Total Pageviews

Tuesday, June 19, 2012

മോഹൻലാലിന്റെ കൊമ്പ്ആദായ നികുതിവകുപ്പ് നടത്തിയ റെയ്ഡിൽ മോഹൻ ലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് കിട്ടിയിട്ട് ഏതാണ്ട് ഒരു വർഷത്തോളമായി.അന്നു പത്രക്കാർ ചോദിച്ചപ്പോൾ വനം വകുപ്പു മന്ത്രി ഗണേഷ്കുമാർ പറഞ്ഞത്
മോഹൻ ലാലിനെതിരെ കേസ്സെടുക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണു.ഒരേതൂവൽ പക്ഷികളായ മന്ത്രിയും മോഹൻലാലും തമ്മിലുള്ള ഗാഢബന്ധമറിയാവുന്നവർ ആ പ്രതികരണത്തിൽ അസ്വാഭാവികത ദർശിച്ചിട്ടുണ്ടാകില്ല.പക്ഷേ മന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് ഗണേഷ് കുമാർ അങ്ങനെ പറയാൻ പാടില്ലായിരുന്നു.“പ്രീതിയോ വിദ്വേഷമോ കൂടാതെ ഉത്തരവാദിത്ത്വം നിറവേറ്റും” എന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണത്.

എന്നാലിപ്പോൾ വനം വകുപ്പ് കേസ്സെടുത്തിരിക്കുകയാണു.അതു പക്ഷേ നീതിബോധത്തിൽ നിന്നോ കർത്തവ്യ വ്യഗ്രതയിൽ നിന്നോ ഉണ്ടായ നടപടിയല്ല.ഒരു പൊതു പ്രവർത്തകൻ, വിവരാവകാശ നിയമപ്രകാരം  ചോദിച്ച ചില സംശയങ്ങൾക്ക് കൃത്യമായ മറുപടി നല്കാൻ കഴിയാത്ത ഗതികേടു വന്നപ്പോൾ തിടുക്കത്തിൽ കേസ്സെടുക്കുകയായിരുന്നത്രേ.സുഹൃത്തുക്കൾ തന്നെ സൂക്ഷിക്കാൻ ഏല്പിച്ചതാണു ആനക്കൊമ്പെന്നാണു പോലും മോഹൻലാലിന്റെ വിശദീകരണം.വീട്ടിൽ നിന്നു കണ്ടെടുത്ത കണക്കിൽ കൊള്ളാത്തവയൊക്കെ ഇങ്ങനെ സുഹൃത്തുക്കൾ സൂക്ഷിക്കാൻ ഏല്പിച്ചതാകുമോ?എന്തായാലും ശ്രീനിവാസന്റെ “സരോജ് കുമാർ” സിനിമയിലെ നായകനെപ്പോലെ വീട്ടിൽ നിന്നുമെടുത്തത് കാളക്കൊമ്പാണെന്നു പറഞ്ഞില്ലല്ലോ.അത്രയും ആശ്വാസം!

നികുതിവെട്ടിപ്പും ആനക്കൊമ്പ് കടത്തും നടത്തുന്ന ഒരുവനെ ഇപ്പോഴും ലഫ്റ്റനന്റ് കേണൽ പദവിയിൽ(ടെറിട്ടോറിയൽ ആർമിയുടേതാണെങ്കിൽ പോലും)തുടരാൻ അനുവദിക്കുന്നത് ഇന്ത്യൻ സേനയ്ക്ക് ഒന്നാകെ അപമാനമാണു.ഒരു സാധാരണ പൗരൻ ആനക്കൊമ്പ് കൈവശം വച്ചാൽ അയാൾക്ക് ഊണു ജയിലിനകത്താകാൻ വലിയ താമസമുണ്ടാകില്ല.ഇവിടെ ഒരു താരരാജാവ് എല്ല്ലാ നിയമങ്ങളും ലംഘിച്ച് ആനക്കൊമ്പ് കൈവശം വച്ചിട്ട് ഒരു നടപടിയും ഇല്ല.അതിന്റെ പേരിൽ ചോദ്യം ചെയ്യുന്നതു പോലും അദ്ദേഹത്തിന്റെ സമയവും സൗകര്യവും നോക്കി മാത്രം!!സൂപ്പർ സ്റ്റാറിനു പ്രത്യേക നിയമം വല്ലതും നിലവിലുണ്ടോ?മുഖം നോക്കാതെ നടപടിയെടുക്കുമെന്നൊക്കെയുള്ള മുഖ്യമന്ത്രിയുടെ വീരവാദം താരരാജാവിനെ ഒഴിവാക്കിയാണോ?

