Total Pageviews

Thursday, January 31, 2008

'ഭൗതിക ശരീരം'

അവരവരുടെ മേഖലകളില്‍ കഴിവു തെളിയിച്ചവരാണ് കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ മന്ത്രി ബേബി ജോണും അഭിനയ പ്രതിഭ ഭരത് ഗോപിയും.അവരുടെ നിര്യാണത്തില്‍ കേരളമാകെ അനുശോചിക്കുകയും ചെയ്തു.എല്ലാ വിഐപി മരണവും പോലെ ഇതും ആഘോഷിച്ച ഒരു കൂട്ടരുണ്ട്-ചാനലുകാര്‍.മരണം മാത്രമല്ല അടിപിടിയും കൊലാപാതകവും തീ പിടുത്തവും വെടിക്കെട്ടും കുടിയൊഴിപ്പിക്കലും യുവജനമേളകളും ധര്‍ണ്ണയും പ്രകടനവും എല്ലാം ഉത്സവങ്ങളാക്കുകയാണ് ചാനലുകളുടെ പതിവ്.ഇപ്പൊഴും പതിവ് തെറ്റിച്ചില്ല.വയറ്റു പിഴപ്പ്; നടക്കട്ടെ.

പക്ഷേ സ്വാഭാവിക മരണത്തിനിരയായ അവരുടെ ചരമം റിപ്പോര്‍ട്ട് ചെയ്ത ചാനലുകള്‍ ഭാഷയെ കൊലപ്പെടുത്തുന്നതില്‍ മത്സരിക്കുകയായിരുന്നു.ഒരാളുടെ 'ഭൗതിക ശരീരം' തൈക്കാട് വൈദ്യുതി ശ്മശാനത്തിലും മറ്റേയാളുടെ 'ഭൗതിക ശരീരം' നീണ്ടകര സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയിലും സംസ്കരിച്ചത്രെ.അതിനു മുമ്പ് 'ഭൗതികശരീരങ്ങള്‍' പൊതു ദര്‍ശനത്തിനു വച്ചിരുന്നതായും ചാനലുകള്‍ അറിയിച്ചു.

'ഭൗതികശരീര'മോ അതെന്തു ശരീരം? അങ്ങനെയെങ്കില്‍ ആത്മീയ ശരീരവും കാണണമല്ലോ!ഭൗതിക ശരീരം ശ്മശാനത്തിലും സെമിത്തേരിയിലും സംസ്കരിച്ചപ്പോള്‍ ആത്മീയ ശരീരം എവിടെ മറവു ചെയ്തു? വെറുതെ
മൃതശരീരം എന്നു പറയേണ്ടതിനു പകരമാണ് ഈ 'ഭൗതിക' പരാക്രമം.ഒരിക്കലല്ല എല്ലായ്പോഴും എല്ലാ
ചാനലുകളും ഇതു തന്നെ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.ശവം,മൃതദേഹം തുടങ്ങിയ വാക്കുകള്‍ക്ക് ഗമയും മാന്യതയും പോരാന്നു തോന്നിയിട്ടുണ്ടാകാം.

പണ്ടൊരു മാന്യന്‍, അമ്മയുടെ ചരമക്കുറിപ്പ് എഴുതിയപ്പോള്‍ 'എന്‍റെ അഭിവന്ദ്യ മാതാവി'ന് ബഹുമാനം കുറഞ്ഞാലോ എന്നു കരുതി 'എന്‍റെ അഭിവന്ദ്യ ജാമാതാവ്' എന്ന് തട്ടിവിട്ടത്രേ.മാതാവിന് ബഹുമാനം വരുത്തിയപ്പോള്‍ അമ്മ, മരുമകന്‍ ആയത് പാവം അറിഞ്ഞില്ല.

എന്തായാലും ഗോപിയുടെ 'ഭൗതികശരീരം ഇലക്റ്റ്റിക് വൈദ്യുതി ശ്മശാനത്തിലും ബേബിജോണിന്‍റെ 'ഭൗതികശരീരം ചര്‍ച്ച് പള്ളിയിലും സംസ്കരിച്ച് അടക്കി' യതായി പറഞ്ഞില്ലല്ലോ എന്നു സമാധാനിക്കാം.

7 comments:

Anonymous said...

Check out http://malayalam.blogkut.com/ for all malayalam blogs, News, Videos online

മൃദുല said...

:)

ശ്രീനാഥ്‌ | അഹം said...

