Total Pageviews

Sunday, November 25, 2007

കാക്കയെ ഛര്‍ദ്ദിക്കുന്നതെങ്ങനെ?അഥവാ പോലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നതെങ്ങനെ?

പൂര്‍വ്വകഥ: ഒരാള്‍ ചോര ഛര്‍ദ്ദിച്ചു.കറുത്ത കട്ടച്ചോര.സംഭവം മറ്റൊരാള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കാക്ക പോലെ കറുത്തചോര എന്നായി.പല നാവിലൂടെ വാര്‍ത്ത വളര്‍ന്നു.ഒടുവില്‍ കാക്കയെ ഛര്‍ദ്ദിച്ചെന്നയി.
പുതിയ കഥ: കുത്തകകള്‍ക്കെതിരെ എ.ഐ.വൈ.എഫ്.നടത്തിയ സമരം.രാവിലത്തെ വാര്‍ത്തയില്‍, പരക്കെഅക്രമം;ലാത്തിചാര്‍ജ്ജ്;കല്ലേറ് തുടങ്ങിയ പതിവ് വര്‍ത്തമാനം; അവയുടെ ദൃശ്യങ്ങള്‍.തുടര്‍ന്ന് പ്രതികരണം,അപലപിക്കല്‍ മുതലായ കലാപരിപാടികള്‍.ഇവിടെങ്ങും വനിതാസമരക്കാര്‍ പോലീസിനെ മര്‍ദ്ദിക്കുന്ന ദൃശ്യമോ വാര്‍ത്തയോ കണ്ടില്ല.വൈകുന്നേരമായപ്പോള്‍ വാര്‍ത്തയാകെ മാറി. സമരത്തോടനുബന്ധിച്ച് അറസ്റ്റിലായ രണ്ട് വനിതകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി പി ഐ സംസ്ഥാന സെക്രട്ടറി സ.വെളിയം ഭാര്‍ഗ്ഗവന്‍ കന്‍റോണ്മന്‍റ് പോലീസ് സ്റ്റേഷനിലെത്തിയതായി വാര്‍ത്തയും ദൃശ്യങ്ങളും.പിന്നീട് രണ്ട് മന്ത്രിമാര്‍ കൂടി രംഗത്തെത്തുന്നു.'വനിതകളെ വിട്ടെങ്കലേ താങ്കള്‍ ഇവിടം വിടുകയുള്ളോ?' എന്ന് മാധ്യമപ്പടയുടെ ചോദ്യം വെളിയത്തിനോട്. 'ഞാന്‍ പോകുന്നതും വരുന്നതുമല്ല പ്രശ്നം.ആ പെണ്‍കുട്ടികളെ വിട്ടേ പറ്റൂ' എന്ന് അദ്ദേഹം.പിന്നീട്,കെ.ഇ ഇസ്മായില്‍(സിപിഐ.അസി.സെക്രട്ടറി) ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വനിതകളെ വിട്ടയച്ചു എന്ന് വാര്‍ത്ത വരുന്നു. മോചിപ്പിക്കപ്പെട്ടവരെയും കൊണ്ടുള്ള പ്രകടനത്തിന്‍റെ ദൃശ്യങ്ങള്‍.കൂടെ പോലീസിനു നേര്‍ക്ക് കൈ ഉയര്‍ത്തുന്ന രാഖി എന്ന സമരക്കാരിയുടെ ദൃശ്യങ്ങള്‍. അവരുടെ ചുരിദാര്‍ഷാള്‍ പിടിച്ചെടുക്കാന്‍ ആരോ ശ്രമിക്കുന്നതു കാണാമെങ്കിലും ആരെന്നു വ്യക്തമല്ല. അടുത്ത ദിവസമായപ്പോള്‍ വാര്‍ത്തയില്‍ സമരവുമില്ല.മോചിപ്പിക്കാന്‍ പോയ വെളിയവുമില്ല. അതിനു പകരം പോലീസുകാരെ മര്‍ദ്ദിച്ച സ്ത്രീകളെ പോലീസ് സ്റ്റേഷനില്‍ ചെന്നു മന്ത്രിമാര്‍ മോചിപ്പിച്ചു എന്നായി വാര്‍ത്ത. മന്ത്രിമാര്‍ ബലം പ്രയോഗിച്ചു കുറ്റവാളികളെ മോചിപ്പിച്ചു എന്ന് വ്യാഖ്യാനം. ചാനലുകളില്‍ ചര്‍ച്ച,വോട്ട്, ഫോണ്‍ പരിപാടി,എന്നുവേണ്ടാ സംഗതി കുശാല്‍.