Total Pageviews

Thursday, May 29, 2008

അമൃതാനന്ദമയി നിയമാതീതയോ?

തങ്ങളാണ് കള്ളസ്വാമിമാരുടെ തനിനിറം വെളിച്ചത്താക്കിയതെന്ന് അവകാശപ്പെട്ട മംഗളം പത്രത്തിന്‍റെ പ്രതിനിധി
ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു പറഞ്ഞത് എല്ലാവരും വ്യാജന്മാരല്ല;അമൃതാനന്ദമയിയെ പോലുള്ളവര്‍ ഈ ഗണത്തില്‍ പെടില്ല എന്നാണ്.
യുഡിഎഫ് കണ്‍വീനര്‍ പിപി.തങ്കച്ചന്‍ പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടതും ഇതു തന്നെ.അമൃതാനന്ദമയി
വിശുദ്ധയാണത്രേ!അവരെക്കുറിച്ച് അന്വേഷിക്കേണ്ട പോലും.
കള്ളസ്വാമിമാരുടെ ആസനത്തില്‍ കുന്തം കേറ്റണം എന്ന് ഗര്ജ്ജിച്ച മന്ത്രി ജി.സുധാകരനും അമൃതാനന്ദമയിയുടെ
പ്രവൃത്തിയില്‍‍ പരിപൂര്‍ണ്ണ തൃപ്തിയാണ്.കള്ളനോട്ട് സ്വാമിയുടെ ഒരു പരിപാടിയില്‍ പെട്ടു പോയതിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനത്തില്‍ വച്ചാണ് മന്ത്രി അമൃതാനന്ദമയിയെ ന്യായീകരിച്ചത്.ഇന്ത്യന്‍ പ്രസിഡന്‍റും പ്രധാനമന്ത്രിയും എല്ലാം ആരാധിക്കുന്നതു കൊണ്ട് അവര്‍ വ്യാജയല്ലത്രേ!
അവര്‍ ധാരാളം ദാനധര്മ്മങ്ങള്‍ ചെയ്യുന്നുണ്ടു പോലും.

പത്രങ്ങളും ചാനലുകളും എല്ലാം അമൃതാനന്ദമയിയോടു പുലര്‍ത്തുന്ന സമീപനവും ഇതു തന്നെയാണ്.അവരുടെ കോടിക്കണക്കിനുള്ള ആസ്തിയും ചാനലും ഉന്നത ഭക്തന്മാരും സൗജന്യ സേവനവും മറ്റും മഹത്വത്തിന്‍റെ
മാനദണ്ഡമായി വാഴ്ത്തുന്നു.

അച്ചടി,ദൃശ്യ മാധ്യമങ്ങള്‍ ഇപ്പോള്‍ കപടസന്യാസിമാരെന്നും കള്ളദൈവമെന്നും ആക്ഷേപിക്കുന്നവര്‍ പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഇവരെപ്പോലെ ആയിത്തീരുമായിരുന്നു.അമൃതാനന്ദമയിയുടെ ആരംഭരൂപം
മനസ്സിലാക്കാന്‍ മറ്റെങ്ങും പോകണ്ട.ഈയിടെ പിടിയിലായ അമ്മ തായ മഹാമായയുടെ ചേഷ്ടകള്‍ കണ്ടാല്‍
മതി.വള്ളിക്കാവമ്മയുടെ ആദ്യകാലത്ത് ആശ്രിതനായി നില്ക്കുകയും അവര്‍ക്ക് പബ്ളിസിറ്റിയും പാര്ട്ടി പിന്തുണയും നേടിക്കൊടുക്കുകയും ചെയ്ത ശ്രീ.ഒ.രാജഗോപാല്‍ തന്നെയാണ് കൊട്ടിയത്തമ്മയുടെ മുമ്പിലും
കാപ്പു കെട്ടി നിന്നത്.വള്ളിക്കാവു തായയുടെ മടിയില്‍ കിടന്നു മോക്ഷമടയാന്‍ കൊതിച്ചു ചെന്നപ്പോള്‍ അവിടെ അദ്ദേഹത്തെക്കാള്‍ പിടിപാടുള്ള മക്കള്‍ കിടക്കുന്നതു കണ്ടാകാം നേരേ കൊട്ടിയത്തെ തായയുടെ
കാല്‍ചുവട്ടില്‍ എത്തിയത്.

