Total Pageviews

Friday, February 27, 2009

അല്പം കടന്ന കൗമാര ചിന്ത

ഭാര്യാസഹോദരന്‍ മരിച്ചതറിഞ്ഞ് ഭാര്യയുമൊത്ത് പോയതായിരുന്നു എന്റെ അടുത്ത ബന്ധു.അവിടെ ചെന്നപ്പോഴാണ് മറ്റൊരു ദുരന്തം കൂടി സംഭവിക്കുന്നത്.സഹോദരന്റെ മരണ വാര്‍ത്തിയറിഞ്ഞു വന്ന ഭാര്യയുടെ ചേട്ടത്തി മൃതശരീരത്തിനു മുമ്പില്‍ കുഴഞ്ഞു വീണു മരിച്ചു.

ചരമവീട്ടിലേക്കു പോരു‍മ്പോള്‍ മകന്‍ സ്കൂളിലായിരുന്നു.പ്ലസ് ടുവിനു പഠിക്കുന്ന അവനോട് മരണ വിവരം സൂചിപ്പിച്ച് അമ്മയുടെ വീട്ടിലേക്കു വരാന്‍ നിര്‍ദ്ദേശിച്ച് കത്തെഴുതി വീട്ടില്‍ വച്ചിരുന്നു.അവന്‍ വീട്ടില്‍ വരാറായപ്പോള്‍ ടെലിഫോണ്‍ ചെയ്ത് രണ്ടാമത്തെ മരണക്കാര്യം കൂടി അറിയിക്കുകയും ഉടനെ എത്തണമെന്ന്‍ പറയുകയും ചെയ്തു.

പക്ഷേ രണ്ടു പേരുടെ സംസ്കാരം കഴിഞ്ഞിട്ടും മകന്‍ എത്തിച്ചേര്‍ന്നില്ല.തിരികെ വീട്ടില്‍ വന്നപ്പോള്‍ യാതൊന്നും സംഭവിക്കാത്ത മട്ടില്‍ പഠിച്ചുകൊണ്ടിരിക്കുന്നു.എന്താണു വരാതിരുന്നത് എന്നു ചോദിച്ചപ്പോള്‍ അവന്‍ നിര്‍വികാരനായി പറഞ്ഞതിങ്ങനെ:"മാമന്‍ മരിച്ചെന്നു കേട്ട് വല്യമ്മ മരിച്ചില്ലേ.രണ്ടൂ പേരും മരിച്ചതറിഞ്ഞ് അമ്മേം കൂടി മരിക്കുവാണെങ്കില്‍ എന്തായാലും വരണമല്ലോ എന്നു വിചാരിച്ചു."

അമ്മ മരിക്കാത്തതില്‍ ഉള്ള വിഷമമാണോ ഒരു യാത്ര ഒഴിവായതിലെ ആശ്വാസമാണോ പുത്രന്റെ വാക്കുകളില്‍ എന്നു തിരിച്ചറിയാനാകാതെ മാതാപിതാക്കള്‍ അമ്പരന്നു നിന്നു.


Fans on the page

Friday, February 20, 2009

കവിത സര്‍വ്വതല സ്പര്‍ശിയാകുമ്പോള്‍

വേദാന്തവും ഭക്തിയും ഭൗതിക യാഥാര്‍ത്ഥ്യങ്ങളും ചേര്‍ന്ന് ആഹ്ലാദകരമായ വയനാനുഭവം പകരുന്നകവിതാസമാഹാരമാണ് ശ്രീമതി ഇന്ദിരാകൃഷ്ണന്റെ 'അകപ്പൊരുള്‍'.

'അകപ്പൊരുള്‍' മുതല്‍ 'പാഠഭേദം' വരെ 47കവിതകള്‍ ഉള്‍പ്പെടുന്ന ഈ സമാഹാരത്തിലൂടെ പലയാവര്‍ത്തി കടന്നു പോയാലേ വിഭിന്ന തലങ്ങളിലുള്ള ഭാവനയുടെ പൊരുളറിയാന്‍ കഴിയൂ.അലസ വായനയ്ക്കുള്ളതല്ല ഇതിലെ കവിതകളെന്നു സാരം.ഭക്തിയുടെ നിറയലും സാമൂഹിക പ്രശ്നങ്ങളുടെ നീറ്റലും വ്യക്തിജീവിതത്തിന്റെ ഭിന്ന ഭാവങ്ങളും കവിതകളെ വൈവിദ്ധ്യ സമ്പന്നമാക്കുന്നു.