രാഖിയുടെ പോലീസ് മര്‍ദ്ദനവും മന്ത്രിമാരുടെ 'പോലീസ് സ്റ്റേഷനാക്രമണവും'ആഘോഷമാക്കി മാറ്റിയ ചാനലുകള്‍ സംഘടിപ്പിച്ചചര്‍ച്ചകളും മറ്റും ചോരയേയും കാക്കയേയും കുറച്ചൊക്കെ തിരിച്ചറിയാന്‍ അവസരം നല്‍കി. അതിങ്ങനെ:രാഖിയെ അറസ്റ്റു ചെയ്തത് സമരസ്ഥലത്തു നിന്നല്ല.ആശുപത്രിയില്‍ കിടക്കുന്ന ഭര്‍ത്താവിനെ കാണാന്‍ പ്രകടനം കഴിഞ്ഞ് സ്കൂട്ടറില്‍ പോകുമ്പോള്‍ വഴിയില്‍ വച്ചാണ്.സ്കൂട്ടറില്‍ അവരും കൂട്ടുകാരിയുംഇരിക്കുന്ന ദൃശ്യങ്ങള്‍ തന്നെ തെളിവ്.പ്രകടനത്തിന്‍റെ മുമ്പിലെങ്ങും അവരെ കാണാനില്ല.നടുറോഡില്‍ വച്ച് തന്‍റെ തോളില്‍ നിന്നും തുണി വലിച്ചെടുത്തപ്പോള്‍ തടഞ്ഞതേയുള്ളു എന്ന് അവര്‍ പറഞ്ഞപ്പോള്‍ 'അല്ല; താങ്കള്‍മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കാണുക'എന്ന് മൊഴിഞ്ഞ് ചാനല്‍ സുന്ദരി കാട്ടിയ വീഡിയോ ക്ലിപ്പിംഗില്‍ പക്ഷേ ഷാളില്‍ പിടിച്ചു വലിക്കുന്ന ആരുടയോ കൈ രാഖി തട്ടിമാറ്റുന്നതായാണ് കണ്ടത്.മാത്രമല്ല അവര്‍ക്കു ചുറ്റും ആണ്‍ പെണ്‍ പോലീസ് വ്യൂഹവും.അവരുടെ ചുണ്ടുകള്‍ വല്ലാതെ അനങ്ങുന്നു.അസഭ്യം പറയുകയായിരുന്നു അവര്‍ എന്ന രാഖിയുടെ ആരോപണം ശരിവയ്ക്കുന്ന തരത്തില്‍.പക്ഷേ രണ്ട് പ്രതിപക്ഷ നായകന്മാര്‍ പോലീസുകാരിയുടെ കവിളില്‍ രാഖിയുടെ അഞ്ചു വിരലും പതിഞ്ഞുകിടക്കുന്നതു കണ്ടുകളഞ്ഞു.അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.അവര്‍ അങ്ങനെ കാണാനും പറയാനും വിധിക്കപ്പെട്ടവര്‍.പൊതു സ്ഥലത്തു വച്ചുതുണി ഉരിയാന്‍ വന്നവരെ തടഞ്ഞത് മര്‍ദ്ദനമായി ചിത്രീകരിച്ച് പ്രതിക്കൂട്ടില്‍ നിര്‍ത്താനൊരുങ്ങുന്ന ചാനല്‍ വനിതയും മറ്റൊരുതരത്തില്‍ അവരെപ്പോലെ തന്നെ.പോലീസ് സ്റ്റേഷനില്‍ ആദ്യവസാനം കാണുന്നത് വെളിയത്തിനെയാണ്.അദ്ദേഹം ഇടപെട്ടിട്ടാണ് സ്ത്രീകളെ മോചിപ്പിച്ചതെന്നും വ്യക്തം.ഇടയ്ക്കെപ്പൊഴോ മന്ത്രിമാരെയും കാണാം.അതിനെയാണ് മന്ത്രിമാര്‍ ബീഹാറിലെപ്പോലെ പോലീസ് സ്റ്റേഷനാക്രമിച്ച് പ്രതികളെ മോചിപ്പിച്ചു എന്നൊക്കെയുള്ള ഗീര്‍വാണങ്ങള്‍.ചോര കാക്കയായത് വായ് മൊഴി മാത്രം പ്രചരണോപാധിയായി ഉണ്ടായിരുന്ന കാലത്താണെന്ന് പുതിയ പ്രചാരകര്‍ മറക്കുന്നു.

