Total Pageviews

Sunday, September 22, 2013

വെളിയം ആശാൻ
85 വയസ്സ് എന്നത് മനുഷ്യനെ സംബന്ധിച്ച് അത്ര കുറഞ്ഞ ആയുസ്സല്ല.എങ്കിലും ആ പ്രായത്തിലെത്തിയ ഒരു വ്യക്തിയുടെ മരണം പോലും നമ്മിൽ തീവ്രമായ വേദനയും നഷ്ടബോധവും സൃഷ്ടിക്കുന്നെങ്കിൽ അദ്ദേഹം അത്രമാത്രം നമുക്കു പ്രിയപ്പെട്ടവനായിരിക്കണം;ആരാദ്ധ്യനായിരിക്കണം.2013 സെപ്റ്റംബർ 18നു അന്തരിച്ച സഖാവ് വെളിയം ഭാർഗ്ഗവൻ എന്ന ആശാൻ വലിയ ഒരു ജനവിഭാഗത്തിനു പ്രിയപ്പെട്ടവനായിരുന്നു.ബഹുമാന്യനായ നേതാവും വഴികാട്ടിയുമായിരുന്നു.അടുത്തു പെരുമാറിയിട്ടുള്ളവർക്കെല്ലാം എന്നെന്നും ഓർത്തിരിക്കാനുള്ള എന്തെങ്കിലും അദ്ദേഹം അവശേഷിപ്പിച്ചിട്ടുണ്ടാകും.

യൂണിവേഴ്സിറ്റി ജീവനക്കാരുടെ ഒരു സംഘടനാ പ്രതിനിധിയെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെടാൻ ആശാനെ കാണാൻ ചെന്നതാണു.പതിവു രീതിയിൽ തോളത്തു തട്ടിക്കൊണ്ട് ചോദ്യം:“എന്തിനാടോ?സാർ സാർ എന്നു വിളിച്ചു തലയും ചൊറിഞ്ഞു നില്ക്കാനല്ലേ?” “എനിക്കാകണ്ടാ.അതെല്ലാം ചെയ്യാൻ മടിയില്ലാത്ത ആരെയെങ്കിലും....” “ശരി. വഴിയുണ്ടാക്കാം.”എന്ന് പറഞ്ഞു.പറഞ്ഞതുപോലെ തന്നെ ഞങ്ങളുടെ സംഘടനയിൽ പെട്ട ഒരു ഡപ്യൂട്ടി രജിസ്ട്രാറെ അന്നത്തെ ഭക്ഷ്യമന്ത്രി സ.ഇ.ചന്ദ്രശേഖരൻ നായരുടെയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ഉൾപ്പെടുത്തുകയും ചെയ്തു.

2000 ൽ കേരള സർവ്വകലാശാലാ സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടവരും നോമിനേറ്റ് ചെയ്യപ്പെട്ടവരുമായ പാർട്ടിയംഗങ്ങളുടെ യോഗം ആശാന്റെ സാന്നിദ്ധ്യത്തിൽ എം.എൻ സ്മാരകത്തിൽ.യോഗം കഴിഞ്ഞു പൊതുകാര്യങ്ങൾ ചർച്ചാവിഷയമായി.കൊല്ലം എസ്.എൻ.കോളജിൽ അന്ന് എ.ഐ.എസ്.എഫ് പ്രവർത്തകരെ മറ്റൊരു വിദ്യാർഥി സംഘടനാംഗങ്ങളും പുറത്തു നിന്നുള്ള ഗുണ്ടകളും ചേർന്ന് നിരന്തരം ഉപദ്രവിക്കുന്ന കാര്യം
കൊല്ലക്കാരനായ ഒരു സെനറ്റംഗം പരാതിയായി പറഞ്ഞു.കേൾക്കാത്ത താമസം ആശാൻ പ്രതിവചിച്ചതിങ്ങനെ: “കൊല്ലത്തുള്ള നമ്മുടെ പിള്ളേരെ സംരക്ഷിക്കാൻ തിരുവനന്തപുരത്തു നിന്നും ഞങ്ങൾ ആളെ അയയ്ക്കണോ?താനൊക്കെ എന്തിനാ പാർട്ടിപ്രവർത്തകനാണെന്നും പറഞ്ഞ് രാവിലെ ഡയറിയും കക്ഷത്തടുക്കി എറങ്ങുന്നത്?”പരാതിക്കാരൻ സഖാവിന്റെ അവസ്ഥ ഊഹിക്കാവുന്നതേ ഉള്ളൂ.