'കൈനീട്ടം','എനിക്കു നീ','ഉണ്ണികള്‍','ബദരി','കേദാരം',തുടങ്ങിയവയില്‍ ഭക്തിയുടെ പ്രസരമാണ് അനുഭവപ്പെടുക.
ഭക്തിയില്‍ തന്നെ കൃഷ്ണഭക്തി വേറിട്ടു നില്‍ക്കുന്നു.കവയിത്രിക്ക് കൃഷ്ണഭക്തി ജീവിതത്തിന്റെ ഭാഗമാണ്.

ഭക്തിയുടെ വിഹായസ്സിലേക്ക് കൈകൂപ്പി നില്‍ക്കുമ്പോഴും ജീവിത ഭൂമിയിലാണ് തന്റെ കാലുകളുറപ്പിച്ചിട്ടുള്ളതെന്നും ഈ രചനകളിലൂടെ
ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.ലാളനയൂറുന്ന മാതൃത്വത്തിന്റെ നിഴലാട്ടം അതിന്റെ തെളിവാണ്.
'കൃഷ്ണനെന്‍ മാതൃ മനസ്സിന്റെ തൊട്ടിലില്‍
കൈകാലിളക്കി ച്ചിരിച്ചു കിടന്നവന്‍' (എനിക്കു നീ)
എന്ന വരികളിലൂടെ ആ ഭാവം വളരെ പ്രകടമാകുന്നുമുണ്ട്.അതുകൊണ്ടു തന്നെയാണ് സ്വന്തം ഉണ്ണികള്‍ക്കു കൂട്ടായി കണ്ണനെ സങ്കല്പിക്കുകയും അവരുടെ പുഞ്ചിരിയില്‍ അമ്പാടി പൈതലിനെ കാണുകയും ചെയ്യുന്നത്.

അന്തപ്പുരത്തിഉലെ ചെറിയ പിണക്കങ്ങള്‍ മുതല്‍ അന്തര്‍ദ്ദേശീയ സംഘട്ടനങ്ങള്‍ വരെ മറ്റു കവിതകള്‍ക്കു വിഷയമാകുന്നു.
അവയിലെല്ലാം വേരോടി നില്‍ക്കുന്നതാകട്ടെ മനുഷ്യ നന്മയുടെയും സ്നേഹത്തിന്റെയും മഹനീയതയും.

സമകാലിക ഭാരതത്തിന്റെ ദയനീയാവസ്ഥ സമര്‍ത്ഥമായി ധ്വനിപ്പിക്കുന്ന കവിതയാണ് 'അമൃതവര്‍ഷിണി'.
'അരികിലൂടൊഴുകും പുഴ,പൂമരം
കുളിരു പൂശുന്ന കാറ്റ് നിലാവുമീ
മഴയുമൊക്കെ നമുക്കിനിയന്യമോ?'
എന്ന ചോദ്യം ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ ലേലം ചെയ്യപ്പെടുന്ന നമ്മുടെ പൈതൃകങ്ങളെക്കുറിച്ചുള്ള സാധാരണ പൗരന്റെ വിഹ്വലതയുടെ പ്രതിഫലനമാണ്.