3 comments:

ഏ.ആര്‍. നജീം said...

സത്യമേവ ജയതേ എന്നു പറയണം എന്നുണ്ട് പക്ഷേ നമ്മുടെ രാഷ്ട്രീയമല്ലേ അത് പോലും പറയാന്‍ പറ്റില്ല...

നോ കമന്റ്സ്

Radheyan said...

സുഹൃത്തേ, സി.പി.ഐയെ ചുറ്റിപ്പറ്റി ഒരു മാധ്യമ ഗൂഡാലോചന നടക്കുന്നുണ്ട് എന്ന് ഞാന്‍ പലവട്ടം എന്റെ ബ്ലോഗില്‍ ഉന്നയിച്ച വിഷയമാണ്.മാധ്യമങ്ങളുടെ സ്തോഭജനകമായ വാര്‍ത്തകള്‍ക്കുള്ള വെറും കൌതുകമാണോ അതിനുമപ്പുറം അകളങ്കിതരായി ഈ ഭൂമി മലയാളത്തില്‍ ആരുമില്ല എന്നത് സ്ഥാ‍പിക്കുകയാണോ ലക്‍ഷ്യം എന്നറിയില്ല.

ശ്രീമതി രാഖി നാലുമാസം ഗര്‍ഭിണിയാണ്.പിന്നെ അവര്‍ എന്തിനു സമരത്തില്‍ പങ്കെടുത്തു എന്ന മധ്യ-ഉപരിവര്‍ഗ്ഗ അരാഷ്ട്രീയ ചോദ്യം ആദ്യം എന്നോട് ചോദിച്ചത് എന്റെ ഭാര്യ ആണ്.ഞാന്‍ പറഞ്ഞ ഉത്തരം അവര്‍ക്ക് നിന്നെക്കാള്‍ സാമൂഹ്യബോധമുള്ളതു കൊണ്ട് എന്നാണ്.സ്വാതന്ത്ര്യ സമരകാലത്ത് ഗര്‍ഭിണികളും കൈകുഞ്ഞേന്തിയ അമ്മമാരും അതില്‍ പങ്കെടുത്തതനിനെ മഹത്വവല്‍ക്കരിക്കുന്ന നമ്മുടെ സമൂഹത്തില്‍ നിന്നും ഇത്തരം ഒരു ചോദ്യം വരാന്‍ കാര്യം സമരങ്ങളുടെ ആധിക്യമാവാം.

അവരുടെ ഷാള്‍ ഒരു വശത്തു നിന്നും പിടിച്ചു വലിക്കാന്‍ ശ്രമിക്കുന്ന കാഴ്ച്ച മാധ്യമങ്ങള്‍ കാണാഞ്ഞിട്ടാവില്ല.ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഷാനി പ്രഭാകരന്‍ (മനോരമ)അല്ലെങ്കില്‍ അനുപമ (ഇന്ത്യാവിഷന്‍) അകപ്പെടുകയാണെങ്കില്‍ മറ്റൊരു റിയാലിറ്റി ഷോ എന്ന മട്ടില്‍ വെറുതേ വിവസ്ത്രയാക്കാന്‍ നിന്നു കൊടുക്കുമോ എന്ന ചോദ്യമുണ്ട്.കുഞ്ഞാലികുട്ടി-എയര്‍പ്പോര്‍ട്ട് സംഭവത്തില്‍ പണ്ടൊരു മാധ്യമക്കാരി പെട്ടുപോയപ്പോള്‍ എന്തായിരുന്നു പുകില്‍ എന്ന് ആലോചിക്കുന്നത് രസകരമായിരിക്കും.ഒരു സ്വാഭാവികപ്രതികരണം എന്ന നിലയില്‍ മാറിനു നേരെ നീണ്ട കൈ തട്ടി മാറ്റിയെങ്കില്‍ ആ കൈയെ അനുമോദിക്കുക അല്ലേ വേണ്ടത്.എടപ്പാളിലെ നാടോടി സ്ത്രീക്കുള്ള മനുഷ്യാവകാശം പോലും സി.പി.ഐക്കാരിക്ക് ഇല്ലെന്നാണോ മാധ്യമങ്ങള്‍ പറയുന്നത്?

