Total Pageviews

Sunday, November 30, 2008

വി. പി .സിംഗ്

താന്‍ വിശ്വസിച്ച ആദര്‍ശങ്ങള്‍ക്കു വേണ്ടി അധികാരക്കസേര ഉപേക്ഷിക്കേണ്ടി വന്ന ഒറ്റ പ്രധാനമന്ത്രിയേ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളു;-നവംബര്‍ 27 ന് അന്തരിച്ച വി പി സിംഗ് എന്ന വിശ്വനാഥ് പ്രതാപ് സിംഗ്.1989 ല്‍ രണ്ടാമത്തെ കോണ്‍ഗ്രസേതര മന്ത്രിസഭയൂടെ തലവനായി അധികാരത്തിലെത്തിയ അദ്ദേഹത്തിന് റബ്ബര്‍ നെട്ടെല്ലും പ്ലാസ്റ്റിക് മനസ്സാക്ഷിയുമാണുണ്ടായിരുന്നതെങ്കില്‍ അഞ്ചു വര്‍ഷവും ഇന്ദ്രപ്രസ്ഥം വാഴാമായിരുന്നു.

ഇടതു പക്ഷ കക്ഷികളും ബിജെപിയും പിന്തുണച്ചതു കൊണ്ടാണ് ജനതാ ദള്‍ പാര്‍ട്ടിക്കാരനായ വി.പി.സിംഗിന് പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞത്.അഴിമതിയും അധികാര ഭ്രാന്തും കൊണ്ടു ജീര്‍ണ്ണിച്ച കോണ്‍ഗ്രസ്സിനോടു വിട പറഞ്ഞ് ജനതാദള്‍ പാര്‍ട്ടിയുണ്ടാക്കുമ്പോള്‍ അദ്ദേഹം സ്വപ്നം കണ്ടത് സംശുദ്ധമായ രാഷ്ട്രീയവും സംശുദ്ധഭരണവുമായിരുന്നു.അധികാരം കൈയില്‍ കിട്ടിയപ്പോള്‍ സ്വപ്നം യഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹം ശ്രമിച്ചു.തീര്‍ത്തും ഭിന്നമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടായിരുന്ന ഘടക
കക്ഷികളുടെയും പിന്തുണക്കാരുടെയും ലക്ഷ്യം വേറെ ആയിരുന്നു.

സാമൂഹിക നീതി ഉറപ്പാക്കുന്ന മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ബി ജെപി അവരുടെ തനിനിറം കാട്ടി.ഹിന്ദുത്വം എന്നാല്‍ സവര്‍ണ്ണ ഹിന്ദുത്വം ആണെന്നും അതില്‍ പിന്നോക്കക്കാരനും ദളിതനും പെടില്ല എന്നും ബിജെപിയും വിശ്വഹിന്ദുക്കളും പരിവാരങ്ങളും മണ്ഡല്‍കമ്മീഷന്‍ ശുപാര്‍ശയ്ക്കെതിരെ നിലകൊണ്ടതോടെ വ്യക്തമായി.നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടവരുടെ മോചനമല്ല അയോദ്ധ്യയില്‍ ശ്രീരാമനു ക്ഷേത്രം നിര്‍മ്മിക്കലാണ് അടിയന്തിര കര്‍മ്മമെന്ന് അവര്‍ തീര്‍ച്ചപ്പെടുത്തി.അയോദ്ധ്യയില്‍ എവിടെയെങ്കിലും പോരാ ബാബറി മസ് ജിദ് പൊളിച്ചിട്ട് അവിടെത്തന്നെ അമ്പലം പണിഞ്ഞാലേ ഇഷ്ടദൈവം പ്രീതനാകൂ എന്നും അവര്‍ക്കു വെളിപാടുണ്ടായി.അങ്ങനെ ദശരഥന്റെ മകനു വേണ്ടി അദ്വാനി ഏകരഥ യാത്ര തുടങ്ങി.

ഉദ്ദേശ്യം വളരെ പ്രകടമായിരുന്നു:മണ്ഡല്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ മന്ത്രിസഭയെ തള്ളിയിടുക.അതിന്റെ മുന്നൊരുക്കമായി വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കുക.പക്ഷേ തേരോട്ടം ബീഹാറില്‍ വച്ച് ലാലുപ്രസാദ് യാദവ് തടഞ്ഞു.അതോടെ ബിജെപി പിന്തുണ പിന്‍ വലിച്ചു.11 മാസം മാത്രം പ്രായമുള്ള വി.പി .സിംഗ് മന്ത്രിസഭ നിലം പതിച്ചു.

1990 ആഗസ്റ്റില്‍ മണ്ഡല്‍കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കാന്‍ തീരുമാനിച്ചതോടെ വിപി സിംഗിനെതിരെ യുദ്ധം തുടങ്ങിയിരുന്നു. അവശജന വിഭാഗങ്ങളെ എന്നും അധികാരത്തിന്റെ അകത്തളങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ആഗ്രഹിച്ച സവര്‍ണ്ണ,സമ്പന്ന വര്‍ഗ്ഗം സിംഗിനെതിരെ തെരുവിലിറങ്ങി.ഈ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥി യുവജന സമൂഹത്തെ അവര്‍ അതിന് ആയുധമാക്കി.സമരം കണ്ടു നിന്ന നിരപരാധികളുടെമേല്‍ പെട്രോളൊഴിച്ചു കത്തിച്ച് രക്തസാക്ഷികളെ സൃഷ്ടിച്ചു.

അധികാരക്കസേരകളിട്ട് അമ്മാനമാടിയിരുന്ന കുത്തകപ്പത്രങ്ങളിലെ കൂലിയെഴുത്തുകാര്‍ പ്രധാനമന്ത്രിയെ തേജോവധം ചെയ്യാന്‍ മുഴുവന്‍ സമയവും വിനിയോഗിച്ചു.മാദ്ധ്യമ ലോകത്തെ മുടിചൂടാമന്നനായിരുന്ന ഒരു മാന്യന് ഉപകാരസ്മരണയായി, പിന്നീടു വന്ന ബിജെപി മന്ത്രി സഭയില്‍ കാബിനറ്റ് മന്ത്രി പദവി തന്നെ ലഭിച്ചു.വിറ്റുതുലയ്ക്കല്‍ വകുപ്പു മന്ത്രിയായ ഇദ്ദേഹം രാജ്യത്തെ തന്നെ വില്ക്കുന്നതാണ് പിന്നീടു നമ്മള്‍ കണ്ടത്.കേരളത്തിലെ ഒരു പത്രമുത്തശ്ശി വിപി സിംഗിന് ഭ്രാന്താണെന്നു വരെ എഴുതിപ്പിടിപ്പിച്ചു. ഇത്രയൊക്കെയായിട്ടും തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.മണ്ഡലിന്റെ ശുപാര്‍ശ നടപ്പാക്കുക തന്നെ ചെയ്തു.

വിപി സിംഗ് പ്രധാനമന്ത്രിയായി ഭരിച്ചത് പതിനൊന്നു മാസം മാത്രം.പക്ഷേ പതിനൊന്നു കൊല്ലം ഭരിച്ചവരേക്കാള്‍ തന്റെ ഭരണകാലം അര്‍ത്ഥവത്താക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.മണ്ഡല്‍ ശുപാര്‍ശ നടപ്പാക്കതിരുന്നാല്‍ മതിയായിരുന്നു.അല്ലെങ്കില്‍ അദ്വാനി പള്ളി തകര്‍ക്കാന്‍ തുടങ്ങുമ്പോള്‍ കണ്ണടച്ചാല്‍ മതിയായിരുന്നു. (അതാണല്ലോ നരസിംഹറാവു ചെയ്തത് !)
എങ്കില്‍ സിംഗിന് അഞ്ചല്ല പത്തു കൊല്ലവും ഭരിക്കാമായിരുന്നു.തനിക്കോ തന്റെ കുടുംബക്കാര്‍ക്കോ സമുദായക്കാര്‍ക്കോ പാര്‍ട്ടിക്കാര്‍ക്കോ പ്രത്യേക നേട്ടമുണ്ടാക്കാന്‍ വേണ്ടിയായിരുന്നില്ല അപവാദങ്ങളും ശകാരങ്ങളും കേട്ടതും സ്ഥാനം നഷ്ടപ്പെടുത്തിയതും.