കള്ളത്തരവും ജാഡയും അഹംഭാവവും ആശാന്റെ മുമ്പിൽ വിലപ്പോകുമായിരുന്നില്ല.അഭിനയം അദ്ദേഹത്തിനു ഇഷ്ടമല്ലായിരുന്നു.അധികാര രാഷ്ട്രീയത്തിൽ നിന്നും എന്നും അകന്നു നിന്നിരുന്ന അദ്ദേഹം ഉത്തമനായ കമ്യൂണിസ്റ്റായിരുന്നു.പാർട്ടിയ്ക്കും ജനങ്ങൾക്കും വേണ്ടിയാണു അദ്ദേഹം ജീവിച്ചത്.മനുഷ്യർ ബ്രഹ്മചര്യവും ഗാർഹസ്ഥ്യവും വാനപ്രസ്ഥവും കഴിഞ്ഞ് അനുഷ്ഠിക്കുന്നതെന്നു ഭാരതീയർ വിശ്വസിക്കുന്ന സന്ന്യാസം രണ്ടാമതു തന്നെ കൈക്കൊണ്ട ആളാണു ആശാൻ.സന്ന്യാസിമാരുടെ കാപട്യവും സ്വാർഥതയും മനസ്സിലാക്കിയതോടെ സന്ന്യാസത്തോടു വിടപറഞ്ഞ് മനുഷ്യസ്നേഹത്തിലൂന്നിയ പ്രത്യയശാസ്ത്രത്തിന്റെ വക്താവും പ്രയോക്താവുമായി മാറി.സന്ന്യാസ കാലം നല്കിയ സർവ്വസംഗപരിത്യാഗപാഠം അദ്ദേഹത്തിനെ സ്വാധീനിച്ചിട്ടുണ്ട്.പില്ക്കാലത്ത് അധികാര രാഷ്ട്രീയത്തിന്റെ പ്രലോഭനങ്ങളെ അതിജീവിക്കാൻ കഴിഞ്ഞത് അതുകൊണ്ടാണു.ഒരു നല്ല കമ്യൂണിസ്റ്റുകാരൻ,ഒരു നല്ല പൊതുപ്രവർത്തകൻ,എങ്ങനെ ആയിരിക്കണം എന്ന് സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തന്ന അതുല്യനായ നേതാവാണു വെളിയം ആശാൻ.
Fans on the page

Thursday, September 12, 2013

പൊതുമേഖലയെ തുലയ്ക്കുന്നത് എങ്ങനെ?ഇന്ത്യയ്ക്ക് ഏറ്റവും യോജിച്ചത് മിശ്ര സമ്പദ് ഘടനയാണെന്നു കണ്ടെത്തിയത് പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവാണു.എങ്കിലും പൊതു മേഖലയോടായിരുന്നു അദ്ദേഹത്തിനു താല്പര്യം കൂടുതൽ. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ കഴിയുന്നത്ര സ്ഥാപനങ്ങൾ പൊതുമേഖലയിൽ തുടങ്ങുന്നതിനു ശ്രദ്ധിച്ചിരുന്നു.ഇന്ദിരാഗാന്ധിയും അതേപാത തന്നെയാണു പിന്തുടർന്നത്.ബാങ്ക് ദേശസാല്ക്കരണത്തോടെ അവർ പിതാവിനെ അക്കാര്യത്തിൽ കടത്തി വെട്ടുകയും ചെയ്തു.എന്നാൽ പിന്നീടു വന്ന കോൺഗ്രസ്സ് പ്രധാനമന്ത്രിമാരെല്ലാം തന്നെ പൊതുമേഖലയെ തകർക്കുന്നതിൽ മത്സരിക്കുകയാണുണ്ടായത്.മന്മോഹൻ സിംഗിന്റെ ഭരണകാലമായപ്പോൾ അത് സകല സീമയും കടന്നു.മാത്രമല്ല സ്വകാര്യ മേഖലയ്ക്കു വേണ്ടി പൊതു മേഖലയെ നശിപ്പിക്കുന്നിടം വരെ കാര്യങ്ങൾ എത്തി.

