Total Pageviews

Tuesday, November 23, 2010

മുന്‍ വി.സി ഹബീബ് മുഹമ്മദ്



കേരള സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ ശ്രീ.പി.എസ്.ഹബീബ് മുഹമ്മദ് അടുത്തിടെ അന്തരിച്ചു.
ഒരു കാലത്ത് സര്‍വ്വകലാശാലയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും ഒരു പോലെ ശോഭിച്ച അദ്ദേഹത്തിന്റെ മരണം മാദ്ധ്യമങ്ങള്‍ക്ക് പ്രധാനപ്പെട്ട വാര്‍ത്ത ആയില്ല.ലൈം ലൈറ്റില്‍ നിന്നു മാറിയാല്‍ അവഗണിക്കപ്പെടുന്ന അനുഭവം സിനിമാക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാത്രമല്ല പ്രഗത്ഭരായ മറ്റുള്ളവര്‍ക്കും ബാധകമാണെന്ന് ഒന്നു
കൂടി വ്യക്തമായി.സിനിമാക്കാരെയും രാഷ്ട്രീയക്കാരെയും,ജീവിച്ചിരിക്കുമ്പോള്‍ അവഗണിച്ചാലും അവരുടെ മരണം ആഘോഷമാക്കി മാറ്റാന്‍ ചാനലുകളും അച്ചടി മാദ്ധ്യമങ്ങളും ശ്രദ്ധിക്കാറുണ്ട്.അത്തരം മരണാനന്തര ഭാഗ്യം പോലും ഈ മുന്‍ വൈസ്ചാന്‍സലര്‍ക്കു കിട്ടിയില്ല.അടൂര്‍ പങ്കജം മുതല്‍ എ.അയ്യപ്പന്‍ വരെയുള്ള
വരുടെ മൃതശരീരത്തിനു പിന്നാലെ, ആദരിക്കാന്‍ ആചാര വെടിയുമായി നടന്ന വിദ്യാഭ്യാസ മന്ത്രി,താന്‍ പ്രോ ചാന്‍സലറായഒരു സര്‍വ്വകലാശാലയിലെ മുന്‍ വൈസ്ചാന്‍സലര്‍ ആയിരുന്ന ഹബീബ് മുഹമ്മദിനെ ഒരു പൊട്ടാസുപൊട്ടിച്ചു പോലും ആദരിച്ചതായി കേട്ടില്ല.

സമര കലുഷിതമായ ഒരു കാലഘട്ടത്തില്‍ കേരള സര്‍വ്വകലാശാലയെ നയിച്ച വൈസ്ചാന്‍സലര്‍ ആയിരുന്നു ശ്രീ.ഹബീബ് മുഹമ്മദ്.വിദ്യാഭ്യാസ വിചക്ഷണരായി അറിയപ്പെട്ടിട്ടുള്ളവര്‍ മാത്രമിരുന്ന വൈസ് ചാന്‍സലറുടെ കസേരയില്‍ ഒരു ഐ .എ എസ്സുകാരന്‍ അവരോധിക്കപ്പെടുന്നത് കേരള സര്‍വ്വകലാശാലയില്‍ ആദ്യമായിരുന്നു. അതുകൊണ്ടു തന്നെ അക്കാഡമീഷ്യന്‍സിന്റെ ഇടയില്‍ നിന്നും മുറുമുറുപ്പ് ഉയര്‍ന്നു.ആദ്യത്തെ പത്രസമ്മേളനത്തിലോ വിദ്യാര്ത്ഥികളുമായി നടത്തിയ അഭിമുഖത്തിലോ മറ്റോ അദ്ദേഹം, "കേരള സര്‍വ്വകലാശാല കണ്ടതില്‍ വച്ച് ഏറ്റവും സംസ്ക്കാരശൂന്യനായ വൈസ് ചാന്‍സലറായിരിക്കും ഞാന്‍" എന്നു പറഞ്ഞതോടെ അപവാദ,പരിഹാസ പ്രചരണങ്ങള്‍ക്ക് ആക്കം കൂടി.

പല സന്ദര്‍ഭങ്ങളിലും ഈ"ശൂന്യ"ഭീഷണി അദ്ദേഹം ആവര്‍ത്തിക്കാറുണ്ടായിരുന്നെങ്കിലും സംസ്കാര സമ്പന്നരെന്നു ഖ്യാതിപ്പെട്ട അക്കാഡമിഷ്യന്മാരില്‍ പലരെക്കാളും മാന്യമായിട്ടായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്.വള്ളത്തോള്‍, നാടന്‍ കൃഷിക്കാരെപ്പറ്റി പറഞ്ഞതു പോലെ,ഒരുമാതിരി നാളികേരപ്പാകം.പുറമേ പരുക്കനെന്നു തോന്നുമെങ്കിലും അകമേ സന്മനസ്സും സഹൃദയത്വവും.
കേരളത്തിലെ ഒരു നാട്ടിന്‍ പുറത്ത് ജനിച്ച അദ്ദേഹം അങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.കോളെജ് അദ്ധ്യാപകനായിരിക്കേ ഐ.എ.എസ് ലഭിച്ച ഹബീബ് മുഹമ്മദ് ഒറീസാ ചീഫ് സെക്രട്ടറിയായിരിക്കുമ്പോഴാണ് കേരള സര്‍വ്വകലാശാലയില്‍ വി.സി ആയി നിയമിക്ക
പ്പെട്ടത്.കുറേ നാള്‍ റബ്ബര്‍ബോഡ് ചെയര്‍മാനുമായിരുന്നു.വളരെക്കാലം കേരളത്തിനു പുറത്തായിരുന്നെങ്കിലും കേരളീയന്റെ മനശ്ശാസ്ത്രം നല്ല വശമായിരുന്നു.വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ച ഐ.എ.എസ്സു കാരുടെ ജനുസ്സില്‍ പെടാത്തതാകാം കാരണം.

