Total Pageviews

Friday, September 25, 2009

ഞാന്‍ കോടീശ്വരന്‍ !!



രണ്ടു മൂന്ന് ആഴ്ച കൊണ്ടാണ് ഞാന്‍ കോടീശ്വരനായത്.ഒരു ഇ-മെയില്‍ അഡ്രസ്സ് ഉണ്ടെങ്കില്‍
ആര്‍ക്കും കോടീശ്വരനാകാമെന്ന്‍ എന്റെ അനുഭവം തെളിയിക്കുന്നു.'യാഹു പ്രൊമോഷ'ന്റെ 10 ലക്ഷം ബ്രിട്ടീഷ് പൗണ്ടിന്റെ'ഇന്റ്ര്‍നാഷണല്‍ പ്രൈസ് അവാര്‍ഡ്' കിട്ടിയ അറിയിപ്പു വന്നതോടെയാണ് ഭാഗ്യം കൂലം കുത്തി ഒഴുകാന്‍ തുടങ്ങിയത്.താമസിയാതെ വീണ്ടും ഒരു 10 ലക്ഷം പൗണ്ടിന്റെ ഭാഗ്യം എത്തി.
പ്രഖ്യാപിച്ചത് 'മൈക്രോസോഫ്റ്റ് ലോട്ടറി'.

അടുത്തത് 'വെബ് പ്രൊമോഷന്‍' വക 3 ദശലക്ഷം അമേരിക്കന്‍ ഡോളര്‍.
3960000 പൗണ്ടിന്റെ മറ്റൊരവാര്‍ഡ് തൊട്ടടുത്ത ദിവസം.ഏറെ താമസിയാതെ 5 ലക്ഷം പൗണ്ടിന്റെ മൈക്രോസോഫ്റ്റിന്റെ 'കണ്‍സ്യൂമര്‍ അവാര്‍ഡ്'.പിന്നെ ഒരു 5ലക്ഷം പൗണ്ടിന്റെ മറ്റൊരു ലോട്ടറി.യമഹാ പ്രൊമോഷന്‍ വക 5ലക്ഷം പൗണ്ടിന്റെ സമ്മാനം. എന്നു വേണ്ട, ചില
റിയാലിറ്റി ഷോ കളുടെ പരസ്യം പോലെ പറഞ്ഞാല്‍ ഒടുങ്ങാത്തത്ര സമ്മാനങ്ങളാണ് ഏതാനും
നാളുകൊണ്ട് മെയില്‍ വഴി എത്തിയത്.

ഭാഗ്യത്തിന്റെ പെരുമഴ അവസാനിച്ചെന്നു കരുതിയിരിക്കുമ്പോഴാണ് മിസ്സിസ് ജൂഡിത് വില്യംസ്,
അവരുടെ അന്തരിച്ച ഭര്‍ത്താവിന്റെ 2ദശലക്ഷം അമേരിക്കന്‍ഡോളറിന്റെ ബാങ്ക് നിക്ഷേപത്തിന്റെ അവകാശിയായി എന്നെ നിശ്ചയിച്ചിരിക്കുന്ന വിവരം അറിയിക്കുന്നത്.ഞാന്‍ യെസ് മൂളാത്ത താമസം ആ തുകയും എനിക്കു സ്വന്തം!ശ്രീമതി ജൂഡിത്തിന്റെ കത്തു കിട്ടിയതിന്റെ പിറ്റേ ദിവസം മുതല്‍ വീണ്ടും ലോട്ടറി അടിക്കാന്‍ തുടങ്ങി.ഇന്നു വരെ കിട്ടിയ അറിയിപ്പ് അനുസരിച്ച് ഏതാണ്ട് 10 കോടിയിലധികം രൂപയുടെ(പൗണ്ടും ഡോളറുമായി പറയുന്നതിനേക്കാള്‍ ഇന്ത്യന്‍ രൂപ കണക്കാണ് സൗകര്യവുംഗമയും)
ഉടമയായിക്കഴിഞ്ഞിരിക്കുന്നു.

