Total Pageviews

Saturday, December 27, 2008

പിള്ള മനസ്സിലെ കള്ളം

ഒന്നാം ക്ലാസില്‍ ടീച്ചര്‍ പഠിപ്പിക്കുന്നു.ഒരു വാക്ക് എഴുതിക്കാണിക്കാന്‍ അവര്‍ ബോര്‍ഡിലേക്കു തിരിയുന്നു.ഒരക്ഷരം എഴുതിയതേ ഉള്ളു. ഒരുഗ്രന്‍ കൂവല്‍.തുടര്‍ന്ന് കൂട്ടച്ചിരി.ടീച്ചര്‍ ദേഷ്യത്തോടെ തിരിഞ്ഞു നോക്കുമ്പോള്‍ ക്ലാസ് നിശ്ശബ്ദം.ആരാണു കൂവിയതെന്ന്‍ ചോദിച്ചിട്ട് ആര്‍ക്കും ഒരു ഭാവഭേദവുമില്ല.ടീച്ചര്‍ ബോര്‍ഡിലേക്കു തിരിഞ്ഞപ്പോള്‍ വീണ്ടും കൂവല്‍.രണ്ടാമതും അവര്‍ ശിഷ്യരെ ചോദ്യം ചെയ്യുന്നു.ഒരു പ്രതികരണവുമില്ല.ഈ കലാപരിപാടി രണ്ടു പ്രാവശ്യം കൂടി ആവര്‍ത്തിച്ചു.ദേഷ്യവും സങ്കടവും
വന്ന ടീച്ചര്‍ രണ്ടും കല്പിച്ച് ഒരു ശ്രമം നടത്തി.അങ്ങനെ അഞ്ചാമത്തെ പ്രാവശ്യം കൂവാനൊരുങ്ങുമ്പോള്‍ പ്രതിയെ കൈയോടെ പിടികൂടി.

സ്വന്തം അനുഭവം പരിചയസമ്പന്നയായ ടീച്ചര്‍ പറഞ്ഞത് വിശ്വസിക്കാതെ വയ്യ.ബാലചാപല്യമാണെന്നു കരുതി സമാധാനിക്കാന്‍ അവരെ ഉപദേശിക്കുമ്പോള്‍ "പിള്ള മനസ്സില്‍ കള്ളമില്ല" എന്നപഴഞ്ചൊല്ല് വാസ്തവമല്ലെന്നു വരികയാണോ എന്നു സംശയിച്ചു.
"അച്ഛന്‍ പത്തായത്തില്‍ പോലുമില്ല" എന്നു പറഞ്ഞ പഴയ പിള്ളകളല്ല ഇപ്പോഴുള്ളത് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

സാധാരണഗതിയില്‍ ,കൂവല്‍ കേട്ടു ടീച്ചര്‍ തിരിഞ്ഞു നോക്കുമ്പോള്‍ കുറച്ചു കുട്ടികളെങ്കിലും അടക്കിപ്പിടിച്ചു ചിരിക്കുന്നുണ്ടാകും.അഥവാ അങ്ങനെ ആരെയും കണ്ടില്ലെങ്കില്‍ റ്റീച്ചറുടെ ചോദ്യം കേള്‍ക്കുമ്പോള്‍ ചിലരുടെ നോട്ടം കൊണ്ടെങ്കിലും ആരാണു വില്ലനെന്ന്‍ അറിയാന്‍ പറ്റും. ഇവിടെ ടീച്ചര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരു കുഞ്ഞു പോലും സത്യം പറയാന്‍ കൂട്ടാക്കിയില്ല.
ചെറിയ ഭാവ വ്യത്യാസം പോലും ഈ പിഞ്ചുമുഖങ്ങളില്‍ കാണാനായില്ല എന്നതാണ് അമ്പരപ്പുളവാക്കുന്ന വസ്തുത.

