Total Pageviews

Thursday, October 22, 2009

മോഹന്‍ലാലിനോടു പറയാം



വര്‍ത്തമാനകാല മലയാളിയുടെ ആശങ്കകളും ആകുലതകളും തന്റെ ബ്ലോഗില്‍ പകര്‍ത്തുന്ന
മോഹന്‍ലാല്‍ ആത്മഗതമെന്നോണം ഉരുവിടുന്നു: "ആരോടു പറയാന്‍?" എന്ന്.സാധാരണ
കേരളീയന്‍ നേരിടുന്ന പ്രശ്നങ്ങള്‍ അല്പം പോലും അഭിനയം കലര്‍ത്താതെയാണ് ഈ സമര്‍ത്ഥനായ നടന്‍ അവതരിപ്പിക്കുന്നത്."കൂട്ടത്തില്‍ നിന്നു മാറി മലയാളിയെയും നമ്മുടെ സമൂഹത്തെയും നിരീക്ഷിച്ച"ആദ്ദേഹം കണ്ടെത്തുന്നത് നൂറു ശതമാനവും സത്യമാണ്.

ശുചിത്വത്തിനും വിദ്യാഭ്യാസത്തിനും രാഷ്ട്രീയ ബോധത്തിനും മറ്റും പേരുകേട്ട കേരളം ഇപ്പോള്‍ അക്രമികളും സാമൂഹിക വിരുദ്ധരും അഴിഞ്ഞാടുന്ന സ്ഥലമായി മാറിയിരിക്കുന്നു.യുവാക്കള്‍ ചോരയുടെ വഴിയിലൂടെ പോകുന്നു.റോഡും തോടും നദിയും മൈതാനവും എല്ലാം മലയാളി
മലിനമാക്കിക്കൊണ്ടിരിക്കുന്നു.റോഡുകള്‍ മിക്കതും സഞ്ചാരയോഗ്യമല്ലാത്ത വിധം കുണ്ടും കുഴിയും നിറഞ്ഞിരിക്കുന്നു.ഇതിനൊക്കെ പരിഹാരം കാണുവാന്‍ ചുമതലപ്പെട്ട ഭരണാധികാരികള്‍ തമ്മില്‍ തല്ലി കാലം കഴിക്കുന്നു.തുടങ്ങിയ നിരീക്ഷണങ്ങളാണ് ''ആരോടു പറയാന്‍?'' എന്ന ചോദ്യം ഉന്നയിക്കാന്‍ മോഹന്‍ലാലിനെ പ്രേരിപ്പിച്ചത്.

ആ ചോദ്യത്തില്‍ നിസ്സഹായതയും ആശങ്കയും മാത്രമല്ല;ഉദാസീനമായ ഭരണക്കാരോടുള്ള അവജ്ഞയും പ്രകടമാകുന്നുണ്ട്.ശരാശരി കേരളീയന്റെ മനസ്സില്‍ ഇന്ന് നിരന്തരം ഉയര്‍ന്നു കൊണ്ടിരിക്കുന്ന ചോദ്യമാണ് അദ്ദേഹം ഉറക്കെപ്പറഞ്ഞത്.പക്ഷേ യുവാക്കളുടെ അക്രമ വാസനയുടെ വ്യാപനം തടയുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്ന കാര്യം ആരോടു പറയാന്‍ എന്നു ചോദിച്ചാല്‍ അതിന് സാധാരണക്കാരനു പെട്ടന്നുള്ള ഉത്തരം "മോഹന്‍ലാലിനോട് പറയാം" എന്നായിരിക്കും.അല്ലെങ്കില്‍ മമ്മൂട്ടിയോടോ സുരേഷ് ഗോപിയോടോ പറയാം എന്നായിരിക്കും.

