഷപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി അച്യുതാനന്ദന്‍ നടത്തിയ പ്രചരണമാണ്, നൂറും നൂറ്റിപ്പത്തും സീറ്റുകള്‍ സ്വപ്നം കണ്ട യു.ഡി.എഫിനെ 72-ല്‍ തളച്ചിട്ടത് എന്ന് രാഷ്ട്രീയത്തിന്റെ മഞ്ഞക്കാമില ബാധിക്കാത്ത ആര്‍ക്കും ബോദ്ധ്യമാകും.കു
ഞ്ഞാലിക്കുട്ടിയ്ക്കു കിട്ടിയ ഭൂരിപക്ഷം കാട്ടി ഈ വസ്തുത മറയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള
വര്‍, ബാലകൃഷ്ണപിള്ളയുടെ ഡമ്മിയായി കൊട്ടാരക്കരയില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥി ഇരുപതിനാ
യിരത്തില്‍ പരം വോട്ടിനു പൊട്ടിയതിന്നു പിന്നില്‍ എന്തു തരം ജനഹിതമാണു പ്രവര്‍ത്തിച്ചതെന്ന് കൂടി വിശദമാക്കണം.നട്ടുച്ചയ്ക്ക് ഉമ്മന്‍ ചാണ്ടി കണ്ണടച്ചാല്‍ അദ്ദേഹത്തിനു മാത്രമേ ഇരുട്ടായി തോന്നുകയു
ള്ളു.വയലാര്‍ രവിക്കും ഏ.കെ.ആന്റണിക്കും പോലും ഇരുട്ടയി തോന്നുകയില്ല.എന്നു മാത്രമല്ല നട്ടുച്ചയാണെന്ന് മനസ്സില്ലാ മനസ്സോടെയാണെങ്കിലും അവര്‍ സമ്മതിക്കുകയും ചെയ്യും.

ഇടമലയാര്‍ കേസ് നിലവിലുണ്ടായിരുന്നപ്പോള്‍ ഇതേപോലെ ജനകീയ കോടതിയില്‍ ജയിച്ചു വന്ന പിള്ളയെ മന്ത്രിയാക്കാന്‍ അന്ന് ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ്സും വിസമ്മതിച്ചതും പകരം അദ്ദേഹത്തി
ന്റെ പുത്രനെ മന്ത്രിയാക്കിയതും എന്തുകൊണ്ടായിരുന്നു?റൗഫ് പറഞ്ഞതു ശരിയെങ്കില്‍ പാണക്കാട് തങ്ങളെ വരെ ബ്ലാക് മെയില്‍ ചെയ്തു കാര്യം സാധിക്കുന്ന ആളാണ് കുഞ്ഞാലിക്കുട്ടി.അദ്ദേഹം അങ്ങനെ വല്ല 'നേരമ്പോക്കും' കാട്ടിയാണോ ഉമ്മന്‍ ചാണ്ടിയെ വശപ്പെടുത്തിയത്?

ജനകീയക്കോടതിയില്‍ ജയിച്ചുവന്നവനെ മന്ത്രിയാക്കിയത് ജനാധിപത്യ ബോധം കൊണ്ടാണെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചു കൊടുക്കാം.പക്ഷേ കുഞ്ഞാലിക്കുട്ടിയുടെ പെണ്ണു കേസ് ഒതുക്കുന്നതിനു വേണ്ടി കോഴവാങ്ങിയതുമായി ബന്ധപ്പെട്ട് കോടതി കയറി ഇറങ്ങുന്ന അഡ്വ.ഐപ്പിനെ വീണ്ടും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി നിയമിച്ചത് ഏതു ജനകീയ കോടതിയുടെ വിധിപ്രകാരമാണ് എന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കണം.സമ്പൂര്‍ണ്ണ മന്ത്രി സഭയുടെ ആദ്യ യോഗം ചേരുന്നതിനു മുമ്പു തന്നെ തിടുക്കത്തില്‍ ഈ അഴിമതിക്കരനെ ഉന്നത പദവിയില്‍ നിയമിക്കാനുള്ള എന്ത് അടിയന്തിര വ്യവഹാരമാണ് പുതിയ സര്‍ക്കരിന്റെ മുമ്പില്‍ വന്നു മുട്ടിയത്?പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളേക്കാള്‍ മുന്‍ ഗണന കൊടുക്കത്തക്ക എന്ത് സവിശേഷ പ്രാധാന്യമാണ് ഐപ്പിന്റെ നിയമനത്തിനുള്ളത്?ഉമ്മന്‍ ചാണ്ടി മാത്രമല്ല എ.കെ.ആന്റണിയെയും വി.എം സുധീരനെയും പോലുള്ള കോണ്‍ഗ്രസ്സിലെ ആദര്‍ശക്കുരുവികളും ഇതിനു മറുപടി പറയാന്‍ ബാധ്യസ്ഥരാണ്.