വിവര സാങ്കേതിക വിദ്യയും ആധുനിക വിജ്ഞാനവ്യാപന സൗകര്യങ്ങളും ടിവി,സിനിമ തുടങ്ങിയവയും നമ്മുടെ ബാലമനസ്സുകളെ പരിണാമ വിധേയമാക്കിക്കൊണ്ടിരിക്കയാണോ?കുട്ടികളിലെ കുട്ടിത്തം നഷ്ടപ്പെടുകയാണോ?മൃഗങ്ങളില്‍ പോലും ചുറ്റുപാടുകള്‍ സ്വഭാവ മാറ്റം സൃഷ്ടിക്കുമ്പോള്‍ സമൂഹജീവിയായ മനുഷ്യന്റെ കുഞ്ഞിനെങ്ങനെ അതിനെ അതിജീവിക്കാന്‍ പറ്റും?Fans on the page

Saturday, December 20, 2008

ശിഖണ്ഡിയങ്കം (വടക്കന്‍ പാട്ട്)

വെള്ളക്കുപ്പായത്തിന്‍ വീട്ടുകാരെ
തള്ളി;ച്ചുവപ്പു കുടുംബക്കാര്‍ക്ക്
നാട്ടു കുടുംബത്തിന്‍ നായകത്വം
നാട്ടുകാര്‍ നല്‍കി പോല്‍ സ്നേഹപൂര്‍വ്വം.

ശോണകുടുംബത്തിന്‍ മൂത്ത ചേകോന്‍,
ശോഷണമേശാത്ത വീറു കാരന്‍
നാട്ടു കുടുംബത്തിന്‍ നാഥനായി
വീട്ടുകാരേറെയും തുഷ്ടരായി.

നാളേറെയായിട്ടീ വന്‍ കുടുംബ-
നായക വേഷം കിനാവുകണ്ട
ഇളമുറക്കാരന്‍ ,കുറുമ്പുകാരന്‍‍
കളിയേറെക്കണ്ട കടുപ്പക്കാരന്‍
വിരുതുള്ളോന്‍, വീട്ടിന്റെ നേതൃ സ്ഥാനി
വിജയം കൊതിക്കുന്ന കൊച്ചു ചേകോന്‍,
നാഥനായ് മൂപ്പന്‍ വരാതിരിക്കാന്‍
നോക്കിയ വേല ഫലിച്ചിടാഞ്ഞ്
തോക്കിന്റെ പാത്തി തിരിച്ചു വച്ച്
പോക്കറ്റിലുണ്ട തിരുകി വച്ച്
ലാവലിന്‍ പേടി മറച്ചു വച്ച്
ലാപ് ടോപ്പ് ബാഗു വലിച്ചടച്ച്
ശിഖണ്ഡികളെത്തന്റെ മുന്നില്‍ നിര്‍ത്തി
ഒളിയങ്കം പലതും തുടങ്ങയായി.

നാഥന്റെ വിശ്വസ്ത സേവകരെ
നാടു കടത്തുന്നു കൊച്ചു ചേകോന്‍
പകരമായ് ചാരരെ വേഷം മാറ്റി
പടിയകത്താക്കുന്നു കൊച്ചു ചേകോന്‍.

നാട്ടു ഭരണം വെടിപ്പിലാക്കാന്‍
വീട്ടുകാരൊക്കയും കൂട്ടു വേണം.
വീടിന്റെ താക്കോലോ കൊച്ചു ചേകോന്‍
നേടിയെടുത്തല്ലോ തഞ്ചമായി.
ചക്കര കാട്ടീട്ടും ചമ്മട്ടി വീശീട്ടും
ചാക്കിലാക്കുന്നവന്‍ കൂറ്റുകാരെ.
വീറോടെ മൂപ്പന്റെ പിന്നില്‍ നിന്നോര്‍
കൂറു മാറുന്നല്ലോ കൂട്ടത്തോടെ.
ഒട്ടും മെരുങ്ങാത്ത കാരണോര്‍ പക്ഷത്തെ
തട്ടിപ്പുറത്താക്കി പ്പടിയടിച്ച്
കള്ളര്‍"കുലം കുത്തി ക്കൂട്ട"രെന്ന്
ചൊല്ലിത്തകര്‍ക്കുന്നു കൊച്ചു മൂപ്പന്‍.