കാരണം ഗുണ്ടാകളെയും അധോലോക നായകന്മാരെയും മഹത്വവല്ക്കരിക്കുന്ന എത്ര നായക
വേഷങ്ങളാണ് ഇവര്‍ മലയാള സിനിമയില്‍ കെട്ടിയാടിയത്?ഇപ്പോഴും ആടിക്കൊണ്ടിരിക്കുന്നത്?
പോലീസ് ഓഫീസര്‍മാരെ വഴിയിലിട്ടടിക്കുന്നവന്‍;പോലീസ് കുപ്പായമൂരി അധോലോകത്തിന്റെ
കിരീടം ചൂടുന്നവന്‍;എതിരാളിയുടെ കൈയ്യും കാലും ഒന്നൊന്നായി വെട്ടിയെടുക്കുന്നവന്‍;തുടങ്ങി
അക്രമത്തിന്റെ ആള്‍ രൂപങ്ങളായവരെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് ഫലിപ്പിച്ച ഒരാളാണ്
മോഹന്‍ലാല്‍.ഇതു കണ്ടു വളരുന്ന മലയാളത്തിന്റെ കൗമാരവും യൗവനവും ചോരയുടെ വഴിയിലൂടെ സഞ്ചരിക്കുന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമുണ്ടോ?തങ്ങളുടെ ആരാധനാപാത്രമായ താരത്തിനെ അനുകരിക്കാന്‍ യുവാക്കള്‍ ശ്രമിക്കുക സ്വാഭാവികമാണ്.

മോഹന്‍ലാല്‍ ചൂണ്ടിക്കാണിച്ച പലതിനും പരിഹാരം കാണാന്‍ നമ്മള്‍ വിചാരിച്ചാല്‍ കഴിയില്ല.എങ്കിലും യുവാക്കളെ അക്രമങ്ങളിലേക്ക് ആകര്‍ഷിക്കുന്ന കഥാപാത്രങ്ങളായി എന്തു പ്രലോഭനമുണ്ടായാലും അഭിനയിക്കില്ല എന്ന് അദ്ദേഹവും മറ്റു താരങ്ങളും നടന്മാരും തീരുമാനിച്ചാല്‍,ഒരു പ്രശ്നത്തിന് അല്പമെങ്കിലും മുക്തിയുണ്ടാകും.

തമിഴ് നാട്ടിനെ കവച്ചു വയ്ക്കുന്ന താരാരാധനയ്ക്ക് കേരളം വിളനിലമാകാന്‍ ഒരുങ്ങുകയാണോ
എന്ന് ചില സമീപകാലസംഭവ വികാസങ്ങള്‍ കാണുമ്പോള്‍ തോന്നിപ്പോകുന്നു.അതിനു മുന്‍ കൈ എടുക്കുന്നത് ചെറുപ്പക്കാരാണ്.ആ നിലയ്ക്ക് രാജ്യത്തിന്റെ ഭാവി കരുപ്പിടിപ്പിക്കേണ്ട അവരെ ക്കൂടി കണ്ടുകൊണ്ടു വേണം സാമൂഹിക ദുരിതങ്ങളില്‍ ഉരുകുന്ന മനസ്സുള്ള മോഹന്‍ലാലിനെപ്പോലുള്ളവര്‍ അഭിനയമുള്‍പ്പെടെ പൊതുജനശ്രദ്ധ പതിയുന്ന കാര്യങ്ങളില്‍ പങ്കെടുക്കേണ്ടത്.

അടുത്തകാലത്ത് അദ്ദേഹം ഒരു ആള്‍ദൈവത്തിന്റെ കാല്‍ക്കല്‍ കുമ്പിടുന്നതു കാണുകയുണ്ടായി.
യഥാസമയം പിടിക്കപ്പെട്ടിരുന്നെങ്കില്‍ സന്തോഷ് മാധവന്‍,ദിവ്യാ ജോഷി,കൊട്ടിയത്തമ്മ,
തുടങ്ങിയ ആള്‍ദൈവങ്ങളുടെ ഗതി തന്നെ വരുമായിരുന്ന ഈ വ്യാജദൈവത്തിന്റെ വിനീതഭക്തനായി മാറിയപ്പോള്‍ തെറ്റായ സന്ദേശമാണ് അദ്ദേഹം തന്റെ ആരാധകര്‍ക്ക് നല്‍കിയത്.അമ്മദൈവം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അനുകരണീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കള്ളക്കടത്തുകാരും കരിഞ്ചന്തക്കാരും അധോലോക നായകരും സമൂഹ മദ്ധ്യത്തില്‍ മാന്യത നേടാനും നികുതി വെട്ടിക്കാനും കൊള്ളരുതായ്മകള്‍ക്കു മറയിടാനും ചെയ്യുന്ന സൂത്രപ്പണിയാണ് "ജീവകാരുണ്യ പ്രവര്‍ത്തനം"എന്ന കെട്ടു കാഴ്ച.