പക്ഷേ എന്തു ചെയ്യാം;ഇരണം കെട്ടവന് തേടി വച്ചാലും കഴിക്കാന്‍ യോഗമില്ലെന്നു പറഞ്ഞ മാതിരിയാണ് എന്റെ അവസ്ഥ.ആദ്യ ലോട്ടറി അറിയിപ്പു കിട്ടിയപ്പോള്‍ തന്നെ അവര്‍ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം കാണിച്ച് മറുപടി അയച്ചു.മണിക്കൂറുകള്‍ക്കകം പ്രതികരണമുണ്ടായി. സമ്മാനത്തുക എന്റെ പേര്‍ക്ക് അയയ്ക്കാന്‍ വേണ്ടി കൂറിയര്‍ കമ്പനിയെ ഏല്പിച്ചു;ഇനി അവരെ സമീപിച്ചാല്‍ മതി എന്ന നിര്‍ദ്ദേശിച്ച് അവരുടെ മേല്‍ വിലാസവും തന്നു.അവരെ ബന്ധപ്പെട്ടപ്പോഴും മറുപടി പെട്ടെന്നായിരുന്നു.എല്ലാം റഡിയാക്കി വച്ചിരിക്കയാണ്;അയയ്ക്കുവാനുള്ള ചാര്‍ജായ 955 പൗണ്ട് ഉടന്‍ അയച്ചുകൊടുത്താല്‍ ഡ്രാഫ്റ്റ് വീട്ടില്‍ എത്തിയിരിക്കും.

കൂറിയര്‍ ചാര്‍ജ് കഴിച്ചുള്ള തുക അയച്ചാല്‍ മതി എന്നായി ഞാന്‍.അതിനു വകുപ്പില്ല എന്ന് അവരും.
അപ്പോഴേക്കും അറിഞ്ഞു പല സുഹൃത്തുക്കള്‍ക്കും ഇതു പോലെ ലോട്ടറി അടിച്ച കഥകള്‍.കൂട്ടത്തില്‍ കുറിയര്‍ ചാര്‍ജ് പോയത് മിച്ചമായവരുടെ കദന കഥയും.പിന്നീടു വന്ന മെയിലുകള്‍ ശ്രദ്ധിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി.ഊരും പേരും നാളും നമ്പരും ഒന്നുമറിയാതെ ചുമ്മാ To, കഴിഞ്ഞ് കുത്തും വരയും സര്‍/മാഡം സംബോധനയുമാണ് എല്ലാറ്റിലും.

ഏറ്റവും രസകരമായത് ശ്രീമതി ജൂഡിത്ത് നാമധാരിയുടേതായിരുന്നു.അതില്‍ അവര്‍(അവന്‍)
എഴുതിയിരുന്നു,എന്നെപ്പോലെ ദൈവഭയമുള്ള ഒരു സത്യ ക്രിസ്ത്യാനിയെ ഭര്‍ത്താവിന്റെ മുതല്‍ സൂക്ഷിക്കാന്‍ ലഭിച്ചത് അവരുടെയും കര്‍ത്താവില്‍ നിദ്ര പ്രാപിച്ച ഭര്‍ത്താവിന്റെയും ഭാഗ്യവും സുകൃതവുമാണെന്ന്. ആദ്യത്തെ കത്തിനൊഴികെ ഒന്നിനും പ്രതികരിച്ചിട്ടില്ലെങ്കിലും എന്നെ 'ദൈവവിശ്വാസി'യും സത്യക്രിസ്ത്യാനിയും ആക്കിയ സന്തോഷത്തില്‍ ഒരു തകര്‍പ്പന്‍മറുപടി കാച്ചി "ഊരും പേരും അറിയാത്ത എന്നെ ഭവതിയുടെ ഭര്‍ത്താവിന്റെ സ്വത്തിന്റെ അനന്തരാവകാശിയായി നിശ്ചയിച്ച മഹാമനസ്കതയ്ക്ക് നന്ദി'' എന്നു തുടങ്ങി നല്ല നാലു ഭരണിപ്പാട്ടില്‍ കത്ത് അവസാനിപ്പിച്ചു. ഇന്നോളം അതിനു മറുകുറി വന്നിട്ടില്ല.
Fans on the page