പരസ്പരം കടിച്ചുകീറാന്‍ നില്ക്കുന്ന തങ്കച്ചനും സുധാകരനും,രണ്ടുകൂട്ടരെയും കുന്തമുനയില് നിര്ത്താന്‍
സാമര്‍ത്ഥ്യം കാട്ടുന്ന പത്രക്കാരനും 'അമ്മയെ'ഒരേപോലെ പുകഴ്ത്തുന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലാണ്.ദാവൂദ് ഇബ്രാഹിമും ജീവകാരുണ്യത്തിന് കാശ് ചെലവഴിക്കുന്നുണ്ട്.ബുഷ് ഭരണകൂടവും ഒരുപാട് ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ട്.സന്തോഷ് മാധവന്‍ പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ എന്തെന്ത് കാരുണ്യ പ്രവര്ത്തനങ്ങള്‍ നടത്തുമായിരുന്നില്ല!! തോക്കു സ്വാമയാണെങ്കില്‍ ആതുരസേവനത്തിന് ആശുപത്രി തുടങ്ങാന്‍ പരിപാടിയിടുന്നതിനിടയിലാണ് കസ്റ്റഡിയിലായത്.തങ്കുവും യോഹന്നാനും ഒക്കെ ഇപ്പോള്‍ തന്നെ എന്തെല്ലാം പുണ്യ കര്മ്മങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്! ആനിലയ്ക്ക് ഇവരെ സ്വതന്ത്രരായി വിട്ടിരുന്നെങ്കില്‍ കേരളം സ്വര്ഗ്ഗമാക്കില്ലായിരുന്നോ?അവരും മാതാവിനെപ്പോലെ സ്വന്തം ചാനലും സ്ഥാപനങ്ങളും സംഘടിപ്പിക്കില്ലായിരുന്നോ?

പ്രസിഡന്‍റും പ്രധാനമന്ത്രിയും ആരാധിക്കുന്നതു കൊണ്ട് വ്യാജദൈവങ്ങള്‍ പുണ്യാത്മാക്കളാകുമോ? കുറേ നാള്‍ കൂടി സ്വതന്ത്രരായി വിട്ടിരുന്നെങ്കില്‍ മുമ്പ് പരാമര്ശിച്ച വ്യാജരുടെ കാലടിയിലും മടിയിലും പ്രസ്തുത പ്രധാനമന്ത്രിമാരും പ്രസിഡന്‍റുമാരും ചെന്നു വീഴുമായിരുന്നു.രാജഗോപാലിനെപ്പോലെയുള്ളവര്‍ അവരുടെ ഏജന്‍റുമാരായി മാറുമായിരുന്നു.പണ്ട് ഇന്‍ഡ്യാഗേറ്റില്‍ ഉണ്ടായിരുന്ന ഒരു കുട്ടിദൈവത്തിന്‍റെ മുമ്പില്‍ കേന്ദ്ര മന്ത്രിയും തമിഴ്നാടു ഗവര്ണ്ണറും ആയിരുന്ന മാന്യന്‍ കുമ്പിടുന്ന പടം എല്ലാ പത്രങ്ങളിലും വന്നിരുന്നു.ബാലദൈവം സ്ത്രീ പീഡനത്തിനും കള്ളക്കടത്തിനും പിടിക്കപ്പെട്ടപ്പോള്‍ അദ്ദേഹം കാലുമാറി.ചന്ദ്രസ്വാമിയുടെ ഭക്തരായി എത്ര നേതാക്കന്മാരാണ് ഉണ്ടായിരുന്നത്?ഇപ്പോഴും അയാള്‍ ദൈവമാണെന്ന് ഇക്കൂട്ടര്‍ അവകാശപ്പെടുമോ?

അക്ഷരാഭ്യാസമില്ലാത്ത അമ്മദൈവം അടിക്കടി വിദേശ യാത്ര ചെയ്യുന്നത് ആരെ ഉദ്ബുദ്ധരാക്കാനാണ്?അങ്ങോട്ടും ഇങ്ങോട്ടും ഇവരും പരിവാരങ്ങളും കൂടി എന്തൊക്കെയാണു കടത്തുന്നതെന്ന് കസ്റ്റംസുകാര്‍
അന്വേഷിക്കില്ല.ഗള്‍ഫില്‍ പോയി ചോര നീരാക്കി സ്വരുക്കൂട്ടിയ സമ്പാദ്യവുമായി വരുന്ന പാവങ്ങളുടെ
അടിവസ്ത്രം വരെ പരിശോധിക്കുന്നവര്‍ ഗ്രീന്‍ ചാനല്‍ വഴി പോകുന്ന 'അമ്മ'യ്ക്ക് അകമ്പടി സേവിക്കും.ഏതാനും ആഴ്ച മുമ്പ് വരെ സന്തോഷ് മാധവനും കൊട്ടിയം മാതാവിനും ഇവര് അകമ്പടി പോയിട്ടുണ്ടാകും.

കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന, കോഴിക്കോട്ടും പരിസരത്തുമുള്ള അവശരായ ചില വൃദ്ധരെ പാക്കിസ്ഥാന്‍ പൗരത്വത്തിന്‍റെ പേരില്‍ പോലീസും കോടതിയും ഭരണകൂടവും ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.പക്ഷേ വള്ളിക്കാവിലെ ആള്‍ദൈവ സങ്കേതത്തില്‍ വിദേശികള്‍ വിഹരിക്കുന്നതില്‍ ആര്‍ക്കും ഉത്കണ്ഠയില്ല.

