Total Pageviews

Tuesday, August 26, 2008

അച്യുതാനന്ദന്‍ എന്ന 'തീവ്ര വാദി'

രണ്ടാം ഭൂപരിഷ്കരണം എന്നത് ചില തീവ്ര വാദ സംഘടനകള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യമാണെന്ന് സിപിഐ
(എം) സംസ്ഥാന കമ്മിറ്റി.വിപ്ലവ വായാടിത്തമെന്ന് സംസ്ഥാന സെക്രട്ടറി.

രണ്ടാം ഭൂപരിഷ്കരണത്തെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത് സ.അച്യുതാനന്ദനാണ്.അദ്ദേഹത്തിനെതിരെ
ഉള്ള ഒളിയമ്പാണ് സംസ്ഥാനകമ്മിറ്റി പ്രയോഗിച്ചതെന്ന് മനസ്സിലാക്കാന്‍ വലിയ രഷ്ട്രീയ വിശകലന ബോധമൊന്നും
വേണ്ട.തനിക്കെതിരേ ആണ് എയ്ത്തെന്ന് ആദ്യമായി തിരിച്ചറിഞ്ഞതും സ.അച്യുതാനന്ദന്‍ തന്നെ.രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ സാക്ഷാല്‍ സെക്രട്ടറിയില്‍ നിന്ന് തെളിയമ്പു നേരേ കിട്ടിയതോടെ സംശയം അവശേഷിച്ചിരുന്ന അണികള്‍ക്കും മറ്റു മാലോകര്‍ക്കും ബോദ്ധ്യമായി. കോട്ടയം സമ്മേളനം കഴിഞ്ഞതോടെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത (ഇത് മാദ്ധ്യമ സൃഷ്ടിയാണെന്നു നിരന്തരം
പറഞ്ഞുകൊണ്ടിരുന്ന ആളാണ് സെക്രട്ടറി)അവസാനിച്ചു എന്നു സെക്രട്ടറി പറഞ്ഞത് അക്ഷരം പ്രതി വിശ്വസിച്ച അണികള്‍ ഇപ്പോള്‍ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ചിന്താശേഷി നശിച്ച സ്വന്തം അനുയായികളോടൊപ്പം നിഷ്പക്ഷമതികളായ ഒരു വിഭാഗത്തെയും തെറ്റിദ്ധരിപ്പിക്കുവാനാണ് സംസ്ഥാന സെക്രട്ടറി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.സ.അച്യുതാനന്ദനെ തീവ്രവാദിയാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് അദ്ദേഹവും പാര്‍ശ്വവര്‍ത്തികളും.തന്നാലാകും വിധം പ്രതിരോധിക്കാന്‍ സ.വി.എസ് ശ്രമിക്കുന്നുണ്ടെങ്കിലും ആളും അര്‍ത്ഥവും സ്വനഗ്രാഹികളും മുഴുവന്‍ അപ്പുറത്തായതിനാല്‍ പലതും പണ്ടേപ്പോലെ ഫലിക്കുന്നില്ല.

ഇത്രയും ക്ഷീണം വരാന്‍ മറ്റൊരു കാരണം കൂടിയുണ്ട്.കോട്ടയം സമ്മേളനത്തിനു ശേഷം പാര്‍ട്ടിയുടെ
സമ്പൂര്‍ണ്ണ പിന്തുണ തനിക്കുണ്ടെന്ന്, അണികള്‍ക്കൊപ്പം ,തന്‍റെ ശുദ്ധഗതികൊണ്ട് മുഖ്യമന്ത്രിയും വിശ്വസിച്ചു.
അതിന്‍റെ ബലത്തില്‍ ഘടക കക്ഷികളുടെ വകുപ്പുകളില്‍ കൈ കടത്താനും ക്ഷീണിപ്പിക്കാനും ചില സൂപ്പര്‍
മുഖ്യന്മാര്‍ ശ്രമിച്ചപ്പോള്‍ കൂട്ടു നില്‍ക്കുകയും ചെയ്തു.പൊതുമരാമത്ത്,സിവില്‍ സപ്ലൈസ്,കൃഷി തുടങ്ങി
മറ്റു പാര്‍ട്ടികള്‍ ഭരിക്കുന്ന വകുപ്പുകള്‍ക്ക് സഹായം നല്‍കാതിരുന്ന ധനവകുപ്പിനെ ഉപദേശിക്കണ്ടതിനു
പകരം എന്‍പിള്ള നയമാണ് അദ്ദേഹം അനുവര്‍ത്തിച്ചത്.തനിക്കെതിരെ പോളിറ്റ് ബ്യൂറോയിലും മറ്റു പാര്‍ട്ടി
വേദികളിലും നേതാക്കന്മാരുടെ ചെവിയിലും ആരോപണവും ഏഷണിയും വിളമ്പിയവരാണ് ഇവരില്‍ പലരും
എന്നുള്ള കാര്യം പോലും പാര്‍ട്ടിക്കൂറു മൂലം മുഖ്യന്‍ മറന്നു.ഭക് ഷ്യ സുരക്ഷാ പദ്ധതി താമസിക്കുന്നതും
വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ അമാന്തം വരുത്തുന്നതും റോഡുകള്‍ തോടുകളായി കിടക്കുന്നതും ഭരണത്തിന്‍റെ
സല്പ്പേരിനു കളങ്കമുണ്ടാക്കുമെന്നും അദ്ദേഹം ഓര്‍ത്തില്ല.

'തമ്പ്രാനെ കുത്തിയ കാള അടിയാനെയും കുത്തും' എന്നേ ഒരുപക്ഷേ മുഖ്യമന്ത്രി കേട്ടിരിക്കൂ.അതുകൊണ്ട് അടിയാനെ കുത്തിയ കാള തമ്പ്രാനെ കുത്തില്ല എന്നു വിചാരിച്ചു കാണും.കാളകളാകട്ടെ തമ്പ്രാനെ കുത്താനുള്ള
മുന്നൊരുക്കമാണ് യഥാര്‍ത്ഥത്തില്‍ അടിയാന്മാരുടെ മേല്‍ പ്രയോഗിച്ചു നോക്കിയത്.പല സന്ദിഗ്ധ ഘട്ടത്തിലും
മുഖ്യന്‍റെ രക്ഷക്കെത്തിയിട്ടുള്ള കക്ഷികളെ അകറ്റി ഒറ്റപ്പെടുത്തി ആക്രമിക്കുക എന്ന തന്ത്രമാണ് ഇതു വഴി പാര്‍ട്ടിയിലെ മാനേജര്‍മാര്‍ ആസൂത്രണം ചെയ്തത്.

