Total Pageviews

Wednesday, November 28, 2012

ഹാരിസൺ മലയാളം പേടി
പുലിപ്പേടി,പനിപ്പേടി,മഴപ്പേടി, പ്രേതപ്പേടി തുടങ്ങിയ നിരവധി പേടികളെപ്പറ്റി കേട്ടിട്ടുണ്ട്.മനുഷ്യർ വ്യക്തികളെന്ന നിലയിൽ അനുഭവിക്കുന്ന ഭയങ്ങളാണിവയൊക്കെ.ഇപ്പോൾ പുതിയ ഒരു പേടി ഉണ്ടായിരിക്കുന്നു.അത് ഹാരിസൺ മലയാളം പേടിയാണു.ഇത് ജഡ്ജിമാരെ മാത്രം പിടികൂടുന്ന ഭയമാണത്രെ.സർക്കാരും ഹാരിസൺ മലയാളം പ്ലാന്റേഷനുമായുള്ള കേസ്സിൽ വാദം കേൾക്കുകയും വിധി പറയുകയും ചെയ്യേണ്ട ജഡ്ജിമാർ ഓരോരുത്തരായി പിൻ വാങ്ങിക്കൊണ്ടിരിക്കുകയാണു.ഇപ്പോൾ ഒഴിഞ്ഞുമാറിയത് ആറാമത്തെ ജഡ്ജിയാണുപോലും.ചീഫ്ജസ്റ്റിസ് നിയോഗിച്ച ഹൈക്കോടതി ഡിവിഷൻബഞ്ചിലെ ജഡ്ജിമാരാണു ഓരോരുത്തരായി പിന്മാറിക്കൊണ്ടിരിക്കുന്നത്.കേസ് ഇങ്ങനെ അനിശ്ചിതമായി നീണ്ടുപോകുന്നതു മൂലം സർക്കാർ നടപടികൾ എല്ലാം അവതാളത്തിലായിരിക്കുകയാണു.എന്നിട്ടും യാതൊരു കാരണവും ചൂണ്ടിക്കാണിക്കാതെയുള്ള ജഡ്ജിമാരുടെ പിന്മാറ്റം ജനങ്ങളുടെയിടയിൽ ഒരുപാട് സംശയങ്ങൾക്ക് ഇടകൊടുത്തിട്ടുണ്ട്.

സംസ്ഥാനത്തെ പരമോന്നത നീതിപീഠം ഇങ്ങനെ സംശയത്തിന്റെ നിഴലിൽ നില്ക്കുന്നത് ആർക്കും നല്ലതല്ല.നീതി തേടിയുള്ള യാത്രയിൽ സാധാരണക്കരന്റെ അവസാനത്തെ ആശ്രയമാണു കോടതി.ഭരണകൂടങ്ങൾ പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വഴങ്ങി അനീതിയ്ക്കു കൂട്ടുനില്ക്കുന്ന അവസ്ഥയാണു ഇന്നു രാജ്യത്തു നിലനില്ക്കുന്നത്.അതിന്നു തടയിടാൻ കഴിയുന്ന കോടതികൾ നിസ്സഹായത വെളിപ്പെടുത്തുന്ന മട്ടിൽ പെരുമാറിയാൽ ജനങ്ങൾ ഭീതിയിലാകും.വൈകിയെത്തുന്ന നീതി നിഷേധിക്കപ്പെട്ട നീതിയ്ക്കു തുല്യമാണു.സർക്കാരിന്റെ അനുഭവം പോലും ഇങ്ങനെയാകുമ്പോൾ സാധാരണക്കാരന്റെ സ്ഥിതി എന്താകും എന്ന് സ്വാഭാവികമായും ആരും ചോദിച്ചു പോകും.