തനിക്കു മുമ്പ് ഭാരതത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയ ആരും ചെയ്യാന്‍ ധൈര്യപ്പെടാത്ത നപടിയാണ് വിപി സിംഗ് സ്വീകരിച്ചത്.സ്വാതന്ത്ര്യം കിട്ടി അര നൂറ്റാണ്ടാകാറയിട്ടും ഭരണയന്ത്രത്തിന്റെ ഏഴയലത്ത് അടുപ്പിക്കാതിരുന്ന ഒരു വലിയ ജനസമൂഹത്തെ അതിന്റെ ഭാഗമാക്കി മാറ്റാന്‍ തീരുമാനിച്ചു.1930കളില്‍ രാജഭരണ കാലത്തു തന്നെ കേരളത്തിലും മൈസൂറിലും മറ്റും പിന്നോക്കക്കാര്‍ക്ക് സര്‍ക്കരുദ്യോഗങ്ങളില്‍ കിട്ടിയിരുന്ന ആനുകൂല്യം, സ്വതന്ത്ര,പരമാധികാര സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആയ ഇന്ത്യയുടെ ഗവണ്മെന്റ് ജോലികളില്‍ ലഭിച്ചിരുന്നില്ല.സോഷ്യലിസം പ്രസംഗിച്ച ജവഹര്‍ലാല്‍ നെഹ്രു മുതല്‍ ഹൈടെക് ഭരണത്തിന്റെ വക്താവായ രാജീവ് ഗാന്ധി വരെയുള്ള പ്രധാന മന്ത്രിമാരാരും ഈ നീതി കേടിനു പരിഹാരം കാണാന്‍ ധൈര്യം കാട്ടിയില്ല.പിന്നോക്ക വിഭാഗങ്ങളുടെ അവശതയെക്കുറിച്ച് അന്വേഷിക്കുവാന്‍ ഒരു കമ്മീഷനെ നിയമിക്കാന്‍ പോലും മാറിമാറി അധികാരത്തില്‍ വന്നകോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ തയ്യാറായില്ല.1979 ല്‍ മൊറാര്‍ജി ദേശായി സര്‍ക്കാരാണ് മണ്ഡല്‍ കമ്മീഷനെ നിയമിച്ചതു തന്നെ.റിപ്പോര്‍ട്ടു കിട്ടിയതിനു ശേഷം ഭരണത്തിലെത്തിയ കോണ്‍ഗ്രസ്സ് സര്‍ക്കാരുകളാകട്ടെ അതിന്മേല്‍
അടയിരിക്കുകയാണ് ചെയ്തത്.

ഉദ്യോഗ സംവരണം എന്ന കേവല നേട്ടത്തിനപ്പുറം നിഷേധിക്കപ്പെട്ട സാമൂഹിക നീതി നടപ്പാക്കുക എന്ന വിശാല ലക്ഷ്യമായിരുന്നു വിപി .സിംഗിനുണ്ടായിരുന്നത്. പ്രലോഭനങ്ങള്‍ക്കും പ്രതിബന്ധങ്ങള്‍ക്കും അദ്ദേഹത്തെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സാധിച്ചില്ല. മറ്റ് ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും കവിയും ചിത്രകാരനും കൂടിയായ ഈ മനുഷ്യനെ വ്യത്യസ്തനാക്കുന്നത് അതാണ്.1997ല്‍ തനിക്കു വച്ചു നീട്ടിയ പ്രധാനമന്ത്രി പദം സന്തോഷപൂര്‍ വ്വം തിരസ്കരിച്ച് അധികാരത്തിന്റെ പ്രലോഭനത്തില്‍ താന്‍ വീഴില്ലെന്ന് ഒരിക്കല്‍ കൂടി അദ്ദേഹം തെളിയിച്ചു. കുഴിയിലേക്കു കാലും നീട്ടിയിരിക്കുമ്പോഴും മന്ത്രിക്കസേരയില്‍ കണ്ണും നട്ട് നെടുവീര്‍പ്പിടുകയും സൃഗാലതന്ത്രങ്ങള്‍ പയറ്റുകയും ചെയ്യുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അശ്ലീലജന്മങ്ങളു
മായി താരതമ്യപ്പെടുത്തുമ്പോഴേ വിപി സിംഗിന്റെ മരണത്തോടെ നമുക്കു നഷ്ടപ്പെട്ടതെന്തെന്ന്മനസ്സിലാകൂ.


Fans on the page

Thursday, November 27, 2008

തെരഞ്ഞെടുപ്പു ഡ്യൂട്ടി തമാശകള്‍..(1) 'അങ്ങനെയും വിളിക്കും'

വോട്ടിങ് യന്ത്രവും ഫോട്ടോ പതിച്ച വോട്ടര്‍ പട്ടികയും തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചു തുടങ്ങുന്നതിനു മുമ്പു നടന്നതാണ്.

തിരുവനന്തപുരം നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ പെട്ട ഒരു പോളിങ് ബൂത്ത്. ഉച്ച തിരിഞ്ഞതേഉള്ളൂ.പോളിങ് പൊതുവേ മന്ദഗതിയില്‍.സ്ഥാനാര്‍ത്ഥികളില്‍ ആരോ നല്‍കിയ സ്ലിപ്പ് ഒരു വോട്ടര്‍ ഒന്നാം പോളിങ് ഓഫീസറുടെ കൈയില്‍ കൊടുക്കുന്നു.
"സുരേഷ് കുമാര്‍ " ഒന്നാം പോളിങ് ഓഫീസര്‍ നീട്ടിവിളിച്ചു.ഉടന്‍ തന്നെ ഒന്നിലധികം സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ എതിര്‍പ്പുമായി എഴുന്നേറ്റു.

"ഇതു കള്ളവോട്ടാണ്. ഇയാള്‍ സുരേഷ് കുമാറല്ല." അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.ഇതിനിടെ ഒരേജന്റ് "ഞാന്‍ ചലഞ്ച് ചെയ്യുന്നു എന്ന് പറഞ്ഞ് അതിനുള്ള ഫീസുമായി പ്രിസൈഡിങ് ഓഫീസറെ സമീപിച്ചു. അദ്ദേഹം വോട്ടറോടു ചോദിച്ചു:"നിങ്ങടെ പേരെന്താ?" അല്പം പോലും താമസിക്കാതെ "സുരേഷ് കുമാര്‍ " എന്ന് അയാള്‍ ആവര്‍ത്തിച്ചു.അല്ല; അല്ല എന്ന് ഏജന്റുമാരുടെ കോറസ് .

"നിങ്ങളുടെ അച്ഛന്റെ പേര്?" പ്രിസൈഡിങ് ഓഫീസറുടെ ചോദ്യം കേട്ടുണ്ടായ പരുങ്ങല്‍ മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് അയാള്‍ പറഞ്ഞു:"ഭാസ്കരന്‍ നായര്‍"."സുരേഷ് കുമാറിന്റെ അച്ഛന്‍ ഭാസ്ക്കരന്‍ നായരല്ല."-എന്ന് ഏജന്റുമാര്‍ ബഹളം വച്ചു പ്രിസൈഡിങ്
ഓഫീസര്‍ വോട്ടേഴ്സ് ലിസ്റ്റ് പരിശോധിച്ചു.അദ്ദേഹം വോട്ടറോടു: "മാധവന്‍ നായര്‍ എന്നാണല്ലോ സുരേഷ് കുമാറിന്റെ അച്ഛന്റെ പേര്‍" എന്നു പറഞ്ഞു .

പെട്ടെന്നായിരുന്നു അയാളുടെ മറുപടി:"അങ്ങനെയും വിളിക്കും." കനത്തു നിന്ന അന്തരീക്ഷത്തില്‍ പൊട്ടിച്ചിരിയുടെ വെടിക്കെട്ട്.