യാഥാര്‍ത്ഥ്യം മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയി.കിങ്കരന്മാരെ വിട്ടും നേരിട്ടും പതിനെട്ടടവും പയറ്റിയിട്ടും സ്ഥാനാര്‍ത്ഥിത്വവും തുടര്‍ന്ന് മുഖ്യമന്ത്രി പദവും അച്യുതാനന്ദനു ലഭിച്ചതിലു ള്ള കൊതിക്കെറുവ്
(മറ്റു മാന്യമായ യാതൊരു വിശേഷണവും ഈ മനോഭാവത്തിനു ചേരില്ല)സ.പിണറായിക്ക് ഇതു വരെ തീര്‍ന്നിട്ടില്ല. അന്നു മുതല്‍ ഇന്നു വരെ മുഖ്യമന്ത്രിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹം പാര പണിഞ്ഞു
കൊണ്ടിരിക്കുന്നു.അതിന്‍റെ ക്ലൈമാക്സാണ് ഇപ്പോള്‍ നടത്തുന്ന അപവാദ വായാടിത്തം.അഖിലേന്ത്യാ സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ പോലും സ. വീ എസി നെതിരെ സംസ്ഥാന സെക്രട്ടറിസഖാവ് ഉറഞ്ഞു തുള്ളുകയാണ്.തന്നെ ആരും 'നേതൃസ്ഥാനത്തേക്ക് കെട്ടിയിറക്കിയതല്ല' എന്നു മുന്‍പൊരവസരത്തില്‍ പിണറായി
പറഞ്ഞിട്ടുള്ളത് ഓര്‍മ്മയുള്ളിടത്തോളം കാലം ദേശീയ സെക്രട്ടറി അദ്ദേഹത്തിനെതിരെ മിണ്ടില്ല.

ഭൂമാഫിയകള്‍ അനധികൃതമായി കൈയടക്കി വച്ചിരിക്കുന്ന സര്‍ക്കാര്‍ വക ഭൂമി ഏറ്റെടുത്ത് കിടപ്പാടമില്ലാത്ത
വര്‍ക്ക് വീതിച്ചു കൊടുക്കും എന്ന് മുഖ്യമന്ത്രി പലപ്പോഴും പറഞ്ഞതായിട്ടറിയാം. അതിനെ ഒന്നും രണ്ടുമേക്കര്‍ വസ്തുവുള്ളവരുടെ കൈയ്യില്‍ നിന്നും അവ പിടിച്ചെടുത്ത് ഭൂമിയില്ലാത്തവര്‍ക്കു വിതരണം
ചെയ്യണമെന്നാണെന്ന് വ്യാഖ്യാനിക്കുകയും വിപ്ലവ വായാടിത്തമെന്ന് ആക്ഷേപിക്കുകയുമാണ് പിണറായിചെയ്തു
കൊണ്ടിരിക്കുന്നത്.മുന്‍ തീവ്ര വാദികളും ഇപ്പോള്‍ തീവ്രവാദികളായവരും ആണ് ഇത്തരം അരാജക വാദങ്ങള്‍
ഉന്നയിക്കുന്നത് എന്നും അദ്ദേഹം ആരോപിക്കുന്നു.തന്‍റെ വായാടിത്തത്തേക്കാള്‍ മുഖ്യന്‍റെ വാക്കുകളാണ്
നാട്ടുകാര്‍ വിശ്വസിക്കുന്നതെന്നു കണ്ടപ്പോള്‍ പാര്‍ട്ടിയിലെ പിണിയാളുകളെ കൂട്ടു പിടിച്ച് അദ്ദേഹത്തിനെതിരെ
പഴയ 'അപരാധങ്ങള്‍' കുത്തിപ്പൊക്കുകയാണിപ്പോഴത്തെ പിണറായിപ്പണി.ഏതാനും മാസങ്ങള്‍ക്കപ്പുറം ഒരു ബിഷപ്പിനെതിരെ ശ്രീ.പിണറായി പ്രയോഗിച്ച അതേ പദം തന്നെയാണ് അദ്ദേഹം ഇപ്പോള്‍ ആടിക്കൊണ്ടിരിക്കുന്ന കത്തിവേഷത്തിനും ഉരുവിട്ടുകൊണ്ടിരിക്കുന്ന അശ്ലീല വാങ്മയങ്ങള്‍ക്കും ഏറ്റവും ചേരുക.

ലാവ് ലിന്‍ കേസ്സില്‍ സെക്രട്ടറിയെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തി; സ്ഥാനാര്‍ത്ഥിയാകാന്‍ വളഞ്ഞ വഴികള്‍
സ്വീകരിച്ചു; തുടങ്ങി പണ്ട് പോസ്റ്റ്മാര്‍ട്ടം നടത്തി സംസ്കരിച്ച ആരോപണങ്ങള്‍ക്കൊപ്പം പുതിയ ചാര്‍ജ്ജ് ഷീറ്റുമുണ്ട് മുഖ്യമന്ത്രിക്കെതിരെ.പാര്‍ട്ടിയുടെ അന്തസ്സ് നോക്കാതെ സ്വന്തം പ്രതിച്ഛായ നന്നാക്കാന്‍ ശ്രമിക്കുന്നു;
ഒറ്റയാന്‍ പ്രവര്‍ത്തനത്തിലൂടെ മുന്നണിയുടെ കെട്ടുറപ്പു തകര്‍ക്കുന്നു;എന്നിങ്ങനെ 'നവലിബറല്‍' കുറ്റപത്രങ്ങള്‍
പലതാണ്.ഘടക കക്ഷികള്‍ക്കെതിരെ വാളോങ്ങിയവര്‍ തന്നെയാണ് പാര്‍ട്ടി വേദികളിലും മുഖ്യമന്ത്രിക്കെതിരെ
ആരോപണങ്ങള്‍ പൈലറ്റ് ചെയ്തത്.അതില്‍ നിന്നു തന്നെ വളരെ ആസൂത്രിതമാണ് ഈ ആക്രമണം എന്ന് ആര്‍ക്കും മനസ്സിലാകും.

കൈയും കാലും കെട്ടി വെള്ളത്തിലിട്ടിട്ട് നീന്തുന്നില്ല എന്ന് ആക്ഷേപിക്കുന്നതു പോലെയാണ്, മുഖ്യന്‍ നേരേ
ചൊവ്വേ ഭരിക്കുന്നില്ല എന്ന കുറ്റപ്പെടുത്തല്‍.ഭരണത്തില്‍ കയറിയ അന്നു മുതല്‍ ഒന്നും ചെയ്യാന്‍ അനുവദിക്കാതെ പാരവച്ചവര്‍, ഇപ്പോഴും പാര പണിതു കൊണ്ടിരിക്കുന്നവര്‍, ഇത്തരം ആരോപണങ്ങള്‍
ഉന്നയിക്കുന്നതു കേള്‍ക്കുവാന്‍ രസമുണ്ട്.നേതാവ് എന്തു പറഞ്ഞാലും ഏറ്റു പറയുന്ന സ്വന്തം അനുയായികള്‍
മാത്രമല്ല കേരളത്തിലുള്ളതെന്ന് ഇത്തരം വിടുവായത്തം വിളമ്പുന്നവര്‍ ഓര്‍ക്കണം.