കോടതിയലക്ഷ്യത്തിന്റെ ബ്രഹ്മാസ്ത്രം ഭയന്ന് ആരും ഒന്നും പറയാത്തതാണു.അതിനെപ്പോലും കൂസാതെ വിടുവായത്തം പുലമ്പുന്ന രാഷ്ട്രീയ നേതാക്കന്മാർ പോലും എതിർ കക്ഷി ഹാരിസൺ മലയാളം ആയതുകൊണ്ട് മൗനം പാലിക്കുകയാണു.എന്തിന്റെ പേരിലായാലും ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടുന്നത്  ന്യായാധിപർക്കു ഭൂഷണമല്ല.കേസ്സുകൾ തീർപ്പു കല്പിക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത തന്നെ ഇല്ലാതാക്കും.Fans on the page

Saturday, November 17, 2012

മലയാളത്തെ അപമാനിക്കരുത്
ഭാഷാ സ്നേഹികളുടെ ചിരകാലാഭിലാഷമായിരുന്ന മലയാളം സ ർവ്വകലാശാല നിലവിൽ വന്നതോടെ മലയാളം ലോകഭാഷകളുടെ നിറുകയിൽ എത്തി എന്നാണു മുഖ്യമന്ത്രിമുതൽ പ്രൈമറി അദ്ധ്യാപകർ വരെ പറഞ്ഞുനടക്കുന്നത്.ചില മലയാളം പ്രൊഫസർമാരുടെ മട്ടും ഭാവവും കണ്ടൽ ഇതില്പരം ഒരു സായൂജ്യം ഇനി വരാനില്ലെന്നാണു തോന്നുക.മറ്റു മൂന്നു ദക്ഷിണേന്ത്യൻ ഭാഷകളായ കന്നട,തെലുങ്ക്, തമിഴ് എന്നിവയ്ക്ക് സർവ്വകലാശാലകൾ ഉണ്ടായിട്ട് ദശാ
ബ്ദങ്ങൾ ആയി.എന്നിട്ടും നമുക്ക് മലയാള സർ വ്വകലാശാല സ്ഥാപിക്കാൻ ഈ നവംബർ ഒന്നു വരെ കഴിഞ്ഞിരുന്നില്ല.അതുകൊണ്ട് മറ്റുള്ളവരുടെ മുഖത്ത് നോക്കിയിട്ടു തന്നെ ദശാബ്ദങ്ങളായെന്നാണു നമ്മുടെ മുഖ്യമന്ത്രി പോലും പറയുന്നത്.എന്തൊരു ഭാഷാസ്നേഹം!!

ഭാരതം മുഴുവൻ വ്യാപിച്ചിരുന്ന ഭാഷയായ സംസ്കൃതത്തിനു തനതായ ഒരു സർ വ്വകലാശാല നമ്മളാണു സ്ഥാപിച്ചത് എന്നതൊന്നും മുഖ്യമന്ത്രിയ്ക്ക് ആശ്വാസം പകർന്നില്ല.അദ്ദേഹം പ്രത്യേകിച്ചു ചൂണ്ടിക്കാണിച്ച മറ്റു മൂന്നു ദക്ഷിണേന്ത്യൻ ഭാഷകളുടെയും സംസ്കൃതത്തിന്റെയും പേരിൽ സ്ഥാപിക്കപ്പെട്ട സർ വ്വകലാശാലകളുടെയും ഇന്നത്തെ അവസ്ഥ എന്തെന്നു മുഖ്യമന്ത്രി അറിയാൻ ശ്രമിച്ചിരുന്നെങ്കിൽ ഈ സർവ്വകലാശാല സ്ഥാപിക്കുവാൻ അദ്ദേഹം തുനിയുമായിരുന്നില്ല.അവിടങ്ങളിലെല്ലാം ഭാഷാ പഠനത്തെക്കാൾ കൂടുതൽ മറ്റു വിഷയങ്ങളിലാണു പഠനം നടക്കുന്നത്.പെയിന്റിങ്ങും ഭരതനാട്യവും എം.എസ്.ഡബ്ല്യുവും അറബിയും മലയാളവും മറ്റും പഠിപ്പിച്ചാണു ശ്രീശങ്കര സംസ്കൃത സർ വ്വകലാശാല സംസ്കൃതത്തെ 'ലോക നിലവാര'ത്തിലേക്ക് ഉയർത്തുന്നതെങ്കിൽ എർത്ത് സയൻസും കമ്പ്യൂട്ടർ സയൻസും ഹിസ്റ്ററിയും ബീകോമും ഒക്കെ ഇംഗ്ലീഷിൽ പഠിപ്പിച്ചാണു തമിഴ് സർവ്വകലാശാല തമിഴിനെ വളർത്തിക്കൊണ്ടിരിക്കുന്നത്!കന്നട,തെലുങ്ക് സർവ്വകലാശാലകൾ ചെയ്യുന്നതും ഇതൊക്കെത്തന്നെ.

