അധികാരം വ്യക്തികളെ ദുഷിപ്പിക്കും എന്നു കേട്ടിട്ടേ ഉള്ളൂ. അത് വാസ്തവമാണെന്നു അനുനിമിഷം തെളിഞ്ഞുകൊണ്ടിരിക്കുന്നു.സ്വയം ദുഷിക്കുക മാത്രമല്ല ആ ദുഷ്ട് സമൂഹത്തിൽ അവർ വ്യാപിപ്പിക്കുകയും ചെയ്യും.അധികാരത്തിൽ സുഖിച്ചു വാഴുവാൻ എന്തും ചെയ്യും.കേരളത്തിലെ സമീപകാല സംഭവവികാസങ്ങൾ വിരൽ ചൂണ്ടുന്നത് ഈ പരമമായ സത്യത്തിലേക്കാണു.ഭരണ പക്ഷത്തിനെതിരേ പ്രതിപക്ഷം ഉന്നയിക്കുന്ന ഗുരുതരമായ ആരോപണങ്ങളല്ല ഇവിടുത്തെ പ്രതിപാദ്യം.സമനില തെറ്റിയ ഭരണകൂടം കാട്ടിക്കൂട്ടുന്ന,താരതമ്യേന ചെറിയ ചെറ്റത്തരങ്ങളിൽ ചിലവ മാത്രമാണു.
1.സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഫെയ്സ് ബുക്കിൽ മുഖ്യമന്ത്രിയെ അപഹസിച്ചെഴുതിയ വാചകത്തിനടിയിൽ കമന്റിട്ടതിന്റെ പേരിൽ ഒരു സെക്രട്ടറിയേറ്റ് ജീവനക്കാരനെ സസ്പന്റു ചെയ്തതാണു ഓർമ്മയിലെത്തുന്ന ആദ്യത്തെ ചെറ്റത്തരം.
2.ക്വാറി ഉടമയായ ശ്രീധരൻ നായർ എന്ന വ്യവസായി മുഖ്യമന്ത്രിക്കെതിരെ കോടതിയിൽ മൊഴികൊടുക്കുകയും മാദ്ധ്യമങ്ങൾക്ക് അഭിമുഖം നല്കുകയും ചെയ്തതിന്റെ തൊട്ടടുത്ത ദിവസം അദ്ദേഹത്തിന്റെ പാറമട ഉൾപ്പെടുന്ന പ്രദേശങ്ങളിൽ പാറപൊട്ടിക്കുന്നത് നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി.ചാനലുകൾ വാർത്ത ഫ്ലാഷ് ചെയ്തതോടെ നിരോധനം നീക്കി.എങ്കിലും ടാക്സ്,രജിസ്റ്റ്രേഷൻ, പരിസ്ഥിതി,വനം വകുപ്പുകളെ ഉപയോഗിച്ച് പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണു.
3.ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളാണെന്നു പറഞ്ഞ് തന്റെ കൈയ്യിൽ നിന്നു ഒന്നരക്കോടിയിലധികം രൂപ തട്ടിയെടുത്തെന്നു പരാതി നല്കിയ ബാംഗ്ലൂർ വ്യവസായിയെ കള്ളക്കേസ്സിൽ കുടുക്കി ജയിലിൽ അടച്ചു.അദ്ദേഹം കൊടുത്ത കേസ്സിലാണു ഹൈക്കോടതിയുടെ വകയായി ഉമ്മൻ ചാണ്ടിക്കു ഇന്നു ഒരു രൂക്ഷ വിമർശനം കിട്ടിയിരിക്കുന്നത്.
4.സമരം ചെയ്ത വിദ്യാർത്ഥി, യുവജന നേതാക്കളെ സ്വന്തം വീട്ടിനടുത്തുനിന്നും ഗുണ്ടകളെ ഇറക്കി തല്ലിച്ചതപ്പിച്ചു.എന്നിട്ട് തല്ലിയവരെ പോലീസ് സംരക്ഷണം നല്കി കാത്തു.നിവൃത്തിയില്ലാതായപ്പോൾ സകല തല്ലു കേസ്സുകളും ഒരുത്തന്റെ തലയിൽ കെട്ടിവച്ച് കൂടുതൽ അടുപ്പമുള്ള ഗുണ്ടകളെ കേസ്സിൽ നിന്നും ഒഴിവാക്കി.
5.സ്വന്തം പാർട്ടിക്കാരനും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ,റ്റി.പി.ചന്ദ്രശേഖരൻ വധക്കേസ്സിൽ പ്രതികളാക്കാൻ ചില മാർക്സിസ്റ്റു നേതാക്കളുടെ ലിസ്റ്റ് തന്റെ കൈയ്യിൽ തന്നെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു.ശാലുമേനോന്റെ വീട്ടിൽ പോയിട്ടേ ഇല്ല എന്നു മുമ്പു പറഞ്ഞ കള്ളം പൊളിഞ്ഞതിന്റെ ജാള്യം മറയ്ക്കാൻ തട്ടിവിട്ട ഗുണ്ടായിരുന്നെന്ന് അദ്ദേഹം തന്നെ സമ്മതിച്ചു;മുല്ലപ്പള്ളി വിരട്ടിയപ്പോൾ.ചെറ്റത്തരത്തേക്കാൾ കടുത്തതും മോശപ്പെട്ടതുമായ വാക്കാണു ഇവിടെ ചേരുക.
6.വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും എതിരേ വിജിലൻസ് അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്നു.
7.കോരിച്ചൊരിയുന്ന മഴയത്തും സെക്രട്ടറിയേറ്റിനുമുമ്പിൽ സത്യഗ്രഹം കിടക്കുന്നതിനു പന്തൽ കെട്ടാൻ പ്രതിപക്ഷ നേതാക്കളെ അനുവദിച്ചില്ല.ഒടുവിൽ അനുമതിയില്ല്ലാതെ പന്തൽ കെട്ടിയതിന്റെ പേരിൽ പിണറായിയുടെയും പന്ന്യൻ രവീന്ദ്രന്റെയും മറ്റും പേരിൽ കേസ്സെടുത്തു.
8.ബിജു രാധാകൃഷ്ണനും സരിതയും ഒക്കെ തട്ടിപ്പു തുടങ്ങിയത് ഇടതുപക്ഷങ്ങൾ ഭരിക്കുമ്പോഴായിരുന്നു എന്നു പറഞ്ഞ് ഇപ്പോഴത്തെ തട്ടിപ്പിനെ ന്യയീകരിക്കാൻ ശ്രമിക്കുന്നു.അന്ന് ഈ തട്ടിപ്പിനെ കുറിച്ച് അറിവുണ്ടായിരുന്നെങ്കിൽ അന്ന് പ്രതിപക്ഷത്തിരുന്ന ഇവർ എന്തുകൊണ്ട് പ്രതികരിച്ചില്ല?
9.സരിത നായർക്ക് സോളാർ തട്ടിപ്പു സംബന്ധിച്ച കേസ്സിൽ വക്കീൽ വഴി മൊഴി നല്കാൻ അനുമതി കിട്ടിയപ്പോൾ മറ്റു പല കേസ്സുകളുടെ കാര്യം പറഞ്ഞ് പോലീസ്സിനെകൊണ്ട് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പെന്നു പറഞ്ഞ് ഊരു ചുറ്റിയ്ക്കുക.ഇതിന്റെ പേരിലാണു ഉമ്മൻ ചാണ്ടിക്കും അന്വേഷണസംഘത്തിനും ഇന്നു ഹൈക്കോടതിയിൽ നിന്നും മറ്റൊരു താമ്രപത്രം കിട്ടിയത്.
10.ഒരേ കുറ്റം ചെയ്ത മൂന്നു പേരിൽ ഒരാളെ മാത്രം ജയിലിലാക്കുകയും തെളിവെടുക്കുകയും ചെയ്യുക.മറ്റുള്ള രണ്ടുപേരെയും സ്വച്ഛന്ദ വിഹാരത്തിനു അനുവദിക്കുകയും ചെയ്യുക.
അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുവാൻ എന്തു നീച കർമ്മവും ചെയ്യുന്നതിനു അതിന്റെ രുചി ആസ്വദിച്ചവർ മടിക്കില്ല എന്നതിനു തെളിവു കൂടിയാണു ഈ നീചകർമ്മ കഥകൾ.
Fans on the page
No comments:
Post a Comment