Total Pageviews

Friday, August 20, 2010

ഓണാശങ്കകള്‍


വഞ്ചന കാട്ടിയ വാമന ഹീനത
വീരമഹത്വ പ്പെരുമകളായി
ലോകം വാഴ്ത്തി പാടീട്ടും
പകയുടെ കണികയുമില്ലാതെ
ആണ്ടിലൊരിക്കല്‍ വന്നെത്തീടും
മാവേലി മന്നനെ വരവേല്‍ക്കാന്‍
സ്വാഗത വീഥിയൊരുക്കാനായി
പൂക്കളമെഴുതാന്‍ നോക്കുമ്പോള്‍,
അത്തപ്പൂവിന്നിതളുകളില്‍
ആപശ്ചങ്കകള്‍ വിരിയുന്നോ?
ആര്‍പ്പു വിളിക്കും നാവുകളില്‍
അക്രമ ശീലുകള്‍ നിറയുന്നോ?
ഏഴഴകുള്ളോരിന്ദ്രധനുസ്സില്‍
ഊഴി പിളര്‍ക്കും കൂരമ്പുകളോ?
ആഹ്ലാദത്തിന്നോണനിലാവില്‍
ആശങ്കകളുടെ കരിനിഴലോ?

ഒട്ടിയ വയറോടൊന്നിനുമാകാ-
തുറ്റവര്‍ കൂരയില്‍ നരകിക്കെ
മദ്യം മോന്തി ഗ്ഗൃഹനാഥന്മാര്‍
മാലിന്യ ക്കുഴി നീന്തുന്നു .
വിടുവായോതും രാഷ്ട്രീയക്കാര്‍
വിവരക്കേടു വിളമ്പുന്നു .
അടിപിടി കണ്ടുമഹമ്മതി കണ്ടും
അടിമുടി കഷ്ടത യേറ്റ ജനം,
ചതിയും കള്ളവുമില്ലാതുള്ള
ഭരണം പഴയതു മോഹിക്കുന്നു.
അരവയര്‍ നിറയാനില്ലാതെ
ദുരിത ക്കടലില്‍ നീന്തുമ്പോഴും
ഉള്ളതിലല്പമെടുത്താണെങ്കിലും
നല്ലവനാം മുന്‍ ഭരണാധിപനായ്
നേദിക്കാനവര്‍ വെമ്പുന്നു
നല്ലൊരു നാളെ കൊതിക്കുന്നു.


Fans on the page

Sunday, August 15, 2010

മാര്‍ബിള്‍ 'പര്‍ണ്ണശാല'


പര്‍ണ്ണം എന്നു വച്ചാല്‍ ഇല എന്നാണ് അര്‍ത്ഥം .ഇല കൊണ്ടു നിര്‍മ്മിച്ച കുടില്‍, ഇലയും പുല്ലും കൊണ്ടു നിര്‍മ്മിച്ച കുടില്‍ എന്നൊക്കെയാണ് "പര്‍ണ്ണശാല"യുടെ അര്‍ത്ഥം .2010 ആഗസ്റ്റ്‌ 13 നു തിരുവനന്തപുരം പോത്തന്‍കോടുള്ള ശാന്തിഗിരി ആശ്രമത്തിലെ "പര്‍ണ്ണശാല " രാഷ്ട്രപതി മാനവരാശിക്ക് സമര്‍പ്പിച്ചു എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ധരിക്കുക ഏതോ കുടില്‍ ആയിരിക്കും സമര്‍പ്പിക്കപ്പെട്ടത് എന്നാണ്.മാര്‍ബിളില്‍ തീര്‍ത്ത ഭീമാകാരമായ മന്ദിരത്തെയാണ്‌ ,"പര്‍ണ്ണശാല" എന്ന, ആശ്രമാന്തരീക്ഷത്തിനു യോജിച്ച പേരിട്ടു ശാന്തിഗിരിയിലെ പബ്ലിസിറ്റി മാനേജര്‍മാര്‍ നാട്ടുകാരെ കബളിപ്പിച്ചത് .