കണ്ടവര്‍ കട്ട കുടുംബ ഭൂമി
വീണ്ടെടുത്തപ്പോള്‍ "ക്രഡിറ്റു" ചൊല്ലി
വക്കാണമായി പുലഭ്യമായി
വാക്കിലും നോക്കിലും ചീറ്റലായി.

മൂലധനത്തിന്റെ മൂടു താങ്ങാന്‍
മൂപ്പന്‍ മടിക്കുന്ന കാരണത്താല്‍
വികസനത്തിന്നു വിരുദ്ധനെന്നും
വികല വിശ്വാസത്തിനടിമയെന്നും,
വായ്പയ്ക്കും കമ്മീഷന്‍ വാങ്ങി വാഴും
വാചക വീരരേം വന്ദികളേം
കൊണ്ടു വിളിപ്പിച്ചു കാരണോരെ,
പിന്നില്‍ നിലകൊണ്ടു ചിന്ന മൂപ്പന്‍

ഭൂമിയും വൃക്കയുംകട്ടും വിറ്റും
കേമരായ് മാറിയ കൊള്ളക്കാരെ
വീട്ടിന്റെ സ്വന്തമാം ചാനലൊന്നില്‍
കേറ്റിയിരുത്തുന്നു കൂവിക്കുന്നു.

അയലത്തെ വെള്ള ക്കുടുംബക്കാരും
അരുളാനറയ്ക്കും തെറികള്‍ പോലും
കിങ്കരക്കൂട്ടത്തെ വിട്ടു വിളിപ്പിച്ചു
തങ്കാര്യം കാട്ടുന്നു കൊച്ചു മൂപ്പന്‍.

പതിനെട്ടടവും പയറ്റിയിട്ടും
പൂഴിക്കടകനും നോക്കിയിട്ടും,
വെട്ടും തടയും മറിച്ചു തട്ടും
വെട്ടിനിരത്തലും കുന്തമേറും
കുതികാലു വെട്ടും കഴുത്തു വെട്ടും
ചതിയു,മൊളിയമ്പു കൊണ്ടു കുത്തും
ഒട്ടേറെക്കണ്ടവന്‍ മൂത്ത ചേകോന്‍
ഒട്ടുമേ കൂസുന്നില്ലെന്നറിഞ്ഞ്,
നാട്ടു കുടുംബത്തിന്‍ നാഥവേഷം
വിട്ടു കളിയ്ക്കില്ല എന്നറിഞ്ഞ്,
തിളയ്ക്കുമരിശത്താല്‍ കൊച്ചു ചേകോന്‍
ഒളിയങ്കോം തെളിയങ്കോമൊത്തു ചേര്‍ത്ത്
വെളിവില്ലാമട്ടില്‍ കുതിയ്ക്കയായി
തെളിവില്ലാത്തനുചരര്‍ക്കൊപ്പമായി.

ചേരുന്നു ചോപ്പന്‍ കുടുംബയോഗം
ചാര്‍ത്തുന്നു മൂപ്പനു മേലേ കുറ്റം:
"ചോപ്പന്‍ കുടുംബം മുടിക്കുവാനായ്
മൂപ്പനുപജാപം ചെയ്യുന്നെ"ന്ന്,
പണ്ടു താന്‍ കേറ്റിയ ചാരന്മാരെ-
ക്കൊണ്ടു പറയിച്ചു കൊച്ചു ചേകോന്‍.

നാട്ടു കുടുംബത്തിന്‍ നായകത്വം
പെട്ടെന്നു മൂപ്പനില്‍ നിന്നു മാറ്റാന്‍
യോജിച്ചൊരേമട്ടില്‍ ശങ്കയെന്യേ
യോഗത്തിലേവരും ചൊന്ന കാര്യം
അങ്ങു വടക്കുള്ള വല്യപ്പനെ
ചെന്നു ധരിപ്പിക്കാനോട്ടമായി.

