Total Pageviews

Tuesday, April 26, 2011

പിള്ളയുടെ ഭള്ള്'അരിയും തിന്ന് ആശാനേം കടിച്ചിട്ടും പിന്നേം പട്ടിയ്ക്കാ മുറുമുറുപ്പ്'എന്നു പറഞ്ഞ പോലെയാണ്
ആര്‍.ബാലകൃഷ്ണപിള്ളയുടെ പെരുമാറ്റം.പൊതു മുതല്‍ കട്ടിട്ടും അതിന്റെ പേരില്‍ കോടതി ശിക്ഷിച്ച് ജയിലില്‍ കിടന്നിട്ടും പിന്നെയും പിള്ളയ്ക്കാണു മുറുമുറുപ്പ്.സര്‍ക്കാരിന്റെ ഔദാര്യം കൊണ്ട് ഇപ്പോള്‍ പരോള്‍ ലഭിച്ച ഈ ജയില്‍ പുള്ളി പരോള്‍ അനുവദിച്ച സര്‍ക്കാരിന്റെ തലവനായ മുഖ്യമന്ത്രിയെ തെറി പറഞ്ഞിട്ടു മതിവരാതെ കേന്ദ്ര പ്രതിരോധ മന്ത്രിയുള്‍പ്പെടെ കണ്ണില്‍ കണ്ടവരെയെല്ലാം പുലഭ്യം പറഞ്ഞു നടക്കുകയാണ്.

തനിക്ക് ജയിലില്‍ എ ക്ലാസ് സൗകര്യങ്ങള്‍ തന്നില്ലെന്നും അതിനു കാരണക്കാരന്‍ അച്യുതാനന്ദനാണെന്നും അദ്ദേഹം തന്നെ ജയിലില്‍ വച്ചും പീഡിപ്പിച്ചെന്നും മറ്റുമാണ് പിള്ളയുടെ ആരോപണം.പൊതു മുതല്‍ മോഷ്ടിച്ചെന്നു തെളിഞ്ഞതിന്റെ പേരില്‍ സുപ്രീം കോടതി ശിക്ഷിച്ച പ്രതിയാണു ബാലകൃഷ്ണപിള്ള.അദ്ദേഹം കീഴടങ്ങിയ കോടതി മുമ്പാകെ തന്നെ തനിക്കു ജയിലില്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് അപേക്ഷിച്ചിരുന്നതാണ്.ഒരു സാധാരണ കുറ്റവാളിയ്ക്കു കിട്ടുന്ന പരിഗണനയ്ക്കപ്പുറം ഒന്നും നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല എന്നാണ് അന്ന് കോട
തി അഭിപ്രായപ്പെട്ടത്.ഇന്ത്യന്‍ നീതി ന്യായ കോടതികള്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചതിന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഉത്തരവാദിയാകുന്നതെങ്ങനെ?തന്നെപ്പോലുള്ളവര്‍ക്ക് വഴിവിട്ടു സൗകര്യങ്ങള്‍ ചെയ്തു കൊടുക്കകയാണ് കേരള മുഖ്യന്റെ ചുമതല എന്നാണോ പിള്ള അര്‍ത്ഥ
മാക്കുന്നത്?അങ്ങനെയൊക്കെ ധരിച്ച് ചില മുഖ്യമന്ത്രിമാര്‍ താളം തുള്ളിയതു കൊണ്ടാണ് പിള്ളയ്ക്ക് പൊതു മുതല്‍ കക്കാന്‍ പറ്റിയത്.അതു പോലെ അച്യുതാനന്ദനും പ്രവര്ത്തിക്കണമെന്നു ശഠിച്ചാല്‍ നടക്കുമോ?