ഏ.കെ.ആന്‍റണി ഒടുവില്‍ മുഖ്യമന്ത്രി ആയപ്പോള്‍ കെ.കരുണാകരനും മകനും കൂടി കളിച്ച കളിയാണ്
പിണറായിയും ഉപജാപക സംഘങ്ങളും കൂടി അച്യുതാനന്ദനു നേര്‍ക്ക് തുടര്‍ന്നുകൊണ്ടിരിക്കുന്നത്. അദ്ദേഹം
സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ കയറിയ അന്നു തുടങ്ങിയതാണിത്.ആന്‍റണിയ്ക്ക് ടോര്‍പ്പിഡോ വയ്ക്കാന്‍ അച്ഛനും മോനും മാത്രമേ ഉണ്ടായിരുന്നുള്ളു;പാര്‍ട്ടിയില്ലായിരുന്നു.ഇവിടെ സ്ഥിതി വ്യത്യസ്തമാണ്.
പാര്‍ട്ടി നേതൃത്വം കൈയ്യടക്കിയ പിണറായി സ്വന്തം സിന്‍ഡിക്കേറ്റുണ്ടാക്കി മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി
ആക്രമിക്കുകയും അവഹേളിക്കുകയുമാണ്.ഒരു കമ്യൂണിസ്റ്റു മുഖ്യമന്ത്രിക്ക് പാര്‍ട്ടിയുടെ പിന്തുണയില്ലെങ്കില്‍
ഒന്നും ചെയ്യാനാകില്ല എന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം.പിന്തുണയ്ക്കു പകരം പിന്‍ കുത്താകുമ്പോഴത്തെ
സ്ഥിതി പറയാനുണ്ടോ?

എന്തൊക്കെ പയറ്റിയിട്ടും പഴയ പടക്കുതിര മെരുങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ അപമാനിച്ചു പുറത്തു ചാടിക്കാനാണു ശ്രമം.അതിന്‍റെ കേളി കൊട്ടാണ് ദേശീയ സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ പുറത്തെടുത്ത
പുതിയ ആരോപണങ്ങളും രണ്ടാം ഭൂപരിഷ്കരണ വിവാദങ്ങളും.അച്യുതാനന്ദനെയും ഭൂമാഫിയയ്ക്കെതിരെ
നിലകൊള്ളുന്നവരെയും 'തീവ്രവാദികള്‍ എന്നു വിളിക്കുന്നതിന്‍റെ പിന്നില്‍ നാണം കെട്ട മാഫിയാ വിധേയത്വമാണുള്ളത്.പുതു മടിശീലക്കാരന്‍റെ ആര്‍ഭാടത്തിലും സല്‍ക്കാരത്തിലും ഭ്രമിച്ച് അവര്‍ക്കു വേണ്ടി
സ്വന്തം സഖാക്കളെ തള്ളിപ്പറയുകയും ഒറ്റുകൊടുക്കുകയുമാണ് ഈ 'സോ കാള്‍ഡ്' കമ്യൂണിസ്റ്റുകാര്‍ ചെയ്യുന്നത്.കമ്യൂണിസം വരണമെങ്കില്‍ ക്യാപ്പിറ്റലിസം വരണമെന്നും അതുകൊണ്ട് മൂലധന നിക്ഷേപമാണ് അടിയന്തിര ആവശ്യമെന്നും പറയുന്ന ഇവരുടെ പ്രത്യയശാസ്ത്ര വ്യാഖ്യാനം ആര്‍ക്കു വേണ്ടി ആണെന്നും
ആരെ രക്ഷിക്കാനാണ് പുതിയ വേഷം കെട്ടലെന്നും വ്യക്തമാകുന്നുണ്ട്.

എന്തായാലും വാരിക്കുന്തവുമായി വര്‍ഗ്ഗ ശത്രുവിനെ നേരിട്ടതിന്‍റെ തഴമ്പു കൈയ്യിലുള്ള പഴയ കമ്യൂണിസ്റ്റുകരന്‍, തോക്കു വീട്ടിലും ഉണ്ട ലാപ്ടോപ് ബാഗിലുമിട്ടു നടക്കുന്ന ഹൈ ടെക് വിപ്ലവകാരികളേക്കാള്‍ ഭേദമാണ്.1957-ല്‍ അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിക്കു കിട്ടിയതിനേക്കാള്‍
ഭൂരിപക്ഷം രണ്ടു കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും കൂടി കിട്ടിയിട്ടും മെച്ചപ്പെട്ട രീതിയില്‍ ഭരിക്കാന്‍ കഴിയാത്ത
തിന്നു കാരണം മുഖ്യമന്ത്രിയുടെ പാര്‍ട്ടിയായ സിപിഐ(എം)സെക്രട്ടറിയുടെ കൊതിക്കെറുവും കുടിപ്പകയും
മാത്രമാണ്.ലോട്ടറി രാജാക്കന്മാരും മദ്യപ്രഭുക്കന്മാരും റിയല്‍ എസ്റ്റേറ്റ് ചക്രവര്‍ത്തിമാരും, കമ്യൂണിസം ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത കുറെ എറാന്‍ മൂളികളും, കൂടുണ്ടെങ്കില്‍ ആരെയും വെല്ലുവിളിക്കാമെന്ന
ധാര്‍ഷ്ട്യവും ചേരുമ്പോള്‍ പറയുകയും വേണ്ടാ.


Fans on the page

Saturday, August 16, 2008

ആര്‍ക്കാണു രാജഭക്തി കൂടുതല്‍?

ഗോള്‍ഫ് ക്ലബ്ബ് ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിയുടെ പേരില്‍ റവന്യൂ സെക്രട്ടറി നിവേദിതാ പി ഹരനെ
ഹൈക്കോടതി അതിരൂക്ഷമായി താക്കീതു ചെയ്യുകയും വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്തിരിക്കുന്നു.വകുപ്പു മന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച സെക്രട്ടറി രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണു പ്രകടിപ്പിച്ചതെന്ന് പരിഹസിക്കുകയും ചെയ്തു.

മന്ത്രിസഭാ തീരുമാനം നടപ്പാക്കുവാന്‍ നിര്‍ദ്ദേശം കൊടുത്ത വകുപ്പുമന്ത്രിയും ജഡ്ജിയുടെ ദൃഷ്ടിയില്‍ കുറ്റക്കാരനാണ്.ആ നിലയ്ക്ക് ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ട മന്തിസഭ ഒന്നടങ്കവും തെറ്റു ചെയ്തിരിക്കണം.അവര്‍ക്കാര്‍ക്കും ബഹു.ജഡ്ജിയുടെ ശാസന കേള്‍ക്കേണ്ടി വന്നില്ല.മന്ത്രിമാര്‍ ചെയ്യുന്ന
തെറ്റു സെക്രട്ടറിമാര്‍ ചൂണ്ടിക്കാണിക്കണമെന്നും തെറ്റ് തിരുത്തണമെന്നും ഉപദേശിക്കുന്ന ന്യായാധിപന്‍ പക്ഷേ
മന്ത്രി ഇവിടെ ചെയ്ത തെറ്റ് എന്താണെന്നു പറയുന്നില്ല.മുഖം നോക്കാതെ അഭിപ്രായം പറയുകയും ഉത്തരവിടുകയും ചെയ്യുന്നവനെന്ന് ഖ്യാതിപ്പെട്ട ഒരു ജഡ്ജി അതു കൂടി വ്യക്തമാക്കേണ്ടിയിരുന്നു.

