Total Pageviews

Saturday, December 1, 2007

വ്യവസായ വകുപ്പിന്‍റെ ഭൂപരിഷ്കരണനിയമം

കേരളത്തിന്‍റെ ഭൂപരിഷ്കരണ നിയമം നവീകരിക്കണമത്രേ!നിയമത്തിന് പരിഷ്കരണം ആവശ്യമെങ്കില്‍ എത്രയും വേഗം അതിനു വേണ്ട നടപടി സ്വീകരിക്കണം.തര്‍ക്കമില്ലാത്ത കാര്യം.പക്ഷേ ഭൂനിയമം പരിഷ്കരിക്കണമെന്ന ഉള്‍വിളിയുണ്ടായിരിക്കുന്നത് റവന്യൂ വകുപ്പിനല്ല;വ്യവസായ വകുപ്പിനാണ്.വകുപ്പിനെന്ന് പറഞ്ഞുകൂടാ.വകുപ്പു സെക്രട്ടറിക്കെന്നു പറയുന്നതാകും ശരി.സെക്രട്ടറി തയ്യാറാക്കിയ നോട്ട് കണ്ടിട്ടില്ലെന്ന് വ്യവസായമന്ത്രിയും മുഖ്യമന്ത്രിയും സത്യം ചെയ്യുന്നു.ബന്ധപ്പെട്ടമേലാളര്‍ അറിഞ്ഞില്ലെങ്കിലും സെക്രട്ടറിയുടെ നോട്ട് പത്രങ്ങളും ചാനലുകളും വഴി മാലോകരെല്ലാം കണ്ടു.സംസ്ഥാനത്തിന്‍റെ സാമൂഹിക,സാമ്പത്തിക മേഖലകളില്‍ സമൂല പരിവര്‍ത്തനം വരുത്തിയ നിയമം വ്യവസായ വികസനത്തിന് തടസ്സംനില്‍ക്കുന്നു പോലും!വ്യവസായ വളര്‍ച്ചക്ക് വിഘാതമുണ്ടാക്കുന്ന യഥാര്‍ഥ കാരണം ഭൂനിയമം അല്ലെന്ന് കണ്ടെത്താന്‍ ഐ എ എസ് വേണമെന്നില്ല.ആ നിലയ്ക്ക് ഈ കണ്ടുപിടുത്തം സദുദ്ദേശ്യപരമാണെന്ന് കരുതുക വയ്യ.വകുപ്പ് സെക്രട്ടറിയുടെ കുറിപ്പ് മന്ത്രിക്കു സമര്‍പ്പിക്കുന്നതിനു പകരം പത്രമാപ്പീസുകളില്‍ എത്തിച്ചതില്‍ നിന്നു തന്നെ വ്യവസായം ഗുണം പിടിക്കാത്തതിന്‍റെ ഗുട്ടന്‍സ് വ്യക്തം.വ്യവസായം മാത്രമല്ല ഭരണവും രോഗഗ്രസ്ഥമാകും ഇത്തരക്കാരുടെ ഉപദേശമാണു കേള്‍ക്കുന്നതെങ്കില്‍.ജന്മി,മാടമ്പികള്‍ക്കു പണ്ടേയുണ്ടായിരുന്ന ഭൂനിയമ വിരോധം സംബന്ധക്കാര്‍ വഴി പുറത്തു വരുകയാണെന്ന് ചില ഘടക കക്ഷികളും മുഖ്യമന്ത്രിയുംമനസ്സിലാക്കിയെങ്കിലും വകുപ്പുമന്ത്രി മനസ്സിലാക്കിയോ എന്ന് സംശയം. നിര്‍ഭയമായി ഫയലില്‍ എഴുതുന്ന ഉദ്യോഗസ്ഥരാണ് ഇന്നാവശ്യമെന്ന്,അടുത്ത ദിവസം വ്യവസായ വകുപ്പിന്‍റെ വെബ്സൈറ്റ് ഉദ്ഘാടനവേളയില്‍ഈ സെക്രട്ടറിയെ അടുത്തിരുത്തി മന്ത്രി പറയുന്നത് കേട്ടു.മന്ത്രിസഭയില്‍ ഒരു കമ്യൂണിസ്റ്റുകാരനെങ്കിലും അവശേഷിക്കുമെങ്കില്‍ ഭൂനിയമം ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞുതീരും മുമ്പാണ് മന്ത്രിയുടെ ഉദ്യോഗസ്ഥസങ്കീര്‍ത്തനം. പരിഷ്കരണ വാദം താന്‍ അറിഞ്ഞില്ല എന്ന മന്ത്രിഭാഷ്യം വിശ്വസനീയമല്ലെന്നു വേണം കരുതാന്‍.അതോ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ വ്യാവസായിക വിപ്ലവത്തിന്‍റെ ജന്മനാട്ടില്‍ ഉപരിപഠനം നടത്തുന്ന സ്ഥിതിക്ക് വകുപ്പു സെക്രട്ടറിയുടെ ഉപദേശം പാടേ തള്ളുന്നത് ബുദ്ധിയല്ലെന്ന് മന്ത്രിക്ക് ബോധോദയം ഉണ്ടായോ?എന്തായാലും എല്ലിന്‍റെ അസുഖത്തിന് മരുന്നു കുറിക്കേണ്ടത് പല്ലുഡോക്റ്ററല്ല.ആരു ഭരിച്ചാലും പ്രധാന സ്ഥാനങ്ങളില്‍ തന്നെ എന്നുമിരിക്കുന്ന കോംപ്ലാന്‍ ബേബികളായ മാടമ്പിമരുമക്കള്‍സാധുക്കള്‍ക്കെതിരായിരിക്കുമെന്ന് തൊഴിലാളി വര്‍ഗ്ഗപ്പാര്‍ട്ടി നേതാക്കള്‍ എന്നണ് ഇനി തിരിച്ചറിയുക?