കീഴൂട്ട് രാമന്‍ പിള്ളയുടെ മകന് പ്രത്യേക നീതി കീഴൂട്ട് വീട്ടില്‍ കിട്ടിയേക്കും. ഇന്ത്യാ മഹാരാജ്യത്ത് ഇന്നത്തെ സാഹചര്യത്തില്‍ കിട്ടുക പ്രയാസമാണ്.പിള്ളയുടെ വാദം അംഗീകരിച്ചാല്‍ ഗുണ്ടാകളും കള്ളന്മാരുമായ പുത്തന്‍ പാലം രാജേഷിനും പുത്തന്‍ പാലം രാജേഷിനും ഗുണ്ടുകാട് ഷാജിയ്ക്കും ഒക്കെ എ ക്ലാസ് സൗകര്യങ്ങള്‍ ജയിലില്‍ സര്‍ക്കാര്‍ ചെയ്തു കൊടുക്കേണ്ടീ വരുമല്ലൊ.രാഷ്ട്രീയ തടവുകാര്‍ക്കു കിട്ടുന്ന സൗകര്യങ്ങള്‍ മോഷ്ടാവായ രാഷ്ട്രീയക്കാരന് വേണമെന്നു ശഠിച്ചാല്‍ നടക്കി
ല്ല.മുഖ്യമന്ത്രിയെ തെറിപറഞ്ഞതു കൊണ്ട് അത്തരം സൗകര്യം കിട്ടുമെന്നും കരുതേണ്ട.

തന്നെ ജയിലിലാക്കാന്‍ പരിശ്രമിച്ച അച്യുതാനന്ദനെ മാത്രമല്ല ജയിലില്‍ വന്നു കാണാന്‍ കൂട്ടാക്കാതിരുന്ന യു.ഡീ.എഫ് നേതാക്കളെയും പിള്ള പള്ളു(ചീത്ത)പറയുന്നുണ്ട്.എ.കെ.ആന്റണിയാണ് അവരില്‍ പ്രധാനി.അഴിമതിയുടെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ട ഒരു കുറ്റവാളിയെ ഇന്ത്യന്‍ പ്രതിരോധ മന്ത്രി ജയിലില്‍ ചെന്നു കാണാഞ്ഞത് മഹാപരാധം തന്നെ!വായു സേനയുടെ പ്രത്യേക വിമാനത്തില്‍ തന്നെ ചെന്നു കാണേണ്ടതായിരുന്നു. ഒരു കെട്ടു പുകയിലയും വാഴക്കുലയും കൂടി കൊണ്ടു ചെല്ലണമായിരുന്നു.എന്തു ചെയ്യാം; ആന്റണിക്കും വകതിരുവില്ലാതെ പോയി!! ആന്റണിയോട് പഴയ ഒരു ചൊരുക്കുമുണ്ടു പിള്ളയ്ക്ക്.വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരികയും ആന്റണി മുഖ്യമന്ത്രിയാവുകയും ചെയ്ത അവസരത്തില്‍ ഇടമലയാര്‍ കേസില്‍ വിചാരണ നേരിടുകയായിരുന്ന പിള്ളയെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു.സുപ്രീം കോടതി ശിക്ഷിച്ചിട്ടും പിള്ള നിരപരാധിയാണെന്നു ഇപ്പോള്‍ പറഞ്ഞു നടക്കുന്ന ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും അഭിപ്രായമായിരുന്നില്ല ആന്റണിയ്ക്ക്.അന്നു പരസ്യമായി പരാതി പറയാന്‍ ധൈര്യമില്ലാതിരുന്ന പിള്ള ഇപ്പോള്‍ വിലപ നാട്യത്തില്‍ കണക്കു തീര്‍ക്കുകയാണ്.
തെരഞ്ഞെടുപ്പു പ്രചരണത്തിലുടനീളം അച്യുതാനന്ദനെതിരെ ആവനാഴിയിലെ എല്ലാ അമ്പും പ്രയോഗിച്ച ആന്റണി, പിള്ളക്കേസിനെ കുറിച്ച് ഒരക്ഷരം ഉരിയാടാതിരുന്നതിലൂടെ തന്റെ നിലപാട് വ്യക്തമാക്കുകയാണു ചെയ്തത്.എന്നിട്ടും യാതൊരു സങ്കോചവും ഇല്ലാതെ പിള്ള ആന്റണിയുടെ കാരുണ്യം അഭ്യര്‍ത്ഥിക്കുന്നത് അഭിമാനമുള്ളവരില്‍ അവജ്ഞയാണ് ഉളവാക്കുക.ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും സംഭവിച്ചതു പോലുള്ള ഓര്‍മ്മക്കുറവ് ആര്‍.ശങ്കറിന്റെ കാലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവായ ആന്റണിക്ക് വന്നു പെട്ടിട്ടില്ല.ശങ്കറെ കാലുവാരിയതിന്റെ പേരില്‍ കോണ്‍ഗ്രസ് പുറത്താക്കിയ പിള്ള ഉള്‍പ്പെടെയുള്ള പതിനഞ്ച് എം.എല്‍.എ മാര്‍ ചേര്‍ന്നു രൂപം കൊടുത്ത കേരളാ കോണ്‍ഗ്രസ്സിന് പിന്നീടു നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാന്‍ സഹായിച്ച മന്നത്തു പത്മനാഭനെ ആദ്യവും സ്വന്തം പാര്‍ട്ടി നേതാവായ കെ.എം.ജോര്‍ജ്ജിനെ
പിന്നീടും തള്ളിപ്പറഞ്ഞ പിള്ളയുടെ തനിനിറം നന്നായി മനസ്സിലാക്കിയ ആളാണ് ഏ.കെ.ആന്റണി.