"പോയി റേഷന്‍ കാര്‍ഡ് എടുത്തുകൊണ്ടു വാ" എന്ന് പ്രിസൈഡിങ് ഓഫീസര്‍ പറയാത്ത താമസം ആ ചെറുപ്പക്കാരന്‍ ജീവനും കൊണ്ട് കടന്നു.



Fans on the page

Monday, November 24, 2008

"വിശുദ്ധ"പിതാക്കന്മാരുടെ വിലാപം അഥവാ അഭയയുടെ മോക്ഷം

കര്‍ത്താവേ,
നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നത്
നീ കാണുന്നില്ലായോ?
അവിടുന്നരുളിയിട്ടുള്ളതിനപ്പുറം
അടിയങ്ങളൊന്നും ചെയ്തിട്ടില്ല;
എന്നിട്ടും ജനം ഞങ്ങളെ സംശയിക്കുന്നു.

"അന്വേഷിപ്പിന്‍,കണ്ടെത്തും,
മുട്ടുന്നവനു തുറക്കപ്പെടും"എന്നു നീയല്ലേ പറഞ്ഞത്.

ഞങ്ങള്‍ അന്വേഷിച്ചു ;കണ്ടെത്തി
ഞങ്ങള്‍മുട്ടി;ഞങ്ങള്‍ക്കു തുറന്നു കിട്ടി.

"ഇടുക്കു വാതിലിലൂടെ അകത്തു കടപ്പിന്‍
ജീവങ്കലേക്കു പോകുന്ന വാതില്‍ ഇടുക്കവും
വഴി ഞെരുക്കവും ഉള്ളത്"
എന്നു കല്പ്പിച്ചതും നീ തന്നെ. (ആമേന്‍)

അടുക്കളയുടെ ഇടുക്കു വാതിലിലൂടെ
അകത്തു കടന്ന്‍ ജീവങ്കല്‍ പ്രവേശിച്ച
അങ്ങയുടെ ദാസന്മാരിപ്പോള്‍
അപരാധികളായിരിക്കുന്നു!

"പുഴുവും തുരുമ്പും കെടുക്കാതെയും
കള്ളന്മാര്‍ തുരന്നു മോഷ്ടിക്കാതെയു മിരിക്കുന്ന
സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിച്ചു കൊള്‍വിന്‍ "
എന്ന നിന്റെ ഉപദേശപ്രകാരം അവിടെ
നിക്ഷേപം നടത്തിക്കൊണ്ടിരുന്നവാറേ
കര്‍ത്താവിന്റെ മണവാട്ടിയായ മറ്റൊരുവള്‍
കടന്നു വന്നത് ശരിയല്ലല്ലോ!
അവളെ ശത്രവായി ഞങ്ങള്‍ കണ്ടു;
അപ്പോള്‍ "ശത്രുക്കളെ സ്നേഹിപ്പിന്‍"
എന്ന തിരുവചനം ഇവര്‍ ചെവിക്കൊണ്ടു:
സ്നേഹിക്കാന്‍ കോടാലിയേ കിട്ടിയുള്ളൂ
(തലോടാന്‍ മറ്റായുധങ്ങള്‍
തരപ്പെടാഞ്ഞത് ഞങ്ങളുടെ കുറ്റമല്ലല്ലോ!)

എത്രയും പെട്ടന്നു നിന്നടുത്തെത്തിക്കാന്‍
ഞങ്ങളവളെ കിണറ്റിലിട്ടു.
നിന്നെ കല്ലറയില്‍ അടച്ചതിന്റെ
ഓര്‍മ്മയ്ക്ക് പിന്നീട് ഞങ്ങളാ കിണര്‍ മൂടി.

കര്‍ത്താവേ,
നിന്റെ മണവാട്ടിക്ക് മോക്ഷം
നല്‍കിയത് പാപമാകുന്നതെങ്ങനെ?

സഭാവസ്ത്രം കണ്ടിട്ടാകാം,ഞങ്ങളെ
"വെള്ള തേച്ച ശവക്കല്ലറകള്‍ '' എന്ന്‍
അവിശ്വാസികള്‍ വിളിക്കുന്നു.
''പുറമേ അഴകായി ശോഭിക്കുന്നെങ്കിലും
അകമേ ചത്തവരുടെ അസ്ഥികളും
സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു"
എന്ന നിന്റെ വചനമുദ്ധരിച്ച് ആക്ഷേപിക്കുന്നു.

കര്‍ത്താവേ! ഞങ്ങളോടൊപ്പമുള്ള
നിന്റെ മണവാട്ടിയേയും ഞങ്ങളേയും
രക്ഷിക്കേണമേ! (ആമേന്‍)





Fans on the page

Thursday, November 20, 2008

മാലേഗാവ് വിരല്‍ ചൂണ്ടുന്നത്

മാലേഗാവ് സ്ഫോടനത്തിന്റെ അന്വേഷണ ഫലം വിരല്‍ ചൂണ്ടുന്നത് എവിടേയ്ക്കാണെന്ന് ലാലുപ്രസാദ് യാദവ് പറഞ്ഞിരുന്നു.പറഞ്ഞത് അദ്ദേഹമായതുകൊണ്ട് ആരും അത്ര കാര്യമായി എടുത്തു കാണില്ല. എന്നാല്‍ എല്ലാ സംശയങ്ങള്‍ക്കും അറുതി വരുത്തിക്കൊണ്ട് ലാലുപ്രസാദിന്റെ പ്രസ്താവന വാസ്തവമാണെന്നു തെളിഞ്ഞിരിക്കുന്നു.ബിജെപി ഭീകര സംഘടനയാണെന്നും അദ്വാനി തീവ്രവാദി യാണെന്നുമാണ് യാദവന്‍ സൂചിപ്പിച്ചത്.

മാലേഗാവ് സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരയായ പ്രജ്ഞാസിങ് ഠാക്കൂര്‍ എന്ന സന്യാസിനിയമ്മയെ പോലീസ് പീഡിപ്പിക്കുന്നെന്ന് പറഞ്ഞ് അദ്വാനിജി രംഗത്തെത്തിയിരിക്കുന്നു.സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരോട് സഹതാപം തോന്നാത്ത നേതാവിന്,സ്ഫോടനം നടത്തുന്നതിന് ആവശ്യമായതെല്ലാം ചെയ്തുകൊടുക്കുകയും സ്ഫോടനത്തില്‍ ആള്‍നാശം കുറഞ്ഞതില്‍ കുണ്ഠിതപ്പെടുകയും ചെയ്യുന്ന സോകാള്‍ഡ് സന്യാസിനിയെ പോലീസ് ചോദ്യം ചെയ്യുന്നതു പോലും സഹിക്കുന്നില്ല!

ഭീകരവിരുദ്ധ സ്ക്വാഡിന്റെ അന്വേഷണം ശരിയായ രീതിയില്‍ നടന്നാല്‍ പല കള്ളിക്കളികളും പുറത്തുവരും.മുസ്ലീംതീവ്രവാദികളുടെ മേല്‍ ഇതുവരെ കെട്ടിവച്ചിരുന്ന പല സ്ഫോടനങ്ങളും ആസൂത്രണം ചെയ്തതത് ബിജെപി,സംഘപരിവാര്‍,വിശ്വഹിന്ദു,സിന്‍ഡിക്കേറ്റ്,ആണെന്ന സത്യം പൂര്‍ണ്ണമായും അനാവരണം ചെയ്യപ്പെടുമോ എന്നാണ് അദ്വാനി ഉള്‍പ്പെടെയുള്ളവരുടെ ഭയം.ബാബറി മസ് ജിദ് തകര്‍ത്തവര്‍ക്ക് ഭീകരപ്രവര്‍ത്തനത്തിന്റെ പ്രായോഗിക പാഠങ്ങള്‍ ആരും ഉപദേശിക്കേണ്ട ആവശ്യമില്ല.പക്ഷേ ഹിന്ദുത്വത്തിന്റെ രക്ഷകവേഷം കെട്ടിയാടിയവര്‍ സാധുക്കളായ ഹിന്ദുക്കളെയും ബോംബു വച്ച് കൊല്ലുന്നത് ജനങ്ങളെ അമ്പരപ്പിച്ചിരിക്കയാണ്.