ദശാബ്ദങ്ങളായി മനസ്സിൽ കൊണ്ടു നടന്ന ഒരാശയം പ്രാവർത്തികമാക്കാൻ വിശ്വസ്ത സേവകൻ സർവീസിൽ നിന്നും പിരിയും വരെ മുഖ്യൻ കാത്തിരുന്നതെന്തിനാണെന്നു ചോദിക്കരുത്.ഇത്ര ധൃതിപ്പെട്ട് സർവ്വകലാശാല തുടങ്ങാനുള്ള ആവശ്യകത എന്തെന്നും ചോദിക്കരുത്.തിരൂരിൽ തന്നെ യൂണിവേഴ്സിറ്റി തുടങ്ങണമെന്ന് ഇത്ര നിർബ്ബന്ധമെന്താണെന്നും ചോദിക്കരുത്.

മലയാളത്തോടുള്ള പ്രേമം കൊണ്ടാണു മലയാള സർവ്വകലാശാല സ്ഥാപിക്കാൻ വിദ്യാഭ്യാസമന്ത്രി ഉത്സാഹിച്ചതെന്നു പറഞ്ഞാൽ അത് അല്പം ഉപ്പു ചേർത്തേ വിഴുങ്ങാൻ കഴിയൂ.താമസിയാതെ തന്നെ അറബിക് സർവ്വകലാശാല നിലവിൽ വരുമ്പോൾ കാള വാലു പൊക്കിയത് എന്തിനാണെന്നു മനസ്സിലാകും.സർക്കാരിനു മലയാളത്തോട് അല്പമെങ്കിലും ബഹുമാനമുണ്ടായിരുന്നെങ്കിൽ ഒരു പെൻഷൻ പറ്റിയ ഇംഗ്ലീഷ് എം.എ.ക്കാരൻ ഐ.എ.എസ്സുകാരനെ മലയാളം സർവ്വകലാശാലയുടെ വി.സി.ആയി നിയമിക്കുമായിരുന്നോ?മലയാളം സിനിമയ്ക്കു പാട്ടെഴുതിയിട്ടുണ്ടെന്നുള്ളതല്ലാതെ വി.സിയാകാനുള്ള എന്തു യോഗ്യതയാണു ശ്രീ കെ.ജയകുമാറിനുള്ളത്?2010 ൽ പുതുക്കിയ യു.ജി.സി.നിയമാവലി അനുസരിച്ച് പ്രൊഫസ്സറായി കുറഞ്ഞത് 10 വർഷമെങ്കിലും പഠിപ്പിച്ചു പരിചയമുള്ളവരെ മാത്രമേ വൈസ്ചാൻസലർമാരായി നിയമിക്കാൻ പാടുള്ളു. ഇദ്ദേഹത്തിന്റെ അദ്ധ്യാപന പരിചയം ഒരു വർഷത്തിൽ താഴെയാണു.ജീവിതകാലം മുഴുവൻ ബ്യൂറോക്രസിയുടെ ഭാഗമായി മാത്രം കഴിഞ്ഞ  ഇദ്ദേഹത്തിനു മലയാളം സർവ്വകലാശാലയുടെ എന്നല്ല ഇന്ത്യയിലെ ഒരു സർവ്വകലാശാലയുടെയും വൈസ്ചാൻസലറാകാനുള്ള യോഗ്യതയില്ല.നിർദ്ദിഷ്ട യോഗ്യതകളില്ലാത്ത,ഇംഗ്ലീഷ് ബിരുദാനന്തരബിരുദക്കാരനെ മലയാളഭാഷയെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ സ്ഥാപിച്ച സർവ്വകലാശാലയുടെ വിസിയാക്കിയതിലൂടെ ഭാഷയെത്തന്നെ അവഹേളിച്ചിരിക്കയാണു സർക്കാർ.നിരവധി വിദ്യാർത്ഥികൾക്ക് ഭാഷയുടെ മഹത്വം പഠിപ്പിക്കുകയും ഭാഷാഗവേഷണത്തിനു മാർഗ്ഗനിർദ്ദേശം നല്കുകയും ചെയ്തിട്ടുള്ള പ്രഗത്ഭരായ മലയാളം പ്രൊഫസർമാരെ അപമാനിച്ചിരിക്കയാണു.മലയാളം സർവ്വകലാശാലയ്ക്ക് ഇത്രയൊക്കെ മതി എന്ന ഭരണകൂടധാർഷ്ട്യമാണു ഇതിലൂടെ വെളിവാകുന്നത്.