കേറിയ നാള്‍ മുതല്‍ക്കിന്നേവരെ
കൂറൊള്ള വാക്കൊന്നുരച്ചിടാതെ
നേരിയ സ്വസ്ഥത നല്‍കിടാതെ
കാര്‍ന്നോരെയിട്ടു പെടുത്തും പാട്
കണ്ടു മനം വിണ്ട നല്ല മാളോര്‍
ചോദിപ്പൂ: "പണ്ടൊരു പാവത്താനാം-
വെള്ളക്കുടുംബത്തിന്‍ മൂപ്പനാരെ
വെള്ളം കുടിപ്പിച്ച തന്തേം മോനേം
പിന്നിലാക്കീടാനോ ചിന്നച്ചേകോന്‍
പിന്നെയും കച്ച മുറുക്കി നില്പൂ? "

ചോപ്പന്‍ കുടുംബം വളര്‍ത്തുവാനായ്,
ലാത്തിക്കടിയേറ്റു മണ്ടകീറി,
തോക്കിനിരയായി നെഞ്ചു പൊട്ടി,
രക്ത സാക്ഷിത്വം വരിച്ചവര്‍ തന്‍,
ചങ്കില്‍ വെടിയുണ്ട കേറുമ്പൊഴും
ഇങ്ക്വിലാബ് വീറില്‍ വിളിച്ചവര്‍ തന്‍,
സ്മൃതി മണ്ഡപത്തിന്റെയുള്ളില്‍ നിന്നും
അതി രൂക്ഷം പൊങ്ങുന്നീ തപ്തവാക്യം:
"ചേരി തിരിഞ്ഞും കെണിയൊരുക്കീം
പാര പണിഞ്ഞും കൊല വിളിച്ചും
നിങ്ങള്‍ നടത്തുന്ന പുത്തനങ്കം
ഞങ്ങളെ കൊല്ലുന്നു വീണ്ടും വീണ്ടും."

"തമ്മിലടിച്ചും തലയറുത്തും
കുമ്മിയടിച്ചും തെറി വിളിച്ചും
ചക്കളത്തിപ്പോര്‍ നടത്താനല്ല
ഇക്കുടുംബത്തിന്റെ താക്കോലെല്ലാം
നിങ്ങള്‍ക്കടിയറ വച്ചു ഞങ്ങള്‍;"
നീറും മനസ്സാലുരപ്പു നാട്ടാര്‍.

ശോണകുടുംബത്തിന്‍ നന്മയോര്‍ത്ത്
ശോണിതം ചിന്തുന്ന നിസ്വ വര്‍ ഗ്ഗോം
താക്കീതുറങ്ങുമീ വാക്കു തന്നെ
ഏറ്റു ചൊല്ലുന്നല്ലോ ഖേദമോടെ.Fans on the page

Monday, December 15, 2008

കെ.പി.അപ്പനു പ്രണാമം

സാഹിത്യ വിമര്‍ശനത്തിനു പുതിയ മാനങ്ങള്‍ നല്‍കിയ പ്രതിഭാശാലിയാണ് ഇന്ന് അന്തരിച്ച കെ പി അപ്പന്‍.അതുല്യനായ ഈ അദ്ധ്യാപകന്റെ തൂലികയില്‍ നിന്നും പിറവിയെടുത്ത ഓരോ കൃതിയും ഓരോ തരത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നവയാണ്.
വിമര്‍ശനത്തെ സര്‍ഗ്ഗസാഹിത്യത്തിനു സമമായി ഉയര്‍ത്തുവാന്‍ അദ്ദേഹത്തോളം സാധിച്ചവര്‍ അധികമില്ല.മിഴിവും ചടുലതയും നിറയുന്ന അസാധാരണ ശൈലിയിലൂടെ ഒരു കാലഘട്ടത്തിലെ യൗവന ഹൃദയത്തെ ഒന്നാകെ അപ്പന്‍ സാര്‍ വശീകരിച്ചു.

ക്ഷോഭിക്കുന്നവരുടെ സുവിശേഷം,തിരസ്ക്കാരം,മാറുന്ന മലയാള നോവല്‍,കലഹവും വിശ്വാസവും,വരകളും വര്‍ണ്ണങ്ങളും,
ബൈബിള്‍:വെളിച്ചത്തിന്റെ കവചം,സമയപ്രവാഹവും സാഹിത്യകലയും,പേനയുടെ സമര മുഖങ്ങള്‍,തുടങ്ങിയ കൃതികളെല്ലാം
ഒന്നിനൊന്നു വ്യത്യസ്തങ്ങളാണ്.അദ്ദേഹത്തിന്റെ എല്ലാ സൃഷ്ടികളും ഒരര്‍ത്ഥത്തില്‍ നിലവിലുള്ള വീക്ഷണങ്ങളോടുള്ള കലഹങ്ങളായിരുന്നു.