അതുപോലെ പിള്ള മനസ്സിലെ കള്ളം മുഴുവന്‍ അറിയാവുന്ന മറ്റൊരു വ്യക്തിയാണ് കെ.എം.മാണി.
സുപ്രീം കോടതിയുടെ ശിക്ഷ വന്നപ്പോള്‍ അച്ഛനും മോനും കെ.സുധാകരനും കൂടി കൊട്ടാരക്കര പട്ടണത്തില്‍ നിരപരാധിത്തെയ്യം കെട്ടിയാടുകയും അച്യുതാനന്ദനും ജഡ്ജിമാര്‍ക്കുമെതിരേ ഭരണിപ്പാട്ടു പാടുകയും ചെയ്തപ്പോള്‍ മാണി ആ വഴിക്കെങ്ങും പോകാഞ്ഞത് അതുകൊണ്ടാണ്.അതിന്റെ പേരില്‍ മാണിക്കും കിട്ടി പിള്ളമാടമ്പിയുടെ വക തെറിയഭിഷേകവും ആരോപണ പ്രഹരവും.

കുറ്റവാളിയാണെന്നു അന്വേഷണ കമ്മീഷന്‍ കണ്ടെത്തുകയും വിചാരണക്കോടതിയും സുപ്രീം കോടതിയും ശിക്ഷിക്കുകയും ചെയ്ത ബാലകൃഷ്ണപിള്ളയുടെ,താന്‍ നിരപരാധിയാണെന്ന വായ്ത്താരി ആരും വിശ്വസിക്കാന്‍ പോകുന്നില്ല.ഹൈക്കോടതിയില്‍ നിന്നും ഊരിപ്പോന്നതിനെ പറ്റി കേള്‍ക്കുന്ന പിന്നാമ്പുറക്കഥകള്‍ വാസ്തവമാണെന്നാണ് എന്‍.എസ്.എസ് ആസ്ഥാനത്തോട്(എന്‍.എസ്.എ
സ്സിനോടല്ല)കാട്ടുന്ന അമിത വിധേയത്വം തെളിയിക്കുന്നത്.