നാട്ടുകാരെ പറ്റിയ്ക്കുന്ന കാര്യം വിടുക.അവര്‍ പറ്റിക്കപ്പെടാന്‍ വിധിക്കപ്പെട്ടവരാണ് .ഭാഷയുടെ
സ്ഥിതി അതല്ലല്ലോ .സമീപ കാലത്തൊന്നും ഇത്ര വലിയ പ്രചാരത്തോടെ മലയാളത്തില്‍ ഒരു വാക്ക്
വ്യഭിച്ചരിക്കപ്പെട്ടിട്ടില്ല .ഒരുലക്ഷം ചതുരശ്ര അടി മാര്‍ബിള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച
ആഡംബര ഹര്മ്മ്യത്തെ "പര്‍ണ്ണശാല"എന്ന് വിശേഷിപ്പിക്കുന്നതില്‍ പരം വചന വ്യഭിചാരം ഭാഷയില്‍ ഉണ്ടാകാനില്ല.
ഭാഷയെ മാത്രമല്ല ആര്‍ഷ പാരമ്പര്യത്തെയും ഭാരതീയ മൂല്യങ്ങളെയും അവഹേളിക്കുക കൂടിയാണ് ശാന്തിഗിരിയിലെ കച്ചവടക്കാര്‍ (മരുന്നിന്റെയും ആത്മീയതയുടെയും മൊത്തവ്യാപാരികള്‍) ചെയ്തത് .

91അടി ഉയരവും 84അടി വ്യാസവും വരുന്ന 21ഇതള്‍ ഉള്ള താമരയുടെ ആകൃതിയില്‍ നിര്‍മ്മിച്ചിട്ടുള്ള കൂറ്റന്‍ സൌധം ശാന്തിഗിരി ആശ്രമ സ്ഥാപകന്‍ കരുണാകര ഗുരുവിന്റെ ആത്മാവിഷ്കാര മാണത്രേ!ഏറ്റവും വിലകൂടിയ മക്രാന മാര്‍ബിള്‍ ആണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്.
ഉള്‍വലയത്തില്‍ പിത്തള പതിപ്പിച്ചിരിക്കുന്ന ഇതിലെ പ്രകാശ വിന്യാസത്തിന് അത്യാധുനിക എല്‍ . .ഡി സംവിധാനമാണത്രെ ഉള്ളത് .

മരുന്നും മന്ത്രവും മറ്റു പലതും വിറ്റു കാശുണ്ടാക്കാന്‍ പഠിപ്പിച്ച ഗുരുവിനു ചേര്‍ന്ന സ്മാരകം ആകാം
ശിഷ്യര്‍ നിര്‍മ്മിച്ചിട്ടുള്ളത് .പക്ഷെ അതിന്റെ പേരില്‍ ഭാഷയെയും, രാജ്യം പവിത്രമെന്നു കരുതുന്ന
മൂല്യങ്ങളെയും അവഹേളിക്കരുത്.
കോടിക്കണക്കിനു രൂപ ചെലവാക്കി കെട്ടി ഉയര്‍ത്തിയ കൂറ്റന്‍ മാര്‍ബിള്‍ താമര, വഴിയെ പോകുന്നവര്‍ക്കെല്ലാം കാണുന്നതിനു വേണ്ടി തെങ്ങ് ഉള്‍പ്പടെ യുള്ള നിരവധി ഫലവൃക്ഷങ്ങളെയാണ്
വെട്ടി നശിപ്പിച്ചത് .സന്യാസത്തെ കുറിച്ചോ സന്യാസിയുടെ ആവാസ സ്ഥാനമായ പര്‍ണ്ണശാലയെ കുറിച്ചോ അല്പമെങ്കിലും ധാരയുള്ളവര്‍ ആധുനിക നഗരവാസിയെ തോല്പിക്കുന്ന പരിസ്ഥിതിപാതകം ചെയ്യുമോ? സന്യാസിനി അല്ലാതിരുന്നിട്ടു കൂടി പര്‍ണ്ണ ശാലയില്‍ വളര്‍ന്ന ശകുന്തള ചെടികളെ നനയ്ക്കാതെ സ്വന്തം തൊണ്ട പോലും നനച്ചിരുന്നില്ല.അവയുടെ ഒരു
തളിര് പോലും ഇറുത്തിരുന്നില്ല.അതാണ്‌ കള്ളസന്യാസിയല്ലാത്ത കണ്ണ്വമഹര്‍ഷി വളര്ത്തിയതിന്റെ ഗുണം.കണ്ണ്വാശ്രമ ത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയും ബ്ലൂഫിലിം നിര്‍മ്മാണം ഭയന്ന്‍ ഒടിപ്പോയിട്ടുമില്ല.