കോൺഗ്രസ്സ് നേതൃത്വം കൊടുക്കുന്ന കേരളത്തിലെ ഇപ്പോഴത്തെ ഭരണകൂടവും പൊതുമേഖലയെ ഉന്മൂലനം ചെയ്യാനുള്ള പുറപ്പാടിലാണു.ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ നഷ്ടത്തിലാക്കുകയാണു അവയെ നശിപ്പിക്കാനുള്ള ആദ്യപടി.പിന്നീട് നഷ്ടത്തിലാണെന്ന കാരണം പറഞ്ഞ് സ്വകാര്യവ്യക്തികൾക്ക്(അതു മിക്കപ്പോഴും നേതാക്കളുടെ ബിനാമികളോ മച്ചമ്പികളോ ആയിരിക്കും)കൈമാറും. മുമ്പ് യുഡി എഫ് അധികാരത്തിൽ വന്നപ്പോൾ നഷ്ടത്തിലാക്കിയ പല പൊതുമേഖലാ സ്ഥാപനങ്ങളും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ലാഭകരമാക്കി.അവയെല്ലാം ഒന്നൊന്നായി നഷ്ടത്തിലാക്കിക്കൊണ്ടിരിക്കുകയാണു ഇപ്പോഴത്തെ യു.ഡി.എഫ് സർക്കാർ.എന്തെല്ലാം ചെയ്തിട്ടും നഷ്ടത്തിലാകാത്തവയെ പോലും പാപ്പരാക്കാൻ എന്തു ചെയ്യണമെന്ന ഗവേഷണത്തിലാണു സർക്കാർ.

അതിന്റെ ഫലമാണു ചെയർമാന്മാർക്കു ശമ്പളവും അധികാരവും കൂട്ടിക്കൊണ്ട് സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവ്.ചെയർമാന്മാരുടെ ശമ്പളം6000 രൂപയിൽ നിന്ന് 20000രൂപയായി ഉയർത്തി.ബോഡ് യോഗങ്ങളടക്കം ഏതു പരിപാടിയിൽ പങ്കെടുക്കുന്നതിനും 500രൂപ സിറ്റിങ്ങ് ഫീസായി എഴുതി എടുക്കാം.എല്ലാ ചെയർമാന്മാർക്കും സെക്രട്ടറിയെ നിയമിക്കാം.ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കാവുന്ന ദൂര പരിധി 500 കിലോമീറ്ററിൽ നിന്നും 3000 കിലോമീറ്ററായി വർദ്ധിപ്പിച്ചു.മൊബൈൽ ഫോൺ വിളിക്കായി ആണ്ടിൽ 18000 രൂപാ നല്കും.

ലാഭനഷ്ടങ്ങൾ തുല്യമായുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ഈ ഉത്തരവു നടപ്പാക്കിത്തുടങ്ങുന്ന ആദ്യമാസം തന്നെ നഷ്ടഗർത്തത്തിൽ വീഴും .ലാഭത്തിൽ പ്രവർത്തിക്കുന്നവ ലാഭത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് ക്രമേണ ഊർദ്ധ്വശ്വാസം വലിച്ചുകൊള്ളും.അങ്ങേയറ്റം ഒരുകൊല്ലം.അതിനു മുമ്പേ ക്ലോസ്സാകും.ഒരുതരം സ്ലോ പോയിസണിങ്ങ്.

ചില മന്ത്രിമാരുടെ മേൽ നോട്ടത്തിൽ സ്ഥാപിച്ചിട്ടുള്ള കറക്കുകമ്പനികളും മച്ചമ്പിമാരായ ഭൂമാഫിയാ രാജാക്കന്മാരും കൂടി കേരളത്തിലെ കണ്ണായ സ്ഥലങ്ങളിലുള്ള വസ്തുക്കൾ ഇതിനകം തന്നെ കൈവശപ്പെടുത്തിക്കഴിഞ്ഞു എന്നാണു വാർത്ത.ഇനി കിട്ടുന്നത്ര പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി അടിച്ചെടുക്കാനാണു ഉന്നം.സെക്രട്ടറിയേറ്റിന്റെ അസ്ഥിവാരമെങ്കിലും ഈ ഭരണം കഴിയുമ്പോൾ അവശേഷിക്കുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.പറഞ്ഞുവരുമ്പോൾ അതും പൊതുസ്ഥാപനമാണല്ലോ!Fans on the page

Tuesday, September 3, 2013

നമ്മളെ വിഘടനവാദികളാക്കുമോ?