കേരളത്തില്‍ ഉണ്ടായിട്ടുള്ള വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് ഇവരുടെ ധനസഹായം ലഭിച്ചിട്ടില്ലെന്ന് സ.സുധാകരനും
തങ്കച്ചനും ഉറപ്പ് പറയാന്‍ സാധിക്കുമോ? ആര് എസ് എസ്,സംഘപരിവാര്‍,അരയ സമാജ,സംഘങ്ങള്‍ക്കും മറ്റു ഭീകരസംഘങ്ങള്‍ക്കും ധനസഹായം ഇവര്‍ നല്‍കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.സുനാമിയ്ക്ക് സംഭാവന
നല്‍കിയതിനെ വാഴ്ത്തുന്നവര്‍ ആ പണം എങ്ങനെയുണ്ടായി എന്നുകൂടി അന്വേഷിക്കണം.ലക്ഷങ്ങള്‍ മുടക്കി
സ്വന്തം കല്യാണം നടത്തിയ ബ്ലൂഫിലിം സ്വാമിയുടെ വരുമാന സ്രോതസ്സ് തേടുന്നവര്‍,കോടികള്‍ വാരിയെറിഞ്ഞ്
ഹൈടെക് ഫിഫ്റ്റി പൂര്‍ത്തി(അമ്പതാം പിറന്നാള്‍)അഘോഷിച്ച 'മാതാ'വിന്‍റെ സമ്പത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ ശ്രമിക്കാത്തതെന്ത്?

ദൈവാവതാരമാണെന്നും മാറാരോഗങ്ങള്‍ ഭേദമാക്കിയെന്നും പ്രചരിപ്പിക്കുന്നത് ആളുകളെ കബളിപ്പിക്കലാണ്.
ഈ ഒറ്റക്കാരണം മതി 'അമ്മ'യെ കസ്റ്റഡിയില്‍ എടുക്കാന്‍.അതിനു പകരം അവരുടെ ആലിംഗനത്തിലമരാനാണ്
പല ഭരണാധികാരികളും തുനിഞ്ഞിരുന്നത്.ഏകെ.ആന്‍റണി,ഉമ്മന്‍ ചാണ്ടി,കരുണാകരന്‍, മാണി തുടങ്ങിയ
യു ഡി എഫ് നേതാക്കള്‍ അവരെ കെട്ടിപ്പിടിക്കാന്‍ പോയിട്ടുള്ളതു കൊണ്ട് പിപി തങ്കച്ചന് അമൃതാനന്ദമയിയെ
ന്യായീകരിക്കാന്‍ ബാധ്യതയ്ണ്ട്.പണവും പണ്ടവും മറ്റ് നക്കാപ്പിച്ചകളും കിട്ടുന്നതു കൊണ്ട് വര്‍ഗ്ഗീയ നേതാക്കളും കോമരങ്ങളും അവരെ വാഴ്ത്തും.പക്ഷേ കമ്യുണിസ്റ്റുകാരെന്നവകാശപ്പെടുന്ന ചിലരും അതേ രീതി അവലംബിക്കുന്നതാണ് മനസ്സിലാകാത്തത്.

എല്ലാ അര്‍ത്ഥത്തിലും കമ്യൂണിസ്റ്റായിരുന്ന സ.പി കെ.വിയ്ക്കെതിരെ തിരുവനന്തപുരം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒ.രാജഗോപാലിന് 'അമ്മ' ആളും അര്‍ത്ഥവും അനുഗ്രഹവും നല്‍കിയിട്ടും ജയിക്കാന്‍ കഴിഞ്ഞില്ലെന്ന് ഈ സോ കാള്‍ഡ് കമ്യൂണിസ്റ്റുകള്‍ ഓര്‍ക്കണം.ആത്മീയതയുടെ മറവില്‍ തട്ടിപ്പും
വെട്ടിപ്പും രാജ്യ വഞ്ചനയും ജനവഞ്ചനയും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നവര്‍ വച്ചുനീട്ടുന്ന അവിഹിത സമ്പാദ്യത്തിന്‍റെ ഉച്ചിഷ്ടം കണ്ടു കണ്ണു മഞ്ഞളിക്കാത്തവര്‍‍ക്കേ അവര്ക്കെതിരേ ശക്തമായ നിലപാടു സ്വീകരിക്കാന്‍ കഴിയൂ.





Fans on the page

Thursday, May 22, 2008

യുവ സിംഹങ്ങള്‍ എവിടെ?

ഇന്‍ഡ്യയില്‍ കേരള സംസ്ഥാനത്തു മാത്രമേ സര്‍ക്കാര്‍ ജീവനക്കാര്‍ അമ്പത്തഞ്ചാം വയസ്സില്‍ പെന്‍ഷന്‍ പറ്റുന്നുള്ളു.മറ്റുള്ളിടങ്ങളില്‍ 58 ഉം 60 ഉം ആണ് പെന്‍ഷന്‍ പ്രായം.
എറ്റവും കൂടുതല്‍ തൊഴില്‍ രഹിതരുള്ള ബംഗാളില്‍ പോലും പെന്‍ഷന്‍ പ്രായം കേരളത്തിലേതിനേക്കാള്‍ ഉയര്‍ന്നതാണ്.കേന്ദ്ര സക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായവും 60 ആണ്.