നാട്ടുകാരുടെ കണ്ണിൽ പൊടിയിടുവാൻ വേണ്ടി ഇപ്പോൾ ചാർജു ചെയ്തിരിക്കുന്ന കേസ്സിൽ പോലും സൂപ്പർ സ്റ്റാറിനു ഊരിപ്പോരാൻ പഴുതുകൾ ധാരാളം ഉണ്ടെന്നാണറിയുന്നത്.ആളും തരവും നോക്കി നിയമം നടപ്പിലാക്കിയാൽ എങ്ങനെയാണു ഇവിടെ നിയമവാഴ്ച നേരാം വണ്ണം നടക്കുന്നത്?അധോലോക നായകന്മാരെ സിനിമയിൽ അവതരിപ്പിച്ചവതരിപ്പിച്ച് അധോലോക രാജാക്കന്മാരുടെ സ്വഭാവം കൈവരിച്ച ഇത്തരം സൂപ്പർ സ്റ്റാറുകളെ സംരക്ഷിക്കുന്ന നിലപാട് ഒരു സർക്കാരിനും ഭൂഷണമല്ല.ഇവരെ ആരാധിക്കുന്ന പുതു തലമുറയ്ക്കും സമൂഹത്തിനും അത് തെറ്റായ സന്ദേശമാകും നല്കുക.
Fans on the page

Thursday, June 14, 2012

പിണം കുത്തികൾ
റ്റി.പി.ചന്ദ്രശേഖരനെ കുലം കുത്തി എന്നു വിളിച്ചുകൊണ്ട് പിണറായി വിജയൻ വീണ്ടും പിണത്തിൽ കുത്തു വിപ്ലവം തുടരുകയാണു.റ്റി.പി.വധിക്കപ്പെട്ട ശേഷം താൻ അങ്ങനെ വിളിച്ചിട്ടില്ലെന്നും പത്രക്കാർ ചോദിച്ചപ്പോൾ കുലം കുത്തികൾ എന്നും കുലം കുത്തികൾ തന്നെ എന്നു പറഞ്ഞതാണെന്ന് വ്യാഖ്യാനിച്ച് നാവു വായിലിടും മുമ്പാണു ഓർക്കാട്ടേരിയിൽ സി.പി.എം ന്റെ പൊതുയോഗത്തിൽ അദ്ദേഹം റ്റി.പിയെ കുലം കുത്തി എന്ന് വീണ്ടും ആക്ഷേപിച്ചത്.മാർക്സിസ്റ്റു പദാവലി മറന്നതിന്റെ പേരിൽ കേന്ദ്ര കമ്മിറ്റിയിൽ നിന്നും പോളിറ്റ് ബ്യൂറോയിൽ നിന്നും  പ്രഹരം കിട്ടിയിട്ടായിരിക്കും,കുലം കുത്തി എന്നാൽ വർഗ്ഗവഞ്ചകൻ എന്നാണു അർത്ഥമെന്ന് ടിപ്പണിയോടു കൂടിയാണു ഇപ്പോൾ പിണറായിയുടെ ചന്ദ്രശേഖര ഭർത്സനം.

അവിടം കൊണ്ടും നിർത്താതെ,വീട്ടുകാരുറങ്ങുമ്പോൾ ചന്ദ്രശേഖരൻ ഒറ്റയ്ക്ക് എവിടെ പോയതാണു എന്നു കൂടി പോലീസ് സംഘം അന്വേഷിക്കണം എന്ന്  ഓർക്കാട്ടേരിയിൽ ആവശ്യപ്പെട്ടു.ഒരു പത്രക്കാരും ചോദിച്ചിട്ടായിരുന്നില്ല പാർട്ടിസെക്രട്ടറിയുടെ ഈ മുനവച്ച അഭ്യർത്ഥന.ചന്ദ്രശേഖരൻ മോഷ്ടിക്കാനോ പിടിച്ചു പറിക്കാനോ വ്യഭിചരിക്കാനോ പോയതാണെന്നാണോ പിണറായി അർത്ഥമാക്കുന്നത്?ഒരു മനുഷ്യനു ഇത്ര തരം താണ വർത്തമാനം പറയാൻ കഴിയുമോ?അഥവാ അതിനൊക്കെയാണു പോയതെങ്കിൽ വെട്ടിക്കൊല്ലിക്കുമോ?കേരളത്തിൽ ആരാണു 10 മണിയാകുമ്പ്പോഴേക്ക് ഉറങ്ങാൻ പോകുന്നത്?അമിത ഭക്ഷണവും മദ്യപാനവും മൂലം നേരത്തേ ഉറക്കം വരുന്ന ചില സമ്പന്നർ ഒരു പക്ഷേ ഇത്ര നേരത്തേ ഉറക്കറ പൂകിയേക്കാം.അത്തരം പണക്കാരുമായുള്ള ചങ്ങാത്തം മൂലമായിരിക്കാം  പിണറായിക്ക് ഉറക്കം സംബന്ധിച്ച പുതിയ വെളിപാടുണ്ടയത്.മാർക്സിസ്റ്റു പദാവലി മാത്രമല്ല കമ്യൂണിസ്റ്റു ജീവിത ശൈലിയും അദ്ദേഹത്തിനു അന്യമായിപ്പോയെന്നാണു ഇതിൽ നിന്നു മനസ്സിലാക്കേണ്ടത്.

പ്രചണ്ഡമായ പ്രചരണം കൊണ്ടും അസത്യത്തിന്റെ ആവർത്തനം കൊണ്ടും വാസ്തവം മറയ്ക്കാൻ കഴിയാതെ വന്നപ്പോൾ സമനില തെറ്റിപ്പോവുക സ്വാഭാവികമാണു.ഉന്മൂലനം കൊണ്ട് റ്റി.പിയെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും തകർക്കാമെന്ന കണക്കുകൂട്ടൽ തെറ്റിയതിന്റെ ജാള്യം  മറയ്ക്കാൻ ഇത്തരം അപവാദ,നുണപ്രചരണങ്ങൾക്ക് സാധിക്കില്ല.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിനു ശേഷം എന്തെല്ലാം വിടുവായത്തങ്ങളാണു കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ ‘ആരാദ്ധ്യനായ’സെക്രട്ടറിയും അനുചരന്മാരും കൂടി തട്ടിവിട്ടത്?ക്വട്ടേഷൻ സംഘമാണു കൊലയ്ക്കു പിന്നിൽ എന്നായിരുന്നു ആദ്യ പ്രതികരണം.അതു തിരിഞ്ഞുകുത്തുമെന്നു കണ്ടപ്പോൾ തീവ്രവാദികളാണു ഇതിന്റെ പിന്നിൽ എന്നായി.മുത്തൂറ്റ് വധക്കേസിൽ “s”ആകൃതി കത്തി തിയറി അവതരിപ്പിച്ച ആളിന്റെ കുറ്റാന്വേഷണ വൈദഗ്ധ്യത്തെ കുറിച്ച് മുൻ പരിചയമുള്ള ജനത്തിനു പ്രതികൾ ആരെന്ന് പതുക്കെ തെളിഞ്ഞു തുടങ്ങിയെന്നു മനസ്സിലായപ്പോൾ അടവു മാറ്റി.ഞങ്ങളുടെ പാർട്ടിയിൽ നിന്നു പലകാലങ്ങളിലായി പലരും അകന്നു പോയിട്ടുണ്ട്.അവരുടെ ആരുടെയെങ്കിലും മേൽ ഒരു നുള്ളു പൂഴി പോലും ഞങ്ങൾ വാരിയിട്ടിട്ടില്ല എന്നായി പുതിയ മുദ്രാവാക്യം.
ആർ.എം.പിയിലെ നിരവധി പേരും എം.ആർ.മുരളിയും തങ്ങളെ മാർക്സിസ്റ്റു “സാധുക്കൾ” ഉമ്മ വച്ചതിന്റെ പാടുകൾ കാട്ടി മറുപടി പറഞ്ഞപ്പോൾ ആ മുദ്രാവാക്യവും പൊളിഞ്ഞു.ചീഫ് വിപ്പ് പി.സി.ജോർജ്ജാണു ക്വട്ടേഷൻ സംഘത്തെ ഇടപാടു ചെയ്ത് റ്റി.പിയെ വകവരുത്തിയത് എന്നായി അടുത്ത കണ്ടുപിടുത്തം.ആരോപണം തെളിയിക്കാൻ അയാൾ വെല്ലുവിളിച്ചതോടെ ഗ്യാസ് പോയി.

ഇതിനിടെ കൊലപാതകികൾ ഓരോന്നായി പോലീസ് പിടിയിലായി.രജീഷ് എന്ന കൊലയാളി റ്റി.പിയെ കൊല്ലാൻ നടന്ന ഗൂഢാലോചനയിൽ സി.പി.എം.നേതാക്കളുടെ പങ്ക് വെളിപ്പെടുത്തിയപ്പോൾ “എനക്ക് ഇങ്ങനെ ഒരുത്തനെ അറിഞ്ഞേകൂടാ”എന്നാണു പരമ ശുദ്ധനായ സെക്രട്ടറി മൊഴിഞ്ഞത്.‘അച്ഛൻ പത്തായത്തിൽ പോലുമില്ല’എന്ന് പണ്ടൊരു കുട്ടി പറഞ്ഞതാണു നാട്ടുകാർക്ക് ഓർമ്മ വന്നത്.അതു കേട്ടപ്പോൾ തന്നെ “പിണറായി യും പി.ജയരാജനും അറിയാതെ ഈ അരും കൊല നടക്കില്ല” എന്നു പറഞ്ഞ റ്റി.പിയുടെഭാര്യയും ആർ.എം.പി.പ്രവർത്തകരും പശ്ചാത്തപിച്ചിട്ടുണ്ടാകും.പക്ഷേ എം.എം.മണി.എല്ലാം കളഞ്ഞുകുളിച്ചു.ഞങ്ങൾ കൊന്നിട്ടുണ്ട്;ഇനീം വേണ്ടിവന്നാൽ കൊല്ലും.എന്ന് അർഥശങ്കയ്ക്കിടയില്ലാത്ത വണ്ണം അദ്ദേഹം നയം വ്യക്തമാക്കി.വെറുതെയല്ല;കൊന്ന ചരിത്രം അക്കമിട്ടു നിരത്തിക്കൊണ്ടും കൊന്ന വിധം വർണ്ണിച്ചുകൊണ്ടും  തന്നെ.

ഇ.പി.ജയരാജനെയും ദക്ഷിണാമൂർത്തിയെയും പോലുള്ള വൈതാളിക വേതാളങ്ങളെക്കൊണ്ട്, റ്റി.പി വധിക്കപ്പെട്ടതിൽ പിണറായിക്കും തങ്ങൾക്കും വേദനയുണ്ടെന്നും  അദ്ദേഹത്തിന്റെ വീടു സന്ദർശിക്കാൻ പിണറായി ആഗ്രഹിക്കുന്നു എന്നുമൊക്കെ കരഞ്ഞുപറഞ്ഞ് ദു:ഖാഭിനയം നടത്തി നോക്കി.കുലം കുത്തി എന്നു അന്നൊരാവേശത്തിന്റെ പുറത്തു വിളിച്ചതാണെന്നും മരണപ്പെട്ട ശേഷം അങ്ങനെ വിളിച്ചിട്ടില്ലെന്നും ആർ.എം.പിക്കാരുമായി അനുരഞ്ജനത്തിനു ശ്രമിച്ചെന്നും മറ്റും അവകാശപ്പെട്ട് നിരപരാധിവേഷം കെട്ടാനും ശ്രമിച്ചു.ഇനിയും പൂർണ്ണമായി വന്ധീകരിക്കപ്പെട്ടിട്ടില്ലാത്ത ചില അണികളെ തെറ്റിദ്ധരിപ്പിക്കാനുള്ള നാടകമായിരുന്നു പി.ജയരാജനെ മുൻ നിർത്തി നടത്തിയതെന്ന് തിരിച്ചറിയാൻ അധിക സമയം വേണ്ടിവന്നില്ല.ചന്ദ്രശേഖരനെ വെള്ളപുതപ്പിച്ചു കിടത്തുമെന്ന് പ്രസംഗിച്ചവരുടെ പുതിയ വേഷം കെട്ടൽ ഒഞ്ചിയത്തെ ജനങ്ങൾ അപ്പോൾ തന്നെ മനസ്സിലാക്കി.

കൊലപാതകികൾ മിക്കവരും പിടിയിലായതോടെ കൊല ആസൂത്രണം ചെയ്തതിൽ പാർട്ടിക്കുള്ള പങ്ക് വെളിവായിക്കൊണ്ടിരിക്കുകയാണു.തങ്ങൾക്കിതിൽ യാതൊരു  കൈയ്യുമില്ലെന്ന പല്ലവി ഏശില്ലെന്നു കണ്ടിട്ടകാം രക്ത സാക്ഷിയായ സഖാവിനു നേരേ അപവാദപ്രചരണത്തിനിറ
ങ്ങിയിരിക്കുന്നത്.

ക്വട്ടേഷൻ സംഘവും തങ്ങളുമായി യാതൊരു ബന്ധവും ഇല്ലെന്നു പറയുന്ന നേതാക്കൾ,പോലീസ് അവരെ ക്രൂരമായി മർദ്ദിക്കുന്നു എന്നു നിലവിളിക്കുന്നത് എന്തിനാണു? മൃഗീയവും പൈശാചികവുമായ വിധത്തിൽ കൊല നടത്തിയവന്മാരെ സത്യം പറയിക്കാൻ രണ്ടു തല്ലു കൊടുക്കുമ്പോൾ എളമരം കരീമിനു നോവുന്നത് എന്തുകൊണ്ട്?മനുഷ്യാവകാശ ധ്വംസനത്തിൽ വേദനിച്ചിട്ടോ?എങ്കിൽ എന്തേ അരും കൊല ചെയ്യപ്പെട്ട പഴയ സഖാവിന്റെ കാര്യത്തിൽ അതില്ലാതെ പോയി?സി.പി.എമ്മിലെ കണ്ണൂർ നേതൃമാഫിയയ്ക്കു മാത്രമേ ബുദ്ധിയുള്ളൂ എന്നാണു അവരുടെ വിചാരം.മുമ്പൊക്കെ എങ്ങനെയാണു പാർട്ടി കൊലപാതകങ്ങൾ ആസൂത്രണം ചെയ്തിരുന്നതെന്നും കേസ്സിൽ നിന്ന് എങ്ങനെയാണു ഊരിപ്പോന്നിരുന്നതെന്നും ഒരു മർദ്ദനവും പ്രേരണയും കൂടാതെ പിണറായിയുടെ വത്സലശിഷ്യൻ മണിതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.“പ്രതികളെ ഞങ്ങൾ കൊടുക്കും;ഞങ്ങൾ കേസ് നടത്തും ”എന്നാണദ്ദേഹം തട്ടിമൂളിച്ചത്.അതാണു വാസ്തവം എന്ന് സകലമാന പേർക്കുമറിയാം.അദ്ദേഹത്തെ പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്റെ സമ്മർദ്ദം കൊണ്ട് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയാലൊന്നും അതു വാസ്തവമല്ലാതായി മാറുകില്ല.

പാർട്ടി നയങ്ങൾക്കു വിരുദ്ധമായി പ്രസംഗിച്ചതു കൊണ്ടാണു പോലും മണിയെ മാറ്റിയത്! എന്താണു പാർട്ടി നയം?എതിരാളികളെ ഉന്മൂലനം ചെയ്യാം പക്ഷേ അത് പരസ്യമായി സമ്മതിക്കരുത് എന്നോ?അതൊന്നും ചോദിക്കാൻ സ്വന്തം വളർത്തുനായ്ക്കൾ ധൈര്യപ്പെടില്ല.സ്വന്തം അണികളിൽ പെട്ട വിദ്യാർത്ഥികൾ സ്വാശ്രയകോളേജുകൾക്കെതിരെ സമരം ചെയ്ത് തലപൊട്ടിയും കാലും കൈയ്യും ഒടിഞ്ഞും തെരുവിൽ കിടക്കുമ്പോൾ അമൃതാനന്ദമയിയുടെ കാലു പിടിച്ച് അവരുടെ സ്വാശ്രയകോളേജിൽ മകൾക്ക് അഡ്മിഷൻ നേടിയ ആളാണു പാർട്ടി സെക്രട്ടറി.വീരസ്യം പറയുന്ന ഒരു എസ്.എഫ് ഐക്കാരനും “ഇതു ന്യായമാണോ സഖാവേ” എന്ന് ചോദിക്കാനുള്ള ധൈര്യമുണ്ടായില്ല.അതിൽ നിന്നു തന്നെ എത്രമാത്രം ‘ബോധജ്ഞാനം’ഉള്ള
വരാണു കൂടെ നടന്ന് സിന്ദാബാദ് വിളിക്കുന്ന അണികൾ എന്നു വ്യക്തമാണു.അതു നല്ലതു പോലെ അറിയാവുന്നതുകൊണ്ടാണു അതിദാരുണമായി വധിക്കപ്പെട്ട ഒരു മനുഷ്യന്റെ പിണത്തെയും ഓർമ്മകളെയും പോലും അവരെ സാക്ഷി നിർത്തി അപമാനിക്കുവാൻ പിണറായിയും ജയരാജന്മാരും ധൈര്യപ്പെടുന്നത്.പക്ഷേ സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു വലിയ സമൂഹം ഇവിടുണ്ടെന്ന് മറക്കരുത്.

Fans on the page

Friday, June 8, 2012

അലുവാലിയയുടെ ‘ചെലവുചുരുക്കൽ’
രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും സർക്കാരും ചെലവു ചുരുക്കണമെന്ന് ഉപദേശിക്കുന്ന ദേശീയ പ്ലാനിംഗ് കമ്മിഷനും അതിന്റെ ഉപാദ്ധ്യക്ഷനും തന്നത്താൻ ചെലവു ചുരുക്കി മാതൃക കാട്ടിയിരിക്കുന്നു.ആസൂത്രണ വകുപ്പിന്റെ ആസ്ഥാനത്ത് രണ്ട് ടോയ്‌ലറ്റുകൾ പുതുക്കി പണിഞ്ഞതിനു കമ്മീഷൻ ചെലവാക്കിയത് വെറും 35 ലക്ഷം രൂപ മാത്രം!!സുഭാഷ് അഗർവാൾ എന്ന സാമൂഹിക പ്രവർത്തകൻ വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോഴാണു ഈ ധൂർത്തിന്റെ ഞെട്ടിപ്പിക്കുന്ന വസ്തുത പുറത്ത് വന്നത്.

സംഗതി വിവാദമായപ്പോൾ മന്ത്രിമാരും മറ്റു പ്രമുഖരും വരുന്ന സ്ഥലമായതിനാലാണു ടോയ്‌ലറ്റുകൾ പുതുക്കിപ്പണിതതെന്നായി അലുവാലിയയും സംഘവും.പുതുക്കിപ്പണിയാൻ ഇത്രയധികം തുക ചെലവാക്കിയത് എന്തിനെന്ന് ചോദിച്ചാൽ മറുപടിയില്ല.നഗരങ്ങളിൽ ഒരാൾക്ക് ഒരു ദിവസം 28 രൂപ വരുമാനമുണ്ടെങ്കിൽ സുഖമായി ജീവിക്കാമെന്നു കണ്ടെത്തുകയും ദാരിദ്ര്യ രേഖ മാറ്റി വരയ്ക്കാൻ ഉത്സാഹിക്കുകയും ചെയ്ത മൊണ്ടേക് സിംഗ് അലുവാലിയയെ പോലുള്ളവർ ഇത്തരം ധൂർത്തുകൾ ചെയ്തില്ലെങ്കിലേ അതിശയിക്കാനുള്ളൂ.

4 വിദേശയാത്രയ്ക്ക് 36.4 ലക്ഷം രൂപ മാത്രം ചെലവാക്കിയ പാവമണദ്ദേഹം.2004 മുതൽ 2011 വരെയ്ള്ള കാലയളവിൽ 42 വിദേശയാത്രകളായിരുന്നത്രെ ഈ ആസൂത്രണകമ്മീഷൻ ഉപാദ്ധ്യക്ഷൻ നടത്തിയത്!അവയിൽ 23 എണ്ണവും അമേരിക്കയിലേക്ക്.ഇങ്ങനെയുള്ള പടിഞ്ഞാറു നോക്കി യന്ത്രങ്ങളുടെ ആസൂത്രണത്തിൽ ഇൻഡ്യ പുരോഗമിക്കാതിരിക്കുന്നെതെങ്ങനെ?

ആസൂത്രണ കമ്മീഷന്റെ അദ്ധ്യക്ഷനായ പ്രധാനമന്ത്രി,ഉപാദ്ധ്യക്ഷനും താഴെയാണോ എന്നാണു സംശയം.ഉപാദ്ധ്യക്ഷന്റെ ധൂർത്തിനും അഴിഞ്ഞാട്ടത്തിനും പച്ചക്കൊടി കാണിക്കാനുള്ള പാവയാണോ പ്രധാനമന്ത്രി?അദ്ധ്യക്ഷന്റെയും ഉപാദ്ധ്യക്ഷന്റെയും കുടുംബത്തു നിന്നും എടുത്ത കാശുകൊണ്ടല്ല ഈ ആർഭാടവും ധൂർത്തും കാണിക്കുന്നത്.ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ ലക്ഷങ്ങൾ തെരുവിൽ മരിച്ചു വീഴുന്ന രാജ്യത്തെ ആസൂത്രണ വിദഗ്ദ്ധർക് അല്പം കൂടി യഥാർത്ഥ്യ ബോധം ഉണ്ടാകണം.അല്ലെങ്കിൽ ,സ്വർണ്ണം കൊണ്ടുള്ള ടോയ്‌ലറ്റും ചെരുപ്പും ഉപയോഗിച്ചു വിലസിയ റുമേനിയയിലെ ഏകാധിപതിയുടെ ഗതിയായിരിക്കും മന്മോഹൻ സിംഗിനും മൊണ്ടെ സിംഗിനും.


Fans on the page

Wednesday, June 6, 2012

ഗണേഷ്കുമാറിന്റെ വ്യാജ പരിസ്ഥിതിവാദി
സുഗതകുമാരിയെ മന്ത്രി ഗണേഷ് കുമാർ അധിക്ഷേപിച്ചെന്നും അതിൽ പ്രതിഷേധിച്ച് അവർ വേദി വിട്ടു പോയി എന്നുമാണു ആദ്യം ഫ്ലാഷ് ചെയ്ത വാർത്ത.പ്രതിഷേധിച്ചല്ല പോയതെന്നും മറ്റൊരു പരിപാടിയിൽ സംബന്ധിക്കാനുണ്ടായിരുന്നതു കൊണ്ട് നേരത്തേ ഇറങ്ങിയതാണെന്നുമാണു സുഗതകുമാരി പിന്നീട് മാദ്ധ്യമങ്ങളോടു പറഞ്ഞത്.“ടീച്ചറെ എനിക്ക് എന്നും ബഹുമാനമാണെന്നും നിഷ്ക്കളങ്കയായ ടീച്ചറെ മുൻ നിർത്തി പ്രവർത്തിക്കുന്നവർ പലരും വ്യാജ പരിസ്ഥിതി വാദികളാണെന്നും”ആണു താൻ പറഞ്ഞതെന്നു മന്ത്രിയും വിശദീകരികയുണ്ടായി.ദോഷം പറയരുതല്ലോ, മന്ത്രി പ്രസംഗിച്ചത് അങ്ങനെ തന്നെയായിരുന്നു.ടീച്ചറെ വേദിയിൽ ഇരുത്തിക്കൊണ്ടാണു ഇതെല്ലാം പറഞ്ഞതും.

സംഭവം വിവാദമായപ്പോൾ നടന്നതെന്താണെന്ന് രണ്ടു കൂട്ടരും വിശദീകരിച്ചെങ്കിലും മാദ്ധ്യമങ്ങൾ വിടാൻ ഭാവമില്ല.മന്ത്രി ആ അവസരത്തിൽ അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്ന് സുഗതകുമാരി പറഞ്ഞതിൽ നിന്ന് അവർക്ക് പ്രസ്തുത പരാമർശങ്ങൾ രസിച്ചില്ല എന്നു വ്യക്തമാണു.പക്ഷെ അതേ വേദിയിൽ വച്ച് മറുപടി പറയാൻ അവർക്ക് കഴിയാതെ പോയത് കഷ്ടമായി.ബോധപൂർവ്വം ഓഴിഞ്ഞുമാറിയതാണെന്ന ആക്ഷേപത്തിനു ഇടയാക്കുകയും ചെയ്തു.റ്റി.പിചന്ദ്രശേഖരൻ വധത്തിൽ പ്രതികരിച്ചില്ലെന്ന ആക്ഷേപിച്ച കെ.മുരളീധരനും മറ്റും ഇരുന്ന സത്യഗ്രഹ പന്തലിൽ വച്ച് ,തൊട്ടടുത്ത ദിവസം തന്റെ പ്രതികരണം പ്രസിദ്ധീകരിച്ച വീക്ഷണം പത്രം കോൺഗ്രസ്കാർ വായിച്ചില്ലേ?കണ്ടില്ലേ? എന്ന് പൊട്ടിത്തെറിച്ച അവർ ബോധപൂർവ്വം ഒഴിഞ്ഞതാണെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്നു തോന്നുന്നില്ല.സുഗതകുമാരി ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കിമ്പോൾ ആരാണു വ്യാജ പരിസ്ഥിതി വാദികളെന്ന് പേരെടുത്തു പറയാനുള്ള തന്റേടം മന്ത്രി കാണിക്കണമായിരുന്നു എന്നാണു സി.പി.മുഹമ്മദ് എം.എൽ.എ അഭിപ്രായപ്പെട്ടത്.

വന്യമൃഗങ്ങളുടെ തോലും മറ്റും ഉപയോഗിച്ചുകൊണ്ട് പരിസ്ഥിതി സ്നേഹം പ്രസംഗിക്കുന്ന വ്യാജന്മാരെ തനിക്കറിയാമെന്നും അവരുടെ മുഖം മൂടി താൻ വലിച്ചുകീറുമെന്നും മറ്റുമാണു പരിസ്ഥിതി ദിനത്തിൽ ഗണേഷ് കുമാർ പ്രസംഗിച്ചത്.പേരെടുത്തു പറഞ്ഞില്ലെങ്കിലും അദ്ദേഹം ആരെയാണുദ്ദേശിക്കുന്നത് എന്ന് വ്യക്തമാണു.അദ്ദേഹത്തിന്റെസ്വന്തം പിതാവിനെയല്ലതെ  മറ്റാരെയും ആകാൻ സാദ്ധ്യതയില്ല.അതു തുറന്നു പറഞ്ഞാൽ പി.എ.യ്ക്കു കിട്ടിയതിന്റെ ബാക്കി തനിക്കും കിട്ടുമെന്നറിയാം.ആ നിലയ്ക്ക് തടി കേടാകാതെ നോക്കുന്നതല്ലേ ബുദ്ധി?

“മാന്തോൽ പുതച്ച ചെന്നായ്ക്കൾ”എന്ന വള്ളത്തോൾ പ്രയോഗം മന്ത്രി മറന്നു പോയതുകൊണ്ടാകണം  പറയാതിരുന്നത്.തനിക്കെതിരെ പാരയുമായി നടക്കുന്ന പിതാശ്രീയെ പൂശാൻ കിട്ടിയ അവസരം ഗണേഷ് കുമാർ വിനിയോഗിച്ചത് മാദ്ധ്യമങ്ങൾ വേണ്ടവണ്ണം മനസ്സിലാക്കാഞ്ഞതാണു ഈ തെറ്റിദ്ധാരണയ്ക്കൊക്കെ കാരണം.


മന്ത്രിയും പിതാവും തമ്മിലുള്ള ഇപ്പോഴത്തെ ഇരുപ്പുവശം വച്ച് നോക്കുമ്പോൾ,മന്ത്രി സുഗതകുമാരിയെ ആക്ഷേപിക്കാൻ യാതൊരു സാദ്ധ്യതയും ഇല്ല.തന്ത പണ്ട് അവരെ പുലഭ്യം പറഞ്ഞത് ഗണേഷ്കുമാറിനു ഓർമ്മകാണും.സൈലന്റ് വാലി സമരത്തിന്റെ മുൻ നിരയിൽ സുഗതകുമാരിയുണ്ടായിരുന്നപ്പോഴാണു അന്ന് ആർ.ബാലകൃഷ്ണപിള്ള,“ആ സ്ത്രീയെ ആരെങ്കിലും അമേരിക്കയിലൊക്ക കൊണ്ടു പോകണം”എന്നു തുടങ്ങി അയാളുടെ പതിവു പ്രയോഗത്തിലൂടെ സുഗതകുമാരിയെ അധിക്ഷേപിച്ചത്.(നവഭാരത വേദിയുടെ ഒരു യോഗത്തിൽ വച്ച് പിള്ളയ്ക്ക് സുകുമാർ അഴീക്കോട് അതിനു ശരിക്കു മറുപടി കൊടുത്തു എന്നതു വേറേകാര്യം)
തന്റെ പുതിയ ശത്രുവായ പിതാവിന്റെ പഴയ ശത്രുവിനോട് ഗണേഷ് കുമാറിനു ബഹുമാനം തോന്നുക സ്വാഭാവികം മാത്രം. Fans on the page

Friday, June 1, 2012

എമ്പോക്കിത്തമാശ
കോൺഗ്രസ്സിൽ നിന്ന് സി.പി.എം.ൽ എത്തി എമ്മെല്ലെയും മന്ത്രിയും എം.പിയുമൊക്കെയായ റ്റി.കെ.ഹംസ ,സ. വി.എസ് .അച്യുതാനന്ദനെതിരെ നിന്ദാവചനങ്ങൾ ചൊരിഞ്ഞതിനെപ്പറ്റി ചിരിച്ചുകൊണ്ട്  പിണറായി പറഞ്ഞത് “അത് ഒരു ഏറനാടൻ തമാശ”യാണെന്നാണുന്നാണു. തമാശക്കാരനു ഉചിതമായ പട്ടും വളയും വി.എസ്.നല്കിയപ്പോൾ പിണറായിയുടെ മുഖത്തെ ചിരി മായുകയും തമാശക്കാരന്റെ മുഖം വിളറുകയും ചെയ്തു.റ്റി.പി.ചന്ദ്രശേഖരന്റെ വധത്തിൽ വി.എസ്.പ്രകടിപ്പിച്ച എതിരഭിപ്രായത്തിനും വ്യത്യസ്തമായ നിലപാടിനും കണക്കുതീർക്കാൻ തക്കം പാർത്തിരുന്ന പിണറായി വിജയൻ, അദ്ദേഹത്തിനു ക്യാപ്പിറ്റൽ പണിഷ്മെന്റ് വിധിക്കാൻ തക്ക കുറ്റങ്ങളുടെ പട്ടികയിൽ പുതിയ ഒരെണ്ണം കൂടി വന്നു ചേർന്നതിൽ സന്തോഷിച്ചിരുന്നിരിക്കണം.അപ്പോഴാണു ഇടിത്തീ പോലെ ഇടുക്കിയിൽ നിന്നും ഗുണ്ടയായ സ്വന്തക്കാരൻ എം.എം.മണിയുടെ വെളിപ്പെടുത്തൽ ഉണ്ടായത്.

എതിരാളികളോടുള്ള സമീപനത്തെക്കുറിച്ച്  പൊതുവേയും റ്റി.പി.വധത്തെ സംബധിച്ച് പ്രത്യേകമായും ജയവിജയന്മാർ(ജയരാജന്മാരും വിജയനും)പൊഴിച്ചുകൊണ്ടിരുന്ന സമാധാന ഗാനങ്ങളുടെ പൊള്ളത്തരം മണി ഒറ്റ പ്രസംഗത്തോടെ തുറന്നു കാട്ടി.തങ്ങളുടെ പാർട്ടി വിട്ടവരുടെ മേൽ ഒരു നുള്ളു പൂഴി പോലും വാരിയിട്ട ചരിത്രം സി.പി.എമ്മിനില്ല എന്നാണു പിണറായി വിജയൻ തന്നെ പറഞ്ഞുകൊണ്ടിരുന്നത്.തൃശൂരിൽ പാർട്ടി വിട്ട് സി.പി.ഐ യിൽ ചേർന്നവർക്ക് മുഷ്ടി ചുരുട്ടി ഇങ്ക്വിലാബു വിളിക്കാൻ കൈകൾ കാണരുതെന്ന് പ്രസംഗിക്കുന്ന ഇ.പി.ജയരാജനെ കാണിച്ച് ചില ചാനലുകൾ ഈ ശാന്തിപ്രിയത്തിന്റെ സത്യസന്ധത വെളിപ്പെടുത്തിയിരുന്നു. എം.ആർ.മുരളിയെയും കൂട്ടരെയും വടിവാളും കഠാരയും കൊണ്ട് ഉമ്മവച്ച കഥകളും മാദ്ധ്യമങ്ങൾ ഓർമ്മിപ്പിച്ചിരുന്നു.എന്നിട്ടും ചില നിഷ്പക്ഷമതികൾ ഈ സമാധാനതിയറി വിശ്വസിച്ചു.അങ്ങനെ കച്ചിത്തുരുമ്പിൽ തൂങ്ങി അഭ്യാസം നടത്തിക്കൊണ്ടിരിക്കുമ്പോഴാണു മണി അവസാനപിടിവള്ളിയും അറുത്തു കളഞ്ഞത്.

ഞങ്ങൾ ലിസ്റ്റു തയ്യാറാക്കി 13 കോൺഗ്രസ്സുകാരെ ഉന്മൂലനം ചെയ്തെന്നാണു മണി പറഞ്ഞത്.ഓന്നാമനെ വെടിവച്ചു കൊന്നു;രണ്ടാമനെ കുത്തിക്കൊന്നു;മൂന്നാമനെ തല്ലിക്കൊന്നു...അങ്ങനെ തങ്ങളെ എതിർത്തവരെ ഇല്ലാതാക്കിയതിന്റെ യഥാർത്ഥ വസ്തുത മണിയുടെ വായിൽ നിന്നും അറിയാതെ പുറത്തു ചാടി.സത്യത്തിന്റെ മുഖം ഏതു സ്വർണ്ണപ്പാത്രം കൊണ്ടു മൂടിവച്ചാലും വെളിപ്പെടുക തന്നെ ചെയ്യും എന്ന്  ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു. “ഞങ്ങൾ കൊന്നിട്ടുണ്ട്;ഇനിയും കൊല്ലും”എന്നാണു മണി ആവർത്തിച്ചു പറഞ്ഞത്.പാർട്ടി നിലപാട് അതല്ല എന്നു വിശദീകരിക്കുമ്പോഴും മണിയെ തള്ളിപ്പറയാൻ പിണറായി തയ്യാറാകുന്നില്ല.അത് എന്തുകൊണ്ടാണെന്ന് മനസ്സിലാകാത്തവരുണ്ടെങ്കിൽ അവർ മണി ചിന്നക്കനാലിൽ നടത്തിയ പ്രസംഗം കേട്ടാൽ മതി.അരിഞ്ഞു തള്ളിയിട്ടും അരിശം തീരാഞ്ഞ് ശവത്തിനെയും  കുലംകുത്തിയെന്നു ആക്ഷേപിച്ചു നടക്കുന്ന പിണറായിയുടെ അരുമ ശിഷ്യൻ വി.എസ്സിനെ വിളിച്ച തെറി കേട്ടു പുളകം കൊണ്ടതിനാലാണു അയാളെ തള്ളിപ്പറയാൻ തയ്യാറാകത്തത്.“ചന്ദ്രശേഖരന്റെ മൃതശരീരം കാണാൻ അച്യുതാനന്ദൻ കാർണവർ പോയത് എന്തിനാണു?അവൻ ഇയാളുടെ അമ്മായിയപ്പൻ ആണോ?” എന്നാണു മണിയനീച്ചയുടെ ചോദ്യം!പാർട്ടി സെക്രട്ടറിയ്ക്ക് ഇതില്പരം സന്തോഷമുണ്ടാകാനുണ്ടോ?

 എമ്പോക്കികളുടെ പ്രസ്താവന മറുപടി അർഹിക്കുന്നില്ല എന്നാണു വി.എസ്.പ്രതികരിച്ചത്.പണ്ട് കെ.ഇ.എൻ.കുഞ്ഞഹമ്മദിന്റെ പ്രസ്താവനയ്ക്ക് നല്കിയതു പോലെ ഏറ്റവും ഉചിതമായ മറുപടിതന്നെ ഇതും.വി.എസ്സിനെ കുറിച്ച് മണിപറഞ്ഞത് ഒരു എമ്പോക്കിത്തമാശയാണെന്നു സെക്രട്ടറി വ്യാഖ്യാനിച്ചേക്കും.പക്ഷേ  എമ്പോക്കി വെളിപ്പെടുത്തിയ കൊലപാതക ചരിത്രം തമാശയാണെന്ന് ആരും കരുതുകയില്ല.ഇങ്ങനെ കൊന്നവരുടെ പേരും നാളും കൊന്നതീയതിയും പരസ്യമായി വെളിപ്പെടുത്തുകയും ഇനിയും കൊല്ലുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നവനെതിരെ കർശന നടപടികൾ സ്വീകരിക്കയാണു ഉത്തരവാദിത്വമുള്ള ഒരു ഭരണകൂടം ചെയ്യേണ്ടത്.
Fans on the page