വകുപ്പു വിഭജിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കു മാത്രമാണുള്ളത്.അതെല്ലാം ഇപ്പോള്‍ ചെയ്യുന്നത് ജനം ധരിച്ചിരിക്കുന്ന മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയല്ല;കുഞ്ഞാലിക്കുട്ടിയാണ്.തദ്ദേശ സ്വയംഭരണ വകുപ്പ് ഉമ്മന്‍ ചാണ്ടി ഒന്നു വിഭജിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി അത് വീണ്ടും വിഭജിച്ചു.ആരുണ്ട് ചോദിക്കാന്‍ എന്നാണ് അദ്ദേഹത്തിന്റെ ഭാവം.

കളങ്കിതരെ മാത്രമല്ല കളങ്കിതരുടെ വളര്‍ത്തു മൃഗങ്ങളെയും എല്ലാ സദാചാരമൂല്യങ്ങളും ലംഘിച്ചു കൊണ്ട് ഉന്നത പദവിയില്‍ അവരോധിക്കുകയും മുഖ്യമന്ത്രിയുടെ അധികാരത്തില്‍ കൈവയ്ക്കുകയും മറ്റും ചെയ്യുന്നത് കാണുമ്പോള്‍ മനസ്സാക്ഷി പണയപ്പെടുത്തിയിട്ടില്ലാത്ത ആരും ചോദിച്ചു പോകും "ആരാണു കേരളം ഭരിക്കുന്നത്?"എന്ന്.
Fans on the page

Wednesday, May 18, 2011

തെരഞ്ഞെടുപ്പും അഴിമതിയുംഅഴിമതിയും പെണ്‍ വാണിഭവും ഒന്നും സാധാരണ ജനങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും വികസനവും വിലക്കയറ്റവും അരിയും തുണിയും മറ്റുമാണ് അവരുടെ മുഖ്യ വിഷയം എന്നും ആയിരുന്നു എല്ലാ യു.ഡി.എഫ് നേതാക്കളും തെരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ പറഞ്ഞത്.ആദര്‍ശത്തിന്റെ ആള്‍ രൂപമായി കോണ്‍ഗ്രസ്സുകാര് ഉയര്‍ത്തിക്കാട്ടാറുള്ള ഏ.കെ.ആന്റണിയുള്‍പ്പെടെയുള്ളവരുടെ വായ്ത്താരിയും ഇതു തന്നെയായിരുന്നു. യു.ഡി.എഫ് നേതാക്കള്‍ മാത്രമല്ല ധാരളം ചാനല്‍ പണ്ഡിതന്മാരും നിഷ്പക്ഷത നടിച്ച പല രാഷ്ട്രീയ വിശകലന വീരരും മാദ്ധ്യമ പുലികളും ഇതേ അഭിപ്രായക്കാരായിരുന്നു.തങ്ങളെ വോട്ടു ചെയ്ത് അധികാരത്തിലേറ്റുന്ന പൊതുജനം വെറും കഴുതകളാണെന്നാണ് ഇവര്‍ പറഞ്ഞതിന്റെ പച്ചമലയാളം.