കേന്ദ്ര തുല്യതയ്ക്കു വേണ്ടിയുള്ള സമരത്തില്‍ കേരളത്തിലെ ജീവനക്കാരുടെ സമരങ്ങളില്‍ നിരന്തരം ഉയര്‍ന്നുകേട്ട
മുദ്രാവക്യമാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക എന്നത്. ഇടതു സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോള്‍ ഈ ആവശ്യം ഉന്നയിക്കുന്നത് പാപമായി കരുതിയിരുന്ന ചില സംഘടനകള്‍ പോലും ഭരണം മാറിയപ്പോള്‍ മറ്റുള്ളവരോടൊപ്പം കൂടി.രാഷ്ട്രീയ ഭിന്നത മറന്ന് ജീവനക്കാര്‍ ഒന്നിച്ച് ഉയര്‍ത്തിയ ഡിമാന്‍റിന് പക്ഷേ അന്ന് എതിര് നിന്നത് യുവജന സംഘടനകളാണ്.ജീവനക്കാരെപ്പോലെ യോജിച്ചല്ലെങ്കിലും യൂത്ത് കോണ്ഗ്രസ്സും എഐവൈഎഫും ഡിവൈഎഫ് ഐ യും എല്ലാം പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരേ ശക്തമായി രംഗത്തെത്തി.കേന്ദ്ര പാരിറ്റി തത്ത്വത്തില്‍ അംഗീകരിച്ചപ്പോഴും റിട്ടയര്‍മെന്‍റ് പ്രായം കൂട്ടാതിരിക്കാനുള്ള പ്രധാന കാരണവും ഈ എതിര്‍പ്പായിരുന്നു.

ഇപ്പോള്‍ മെഡിക്കല്‍ കോളേജിലെ,റിട്ടയര്‍ ചെയ്യേണ്ട ഒരു കൂട്ടം പ്രൊഫസര്‍മാര്‍ക്ക് സര്‍വ്വീസ് നീട്ടിക്കൊടുത്തു ഈ സര്‍ക്കാര്‍.സര്‍വ്വീസിലുള്ള ഡോക്റ്റര്‍മാരും മെഡിക്കല്‍ കോളേജ് പ്രൊഫസര്‍മാരും ഇതിനെതിരെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചപ്പോള്‍ പ്രസ്തുത ഉത്തരവ് തത്ക്കാലം മരവിപ്പിച്ചു.എന്നിട്ടും സര്‍ക്കാര്‍ നടപടിക്കെതിരെ യുവജന സംഘങ്ങളെ കാണാനില്ല.സ്വന്തം കക്ഷിക്കാര്‍ ഭരിക്കുമ്പോള്‍ സമരത്തിന് അവധി പ്രഖ്യാപിക്കുന്നത് ചില സംഘടനകളുടെ പതിവു രീതിയാണ്.യുവജന സംഘടനകളും അവരെ അനുകരിക്കുക സ്വാഭാവികമാണ്.എന്നാല്‍ എതിര്‍ പാര്‍ട്ടിക്കാര്‍ ഭരിക്കുമ്പോഴും പ്രതികരിക്കാതിരിക്കുന്ന യൗവനങ്ങള്‍ കേരളത്തില്‍ മാത്രമേ കാണൂ.

യുക്തിസഹമല്ലാത്ത എതിര്‍പ്പ് അനന്തമായി വച്ചു പുലര്‍ത്തുന്നതില്‍ അര്‍ത്ഥമില്ലെന്നു തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍
അതു തുറന്നു പറയാനുള്ള ആര്‍ജ്ജവം ഭരണപക്ഷ യുവാക്കളെങ്കിലും കാണിക്കണം.അതല്ല,തലതൊട്ടപ്പന്മാര്‍ ഭരിക്കുമ്പോള്‍ സമരസംഘടനകള്‍ സാംസ്കാരിക ഉപദേശകരായി മാറുന്ന കേരളത്തിലെ പതിവു വേഷം കെട്ടലാണെങ്കില്‍ ജനം അത് വേണ്ട വിധത്തില്‍ ധരിച്ചു കൊള്ളും.




Fans on the page

Thursday, May 15, 2008

മാനഭംഗ ചൈതന്യ

സന്തോഷ് മാധവന്‍ എന്ന സാമൂഹിക വിരുദ്ധന്‍ പോലീസ് കസ്റ്റഡിയിലായത് എല്ലാവരും ആഘോഷിക്കുകയാണ്;വിശേഷിച്ചും പത്രങ്ങളും ചാനലുകളും.ഇതുപോലുള്ള കള്ളന്മാരെ(കള്ളികളെയും) ദൈവങ്ങളാക്കി വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നവരാണ് ഈ രണ്ടു കൂട്ടരും.