സര്‍ക്കാരിലേക്കടയ്ക്കേണ്ട പാട്ടവും ലൈസന്‍സ് ഫീസും മറ്റും നല്കാതെ തിരുവനന്തപുരത്തെ ഒരു ചെറിയ വിഭാഗം സമ്പന്നര്‍ കൈക്കലാക്കിവച്ചിരിക്കുന്ന പൊതു സ്വത്ത് ഏറ്റെടുക്കാന്‍ തീരുമാനിച്ചതാണോ മന്ത്രിസഭ
ചെയ്ത മഹാപരാധം?തീരുമാനം നടപ്പാക്കാന്‍ സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്കിയതാണോ റവന്യൂമന്ത്രി കാട്ടിയ
കടുംകൈ?ഗോള്‍ഫ് ഒഴിച്ച് മറ്റെല്ലാ ഫൈവ്സ്റ്റാര്‍ കളികളും നടക്കുന്ന ഗോള്‍ഫ് ക്ലബ്ബും കോടികള്‍ വില വരുന്ന
സ്ഥലവും ഏറ്റെടുക്കാന്‍ ഉടനടി നടപടി സ്വീകരിച്ചതോ സെക്രട്ടറി ചെയ്ത കുറ്റം?

അഡ്വക്കേറ്റ് ജനറലിന്‍റെയും നിയമ വകുപ്പു സെക്രട്ടറിയുടെയും ആജ്ഞകള്‍ അനുസരിക്കത്തതാണത്രെ നിവേദിത ചെയ്ത ഒന്നാം നമ്പര്‍ അപരാധം.കുട്ടത്തില്‍ ഉത്തരവാദിത്വങ്ങളുടെ മുന്‍ ഗണനാക്രമം സെക്രട്ടറിമാര്‍
അറിഞ്ഞിരിക്കണമെന്നു ഓര്‍മ്മിപ്പിക്കുന്നു. എന്നിട്ടും തൃപ്തി വരാഞ്ഞ് നിവേദിതയെപ്പോലുള്ളവര്‍ ഇന്ത്യന്‍
അഡ്മിനിസ്ട്രേറ്റീവ് സര്‍ വ്വീസിനു ശാപമാണെന്നു വരെ പറഞ്ഞുകളഞ്ഞു ആരാദ്ധ്യനായ ജഡ്ജി.പക്ഷേ ഉത്തര
വാദിത്വത്തെക്കുറിച്ചും അതിന്‍റെ മുന്‍ ഗണനാക്രമത്തെക്കുറിച്ചും വ്യക്തമായ ധാരണ ഉള്ളതു കൊണ്ടാണ്
ശ്രീമതി നിവേദിതയ്ക്ക് ഈ ശകാരം കേള്‍ക്കേണ്ടിവന്നതെന്നാണ് നിയമ വിശാരദന്മാരല്ലത്ത സാധാരണക്കാര്‍ക്ക്
തോന്നുന്നത്.

ഒരു ഗവണ്മെന്‍റ് സെക്രട്ടറിയുടെ ആദ്യത്തെ ഉത്തരവാദിത്തം സ്വന്തം വകുപ്പിനോടു തന്നെയാണ്.അല്ലതെ അഡ്വക്കേറ്റ് ജനറലിനോടും നിയമ വകുപ്പു സെക്രട്ടറിയോടുമല്ല.
ജഡ്ജിക്ക് ജുഡീഷ്യറിയോടു തോന്നുന്ന ഉത്തരവാദിത്തവും വിധേയത്വവും ഗവ: സെക്രട്ടറിയ്ക്കു എക്സിക്യൂട്ടിവിനോട് ഉണ്ടാകരുതെന്നു ശഠിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല.ജഡ്ജിയുടെയും സെക്രട്ടറിയുടെയും ഉത്തരവാദിത്വത്തിന്‍റെ മുന്‍ ഗണനാക്രമം സ്വാഭാവികമായും വ്യത്യസ്തമാണ്.

ഉത്തരവു നടപ്പാക്കുവാന്‍ അനാവശ്യ ധൃതി കാട്ടി;എജി യെ ധിക്കരിച്ചു;നീതിപീഠത്തോടും ഭരണഘടനയോടും അനാദരവു കാണിച്ചു; തുടങ്ങി സെക്രട്ടറിയ്ക്കെതിരെ ന്യായാസനം(എതിര്‍ കക്ഷിയല്ല) നിരത്തുന്ന കുറ്റങ്ങള്‍
നിരവധിയാണ്.

വകുപ്പുമന്ത്രി മുഖദാവില്‍ നല്കിയ നിര്‍ദ്ദേശം അനുസരിക്കാന്‍ അല്പം കൂടുതല്‍ സ്പീഡ് കാണിച്ചു എന്ന്
വാദത്തിനു വേണ്ടി സമ്മതിച്ചുകൊണ്ട് ചോദിക്കട്ടെ;അതിനേക്കാള്‍ കൂടുതല്‍ ധൃതി സര്‍ക്കാരിനെതിരെ
ഉത്തരവു പുറപ്പെടുവിക്കാന്‍ ബഹു.ജഡ്ജി പ്രകടിപ്പിച്ചില്ലേ?എതിര്‍ കക്ഷിയായ സര്‍ക്കാരിന്‍റെ അഭിപ്രായം
പോലും ആരായാതെ അല്ലേ ഏറ്റെടുത്ത ക്ലബ്ബ് തിരികെ നല്കാന്‍ കല്പ്പിച്ചത്?അടിയന്തിര ഘട്ടങ്ങളില്‍
അത്യപൂര്‍ വ്വമായി മാത്രം സ്വീകരിക്കാറുള്ള ഈ നടപടിക്രമം അവലംബിക്കുവാന്‍ തക്ക എന്തു സാഹചര്യ
മാണ് ഇവിടെ ഉണ്ടായിരുന്നത്? കുറച്ച് കുബേര കുമാരന്മാര്‍ക്കും(കുബേര വൃദ്ധര്‍ക്കും)കുടിച്ചു കൂത്താടാന്‍ സര്‍ക്കാര്‍ സ്ഥലം കിട്ടില്ല എന്നതല്ലാതെ എന്തു ഭരണഘടനാ പ്രതിസന്ധിയാണ് സംഭവിക്കുമായിരുന്നത്? 'അഗ്ലി ഹേസ്റ്റ്' എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ഈ വൃത്തികെട്ട തിടുക്കം കാട്ടിയത് ഏതു രാജവിനെ പ്രീതിപ്പെടുത്താനായിരുന്നു?