സ്നേഹവും പരസ്പര വിശ്വാസവും മനുഷ്യനില്‍ നന്മ നിറയ്ക്കുമെന്നും കുടുംബ ബന്ധങ്ങള്‍ മധുരതരമാക്കുമെന്നും മിക്ക കവിതകളും നമ്മെ പഠിപ്പിക്കുന്നു.
'കാടന്‍ പൂച്ച','ഓലപ്പന്ത്',തുടങ്ങിയ കവിതകളിലും ശാന്തിയും സ്വസ്ഥതയും കാംക്ഷിക്കുന്ന കവിമനസ്സ് കാണാം.മനുഷ്യനിലെ വന്യതയുടെ പ്രതിരൂപമാണ് 'കാടന്‍ പൂച്ച'.അവന്‍ നമ്മിലെ നന്മയുടെയും സൗമ്യതയുടെയും പ്രതീകമായ കുറിഞ്ഞിപ്പൂച്ചയെ എപ്പോള്‍ വേണമെങ്കിലും കീഴ്പെടുത്താം.ക്രൗര്യത്തിന്റെ പേടിസ്വപ്നങ്ങള്‍ക്കൊടുവിലും നഷ്ടപ്പെട്ടിട്ടില്ലാത്ത നന്മയുടെ കുറിഞ്ഞിപ്പൂച്ചയെ ചേര്‍ത്തു പേടിക്കുന്ന കവയിത്രിയുടെ ശുഭാപ്തി വിശ്വാസത്തിന്റെ വെന്നിക്കൊടിയാണ് ഈ കവിത.'ഓലപ്പന്തി'ലാകട്ടെ,സമകാലിക ലോകത്തിന്റെ അക്രമവാസനയിലുള്ള ഉത്കണ്ഠയാണു തെളിയുന്നത്.

'മുള്ളുവാക്കിനാല്‍ പരിഹാസം മുറ്റിടും മുനയാല്‍ കുത്തി നോവിച്ചാലും ഉല്‍ക്കട സ്നേഹം മാത്രം പകരം വയ്ക്കുന്ന' സ്ത്രീയെക്കുറിച്ചും 'കത്തുന്ന പന്തമായി കുരുക്ഷേത്ര തടങ്ങളില്‍ നീങ്ങുന്ന' പാഞ്ചാലിയെക്കുറിച്ചുമുള്ള കവിതകള്‍ സ്ത്രീമഹത്വത്തിന്റെ വിളംബരമാണ്.
'പെണ്‍ മനസ്സുടയും പുത്തന്‍
പാതിരാപ്പര്‍ണ്ണശാലകള്‍
വട്ടമിട്ടു പറന്നാര്‍ക്കും
കഴുകന്മാര്‍ കലമ്പവേ'
പടര്‍ന്നാളുന്ന പന്തമായ് പാഞ്ചാലി വന്നു നില്‍ക്കുന്നത് സ്ത്രീഹൃദയങ്ങള്‍ക്ക് ആവേശം പകരാതിരിക്കില്ല.


Fans on the page

Thursday, February 12, 2009

ശ്രീരാമന്‍ ഇഫക്റ്റ്

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്നതോടെയാണ് ശ്രീരാമന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വല്ലാത്ത സ്വാധീനമുണ്ടെന്ന് പലരും തിരിച്ചറിഞ്ഞത്.അതോടെ രാമന്‍ നല്ലൊരു വിജയ ഉപകരണമായി മാറി.യഥാര്‍ത്ഥത്തില്‍ ശ്രീരാമ മഹത്വം ആദ്യംമനസ്സിലാക്കിയ രാഷ്ട്രീയ നേതാവ് ഗാന്ധിജി ആയിരുന്നു.അദ്ദേഹത്തിന്റെ ആദര്‍ശപുരുഷനായിരുന്നു രാമന്‍.'രാമരാജ്യം' ആദര്‍ശരാഷ്ട്രവും.