സത്യം...

അല്ലെങ്കിലും ഞാനൊരിക്കല്‍ പോലും കെട്ടിട്ടില്ലാത്ത എതോ ഒരു ചെക്കന്‍ (പേര്‌ മറന്നു) idea star sunger ല്‍ ഔട്‌ ആയപ്പോള്‍ അവന്മാര്‍ എന്നെ കരയിപ്പിച്ചു. കരഞ്ഞു കഴിഞ്ഞപ്പോഴാ ഞാന്‍ ഓര്‍ത്തത്‌, അല്ലാ, എനിക്കിതിന്റെ വല്ല ആവശ്യവും ഉണ്ടൊ ന്ന്. അങ്ങനെയുള്ള കൂട്ടരാ...

siva // ശിവ said...

I read it, I think there is nothing wrong with the usage....Language stands only for communication...

dethan said...

കാടന്‍ വെറും നാടനും ശ്രീനാഥിനും നന്ദി.

ശിവകുമാറേ,
താങ്കള്‍ പറഞ്ഞതു പോലെ,ആശയ വിനിമയത്തിനുള്ള ഉപാധി തന്നെയാണു ഭാഷ.തര്‍ക്കമില്ല.അല്ലാതെ ആശയം
വികലമാക്കാനും അവ്യക്തമാക്കാനും അനാവശ്യ ആവര്‍ത്തനത്തിനുമല്ല.ശരീരം തന്നെ ഭൗതികമാണ്.അപ്പോള്‍
'ഭൗതിക ശരീരം'എന്നത് അനാവശ്യ ആവര്‍ത്തനമാണ്;പോസ്റ്റ് തൂണ്‍,ഗേറ്റ് വാതില്‍,സ്വയം ആത്മഹത്യ ഇവ പോലെ.പഠിപ്പും പത്രാസുമില്ലാത്തവര്‍ ഇങ്ങനെ പറഞ്ഞാല്‍ അവഗണിക്കാം.അതുപോലല്ലല്ലോ നാട്ടുകാരെ
ബോധവല്‍ക്കരിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ചാനലുകാര്‍.അവരുടെ പ്രയോഗങ്ങള്‍ ചിലരെയെങ്കിലും വഴി തെറ്റിക്കാന്‍ സാദ്ധ്യതയുണ്ട്.

കടവന്‍ said...

എന്തായാലും ഗോപിയുടെ 'ഭൗതികശരീരം ഇലക്റ്റ്റിക് വൈദ്യുതി ശ്മശാനത്തിലും ബേബിജോണിന്‍റെ 'ഭൗതികശരീരം ചര്‍ച്ച് പള്ളിയിലും സംസ്കരിച്ച് അടക്കി' യതായി പറഞ്ഞില്ലല്ലോ എന്നു സമാധാനിക്കാം. best kannaa best. you said it.ഒരിക്കല്‍ അമൃത റ്റിവിയിലെ സ്റ്റാര്‍ സിംഗര്‍ പരിപാടിയില്‍ ഒരു കുട്ടി മുഹമ്മെദ്റഫിയുടെ ഒരു ഗാനം ആലപിച്ചു, കഴിഞ്ഞയുടന്‍ അവതാരിക ചോദികുവാണ്‍ ജഗ്‌ജിത്‌ സിംഗിന്റെ വലിയ ആരാധകനാണല്ലെന്ന്..ഇത്രവിവരംകെട്ട അവതാരികയെ നിയമിച്ച വരെവേണം തല്ലാനെന്ന് തോന്നി.

dethan said...

കടവന്,

താങ്കള്‍ പറഞ്ഞ തരത്തിലുള്ള, ചാനലുകാരുടെ വിഡ്ഡിത്തങ്ങള്‍ നല്ല ഒരു പോസ്റ്റിനുണ്ട്.ഒരു ചാനലിലെ കോടീശ്വരന്‍ പരിപടി.അവതാരകന്‍ സിനിമാ നടന്‍.ചോദ്യത്തിന്‍റെ ശരി ഉത്തരം 'ഭരതം'. 'ഫരതം' എന്ന് മത്സരാര്‍ത്ഥി ആയ പെണ്‍കുട്ടിയുടെ മറുപടി.അപ്പോള്‍ നടന്‍ തിരുത്തുന്നു: 'ഫരതം' അല്ല;'ബരതം'.അങ്ങനെ എത്ര എത്ര?
നന്ദി.