ഭരണഘടനയുടെ വകുപ്പും ഉപ വകുപ്പും ഒന്നും അറിയാത്ത പാവം സാധാരണക്കാരന്‍ പോലും ചോദിച്ചു പോകുന്ന ചോദ്യമാണിവ.യഥാര്‍ത്ഥത്തില്‍ ശ്രീമതി നിവേദിത പി.ഹരന്‍ ചോദിക്കേണ്ടതാണ്.കോടതിയല
ക് ഷ്യവും സര് വ്വീസ് ചട്ടങ്ങളെയും ഭയന്നാകണം അവര്‍ പ്രതികരിക്കാത്തത്.
അങ്ങനെ വാക്കിനും നാക്കിനും കൂച്ചുവിലങ്ങുള്ള ഒരാളെ,സ്ത്രീ എന്നുള്ള പരിഗണന പോലും നല്കാതെ
ഭര്‍ത്സിച്ചത് ആരോടുള്ള ഭക്തി കൊണ്ടായിരുന്നു?

ഞാനുള്‍പ്പെടെ പലരും സര്‍ക്കാരിന്‍റെയും സര്‍ വ്വകലാശാലയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നടപടിക്കും ഉത്തരവുകള്‍ക്കും എതിരെ സ്റ്റേയ്ക്കു വേണ്ടി പല പ്രാവശ്യം ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.കേസ് പരിഗണിക്കും മുമ്പോ വാദം കേള്‍ക്കുന്നതിനു മുമ്പോ രണ്ടു ദിവസത്തേക്ക് നടപടി നീട്ടിവയ്ക്കണമെന്ന് ഞങ്ങള്‍ക്കു വേണ്ടി ഒരു ജഡ്ജിയും ഇന്നേവരെ കോടതി രജിസ്ട്രാര്‍ മുഖേന എജി വഴി ഫോണിലൂടെയോ അല്ലാതെയോ സര്‍ക്കാരിന് നിര്‍ദ്ദേശം നല്കിയിട്ടില്ല.പൂ ചോദിച്ചപ്പോള്‍ പൂന്തോട്ടം തന്നെ തന്നെന്നു പറയുമ്പോലെ, സ്റ്റേ ആവശ്യപ്പെട്ടപ്പോള്‍ അനുകൂല വിധിതന്നെ സമ്മാനിച്ച് ഒരു ന്യായാധിപനും ഞങ്ങളെ അനുഗ്രഹിച്ചിട്ടുമില്ല.തന്നെയുമല്ല ഉത്തരവിറങ്ങുകയോ നടപടി സ്വീകരിക്കുകയോ ചെയ്തു കഴിഞ്ഞ ശേഷമാണു സ്റ്റേ പെറ്റീഷന്‍ കോടതി മുമ്പാകെ വരുന്നതെങ്കില്‍ സ്റ്റേ കിട്ടിയ ചരിത്രവും ഇല്ല.
ഗോള്‍ഫ് ക്ലബ്ബ് കേസ്സില്‍ ഇങ്ങനെയാണോ നടന്നതെന്ന് ഓര്‍ത്തു നോക്കുക.മുന്‍ വിധികളും പക്ഷപാതവുമാണ്
ആദ്യം മുതല്‍ ന്യായാസനത്തെ ഭരിച്ചിരുന്നതെന്ന് വ്യക്തം.

ഗവ.സെക്രട്ടറിയും ജഡ്ജിയും തമ്മില്‍ അധികാരത്തിലും ശമ്പളത്തിലും ഏറ്റക്കുറച്ചിലുണ്ടാകാം.എങ്കിലും രണ്ടു കൂട്ടരും ശമ്പളം പറ്റുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ്.ആ നിലയ്ക്ക് സര്‍ക്കാര്‍ ഏല്പ്പിച്ച ചുമതല വേഗത്തില്‍ നിറവേറ്റിയ സെക്രട്ടറിയോ ഫലത്തില്‍ സര്‍ക്കാര്‍ നടപടിക്ക് തടസ്സം സൃഷ്ടിക്കുന്ന ന്യായധിപന്മാരോ ആരാണ് നാടിന് ശാപം എന്ന് ജനം വിധിച്ചുകൊള്ളും.സര്‍ക്കാര്‍ ഏറ്റെടുത്ത പൊതുമുതല്‍ ആഭാസകേളികള്‍ക്ക് വീണ്ടും വിട്ടു കൊടുത്തത് സമീപവാസികള്‍ക്കും സമൂഹത്തിനുംശാപമായിരിക്കുകയാണ്.പാമോയില്‍ ഇറക്കുമതി തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ഹൈക്കോടതി ജഡ്ജിമാര്‍ പുറപ്പെടുവിച്ച പല വിധികള്‍ക്കുമെതിരെ സുപ്രീം കോടതി, ഉത്തരവും സ്റ്റേയും നല്‍കിയിട്ടുണ്ട്.അതിന്‍റെ അടിസ്ഥാനത്തില്‍ ആ ഹൈക്കോടതി ജഡ്ജിമാര്‍ ജുഡീഷ്യറിയുടെ ശാപമാണെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല.

തങ്ങള്‍ അപ്രമാദികളും അപ്രതിമരും(അതുല്യര്‍)ആരെയും അവഹേളിക്കുവാന്‍ ലൈസന്‍സുള്ളവരുമാണെന്ന
ധാരണയുള്ളവര്‍ക്കേ ഇങ്ങനെയുക്കെ തട്ടിമൂളിക്കാന്‍ കഴിയൂ.പല ജഡ്ജിമാരും അങ്ങനെ കരുതുന്നുണ്ട്.എന്നാലോ ആരും അവരെ വിമര്‍ശിക്കാന്‍ പാടില്ല;എതിരു പറയാന്‍ പാടില്ല.അങ്ങനെ ചെയ്തുപോയാല്‍ കോടതിയലക് ഷ്യമായി അപകീര്‍ത്തിയായി. മാപ്പു പറഞ്ഞില്ലെങ്കില്‍ ജയില്‍ശിക്ഷ ഉറപ്പ്.അതുകൊണ്ട് പ്രതികരിക്കാന്‍ മിക്കവരും മടിക്കുന്നു.ഭയം മൂലമുള്ള ഈ മരവിപ്പും മന്ദതയും തിരുവായ് മൊഴികള്‍ക്കുള്ള അംഗീകാരമായി കരുതരുത്.
Fans on the page

Wednesday, August 13, 2008

അഭിമാനം അതിരു കവിഞ്ഞപ്പോള്‍

ഒരു ഇന്ത്യാക്കാരന്‍ ഒളിമ്പിക്സില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്നത് ചരിത്രത്തിലാദ്യമാണ്.അഭിനവ് ബിന്ദ്ര എന്ന
ഇരുപത്തഞ്ചുകാരന്‍ ഷൂട്ടിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ അവിശ്വസിനീയമായ ആ നേട്ടത്തിന് ലോകം
സാക്ഷിയായി .ഓരോ ഇന്ത്യാക്കാരനും രോമാഞ്ചം കൊണ്ട പ്രസ്തുത നിമിഷത്തെ എല്ലാ ദൃശ്യമാദ്ധ്യമങ്ങളും തങ്ങളുടേതായ രീതിയില്‍ അവിസ്മരണീയമാക്കി.മത്സരത്തിന്‍റെയും ദേശീയഗാനാലാപത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വര്‍ണ്ണപ്പതക്കം കഴുത്തിലണിയുന്നതിന്‍റെയും ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചു കാണിച്ചും ആത്മാര്‍ത്ഥത തുടിക്കുന്ന വാക്കുകള്‍ കൊണ്ട് അഭിനന്ദനം വര്‍ഷിച്ചും ചാനലുകള്‍ ഭാരതത്തിന്‍റെ ഈ ചരിത്ര വിജയം ആഘോഷിച്ചു.