5 comments:

അങ്കിള്‍ said...

സര്‍ക്കാര്‍ ഒരു പരിഷ്കാരം നടപ്പിലാക്കുന്നതിന് മുമ്പ്‌ മാലോകര്‍ അതിന് എങ്ങനെ വരവേള്‍ക്കുമെന്നറിഞ്ഞ്‌ പ്രവര്‍ത്തിക്കേണ്ടതുണ്ട്‌. അങ്ങനെ മാലോകരുടെ ഇംഗീതം അറിയാന്‍ പല മാര്‍ഗ്ഗങ്ങളും പ്രയോഗിക്കും. വ്യവസായ സെക്രട്ടറിയുടെ ഈ കുറിപ്പിനേയും അങ്ങ്നെ കണ്ടാല്‍ മതി. ജനം എതിര്‍ക്കുമെന്ന്‌ കണ്ടു, സര്‍ക്കാരിന് കാര്യം മനസ്സിലായി, മന്ത്രിമാരും അതിനൊത്ത്‌ സംസാരിച്ചു കഴിഞ്ഞു. അറിയേണ്ടകാര്യം അങ്ങനെ സര്‍ക്കാര്‍ അറിഞ്ഞുകഴിഞ്ഞു. പാവം വ്യവസായ സെക്രട്ടറി.

അതേ പോലെതന്നെയാണ് വിദ്യഭ്യാസ നിയമത്തില്‍ വരുത്താന്‍ ഉദ്ദേശിച്ച ഭേദഗതികളും. വിദ്യാഭ്യാസ മന്ത്രി തുടക്കത്തില്‍ ഒന്നും പറഞ്ഞില്ല. ബാക്കിയെല്ലാരും പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിക്ക്‌ കാര്യം മനസ്സിലായി, മറ്റെല്ലാരും പറഞ്ഞപ്പോള്‍. വിദ്യഭ്യാസമന്ത്രിയുടെ പ്രസ്താവന ഉടന്‍ വന്നില്ലേ:‘സ്വപ്നത്തില്‍ പോലും ഒരു മാറ്റത്തെ പറ്റി അലോചിച്ചിട്ടില്ല’. പണിക്കരും അച്ചന്മാരും ഒന്നിച്ച്‌ പ്രസ്താവന ഇറക്കിയില്ലങ്കിലോ. നിയമനങ്ങള്‍ പി.എസ്.സി. ക്ക്‌ വിടാനുള്ള നീക്കങ്ങള്‍ സര്‍ക്കാരിന്‍ നിന്നുതന്നെ ഉണ്ടായേനേ. പക്ഷേ എത്ര നാള്‍ പണിക്കരച്ചന്മാര്‍ ഇങ്ങനെ എതിര്‍ത്തുനിള്‍ക്കൂം?