ആദര്‍ശപുരുഷനെന്ന ഗാന്ധിയന്‍ സങ്കല്പത്തെ ഈശ്വരാവതാരമായി പരിവര്‍ത്തിപ്പിച്ച് ഭക്തി വളര്‍ത്തി ഹിസ്റ്റീരിയയാക്കി മാറ്റിയാണ് ബിജെപിയും പരിവാരങ്ങളും വിജയം കൊയ്തത്.ദേശീയ തലത്തില്‍ മതകലഹങ്ങള്‍ക്കു തുടക്കം കുറിക്കാനാണ് ഈ ഭക്തിഭ്രാന്ത് വഴിതെളിച്ചത്.മുമ്പും രാമന്‍ദൈവമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.പതിനഞ്ചാം നൂറ്റാണ്ടില്‍ ഉദയം കൊണ്ട ഭക്തിപ്രസ്ഥാനമാണ് അതിനു തുടക്കമിട്ടത്.വാല്‍മീകി രാമായണത്തെക്കാള്‍ അദ്ധ്യാത്മ രാമായണത്തിന് ഭാരതമാകെ പ്രചാരം സിദ്ധിച്ചതും അന്നു മുതല്‍ക്കാണ്.
മലയാളികളെ ആ ഭക്തിമാര്‍ഗ്ഗത്തിലേക്കു നയിച്ചത് എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണ തര്‍ജ്ജമയും.

ഹിന്ദുവര്‍ഗ്ഗീയ വാദികള്‍ രാമനെ വില്പനച്ചരക്കാക്കി.ഇതിഹാസ കഥാപത്രത്തെ ഒരേസമയം ഈശ്വരാവതാരമായും ചരിത്രപുരുഷനായും അവര്‍ ചിത്രീകരിച്ചു.അദ്ദേഹത്തിന്റെ ജന്മസ്ഥലം വരെ അവര്‍ 'കണ്ടുപിടിച്ചു'കളഞ്ഞു.അതിന്റെ പേരില്‍ സാധാരണക്കാരന്റെ ഭക്തിയും മതവികാരവും ഇളക്കാമെന്നു മനസ്സിലാക്കി.ശ്രീരാമ സേന പോലെയുള്ള ഭീകര സംഘടനകളും പ്രജ്ഞാസിംഗിനെ പോലുള്ള
പ്രജ്ഞാശൂന്യരും ഇതിന്റെ ഉപോല്പന്നങ്ങളാണ്.

രാമജന്മഭൂമയുടെ തീവ്രത നഷ്ടപ്പെട്ടപ്പോഴാണ് രാമസേതു വിഷയം വീണു കിട്ടിയത്.ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള കടലില്‍ സേതു പോലെ കണപ്പെടുന്നത് സീതയെ വീണ്ടെടുക്കാന്‍ ലങ്കയിലേക്കു യുദ്ധത്തിനു പോകാന്‍ ശ്രരാമന്‍ നിര്‍മ്മിച്ച ചിറയാണെന്നും അതുകൊണ്ട് വിശുദ്ധമായ അതിനെ കീറി മുറിച്ചുള്ള സേതു സമുദ്രം പദ്ധതി അനുവദിക്കില്ല എന്നുമാണ് ബിജെപിയും സംഘപരിവാരങ്ങളും വാദിച്ചത്.എങ്ങനെയാണ് കവിഭാവനയെ തങ്ങള്‍ക്കനുകൂലമായ ചരിത്ര സത്യമാക്കി ഇവര്‍ മാറ്റുന്നത് എന്നതിന്റെ മറ്റൊരുദാഹരണമാണിത്.

രാമായണത്തില്‍ വിവരിച്ചിട്ടുള്ളതെല്ലാം ചരിത്ര സത്യമാണെങ്കില്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഈ രാമഗവേഷകര്‍ മറുപടി പറയേണ്ടിവരും.

സമുദ്രം നിര്‍ദ്ദേശിച്ചതനുസരിച്ച് ,വിശ്വകര്‍മ്മാവിന്റെ മകനായ നളന്‍ എന്ന വാനരനാണ് സേതു നിര്‍‍മ്മിച്ചതെന്ന് രാമായണത്തില്‍ വ്യക്തമായി പറയുന്നുണ്ട് .നൂറായിരം കപികളുടെ സഹായത്തോടെ മരവും കല്ലും പാറയും മണലും എല്ലാം കൊണ്ട് "നളന്‍ ചമച്ചാ ശ്രീസേതു മകരാലയ സിന്ധുവില്‍" എന്നു രാമായണം.