Wednesday, September 16, 2009

കത്തി

1
കുത്താം,കുഴിക്കാം,കുലയോടറുക്കാം
എത്തുന്ന കൊമ്പൊക്കെ മുറിച്ചുമാറ്റാം
വീഴ്ത്താമരിഞ്ഞന്യ ശിരസ്സു പോലും
കത്തിക്കു പാര്ത്താല്‍ ഗുണമെത്രയെന്നോ?
2
നീളുന്ന കത്തി,നിറമുള്ള കത്തി,
നീട്ടിപ്പിടിച്ചാല്‍ വളയാത്ത കത്തി,
കൂര്പ്പിച്ച കത്തീ,ഉറയുള്ള കത്തി,
കൂട്ടത്തില്‍ വച്ചാ,ലറിയുന്ന കത്തി,
3
കന്നിന്റെ കൊമ്പിന്‍ പിടിയുള്ള കത്തി,
മാനിന്റെ കൊമ്പിട്ട വളഞ്ഞ കത്തി,
എന്നിങ്ങനാണത്രെയറിഞ്ഞിരുന്നൂ
പണ്ടൊക്കെ കത്തിത്തരമീ ജനങ്ങള്‍.
4
ഇംഗ്ലീഷില്‍ *എസ്സൊത്ത വളഞ്ഞതാറെ-
സ്സെസ്സിന്റെ കത്തീ,വളയാതിരുന്നാല്‍
മാര്‍ക്സിസ്റ്റു കത്തീ,വടിവൊത്തു മിന്നി-
പ്പാളുന്നതോ കോണ്‍ഗ്രസു കത്തി താനും.
5
ഇന്നീവിധം കത്തി തരം തിരിച്ചു
ചൊല്ലുന്നു കത്തിക്കിരയാക്കിയൂറ്റം
കൊള്ളുന്ന നേതാക്കള്‍ പരസ്യമായി;
മായുന്നു പേര്‍ പണ്ടു പറഞ്ഞതൊക്കെ.
6
"ചെണ്ടയ്ക്കു കീഴാണു സമസ്ത മേളോം"
എന്നുള്ള ചൊല്ലോര്‍മ്മയുണര്‍ത്തുമാറു
കത്തിയ്ക്കു വ്യാഖ്യാന ഗണം ചമച്ചു
കീഴാക്കിടുന്നന്യ ഗുണത്തെയെല്ലാം.
7
ആയുസ്സു ഹോമിച്ചു മഹാരഥന്മാര്‍
നിര്‍മ്മിച്ചു പാലിച്ച മഹത്വ മൂല്യ-
മെല്ലാമറുക്കും പക പൂണ്ടു തമ്മി-
ലോങ്ങുന്നു കത്തീ,യവരിന്നു കഷ്ടം!
------------------------------
*S
Fans on the page

Friday, September 11, 2009

ആശാനെ ഓര്ക്കുമ്പോള്‍

എല്ലാവരും ആശാന്‍ എന്ന് സ്നേഹപൂര്‍ വ്വം വിളിച്ചിരുന്ന സ.കെ.വി.സുരേന്ദ്രനാഥിന്റെ നാലാം ചരമ വാര്ഷിക ദിനമായിരുന്നു സെപ്റ്റംബര്‍ 9.ഒരു തലമുറയെ കമ്യൂണിസത്തിന്റെ ബാലപാഠങ്ങള്‍ സ്വന്തം ജീവിതം കൊണ്ടു പഠിപ്പിച്ച ആളാണ് ആശാന്‍.ആഡംബരത്തിലും ആര്ഭാടത്തിലും ഭ്രമിച്ച് ആദര്ശങ്ങള്‍ അടിയറ വയ്ക്കുന്ന ഇന്നത്തെ കമ്യൂണിസ്റ്റുകാര്ക്കും രാഷ്ട്രീയ പ്രവര്ത്തനം വയറ്റുപിഴപ്പിനുള്ള മാര്‍ഗ്ഗമായി മാത്രം കാണുന്ന മറ്റു കക്ഷികള്‍ക്കും അദ്ദേഹത്തെ മനസ്സിലാക്കാന്‍ പ്രയാസമാണ്.