dethan said...

അങ്കിളേ,
ആദ്യം ഇടതുപക്ഷമുന്നണി തീരുമാനമെടുക്കും.പിന്നീട് മന്ത്രിസഭ. അതിനു ശേഷം മാത്രമേ ബന്ധപ്പെട്ട വകുപ്പ്
നടപടികളിലേക്ക് കടക്കൂ.അതാണ് രീതി.അതു കഴിഞ്ഞ്,താങ്കള്‍ പറഞ്ഞത് പോലെ,എല്ലാ തലത്തിലും ചര്‍ച്ച
ചെയ്യും.അല്ലാതെ ഉണ്ടിരുന്ന സെക്രട്ടറിക്ക് വിളി തോന്നുമ്പോഴല്ല നയപരമായ കാര്യങ്ങള്‍ ചര്‍ച്ചക്ക് വയ്ക്കേണ്ടത്.തന്നയുമല്ല സര്‍ക്കാരുദ്യോഗസ്ഥന് തന്‍റെ കുറിപ്പ് പരസ്യപ്പെടുത്താന്‍ സ്വാതന്ത്ര്യമില്ല.മന്ത്രി അറിയാതെയാണ്
നാടകങ്ങള്‍ നടന്നിട്ടുള്ളതെങ്കില്‍ സെക്രട്ടറി അടുത്ത നാള്‍ മുതല്‍ ആ കസേരയില്‍ കാണുമായിരുന്നില്ല. വിദ്യാഭ്യാസ മന്ത്രിയെപ്പറ്റിയാണെങ്കില്‍,പണ്ട് ക്രിസ്തുദേവന്‍ പറഞ്ഞതാണ് ഓര്‍മ്മ വരുന്നത് :"പിതാവേ ഇവന്‍ ചെയ്യുന്നത് എന്താണെന്ന് ഇവന്‍ അറിയുന്നില്ല." അരമനകളില്‍ ചെന്ന് തിരുമേനിമാരുടെ കൈ മുത്തിയതു കൊണ്ട് മാറുന്നതല്ല അവരുടെ കമ്യൂണിസ്റ്റ് വിരോധം എന്ന് ഇനിയെങ്കിലും മനസ്സിലാക്കിയെങ്കില്‍
നന്ന്.മുഖ്യമന്ത്രിക്ക് പാര പണിയുന്നതല്ല മന്ത്രിപ്പണിയെന്നും.ഒടുവില്‍ പറഞ്ഞത് രണ്ട് മന്ത്രിമാര്‍ക്കും ബാധകമാണ്.
ദത്തന്‍

അങ്കിള്‍ said...

*************************
മന്ത്രി അറിയാതെയാണ്
നാടകങ്ങള്‍ നടന്നിട്ടുള്ളതെങ്കില്‍ സെക്രട്ടറി അടുത്ത നാള്‍ മുതല്‍ ആ കസേരയില്‍ കാണുമായിരുന്നില്ല.
*************************

ശരിയാണിത്‌. ആ ഉദ്ദ്യോഗസ്ഥന്‍ അതേ കസേരയില്‍ ഇപ്പോഴും ഉണ്ട്‌. അങ്ങനെയെങ്കില്‍

*****************************
ഉണ്ടിരുന്ന സെക്രട്ടറിക്ക് വിളി തോന്നുമ്പോഴല്ല നയപരമായ കാര്യങ്ങള്‍ ചര്‍ച്ചക്ക് വയ്ക്കേണ്ടത്
******************************