ഈ ചിറയില്‍ കൂടി ലങ്കയില്‍ എത്തിയ വാനര സേനയുടെ എണ്ണമറിയണ്ടേ?അനേകായിരം കോടി. ലങ്കയിലെ രാക്ഷസരുടെ സംഖ്യ അതിലും കൃത്യമാണ്.നൂറായിരം കോടി.രണ്ടായിരത്തി ഏഴിലെ(2007) കണക്കനുസരിച്ച് ശ്രീലങ്കയിലെ ആകെ ജനസംഖ്യ രണ്ടു കോടി ഒന്‍പതു ലക്ഷത്തി ഇരുപത്താറായിരത്തി മുന്നൂറ്റി പതിനഞ്ചു (20926315)മാത്രമാണ്.അനേകായിരം കോടി കുരങ്ങുകളും നൂറായിരം കോടി രാക്ഷസരും കൂടി 64740ച.കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ലങ്കയില്‍ എങ്ങനെ ഘോര യുദ്ധം നടത്തിയെന്ന് ശ്രീരാമസേതുവിന്റെ ചരിത്രസാംഗത്യം കണ്ടെത്തി വികാരം കൊള്ളുന്നവര്‍ വിശദീകരിക്കണം.

രാമസേതു ശ്രീരാമന്റെ തൃക്കൈ കൊണ്ടു നിര്‍മ്മിക്കപ്പെട്ടതാണെന്നു സമ്മതിച്ചാല്‍ തന്നെ,അതു നശിപ്പിച്ച് നാമമാത്രാവശിഷ്ടമായി മാറ്റിയത് ഇന്ത്യാ ഗവണ്മെന്റല്ല;പ്രകൃതിയാണ്.ആ നിലയ്ക്ക് ശ്രീരാമ ഭക്തര്‍ പ്രകൃതിക്കെതിരെയല്ലേ ആദ്യം പ്രക്ഷോഭം സംഘടിപ്പിക്കേണ്ടത്?

കുബേരനില്‍ നിന്നു രാവണന്‍ കൈക്കലാക്കിയ പുഷ്പകവിമാനം രാവണ വധത്തോടെ രാമന് അര്‍ഹതപ്പെട്ടതായി.രാമലക്ഷമണന്മാരും സീതയും സുഗ്രീവനും അയാളുടെ പരശതം വാനര സൈനികരും, വിഭീഷണനും ആയിരക്കണക്കിനുള്ള രാക്ഷസ ഭടന്മാരും, എല്ലാം കൂടി ലങ്കയില്‍ നിന്നു അയോദ്ധ്യയിലേക്കു പോയത് ഈ ആകാശയാനത്തിലാണ്.അയോദ്ധ്യയിലെത്തിച്ചേര്‍ന്ന ശേഷം രാമന്‍ അതു കുബേരന് തിരിച്ചു നല്‍കിയെങ്കിലും അദ്ദേഹം പുഷ്പകത്തെ രാമന്റടുക്കലേക്കു തന്നെ മടക്കി അയയ്ക്കുകയാണു ചെയ്തത്.യജമാനന്റെ ആഗ്രഹാനുസരണം വികസിക്കാനും വേഗം ക്രമീകരിക്കാനും കഴിവുള്ളതും"മേരുശൃംഗോപമവും സുവര്‍ണ്ണ ഹര്‍മ്മ്യോജ്വല"വും ആയ പുഷ്പകവും അതുകൊണ്ടുതന്നെ രാമന്റെ സ്വന്തമാണ്.ശ്രീരാമന്റെ ജന്മഗൃഹത്തിന്റെയും സ്ഥാവര ജംഗമ വസ്തുക്കളുടെയും കണക്കെടുപ്പു നടത്തുകയും അതിന്റെ പേരില്‍ കലാപവും വംശഹത്യയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നവര്‍ പുഷ്പകവിമാനത്തെ വിട്ടു കളയുന്നതു ശരിയാണോ?

