Total Pageviews

Sunday, July 7, 2013

ദേശീയ ഗാനത്തെ വീണ്ടും അപമാനിക്കരുത്ദേശീയഗാനത്തെ അപമാനിച്ചെന്ന കേസ്സിൽ കേന്ദ്ര സഹമന്ത്രി ശശിതരൂരിനെ എറണാകുളം അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്റ്റ്രേറ്റ് കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നു.അതു കോടതിയുടെ അധികാരം .പക്ഷേ ശശിതരൂരിനെ രക്ഷപ്പെടുത്താൻ കോടതി കണ്ടെത്തിയ ന്യായം സാമാന്യയുക്തിക്കു നിരക്കുന്നതല്ല.2008 ൽ കൊച്ചിയിൽ നടന്ന ഒരു പൊതു ചടങ്ങിൽ ഇന്ത്യൻ ദേശീയഗാനമാലപിക്കുമ്പോൾ,അമേരിക്കക്കാർ അവരുടെ ദേശീയഗാനം ആലപിക്കുന്ന സമയത്ത് നില്ക്കുന്നതു പോലെ കൈ നെഞ്ചോടു ചേർത്ത് നില്ക്കുകയും സദസ്യരോട് അതുപോലെ ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തത് നമ്മുടെ ദേശീയ ഗാനത്തെ അപമാനിക്കലാണെന്ന് ആരോപിച്ചാണു ശശിതരൂരിനെതിരെ പൊതു താല്പര്യ ഹർജി ഫയൽ ചെയ്യപ്പെട്ടത്.ദേശഭക്തി വളർത്താനും ദേശസ്നേഹം പ്രകടിപ്പിക്കാനുമാണു ഇങ്ങനെ ചെയ്തതെന്ന തരൂരിന്റെ അഭിഭാഷകരുടെ വാദം അംഗീകരിച്ചുകൊണ്ടാണത്രെ മജിസ്ട്രേറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്!

 ഇപ്പോൾ നമ്മുടെ ദേശീയഗാനം ആലപിക്കുന്ന സമയത്ത് ബഹു.മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ളവർ നില്ക്കുന്ന രീതി ശരിയല്ലെന്നും ദേശസ്നേഹം കുറവായതുകൊണ്ടാണു അങ്ങനെ നില്ക്കുന്നതെന്നും അല്ലേ അതിന്റെ അർത്ഥം?ജനഗണമന നമ്മുടെ ദേശീയ ഗാനമായി അംഗീകരിച്ച മഹാന്മാരായ നേതാക്കളും ഭരണകൂടവും അത് ആലപിക്കാൻ എടുക്കേണ്ട സമയത്തെ കുറിച്ചും അപ്പോൾ ഏതു രീതിയിലാണു നില്ക്കേണ്ടത് എന്നതിനെ സംബന്ധിച്ചും വ്യക്തമായി നിർദ്ദേശിച്ചിട്ടുണ്ട്.അതു സർക്കാർ ഉത്തരവായി ഇപ്പോഴും പ്രാബല്യത്തിലുമുണ്ട്.ആ സർക്കാർ ഉത്തരവ് മോശമാണെന്നും അത് ദേശസ്നേഹം വളർത്താൻ പര്യാപ്തമല്ലെന്നുമാണു ശശിതരൂരിനെ ന്യായീകരിക്കുന്നവർ വാദിക്കുന്നത്.പ്രധാനമന്ത്രി മൻ മോഹൻ സിംഗിനെ പോലെ അമേരിക്കൻ നോക്കിയായ ശശിതരൂരും അമേരിക്കക്കാരൻ ചെയ്യുന്നതെല്ലാം മഹത്തരമാണെന്നു പറയുന്നതിൽ അത്ഭുതമില്ല.എന്നാൽ ന്യായാസനങ്ങൾ കൂടി ഇത്തരം വിവരക്കേടുകളെ പ്രോത്സാഹിപ്പിക്കുന്നത് പ്രതിഷേധാർഹമാണു.ടാഗൂറും ഗാന്ധിജിയും നെഹ്രുവും അംബേദ്കറും 120 കോടിയിൽ അധികം വരുന്ന ഇന്ത്യാക്കാരും എല്ലാം മണ്ടന്മാരാണെന്ന് ഏതു കോടതി പറഞ്ഞാലും അംഗീകരിക്കാൻ ബുദ്ധിമുട്ടാണു.