ഒരു ക്ലിക്കിലും പെടാതെ അദ്ധ്യാപനവും സാഹിത്യ രചനയും മാത്രം കൊണ്ടു നടന്ന അപൂര്‍വ്വവ്യക്തിത്വമാണ് നമ്മളെ വിട്ടുപോയത്.'സമയപ്രവാഹത്തെ സാഹിത്യകല'യോടു ബന്ധിപ്പിച്ച സാഹിത്യാചാര്യനും കാലപ്രവാഹത്തില്‍ അമര്ന്നുപോയി.
വിലമതിക്കാനാകാത്ത സമ്പത്ത് വരും തലമുറയ്ക് അവശേഷിപ്പിച്ചിട്ടാണ് കടന്നു പോയതെങ്കിലും വേര്‍പാട് വേര്‍പാടുതന്നെയാണ്.
അദ്ദേഹത്തിന്റെ അഭാവം സൃഷ്ടിക്കുന്ന ശൂന്യത പരിഹരിക്കാനാവത്തതും.ആധുനിക വിമര്‍ശനത്തിന്റെ ഈ അപ്പോസ്തലന്റെ സ്മരണയ്ക്കു മുമ്പില്‍ ആദരാഞ്ജലികള്‍.Fans on the page

Tuesday, December 9, 2008

ചില ഭാഷാ പ്രശ്നങ്ങള്‍

കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന് അങ്ങനെ പേരിട്ടതിനെ ചൊല്ലി വിവാദമുണ്ടായപ്പോള്‍ ഡയറക്ടറായിരുന്ന എന്‍ വി കൃഷ്ണവാര്യര്‍ പ്രതികരിച്ചത് ഇന്‍സ്ടിട്യൂട്ടിന്റെ ഉദ്ദേശ്യം ആ പേരില്‍ തന്നെയുണ്ടെന്നു വിശദീകരിച്ചുകൊണ്ടാണ്.ഭാഷാ കേന്ദ്രം, ഭാഷാസ്ഥാപനം എന്നിങ്ങനെ മലയാളത്തിലോ ലാംഗ്വേജ് ഇന്‍സ്റ്റിട്യൂട്ടെന്ന്‍ ഇംഗ്ലീഷിലോ എഴുതാന്‍ വാക്കുകളില്ലാഞ്ഞല്ല സങ്കരഭാഷ അവലംബിച്ചതെന്നും കൂടി അദ്ദേഹം പറഞ്ഞു.

സംസ്കതത്തില്‍ നിന്നും പല വാക്കുകളും പ്രയോഗങ്ങളും കടമെടുത്തതു പോലെ ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ നിന്നും പലതും സ്വീകരിച്ചു മലയാളത്തെ വളര്‍ത്തുകയെന്ന ലക്ഷ്യം പേരില്‍ തന്നെ ഉള്‍ക്കൊള്ളിച്ച ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന് ആ ലക്ഷ്യം പൂര്‍ണ്ണമായും നിറവേറ്റാന്‍ കഴിഞ്ഞോ എന്നു സംശയമുണ്ട്. മാത്രമല്ല ഓക്സിഡേഷന്‍ ഓക്സീകരണമാക്കിയും ബോയിലിങ് പോയിന്റിനെ ഖ്വതനാങ്കമാക്കിയും മറ്റും അസുഖകരമായ ചില പ്രയോഗങ്ങളാല്‍ ഭാഷാസ്നേഹികളുടെ എതിര്‍പ്പ്ക്ഷണിച്ചു വരുത്തുകയും ചെയ്തു.
അതുകൊണ്ടാണ് പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാന്‍ കഴിയാതെ പോയത്.