പാര്ട്ടിയുടെ നിര്ബ്ബന്ധത്തിനു വഴങ്ങിയാണ് തിരുവനന്തപുരം പാര്‍ ലമെന്റ് നിയോജക മണ്ഡലത്തില്‍ ആദ്യം അദ്ദേഹം മത്സരിച്ചത്.അനാരോഗ്യം കാരണം ഉദ്ദേശിച്ച രീതിയില്‍ പ്രചരണം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും പാര്‍ ലമെന്റിലേക്കുള്ള കന്നിയങ്കത്തില്‍ ആശാന്‍ വിജയിച്ചു.വിജയാഘോഷം തീരും മുമ്പെ രോഗം ബാധിച്ച് മെഡിക്കല്‍ കോളജിലായി.ആശാന്റെ രോഗ വിവരം അന്വേഷിച്ചാണ് ഒരു വൈകുന്നേരം ആശുപത്രിയില്‍ ചെന്നത്.
സന്ദര്ശകരെ വിലക്കിയിരുന്നെങ്കിലും കാണാന്‍ പറ്റി.യാത്രപറഞ്ഞ് മടങ്ങാന്‍ ഒരുങ്ങിയപ്പോള്‍,"ദത്തനവിടെ നില്ല് നമുക്ക് ഒരു സ്ഥലം വരെ പോണം'' എന്നു പറഞ്ഞു.
"ഡിസ്ചാര്ജ് ചെയ്യാതെ എങ്ങനെ പുറത്തു പോകും?" എന്റെ സംശയം.
"ഡോക്റ്ററുടെ അനുവാദം വാങ്ങിയിട്ടുണ്ട്.അടുത്ത ഇന്‍ജക് ഷന്‍ 8 മണിക്കാണ്. അതിനു മുമ്പു ഇങ്ങെത്തിയാല്‍ മതി."
കൂട്ടിരുപ്പുകാരനായ സഹോദരീ പുത്രനോട് ടാക്സി വിളിച്ചുകൊണ്ടു വരാന്‍ ഏല്പിച്ചപ്പോള്‍ അയാള്ക്കു ശങ്ക:
'മീറ്റിങ്ങിനു വിളിച്ചവര് കാറ് കൊണ്ടുവരില്ലേ?'
"പറഞ്ഞതു കേട്ടാല്‍ മതി."എന്നായി ക്ഷുഭിതനായ മാതുലന്‍.
ടാക്സിയുമായെത്തിയ അനന്തിരവനെ കയറ്റാതെ കാഞ്ഞിരംകുളത്തിനു വിടാന്‍ നിര്ദ്ദേശിച്ചു.അവിടേക്ക് ബസ്സില്‍ മാത്രമേ പോയിട്ടുള്ളൂ.അതുകൊണ്ട് വഴി അറിയാവുന്ന ഒരാള്‍ കൂടി ഇരിക്കട്ടെ എന്ന എന്റെ ശുപാര്ശയൊന്നും വിലപ്പോയില്ല.തനിക്കറിയാമെന്ന ആശാന്റെ അവകാശവാദം ശരിയാണെന്ന് കൂടെ യാത്ര ചെയ്തപ്പോള്‍ മനസ്സിലായി.തിരുവനന്തപുരത്തെ മുക്കും മൂലയും അദ്ദേഹത്തിനു നല്ല നിശ്ചയമാണ്.കാഞ്ഞിരം കുളത്തിനും അപ്പുറത്തുള്ള ഒരു സ്ഥലത്തെ പള്ളി വക ജീവകാരുണ്യ പ്രവര്ത്തനത്തിന്റെ ഉദ്ഘാടനമാണ് പരിപാടി. ബിഷപ് ഉള്പ്പെടെയുള്ള വന്‍ ജനക്കൂട്ടം എം.പി യെ കാത്ത് നില്പുണ്ടായിരുന്നു.ലളിതമായ ചടങ്ങിനു ശേഷം വിഭവസമൃദ്ധമായ ചായ സല്ക്കാരം.കട്ടന്‍ ചായ പോലും കുടിക്കാതെ ആശാന്‍ അതിലും പങ്കു കൊണ്ടു.

തിരികെ വരും വഴി നെല്ലിമൂട് ജങ്ഷനില്‍ എത്തിയപ്പോള്‍,"നമ്മുടെ സഖാവ് ചെല്ലപ്പന്റെ ജനതാ ഹോട്ടല്‍
ഇവിടെവിടയോ ആണ്" എന്നു പറഞ്ഞ് കാര്‍ നിര്ത്തിച്ച് ഇറങ്ങി നടപ്പു തുടങ്ങി.കൂടെയെത്താന്‍ നന്നേ ക്ലേശിച്ചു.
പുതിയ എം പി യെ അപ്രതീക്ഷിതമായി കണ്ട ജനം പിറകേ കൂടി.ഉദ്ദേശിച്ചിടത്ത് ഹോട്ടല്‍ കാണാഞ്ഞപ്പോള്‍ ചുറ്റും നിന്നവരോടു തിരക്കി.ഹോട്ടല്‍ കുറച്ചു നാള്‍ മുമ്പ് ഒരു കിലോമീറ്റര്‍ ദൂരത്തേക്കു മാറ്റിയത്രെ.അവിടേക്കായി അടുത്ത യാത്ര.പോകുന്ന വഴിയില്‍ തന്നെ.