മേല്‍പ്പറഞ്ഞത്‌ ശരിയാകില്ലല്ലോ. ഉണ്ണാ‍തിരുന്ന സെക്രട്ടറിയെകൊണ്ട്‌ ചുട് ചോറ്‌ വാരിക്കയായിരുന്നു. സെക്രട്ടറിക്ക്‌ ചെയ്യാതിരിക്കാമായിരുന്നില്ലേയെന്ന്‌ ചോദിക്കാം. അവിടെയാണ് ഒരു ഉദ്ദ്യോഗസ്ഥന്റെ ‘ഗതികേട്‌‘ നാം കാണുന്നത്‌.

Radheyan said...

കിരണിന്റെ പോസ്റ്റില്‍ ഇട്ട മറുപടി ഇവിടെയും ചേര്‍ക്കുന്നു.

ഇത്തരം ഒരു ചര്‍ച്ച തുടങ്ങി വെയ്ക്കുന്നതില്‍ ദുരൂഹതയുണ്ട് എന്നു പറഞ്ഞു കൊണ്ട് ചര്‍ച്ചയിലേക്ക് കടക്കുന്നതിലെ കല്ലുകടി മനസ്സിലാകാഞ്ഞിട്ടല്ല.

ബാലകൃഷ്ണന്‍ മനപ്പൂര്‍വ്വം മറന്ന ചില സംഗതികള്‍ ഒന്നു കുറിക്കാന്‍ ശ്രമിക്കട്ടെ.

1. ഭൂമിയുടെ ലഭ്യത മാത്രമല്ല വന്‍ വ്യവസായവല്‍ക്കരണത്തിനു തടസ്സം.ജനസാന്ദ്രത കൂടിയ പ്രദേശമെന്ന രീതിയില്‍ പല വ്യവസായങ്ങളും നമ്മുക്ക് പറ്റില്ല.
2.ഐ.ടി. എന്നത് ഭൂമി ലഭ്യത ആവശ്യമുള്ള സംരംഭമല്ല.കണക്റ്റിവിറ്റി,ഭേദപ്പെട്ട അടിസ്ഥാന സൌകര്യങ്ങള്‍ തുടങ്ങിയവയാണ് വേണ്ടത്.പിന്നെ നല്ല ഹ്യൂമന്‍ റിസോഴ്സും.പാര്‍ക്കുകള്‍ കേന്ദ്രീകരിച്ചേ ഐ.ടി. വരൂ എന്നതും മിഥ്യാധാരണയല്ലേ?

3.കൃഷിഭൂമിയുടെ ഫ്രാഗ്മെന്‍‌റ്റേഷന്‍ ഒരു സത്യമാണ്.പക്ഷെ കൃഷിയുടെ നാശം അതിലൂടെയല്ല.കൃഷിയോട് താല്‍പ്പര്യം ഇല്ലാതായി എന്നത് ഒരു സംഗതി.എന്റെ നാടായ കുട്ടനാ‍ട്ടിലൊക്കെ വന്‍ തോതിലുള്ള രാസപ്രയോഗവും മറ്റും ഭൂമിയുടെ ഫെര്‍ട്ടിലിറ്റിയും ഋതുത്വവും നശിപ്പിച്ചു.തണ്ണീര്‍മുക്കം ബണ്ട് തുടങ്ങിയ സംഗതികള്‍ ഗുണത്തെക്കാള്‍ ദോഷം ചെയ്തു.