'അഭിനവ് ഞങ്ങള്‍ അഭിമാനിക്കുന്നു' എന്ന് ഒരു ചാനല്‍ കൂടെക്കൂടെ എഴുതിക്കണിച്ചുകൊണ്ടിരുന്നു.ഇതു കണ്ട് ആവേശം മൂത്തിട്ടാകാം ഒരു മൂത്ത ചാനല്‍ വാര്‍ത്തകള്‍ക്കിടയിലെല്ലാം അഭിനവിന്റെ ചെറിയ ചിത്രം പ്രദര്ശിപ്പിച്ചു.അടിയില് "അഭിമാനവ്" എന്ന് ഒരു കുറിപ്പും. എന്താണ് അവര്‍ ഉദ്ദേശിച്ചത്? അഭിമാനിക്കുന്നു എന്നാണ് വിവക്ഷിച്ചതെങ്കില്‍ അങ്ങനൊരര്‍ത്ഥം "അഭിമാനവ്"നില്ല. ഇത്തരം ഒരു വാക്കുതന്നെ മലയാളത്തില്‍ ഉള്ളതായി അറിയില്ല. എന്നിട്ടു വേണ്ടേ അര്‍ത്ഥമുണ്ടാകാന്‍?

പണ്ടൊരു വിദ്വാന്‍ തന്‍റെ അമ്മയുടെ മരണക്കുറിപ്പ് തയ്യാറക്കിയപ്പോള്‍, അഭിവന്ദ്യ 'മാതാവ്' എന്നായാല്‍ ഗമ പോരെന്നു കരുതി അഭിവന്ദ്യ 'ജാമാതാവ്' എന്ന് എഴുതിയത്രേ!പക്ഷേ ബഹുമാനം മൂത്തപ്പോള്‍ അങ്ങനെ അമ്മ, മരുമകന്‍(മകളുടെ ഭര്‍ത്താവ്)ആയി.ഉദ്ദേശിച്ചതിനു വിപരീതമായിട്ടാണെങ്കിലും അര്‍ത്ഥമുള്ള മലയാള പദമാണ് പാമരനായ ആ പുത്രന്‍ പ്രയോഗിച്ചത്.അറിയപ്പെടുന്ന പണ്ഡിതന്മാരെ വരെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യാറുള്ള ജനപ്രിയ ചാനല്‍ ഉപയോഗിച്ചതാകട്ടെ അര്‍ത്ഥമില്ലാത്ത,മലയാളം പോലുമല്ലാത്ത ഏതോ വാക്ക്!

ഭാരതം അഭിമാനം കൊണ്ടു ത്രസിച്ച അസുലഭ സന്ദര്‍ഭത്തെ നിത്യസ്മരണീയമാക്കാന്‍ ശ്രമിച്ചപ്പോള്‍ ഇത്തരം
അബദ്ധം പിണഞ്ഞത് അവധാനത ഇല്ലായ്മ കൊണ്ടാണ്.എന്തു കൊടുത്താലും പ്രേക്ഷകന്‍ വിഴുങ്ങിക്കൊള്ളും
എന്ന മാദ്ധ്യമ ധിക്കാരവും ഒരുപക്ഷേ അറിയാതെ തന്നെ ചാനല്‍ ഭരണക്കാരെ സ്വാധീനിച്ചതുമാകാം.
അപൂര്‍ വ്വ വിജയ ശൃംഗത്തിലെത്തിയപ്പോഴും അമിതാഹ്ലാദം പ്രകടിപ്പിക്കാത്ത അഭിനവിന്‍റെ ചരിത്ര നേട്ടത്തിന്‍റെ
മാറ്റു കുറയ്ക്കുവാന്‍ ഇത്തരം കോമാളിത്തങ്ങള്‍ക്കാവില്ല എന്നത് ഇന്ത്യയുടെ സുകൃതം; ആ ചെറുപ്പക്കരന്‍റെയും.


Fans on the page

Friday, August 8, 2008

വ്യാജ സ്വാമിമാരും വനിതാ വിമോചകരും

കള്ളസ്വാമിമാരുടെയും ആള്‍ദൈവങ്ങളുടെയും വിക്രിയകളും തിരുമാലിത്തരങ്ങളും മാദ്ധ്യമങ്ങളില്‍ നിറഞ്ഞു
നിന്ന കാലം കഴിഞ്ഞു.ഒറ്റപ്പെട്ട ജാമ്യാപേക്ഷകളും വല്ലപ്പോഴും വിഷയ ദാരിദ്ര്യം നേരിടുമ്പോള്‍ ചില ചാനലുകാര്‍ കാണിക്കുന്ന ക്ലിപ്പിങ്ങുകളും മാത്രമാണ് അവയുടെ ബാക്കിപത്രം.

വ്യാജ സ്വാമിമാരുടെ ഉച്ചിഷ്ടം പറ്റി ഉപജീവനം നടത്തിവന്നിരുന്ന ചില സംഘങ്ങളും പാര്‍‍ട്ടികളും വ്യാജവേട്ടയില്‍ പരിഭ്രാന്തരായി.അവരുടെയും സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഏതാനും സന്ന്യാസി സമൂഹങ്ങളുടെയും കയംകുളം വാളുകളായി മാറുന്ന ചാനലുകളുടെയും എതിര്‍പ്പുണ്ടായതു കൊണ്ടാകാം ഇപ്പോള്‍ അത്തരം വേട്ടകളുടെ വാര്‍ത്ത കേള്‍ക്കാനില്ല.

കള്ളസ്വാമിമാരുടെ തനിനിറം വെളിച്ചത്തായപ്പോള്‍ കബളിപ്പിക്കപ്പെട്ടവരുടെയും പീഡിപ്പിക്കപ്പെട്ടവരുടെയും
കഥകളും പുറത്തുവന്നിരുന്നു.സന്തോഷ് മാധവന്‍ എന്ന വ്യാജന്‍ ആദ്യമായി പറ്റച്ചത് ഒരു സ്ത്രീയെയാണ്.
ഇയാള്‍ പ്രയപൂര്‍ത്തിയാകാത്ത നിരവധി പെണ്‍‍കുട്ടികളെ പീഡിപ്പിക്കുകയും ബ്ലൂഫിലിം നിര്‍മ്മാണത്തിന് ഉപയോഗിക്കുകയും ചെയ്തതായി വാര്‍ത്തയുണ്ടായിരുന്നു.പീഡനത്തിരയായ പെണ്‍കുട്ടികളില്‍ നിന്നും തെളിവെടുപ്പു നടത്തുകയും ചെയ്തു.