ഗുരുത്വവും വളര്‍ത്തു ഗുണവും അവിടെ നില്‍ക്കട്ടെ.അത്യാഡംബര ഭീമ നിര്‍മ്മിതിയ്ക്ക് ആവശ്യമായ കോടികളുടെ ഉറവിടം ഏതാണെന്ന് അറിയുവാന്‍ മാലോകര്‍ക്ക് അവകാശമുണ്ട്‌.ഒരു സാധാരണക്കാരന്‍ പുതിയ വീട് വച്ചാല്‍ ,ഒരു കാറ് വാങ്ങിയാല്‍ അതിനുള്ള തുട്ടിന്റെ സ്രോതസ് തിരക്കി ഇറങ്ങുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഈ പഞ്ചനക്ഷത്ര മാര്‍ബിള്‍ കൂടാര നിര്‍മ്മിതിയ്ക്ക് പൊടിച്ച കോടികള്‍ എവിടെ നിന്നാണെന്നു അന്വേഷിക്കാന്‍ ചുമതലയില്ലേ? രാഷ്ട്രപതിയെ കൊണ്ടു ഉദ്ഘാടിക്കുന്നവര്‍ക്ക് നിയമങ്ങള്‍ ബാധകമല്ലേ?

ആള്‍ദൈവങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ഉയരങ്ങളില്‍ എത്താനുള്ള ഏണിപ്പടികളായി നമ്മുടെ
ഭരണാധികാരികള്‍ മാറുന്നത് വലിയ കഷ്ടമാണ്.ഇന്ത്യയുടെ പ്രസിഡന്റ് അങ്ങോട്ട്‌ ചെന്ന് ദര്‍ശനം
നേടിയ കരുണാകര ഗുരുശിഷ്യ അമൃത ജ്ഞാനതപസ്വിനിയുടെ വാക്കുകള്‍ തന്നെ മതി ഗുരുവിന്റെയും ശിഷ്യയുടെയും ജ്ഞാനം മനസ്സിലാക്കാന്‍ ."സ്വന്തം കുടുംബത്തിന്റെ നന്മയാണ് രാജ്യത്തിന്റെയും ലോകത്തിന്റെയും നന്മ "എന്ന് അവര്‍ രാഷ്ട്രപതിയെ ഉപദേശിച്ചത്രേ ."ലോകമേ തറവാട്" എന്ന് കരുതുന്ന ഭാരതീയ ദര്‍ശനം "തറവാടേ ലോകം" എന്ന് തിരുത്തുന്ന ജ്ഞാന തപസ്വിനിമാരുടെ കാല്‍ക്കല്‍ കുമ്പിടുന്ന വരെയോര്‍ത്തു ലജ്ജിക്കുകയല്ലാതെ എന്ത് വഴി?ഇമ്മാതിരി ശിഷ്യമാര്‍ മാര്‍ബിള്‍
കൊട്ടാരത്തിന് "പര്‍ണ്ണ ശാലയെന്നു പേരിട്ടതില്‍ അത്ഭുതപ്പെടാനില്ല.

ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് ശ്രീ ചിത്തിര തിരുനാള്‍ ആശുപത്രി രാഷ്ട്ര
ത്തിനു സമര്‍പ്പിച്ചത്.ലക്ഷോപ ലക്ഷം രോഗികള്‍ക്ക് അതുകൊണ്ടു പ്രയോജനമുണ്ടായി.ആര്‍ഷ ദര്‍ശനത്തെ പറ്റിയോ മാനവ വ്യഥയെ പറ്റിയോ യാതൊരു ഗ്രാഹ്യവും പരിഗണനയും ഇല്ലാത്ത വ്യാജ
ദൈവങ്ങള്‍ അവിഹിതമായി സമ്പാദിച്ച സ്വത്ത് കൊണ്ടു പടുത്തുയര്‍ത്തിയ ഒരു ദുര്‍വ്യയ സ്മാരകം
മാനവ രാശിക്ക് സമര്‍പ്പിച്ചിട്ട് ആര്‍ക്കെന്തു പ്രയോജനം ?ഒരു സര്‍ക്കാര്‍ സ്ഥാപനം രാഷ്ട്രത്തിന് സമര്‍പ്പിക്കാനാണ് ഇന്ദിരാ ഗാന്ധി വന്നത്.പ്രതിഭാ പാട്ടീലോ ?സര്‍ക്കാരിനെയും നാട്ടുകാരെയും കബളിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ധൂര്‍ത്ത മന്ദിരത്തിനു വെള്ള പൂശാന്‍ .രണ്ടും(മാർബിൾ മന്ദിരവും ഉദ്ഘാടനച്ചെലവും) നാഷണൽ വേസ്റ്റ് തന്നെ.



Fans on the page

Sunday, August 1, 2010

ഉദയ പ്രതീക്ഷ




പൂര്‍ണ്ണ സുഷുപ്തിയില്‍ ലോകം മയങ്ങുന്ന
പാതിരാവിന്റെ നിശബ്ദ യാമങ്ങളില്‍
മോചന ഗന്ധം ശ്വസിച്ചുണര്‍ന്നേറ്റവര്‍
മൂകം കൊതിച്ചു വന്നെത്താന്‍ ,തിളങ്ങുന്ന
പുത്തനുഷസ്സുകള്‍ ,ബന്ധനം നിര്‍മ്മിച്ചോ-
രന്ധകാരത്തിന്റെ ചിത്രങ്ങള്‍ മായ്ക്കുവാന്‍.

കാത്തിരിപ്പിന്റെ നിമിഷങ്ങള്‍ക്കായുസ്സു -
കൂടി ,നൃത്തം വച്ച വര്‍ണ്ണ പ്രതീക്ഷകള്‍
പത്രം കുഴഞ്ഞു മയങ്ങി ,യിടയ്ക്കിടെ
പാന്ഥര്‍ തന്‍ കൈയ്യിലെ ചൂട്ടിലും, കൊള്ളക്കാര്‍
പൊട്ടിച്ചെറിഞ്ഞ തീപ്പന്തത്തിലും കൊച്ചു
മിന്നാമിനുങ്ങിലും കണ്ട കിരണങ്ങള്‍
പൂര്‍വ്വ ദിക്കിന്റെ മുഖം തുടുക്കുന്നതിന്‍
പ്രാരംഭമായി ഭ്രമിച്ചു പലപ്പോഴും.

സിംഹാസനങ്ങള്‍ക്കു വേണ്ടി സഹജന്റെ
സംഹാരവും കള്ളച്ചൂതും നടക്കുന്നു;
ശംബൂക ശീര്‍ഷം മുറിക്കുമനാചാര
ശക്തികള്‍ ധര്‍മ്മ പ്രചാരത്തിനെത്തുന്നു;
അമ്മിഞ്ഞപ്പാലിനുമുപ്പു നോക്കുന്നവര്‍
അജ്ഞാത വേഷത്തില്‍ ചീറ്റുന്നു വിദ്വേഷം ;
രാവിന്റെ കിങ്കരരാടി ത്തിമര്‍ക്കുന്നു;
രാപ്പാടി പാട്ടു മറന്നു മുറിവേറ്റ
പക്ഷമൊതുക്കി കിടപ്പൂ മരിക്കുവാന്‍-
വൃക്ഷങ്ങളില്ലാത്ത കാടിന്റെ മൂലയില്‍ .
എങ്കിലും പൊന്‍ പ്രഭ തൂകിയുദിക്കുന്ന
മംഗള നവ്യ പ്രഭാതം പ്രതീക്ഷിച്ചു
കണ്ണടയ്ക്കാതിന്നും കാത്തിരുപ്പൂ ശുദ്ധ -
കര്‍മ്മ നാളങ്ങള്‍ കൊളുത്തും കുരുന്നുകള്‍ .




















Fans on the page