2006 ല്‍ 36 പേരുടെ മരണത്തിനിടയാക്കിയ ആദ്യ മാലേഗാവ് സ്ഫോടനത്തിനു ചുക്കാന്‍ പിടിച്ചതും ഇവരാകാനാണ് സാദ്ധ്യത.സംശോധാ എക്സ്പ്രസ് സ്ഫോടനത്തിന്റെ പിന്നിലും മറ്റാരുമല്ലെന്ന് വെളിപ്പെട്ടു കൊണ്ടിരിക്കുന്നു.ഗോദ്ധ്രയിലെ തീവണ്ടിയാക്രമണവും ഇതുപോലെ സംഘടിപ്പിച്ചതാണെന്ന്‍ റെയില്‍വേ നിയോഗിച്ച അന്വേഷണ കമ്മിറ്റി കണ്ടെത്തിയിരുന്നു.അന്ന് മോഡി പറഞ്ഞുവിട്ട'അഭിനവ ഭാരത്' സംഘത്തിലെ ശ്രീകാന്ത് പുരോഹിതന്മാരും പ്രജ്ഞാസിങ്ങുമാരും ദയാനന്ദ പാണ്ഡേമാരും ആരൊക്കെയായിരുന്നെന്നേ അറിയാനുള്ളു.അതു പുറത്താകാതിരിക്കാനാണ് റെയില്‍ വേയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരണം സുപ്രീം കോടതി വഴി തടഞ്ഞത്.സമീപ കാലത്ത് ഭാരതത്തില്‍ നടന്ന സ്ഫോടനങ്ങളില്‍ മിക്കതും ഭാരതീയ ജനതാപ്പാര്‍ട്ടിയും അവരുടെ പോഷക സംഘടനകളും കൂടി ആസൂത്രണം ചെയ്തതാണെന്ന് ഈ സംഭവ പരമ്പര വ്യക്തമാക്കുന്നു.

ഇപ്പോള്‍ പിടിയിലായ കാഷായ വേഷങ്ങളും പട്ടാളക്കാരനും മുന്തിയ ബിജെപി,ശിവസേനാ,സംഘപരിവാര്‍ നേതാക്കളുടെ ദൈവങ്ങളും ചങ്ങാതിമാരുമാണെന്ന് തെളിഞ്ഞിട്ടുണ്ട്.കാവിക്കുള്ളിലെ ക്രിമിനലുകളെ രക്ഷിക്കാന്‍ നേതാക്കള്‍ വെപ്രാളം കാട്ടുന്നത് അതുകൊണ്ടാണ്.

മുസ്ലീം ഭീകര സംഘടനകള്‍,അവര്‍ നടത്തിയ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തപ്പോള്‍ തങ്ങളുടെ പാപഭാരം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ആര്‍ഷസംസ്കാരത്തിന്റെ പ്രചാരകരായ വിശ്വഹിന്ദു വീരന്മാര്‍ തുനിഞ്ഞത്.കുരുക്ഷേത്രത്തില്‍ ശിഖണ്ഡിയെ മുന്‍ നിര്‍ത്തി യുദ്ധം ചെയ്യാന്‍ അര്‍ജ്ജുനനെ ഉപദേശിച്ചത് പണ്ടത്തെ കൃഷ്ണനാണ്- ശ്രീകൃഷ്ണന്‍.ഇപ്പോഴത്തെ ക്ലീബസംഗരത്തിനു ഉപദേശം കൊടുക്കുന്നത് പുതിയ കൃഷ്ണനാണ്-ലാല്‍ കൃഷ്ണന്‍(അദ്വാനി).

സ്വച്ഛന്ദമൃത്യു ആയ ഭീഷ്മരെ നേരിട്ട് ജയിക്കുക അസാദ്ധ്യമാണെന്നു മനസ്സിലാക്കിയതു കൊണ്ടാണ് ശിഖണ്ഡിയെ മുന്‍ നിര്‍ത്തി യുദ്ധം ചെയ്യാന്‍ ശ്രീകൃഷ്ണന്‍ പറഞ്ഞത്.ഒരു നേരത്തെ അന്നത്തിനു വക തേടി പോകുന്ന പാവങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ ആയിരുന്നില്ല.ആണും പെണ്ണും കെട്ടവനെ മറയാക്കി അന്തസ്സോടെ യുദ്ധം നടത്താനാണ് പുരാണകൃഷ്ണന്റെ ഉപദേശം;അല്ലതെ ആണും പെണ്ണും കെട്ട പ്രവൃത്തി കാട്ടാനല്ല.

മുസ്ലീങ്ങളെ നിത്യശത്രുക്കളായി കരുതുന്നവര്‍ മുസ്ലീം ഭീകരരുടെ മുദ്രാവാക്യങ്ങള്‍ കടം കൊള്ളുകയും പോക്കും ചാക്കാലയുമില്ലത്ത പാവപ്പെട്ട യുവാക്കളെ വലവീശി കുറ്റകൃത്യങ്ങള്‍ക്കു നിയോഗിക്കുകയും ചെയ്യുന്നത് ആണത്തമല്ല;ഷണ്ഡത്വമാണ്.ബാബറി മസ് ജിദ് തകര്‍ത്തതിന് വിശ്വാസപരമായ പരിവേഷം നല്‍കി ന്യായീകരിച്ചവര്‍ക്ക് ഇപ്പോഴത്തെ സാധുഹിംസയ്ക്ക് എന്തു ന്യായീകരണമാണുള്ളത്?

രാജ്യത്ത് അസ്വസ്ഥതയും അസ്ഥിരതയും സൃഷ്ടിച്ച് മുതലെടുപ്പു നടത്താനാണ് ഈ കാപാലികക്കൂട്ടം ശ്രമിക്കുന്നത്.ഏത് ഹൈന്ദവ ധര്‍മ്മമാണ് അന്യായമായ നരഹത്യയിലൂടെ ഇവര്‍ സ്ഥപിക്കാന്‍ ഒരുങ്ങുന്നത്?എന്തു തരം ഭാരതീയതയാണ് ബോബ് പൊട്ടിച്ച് പുനര്‍നിര്‍മ്മിക്കാന്‍ പോകുന്നത്?പക്കിസ്ഥാന്റെ പണം പറ്റി ജനക്കൂട്ടത്തിനിടയില്‍ ബോംബു വയ്ക്കുന്ന തീവ്രവാദികളും ഇവരും തമ്മില്‍ എന്താണു വ്യത്യാസം? പാക്കിസ്ഥാന്‍ പ്രിവിശ്യയില്‍ ജനിച്ചതിന്റെ അബോധ സ്നേഹം അദ്വാനിയെ ഇപ്പോഴും ഭരിക്കുന്നതിന്റെ ലക്ഷണമല്ല ഇതെന്നു പറയാന്‍ കഴിയുമോ?

കുരുക്ഷേത്ര യുദ്ധത്തിന്റെ ആരംഭ ദിവസം മുതല്‍ അനുഗ്രഹം തേടി ചെന്ന ദര്യോധനനോട് ഗാന്ധാരി പറഞ്ഞത് "ജയിച്ചു വരൂ" എന്നല്ല,"എവിടെ ധര്‍മ്മമുണ്ടോ അവിടേ ജയമുണ്ടാകൂ" എന്നാണ്.യുദ്ധം നടന്ന പതിനെട്ടു നാളും ഇതു മാത്രമാണ് അവര്‍ മകനെ ഓര്‍മ്മിപ്പിച്ചത്.ആര്‍ഷപാരമ്പര്യത്തിന്റെയും ധര്‍മ്മത്തിന്റെയും ഹോള്‍സെയില്‍ ഏജന്റുമാരെന്ന്‍ അവകാശപ്പെടുന്നവര്‍ നിരപരാധികളെ ബോംബു വച്ചു കൊല്ലാന്‍ പോകുമ്പോള്‍ ഗാന്ധാരിയുടെ വാക്കുകള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.രാമന്റെ പേരു പറഞ്ഞ് ഒരിക്കല്‍ ഇന്ദ്രപ്രസ്ഥം പിടിച്ചവര്‍ "വൈരം കൂടാതുള്ള ഹിംസ പാപമാണ്"എന്ന രാമവാക്യം ചെവിക്കൊള്ളാത്തത് എന്ത്?രാജ്യത്തെ ഒറ്റുകൊടുത്താല്‍ കിട്ടുന്ന കാശിനാണ് രാമോപദേശത്തേക്കാള്‍ ഇവര്‍ വില കല്പിക്കുന്നതെന്നാണോ ധരിക്കേണ്ടത് ?