പണ്ട് ഒളിവിലായിരുന്നപ്പോള്‍ ആശാനെ ഒരുപാട് സഹായിച്ച കക്ഷിയാണ് സഖാവ് ചെല്ലപ്പന്‍.ഇപ്പോള്‍ പാര്ട്ടി അംഗമാണ്.തെരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ കണ്ടിരുന്നു.അന്നു വ്യക്തിപരമായ കുശലം ചോദിക്കാന്‍ പറ്റിയില്ല.ഇതു വഴി പോയപ്പോള്‍ കണ്ടു കളയാം എന്നു വിചാരിച്ചു.സഖാവിനെപ്പറ്റി പറഞ്ഞു തീര്ന്നപ്പോഴേക്കും "ജനതാ ഹോട്ടല്‍" ബോര്ഡ് പ്രത്യക്ഷപ്പെട്ടു.

ആശാനെ കണ്ടപ്പോള്‍ സ.ചെല്ലപ്പന്റെ മുഖത്ത് അമ്പരപ്പും ആഹ്ലാദവും.ചായ എടുക്കാന്‍ ഓടുന്നു;പാര്ട്ടി പ്രവര്ത്തകനായ മകനെ വിളിക്കാന്‍ ആളെ വിടുന്നു.ആകെ ബഹളമയം.ഹോട്ടലില്‍ ചായ കുടിക്കാന്‍ എത്തിയവര്ക്കും സന്തോഷം.ആശുപത്രിയില്‍ തിരിച്ചെത്താന്‍ നേരമായെന്നു പറഞ്ഞ് ചെല്ലപ്പന്റെ തോളത്തു തട്ടി,മറ്റുള്ളവര്ക്കു നേരേ കൈ കൂപ്പി,അവിടം വിട്ടു.

സമയത്തിനു തന്നെ ആശുപത്രിയില്‍ എത്താമല്ലോ എന്ന് ആശ്വസിച്ചു.കരമനയില്‍ വന്നപ്പോള്‍ 'ഇവിടെക്കൂടെ ഒന്നിറങ്ങിയിട്ട് പോകാം'എന്നായി.തമിഴ് സംഘക്കാരെ കാണാമെന്നു സമ്മതിച്ചിട്ടുണ്ടത്രേ.അവിടെ ചെന്നപ്പോള്‍
വന്‍ സ്വീകരണത്തിനുള്ള സന്നാഹങ്ങളാണ് കണ്ടത്.ഡോക്റ്റര്‍ അനുവദിച്ച സമയം കഴിയാറായെന്ന് ഓര്മ്മിപ്പിച്ചപ്പോള്‍ "സാരമില്ല; ഉടനെ പോകാം" എന്നു പറഞ്ഞെങ്കിലും അവിടെ നിന്നിറങ്ങിയപ്പോള്‍ എട്ടര കഴിഞ്ഞിരുന്നു.മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ ഒന്പത് മണി.ഇന്‍ ജക് ഷന്‍ എടുക്കേണ്ട രോഗിയെ മുറിയില്‍ കാണാഞ്ഞ് നീരസം പ്രകടിപ്പിച്ച നഴ്സ്, ആശാന്റെ നിഷ്ക്കളങ്കമായ ചിരിക്കു മുമ്പില്‍ തോറ്റു പോയി.എന്നിട്ടും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ഹൃദയ ശസ്ത്രക്രിയയ്ക്ക് തുക അനുവദിപ്പിച്ചു നല്കണമെന്നുള്ള അപേക്ഷയുമായി നിറകണ്ണുകളോടെ നില്ക്കുന്ന ചെറുപ്പക്കാരനെ ആശ്വസിപ്പിച്ച ശേഷമേ ആശാന്‍ സൂചി കുത്താന്‍ കൈ നീട്ടിക്കൊടുത്തുള്ളു.