സമൂഹം മുഴുവന്‍ വെറുപ്പോടെയും അവജ്ഞയോടെയും ഈ കള്ളന്മാര്‍ക്കു നേരേ തിരിഞ്ഞപ്പോഴും ഇവിടുത്തെ സ്ത്രീസംരക്ഷക സംഘടനകള്‍ ഒരക്ഷരം പോലും ഉരിയാടിക്കേട്ടില്ല.ഇടതുപക്ഷ വനിതാ സംഘടനകളുടെ പതിവു പ്രതികരണം ഉണ്ടായി എന്നതു നേര്.ആര്‍ഷഭാരത സംസ്കാരത്തിന്‍റെ ഹോള്‍സെയില്‍
ഏജന്‍റുമാരുടെ വനിതാവിഭാഗം മിണ്ടില്ല.എവിടെയെങ്കിലും സ്ത്രീപീഡനം നടന്നെന്നു കേട്ടാലുടനെ ചാടി വീഴുന്ന നമ്മുടെ സ്ഥിരം വനിതാ സംഘങ്ങളും മഹിളാപ്രമാണിമാരും ഇക്കാര്യത്തില്‍ മൗനം അവലംബിച്ചു. പീഡകര്‍ക്കെതിരെ നിയമയുദ്ധത്തിനും തെരുവു യുദ്ധത്തിനും മുന്നിട്ടു നിന്നിരുന്ന ഇക്കൂട്ടരുടെ നിശ്ശബ്ദത ദുരൂഹമാണ്.

അതേസമയം, ജിലേബി സ്വാമിയെന്ന ഒരു കള്ളനു വേണ്ടി ചില മഹിളാമണികള്‍ രംഗത്തെത്തുകയ്ണ്ടായി.
തങ്ങളുടെ സ്വാമി പരിശുദ്ധനും പെരിയ സംയമിയുമാണെന്നും സ്ത്രീകളുടെ നേരേ പോലും നോക്കാത്തവനുമാണെന്ന് അവര്‍ വാദിച്ചു.ഒരാഴ്ച കഴിയും മുമ്പേ ഒരു പാവം സ്ത്രീ പരാതിയുമായി അധികൃതരെ സമീപിച്ചു.താന്‍ ജിലേബി സ്വാമിയുടെ ഭാര്യയാണെന്നും ഒക്കത്തിരിക്കുന്ന കുട്ടി അയാളുടേതാണെന്നും തന്നെ വഞ്ചിച്ചു കടെന്നെന്നും അവര്‍ പറഞ്ഞു.അതോടെ ആസാമിസംരക്ഷകരായി അവതരിച്ച ലലനാമണികളെ കാണാതായി.

എന്നിട്ടും നമ്മുടെ വനിതാസഹായികള്‍ അനങ്ങിയില്ല.പിടിക്കപ്പെട്ട വ്യാജ ദൈവങ്ങളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ട ചിലര്‍ വനിതകളായിരുന്നതു കൊണ്ടാകുമോ അവര്‍ അനങ്ങാതിരുന്നത്?കേരളത്തിലെ ഏറ്റവും വലിയ വ്യജദൈവം പെണ്ണായതിനാലാകുമോ പെണ്‍പക്ഷ സിംഹികള്‍ നിശ്ശബ്ദരായത്?അതോ വനിതാ നേതാക്കളും കള്ളദൈവങ്ങളുടെ പറ്റുപടിക്കാരായിരുന്നോ?ചില പോലീസ് വല്യമ്മച്ചിമാര്‍ ഒരു വ്യാജന്‍റെ
ഭക്തരായിരുന്നു എന്ന വാര്‍ത്തകള്‍ ആരും ഇതുവരെ നിഷേധിച്ചിട്ടില്ല.

അനാഥരും അശരണരുമായ സാധു പെണ്‍കുട്ടികളുടെ സംരക്ഷണമേറ്റെടുത്ത ശേഷം അവരെ ലൈംഗികപീഡനത്തിനിരയാക്കുന്ന ക്രൂരത എത്ര ഗര്‍ഹണീയമാണ്!രക്ഷക വേഷമണിഞ്ഞവന്‍ അന്തകനാണെന്നു
തിരിച്ചറിയുന്ന കൗമാര മനസ്സിന്‍റെ നിസ്സഹായതയും ഭയവും വേദനയും ഊഹാതീമാണ്.ചോര മരവിപ്പിക്കുന്ന
ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കാത്ത പെണ്മനസ്സുകളെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്?Fans on the page

Monday, August 4, 2008

പാഠപുസ്തക സമര പാഠഭേദം

ഏഴാം ക്ലാസ്സിലെ സാമൂഹ്യ പാഠപുസ്തകം സര്‍ക്കാര്‍ പിന്‍ വലിച്ച് മാപ്പു പറയാതെ പിന്മാറില്ല എന്നു പ്രഖ്യാപിച്ച് സമരത്തിനിറങ്ങിയ കോണ്‍ഗ്രസ്സും സംഘവും(യുഡി എഫിലെ പാര്‍ട്ടികള്‍ എല്ലാം സമരത്തിലില്ലാത്തതു കൊണ്ടാണ് അങ്ങനെ പരാമര്‍ശിച്ചത്)ഇപ്പോള്‍ ഡിമാന്‍റില്‍ മാറ്റംവരുത്തിയിരിക്കുന്നു.പാഠപുസ്തകം മുഴുവനായും മാറ്റണ്ടാ,വിവാദ പാഠഭാഗം മാത്രം പിന്‍ വലിച്ചാല്‍ മതിയത്രേ.

കുട്ടിക്കുരങ്ങുകളെ ഇളക്കിവിട്ടിട്ട് ശക്തി പോരാഞ്ഞതിനാലാകാം മൂത്തവര്‍ നേരിട്ട് സമരത്തിനിറങ്ങിയത്.പോയ നൂറ്റാണ്ടിലെങ്ങോ ജീവിക്കേണ്ട ചില മത മേലദ്ധ്യക്ഷന്മാര്‍ പറഞ്ഞ വിവരക്കേടു കേട്ട് സമരത്തിനു ചാടിപ്പുറപ്പെട്ട കോണ്‍ഗ്രസ് നേതൃത്വം, സര്‍ വ്വാംഗം നരച്ചിട്ടും കെ എസ് യു നിലവാരത്തില്‍ നിന്ന് ഉയര്‍ന്നിട്ടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കയാണ്.വിമോചന സമരത്തിലൂടെ രാഷ്ട്രീയത്തില്‍ എത്തിപ്പെട്ടവര്‍ക്ക് അതിന്‍റെ ഹാങ്ങോവറില്‍ നിന്ന് ഇതു വരെയും മോചനം ഉണ്ടായിട്ടില്ലെന്നും കരുതേണ്ടിയിരിക്കുന്നു.