Fans on the page

Tuesday, November 18, 2008

തങ്കച്ചന്‍ ആരാ മോന്‍?

യു ഡി എഫ് കണ്‍ വീനര്‍ ശ്രീ.പി.പി.തങ്കച്ചന്‍ ആള് പാവവും പാവയും ആണെന്നാണ് മറു ഗ്രൂപ്പിലുംമറ്റു പാര്‍ട്ടിക്കാരില്‍ ചിലരും പറഞ്ഞു പരത്തിയിരുന്നത്.കരുണാകരനൊപ്പം വിമത റാലിയും മഹായോഗവും സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ തങ്കച്ചന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുന്ന ഘട്ടമായപ്പോള്‍ മുങ്ങി.അങ്ങനെ പല ധീരകൃത്യങ്ങളും പുള്ളിക്കാരന്‍റെ പേരില്‍ പതിഞ്ഞിട്ടുള്ളതിനാല്‍ മേല്പറഞ്ഞ
വിശേഷണങ്ങള്‍ ചിലരെങ്കിലും വിശ്വസിച്ചിരുന്നു.

എന്നാല്‍ ഈയിടെ നടത്തിയ ഒരു പ്രസ്താവന ആള് ചില്ലറക്കാരനല്ലെന്ന് വെളിപ്പെടുത്തിയിരിക്കയാണ്.എന്‍സിപിയെ യൂഡി എഫില്‍ എടുക്കണമെങ്കില്‍ ആദ്യം അവര്‍ അപേക്ഷ തരട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സന്ദര്‍ഭത്തില്‍ ഈ പ്രസ്താവനയ്ക്ക് പ്രത്യേകം പ്രസക്തിയുണ്ട്.സമാജ് വാദി പാര്‍ട്ടിയില്‍ ലയിച്ചതോടെ ആര്‍ എസ് പി(ബി)യുടെ യുഡി എഫ് അംഗത്വവും അലിഞ്ഞുപോയി എന്നു വ്യക്തമാക്കിയതും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.

അപേക്ഷ കൊടുക്കണമെങ്കില്‍ അപേക്ഷാ ഫാറം വേണം.അതിന് നല്ല ഒരു വിലയിടാം.അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്നതിന് അല്പം മികച്ച തുക നിശ്ചയിക്കാം.നിലവില്‍ രണ്ട് അപേക്ഷകരേ ഉള്ളെങ്കിലും ഇനിയും വളരെപ്പേര്‍ വന്നുകൂടായ്കയില്ല.തെരഞ്ഞെടുപ്പ് ചെലവിന്റെ തോതിനെക്കുറിച്ച് നല്ല ധാരണയുള്ള ഘടക കക്ഷികള്‍ക്കും കോണ്‍ഗ്രസ്സിനും സന്തോഷമുണ്ടാക്കുന്ന ഒരു നല്ല കാര്യം
തങ്കച്ചന്‍ അടുത്ത കാലത്തൊന്നും പറഞ്ഞിട്ടില്ല.


Fans on the page

Saturday, November 15, 2008

ചാന്ദ്രയാനും കവികളുടെ അമ്പിളിയും

ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ പറഞ്ഞതു പോലെ നമ്മുടെ ശാസ്ത്രജ്ഞന്മാര്‍
"ഇന്ത്യയ്ക്ക് ചന്ദ്രനെ സമ്മാനിച്ച"സന്ദര്‍ഭം ഓരൊ ഭാരതീയനും അഭിമാനത്തിന്റെതാണ്.ചാന്ദ്രയാന്‍ ദൗത്യം വിജയിപ്പിച്ച ശാസ്ത്ര പ്രതിഭകള്‍ക്ക് അഭിവാദ്യങ്ങള്‍.ശാസ്ത്രജ്ഞര്‍ പരീക്ഷണ വിധേയമാക്കുന്ന ചന്ദ്രന്‍ നമ്മുടെ കവിഭാവനയെ സ്വാധീനിച്ചത് എങ്ങനെയെന്ന് പരിശോധിക്കുന്നത് രസകരമായിരിക്കും.

കുഞ്ഞിനെക്കണ്ടപ്പോള്‍ ഇരയിമ്മന്‍ തമ്പി സംശയിച്ചത്,
'ഓമനത്തികള്‍ കിടാവോ' എന്നാണ്.

"തുമ്പപ്പൂവിലും തൂമയെഴും നിലാ‌-
വമ്പില്‍ത്തൂകിക്കൊണ്ടാകാശ വീഥിയില്‍
അമ്പിളി പൊങ്ങി നില്‍ക്കുന്നിതാ മര-
ക്കൊമ്പില്‍ നിന്നൊരു കോലോളം ദൂരത്തില്‍.
.....
ഒട്ടു നില്‍ക്കങ്ങു വന്നൊന്നു നിന്മേനി
തൊട്ടിടാനും കൊതിയെനിക്കോമനേ." എന്ന് കുമാരനാശാന്‍.

"ആമ്പല്‍പ്പൂ പോലുള്ള നിന്മിഴിയൊട്ടൊട്ടു
കൂമ്പുന്നതിന്‍ ഭംഗി കാണുവാനോ
സാമ്പ്രതം നോക്കി നില്‍ക്കുന്നൂ നഭസ്സിങ്ക-
ലാമ്പല്‍ വിടര്‍ത്തുന്നൊരമ്പിളി താന്‍." എന്നാണ് കുഞ്ഞുറങ്ങുന്നതു കണ്ടപ്പോള്‍ വള്ളത്തോളിനു
തോന്നിയത്.

"അമ്പിളിയമ്മാവാ! തിരിഞ്ഞു നി-
ന്നന്‍പിനോടൊന്നുചൊല്ല്;
എങ്ങുപോകുന്നിവണ്ണം നീ തനി-
ച്ചങ്ങു ഞാനും വരട്ടോ ?
.............................
വെള്ളിത്തളിക പോലെ മാനത്തു നീ
മിന്നിത്തിളങ്ങുന്നല്ലോ
വല്ലതും തന്നിടാമോ വിശക്കുന്നു
കൂടെ ഞാനും വരട്ടോ?" എന്ന് പന്തളം കേരളവര്‍മ്മ ചന്ദ്രനോടു ചോദിക്കുന്നു.

ജി ശങ്കരക്കുറുപ്പ്,ചന്ദ്രനോടു പറയുന്നതിങ്ങനെ:
"കുളിരമ്പിളി നിന്നെ ഞാന്‍ പിടിക്കും
പുളി മേല്‍ കേറ്റിയൊരാളിരുത്തിയെങ്കില്‍"

"ചന്ദ്രികയൊഴുകും തിരുവാതിരയും
ചന്ദന ഗന്ധം തഴുകും രാവും
സുന്ദരിമാരുടെ പാട്ടും കളിയും
സമ്മേളിക്കുകിലെന്താവും?" എന്ന് അത്ഭുതപ്പെടുന്നു വെണ്ണിക്കുളം ഗോപാലക്കുറുപ്പ്.

വൈലോപ്പിള്ളിക്ക് ചന്ദ്രക്കല കണ്ടപ്പോള്‍,
"കാളുന്ന വാനത്തു നാളീകേര-
പ്പൂളൊന്നു വാടിക്കിട"ക്കുകയാണെന്നതില്‍ സംശയമുണ്ടായില്ല.