തഞ്ചാവൂരെ തമിഴ് സർവ്വകലാശാലയെ ചൂണ്ടി, മാതൃഭാഷാ സർവ്വകലാശാലയുടെ ആവശ്യകതയെക്കുറിച്ചു വാദിക്കുന്ന സർക്കാർ ,ആ സർവ്വകലാശാലയുടെ പ്രഥമ വിസി തമിഴ് പണ്ഡിതനായിരുന്നു എന്ന കാര്യം സൗകര്യ പൂർ വ്വം തമസ്ക്കരിക്കുന്നു.കേരള സർവ്വകലാശാലയിലെ ഭാഷാശാസ്ത്രവകുപ്പിന്റെ തലവനും ഇന്ത്യയിൽ അന്നു ജീവിച്ചിരുന്ന ഏറ്റവും വലിയ തമിഴ് പണ്ഡിതനുമായിരുന്ന ഡോ.വി.ഐ.സുബ്രഹ്മണ്യത്തെയാണു തമിഴ് സർവ്വകലാശാലയുടെ ആദ്യത്തെ വി.സിയായി തമിഴ്നാടു സർക്കാർ നിയമിച്ചത്.അല്ലാതെ ഇംഗ്ലീഷ് എം.എക്കാരനെയല്ല.

വി.സി.,പി.വി.സി ,അദ്ധ്യാപക അനധ്യാപക നിയമനങ്ങൾ,സിൻഡിക്കേറ്റ്,സെനറ്റ്, അക്കാദമിക് കൗൺസിൽ തുടങ്ങിയ സമിതിയിലേക്കുള്ള നോമിനേഷുകൾ,സ്ഥലമെടുപ്പ്, കെട്ടിട നിർമ്മാണം,ഉപകരണങ്ങൾ വാങ്ങൽ തുടങ്ങി എന്തെല്ലാം പുതിയ 'ലഡ്ഢു' കളാണു സർക്കാർ മോന്മാരുടെ മനസ്സിൽ പൊട്ടുന്നതെന്ന് ആർക്കും ഊഹിക്കാം.അതാണു മലയാള സർവ്വകലാശാല സ്ഥാപിക്കലിന്റെ പിന്നിലെ യഥാർത്ഥ ആകർഷണം.

മാതൃഭാഷയെ ഓർത്ത് “മത്താടിക്കൊൾകഭിമാനമേ,നീ” എന്നു വള്ളത്തോൾ പറഞ്ഞത് “മത്താടിക്കൊൾകപമാനമേ നീ” എന്നു തിരുത്തേണ്ട ഗതികേടിലാണു ഭാഷയും ഭാഷാ സ്നേഹികളും!