ചെറുകിട വ്യാപാരികള്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ വര്‍ഷം തോറും വരുമാനത്തിന്റെ കണക്കു ബോധിപ്പിക്കുകയും നികുതി അടയ്ക്കുകയും ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ നടപടിയുണ്ടാകും.വള്ളിക്കാവിലെ ഒരു നിര്‍ദ്ധനകുടുംബത്തില്‍ പിറന്ന ഈ മനുഷ്യ ദൈവത്തിന്
നൂറുകണക്കിന് മോഹന്‍ലാല്‍ മാരെ വിലയ്ക്കെടുക്കുവാനും കോടികള്‍ ദാനം ചെയ്യുവാനുമുള്ള
ആസ്ഥി എങ്ങനെ ഉണ്ടായി?അവര്‍ക്ക് ഇത്തരം സര്‍ക്കാര്‍ നിയമങ്ങള്‍ ബാധകമല്ലേ?
വരുമാനത്തിന്റെ സ്രോതസ് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ഡോ.സുകുമാര്‍ അഴീക്കോടിന്റെ വീടാക്രമിക്കാന്‍ ആളെ വിട്ടാണ് "അമ്മയും"മക്കളും കൂടി അനുഗ്രഹം ചൊരിഞ്ഞത്.

ഇവരുടെ മെഡിക്കല്‍ കോളജില്‍ എം .ബി.ബി.എസ്.അഡ്മിഷനു നാല്പതും അന്‍പതും ലക്ഷം കോഴ കൊടുക്കണം.സ്കൂളിലെ അദ്ധ്യാപകര്‍ക്ക് പതിനായിരത്തിന് ഒപ്പിടുവിച്ചിട്ട് ആറായിരമാണു ശമ്പളമിനത്തില്‍ നല്‍കുന്നത്.അങ്ങനെ തട്ടിപ്പറിച്ചും മറ്റ് അവിഹിത മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചും കുന്നുകൂട്ടുന്ന പണം ദാനം ചെയ്യുന്നത് മഹത്വമായി കണ്ടു വാഴ്ത്തുന്നത് ആശാസ്യമല്ല.

ഒരു പൊതു പരിപാടിക്കു വിളിച്ചാല്‍, വിളിക്കുന്ന ആളിന്റെ ജാതകം തിരക്കേണ്ട കാര്യമുണ്ടോ എന്ന്
ചോദിച്ചേക്കാം.ക്ഷണിക്കപ്പെറ്റുന്നവര് വലിയ ഒരു യുവസമൂഹം ആരാധിക്കുന്ന വ്യക്തികളും പൊതു പ്രവര്‍ത്തകരും ആണെങ്കില്‍,തങ്ങളെ മുതലെടുക്കാനാണോ ഈ ക്ഷണം എന്ന് അന്വേഷിക്കുക തന്നെ വേണം.അങ്ങനെ അന്വേഷിച്ചതുകൊണ്ടാണ് മുമ്പ് ഒരു കേരളാ ഗവര്‍ണ്ണര്‍ ഇവരുടെ ക്ഷണം നിരസിച്ചത്.കര്‍ണ്ണാടകക്കാരനായ അദ്ദേഹത്തിന്റെ സെക്യൂരിറ്റി ചുമതലയുണ്ടായിരുന്ന ഐ.പി.എസ്.ഓഫീസര്‍ മുമ്പ് കൊല്ലം എസ്പി ആയിരുന്നു.അതുകൊണ്ട് വള്ളിക്കാവിലെ വിക്രിയകള്‍ അദ്ദേഹത്തിനറിയാമായിരുന്നു.ഒരു ഗവര്‍ണ്ണറേക്കാള്‍ എത്രയോ അധികം സ്വാധീനം മോഹന്‍ലാലിനെ പോലുള്ള അനുഗൃഹീത നടന്മാര്‍ക്ക് ജനങ്ങള്‍ക്കിടയിലുണ്ട് !