അമ്പിളിയെ തൊടാനുള്ള ആശാന്റെ ആഗ്രഹംനമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിരിക്കുന്നു.കവി ഭാവന യാഥാര്‍ത്ഥ്യമായി: ഒരു മഹാരാജ്യത്തിന്റെ സ്വപ്നങ്ങളും!!


Fans on the page

Wednesday, November 12, 2008

ആ വിളി

ഫോണ്‍ നമ്പര്‍ കൊടുത്തിട്ട് വിളിയും പ്രതീക്ഷിച്ചിരിക്കുന്ന കാമുകരുണ്ട്. അങ്ങേത്തലയ്ക്കല്‍ നിന്ന് യഥാസമയം വിളി വന്നില്ലെങ്കില്‍ പിന്നെ ഇരിക്കപ്പൊറുതിയുണ്ടാകില്ല.ആകെപ്പാടെ വെപ്രാളവും പരവേശവും സങ്കടവും എല്ലാം ചേര്‍ന്ന ഒരവസ്ഥയിലായിരിക്കും.കാമുകര്‍ ഇത്തരം എരിപൊരി സഞ്ചാരത്തിന് അടിപ്പെടുന്നത് സ്വാഭാവികം.

എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇതു പോലെ ഒരു വിളിക്ക്കാതോര്‍ത്തിരിക്കുകയും കിട്ടാതാകുമ്പോള്‍ ടെന്‍ഷനടിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ ജുഗുപ്സയാണ് തോന്നുക.കഴിഞ്ഞ കുറെ ദിവസങ്ങളായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഒബാമ തന്നെ വിളിക്കാത്തതോര്‍ത്ത് കുണ്ഠിതപ്പെട്ടിരിക്കുന്ന മന്‍ മോഹന്‍ സിങ്ങിനെയണ് ദൃശ്യ മാദ്ധ്യമങ്ങളില്‍ കാണാന്‍ കഴിഞ്ഞത്.തന്നെ വിളിക്കാത്തത് പ്രശ്നമാക്കെണ്ട എന്ന് പറയുമ്പോഴും മുഖത്ത് ചമ്മല്‍ വളരെ പ്രകടമായിരുന്നു.

"ഒബാമ എന്നെ വിളിച്ചോ തമ്പ്രാ,ബുഷ് തമ്പ്രാ"എന്ന മട്ടില്‍ ജോര്‍ജ്ജ് ബുഷിനോട് ചോദിച്ചു എന്നും ഒടുവില്‍ അദ്ദേഹം ഇടപെട്ട് ഒബാമയെക്കൊണ്ട് വിളിപ്പിച്ചു എന്നുമാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത.ഒബാമ വിളിച്ചതോടെ ഏതോ വലിയ കാര്യം സാധിച്ച മട്ടിലാണ് അദ്ദേഹം.ആഗോള സാമ്പത്തിക മാന്ദ്യവും തീവ്ര വാദവും ഒക്കെ അഗണ്യകോടിയിലായിരിക്കുന്നു സിംഗ് ജിക്ക്.

ആണവ കരാറില്‍ ഒപ്പിടാന്‍ കാട്ടിയ വ്യഗ്രതയ്ക്കു പിന്നില്‍ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹമല്ലയിരുന്നു എന്നാണ് സിങ്ങിന്റെ ഈ മനോഭാവം വെളിവാക്കുന്നത് .എങ്ങനെയെങ്കിലും അമേരിക്കന്‍ ചങ്ങാത്തം തരപ്പെടുത്തുക ;അതു മാത്രമായിരുന്നു ഉദ്ദേശ്യം.അതിനു വേണ്ടി ഏതറ്റം വരെ താഴാനും അദ്ദേഹം തയ്യറായിരുന്നു.കീരിയേയും പാമ്പിനേയും ഒരുപോലെ പ്രീണിപ്പിച്ചു നേടുന്ന സൗഹൃദം കൊണ്ട് ഇന്ത്യക്ക് എന്തു നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്?

ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ അന്തസ്സും വ്യക്തിത്വവും ഇത്രമേല്‍ കെടുത്തിയ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല.അമേരിക്കന്‍ ഭരണകൂടത്തെ പ്രീണിപ്പിക്കാന്‍ വേണ്ടി ഇദ്ദേഹം കൈക്കൊണ്ട മിക്ക നിലപാടുകളും ഭാരതീയര്ക്ക് വരുത്തിവച്ച നാണക്കേട് കുറച്ചൊന്നുമല്ല.മൂന്നാം ലോകരാഷ്ട്രങ്ങള്‍ക്ക് ഒരു കാലത്ത് നേതൃത്വം കൊടുത്ത ഇന്ത്യ ഇന്ന് അവരുടെ മുമ്പില്‍ കോമാളിയായി മാറിയിരിക്കുന്നു.

പല അന്താരാഷ്ട്ര പ്രശ്നങ്ങളിലും മാദ്ധ്യസ്ഥം വഹിച്ച് പരിഹാരം കണ്ടെത്തിയ നമ്മള്‍ ഇന്ന് മുതലാളിത്ത രാജ്യങ്ങളുടെ മുമ്പില്‍ സ്വന്തം പ്രശ്നപരിഹാരത്തിന് കാവല്‍ കിടക്കുന്നു. കാലു തിരുമ്മി കാര്യം നേടാന്‍ ശ്രമിക്കുന്നവനെ ആരും വിലവയ്ക്കില്ല.അതുകൊണ്ടാണ് പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള സകല രാഷ്ട്ര നേതാക്കളെയും ടെലിഫോണില്‍ ബന്ധപ്പെട്ടിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രിയെ മാത്രം ഒബാമ വിളിക്കാതിരുന്നത്.ബുഷിന്റെ ശുപാര്‍ശയുടെ പുറത്ത് വിളി വന്നതാകട്ടെ അതിനേക്കാള്‍ ലജ്ജാകരമായ സംഭവമായി.

ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിനെപ്പോലും നേരിട്ടിട്ടില്ലാത്ത മന്‍ മോഹന്‍ സിംഗിന് കാലാവധി
കഴിയാറായിട്ടും താനിരിക്കുന്ന കസേരയുടെ വലിപ്പം മനസ്സിലായിട്ടില്ല.ബാങ്ക്മാനേജരുടെ മാനസികാവസ്ഥയില്‍ നിന്നും ഇതുവരെ അദ്ദേഹം മോചിതനായിട്ടില്ല.ഇന്ത്യയുടെ പൂര്‍വ്വകാല മഹിമയോ സ്വാതന്ത്ര്യ സമരചരിത്രമോ തന്റെ മുന്‍ ഗാമികളുടെ ഗുണപരമായ അംശങ്ങളോ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടില്ല.സ്വന്തം പാര്‍ട്ടിയുടെ ചരിത്രം പോലും വേണ്ട രീതിയില്‍
ഗ്രഹിച്ചിട്ടുണ്ടോ എന്നും സംശയമാണ്.

ആഗോളവല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനും മുതലാളിത്ത സമ്പദ് ഘടനയ്ക്കും വേണ്ടി നാണം കെട്ട നിലപാടുകള്‍ സ്വീകരിച്ചത് നെഹ്രുവിന്റെ കഴ്ചപ്പാട് അറിയാത്തതു കൊണ്ടാണ്.സമ്മിശ്രസമ്പദ് ഘടന എന്നത് നെഹ്രുവിന്റെ വീക്ഷണമായിരുന്നു.
ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത് ഇന്ദിരാഗാന്ധി ആയിരുന്നു.പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുകയും ബാങ്കുകളെ സ്വകാര്യ വല്‍ക്കരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക വഴി അവരെ രണ്ടു പേരെയും നിഷേധിക്കുകയാണ് സിംഗ് ചെയ്തത്.