Fans on the page

Monday, November 12, 2012

കൊട്ടാര വിപ്ലവം!
കോവളത്തെ ഹാൽസിയൻ കൊട്ടാരവും ചുറ്റുമുള്ള 10.5 ഏക്കർ സ്ഥലവും സർക്കാർ വകയാണെന്നതിന്റെ രേഖകൾ പുറത്തു വന്നിട്ടും ഹോട്ടല്മുതലാളിക്കു വിട്ടുകൊടുക്കാൻ സർക്കാർ കാണിക്കുന്ന ഉത്സാഹത്തിനു പിന്നിൽ അഴിമതിയാണു ഒളിഞ്ഞിരിക്കുന്നത്.അതിൽ ആർക്കും അത്ഭുതം തോന്നുന്നില്ല.പക്ഷേ എന്തു വിലകൊടുത്തും സ്വകാര്യ മുതലാളിക്കു കൈമാറാനുള്ള നീക്കത്തെ ചെറുക്കുമെന്നു നാഴികയ്ക്കു നാല്പതു വട്ടം വീമ്പടിച്ചിരുന്ന പ്രതിപക്ഷത്തെ മുഖ്യകക്ഷിയുടെ നേതാക്കൾ, ഇപ്പോൾ സർക്കാർ നിലപാടിനെ ന്യായീകരിക്കുന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നു.ഇപ്പോഴും ഈ അന്യായ നീക്കത്തെ തകർക്കുമെന്ന വാശിയോടെ പ്രതിപക്ഷ നേതാവ് രംഗത്തുണ്ടെങ്കിലും തിരിഞ്ഞു നോക്കുമ്പോൾ അദ്ദേഹത്തിനു പിന്നിൽ സ്വന്തം പാർട്ടിക്കാർ ആരുമില്ലെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്താണു ഈ ചുവടുമാറ്റത്തിനു പിന്നിൽ?കൊട്ടാരത്തിന്റെയും അനുബന്ധ ഭൂമിയുടെയും ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമാണെന്നു വ്യക്തമാക്കുന്ന,സി.അച്യുതമേനോൻ സർക്കരിന്റെ കാലത്ത് പുറപ്പെടുവിച്ച ഉത്തരവ് പൂഴ്ത്തിവച്ച് മുതലാളിമാർക്ക് ഒത്താശ ചെയ്തുകൊടുത്തത് മുൻ വ്യവസായ വകുപ്പ് സെക്രട്ടറിയാണെന്ന് തെളിഞ്ഞിരിക്കുകയാണു.വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിനു പാരപണിയാൻ ശ്രമിച്ച ഈ മുൻ മന്ത്രീമരുമകൻ,അന്നത്തെ വ്യവസായമന്ത്രി എളമരം കരീമിനും ഇപ്പോഴത്തെ മന്ത്രി കുഞ്ഞാലിക്കുട്ടിക്കും കണ്ണിലുണ്ണിയാണു.പക്ഷേ അതൊന്നുമല്ല മാർക്സിസ്റ്റു പാർട്ടിയുടെ മനം മാറ്റത്തിനു പിന്നിൽ എന്നാണു കേൾക്കുന്നത്. കൊട്ടാരം കൈക്കലാക്കുവാൻ ശ്രമിക്കുന്ന കുത്തക മുതലാളിയുടെ കമ്പനിയിലെ ജോലിക്കാരാണു രണ്ടു പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ മക്കൾ എന്നതാണത്രേ പുതിയ ചുവടുമാറ്റത്തിനു പിന്നിൽ.സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനുമെതിരേ ഘോരഗർജ്ജനം നടത്തുന്ന രണ്ടു വലിയ നേതാക്കളുടെ മക്കളാണു ഒരു വൻ കിട മുതലാളിയ്ക്കു ദാസ്യവേല ചെയ്യുന്നത്.

പ്രായപൂർത്തിയായവരും വിദ്യാസമ്പന്നരുമായ മക്കൾ അച്ഛന്മാരുടെ രാഷ്ട്രീയ വിശ്വാസം പിന്തുടരണമെന്നു ശഠിക്കുന്നത് ശരിയല്ല.പക്ഷേ മക്കളുടെ നന്മയുദ്ദേശിച്ച് സ്വന്തം വിശ്വാസ പ്രമാണങ്ങളെയും അണികളെയും രാജ്യതാല്പര്യത്തെയും ഒറ്റുകൊടുക്കുന്ന അച്ഛന്മാർ ആ പാർട്ടിയ്ക്കും പൊതുപ്രവർത്തകർക്കും അപമാനമാണു.മുതലാളിയോട് അത്ര വിധേയത്വവും ബഹുമാനവും ഒക്കെ തോന്നുന്നെങ്കിൽ പാർട്ടിനേതൃത്വം വിട്ടൊഴിഞ്ഞ് മക്കളോടു ചേർന്ന് അദ്ദേഹത്തിന്റെ കീഴിൽ എന്തെങ്കിലും ജോലിക്കു ചേരുകയാണു വേണ്ടത്;അല്ലാതെ പൊതുമുതൽ കൊള്ളയടിയ്ക്കാൻ കൂട്ടുനില്ക്കുകയല്ല.