വെറുമൊരു വരുമാന മാര്‍ഗ്ഗം മാത്രമായി അഭിനയത്തെ കാണുന്നവനും സാമൂഹിക പ്രശ്നങ്ങളില്‍
ഉദാസീനനും ആയ വ്യക്തി അല്ല മോഹന്‍ലാല്‍ എന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന്
വ്യക്തമായതു കൊണ്ട് ഇത്രയും പറയാതെ വയ്യ.
Fans on the page

Wednesday, October 14, 2009

മാറിയ വാല്മീകി


അമ്പേറ്റു വീഴുന്ന പെണ്‍ പക്ഷിയെ
ക്കണ്ടകം പൊള്ളി മിണ്ടാത
നങ്ങാതെ നില്‍ക്കേ,
'അരുതരുതു കാട്ടാള'എ-
ന്നരുളിയെത്തുന്നി-
തന്‍ പിന്റെയാള്‍ രൂപമാകും
മഹാമുനി.

നീറുന്ന മുറിവില്‍ തലോടിയും
നോവുന്ന മനസ്സിന്നു സാന്ത്വന
മേകിയും മുനിവരന്‍

അവളെയുമെടുത്തുകൊ
ണ്ടാശ്രമത്തിങ്കലേ
ക്കതിവേഗം പോകുകയായി.

കരുണയുടെ കടലിന്റെ
തിരമാലയില്‍ പെട്ടു
മൃതി തോറ്റു പിന്മാറി
കലപിലകള്‍ പാടിപ്പറന്നു പോം
കിളിയെന്നു വിശ്വസിച്ചാശ്വസിക്കേ

മുനികുടീരത്തില്‍ നിന്നുയരുന്നു
നേര്‍ത്തുള്ള മരണക്കരച്ചിലും
പുകയും നനുത്ത പൊന്‍ തൂവലും.
Fans on the page

Saturday, October 3, 2009

സ്വദേശാഭിമാനിയുടെ നാടു കടത്തലും വക്കം മൗലവിയും



സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചു കൊണ്ടിരിക്കുകയാണല്ലോ.സ്വതന്ത്രമായ പത്രപ്രവര്‍ത്തനത്തിന്റെ രക്തസാക്ഷിയായിത്തീര്‍ന്ന
ധീരനായ പോരാളിയായി ലോകം രാമകൃഷ്ണപിള്ളയെ വാഴ്ത്തുമ്പോള്‍ "സ്വദേശാഭിമാനി" എന്ന
പത്രം സ്ഥാപിച്ച വക്കം മൗലവിയെ മിക്കവരും ഓര്‍ക്കാറേ ഇല്ല.പത്രാധിപര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു കൊടുത്ത വക്കം അബ്ദുള്‍ ഖാദര്‍ മൗലവി എന്ന പത്ര ഉടമയെ ഈ സന്ദര്‍ഭത്തില്‍
ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി ഉദ്ബോധിപ്പിച്ചതു കൊണ്ടാകാം, ചില പത്രങ്ങളെങ്കിലും വഴിപാടു പോലെ മൗലവിയെ പരാമര്‍ശിക്കുകയുണ്ടായി.

നാടുകടത്തലിനെക്കുറിച്ചു ഒരു വലിയ പത്രത്തില്‍ വന്ന ലേഖനത്തില്‍,വക്കം മൗലവിയുടെ പത്ര പ്രവര്‍ത്തന ശൈലിയില്‍ ആകൃഷ്ടനായ രാമകൃഷ്ണപിള്ള, അദ്ദേഹവുമായി ചേര്‍ന്ന്"സ്വദേശാഭിമാനി"
പ്രസിദ്ധീകരണമാരംഭിച്ചു എന്നാണ് തട്ടിവിട്ടിരിക്കുന്നത്.സ്വദേശാഭിമാനിയുടെ രണ്ടാമത്തെയും അവസാനത്തെയും പത്രാധിപരായിരുന്നു കെ.രാമകൃഷ്ണപിള്ള.1905 ജനുവരി 19 ന് ആണ് സ്വദേശാഭിമാനിയുടെ ആദ്യപ്രതി പുറത്തിറങ്ങുന്നത്.അന്ന് പത്രാധിപര്‍ ചിറയിന്‍ കീഴ് സി.പി ഗോവിന്ദപ്പിള്ള.പത്രം തുടങ്ങുന്നതിനു മുമ്പ് 1904 -ഓഗസ്റ്റില്‍ മൗലവി സ്ഥാപിച്ച പ്രസ്സിന്റെ പേരും 'സ്വദേശാഭിമാനി'എന്നായിരുന്നു.കെ.രാമകൃഷ്ണ പിള്ള എന്ന സ്വന്തം പേരിനേക്കാള്‍ പ്രശസ്തമായി തീര്‍ന്ന 'സ്വദേശാഭിമാനി'നാമം വക്കം മൗലവിയുടെ സംഭാവനയാണെന്നു സാരം.പക്ഷെ പത്രത്തെയും പത്ര മുതലാളിയെയും അതിവര്‍ത്തിച്ച് ധീരനായ പത്രാധിപരുടെ പര്യായമായി ആ പേരിനെ വളര്‍ത്തിയതിന്റെ ക്രഡിറ്റ് രാമകൃഷ്ണപിള്ളയ്ക്കു തന്നെയാണ്.