നീലചിത്ര നിര്‍മ്മാണം,മാനഭംഗം,മയക്കുമരുന്നു വ്യാപാരം,ഭൂമി കച്ചവടം,തുടങ്ങിയ കാര്യങ്ങളില്‍ 'ആത്മീയ
ചൈതന്യം' പ്രസരിപ്പിച്ചു തുടങ്ങിയ ഒരു കൊച്ചവതാരത്തെ കുടുക്കിയതില്‍ പോലീസുകാര്‍ക്ക് അഭിമാനിക്കാം.
വമ്പന്‍ സ്രാവുകള്‍ വലയില്‍ വീഴാതെയും വീണാല്‍ തന്നെ വല പൊട്ടിച്ചും യഥേഷ്ടം വിഹരിക്കുമ്പോള്‍
ചെറിയ മീനിനെ പിടിച്ച് ഊറ്റം കൊള്ളാനേ നമ്മുടെ സര്‍ക്കാരിനും പോലീസിനും യോഗമുള്ളു.
മൂന്നു ഗ്രാം കഞ്ചാവു കൈവശം വച്ച സന്തോഷ് മാധവന്‍ കുറ്റവാളി;കിലോ കണക്കിന് ബ്രൗണ്‍ ഷുഗര്‍ സൂക്ഷിക്കുകയും ഒളിച്ചു കടത്തുകയും ചെയ്യുന്ന അമ്മ ദൈവങ്ങള്‍ വിശുദ്ധര്‍!അവരെ തൊടാന്‍ ഒരു പോലീസും മന്ത്രിയും കോടതിയും ധൈര്യപ്പെടില്ല.കള്ളക്കടത്തും കഞ്ചാവു കച്ചവടവും നടത്താന്‍ ഭരണകൂടവും കോടതിയും അവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കും.

എതാനും വര്‍ഷം മുന്‍പ് തിരുവനന്തപുരത്തുള്ള ഒരാശ്രമത്തില്‍ നിന്നും, നീലച്ചിത്രം നിര്‍മ്മിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപ്പെട്ടോടിയ പെണ്‍കുട്ടിയുടെ കഥ പത്രമാദ്ധ്യമങ്ങള്‍ കൊണ്ടാടിയതാണ്. ആശ്രമം വക ആയുര്‍ വേദ ആശുപത്രിയിലെ ഡോക്റ്ററും ഗുരുഭക്തയും അന്തേവാസിയുമായിരുന്നവരുടെ മകളായിരുന്നു ആ
പെണ്‍കുട്ടി.എന്നിട്ടിതാണു ഗതിയെങ്കില്‍ ചോദിക്കാനും പറയാനും ആരുമില്ലാത്ത സാധുക്കളുടെ അവസ്ഥ ഊഹിക്കാവുന്നതേ ഉള്ളു.ഒ വി വിജയനും സഹോദരിയും മുതല്‍ പല പ്രശസ്തരും അഭയംകണ്ടെത്തിയ'ഗുരു സാഗര'ന്‍റെ ആശുപത്രിയില്‍ ഒരു മുന്‍ രാഷ്ട്രപതി ചികിത്സയ്ക്കു വന്നത് ഈ നീലപ്പട സംഭവത്തിനു ശേഷമാണ്.
അപ്പോള്‍ പിന്നെ അവിടെ നീലപ്പടങ്ങള്‍ പരസ്യമായി ചിത്രീകരിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.

കൊച്ചിയിലെ 'ശാന്തിതീര'ത്തും തിരുവനന്തപുരത്തെ 'ശാന്തിഗിരി'യിലും നീലപ്പടമാണു നിര്‍മ്മിക്കുന്നതെങ്കില്‍
വള്ളിക്കാവിലും പുട്ടപര്‍ത്തിയിലും കൊച്ചുങ്ങളെ വരെ നിര്‍മ്മിച്ചു കൊടുക്കും.അമൃതാനന്ദമയിയുടെയും സായിബാബയുടെയും അപദാനങ്ങള്‍ വാഴ്ത്തുന്ന ഗ്രന്ഥങ്ങള്‍ തന്നെയാണ് സൃഷ്ടികര്‍മ്മ കഥകള്‍ക്കു തെളിവ്.പക്ഷേ അവിടങ്ങളിലെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു ചാനലും പത്രവും ഉരിയാടില്ല.
അമ്മയുടെ ആലിംഗനത്തിലും മാജിക്ക് ദൈവത്തിന്‍റെ ഭസ്മ ദാനത്തിലും നിര്‍ വൃതികൊള്ളുന്ന പ്രധാനമന്ത്രിമാരും
മുഖ്യമന്ത്രിമാരും ചീഫ്ജസ്റ്റിസ്മാരും ഡിജിപി മാരും ഉള്ളപ്പോള്‍ അവര്‍ ആരെ ഭയക്കണം?ലക്ഷങ്ങളുടെ സ്പൊന്‍സര്‍ കാശ് ലഭിക്കുമ്പോള്‍ ചാനലുകള്‍ എന്തിനു വ്യാജദൈവങ്ങളെ വെറുപ്പിക്കണം?