ഭാര്യയ്ക്ക് അസുഖം കൂടുതലാണെന്ന കാരണം പറഞ്ഞ് പരോള്‍ വാങ്ങിയ പിള്ള ഭാര്യയെ കാണുന്നതില്‍ കൂടുതല്‍ പരിഗണന നല്‍കിയത് മുഖ്യമന്ത്രിയെ ഭര്‍ത്സിക്കുന്നതിനാണ്.പരോള്‍ കിട്ടാന്‍ വേണ്ടി പോലും
കള്ളക്കാരണം ഹാജരാക്കുന്ന കുറ്റവാളി, പൊതു മുതല്‍ കട്ടെന്നു വിശ്വസിക്കാന്‍ വേറെ ഒരുപാടു തെളിവിന്റെ ആവശ്യമില്ല.പരോള്‍ അനുവദിക്കുന്ന സര്‍ക്കാരിന് അത് റദ്ദാക്കാനുമുള്ള അധികാരമു
ണ്ടെന്ന്,അച്യുതാനന്ദ വിരോധം കൊണ്ടു സമനില തെറ്റി പൂരപ്പാട്ടു നടത്തുന്ന ബാലകൃഷ്ണപിള്ള മറന്നു പോകരുത്.

Fans on the page

Thursday, April 14, 2011

ന്യുമോണിയ ബാധിക്കുന്ന ദൈവങ്ങള്‍!മനുഷ്യനും മറ്റു ജന്തുക്കള്‍ക്കും രോഗം ബാധിക്കാറുണ്ട്.മരിക്കാറുമുണ്ട്.പക്ഷേ ദൈവത്തിനും പനി പിടിക്കുമെന്നും മഞ്ഞപ്പിത്തം ബാധിക്കുമെന്നും ഒക്കെ കേള്‍ക്കുന്നത് ആദ്യമായാണ്.പ്രധാന മന്ത്രിമാരും ജഡ്ജിമാരും വലിയ ശാസ്ത്രജ്ഞരും എല്ലാം ആരാധിച്ചു വന്ന പുട്ടപര്‍ത്തിയിലെ ദൈവം ന്യുമോണിയ ബാധിച്ച്
ആശുപത്രിയില്‍ ആണ്.ജനകോടികളെ രോഗത്തില്‍ നിന്നും അപകടങ്ങളില്‍ നിന്നും രക്ഷിച്ചിട്ടുണ്ടെന്നു അനുയായികള്‍ വിശ്വാസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ദൈവമാണ് ആശുപത്രിയിലെ തീവ്രപരിചരണ
വിഭാഗത്തില്‍ ചികത്സയില്‍ കഴിയുന്നത്.

ഈ ദൈവത്തിന്റെ ആരോഗ്യത്തിനു വേണ്ടി അദ്ദേഹത്തിന്റെ ഭക്തന്മാര്‍ അമ്പലങ്ങള്‍ തോറും പൂജയും പ്രാര്‍ത്ഥനയും മറ്റും നടത്തുന്നതായാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വ്യക്തമാക്കു ന്നത്.ബാലകൃഷ്ണന്‍ ഏറാടിയെ പോലുള്ള ജഡ്ജിമാരും ആര്‍.കെ കരിഞ്ചിയയെ പോലുള്ള പത്രാധിപ പുലികളും ഇന്ത്യന്‍ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും ദൈവമാക്കി കൊണ്ടു നടന്നിരുന്ന ആളാണ് ശയ്യാവലംബിയായി മരണത്തോടു മല്ലടിക്കുന്നത്.ഒരു മനുഷ്യന്‍ രോഗബാധിതനാകുമ്പോള്‍ അയാളോട് കാരുണ്യമാണ് മറ്റുള്ളവര്‍ക്കു തോന്നുക.പക്ഷേ സായിബാബയ്ക്കു ന്യൂമോണിയ ബാധിച്ചെന്നു കേട്ടപ്പോള്‍ തമാശയാണു തോന്നുന്നത്.വലിയ ഒരു ജനസമൂഹത്തെ പതിറ്റാണ്ടുകള്‍ കബളിപ്പിച്ചു വിലസിയ മഹാന്‍
ദൈവമല്ലെന്നു ഭക്തര്‍ക്കു കൂടി ബോദ്ധ്യമാകുവാന്‍ അദ്ദേഹത്തിന്റെ രോഗാവസ്ഥയ്ക്കു കഴിയുമെങ്കില്‍ നന്നായിരുന്നു.പക്ഷേ ആരെയെങ്കിലും ആരാധിച്ചില്ലെങ്കില്‍ ഉറക്കം വരാത്ത ഇന്ത്യയിലെ അന്ധ വിശ്വാസി സമൂഹം ഇതും "ഭഗവാന്റെ ലീല"യായി കാണാനാണു സാദ്ധ്യത.