ഭാഷാ ഇന്‍സ്റ്റിട്യൂട്ടിനു പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ പലതും ബ്ലോഗുകളില്‍ വിജയകരമായി നിര്‍വ്വഹിക്കപ്പെടുന്നുണ്ട്.പല പുതിയ പദങ്ങളും പ്രയോഗങ്ങളും അവിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു.മിക്കവയും പ്രയോജനകരവും സൗകര്യപ്രദവും, അതുകൊണ്ടുതന്നെ ഉപയോഗക്ഷമവുമാണ്.ബ്ലോഗ് മാദ്ധ്യമത്തെ പൊതുവെ സൂചിപ്പിക്കുന്ന 'ബൂലോകം' ഏറ്റവും നല്ല ഉദാഹരണം.
പോസ്റ്റ് ചെയ്യുക എന്നതിനു പകരം പോസ്റ്റുക എന്നെഴുതുന്നത് ബൂലോകത്ത് പതിവായിരിക്കുന്നു.ഒപ്പിട്ടു എന്നതിന് ഒപ്പി തുടങ്ങിയ പലതും ബൂലോകം അംഗീകരിച്ചിരിക്കുന്നു.

പണ്ട് കോളേജ് ക്ലാസുകളില്‍ വച്ച് ഇത്തരം സാദ്ധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ ചില കുനുഷ്ട് ചോദ്യങ്ങളിറക്കി അദ്ധ്യപകര്‍ ഞങ്ങളെ ക്ഷീണിപ്പിച്ചിട്ടുണ്ട്.'പോസ്റ്റി' പോലെ 'വര്‍ക്ക് ' ചെയ്തു എന്ന് എങ്ങനെയാണു പറയുന്നതെന്നാണ് ഒരു ചോദ്യം.അതു പോലെ 'ടൂര്‍'പോയി എന്നതിനു പകരം 'ടൂര്‍'ന്റെ ഭാവി,വര്‍ത്തമാന ,ഭൂത കാലങ്ങള്‍ എങ്ങനെ ?ഗ്രാമ്യമെന്നു തോന്നുന്ന അത്തരം പ്രയോഗങ്ങള്‍ വേണ്ടെന്നു വച്ചാല്‍ പോരെ എന്നു ചോദിച്ചാല്‍ സാറന്മാര്‍ക്കു സമ്മതമല്ലായിരുന്നു.അദ്ധ്യാപകര്‍
അനുവദിച്ചിരുന്നില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ വാമൊഴിയില്‍ ഇതെല്ലാം പ്രയോഗിക്കുമായിരുന്നു.

അന്ന് സര്‍വ്വസാധാരണമായി കാമ്പസ്സുകളില്‍ ഉപയോഗിച്ചു വന്ന ഒരു പ്രയോഗമാണ് "അണ്‍സഹിക്കബിള്‍".വ്യാകരണ നിയമങ്ങള്‍ നോക്കുമ്പോള്‍ വികലമായി തോന്നിയാലും ആശയം വേഗത്തില്‍ സംവേദനം ചെയ്യാന്‍ കഴിയുന്ന ഇത്തരം പ്രയോഗങ്ങള്‍ക്കു സാധുത നല്‍കേണ്ടതാണ്.ഇങ്ങനെ 'അബിള്‍' പ്രത്യയം ചേര്‍ത്ത് പല വാക്കുകള്‍ക്കും പുതിയ അര്‍ത്ഥം നല്‍കാന്‍ കഴിയും.വായിക്കബിള്‍, കേള്‍ക്കബിള്‍ എന്നിങ്ങനെ പലതും.ഇംഗ്ലീഷ് മട്ടില്‍ ബഹുവചനം നിര്‍മ്മിക്കുകയാണ് മറ്റൊരു രീതി.പഴയ മണിപ്രവാള കാലഘട്ടം പോലെ പുതിയ മംഗ്ലീഷ് കാലഘട്ടം മലയാളത്തിനു വന്നുചേര്‍ന്നോ എന്ന് ചോദിച്ചേക്കാം. മണിപ്രവാള ഘട്ടം നേട്ടമേ ഭാഷയ്ക്ക് ഉണ്ടാക്കിയിട്ടുള്ളു.അപ്പോള്‍ മംഗ്ലീഷ് കാലവും ഭാഷയ്ക്ക് ഗുണം ചെയ്യുമെന്നു വിശ്വസിക്കാം.