ഇതു നഗ്നമായ അഴിമതിയാണു.പാർട്ടിയെ സ്വകാര്യലാഭത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്ന നീചമായ വഞ്ചനയാണു.കമ്യൂണിസത്തെ അപഹസിക്കലാണു.എന്നിട്ടും ഈ നേതാക്കളോട് രാജിവച്ചു പോകാൻ പറയാനുള്ള തന്റേടമില്ലാത്ത ആണും പെണ്ണും കെട്ട വർഗ്ഗമായിപ്പോയോ അതിലെ ചെറുപ്പക്കാർ?അച്ചടക്കം ലംഘിക്കുന്നു എന്നാരോപിച്ച് പാർട്ടിയിലെ തലമൂത്ത നേതാവിനു ‘ക്യാപ്പിറ്റൽ പണിഷ്മെന്റു’ നല്കണമെന്നു വാദിച്ച യുവസിംഹങ്ങൾ ഇപ്പോൾ എവിടെ?അഴിമതിയുടെ പേരിൽ 650000(ആറുലക്ഷത്തി അമ്പതിനായിരം)പേരെ പാർട്ടിയിൽ നിന്നു പുറത്താക്കിയെന്നാണു ചൈനീസ് കമ്യൂണിസ്റ്റു പാർട്ടി പറയുന്നത്.റ്റി.പി ചന്ദ്രശേഖരൻ വധത്തിന്റെ അന്വേഷണം ചൂടുപിടിച്ചപ്പോൾ ചൈനയിലേക്കു വിമാനം കയറിയ ജില്ലാസെക്രട്ടറിയെ ന്യായീകരിച്ചുകൊണ്ട് ഒരു നേതാവു പറഞ്ഞത്“ഏതൊരു കമ്യൂണിസ്റ്റുകാരന്റെയും ജീവിതാഭിലാഷമാണു ചൈന കാണുകയെന്നത്”എന്നാണു.അങ്ങനെയുള്ള വാഗ്ദത്തഭൂമിയുടെ ഭരണം തിരിക്കുന്ന കമ്യൂണിസ്റ്റു പാർട്ടി സ്വീകരിച്ച അഴിമതിവിരുദ്ധ നടപടിയെ അനുകരിക്കാൻ എന്തേ ഇവർക്കു ധൈര്യമില്ല?

സത് നാം സിംഗ് മാൻ എന്ന ചെറുപ്പക്കാരനെ അമൃതാന്ദമയിയുടെ നക്ഷത്രസങ്കേതത്തിൽ വച്ച് മർദ്ദിച്ചുകൊന്നിട്ട് സി.പി.ഐ.(എം)പാർട്ടിയെന്നനിലയിൽ ഒരു പ്രക്ഷോഭത്തിനും മുതിരാതിരുന്നതിന്റെ പിന്നിലും ഇതുപോലെ പാർട്ടി സെക്രട്ടറി പറ്റിയ ഒരപ്പക്കഷണമുണ്ടായിരുന്നു.കെട്ടിപ്പിടിക്കുന്ന ആൾദൈവത്തിന്റെ കോളജിൽ മകൾക്ക് അഡ്മിഷനു വേണ്ടി ആടിയ നാണംകെട്ട വേഷങ്ങളുടെ കഥ ബർലിൻ കുഞ്ഞനന്തൻ നായർ വെളിപ്പെടുത്തിയിട്ടുണ്ട്.അന്നും ഇതു ശരിയോ സഖാവേ എന്നു ചോദിക്കാൻ പോലും അണികൾക്ക് നാവു പൊന്തിയില്ല. ഇങ്ങനെ രാജസേവകരെപ്പോലെ എതിർപ്പു കാണിക്കാതെ വാലാട്ടിപ്പട്ടികളായി പിറകേ നടക്കുന്നതാണോ അനുയായികളുടെ ധർമ്മം?

1954 ൽ കോവളം കൊട്ടാരവും അനുബന്ധ പ്രദേശവും തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്നും സർക്കാർ ഏറ്റെടുത്തതാണു.കോഴവാങ്ങി അത് ഒരു കുത്തമുതലാളിയ്ക്ക് കാഴ്ച വയ്ക്കാൻ ഇപ്പോഴത്തെ സർക്കാർ ശ്രമിക്കുമ്പോൾ എതിർക്കേണ്ടതിനു പകരം രണ്ടോ മൂന്നോ നേതാക്കളുടെ മക്കളുടെ ജോലിയെക്കരുതി നിലപാടു മാറ്റുന്ന പ്രതിപക്ഷത്തെ വലിയ പാർട്ടിയുടെ ഗതികേടോർത്ത് സഹതപിക്കാം.വന്ധീകരിക്കപ്പെട്ട അണികൾ മാത്രമുള്ള ഒരു പാർട്ടിയുടെ നേതാക്കൾക്കല്ലാതെ എതിർപ്പിന്റെ നേർത്ത ശബ്ദം പോലും കേൾക്കാതെ ഇത്തരം അപഹാസ്യമായ നിലപാടുകൾ കൈക്കൊള്ളാൻ കഴിയില്ല.Fans on the page