ശ്രീരാമന്റെ അച്ഛന്‍ ദശരഥന്‍ എത്ര വര്‍ഷം ജീവിച്ചിരുന്നു എന്നു വ്യക്തമല്ല.മകന്റത്രയും കാലം എന്നു കൂട്ടിയാല്‍ രണ്ടുപേരുടെയും കൂടി ജീവിത കാലം ഇരുപത്തീരായിരം(22,000)കൊല്ലമായിരുന്നിരിക്കണം.ദശരഥന്റെ കാലം മുതല്‍ രാമന്റെ കാലശേഷവും വസിഷ്ഠനും തേരാളിയായ സുമന്ത്രരും ജീവിച്ചിരുന്നതായി രാമായണം പറയുന്നു.അതു വിശ്വസിച്ചാല്‍ രണ്ടുപേരുടെയും ആയുസ്സ് ഇരുപത്തീരായിരം വര്‍ഷത്തിനു മേലായിരിക്കണം.വസിഷ്ഠന്‍ മഹര്‍ഷി ആയതുകൊണ്ട് അതില്‍ കൂടുതല്‍ വര്‍ഷം ജീവിച്ചിരിക്കുമെന്നു ഭക്തര്‍ വാദിച്ചേക്കാം.പക്ഷേ തേരാളിയുടെ ആയുര്‍ ദൈര്‍ഘ്യത്തിന് എന്തു വിശദീകരണമാണു നല്‍കുക?

രാമനെയും രാമായാണത്തെയും നേട്ടങ്ങള്‍ക്കു വേണ്ടി കരുവാക്കുന്നവര്‍ വസ്തുതകള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കാത്തതു കൊണ്ട് മാത്രമാണു കലഹത്തിനു തുനിയുന്നത് എന്നു കരുതുക വയ്യ.ബോധപൂര്‍വ്വം അവര്‍ കെട്ടുകഥകള്‍ മെനയുകയാണ്.കല്പിത കഥയെ ചരിത്രമായി വ്യാഖ്യാനിക്കുകയാണ്.അങ്ങനെയാണ് രാമന്റെ രാമജന്മഭൂമി,രാമസേതു തര്‍ക്കങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്.സദാചാരത്തിന്റെ കാവലിനായി ശ്രീരാമ സേനകളെ സംഘടിപ്പിക്കുന്നത്.


Fans on the page

Saturday, February 7, 2009

അധികാരിയും അടിയാനും

രണ്ടു ദിവസം മുമ്പു തിരുവനന്തപുരത്തു ചെയ്ത ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ഏറെ സമയവും മുഖ്യമന്ത്രിയെ ആക്ഷേപിക്കാനും ശകാരിക്കാനും പരിഹസിക്കാനും കമ്യൂണിസം പഠിപ്പിക്കാനുമാണ് മന്ത്രി ജി. സുധാകരന്‍ ശ്രമിച്ചത്.പ്രസംഗം ശ്രവിച്ച സകലര്‍ക്കും അതു മനസ്സിലാവുകയും ചെയ്തു.പക്ഷേ തൊട്ടടുത്ത ദിവസം നവകേരള യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ
പത്രസമ്മേളനത്തില്‍ സ.പിണറായി വിജയന്‍ വ്യാഖ്യാനിച്ചത്," സുധാകരന്‍ വിമര്‍ശിച്ചത് സോമനാഥ് ചാറ്റര്‍ജിയെ ആണ്." എന്നാണ്.

അടുത്തദിവസം മാദ്ധ്യമക്കാര്‍, പിണറായി ഇങ്ങനെയാണല്ലോ പറഞ്ഞത് എന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ സുധാകരന്റെ മറുപടി ഇപ്രകാരം:"പിണറായി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ശരിയാണ്."

വര്‍ഷങ്ങള്‍ മുമ്പ്,കേരളത്തില്‍ ജന്മി കുടിയാന്‍ സമ്പ്രദായം നിലനിന്ന കാലം.അന്നത്തെ അംശം അധികാരി എന്നു വച്ചാല്‍ ചെറിയ രാജാവാണ്. അധികാരിയുടെ മകളുടെ കല്യാണം.അധികാരിയുടെ 'സാമ്രാജ്യാ'തിര്‍ത്തിയിലുള്ള സകലമാന പേരും കാഴ്ചദ്രവ്യങ്ങളുമായി അയാളുടെ വീട്ടിലെത്തി.അധികാരിയുടെ ആശ്രിതനും കുടികിടപ്പുകാരനുമായ കണ്ടങ്കോരനും തമ്പ്രാന്റെ
സവിധത്തിലെത്തി.കണ്ടങ്കോരന്‍ പട്ടിണിക്കരനാണെങ്കിലും മക്കളെല്ലാം പഠിക്കാന്‍ അതി സമര്‍ത്ഥര്‍.അധികാരിയുടെ സന്താനങ്ങളോ തിരുമണ്ടന്മാര്‍!