സന്തോഷ് മാധവനും തോക്കു സ്വാമിയും കൊട്ടിയത്തമ്മയും എല്ലാം ഇതുപോലെ വന്‍ ദൈവങ്ങളായി പൂത്തുലയേണ്ടതായിരുന്നു.എന്തു ചെയ്യാം സര്‍ക്കാരും ചില അവിശ്വാസികളും ചേര്‍ന്ന് ആ പൂജാ വിഗ്രഹങ്ങളെ തല്ലിത്തകര്ത്തു കളഞ്ഞു!ജീവിത ദുരിതങ്ങളില്‍ നിന്ന് ആശ്വാസം കിട്ടാന്‍ ഏതു കച്ചിത്തുരുമ്പി
നെയും ദൈവമായി ആരാധിക്കാന്‍ തുനിയുന്ന പാവങ്ങളെക്കാള്‍ ഇത്തരം കള്ളനാണയങ്ങളെ കനക വിഗ്രഹങ്ങളാക്കുന്ന മാദ്ധ്യമങ്ങളും കപട വേഷം കെട്ടാന്‍ മടിയില്ലാത്ത ഉരുപ്പടികളുമാണ് ആള്‍ ദൈവ സങ്കേതമായി ഇന്ത്യയെ മാറ്റിയത്.

സായിബാബ ദൈവമാണെന്നു പ്രചരിപ്പിക്കുവാന്‍,'ബ്ലിറ്റ്സ്' പത്രാധിപരായിരുന്ന ആര്‍.കെ.കരിഞ്ചിയ രചിച്ച"God lives in India"എന്ന പുസ്തകം ഇതിന്റെ ഒന്നാം തരം തെളിവാണ്. ഇന്ത്യയിലെ ഈ ദൈവവുമായി പത്രാധിപര്‍ നടത്തിയ അഭിമുഖങ്ങള്‍ നിറഞ്ഞ ഗ്രന്ഥം രണ്ടുപേരുടെയും സ്വഭാവം വെളിപ്പെടുത്തുന്നുണ്ട്.തന്റെ അത്ഭുത സിദ്ധികളെ വെല്ലുവിളിക്കുന്ന പാറ്റ്നാ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറും ശാസ്ത്രജ്ഞനുമായ ഡോ.നരസിംഹയ്യയേയും ഡോ. എ.റ്റി.കോവൂരിനെയും മറ്റും ചന്തച്ചട്ടമ്പികള്‍ പോലും പറയാനറയ്ക്കുന്ന വാക്കുകള്‍ കൊണ്ടാണ് ദൈവം ശകാരിക്കുന്നത്.ബാബ വിളമ്പുന്ന അബദ്ധജടിലങ്ങളായ അഭിപ്രായങ്ങള്‍ മഹത്തായ ശാസ്ത്ര തത്ത്വങ്ങളായിട്ടാണ് കരിഞ്ചിയ എഴുന്നള്ളിക്കുന്നത്.