ആദ്യം വിദ്യാര്‍ത്ഥികളുമായി ഉടക്കിയതു പോലെ അദ്ധ്യാപകരുമായും അനദ്ധ്യാപകരുമായി അദ്ദേഹം കൊമ്പു കോര്‍ക്കുകയുണ്ടായി.അതെല്ലാം യൂണിവേഴ്സിറ്റിയുടെ നന്മയ്ക്കു വേണ്ടി ആയിരുന്നു.ആരോടും വ്യക്തിപരമയ പാരുഷ്യമോ പകപോക്കലോ അതിനുപിന്നില്‍ ഉണ്ടായിരുന്നില്ല.അതുവരെ വി.സി വിളിച്ചു കൂട്ടുന്ന വകുപ്പദ്ധ്യക്ഷന്മാരുടെ യോഗങ്ങള്‍ വെറും വഴിപാടായിരുന്നു.പതിവു രീതി അവലംബിച്ച പഠന വകുപ്പു തലവന്മാര്‍ ഒറ്റ യോഗത്തോടെ നേര്‍ വഴിയിലായി.ആരെയും ശിക്ഷിക്കാതെ തന്നെ ഓഫീസ് പ്രവര്‍ത്തനം കാര്യ്ക്ഷമമാക്കുവാനും അദ്ദേഹത്തിനു സാധിച്ചു.പുതിയ പ്രൊ-വൈസ് ചാന്‍സലറും പ്രീഡിഗ്രി ബോഡ് വിരുദ്ധ സമരവും വന്നതോടെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞെങ്കിലും വളരെ വേഗം പൂര്‍വ്വസ്ഥിതി വീണ്ടെടുക്കാന്‍ കഴിഞ്ഞത് വൈസ് ചാന്‍സലറുടെ മിടുക്കു കൊണ്ടാണ്.സര്‍ക്കാര്‍,സര്‍വ്വകലാശാലാ നിയമങ്ങള്‍ ശരിക്ക് അറിയാവുന്നതിനാല്‍ കാലതാമസം കൂടാതെ തീരുമാനം എടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.സ്ഥാപിത താല്പര്യങ്ങള്‍
ഇല്ലാതിരുന്നതും ഭരണം സുഗമ മാക്കാന്‍ സഹായകമായി.

സിന്‍ഡിക്കേറ്റിന്റെ അമിതാധികാര പ്രവണതയ്ക്കു തടയിടാന്‍ കഴിഞ്ഞതാണ് ഹബീബ് മുഹമ്മദിന്റെ ഭരണ കാലത്തെ ഏറ്റവും വലിയ നേട്ടം.(പിന്നീടു വന്ന റബ്ബര്‍ നട്ടെല്ലുള്ള പല വി.സി മാരും അതു കളഞ്ഞുകുളിച്ചു എന്നതു വേറെ കാര്യം)അദ്ദേഹത്തിനു മുമ്പും പിമ്പും സര്‍വ്വകലശാല തങ്ങളുടെ കുടുംബ സ്വത്താണെന്നു ഭാവിച്ചു നടന്നിരുന്ന പല സിന്‍ഡിക്കേറ്റംഗങ്ങളും അന്ന് വളരെ മര്യാദ നാരായണന്മാരായിട്ടാണ് പെരുമാറിയത്.

ജീവനക്കാരുടെ പ്രശ്നങ്ങളെ ചൊല്ലി പലപ്പോഴും വൈസ് ചാന്‍സലറുമായി ഇടയേണ്ടി വന്നിട്ടുണ്ട്.പക്ഷേ അതിന്റെ പേരില്‍ പകയും വിദ്വേഷവും അദ്ദേഹം വച്ചു പുലര്‍ത്തിയിരുന്നില്ല.വി.സിയുടെ കാലാവധി കഴിഞ്ഞ് ഒറീസയിലേക്കു തിരികെ പോയ അദ്ദേഹത്തെ പിന്നീടു ഒന്നു രണ്ടു തവണ കണ്ടപ്പോള്‍ അതു ശരിക്കും ബോദ്ധ്യമായി.

അപ്രതീക്ഷിതമായിട്ടല്ലെങ്കിലും പൊലിഞ്ഞു പോയ ആ കര്‍മ്മ കുശലന്റെ സ്മരണയ്ക്കു മുമ്പില്‍ ആദരാഞ്ജലികള്‍.





Fans on the page

No comments: