Total Pageviews

Saturday, October 30, 2010

സുപ്രീം കോടതിയുടെ പുതിയ നിയമപുസ്തകം



ഇന്ത്യന്‍ ഭരണഘടനയും പീനല്‍ കോഡും മറ്റ് അംഗീകൃത നിയമ സംഹിതകളും ആധാരമാക്കിയാണ് നമ്മുടെ നീതിന്യായ കോടതികള്‍ വിധി പ്രസ്താവിക്കുന്നതെന്നാണ് ഇതുവരെ ധരിച്ചിരുന്നത്.എന്നാല്‍ കഴിഞ്ഞദിവസം പുറത്തുവന്ന ഒരു സുപ്രീം കോടതി വിധി ഈ ധാരണയെ അപ്പാടെ തകിടം മറിച്ചിരിക്കുന്നു. എല്ലാ നിയമ പുസ്തകങ്ങളെയും വെല്ലുന്ന ഇമ്മിണി ബല്യ പുസ്തകം ഇന്ത്യാ മഹാരാജ്യത്ത് നിലവിലുണ്ടത്രെ.സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ പ്രോസ്പക്റ്റസ് ആണ് ഈ അലംഘനീയവും വിശുദ്ധവുമായ നിയമ പ്രമാണം.

സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് 22.5 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി വാങ്ങുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അവര്‍ക്ക് അനുകൂലമായുണ്ടായ സിംഗിള്‍ ബഞ്ച് വിധി, ഡിവിഷന്‍ ബഞ്ച് അസ്ഥിരപ്പെടുത്തി.അതിനെതി
രെ കുട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ സ്വാശ്രയ മാനേജ്മെന്റിന് അനുകൂലമായ വിധിയാണ് ഉണ്ടാ
യിരിക്കുന്നത്.22.5 ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റി വേണമെന്ന് കോളേജുകളുടെ പ്രോസ്പെക്റ്റസ്സില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ അത് അനുസരിക്കണം എന്നാണ് പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ്."ഗാരന്റി വാങ്ങണമെന്ന് പ്രോസ്പെക്റ്റസ്സില്‍ വ്യവസ്ഥയുണ്ടെങ്കില്‍ ഞങ്ങള്‍ എങ്ങനെ ഇടപെടും?"എന്നാണത്രേ ബഹു.ജസ്റ്റിസുമാരായ സുദര്‍ശന്‍ റെഡ്ഢിയും
എസ്.എസ്.നിജ്ജറുമടങ്ങുന്ന സുപ്രീംകോടതി ബഞ്ച് ചോദിച്ചത്.

മെഡിക്കല്‍ പ്രവേശനത്തിന് തങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മിനിമം മാര്‍ക്ക് ഇല്ലാത്തതിന്റെ പേരില്‍ മറ്റുചില സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഏതാനും വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദു ചെയ്ത മെഡിക്കല്‍ കൗണ്‍സിലിന്റെ നടപടിക്കെതിരെ മാനേജ്മെന്റ് നല്‍കിയ ഹര്‍ജിയില്‍ മാനേജ്മെന്റിനും വിദ്യാര്‍ത്ഥികള്‍ക്കും അനുകൂലമായ വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ജഡ്ജിമാരും ആധാരമാക്കിയത് ആ കോളേജുകളുടെ പ്രൊസ്പക്റ്റസ്സിലെ വ്യവസ്ഥകളായിരുന്നു.

സാധാരണ നിയമ പുസ്തകങ്ങളെ അവലംബിച്ച് ഹൈക്കോടതി ജഡ്ജി പുറപ്പെടുവിച്ച ഉത്തരവു റദ്ദു ചെയ്യാം.ആരോഗ്യ വിദ്യാഭ്യാസത്തെ കുറിച്ച് ആധികാരികമായി പറയാന്‍ അര്‍ഹതയുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ നിയമാവലി തള്ളിക്കളയാം.പക്ഷേ സ്വാശ്രയ കോളെജ് മാനേജ്മെന്റ് തയ്യാറാക്കിയ പ്രോസ്പക്റ്റസിലെ വ്യവസ്ഥകള്‍ക്കെതിരെ ശബ്ദിക്കാന്‍ സുപ്രീം കോടതിയ്ക്ക് അധികാരമില്ല!ഇന്ത്യന്‍ നിയമ വ്യവസ്ഥകള്‍ക്കും ഭരണഘടനയ്ക്കും ഒക്കെ മുകളില്‍ അലംഘനീയവും അതിവിശുദ്ധവും ആയി പരിലസിക്കുന്ന ഈ പുത്തന്‍ നിയമ പ്രമാണത്തനു മുമ്പില്‍ നമുക്കും കുമ്പിടാം!ഇനി മേല്‍ ന്യായാ
ധിപന്മാരുടെ
സത്യപ്രതിജ്ഞ, ഈ വിശുദ്ധ രേഖ തൊട്ട് ആകുമോ എന്നേ കാണേണ്ടതുള്ളു !!!



Fans on the page

No comments: