Total Pageviews

Sunday, December 30, 2012

ക്രിസ്മസ് കരോൾ


പാട്ടും വാദ്യവും കേട്ട് 
കുട്ടികൾക്കൊപ്പം
കരോൾ സംഘത്തെ സ്വീകരിക്കാൻ
വാതിൽ തുറന്നിട്ടു കാത്തു നിന്നു.
ഞങ്ങളെ ശ്രദ്ധിക്കാതെ അവർ
അടുത്ത വീട്ടിൽ കയറി ആട്ടവും പാട്ടും നടത്തി.
“നമ്മൾ സ്റ്റാർ തൂക്കാത്തതിനാലാകാം
ഇവിടെ കേറാതെ പോയത്”എന്നു
കൊച്ചുമകനാശ്വസിച്ചു.
“ക്രൈസ്തവ ഭവനത്തിലേ കേറൂ”
എന്നായവന്റെ പെങ്ങൾ.
അവർ തമ്മിൽ തർക്കിക്കേ
അടുത്ത മറ്റു രണ്ടു ക്രൈസ്തവ
വീടുകളിലും എത്തിനോക്കുക
കൂടി ചെയ്യാതെ ഗായക സംഘം പോയി.
അടുത്തനാളും പുത്തൻ കരോൾ ഗാനം കേട്ട വാറെ
പ്രതീക്ഷയോടെ വാതിൽ തുറന്നിട്ടു കാത്തു ഞങ്ങൾ.
അന്നും ഞങ്ങളെ ഗൗനിക്കാതെ
രണ്ടാം ക്രൈസ്തവ ഭവനം മാത്രം
സന്ദർശിച്ചു മടങ്ങീ നവസംഘം.
മൂന്നാം ദിനവും വന്നൂ മറ്റൊരു സംഘം.
ഞങ്ങളെയും ആദ്യത്തെ രണ്ടു ക്രൈസ്തവ
ഭവനങ്ങളെയും അവഗണിച്ച് മൂന്നാം വീട്ടിൽ
കയറി പാടി തിരിച്ചു പോയി.
അവഗണനയുടെ പൊരുളറിയാതെ
അന്തം വിട്ടു ദിനങ്ങൾ കഴിക്കേ
ക്രിസ്മസ് കേക്കുമായി വന്ന
അടുത്ത വീട്ടിലെ അമ്മച്ചി
വാസ്തവമറിയിച്ചു :
“ഞങ്ങളു മൂന്നും മൂന്നു സഭക്കാർ;
നിങ്ങളാകട്ടെ പുറത്തുള്ളവരും.”
അയലത്തെ അമ്മച്ചി പോകെ
ബൈബിൾ തുറന്നപ്പോൾ
കണ്ണിൽ പെട്ടതീ വാക്യമായിരുന്നു:
“പിതാവേ, ഇവർ ചെയ്യുന്നത്
ഇന്നതെന്ന് അറിയായ്ക കൊണ്ട്
ഇവരോടു ക്ഷമിക്കേണമേ“Fans on the page

Wednesday, December 26, 2012

മോഡീവിജയ മാദ്ധ്യമ ഗാഥകൾ
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നരേന്ദ്രമോഡി മൂന്നാമതും അധികാരത്തിലെത്തിയതിനെ മാദ്ധ്യമങ്ങൾ വാഴ്ത്തുന്നതു കേട്ടാൽ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും മൂന്നു പ്രാവശ്യം തുടർച്ചയായി മുഖ്യമന്ത്രിയായി ആരും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്നു തോന്നും.തുടർച്ചയായി അഞ്ചു പ്രാവശ്യം ബംഗാളിൽ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജ്യോതി ബാസുവിനെയും മൂന്നു തവണ തുടർച്ചയായി ഒറീസ്സാമുഖ്യമന്ത്രി പദം വഹിച്ച നവീൻ പട്നായ്ക്കിനെയും ഡൽ ഹി മുഖ്യമന്ത്രി ഷീലാദീക്ഷിത്തിനെയും നമ്മുടെ മാദ്ധ്യമങ്ങൾ മറന്നു പോയി.മോഡിയുടെ വികസനസമ്പന്നമായ ഭരണത്തിനു കിട്ടിയ അംഗീകാരമാണു ഈ മൂന്നാമൂഴം എന്നാണു വൈതാളികക്കൂട്ടം വായ്ത്താരി മുഴക്കിയത്.അദ്ദേഹത്തിന്റെ വികസന വാദം ശുദ്ധ തട്ടിപ്പാണെന്ന് മനസ്സിലാക്കി അതു പ്രചരിപ്പിച്ചവർ പോലും തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ വികസന തിയറിയിലാണു ന്യായീകരണം കണ്ടെത്തിയത്.

കോൺഗ്രസ്സുകാരും ബിജെപിക്കാരും ബംഗാളിലെ ഇടതു പക്ഷങ്ങൾക്കെതിരെ പറഞ്ഞുപരത്തുന്ന ആക്ഷേപമാണു തുടർച്ചയായ അവരുടെ ഭരണം ബംഗാളിന്റെ വികസനം അപ്പാടെ മുരടിപ്പിച്ചെന്ന്.വികസനം കണ്ടു ഭ്രമിച്ചാണു നാട്ടുകാർ വോട്ടു ചെയ്യുന്നതെങ്കിൽ വികസന വിരുദ്ധരായ ഇടതുപക്ഷ നേതാവായ ജ്യോതിബസുവിനെ അഞ്ചു പ്രാവശ്യം അവർ അധികാരത്തിലേറ്റിയതെങ്ങനെ?അതും മിക്കപ്പോഴും 3/4 ഭൂരിപക്ഷത്തോടെ?294 അംഗ നിയമസഭയിൽ 1977 മുതൽ 225,228,242,241 സീറ്റുകൾ വീതം നേടിയാണു അവിടെ ഇടതുപക്ഷം അധികാരത്തിൽ വന്നത്.സീറ്റുകൾ കുറഞ്ഞ 1996 ലെ തെരഞ്ഞെടുപ്പിൽ പോലും 202 സീറ്റുകൾ കിട്ടി.വികസനം =തെരഞ്ഞെടുപ്പു വിജയം എന്ന ബിജെപി,മാദ്ധ്യമ സമവാക്യത്തിന്റെ പൊള്ളത്തരമാണു ഇവിടെ വെളിവാകുന്നത്. നവീൻ പട്നായ്ക്കും ഷീലാദീക്ഷിദും മൂന്നു തവണ അധികാരത്തിലേറിയതും മോഡിയെക്കാൾ കൂടുതൽ ശതമാനം സീറ്റുകൾ നേടിക്കൊണ്ടായിരുന്നു എന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.

പോഷകാഹാരക്കുറവ് മൂലം ശിശുമരണ നിരക്ക് കൂടിയ സംസ്ഥാനമാണു ഗുജറാത്ത്.പൊതു ജനാരോഗ്യ രംഗത്തു പരാജയമായ മോഡിസർക്കാർ കൊണ്ടുവന്നെന്നു പറയുന്ന വികസനം ആർക്കുവേണ്ടിയുള്ളതാണു?എന്ത് തരം വികസനമാണു?ആടിനെ കാണുകയും ആനയെ കാ ണാതിരിക്കുകയും ചെയ്യുന്ന ജനാധിപത്യത്തിന്റെ കാവൽ ഭടന്മാരായ മാദ്ധ്യമക്കാരുടെ വീക്ഷണ സാമർത്ഥ്യമാണു മോഡിയെപ്പോലുള്ള കള്ളനാണയങ്ങളെ കനകനാണയമാക്കി മാറ്റുന്നത്.മാദ്ധ്യമങ്ങളും പാർട്ടി സ്തുതിപാഠകരും കൂടി എത്ര ശ്രമിച്ചാലും യാഥാർത്ഥ്യങ്ങളെ അധികകാലം മൂടിവയ്ക്കാൻ കഴിയില്ല.Fans on the page

Tuesday, December 18, 2012

ഗുരുക്കന്മാരെ വെല്ലുന്ന ശിഷ്യർമദ്യം വിഷമാണെന്നു ഗുരു.
വാറ്റുചാരായത്തെ കുറിച്ചാ-
ണപ്പറഞ്ഞതെന്നു ശിഷ്യൻ.
ആകയാൽ ശീമമദ്യ-
മാകാമെന്നും ശിഷ്യൻ.
ചെത്തരുതെന്നു ഗുരു.
പെൻസിൽ ചെത്തുന്ന കാര്യമെന്നു
ശിഷ്യ പുത്രവ്യാഖ്യാനം.

നല്ലവാക്കു പറയുന്നതും
മാപ്പ് കൊടുക്കുന്നതുമാണു
ഉപദ്രവം തുടരുന്ന ദാനത്തേക്കാ-
ളുത്തമമെന്നു ഗുരു.
കൈവെട്ടുന്നതും കുടലെടുക്കുന്നതു-
മാണുകേമമെന്നു ശിഷ്യർ.

“എന്റെ പിന്നാലെ വരുവിൻ;
ഞാൻ നിങ്ങളെ മനുഷ്യരെ
പിടിക്കുന്നവരാക്കും”
എന്നു മീൻ പിടുത്തക്കാരോടു ഗുരു.
“എന്റെ പിന്നാലെ വരിക പണവുമായി
ഞാൻ നിങ്ങളെ മനുഷ്യ-
ക്കടത്തിനിരയാക്കും”
എന്നു പുതിയ ശിഷ്യൻ.


Fans on the page

Saturday, December 8, 2012

നീതിപീഠത്തിനും വിവേചനമോ ?കോടതിയുടെ നടപടികളെ ,വിധിന്യായങ്ങളെ ഒക്കെ വിമർശിക്കുന്നവർക്കെതിരേ കോടതി നേരിട്ട് കേസ്സെടുക്കുന്നതാണു പതിവ്.മുൻ മന്ത്രി പാലൊളിമുഹമ്മദ് കുട്ടിയും സി.പി.എം നേതാവ് എം.വി.ജയരാജനും കോടതിവിധിയെയും ന്യായാധിപന്മാരെയും വിമർശിച്ചതിന്റെ പേരിൽ കോടതി സ്വമേധയാ കേസ്സെടുത്തിട്ട് അധികനാളായില്ല.മാപ്പു പറഞ്ഞു തടിയൂരിയതുകൊണ്ട് പാലൊളിയ്ക്ക് ശിക്ഷ കിട്ടിയില്ല.ജയരാജനു ഒരാഴ്ചയോളം ജയിലിൽ കിടക്കേണ്ടി വന്നു.

പക്ഷേ ഭൂമിദാനക്കേസ്സിൽ തനിക്കെതിരേ തയ്യാറാക്കിയ എഫ്.ഐ.ആർ റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദൻ ഹൈക്കോടതിയിൽ നല്കിയ കേസിൽ അദ്ദേഹത്തിനു അനുകൂലമായ സിംഗിൾ ബഞ്ച് വിധി ഉണ്ടായതു മുതൽ ഗവണ്മെന്റ് ചീഫ് വിപ്പ് പി.സി.ജോർജ്ജ് ജഡ്ജിക്കെതിരേ ഓടിനടന്നു പുലഭ്യം പറഞ്ഞിട്ടും ഒരു നടപടിയും എടുത്തു കാണുന്നില്ല.വിജിലൻസിനെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ സർക്കാർ നിശ്ശബ്ദരാക്കുകയണോ എന്നു ജഡ്ജി എസ്.എസ്.സതീശ് ചന്ദ്രൻ വിധിന്യായത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു.കേസ്സന്വേഷണം നടത്തിയ വിജിലൻസ് ഉദ്യോഗസ്ഥനു ക്രിമിനൽ കേസ്സന്വേഷണത്തിന്റെ ബാലപാഠം പോലും അറിയില്ലെന്നും ജഡ്ജി കുറ്റപ്പെടുത്തി.സർക്കാരിനെതിരേ അതിരൂക്ഷമായ വിമർശനം നടത്തിയതാണു ചീഫ് വിപ്പിനെ പ്രകോപിപ്പിച്ചത്.ജ.സതീശ് ചന്ദ്രനെ മാത്രമല്ല സകലമാന ന്യായാധിപന്മാരെയും അടച്ചാക്ഷേപിച്ചുകൊണ്ട് അഴിഞ്ഞാടുകയാണു പി.സി.ജോർജ്ജ്.

സിംഗിൾബഞ്ച് ജഡ്ജിയുടെ വിമർശനം ശരിവയ്ക്കുന്നതാണു മണിക്കൂറുകൾക്കുള്ളിൽ ഡിവിഷൻ ബഞ്ചിൽ അപ്പീൽ കൊടുത്ത സർക്കാർ നടപടി.വിധിപ്പകർപ്പിന്റെ സർട്ടിഫൈഡ് കോപ്പി കിട്ടുന്നതിനു മുമ്പേ ധൃതിപ്പെട്ട് അപ്പീൽ കൊടുക്കാൻ തക്ക അടിയന്തിര സ്വഭാവം ഉള്ളതല്ല ഈ കേസ്സെന്ന് ആർക്കും മനസ്സിലാകും.തന്നെയുമല്ല സംസ്ഥാനത്തിന്റെ പൊതു താല്പര്യത്തിനു അപകടം പറ്റുന്ന കേസ്സുകളിൽ പോലും അപ്പീൽ നല്കാൻ മാസങ്ങളോളം അമാന്തം കാണിച്ച ചരിത്രമുള്ള ഈ സർക്കാർ സൂപ്പർസോണിക് വേഗതയിൽ സിംഗിൾ ബഞ്ച് വിധിക്കെതിരേ അപ്പീൽ ഫയൽ ചെയ്തത് വി.എസ്സിനോടുള്ള രാഷ്ട്രീയ വിരോധം മൂലമാണെന്നു വ്യക്തമല്ലേ?വി.എസ്സിനെ പ്രതി ചേർക്കാൻ തക്ക തെളിവുകളില്ലെന്ന, ആദ്യം കിട്ടിയ നിയമോപദേശം മറികടക്കാൻ വേറേ അനുകൂല നിയമോപദേശം എഴുതിപ്പിച്ചു വാങ്ങിയ സർക്കാർ വ്യഗ്രത മറ്റെന്താണു പ്രകടിപ്പിക്കുന്നത്?

സിംഗിൾ ബഞ്ചിന്റെ വിധി സ്റ്റേ ചെയ്തെങ്കിലും സർക്കാരാഗ്രഹിച്ചതുപോലെയുള്ള വിധിയല്ല ഡിവിഷൻ ബഞ്ചിൽ നിന്നും കിട്ടിയത്.അന്തിമ വിധിവരെ കുറ്റപത്രം സമർപ്പിക്കാൻ പാടില്ലെന്ന ഡിവിഷൻ ബഞ്ചിന്റെ വിലക്ക് സിംഗിൾ ബഞ്ച് വിധിയെ ഒരളവു വരെ ശരിവയ്ക്കുന്നതാണു.അതുകൊണ്ടായിരിക്കണം ജ. സതീശ് ചന്ദ്രനിൽ മാത്രം ഒതുക്കാതെ പി.സി.ജോർജ്ജ്, തെറിയഭിഷേകം എല്ലാ ജഡ്ജിമാർക്കും മേൽ നടത്തുന്നത്!

ജഡ്ജിമാർക്കു നേരെ ജോർജ്ജ് കുരച്ചു ചാടുന്നത് ഇത് ആദ്യമായല്ല.പാമോയിൽ കേസിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഉത്തരവിട്ട ജഡ്ജിയെ ഇയാൾ മയവും മര്യാദയുമില്ലാതെ  ചീത്ത വിളിക്കുകയുണ്ടായി.ജഡ്ജിമാരെ മാത്രമല്ല സമൂഹത്തിൽ ഒരുമാതിരി നിലയും വിലയുമുള്ളവരെയെല്ലാം ചീത്തവിളിച്ചിട്ടുണ്ട്.ഇങ്ങനെ തെറി വിളിക്കാൻ  ഇയാൾക്ക് ആരാണു ലൈസൻസ് കൊടുത്തിട്ടുള്ളത്?ഫേസ് ബുക്കിൽ അഭിപ്രായമെഴുതിയതിന്റെ പേരിൽ രണ്ടു പെൺ കുട്ടികളെ അറസ്റ്റു ചെയ്ത് ഉപദ്രവിച്ച ചരിത്രമുള്ള നാട്ടിൽ ജഡ്ജിമാരെയും നീതിന്യായ വ്യവസ്ഥിതിയെയും വെല്ലുവിളിച്ചും പുലഭ്യം പറഞ്ഞും തെരുവുതെമ്മാടികളും തോല്ക്കുന്ന മട്ടിൽ അഴിഞ്ഞാടുന്ന പി.സി.ജോർജ്ജിനെതിരെ നടപടിയെടുക്കാൻ എന്താണു തടസ്സം?ചീഫ് വിപ്പിനു മറ്റൊരു പൗരനുമില്ലാത്ത പ്രത്യേക നിയമപരിരക്ഷയുണ്ടോ?അതോ ഇടതുപക്ഷക്കാർ,വിശേഷിച്ച് സി.പി.എം കാർ പറയുന്നതു മാത്രമേ കോർട്ടലക്ഷ്യമാവുകയുള്ളു എന്നുണ്ടോ?


Fans on the page