പൊതുമുതല്‍ മോഷ്ടിച്ചതിന് സുപ്രീം കോടതി ശിക്ഷിച്ച ആര്‍.ബാലകൃഷ്ണപിള്ളയേയും പെണ്‍ വാണിഭ വീരന്‍ കുഞ്ഞാലിക്കുട്ടിയേയും രണ്ടു തോളിലുമിരുത്തി തെരഞ്ഞെടുപ്പു പ്രചരണം ആരംഭിച്ച ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഇത്തരം നിലപാട് എടുത്തതില്‍ അതിശയിക്കാനില്ല.വയറുനിറഞ്ഞാല്‍ ഏതു വാഴച്ചുവട്ടിലും കിടന്നുറങ്ങി ക്കൊള്ളുന്നവരാണ് വോട്ടര്‍മാര്‍ എന്ന് അവര്‍ ധരിക്കുകയും മറ്റുള്ളവരെ ധരിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു.എത്ര പിഴപ്പിക്കപ്പെട്ടാലും ബംഗ്ലാവും കാറും പണവും നല്‍കിയാല്‍ എങ്ങനെയൊക്കെ വേണമെങ്കിലും മൊഴിമാറ്റിപ്പറയുന്ന സ്ത്രീ ജന്മങ്ങളെ കൈകാര്യം ചെയ്തു പരിചയിച്ചവരും അവരുടെ അനുഭവം കണ്ടു പരിചയിച്ചവരും, മറ്റുള്ളവരും അത്തരക്കാരാണെന്നു വിചാരിക്കുക സ്വാഭാവികം മാത്രം.

എന്നാല്‍ ഇതല്ല യാഥാര്‍ത്ഥ്യം.അക്ഷരാര്‍ത്ഥത്തില്‍ തേനും പാലും ഒഴുക്കി തമിഴ് നാടിനെ സുഭിക്ഷതയില്‍ ആറാടിച്ചു ഭരിച്ച കരുണാനിധിയെയും കൂട്ടരെയും അവിടുത്തെ ജനം തൂത്തെറിഞ്ഞത് എന്തു കൊണ്ടാണ്?തെരഞ്ഞെടുപ്പില്‍ അഴിമതി ഗൗരവമുള്ള വിഷയമായി തമിഴ് മക്കള്‍ തിരിച്ചറിഞ്ഞതിന്റെ പ്രത്യാഘമാണ് അവിടെ സംഭവിച്ചത്.പൊന്നു കൊണ്ടു പുളിശേരി വച്ചു കൊടുത്താലും പൊതുമുതല്‍ കക്കുന്നവന്‍ അധികാരത്തില്‍ കയറണ്ടാ എന്ന താക്കീതാണ് അവിടുത്തെ തെരഞ്ഞെടുപ്പു ഫലം നല്‍കുന്ന സൂചന.

അങ്ങനെയെങ്കില്‍ കേരളത്തിലും അതേപടി സംഭവിക്കണമായിരുന്നല്ലോ എന്ന ചോദ്യമുയരാം.അതു തന്നെയാണ് ഇവിടെയും സംഭവിച്ചത് എന്നാണ് ഉത്തരം.പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളിലും അതിദയനീയ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ എല്‍.ഡി.എഫ് നാല്പതു സീറ്റിനപ്പുറം പിടിക്കില്ലെന്ന് കരുതിയിയവരില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ മാത്രമല്ല എല്‍.ഡി.എഫ് അനുഭാവികളും ഉണ്ടായിരുന്നു.മിക്ക രാഷ്ട്രീയ ജ്യോത്സ്യന്മാരുടെ പ്രവചനങ്ങളും അത്തരത്തിലുള്ളതായിരുന്നു.ആ ഒരവസ്ഥയില്‍ നിന്നും അറുപത്തെട്ടില്‍ എത്തിയതിന്റെ പിന്നില്‍ അഴിമതിയ്ക്കും സ്ത്രീപീഡനത്തിനും എതിരായ ജനവികാരത്തിന് നല്ല പങ്കുണ്ട്.ഭരണ നേട്ടങ്ങളോടൊപ്പം വി.എസ് അച്യുതാനന്ദന്‍ ഉയര്‍ത്തിയ അഴിമതി വിരുദ്ധ നിലപാടിന് ലഭിച്ച വലിയ സ്വീകാര്യതയാണ് തെരഞ്ഞെടുപ്പില്‍ അഭിമാനാര്‍ഹമായ വിജയം കൊയ്യാന്‍ എല്‍.ഡി.എഫിനെ തുണച്ചത്.

ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും മാത്രമേ പാവപ്പെട്ടവന്റെ അജണ്ടയില്‍ ഉള്ളൂ എന്നും അഴിമതിയും കെടുകാര്യസ്ഥതയും സ്ത്രീ പീഡനവും ഒന്നും അവനെ സ്പര്‍ശിക്കാത്ത വിഷയങ്ങളാണെന്നുമുള്ള ചില രാഷ്ട്രീയ,മാദ്ധ്യമ,ത്തമ്പുരാക്കന്മാരുടെ വാദഗതി അസംബന്ധമാണെന്ന് കേരളത്തിലെയും തമിഴ് നാട്ടിലെയും തെരഞ്ഞെടുപ്പു ഫലങ്ങള്‍ നമുക്കു കാണിച്ചു തരുന്നു.ഉദരപൂരണത്തിനായി രാഷ്ട്രീയം കൊണ്ടു നടക്കുന്നവരേക്കാള്‍ രാഷ്ട്രീയ ബോധം നിരക്ഷരനും പ്രബുദ്ധതയില്ലാത്തവനുമായ വോട്ടര്‍ക്കുണ്ടെന്ന് ,ഇനിയെങ്കിലും ഇവര്‍ മനസ്സിലാക്കുമോ?
Fans on the page

Wednesday, May 4, 2011

ഇങ്ങനെയമുണ്ടോ വിവരദോഷികള്‍?കേരളത്തിലെ സമുദായ സംഘടനാ നേതാക്കളില്‍ ഏറ്റവും വലിയ വിവരദോഷി വെള്ളാപ്പള്ളി നടേശനാണെന്നാണ് കരുതിയിരുന്നത്.എന്നാല്‍ അദ്ദേഹത്തെ ബഹുദൂരം പിന്നിലാക്കുന്ന ഒരുവന്‍ ഉണ്ടെന്നു തെളിഞ്ഞിരിക്കുന്നു.എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിക്കുന്ന സുകുമാരന്‍ നായരാണ് ഈ വിദ്വാന്‍.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ.വി.എസ്. അച്യുതാന
ന്ദനെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളില്‍ നിന്നും വിവരദോഷി മാത്രമല്ല സംസ്കാര ശൂന്യനുമാണെന്ന് വെളിവായി.

സി.പി.എം.നേതാവായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും കഴിഞ്ഞ പല പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വരുന്ന സ.അച്യുതാനന്ദന്‍ കേരളത്തിന്റെ പൊതു ജീവിതത്തിലെ സജീവ സാന്നിദ്ധ്യ
മാണ്.തീഷ്ണമായ സമര പഥങ്ങളിലൂടെ ,പ്രതിബന്ധങ്ങളെ വകവയ്ക്കാതെ പാവപ്പെട്ടവര്‍ക്കു വേണ്ടി അദ്ദേഹം മുന്നേറിയപ്പോള്‍ എന്‍.എസ്.എസിന്റെ കോളേജുകളില്‍ പാറ്റയേയും മണ്ണിരയേയും പിടിച്ചു കൊടുത്ത് കാലയാപനം കഴിക്കുകയായിരുന്ന സുകുമാരന്‍ നായര്‍ക്ക് അച്യുതാനന്ദനെ വിലയി
രുത്താനുള്ള യോഗ്യതയില്ല.രാഷ്ട്രീയം ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത സുകുമാരന്‍ നായര്‍ക്ക് വി.എസിനെ എന്നല്ല ഒരു കെ.എസ്.യു.നേതാവിനെ കുറിച്ചു പോലും അഭിപ്രായം പറയാനുള്ള പാങ്ങില്ല.ആരുടെയൊക്കയോ കാലു നക്കി എന്‍.എസ്.എസിന്റെ തലപ്പത്ത് എത്തിയ ഇയാള്‍ക്ക്, താന്‍ കൂടെക്കൂടെ തട്ടിവിടുന്ന 'സമദൂര സിദ്ധാന്ത'ത്തിന്റെ അര്‍ത്ഥം പോലും അറിഞ്ഞുകൂടാ എന്ന് ഇന്നലത്തെ പ്രസ്താവനയില്‍ നിന്നു തന്നെ മനസ്സിലാക്കാം.വിവരവും വിദ്യാഭ്യാസവുമില്ലാത്ത ഇയാളെ അതെല്ലാമുള്ള പലരെയും തഴഞ്ഞ് അനര്‍ഹമായ പദവിയില്‍ പ്രതിഷ്ഠിച്ചപ്പോള്‍, പില്‍ക്കാലത്ത് സമുദായത്തിനു നാണക്കേടും ബാദ്ധ്യതയുമാകുമെന്ന് ,അറിവുള്ള പലരും അന്നേ സൂചിപ്പിച്ചതാണ്.

