Total Pageviews

Wednesday, December 12, 2007

കമ്യൂണിസ്റ്റു ലക്ഷണം വ്യക്തി പൂജയോ?

ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നവന്‍ കമ്യൂണിസ്റ്റല്ല എന്ന് കേരളത്തിലെ ഒരു മന്ത്രി പ്രസ്താവിച്ചുകണ്ടു.സൂര്യനു കീഴെയുള്ള എന്തിനെക്കുറിച്ചും അഭിപ്രായം പറയുന്ന ഇദ്ദേഹം തികഞ്ഞ ഭൗതികവാദിയും കമ്യൂണിസ്റ്റുകാരനുമാണെന്നതില്‍ ആര്‍ക്കും സംശയം വേണ്ട.ആ നിലയ്ക്ക് മന്ത്രിയുടെ പ്രസ്താവന നിസ്സാരമായിതള്ളിക്കളയാവുന്നതല്ല.ഭൗതികതയുടെ അടിത്തറയില്‍ രൂപം കൊണ്ട ഒരു പ്രത്യയശാസ്ത്രത്തില്‍ ദൈവത്തിനോഭൗതികാതീത ശക്തികള്‍ക്കോ പ്രസക്തിയില്ല.മനുഷ്യ നന്മയാണ് മുഖ്യം.ദൈവത്തിന്‍റെയും മതത്തിന്‍റെയുംപേരിലാണ് ലോകത്ത് ഏറ്റവുമധികം കലഹങ്ങളും നരനായാട്ടും നടന്നിട്ടുള്ളത് എന്നു മനസ്സിലാക്കിയതു കൊണ്ടാണ് കമ്യൂണിസം അവയെ ഒഴിവാക്കിയത്.അതിനര്‍ത്ഥം വ്യക്തിപൂജയാകാം എന്നല്ല.അതും പാടില്ല.ഈശ്വരാരാധന നിഷദ്ധമെന്നു കരുതുന്ന മന്ത്രി പക്ഷേ വ്യക്തിപൂജ ഇഷ്ടം പോലെ നടത്തുന്നുണ്ട്. സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി സ.പിണറായി വിജയനെ ദിവസം തോറും പ്രകീര്‍ത്തിക്കുന്നതു കേട്ടാല്‍ഏതു കടുത്ത ദൈവ വിശ്വാസിയും നാണിച്ചു പോകും.അത്രയ്ക്ക് ഭക്തി പുരസ്സരമാണു സ്തുതി.'നിര്‍ഗ്ഗുണന്‍,നിഷ്കളന്‍,നിത്യന്‍,നിരാമയന്‍'എന്നൊക്കെ വാഴ്ത്തപ്പെടുന്ന ദൈവത്തിനെ ആരധിച്ചാല്‍ എന്തുഗുണം? അതുപോലാണോ പാര്‍ട്ടിയിലെ സര്‍വ്വശക്തനായ സെക്രട്ടറി?അദ്ദേഹം പ്രസാദിച്ചാല്‍ എന്തെന്ത് സൗഭാഗ്യം വന്നുകൂടാ?മന്ത്രിപദലബ്ധി മുതല്‍ എതിരാളിനിഗ്രഹം വരെ എത്ര എളുപ്പം!ആദ്യത്തേത് കിട്ടിയെങ്കിലും അതു നിലനിര്‍ത്തണമെങ്കില്‍ പ്രീതിപ്പെടുത്തിക്കൊണ്ടേ ഇരിക്കണമായിരിക്കും.തമിഴ്നാട്ടില്‍ ഏതോ സിനിമാ നടിക്ക് ആരാധകര്‍ അമ്പലം തീര്‍ത്തതായി കേട്ടിട്ടുണ്ട്.ദേവസ്വം മന്ത്രിയുടെ പോക്ക് കണ്ടിട്ട് കേരളത്തിലും അത്തരമൊരു ക്ഷേത്രം പണിഞ്ഞ് പാര്‍ട്ടി സെക്രട്ടറിയുടെ വിഗ്രഹം പ്രതിഷ്ഠിക്കുന്ന ലക്ഷണമുണ്ട്.