ചാറ്റിങ്ങും ഇ മെയലിങ്ങും പതിവായപ്പോള്‍ ചുരുക്കെഴുത്തും സൂത്രപ്പണികളും ഇംഗ്ലീഷിലെഴുത്ത് എളുപ്പമാക്കി.മലയാളത്തിലും ഈ രീതി അവലംബിക്കാവുന്നതേ ഉള്ളൂ.അതിന് മറ്റു ഭാഷകുളുടെ സഹായം തേടുന്നതില്‍ തെറ്റില്ല.

മരിക്കുക എന്നതിന് ചാകുക എന്നാണ് അര്‍ത്ഥം.പക്ഷേ മരണം എന്ന നാമരൂപത്തിനു സമാനമായി "ചാക്ക് "എന്നു സാധാരണ പ്രയോഗിക്കാറില്ല."ചാക്കാല" യാണ് പതിവ്.എന്നാല്‍,
"ആക്കു ബുദ്ധി കലരുന്ന പോറ്റിമാര്‍
'ചാക്കു' നല്‍കി നൃപതിക്കു നഞ്ഞിനാല്‍" എന്ന് മഹാകവി ഉള്ളൂര്‍ 'ഉമാകേരള'ത്തില്‍ പ്രയോഗിച്ചിരിക്കുന്നതു കണ്ടപ്പോള്‍,
ചാക്കാല പോലെ "ചാക്കും" മരണത്തിനു പകരമായി ഉപയോഗിക്കാമെന്നു മനസ്സിലായി.വാല്‍മീകി രാമായണം തര്‍ജ്ജമ(കിഷ്ക്കിന്ധാ കാണ്ഡം)യില്‍ മഹാകവി വള്ളത്തോളും ഇതേ അര്‍ത്ഥത്തില്‍ "ചാക്ക് " പ്രയോഗിച്ചിട്ടുണ്ട്.മഹാകവികള്‍ക്ക് ഇത്തരം
സ്വാതന്ത്ര്യമാകാമെങ്കില്‍ വായനക്കാരായ നമുക്കും അല്പസ്വല്പം സ്വാതന്ത്ര്യം എടുത്തു കൂടേ? കവികള്‍ പ്രാസം ഒപ്പിക്കാനാണ് ഈ പരാക്രമം കാണിക്കുന്നതെങ്കില്‍ നമ്മള്‍ സ്വാതന്ത്ര്യമെടുക്കുന്നത് ആശയം വെളിവാക്കാനാണെന്നു മാത്രം.ഭാഷയ്ക്കു ഗുണകരമാകുമെങ്കില്‍ ഇങ്ങനെ കാട്ടുന്ന സ്വാതന്ത്ര്യം നല്ലതല്ലേ?
Fans on the page

Wednesday, December 3, 2008

ചാനലുകള്‍ക്ക് പേയിളകിയപ്പോള്‍

രണ്ടു മൂന്നു ദിവസങ്ങള്‍ക്കു മുമ്പ് ചില ദേശീയ,പ്രാദേശിക റ്റി വി ചാനലുകള്‍ക്ക് പേയിളകുകയും പലരെയും കടിക്കുകയും ചെയ്തു.ചാനലുകളുടെ കടിയേറ്റ പത്രങ്ങളും ചാനലുകളുടെ അതേ സ്വഭാവം കാണിക്കുകയുമുണ്ടായി.ചാനല്‍,പത്ര ദംശനമേറ്റ ആളുകളും രോഗം മൂര്‍ച്ഛിച്ച് അവയെപ്പോലെ പെരുമാറി.കേരളത്തിലെ മുഖ്യമന്ത്രിയുടെ നേര്‍ക്കാണ് പേവിഷ ബാധയേറ്റവരെല്ലാം പാഞ്ഞടുത്തത്.

വലിയൊരു വിഭാഗം ബ്ലോഗര്‍മാര്‍ക്കും വിഷബാധയേറ്റു.അവര്‍ മാരകമായ രീതിയില്‍ മുഖ്യമന്ത്രിയെ മുറിവേല്പിച്ചു . കടിക്കുകയും മാന്തുകയും മാത്രമല്ല സഭ്യമല്ലാത്ത തരത്തില്‍ പിച്ചും പേയും പറയുകയുമുണ്ടായി.

കണ്ടകശനി,ഗുപ്തന്‍,വിന്‍സ്,ബര്‍ളിത്തരങ്ങള്‍,കറുത്തേടം(karuthedum),ഒരു ദേശാഭിമാനി,സ്വ.ലേ, പാര്‍പ്പിടം(paarppidam),മാരീചന്‍,Tince Alapura ശിക്കാരിശംഭു, എന്നിവര്‍ക്കാണ് (ഞെക്കി കക്ഷികളെ കണ്ടെത്തുന്ന സൂത്രപ്പണി അറിയാത്തതിനാലാണ് എഴുതുന്നത്.ക്ഷമി)അസുഖം കലശലായി പിടിപെട്ടതായി കണ്ടെത്തിയിട്ടുള്ളത്.ഏതാനും നാള്‍ മുമ്പ് ചാനലുകളെ ശവം തീനികളെന്നു വിളിച്ചവരും ഇക്കൂട്ടത്തില്‍ പെടും.

ചാനല്‍ പേപ്പട്ടികളുടെ കടിയേറ്റ മനുഷ്യര്‍ വേറെയുമുണ്ട്.പക്ഷേ ബ്ലോഗ് വഴി വിഷം വമിപ്പിച്ചവരെക്കുറിച്ചു മാത്രമേ ഇവിടെ സൂചിപ്പിക്കുന്നുള്ളു.ചാനലുകള്‍ മുഖ്യനെ കടിച്ചു കീറുന്നതു കണ്ടപ്പോള്‍ അതിനേക്കാള്‍ ശൗര്യത്തോടും ആവേശത്തോടും കൂടിയാണ് ഈ ബ്ലോഗര്‍ മാന്യന്മാര്‍ പലരും അദ്ദേഹത്തെ ആക്രമിച്ചത് .അച്യുതാനന്ദനെതിരെ മനസ്സിലുണ്ടായിരുന്ന വിദ്വേഷം മുഴുവന്‍
പ്രകടിപ്പിക്കാന്‍ ഈ അവസരം മിക്കവരും പ്രയോജനപ്പെടുത്തി.അശ്ലീലമയവും അസഭ്യപൂര്‍ണ്ണവും സംസ്കാര രഹിതവുമായ ഭാഷയാണ് "പഠിപ്പില്ലാത്ത"ഈ വയോധികനു നേരേ ഏറെപ്പേരും പ്രയോഗിച്ചത്.

മുഖ്യമന്ത്രി നടത്തിയ ഒരു പരാമര്‍ശത്തെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ദൃശ്യമാദ്ധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നു, ആക്ഷേപിതനെന്ന് ചിത്രീകരിക്കപ്പെട്ട വ്യക്തി (ഉണ്ണികൃഷ്ണന്‍)തന്നെ സംശയത്തിനിട നല്‍കാത്തവിധം പറഞ്ഞിരിക്കുന്നു. ഗര്‍ഹണീയമായ വിധത്തില്‍ ഒരു മനുഷ്യനെ തേജോവധം ചെയ്തത് അടിസ്ഥാനരഹിമായ ആരോപണങ്ങളുന്നയിച്ചായിരുന്നു എന്ന് സാരം.

ശ്രീ ഉണ്ണികൃഷ്ണന്‍ നടത്തിയ കുത്തിവയ്പ്പോടെ ചാനലുകളുടെ പേയിളക്കം ശമിക്കുമെന്നാണ് ലക്ഷണം കണ്ടിട്ടു തോന്നുന്നത്. വിഷമേറ്റ ബ്ലോഗര്‍മാരുള്‍പ്പെടെയുള്ളവര്‍ക്കും പരിപൂര്‍ണ്ണ സുഖം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.

പിന്‍ കുറിപ്പ്: ''പേപ്പട്ടി''പ്രയോഗം ചാനലുകാര്ക്കു മാത്രം ബാധകം.Fans on the page