ഒരു പ്രതിയെ സ്റ്റേഷനില്‍ പോയി ജാമ്യത്തില്‍ ഇറക്കുന്നതും ഒരു പ്രതിയെ സ്റ്റേഷന്‍ ആക്രമിച്ച് ഇറക്കുന്നതും ഒരു പ്രതിയെ ഒറ്റ ഫോണ്‍ കോളിന്റെ ബലത്തില്‍ ഒരു കേസുമില്ലാതെ ഇറക്കുന്നതു തമ്മില്‍ ഒരു വ്യത്യാസവും മാധ്യമങ്ങള്‍ കാണുന്നില്ല.അവസാനം പറഞ്ഞത് ചെയ്യുവാന്‍ വേണ്ട സ്വാധീനവും കരുത്തും കേരളം ഭരിക്കുന്ന മുന്നണിയിലെ രണ്ടാം കക്ഷിയുടെ സംസ്ഥാന സെക്രട്ടറിക്കില്ലാഞ്ഞിട്ടല്ല.അദ്ദേഹം ആവശ്യപ്പെട്ടത് പെണ്‍കുട്ടികളെ ലോക്കപ്പ് ചെയ്യരുത് എന്ന് മാത്രമാണ്.വന്‍‌കേസുകളില്‍ ഒഴിച്ച് സ്റ്റേഷന്‍ ഓഫീസര്‍ക്ക് ചെയ്യാന്‍ കഴിയുന്നതാണ് ഈ കാര്യം.ഇതേ ആവശ്യം ഉന്നയിച്ച് വെളിയം,പിണറായി,കൊടിയേരി തുടങ്ങിയവര്‍ ഇതേ സ്റ്റേഷനില്‍ ഇതിനു മുന്‍പും വന്നിട്ടുണ്ട്-ആന്റണി സര്‍ക്കാര്‍ ഗവ.ജീവനക്കാരുടെ സമരത്തിന്റെ ഭാഗമായി സ്ത്രീകളെ അറസ്റ്റു ചെയ്തപ്പോള്‍.മന്ത്രിമാര്‍ക്കെന്താ തീണ്ടലുണ്ടോ പോലീസ് സ്റ്റേഷനില്‍?അവര്‍ നിയമവാഴ്ച്ചയില്‍ ഏതെങ്കിലും തരത്തില്‍ ഇടപെട്ടു എന്നു തെളിയിക്കാനാകുമോ?പോലിസ് സ്റ്റേഷന്റെ മുറ്റത്തു മന്ത്രി നിന്നാല്‍ ഭരണഘടന പൊളീഞ്ഞു വീഴുമോ?

ഈ സംഭവത്തെ ലൈവാക്കി നിര്‍ത്താനും സി.പി.ഐ-സി.പി.എം സംഘര്‍ഷമായി വളര്‍ത്താനും മനോരമ കൊണ്ടുപിടിച്ച് ശ്രമിക്കുന്നു.ഇന്ത്യാവിഷനും ഇതേ വഴിയില്‍ തന്നെ.

ഭരണത്തിലെ പോരായ്മകളെ വിമര്‍ശിക്കുന്നതിനു പകരം ഇത്തരം കുണ്ടാമണ്ടികള്‍ക്ക് പിറകെ പോകാനാണ് ഉമ്മന്‍ ചാണ്ടി-രമേഷ്-തങ്കച്ചന്‍-മാണി സഖ്യത്തിനു താല്‍പ്പര്യം.credibility ഇല്ലാത്ത പ്രതിപക്ഷത്തിന്റെ ഇത്തരം കാട്ടികൂട്ടലുകള്‍ നനഞ്ഞ പടക്കങ്ങളാകുന്നു.എന്നിട്ടും നാണം കെട്ട് അവര്‍ അത് കത്തിച്ച്,ചീറ്റി പോകുന്നതു നോക്കി രസിക്കുന്നു.

dethan said...

രാധേയന്,

മാധ്യമങ്ങള്‍ മാത്രമല്ല മറ്റു പലരും ഗൂഢാലോചന നടത്തുന്നുണ്ടെന്നാണ് തോന്നുന്നത്.അഴിമതിക്കാരാണെന്നു
പ്രചരിപ്പിച്ചിട്ട് അങ്ങോട്ട് ഏറ്റോ എന്ന് ലേശം സംശയം.അപ്പോള്‍ പിന്നെ അക്രമികളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒരു ശ്രമം. അത്രേ ഉള്ളു.
ഈ സമരം കുത്തകകള്‍ക്കെതിരെ ആയിരുന്നല്ലോ. ആ നിലയ്ക്ക് ഭരണപക്ഷത്തും
പ്രതിപക്ഷത്തും ഉള്ള ഒരുപാടു പേര്‍ക്ക് നോവും.കൂട്ടത്തില്‍ മാദ്ധ്യമങ്ങള്‍ക്കും.അസത്യങ്ങളും അര്‍ത്ഥ സത്യങ്ങളും പടച്ചു വിടുന്ന മാദ്ധ്യമങ്ങളില്ലായിരുന്നെങ്കില്‍ താങ്കള്‍ പരാമര്‍ശിച്ച 'മഹാന്മാരും' അവരുടെ പാര്‍ട്ടികളും എന്നേ കൊടിയും മടക്കി പോകേണ്ടിവരുമായിരുന്നു.