ഒന്നര നൂറ്റാണ്ടിലേറെ നീണ്ട മലയാള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഒരിടത്തും പത്രാധിപര്‍ക്ക്
ഇത്രയധികം സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്ത ഒരു പത്രഉടമയെ കണ്ടെത്താന്‍ കഴിയില്ല.
പത്രസ്വാതന്ത്ര്യം എന്നത് പത്ര മുതലാളിയുടെ സ്വാതന്ത്ര്യമാണെന്ന് പി.കെ.ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.പല പത്രങ്ങളിലും പ്രവര്‍ത്തിച്ച അനുഭവത്തില്‍ നിന്നാണദ്ദേഹം അത്തരം ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.നൂറുശതമാനം സത്യമാണ് അദ്ദേഹത്തിന്റെ പ്രസ്താവന.ബൂര്‍ഷ്വാ
പത്രങ്ങള്‍ക്കേ ഈ പരാമര്‍ശം ബാധകമാകയുള്ളു എന്ന് അടുത്ത കാലം വരെ പലരും കരുതി.
എന്നാല്‍ ഉടമകളുടെ മനോഭാവത്തിന് പാര്‍ട്ടിഭേദമില്ലെന്ന് മുഖ്യമന്ത്രിയുടെ അനുഭവം തെളിയിക്കുന്നു.
അതുകൊണ്ടു കൂടിയാകാം പത്രാധിപരുടെ നാടുകടത്തലിന്റെ അനുസ്മരണത്തിനിടെ പത്രമുതലാളിയേയും അദ്ദേഹം ഓര്‍ത്തത്.

പത്രാധിപരുടെ സ്വാതന്ത്ര്യത്തില്‍ യാതൊരു വിധ കൈകടത്തലും വക്കം മൗലവി നടത്തിയിരുന്നില്ല.
അത്തരമൊരു ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സ്വദേശാഭിമാനിയുടെ' സാരഥ്യം ഏറ്റെടുക്കാന്‍ കെ രാമകൃഷ്ണപിള്ള തയ്യാറായതു തന്നെ.'കേരള പഞ്ചിക','മലയാളി'തുടങ്ങിയവയുടെ പത്രാധിപരായിരിക്കേ
ഉണ്ടായ കയ്പേറിയ അനുഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു.
പൂര്‍ണ്ണമനസ്സോടെ മൗലവി അത് അംഗീകരിച്ചു.അങ്ങനെയാണ് പത്രപ്രവര്‍ത്തന രംഗത്തെ ആ അപൂര്‍വ്വ ബന്ധം ഉടലെടുത്തത്.

പത്രപ്രസിദ്ധീകരണം ലാഭമുണ്ടാക്കാനുള്ള ഉപാധി ആയി തരിമ്പും കരുതിയിട്ടില്ലാത്ത വ്യക്തിയായിരുന്നു വക്കം മൗലവി."സ്വദേശാഭിമാനിയുടെ പ്രവൃത്തി കൊണ്ട് ജനങ്ങള്‍ക്ക്‌ ക്ഷേമമുണ്ടാക്കണമെന്നാണ് ഞങ്ങളുടെ ഉദ്ദേശ്യം.ഈ ഉദ്ദേശ്യം സാധിക്കാന്‍ ഞങ്ങള്‍ യഥാശക്തി ശ്രമിക്കുക തന്നെ ചെയ്യും.
ഞങ്ങള്‍ക്കുണ്ടാകുന്ന വല്ല ആപത്തുകളെയും ഭയന്ന് പൊതുജന സങ്കടങ്ങളെ ഞങ്ങള്‍ മറച്ചു വയ്ക്കുന്നതല്ല.നിശ്ചയം." എന്ന് ആദ്യ ലക്കത്തില്‍ തന്നെ പ്രഖ്യാപിച്ച പത്രത്തിന്റെ ഉടമയ്ക്ക് വ്യക്തമായ ലക്ഷ്യം ഉണ്ടായിരുന്നു എന്ന് വിശദീകരിക്കണ്ട ആവശ്യമില്ല.ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പറ്റിയ പത്രാധിപരെ അദ്ദേഹം കണ്ടെത്തുകയായിരുന്നു.

താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കേമനായ പത്രാധിപരാണ് കെ.രാമകൃഷ്ണപിള്ള എന്ന് വളരെ വേഗം
മൗലവിക്കു ബോദ്ധ്യമായി.സന്തോഷപൂര്‍വ്വം അദ്ദേഹത്തിന് എല്ലാ സഹായവും ചെയ്തു കൊടുത്തു.
സ്വാതന്ത്ര്യം ജീവവായുവായി കരുതിയ പത്രാധിപര്‍ക്ക് അതിന് അനുഗുണമായ സാഹചര്യമാണ്
സ്വദേശാഭിമാനിയില്‍ നിന്നും ലഭിച്ചത്.ഒരു നിയന്ത്രണവും അദ്ദേഹത്തിനു മേല്‍ ഉണ്ടായിരുന്നില്ല.
ശ്രീമൂലം തിരുനാളിന്റെ കാലത്തു ദിവാനായിരുന്ന പി. രാജഗോപാലാചാരിയുടെ നടപടികളെ
വിമര്‍ശിച്ചെഴുതിയ മുഖപ്രസംഗമായിരുന്നു സ്വദേശാഭിമാനിയുടെ കണ്ടുകെട്ടലിലും പത്രാധിപരുടെ
നാടു കടത്തലിലും കൊണ്ടുചെന്നെത്തിച്ചത്.

"വിശാഖം തിരുനാള്‍ തിരുമനസ്സു കൊണ്ടായിരുന്നെങ്കില്‍ മിസ്റ്റര്‍ ആചാരിയുടെ ഇന്നത്തെ കുറ്റത്തില്‍ തിരുമനസ്സിലെ കുതിരക്കാരന്റെ കവിഞ്ചി കൊണ്ട് ഈ മന്ത്രിസ്ഥാന വ്യഭിചാരിയുടെ തൊലി പൊളിച്ചു
വിടുമായിരുന്നു എന്നതില്‍ ഞങ്ങള്‍ക്കു സന്ദേഹമില്ല" എന്നിങ്ങനെ നീണ്ട ആ മുഖപ്രസംഗത്തിന്റെ
കൈയ്യെഴുത്തു പ്രതി മൗലവിയുടെ സഹോദരന്‍ കാണാനിടയായി.ഭയന്നു വിറച്ച അയാള്‍ അതു പ്രസിദ്ധീകരിക്കാന്‍ അനുവദിക്കരുതെന്ന് ജ്യേഷ്ഠനോട് പറഞ്ഞുനോക്കിയെങ്കിലും ഫലമുണ്ടായില്ല.
ഒരക്ഷരം പോലും മാറ്റാതെ അച്ചടിക്കാന്‍ കൊടുത്തു.

ശ്രീമൂലം തിരുനാളിന്റെ കാലശേഷം സ്വദേശാഭിമാനി മടക്കി കിട്ടുന്നതിന് അപേക്ഷിക്കാന്‍ പലരും മൗലവിയെ നിര്‍ബ്ബന്ധിച്ചു."എന്റെ പത്രാധിപരില്ലാത്ത 'സ്വദേശാഭിമാനി' എനിക്കെന്തിനാണ്?"
എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എത്ര വലിയ പത്രാധിപരായാലും തങ്ങളുടെ വരുതിക്കു നിന്നില്ലെങ്കില്‍ വച്ചുപൊറുപ്പിക്കാത്ത, പുതിയതും
പഴയതുമായ പത്രമുതലാളിമാരെ മാത്രം കണ്ടു പരിചയിച്ചവര്‍ക്ക് വക്കം മൗലവി എന്ന
സംസ്ക്കാരചിത്തനായ പത്രം ഉടമയെ മനസ്സിലാകില്ല.

Fans on the page