4.ഫ്രാഗ്മെന്‍‌റ്റേഷന്‍ മുന്‍‌കൂട്ടി കാണാന്‍ ഭൂപരിഷ്ക്കരണസമയത്ത് കഴിഞ്ഞില്ല എന്നത് വസ്തുത.ഭൂമിയുടെ അവകാശം പ്രത്യുല്‍പ്പാദനപരമായി പ്രയോജനപ്പെടുത്താന്‍ ഉതകുന്ന പരിഷ്ക്കാരങ്ങള്‍ കൂടി വേണ്ടിയിരുന്നു.പലരും ഭൂമി മകളുടെ കല്യാണത്തിനും മറ്റും വിറ്റു.അങ്ങനെ പിന്നെയും ഫ്രാഗ്മെന്‍‌റ്റേഷന്‍ സംഭവിച്ചു.

5.ഗ്രൂപ്പ് ഫാമിംഗ് നല്ല ഒരു സാധ്യത ആയിരുന്നു.87-91 കാലത്തെ നയനാര്‍ സര്‍ക്കാരില്‍ വി.വി.രാഘവന്‍ കുറച്ച് ഇതില്‍ മുന്നോട്ട് പോവുകയും ചെയ്തു.പ്രാദേശിക ഭരണകൂടത്തിനും സഹകരണ പ്രസ്ഥാനത്തിനും ഇതില്‍ നല്ല പങ്കു വഹിക്കാനാവും.വിളകളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായി മാര്‍ക്കറ്റില്‍ ബ്രാന്‍ഡ് ചെയ്തു എത്തിക്കുന്നത് വരെ ഇത്തരം കാര്‍ഷിക കൂട്ടായ്മകള്‍ക്ക് കീഴില്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ കര്‍ഷകനും ഉപഭോക്താവിനും ഗുണം കിട്ടും.

6.കുത്തകകളുടെ കരാര്‍ കൃഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് ബാലകൃഷ്ണന്റെ മനസ്സിലിരുപ്പ്.അത് ഭാവിയില്‍ ദോഷകരമാകും എന്നതില്‍ സംശയമില്ല.അത് ഭൂപരിഷ്ക്കരണത്തിന്റെ ഉദ്ദേശത്തെ തകര്‍ക്കും.ഇത്തരത്തില്‍ പെപ്സിക്കും റിലയന്‍സിനും മറ്റും ബംഗാള്‍ സര്‍ക്കാര്‍ വഴങ്ങി കൊടുത്തു എന്നതിലാണ് മാതൃഭൂമി ഇവിടെയും ദുരുദ്ദേശം കാണുന്നത് എന്നു തോന്നുന്നു.കരീമും മറ്റും ബുദ്ധയുടെ ആരാധകരാണെന്നാണല്ലോ പറയപ്പെടുന്നത്

റിലയന്‍സിനെ പാട്ടകൃഷിക്ക് അനുവദിക്കുന്നത് പുലിപ്പുറത്ത് യാത്ര ചെയ്യാന്‍ തീരുമാനിക്കുന്നത് പോലെ ഇരിക്കും.പുലിയുടെ പുറത്തു നിന്നിറങ്ങിയാള്‍ പുലി തിന്നും.

കൃഷി ഇവിടെ യാന്ത്രികമായി പുരോഗമിക്കണമെന്ന ചിന്ത മാത്രമാണെങ്കില്‍ അത് അനുവദിക്കാമായിരുന്നു.
അതു മൂലം താഴെ പറയുന്ന ലാഭമുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

1. ഉല്‍പ്പാദനം മെച്ചപ്പെടണം.അതു മൂലം കൂടുതല്‍ മിച്ചമൂല്യം ഉണ്ടാവണം
2. കൃഷിക്കാരുടെയും കര്‍ഷകരുടെയും കര്‍ഷക തൊഴിലാളിയുടെയും അവസ്ഥ നന്നാവണം.ഈ മൂന്നു വിഭാഗങ്ങള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ ഇല്ലാതാവണം.തമ്പ്രാന്‍ വരമ്പത്ത് കുട ചൂടി നില്‍ക്കും,അടിയാന്‍ വെയിലത്ത് പണി എടുക്കും എന്നത് മാറി കൃഷിയില്‍ താല്‍പ്പര്യമുള്ളവര്‍ മുണ്ടു മടക്കി കുത്തിയോ പാന്റ് കയറ്റി വെച്ചോ ചേറിലേക്ക് ഇറങ്ങണം.
3.ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില കര്‍ഷകനു കിട്ടണം
4.ഉപഭോക്താവിന് നല്ല ഉല്‍പ്പന്നം ന്യായമായ വിലയ്ക്ക് കിട്ടണം.