ലോകപ്രശസ്ത മാന്ത്രികന്‍ പി.സി.സര്‍ക്കാര്‍ ജൂനിയര്‍, ഈ ദൈവത്തിനെ കാണാന്‍ പോയ കഥ അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.അന്തരീക്ഷത്തില്‍ നിന്നു വിഭൂതി എടുത്തു കൊടുത്ത് അനുഗ്രഹിച്ച ദൈവത്തിന് അന്തരീക്ഷത്തില്‍ നിന്നു തന്നെ ലഡു എടുത്തു ദക്ഷിണയായി നല്‍കിയ മാന്ത്രികനെ ദൈവത്തിന്റെ ഗുണ്ടകള്‍ കൈകാര്യം ചെയ്തത്രേ.കഷ്ടിച്ചാണ് അദ്ദേഹം അന്നു രക്ഷപ്പെട്ടത്.

സായിബാബയുടെ മാത്രമല്ല എല്ലാ ആള്‍ദൈവ സങ്കേതങ്ങളും നിയന്ത്രിക്കുന്നത് ഗുണ്ടാ സംഘങ്ങളാണ്.നിയമ വിരുദ്ധ പ്രവര്‍ത്തനത്തെ നിയന്ത്രിക്കേണ്ടവരും ശിക്ഷ വിധിക്കേണ്ടവരും നിയമ നിര്‍മ്മാതാക്കളും ഈ ആള്‍ദൈവങ്ങ ളുടെ ആരാധകരും പ്രചാരകരും ആകുമ്പോള്‍ അവറ്റകള്‍ സര്‍വ്വതന്ത്രസ്വതന്ത്രരായി വളരാതിരിക്കുന്നതെങ്ങനെ? പക്ഷേ കാപട്യത്തിലൂടെയും ചൂഷണത്തിലൂടെയും എത്ര വളര്‍ന്നാലും കാലം എന്ന മഹാപരീക്ഷകന്റെ മുമ്പില്‍
ചെപ്പടി വിദ്യകളുടെ മുഖം മൂടി അഴിച്ചു മാറ്റി സമസ്താപരാധം പറയേണ്ട സമയം വരും.സായി ബാബ ആ അവസ്ഥയില്‍ ആണ് ഇപ്പോള്‍.എന്നിട്ടും പാഠം പഠിക്കില്ലെന്ന വാശിയിലാണ് വിശ്വാസികളും മിക്ക മാദ്ധ്യമങ്ങളും.

ഒന്നുമില്ലെങ്കിലും നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളും ചികിത്സാ കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനനങ്ങളും അദ്ദേഹത്തിന്റെ പേരില്‍ നടത്തപ്പെടുന്നില്ലേ;അതു വഴി ധാരാളം ആളുകള്‍ക്ക് പ്രയോജനം ഉണ്ടാകുന്നില്ലേ?എന്നൊക്കെ സംശയമുദിക്കാം.ഇതെല്ലാം ദാവൂദ് ഇബ്രാഹിമും മണിച്ചനും ഒക്കെ ചെയ്യുന്നുണ്ട്.ബാബയില്‍ വിശ്വസിക്കുന്നതു മൂലം ഒരുപാടു പേര്‍ക്ക് മനശ്ശാന്തി കിട്ടുന്നെങ്കില്‍ നല്ലതല്ലേ എന്ന ചോദ്യവും ഉയരാം.മയക്കു മരുന്നും മദ്യവും ഉപയോഗിക്കുന്നവരും അവകാശപ്പെടുന്നതും ഇതു തന്നെയാണ്.മയക്കു മരുന്നിനേക്കാള്‍ വലിയ സാമൂഹിക വിപത്താണ് ആള്‍ദൈവങ്ങള്‍ എന്നു തിരിച്ചറിയാന്‍ ഈ ന്യൂമോണിയാ ബാധ ഉപകരിക്കുമെങ്കില്‍ അത്രയും നന്ന്.Fans on the page