ഗാന്ധിജിയെ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ സായിപ്പിന്റെ വിനീത ദാസനായി വേഷം കെട്ടി ഓച്ഛാനിച്ചു നില്‍ക്കുമായിരുന്നോ?
ഒറ്റമുണ്ടുമുടുത്ത് വട്ടമേശ സമ്മേളനത്തിനു ലണ്ടനിലെത്തിയഗാന്ധിജിയോട് "ബ്രിട്ടീഷ് രാജ്ഞിയുടെ മുമ്പില്‍ ഇങ്ങനെ അല്പവസ്ത്രനായി പോകുന്നതു ശരിയോ?"എന്നു സായിപ്പ് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്,'ഞങ്ങള്‍ക്കുള്ള വസ്ത്രം കൂടി നിങ്ങളുടെ രാജ്ഞി ധരിച്ചിട്ടുണ്ടല്ലോ.' എന്നാണ്.സ്വാതന്ത്ര്യം പോലും കിട്ടിയിട്ടില്ലാത്ത കാലത്ത് സായിപ്പിന്റെ നാവടക്കിയ ഈ വാക്കുകള്‍ ഓര്‍മ്മയുണ്ടായിരുന്നെങ്കില്‍ സായ്പ്പു പറഞ്ഞതനുസരിച്ച് യു എന്‍ ഒ യില്‍ ഇറാന് എതിരായ നിലപാട് സ്വീകരിക്കുമായിരുന്നോ?
ഇറാനില്‍ നിന്നും പ്രകൃതി വാതകം ലഭിക്കനുള്ള സാദ്ധ്യത ബുഷിനെ ഭയന്നു അവതാളത്തിലാക്കുമായിരുന്നോ?എന്നിട്ട് ഇപ്പോള്‍ ഖത്തറില്‍ നേരിട്ട് ചെന്ന്‍ ഇരന്നിരിക്കുന്നു.അവരാകട്ടെ അപേക്ഷ നിരസിക്കുകയും ചെയ്തു.

ആടിനു പകരം ബലിക്കല്ലില്‍ തന്റെ തല വച്ചുകൊടുത്ത ശ്രീബുദ്ധന്റെ ജന്മനാടാണു ഭാരതം.ഇണപ്പക്ഷികളിലൊന്നിനെ അമ്പെയ്തു വീഴ്ത്തുന്നത് കണ്ട് "മാ നിഷാദാ" (അരുത് കാട്ടാളാ)എന്നു പറഞ്ഞ ആദികവിയുടെ വാക്കുകള്‍ ഇന്നും ഇവിടെ മുഴങ്ങുന്നുണ്ട്.പക്ഷേ ആ രാജ്യത്തിന്‍റെ ഭരണാധികാരി ,സദ്ദാം ഹുസൈനെ ബുഷ് ഭരണകൂടംവധിച്ചപ്പോള്‍ അരുത് എന്നു പറയാനുള്ള കേവല രാഷ്ട്രമര്യാദപോലും കാട്ടിയില്ല.

കാശ്മീര്‍ പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കുമെന്ന് തെരഞ്ഞെടുപ്പു വേളയില്‍ തന്നെ ഒബാമ വ്യക്തമാക്കിയിരുന്നതാണ്. വിജയിച്ചശേഷം അദ്ദേഹം അത് ആവര്‍ത്തിക്കുകയും ചെയ്തു.അങ്ങനെയുള്ള ഒരുവന്റെ ഫോണ്‍ വിളി കിട്ടാഞ്ഞാണ് മന്‍ മോഹന്‍ ജി 'ഊണിന്നാസ്ഥ കുറഞ്ഞും നിദ്ര നിശയിങ്കല്‍ പോലുമില്ലാതെ'യും ഞെളിപിരിക്കൊണ്ടത്.കാശ്മീര്‍ കാര്യം ഇന്ത്യയുടെ ആഭ്യന്തര
പ്രശ്നമാണെന്ന നിലപാട് ലോകരാഷ്ട്രങ്ങളെക്കൊണ്ട് നമ്മള്‍ അംഗീകര്‍പ്പിച്ചിട്ടുള്ളതാണ്.വി.കെ കൃഷ്ണമേനോനെപ്പോലെ നട്ടെല്ലുള്ള നേതാക്കന്മാര്‍ അതിനു വേണ്ടി ഒരുപാട് വിയര്‍പ്പ് ഒഴുക്കിയിട്ടുണ്ട്. ഒബാമയുടെ'പ്രേമസിദ്ധിക്കായി അതും ഇദ്ദേഹം സന്ത്യജിക്കു'മെന്നാണു തോന്നുന്നത്.

തൊലി വെളുത്തവന്റെ കാല്‍ക്കീഴില്‍ നൂറ്റിപ്പത്തുകോടി ജനങ്ങളുടെ അന്തസ്സും ആത്മാഭിമാനവും അടിയറവയ്ക്കുന്ന നട്ടെല്ലില്ലാത്ത ഈ വൈകൃതത്തെ ചൂലുകൊണ്ടു സല്‍ക്കരിക്കാത്തത് ഇന്ത്യാക്കാരന്റെ മഹാമനസ്ക്കത!




Fans on the page

Sunday, November 9, 2008

മുകുന്ദന്‍ പോപ്പ്

പോപ്പിനും പാത്രിയര്‍ക്കീസിനും മറ്റും മാത്രമേ വ്യക്തികളെ പുണ്യവാളന്മാരായി വാഴ്ത്തുവാനും പ്രഖ്യാപിക്കാനും അര്‍ഹതയുള്ളൂ എന്നാണ് ഇതുവരെ ധരിച്ചിരുന്നത്.കേരള സാഹിത്യ അക്കദമി പ്രസിഡന്റിനും അതിന് അധികാരമുണ്ടെന്ന് ശ്രീ.എം.മുകുന്ദന്‍ കാണിച്ചു തന്നിരിക്കുന്നു.

സ.പിണറായി വിജയനെയാണ് അദ്ദേഹം ഇപ്പോള്‍ പുണ്യവാളനായി പ്രഖ്യാപിച്ചിരിക്കുന്നത്.കൂട്ടത്തില്‍ മുഖ്യമന്ത്രി സ.വി എസ് അച്യുതാനന്ദന്‍റെ പുണ്യവാള പദവി റദ്ദാക്കുകയും ചെയ്തു.വി എസ് അച്യുതാനന്ദന് ജനം ചാര്‍ത്തിക്കൊടുത്ത വിശേഷണങ്ങള്‍ നീക്കം ചെയ്യാന്‍ മുകുന്ദന്റെ പ്രസിഡന്‍റ് സ്ഥാനത്തിന് അധികാരമുണ്ടോ എന്ന കാര്യം വേറെ.സാഹിത്യ അക്കാദമിയുടെ
അദ്ധ്യക്ഷ സ്ഥാനം കിട്ടിയപ്പോള്‍ മുതല്‍ മുകുന്ദന്റെ പിണറായി വിധേയത്വം കഥകളായും വായ്ത്താരിയായും കേരളത്തിന്റെ സാഹിത്യാന്തരീക്ഷത്തെ മലിനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.അതിന്റെ ക്ലൈമാക്സാണ് ,ഡിസി ബുക്സിന്റെ പ്രസിദ്ധീകരണമായ 'പച്ചക്കുതിര'യില്‍ വന്ന അഭിമുഖം.

അച്യുതാനന്ദന്‍ കാലഹരണപ്പെട്ട പുണ്യവാളനാണെന്നാണ് അഭിമുഖത്തില്‍ മുകുന്ദന്‍ പറഞ്ഞത്. ആരെക്കുറിച്ചും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. പക്ഷേ അത് പ്രത്യക്ഷത്തിലുള്ള ആസനം താങ്ങലാകുന്നത് അദ്ദേഹമിരിക്കുന്ന കസേരയ്ക് അപമാനമാണ്.മുകുന്ദനേക്കാള്‍ യോഗ്യതയുള്ള നിരവധി സാഹിത്യകാരന്മാര്‍ ഉണ്ടായിരുന്നിട്ടും അദ്ദേഹം അക്കാദമിയുടെ തലപ്പത്തു വന്നത് ബേബീവിധേയനായതു കൊണ്ടാണെന്ന് എല്ലാവര്‍ക്കുമറിയാം.വിധേയത്വം പിണറായിയിലേക്കു വികസിപ്പിക്കുന്നതില്‍ മറ്റുദ്ദേശ്യമുണ്ടായിരിക്കാം.അതിലൊന്നും ആര്‍ക്കും പരാതിയില്ല.അധികാരപൂജ രാജഭരണകാലം മുതലേ പതിവുള്ളതാണ്.പക്ഷേ ജനത്തിനെ പഠിപ്പിക്കാന്‍ ശ്രമിക്കരുത്.