സ്വകാര്യത നഷ്ടപ്പെടുമെന്നു പറഞ്ഞ് 40000വും ഒരു ലക്ഷവും രൂപ പ്രതിദിനം വാടകയുള്ള നക്ഷത്ര ഹോട്ടലുകളില്‍ തങ്ങുന്ന എം.പി മാര്‍ നാടു ഭരിക്കുമ്പോള്‍ ,ആശുപത്രിക്കിടക്കയില്‍ പോലും സ്വകാര്യത നഷ്ടപ്പെടുന്നത് പൊതു പ്രവര്‍ത്തനത്തിന്റെ ഭാഗമായി കരുതിയ ആശാനെക്കുറിച്ചുള്ള ഓര്‍മ്മ തന്നെ ആശ്വാസപ്രദമാണ്.സ്കോഡ കാറിനു പകരം സ്കോര്‍പിയോ ഉപയോഗിച്ച് ലളിത ജീവിതം നയിക്കാന്‍ ഉപദേശിക്കുന്ന പുത്തന്‍ കമ്യൂണിസ്റ്റ് നേതാക്കള്‍, 'അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കി'യ ആശാന്‍ എന്ന യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരന്റെ ജീവിതം പഠിക്കാന്‍ ശ്രമിക്കുന്നതും നന്നായിരിക്കും.
Fans on the page

Tuesday, September 8, 2009

'കുമ്പസാര' പീഡനം

പാപങ്ങള്‍ വൈദികന്റെ മൂമ്പില്‍ ഏറ്റുപറയുന്നതാണ് കുമ്പസാരം.മതപരമായ സങ്കുചിതാര്‍ത്ഥത്തിനപ്പുറം, ചെയ്തു പോയ തെറ്റുകള്‍ സ്വയം വെളിപ്പെടുത്തുന്നതിനെയും 'കുമ്പസാരം'എന്ന് വിശേഷിപ്പിക്കാറുണ്ട്.രണ്ടായാലും
കുമ്പസാരത്തില്‍ പരപ്രേരണയുടെ പ്രശ്നം ഉദിക്കുന്നില്ല.

പക്ഷേ കൈരളി ചാനലില്‍ ശ്രീ.ഏബ്രഹാം മാത്യുവിന്റെ കാര്‍മ്മികത്വത്തില്‍ സമ്പ്രേഷണം ചെയ്യുന്ന "കുമ്പസാരം", നിര്‍ബ്ബന്ധിച്ചും പീഡിപ്പിച്ചും നടത്തുന്നതായിട്ടേ തോന്നുകയുള്ളു.അടുത്ത ദിവസങ്ങളില്‍,സിനിമാനടന്‍ ഇന്ദ്രന്‍സ്,
ഏബ്രഹാം മാത്യു മുമ്പാകെ നടത്തിയ "കുമ്പസാരം"കണ്ടവര്‍ക്ക് അത് ബോദ്ധ്യപ്പെട്ടിട്ടുണ്ടാകണം.സിനിമാക്കാരുടെ ജാഡയും പരിവേഷവുമില്ലാതെ മനസ്സു തുറക്കുന്നു ഇന്ദ്രന്‍സ്.എന്നാല്‍ അവതാരകന് അതിലൊന്നും താല്പര്യമില്ല.
അദ്ദേഹത്തിന് കലാകാരന്റെ തിക്താനുഭവങ്ങള്‍ അറിയാനാണ് തിരക്ക്.ഓര്‍മ്മയില്‍ വന്ന ചില കയ്പേറിയ അനുഭവങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയെങ്കിലും പിന്നെയും 'തിക്താനുഭവം','തിക്താനുഭവം' എന്നും പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു ചോദ്യകര്‍ത്താവ്.

ഇന്ദ്രന്‍സിന്റെ ജീവിതത്തിലെ തിക്താനുഭവങ്ങള്‍ അറിഞ്ഞിട്ട് പ്രേക്ഷകര്‍ക്കോ കൈരളിക്കോ എന്താണാവോ നേട്ടം?ഒരിക്കലും ആരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടത്തതും പരസ്യപ്പെടുത്താന്‍ കൊതിക്കാത്തതുമായ ചില അനുഭവങ്ങള്‍,
എന്നിട്ടും അദ്ദേഹം പറഞ്ഞു.പിന്നെയും തിക്താനുഭവം തോണ്ടിയെടുക്കുവാന്‍ ഏബ്രഹാം മാത്യുശ്രമിച്ചത് വല്ലവരില്‍ നിന്നും അച്ചാരം വാങ്ങിയിട്ടായിരുന്നോ? 'ക്വട്ടേഷന്‍' കാലമല്ലേ ,സിനിമാ രംഗമല്ലേ, എന്തും സംശയിക്കാം.