'ഉല്പ്പത്തി നീചനുമക്ഷര യോഗത്താല്‍
ക്ഷിപ്രം മഹിമ തടവീടു'മെന്ന് അവര്‍ പോലും പ്രതീക്ഷിച്ചു.മാന്യനും സംസ്കാരസമ്പന്നനും വിദ്യാസമ്പന്നനും പക്വമതിയും ആയ പി.കെ.നാരായണപ്പണിക്കരോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ മഹിമ കൈവരുമെന്നു വിചാരിച്ചു.പക്ഷേ യാതൊരു പരിവര്‍ത്തനവും ഈ ഉല്പത്തി നീചന് ഉണ്ടായില്ല എന്ന് ഇപ്പോള്‍ ബോദ്ധ്യമായി.നീലത്തില്‍ വീണ കുറുക്കനെപ്പോലെ ഒരു നിര്‍ണ്ണായക സമയത്ത് യഥാര്‍ത്ഥ സ്വരൂപം വെളിപ്പെട്ടു.ഒരു കണക്കിന് സുകുമാരന്‍ നായരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.അദ്ദേഹം കണ്ടിട്ടുള്ള ഏറ്റവും വലിയ രാഷ്ട്രീയ നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയാണ്.പിന്നെ സൂര്യനെല്ലി ബന്ധം വഴി പി.ജെ.കുര്യനും.അഴിമതി നടത്തിയതിന് സുപ്രീം കോടതി ശിക്ഷിച്ച് അകത്തിട്ടിരിക്കുന്ന പിള്ളയെ ആരാധിക്കുന്ന സുകുമാരന്‍ നായര്‍ക്ക് എങ്ങനെയാണ് അച്യുതാനന്ദനെ മനസ്സിലാകുക?

ഇന്നലെ വരെ ഗുണദോഷിച്ചും ശാസിച്ചും ഒപ്പം കൊണ്ടുനടന്ന പെണ്‍ കുട്ടി പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവളെ കുറിച്ചു 'ഒരുത്തി' എന്ന് അച്യുതാനന്ദന്‍ പരാമര്‍ശിച്ചതു കേട്ട് വേദനിച്ചു പിടയുകയും ധാര്‍മ്മിക രോഷം കൊണ്ടു പൊട്ടിത്തെറിയ്ക്കുകയും ചെയ്ത ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സന്മാര്‍ഗ്ഗ ബോധം ഇപ്പോള്‍ എവിടെപ്പോയി?എണ്‍പത്തേഴു കഴിഞ്ഞ കേരളത്തിന്റെ മുഖ്യമന്ത്രിയെ, വയസ്സിലും പ്രവര്‍ത്തന പാരമ്പര്യത്തിലും സാമൂഹിക ബോധത്തിലും പൊതുജീവിത വിശുദ്ധിയിലും അദ്ദേഹത്തെക്കാള്‍ വളരെ വളരെ താഴെ നില്‍ക്കുന്ന ഒരു ഏഴാം കൂലി,"കൊള്ളരുതാത്തവന്‍‍",
"സംസ്കാരമില്ലാത്തവന്‍","എന്തു വൃത്തികേടും ചെയ്യുന്നവന്‍","ജനാധിപത്യ ബോധമില്ലാത്തവന്‍"
എന്നെല്ലാം പറഞ്ഞ് അധിക്ഷേപിച്ചപ്പോള്‍ ഭാഷാ ശുദ്ധിയെ കുറിച്ച് ഉരിയാടാന്‍ ഇവരുടെ നാവനങ്ങാതെ പോയതെന്തുകൊണ്ട്?പവാറും ജയറാം രമേശും പ്രധാനമന്ത്രിയും ചേര്‍ന്നു ചീറ്റിയ എന്‍ഡോസള്‍ഫാന്‍ വിഷം തീണ്ടി നാവു ചലിക്കാതായതു കൊണ്ടോ?