റിലയന്‍സിന് പാട്ടത്തിനു നല്‍കിയാല്‍ ഇവയില്‍ ഒന്നു പോലും സംഭവിക്കും എന്ന് തോന്നുന്നില്ല.


ഭൂപരിഷ്ക്കരണത്തെ കുറിച്ച് ഇത്തരമൊരു നീക്കത്തിനെ ആദ്യം എതിര്‍ക്കേണ്ടത് മാര്‍ക്സിസ്റ്റ് കമ്മ്യൂ.പാര്‍ട്ടിയുടെ നേതൃത്വമായിരുന്നു.തങ്ങള്‍ ജീവനോടെ ഇരിക്കുമ്പോള്‍ അങ്ങനെ ഒന്നു സംഭവിക്കില്ല എന്ന് ഉറപ്പ് പറയേണ്ടത് അതീന്റെ സെക്രട്ടറി ആയിരൂന്നു.എന്തു കൊണ്ടോ അത് ഉണ്ടായില്ല എന്നത് നിഗൂഡമായി തോന്നുന്നു.

dethan said...

രാധേയന്‍,
നമ്മള്‍ക്കുള്ള ഉത്കണ്ഠയൊന്നും വ്യവസായമന്ത്രിക്കോ സെക്രട്ടറിക്കോ ഇല്ല.ഗൗരവതരത്തിലുള്ള ചര്‍ച്ചയും അവര്‍ ഉദ്ദേശിച്ചിട്ടുണ്ടാകില്ല.താങ്കള്‍ ആറാമതായി സൂചിപ്പിച്ചിരിക്കുന്നത് പോലെയുള്ള മനസ്സിലിരിപ്പ്
ബാലകൃഷ്ണന് മാത്രമല്ല മന്ത്രിക്കുമുണ്ടെന്നാണ് തോന്നുന്നത്.കയറിയ ഉടനെ കരിമണല്‍ ഖനനം തുടങ്ങിയ
വിലക്കപ്പെട്ട വിഷയങ്ങളില്‍ കൈ വച്ച് വിവാദമുണ്ടാക്കിയ മന്ത്രിയുടെ നിര്‍ദ്ദോഷ അഭിനയം അത്രക്ക് വിശ്വസനീയമല്ല.1957ല്‍ അവിഭക്ത കമ്യു.പാര്‍ട്ടിക്കു കിട്ടിയതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം രണ്ട് കമ്യൂ.പാര്‍ട്ടികള്‍ക്കും കൂടി കിട്ടിയിട്ടും പാവപ്പെട്ടവര്‍ക്കു വേണ്ടി ഉദ്ദേശിച്ചപോലെ പ്രവര്‍ത്തിക്കാന്‍ കഴിയാത്തത് ഇത്തരം കപട കമ്യൂ.കാര്‍ മൂലമാണ്. മദ്യരാജാക്കന്മാരുടെയും ഭൂമിമാഫിയകളുടെയും സൗഹൃദം ഇഷ്ടപ്പെടുന്നവര്‍ക്ക് കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും മറ്റു ദരിദ്ര വിഭാഗങ്ങളുടെയും
പ്രശ്നങ്ങള്‍ എങ്ങനെ മനസ്സിലാകാനാണ്?സാമ്രാജ്യത്വത്തോടും മുതലാളിത്തത്തോടും സന്ധി ചെയ്യുന്നതാണ്
പ്രായോഗിക കമ്യൂണിസമെന്ന് അണികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ പിന്നെങ്ങനെയാണ് ഇത്തരം നീക്കങ്ങളെ എതിര്‍ക്കാന്‍ മുമ്പിലെത്തുക?