ടോം ജോസഫിന് അര്‍ജ്ജുന അവാര്‍ഡ് നല്‍കുന്നത് സംബന്ധിച്ച് ആലോചന നടത്താന്‍ കേന്ദ്രത്തിലെ യേമാന്മാര്‍ക്ക് ആഴ്ചകള്‍ വേണ്ടിവന്നു.ഒടുവില്‍ നൂറു ന്യായം പറഞ്ഞ് കൊടുക്കാന്‍ സാദ്ധ്യമല്ലെന്ന് വിധിച്ചു.അതില്‍ ഒരു ന്യായം എല്ലാം നേരത്തെ തീര്‍ച്ച പ്പെടുത്തിപ്പോയി എന്നാണു.രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജ്ജുന അവാര്‍ഡ് പ്രഖ്യാപിച്ചത് വളരെ നേരത്തെ.അവാര്‍ഡ് വാങ്ങാന്‍ രാഷ്ട്രപതിഭവനിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.അവാര്‍ഡു വാങ്ങാന്‍ നീട്ടിയ കൈകളില്‍ അവാര്‍ഡ് എത്തിയില്ല.ഏതാനും മണിക്കൂര്‍ മുമ്പ് ആരോ ഉന്നയിച്ച ആരോപണത്തിന്റെ പേരില്‍ അര്‍ജ്ജുന അവാര്‍ഡ് രഞ്ജിത്തിനു നല്‍കിയില്ല.'നേരത്തെ തീര്ച്ചപ്പെടുത്തിയത്'എന്ന ന്യായം ഒരു ഏമാനും പറഞ്ഞില്ല.തൊട്ടടുത്ത ദിവസം തന്നെ തീരുമാനം അദ്ദേഹത്തിനു അനുകൂലമായുണ്ടാകും എന്നാണു കേന്ദ്രത്തിന്റെ കുഞ്ഞാടുകള്‍ പ്രചരിപ്പിച്ചത്.ഈ നിമിഷം വരെ അങ്ങനെ ഒരു പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ഭാരതത്തിനു ലോക കായിക ഭൂപടത്തില്‍ മേല്‍ വിലാസമുണ്ടാക്കാന്‍ മലയാളി വേണം;അവനെ അംഗീകരിക്കാന്‍ ഭാരത ഭരണകര്‍ത്താക്കള്‍ക്ക് വലിയ മടി .

ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിദേശ നാണ്യം നേടിക്കൊടുക്കുന്നത് കേരളമാണ്.അതിന്നു ആനുപാതികമായി സംസ്ഥാനത്തിന്റെ വികസനത്തിന് യാതൊന്നും കേന്ദ്രം ചെയ്യുന്നില്ല.കോച്ചു ഫാക്ടറി,സ്പെഷ്യല്‍ സോന്‍ തുടങ്ങി റയില്‍വേ വാഗ്ദാനം ചെയ്തവ പോലും കടലാസില്‍ മാത്രം ഒതുങ്ങുന്നു.ചരിത്രത്തില്‍ ആദ്യമായിട്ടാണ് കേന്ദ്ര മന്ത്രിസഭയില്‍ ഇത്രയധികം മലയാളി മന്ത്രിമാരുള്ളത് .അതും അപ്രധാന സ്ഥാനത്തിരിക്കുന്നവരല്ല.മന്ത്രിസഭയിലെ രണ്ടാമന്‍ വരെ കേരളീയന്‍ ആണെന്നാണ്‌ ഖ്യാതി.നാടിനു പത്ത് പൈസയുടെ ഉപകാരമില്ലെന്നു മാത്രം.

സാക്ഷരതയില്‍ മുമ്പില്‍ നില്‍ക്കുന്ന നമ്മള്‍ ഗോസായി ഏമാന്മാരുടെ ദൃഷ്ടിയില്‍ ഐ.ഐ.ടി ലഭിക്കാന്‍ അയോഗ്യര്‍ !

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖമായ വിഴിഞ്ഞത്തെ ഇല്ലാതാക്കാനും വികസിപ്പിക്കതിരിക്കാനും കേന്ദ്രത്തിലിരുന്നു ഭരണക്കാര്‍ ചരടു വലിക്കുന്നു.

ഇങ്ങനെ ഓരോന്ന് കണ്ടും കേട്ടും കഴിയുമ്പോള്‍ നമ്മള്‍ കേരളീയര്‍ ഉത്തരേന്ത്യക്കാരുടെ അടിമകളോ എന്ന്‍ ആരെങ്കിലും ചിന്തിച്ചു പോയാല്‍ കുറ്റം പറയാന്‍ കഴിയുമോ?

Fans on the page