സുകുമാരന്‍ നായരുടെ സംസ്കാരലോപത്തെ വിമര്‍ശിക്കുന്നതിനു പകരം ഏതോ എന്‍.എസ്.എസ് മന്ദിരത്തിന്റെ ജനാലച്ചില്ലു പൊട്ടിയതില്‍ പൂങ്കണ്ണീരൊഴുക്കുന്ന മുന്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ മാന്യതയും
സാമൂഹിക പ്രതിബദ്ധതയും ഒന്നുകൂടി ജനത്തിനു ബോദ്ധ്യമായി.ഒന്നുമില്ലെങ്കിലും അച്യുതാനന്ദനും താനും ഒരു വര്‍ഗ്ഗം(രാഷ്ട്രീയക്കാര്‍)ആണെന്ന ബോധമെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് ഉണ്ടാകണമായി
രുന്നു.ആരാദ്ധ്യനായ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ,ജാതിക്കുശുമ്പും രാഷ്ട്രീയ വൈരവും വേര്‍ തിരി
ച്ചറിയാന്‍ കഴിയാത്ത പരുവത്തിലായിരിക്കുകയാണോ?അതോ യൂ.ഡി.എഫിനു ഭൂരിപക്ഷം കിട്ടുകയാണെങ്കില്‍ തന്റെ മുഖ്യമന്ത്രി പദത്തിനുണ്ടാകാന്‍ സാദ്ധ്യതയുള്ള ഭീഷണിമുന്നില്‍ കണ്ട് ന
ടത്തുന്ന സേവ പിടുത്തമോ?

യു.ഡി.എഫിനു ഭൂരിപക്ഷം കിട്ടുകയാണെങ്കില്‍ അത് എന്‍.എസ്.എസ്, സമദൂര സിദ്ധാന്തത്തില്‍ വെള്ളം ചേര്‍ത്ത് യു.ഡി.എഫിനെ സഹായിച്ചതു കൊണ്ടാണെന്നു വരുത്തി ത്തീര്‍ക്കാനുള്ള വിലകുറഞ്ഞ തന്ത്രമാണ് സുകുമാരന്‍ നായര്‍ പയറ്റുന്നത് എന്ന കണ്ണൂര്‍ ഡി.സി.സി.പ്രസിഡന്റ് രാമകൃഷ്ണന്റെ നിരീക്ഷണം യുക്തി സഹമാണ്.അത്തരമൊരു നിലപാട് തിരഞ്ഞെടുപ്പിനു മുമ്പ് പ്രകടിപ്പിക്കാതെ ഇപ്പോള്‍ പറയുന്നത് വിജയ സാദ്ധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള മലക്കം മറിച്ചിലാണെന്നും അത് വിശ്വസിക്കാന്‍ പ്രയാസമാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.സാമാന്യ രാഷ്ട്രീയ ബോധം മാത്രമുള്ള ആര്‍ക്കും മനസ്സിലാകുന്ന ഈ സത്യം ഉമ്മന്‍ ചാണ്ടിയ്ക്കു മനസ്സിലാകാത്തതിന്റെ മന:ശാസ്ത്രം മേല്പറഞ്ഞ അപകടശങ്കയാണ്.ബാലകൃഷ്ണപി
ള്ളയുടെ ആശ്രിതനായ സുകുമാരന്‍ നായരുടെ എട്ടുകാലി മമ്മൂഞ്ഞു വേഷം തിരിച്ചറിഞ്ഞിട്ടും അദ്ദേഹത്തിനെ സഹായിക്കാന്‍"അടിയന്‍ ലച്ചിപ്പോം" എന്ന മട്ടില്‍ പ്രതിപക്ഷ നേതാവു ചാടി വീണതും അതുകൊണ്ടു തന്നെ.

സുകുമാരന്‍ നായരെ പ്പോലുള്ള നീചബുദ്ധികളുടെയും കാലുനക്കികളുടെയും സംസ്കാര ശൂന്യവും അമാന്യവുമായ പദപ്രയോഗങ്ങള്‍ കൊണ്ട് വാടിപ്പോകുന്നതല്ല, ഇപ്പോഴും സിരകളില്‍ സമരവീര്യം ജ്വലിച്ചു നില്‍ക്കുന്ന അച്യുതാനന്ദനും അദ്ദേഹത്തിന്റെ സല്പ്പേരും.നായ്ക്കള്‍ ഓരിയിട്ടതു കൊണ്ട് ചന്ദ്രന്റെ പ്രകാശം മങ്ങുകയില്ല.പക്ഷേ കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് വലിയ സംഭാവന നല്‍കിയ ഒരു പ്രമുഖ സാമുദായിക സംഘടനയുടെ തലപ്പത്ത് ഇത്തരം വിവരദോഷികളെ താല്‍ക്കാലികമായിട്ടാണെങ്കില്‍ പോലും ഇരുത്തുന്നത് ആ സംഘടനയ്ക്കും സമുദായത്തിനും കളങ്കമുണ്ടാക്കുക തന്നെ ചെയ്യും.Fans on the page