മാനഭംഗപ്പയ്യന്‍റെ മുപ്പതു കോടിയുടെ ആസ്തിയക്കുറിച്ച് കേരള-കേന്ദ്ര സര്‍ക്കാരുകളുടെ അന്വേഷണ ഏജന്‍സികളും ഇന്‍റര്‍പോളും അന്വേഷിക്കുമ്പോള്‍ സര്‍ക്കാരിനു മുന്നൂറു കോടി കൊടുക്കാമെന്നു പറയുന്ന അമ്മദൈവത്തിന്‍റെ വരുമാന സ്രോതസ്സിനെക്കുറിച്ച് ആര്‍ക്കും അന്വേഷിക്കണ്ടാ!കരുനാഗപ്പള്ളിയിലും വള്ളിക്കാവിലും പ്രചരിക്കുന്ന കള്ളനോട്ടുകളെക്കുറിച്ച് ഒരു സര്‍ക്കാരിനും ഉത്കണ്ഠയില്ല!പിടികൂടപ്പെടുന്ന ഹവാലപ്പണവും കള്ളനോട്ടും കരുനാഗപ്പള്ളിയിലേക്കാണെന്നറിഞ്ഞാല്‍ അതു സംബന്ധിച്ച വാര്‍ത്ത
അവസാനിക്കും.

സ്വന്തം ഭാവി പോലും മുന്‍ കൂട്ടി അറിയാന്‍ കഴിയാത്ത ഇവന്‍ എന്തു ജ്യോത്സ്യന്‍ എന്ന് ചിന്ന മാനഭംഗന്‍റെ ചില മുന്‍ ഭക്തരെങ്കിലും സംശയിക്കുന്നുണ്ടാകാം.പക്ഷേ കുളിമുറിയില്‍ തെന്നിവീണു നടുവൊടിയുമെന്ന അത്യാഹിതം ജ്ഞാനദൃഷ്ടി കൊണ്ടു കാണാന്‍ കഴിയാഞ്ഞ പുട്ടപര്‍ത്തിയിലെ ആള്‍ദൈവത്തിനെക്കുറിച്ച് അദ്ദേഹത്തിന്‍റെ ഭക്തര്‍ക്ക് യാതൊരു സംശയവുമില്ല.സുനാമി മൂലം വിളിപ്പാടകലെ സാധുക്കളുടെ സ്വത്തും ജീവനും അപകടത്തിലാകുമെന്ന് അറിയാന്‍ സാധിക്കാഞ്ഞ അമ്മ ദൈവത്തിലും പ്രമാണിമാര്‍ക്കുള്ള ഭക്തിക്ക് യാതൊരു കുറവുമില്ല.വ്യാജസ്വാമിയുടെ വിശ്വരൂപം വെളിച്ചത്താക്കിയത് തങ്ങളാണെന്ന് അവകാശപ്പെടുന്ന ചാനലുകള്‍‍ക്കും മേല്‍ പറഞ്ഞ 'അമ്മ','അച്ഛന്‍' ദൈവങ്ങളില്‍ പരിപൂര്‍ണ്ണ വിശ്വാസം തന്നെ.

ഗണപതിക്കു വച്ചത് കാക്ക കൊത്തിയില്ലായിരുന്നെങ്കില്‍ ഇവനും മറ്റൊരു ചന്ദ്രസ്വാമിയോ ബാബയോ ആകുമായിരുന്നു.എങ്കില്‍ ഇവനു വേണ്ടിയും ദിവസവും 'നേരോടെ' 'നിര്‍ഭയം' ചില ചാനലുകള്‍ അരമണിക്കൂര്‍ മാറ്റി വയ്ക്കുമായിരുന്നു.'വേറിട്ട ചാനലുകള്‍' അവരുടെ'എന്‍ലൈറ്റന്‍ഡ് പ്ലാറ്റ്ഫോമില്‍' അഭിമുഖത്തിനു ക്ഷണിക്കുമായിരുന്നു.

ആത്മീയതയുടെ മറവില്‍ തട്ടിപ്പ് നടക്കുന്നതായി ചില യുവജന സംഘടനകള്‍ക്ക് ഇപ്പോള്‍ ബോദ്ധ്യമായിരിക്കുന്നു!നല്ലത്.യുവമോര്‍ച്ചയുടെയും യൂത്ത് കോണ്‍ഗ്രസ്സുകാരുടെയും ധാര്‍മ്മിക രോഷം
ആത്മാര്‍ത്ഥമാണെങ്കില്‍ അവര്‍ തങ്ങളുടെ സ്വന്തം നേതാക്കളെയാണ് ഉപദേശിക്കേണ്ടത്.തട്ടിപ്പും വെട്ടിപ്പും നടത്തുന്ന ആള്‍ ദൈവങ്ങളുടെ മടിയില്‍ കിടക്കുന്ന അവരെ ആദ്യം പിന്തിരിപ്പിക്കുക.

ആള്‍ദൈവങ്ങള്‍ നല്‍കുന്ന പിച്ചക്കാശു കൈ നീട്ടി വാങ്ങുകയും അവരുടെ അപദാനങ്ങള്‍ പാടി നടക്കുകയും ചെയ്യുന്ന പാര്‍ട്ടി മന്ത്രിമാരെ അതില്‍ നിന്നു പിന്തിരിപ്പിച്ചിട്ടു വേണം ഡിവൈഎഫ്ഐ സഖാക്കള്‍ കപട സന്യാസിമാര്‍ക്കെതിരേ വാള്‍ ഓങ്ങുവാന്‍.ദൈവ വേഷം കെട്ടി പാവങ്ങളെ പറ്റിക്കുന്നവരെ പാര്‍ട്ടി ചാനലില്‍ പ്രത്യക്ഷപ്പെടുത്തി മാന്യതയുടെ പരിവേഷം നല്‍കുകയും അവരുടെ പരസ്യ ഉച്ചിഷ്ടം ഭുജിക്കുകയും ചെയ്യുന്നതിനെതിരെ ചെറുവിരല്‍ അനക്കാതെ,കൂട്ടത്തില്‍ കൂവി വീരസ്യം കാട്ടുന്നത് തറ പരിപാടിയാണ്.തൊഴിലാളികളെ ചൂഷണം ചെയ്യുകയും വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കുകയും ചെയ്യുന്ന ഇവരുടെ സ്ഥാപനങ്ങളില്‍ നേതാക്കന്മാരുടെ മക്കള്‍ പഠിക്കുന്നതില്‍ കുറ്റം കാണാത്ത കൊച്ചു സഖാക്കള്‍ക്ക് ആത്മീയ തട്ടിപ്പിനെപ്പറ്റി ശബ്ദിക്കാന്‍ എന്തവകാശം?
മലയാള മനോരമ എന്ന'വിഷവൃക്ഷ'ത്തിന്‍റെ വേരുകള്‍ തേടി കണ്ടെത്തി പ്രസിദ്ധപ്പെടുത്തിയ കാലത്തുതന്നെ അമൃതപുരിയിലെ
അവിശുദ്ധ ബന്ധങ്ങളും കണ്ടെത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ 'ദേശാഭിമാനി'യില്‍ വരാതെ പോയത് എന്തുകൊണ്ടെന്നു കൂടി സഖാക്കള്‍ തിരക്കുന്നത് നന്നായിരിക്കും.

അമൃതന്മാരും അമൃതകളും(ഉപനിഷദ് കാലം മുതല്‍ ഉച്ചരിക്കപ്പെട്ട 'അമൃതം' എന്ന പദത്തിനു സംഭവിച്ച
അധോഗതി ശ്രദ്ധിക്കുക!)വേരുകളാഴ്ത്തും മുമ്പേ പിഴുതെറിയാതിരുന്നതാണ് സന്തോഷ് മാധവന്മാര്‍ അമൃതരായി പിന്നെയും അവതരിക്കാന്‍ കാരണം.ഭക്തിമൂത്തവര്‍ നയിക്കുന്ന ഭരണകൂടങ്ങള്‍ കപടദൈവങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് മനസ്സിലാക്കാം.മനുഷ്യ നന്മയില്‍ വിശ്വസിക്കുന്നു എന്നവകാശപ്പെടുന്നവര്‍ ഭരിക്കുമ്പോഴും അതാണു സ്ഥിതിയെങ്കില്‍ കഷ്ടം തന്നെ.പരസ്യമായി വിപ്ലവ മുദ്രാവക്യവും രഹസ്യമായി നാമജപവും ആയി നടക്കുന്നവര്‍ക്ക് രണ്ടും കെട്ട നിലപാടുകള്‍ കൈക്കൊള്ളാനേ
കഴിയൂ.അതാകട്ടെ കൂടുതല്‍ അപകടകരവും അപഹാസ്യവും.



Fans on the page

Friday, May 2, 2008

നാക്കു പിഴയ്ക്കുമ്പോള്‍

ഉത്തരേന്ത്യക്കാരനായ ഒരു മുന്‍ കേരളാ ഗവര്‍ണ്ണര്‍ തന്‍റെ മലയാള വിജ്ഞാനം പ്രകടിപ്പിച്ചത് 'ഒരുമ തന്നെ പെരുമ' എന്ന പഴഞ്ചൊല്ല് ഉരുവിട്ടു കൊണ്ടാണ്.പക്ഷേ അദ്ദേഹം പറഞ്ഞപ്പോള്‍ 'ഒരുമ തന്നെ എരുമ' എന്നായി.ഇവിടെ വന്ന ശേഷം മാത്രം മലയാളം പഠിക്കാന്‍ തുടങ്ങിയ അദ്ദേഹത്തിന്‍റെ ഈ പിഴവ് ക്ഷമിക്കാവുന്നതേയുള്ളു.നമ്മുടെ പല പ്രഗത്ഭന്മാരും ഇതിനേക്കാള്‍ വലിയ മണ്ടത്തരം പറയാറുണ്ട്.