പലരുടെയും കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുകയും കയ്പേറിയ മറ്റ് അനുഭവങ്ങള്‍ സമ്മാനിക്കുകയും ചെയ്തിട്ടുള്ളവരാണ്
അന്യന്റെ സ്വകാര്യതയില്‍ എത്തി നോക്കാന്‍ അമിത താല്പര്യം കാട്ടുക.ശ്രീ ഏബ്രഹാം മാത്യു,തിക്താനുഭവം പറയിപ്പിക്കാന്‍ ഇന്ദ്രന്‍സിനെ ഉരുട്ടുന്നത് കണ്ടപ്പോള്‍ അത് വാസ്തവമാണെന്ന് തോന്നി.

ഒരു അഭിമുഖ പരിപാടിക്ക് "കുമ്പസാരം" എന്ന് പേരു തന്നെ ചേര്‍ന്നതല്ല.അഭിമുഖത്തില്‍പങ്കെടുക്കുന്ന വ്യക്തി എന്തൊക്കയോ തെറ്റുകള്‍ ചെയ്തവനാണ് എന്ന ധാരണ പ്രേക്ഷക മനസ്സില്‍ മുന്‍ കൂറായി സൃഷ്ടിക്കുന്നു.പാപബോധം
വേട്ടയാടുന്ന അവതാരകനും കൂടിയാകുമ്പോള്‍ അഭിമുഖം പരപീഡയായി പരിണമിക്കും."ഒരു ജനതയുടെ ആത്മാവിഷ്ക്കര"ത്തിന് അതു ചേര്‍ന്നതാണോ ഇത് എന്ന് ആലോചിക്കാന്‍ സമയമായി.

Fans on the page

Friday, September 4, 2009

ഓണം


ബാല്യത്തിലെന്നോ മനസ്സിന്റെ ചില്ലയി-
ലൂഞ്ഞാലു കെട്ടിയൊരോണ സങ്കല്പങ്ങള്‍
ചില്ലാട്ടമാടാനൊരുങ്ങവേ വല്ലായ്മ
വല്ലാതെ ചുറ്റിലും വീശിയടിക്കുന്നു.
"കള്ളപ്പറകളും നാഴികളും മറ്റു
കള്ളത്തരങ്ങളശേഷവുമില്ലാതെ
മാനുഷരെല്ലാരു മൊന്നുപോല്‍ വാണോരു"
മോഹന നാളിന്റെയോര്മ്മയ്ക്കു പോലുമേ
ഇന്നിന്നശാന്തമാമന്തരീക്ഷത്തിന്റെ
വന്യത മായ്ക്കുവാനാവതില്ലാതെയായ്.

കാലത്തു പോയ പൊന്മക്കള്‍ തിരിച്ചെത്ര-
കഷ്ണമായ് വന്നെത്തുമെന്നോര്‍ത്തു നീറുന്ന
മാതാപിതാക്കള്‍;അരക്ഷിത ശൈശവം;
മാഫിയാ റാഞ്ചിയ യൗവനം,കാമ്പസും;
ചെന്നിണം വീണു കുതിരും തെരുവുകള്‍
വന്ധ്യംകരിച്ച വയലുകളള്‍;എപ്പൊഴും
വൈരം പരത്തുന്ന രാഷ്ട്രീയ കേളികള്‍;
സ്പര്‍ദ്ധ വമിയ്ക്കുന്ന വര്‍ഗ്ഗീയ വാദങ്ങള്‍.
വാമനന്‍ പണ്ട് വിതച്ച ചതിയുടെ
വിത്തു മുളച്ചു വളര്ന്നു മലയാള
മണ്ണിന്റെ നന്മകളെല്ലാം ഗ്രസിക്കുന്ന
മട്ടില്‍ പടര്‍ന്നു നിഴല്‍ വിരിക്കുന്നുവോ?

അന്തമില്ലാത്തൊരീ അന്ധകാരത്തിലു-
മോണക്കിനാവിനാ ലെങ്കിലുമാഹ്ലാദ-
പ്പൂക്കളം തീര്‍ക്കുവാനാകട്ടെ മാവേലി
മന്നനെയോര്‍ക്കുന്ന മംഗള വേളയില്‍.
Fans on the page