ദേശീയഗാനാലാപന സമയത്ത് ഇന്ത്യാക്കാരൻ നില്ക്കുന്ന രീതി ശരിയല്ലെന്നു പറയുന്ന ശശിതരൂർ, നാളെ ദേശീയഗാനമേ കൊള്ളില്ല എന്നു പറയില്ലെന്ന് ആരു കണ്ടു?അഴകനെ കണ്ട് അച്ഛാ എന്നു വിളിക്കുന്നവൻ കൊഴുത്ത പ്രലോഭനങ്ങൾക്കു വശംവദനായി രാജ്യത്തെ ഒറ്റു കൊടുക്കില്ലെന്ന് എങ്ങനെ ഉറപ്പിക്കാം?വെളുത്ത മുണ്ടിനു തടുക്കിടുന്ന പഴയ സ്വഭാവം മറ്റാരു കാട്ടിയാലും കോടതികൾ കാട്ടാൻ പാടില്ല.ജനിച്ച നാടിനേക്കാളും ജനിപ്പിച്ച മാതാപിതാക്കളെക്കാളും സ്നേഹവും ബഹുമാനവും പരദേശത്തോടും പരദേശികളോടും പ്രകടിപ്പിക്കുന്ന അല്പന്മാരെ രക്ഷിക്കാൻ ഇത്തരം ന്യായീകരണങ്ങൾ കണ്ടെത്തുന്നത്  അതിമഹത്തായ ഒരു രാജ്യത്തിന്റെ അതി വിശിഷ്ടദേശീയ ഗാനത്തെ വീണ്ടും വീണ്ടും അപമാനിക്കലാണു.

Fans on the page

4 comments:

മുക്കുവന്‍ said...

can not agree with you...

for me standing style does not make any difference. Sasi tharoor told to change the style, it become such a big issue.


dethan said...

മുക്കുവന്‍,

സ്റ്റയില്‍ മാറ്റണ മെന്നല്ല,അമേരിക്കക്കാരന്‍ അവന്‍റെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ നില്‍ക്കുന്നതു പോലെ നമ്മളും കൈ നെഞ്ചത്ത് ചേര്‍ത്ത് വച്ചു നില്ക്കണമെന്നാണ് ശശിതരൂര്‍ ആവശ്യപ്പെട്ടതും നിന്നതും.ഓരോ രാജ്യത്തിനും അവരവരുടേതായ സ്റ്റയിലുണ്ട് ദേശീയ ഗാനമാലപിക്കുന്നതിനും അപ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നതിനും.ഇന്ത്യക്ക് ഇന്ത്യയുടെ സ്റ്റയില്‍ തന്നെയാണ് അഭികാമ്യം.

മുക്കുവന്‍ said...

hmmm.. you may be right...

for me its just like catholic preaching for kneel down and pray :)

luckily the national song singing time they did not impose a dress code!

dethan said...

മുക്കുവന്‍,
ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഡ്രസ്സ്കോഡ് നിഷ്കര്‍ഷിച്ചിട്ടില്ലെങ്കിലും എങ്ങനെയാണ് എഴുന്നേറ്റ് നില്‍ക്കേണ്ടത് എന്ന്‍ വ്യക്തമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.കേന്ദ്ര ആഭ്യന്തരമന്ത്രികാര്യാലയം പുറപ്പെടുവിച്ച "ORDERS RELATING TO THE NATIONAL ANTHEM OF INDIA"എന്ന ഉത്തരവില്‍ അത് ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നു:

V. GENERAL
(1) Whenever the Anthem is sung or played, the audience shall stand to
attention.