അടുത്ത കാലത്ത് ഏഷ്യാനെറ്റ് സംഘടിപ്പിച്ച ബഷീര്‍ ജന്മശതാബ്ദി ഉത്സവത്തിലെ ചിത്രരചന ഉദ്ഘാടനം ചെയ്ത
മുന്‍ മന്ത്രി പറഞ്ഞത് 'ബഷീറിന്‍റെ നൂറാം ജന്മശതാബ്ദി' എന്നാണ്.

ഏറ്റവും ഒടുവില്‍, ഞെട്ടിപ്പിക്കുന്ന അഭിപ്രായം കേട്ടത് ഒരു ക്രിക്കറ്റ് പണ്ഡിതനില്‍ നിന്നാണ്.ശ്രീശാന്തിനെ അടിച്ച ഹര്‍ഭജന്‍ സിംഗിന് പതിനൊന്ന് കളികളില്‍ നിന്നും വിലക്കോ 'ജീവിതാനന്തര വിലക്കോ' ഏര്‍പ്പെടുത്താന്‍ ബിസിസിഐ ക്ക് അധികാരമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്."ആജീവനാന്തം" എന്നായിരിക്കണം ക്രിക്കറ്റ് വിദഗ്ധന്‍ ഉദ്ദേശിച്ചത്.

നാട്ടിന്‍പുറത്തെ വായനശാലാ വാര്‍ഷികത്തിനു കേട്ട സ്വാഗത പ്രസംഗം മാത്രമേ ഇതിനോടു കിടപിടിക്കുന്നതായി ഓര്‍മ്മയില്‍ ഉള്ളു.സ്വാഗതം പറഞ്ഞു തീരാറായപ്പോഴാണ് വിശിഷ്ടാതിഥി വരുന്നതു
കണ്ടത്.സ്വാഗതക്കാരന്‍റെ ഔചിത്യബോധമുണര്‍ന്നു.ഉടന്‍ തന്നെ വന്നു കമന്‍ററി:"നമ്മുടെ വിശിഷ്ടാതിഥി ഇതാ'ദിവംഗത'നായിക്കൊണ്ടിരിക്കുന്നു.ആഗതനെയാണ് പരേതനാക്കിയത്.

സ്ഥിരമായി വിഡ്ഢിത്തം പുലമ്പിയിരുന്ന ചില മന്ത്രിമാര്‍ എഴുതി വായിച്ചിട്ടും സ്ഥിതിയ്ക്കു മാറ്റമുണ്ടായില്ല.
സാഹിത്യ സമ്മേളനത്തില്‍ വായിച്ച ഇംഗ്ലീഷ് പ്രസംഗത്തില്‍ ഒരു മുന്‍ മുഖ്യമന്ത്രി,ടോള്‍സ്റ്റോയ്ക്കു പകരം
ട്റോട്സ്കി എന്നാണ് പല തവണ ഉരുവിട്ടത്.പഴയ ഒരു വിദ്യാഭ്യാസമന്ത്രി തയ്യാറാക്കി കൊണ്ടുവന്ന ഇംഗ്ലീഷ്
പ്രസംഗത്തില്‍ 1937 എന്നത് വായിച്ചത് ആയിരത്തി തൊള്ളായിരത്തി തേര്‍ട്ടിസെവന്‍ എന്നാണ്.
ഇദ്ദേഹം മറ്റൊരു സന്ദര്‍ഭത്തില്‍ എഴുതി വായിച്ച മലയാള പ്രസംഗത്തില്‍ താള,മേള,ലയം എന്നതിന് പറഞ്ഞതാകട്ടെ 'താള,മേള,ലേലം' എന്നും.

മുമ്പൊക്കെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലേ ഇത്തരം വിക്രിയകള്‍ നാട്ടുകാര്‍ അറിഞ്ഞിരുന്നുള്ളു.
ദൃശ്യമാദ്ധ്യമങ്ങളുടെ വരവോടെ ഈ വികട മൊഴികള്‍ ഒളിച്ചുവയ്ക്കാന്‍ കഴിയാതായി.പക്ഷേ മറ്റൊരു അപകടം ഇതോടൊപ്പം വന്നുകൂടി;-റ്റി വി അവതാരകരും റിപ്പോര്‍ട്ടര്‍മാരും കൂടി നടത്തുന്ന ഭാഷാ വധം.



Fans on the page



Fans on the page