അധികാരിയും മറ്റു പ്രമാണിമാരും വെടി പറഞ്ഞിരിക്കുമ്പോഴാണ് കണ്ടങ്കോരന്റെ വരവ്.കാഴ്ചവസ്തുക്കള്‍ സ്വീകരിച്ച ശേഷം സംഭാഷണം പിള്ളേരുടെ പഠിത്തക്കാര്യത്തിലേക്കു കടന്നു."ഇവന്മാര്‍ക്കൊക്കെ ഇത്ര ബുദ്ധിമാന്മാരായ കുട്ടികളൊണ്ടാകുന്നതെങ്ങനെ?"
ഒരു പ്രമാണിയുടെ സംശയം.അധികാരി സംശയം മാറ്റി:"അതു നമ്മടെ പിള്ളേരായിരിക്കും"ഉറപ്പു വരുത്താനായി കണ്ടങ്കോരനോട്, "അല്ലേ കണ്ടങ്കോര?" എന്ന് ഒരു ചോദ്യം കൂടി.കേള്‍ക്കാത്ത താമസം,ആശ്രിതന്‍മറുപടി കൊടുത്തു:"ആയിരിക്കുവേ."

കേരളത്തില്‍ നിയമം മൂലം ജന്മിത്തം അവസാനിപ്പിച്ച് അടിയാളന്മാരെ മോചിപ്പിച്ച പാര്‍ട്ടിയുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന ഈ മന്ത്രി,കണ്ടങ്കോരനെപ്പോലുള്ള അടിയാന്മാരുടെ വംശം കുറ്റിയറ്റു പോയിട്ടില്ലെന്നു തെളിയിച്ചിരിക്കുന്നു.


Fans on the page

Wednesday, February 4, 2009

നവകേരളയാത്രയും നവകമ്യൂണിസവും

"അയാം ദ സ്റ്റേറ്റ് " ...ലൂയി പതിന്നാലാമന്‍
"ഇന്ദിരയാണ് ഇന്ത്യ" ...അടിയന്തിരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ്സ് മുഴക്കിയ മുദ്രാവാക്യം.
"പ്രസ്ഥാനം എന്നു വച്ചാല്‍ പെണറായി ആണ്."...സ.പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്രയിലെ ജാഥാംഗവും
സിപിഐ(എം) സംസ്ഥാനകമ്മിറ്റി അംഗവുമായ സ.ഇപി.ജയരാജന്‍.

"കമ്യൂണിസ്റ്റുകള്‍ ഒരിക്കലും നേതാക്കളെ വിമര്‍ശനത്തിനതീതരായി കാണുകയില്ല.നേതാക്കളെ തെറ്റാവരമുള്ള ദൈവമായി കാണുകയില്ല.കമ്യൂണിസ്റ്റുകാര്‍ക്ക് നേതാവ് കൊമ്പനാനയല്ല.നേതാവിനെ ബിംബമായി പ്രതിഷ്ഠിച്ച് ആരാധന നടത്തില്ല."
...തോപ്പില്‍ ഭാസി.

"തൊഴിലാളി പ്രസ്ഥാനമാകട്ടെ ബഹുഭൂരിപക്ഷം ബഹുഭൂരിപക്ഷത്തിന്റെ താല്പര്യത്തിനു വേണ്ടി നടത്തുന്ന,സ്വതന്ത്രവും ബോധപൂര്‍വ്വവുമായ ഒരു പ്രസ്ഥാനമാണ്."...കമ്യൂണിസ്റ്റു മാനിഫെസ്റ്റോ.


Fans on the page