മന്ത്രിയുടെ മണ്ഡലമായ അമ്പലപ്പുഴയിലെ ശ്രീകൃഷ്ണസ്വാമി(പാര്‍ത്ഥസാരഥി)ക്ഷേത്രത്തിനടുത്ത് വിജയന്(പാര്‍ത്ഥന്)കൂടി അമ്പലം നിര്‍മ്മിക്കുന്നത് എന്തുകൊണ്ടും ഉചിതമായിരിക്കും.ഭരണവും പ്രാര്‍ത്ഥനയും നേരിട്ടു നടത്തുകയും ചെയ്യാം.അടുത്ത കാലത്ത് തുടങ്ങിയ പുതിയ സങ്കീര്‍ത്തനം കേട്ടിട്ട് ഒരു ഉപവിഗ്രഹത്തിനു കൂടി സാദ്ധ്യത കാണുന്നു- സ.തോമസ് ഐസക് പുണ്യവാളന്‍റെ.വ്യാസനെക്കുറിച്ച് പൗരസ്ത്യരും അരിസ്റ്റോട്ടിലിനെപ്പറ്റി പാശ്ചാത്യരും പറഞ്ഞ വിശേഷണങ്ങളാണ് സഖാവിനെ സ്തുതിക്കാന്‍ മന്ത്രി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.വാക്സുധ കൊണ്ട് ഇഷ്ടദൈവങ്ങളെ പ്രകീര്‍ത്തിക്കുക മാത്രമല്ല,അവരെക്കുറിച്ച് അപ്രിയം പറയുന്നവര്‍ക്ക് നേരേ പൂരപ്പാട്ട് നടത്താനും മന്ത്രി മുമ്പിലുണ്ട്.സാമ്രാജ്യത്വ വിരോധം പ്രസംഗിക്കുന്ന പിണറായിക്ക് മകനെ ബ്രിട്ടീഷ് സമ്രാജ്യത്തിന്‍റെ ബ്ലേഡ് സര്‍വ്വകലാശാലയില്‍ വിട്ട് പഠിപ്പിക്കാന്‍ പണമെവിടെ നിന്നെന്ന് ചോദിച്ച സാഹിത്യകാരിയുടെ നേര്‍ക്ക് പ്രയോഗിച്ച പൂരപ്പാട്ട് കേട്ട് കൊടുങ്ങല്ലൂരമ്മ പോലും നാണിച്ചുപോയത്രെ.പാര്‍ട്ടിസെക്രട്ടറിയെ ഉപാസിക്കുന്ന മന്ത്രിക്കും കിട്ടിയിട്ടുണ്ട് ഒരു കറതീര്‍ന്ന ഭക്തനെ.മന്ത്രി എന്തു പറഞ്ഞാലും അനുസരിക്കുംഎന്ന് ആണയിടുന്ന ദേവസ്വം ബോഡ് പ്രസിഡന്‍റ് സ.ഗുപ്തന്‍റെ മുമ്പില്‍ ശ്രീരാമസേവകനായ ഹനുമാന്‍ എത്രനിസ്സാരന്‍.ഹനുമാന്‍ മരുത്വാമല രാമനു മുമ്പില്‍ കൊണ്ടു വന്നെങ്കില്‍ മന്ത്രിക്കു വേണ്ടി ശബരിമല തന്നെ അടിയറ വയ്ക്കും ഗുപ്തന്‍.നാട്ടുകാരെ മുഴുവന്‍ കമ്യൂണിസം പഠിപ്പിക്കാന്‍ പുറപ്പെട്ട ദേവസ്വം മന്ത്രി ഒടുവില്‍ ചെന്നെത്തിനില്‍ക്കുന്നത് കമ്യൂണിസ്റ്റപചയത്തിന്‍റെ അഗാധ ഗര്‍ത്തത്തില്‍!

2 comments:

കാഴ്‌ചക്കാരന്‍ said...

നിങ്ങളുടെ അഭിപ്രായം നല്ലത്‌
തുടരുക ഇത്തരം പ്രതികരണങ്ങള്‍

dethan said...

കാഴ്ചക്കാരന്,
നല്ലത് പറഞ്ഞതിന് നന്ദി.എള്ളു കൊറിച്ചാല്‍ എള്ളോളം എന്നാണല്ലോ.പക്ഷേ ആരു പ്രതികരിച്ചാലും അദ്ദേഹം
നേരേയാകുന്ന ലക്ഷണമില്ല.