അഭിമുഖം വിവാദമായപ്പോള്‍ നേതാവ് എന്നാല്‍ എങ്ങനെ ആയിരിക്കണം എന്ന് നാട്ടുകാരെ പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് അദ്ദേഹം.'ധീരോദാത്ത,നതിപ്രതാപഗുണവാന്‍,വിഖ്യാത വംശന്‍' എന്നൊക്കെ പഴയ നാടക നായകന്മാരുടെ ലക്ഷണം വിവരിക്കുന്നതു പോലെ പുതിയ കാലത്തിനു പറ്റിയ നേതാവ് എങ്ങനെയിരിക്കണം,എങ്ങനെ പെരുമാറണം തുടങ്ങിയ വിശദീകരണങ്ങളുമായി നിരത്തിലെത്തിയിരിക്കുന്നു,'കേശവന്റെ വിലാപ' കര്‍ത്താവ്.ഇതെല്ലാം തികഞ്ഞ ഏക നേതാവ് സ. പിണറായി വിജയനാണെന്നു പറയാനും മുകുന്ദന്‍ മറക്കുന്നില്ല.

ജീവിതത്തന്റെ നല്ല കാലം മുഴുവന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ മുകുന്ദന്‍ പഠിപ്പിച്ചിട്ടു വേണ്ടാ കേരളീയര്‍ക്ക് അച്യുതാനന്ദന്റെ ഗുണഗണങ്ങള്‍ മനസ്സിലാക്കാന്‍.ഫാരീസ് അബൂബേക്കറുടെയും സാന്തിയാഗോ മാര്‍ട്ടിന്റെയും സഹായത്തോടെ മൂലധനം വളര്‍ത്തി കമ്യൂണിസം വരുത്താമെന്നു വ്യാമോഹിക്കാത്ത അച്യുതാനന്ദനെ മൂലധനക്കമ്യൂണിസ്റ്റുകളുടെ പാദസേവ നടത്തി കാലം കഴിക്കുന്ന മുകുന്ദനെപ്പോലെയുള്ള അവസരവാദികള്‍ക്കു മനസ്സിലാകില്ല.



Fans on the page

Tuesday, November 4, 2008

അമേരിക്കയും മലയാളം ചാനലുകളും

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, മലയാളം ചാനലുകളെല്ലാം ഉത്സവമാക്കിയിരിക്കുകയാണ്.തമിഴ് നാട്ടിലെയോ കര്‍ണ്ണാടകത്തിലെയോ ചൈനയിലെയോ തെരഞ്ഞെടുപ്പുകള്‍ പോലും നമ്മുടെ ദൃശ്യമാദ്ധ്യമങ്ങള്‍ ഇത്ര ആവേശത്തോടെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.പ്രത്യക്ഷമായി ഇന്ത്യയെ യതൊരു വിധത്തിലും ബാധിക്കാത്ത അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കാണിക്കുന്ന അമിത താല്പര്യം സാമാന്യ ബുദ്ധിയുള്ള ആരെയും അമ്പരപ്പിക്കും.

അമേരിക്കന്‍ മാദ്ധ്യമ ഭീമനായ മര്‍ദോക്ക് വാങ്ങിയെന്ന് പിണറായി വിജയനും മാതൃഭൂമിയും പ്രചരിപ്പിക്കുന്ന ഏഷ്യാനെറ്റ് പ്രകടിപ്പിക്കുന്ന ആവേശം മനസ്സിലാക്കാം. അമേരിക്കയെ ജനാധിപത്യ,മുതലാളിത്ത സ്വര്‍ഗ്ഗങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന മനോരമയും ഇന്ത്യാ വിഷനും ഇതിന്റെ പേരില്‍ പേക്കൂത്ത് കാണിക്കുന്നതും ന്യായീകരിക്കാം.പക്ഷേ എല്ലാ സാമ്രാജ്യത്ത കുടിലത
കളുടെയും വിളനിലമായി ഇന്നലെ വരെ യു എസ് എ യെക്കണ്ടിരുന്ന കൈരളി ചാനല്‍ അതിന്‍റെ സമയത്തില്‍ നല്ലഭാഗവും അവിടുത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പു വിശേഷങ്ങള്‍ക്കായി ചെലവഴിക്കുന്നതിന്റെ പൊരുള്‍ തീരെ ബോധിക്കുന്നില്ല.

ഒബാമയോ മക്കെയിനോ ആര് പ്രസിഡന്റായാലും അമേരിക്കയില്‍ നിലവിലുള്ള സാമ്പത്തിക ക്രമങ്ങളിലോ സാമൂഹിക സം വിധാനത്തിലോ ഇന്ത്യയോടുള്ള സമീപനത്തിലോ കാതലായ മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് സ. പി .ഗോവിന്ദപ്പിള്ളയെ പ്പോലുള്ളവര്‍ പല പ്രാവശ്യം പറഞ്ഞതാണ്.നയതന്ത്ര രംഗത്ത് പ്രവര്‍ത്തിച്ച് പരിചയമുള്ളവരുടെയും അഭിപ്രായം മറിച്ചല്ല.എന്നിട്ടും 'ഒരു ജനതയുടെ ആത്മാവിഷ്കാര'മെന്നും 'വേറിട്ട ചാന'ലെന്നും പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു ചാനല്‍, സാമ്പത്തികമായി പക്ഷാഘാതം പിടിപെട്ട മുതലാളിത്ത രാഷ്ട്രത്തിന്റെ പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ കാണിക്കുന്ന അമിത താല്പര്യം ഒട്ടും ആശാസ്യമല്ല.അതിന്റെ തലവന്‍ തന്നെ അമേരിക്കയില്‍ നിന്ന് തെരഞ്ഞെടുപ്പിന്‍റെ റണ്ണിങ് കമന്‍ററി നടത്തുന്നതു കാണുമ്പോള്‍
സഹതാപമാണു തോന്നുന്നത്.

നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന തീവ്രവാദികളെ ക്കുറിച്ചും ആസ്സമിലെ ബോംബ് സ്ഫോടനത്തെക്കുറിച്ചും ഇവിടുത്തെ ചാനലുകള്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല.എല്ലാ വിഭവ ശേഷിയും അമേരിക്കയിലേക്കു തിരിച്ചു വച്ചിരിക്കയാണ്.

കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റു സര്‍ക്കാരിനെ താഴെയിറക്കാന്‍ അന്നത്തെ അമേരിക്കന്‍ സര്‍ക്കാര്‍ സി ഐ എ യെ ഉപയോഗിച്ചുവെന്നും അതിനായി അവര്‍ അളവറ്റ പണം ചെലവാക്കിയെന്നും വെളിപ്പെട്ടത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്.അതുപോലെ പണക്കൊഴുപ്പിന്റെ പകിടകളിയായി ഇതിനകം മാറിക്കഴിഞ്ഞ ഈ പ്രസിഡന്റു തെരഞ്ഞെടുപ്പിന്റെ സാമ്പത്തികച്ചാലുകള്‍ നമ്മുടെ ചാനലുകളെയും അനുഗ്രഹിച്ചിട്ടുണ്ടോ എന്നു സംശയിക്കണം.വിമോചന സമരത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം പുറത്തറിയാന്‍ കാല്‍ നൂറ്റാണ്ടു കഴിയേണ്ടി വന്നെങ്കില്‍ ഇതിന്റെ സത്യാവസ്ഥ ബോദ്ധ്യമാകാന്‍ അത്രയും കാലം വേണ്ടി വരില്ല.



Fans on the page