മതനിഷേധവും മതനിരാസവും ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിലുണ്ടെന്ന് അച്ചന്മാരും എന് എസ് എസ് പ്രമാണിമാരും മുസ്ലീം ലീഗുകാരും ആരോപണം ഉന്നയിക്കുന്നത് മനസ്സിലാക്കാം.മതവും ജാതിയും ദൈവവും ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നു വിചാരിക്കുന്നവര്‍.അഥവാ ഇവയൊക്കെ വയറ്റുപിഴപ്പിനു കൊണ്ടു നടക്കുന്നവര്‍.മിശ്രവിവാഹം നിഷിദ്ധമാണെന്നു വിശ്വസിക്കുന്നവര്‍!അങ്ങനെ വല്ലതും സംഭവിച്ചാല്‍ ഊരുവിലക്കും സമുദായഭ്രഷ്ടും കല്പിക്കുന്നവര്‍.അതുപോലെയാണോ ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്‍റെ പാര്‍ട്ടിയായ കോണ്‍ഗ്രസ്സ്? സ്വന്തം പാര്‍ട്ടിയിലെ വലിയ നേതാക്കളുടെ ചരിത്രമെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍ മിശ്ര വിവാഹ ദമ്പതികളുടെ കഥ പറയുന്ന പാഠഭാഗം മഹാപാതകമാണെന്നു ഇവര്‍ക്ക് പറയാന്‍ കഴിയുമായിരുന്നോ.ഇന്ദിരാ ഗാന്ധി മുതല്‍ സോണിയാ ഗാന്ധി വരെയുള്ളവര്‍ സ്വന്തം ജീവിതത്തില്‍ ചെയ്തത് പാഠപുസ്തകത്തില്‍ വന്നപ്പോള്‍ നിഷിദ്ധമായതെങ്ങനെ?

ചിലരങ്ങനെയാണ് .തങ്ങളുടെ കൂടെയുള്ളവരുടെ എണ്ണം എടുക്കുമ്പോള്‍ സ്വന്തം കാര്യം മറന്നു പോകും.അത്തരക്കാര്‍ പക്ഷെ ഒരിക്കലും അടുത്തു നില്ക്കുന്നവരെ മറക്കാറില്ല;മറക്കാന്‍ പാടുമില്ല.'അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുന്ന' കേരളത്തിലെ കോണ്ഗ്രസ്സുകാര്‍ വിശേഷിച്ചും.സ്വന്തം നേതാക്കളെ മറന്നത് ആ നിലക്ക് ക്ഷമിക്കാവുന്നതേയുള്ളു.പക്ഷെ കൂടെ നിന്ന കെആര്‍.ഗൗരിയമ്മയെ മറന്നതിനെ എങ്ങനെയാണു ന്യായീകരിക്കുക?പുതിയ ചാര്‍ച്ചക്കാരനായിരിക്കുന്ന പി സി ജോര്ജ്ജിനെ മറന്നതിന് എന്തു സമാധാനമാണുള്ളത്?ഗൗരിയമ്മയുടെ ഭര്‍ത്താവ് സ.റ്റിവി.തോമസ് ജീവിച്ചിരിപ്പില്ലാത്തതു കൊണ്ട് ഓര്‍ത്തില്ല എന്നു വേണമെങ്കില്‍ വാദിക്കാം.അടുത്ത കാലത്ത് ജഗതി ശ്രീകുമാറിന്‍റെ സന്താനവും തന്‍റെ സന്താനവും തമ്മിലുള്ള വിവാഹം നടത്തിക്കൊടുത്ത ജോര്ജ്ജിനെ വിസ്മരിച്ചതിന് യാതൊരു ന്യായീകരണവുമില്ല.മതം മാറ്റിയിട്ടായിരിക്കാം കല്യാണം നടത്തിയത്.എങ്കിലും സംഗതി മിശ്രം തന്നല്ലോ.

ഗൗരിയമ്മ ജോര്ജ്ജിന്‍റെ ജനുസ്സില്‍ പെടാത്തതു കൊണ്ട് ആദ്യമേ തന്നെ എതിര്‍ത്തു.സ്വന്തം കാര്യം പറഞ്ഞല്ല,തത്വത്തിന്‍റെ പേരില്‍ തന്നെ.എം വി രാഘവനും സമരത്തിനില്ലെന്നു പറഞ്ഞു.എന്നിട്ടും കൂടെ നില്‍ക്കുന്നവരുടെ വാക്കിനല്ല മതാന്ധന്മാരുടെ ഉദ്ബോധനത്തിനാണ് കോണ്‍.നേതാക്കള്‍ വില കല്പിച്ചത്.പാഠ പുസ്തകം പിന്‍ വലിപ്പിക്കാന്‍ സമരത്തിനു പുറപ്പെട്ടിട്ട് സമരത്തിനും ആവശ്യങ്ങള്‍ക്കും പാഠഭേദം ചമച്ച് പിന്‍ വാങ്ങേണ്ടി വന്നത് അതുകൊണ്ടാണ്.

പാവപ്പെട്ട ഒരു അദ്ധ്യാപകനെ ചവിട്ടിക്കൊന്ന യൂത്ത് ലീഗുകാരെ ന്യായീകരിക്കുന്ന മൂത്ത ലീഗുകാര്‍ യഥാര്‍ത്ഥത്തില്‍ നെഹ്രുവിനോടുള്ള പകപോക്കുകയായിരുന്നു.ലീഗിനെ ചത്ത കുതിര എന്ന് വിശേഷിപ്പിച്ചത് നെഹ്രുവാണ്.വയലാര്‍ രവിയും കൂട്ടരും എങ്ങനൊക്കെ തങ്ങള്‍മാരുടെ കാലു തിരുമ്മിയാലും പഴയ നെഹ്രുവിരോധം ലീഗിനു മാറില്ല.അവര്‍ അദ്ദേഹത്തിന്‍റെ ഉദ്ധരണികള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇഷ്ടപ്പെടാത്തത് സ്വാഭാവികം.

നെഹ്രുവിന്‍റെ ആത്മകഥ വായിച്ചിട്ടില്ലാത്തവരേ അദ്ദേഹം ദൈവ വിശ്വാസിയും മതനിഷ്ഠനുമാണെന്നു വാദിക്കുകയുള്ളു.കോണ്‍ഗ്രസ്സുകാര്‍ക്ക് വായനാശീലം കുറവാണെങ്കില്‍ പോകട്ടെ;അദ്ദേഹത്തിന്‍റെ മകളുടെയും കൊച്ചുമക്കളുടെയും അവരുടെ മക്കളുടെയും ജീവിതം കണ്ട അറിവെങ്കിലും മനസ്സിലുണ്ടാകണ്ടേ?Fans on the page